Friday, May 15, 2020

ഇഹ്‌റാമിൽ പ്രവേശിച്ച ശേഷം ഹജ്ജോ ഉംറയോ നിർവഹിക്കാൻ സാധിക്കാതെ വന്നാൽ എന്ത് ചെയ്യും ?.



ചോദ്യം:
 ഒരു സംഘം ഉംറക്ക് വേണ്ടി യാത്ര പുറപ്പെട്ടു മീഖാത്തിൽ എത്തുന്നതിനു മുമ്പ് 
ആക്‌സിഡന്റായി ഒരാൾ മരിച്ചു. ആ മരിച്ച ആളുടെ കൂടെ ഒരാൾ നാട്ടിൽ പോയി.   
അയാൾക്ക്‌  ഉംറ നിർബന്ധമാണോ ?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

ഹജ്ജിനോ ഉംറക്കോ വേണ്ടി لبيك اللهم عمرة അല്ലെങ്കിൽ لبيك اللهم حجا എന്ന് പറഞ്ഞുകൊണ്ട് നാം ഇഹ്‌റാമിൽ പ്രവേശിക്കുകയും ശേഷം വല്ല കാരണത്താലും അത് പൂർത്തിയാക്കാൻ സാധിക്കാതെ  വന്നാൽ അതിനാണ് (إحصار) എന്ന് പറയുന്നത്. അത്തരത്തിലുള്ള സാഹചര്യം ഉണ്ടായവരെ നമുക്ക് രണ്ടായി തരം തിരിക്കാം. തടസം നേരിട്ടാൽ തഹല്ലുലാകും എന്ന് ഇഹ്‌റാമിൽ പ്രവേശിക്കുമ്പോൾത്തന്നെ നിബന്ധന വെച്ചവരും അപ്രകാരം നിബന്ധന വെക്കാത്തവരും: 

ഒന്ന്: ഇഹ്‌റാമിൽ പ്രവേശിക്കുമ്പോൾത്തന്നെ എനിക്ക് വല്ല തടസവും നേരിട്ടാൽ ആ തടസ്സം നേരിടുന്നിടത്ത് വെച്ച് ഞാൻ ഇഹ്‌റാമിൽ നിന്നും തഹല്ലുലാകും എന്ന് നിബന്ധന വെച്ചുകൊണ്ട് ഇഹ്‌റാമിൽ പ്രവേശിച്ചവർ. അവരെ സംബന്ധിച്ചിടത്തോളം അവർക്ക് യാതൊന്നും ബാധകമാകുന്നില്ല. 

عَنْ عَائِشَةَ رضي الله عنها قَالَتْ : دَخَلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى ضُبَاعَةَ بِنْتِ الزُّبَيْرِ ، فَقَالَ لَهَا : (لَعَلَّكِ أَرَدْتِ الْحَجَّ ؟ قَالَتْ : وَاللَّهِ ، لَا أَجِدُنِي إِلَّا وَجِعَةً ، فَقَالَ لَهَا :حُجِّي وَاشْتَرِطِي ، وَقُولِي : اللَّهُمَّ مَحِلِّي حَيْثُ حَبَسْتَنِي ).

ആഇശ (റ) നിവേദനം: നബി (സ) ളുബാഅ ബിൻത് സുബൈറിൻ്റെ അരികിലേക്ക് വന്നുകൊണ്ട് അവരോട് പറഞ്ഞു: "നീ ഒരുപക്ഷെ ഹജ്ജ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടാകുമല്ലേ ?. അവർ പറഞ്ഞു:  പക്ഷെ  എനിക്ക് നല്ല വേദനയുള്ളത് കാരണത്താൽ എന്ത് ചെയ്യുമെന്നറിയില്ല ?. അപ്പോൾ റസൂൽ (സ) അവരോട് പറഞ്ഞു: "നീ ഹജ്ജിനുള്ള ഇഹ്‌റാമിൽ പ്രവേശിക്കുകയും 'അല്ലാഹുവേ, എനിക്ക് വല്ല തടസവും നേരിട്ടാൽ നീയെനിക്കാ തടസ്സം നല്കുന്നിടത്ത് വെച്ച് ഞാൻ തഹല്ലുലാകും' എന്ന് പറഞ്ഞുകൊണ്ട് നീ നിബന്ധന വെച്ചുകൊള്ളുക" - [സ്വഹീഹുൽ ബുഖാരി: 5089, സ്വഹീഹ് മുസ്‌ലിം: 1207]. 

ഈ ഹദീസിൽ അവർക്ക് ഹൈള് ഉണ്ടാകുമെന്ന് ഭയപ്പെട്ടപ്പോൾ, തടസ്സം നേരിടുന്ന പക്ഷം ഞാൻ തഹല്ലുലാകും എന്ന നിബന്ധനയോടെ ഇഹ്‌റാമിൽ പ്രവേശിക്കാനാണ് നബി (സ) കല്പിച്ചത്. അതുപ്രകാരം അങ്ങനെ ഒരാൾ നിബന്ധന വെച്ചാൽ വല്ല തടസ്സവും കാരണത്താൽ പൂർത്തീകരിക്കാൻ സാധിക്കാതെ പോയാൽ അയാളുടെ മേൽ ഒന്നും നിർബന്ധമാകുകയില്ല. 


രണ്ട്: ഇഹ്‌റാമിൽ പ്രവേശിക്കുന്ന സമയത്ത് അപ്രകാരം നിബന്ധന വെക്കാത്ത വ്യക്തിയാണ് എങ്കിൽ. ഇഹ്‌റാമിൽ പ്രവേശിച്ച ശേഷം ഹജ്ജോ ഉംറയോ നിർവഹിക്കാൻ സാധിക്കാതെ വന്നാൽ അവർക്ക് സാമ്പത്തിക ശേഷി ഉള്ളവരാണെങ്കിൽ ഒരു മൃഗത്തെ ബലി കഴിക്കൽ നിർബന്ധമായിത്തീരും. 

അല്ലാഹു പറയുന്നു: 

وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ فَإِنْ أُحْصِرْتُمْ فَمَا اسْتَيْسَرَ مِنْ الْهَدْيِ وَلَا تَحْلِقُوا رُءُوسَكُمْ حَتَّى يَبْلُغَ الْهَدْيُ مَحِلَّهُ

"നിങ്ങള്‍ അല്ലാഹുവിന്‌ വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ണ്ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക്‌ അവ നിര്‍വഹിക്കുന്നതിന്‌ തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക്‌ സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ ( ബലിയര്‍പ്പിക്കേണ്ടതാണ്‌).  ബലിമൃഗം എത്തേണ്ട സ്ഥാനത്ത്‌ എത്തുന്നത്‌ വരെ നിങ്ങള്‍ തല മുണ്ഡനം ചെയ്യാവുന്നതല്ല". - [അൽബഖറ: 196]. 

തനിക്ക് തടസം നേരിട്ടിടത്ത് സാധിക്കുമെങ്കിൽ അവിടെയോ , അതിന് സാധിക്കാത്ത പക്ഷം തൻ്റെ നാട്ടിലേക്ക് മടങ്ങിയ ശേഷമോ ഒരാടിനെയോ, മാടിനെയോ ബലിയറുത്ത് പാവങ്ങൾക്ക് ഇറച്ചി വിതരണം ചെയ്യുകയും തല മുണ്ഡനം ചെയ്ത് തഹല്ലുലാകുകയും  ചെയ്യണം. 

ഇനി ബലിയറുക്കാൻ സാമ്പത്തിക ശേഷി ഇല്ലാത്ത ഒരാളാണെങ്കിൽ അയാൾക്ക് തല മുണ്ഡനം തഹല്ലുലാകാം. അയാൾക്ക് മറ്റൊന്നും ബാധകമല്ല. മുത്തമത്തിഇനോട് ഖിയാസാക്കി അയാൾ പത്ത് ദിവസം നോമ്പ് നോൽക്കണം എന്ന് പറഞ്ഞവരുണ്ട്. എന്നാൽ തടസമുണ്ടാകുക എന്നത് വിശുദ്ധ ഖുർആനിൽ പരാമർശിച്ചിടത്ത് ഈ നോമ്പിൻ്റെ കാര്യം പരാമർശിക്കാത്തതിനാലും, തടസമുണ്ടാകുക എന്നതും തമത്തുഉം രണ്ടും രണ്ട് വിഷയമാകയാലും,  ഹുദൈബിയയിൽ വെച്ച് തടസം നേരിട്ടപ്പോൾ നബി (സ) ബലിയറുത്ത് തഹല്ലുലായ വേളയിൽ കൂടെയുള്ള ബലി മൃഗമില്ലാത്ത പാവപ്പെട്ട സ്വഹാബിമാരോട് നബി (സ) നോമ്പെടുക്കാൻ കല്‌പിക്കാത്തതിനാലും ബലി മൃഗം അറുക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവർ നേരെ മുടിയെടുത്താൽ മാത്രം മതി എന്ന് മനസ്സിലാക്കാം. 


ഇനി അങ്ങനെ തടസ്സം നേരിട്ട ഹജ്ജും ഉംറയും പിന്നീട്  വീട്ടേണ്ടതുണ്ടോ ?. 

ഒരാളുടെ ഫർളായ ഹജ്ജും ഉംറയും ആണെങ്കിൽ ആ കർമ്മം പൂർത്തീകരിക്കാൻ സാധിക്കാതെ വന്നതിനാൽ കഴിയുമെങ്കിൽ പിറ്റത്തെ വർഷം, അല്ലെങ്കിൽ സാധിക്കുന്ന സമയത്ത് അത് ചെയ്ത് വീട്ടേണ്ടതുണ്ട്. അതുപോലെത്തന്നെ ഒരാൾ നേർച്ചയാക്കിയ (അഥവാ അല്ലാഹുവേ ഞാൻ നിനക്കൊരു ഹജ്ജ് അല്ലെങ്കിൽ ഉംറ നേർച്ചയാക്കുന്നു എന്ന് പറഞ്ഞുകൊണ്ട് തൻ്റെ മേൽ സ്വയം നിർബന്ധമാക്കിയ)  ഹജ്ജോ ഉംറയോ ആണ് അതെങ്കിൽ അതും അയാൾ വീട്ടണം. എന്നാൽ പ്രതിഫലമാഗ്രഹിച്ചുകൊണ്ട് ഐഛികമായ നിലക്ക് അഥവാ സുന്നത്തായിക്കൊണ്ട് നിർവഹിക്കാൻ വന്നതായിരുവെങ്കിൽ അത് പിന്നെ വീട്ടേണ്ടതില്ല. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ. 

അവസാനമായി സാന്ദർഭികമായി സൂചിപ്പിക്കാനുള്ള ഒരു കാര്യം. ഒരാൾ വിദേശത്ത് മരണപ്പെട്ടാൽ അയാളുടെ മയ്യിത്ത് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകുകയല്ല മരണപ്പെട്ടിടത്ത് മറവ് ചെയ്യുകയാണ് ചെയ്യേണ്ടത്. അപ്രകാരം അന്യദേശത്ത് മരണപ്പെടുന്നത് ബന്ധുമിത്രാതികൾക്കും മറ്റും വലിയ വിഷമം ഉണ്ടാക്കിയേക്കാമെങ്കിലും മയ്യിത്തിന് കൂടുതൽ ഉചിതം ഏത് എന്നതാണ് നാം പരിഗണിക്കേണ്ടത്. മഹതിയായ ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) യുടെ സഹോദരൻ അബിസീനിയൻ താഴ്വരയിൽ വെച്ച് മരണപ്പെടുകയും അവർ മയ്യിത്ത് മദീനയിലേക്ക് കൊണ്ടുവരുകയും ചെയ്തപ്പോൾ അവർ പറഞ്ഞു: 

ما أجد فى نفسى أو يحزننى فى نفسى إلا أنى وددت أنه كان دفن في مكانه

"അദ്ദേഹത്തെ അവർ അദ്ദേഹം വഫാത്തായിടത്ത് തന്നെ ഖബറടക്കിയിരുന്നുവെങ്കിൽ എന്നതൊഴിച്ചാൽ വേറൊരു വിഷമമോ പ്രയാസമോ എൻ്റെ മനസിലില്ല" - [ബൈഹഖി : 4/57].

ബന്ധുമിത്രാതികൾക്ക് ഒരു പക്ഷെ ഏറെ വൈകാരികവും വലിയ വിഷമവും ഉണ്ടാക്കുന്ന കാര്യമായിരിക്കും അതെങ്കിലും അങ്ങനെ അന്യ ദേശത്ത് ഒരാൾ മരണപ്പെടാൻ ഇടവന്നാൽ അയാൾക്ക് അല്ലാഹു നിർണയിച്ചിട്ടുള്ള പ്രതിഫലം നോക്കൂ: 

 عَنْ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ قَالَ: " تُوُفِّيَ رَجُلٌ بِالْمَدِينَةِ عَنْ وَلَدٍ ، فَصَلَّى عَلَيْهِ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ:   يَا لَيْتَهُ مَاتَ فِي غَيْرِ مَوْلِدِهِ  ، فَقَالَ رَجُلٌ مِنَ الْقَوْمِ: وَلِمَ يَا رَسُولَ اللهِ؟ قَالَ:   إِنَّ الرَّجُلَ إِذَا مَاتَ فِي غَيْرِ مَوْلِدِهِ قِيسَ لَهُ مِنْ مَوْلِدِهِ إِلَى مُنْقَطَعِ أَثَرِهِ فِي الْجَنة

അബ്ദുല്ലാഹ് ബ്ൻ അംറു ബ്നുൽ ആസ് പറയുന്നു: ഒരു കുട്ടിയുള്ള ഒരാൾ മദീനയിൽ വെച്ച് വഫാത്തായി.  നബി (സ) അദ്ദേഹത്തിനുവേണ്ടി നമസ്കരിക്കുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്തു: അദ്ദേഹം ജനിച്ച നാട്ടിലല്ലാതെ മറ്റൊരു ദേശത്ത് മരിച്ചിരുന്നുവെങ്കിൽ ?!. അപ്പോൾ ആളുകളിൽ ഒരാൾ ചോദിച്ചു : അതെന്താ അല്ലാഹുവിൻ്റെ റസൂലേ അവിടുന്ന് അങ്ങനെ പറഞ്ഞത് ?. അദ്ദേഹം പറഞ്ഞു: ഒരാൾ തൻ്റെ ജന്മദേശത്തല്ലാതെ മരണപ്പെടുകയാണ് എങ്കിൽ അവൻ്റെ ജന്മദേശത്ത് നിന്നും അയാളുടെ കാലടികൾ അവസാനിച്ച അത്രയും ദൂരം സ്വർഗത്തിൽ അവന് നൽകപ്പെടും" - [നസാഇ : 1802, ഇബ്‌നു മാജ: 1614].

