Thursday, July 4, 2013

സകാത്ത് എല്ലാ അര്‍ത്ഥത്തിലും വര്‍ധനവാണ്.
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

( ഇബ്നു ഉസൈമീന്‍(റ) യുടെ വിശദീകരണത്തെ അവലംഭമാക്കി എഴുതിയ ലേഖനം ) 

സകാത്ത് എന്ന പദത്തിന്‍റെ ഭാഷാര്‍ത്ഥം : വര്‍ധനവ്‌, വികാസം, ശുദ്ധീകരണം തുടങ്ങിയ അര്‍ത്ഥങ്ങളാണ് ഭാഷയില്‍ സകാത്തിനുള്ളത് .

കര്‍മ്മശാസ്ത്ര പണ്ഡിതന്മാരുടെ നിര്‍വചനം : അനുഗ്രഹീതനും പരമോന്നതനുമായ അല്ലാഹുവിന് ആരാധനയെന്നോണം നിര്‍ണ്ണിതമായ ചില സമ്പത്തുകളില്‍ നിന്നും, നിര്‍ബന്ധവും നിര്‍ണ്ണിതവുമായ ഒരു വിഹിതം, നിര്‍ണ്ണിതമായ അവകാശികള്‍ക്ക് നല്‍കുന്നതിനെയാണ്‌ സകാത്ത് എന്ന് പറയുന്നത്.

സകാത്തിന്‍റെ ഭാഷാര്‍ത്ഥത്തിന് അതിന്‍റെ നിര്‍വചനവുമായി ഏറെ ബന്ധമുണ്ട്. എല്ലാ നിലക്കും സകാത്ത് വര്‍ധനവാണ്. 
സകാത്തുകൊണ്ട് ഒരാൾക്കുണ്ടാകുന്ന വർദ്ധനവും നേട്ടങ്ങളും:

1- നല്‍കുന്ന ആളുടെ ഈമാന്‍ വര്‍ധിക്കുന്നു. പ്രവാചകന്‍(സ) പറഞ്ഞു:
لا يؤمن أحدكم حتى يحب لأخيه ما يحب لنقسه
" താന്‍ ഇഷ്ടപ്പെടുന്നത് തന്‍റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ ഒരാളും വിശ്വാസിയാവുകയില്ല " [സ്വഹീഹ് മുസ്‌ലിം].
നമ്മുടെ ആവശ്യങ്ങള്‍ക്കുള്ള പണം ലഭിക്കണമെന്ന് നാം ആഗ്രഹിക്കാറില്ലേ ?!. അതുപോലെ നമ്മുടെ സഹോദരങ്ങള്‍ക്കും അവരുടെ ആവശ്യത്തിനുള്ള സമ്പത്ത് ലഭിക്കട്ടെയെന്ന് നാം ആഗ്രഹിക്കേണ്ടതുണ്ട്. അത് നമ്മുടെ ഈമാന്‍ വര്‍ധിക്കുവാന്‍ ഇടവരുത്തുന്നു. അല്ലാഹു പറയുന്നു :

لَنْ تَنَالُوا الْبِرَّ حَتَّى تُنْفِقُوا مِمَّا تُحِبُّونَ وَمَا تُنْفِقُوا مِنْ شَيْءٍ فَإِنَّ اللَّهَ بِهِ عَلِيمٌ
"നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചിലവഴിക്കുന്നത് വരെ
 നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചിലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെക്കുറിച്ച് അറിയുന്നവനാകുന്നു" [ആലു ഇംറാന്‍- 92]. മാത്രമല്ല ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ സകാത്ത് അനുഷ്ടിക്കാതെ ഒരാളുടെ ഈമാന്‍ പൂര്‍ണമാകില്ലെന്ന് പറയേണ്ടതില്ലല്ലോ .

