Saturday, July 30, 2022

ചോദ്യം: കോളേജിൽ സീറ്റ്‌ ആക്കി കൊടുത്താൽ കമ്മീഷൻ വാങ്ങുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്?




ചോദ്യം: കോളേജിൽ സീറ്റ്‌ ആക്കി കൊടുത്താൽ കമ്മീഷൻ വാങ്ങുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്? 

www.fiqhussunna.com 

ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

അയാൾക്ക് ഉണ്ടാകുന്ന ചിലവുകൾക്കോ , ഫിസിക്കലി അയാൾ ചെയ്യേണ്ടി വരുന്ന വർക്കുകൾക്കോ, പേപ്പർ വർക്കുകൾക്കോ മാന്യമായ പ്രതിഫലം വാങ്ങാം. കാൻസൽട്ടന്റ് മാരും ഏജന്റ് മാരും ഒക്കെ ചെയ്യുന്നത് പോലെ കുട്ടികൾക്ക് പുറത്ത് പഠിക്കാനും മറ്റുമുള്ള അവസരങ്ങൾ കണ്ടെത്തി കൊടുക്കുക, അതിന് ആവശ്യമായ സർവീസുകൾ നൽകുക, അതിന് വേണ്ട പേപ്പർ വർക്കുകൾ ചെയ്യുക, ഇന്റർവ്യൂ നടത്തുക, കമ്പനികൾക്ക് ആവശ്യമായ ഉദ്യോഗർത്തികളെ കണ്ടെത്തി നൽകുക തുടങ്ങിയവക്ക് മാന്യമായ പ്രതിഫലം ഈടാക്കാം. 

എന്നാൽ തന്റെ സ്വാധീനവും വ്യക്തിപ്രഭാവവും ഉപയോഗിച്ച് ഒരാളെ റെകമന്റ് ചെയ്യുന്നതിന് ഒരിക്കലും പണം കൈപ്പറ്റാവതല്ല. അപ്രകാരം തന്റെ സ്വാധീനവും പേരും ഉപയോഗിച്ച് മറ്റൊരാളെ റെകമെന്റ് ചെയ്യുന്നതിനോ, പഠനത്തിനോ, ജോലിക്കോ ഒക്കെ ചാൻസ് ഉണ്ടാക്കി കൊടുക്കുന്നതിനോ  ശുപാർശ ചെയ്യുന്നതിനോ പണം കൈപ്പറ്റൽ പലിശയുടെ ഗുരുതരമായ ഇനങ്ങളിൽ ഒന്നായാണ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്.

عن أَبِي أُمَامَةَ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ( مَنْ شَفَعَ لأَخِيهِ بِشَفَاعَةٍ فَأَهْدَى لَهُ هَدِيَّةً عَلَيْهَا فَقَبِلَهَا فَقَدْ أَتَى بَابًا عَظِيمًا مِنْ أَبْوَابِ الرِّبَا ) رواه أبوداود ( 3541 ) ، وحسنه الألباني في " سلسلة الأحاديث الصحيحة " ( 7 / 1371 )

അബൂ ഉമാമ (റ) നിവേദനം: നബി (സ) പറഞ്ഞു : " ആരെങ്കിലും തന്റെ സഹോദരന് വേണ്ടി ഒരു ശുപാർശ പറയുക വഴി, അക്കാരണത്താൽ അവന് നല്കപ്പെട്ട ഒരു സമ്മാനം അവൻ സ്വീകരിക്കുകയും ചെയ്‌താൽ, അവൻ പലിശയിൽ പെട്ട ഏറെ ഗുരുതരമായ ഒരു കവാടത്തിൽ പ്രവേശിച്ചിരിക്കുന്നു". - [ അബൂ ദാവൂദ് : 3541, അൽബാനി : സ്വഹീഹ് ].

അഥവാ ഒരാൾക്ക് തന്റെ വ്യക്തിത്വത്താൽ ലഭിക്കുന്ന സ്ഥാനം കൊണ്ടോ, സ്വാധീനം കൊണ്ടോ മറ്റൊരാൾക്ക് വേണ്ടി ശുപാർശ പറയുന്നതിന് അയാൾ പ്രതിഫലം സ്വീകരിക്കാൻ പാടില്ല. മാത്രമല്ല അപ്രകാരം പണം വാങ്ങിയാണ് ശുപാർശ ചെയ്യുന്നത് എന്നറിഞ്ഞാൽ സത്യത്തിൽ ആ ശുപാർശ ആരും സ്വീകരിക്കാനും ഇടയില്ല. അങ്ങനെ ശുപാർശക്ക് പണമോ സമ്മാനമോ കൈപ്പറ്റൽ പലിശയിലെ തന്നെ ഗുരുതരമായ ഇനവും അങ്ങേയറ്റം നിഷിദ്ധമായ കാര്യവുമാണ്. 

അതുകൊണ്ടുതന്നെ ഒരാൾക്ക് ഒരു സർവീസ് നൽകി, ആ സർവീസ് ആവശ്യമുള്ളവർ തന്നെ സമീപിച്ച്, അവർക്ക് അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളും പരിശ്രമങ്ങളും പേപ്പർ വർക്കുകളും എല്ലാം ചെയ്തുകൊടുത്ത് തന്റെ പ്രയത്നത്തിനുള്ള പ്രതിഫലം ഒരാൾ കൈപ്പറ്റുന്നതും, തന്റെ സ്വാധീനത്താലും വ്യക്തിപ്രഭാവത്താലും ഒരാളെ ശുപാർശ ചെയ്യുന്നതിന് പണവും സമ്മാനങ്ങളും കൈപ്പറ്റുന്നതും രണ്ടും രണ്ടാണ്. ഒന്ന് അനുവദനീയവും മറ്റൊന്ന് നിഷിദ്ധവും ആണ്..

والله تعالى أعلم وصلى الله وسلم على نبينا محمد.
__________________

✍🏽 Abdu Rahman Abdul Latheef

Saturday, July 16, 2022

ഉള്‌ഹിയ്യത്ത് മാംസം എങ്ങനെയാണ് വീതം വെക്കേണ്ടത് ?.

ചോദ്യം : ഉള്‌ഹിയ്യത്ത് മാംസം എങ്ങനെയാണ് വീതം വെക്കേണ്ടത് ?.

www.fiqhussunna.com

ഉത്തരം :
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد ؛
വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ടത് പോലെ അതിൽ നിന്നും നമുക്ക് ഭക്ഷിക്കുകയും പാവപ്പെട്ടവർക്ക് നൽകുകയും ചെയ്യാം...
മൂന്നായി വിഭജിക്കുകയും മൂന്നിലൊന്ന് താൻ എടുക്കുകയും, മൂന്നിലൊന്ന് ഹദിയ നൽകുകയും, മൂന്നിലൊന്ന് ദാനം ചെയ്യുകയും ചെയ്യലാണ് കൂടുതൽ ഉചിതം. ഇനി ഒരാൾ അതിൽ കൂടുതൽ ദാനം ചെയ്യുകയോ, അതുപോലെ തനിക്ക് ആവശ്യമുള്ളത് എടുക്കുകയോ ചെയ്താലും, പൂർണമായും വിതരണം ചെയ്യുകയോ ചെയ്താലും അതിൽ തെറ്റില്ല. എന്നാൽ താൻ ബലിയറുത്ത മൃഗത്തിന്റെ മാംസത്തിൽ നിന്നും അല്പമെങ്കിലും ഭക്ഷിക്കൽ സുന്നത്തുമാണ്.
മുകളിൽ സൂചിപ്പിച്ച പോലെ തന്റെ ഉള്ഹിയത്തിന്റെ മാംസം മൂന്നായി തിരിച്ച് ഒരു വിഹിതം പാവപെട്ടവർക്കും, ഒരു വിഹിതം തനിക്കും, ഒന്ന് തന്റെ ഇഷ്ടപ്പെട്ടവർക്ക് ഹദിയ ആയും നൽകുന്നതാണ് ഏറ്റവും ഉചിതം എന്ന് ഫുഖഹാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതാണ്‌ ഏറ്റവും ശ്രേഷ്ഠമായ രൂപം എന്ന് മനസ്സിലാക്കാം. ഇബ്നു അബ്ബാസ് (റ), ഇബ്നു ഉമർ (റ) തുടങ്ങിയ സ്വഹാബാ പ്രമുഖരിൽ നിന്നും അപ്രകാരം ഉദ്ദരിക്കപ്പെട്ടിട്ടുമുണ്ട്. ഇമാം അഹ്മദ് ഇബ്നു അബ്ബാസ് (റ) വിൽ നിന്നും ഉദ്ദരിച്ച റിപ്പോർട്ടിൽ ഇപ്രകാരം കാണാം:

عن عبد الله ابن عباس رضي الله عنهما (يأكل هو الثلث ويطعم من أراد الثلث ويتصدق على المساكين بالثلث )

"മൂന്നിലൊന്ന് അവൻ ഭക്ഷിച്ചു കൊള്ളട്ടെ, മൂന്നിലൊന്ന് അവൻ ഉദ്ദേശിച്ചവരെയും ഭക്ഷിപ്പിച്ച് കൊള്ളട്ടെ, മൂന്നിലൊന്ന് മിസ്കീനുകൾക്ക് ദാനമായും നൽകണം". - [رواه أحمد]
അല്ലാഹു അനുഗ്രഹിക്കട്ടെ....
_____________________
✍🏽 Abdu Rahman Abdul Latheef

Wednesday, July 13, 2022

ഹാജിമാർ ജിദ്ദയിലേക്കോ, ത്വാഇഫിലേക്കോ ഒക്കെ തങ്ങളുടെ ബന്ധുക്കളെ കാണാനോ മറ്റോ പോകുകയാണ് എങ്കിൽ അവർ വിദാഇന്റെ ത്വവാഫ് ചെയ്യേണ്ടതുണ്ടോ?

ചോദ്യം: നാട്ടിൽ നിന്നും വന്ന ഹാജിമാർ നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് ജിദ്ദയിലേക്കോ, ത്വാഇഫിലേക്കോ ഒക്കെ തങ്ങളുടെ ബന്ധുക്കളെ കാണാനോ മറ്റോ പോകുകയാണ് എങ്കിൽ അവർ വിദാഇന്റെ ത്വവാഫ് ചെയ്യേണ്ടതുണ്ടോ?, പ്രത്യേകിച്ചും മക്കത്തേക്ക് തന്നെ വരാൻ ഉദ്ദേശിക്കുന്ന സാഹചര്യത്തിൽ?

ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

വിദാഇന്റെ ത്വവാഫ് ഹാജിമാർക്ക് നിർബന്ധമാണ് എന്ന് നമുക്ക് അറിയാമല്ലോ. അതുകൊണ്ടുതന്നെ ജിദ്ദക്കാരോ ത്വാഇഫ് കാരോ, മക്കയിലേക്ക് തിരികെ മടങ്ങാൻ ഉദ്ദേശം ഇല്ലാത്തവരോ അവിടേക്ക് മടങ്ങുമ്പോൾ വിദാഇന്റെ നിർവഹിച്ച് മാത്രമേ അവർക്ക് അവിടേക്ക് പോകാവൂ..

ഇനി നമ്മുടെ നാട്ടിൽ നിന്നും പോകുന്നവരോ, മറ്റു നാടുകളിൽ നിന്നും വന്നവരോ ഒക്കെ മക്കയിലേക്ക് തന്നെ തിരികെ വരും എന്ന ഉദ്ദേശത്തോടെ ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ തുടങ്ങി മക്കയുടെ പുറത്തേക്ക് സന്ദർശനത്തിന് വേണ്ടി പോകുകയാണ് എങ്കിൽ അവർ വിദാഇന്റെ ത്വവാഫ് ചെയ്ത് പോകണോ, അതോ തിരികെ വന്ന ശേഷം നാട്ടിലേക്ക് പോകുന്നതിന് മുൻപ് വിദാഇന്റെ ത്വവാഫ് ചെയ്‌താൽ മതിയോ...?

കൂടുതൽ സൂക്ഷ്മത ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ എവിടേക്കുമാകട്ടെ അവർ മക്കയിൽ നിന്നും പുറത്ത് പോകുമ്പോൾ തന്നെ വിദാഇന്റെ ത്വവാഫ് ചെയ്തുകൊണ്ട് പുറത്ത് പോകുക എന്നതാണ്.

നബി (സ) പറഞ്ഞു:

«لَا يَنْفِرَنَّ أَحَدٌ حَتَّى يَكُونَ آخِرُ عَهْدِهِ بِالبَيْتِ»

"തന്റെ അവസാന ബന്ധം കഅബാലയവുമായിരിക്കെയല്ലാതെ (വിദാഇന്റെ ത്വവാഫ് നിർവഹിച്ചിട്ടല്ലാതെ) ഒരാളും ഹജ്ജിൽ നിന്നും പിരിഞ്ഞു പോകരുത് " - [സ്വഹീഹ് മുസ്‌ലിം].

ഈ ഹദീസിൽ ഇന്ന സ്ഥലത്തേക്ക് പോകുമ്പോൾ എന്ന് പരാമർശമില്ല. ഹജ്ജ് നിർവഹിച്ച് മക്കത്ത് നിന്നും പിരിഞ്ഞു പോകുമ്പോൾ എന്നെ അർത്ഥമുള്ളൂ. അതുകൊണ്ടുതന്നെ മക്കയിൽ നിന്നും എവിടേക്ക് പുറത്ത് പോകുകയാണ് എങ്കിലും നിർബന്ധമായ വിദാഇന്റെ ത്വവാഫ് (അഥവാ ഹജ്ജിന്റെ ഭാഗമായുള്ള വിദാഇന്റെ ത്വവാഫ്) നിർവഹിച്ച ശേഷം മാത്രം മക്കത്ത് നിന്നും പുറത്ത് പോകുന്നതാണ് ഉചിതം.

അങ്ങനെ ഹജ്ജിന്റെ ഭാഗമായ വിദാഇന്റെ ത്വവാഫ് നിർവഹിച്ച് കഴിഞ്ഞവർക്ക് പിന്നീട് അവർ മക്കത്തേക്ക് തന്നെ മടങ്ങി വന്നാലും , അവിടെ നിന്നും നാട്ടിലേക്ക് മടങ്ങുന്ന വേളയിൽ വീണ്ടും സുന്നത്തായ വിദാഇന്റെ ത്വവാഫ് നിർവഹിക്കുകയുമാകാം. ആ നിലക്ക് എല്ലാ ആശയക്കുഴപ്പങ്ങളിൽ നിന്നും പുറം കടക്കാനും അതുവഴി സാധിക്കുന്നു.

ശൈഖ് ഇബ്നു ബാസ് (റ) ഈ വിഷയത്തെ സംബന്ധിച്ച് പറയുന്നു:

وأما من خرج إليها لحاجة وقصده الرجوع إلى مكة؛ لأنها محل إقامته أيام الحج، فهذا فيه نظر وشبهة، والأقرب أنه لا ينبغي له الخروج إلا بوداع عملًا بعموم الحديث المذكور، ويكفيه هذا الوداع عن وداع آخر إذا أراد الخروج إليها مرة أخرى؛ لكونه قد أتى بالوداع المأمور به، لكن إذا أراد الخروج إلى بلاده فالأحوط له أن يودع مرة أخرى للشك في إجزاء الوداع الأول.