അതുകൊണ്ടുതന്നെ അന്യദേശത്ത് ഒരാൾ മരണപ്പെട്ടു എന്നതുകൊണ്ട് നാം സങ്കടപ്പെടേണ്ടതില്ല. മദീനത്ത് മരണപ്പെടുന്നതിന് പ്രത്യേകം ശ്രേഷ്‌ഠത അല്ലാഹുവിൻ്റെ റസൂൽ (സ) പഠിപ്പിച്ചിട്ടുണ്ട് എന്നിരുന്നിട്ട് കൂടി മദീനക്കാരനായ ഒരാളാണ് അന്യദേശത്ത് മരണപെടാൻ ഇടവരുന്നത് എങ്കിൽപ്പോലും ഒരന്യ ദേശത്ത് മരണപ്പെടേണ്ടി വന്നത് കാരണത്താൽ അല്ലാഹു വലിയ പ്രതിഫലം നൽകുമെന്ന് ഈ ഹദീസിലൂടെ മനസിലാക്കാം. 

അതുകൊണ്ടു അന്യദേശങ്ങളിൽ ഒരാൾ മരണപ്പെട്ടാൽ ഒരുപാട് ദിവസം വൈകിച്ചും, മയ്യിത്ത് എംബാം ചെയ്തുമൊക്കെ നാട്ടിലേക്ക് കൊണ്ടുപോകുകയെന്നത് മയ്യിത്തിനോട് അനാദരവ് കാണിക്കലാണ്. എത്രയും പെട്ടെന്ന് മറവ് ചെയ്യാനുള്ള നടപടികൾ ചെയ്യുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്. എത്രത്തോളമെന്നാൽ ഒരാൾ തൻ്റെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകണം എന്ന് വസ്വിയ്യത്ത് ചെയ്താൽപ്പോലും അത് പൂർത്തീകരിക്കാൻ മതപരമായ ബാധ്യതയില്ല എന്ന് വരെ ഇമാമീങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.  മയ്യിത്തിന് ഏതാണ് ഉചിതം എന്നതിലപ്പുറം ബന്ധുക്കളുടെ വൈകാരികമായ തലങ്ങൾ മാത്രമാണ് പലരും ഈ വിഷയത്തിൽ പരിഗണിക്കാറുള്ളത്. എന്നാൽ ഈ വിഷയത്തിലെ ശറഇയായ വശം ബന്ധുക്കൾക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് നാം ചെയ്യേണ്ടത്.  

അല്ലാഹു അനുഗ്രഹിക്കട്ടെ.. 

അബ്ദുറഹ്മാൻ അബ്ദുള്ളാത്തീഫ്  പി. എൻ 
________________________________________________________

Follow Fiqhussunna on Facebook: https://www.facebook.com/fiqhusunna/

Subscribe Fiqhussunna TV on YouTube:   https://www.youtube.com/channel/UCwq7He3Ulzukp5LXwzbWGfw


Thursday, May 14, 2020

ലോക്ക് ഡൗൺ സമയത്ത് സകാത്തുൽ ഫിത്വർ എങ്ങനെ കൊടുക്കും ?. ഫുൾ ടൈം കർഫ്യൂ ഉള്ളവർ എന്ത് ചെയ്യും ?.





ചോദ്യം:
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഫിത്വർ സകാത്ത് എങ്ങനെ നൽകും ?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

പരിശുദ്ധ റമളാനിൻ്റെ പരിസമാപ്തിയോട് അനുബന്ധിച്ച് നിലനിൽക്കുന്ന ഒരു കർമ്മമാണല്ലോ സകാത്തുൽ ഫിത്വർ. മുതിർന്നവർക്കും കുട്ടികൾക്കും എന്നിങ്ങനെ പെരുന്നാൾ ദിവസം തൻ്റെ ആവശ്യം കഴിച്ച് ബാക്കി ഭക്ഷ്യപദാർത്ഥങ്ങൾ കൈവശം മിച്ചമുള്ള മുഴുവൻ മുസ്‌ലിമിനും അത് നിർബന്ധവുമാണ്.  

 പരിശുദ്ധ റമളാൻ അവസാനിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം ബാക്കിനിൽക്കുമ്പോൾത്തന്നെ ഫിത്വർ സകാത്ത് പാവങ്ങൾക്ക് എത്തിച്ച് തുടങ്ങാം. നിർബന്ധിത സാഹചര്യം ഉണ്ടെങ്കിലല്ലാതെ അതിനും മുൻപ് സകാത്തുൽ ഫിത്വർ വിതരണം ചെയ്യുന്നതിന് പ്രമാണമില്ല.  

പലയിടങ്ങളിലും ലോക്ക് ഡൗൺ ആയതുകൊണ്ടും, വിദേശ രാജ്യങ്ങളിൽ പലയിടത്തും ഫുൾടൈം കർഫ്യൂ നിലനിൽക്കുന്നതിനാലും എങ്ങനെ ഫിത്വർ സകാത്ത് പാവങ്ങൾക്ക് എത്തിക്കും എന്ന് പലർക്കും സംശയം ഉണ്ടാകും. 

നമ്മുടെ വീട്ടിലെ ഒരംഗത്തിൻ്റെ ഫിത്വർ സകാത്ത് രണ്ടേകാൽ കിലോ ധാന്യങ്ങളോ, ആ നാട്ടിലെ പാവപ്പെട്ടവർക്ക് ഉപകരിക്കുന്ന അടിസ്ഥാന ഭക്ഷണ സാധനങ്ങളോ ആയി കണക്കാക്കി നമ്മളുടെ വീട്ടിലെ അംഗങ്ങൾക്ക് അനുസരിച്ച് കിറ്റുകൾ ഉണ്ടാക്കി നമുക്കറിയുന്ന പാവപ്പെട്ടവർക്ക് എത്തിച്ചുകൊടുക്കാൻ സാധിച്ചാൽ അവിടെ നമ്മുടെ ബാധ്യത കഴിഞ്ഞു. വിദേശ രാജ്യങ്ങളിൽ ഫുൾടൈം കർഫ്യൂ ഒക്കെ ഉള്ള ഇടങ്ങളിലുള്ളവർക്ക് നാട്ടിൽ തങ്ങളുടെ വീട്ടുകാരുമായി ബന്ധപ്പെട്ട് തങ്ങളുടെ ഫിത്വർ സകാത്ത് ഇതുപോലെ പാവപ്പെട്ടവരിലേക്ക് എത്തിക്കാം. അതല്ലെങ്കിൽ ഫിത്വർ സകാത്ത് സ്വരൂപിച്ച് പാവങ്ങൾക്ക് എത്തിച്ചുകൊടുക്കുന്ന ചുമതല നിർവഹിക്കുന്ന വിശ്വാസയോഗ്യമായ സംവിധാനങ്ങളുണ്ടെങ്കിൽ അവരെ ഏല്പിക്കുകയുമാകാം.  

 ഒരാൾ താമസിക്കുന്നിടത്ത് തന്നെ അവകാശികൾ ഉണ്ടെങ്കിൽ അവിടെ തന്നെ നൽകുന്നതാണ് ഉചിതമെങ്കിലും, അതിന് സാധിക്കാതിരിക്കുകയോ, അതിനേക്കാൾ അർഹിക്കുന്നവർ ഉണ്ടായിരിക്കുകയോ ഒക്കെ ചെയ്യുന്ന സാഹചര്യങ്ങളിൽ മറ്റു പ്രദേശങ്ങളിലേക്ക് അയക്കുന്നതിലും തെറ്റില്ല. ഈ വിഷയം വിശദമായി മുൻപ് നമ്മൾ വിശദീകരിച്ചിട്ടുണ്ട്.   https://www.fiqhussunna.com/2017/06/blog-post_19.html

അപ്പോൾ പുറത്ത് ഇറങ്ങാൻ സാധിക്കാത്തവർ സാധിക്കുന്ന ഇടങ്ങളിൽ ഉള്ളവരോട് തങ്ങളുടെ ഫിത്വർ സകാത്ത് നൽകാൻ ചുമതലപ്പെടുത്താം. ഇനി നമ്മുടെ ചുറ്റുഭാഗത്തും ഒന്നു കണ്ണോടിച്ചാൽത്തന്നെ ലോക്ക് ഡൗൺ കാരണത്താൽ ഏറെ പ്രയാസപ്പെടുന്ന അനേകം അർഹരെ നമുക്ക് കണ്ടെത്തുകയും ചെയ്യാം. നേരിട്ട് നമുക്ക് അവകാശികളെ കണ്ടെത്തി നൽകാൻ സാധിക്കുന്നുവെങ്കിൽ തീർച്ചയായും ആ കർമ്മം കൊണ്ട് ലഭിക്കുന്ന മാനസിക സംസ്‌കരണത്തിന് അതുതന്നെയാണ് ഉചിതം എന്ന് പറയേണ്ടതില്ലല്ലോ. 

ഇനി ലോക്ക് ഡൗൺ സാഹചര്യം ആയതുകൊണ്ട് ഭക്ഷണമാക്കി എത്തിക്കാതെ പാവപ്പെട്ടവർക്ക് പണം നൽകിയാൽ മതിയോ എന്ന് പലരും ചോദിക്കുന്നുണ്ട്. പണ്ഡിതന്മാർക്കിടയിൽ അഭിപ്രായഭിന്നത നിലനിൽക്കുന്ന ഒരുകാര്യമാണത്. അതും നാം മുൻപ് വിശദീകരിച്ചിട്ടുണ്ട്:   https://www.fiqhussunna.com/2014/07/blog-post_27.html .  നബി (സ) സകാത്തുൽ ഫിത്വർ ഭക്ഷണമായി നൽകാനാണ് കല്പിച്ചത്. അതുകൊണ്ടു ഭക്ഷണ സാമഗ്രികൾ നൽകുക എന്നതാണ് അടിസ്ഥാനം. അതൊരിക്കലും സാധ്യമാകാതെ വരുന്ന ഒരു സാഹചര്യം ഉണ്ടെങ്കിലേ പണമായി നല്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ടതുള്ളൂ. 

ഇനി നമ്മൾ സാധാരണ സകാത്തുൽ ഫിത്വർ എത്തിച്ചുകൊടുക്കുന്ന ഏറെ അർഹരായ ചില ആളുകളിലേക്ക് ലോക്ക് ഡൗൺ കാരണം എത്തിപ്പെടാനോ, സകാത്തുൽ ഫിത്വർ എത്തിച്ചുകൊടുക്കാനോ നമുക്ക് സാധിക്കുന്നില്ല എങ്കിൽ  എന്ത് ചെയ്യും ?. 

അവരെ വിളിച്ച് അവർക്കായി അത് മാറ്റിവെച്ച വിവരം പറയുകയും, വാക്കുകൊണ്ട് അവർ കൈപ്പറ്റിയതായി അഥവാ സ്വീകരിച്ചതായി    ഉറപ്പുവരുത്തുകയും, പിന്നീട് സാധിക്കുന്ന സമയത്ത് അത് എത്തിച്ചുകൊടുക്കുകയുമാകാം. ഇവിടെ അതിനെ നമുക്ക് القبض الحكمي അഥവാ  പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പരോക്ഷമായ കൈപ്പറ്റലായി പരിഗണിക്കാം. അവർക്കായി വാക്കാൽ നൽകുകയും അവരെ അറിയിക്കുകയും ചെയ്ത ആ ഭക്ഷണ സാമഗ്രികൾ പെരുന്നാൾ കഴിഞ്ഞ ശേഷമാണ് നമുക്ക് അവരിലേക്ക് എത്തിച്ചുകൊടുക്കാൻ കഴിയുന്നത് എങ്കിലും കുഴപ്പമില്ല. കാരണം നമ്മുടേതല്ലാത്ത ഒരു കാരണത്താലാണ് അതവരിലേക്ക് യഥാർത്ഥത്തിൽ എത്തിക്കാൻ വൈകിയത്. തടസ്സങ്ങൾ ഇല്ലായിരുന്നുവെങ്കിൽ നേരത്തെത്തന്നെ നാം അവരിലേക്ക് അതെത്തിക്കുമായിരുന്നുവല്ലോ. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ. 

