Saturday, October 29, 2016

ഹൂത്തികളുടെ മിസൈല്‍ ആക്രമണം, പരിശുദ്ധ ഹറമിനെതിരെയുള്ള ശിയാ ഭീകരതയുടെ നേര്‍രൂപം ചില ചരിത്ര വസ്തുതകളിലൂടെ.


മക്കയിലേക്ക് ഹൂത്തികള്‍ തൊടുത്ത് വിട്ട മിസൈല്‍ സഖ്യസേന നിര്‍വീര്യമാക്കി അല്‍ഹംദുലില്ലാഹ്...

"മക്കയെ ലക്ഷ്യമാക്കി യമനില്‍ നിന്നും ഹൂതികള്‍ തൊടുത്തു വിട്ട മിസൈല്‍ സഖ്യസേന തകര്‍ത്തു. മക്കയില്‍ നിന്നും അറുപത്തി അഞ്ചു കിലോമീറ്റര്‍ അകലെ വെച്ചാണ് ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിറ്റില്ല. യമനിലെ സആദയില്‍ നിന്നാണ് മക്ക ലക്ഷ്യമാക്കി മിസൈല്‍ വന്നത്. സംഭവത്തെ തുടര്‍ന്ന് സആദയിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ സൌദി സേന തകര്‍ത്തതായും ഒദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മക്കയില്‍ നിന്നും എണ്ണൂറ് കിലോമീറ്റര്‍ അകലെയാണ് യമനി സആദ നഗരം. ഒരാഴ്ച മുന്പ് താഇഫ് നഗരത്തെ ലക്ഷ്യമാക്കിയും ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
മുസ്ലിംകളുടെ പവിത്ര സ്ഥലങ്ങളെ ആക്രമിക്കുന്ന നടപടി അപലപനീയമാണെന്ന് സൌദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈല്‍ പ്രസ്താവനിയില്‍ പറഞ്ഞു." - [വാര്‍ത്ത].

www.fiqhussunna.com

ഏറെ അത്ഭുതത്തോടെയാണ് നമ്മില്‍ പലരും ഈ വാര്‍ത്ത വായിച്ചത്. എന്നാല്‍ ഇത് ചരിത്രത്തിന്‍റെ തനിയാവര്‍ത്തനം മാത്രമാണ്. മുന്‍പ് ഹജറുല്‍ അസ്'വദ് ഇളക്കിക്കൊണ്ടുപോയ ചരിത്രം ശിയക്കള്‍ക്ക് ഉണ്ട്. മാത്രമല്ല ഖുമ്മിലെ തങ്ങളുടെ ആരാധനാ കേന്ദ്രത്തിന് മക്കയെക്കാലും കഅബയെക്കാളും പവിത്രത ഉണ്ടെന്നും, ഹജറുല്‍ അസ്'വദിനെ അവിടേക്ക് മാറ്റി സ്ഥാപിക്കാതെ തങ്ങള്‍ക്ക് വിശ്രമമില്ലെന്നും ഇവരുടെ ഗ്രന്ഥങ്ങളില്‍ പരസ്യമായി രേഖപ്പെടുത്തി വച്ചിട്ടുണ്ട്.

ഇവരുടെ വിഖ്യാത ഗ്രന്ഥമായ അല്‍വാഫിയില്‍ പറയുന്നു:  “അല്ലയോ കൂഫക്കാരെ, അല്ലാഹു മറ്റാര്‍ക്കും നല്‍കാത്ത ഒരു ശ്രേഷ്ടത നല്‍കി നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. നിങ്ങളുടെ മുസ്വല്ലയാണ് ആദമിന്റെയും, നൂഹിന്റെയും, ഇദ്’രീസിന്‍റെയും ഇബ്രാഹീമിന്‍റെയും മുസ്വല്ല. അതില്‍ ഹജറുല്‍ അസ്’വദ് പ്രതിഷ്ടിചിട്ടല്ലാതെ ഇനി രാപ്പകലുകള്‍ നീങ്ങുകയില്ല.” –  (അല്‍വാഫി- കാശാനി : 1/215).

ഇതിന്‍റെ സാക്ഷാല്‍ക്കാരമെന്നോണം ഹിജ്റ 317ല്‍ ശിയാ വിഭാഗമായ ഖറാമിതകള്‍ ഹജറുല്‍ അസ്'വദ്  കഅബയില്‍ നിന്നും ഇളക്കി, ആദ്യം ബഹ്റൈനിലേക്കും പിന്നീട് കൂഫയിലേക്കും കൊണ്ടുപോയി. പിന്നീട് ഏകദേശം 22 വര്‍ഷക്കാലം ഹജറുല്‍ അസ്'വദ് അവര്‍ കൈവശപ്പെടുത്തി വച്ചു. ഹിജ്റ 339 ലാണ് പിന്നീടത് പുനര്‍സ്ഥാപിക്കപ്പെട്ടത്. ഈ കാലഘട്ടത്തില്‍ ജീവിച്ച മഹാനായ ഇമാം ഖിറഖി റഹിമഹുല്ല തന്‍റെ ഫിഖ്ഹ് ഗ്രന്ഥത്തില്‍ ഹജ്ജിനെപ്പറ്റി വിശദീകരിക്കവേ, 'പിന്നീട് നിങ്ങള്‍ ഹജറുല്‍ അസ്'വദിനെ സ്പര്‍ശിക്കുക' ഹജറുല്‍ അസ്'വദ് അവിടെയുണ്ടെങ്കില്‍' എന്ന് രേഖപ്പെടുത്തിയത് കാണാം. കാരണം അവര്‍ അതിളക്കി മാറ്റിയ കാലഘട്ടത്തിലാണ് അദ്ദേഹം  തന്‍റെ ഗ്രന്ഥം രചിച്ചത്.