"ഒരാൾ തന്റെ ഹജ്ജിന്റെ വാസസ്ഥലമായ മക്കയിലേക്ക് തന്നെ മടങ്ങിവരാം എന്ന ഉദ്ദേശത്തോടെ ജിദ്ദയിലേക്കോ മറ്റോ പോയാൽ, അയാളുടെ വിഷയം കുറച്ച് ആശയക്കുഴപ്പം ഉള്ള പരിശോധിക്കപ്പെടേണ്ട ഒരു വിഷയമാണ്. ഹദീസിലെ പൊതുവായ കല്പന മാനിച്ച് വിദാഇന്റെ ത്വവാഫ് നിർവഹിച്ച് മാത്രമേ എങ്ങോട്ടാണെങ്കിലും അയാൾ മക്കത്ത് നിന്നും പുറത്ത് പോകാവൂ എന്നതാണ് കൂടുതൽ ശരിയായി തോന്നുന്ന അഭിപ്രായം. അങ്ങനെ അയാൾ വിദാഇന്റെ ത്വവാഫ് നിർവഹിച്ച് പുറത്ത് പോയാൽ പിന്നെ നാട്ടിലേക്ക് മടങ്ങുമ്പോൾ വിദാഇന്റെ ത്വവാഫ് ചെയ്യണമെന്ന് നിർബന്ധമില്ല. കാരണം കൽപ്പിക്കപ്പെട്ട ത്വവാഫുൽ വിദാഅ അയാൾ നിർവഹിച്ചു കഴിഞ്ഞല്ലോ. എന്നാൽ അയാൾ നാട്ടിലേക്ക് മടങ്ങുമ്പോൾ വീണ്ടും വിദാഇന്റെ ത്വവാഫ് ചെയ്ത് പോകുന്നുവെങ്കിൽ അതാണ്‌ ഏറ്റവും സൂക്ഷ്മത. കാരണം ആദ്യം ചെയ്തത് വിദാആയി പരിഗണിക്കുമോ എന്ന ഭിന്നത നിലനിൽക്കുന്നത്തിനാലാണത്" - [مجموع فتاوى ومقالات الشيخ ابن باز 17/ 396].

ഇനി ഇതിൽ വിദാഇന്റെ ത്വവാഫ് പിന്നീട് മക്കത്തേക്ക് മടങ്ങി വന്ന ശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ നിർവഹിക്കാം, കാരണം അതാണല്ലോ യഥാർത്ഥ പിരിഞ്ഞു പോക്ക് എന്ന നിലക്ക് വിദാഇന്റെ ത്വവാഫ് ചെയ്യാതെ ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ പോയവർ ഉണ്ടെങ്കിൽ അവർ വിഷമിക്കേണ്ടതില്ല. ഒരു ഇജ്തിഹാദിയായ വിഷയം ആയതുകൊണ്ടുതന്നെ അങ്ങനെ പോകാൻ ഉദ്ദേശിക്കുന്നവർ ഉണ്ടെങ്കിൽ ത്വവാഫ് ചെയ്ത് പോകലാണ് സൂക്ഷ്മത എന്നതാണ് നാം ഇതിലൂടെ മനസ്സിലാക്കേണ്ടത് എന്ന് മാത്രം.

ഇനി അങ്ങനെ ത്വവാഫ് ചെയ്യാതെ പുറത്ത് പോയി ശേഷം മക്കത്തേക്ക് തന്നെ മടങ്ങി വന്നവർക്ക് പ്രായശ്ചിത്തമായി അറവ് ബാധകമാകുമോ എന്നതിന് "ഇല്ല അറവ് ബാധകമാകുകയില്ല , എന്നാൽ ഒരാൾ സൂക്ഷ്മതക്കായി ബലി അറുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അയാൾക്ക് ആകാം" എന്നാണ് ശൈഖ് ഇബ്നു ബാസ് (റ) അതുമായി ബന്ധപ്പെട്ട് നൽകിയ മറുപടി.

ഏതായാലും ഹാജിമാരിൽ മക്കത്ത് നിന്നും പുറത്ത് പോകാൻ ഉദ്ദേശിക്കുന്നവർ ഉണ്ടെങ്കിൽ വിദാഇന്റെ ത്വവാഫ് ചെയ്ത ശേഷം മാത്രം പുറത്ത് പോകുന്നതാണ് സൂക്ഷ്മത... അല്ലാഹു അനുഗ്രഹിക്കട്ടെ..

____________________

✍🏽 Abdu Rahman Abdul Latheef

സ്ഥിരമായി വുളു മുറിയുന്ന നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. എങ്ങനെ നിസ്കരിക്കും ?.

ചോദ്യം : സ്ഥിരമായി വുളു മുറിയുന്ന  നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. എങ്ങനെ നിസ്കരിക്കും ?.

ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ഒരിക്കലും നിയന്ത്രിക്കാൻ സാധിക്കാത്ത വിധം ഇത്തരം ബുദ്ധിമുട്ടുള്ള ആളുകളാണെങ്കിൽ ഓരോ ഫർള് നിസ്കാരങ്ങൾക്കും ഒരു തവണ വുളു എടുത്ത് നിസ്കരിക്കുക എന്നതേ അവർ ചെയ്യേണ്ടതുള്ളൂ. ആവർത്തിച്ച് വുളു എടുക്കേണ്ടതില്ല. കീഴ്‌വായു പോകുന്ന പ്രശ്നമോ, മൂത്രച്ചൂടിന്റെ പ്രശ്നമോ ഉള്ളതുകൊണ്ട് വുളു എടുത്ത ശേഷം അവ സംഭവിച്ചാലും വുളു ആവർത്തിക്കേണ്ടതില്ല. 

എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഓരോ ഫർള് നമസ്കാരത്തിനും ആ നിസ്കാരത്തിന്റെ സമയമായ ശേഷം പുതിയ വുളു എടുക്കണം. ആ വുളു കൊണ്ട് ആ ഫർളും അതിന്റെ സുന്നത്തും നിസ്കരിക്കാം. അതുപോലെ നിസ്കാരം ജംഉ ആക്കുന്ന സന്ദർഭത്തിലും ഒരു വുളു മതി.

ഓരോ ഫർളിനും വുളു പുതുക്കണം എന്നതിനുള്ള തെളിവ് നബി (സ) ഇസ്തിഹാള അഥവാ രക്തം നിലക്കാത്ത അസുഖമുള്ള സ്ത്രീയോട് കല്പിച്ച കാര്യമാണ്. ഫാത്വിമ ബിൻത് അബീ ഹുബൈഷി (റ) യോട് നബി (സ) പറഞ്ഞു: 

تَوَضَّئِي لِكُلِّ صَلاةٍ حَتَّى يَجِيءَ ذَلِكَ الْوَقْتُ

" അതാത് നമസ്കാരസമയം വന്നെത്തിയാൽ ഓരോ നമസ്കാരത്തിനും വുളു ചെയ്യുക" -[سنن الترمذي 116].

ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റ) ഇത് വിശദീകരിച്ചുകൊണ്ട് പറയുന്നു :

قال ابن حجر رحمه الله : حكم دم الاستحاضة حكم الحدث فتتوضأ لكل صلاة ، لكنها لا تصلي بذلك الوضوء أكثر من فريضة واحدة

"ഇസ്തിഹാളയുടെ രക്തത്തിന്റെ വിധി , വുളു മുറിയുന്ന അവസ്ഥക്ക് തതുല്യമാണ്. അതുകൊണ്ട് അവർ ഓരോ നമസ്കാരത്തിനും വുളു എടുക്കട്ടെ. എന്നാൽ അതുകൊണ്ട് ഒന്നിൽ കൂടുതൽ ഫർളുകൾ അവർ നിസ്കരിക്കാൻ പാടില്ല".

ഇവിടെ ഓരോ ഫർളിനും അതാത് ഫർളിന്റെ സമയത്ത് തന്നെ വുളു പുതുക്കിക്കൊണ്ടിരിക്കണം എന്നത് നിർബന്ധമാണോ, സുന്നത്താണോ എന്നത് ഫുഖഹാക്കൾക്കിടയിൽ ചർച്ചയുണ്ട്. ഇമാം മാലിക് (റ) ഒഴികെ ബഹുഭൂരിപക്ഷവും അപ്രകാരം വുളു പുതുക്കൽ നിർബന്ധമാണ് എന്ന അഭിപ്രായക്കാരാണ്. 

വുളു എടുത്ത ശേഷം അധികം വൈകാതെ നമസ്കാര സമയം ആയാലും കുഴപ്പമില്ല, ആ നമസ്കാരസമയത്ത് തന്നെ എടുക്കണം എന്നില്ല എന്നതാണ് ഇമാം അബൂ ഹനീഫ (റ) യുടെ അഭിപ്രായം. [الموسوعة الفقهية  3/212 ].

ഏതായാലും അതാത് നമസ്കാര സമയമായ ശേഷം ആ ഫർളിനുള്ള വുളു  എടുക്കലാണ് സൂക്ഷ്മത എന്നതിൽ തർക്കമില്ല. എന്നാൽ വേറെ നിവൃത്തിയില്ലാതെ വരുന്ന സാഹചര്യങ്ങളിൽ ഇമാം അബൂഹനീഫ (റ) യുടെ അഭിപ്രായം അവർക്ക് ഒരാശ്വാസമായിരിക്കും.

അതുപോലെ ഒരേ വഖ്‌തിൽ രണ്ട് ഫർള് നിസ്കരിക്കുന്ന സാഹചര്യം വന്നാൽ ഓരോന്നിനും വുളു പുതുക്കണോ എന്നതിലും ഫുഖഹാക്കൾക്കിടയിൽ ചർച്ചയുണ്ട്. ജംഉ ചെയ്യുന്ന സാഹചര്യത്തിൽ ഒരു വുളു തന്നെ മതി എന്നതാണ് പ്രാബലമായ അഭിപ്രായം. 

ഏതായാലും ഇത്തരം അസുഖം ഉള്ളവർ വുളു അനവധി തവണ ആവർത്തിച്ചിട്ടും നിസ്കാരം പൂർത്തിയാക്കാൻ സാധിക്കുന്നില്ല എന്നോർത്ത് വിഷമിക്കേണ്ടതില്ല. ഒരു തവണ വുളു എടുത്ത് നമസ്കരിച്ചാൽ മതി. അല്ലാഹു അനുഗ്രഹിക്കട്ടെ... 

والله تعالى أعلم،  وصلى الله وسلم على نبينا محمد..

_______________________

✍🏽 Abdu Rahman Abdul Latheef

Thursday, July 7, 2022

അറിയാതെ മുടിയോ നഖമോ എടുത്ത് പോയാൽ എന്റെ ഉള്ഹിയ്യത്തിനെ ബാധിക്കുമോ?




ചോദ്യം:
അറിയാതെ മുടിയോ നഖമോ എടുത്ത് പോയാൽ എന്റെ ഉള്ഹിയ്യത്തിനെ സാധിക്കുമോ?

ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ഇല്ല. മറവി കാരണം ഇവയേതെങ്കിലും ചെയ്ത് പോയാൽ യാതൊരു കുഴപ്പവും ഇല്ല. നബി (സ) പറഞ്ഞു :

إن الله تجاوز عن أمتي الخطأ والنسيان وما استُكرهوا عليه
"അറിയാതെ ചെയ്തു പോകുന്നതോ , മറന്നുകൊണ്ട് ചെയ്തു പോകുന്നതോ, മറ്റുള്ളവർ ബലം പ്രയോഗിച്ച് അവരെക്കൊണ്ട് ചെയ്യിക്കുന്നതോ ആയ കാര്യങ്ങൾ എന്റെ ഉമ്മത്തിന് അല്ലാഹു പൊറുത്ത് കൊടുത്തിരിക്കുന്നു " - (رواه ابن ماجة)

ഉള്ഹിയ്യത്ത് നിയ്യത്താക്കിയയാൾ മുടിയും നഖവും എടുക്കാതിരിക്കൽ സുന്നത്താണോ അതോ നിർബന്ധമാണോ എന്ന് ഫുഖഹാക്കൾക്കിടയിൽ ചർച്ചയുണ്ട്. എന്നാൽ ഉള്ഹിയ്യത്ത് ഉദ്ദേശിക്കുന്നവർ ദുൽഹിജ്ജ പിറന്നാൽ പിന്നെ നഖവും മുടിയും എടുക്കരുത് എന്നത് ഹബീബുനാ റസൂൽ (സ) യുടെ കല്പനയാണെന്നതിനാൽ തന്നെ മനപ്പൂർവം ആ വിലക്ക് ലംഘിക്കാതിരിക്കുക എന്നതാണ് ഒരു വിശ്വാസിക്ക് ഏറ്റവും സൂക്ഷ്മത.

 മറന്നു കൊണ്ട് ചെയ്‌തു പോയാൽ ആകട്ടെ കുഴപ്പമില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ..

والله تعالى أعلم وصلى الله وسلم على نبينا محمد 
_________________

✍🏽 Abdu Rahman Abdul Latheef

Tuesday, July 5, 2022

എന്താണ് തക്ബീറുൽ മുത്'ലഖ്‌, എന്താണ് തക്ബീറുൽ മുഖയ്യദ് ?.



ചോദ്യം : എന്താണ് തക്ബീറുൽ മുത്'ലഖ്‌, എന്താണ് തക്ബീറുൽ മുഖയ്യദ് ?.

www.fiqhussunna.com 

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

التكبير المطلق തക്ബീറുൽ മുത്'ലഖ്‌ എന്നാൽ നിരുപാധികമുള്ള തക്ബീർ ദുൽഹിജ്ജ മാസപ്പിറവി കണ്ടത് മുതൽ ആരംഭിക്കും... അത് അയ്യാമുതശ്രീഖ് കഴിയുന്ന വരെ തുടരുന്നു. അതിന് പ്രത്യേക സമയമില്ല. ദുൽഹിജ്ജ ഒന്ന് മുതൽ അയ്യാമുതശ്രീഖ് അവസാനിക്കും വരെ തക്ബീർ വർധിപ്പിക്കൽ സുന്നത്താണ്. അതിന് പ്രത്യേക സമയമില്ല. 

ഇനി 
التكبير المقيد തക്ബീറുൽ മുഖയ്യദ് എന്നാൽ ഫർള് നമസ്കാരശേഷം മാത്രമായുള്ള തക്ബീർ ചൊല്ലലാണ്. അറഫയുടെ ദിവസം ഫജ്ർ നമസ്കാരാനന്തരം മുതൽ അതാരംഭിക്കുന്നു. അയ്യാമുതശ്രീഖിന്റെ അവസാന ദിവസം അതായത് ദുൽഹിജ്ജ 13 ന് അസർ നമസ്കാര ശേഷത്തെ തക്ബീറോട് കൂടി അത് അവസാനിക്കുന്നു.

അനവധി സ്വഹാബാക്കളിൽ നിന്നും ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്: 

عن عُمرَ بنِ الخَطَّابِ رَضِيَ اللهُ عنه: (أنَّه كان يُكبِّر دُبرَ صلاةِ الغداةِ من يومِ عَرفةَ إلى صلاةِ العصرِ مِن آخِرِ أيَّامِ التَّشريقِ)

ഉമർ  (റ) വിൽ നിന്നും നിവേദനം: അദ്ദേഹം അറഫാ ദിനത്തിൽ ഫജ്ർ നമസ്കാരശേഷം മുതൽ അയ്യാമുതശ്രീഖിന്റെ അവസാന ദിവസം അസർ നമസ്കാരം വരെ ഫർള് നമസ്കാരങ്ങൾക്ക് ശേഷം തക്ബീർ ചൊല്ലാറുണ്ടായിരുന്നു. - [رواه ابن المنذر في ((الأوسط)) (2200)، والبيهقي (3/314) (6496].