ഇനി ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ, തൻ്റെ പരിചയത്തിലുള്ള പാവപ്പെട്ടവർക്ക് നൽകാനോ, നാട്ടിൽ നൽകാനോ, വിശ്വാസയോഗ്യരായ ചാരിറ്റി സംവിധാനങ്ങളെ ഏല്പിക്കാനോ, പാവപ്പെട്ടവർക്ക് വിളിച്ചറിയിച്ച് അവർ വാക്കുകൊണ്ട് അത് കൈപ്പറ്റിയതായി പരിഗണിക്കാനോ തുടങ്ങി  മേല്പറഞ്ഞ കാര്യങ്ങളൊന്നും ഒരാൾക്ക് ചെയ്യാൻ സാധിക്കാതെ വന്നാൽ മാത്രം അയാൾ എന്ത് ചെയ്യും ?. അങ്ങനെ സംഭവിക്കാനുള്ള സാധ്യത കുറവാണ്. കാരണം രോഗികളോ മറ്റോ ആണെങ്കിൽ അവർക്ക് വേണ്ടി അത് അവരുടെ ബന്ധുക്കൾ നിർവഹിക്കുമല്ലോ. ഇനി അങ്ങനെ ഒരാൾക്ക് ഉണ്ടാക്കുകയാണ് എന്ന് നാം കണക്കാക്കിയാൽത്തന്നെ,  ആ ബാധ്യത അയാൾക്ക് ഒഴിവാകുന്നില്ല. എപ്പോഴാണ് അയാൾക്കാ കർമ്മം നിർവഹിക്കാൻ സാധിക്കുന്നത് അപ്പോൾ നിർവഹിക്കുക എന്നതായിരിക്കും അയാൾ ചെയ്യേണ്ടത്. അതൊരുപക്ഷെ പെരുന്നാൾ കഴിഞ്ഞാണെങ്കിലും. കാരണം നിർബന്ധിത സാഹചര്യത്താൽ ഒരാളുടെ കർമ്മം വൈകാൻ ഇടവന്നാൽ അയാൾക്ക് അതിൽ കുറ്റമില്ല. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ...


അല്ലാഹു അനുഗ്രഹിക്കട്ടെ .. 
_____________________________


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ




____________________________________

അനുബന്ധ ലേഖനം: 




സകാത്തുൽ ഫിത്വർ ഒരു ലഘുപഠനം.

ആര്‍ക്കാണ് സകാത്തുല്‍ ഫിത്വര്‍ ബാധകം ?. അത് എപ്പോഴാണ് നല്‍കേണ്ടത് ?. എത്രയാണ് നല്‍കേണ്ടത് ?. ഗര്‍ഭസ്ഥശിശുവിന് സകാത്തുല്‍ ഫിത്വര്‍ ബാധകമാണോ ?. ആരാണ് അതിന്‍റെ അവകാശികള്‍ ?.ഏത് രൂപത്തിലുള്ള ഭക്ഷണമാണ് നല്‍കേണ്ടത് ?.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد ؛   


 ആര്‍ക്കാണ് സകാത്തുല്‍ ഫിത്വര്‍ ബാധകം ?. അത് എപ്പോഴാണ് നല്‍കേണ്ടത് ?. എത്രയാണ് നല്‍കേണ്ടത് ?.  ഗര്‍ഭസ്ഥശിശുവിന് സകാത്തുല്‍ ഫിത്വര്‍ ബാധകമാണോ ?. ആരാണ് അതിന്‍റെ അവകാശികള്‍ ?.ഏത് രൂപത്തിലുള്ള ഭക്ഷണമാണ് നല്‍കേണ്ടത് ?.  തുടങ്ങിയ കാര്യങ്ങളാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. 


www.fiqhussunna.com

സ്വതന്ത്രനോ അടിയമയോ ആകട്ടെ, പുരുഷനോ സ്ത്രീയോ ആകട്ടെ, കുട്ടികളോ മുതിര്‍ന്നവരോ ആകട്ടെ പെരുന്നാള്‍ ദിവസം തങ്ങള്‍ക്ക് ഭക്ഷിക്കാനുള്ളത് കഴിച്ച് കൈവശം മിച്ചം വരുന്നവരായ എല്ലാ മുസ്ലിമീങ്ങളുടെ മേലും സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാണ്‌. അതത് നാട്ടിലെ അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ ഒരു സ്വാഅ് വീതം പാവപ്പെട്ടവര്‍ക്ക് പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി നല്‍കുകയാണ് വേണ്ടത്. ഒരു സ്വാഅ് എന്ന് പറഞ്ഞാല്‍ 2 കിലോ 40 ഗ്രാം ഗോതമ്പ് കൊള്ളുന്ന പാത്രമാണ്. അതുകൊണ്ട് രണ്ട്, രണ്ടേക്കാല്‍ കിലോയാണ് നല്‍കേണ്ട വിഹിതം. അത് പണമായല്ല മറിച്ച്  ഭക്ഷണ പദാര്‍ത്ഥമായിത്തന്നെന ല്‍കേണ്ടതുണ്ട്.

عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ شَعِيرٍ، عَلَى الْعَبْدِ وَالْحُرِّ وَالذَّكَرِ وَالْأُنْثَى وَالصَّغِيرِ وَالْكَبِيرِ مِنْ الْمُسْلِمِينَ،  وَأَمَرَ بِهَا أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلَاةِ .


ഇബ്നു ഉമര്‍ (റ) നിവേദനം: "ഒരു സ്വാഅ് കാരക്ക, അല്ലെങ്കില്‍ ഒരു സ്വാഅ് ബാര്‍ലി എന്നിങ്ങനെ അടിമയുടെ മേലും, സ്വതന്ത്രന്‍റെ മേലും, പുരുഷന്‍റെ മേലും സ്ത്രീയുടെ മേലും, കുട്ടികളുടെ മേലും മുതിര്‍ന്നവരുടെ മേലും റസൂല്‍ (സ) സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കി. അത് ആളുകള്‍ പെരുന്നാള്‍ നമസ്കാരത്തിന് വേണ്ടി പോകുന്നതിന് മുന്‍പായിത്തന്നെ നല്‍കാന്‍ അദ്ദേഹം കല്പിക്കുകയും ചെയ്തു". - [متفق عليه].  


തനിക്കും താന്‍ ചിലവിന് കൊടുക്കാന്‍ കടപ്പെട്ടവര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ കഴിച്ച് ബാക്കി ഭക്ഷ്യവസ്തുക്കളോ, ഭക്ഷ്യവസ്തു വാങ്ങിക്കാനുള്ള പണമോ കൈവശമുള്ള ഓരോരുത്തര്‍ക്കും സകാത്ത് ബാധകമാണ് എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ സകാത്തുല്‍ ഫിത്വറിന്‍റെ അവകാശികളായ ആളുകള്‍ക്കും അവരുടെ കൈവശം പെരുന്നാള്‍ ദിനത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ മിച്ചമുണ്ട് എങ്കില്‍ സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാണ്‌. അവര്‍ സകാത്തുല്‍ ഫിത്വര്‍ ലഭിക്കുവാന്‍ അര്‍ഹപ്പെട്ടവരാണ് എന്നതിനാല്‍ അവരുടെ മേലുള്ള ബാധ്യത ഇല്ലാതാവുന്നില്ല. എല്ലാ മുസ്‌ലിമീങ്ങള്‍ക്കും അത് ബാധകമാണ്.


عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ : كُنَّا نُعْطِيهَا فِي زَمَانِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَاعًا مِنْ طَعَامٍ ، أَوْ صَاعًا مِنْ تَمْرٍ ، أَوْ صَاعًا مِنْ شَعِيرٍ ، أَوْ صَاعًا مِنْ زَبِيبٍ أو صاعا من أقط.


 അബൂസഈദ് അല്‍ ഖുദരി (റ) നിവേദനം: "നബി (സ) യുടെ കാലത്ത് ഒരു സ്വാഅ് ഭക്ഷണം, അല്ലെങ്കില്‍ ഒരു സ്വാഅ് കാരക്ക, അല്ലെങ്കില്‍ ഒരു സ്വാഅ് ബാര്‍ലി, അല്ലെങ്കില്‍ ഒരു സ്വാഅ് ഉണക്കമുന്തിരി, അല്ലെങ്കില്‍ ഒരു സ്വാഅ് പനീര്‍ എന്നിങ്ങനെയായിരുന്നു സകാത്തുല്‍ ഫിത്വര്‍ നല്‍കിയിരുന്നത്." - [متفق عليه].
 


അതത് നാട്ടിലെ അടിസ്ഥാന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഫിത്വര്‍ സകാത്തായി നല്‍കാവുന്നതാണ്. അന്ന് അറേബ്യയില്‍ നിലവിലുണ്ടായിരുന്ന അടിസ്ഥാനഭക്ഷണങ്ങളാണ് ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടത് എന്നര്‍ത്ഥം. 
ഇത് പെരുന്നാള്‍ നമസ്കാരത്തിന് മുന്നോടിയായി നല്‍കിയിരിക്കണം. എങ്കില്‍ മാത്രമേ സകാത്തുല്‍ ഫിത്വര്‍ ആയി പരിഗണിക്കപ്പെടുകയുള്ളൂ. അല്ലാത്തപക്ഷം അതൊരു സ്വദഖ മാത്രമായിരിക്കും: 


عن ابن عباس رضي الله عنهما قَالَ : فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنْ اللَّغْوِ وَالرَّفَثِ ، وَطُعْمَةً لِلْمَسَاكِينِ ، مَنْ أَدَّاهَا قَبْلَ الصَّلاةِ فَهِيَ زَكَاةٌ مَقْبُولَةٌ ، وَمَنْ أَدَّاهَا بَعْدَ الصَّلاةِ فَهِيَ صَدَقَةٌ مِنْ الصَّدَقَاتِ .


ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നോമ്പുകാരന് തന്‍റെ വീഴ്ചകളില്‍ നിന്നും പാപങ്ങളില്‍ നിന്നുമുള്ള വിശുദ്ധിയെന്നോണവും, പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുക എന്ന നിലക്കുമാണ് നബി (സ) സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയത്. അത് ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി നല്‍കുന്നുവെങ്കില്‍ അത് സ്വീകാര്യമായ സകാത്തായി പരിഗണിക്കപ്പെടും. എന്നാല്‍ ഒരാള്‍ നമസ്കാര ശേഷമാണ് അത്  നിര്‍വഹിക്കുന്നത് എങ്കില്‍ അതേ കേവലം ദാനധര്‍മ്മങ്ങളില്‍ ഒരു ദാനധര്‍മ്മം മാത്രമായിരിക്കും". - [അബൂദാവൂദ്: 1609. അല്‍ബാനി: ഹദീസ് ഹസന്‍]. 


മേല്‍പറഞ്ഞ ഹദീസില്‍ സകാത്തുല്‍ ഫിത്വറിന്‍റെ യുക്തിയെ സംബന്ധിച്ചും അതുപോലെ അത് നല്‍കേണ്ട സമയത്തെ സംബന്ധിച്ചും സുവ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി അത് നിര്‍വഹിചിരിക്കണം. റമദാനിന്‍റെ അവസാനിക്കുന്നതോടെയാണ് അത് നല്‍കുന്നത്. എന്നാല്‍ സൗകര്യത്തിന് വേണ്ടി റമദാന്‍ അവസാനിക്കുന്നതിന് ഒന്ന് രണ്ട് ദിവസങ്ങള്‍ മുന്‍പ് തന്നെ അത് നല്‍കിയാല്‍ തെറ്റില്ല. ഇബ്നു ഉമര്‍ (റ) വില്‍ നിന്നും അപ്രകാരം ഉദ്ദരിക്കപ്പെട്ടതായിക്കാണാം: 


وَكَانَ ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا يُعْطِيهَا الَّذِينَ يَقْبَلُونَهَا وَكَانُوا يُعْطُونَ قَبْلَ الْفِطْرِ بِيَوْمٍ أَوْ يَوْمَيْنِ .


"ഇബ്നു ഉമര്‍ (റ) അത്തിന്‍റെ സ്വീകര്‍ത്താക്കള്‍ക്ക് അത് നല്‍കാറുണ്ടായിരുന്നു. ഈദുല്‍ ഫിത്വറിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ മുന്‍പ് അവര്‍ അപ്രകാരം നല്‍കാറുണ്ടായിരുന്നു". - [ബുഖാരി: 1511].


റമദാന്‍ മാസത്തിന്‍റെ ആരംഭത്തില്‍ത്തന്നെ അത് നല്‍കാം എന്നതാണ് ഹനഫീ മദ്ഹബിലെയും ശാഫിഈ മദ്ഹബിലെയും  അഭിപ്രായമെങ്കില്‍ക്കൂടി, നേരത്തെ സൂചിപ്പിച്ചത് പോലെ ഈദുല്‍ ഫിത്വറിന് ഒന്നോ രണ്ടോ ദിവസം മുന്‍പ് അവകാശികള്‍ക്കത് വിതരണം ചെയ്യുക എന്നതാണ് പ്രബലമായ അഭിപ്രായം. കാരണം അതിന് ഇബ്നു ഉമര്‍ (റ) വിന്‍റെ അസറിന്‍റെ പിന്‍ബലമുണ്ട്. മാലിക്കീ മദ്ഹബിലെയും ഹമ്പലീ മദ്ഹബിലെയും അഭിപ്രായവും അതാണ്‌. ശൈഖ് ഇബ്നു ബാസ് (റ) യും ആ അഭിപ്രായമാണ് പ്രബലമായി സ്വീകരിച്ചിട്ടുള്ളത്‌. മാത്രമല്ല ഈദുല്‍ ഫിത്വറിനോട്‌ അനുബന്ധിച്ചാണല്ലോ സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കപ്പെട്ടത്. അതുകൊണ്ട് അതിനോടടുത്തായിരിക്കണം വിതരണം നടക്കേണ്ടത് എന്ന അഭിപ്രായം കൂടുതല്‍ ബലപ്പെടുകയും ചെയ്യുന്നു. 