മാത്രമല്ല തീവ്ര-ശിയാ ചിന്താഗതിക്കാരായ സ്വഫവികളുടെ എക്കാലത്തെയും ആഗ്രഹമാണ് മസ്ജിദുല്‍ ഹറം പൊളിച്ച് നീക്കുക എന്നത്. തങ്ങള്‍ കാത്തു നില്‍ക്കുന്ന 'മഹ്ദി' രംഗപ്രവേശം ചെയ്‌താല്‍ മസ്ജിദുല്‍ ഹറാം പൊളിച്ച് നീക്കുകയും ശേഷം അതിന്‍റെ സൂക്ഷിപ്പുകാരെ വധിച്ച് അവിടെ തൂക്കിയിടുമെന്നും ഇവരുടെ പുസ്തകത്തില്‍ പറയുന്നു:
“മഹ്ദി വന്നാല്‍ മസ്ജിദുല്‍ ഹറാം പൊളിക്കുകയും ബനൂ ശൈബ ഗോത്രക്കാരുടെ കൈവെട്ടി കഅബയില്‍ തൂക്കുകയും ചെയ്യും. എന്നിട്ട് അതിന്‍റെ മേല്‍ ഇവരാണ് കഅബയെ കൊള്ളയടിച്ചവര്‍ എന്ന് എഴുതി വെക്കുകയും ചെയ്യും” (അല്‍ഇര്‍ഷാദ്- മുഫീദ്:411, അല്‍ഗൈബ – ത്വൂസി: 282)

നബി (സ) ഇമാം മഹ്ദിയുടെ ആഗമനത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ പ്രതീക്ഷിക്കുന്ന മഹ്ദി അതല്ല. ഒരു മറക്ക് പിന്നില്‍ ഇന്നും ഒളിച്ചിരിക്കുകയും 'ഖുമൈനി', 'ഖാംനേഇ' തുടങ്ങിയ ഇവരുടെ ആത്മീയ നേതാക്കള്‍ക്ക് മറക്ക് പിന്നില്‍ നിന്ന് നിര്‍ദേശം നല്‍കുകയും ചെയ്യുന്നു എന്ന് ഇവര്‍ വിശ്വസിക്കുന്നതായ മഹ്ദിയാണ് ഇവിടെ ഉദ്ദേശം.

മാത്രമല്ല ശിയാക്കളുടെ ഖബറാരാധന, ജൂതന്മാരില്‍ നിന്നും കടമെടുത്ത   ആചാരാനുഷ്ടാനങ്ങള്‍ ഇവയൊന്നും അംഗീകരിക്കാത്ത അറബികളെ വംശഹത്യ ചെയ്യാനും ഇവര്‍ ആഹ്വാനം ചെയ്യുന്നുണ്ട്: “നമുക്കും അറബികള്‍ക്കും ഇടയില്‍ ഇനി അറുകൊലയല്ലാതെ മറ്റൊന്നും ബാക്കിയില്ല.” – ( അല്‍ ഗൈബ – നുഅ്മാനി : 155, ബീഹാര്‍ അല്‍ അന്‍വാര്‍ : 52/349).
 
“നമ്മുടെ രാജ്യത്തെ അംഗീകരിക്കാത്തവന് യാതൊരു പരിഗണനയുമില്ല. നാം പ്രതീക്ഷിക്കുന്ന നേതാവ് ഉയിര്‍ത്തെഴുന്നേറ്റാല്‍ അവരുടെ രക്തം അല്ലാഹു നമുക്ക് അനുവദിച്ചിരിക്കുന്നു”. –
(ബിഹാര്‍ അല്‍ അന്‍വാര്‍ : 52/373).

മാത്രമല്ല അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ) എന്നിവരെ അംഗീകരിക്കുന്നവരെ നാസ്വിബിയാക്കള്‍ എന്ന് മുദ്രകുത്തുകയും അവരുടെ ധനവും സമ്പത്തും അപഹരിക്കാനും ഇവര്‍ ആഹ്വാനം ചെയ്യുന്നു: “അബൂബക്കര്‍ (റ) വിനെയും, ഉമര്‍ (റ) വിനെയും അലി (റ) വിനേക്കാള്‍ മുന്തിക്കുന്നവര്‍ നാസ്വിബികളാണ് ”. – (അസറാഇര്‍ : 471, വസാഇലുശീഅ : 6/341,342). അഥവാ അലി (റ) വിന് മുന്‍പ് അവര്‍ക്ക് ഖിലാഫത്ത് ലഭിച്ചതിനെ അംഗീകരിക്കല്‍ ഇവരുടെ വിശ്വാസത്തിന് നിരക്കുന്നതല്ല. അതുകൊണ്ടുതന്നെ: “ അവസരം കിട്ടുമ്പോഴെല്ലാം നാസ്വിബിയാക്കളുടെ പണം നിങ്ങള്‍ അപഹരിച്ചുകൊള്ളുക. അതില്‍ നിന്ന് അഞ്ചിലൊന്ന് നമുക്ക് നല്‍കുകയും ചെയ്യുക ” – (തഹ്ദീബുല്‍ അഹ്കാം – ത്വൂസി : 1/384).

മുസ്‌ലിം ലോകത്തോട്‌ ഇത്രയും ശത്രുതയുമുള്ള ആളുകളെ നമുക്ക് കാണാന്‍ സാധ്യമല്ല. ഇറാനില്‍ 1501 ല്‍ ഇസ്മാഈല്‍ സ്വഫവി എന്നയാളുടെ ഭരണത്തിന് കീഴില്‍ സ്ഥാപിക്കപ്പെട്ട സ്വഫവീ രാഷ്ട്രത്തിന്‍റെ പിന്തുടര്‍ച്ചയാണ് 1979 ലെ വിപ്ലവത്തിലൂടെ ഖുമൈനി ആവര്‍ത്തിച്ചത്. 50 വര്‍ഷത്തെ കൃത്യമായ പ്ലാനിങ്ങിലൂടെ അറബ് രാഷ്ട്രങ്ങള്‍ പിടിച്ചടക്കുകയാണ് ലക്ഷ്യം. ഇതിനെക്കുറിച്ച് തെളിവുകള്‍ സഹിതം മുന്‍പ് ഈയുള്ളവന്‍ വിശദീകരിച്ചിട്ടുണ്ട്. https://www.youtube.com/watch?v=kBeo0PL3Eu0