ഇതേ കാര്യം അലി (റ) വിൽ നിന്നും സ്ഥിരപ്പെട്ടിരിക്കുന്നു: 

عن عليٍّ رَضِيَ اللهُ عنه: (أنَّه كان يُكبِّرُ من صلاةِ الفجرِ يومَ عَرفةَ، إلى صَلاةِ العَصرِ مِن آخِرِ أيَّامِ التَّشريقِ)

അലി (റ) വിൽ നിന്നും നിവേദനം: "അദ്ദേഹം അറഫാ ദിനത്തിൽ ഫജ്ർ നമസ്കാരശേഷം മുതൽ അയ്യാമുതശ്രീഖിന്റെ അവസാന ദിവസം അസർ നമസ്കാരം വരെ ഫർള് നമസ്കാരങ്ങൾക്ക് ശേഷം തക്ബീർ ചൊല്ലാറുണ്ടായിരുന്നു". [رواه ابن أبي شيبة في ((المصنف)) (2/165). صحَّحه الألباني في ((إرواء الغليل)) (3/125).]

ഇബ്നു മസ്ഊദ് (റ) വും ഫർള് നമസ്കാരശേഷം തക്ബീർ ചൊല്ലാറുണ്ടായിരുന്നു :

عنِ الأَسودِ، قال: (كانَ عبدُ اللهِ بنُ مَسعودٍ، يُكبِّر من صلاةِ الفَجرِ يومَ عَرفةَ، إلى صلاةِ العصرِ من النَّحرِ؛ يقول: اللهُ أكبرُ اللهُ أكبرُ اللهُ أكبرُ، لا إلهَ إلَّا الله، واللهُ أكبرُ اللهُ أكبرُ، ولله الحمدُ)

അസ്'വദ് നിവേദനം: "അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ) അദ്ദേഹം അറഫാ ദിനത്തിൽ ഫജ്ർ നമസ്കാരശേഷം മുതൽ നഹ്റിന്റെ അസർ നമസ്കാരം വരെ തക്ബീർ ചൊല്ലാറുണ്ടായിരുന്നു. 'അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹ് , വല്ലാഹു അക്ബർ, അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്' ഇങ്ങനെയായിരുന്നു അദ്ദേഹം ചൊല്ലിയിരുന്നത്" -[رواه ابنُ أبي شَيبةَ في ((المصنَّف)) (2/165)، والطبرانيُّ (9/355) (9534). جوَّد إسنادَه الزيلعيُّ في ((نصْب الرَّاية)) (2/223)، ووثَّق رجالَه الهيثميُّ في ((مجمع الزوائد)) (2/200).]

അതുപോലെ ഇബ്നു അബ്ബാസ് (റ) വിൽ നിന്നും അത് സ്ഥിരപ്പെട്ടിട്ടുണ്ട്: 

عن ابنِ عبَّاسٍ رَضِيَ اللهُ عنهما: (أنَّه كان يُكبِّرُ من غَداةِ عَرفةَ إلى صَلاةِ العَصرِ من آخِرِ أيَّامِ التَّشريقِ)

ഇബ്നു അബ്ബാസ് (റ) വിൽ നിന്നും നിവേദനം : "അദ്ദേഹം അറഫാ ദിനത്തിൽ ഫജ്ർ നമസ്കാരശേഷം മുതൽ അയ്യാമുതശ്രീഖിന്റെ അവസാന ദിവസം അസർ നമസ്കാരം വരെ ഫർള് നമസ്കാരങ്ങൾക്ക് ശേഷം തക്ബീർ ചൊല്ലാറുണ്ടായിരുന്നു". - [رواه الحاكم (1/440) وصحَّحه، والبيهقي (3/314) (6498].

അതുകൊണ്ട് ദുൽഹിജ്ജ ഒന്നു മുതൽ നിരുപാധികം ഉച്ചത്തിൽ തക്ബീർ ചൊല്ലുക എന്നതും, അറഫാ ദിനത്തിലെ ഫജ്ർ നമസ്കാരം മുതൽ അയ്യാമുതശ്രീഖിന്റെ അവസാന ദിവസം അസർ നമസ്കാരം വരെ ഫർള് നമസ്കാരങ്ങൾക്ക് ശേഷം ഉച്ചത്തിൽ തക്ബീർ ചൊല്ലുക എന്നതും സ്ഥിരപ്പെട്ട സുന്നത്താണ്. സ്വഹാബാക്കൾ മറ്റു സ്വഹാബാക്കളിൽ നിന്നും എതിരഭിപ്രായങ്ങൾ ഇല്ലാതെ കാണിച്ചു തന്ന ഒരു കാര്യം له حكم للرفع അഥവാ അത് നബി (സ) യിൽ നിന്നും ഉദ്ദരിക്കപ്പെട്ടതിനു സമാനമാണ്.

നമസ്കാരശേഷം ഒരാൾ ചൊല്ലിക്കൊടുത്ത് മറ്റുള്ളവർ ചൊല്ലുകയല്ല, ഓരോരുത്തരും ഉച്ചത്തിൽ ചൊല്ലുകയാണ് വേണ്ടത്. സ്വാഭാവികമായി അവരുടെ ശബ്ദം ഒരുമിച്ചാകുന്നതിനും കുഴപ്പമില്ല. 

അല്ലാഹു അനുഗ്രഹിക്കട്ടെ..

والله أعلم وصلى الله وسلم على نبينا محمد.
_______________________

✍🏽 Abdu Rahman Abdul Latheef

Saturday, July 2, 2022

ഹജ്ജിന്റെ അറവു മാത്രമുള്ളവർക്ക് മുടിയും നഖവും നീക്കാതിരിക്കൽ ബാധകമോ?.



ചോദ്യം : ഹജ്ജിന്റെ അറവ് അഥവാ ഹദ്'യ് നിർവഹിക്കാൻ ഉള്ളവർക്ക് ദുൽഹിജ്ജ പത്തിൽ അറുക്കുന്നത് വരെ മുടിയും നഖവും നീക്കം ചെയ്യാൻ പാടില്ല എന്ന നിയമം ബാധകമാണോ ?


ഉത്തരം : ഹദ്'യിന് ഈ നിയമം ബാധകമല്ല. ഹാജിമാർ ഇഹ്റാമിൽ അല്ല എങ്കിൽ ഹദ്'യ് അറുക്കുന്നുണ്ട് എങ്കിലും ശരി അവർക്ക് മുടിയും നഖവും നീക്കാം. ഇനി അവർ അവരുടെ നാടുകളിൽ ഉള്‌ഹിയ്യത്ത് കൂടി നിർവഹിക്കുന്നുണ്ട് എങ്കിൽ ഹജ്ജിന്റെയും ഉംറയുടെയും നുസുക് ആയിട്ടുള്ള മുടിയെടുക്കൽ മാത്രമേ അറവ് പൂർത്തിയാക്കുന്ന വരെ അവർക്ക് ആകാവൂ. എന്നാൽ ഹജ്ജുമായി ബന്ധപ്പെട്ട അറവ് മാത്രമാണ് ഒരാൾക്ക് ഉള്ളതെങ്കിൽ അവർക്ക് ഈ നിയമം ബാധകമല്ല. അവരെ സംബന്ധിച്ചിടത്തോളം ഇഹ്റാമിൽ അല്ലാത്ത വേളയിൽ ദുൽഹിജ്ജ പത്തിലാണെങ്കിലും അവർക്ക് മുടി വെട്ടുകയോ നഖം വെട്ടുകയോ ഒക്കെ ചെയ്യാം..

والله تعالى أعلم ...
____________

✍ അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് 

Thursday, June 30, 2022

മറ്റൊരു നാട്ടിൽ ആണ് ബലി അറുക്കുന്നത് എങ്കിൽ, താൻ നിൽക്കുന്ന സ്ഥലത്തെ മാസപ്പിറവി ആണോ അവിടത്തെ മാസപ്പിറവി ആണോ അടിസ്ഥാനമാക്കേണ്ടത് ?



ചോദ്യം: സൗദിയിലുള്ള ആൾ നാട്ടിൽ ഉളുഹ്യ്യതിന് കൂടുമ്പോൾ അദ്ദേഹം എവിടുത്തെ മാസപ്പിറവിയെ ആണ് പരിഗണിക്കേണ്ടത് ?. തന്റെ പെരുന്നാൾ നിസ്കാരം കഴിയാതെ മറ്റൊരു നാട്ടിൽ തനിക്ക് ബലി അറുക്കാമോ?

www.fiqhussunna.com

ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

മുടിയും നഖവും നീക്കരുത് എന്ന വിഷയത്തിൽ ഉള്ഹിയ്യത്ത് കർമ്മം നിയ്യത്താക്കിയ വ്യക്തി താൻ നിൽക്കുന്ന സ്ഥലത്തെ മാസപ്പിറവി ആണ് പരിഗണിക്കേണ്ടത്. മാത്രമല്ല ആ നിയമം ഉള്ഹിയ്യത്ത് നിയ്യത്താക്കിയ അതിന് പണം മുടക്കുന്ന വ്യക്തിക്ക് മാത്രമുള്ളതാണ്.  അയാളെ  സംബന്ധിച്ചിടത്തോളം എപ്പോഴാണ് ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമാറുന്നത് അതാണ്‌ പരിഗണിക്കേണ്ടത്.

عن أم سلمة رضي الله عنها أن النبي صلى الله عليه وسلم قال : ( إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ ، فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ ) رواه مسلم

ഉമ്മു സലമ (റ) നിവേദനം : നബി (സ) പറഞ്ഞു: "നിങ്ങളിലൊരാൾ ദുൽഹിജ്ജ മാസപ്പിറവി ദർശിക്കുകയും, താൻ ഉള്‌ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്നവനായിരിക്കുകയും ചെയ്‌താൽ, അവൻ അവന്റെ മുടിയും നഖവും മുറിക്കാതിരിക്കട്ടെ" - [സ്വഹീഹ് മുസ്‌ലിം].

അത് നിറവേറ്റാൻ ഏല്പിക്കപ്പെട്ട വ്യക്തിക്ക് ഈ നിയമം ബാധകമല്ല. അയാൾക്ക് നഖവും മുടിയും ഒക്കെ നീക്കം ചെയ്യുന്നതിൽ തെറ്റില്ല. 

ഇനി അറവിൻ്റെ വിഷയത്തിൽ, പെരുന്നാൾ ദിവസം മുതൽ അയ്യാമുതഷ്‌രീഖ് വരെ സമയം ഉള്ളതുകൊണ്ട് രണ്ട് പേർക്കും ഒത്തുവരുന്ന സമയം പരിഗണിക്കുകയാണ് എങ്കിൽ അതാണ് ഏറ്റവും ഉചിതവും സൂക്ഷ്മതയും.

എന്നാൽ എവിടെയാണോ ബലി അറുക്കപ്പെടുന്നത് അവിടത്തെ സമയം പരിഗണിച്ചുകൊണ്ട് അനുവദനീയമായ ഏത് സമയത്ത് ബലി അറുത്താലും കുഴപ്പമില്ല. ബലി അറുക്കാൻ ഏൽപ്പിക്കപ്പെട്ട ആളുടെ നാട്ടിലെ സമയം മാത്രം പരിഗണിച്ചാൽ തന്നെ മതി എന്നതാണ് സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭയായ ലജ്‌നതുദ്ദാഇമയുടെ അഭിപ്രായം. അവർ നൽകിയ മറുപടിയിൽ ഇപ്രകാരം കാണാം:

يجوز للوكيل في الأضحية ذبح أضحية الموكل بعد صلاة العيد بالنسبة للوكيل ، دون الموكل؛ لأن الوكيل قائم مقام موكله

"ബലി അറുക്കുന്ന കാര്യത്തിൽ, ഉള്ഹിയ്യത്ത് അറുക്കാൻ ഏൽപ്പിക്കപ്പെട്ട വ്യക്തിക്ക് തൻ്റെ പെരുന്നാൾ നമസ്‌കാരം കഴിഞ്ഞാൽ തന്നെ ബലി അറുക്കാം. തന്നെ ഏല്പിച്ച വ്യക്തിയുടെ പെരുന്നാൾ നമസ്‌കാരം കഴിഞ്ഞില്ലെങ്കിലും ശരി. കാരണം ഏൽപ്പിക്കപ്പെട്ടയാൾ ഏല്പിച്ച വ്യക്തിയുടെ സ്ഥാനത്താണ്" - [ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹ) , അബ്ദുൽ അസീസ് ആലു ശൈഖ് (ഹ) , അബ്ദുല്ലാഹ് ബ്ൻ ഗുദയ്യാൻ (റ) ...].

വകീൽ അഥവാ ഏല്പിക്കപ്പെട്ടവൻ്റെ നാട്ടിലെ സമയം പരിഗണിച്ചാൽ മതി, മുവക്കിൽ അഥവാ ഏല്പിച്ചവൻ്റെ നാട്ടിലെ സമയം വിഷയമല്ല എന്ന നിലക്കാണ് അപ്രകാരം പറഞ്ഞിട്ടുള്ളത്.   

എന്തായാലും ഇത് പ്രത്യേക പ്രമാണം വന്നിട്ടില്ലാത്ത ഇജ്തിഹാദിയായ ഒരു വിഷയമാണല്ലോ. അതുകൊണ്ടുതന്നെ താൻ അറുക്കാൻ ഉദ്ദേശിക്കുന്ന നാട്ടിൽ താൻ നിൽക്കുന്ന നാടിനേക്കാൾ മുൻപ് മാസം കണ്ടാൽ, ഒരു ദിവസം കാത്തു നിന്നാലും തൻ്റെ പെരുന്നാൾ നമസ്‌കാരം കൂടി കഴിഞ്ഞ ശേഷം അത് അറുക്കപെടുന്നതായിരിക്കും കൂടുതൽ സൂക്ഷ്‌മത എന്നതിൽ സംശയമില്ല. കാരണം അയ്യാമുതശ്രീഖിൻ്റെ ദിവസവും ഉള്ഹിയ്യത്ത് അറുക്കാവുന്ന ദിവസം ആകയാൽ അവിടെ ഉള്ഹിയ്യത്ത് അറുക്കപ്പെടുന്ന നാട്ടിലും, ഉള്ഹിയ്യത്ത് അറുക്കാൻ ഏല്പിച്ച വ്യക്തിയെ സംബന്ധിച്ചിടത്തോളവും പെരുന്നാൾ നമസ്‌കാരം കഴിയുകയും, രണ്ടുപേരെ സംബന്ധിച്ചിടത്തോളവും ഉള്‌ഹിയ്യത്ത് അറുക്കാൻ വേണ്ടി നിർദേശിക്കപ്പെട്ട സമയത്ത് തന്നെ ഉള്ഹിയ്യത്ത് നിർവഹിക്കപ്പെടുകയും ചെയ്യുമല്ലോ. അതുകൊണ്ട് അവിടെ ആരുടെ സമയം പരിഗണിക്കണം എന്ന ഒരു സംശയത്തിനുള്ള സാധ്യത തന്നെ വരുന്നുമില്ല. 

عَنْ جُنْدُبِ بْنِ سُفْيَانَ الْبَجَلِيِّ : أَنَّهُ صَلَّى مَعَ رَسُولِ اللَّهِ ﷺ يَوْمَ أَضْحَى، قَالَ: فَانْصَرَفَ فَإِذَا هُوَ بِاللَّحْمِ، وَذَبَائِحُ الْأَضْحَى تُعْرَفُ، فَعَرَفَ رَسُولُ اللَّهِ ﷺ أَنَّهَا ذُبِحَتْ قَبْلَ أَنْ يُصَلِّيَ، فَقَالَ: مَنْ كَانَ ذَبَحَ قَبْلَ أَنْ يُصَلِّيَ فَلْيَذْبَحْ مَكَانَهَا أُخْرَى، وَمَنْ لَمْ يَكُنْ ذَبَحَ حَتَّى صَلَّيْنَا فَلْيَذْبَحْ بِاسْمِ اللَّهِ مُتَّفَقٌ عَلَيْهِ.