അതുപോലെ ഗര്‍ഭസ്ഥ ശിശുവിന് ഫിത്വര്‍ സകാത്ത് ബാധകമാണോ ?. എന്ന് പലരും ചോദിക്കാറുണ്ട്. ഗര്‍ഭസ്ഥ ശിശുവിന് സകാത്തുല്‍ ഫിത്വര്‍ നല്‍കല്‍ നിര്‍ബന്ധമല്ല. റമദാനിലെ അവസാന ദിനം സൂര്യന്‍ അസ്ഥമിക്കുന്നതിന് മുന്‍പ് ജനിക്കുന്നവര്‍ക്കാണ് സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധം എന്നാണ് ഫുഖഹാക്കള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഒരാള്‍ നല്‍കുന്നുവെങ്കില്‍ അത് പുണ്യകരമാണ്. ഉസ്മാന്‍ ബ്ന്‍ അഫ്ഫാന്‍ (റ) വില്‍ നിന്നും അപ്രകാരം ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ലജ്നതുദ്ദാഇമയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം:


ചോദ്യം: മാതാവിന്‍റെ ഗര്‍ഭത്തിലുള്ള കുഞ്ഞിന് സകാത്തുല്‍ ഫിത്വര്‍ നല്‍കേണ്ടതുണ്ടോ ?. 


മറുപടി: "ഉസ്മാനു ബ്നു അഫ്ഫാന്‍ (റ) അപ്രകാരം ചെയ്തതിനാല്‍ അത് പുണ്യകരമാണ്. എന്നാല്‍ നിര്‍ബന്ധമല്ല. കാരണം നിര്‍ബന്ധമാണ്‌ എന്നതിന് തെളിവില്ല". - [ഫതാവ ലജ്നദ്ദാഇമ: http://www.alifta.net/fatawa/].


നാട്ടിലെ അടിസ്ഥാനഭക്ഷണമായ എന്തും സകാത്തുല്‍ ഫിത്വര്‍ ആയി നല്‍കാം. അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ആയതിനാല്‍ എത്രത്തോളം നല്ല ഇനം നല്‍കാന്‍ സാധിക്കുമോ അത് നല്‍കുക. ഏറ്റവും ചുരുങ്ങിയത് മോശമായ ഇനം തിരഞ്ഞെടുക്കാതെ മിതമായ രൂപത്തിലുള്ള ഇനം നല്‍കണം. അത് ദാനധര്‍മ്മങ്ങളില്‍ പാലിക്കേണ്ട ഒരു പൊതു തത്വമാണ്. ഇനി ഒരാളെക്കൊണ്ട് താഴ്ന്ന ഇനം നല്‍കാനേ സാധിക്കുകയുള്ളൂ എങ്കില്‍ അയാള്‍ക്ക് അത് മതിയാകുന്നതുമാണ്. കൂടുതല്‍ നല്‍കാന്‍ സാധിക്കുന്നവര്‍ അപ്രകാരം ചെയ്യാന്‍ പരിശ്രമിക്കുക. പെരുന്നാളിന് ആളുകള്‍ സാധാരണ  കഴിക്കും വിധമുള്ള ഭക്ഷണ സാമഗ്രികള്‍ നല്‍കാന്‍ സാധിക്കുമെങ്കില്‍ വളരെ നല്ലത്. സ്വാഭാവികമായും ആ ദിനത്തില്‍ നെയ്ച്ചോറോ ബിരിയാണിയോ ഒക്കെ വെക്കാനുള്ള അരിയോ, ഇറച്ചിയോ ഒക്കെ കിട്ടിയാല്‍ തീര്‍ച്ചയായും പാവപ്പെട്ടവര്‍ക്ക് അതൊരു സഹായമാകും. അതുതന്നെ നല്‍കല്‍ നിര്‍ബന്ധമാണ്‌ എന്നോ, സാധാരണ അരി നല്‍കിയാല്‍ സകാത്തുല്‍ ഫിത്വര്‍ വീടില്ല എന്നോ പറയാന്‍ സാധിക്കില്ലെങ്കിലും, ഒരാള്‍ക്ക് അപ്രകാരം ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതാണ്‌ ഉചിതം എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം പെരുന്നാള്‍ ദിവസം മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാതെ അവരെ സ്വയം പര്യാപ്തരാക്കുക എന്നതാണല്ലോ സകാത്തുല്‍ ഫിത്വറിന്‍റെ ഏറ്റവും വലിയ ഉദ്ദേശം. ചില റിപ്പോര്‍ട്ടുകളില്‍ ഇപ്രകാരം കാണാം:

كان رسول الله صلى الله عليه و سلم يقسمها قبل أن ينصرف إلى المصلى ويقول : أغنوهم عن الطواف في هذا اليوم


"നബി (സ) മുസ്വല്ലയിലേക്ക് പോകുന്നതിന് മുന്‍പായി അത് അവകാശികള്‍ക്ക് വീതം വെച്ച് നല്‍കുകയും, 'ഈ ദിവസത്തില്‍ മറ്റുള്ളവരുടെ മുന്‍പില്‍ യാചിക്കുന്നതില്‍ നിന്നും അവരെ നിങ്ങള്‍ കരകയറ്റുക' എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു". - [മുവത്വ: വോ: 2 പേജ്: 150]. 


പെരുന്നാള്‍ ദിനത്തില്‍ സാധാരണത്തേതില്‍ നിന്നും വ്യത്യസ്ഥമായ ഭക്ഷണം ഉണ്ടാക്കാനാണല്ലോ നാമേവരും ഇഷ്ടപ്പെടുന്നത്. പാവപ്പെട്ടവരും അപ്രകാരം തന്നെ. അതുകൊണ്ട് അന്നത്തെ ദിവസം പാകം ചെയ്യാന്‍ പറ്റിയ ഇനം ഭക്ഷണ സാമഗ്രികളായിരിക്കും അവര്‍ കൂടുതലും ആഗ്രഹിക്കുന്നത്. അതിനാല്‍ അത് നല്‍കുന്നതാണ് ഉചിതം. വില അല്പം കൂടുതല്‍ ആയതിനാല്‍ സാധാരണക്കാര്‍ക്ക് ഒരുപക്ഷേ സാധിച്ചില്ല എന്ന് വരാം. എങ്കിലും സാധിക്കുന്നവര്‍ക്ക് അപ്രകാരം ചെയ്യാമല്ലോ. ആ കര്‍മ്മം നിറവേറ്റുന്നതോടൊപ്പം കൂടുതല്‍ പ്രതിഫലവും കരസ്ഥമാക്കാം. പാവപ്പെട്ടവര്‍ക്ക് ഈ സുദിനത്തില്‍ കൂടുതല്‍ സന്തോഷം പകരുകയും ചെയ്യും. അല്ലാഹു അനുഗ്രഹിക്കട്ടെ.. ഞാനിപ്രകാരം പറയാന്‍ കാരണം ഒരിക്കല്‍ അപ്രതീക്ഷിതമായി ഒരു ഷോപ്പില്‍ വെച്ച് ഒരു പാവപ്പെട്ട സഹോദരന്‍ തന്‍റെ സുഹൃത്തിനോട് നടത്തുന്ന സംഭാഷണം കേള്‍ക്കാന്‍ ഇടയായി. 'കഴിഞ്ഞ തവണ കുറച്ച് നെയ്ച്ചോറിന്‍റെ അരി കിട്ടിയത് കൊണ്ട് മക്കള്‍ക്ക് പെരുന്നാള്‍ കൂടാനായി, ഇപ്രാവശ്യം എവിടുന്നെങ്കിലും കിട്ടുമോന്നറിയില്ല'. ഈ സംഭാഷണം ഒരു നേര്‍ക്കാഴ്ചയാണ്. ഒരുപാട് കടങ്ങളും, ചികിത്സാഭാരങ്ങളും ഒക്കെയുള്ളവരാണെങ്കില്‍, സാധാരണ കൂലിത്തൊഴിലാലികള്‍ക്ക് ഒരുപക്ഷെ ചില സന്ദര്‍ഭങ്ങളില്‍ കയ്യില്‍ നയാപൈസ കാണില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ പെരുന്നാളിനുള്ള വിഭവങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അതവര്‍ക്കൊരു സഹായമാകും. അതുകൊണ്ട് നമുക്ക് സാധിക്കുമെങ്കില്‍ അപ്രകാരം നല്‍കുന്നതാണ് ഉചിതം എന്നതില്‍ യാതൊരു സംശയവുമില്ല. 
ഇനി അതിന്‍റെ അവകാശികള്‍ ആര് എന്നതാണ് മറ്റൊരു വിഷയം: ഫുഖറാക്കളും, മസാകീനുകളുമാണ് അതിന്‍റെ അവകാശികള്‍. ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു: "അതിന്‍റെ അവകാശികള്‍ ഫുഖറാക്കളും മസാകീനുകളുമാണ്. കാരണം ഇബ്നു അബ്ബാസ് (റ) വില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍: നോമ്പുകാരന് തെറ്റുകുറ്റങ്ങളും വീഴ്ചകളും പൊറുക്കപ്പെടാനും, അതുപോലെ (طعمة للمساكين) മിസ്കീനുകള്‍ക്ക് അഥവാ പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണമായും ആണ് നബി (സ) സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയത് എന്ന് കാണാം" - [മജ്മൂഉ ഫതാവ: 14/202].  അതുകൊണ്ട് ധനികരായവര്‍ക്കോ, സ്വന്തം വരുമാനം തന്‍റെ ചിലവുകള്‍ക്ക് തികയുന്നവര്‍ക്കോ അതില്‍ അവകാശമില്ല. എന്നാല്‍ തങ്ങളുടെ വരുമാനം തങ്ങളുടെ അടിസ്ഥാന ചിലവിന് തികയാത്ത ആളുകള്‍ അതിന്‍റെ അവകാശികളാണ്. അവര്‍ക്കാണ് ഫഖീര്‍, അല്ലെങ്കില്‍ മിസ്കീന്‍ എന്ന് പറയുന്നത്.  അല്ലാഹു നമ്മുടെ കര്‍മ്മങ്ങള്‍  സ്വീകരിക്കുകയും തക്കതായ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ ... അല്ലാഹു അനുഗ്രഹിക്കട്ടെ... 

ഫിത്വർ സകാത്ത് പണമായി നൽകാമോ ? അതല്ല ഭക്ഷണം തന്നെ നൽകേണ്ടതുണ്ടോ ?.

ഫിത്വർ സകാത്ത് പണമായി നൽകാവതല്ല. ഭക്ഷണമായിത്തന്നെ നല്കുക എന്നതാണ് പ്രവാചക ചര്യ.


عن أبي سعيد الخدري رضي الله عنه قال : كنا نعطيها في زمن النبي صلى الله عليه وسلم صاعاً من طعام ، أو صاعاً من تمر أو صاعاً من شعير أو صاعا من أقط أو صاعا من زبيب


അബീ സഈദ് അൽ ഖുദരി (റ) നിവേദനം: അദ്ദേഹം പറഞ്ഞു: " പ്രവാചകന്റെ കാലത്ത് ഒരു صاع ഭക്ഷണമോ, ഒരു صاع കാരക്കയോ, ഒരു صاع ബാർലിയോ, ഒരു صاع പനീറോ, ഒരു صاع ഉണക്കമുന്തിരിയോ ഒക്കെയാണ് ഫിത്വർ സകാത്തായി നല്‍കാറുണ്ടായിരുന്നത് " - [ബുഖാരി, മുസ്‌ലിം]. 

അതിനാൽ തന്നെ ഫിത്വർ സകാത്ത് ഭക്ഷണമായെ നൽകാവൂ എന്നതാണ് ഇമാം മാലിക്ക് (റ), ഇമാം ശാഫിഇ (റ), ഇമാം അഹ്മദ് (റ) തുടങ്ങി ബഹുപൂരിപക്ഷം ഫുഖഹാക്കളുടെയും അഭിപ്രായം. ഇമാം അബൂഹനീഫ (റ) പണമായും നല്‍കാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭക്ഷണമായെ നല്‍കാവൂ എന്ന് പറഞ്ഞ ഇമാമീങ്ങള്‍ നബി (സ) യുടെ കാലത്ത് പണം നല്‍കാമായിരുന്നിട്ടും റസൂല്‍ (സ) ഭക്ഷണം നല്‍കാന്‍ കല്പിച്ചതാണ് എല്ലാ ഹദീസുകളിലും കാണാന്‍ സാധിക്കുന്നത് എന്നതിനെയാണ് അവലംബിച്ചത്. പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിവസം ഭക്ഷണത്തിന് മുട്ടുണ്ടാകരുത് എന്നതാണ് അതിന്‍റെ ലക്ഷ്യം എന്നത് ഹദീസിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ വിശദീകരിച്ചു. ഇമാം അബൂ ഹനീഫ (റ) യാകട്ടെ സകാത്തുല്‍ ഫിത്വര്‍ പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ അവരെ ധന്യരാക്കുക എന്നത് ഭക്ഷണത്തില്‍ മാത്രമല്ല പൊതുവായ അര്‍ത്ഥത്തിലാണ്, അതിനാല്‍ ധനമായും നല്‍കാം എന്നും അഭിപ്രായപ്പെട്ടു.  

ഭക്ഷണമായാണ് നല്‍കേണ്ടത് എന്നാല്‍ ഭക്ഷണം നല്‍കുന്നത് പാവങ്ങള്‍ക്ക് പ്രയാസകരവും പണമായി നല്‍കുന്നത് കൂടുതല്‍ ഉചിതമായി വരുന്ന സാഹചര്യങ്ങളില്‍ പണമായി നല്‍കാം എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയയെപ്പോലുള്ള പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. 
ഏതായാലും ഫിത്വര്‍ സകാത്ത് പണമായി നല്‍കിയാല്‍ വീടുമോ എന്നത് അഭിപ്രായഭിന്നതയുള്ള കാര്യമാണ്. ഭക്ഷണമായി നല്‍കിയാല്‍ നിറവേറുമെന്നത് ഏകാഭിപ്രായമുള്ള കാര്യവുമാണ്. മാത്രമല്ല ഫിത്വര്‍ സകാത്ത് പരാമര്‍ശിക്കുന്ന ഹദീസുകളിലെല്ലാം ഭക്ഷണമായി നല്‍കാനാണ്  പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതും. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രബലമായ അഭിപ്രായവും കൂടുതല്‍ സൂക്ഷ്മതയുമെല്ലാം ഭക്ഷണമായി നല്‍കല്‍ തന്നെയാണ്. ശൈഖ് ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉസൈമീൻ (رحمهما الله) തുടങ്ങിയ പണ്ഡിതന്മാരും, ലജ്നതുദ്ദാഇമയുമെല്ലാം ഭക്ഷണമായി മാത്രമേ ഫിത്വർ സകാത്ത് നൽകാവൂ എന്നാണു പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് നേരത്തെ സൂചിപ്പിച്ചത് പോലെ ഭക്ഷണമായി നല്‍കലാണ് കൂടുതല്‍ സൂക്ഷ്മതയും അഭിപ്രായഭിന്നതയില്‍ നിന്നും പുറംകടക്കാന്‍ നല്ലതും. 