ശാസ്ത്ര സാങ്കേതിക വിദ്യകളെക്കുറിച്ചും, പ്രതിരോധ സവിധാനങ്ങളിലെ നൂതന മാര്‍ഗങ്ങളെക്കുറിച്ചും അജ്ഞരായ യമനിലെ ഗോത്രവര്‍ഗക്കാരായ ഹൂത്തികള്‍ 800 ഓളം കിലോമീറ്റര്‍ താണ്ടുന്ന മിസൈല്‍ കണ്ടുപിടിച്ചുവെന്നും അത് വിക്ഷേപിച്ചുവെന്നും പറയുന്നത് അവിശ്വസനീയമാണ്. പക്ഷെ അവരുടെ പിന്നില്‍ ആര് എന്നത് മനസ്സിലാക്കിയാല്‍ ഈ അവിശ്വാസ്യത നീങ്ങും. അഹ്മദി നജാദിന്‍റെ ഗവര്‍ന്മെന്‍റില്‍ രഹസ്യാന്വേഷണ വിഭാഗം മന്ത്രിയായിരുന്ന ഹൈദര്‍ മുസ്'ലിഹി നടത്തിയ പ്രഖ്യാപനത്തില്‍ തങ്ങള്‍ ഹൂത്തികളെ പിന്തുണക്കുന്നുവെന്ന് പരസ്യമായി പറഞ്ഞതാണ്.


സിറിയയില്‍ ഇറാനിയന്‍ ആര്‍മി നേരിട്ട് ആക്രമണത്തില്‍ പങ്കെടുക്കുന്നു. അനൗദ്യോഗിക സംഘടനകളുടെ കണക്കനുസരിച്ച് 4 ലക്ഷത്തിന് മുകളില്‍ മുസ്‌ലിംകളെ സിറിയയില്‍ കൊന്നൊടുക്കിക്കഴിഞ്ഞു. പിന്നെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവരും സ്വന്തം അസ്ഥിത്വം നഷ്ടപ്പെട്ടവരും വേറെയും. 22/aug/2015ന് UN പുറത്ത് വിട്ട കണക്കനുസരിച്ച് 191000 ആളുകള്‍ സിറിയയില്‍ കൊല്ലപ്പെട്ടു.



ഹോസ്പിറ്റലുകളിലും മറ്റും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഔദ്യോഗിക കണക്കുകള്‍ ഇത്രമാത്രം വരുമെങ്കില്‍ യാഥാര്‍ത്ഥ്യം എത്രമാത്രമായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ഇവിടെയാണ്‌ ഇറാനിലെ സ്വഫവീ - പേര്‍ഷ്യന്‍ ഭരണകൂടം ഇസ്ലാമിനോടും മുസ്ലിംകലോടും എത്രമാത്രം ശത്രുത വച്ചുപുലര്‍ത്തുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍. ഈ സന്ദര്‍ഭത്തിലും ഇറാനെ ഇസ്‌ലാമിക രാഷ്ട്രമായി വാഴ്ത്താനും സൗദിയെ കരിവാരിത്തേക്കാനും ശ്രമിക്കുന്ന അഭിനവ ഇസ്‌ലാമിസ്റ്റുകളോട് സഹതാപമേ ഉള്ളൂ. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലും മുന്‍കഴിഞ്ഞുപോയ ചരിത്ര വസ്തുതകളുടെ വെളിച്ചത്തിലും അവര്‍ സത്യത്തെ തിരിച്ചറിഞ്ഞെങ്കില്‍. പവിത്ര സ്ഥലങ്ങളെ ലക്ഷ്യം വെക്കുന്ന ഐസിസും ശിയാ ഭീകരതയും തമ്മില്‍ സമാനതകളേറെയാണ്. മാത്രമല്ല പരസ്യമായി ശത്രുതയിലാണെങ്കിലും   സിറിയന്‍ പട്ടാളത്തിലെ ഉന്നതപദവിയില്‍ ഉള്ള പലരും ISIS ന്‍റെ സ്ഥാനവും വഹിക്കുന്നത് നേരത്തെ സിറിയയില്‍ പിടിക്കപ്പെട്ടിരുന്നു. ഇസ്‌ലാമിനെതിരെ എന്ന ലക്ഷ്യത്തില്‍ ഒന്നിക്കുമ്പോഴും രണ്ടും രണ്ട് ചിന്താധാരയാണ്. അതുകൊണ്ടുതന്നെ രഹസ്യബന്ധം എന്നതിലുപരി ISIS പോലുള്ള  ഇസ്‌ലാം വിരുദ്ധ ശക്തികളെ വ്യവസ്ഥാപിതമായി ഉപയോഗിക്കാനുള്ള നീക്കമായെ അതിനെ കാണാന്‍ സാധിക്കൂ. അല്ലാഹുവില്‍ ശരണം...

അനുബന്ധ ലേഖനം: ഇറാന്റെ രഹസ്യ അജണ്ടകളും ഇസ്ലാമിക രാഷ്ട്രങ്ങളുടെ ചെറുത്ത് നില്പും.  http://www.fiqhussunna.com/2016/02/blog-post_25.html

Sunday, October 23, 2016

ഭാര്യാഭര്‍ത്താക്കന്മാര്‍ക്കല്ലാതെ, പുരുഷന് സ്ത്രീയെയോ സ്ത്രീക്ക് പുരുഷനെയോ ജനാസ കുളിപ്പിക്കാമോ ?.