ജുൻദുബ് ബ്നു സുഫ്യാൻ അൽ ബജലി (റ) നിവേദനം : അദ്ദേഹം നബി (സ) ക്ക് ഒപ്പം പെരുന്നാൾ നമസ്കാരം നിർവഹിച്ചു. അങ്ങനെ നമസ്കാരം കഴിഞ്ഞ് അദ്ദേഹം മടങ്ങുമ്പോൾ, അദ്ദേഹം മാംസം കാണാൻ ഇടയായി. ഉള്ഹിയ്യത്തിന്റെ മാംസം എന്ന് പ്രത്യേകം അറിയിക്കും വിധമാണ് അവയുണ്ടായിരുന്നത്. അപ്പോൾ അവ അദ്ദേഹം പെരുന്നാൾ നമസ്കാരം നിർവഹിക്കപ്പെടുന്നതിനു മുൻപായിത്തന്നെ അറുക്കപ്പെട്ടതാണ് എന്നദ്ദേഹത്തിന് മനസ്സിലായി. അപ്പോൾ അദ്ദേഹം പറഞ്ഞു : " ആരാണോ പെരുന്നാൾ നമസ്കരിക്കുന്നതിന് മുൻപ് ബലി അറുത്തത് അയാൾ തൽ സ്ഥാനത്ത് മറ്റൊരു ഉരുവിനെ ബലി അറുക്കട്ടെ. നമ്മൾ നമസ്കരിച്ച് തീരും വരെ ബലി അറുത്തിട്ടില്ലാത്തവർ ബിസ്മി ചൊല്ലി അവരുടെ ബലി മൃഗത്തെ അറുത്ത് കൊള്ളട്ടെ ". - [മുത്തഫഖുൻ അലൈഹി].

ഈ നിയമം ഏൽപ്പിക്കപ്പെട്ട വ്യക്തി അറുക്കപ്പെടുന്ന നാടിനെ അപേക്ഷിച്ച് അവിടെ മാത്രം പാലിച്ചാൽ മതിയാകും എന്ന് ലജ്‌നതുദ്ദാഇമ വ്യക്തമാക്കിയല്ലോ. എന്നാൽ നമ്മൾ സൂചിപ്പിച്ച പോലെ രണ്ടുപേരെ സംബന്ധിച്ചിടത്തോളവും ഒരുപോലെ അറുക്കാൻ അനുവദിക്കപ്പെടുന്നതായി ഒത്തുവരുന്ന സമയത്ത് അത് നിർവഹിക്കുകയാണ് എങ്കിൽ അതാണ് കൂടുതൽ ഉചിതം. മാത്രമല്ല മുടി നീക്കം ചെയ്യുന്നതിനുള്ള വിലക്കും നഖം വെട്ടുന്നതിനുള്ള വിലക്കുമെല്ലാം ഉള്ഹിയ്യത്ത് നിയ്യത്താക്കിയ അഥവാ ഏല്പിച്ച വ്യക്തിക്കാണ് , ഏൽപ്പിക്കപ്പെട്ട വ്യക്തിക്കല്ല എന്നും നമുക്ക് അറിയാമല്ലോ. അതുകൊണ്ടുതന്നെ രണ്ടും പരിഗണിച്ചാൽ പിന്നെ സംശയത്തിന് വകയുണ്ടാകില്ല. 

والله تعالى أعلم ، وصلى الله وسلم على نبينا محمد

_________________

✍ Abdu Rahman Abdul Latheef

Monday, June 6, 2022

BJP വക്താക്കളുടെ പ്രവാചക നിന്ദ - വർഗീയതയിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമങ്ങളെ പൊതുസമൂഹം ചെറുത്ത് തോല്പ്പിക്കണം




കാരുണ്യത്തിന്റെയും നന്മയുടെയും പ്രതീകമാണ് മുഹമ്മദ്‌ നബി (സ). മാലോകർക്ക് കാരുണ്യമായി നിയോഗിക്കപ്പെട്ടവർ എന്ന് വിശുദ്ധ ഖുർആൻ തന്നെ വിശേഷിപ്പിച്ച പ്രവാചകൻ.

ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ തങ്ങളുടെ ആത്മാവിനെക്കാൾ സ്നേഹിക്കുന്ന വ്യക്തിത്വവും, സമാധാന കാംക്ഷികൾ മാതൃകാ പുരുഷനായിക്കാണുന്ന മഹനീയ സ്വഭാവത്തിനുടമയുമായ പരിശുദ്ധ പ്രവാചകനെ അവഹേളിച്ചതിലൂടെ ഇന്ത്യയെന്ന മതനിരപേക്ഷ രാജ്യത്തെ തന്നെ ലോകത്തിന് മുന്നിൽ നാണം കെടുത്തിയിരിക്കുകയാണ് ബിജെപി വക്താക്കൾ ചെയ്തിരിക്കുന്നത്.

വർഗീയതയുടെ വിത്തുപാകി രാഷ്ട്രീയ ലാഭം കൊയ്യാൻ വേണ്ടിയുള്ള ഇത്തരം വഴിവിട്ട പ്രവർത്തനങ്ങളിലൂടെ അവർ ചവിട്ടി മെതിക്കുന്നത് മത നിരപേക്ഷ ഇന്ത്യയെയും നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യൻ പൈതൃകത്തെയുമാണ്.

മാത്രമല്ല ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ശാസിക്കുന്നത് വരേക്കും സൗദി കുവൈറ്റ് ഖത്തർ വിദേശകാര്യ മന്ത്രാലയങ്ങൾ നടപടി സ്വീകരിച്ചെങ്കിൽ, വർഗീയ ചിന്താഗതിക്കാർ ഇന്ത്യൻ വിദേശ നയത്തിനും, പ്രവാസലോകത്ത് ജോലി ചെയ്യുന്ന അനവധി ഇന്ത്യക്കാർക്കും എത്രമാത്രം അപകടമാണ് വിളിച്ചു വരുത്തിക്കൊണ്ടിരിക്കുന്നത് എന്നത് ഏറെ ആശങ്കാജനകമാണ്.

ലോകമൊന്നാകെ ആദരിക്കപ്പെടുന്ന പ്രവാചകനെ നിന്ദിച്ച് വർഗീയ ധ്രുവീകരണം നടത്താൻ ശ്രമിച്ചവർക്കെതിരെ കേവല അച്ചടക്ക നടപടികൾക്കപ്പുറം മാതൃകാപരമായി ശിക്ഷിക്കണം. മതനിരപേക്ഷതയും രാജ്യത്തിന്റെ സമാധാനാന്തരീക്ഷവും കാത്തു സൂക്ഷിക്കുന്നതിൽ നമുക്കും വലിയ പങ്കുണ്ട്. രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തിന് വിഘാതം വരുത്തുന്ന വർഗീയ പ്രചാരകർക്കെതിരെ പൊതുസമൂഹം ഒന്നടങ്കം അതിശക്തമായി പ്രതിഷേധിക്കണം.

Friday, May 13, 2022

ഖലീഫ ബ്ൻ സായിദ് (റ) ക്ക് വേണ്ടിയുള്ള ഗാഇബിന്റെ ജനാസ നമസ്കാരം

🕌 കുവൈറ്റിൽ ഇന്ന് ഇശാക്ക് ശേഷം ശൈഖ് ഖലീഫ ബ്ൻ സായിദ് (റഹിമഹുല്ല) ക്ക് വേണ്ടി ജനാസ നമസ്കാരം
__________________

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

സ്നേഹം നിറഞ്ഞ സഹോദരങ്ങളെ UAE ഭരണാധികാരി ശൈഖ് ഖലീഫ ബ്ൻ സായിദ് (رحمه الله) വഫാത്തായ വിവരം നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമല്ലോ...

ഇന്ന് ഇശാ നമസ്കാരശേഷം (13/05/2022 വെള്ളി) കുവൈറ്റിലെ എല്ലാ പള്ളികളിലും അദ്ദേഹത്തിന് വേണ്ടി ഗാഇബിന്റെ മയ്യിത്ത് നമസ്കാരം നടക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

നമുക്കറിയുന്ന പോലെ ഗാഇബിനു വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം ഫുഖഹാക്കൾക്ക് ഇടയിൽ ചർച്ചയുള്ള വ്യത്യസ്ഥ അഭിപ്രായങ്ങൾ ഉള്ള ഒരു വിഷയമാണ്.

حكم الحاكم يرفع الخلاف

അഥവാ പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ഥ അഭിപ്രായങ്ങൾ നിലനിൽക്കുന്ന ഒരു വിഷയത്തിൽ, ഭരണാധികാരി ഒരു അഭിപ്രായം സ്വീകരിച്ചാൽ പിന്നീട് അതിൽ ഭിന്നത ഉണ്ടാകാവതല്ല എന്നത് കർമ്മശാസ്ത്രത്തിലെ ഒരു പൊതു തത്വമാണ്.

നബി (സ) നജ്ജാശി രാജാവിനു വേണ്ടി നമസ്കരിച്ച സംഭവം ആണ് മയ്യിത്തിന്റെ അസാന്നിധ്യത്തിൽ നമസ്കരിക്കുന്നതിനുള്ള തെളിവ്. ഈ തെളിവിന്റെ അടിസ്ഥാനത്തിൽ മൂന്ന് അഭിപ്രായങ്ങൾ ആണ് ഫുഖഹാക്കൾക്ക് ഉള്ളത്.

1- ഏതൊരാൾക്ക് വേണ്ടിയും മയ്യിത്തിന്റെ അസാന്നിധ്യത്തിൽ നിസ്കരിക്കാം എന്ന അഭിപ്രായക്കാർ.

2- എല്ലാവർക്കും വേണ്ടി നിസ്കരിക്കാവതല്ല, എന്നാൽ നജ്ജാശി രാജാവിനെ പോലെ ഭരണാധികാരിയോ, ഉമ്മത്തിൽ വലിയ സ്ഥാനം വഹിച്ചവരോ ഒക്കെ മരണപ്പെടുമ്പോൾ ഗാഇബിന്റെ മയ്യിത്ത് നിസ്കാരം നിസ്കരിക്കാം എന്ന അഭിപ്രായക്കാർ.

3- നജ്ജാശി രാജാവിനെപ്പോലെ മരണപ്പെട്ട വ്യക്തിയുടെ നാട്ടിൽ ആരും അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്കാരം നിർവഹിച്ചിട്ടില്ല എങ്കിൽ മാത്രം, അദ്ദേഹത്തിന് വേണ്ടി മയ്യിത്തിന്റെ അസാന്നിധ്യത്തിൽ മയ്യിത്ത് നിസ്കാരം നിർവഹിക്കാം. എന്നാൽ സ്വന്തം നാട്ടിൽ മയ്യിത്ത് നമസ്കാരം നടന്നാൽ പിന്നെ ഗാഇബിന്റെ നമസ്കാരം ഇല്ല എന്ന് അഭിപ്രായപ്പെട്ടവർ.


ഇങ്ങനെ വ്യത്യസ്ഥ അഭിപ്രായങ്ങൾ ഈ വിഷയത്തിൽ ഉണ്ട്‌. എല്ലാവരുടെയും ആധാരം നജ്ജാശി (റ) രാജാവിന്റെ സംഭവം തന്നെ.

ഇതിൽ കൂടുതൽ പ്രബലം മൂന്നാമത്തെ അഭിപ്രായമാണ് എന്ന് മനസ്സിലാക്കാം എങ്കിലും, ((പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്ന ഒരു വിഷയത്തിൽ ഭരണാധികാരി ഒരു അഭിപ്രായം സ്വീകരിച്ചാൽ അത് അഭിപ്രായ ഭിന്നതയെ ഉയർത്തും)) എന്ന കർമ്മശാസ്ത്ര തത്വത്തിന്റെ അടിസ്ഥാനത്തിൽ, കുവൈറ്റിലെ ഭരണാധികാരി ഈ വിഷയത്തിലെ രണ്ടാമത്തെ അഭിപ്രായമായ മുസ്‌ലിം ഭരണാധികാരികൾ മരണപ്പെടുമ്പോൾ ഗാഇബായും മയ്യിത്ത് നിസ്കരിക്കുക എന്നതിനെ അടിസ്ഥാനമാക്കി അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്കാരം നിർവഹിക്കാൻ ഇന്ന് ആഹ്വാനം ചെയ്തതിനാൽ അദ്ദേഹത്തിന് വേണ്ടി ജനാസ നമസ്കരിക്കുകയാണ് വേണ്ടത്. ഇനി നമുക്ക് വ്യത്യസ്ഥ അഭിപ്രായമാണ് ഉള്ളതെങ്കിൽ പോലും..

والله تعالى أعلم

അല്ലാഹു അനുഗ്രഹിക്കട്ടെ...

ഈ വിഷയം വിശദമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈയുള്ളവൻ നേരത്തെ എഴുതിയ ലേഖനം ഈ ലിങ്കിൽ വായിക്കാം:

ഗാഇബിന്റെ മയ്യിത്ത് നമസ്കാരം ഒരു ലഘുപഠനം https://www.fiqhussunna.com/2015/07/blog-post_64.html
_______________
✍🏽 അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് P. N

Sunday, May 1, 2022

ഒരു നാട്ടിൽ നിന്നും, നേരം വൈകി മാസം കണ്ട വേറെ നാട്ടിലേക്ക് പോയാൽ നോമ്പ് 31 നോൽക്കണോ ?


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഒരാൾ നേരത്തെ മാസം കണ്ട ഒരു നാട്ടിൽ നിന്നും നേരം വൈകി മാസം കണ്ട നാട്ടിലേക്ക് പോയാൽ എന്ത് ചെയ്യും.

ഇജ്തിഹാദിയായ വിഷയം ആണ്. ഈ വിഷയം പരാമർശിച്ചുകൊണ്ട്പ്ര ത്യേക പ്രമാണം വന്നിട്ടില്ല. ഒരാൾ ചെന്ന് നിൽക്കുന്ന നാട്ടിൽ എന്നാണോ പെരുന്നാൾ അന്നാണ് അയാളുടെ പെരുന്നാൾ... അതുകൊണ്ട് ഒരു ദിവസമോ രണ്ട് ദിവസമോ അധികമായാലും അത് റമദാൻ തന്നെ ആണല്ലോ എന്നത് കണക്കിലെടുത്ത്, ആകെ നോമ്പ് 31 ആയാലും, ആ ദിവസം നോമ്പ് എടുക്കുക എന്ന് പറഞ്ഞവരും, ഒരു മാസം മുപ്പത് ദിവസമേ ഉണ്ടാകുകയുള്ളുവല്ലോ, അതുകൊണ്ട് 30 തികഞ്ഞാൽ പിന്നെ  നോൽക്കേണ്ടതില്ല എന്ന് പറഞ്ഞവരും ഉണ്ട്‌.

റമദാൻ മാസത്തിൽ തന്നെ ആയതുകൊണ്ട് ഇനി 31 ദിവസം ആയാലും ആ ദിവസം നോമ്പ് നോൽക്കുക എന്നതാണ് കൂടുതൽ ഉചിതം. ഇതാണ് ശൈഖ് ഇബ്നു ഉസൈമീൻ (റ) യുടെയൊക്കെ അഭിപ്രായം. ഒരാൾ സൂര്യൻ വൈകി അസ്തമിക്കുന്ന നാട്ടിലേക്ക് എത്തിയാൽ. അവിടെ എപ്പോഴാണ് അസ്തമിക്കുന്നത് അപ്പോഴല്ലേ നോമ്പ് തുറക്കൂ എന്നതിനെ ആസ്പദമാക്കിയാണ് അദ്ദേഹം അത് പറഞ്ഞത്.  