എന്നാൽ ദരിദ്രർക്ക് ഭക്ഷണമായി എത്തിച്ചുകൊടുക്കാന്‍ വേണ്ടി വിശ്വാസയോഗ്യരായ ആളുകളെ അതിന്‍റെ പണം എല്പിക്കുന്നതിൽ തെറ്റില്ല. അത് അനുവദനീയമായ വക്കാലത്തുകളിൽ പെട്ടതാണ് എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.  പാവപ്പെട്ടവരിലെക്ക് അത് ഭക്ഷണമായാണ് എത്തേണ്ടത് എന്നതാണ് ഭക്ഷണമായി നല്‍കണം എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. പാവപ്പെട്ടവര്‍ക്ക് ഫിത്വര്‍ സകാത്തിന്‍റെ ഭക്ഷണം എത്തിച്ച് കൊടുക്കുന്ന മഹല്ല് സംവിധാനങ്ങളിലോ മറ്റോ  പണം എല്പിക്കുന്നതില്‍ തെറ്റില്ല. 

പ്രവാചകന്‍റെ കാലത്തെ ഒരു صاع എന്ന് പറയുന്നത്, അന്നത്തെ മദീനത്തെ ഒരു صاع ൽ ഗോതമ്പ് നിറച്ച് തൂക്കി നോക്കിയപ്പോൾ 2.040 ഗ്രാം ആണ് തൂക്കം ലഭിച്ചത് എന്ന് ശൈഖ് ഇബ്നു ഉസൈമീൻ അദ്ദേഹത്തിന്‍റെ  الشرح الممتع എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  

പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുന്നെ തന്നെ അത് നൽകൽ അനുവദനീയമാണ്. സ്വഹാബത്ത് അപ്രകാരം അവരുടെ ഫിത്വർ സകാത്ത് നൽകാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം. പണം സ്വരൂപിച്ച് പെരുന്നാള്‍ നമസ്കാരത്തിന് മുന്നോടിയായി പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ കയ്യില്‍ രണ്ട് ദിവസത്തിന് മുന്പെയും നല്‍കാം. അവരത് ഒന്നോ രണ്ടോ ദിവസം മുതല്‍ ഈദ് നമസ്കാരം വരെയുള്ള സമയത്താണ് നിര്‍വഹിക്കേണ്ടത് എന്ന് മാത്രം. 

അത് പെരുന്നാൾ നമസ്കാരത്തിന് മുന്പായി നൽകിയെങ്കിൽ മാത്രമേ ഫിത്വർ സകാത്തായി പരിഗണിക്കപ്പെടുകയുള്ളൂ. റസൂല്‍ (സ) പറഞ്ഞു: " നമസ്കാരത്തിന് മുന്പായി ഒരാൾ അത് നിർവഹിക്കുകയാണ്‌ എങ്കിൽ അത് സ്വീകാര്യയോഗ്യമായ (ഫിത്വർ) സകാത്താണ്. എന്നാൽ നമസ്കാര ശേഷമാണ് ഒരാൾ അത് നിർവഹിക്കുന്നതെങ്കിൽ കേവലം സ്വദഖകളിൽ ഒരു സ്വദഖ മാത്രമായിരിക്കും അത്" - അബൂ ദാവൂദ്. 

അല്ലാഹു അനുഗ്രഹിക്കട്ടെ ..

Tuesday, May 12, 2020

കുറിയിലേക്ക് ഇതുവരെ അടച്ച തുകക്ക് സകാത്ത് കൊടുക്കണോ ?.


ചോദ്യം: സുഹൃത്തുക്കൾ ചേർന്നുള്ള കുറിയിലേക്ക് അടച്ച തുകക്ക് സകാത്ത് കൊടുക്കണോ ?. കുറി കിട്ടിയിട്ടില്ല. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

കുറിയിലേക്ക് അടക്കപ്പെട്ട തുക കർമ്മശാസ്ത്ര നിയമപ്രകാരം കടമയാണ് പരിഗണിക്കപ്പെടുക. കടം നൽകിയ തുകക്ക് സകാത്ത് നൽകേണ്ടതുണ്ടോ എന്നത് പണ്ഡിതന്മാർക്കിടയിൽ ചർച്ചയുള്ള വിഷയമാണ്. പ്രബലമായ അഭിപ്രായം തിരികെ ലഭിക്കാൻ സമയമെത്തിയതും തിരികെ കിട്ടുമെന്ന് ഉറപ്പുള്ളതുമായ കടത്തിനല്ലാതെ സകാത്ത് ബാധകമാകുകയില്ല എന്നതാണ്.

കടവുമായി ബന്ധപ്പെട്ട് മുൻപ് വിശദമായി ഫിഖ്ഹുസ്സുന്നയിൽ എഴുതപ്പെട്ട ലേഖനം ഈ ലിങ്കിൽ വായിക്കാം: https://www.fiqhussunna.com/2015/08/blog-post_31.html

താങ്കൾക്ക് ആ കടം തിരികെ ലഭിക്കാൻ സമയമെത്തിയിട്ടില്ലാത്തതിനാൽ ആ പണം സകാത്ത് കണക്കുകൂട്ടുമ്പോൾ ഉൾപ്പെടുത്തേണ്ടതില്ല. എന്നാൽ കൂടുതൽ സൂക്ഷ്‌മത ആഗ്രഹിക്കുന്ന വ്യക്തിയാണ് താങ്കൾ എങ്കിൽ നിങ്ങൾ ഇതുവരെ അടച്ച തുകയുടെ കൂടി സകാത്ത് കൊടുക്കുകയാണെങ്കിൽ നല്ലത്. അതുവഴി തിരികെ കിട്ടുമെന്ന് ഉറപ്പുള്ള എല്ലാ കടങ്ങൾക്കും സകാത്ത് നൽകണം എന്ന് അഭിപ്രായപ്പെട്ട അനേകം പണ്ഡിതന്മാരുടെ  വീക്ഷണത്തിൽ സൂക്ഷ്മത പുലർത്താനും അഭിപ്രായഭിന്നതയിൽ നിന്നും പുറം കടക്കാനും സാധിക്കും.. 


അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ... അല്ലാഹു അനുഗ്രഹിക്കട്ടെ.. .
________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി.എൻ 

സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകുന്ന തുകക്ക് സകാത്ത് ബാധകമാണോ ?.



ചോദ്യം:
 
വാടക വീടിന് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകുന്ന തുകയ്ക്ക് സകാത്ത് ബാധകമാണോ?

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നൽകപ്പെടുന്ന പണം സാധാരണ നിലക്ക് നമ്മുടെ നാട്ടിൽ കണ്ടുവരാറുള്ളത്, ഒരാൾ ഒരു ബിൽഡിംഗോ മറ്റോ എടുക്കുമ്പോൾ ഉടമസ്ഥന് നിശ്ചിത തുക സെക്യൂരിറ്റിയായി നൽകും. ഈ തുക ആ ഉടമസ്ഥന് ഉപയോഗിക്കുകയോ, താൻ ഉദ്ദേശിക്കുന്ന എന്ത് വേണമെങ്കിലും ചെയ്യാം. എന്നാൽ കരാറിൽ പരാമർശിച്ച പ്രകാരം കരാർ പരസ്പരം പിരിയുന്ന വേളയിൽ ആ തുക തിരികെ നൽകുകയും വേണം. ഇനി ഏതെങ്കിലും കാരണവശാൽ മേല്പറഞ്ഞ വ്യക്തിയിൽ നിന്നും പണം ഈടാക്കേണ്ട സാഹചര്യം ഉണ്ടായാൽ അത് ഈടാക്കിയശേഷം ബാക്കിയുള്ള തുകയെ തിരികെ കൊടുക്കുകയുള്ളൂ. അതിനാണ് ഈ സെക്യൂരിറ്റി അമൗണ്ട് കൈപ്പറ്റുന്നത്.  

ഇവിടെ ഈ പണത്തിൻ്റെ സകാത്ത് ആരാണ് കൊടുക്കേണ്ടത് എന്നത് പരിശോധിക്കപ്പെടേണ്ടതുതന്നെയാണ്. ഇവയെ രണ്ടായി നമുക്ക് തരം തിരിക്കാം: 

ഒന്ന്: ഈ സെക്യൂരിറ്റിയായി നൽകപ്പെടുന്ന തുക പൂർണമായും എല്ലാ അർത്ഥത്തിലും അത് കൈപ്പറ്റുന്ന ബിൽഡിംഗ് ഉടമസ്ഥന് ഉപയോഗിക്കാം എന്ന രൂപത്തിലാണ് കരാർ പ്രകാരമോ, നാട്ടുനടപ്പനുസരിച്ചോ ആ തുക നൽകപ്പെടുന്നത് എങ്കിൽ അതിൻ്റെ സകാത്ത് അനുഷ്ഠിക്കാൻ അയാളായിരിക്കും ബാധ്യസ്ഥനാകുക. കാരണം ആ പണത്തിൻ്റെ ഉപയോഗവും പ്രയോജനവുമെല്ലാം ആ കരാർ കാലാവധി നിലനിൽക്കുന്നിടത്തോളം അയാൾക്ക് മാത്രമായിരിക്കുമല്ലോ. ഇവിടെ رهن അഥവാ ഈട് അല്ലെങ്കിൽ പണയം എന്നതിനേക്കാൾ കടത്തോട് സമാനമായാണ് ഈ തുക ഗണിക്കപ്പെടുന്നത്. ഇവിടെ കൈപ്പറ്റിയ പണം അയാളുടേതാകുകയും അയാളുടെ മേൽ കരാർ പൂർത്തീകരിക്കുന്ന വേളയിൽ തിരികെ നൽകാനുള്ള ബാധ്യത നിലനിൽക്കുകയുമാണ് ചെയ്യുന്നത്. 

രണ്ട്: ഈ പണം കേവലം സെക്യൂരിറ്റിയായി നൽകപ്പെടുന്ന, അത് കൈപ്പറ്റുന്ന വ്യക്തിക്ക് യാതൊരു തരത്തിലും അതുപയോഗിക്കാൻ അനുവാദമില്ലാത്ത ഈട്  വെക്കുന്ന പണമാണ് എങ്കിൽ, ഇവിടെ ആ പണത്തിൻ്റെ ഉടമസ്ഥനായ വ്യക്തി തന്നെ അതിൻ്റെ സകാത്ത് നൽകണം.  ഉദാ:  ഒരാളുടെ കയ്യിൽ നിന്നും കടം വാങ്ങുമ്പോൾ സെക്യൂരിറ്റിയായി തൽക്കാലം സ്വർണ്ണം നൽകുന്ന പോലെ. അവിടെ ആ സ്വർണ്ണത്തിൻ്റെ യഥാർത്ഥ ഉടമസ്ഥൻ ആരോ അയാൾ അതിൻ്റെ സകാത്ത് നൽകണം. ഇവിടെ رهن അഥവാ ഈട് വെക്കപ്പെടുന്ന തുകയായാണ് അത് പരിഗണിക്കപ്പെടുന്നത്. ഈട് നൽകപ്പെടുന്ന വസ്തു സകാത്ത് ബാധകമാകുന്ന ഇനമാണ് എങ്കിൽ ആ ബാധ്യത അതിൻ്റെ ഉടമസ്ഥന് തന്നെയായിരിക്കും. 

അല്ലാഹു അനുഗ്രഹിക്കട്ടെ .. 
___________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി.എൻ 

ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച പണത്തിൻ്റെ സകാത്ത്



ചോദ്യം: ഞാൻ ഇന്ത്യൻ സ്റ്റോക്ക്‌ മാർക്കെറ്റിൽ കുറച്‌ പൈസ നിക്‌ഷെപിചിട്ടുണ്ഡ്‌. 7 ലക്ഷം നിക്ഷേപിച്ചതിൽ ഒരു ലക്ഷം ലാഭം കിട്ടി. ഇതിൻ്റെ സകാത്ത് എങ്ങനെയാണ് കണക്കുകൂട്ടേണ്ടത് ?.

www.fiqhussunna.com

ഉത്തരം

الحمد لله والصلاة والسلام على رسول الله وعلى آله وأصحابه ومن والاه، وبعد؛

സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഉള്ള ഷെയറുകളുടെ സകാത്ത് പറയുന്നതിന് മുൻപ്. Intraday Trading പോലെ Short Term ഷെയർ ട്രേഡിങ്ങ് എന്ന അർത്ഥത്തിൽ ആണ് താങ്കൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പണം നിക്ഷേപിക്കുന്നത് എങ്കിൽ. അത് മതപരമായി ശുബുഹത്ത് അഥവാ ഹലാലാണോ എന്നതിൽ സംശയാസ്പദമായ ഒരു ക്രയവിക്രയമായാണ് ഞാൻ കാണുന്നത്. അത് ഒഴിവാക്കുകയാണ് ഉചിതം. ഇസ്‌ലാമികമായ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികൾ ആണെങ്കിൽ അനുവദനീയമാണ് എന്ന് ചില പണ്ഡിതന്മാർ പറഞ്ഞതുപോലെ അത് നിഷിദ്ധമാണ് എന്ന് വളരെ പഠനാർഹമായ റിസർച്ചുകൾ എഴുതിയ പണ്ഡിതന്മാരും ഉണ്ട്. Intraday Trading പോലുള്ളവ അനുവദനീയം എന്നതിനേക്കാൾ നിഷിദ്ധം എന്നതിനോടാണ് അടുത്ത് നിൽക്കുന്നത് എന്നതാണ്  വ്യക്തിപരമായ എൻ്റെ അഭിപ്രായം. പിന്നെ ഒരു കാര്യം ഹലാൽ എന്നോ ഹറാം എന്നോ പറയൽ അല്ലാഹുവിൻ്റെ പക്കൽ അതിഗൗരവപരമായ കാര്യമായതുകൊണ്ട് സൂക്ഷ്‌മത എന്ന അർത്ഥത്തിലാണ് 'ശുബുഹാത്ത്' അഥവാ സംശയാസ്പദമായ ഒഴിവാക്കപ്പെടേണ്ട കാര്യം എന്ന് ഞാൻ പറയാൻ കാരണം. والله أعلم.