ചോദ്യം: ഭാര്യാഭര്‍ത്താക്കന്മാര്‍ക്കല്ലാതെ സ്ത്രീകളുടെ മയ്യിത്ത് അവരുടെ മഹ്റമായ പുരുഷന്മാര്‍ക്കോ, പുരുഷന്മാരുടെ മയ്യിത്ത് അവരുടെ മഹ്റമായ സ്ത്രീകള്‍ക്കോ കുളിപ്പിക്കാമോ ?,

www.fiqhussunna.com


ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

സ്ത്രീകള്‍ക്ക് സ്ത്രീകളെയും പുരുഷന്മാരില്‍ നിന്നും തങ്ങളുടെ ഭര്‍ത്താവിനെയും കുളിപ്പിക്കാം. അതുപോലെ പുരുഷന്മാര്‍ക്ക് പുരുഷന്മാരെയും സ്ത്രീകളില്‍ നിന്നും അവരുടെ ഭാര്യമാരെയും കുളിപ്പിക്കാം. എന്നാല്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താവല്ലാത്ത പുരുഷനെയോ, പുരുഷന് തന്‍റെ ഭാര്യയല്ലാത്ത സ്ത്രീകളെയോ കുളിപ്പിക്കാന്‍ അനുവാദമില്ല. അത് തന്‍റെ മഹ്റം ആണെങ്കിലും ശരി. പിന്നെ മഹ്റം അല്ലാത്തവരുടെ കാര്യം പറയേണ്ടതില്ലല്ലോ.

നബി (സ) യുടെ കാലത്ത് സ്ത്രീകളുടെ മയ്യിത്ത് സ്ത്രീകളും പുരുഷന്മാരുടെ മയ്യിത്ത് പുരുഷന്മാരും ആണ് കുളിപ്പിച്ചിരുന്നത്. എന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് അവരിലാരെങ്കിലും മരണപ്പെടുന്ന വേളയില്‍ പരസ്പരം കുളിപ്പിക്കാം എന്ന് ഹദീസുകളില്‍ കാണാം. 'നീ എനിക്ക് മുന്‍പ് മരണപ്പെടുകയാണ് എങ്കില്‍ ഞാന്‍ നിന്നെ കുളിപ്പിക്കും എന്ന് നബി (സ) ആഇശ (റ) യോട് പറഞ്ഞതായി സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. അതുപോലെ നബി (സ) യുടെ വഫാത്തിന് ശേഷം പിന്‍കാലത്ത് 'എനിക്ക് ഇപ്പോഴുള്ള തിരിച്ചറിവ് നേരത്തെ തോന്നിയിരുന്നുവെങ്കില്‍ നബി (സ) യെ അദ്ദേഹത്തിന്‍റെ ഭാര്യമാരല്ലാതെ ആരും കുളിപ്പിക്കുമായിരുന്നില്ല' എന്ന് ആഇശ (റ)  യും പറഞ്ഞിട്ടുണ്ട്.

അതുപോലെ അലി (റ) തന്‍റെ ഭാര്യ മഹതി ഫാത്വിമ (റ) ന്‍റെയും, അസ്മാഅ് ബിന്‍ത് ഉമൈസ് (റ) തന്‍റെ ഭര്‍ത്താവ് മഹാനായ അബൂബക്കര്‍ സ്വിദ്ദീഖ് (റ) വിന്‍റെയും ജനാസ കുളിപ്പിച്ചിട്ടുണ്ട്.

ജഅഫര്‍ ബ്ന്‍ അബീ ത്വാലിബ്‌ (റ) വിന്‍റെ ഭാര്യയായിരുന്നു അസ്മാഅ് ബിന്‍ത് ഉമൈസ് (റ). ഹിജ്റ 8ആം വര്ഷം മുഅ്ത യുദ്ധത്തില്‍ ജഅ്ഫര്‍ (റ) ശഹീദായപ്പോഴാണ് അവരെ അബൂബക്കര്‍ (റ) വിവാഹം ചെയ്തത്. മുഹമ്മദ്‌ എന്ന മകന്‍ അവരിരുവര്‍ക്കും ജനിക്കുകയും ചെയ്തു. ഹിജ്റ 13ല്‍ അബൂബക്കര്‍ (റ) വഫാത്തായി. താന്‍ മരണപ്പെട്ടാല്‍ തന്‍റെ ജനാസ അസ്മാഅ് ബിന്‍ത് ഉമൈസ് (റ) കുളിപ്പിക്കണം എന്ന് അദ്ദേഹം വസ്വിയത്ത് ചെയ്തിരുന്നു. അപ്രകാരം അവര്‍ ചെയ്യുകയും ചെയ്തു. ശേഷം പിന്‍കാലത്ത് അവരെ അലിയ്യ് ബ്ന്‍ അബീ ത്വാലിബ്‌ (റ) വിവാഹം ചെയ്തു. നബി (സ) യുടെ ഭാര്യമാരായ ഉമ്മുല്‍ മുഅ്മിനീന്‍ മൈമൂന ബിന്‍തുല്‍ ഹാരിസ് (റ) യും ഉമ്മുല്‍ മുഅ്മിനീന്‍ സൈനബ് ബിന്‍ത് ഖുസൈമ (റ) യും അവരുടെ ഉമ്മയിലുള്ള സഹോദരിമാരുമാണ്. സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.

എന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കല്ലാതെ സ്ത്രീക്ക് പുരുഷനെയോ, പുരുഷന് സ്ത്രീയെയോ കുളിപ്പിക്കാന്‍ പാടില്ല.

ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു:

"وليس لغير من ذكرنا من الرجال غسل أحد من النساء ، ولا أحد من النساء غسل غير من ذكرنا من الرجال وإن كن ذوات رحم محرم".

"(ഭര്‍ത്താവിനൊഴികെ) നമ്മില്‍പ്പെട്ട ആണുങ്ങളില്‍ ഒരാള്‍ക്കും ഒരു സ്ത്രീയെയും കുളിപ്പിക്കാന്‍ പാടില്ല. അതുപോലെത്തന്നെ സ്ത്രീകള്‍ക്ക് (ഭര്‍ത്താവൊഴികെ) നമ്മില്‍പ്പെട്ട ഒരാണിനെയും കുളിപ്പിക്കാന്‍ പാടില്ല. അതവരുടെ മഹ്റമായവര്‍ ആണെങ്കില്‍പ്പോലും." - [അല്‍മുഗ്നി: 2/202].