ഈ വിഷയം പഠന വിധേയമാക്കിയപ്പോൾ മനസ്സിലായത് ഇനി ഒരാൾ ആ ദിവസം നോമ്പ് എടുത്തില്ല എങ്കിൽ തെറ്റുമില്ല. അയാൾ കുറ്റക്കാരൻ ആകുന്നില്ല.  കാരണം അദ്ദേഹത്തിന്റെ നോമ്പ് 30 ഉം പൂർത്തിയാക്കിയല്ലോ.

എന്നാൽ നോമ്പ് എടുത്തില്ലെങ്കിലും ആ സമയത്തിന്റെ ഹുർമത്ത് കണക്കിലെടുത്ത് നോമ്പുകാരനെ പോലെ നിൽക്കണം. അദ്ദേഹത്തിന്റെ പെരുന്നാൾ ആകട്ടെ താൻ ചെന്നെത്തിയ നാട്ടിലെ നാട്ടുകാർ എന്നാണോ പെരുന്നാൾ ആഘോഷിക്കുന്നത് അന്നായിരിക്കും.

ഇനി തിരിച്ച് നേരത്തെ മാസം കണ്ട നാട്ടിലേക്ക് ഒരാൾ യാത്ര ചെയ്തു വന്നതാണ് എങ്കിൽ അയാൾക്ക് 29 നോമ്പേ ലഭിക്കൂ. അയാൾ നഷ്ടപ്പെട്ട ഒരു നോമ്പ് നിർബന്ധമായും നോറ്റ് വീട്ടുകയും വേണം. 

والله تعالى أعلم
وصلى الله وسلم على نبينا محمد
______________
✍🏽 Abdu Rahman Abdul Latheef

Tuesday, March 29, 2022

കുട്ടികളോട് എത്ര വയസ് മുതൽ നോമ്പ് എടുക്കാൻ കൽപ്പിക്കണം ?.



ചോദ്യം : കുട്ടികളോട് എത്ര വയസ് മുതൽ നോമ്പ് എടുക്കാൻ കൽപ്പിക്കണം ?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

കുട്ടികളോട് നോമ്പെടുക്കാൻ കല്പിക്കേണ്ട പ്രത്യേക പ്രായ പരിധി പഠിപ്പിക്കപ്പെട്ടിട്ടില്ല. അവർക്ക് നോമ്പ് നിർബന്ധവുമല്ല. എന്നാൽ നമസ്‌കാരത്തെ പോലെ ഏഴ് വയസ് ആയാൽ അവരെ പരിശീലിപ്പിച്ച് തുടങ്ങാം എന്നും, അവർക്ക് ശാരീരികമായി നോമ്പ് നോൽക്കാൻ സാധിക്കുന്ന അവസ്ഥ എത്തിയാൽ അവരെക്കൊണ്ടു നോമ്പ് എടുക്കാൻ പരിശീലിപ്പിക്കാം എന്നുമൊക്കെ ഫുഖഹാക്കൾ പറഞ്ഞിട്ടുണ്ട്. പ്രായപൂർത്തി എത്തുന്നതോടെയാണ് ഒരാളുടെ മേൽ നോമ്പ് നിർബന്ധമായിത്തീരുന്നത്. കുട്ടികളുടെ പ്രായവും അവസ്ഥയുമൊക്കെ മനസ്സിലാക്കി കഴിയുന്ന രൂപത്തിൽ അവരെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിച്ച് തുടങ്ങുകയും ചെയ്യുക എന്നതാണ് ഈ വിഷയത്തിലെ ശരിയായ നിലപാട്. والله تعالى أعلم . 


സ്വഹാബാക്കൾ കുട്ടികളെ നോമ്പെടുക്കാൻ പരിശീലിപ്പിക്കുകയും, വിശപ്പറിയാതിരിക്കാൻ കളിപ്പാട്ടങ്ങൾ നൽകി അവരുടെ ശ്രദ്ധ തിരിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം. 

റബീഅ് ബിൻത് മുഅവ്വിദ് (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം:  

أَرْسَلَ رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ غَدَاةَ عَاشُورَاءَ إلى قُرَى الأنْصَارِ، الَّتي حَوْلَ المَدِينَةِ: مَن كانَ أَصْبَحَ صَائِمًا، فَلْيُتِمَّ صَوْمَهُ، وَمَن كانَ أَصْبَحَ مُفْطِرًا، فَلْيُتِمَّ بَقِيَّةَ يَومِهِ. فَكُنَّا، بَعْدَ ذلكَ نَصُومُهُ، وَنُصَوِّمُ صِبْيَانَنَا الصِّغَارَ منهمْ إنْ شَاءَ اللَّهُ، وَنَذْهَبُ إلى المَسْجِدِ، فَنَجْعَلُ لهمُ اللُّعْبَةَ مِنَ العِهْنِ، فَإِذَا بَكَى أَحَدُهُمْ علَى الطَّعَامِ أَعْطَيْنَاهَا إيَّاهُ عِنْدَ الإفْطَارِ
"ആശൂറാഇൻ്റെ ദിവസം പകൽ സമയത്ത് മദീനക്ക് ചുറ്റും  അൻസാരികൾ താമസിക്കുന്ന ഗ്രാമങ്ങളിലേക്ക് നബി (സ) ഒരു അറിയിപ്പ് കാരനെ നിയോഗിച്ചു. അദ്ദേഹം ഇപ്രകാരം വിളംബരം ചെയ്തു. ഇന്ന് നിങ്ങളിൽ ആരാണോ നോമ്പു നോറ്റിട്ടുള്ളത് അവർ അവരുടെ നോമ്പ് പൂർത്തിയാക്കുക. നിങ്ങളിൽ ആരാണോ ഇന്ന് നോമ്പ് നോറ്റിട്ടില്ലാത്തത് അവർ ഈ അറിയിപ്പ് കേട്ടത് മുതലുള്ള ഈ ദിവസത്തിലെ ബാക്കി സമയം ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കട്ടെ.  അങ്ങനെ അന്ന് മുതൽക്ക് ഞങ്ങൾ ആ ദിവസം നോമ്പെടുക്കുകയും ഞങ്ങളുടെ ചെറിയ കുട്ടികളെ നോമ്പെടുപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ പള്ളികളിലേക്ക് പോകുമ്പോൾ അവർക്ക് ആട്ടിൻരോമം കൊണ്ടുള്ള കളിപ്പാട്ടങ്ങളുണ്ടാക്കുകയും ഇഫ്‌താറിനു മുൻപ് അവരിലാരെങ്കിലും ഭക്ഷണത്തിനു  വേണ്ടി കരഞ്ഞാൽ ആ കളിപ്പാട്ടങ്ങൾ നൽകുകയും ചെയ്യുമായിരുന്നു." - [متفق عليه].

അപ്പൊ അതുകൊണ്ടുതന്നെ കുട്ടികൾക്ക് നോമ്പ് എടുക്കാൻ സാധിക്കുകയും അവർ അത് ആഗ്രഹിക്കുകയുമൊക്കെ ചെയ്യുമ്പോൾ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ചെറിയ ചെറിയ രൂപത്തിൽ നോമ്പെടുത്ത് പരിശീലിപ്പിച്ച് തുടങ്ങുകയും വിശപ്പറിയാതിരിക്കാൻ കളിപ്പാട്ടങ്ങളും മറ്റുമൊക്കെ നൽകി ശ്രദ്ധ മാറ്റുകയും ചെയ്യാവുന്നതാണ് എന്ന് ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ ... 

__________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Monday, March 28, 2022

ഗൾഫിലെ ലോട്ടറികൾ ഹലാൽ ആണോ ?


ചോദ്യം:  ഗൾഫിലെ ലോട്ടറികൾ ഹലാൽ ആണോ ?

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

പണം നൽകിക്കൊണ്ട് കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പില്ലാത്ത ഒരു ഭാഗ്യക്കുറിയിൽ പങ്കെടുക്കുക എന്നത് നിഷിദ്ധമായ ചൂതാട്ടത്തിൽ പെട്ടതാണ്. അത് ഗൾഫിൽ ആണെങ്കിൽ ഹലാലും നാട്ടിൽ ആണെങ്കിൽ ഹറാമും  എന്നല്ല, അത് ലോകത്ത് എവിടെ ആയിരുന്നാലും ഹറാം തന്നെയാണ്. 

ഒരുപക്ഷെ സഹോദരൻ ഈ ചോദ്യം ചോദിക്കാൻ കാരണം. ഗൾഫിൽ ഒക്കെ ഹലാലായ ലോട്ടറി ഉണ്ട് എന്ന് ചില ആളുകൾ പ്രചാരണം നടത്തിയിരുന്നു. അതുപോലെ അബൂദാബി ബിഗ് ടിക്കറ്റ് പോലെയുള്ളവ ഹലാലായ ലോട്ടറിയാണ് എന്നൊക്കെ ചില ആളുകൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അത്തരം ലോട്ടറികൾ എല്ലാം തന്നെ നിഷിദ്ധമാണ് എന്നത് UAE ഫത്‌വാ ബോർഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല കാരുണ്യ ലോട്ടറി, അല്ലെങ്കിൽ ചാരിറ്റി ലോട്ടറി എന്നൊക്കെയുള്ള പേരിൽ ഇവ നടത്തിയാലും അത് നിഷിദ്ധം തന്നെ എന്ന് UAE ഫത്‌വാ ബോർഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ ഫത്‌വ ഈ ലിങ്കിൽ വായിക്കാം:   https://www.awqaf.gov.ae/ar/Pages/FatwaDetail.aspx?did=130053  

അതുകൊണ്ട് ഇത്തരം പ്രചാരങ്ങളിൽ വഞ്ചിതരാകാതിരിക്കുക. പണം നൽകുകയും അതിന് പകരമായി തനിക്ക് വലിയ സമ്മാനങ്ങൾ ലഭിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്യുന്ന ചൂതാട്ടങ്ങൾ ഇസ്‌ലാം കഠിനമായി വിലക്കുന്നു. ഒരുപാട് പേർക്ക് പണം നഷ്ടപ്പെടുമ്പോൾ ചിലർക്ക് ആ പണം ലഭിക്കുക മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. വിശുദ്ധ ഖുർആനിൽ അല്ലാഹു തആല പറയുന്നു: 

 {يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ* إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنِ الصَّلاةِ فَهَلْ أَنْتُمْ مُنْتَهُونَ} [المائدة: 90 - 91].

"സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച്‌ നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം. പിശാച്‌ ഉദ്ദേശിക്കുന്നത്‌ മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ ( അവയില്‍ നിന്ന്‌ ) വിരമിക്കുവാനൊരുക്കമുണ്ടോ ?" - [മാഇദ: 90-91].

അതുകൊണ്ട് ഹലാലായ ഒരു ചൂതാട്ടമില്ല. ചൂതാട്ടങ്ങൾ എല്ലാം നിഷിദ്ധം തന്നെ. അതിനാൽത്തന്നെ ഹറാമായ ഈ പൈശാചികവൃത്തിയിൽ നിന്നും മുഴുവൻ വിശ്വാസികളും വിട്ടുനിൽക്കേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.  

__________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

കടകളിൽ നിന്നും ലഭിക്കുന്ന കൂപ്പണുകൾ അനുവദനീയമാണോ ?.


ചോദ്യം: തുണി കടകളിൽ നിന്നും ഡ്രസ്സ് വാങ്ങുമ്പോൾ കൂപ്പൺ കിട്ടാറുണ്ടല്ലോ. അടുത്ത തവണ വാങ്ങുമ്പോൾ 500 രൂപ ഒക്കെ കുറവ് ലഭിക്കുന്ന രൂപത്തിൽ, ഇത് അനുവദനീയമാണോ ?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ 

കടകളിൽ നിന്നും ലഭിക്കുന്ന നറുക്കെടുപ്പ് കൂപ്പണുകൾ നിങ്ങൾക്ക് അനുവദനീയമാകണമെങ്കിൽ രണ്ട് നിബന്ധനകൾ ബാധകമാണ്. ആ കൂപ്പണ് വേണ്ടി നിങ്ങളിൽ നിന്നും കടക്കാർ തുക ഈടാക്കാൻ പാടില്ല. അതുപോലെ നിങ്ങൾക്ക് കൂപ്പൺ നറുക്കെടുപ്പിൽ പങ്കെടുക്കാനോ കൂപ്പൺ ലഭിക്കാനോ  വേണ്ടി മാത്രമായി നിങ്ങൾ സാധനം വാങ്ങുന്നതാകാനും പാടില്ല. നിങ്ങൾ നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നു. ആ സമയത്ത് നിങ്ങൾക്ക് കൂപ്പൺ ലഭിച്ചു, അതിന് കടക്കാർ പ്രത്യേകം പണം ഈടാക്കിയിട്ടുമില്ല എങ്കിൽ നിങ്ങൾക്ക് ആ കൂപ്പൺ വഴി ലഭിക്കുന്ന സമ്മാനങ്ങൾ സ്വീകരിക്കാം. നറുക്കെടുപ്പ് കൂപ്പൺ ലഭിക്കാൻ വേണ്ടി നമ്മിൽ നിന്നും അവർ പണം ഈടാക്കുകയോ, കൂപ്പൺ ലഭിക്കാനായി ആവശ്യമില്ലാതിരുന്നിട്ടും നാം സാധനം വാങ്ങുകയോ ചെയ്‌താൽ അവിടെ അത് ചൂതാട്ടത്തിൽ പെടുന്ന കാര്യമായിത്തീരും. 

ഇനി കാശ് ബാക്ക് കൂപ്പണുകൾ. അഥവാ കടയിൽ നിന്നും ഇത്ര രൂപക്ക് സാധനം വാങ്ങിയാൽ ഇത്ര രൂപ കിഴിവ് ലഭിക്കും എന്ന ഡിസ്‌കൗണ്ട് കൂപ്പണുകൾ ലഭിക്കുന്നുവെങ്കിൽ അത് അനുവദനീയമാണ്. പക്ഷെ അതിലൂടെ ലഭിക്കുന്ന ഡിസ്‌കൗണ്ട് എന്നത് യാഥാർഥ്യമായിരിക്കണം. കേവലം ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയും അവരെക്കൊണ്ട് കൂടുതൽ സാധനങ്ങൾ വാങ്ങിപ്പിക്കാൻ വേണ്ടിയും നടത്തുന്ന തട്ടിപ്പാകരുത്. അത് നിഷിദ്ധമാണ്.  

ഇനി പേയ്മെന്റ് കാശ് ബാക്ക് ഓഫറുകൾ ആണെങ്കിൽ, അത് നൽകുന്നത് കച്ചവടക്കാരനോ കമ്പനിയോ സേവന ദാതാക്കളോ ആണെങ്കിൽ അത് ഡിസ്‌കൗണ്ട് കൂപ്പൺ പോലെത്തന്നെ അനുവദനീയമാണ്. എന്നാൽ അത് നൽകുന്നത് നാം പേയ്മെൻ്റിന് വേണ്ടി ഉപയോഗിക്കുന്ന ബാങ്കോ, ഇ- വാലറ്റുകളോ ആണെങ്കിൽ അവ പലിശ സ്ഥാപനങ്ങളാണെങ്കിൽ അവയുടെ കാശ് ബാക്ക് ഓഫറുകൾ നമുക്ക്  അനുവദനീയമല്ല. അപ്രകാരം വല്ല തുകയും ഒരാൾക്ക് ലഭിച്ചാൽ തന്നെ അത് പാവപ്പെട്ടവർക്ക് നൽകുകയാണ് വേണ്ടത്. കൂടുതൽ മനസ്സിലാക്കാൻ ഈ ലേഖനം വായിക്കാം: 

ഈ വാലറ്റ് കാശ് ബാക്ക് ഓഫേഴ്‌സ് അനുവദനീയമോ ?  ലിങ്ക്: https://www.fiqhussunna.com/2019/06/blog-post_12.html   

അല്ലാഹു അനുഗ്രഹിക്കട്ടെ.. 