ഇനി ഷെയർമാർക്കറ്റിൽ നിക്ഷേപിച്ച പണത്തിൻ്റെ സകാത്തുമായി ബന്ധപ്പെട്ട് പറയുകയാണ് എങ്കിൽ. താങ്കളുടെ ഉടമസ്ഥതയിലുള്ള ഷെയറുകൾ വില്പനക്ക് ഉള്ളതാണ് എങ്കിൽ താങ്കൾ സകാത്ത് കണക്കുകൂട്ടുന്ന സമയത്തെ അതിൻ്റെ മാർക്കറ്റ് മൂല്യം എത്രയാണോ അതിൻ്റെ രണ്ടര ശതമാനം സകാത്തായി കൊടുക്കണം. അപ്പോൾ താങ്കളുടെ കൈവശമുള്ള പണത്തോടൊപ്പം ഉടമസ്ഥതയിലുള്ള ഷെയറുകളുടെ മാർക്കറ്റ് വാല്യൂ കണക്കാക്കി ആകെ തുകയുടെ രണ്ടര ശതമാനം സകാത്തായി നൽകണം.  

ഇനി ഷെയറുകളുടെ വില്‌പന ഉദ്ദേശിക്കാത്ത ദീർഘകാലത്തേക്കുള്ള നിക്ഷേപമാണ് എങ്കിൽ അവിടെ നിങ്ങൾക്ക് ഷെയർ ഉള്ള കമ്പനിയുടെ അസറ്റുകൾ എത്ര ശതമാനം വരുമോ ആ അനുപാതം നിങ്ങളുടെ ഷെയറിൽ നിന്നും കുറച്ച് ബാക്കി നിക്ഷേപത്തിനും, സകാത്ത് കണക്കുകൂട്ടുന്ന സമയത്ത് ലാഭം കിട്ടിയ തുകയിൽ നിന്നും നിങ്ങളുടെ കൈവശം അവശേഷിക്കുന്ന തുകക്കും രണ്ടര ശതമാനം സകാത്ത് കൊടുക്കണം.  കമ്പനിയുടെ അസറ്റുകൾക്ക് സകാത്ത് ബാധകമല്ല എന്നതിനാലാണ് അപ്രകാരം പറഞ്ഞത്. കമ്പനിയുടെ ബാലൻസ് ഷീറ്റ് ചെക്ക് ചെയ്‌താൽ ഈ കാര്യങ്ങൾ അറിയാം. ഇനി അതൊന്നും അറിയാത്ത പക്ഷം നിക്ഷേപിച്ച മുഴുവൻ തുകക്കും സകാത്ത് കൊടുക്കുക എന്നതേ വഴിയുള്ളൂ. 

 അല്ലാഹു അനുഗ്രഹിക്കട്ടെ... 
___________________________

 
 അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ

കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക് സകാത്തിൽ നിന്നും നൽകാമോ



ചോദ്യം:
ഇപ്പോഴത്തെ കോവിഡ് പ്രതി സന്ധിയിൽ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവർക്ക്   
സക്കാത്തിൻ്റെ പണം കൊടുക്കാമോ ? സക്കാത്തിന് അർഹതപ്പെട്ടവരിൽ അവർ ഉൾപ്പെടുമോ ?

www.fiqhussunna.com 


ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

തീർച്ചയായും , കോവിഡ് പ്രതിസന്ധികൊണ്ടോ മറ്റു വല്ല കാരണങ്ങൾക്കൊണ്ടോ തൻ്റെ പ്രാഥമിക ആവശ്യങ്ങൾക്കുള്ള പണമില്ലാതെ വിഷമിക്കുന്ന ഏതൊരു ഫഖീറിനും മിസ്‌കീനിനും സകാത്തിൻ്റെ ധനം നൽകാം.  എന്നാൽ ഇതിനോടനുബന്ധമായി പലരും ചോദിക്കാറുള്ള ഒരു കാര്യമാണ് സകാത്തിൻ്റെ ധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാമോ എന്നത്. അത്തരത്തിലുള്ള പൊതു സഹായ ഫണ്ടിലേക്ക് നമുക്ക് സ്വദഖയുടെ ധനം എത്രയും നൽകാം. എന്നാൽ സകാത്തിൻ്റെ അവകാശികൾ നിക്ഷിപ്തമായതിനാലും അവർക്ക് നൽകിയാലേ അത് വീടുകയുള്ളൂ എന്നതിനാലും സകാത്തിൻ്റെ പണം ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാവതല്ല. കാരണം അത് ഇന്നയിന്ന കാര്യങ്ങൾക്കേ ഉപയോഗിക്കാവൂ എന്ന് നമുക്ക് നിബന്ധന പറയാൻ സാധിക്കുകയില്ലല്ലോ. അതുകൊണ്ടു അത്തരം പൊതു ഫണ്ടുകളിലേക്ക് നാം സ്വദഖകൾ നൽകുക. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ. 

അല്ലാഹു അനുഗ്രഹിക്കട്ടെ.. 
_________________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 


അനുബന്ധ ലേഖനം: 

നബി (സ) അനുഭവിച്ച ലോക്ക് ഡൗൺ I വീട്ടിലിരുന്ന് മടുത്തോ എങ്കിലിത് കേൾക്കാതെ പോകരുത് !


നബി (സ) അനുഭവിച്ച ലോക്ക് ഡൗൺ I വീട്ടിലിരുന്ന് മടുത്തോ എങ്കിലിത് കേൾക്കാതെ പോകരുത്.

ഞാനൊരു ഹോമിയോ ഡോക്ടർ ആണ്. എൻ്റെ കൈവശമുള്ള മരുന്നുകളുടെ സകാത്ത് എങ്ങനെ കണക്കാക്കും ?.



ചോദ്യം:
ഹോമിയോപ്പതി ഡോക്ടർ ആയ എനിക്ക് എന്റെ  medicine stock സക്കാത്ത് calculation 
സംബന്ധിച്ചാണ് ചോദിക്കാനുള്ളത്.കച്ചവട വസ്തുക്കളുടെ സക്കാത്ത് calculate ചെയ്യുമ്പോൾ അതിൻ്റെ  റീട്ടെയ്ൽ value ആണ് കണക്കു കൂട്ടേണ്ടത്  എന്ന്  അറിയാൻ കഴിഞ്ഞു.

  ഹോമിയോപ്പതി മരുന്നുകൾ manufacturing company കളിൽ  നിന്നും  വാങ്ങിച്ച് അതേപടി വിൽക്കുന്നവ വളരെ കുറവാണ് മറിച്ച് manufacturing company കളിൽ നിന്നും വാങ്ങിക്കുന്ന വിവിധ മെറ്റീരിയൽ അഥവാ dilution,mother tincture globules , saclac തുടങ്ങിയവ  ഉപയോഗിച്ച് ഡോക്ടേഴ്സ് അല്ലെങ്കിൽ ഫാർമസിസ്റ്റുകൾ അവരുടെ ക്ലിനിക്കുകളിൽ വെച്ച്  ഓരോ രോഗികൾക്കും  ഉള്ള മെഡിസിൻ പ്രത്യേകം തയ്യാറാക്കി ആണ് നൽകാറുള്ളത്.   അങ്ങനെയാവുമ്പോൾ manufacturing company കളിൽ നിന്നും  വാങ്ങിക്കുന്നവയുടെ MRP rate ആണോ കാൽക്കുലേറ്റ് ചെയ്യേണ്ടത്, അതോ അത് വെച്ച് മാക്സിമം ഉണ്ടാക്കാവുന്ന മരുന്നുകളുടെ rate ആണോ ആണോ calculate ചെയ്യേണ്ടത് ?

www.fiqhussunna.com


ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

വില്‌പന വസ്തുവാകയാൽ താങ്കളുടെ കൈവശമുള്ള മേല്പ്പറഞ്ഞ റോ മെറ്റീരിയൽ ആയി ഉപയോഗിക്കുന്ന മരുന്നുകൾക്ക് മാർക്കറ്റിൽ ഏകദേശം എന്ത് വിലവരും അതിൻ്റെ രണ്ടര ശതമാനം സകാത്തായി നൽകിയാൽ മതി. അതിൽ നിന്നും എത്ര മരുന്നുണ്ടാക്കാം എന്നത് വച്ച് കണക്കാക്കേണ്ടതില്ല. 

കച്ചവടവസ്തുക്കളുടെ സകാത്തിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ ലേഖനം റഫർ ചെയ്യുക: 
(കച്ചവടവസ്തുക്കളുടെ സകാത്ത് https://www.fiqhussunna.com/2014/07/blog-post_11.html)

അല്ലാഹു അനുഗ്രഹിക്കട്ടെ.. 
_________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

Thursday, May 7, 2020

P. F തുകക്ക് സകാത്ത് ബാധകമാണോ ?.



ചോദ്യം: ഞാനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. Provident Fund അഥവാ പി. എഫ് എന്ന നിലക്ക് എന്‍റെ ശമ്പളത്തില്‍ നിന്നും പിടിക്കപ്പെടുന്ന സംഖ്യക്ക് സകാത്ത് ബാധകമാണോ ?.


www.fiqhussunna.com 

ഉത്തരം:  

 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛


ആളുകൾക്കിടയിൽ പ്രത്യേകിച്ചും സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ  വളരെയധികം ചർച്ചയുള്ള ഒരു വിഷയം എന്ന നിലക്ക് അല്പം വിശദീകരിച്ചാണ് എഴുതുന്നത്. അതുകൊണ്ട് പൂർണമായും ലേഖനം വായിക്കണം എന്ന് ആദ്യമേ അപേക്ഷിക്കുന്നു. Provident Fund നെപ്പറ്റി പലരും പല അഭിപ്രായമാണ് പറയാറുള്ളത്. ഏതായാലും വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോഴൊക്കെ പലരും പല വിധത്തിലാണ് അതിനെക്കുറിച്ച് പറഞ്ഞുതരുന്നത്. ഒരു വിഷയത്തിൽ മതവിധി പറയണമെങ്കിൽ ആ വിഷയത്തിലുള്ള കൃത്യമായ ധാരണം അനിവാര്യമാണല്ലോ. 

الحكم على الشيء فرع عن تصوره ഒരു കാര്യം കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രമേ അതിൻ്റെ മതവിധി പറയാനാവൂ എന്നത് കർമ്മശാസ്ത്രത്തിലെ ഒരടിസ്ഥാന തത്വമാണ്. 

ഈയടുത്ത് വീണ്ടും ഒരുപാട് ആളുകൾ പി. എഫിനെക്കുറിച്ചുള്ള ചോദ്യം ആവർത്തിച്ചപ്പോൾ, ഉദ്യോഗസ്ഥരിൽ നിന്നും ചോദിച്ച് മനസ്സിലാക്കുന്നതിനപ്പുറം അതിനെക്കുറിച്ച് ആധികാരികമായി പഠിക്കൽ വളരെ അനിവാര്യമാണ് എന്ന് മനസ്സിലാക്കി.  അതിനായി സർക്കാർ വെബ്സൈറ്റിൽ നിന്നുതന്നെ  അതിനെക്കുറിച്ച് വിശദമായി പഠിച്ചു. ഈ ലിങ്കിൽ പോയാൽ നിങ്ങൾക്കും അതിനെക്കുറിച്ച് ആവശ്യമായ എല്ലാ വിവരങ്ങളും ലഭ്യമാണ്: [https://www.agker.cag.gov.in/index.php?option=com_content&task=view&id=41&Itemid=61]. 

എന്താണ് പി. എഫ് ഫണ്ട് ?.


ഒരാളുടെ ശമ്പളത്തിൽനിന്നും ഒരു നിശ്ചിത തുക പി എഫ് ഫണ്ടിലേക്ക് നൽകുന്നു, അയാൾ സർവീസിൽ നിന്നും പിരിയുമ്പോൾ അദ്ദേഹത്തിനോ, അല്ലെങ്കിൽ സർവീസിൽ ഇരിക്കെ മരണപ്പെടുകയാണെങ്കിൽ അയാൾ നിർണയിക്കുന്ന അവകാശികൾക്കോ അതിലെ നിക്ഷേപം തിരികെ ലഭിക്കുന്ന രൂപത്തിൽ ഉള്ള ഒരു ഫണ്ട് ആണത്. 

അതിലേക്ക് നിർബന്ധമായും നൽകേണ്ട വിഹിതം സർക്കാർ നിർണയിച്ചിട്ടുണ്ട്. ഫുൾ ടൈം എംപ്ലോയീസ് 6 % എന്ന തോതിലും, പാർട് ടൈം എംപ്ലോയീസ് 3 % എന്ന തോതിലും തൻ്റെ ശമ്പളത്തിൽ നിന്നും നിർബന്ധമായും പി. എഫിലേക് നൽകണം. ഇനി ഒരാൾ ഉദ്ദേശിക്കുന്നുവെങ്കിൽ തൻ്റെ ശമ്പളത്തിൽ നിന്നും അതിൽക്കൂടുതൽ എത്ര ശതമാനവും പി. എഫിലേക്ക് നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യവും ഒരുദ്യോഗസ്ഥന് ഉണ്ട്. 