2- സമ്പത്തും അതിലുള്ള ബര്‍ക്കത്തും വര്‍ധിക്കാന്‍ സകാത്ത് കാരണമാകുന്നു. അല്ലാഹു പറയുന്നു :
مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّئَةُ حَبَّةٍ وَاللّهُ يُضَاعِفُ لِمَن يَشَاء وَاللّهُ وَاسِعٌ عَلِيمٌ
" അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉത്പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു" - [അല്‍ ബഖറ- 261] . അതിനാലാണ് സാമ്പത്തികമായ ഞെരുക്കം അനുഭവിക്കുന്ന ആളുകള്‍ ചെറിയ തോതിലാണെങ്കിലും ദാനം നല്കട്ടെയെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്താന്‍ കാരണം. ദാനം നല്‍കുക വഴി അല്ലാഹു അവര്‍ക്ക് സമ്പത്ത് വര്‍ധിപ്പിച്ചു കൊടുക്കുകയും അവരുടെ പ്രയാസങ്ങള്‍ നീങ്ങുകയും ചെയ്യും. " അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്ന" എന്ന് അല്ലാഹു തന്നെ പറഞ്ഞിരിക്കെ സമ്പത്ത് വര്‍ധിപ്പിക്കാന്‍ ഇതിലും നല്ല മാര്‍ഗം വേറെ ഏതാണ്?!.

അതുപോലെ പ്രവാചകന്‍(സ) പറഞ്ഞു:
ما نقصت مال من صدقة
" ദാനധര്‍മ്മം കാരണത്താല്‍ ഒരു സമ്പത്തിലും കുറവ് വന്നിട്ടില്ല " - [സ്വഹീഹ് മുസ്‌ലിം]. അഥവാ ദാനധര്‍മ്മം സമ്പത്ത് വര്‍ധിക്കാന്‍ കാരണമാകുന്നു. പ്രവാചകന്‍(സ)യുടെ മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം:
ما من يوم يصبح العباد فيه إلا ملكان ينزلان فيقول أحدهما اللهم أعط منفقا خلفا ويقول الآخر اللهم أعط ممسكا تلفا
" രണ്ടുമലക്കുകള്‍ ഇറങ്ങുകയും അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടല്ലാതെ ഏതൊരു ദിവസവും നേരം പുലരുന്നില്ല. അവരിലൊരാള്‍ പറയും : "അല്ലാഹുവേ സമ്പത്ത് ദാനം ചെയ്യുന്നവന് നീ അതിനേക്കാള്‍ നല്ലത് നല്‍കേണമേ", മറ്റൊരാള്‍ ഇപ്രകാരം പറയും: "അല്ലാഹുവേ സമ്പത്ത് പിടിച്ചുവെക്കുന്നവന് നീ നാശം വിതക്കേണമേ"[ബുഖാരി, മുസ്‌ലിം ]

ദാനധര്‍മ്മങ്ങള്‍ സമ്പത്തില്‍ വര്‍ധനവാണ് ഉണ്ടാക്കുന്നത് എന്ന് പ്രമാണങ്ങളില്‍ നിന്നും കൃത്യമായി മനസ്സിലാക്കാം.
സാമ്പത്തികശാസ്ത്രമനുസരിച്ചും ദാനധര്‍മ്മവും സകാത്തും വര്‍ധനവാണ്. ഏതൊരു സമൂഹത്തിലും ദാരിദ്ര്യവും, തൊഴിലില്ലായ്മയും, പട്ടിണിയും വ്യാപിച്ചാല്‍ അവരുടെ സമ്പത് വ്യവസ്ഥയും അവരുടെ നാട്ടിലെ സുരക്ഷിതത്വവും എല്ലാം താറുമാറാകും. ഉല്പാദന ശേഷി കുറയും. ഉല്പാദന ശേഷി കുറയുക വഴി വിലക്കയറ്റം ഉണ്ടാകും. ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും ഒരുമിച്ചു വന്നാല്‍ കുറ്റകൃത്യങ്ങള്‍ സ്വാഭാവികമായും വര്‍ധിക്കും. അത് ആ സമൂഹത്തില്‍ ജീവിക്കുന്ന ഓരോ വ്യക്തിയും പ്രതികൂലമായി ബാധിക്കും. ആ നിലക്ക് ആ സമൂഹത്തിന്‍റെ കെട്ടുറപ്പിന് ആ സമൂഹത്തില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ ആളുകളുടെയും സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിന് സകാത്ത് ഒരു അത്ഭുതകരമായ പരിഹാരമാണ്.
പണക്കാരുടെ കയ്യില്‍ നിന്നും നിര്‍ണ്ണിതമായ ഒരു വിഹിതം പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട അവകാശികള്‍ക്ക് നല്‍കുക വഴി ആ സമൂഹത്തിന് ഉണര്‍വ്വും ഉന്മേഷവും ലഭിക്കുന്നു. അവരുടെ ഉല്പാദന ശേഷി വര്‍ധിക്കുന്നു. അതുമുഖേന തൊഴിലവസരങ്ങളും വിലക്കുറവും ഉണ്ടാകുന്നു. ആ സമൂഹം ഒന്നടങ്കം വളരുന്നു. കുറ്റകൃത്യങ്ങള്‍ കുറയുന്നു. സുരക്ഷിതത്വവും സമാധാനവും വര്‍ധിക്കുന്നു. സകാത്ത് നല്‍കുന്ന ആളുകള്‍ക്കും അതിന്‍റെ ഗുണം ലഭിക്കുന്നു. അവര്‍ക്ക് നിക്ഷേപാവസരങ്ങളും കച്ചവടാവസരങ്ങളും വര്‍ധിക്കുന്നു. എത്ര അത്ഭുതം. ഇതെല്ലാം തന്നെ 'സകാത്ത്' എന്ന പദത്തിന്റെ  ഭാഷാര്‍ത്ഥവും അതിന്‍റെ നിര്‍വചനവുമായുള്ളബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.