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Sunday, March 27, 2022

ഒരാൾ മോശമായ വാക്കുകൾ പറയുകയോ ചീത്ത വിളിക്കുകയോ ചെയ്‌താൽ നോമ്പ് മുറിയുമോ ?.

ചോദ്യം: ഒരാൾ മോശമായ വാക്കുകൾ പറയുകയോ ചീത്ത വിളിക്കുകയോ ചെയ്‌താൽ നോമ്പ് മുറിയുമോ ?. 

www.fiqhussunna.com  

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وبعد؛ 

ഒരാളുടെ നോമ്പ് എന്നാൽ കേവലം ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിക്കലല്ല. തൻ്റെ ഹൃദയത്തെയും, നാവിനെയും, പ്രവർത്തനങ്ങളെയും  എല്ലാം തന്നെ ഒരു വിശ്വാസി തിന്മകളിൽ നിന്നും മ്ലേച്ഛമായ കാര്യങ്ങളിൽ നിന്നും നിയന്ത്രിക്കേണ്ടതുണ്ട്. അതിനാണ് യഥാർത്ഥത്തിൽ നോമ്പ് എന്ന് പറയുന്നത്. ഒരാൾ നോമ്പുകാരനായിരിക്കെ ചീത്തവാക്കുകൾ പറഞ്ഞാൽ അയാളുടെ നോമ്പ് മുറിയില്ല എങ്കിലും അയാളുടെ നോമ്പിൻ്റെ പ്രതിഫലം പാടേ നഷ്ടപ്പെടാൻ ഒരുപക്ഷെ അത് മതിയാകും. അതുകൊണ്ട് നോമ്പുകാർ നാവിനെ അങ്ങേയറ്റം  സൂക്ഷിക്കണം. ഇല്ലെങ്കിൽ അയാൾക്ക് ആ നോമ്പിൽ നിന്നും ആകെ ബാക്കിയാകുന്നത് പട്ടിണി മാത്രമായിരിക്കും. അബൂ ഹുറൈറ (റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നമുക്ക് ഇപ്രകാരം കാണാം: 

من لم يدَعْ قولَ الزُّورِ والعملَ بِهِ ، فليسَ للَّهِ حاجةٌ بأن يدَعَ طعامَهُ وشرابَهُ
"ഒരാൾ കള്ള വർത്തമാനങ്ങളും, പ്രവർത്തിയും വെടിയുന്നില്ല എങ്കിൽ, അവൻ ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരു നിർബന്ധവുമില്ല". - [സ്വഹീഹുൽ ബുഖാരി: 1903, തിർമിദി: 707]. 

അതുപോലെ നോമ്പുകാരനായിരിക്കെ ഒരാൾ തൻ്റെ വാക്കുകൾ പ്രവർത്തികൾ എന്നിവ അതിയായി സൂക്ഷിക്കണം. ഒരാൾ തന്നോട് മോശമായി സംസാരിക്കുകയോ മറ്റോ ചെയ്‌താൽ പോലും അവനോട് തർക്കിക്കാൻ നിൽക്കാതെ ഞാൻ നോമ്പുകാരനാണ് എന്ന് മാത്രം മറുപടി നൽകാനാണ് നബി (സ) പഠിപ്പിച്ചത്. ഈ ഹദീസ് ഓരോ നോമ്പുകാരനും ഹൃദിസ്ഥമാക്കിയിരിക്കേണ്ട ഹദീസാണ്: 

عن أبي هُريرةَ رَضِيَ اللهُ عنه أنَّ النَّبيَّ صلَّى اللهُ عليه وسلَّم قال: ((وإذا كان يومُ صَومِ أحَدِكم فلا يَرفُثْ، ولا يصخَبْ، فإن سابَّهَ أحدٌ، أو قاتَلَه؛ فلْيقُلْ: إنِّي امرؤٌ صائِمٌ))

അബൂ ഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "നിങ്ങളിലൊരാൾ നോമ്പുകാരനായിരിക്കെ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ, മ്ലേച്ഛമായ വാക്കുകൾ പറയുകയോ ചീത്തവിളിക്കുകയോ ചെയ്യരുത്. ആരെങ്കിലും തന്നെ ചീത്ത വിളിക്കുകയോ, തന്നെ ആക്രമിക്കാൻ വരുകയോ ചെയ്‌താൽ 'ഞാനൊരു നോമ്പുകാരനാണ്' എന്നവൻ മറുപടി പറഞ്ഞുകൊള്ളട്ടെ" - [متفق عليه].
  
ഇവിടെ فلا يرفث എന്ന വാക്കിനു, നോമ്പുകാരനായിരിക്കെ തൻ്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുത് എന്നും, അതുപോലെ ആരോടും മ്ലേച്ഛമായ വാക്കുകൾ പറയരുത് എന്നും അർത്ഥമുണ്ട്. രണ്ടും നോമ്പുകാരന് പാടില്ലാത്തത് തന്നെ. 

അതുകൊണ്ടുതന്നെ നോമ്പ് എന്നാൽ കേവല ഭക്ഷണ പാനീയങ്ങൾ വെടിയലല്ല. മറിച്ച് ഹൃദയത്തെയും, വാക്കുകളെയും, കർമ്മത്തെയും സംസ്‌കരിക്കാനുള്ള  ഒരു ഇബാദത്ത് കൂടിയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ. 


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Sunday, March 13, 2022

ശഅബാൻ മാസത്തിൻ്റെ ശ്രേഷ്ഠത




الحمد لله والصلاة و السلام على رسول الله وعلى آله وصحبه ومن ولالاه وبعد؛

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഏതൊരു വിഷയത്തെ സംബന്ധിച്ചും പ്രാമാണികമായി അതില്‍ സ്ഥിരപ്പെട്ടുവന്ന കാര്യങ്ങളെക്കുറിച്ചും പ്രമാണത്തിന്‍റെ പിന്‍ബലമില്ലാത്ത കാര്യങ്ങളെക്കുറിച്ചും അറിയുക എന്നത് ഏറെ അനിവാര്യമാണ്. ശഅബാന്‍ മാസവുമായി ബന്ധപ്പെട്ട് നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന കാര്യങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് വന്ന പ്രമാണത്തിന്‍റെ പിന്‍ബലമില്ലാത്ത കാര്യങ്ങളെക്കുറിച്ചുമാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്. പരമാവധി ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്ലാം ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചതുകൊണ്ട് ഒരല്പം ദൈര്‍ഘ്യം ഉണ്ടെങ്കില്‍ക്കൂടി വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് പൂര്‍ണമായി വായിക്കണം എന്ന് ആമുഖമായി അപേക്ഷിക്കുന്നു.

www.fiqhussunna.com 

ഒന്നാമതായി:  ശഅബാന്‍ മാസം കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടുന്ന മാസമാണ്. അതുകൊണ്ടുതന്നെ റമളാന്‍ കഴിഞ്ഞാല്‍ റസൂല്‍ (സ) ഏറ്റവും കൂടുതല്‍ നോമ്പ് പിടിച്ചിരുന്നത് ശഅബാന്‍ മാസത്തിലാണ്. ഇത് സ്വഹീഹായ ഹദീസുകളില്‍ നമുക്ക് കാണാം:

عن أسامة بن زيد قال:  قلت يا رسول الله،  لم أرك تصوم شهرا من الشهور ما تصوم من شعبان،  قال:  ذلك شهر يغفل الناس عنه بين رجب ورمضان ،  وهو شهر ترفع فيه الأعمال إلى رب العالمين ، فأحب أن يرفع عملي وأنا صائم.

ഉസാമ ബ്ന്‍ സൈദ്‌ പറഞ്ഞു: ഞാന്‍ റസൂല്‍ (സ) യോട് ചോദിച്ചു:  അല്ലാഹുവിന്‍റെ റസൂലേ, (റമളാന്‍ കഴിഞ്ഞാല്‍പ്പിന്നെ) ശഅബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും അത്രയും വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ !. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "റജബിനും റമളാനിനും ഇടയില്‍ ആളുകള്‍ (പരിഗണിക്കാതെ) അശ്രദ്ധരായി വിടുന്ന ഒരു മാസമാണത്. അതാകട്ടെ അല്ലാഹുവിന്‍റെ പക്കലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഒരു മാസമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്‍റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു." - [നസാഇ: 2357, അല്‍ബാനി: ഹദീസ് ഹസന്‍]. 

അതുപോലെ മറ്റൊരു ഹദീസിൽ നമുക്ക് കാണാം: 

عن عائشة أم المؤمنين رضي الله عنها أنها قالت : " كان رسول الله صلى الله عليه وسلم يصوم حتى نقول : لا يفطر ، ويفطر حتى نقول : لا يصوم ، وما رأيت رسول الله صلى الله عليه وسلم استكمل صيام شهر قط إلا رمضان وما رأيته في شهر أكثر منه صياما في شعبان "

ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ) യില്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: "റസൂല്‍ (സ) ചിലപ്പോള്‍ തുടര്‍ച്ചയായി നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങള്‍ പറയുമായിരുന്നു. അതുപോലെ അദ്ദേഹം നോമ്പ് നോല്‍ക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം നോമ്പ് എടുക്കില്ല എന്ന് ഞങ്ങള്‍ പറയുമാറ് അത് തുടരുമായിരുന്നു. റമളാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്‍റെ റസൂല്‍ പരിപൂര്‍ണമായി നോമ്പെടുത്തത് ഞാന്‍ കണ്ടിട്ടേയില്ല. അതുപോലെ (അതു കഴിഞ്ഞാല്‍ പിന്നെ) ശഅബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല." - [മുത്തഫഖുന്‍ അലൈഹി].

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) പറയുന്നു:

"وفي الحديث دليل على فضل الصوم في شعبان"

 "ശഅബാന്‍ മാസത്തില്‍ വ്രതമെടുക്കുന്നത് പ്രത്യേകം ശ്രേഷ്ഠകാരമാണ് എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം". - [ഫത്ഹുല്‍ ബാരി: വോ: 4 പേജ്: 253].

ഇമാം സ്വന്‍ആനി (റഹിമഹുല്ല) പറയുന്നു: 

"وفيه دليل على أنه يخصُّ شعبان بالصوم أكثر من غيره"

" (റമളാന്‍ കഴിഞ്ഞാല്‍) ശഅബാന്‍ മാസത്തില്‍ പ്രത്യേകമായി മറ്റു മാസങ്ങളെക്കാള്‍ കൂടുതല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം" - [സുബുലുസ്സലാം: വോ: 2 പേജ്: 342]. 

അഥവാ ശഅബാന്‍ മാസത്തില്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ റസൂല്‍ (സ) നോമ്പ് ഒഴിവാക്കാറുണ്ടായിരുന്നുള്ളൂ എന്ന് നമുക്ക് ഹദീസുകളില്‍ കാണാം. ഉമ്മുല്‍ മുഅമിനീന്‍ ആഇശ (റ) യില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ദരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: 

ولم أره صائما من شهر قط ، أكثر من صيامه من شعبان كان يصوم شعبان كله ، كان يصوم شعبان إلا قليلا

 "അദ്ദേഹം ശഅബാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതിനേക്കാള്‍ മറ്റൊരു മാസത്തിലും നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ശഅബാന്‍ (ഏറെക്കുറെ) മുഴുവനും അദ്ദേഹം നോല്‍ക്കാറുണ്ടായിരുന്നു. വളരെ കുറഞ്ഞ ദിവസങ്ങളൊഴികെ ശഅബാന്‍ അദ്ദേഹം നോമ്പെടുത്തിരുന്നു." - [സ്വഹീഹ് മുസ്‌ലിം: 2029].

ശഅബാൻ മാസത്തിൽ ധാരാളമായി സുന്നത്ത് നോമ്പുകൾ അധികാരിപ്പിക്കാനുള്ള ഹിക്‌മത്തിനെ സംബന്ധിച്ച് ഇമാം ഇബ്‌നു റജബ് അൽ ഹമ്പലീ (റ) പറയുന്നു:  

وقال الإمام ابن رجب الحنبلى رحمه الله:
"قيل في صوم شعبان أن صيامه كالتمرين على صيام رمضان لئلا يدخل في صوم رمضان على مشقة وكلفة، بل يكون قد تمرن على الصيام واعتاده ووجد بصيام شعبان قبله حلاوة الصيام ولذته فيدخل في صيام رمضان بقوة ونشاط، ولما كان شعبان كالمقدمة لرمضان شرع فيه ما يشرع في رمضان من الصيام وقراءة القرآن ليحصل التأهب لتلقي رمضان وترتاض النفوس بذلك على طاعة الرحمن".

"ശഅബാനിലെ നോമ്പ് റമദാൻ മാസത്തിലേക്കുള്ള ഒരു തയ്യാറെടുപ്പാണ് എന്ന് പറയപ്പെട്ടിട്ടുണ്ട്. അഥവാ പെട്ടെന്ന് റമദാനിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസവും ബുദ്ധിമുട്ടും ഒഴിവാക്കാൻ വേണ്ടി. മറിച്ച് ശഅബാനിൽ നോമ്പെടുത്ത ഒരാൾ നോമ്പ് അപ്പോഴേക്കും ശീലിച്ചിട്ടുണ്ടാകും. നോമ്പിൻ്റെ മാധുര്യവും ആനന്ദവും അയാൾ ശഅബാനിൽ തന്നെ അനുഭവിച്ച് തുടങ്ങിയിട്ടും ഉണ്ടാകും. അതുകൊണ്ടുതന്നെ വളരെ ഉത്സാഹത്തോടെയും ശാരീരികമായ ഒരുക്കത്തോടെയും അയാൾക്ക് റമദാനിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നു. ശഅബാൻ റമദാനിന് മുന്നോടിയായ ഒരു മാസമായത് കൊണ്ടുതന്നെ റമദാനിൽ ശറആക്കപ്പെട്ട നോമ്പും, പാരായണവും ഒക്കെ റമദാനിനുള്ള മുന്നൊരുക്കം എന്നോണം  ശഅബാനിലും ശറആക്കപ്പെട്ടു. റമദാനിനെ അതിൻ്റെ പ്രാധാന്യത്തോടെയും പരമകാരുണ്യകന് ഇബാദത്തെടുക്കാനുള്ള മാനസികമായ മുന്നൊരുക്കത്തോടെയും വരവേൽക്കാൻ വേണ്ടി". -[لطائف المعارف : ص ـ 196].


രണ്ടാമതായി:  ഇവിടെ നാം മനസ്സിലാക്കേണ്ട മറ്റൊരു വിഷയം ശഅബാന്‍ പൂര്‍ണമായി നോമ്പ് നോല്‍ക്കാമോ എന്നതാണ്. ശഅബാന്‍ പൂര്‍ണമായി നബി (സ) നോമ്പെടുത്തു എന്ന് ചില റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെട്ടതു കൊണ്ടാണ് ഇങ്ങനെ ഒരു ചര്‍ച്ച ഉണ്ടായത്. 

عَنْ أُمِّ سَلَمَةَ رضي الله عنها قَالَتْ : مَا رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَامَ شَهْرَيْنِ مُتَتَابِعَيْنِ إِلا أَنَّهُ كَانَ يَصِلُ شَعْبَانَ بِرَمَضَانَ .