അതിൽ നിന്നും പണം പിൻവലിക്കാമോ ?. 

മുകളിൽ സൂചിപ്പിച്ചപോലെ സാധാരണ നിലക്ക് ഒരാൾ സർവീസിൽ നിന്നും പിരിയുമ്പോഴോ, സർവീസിലിരിക്കെ മരണപ്പെടുകയാണ് എങ്കിൽ അദ്ദേഹത്തിൻ്റെ നോമിനികൾക്കോ  ആണ് പി. എഫിലെ നിക്ഷേപം ലഭിക്കുക. മറ്റു സന്ദർഭങ്ങളിലും ആ തുക ലഭിക്കും എന്നാൽ ഒരാൾ സാധാരണ പണം പിൻവലിക്കുന്ന പോലെ അത്ര എളുപ്പമല്ല. തൻ്റെ ആവശ്യം ഉന്നയിച്ചുകൊണ്ട് അപേക്ഷ സമർപ്പിക്കുകയും ആ അപേക്ഷക്ക് ഉത്തരവാദപ്പെട്ട സമിതി അനുമതി നൽകുന്ന പക്ഷം 75% വരെ  അത് തിരിച്ചടക്കുന്ന രൂപത്തിൽ റീഫൻഡബ്ൾ ആയി പിൻവലിക്കാം, ഇനി പത്ത് വർഷം സർവീസ് ഉള്ള വ്യക്തിയാണ് എങ്കിൽ തിരിച്ചടക്കാത്ത രൂപത്തിലും 75% വരെ പക്ഷെ മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട്, ചികിത്സ തുടങ്ങി പരിമിതമായ ആവശ്യങ്ങൾക്കായി അത് പിൻവലിക്കാം. അതുമായി ബന്ധപ്പെട്ട് സർക്കാർ വെബ്സൈറ്റിൽ നൽകിയ വിവരങ്ങളും ഉപാധികളും നിങ്ങളുടെ അറിവിലേക്കായി താഴെ കൊടുക്കുന്നു: 

It may be sanctioned at any time for specified purposes after completion of 10 years of service (including broken periods of service, leave without allowances (LWA), suspension, military and war service which are reckoned for the purpose of pension, pensionable service under Government of India/other State Governments/aided educational institutions if  the PF deposits and interest thereon during the service have been transferred  and credited to the Fund) or within 10 years of the date of retirement.


It may not be sanctioned (i) during the last three months of service (ii) after exercising option under Rule 30 (c) which permits the subscriber to close the account before retirement (iii) after submitting the closure application.


Only one withdrawal may be allowed for the same purpose.


Only one withdrawal may be allowed for the same purpose.


When another withdrawal is sanctioned for the purpose of treatment of the same person within a period of six months of the previous withdrawal, it should be specified in the sanction that the treatment is for the illness on a different occasion


Advances for education can be permitted for each year for different children.


When both husband and wife are subscribers to the Fund, withdrawal can be made for the education, marriage of the same child by both.


When an advance for marriage is sanctioned, the date of marriage is to be specified. (Amount cannot be drawn before three months of the date of marriage).


Advance for  marriage can be allowed for a second or subsequent marriage of son/daughter.


Advance is allowed for the marriage of a female relative dependent of the subscriber if he has no daughter.

Advance for construction of house even permitted for repayment of loan taken for house building from Co-operative Societies or similar agencies.


Advance can be drawn during the period of suspension also.


[Reference: https://www.agker.cag.gov.in/index.php?option=com_content&task=view&id=41&Itemid=61]. 



ഇനി നമുക്ക് അതിൻ്റെ സകാത്തുമായി ബന്ധപ്പെട്ട ചർച്ചയിലേക്ക് വരാം: 

ഇവിടെ പി. എഫിലേക്ക് അടക്കേണ്ട നിർബന്ധമായ വിഹിതം നിശ്ചിത ശതമാനമാണ് എന്ന് പറഞ്ഞുവല്ലോ. അതുകൊണ്ടുതന്നെ ആ നിർബന്ധിത വിഹിതത്തിന് പുറമെ സ്വന്തം ഇഷ്ടപ്രകാരം ഒരു നിക്ഷേപമെന്ന നിലക്ക് ഒരുദ്യോഗസ്ഥൻ പി എഫിലേക്ക് അടക്കുന്ന തുകക്ക് സകാത്ത് ബാധകമാകും. എന്നാൽ നിർബന്ധിതമായി പിടിക്കപ്പെടുന്ന വിഹിതത്തിന് സകാത്ത് ബാധകമാകുകയുമില്ല ഇതാണ് ഈ വിഷയത്തിലെ ശരിയായ അഭിപ്രായമായി മനസ്സിലാകുന്നത്. 

പി. എഫ് തുക ഒരാൾക്ക് ഒരർത്ഥത്തിലും പിരിയുന്ന സമയത്തല്ലാതെ ഒരാൾക്ക് തിരികെ കിട്ടുകയില്ല എന്ന നിലക്കുള്ള ഫണ്ടായിരുന്നുവെങ്കിൽ, ഇഷ്ടപ്രകാരമാകട്ടെ, നിർബന്ധിതമായിട്ടാകട്ടെ രണ്ട് രൂപത്തിലായാലും അതിലേക്ക് നൽകുന്ന തുകക്ക് സകാത്ത് ബാധകമാകുകയില്ല എന്ന് നമുക്ക് നിഷ്പ്രയാസം പറയാമായിരുന്നു.  എന്നാൽ അപ്രകാരമല്ല, തൻ്റെ ആവശ്യങ്ങൾ മുൻനിർത്തി ഉത്തരവാദപ്പെട്ട സമിതി അംഗീകരിക്കുന്നത് പ്രകാരം റീഫൻഡബ്ൾ ആയും,  ഉപാധികളോടെ നിർണിതമായ ആവശ്യങ്ങൾക്ക് 75% ശതമാനം വരെ നോൺ റീഫൻഡബ്ൾ ആയും ഒരാൾക്ക് പിൻവലിക്കാൻ സാധിക്കുന്നതാകയാൽ, അതിലേക്ക് സ്വന്തം ഇഷ്ടപ്രകാരം നൽകുന്ന തുകക്ക് സകാത്ത് നൽകണം. 

ഒരു ഫുൾടൈം ഉദ്യോഗസ്ഥന് തൻ്റെ ബേസിക് സാലറിയുടെ 6% ആണ് പി. എഫിലേക്ക് നിർബന്ധമായും നൽകേണ്ട മിനിമം തുക. പാർട് ടൈം എംപ്ലോയിയാണ് എങ്കിൽ 3% : The amount of subscription is fixed by the subscriber himself. However, it cannot be less than 6% of the basic pay and not more than the basic pay in the case of full-time employees and it can not be less than 3% of the emoluments and not more than the emoluments in the case of part-time contingent employees.     [Reference: https://www.agker.cag.gov.in/index.php?option=com_content&task=view&id=41&Itemid=61]. 


ഈ തുക നിർബന്ധമായും തൻ്റെ കയ്യിൽ നിന്നും പിടിച്ചുവെക്കപ്പെടുന്ന തുകയാകയാലും പരിമിതമായ രൂപത്തിൽ ഉപാധികളോടെയല്ലാതെ അത് പിൻവലിക്കാൻ സാധിക്കാത്തതിനാലും ഈ തുകക്ക് സകാത്ത് ബാധകമല്ല. മാത്രമല്ല പല സഹോദരങ്ങൾക്കും അവരുടെ കയ്യിൽ നിന്നും നിർബന്ധപൂർവ്വം പിടിച്ചുവെക്കപ്പെടുന്ന ഈ തുകയുടെ സകാത്ത് എല്ലാ വർഷവും നൽകുക എന്നത് വളരെ പ്രയാസകരമായ പലപ്പോഴും സാധിക്കാത്ത ഒരു കാര്യവുമാണ്. 


എന്നാൽ സ്വന്തം ഇഷ്ടപ്രകാരം അതിലേക്ക് നിക്ഷേപിക്കുമ്പോൾ പരിമിതമായ അർത്ഥത്തിലാണെങ്കിലും പിൻവലിക്കാൻ സാധിക്കുന്ന നിക്ഷേപമാണ് എന്നത് കണക്കിലെടുത്ത് കൊണ്ട് അതിന് സകാത്ത് ബാധകമാണ് എന്ന് മനസ്സിലാക്കുകയും ചെയ്യാം. അതിനാൽ പി. എഫിലേക്ക് നിർബന്ധിതമായി നൽകേണ്ട തുകയുടെ അനുപാതത്തിൽ കൂടുതൽ നിക്ഷേപിക്കുന്നവർ ആ അനുപാതമനുസരിച്ചുള്ള തുകക്ക് എല്ലാ വർഷവും സകാത്ത് കൊടുക്കണം. 


അതുപോലെ പി. എഫ് അക്കൗണ്ടിൽ അതിലുള്ള തുകയുടെ തോതനുസരിച്ച് പലിശ വരുന്നുണ്ട്. ആ പലിശയുടെ തുകക്ക് നാം സകാത്ത് നൽകേണ്ടതില്ല. മറിച്ച്  ആ തുക നാം പാവപ്പെട്ടവർക്ക് നൽകിക്കൊണ്ട് ഒഴിവാക്കുക, അഥവാ تخلص ചെയ്യുകയാണ് ചെയ്യണ്ടത്. ആ വിഷയവുമായി ബന്ധപ്പെട്ട ലേഖനം ഈ ലിങ്കിൽ വായിക്കാം: (അക്കൌണ്ടില്‍ വരുന്ന പലിശ എങ്ങനെ നീക്കം ചെയ്യാം. ഹറാമായ ധനം ഒഴിവാക്കേണ്ടതെങ്ങനെ.

https://www.fiqhussunna.com/2017/04/blog-post_7.html ). 

ഇതാണ് പി. എഫുമായി ബന്ധപ്പെട്ട വിഷയത്തിൽ പഠനവിധേയമാക്കിയ ശേഷം ഏറ്റവും ശരിയായ നിലപാടായി മനസ്സിലാക്കാൻ സാധിക്കുന്നത്. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ ..

✍️അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Sunday, May 3, 2020

സ്ത്രീകൾക്ക് പുരുഷന് ഇമാമായി നിൽക്കാമോ, കൂടുതൽ ഖുർആൻ പാരായണം അറിയുന്നത് സ്ത്രീക്കാണെങ്കിലോ ?.


ചോദ്യം: വീട്ടിൽ നിന്ന് ജമാഅത്തായി നമസ്കരിക്കുന്ന സമയത്തു ആണുങ്ങൾ തന്നെ  ഇമാം ആയി നിൽക്കണമെന്ന് നിർബന്ധമുണ്ടോ? ഖുർആൻ കൂടുതൽ അറിയുന്ന ആൾ ഇമാം ആവുന്നതാണോ നല്ലത് ?. 

www.fiqhussunna.com 

ഉത്തരം: 


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

നമസ്കരിക്കാനുള്ളവർ സ്ത്രീകൾ മാത്രമാണ് എങ്കിലേ സ്ത്രീകൾക്ക് ഇമാമത്ത് നിൽക്കാവൂ. നബി (സ) യോ സ്വഹാബത്തോ ആരും തന്നെ സ്ത്രീകൾ പുരുഷന്മാർക്ക് ഇമാമായി നിന്ന് നമസ്കരിക്കുന്ന രീതി പഠിപ്പിച്ചിട്ടില്ല എന്ന് മാത്രമല്ല,  ആദ്യം പുരുഷന്മാരും പിന്നെ കുട്ടികളും പിന്നെ സ്ത്രീകളും എന്ന നിലക്കാണ് സ്വഫ് പോലും നിൽക്കാൻ പഠിപ്പിച്ചത്.

ആഇശ (റ) ക്ക് തൻ്റെ ഭ്രിത്യനായിരുന്ന ദക്'വാൻ ആയിരുന്നു ഇമാമത്ത് നിന്നിരുന്നത് എന്ന് ഹദീസുകളിൽ കാണാം. മാത്രമല്ല ദക്'വാൻ നോക്കിയാണ് ഓതിയിരുന്നത് എന്നും കാണാം. ഇവിടെ കൂടുതൽ വിശുദ്ധഖുർആൻ അറിയാവുന്ന അങ്ങേയറ്റം അറിവും വിജ്ഞാനവും ഉള്ള പണ്ഡിതയായ ആഇശ (റ) ഉണ്ടായിട്ടും അവർ ദക്'വാന് ഇമാമായി നിന്ന് നമസ്കരിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

വൃദ്ധയായ വല്യുമ്മ നബി (സ) യോടൊപ്പം നമസ്കരിച്ചപ്പോൾ പോലും അവർ പിന്നിലാണ് സ്വഫ് നിന്നത്. അനസ് ബ്ൻ മാലിക് (റ) നിവേദനം: 

عَنْ أَنَسِ بْنِ مَالِكٍ أَنَّه صلى خلف الرسول صلى الله عليه وسلم ومعه جدته ويتيم ، فقال : ( فَصَفَفْتُ أَنَا وَالْيَتِيمُ وَرَاءَهُ ، وَالْعَجُوزُ مِنْ وَرَائِنَا ) .

അനസ് ബ്ൻ മാലിക് (റ) നിവേദനം: അദ്ദേഹം നബി (സ) യോടൊപ്പം അദ്ദേഹത്തിൻ്റെ  വല്യുമ്മയും ഒരു യതീമും ഉൾപ്പടെ നമസ്കരിച്ചപ്പോൾ ഇപ്രകാരം ചെയ്തതായി അദ്ദേഹംപറയുന്നു : "ഞാനും യതീമും നബി (സ) ക്ക് പിന്നിലായി നിന്നു. വൃദ്ധ ഞങ്ങൾക്ക് പിന്നിലായും നിന്നു". - [സ്വഹീഹ് മുസ്‌ലിം: 658].