എന്നാല്‍ ജീവിതകാലത്ത് രോഗിയായ പിതാവിനേയോ മാതാവിനേയോ ഔറത്ത് മറച്ചുകൊണ്ട് മകനോ മകളോ കുളിപ്പിക്കുന്നതില്‍ തെറ്റില്ല.

ലജ്നതുദ്ദാഇമയുടെ മറുപടിയില്‍ ഈ രണ്ട് കാര്യങ്ങളും അവര്‍ വിശദീകരിച്ചിട്ടുണ്ട്:

"المرأة إذا ماتت تغسلها النساء ولا يغسلها الرجال ، لا ابنها ولا غيره ، إلا الزوج فيجوز له أن يغسل زوجته ؛ لأن النبي صلى الله عليه وسلم قال لعائشة رضي الله عنها : (لو مت قبلي لغسلتك) ، ولأن علياً رضي الله عنه غسل فاطمة رضي الله عنها ، والرجل إذا مات يغسله الرجال ، ولا يجوز للمرأة أن تغسله ، لا أمه ولا غيرها ، إلا الزوجة فيجوز لها أن تغسل زوجها ؛ لأن أسماء بنت عميس رضي الله عنها غسلت زوجها أبا بكر رضي الله عنه حينما أوصاها بذلك ، وأما الحي المريض من الأب والأم فيجوز تغسيله لكل منهما ، مع ستر العورة وعدم مسها بدون حائل من وراء الستر"

"ഒരു സ്ത്രീ മരണപ്പെട്ടാല്‍ അവളെ പുരുഷന്മാര്‍ക്ക് കുളിപ്പിക്കാന്‍ പാടില്ല. അത് അവളുടെ മകനോ ഇനി മറ്റാരാണെങ്കിലും ശരി. ഭര്‍ത്താവിനൊഴികെ, ഭര്‍ത്താവിന് ഭാര്യയുടെ ജനാസ കുളിപ്പിക്കാം. കാരണം നബി (സ) ആഇശ (റ) യോട് പറഞ്ഞു: "നീ എനിക്ക് മുന്‍പ് മരണപ്പെടുന്ന പക്ഷം ഞാന്‍ നിന്നെ കുളിപ്പിക്കുന്നതായിരിക്കും", അതുപോലെ അലി (റ) ഫാത്വിമ (റ) യുടെ ജനാസ കുളിപ്പിച്ചു. ഇനി പുരുഷന്മാര്‍ മരണമടഞ്ഞാല്‍ പുരുഷന്മാര്‍ തന്നെയാണ് അവരെ കുളിപ്പിക്കേണ്ടത്. സ്ത്രീകള്‍ക്ക് അവനെ കുളിപ്പിക്കാന്‍ പാടില്ല. അതിനി അവന്‍റെ ഉമ്മയോ മറ്റാര് തന്നെയായാലും ശരി. ഭാര്യക്കൊഴികെ, അവള്‍ക്ക് തന്‍റെ ഭര്‍ത്താവിനെ കുളിപ്പിക്കാം. കാരണം അസ്മാഅ് ബിന്‍ത് ഉമൈസ് (റ) തന്‍റെ ഭര്‍ത്താവ് അബൂബക്കര്‍ (റ) വസ്വിയത്ത് ചെയ്തത് പ്രകാരം അദ്ദേഹത്തെ കുളിപ്പിക്കുകയുണ്ടായി. എന്നാല്‍ സ്ത്രീക്കാകട്ടെ പുരുഷനാകട്ടെ രോഗിയായ തന്‍റെ മാതാവിനേയോ പിതാവിനേയോ  കുളിപ്പിക്കുന്നതില്‍ തെറ്റില്ല. ഔറത്ത് മറച്ചുകൊണ്ടും, മറയില്ലാതെ ഔറത്ത് സ്പര്‍ശിക്കാന്‍ ഇടവരുത്താത്ത വിധം മറ സ്വീകരിച്ചുമായിരിക്കണം അത്." - [ഫതാവ ലജ്നതുദ്ദാഇമ: 8/363].

അല്ലാഹു അനുഗ്രഹിക്കട്ടെ... 


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ

-------------------------------------------------------------------

അനുബന്ധ ലേഖനം: വലിയ അശുദ്ധിയോ ആര്‍ത്തവമോ ഉള്ള സമയത്ത് മയ്യിത്തിനെ കുളിപ്പിക്കാന്‍ പാടുണ്ടോ ?. http://www.fiqhussunna.com/2016/10/blog-post_92.html

ജനാസ നിയമങ്ങള്‍ : http://www.fiqhussunna.com/p/mr.html

വലിയ അശുദ്ധിയോ ആര്‍ത്തവമോ ഉള്ള സമയത്ത് മയ്യിത്തിനെ കുളിപ്പിക്കാന്‍ പാടുണ്ടോ ?.

ചോദ്യം: വലിയ അശുദ്ധിയോ ആര്‍ത്തവമോ ഉള്ള സമയത്ത് മയ്യിത്തിനെ കുളിപ്പിക്കാന്‍ പാടുണ്ടോ ?.

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه

വിശുദ്ധഖുര്‍ആനിലോ ഹദീസിലോ വലിയ അശുദ്ധിയോ ആര്‍ത്തവമോ ഉള്ളവര്‍ക്ക് മയ്യിത്തിനെ കുളിപ്പിക്കാന്‍ വിലക്കുള്ളതായി കാണാന്‍ സാധിക്കുന്നില്ല. മയ്യിത്തിനെ കുളിപ്പിക്കുന്ന ആള്‍ ശുദ്ധിയുള്ള ആളായിരിക്കണം എന്ന നിബന്ധനയില്ല.

ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു:


"ولا نعلم بينهم اختلافاً في صحة تغسيلهما وتغميضهما له ـ الحائض والجنب ـ ، ولكن الأولى أن يكون المتولي لأموره ، في تغميضه وتغسيله ، طاهراً لأنه أكمل وأحسن"

"ജനാബത്തോ ഹൈളോ ഉള്ളവര്‍ മയ്യിത്തിനെ കുളിപ്പിക്കുന്നതും മയ്യിത്തിന്‍റെ കണ്ണുകള്‍ അടച്ചുകൊടുക്കുന്നതും അനുവദനീയമാണ് എന്നതില്‍ എന്തെങ്കിലും അഭിപ്രായഭിന്നതയുള്ളതായി അറിവില്ല. എന്നാല്‍ മയ്യിത്തിന്‍റെ കര്‍മ്മങ്ങളും, കണ്ണ് അടച്ചുകൊടുക്കുന്നവരും കുളിപ്പിക്കുന്നവരും ശുദ്ധിയുള്ളവരാണ് എങ്കില്‍ അത് കൂടുതല്‍ നല്ലതാണ് എന്ന് മാത്രം. ശുദ്ധിയുള്ള അവസ്ഥ കൂടുതല്‍ പൂര്‍ണവും നല്ലതുമാണല്ലോ (എന്നതുകൊണ്ട്‌ മാത്രം). - [അല്‍മുഗ്നി: 2/162].

ശുദ്ധി എന്നത് അശുദ്ധിയുള്ള അവസ്ഥയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ നല്ലത് എന്ന അര്‍ത്ഥത്തിലാണ് ഇമാം അപ്രകാരം പറഞ്ഞത്.

ഇമാം നവവി (റ) പറയുന്നു:

"يجوز للجنب والحائض غسل الميت بلا كراهة ، وكرههما الحسن وابن سيرين ، وكره مالك الجنب . دليلنا : أنهما طاهران كغيرهما"

"ഹൈള് ഉള്ളവര്‍ക്കും ജനാബത്ത് ഉള്ളവര്‍ക്കും മയ്യിത്തിനെ കുളിപ്പിക്കാം. അതില്‍ യാതൊരു കറാഹത്തും ഇല്ല. ഹസനുല്‍ ബസരി, ഇബ്നു സീരീന്‍ തുടങ്ങിയ ഇമാമീങ്ങളും, ജനാബത്ത്കാരുടെ വിഷയത്തില്‍ ഇമാം മാലിക്കും കറാഹത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഹൈളും ജനാബത്തും ഉള്ളവരും മറ്റുള്ളവരെപ്പോലെ (ആന്തരികമായ) ശുദ്ധി ഉള്ളവര്‍ തന്നെയാണ് എന്നതാണ് നമുക്ക് ഈ വിഷയത്തില്‍ ഉള്ള തെളിവ്" - [ശര്‍ഹുല്‍ മുഹദ്ദബ്: 5/145].   

അതുപോലെ ലജ്നതുദ്ദാഇമ ഈ വിഷയത്തില്‍ നല്‍കിയ മറുപടി:

"يجوز للمرأة وهي حائض أن تغسل النساء وتكفنهن ، ولها أن تغسل من الرجال زوجها فقط ، ولا يعتبر الحيض مانعاً من تغسيل الجنازة"

"സ്ത്രീകള്‍ക്ക് അവര്‍ ഹൈള് ഉള്ളവരായിരിക്കെ സ്ത്രീകളുടെ മയ്യിത്ത് കുളിപ്പിക്കാവുന്നതാണ്. പുരുഷന്മാരില്‍ നിന്നും തങ്ങളുടെ ഭര്‍ത്താവിനെ കുളിപ്പിക്കാന്‍ മാത്രമെ അവര്‍ക്ക് അനുവാദമുള്ളൂ. ജനാസയെ കുളിപ്പിക്കുന്നതിന് ഹൈള് ഒരു തടസ്സമല്ല." - [ഫതാവ ലജ്നതുദ്ദാഇമ: 8/369].

അല്ലാഹു അനുഗ്രഹിക്കട്ടെ ... 




-----------------------------------------------------------

അനുബന്ധ ലേഖനം: ഭാര്യാഭര്‍ത്താക്കന്മാര്‍ക്കല്ലാതെ, പുരുഷന് സ്ത്രീയെയോ സ്ത്രീക്ക് പുരുഷനെയോ ജനാസ കുളിപ്പിക്കാമോ ?.  http://www.fiqhussunna.com/2016/10/blog-post_23.html


ജനാസ നിയമങ്ങള്‍: http://www.fiqhussunna.com/p/mr.html

Wednesday, October 19, 2016

സൗദി രാജകുമാരന് വധശിക്ഷ. നടപ്പാക്കപ്പെട്ടത് പ്രപഞ്ചസൃഷ്ടാവിന്‍റെ നീതി.



(സൗദി അറേബ്യയില്‍ നടപ്പാക്കപ്പെട്ട മാതൃകാപരമായ ഒരു ശിക്ഷയുടെ അവലോകനമാണിത്).

ജിദ്ദ: 18/10/16 ന് സൗദി രാജകുമാരന്‍ തുര്‍ക്കി  ബിന്‍ സഊദ് ബിന്‍ തുര്‍ക്കി ബിന്‍ സഊദ് അല്‍കബീറിന്‍റെ വധശിക്ഷ നടപ്പിലാക്കിയതായി   സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആദില്‍ ബ്ന്‍ സുലൈമാന്‍ അബ്ദുല്‍ കരീം എന്ന സാധാരണക്കാരനായ സൗദി പൗരനെ വധിച്ചതിന്‍റെ പേരിലായിരുന്നു വധശിക്ഷ ലഭിച്ചത്. ആദില്‍ ബ്ന്‍ സുലൈമാന്‍ എന്നയാളെ രാജകുമാരന്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. അതിനുള്ള ശിക്ഷയായാണ് വധശിക്ഷ നടപ്പാക്കിയത്.