ഉമ്മു സലമ (റ) നിവേദനം: അവര്‍ പറഞ്ഞു: " റസൂല്‍ (സ) റമളാനും ശഅബാനും പരസ്പരം ചേര്‍ത്ത് നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്നതൊഴിച്ചാല്‍, രണ്ട് മാസങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല." - [അഹ്മദ്: 26022, അബൂദാവൂദ്: 2336, നസാഇ: 2175].

അതില്‍ത്തന്നെ അബൂ ദാവൂദ് ഉദ്ദരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഒന്നുകൂടി വ്യക്തമായി അത് പ്രതിപാദിക്കുന്നുണ്ട്:

أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ يَصُومُ مِنْ السَّنَةِ شَهْرًا تَامًّا إِلا شَعْبَانَ يَصِلُهُ بِرَمَضَانَ

"റസൂല്‍ (സ) ഒരു വര്‍ഷത്തില്‍ ഒരു മാസവും പൂര്‍ണമായി  നോല്‍ക്കാറുണ്ടായിരുന്നില്ല. ശഅബാനല്ലാതെ. അതിനെ റമളാനുമായി ചേര്‍ത്ത് നോല്‍ക്കുമായിരുന്നു." - [അബൂ ദാവൂദ്: 2048, അല്‍ബാനി: സ്വഹീഹ്]. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ ശഅബാനില്‍ മുഴുവന്‍ നോമ്പ് എടുക്കാം എന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല ഈ അഭിപ്രായക്കാരനാണ്. മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് അദ്ദേഹം ചിലപ്പോള്‍ അത് ഭാഗികമായും ചിലപ്പോള്‍ അത് പൂര്‍ണമായും നോമ്പെടുത്തിരുന്നിരിക്കാം എന്നതാണ്.

എന്നാല്‍ ആഇശ (റ) യുടെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടതുപോലെ "ശഅബാന്‍ പൂര്‍ണമായി നോറ്റിരുന്നു. കുറച്ച് ദിവസമൊഴികെ" എന്നതു തന്നെയായിരിക്കാം ഒരുപക്ഷെ ഉമ്മു സലമ (റ) യുടെ ഹദീസിലും ശഅബാന്‍ മുഴുവനും നോറ്റിരുന്നു എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. ഇത് ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) യും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 
അഥവാ റമളാന്‍ കഴിഞ്ഞാല്‍   മറ്റേത് മാസങ്ങളെക്കാളും കൂടുതല്‍  ശഅബാനില്‍ നോറ്റിരുന്നു എന്ന അര്‍ത്ഥത്തില്‍ ശഅബാന്‍ ഏറെക്കുറെ മുഴുവനും നോറ്റിരുന്നു എന്നായിരിക്കാം അതിന്‍റെ വിവക്ഷ. ഭാഷാപരമായി അപ്രകാരം പ്രയോഗിക്കുക എന്നത് അന്യമല്ലതാനും. ഇതാണ് മൂന്നാമത്തെ അഭിപ്രായം. ഇതാണ് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം റസൂല്‍ (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന മറ്റു ഹദീസുകള്‍ കൂടി കൂട്ടി വായിക്കുമ്പോള്‍ ഈ ആശയം ഒന്നുകൂടി ബലപ്പെടുന്നു: 

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا صَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَهْرًا كَامِلا قَطُّ غَيْرَ رَمَضَانَ
.
  ഇബ്നു അബ്ബാസ് (റ) പറഞ്ഞു: "നബി (സ) റമളാന്‍ ഒഴികെ മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല" - [متفق عليه].

അതുപോലെ ആഇശ (റ) യില്‍ നിന്നും വന്ന ഹദീസില്‍ ഇപ്രകാരം കാണാം:

وَلا صَامَ شَهْرًا كَامِلا غَيْرَ رَمَضَانَ .

"അദ്ദേഹം റമളാനല്ലാത്ത മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല." - [സ്വഹീഹ് മുസ്‌ലിം: 746]. 

അതുകൊണ്ടുതന്നെ ശഅബാന്‍ അധികദിവസവും നോമ്പ്  നോറ്റു, എന്നാല്‍ മുഴുവനായും നോറ്റിട്ടില്ല എന്ന അഭിപ്രായമാണ് ശരിയായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. 

മൂന്നാമതായി:  ശഅബാന്‍ പതിനഞ്ചിനു പ്രത്യേകത നല്‍കുന്ന ഹദീസുകള്‍ ഉണ്ടോ ?. എന്നതാണ് ഇനി നാം ചര്‍ച്ച ചെയ്യേണ്ട മറ്റൊരു ചോദ്യം.

ശഅബാന്‍ പതിനഞ്ചിന് മാത്രമായി പ്രത്യേകമായി ഇബാദത്തുകളോ നോമ്പോ നമസ്കാരമോ നിര്‍വഹിക്കുന്നതായുള്ള യാതൊരു ഹദീസും നബി (സ) യില്‍ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടില്ല. അതുപോലെ സ്വഹാബാക്കളില്‍ നിന്നും അപ്രകാരം വന്നിട്ടില്ല. അതുകൊണ്ടുതന്നെ മറ്റു ദിനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ശഅബാന്‍ പതിനഞ്ചിന് മാത്രം എന്തെങ്കിലും ഇബാദത്തുകളില്‍ ഏര്‍പ്പെടുന്നത് റസൂല്‍ (സ) യില്‍ നിന്നോ, സ്വഹാബത്തില്‍ നിന്നോ സ്ഥിരപ്പെടാത്ത കാര്യമാണ്.

ഇനി ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് അല്ലാതെ ഉദ്ദരിക്കപ്പെട്ട ഹദീസുകള്‍ തന്നെ എല്ലാം ദുര്‍ബലമോ, കെട്ടിച്ചമക്കപ്പെട്ടവയോ ആണ് എന്ന് ധാരാളം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

ഇമാം ഇബ്നുല്‍ ജൗസി (റ) തന്‍റെ (الموضوعات 'കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍') എന്ന ഗ്രന്ഥത്തിലും (Vol: 2 Page 440- 445), ഇമാം അബൂശാമ അശ്ശാഫിഇ (റ) തന്‍റെ (الباعث في إنكار البدع والحوادث 'ബിദ്അത്തുകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ' എന്ന ഗ്രന്ഥത്തിലും ), ഇമാം ഇബ്നുല്‍ ഖയ്യിം തന്‍റെ (المنار المنيف) എന്ന ഗ്രന്ഥത്തിലും ഒക്കെ ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് പ്രത്യേകമായി വന്ന ഹദീസുകള്‍ ദുര്‍ബലമാണ് എന്ന് സ്ഥാപിച്ചിട്ടുണ്ട്.

ഇമാം ഇബ്നു റജബ് അല്‍ഹംബലി (റ) പറയുന്നു:

" وفي فضل ليلة نصف شعبان أحاديث متعددة ، وقد اختُلف فيها ، فضعّفها الأكثرون ، وصحّح ابن حبان بعضها "  

"ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വിവിധ ഹദീസുകള്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. അവയുടെ സ്വീകാര്യതയില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ഭൂരിഭാഗം പണ്ഡിതന്മാരും അവ ദുര്‍ബലമാണ് എന്ന അഭിപ്രായക്കാരാണ്. ഇബ്നു ഹിബ്ബാന്‍ (റ) അവയില്‍ ചിലത് സ്വഹീഹാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്" - [ لطائف المعارف : 261 ].

ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് പ്രത്യേകമായ ആചാരങ്ങളോ ആരാധനകളോ ഇല്ല എന്നതില്‍ പണ്ഡിതന്മാര്‍ അനേകം കൃതികള്‍ തന്നെ രചിച്ചിട്ടുണ്ട്. എന്നാല്‍ അന്നത്തെ ദിവസം പാപമോചനം ലഭിക്കുന്ന ദിവസങ്ങളില്‍ ഒന്നാണ് എന്ന് പരാമര്‍ശിക്കുന്ന ഹദീസുകളില്‍ ചില റിപ്പോര്‍ട്ടുകള്‍ സ്വീകാര്യമാണോ എന്ന് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബഹുഭൂരിപക്ഷം പേരും എല്ലാം ദുര്‍ബലമാണ് എന്ന അഭിപ്രായക്കാരാണ്. ഇനി ആ ഹദീസ് സ്വീകാര്യമാണ് എന്ന് വന്നാല്‍ത്തന്നെ അന്ന് പ്രത്യേകമായി എന്തെങ്കിലും അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ അതൊട്ട്‌ പര്യാപ്തവുമല്ല.

ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വന്ന ഹദീസ് ഇപ്രകാരമാണ്:

عَنْ معاذ بن جبل رضي الله عنه عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : " يطلع الله إلى خلقه في ليلة النصف من شعبان فيغفر لجميع خلقه إلا لمشرك أو مشاحن "  

മുആദ് ബ്ന്‍ ജബല്‍ (റ) വില്‍ നിന്നും നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ അല്ലാഹു തന്‍റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്രിക്കോ, തര്‍ക്കിക്കുന്നവനോ അല്ലാത്ത സകല സൃഷ്ടികള്‍ക്കും  അവന്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും." - [ത്വബറാനി: 20/108, ഇബ്നു ഹിബ്ബാന്‍: 12/481].

ഈ ഹദീസ് ദുര്‍ബലമാണ്. കാരണം ഈ ഹദീസിന്‍റെ സനദില്‍ 'മക്ഹൂല്‍ അശാമി' എന്ന് പറയുന്ന വ്യക്തിയുണ്ട്‌. അദ്ദേഹം ഹദീസ് നിദാനശാസ്ത്രപ്രകാരം മുദല്ലിസ് ആണ്. നേരിട്ട് കേട്ടു എന്ന് പരാമര്‍ശിക്കാത്ത (عن) പ്രയോഗിച്ചു വന്ന അദ്ദേഹത്തിന്‍റെ ഹദീസുകള്‍ സ്വീകാര്യമല്ല. ഇത് ഇമാം ദഹബി അദ്ദേഹത്തിന്‍റെ (السير) എന്ന ഗ്രന്ഥത്തില്‍ (Vol:5 Page: 156) വ്യക്തമാക്കിയിട്ടും ഉണ്ട്.

എന്നാല്‍ ദുര്‍ബലമെങ്കിലും റിപ്പോര്‍ട്ടുകളുടെ ആധിക്യം കാരണത്താലാണ് ശൈഖ് അല്‍ബാനി (റ), അതുപോലെ തുഹ്ഫതുല്‍ അഹ്വവദിയില്‍ മുബാറക്ഫൂരി തുടങ്ങിയ ചില പണ്ഡിതന്മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ പരസ്പരം ബലപ്പെടുത്തുന്നതിനാല്‍ സ്വീകാര്യം എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അവയൊന്നും തന്നെ സ്ഥിരപ്പെട്ടിട്ടില്ല. പരസ്പരം ബാലപ്പെടുത്താവുന്നതിനേക്കാള്‍ ദുര്‍ബലമാണ് അവയുടെ സനദുകള്‍ എന്ന് മറ്റു പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ശൈഖ് ഇബ്നു ബാസ് (റ) ശൈഖ് ഇബ്നു ഉസൈമീന്‍ (റ) തുടങ്ങിയവരെല്ലാം ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് യാതൊരു റിപ്പോര്‍ട്ടും സ്വീകാര്യമായി വന്നിട്ടില്ല എന്ന അഭിപ്രായക്കാരാണ്. കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ ഹദീസുകളുടെ സനദുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരിശോധിക്കാവുന്നതാണ്. 

ഏതായാലും ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ ഈ ഹദീസ് സ്ഥിരപ്പെട്ടാലും ഇല്ലെങ്കിലും ശഅബാനുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന അനാചാരങ്ങള്‍ക്ക് അതൊരിക്കലും സാധൂകരണമാകുന്നില്ല. അതാണ്‌ തുടര്‍ന്ന് നാം വിശദീകരിക്കുന്നത്. 

നാലാമതായി: ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് ചിലര്‍ കടത്തിക്കൂട്ടിയ അനാചാരങ്ങള്‍ എന്തെല്ലാം ?. 

ഒന്ന്: ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായുള്ള നോമ്പ്. ബറാഅത്ത് നോമ്പ് എന്ന പേരില്‍ പൊതുവേ ആളുകള്‍ പറഞ്ഞു വരാറുള്ള നോമ്പ് ആണിത്. ശഅബാന്‍ മാസത്തില്‍ പൊതുവേ നോമ്പ് പിടിക്കലും ശഅബാന്‍ മാസത്തിന്‍റെ പൂരിഭാഗം ദിവസങ്ങളും നോമ്പെടുക്കലും നബി (സ) യുടെ സുന്നത്താണ് എന്ന് നേരത്തെ ഹദീസുകള്‍ ഉദ്ദരിച്ച് നാം വിശദീകരിച്ചല്ലോ. അതുപോലെ എല്ലാ ഹിജ്റ മാസങ്ങളിലെയും 13, 14, 15 ദിവസങ്ങള്‍ അയ്യാമുല്‍ ബീളിന്‍റെ ദിവസങ്ങള്‍ എന്ന നിലക്ക്   നോമ്പെടുക്കല്‍ സുന്നത്താണ് എന്നും നമുക്കറിയാം. അതുപോലെ ദാവൂദ് നബി (അ) യുടെ നോമ്പ് എന്ന് നബി (സ) പഠിപ്പിച്ച ഒന്നിടവിട്ട് നോമ്പെടുക്കുന്നതും സുന്നത്താണ്. ആ നിലക്കെല്ലാം ശഅബാന്‍ പതിനഞ്ചിന് ഒരാള്‍ നോമ്പെടുക്കുകയാണ് എങ്കില്‍ അത് നബി (സ) പഠിപ്പിച്ച പരിതിക്കുള്ളില്‍ വരുന്നതാണ്. എന്നാല്‍ അതല്ലാതെ ശഅബാന്‍ പതിനഞ്ചിന് മാത്രം പ്രത്യേകമായ നോമ്പുണ്ട് എന്ന് വാദിക്കുകയും, ബറാഅത്ത് നോമ്പ് എന്ന പേരില്‍ ആളുകളോട് ശഅബാന്‍ പതിനഞ്ച് നോമ്പെടുക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നത് ചിലര്‍ കടത്തിക്കൂട്ടിയ ബിദ്അത്തുകളില്‍പ്പെട്ടതാണ്.