അതുകൊണ്ട് സ്ത്രീപുരുഷന്മാർ ഉൾപ്പടെ നമസ്കരിക്കുമ്പോൾ പുരുഷന്മാർ ഇമാമത്ത് നിൽക്കുക എന്നതാണ് നബി (സ) പഠിപ്പിച്ചിട്ടുള്ള ചര്യ.

ഇനി സ്ത്രീകൾ മാത്രമായി ജമാഅത്തായി നമസ്കരിക്കുമ്പോൾ സ്വഫിൻ്റെ മുന്നിലല്ല മറിച്ച് മധ്യത്തിലാണ് ഇമാമത്ത് നിൽക്കുന്ന സ്ത്രീ നിൽക്കേണ്ടത്. കാരണം ആഇശ (റ) യും ഉമ്മുസലമഃ (റ) സ്ത്രീകൾക്ക് ഇമാമായി നിൽക്കുമ്പോൾ അപ്രകാരമായിരുന്നു നിൽക്കാറുണ്ടായിരുന്നത് എന്ന് സ്വീകാര്യയോഗ്യമായ രൂപത്തിൽ  വന്നിട്ടുണ്ട്. - [مصنف علبد الرزاق:  3/ 141 ، سنن الدارقطني: 1/ 404 ]. 

അല്ലാഹു അനുഗ്രഹിക്കട്ടെ 

അബ്ദുറഹ്മാൻ അബ്ദുല്തത്തീഫ്  പി. എൻ 
 _________________________________________

Follow Fiqhussunna on Facebook: https://www.facebook.com/fiqhusunna/


Subscribe Fiqhussunna TV on YouTube:   https://www.youtube.com/channel/UCwq7He3Ulzukp5LXwzbWGfw

കഴിഞ്ഞ റമദാനിൽ സകാത്ത് കൊടുത്തു, ഈ റമദാൻ വരുന്നതിന് മുൻപ് ഒരു ഭൂമി വാങ്ങി അതിന് സകാത്ത് ബാധകമാണോ ?.



ചോദ്യം: ഞാൻ കഴിഞ്ഞ  റമദാനിൽ  സകാത്  കൊടുത്തതിനു ശേഷം  നവംബർ  മാസം  വീടിനടുത്തു  ഒരു സ്ഥലം  വാങ്ങിച്ചു.  വില്കുവാനുള്ള  ഉദ്ദേശത്തിലല്ല  വാങ്ങിച്ചത്. ഈ  സ്‌ഥലം വാങ്ങിയ  പണത്തിനു സകാത്ത് കൊടുക്കേണ്ടതുണ്ടോ?

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

കഴിഞ്ഞ റമദാനിൽ താങ്കളുടെ കൈവശമുള്ള പണത്തിൻ്റെ സകാത്ത് കണക്കുകൂട്ടി കൊടുത്താൽ പിന്നെ ഈ വർഷത്തെ റമദാനിൽ ആണ് താങ്കൾ വീണ്ടും സകാത്ത് നൽകാൻ ബാധ്യസ്ഥനാകുന്നത്.

ഒരു വർഷത്തെ സകാത്ത് കണക്കുകൂട്ടി കൊടുത്ത ശേഷം അടുത്ത വർഷം കണക്കുകൂട്ടേണ്ട തിയ്യതി വരുന്നതിനുമുൻപായി ചിലവായിപ്പോകുകയോ, വില്‌പന ഉദ്ദേശിക്കാത്ത ഭൂമി പോലെ സകാത്ത് ബാധകമല്ലാത്ത ഇനങ്ങളായി ആ പണം മാറുകയോ ചെയ്‌താൽ ഈ വർഷം സകാത്ത് കണക്കുകൂട്ടുമ്പോൾ സ്വാഭാവികമായും ആ പണം കണക്കിൽ ഉൾപ്പെടുകയില്ല. വില്‌പനക്കുള്ള ഉദ്ദേശത്തോടെയല്ലാതെ താങ്കൾ വാങ്ങിയ ഭൂമിക്ക് സകാത്ത് ബാധകമല്ല. ഇനി ഒരാൾ വില്പനക്ക് ഉദ്ദേശിച്ചായിരുന്നു വാങ്ങിയത് എങ്കിൽ ഈ വർഷം സകാത്ത് കൂട്ടുന്ന സമയത്ത് അതിൻ്റെ മാർക്കറ്റ് വില എത്രയാണോ അതുകൂടി കൂട്ടിക്കൊണ്ടാണ് തൻ്റെ കൈവശമുള്ള ധനത്തിൻ്റെ സകാത്ത് കണക്കാക്കേണ്ടത്. 

എങ്ങനെയാണ് സകാത്ത് കണക്കുകൂട്ടേണ്ടത് എന്ന് മനസ്സിലാക്കാൻ ഈ വീഡിയോ കാണൂ: 


ഈ ലിങ്കിൽ വായിക്കുകയും ചെയ്യാം: https://www.fiqhussunna.com/2019/05/blog-post_7.html

എന്നാൽ ഭൂമി ഉപയോഗശൂന്യമാക്കിയിടൽ, പ്രത്യേകിച്ചും കൃഷിഭൂമിയാണ് എങ്കിൽ  ഒരിക്കലും ഒരു വിശ്വാസിക്ക് പാടില്ലാത്തതാണ് എന്ന് സാന്ദർഭികമായി സൂചിപ്പിക്കുന്നു.
___________________________


📝അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ



അനുബന്ധ ലേഖനങ്ങൾ: 

1- 
ഭൂമിയുടെ (സ്ഥലത്തിന്റെ) സകാത്ത് :
2- വിൽക്കണോ, വിൽക്കണ്ടേ എന്ന് സംശയത്തിലുള്ള ഭൂമിക്ക് സകാത്ത് കൊടുക്കണോ ?.
__________________________________________________________________

പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ.. 
Follow Fiqhussunna on Facebook: https://www.facebook.com/fiqhusunna/
Subscribe Fiqhussunna TV on YouTube:   https://www.youtube.com/channel/UCwq7He3Ulzukp5LXwzbWGfw

ഭാര്യയുടെ സ്വർണ്ണത്തോടൊപ്പം മകളുടെ സ്വർണ്ണവും ചേർത്ത് സകാത്ത് കണക്കാക്കണോ ?


ചോദ്യം:  ഭാര്യയുടെ സ്വർണം 85 ഗ്രാമിൽ അധികമുണ്ട്. ചെറിയ പെൺമക്കളുടെ സ്വർണം കൂടി ചേർത്ത് മൊത്തം സ്വർണത്തിൻ്റെ കണക്കാക്കി അല്ലേ സക്കാത്ത് കൊടുക്കേണ്ടത് ? 
മക്കളുടെ സ്വർണം 85 ഗ്രാമില്ലാത്തത് കൊണ്ട് അത് ഒഴിവാക്കി ഭാര്യയുടെ മാത്രം കൂട്ടിയാൽ മതി എന്ന് ഒരാൾ പറഞ്ഞു. ഒന്ന് വിശദീകരിക്കാമോ ?

www.fiqhussunna.com 


ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد

സകാത്ത് ഓരോ വ്യക്തിയുടെയും ധനത്തിലാണ് ബാധകമാകുന്നത്. ഒരു കുടുംബത്തിൻ്റെ മൊത്തം ധനത്തിൽ എന്ന അർത്ഥത്തിലല്ല. അതുകൊണ്ടുതന്നെ ഭാര്യയുടെ സ്വർണ്ണം വേറെയും, മകളുടെ സ്വർണ്ണം വേറെയുമായി പരിഗണിച്ചാൽ മതി. ഇനി മകളുടെ കൈവശമുള്ള ആഭരണങ്ങളും ഉമ്മയുടേതാണ്, മകൾക്ക് ധരിക്കാൻ കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിൽ അവിടെ ഉമ്മ തൻ്റെ സ്വർണ്ണത്തോടൊപ്പം ആ സ്വർണ്ണവും കൂട്ടി സകാത്ത് കണക്കാക്കണം.

ഈ വിഷയത്തിൽ മുൻപ് നാം  ഫിഖ്‌ഹുസ്സുന്നയിൽ എഴുതിയിട്ടുണ്ട്. ആ ലേഖനം വായിക്കാൻ ഈ ലിങ്കിൽ പോകുക: 


അല്ലാഹു അനുഗ്രഹിക്കട്ടെ..
_______________________________

അബ്ദുറഹ്മാൻ അബ്ദുല്തത്തീഫ്  പി. എൻ 




Follow Fiqhussunna on Facebook: https://www.facebook.com/fiqhusunna/
Subscribe Fiqhussunna TV on YouTube:   https://www.youtube.com/channel/UCwq7He3Ulzukp5LXwzbWGfw

Saturday, May 2, 2020

കടം തിരികെ തരാനുള്ളയാൾക്ക് അത് സകാത്താക്കി കണക്കാക്കിക്കൊണ്ട് വിട്ടുകൊടുക്കാൻ പറ്റുമോ ?.



ചോദ്യം: എൻ്റെ ശമ്പളത്തിൻ്റെ  സകാത് കണക്കു കൂട്ടിയപ്പോൾ 50,000 രൂപ സകാത് കൊടുക്കണം എന്നാണു കിട്ടിയത് , അപ്പോൾ ഞാൻ ഈ കൊടുക്കാനുള്ള സകാത് എനിക്ക് ഒരു സഹോദരനിൽ നിന്ന് ഒരു ലക്ഷം രൂപയോളം കടമായി തിരികെ കിട്ടാനുണ്ട് , അപ്പോൾ അദ്ദേഹത്തിന് 50,000 രൂപ സകാത് ഇനത്തിൽ നിന്ന് കിഴിച്ചു ഒഴിവാക്കി കൊടുക്കാമോ..


www.fiqhussunna.com 


ഉത്തരം: 



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

നമ്മുടെ കയ്യിൽ നിന്നും കടം വാങ്ങിയ ഒരു വ്യക്തിക്ക് ആ പണം അല്ലെങ്കിൽ അതിലൊരു ഭാഗം സകാത്തായി കണക്കാക്കിക്കൊണ്ട് ഇളവ് ചെയ്തുകൊടുക്കാൻ പറ്റുമോ എന്നതാണ് താങ്കളുടെ ചോദ്യം. അങ്ങനെ ചെയ്യാൻ പറ്റില്ല. അവിടെ നമുക്ക് അയാളിൽ നിന്നും കിട്ടാനുള്ള പണം തിരികെ ലഭിക്കാനുള്ള ഉപാധിയായ നാം നിർബന്ധമായും നൽകേണ്ട സകാത്തിനെ നാം ഉപയോഗിക്കുകയാണ് ചെയ്യുന്നത്. 

സകാത്ത് എന്നത് നമ്മുടെ ധനത്തിൽ നിന്നും നാം നൽകാൻ ബാധ്യസ്ഥരായിട്ടുള്ള ഒരു ദരിദ്രൻ്റെ അവകാശമാണ്. അയാൾ ആ പണം നമുക്ക് തിരികെ നൽകിയാലും നൽകിയില്ലെങ്കിലും നാം നിർവഹിക്കേണ്ടതായ നിർബന്ധ ദാനധർമ്മം. അതുകൊണ്ടുതന്നെ കിട്ടാനുള്ള കടം തിരിച്ചുപിടിക്കാൻ ഒരുപാധിയായി അത് വിനിയോഗിക്കാൻ പാടില്ല.

ശൈഖ് ഇബ്നു ബാസ് (റ) ഇതുസംബന്ധിച്ച് പറയുന്നു:

لا يجوز إسقاط الدين عن أحد من الناس بنية الزكاة، ولكن يجب إنظار المعسر، وإن أعطيته من زكاتك لحاجته فلا بأس، أما الدين فلا يجوز إسقاطه عن الزكاة عن أخيك ولا عن غيره؛ لأن الزكاة بذل للمال لمستحقه، وليست إبراء من الديون.

"സകാത്തായി കണക്കാക്കിക്കൊണ്ട് കടം വിട്ടുകൊടുക്കാവതല്ല. നാം കടം നൽകിയ വ്യക്തി തിരികെ നൽകാൻ സാധിക്കാത്ത വ്യക്തിയാണ് എങ്കിൽ അയാൾക്ക് നിർബന്ധമായും സാവകാശം നൽകുകയാണ് വേണ്ടത്. അയാൾ പ്രയാസത്തിലാണ് എന്നതിനാൽ അയാളുടെ ആവശ്യങ്ങൾക്കായി നിന്റെ സകാത്തിൽ നിന്നും നല്കുന്നുവെങ്കിൽ  എന്നാൽ തൻ്റെ സഹോദരനാകട്ടെ മറ്റേത് വ്യക്തിയാകട്ടെ സകാത്തിന് പകരമായി പരിഗണിച്ചുകൊണ്ട് കടം ഒഴിവാക്കിക്കൊടുത്താൽ അത് സാധുവാകുകയില്ല. കാരണം സകാത്ത് (നമ്മുടെ ധനത്തിൽ നിർബന്ധമായിത്തീർന്ന വിഹിതം നൽകുന്ന പ്രക്രിയയാണ്. കടം ഒഴിവാക്കിക്കൊടുക്കുന്ന പ്രക്രിയയല്ല".  - [https://binbaz.org.sa/fatwas/6568/حكم-اسقاط-الدين-بنية-الزكاة].

ഇതേകാര്യം ശൈഖ് ഇബ്നു ഉസൈമീൻ (റ) വ്യക്തമാക്കുന്നു. ഈ വീഡിയോ പരിശോധിക്കുക:



അല്ലാഹു അനുഗ്രഹിക്കട്ടെ ...
____________________________


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി.എൻ