3 - സകാത്തടക്കമുള്ള ദാനധര്‍മ്മങ്ങള്‍ ഖിയാമത്ത് നാളിലെ കടുത്ത ചൂടില്‍ നിന്നും രക്ഷ ലഭിക്കാന്‍ കാരണമാകുന്നു. അര്‍ശിന്‍റെ തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത ദിവസത്തില്‍ തണല്‍ ലഭിക്കാന്‍ അതൊരു കാരണമാണ്. അല്ലാഹുവിന്‍റെ പ്രവാചകന്‍ പറഞ്ഞു:
كل امرئ في ظل صدقته يوم القيامة
" അന്ത്യ നാളില്‍ ഓരോരുത്തരും തങ്ങള്‍ നല്‍കിയ ദാനധര്‍മ്മങ്ങളുടെ തണലിലായിരിക്കും" [മുസ്നദ് അഹ്മദ്, സ്വഹീഹ് ഇബ്ന്‍ ഖുസൈമ ] .

4 - സകാത്ത് നല്‍കുന്നവന്‍റെ സല്സ്വഭാവങ്ങള്‍ വര്‍ധിക്കാന്‍ അത് കാരണമായിത്തീരുന്നു. പിശുക്ക് ഏതൊരു സമൂഹത്തിലും ഏറെ മോശപ്പെട്ട സ്വഭാവമാണ്. എന്നാല്‍ തന്‍റെ സഹജീവിയുടെ പ്രയാസങ്ങള്‍ അടുത്തറിയുന്നതും അവനൊരു കൈത്താങ്ങാകുന്നതും ഏറെ പ്രശംസനീയമാണുതാനും. സാമൂഹികജീവിയായ മനുഷ്യന്‍റെ സ്വഭാവ ഗുണങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന സ്വഭാവഗുണങ്ങളാണല്ലോ ദയ, കാരുണ്യം, എളിമ, വിനയം, ഔദാര്യം, സ്നേഹം, വിശാലമനസ്കത, ദുഃഖവും സന്തോഷവും പങ്കുവെക്കല്‍ തുടങ്ങിയവ. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്പത്തില്‍ നിന്ന് നിശ്ചിതമായ ഒരു വിഹിതം തന്‍റെ കൂടെ ജീവിക്കുന്ന ആവശ്യക്കാരന്റെ അവകാശമാണ് എന്നും, അത് താനവന് നല്‍കുന്ന ഔദാര്യമല്ല, മറിച്ച് അവന് ലഭിക്കേണ്ട അവകാശമാണ് എന്ന ബോധത്തോടെയും പൂര്‍ണ്ണ മനസ്സോടെയും നല്‍കുക വഴി ഈ സ്വഭാവ ഗുണങ്ങളെല്ലാം ഒരാള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുന്നു. ആ നിലക്ക് സല്സ്വഭാവങ്ങള്‍ വര്‍ധിക്കാന്‍ സകാത്ത് ഒരു കാരണമായിത്തീരുന്നു. സബ്ഹാനല്ലാഹ് !