അത് സാധൂകരിക്കാന്‍ അവര്‍ ഉദ്ദരിക്കാറുള്ള ഹദീസ് ഇപ്രകാരമാണ്:
إذا كانت ليلة النصف من شعبان فقوموا ليلها وصوموا نهارها

"ശഅബാന്‍ പാതിയായാല്‍ (അഥവാ പതിനഞ്ചായാല്‍) അതിന്‍റെ രാവ് നിങ്ങള്‍ നിന്ന് നമസ്കരിക്കുകയും, അതിന്‍റെ പകല്‍ നിങ്ങള്‍ നോമ്പെടുക്കുകയും ചെയ്യുക".  ഇബ്നു മാജയാണ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പക്ഷെ ഈ ഹദീസ് موضوع ആയ ഹദീസ്, അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ് എന്നാണ് മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല  ശഅബാന്‍ പതിനഞ്ച് പ്രത്യേകമായി നോമ്പ് നോല്‍ക്കുന്നതോ, അതിന്‍റെ രാവ് പ്രത്യേകമായി നിന്ന് നമസ്കരിക്കുന്നതോ പരാമര്‍ശിക്കുന്നതായി വന്ന എല്ലാ റിപ്പോര്‍ട്ടുകളും ഒന്നുകില്‍ കെട്ടിച്ചമക്കപ്പെട്ട മൗളൂആയ ഹദീസുകളോ അതല്ലെങ്കില്‍ ദുര്‍ബലമായ ളഈഫായ ഹദീസുകളോ ആണ് എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം ഇബ്നുല്‍ ജൗസി (റ)  തന്‍റെ കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍ പരാമര്‍ശിക്കുന്ന (كتاب الموضوعات) എന്ന ഗ്രന്ഥത്തില്‍ പേജ് 440 മുതല്‍ 445 വരെയുള്ള ഭാഗത്തും, പേജ് 1010 മുതല്‍ 1014 വരെയുള്ള ഭാഗത്തും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ബൈഹഖി തന്‍റെ (شعب الإيمان) എന്ന ഗ്രന്ഥത്തിലും (ഹദീസ് 3841) , ഇമാം അബുല്‍ഖത്താബ് ബ്ന്‍ ദഹിയ (أداء ما وجي) എന്ന ഗ്രന്ഥത്തിലും (പേജ് : 79- 80) , ഇമാം അബൂ ശാമ അശാഫിഇ (الباعث على إنكار البدع والحوادث) എന്ന ഗ്രന്ഥത്തിലും പേജ് : 124 - 137  ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായി നോമ്പ് അല്ലെങ്കില്‍ നമസ്കാരം എന്നിവ പറയുന്നതായി വന്ന ഹദീസുകള്‍ എല്ലാം കെട്ടിച്ചമക്കപ്പെട്ടതോ ദുര്‍ബലമായതോ ആയ ഹദീസുകള്‍ ആണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ച അയ്യാമുല്‍ ബീള് എന്ന നിലക്കോ, ശഅബാനിലെ ഏറിയ ഭാഗവും നോമ്പെടുക്കുക എന്നതിന്‍റെ ഭാഗമായോ നബി (സ) യുടെ സുന്നത്തനുസരിച്ച് ശഅബാന്‍ മാസത്തിലെ പതിനഞ്ച് അടക്കമുള്ള ദിനങ്ങളില്‍ നോമ്പ് സുന്നത്താണ് എന്നിരിക്കെ , നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ലാത്ത ഒരു പ്രത്യേക പ്രാധാന്യം പതിനഞ്ചിലെ നോമ്പിന് മാത്രം കല്പിച്ച് അന്ന് പ്രത്യേകമായി നോമ്പ് നോല്‍ക്കല്‍ ബിദ്അത്താണ്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. നമ്മുടെ ഉമ്മ മഹതി ആഇശ (റ) നബി (സ) യില്‍ നിന്നും ഉദ്ദരിച്ച പ്രസിദ്ധമായ ഹദീസില്‍ ഇപ്രകാരം കാണാം:

من عمل عملا ليس عليه أمرنا فهو رد

"നമ്മുടെ കല്പനയില്ലാത്ത ഒരു കാര്യം ഒരാള്‍ (മതത്തിന്‍റെ) പേരില്‍ അനുഷ്ടിച്ചാല്‍ അത് മടക്കപ്പെടുന്നതാണ്" - [متفق عليه]. അഥവാ അത് അസ്വീകാര്യമായിരിക്കും എന്നതോടൊപ്പം അതവന്‍റെ മേല്‍ ശിക്ഷയായി മടങ്ങുന്നതാണ്. 

രണ്ട്: ചില ആളുകള്‍ അനുഷ്ടിക്കുന്ന ശഅബാന്‍ പതിനഞ്ചിന്‍റെ രാവിലെ 'സ്വലാത്തുല്‍ അല്‍ഫിയ' എന്ന നമസ്കാരം യാതൊരു പ്രമാണവുമില്ലാത്ത മറ്റൊരു ബിദ്അത്താണ്. ശഅബാന്‍ പതിനഞ്ചിന് നൂറ് റകഅത്ത് നമസ്കരിക്കുകയും അതില്‍ ഓരോ റകഅത്തിലും 10 വീതം തവണ സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുകയും ചെയ്യുന്ന പ്രത്യേക നമസ്കാരമാണ് അത്. അതിനെക്കുറിച്ച് ഇമാം നവവി (റ) പറയുന്നു: 

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله 

" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും  മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548].

മൂന്ന്: ശഅബാന്‍ പതിനഞ്ചാം രാവില്‍ പ്രത്യേകം എണ്ണം സൂറത്തു യാസീന്‍ പാരായണം ചെയ്യല്‍. ഇത് പ്രമാണബദ്ധമായി സ്ഥിരപ്പെടാത്ത ഒരു കാര്യമാണ്. യാതൊരുവിധ ഹദീസും ഇതുമായി ബന്ധപ്പെട്ട് സ്ഥിരപ്പെട്ട് വന്നിട്ടില്ല. അതുപോലെ ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ ഇശാ നമസ്കാരത്തിന് പ്രത്യേകമായി സൂറത്തുല്‍ യാസീന്‍ പാരായണം ചെയ്യല്‍. അങ്ങനെ ഇന്ന നമസ്കാരത്തിന് ഇന്ന സൂറത്ത് നിങ്ങള്‍ പ്രത്യേകമായി പാരായണം ചെയ്യണം എന്ന് പഠിപ്പിക്കേണ്ടത് അല്ലാഹുവിന്‍റെ റസൂലാണ്.  റസൂല്‍ കരീം (സ) യില്‍ നിന്നും അങ്ങനെ യാതൊന്നും തന്നെ ഹദീസുകളില്‍ വന്നതായി കാണാന്‍ സാധിക്കില്ല. ചില ആളുകള്‍ ഇതോടൊപ്പം ആരൊക്കെയോ കെട്ടിയുണ്ടാക്കിയ മൗലിദ് കിതാബുകള്‍ ഏടുകള്‍ തുടങ്ങിയവയും പാരായണം ചെയ്യുന്നു. പലതിലും ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വമായി തൗഹീദിന് ഘടകവിരുദ്ധമായ വരികളും ഉള്‍ക്കൊള്ളുന്നു. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. അറിവില്ലായ്മ കൊണ്ടും തെറ്റിദ്ധാരണ കൊണ്ടും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ആളുകള്‍ക്ക് അല്ലാഹു ഹിദായത്ത് നല്‍കുമാറാകട്ടെ.  ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് അല്ലാഹുവിന്‍റെ അനുഗ്രഹവും രിസ്കും ഇറങ്ങുകയല്ല. മറിച്ച് അവന്‍റെ ശാപമാണ് ലഭിക്കുക. കാരണം അല്ലാഹുവിന്‍റെ മതത്തില്‍ അനാചാരങ്ങള്‍ കടത്തിക്കൂട്ടുക എന്നത് അത്യധികം ഗൗരവപരമായ പാതകമാണ്.

നാല്:  ശഅബാന്‍ പതിനഞ്ച് ആഘോഷിക്കല്‍ അനാചാരങ്ങളില്‍പ്പെട്ടതാണ്. നമ്മുടെ മാതൃകയായ റസൂല്‍ കരീം (സ) നമുക്ക് പഠിപ്പിച്ച് തന്നത് മൂന്ന്‍ ആഘോഷങ്ങളാണ്.  ഈദുല്‍ അള്ഹാ , ഈദുല്‍ ഫിത്വര്‍ , അതുപോലെ വെള്ളിയാഴ്ച ദിവസം ഇതല്ലാത്ത മറ്റൊരു ഈദ് മതത്തിലില്ല. അതുകൊണ്ടുതന്നെ ശഅബാന്‍ പതിനഞ്ചാം രാവില്‍ മധുരം കൊടുത്തും പ്രത്യേകം ഭക്ഷണം പാകം ചെയ്തുമെല്ലാം ആഘോഷിക്കുന്നത് ബിദ്അത്താണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ, സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി യാതൊരു തെളിവുമില്ല. മതത്തില്‍ പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടുന്നതില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

ലജ്നതുദ്ദാഇമയുടെ ഫത്വയില്‍ ഇപ്രകാരം കാണാം: " ലൈലത്തുല്‍ ഖദ്റോ അതുപോലുള്ള മറ്റു രാവുകളോ ആഘോഷിക്കരുത്. അതുപോലെ ഏതെങ്കിലും പ്രത്യേക അവസരങ്ങളില്‍ ഉദാ: ശഅബാന്‍ പതിനഞ്ചാം രാവ്, ഇസ്റാഅ് മിഅ്റാജ് , മൗലിദുന്നബവി തുടങ്ങിയ ആഘോഷങ്ങള്‍ നിഷിദ്ധമാണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ (സ) സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല. "നമ്മുടെ മതത്തില്‍ ഇല്ലാത്ത ഒരു കാര്യത്തെ (മതത്തിന്‍റെ പേരില്‍) ആരെങ്കിലും കടത്തിക്കൂട്ടിയാല്‍ അത് മടക്കപ്പെടുന്നതാണ്" എന്ന് അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടുമുണ്ട്." - [ഫതാവ ലജ്നതുദ്ദാഇമ : 2/257-258].

അഞ്ച്: ആയുസ് വര്‍ദ്ധിക്കാനും, അപകടങ്ങള്‍ നീങ്ങാനും പ്രത്യേകമായി ശഅബാന്‍ പതിനഞ്ചാം രാവില്‍ ആറു റകഅത്തുകള്‍ നമസ്കരിക്കല്‍. ഇതും അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടില്ലാത്ത മറ്റാരോ കടത്തിക്കൂട്ടിയ ബിദ്അത്താണ്.  

ഇത്തരം പുത്തന്‍ ആചാരങ്ങള്‍ എല്ലാം വെടിഞ്ഞ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ജീവിതത്തില്‍ പകര്‍ത്തി  ജീവിക്കാന്‍ ഓരോരുത്തരും പരിശ്രമിക്കുക. ഒരാള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ചെയ്യാന്‍ മാത്രം സുന്നത്തുകള്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) തന്നെ പഠിപ്പിച്ചിട്ടുണ്ട്. അതിലേക്ക് പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടേണ്ടതില്ല. നിങ്ങള്‍ ആലോചിച്ച് നോക്ക് ഒരാള്‍ അമല്‍ വര്‍ദ്ധിപ്പിക്കാനും പ്രതിഫലം ആഗ്രഹിക്കാനും ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ ശഅബാന്‍ പൂരിഭാഗവും നോമ്പ് പിടിച്ചുകൊള്ളട്ടെ. അതാണ്‌ റസൂല്‍ (സ) ചര്യ. അത് ഒരു പതിനഞ്ചിന് മാത്രം പരിമിതപ്പെടുത്തുന്നത് എന്തിന്. ഇനി സാധിക്കില്ലയെങ്കില്‍ അയാള്‍ അയ്യാമുല്‍ ബീള് അതായത് 13, 14, 15 ദിനങ്ങള്‍ നോമ്പ് നോല്‍ക്കട്ടെ അതും റസൂല്‍ (സ) പഠിപ്പിച്ച സുന്നത്ത് ആണ്. മാത്രമല്ല ശഅബാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുന്നതിനാണ് യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങളില്‍ നോമ്പ് നോല്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത. കാരണം അവയെക്കാള്‍ ശഅബാനില്‍ അല്ലാഹുവിന്‍റെ റസൂല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. റജബിലെ നോമ്പിനാണ്  കൂടുതല്‍ ശ്രേഷ്ഠത എന്ന് പ്രചരിപ്പിക്കുന്ന ചിലരുടെ അറിവില്ലായ്മ മനസ്സിലാക്കാന്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.  അതുപോലെ രാത്രി നമസ്കാരം എല്ലാ രാവിലും ഉണ്ട്. അത് ജീവിതത്തിന്‍റെ ഭാഗമാക്കട്ടെ. അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും ഇഷ്ടപ്പെടുന്ന ഒരാള്‍ അതല്ലേ ചെയ്യേണ്ടത്. നബി (സ) യുടെ മാതൃകയല്ലേ നാം പിന്‍പറ്റേണ്ടത്. അല്ലാഹുതൗഫീഖ് നല്‍കട്ടെ. അല്ലാഹു പറയുന്നത് നോക്കൂ:

قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ
"( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ" - [ആലുഇംറാന്‍:31].  
അഞ്ചാമതായി: ഒരു വിഷയം കൂടി സൂചിപ്പിച്ചുകൊണ്ട് ശഅബാന്‍ മാസത്തെ സംബന്ധിച്ചുള്ള ഈ ലേഖനം അവസാനിപ്പിക്കുകയാണ്. ശഅബാന്‍ മാസത്തിന്‍റെ പാതി പിന്നിട്ടാല്‍ പിന്നെ നോമ്പ് നോല്‍ക്കരുത് എന്ന് ഹദീസ് ഉണ്ടോ ?. അതിന്‍റെ വിവക്ഷ എന്താണ് ?. ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നബി (സ) നോമ്പ് നോറ്റിരുന്നു എന്ന ഹദീസുകളും ഈ ഹദീസും തമ്മില്‍ എങ്ങനെ യോജിപ്പിച്ച് മനസ്സിലാക്കാം എന്നെല്ലാം ചിലര്‍ സംശയം ഉന്നയിക്കാറുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്: 

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : إذا بقي نصف من شعبان فلا تصوموه

അബൂ ഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " ശഅബാനിലെ പകുതി മാത്രം ബാക്കിയായാല്‍ നിങ്ങള്‍ നോമ്പ് പിടിക്കരുത്" - [തിര്‍മിദി: 749.അല്‍ബാനി: സ്വഹീഹ്]. 

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു: "അതിന്‍റെ പൊരുള്‍ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോല്‍ക്കാന്‍ തുടങ്ങരുത് എന്നതാണ്. എന്നാല്‍ ഒരാള്‍ ശഅബാന്‍ പൂര്‍ണമായോ പൂരിഭാഗമോ നോമ്പെടുത്താല്‍ അവന്‍ അവന് ആ സുന്നത്ത് ലഭിച്ചിരിക്കുന്നു." - [മജ്മൂഉ ഫതാവ: വോ: 25]. 

 അഥവാ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോറ്റു തുടങ്ങരുത്. എന്നാല്‍ ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നോമ്പെടുക്കണം എന്ന ഉദ്ദേശത്തോടെ നേരത്തെ നോമ്പ് നോറ്റു തുടങ്ങിയവര്‍ക്ക് പാതി പിന്നിട്ട ശേഷവും നോമ്പ് തുടരുന്നത് കുഴപ്പമില്ല. ആ നിലക്ക് തന്നെ മറ്റു ഹദീസുകളുമായി ഈ ഹദീസിന് യാതൊരു വൈരുദ്ധ്യവുമില്ല എന്ന് മനസ്സിലാക്കാം. അതുപോലെ ശഅബാന്‍ മാസത്തിന്‍റെ അവസാനത്തില്‍ റമളാന് ഒന്നോ രണ്ടോ ദിവസം മുന്‍പായി നിങ്ങള്‍ നോമ്പ് നോല്‍ക്കരുത്. എന്നാല്‍ ആരെങ്കിലും സാധാരണയായി നോമ്പ് നോറ്റു വരുന്നയാള്‍ ആണെങ്കില്‍ ആ നോമ്പുമായി പൊരുത്തപ്പെട്ട് വന്നാല്‍ ഉദാ: തിങ്കള്‍, വ്യാഴം സ്ഥിരമായി നോല്‍ക്കുന്നവരെപ്പോലെ അവര്‍ക്ക് നോല്‍ക്കാവുന്നതാണ് എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വസ്തുനിഷ്ടമായി മനസ്സിലാക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും, നബി (സ) യുടെ ചര്യ പിന്‍പറ്റി ജീവിച്ച് നേര്‍മാര്‍ഗത്തില്‍ മരണമാടയാനും അല്ലാഹു നമുക്കേവര്‍ക്കും തൗഫീഖ് നല്‍കട്ടെ ... 

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ
www.fiqhussunna.com