കൊലപാതകക്കുറ്റം കോടതി മുന്‍പാകെ തെളിയിക്കപ്പെടുകയും പ്രതി കുറ്റക്കാരനാണ് എന്നത് ബോധ്യപ്പെട്ട സുപ്രീം കോടതി വധശിക്ഷ ശരിവെക്കുകയുമായിരുന്നു. തുടര്‍ന്ന് വധശിക്ഷക്ക് നല്‍കുന്നതിന് രാജാവിന്‍റെ കല്പന ലഭിച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്. ശരീഅത്ത് നിയമമനുസരിച്ച് നിരപരാധികളെ കൊലപ്പെടുത്തുന്നവര്‍ക്ക് കുറ്റം തെളിഞ്ഞാല്‍ വധശിക്ഷയാണ് ലഭിക്കുക. അതില്‍ അധികാരികള്‍ക്ക് പ്രത്യേക പരിരക്ഷയില്ല.

കുറ്റം ചെയ്തവരെ ശിക്ഷിക്കുന്നിടത്ത് ഉന്നതരെന്നോ ദുര്‍ബലരെന്നോ വിവേചനം കാണിക്കാന്‍ പാടില്ല എന്നത് നബി (സ) കല്പനയാണ്. തന്‍റെ കരളിന്‍റെ കഷ്ണമായ സ്വന്തം മകളാണ് കുറ്റക്കാരിയെങ്കിലും അവളുടെ മേല്‍ ശിക്ഷ നടപ്പാക്കുമെന്ന നബി തിരുമേനിയുടെ പ്രഖ്യാപനം ഏറെ പ്രശസ്തമാണ്.  "നിങ്ങള്‍ക്ക് മുന്‍പുള്ളവര്‍ നശിക്കാന്‍ കാരണം അവരില്‍ ഉന്നതര്‍ കുറ്റം ചെയ്‌താല്‍ അവരെയവര്‍ വെറുതെ വിടുകയും, ദുര്‍ബലര്‍ കുറ്റം ചെയ്‌താല്‍ അവര്‍ക്ക് ശിക്ഷ നടപ്പാക്കുകയും ചെയ്യുമായിരുന്നു എന്നതാണ്. അല്ലാഹുവാണ് സത്യം മുഹമ്മദിന്‍റെ മകള്‍ ഫാത്വിമയാണ് കട്ടതെങ്കിലും  അവളുടെ കൈ ഞാന്‍ മുറിക്കുമായിരുന്നു." - [ബുഖാരി, മുസ്‌ലിം]. ശിക്ഷാവിധി നടപ്പാക്കുന്നിടത്ത് ഇസ്‌ലാം നിഷ്കര്‍ഷിക്കുന്ന നീതിബോധത്തിന്‍റെ ഭാഗമാണത്. അധികാരത്തിന്‍റെ ധാര്‍ഷ്ട്യം ദുരുപയോഗം ചെയ്ത് കുറ്റവാളികളായ തന്‍റെ ബന്ധുമിത്രാതികളെ സംരക്ഷിക്കുന്ന ഓരോ ആളുകളെയും ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ് നബിതിരുമേനിയുടെ (സ) ആ വാക്കുകള്‍.

ഏകദൈവ വിശ്വാസത്തില്‍ അധിഷ്ടിതമായ ഇസ്‌ലാം മനുഷ്യ ജീവിതത്തിന്‍റെ സര്‍വ മേഖലകളും പരാമര്‍ശിക്കുന്നു. അന്യായമായി ഒരാളുടെ ജീവന്‍ അപഹരിക്കുന്നവന് കുറ്റം തെളിഞ്ഞാല്‍ പ്രതിക്രിയയായി വധശിക്ഷയാണ് നല്‍കുക. കുറ്റം തെളിഞ്ഞാല്‍ അയാള്‍ക്ക് മാപ്പ് നല്‍കാന്‍ ഭാരനാധികാരിക്കോ കോടതിക്കോ അധികാരമില്ല. വധിക്കപ്പെട്ട ആളുടെ അനന്തരാവകാശികള്‍ക്ക് മാത്രമാണ് അയാള്‍ക്ക് മാപ്പ് നല്‍കാനുള്ള അവകാശം. മാപ്പ് നല്‍കുകയും പകരം ബ്ലഡ് മണി (നഷ്ടപരിഹാര ദ്രവ്യം) സ്വീകരിക്കുകയും ചെയ്യാനുള്ള അവകാശം ബന്ധുക്കള്‍ക്ക് ഉണ്ട്. നിരുപാധികം മാപ്പ് നല്‍കുകയുമാകാം.

വധശിക്ഷ നല്‍കുന്നതിന് ഒരുപാട് കടമ്പകള്‍ ഉണ്ട്. സംശയത്തിന് ഇടവരാത്ത രൂപത്തില്‍ തെളിവുകളോടെ കുറ്റം തെളിയണം. വധശിക്ഷ നടപ്പാക്കണം എന്നതില്‍ കൊല്ലപ്പെട്ടയാളുടെ അനന്തരാവകാശികള്‍ എല്ലാവരും ഒരേ അഭിപ്രായക്കാരാകണം.  മേല്‍ജാതിയെന്നോ കീഴ്ജാതിയെന്നോ സവര്‍ണ്ണനെന്നോ അവര്‍ണ്ണനെന്നോ വ്യത്യാസം ഇസ്‌ലാമിലില്ല.

