Tuesday, May 12, 2020

സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകുന്ന തുകക്ക് സകാത്ത് ബാധകമാണോ ?.



ചോദ്യം:
 
വാടക വീടിന് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകുന്ന തുകയ്ക്ക് സകാത്ത് ബാധകമാണോ?

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നൽകപ്പെടുന്ന പണം സാധാരണ നിലക്ക് നമ്മുടെ നാട്ടിൽ കണ്ടുവരാറുള്ളത്, ഒരാൾ ഒരു ബിൽഡിംഗോ മറ്റോ എടുക്കുമ്പോൾ ഉടമസ്ഥന് നിശ്ചിത തുക സെക്യൂരിറ്റിയായി നൽകും. ഈ തുക ആ ഉടമസ്ഥന് ഉപയോഗിക്കുകയോ, താൻ ഉദ്ദേശിക്കുന്ന എന്ത് വേണമെങ്കിലും ചെയ്യാം. എന്നാൽ കരാറിൽ പരാമർശിച്ച പ്രകാരം കരാർ പരസ്പരം പിരിയുന്ന വേളയിൽ ആ തുക തിരികെ നൽകുകയും വേണം. ഇനി ഏതെങ്കിലും കാരണവശാൽ മേല്പറഞ്ഞ വ്യക്തിയിൽ നിന്നും പണം ഈടാക്കേണ്ട സാഹചര്യം ഉണ്ടായാൽ അത് ഈടാക്കിയശേഷം ബാക്കിയുള്ള തുകയെ തിരികെ കൊടുക്കുകയുള്ളൂ. അതിനാണ് ഈ സെക്യൂരിറ്റി അമൗണ്ട് കൈപ്പറ്റുന്നത്.  

ഇവിടെ ഈ പണത്തിൻ്റെ സകാത്ത് ആരാണ് കൊടുക്കേണ്ടത് എന്നത് പരിശോധിക്കപ്പെടേണ്ടതുതന്നെയാണ്. ഇവയെ രണ്ടായി നമുക്ക് തരം തിരിക്കാം: 

ഒന്ന്: ഈ സെക്യൂരിറ്റിയായി നൽകപ്പെടുന്ന തുക പൂർണമായും എല്ലാ അർത്ഥത്തിലും അത് കൈപ്പറ്റുന്ന ബിൽഡിംഗ് ഉടമസ്ഥന് ഉപയോഗിക്കാം എന്ന രൂപത്തിലാണ് കരാർ പ്രകാരമോ, നാട്ടുനടപ്പനുസരിച്ചോ ആ തുക നൽകപ്പെടുന്നത് എങ്കിൽ അതിൻ്റെ സകാത്ത് അനുഷ്ഠിക്കാൻ അയാളായിരിക്കും ബാധ്യസ്ഥനാകുക. കാരണം ആ പണത്തിൻ്റെ ഉപയോഗവും പ്രയോജനവുമെല്ലാം ആ കരാർ കാലാവധി നിലനിൽക്കുന്നിടത്തോളം അയാൾക്ക് മാത്രമായിരിക്കുമല്ലോ. ഇവിടെ رهن അഥവാ ഈട് അല്ലെങ്കിൽ പണയം എന്നതിനേക്കാൾ കടത്തോട് സമാനമായാണ് ഈ തുക ഗണിക്കപ്പെടുന്നത്. ഇവിടെ കൈപ്പറ്റിയ പണം അയാളുടേതാകുകയും അയാളുടെ മേൽ കരാർ പൂർത്തീകരിക്കുന്ന വേളയിൽ തിരികെ നൽകാനുള്ള ബാധ്യത നിലനിൽക്കുകയുമാണ് ചെയ്യുന്നത്. 

രണ്ട്: ഈ പണം കേവലം സെക്യൂരിറ്റിയായി നൽകപ്പെടുന്ന, അത് കൈപ്പറ്റുന്ന വ്യക്തിക്ക് യാതൊരു തരത്തിലും അതുപയോഗിക്കാൻ അനുവാദമില്ലാത്ത ഈട്  വെക്കുന്ന പണമാണ് എങ്കിൽ, ഇവിടെ ആ പണത്തിൻ്റെ ഉടമസ്ഥനായ വ്യക്തി തന്നെ അതിൻ്റെ സകാത്ത് നൽകണം.  ഉദാ:  ഒരാളുടെ കയ്യിൽ നിന്നും കടം വാങ്ങുമ്പോൾ സെക്യൂരിറ്റിയായി തൽക്കാലം സ്വർണ്ണം നൽകുന്ന പോലെ. അവിടെ ആ സ്വർണ്ണത്തിൻ്റെ യഥാർത്ഥ ഉടമസ്ഥൻ ആരോ അയാൾ അതിൻ്റെ സകാത്ത് നൽകണം. ഇവിടെ رهن അഥവാ ഈട് വെക്കപ്പെടുന്ന തുകയായാണ് അത് പരിഗണിക്കപ്പെടുന്നത്. ഈട് നൽകപ്പെടുന്ന വസ്തു സകാത്ത് ബാധകമാകുന്ന ഇനമാണ് എങ്കിൽ ആ ബാധ്യത അതിൻ്റെ ഉടമസ്ഥന് തന്നെയായിരിക്കും. 

അല്ലാഹു അനുഗ്രഹിക്കട്ടെ .. 
___________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി.എൻ