5- സകാത്ത് സ്വര്‍ഗ്ഗ പ്രവേശനത്തിന് കാരണമാകുന്നു.
حديث عبد الله بن سلام رضي الله عنه قال: سمعت رسول الله صلّى الله عليه وسلّم يقول: ياأيها الناس أفشوا السلام، وأطعموا الطعام، وصلوا الأرحام، وصلوا والناس نيام تدخلوا الجنة بسلام
അബ്ദുല്ലാഹിബ്നു സലാം (റ) ഉദ്ധരിക്കുന്നു: പ്രവാചകന്‍(സ) പറഞ്ഞു: " അല്ലയോ ജനങ്ങളേ, നിങ്ങള്‍ സലാം പറയുന്നത് വ്യാപകമാക്കുക, ആവശ്യക്കാരെ ഭക്ഷിപ്പിക്കുക, കുടുംബ ബന്ധം പുലര്‍ത്തുക, ജനങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ എഴുന്നേറ്റ് നമസ്കരിക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ക്ക് നിഷ്പ്രയാസം സ്വര്‍ഗത്തില്‍ പ്രവേശിക്കാം " [ മുസ്നദ് അഹ്മദ്]

6- അല്ലാഹുവിന്‍റെ കോപം അകറ്റാനും, അവന്‍റെ തൃപ്തി വര്‍ധിക്കാനും സകാത്ത് ഒരു കാരണമാണ്. പ്രവാചകന്‍(സ) പറഞ്ഞു :
أن الصدقة تطفئ غضب الرب
" ദാനധര്‍മ്മം അല്ലാഹുവിന്‍റെ കോപം അണക്കുന്നു ". [തിര്‍മിദി, ത്വബറാനി]

7- പാപങ്ങള്‍ പൊറുക്കപ്പെടാനും നന്മകള്‍ വര്‍ധിക്കാനും സകാത്ത് കാരണമാകുന്നു. പ്രവാചകന്‍(സ) പറഞ്ഞു:
الصدقة تطفئ الخطيئة كما يطفئ الماء النار
" വെള്ളം തീയണക്കുന്നത് പോലെ ദാനധര്‍മ്മങ്ങള്‍ പാപങ്ങളെയും അണക്കുന്നു " [ മുസ്നദ് അഹ്മദ്, തിര്‍മിദി].

8- മഴ വര്‍ധിക്കാന്‍ സകാത്ത് കാരണമാകുന്നു. പ്രവാചകന്‍(സ) പറഞ്ഞു:
ما منع قوم زكاة أموالهم إلا منعوا القطر من السماء
" തങ്ങളുടെ സമ്പത്തില്‍ നിന്നും നല്‍കേണ്ട സകാത്ത് ഏതെങ്കിലും സമൂഹം പിടിച്ചുവെക്കുന്ന പക്ഷം, ആകാശത്തുനിന്നും അവര്‍ക്ക് ലഭിക്കേണ്ട ജലവും പിടിച്ചു വെക്കപ്പെടുക തന്നെ ചെയ്യും" [ ഇബ്ന്‍ മാജ 4019] .

9- സകാത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുറക്കുകയും, സാമ്പത്തിക സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പാവപ്പെട്ടവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കുള്ള പണം ലഭിക്കുക വഴി അവര്‍ കുറ്റകൃത്യങ്ങളില്‍ നിന്നും  വിട്ടുനില്‍ക്കുന്നു. തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്പത്തില്‍ നിന്നും കൃത്യമായി സകാത്ത് നല്‍കാന്‍ തയ്യാറാവുന്ന ആളുകള്‍ സ്വാഭാവികമായും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് മുതിരുകയുമില്ലല്ലോ. അതുപോലെ പണക്കാരും പാവപ്പെട്ടവരും തമ്മില്‍ ഉണ്ടാകാനിടയുള്ള അകല്‍ച്ചയും അത് വഴി ഉടലെടുക്കുന്നു സാമൂഹിക പ്രശ്നങ്ങളും സകാത്തിലൂടെ പരിഹരിക്കപ്പെടുന്നു. അല്ലാഹു എത്ര അനുഗ്രഹീതന്‍. സുബ്ഹാനല്ലാഹ് !.

10- വരാനിരിക്കുന്ന അപകടങ്ങളില്‍ നിന്നും പരീക്ഷണങ്ങളില്‍ നിന്നും സകാത്ത് സുരക്ഷ നല്‍കുന്നു. പ്രവാചകന്‍(സ) പറഞ്ഞു:
باكروا بالصدقة، فإن البلاء لا يتخطاها
" നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ നല്‍കാന്‍ ധൃതി കാണിക്കുക. പരീക്ഷണങ്ങള്‍ക്ക് അവയെ മറികടക്കാന്‍ സാധിക്കുകയില്ല " [ ത്വബറാനി 5643 ].

11- മതബോധം വര്‍ധിക്കാനും, അല്ലാഹുവിന്‍റെ നിയമങ്ങളെക്കുറിച്ച് കൂടുതല്‍ പഠിച്ച് മനസ്സിലാക്കാനും സകാത്ത് കാരണമാകുന്നു. സകാത്ത് നല്‍കണമെങ്കില്‍ അതിന്‍റെ നിയമങ്ങള്‍ മനസ്സിലാക്കണം. അതുകൊണ്ട്തന്നെ സകാത്ത് നല്‍കുന്നവര്‍ അതുമായി ബന്ധപ്പെട്ടുള്ള അധ്യാപനങ്ങള്‍ മനസ്സിലാക്കാനും അവ പാലിക്കാനും തയ്യാറായി മുന്നോട്ട് വരുന്നു. ഇത് അവരെ സ്വര്‍ഗത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. പ്രവാചകന്‍(സ) പറഞ്ഞു:
من سلك طريقا يلتمس فيه علما سهل الله له طريقا إلى الجنة
" അറിവ് ലഭിക്കാനിടയാക്കുന്ന വഴിയില്‍ ആരെങ്കിലും സഞ്ചരിച്ചാല്‍, അല്ലാഹു അവന് സ്വര്‍ഗത്തിലേക്കുള്ള വഴിയും എളുപ്പമാക്കികൊടുക്കും " [ സ്വഹീഹ് മുസ്‌ലിം ].

ഈ നിലക്കെല്ലാം സകാത്ത് വര്‍ധനവാണ്. ഇനിയും എത്രയോ കാര്യങ്ങള്‍ പണ്ഡിതന്മാര്‍ സകാത്ത് മൂലം ഉണ്ടാകുന്ന വര്‍ധനവിന്റെ കൂട്ടത്തില്‍ രേഖപെടുത്തിയിട്ടുണ്ട്‌. പക്ഷെ ഈ ഉപകാരങ്ങളെല്ലാം ലഭിക്കണമെങ്കില്‍ സകാത്ത് നല്‍കുന്നവന്റെ മനസ്സും ഉദേശ്യവും നന്നാകണം. ഇബ്നുല്‍ ഖയ്യിം (റ) പറയുന്നു :
أن البذل والكرم من أسباب انشراح الصدر، لكن لا يستفيد منه إلا الذي يعطي بسخاء وطيب نفس، ويخرج المال من قلبه قبل أن يخرجه من يده، أما من أخرج المال من يده، لكنه في قرارة قلبه، فلن ينتفع بهذا البذل
" ദാനധര്‍മ്മവും ഔദാര്യവും ഹൃദയവിശാലത നല്‍കുന്നു. പക്ഷെ മനസ്സറിഞ്ഞുകൊണ്ട് അര്‍പ്പണ ബോധത്തോടെ ദാനം നല്‍കുന്ന ഒരാള്‍ക്കേ അത് ലഭിക്കുകയുള്ളൂ. അഥവാ തന്‍റെ കയ്യില്‍ നിന്നും പണംനല്‍കുന്നതിനു മുന്പായി മനസ്സുകൊണ്ട് നല്‍കിയിരിക്കണം. എന്നാല്‍ തന്‍റെ കൈകൊണ്ടു ദാനം നല്‍കിയിട്ടും മനസ്സില്‍ ആ പണം അപ്പോഴും കുടിയിരിക്കുകയാണെങ്കില്‍ അവന്‍റെ ദാനം അവനൊരിക്കലും ഉപകാരപ്പെടുന്നില്ല" - [ സാദുല്‍ മആദ് ].

അതുകൊണ്ട് കൈകൊണ്ട് നല്‍കുന്നതിനു മുന്പ് മനസ്സുകൊണ്ട് നല്‍കാന്‍ നാമോരോരുത്തരും തയ്യാറാവുക . അല്ലാഹു അനുഗ്രഹിക്കട്ടെ ..
By. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