ആചാര വിശ്വാസ തലങ്ങളില്‍ എന്നതിലുപരി ശിക്ഷാ നിയമങ്ങളിലും അത്യുന്നതമായ മൂല്യങ്ങളാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. പലപ്പോഴും ആ മൂല്യങ്ങള്‍ നമ്മുടെ നാട്ടില്‍ ചര്‍ച്ചയായിട്ടുമുണ്ട്. ഡല്‍ഹിയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാല്‍സംഗത്തിനിരയായത്, സൗമ്യ വധക്കേസ് വിധി തുടങ്ങി ഒട്ടനേകം സന്ദര്‍ഭങ്ങളില്‍ ശരീഅത്ത് നിയമമാണ് യഥാര്‍ത്ഥത്തില്‍ പ്രതികള്‍ക്ക് ലഭിക്കേണ്ടത് എന്ന് സമൂഹം ഒന്നടങ്കം ആവശ്യമുന്നയിച്ചിരുന്നു. മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവ് അവന്‍റെ സമാധാനപരവും നിര്‍ഭയവുമായ ജീവിതത്തിന് നിഷ്കര്‍ഷിച്ച നിയമങ്ങളാണ് ശരീഅത്ത് നിയമങ്ങളില്‍ എല്ലാം ഉള്ളത്. കുറ്റവാളിക്ക് അവന്‍ ചെയ്ത കുറ്റത്തിന് സമാനമായ ശിക്ഷ ലഭ്യമാക്കുക എന്ന പ്രതിക്രിയ (ഖിസാസ്) മനുഷ്യ ജീവിതത്തിന് അനിവാര്യമാണ് എന്നതാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. "സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത്‌ നിങ്ങള്‍ക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു.......". - [വിശുദ്ധഖുര്‍ആന്‍: 2/178]. തുടര്‍ന്ന് അത് നിയമമാക്കാന്‍ ഉണ്ടായ കാരണവും അല്ലാഹു പറയുന്നു: "ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ്‌ നിങ്ങളുടെ ജീവിതത്തിന്‍റെ നിലനില്‍പ്‌. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ ( ഈ നിയമനിര്‍ദേശങ്ങള്‍)" - [വിശുദ്ധഖുര്‍ആന്‍:  2/179]. അഥവാ മനുഷ്യ ജീവിതത്തിന്‍റെ നിലനില്‍പ് തന്നെ ഇത്തരം അധര്‍മ്മകാരികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നതിലാണ്. ഇല്ലയെങ്കില്‍ ആരും ആരെയും കൊല ചെയ്യാന്‍ മടിക്കാത്ത ദിനം പ്രതി നിരവധി കൊലപാതകങ്ങള്‍ നടക്കുന്ന സാഹചര്യം (നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ തന്നെ ഉദാഹരണം) ഉണ്ടാകും.

എന്നാല്‍ ഇസ്‌ലാമില്‍ വ്യക്തികള്‍ക്ക് സ്വയം ശിക്ഷ വിധിക്കാനും നടപ്പാക്കാനുമുള്ള അധികാരമില്ല. ഉത്തരവാദപ്പെട്ട അധികാരികളാണ് ശിക്ഷ നടപ്പാക്കേണ്ടത്. നിയമവ്യവസ്ഥിതി കയ്യാളുന്നവര്‍ ഏകനായ പ്രപഞ്ച സൃഷ്ടാവിന്‍റെ നിയമങ്ങള്‍ പാലിക്കുവാനും നടപ്പിലാക്കുവാനും ബാധ്യസ്ഥരാണ്. അവര്‍ അനീതി കാണിക്കുന്ന പക്ഷം മരണാനന്തര ജീവിതത്തില്‍ തീര്‍ച്ചയായും സൃഷ്ടാവിന്‍റെ വിചാരണ നേരിടേണ്ടി വരും എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. 'ന്യായാധിപന്‍' , 'നിയമപാലകന്‍' തുടങ്ങിയ ചുമതലകളെല്ലാം അത്യധികം വലിയ ഉത്തരവാദിത്തമായാണ് ഇസ്‌ലാം വിലയിരുത്തുന്നത്. അനീതിയോ അറിവില്ലാതെ വിധിക്കലോ കൊടുംപാപമായും കാണുന്നു. വ്യക്തികള്‍ നിയമം കയ്യിലെടുക്കലും ഇസ്‌ലാമില്‍ അന്യായം തന്നെ. കാരണം അത് സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ തന്നെ നഷ്ടപ്പെടുത്തും.

എല്ലാ അനീതിക്കും നീതിപൂര്‍വ്വം വിധി നടപ്പാക്കുന്ന സൃഷ്ടാവിന്‍റെ കോടതിയില്‍, സൃഷ്ടാവിന്‍റെ നിയമമനുസരിച്ച് ജീവിച്ചവര്‍ സുരക്ഷിതരായിരിക്കും. എന്നാല്‍ നീതി നിഷേധിച്ചവര്‍, നീതി നിഷേധത്തിന് കൂട്ട് നിന്നവര്‍, വാക്കാലത്ത് പറഞ്ഞവര്‍, നിയമത്തിന്‍റെ സാങ്കേതികത്വത്തിലൂടെ രക്ഷപ്പെട്ടവര്‍ എല്ലാവരെയും ആ കോടതിയില്‍ വിചാരണ കാത്തുകിടപ്പുണ്ട്. നബി (സ) പറഞ്ഞു: "ഒരു ന്യായാധിപന്‍ സ്വര്‍ഗ്ഗത്തിലും, രണ്ട് ന്യായാധിപന്മാര്‍ നരകത്തിലുമായിരിക്കും. ഒന്ന് സത്യം മനസ്സിലാക്കി അതുപ്രകാരം വിധിച്ചവന്‍ അയാള്‍ സ്വര്‍ഗ്ഗത്തിലാണ്. മറ്റൊന്ന് സത്യം ഏത് എന്നറിയാതെ വിധി പറഞ്ഞവന്‍ (അവന്‍റെ വിധി സത്യത്തിന് അനുകൂലമായാല്‍പോലും) അവന്‍ നരകത്തിലാണ്, അതുപോലെ സത്യം അറിഞ്ഞിട്ടും വിപരീതമായി വിധി പറഞ്ഞവന്‍ അവനും നരകത്തിലാണ്". വിശ്വാസ, ആചാര, കര്‍മ്മ തലങ്ങളില്‍ എന്നുവേണ്ട ജീവിതത്തിന്‍റെ സര്‍വ്വ മേഖലകളിലും ഏകനായ സൃഷ്ടാവിന്‍റെ നിയമങ്ങള്‍ പാലിച്ച് ജീവിക്കുക ഓരോ മനുഷ്യന്‍റെയും ബാധ്യതയാണ്. ആ നിയമങ്ങളാണ് ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നത്. മനുഷ്യന്‍റെ ഇഹപരവിജയവും ശാന്തിയും നിലകൊള്ളുന്നത് സൃഷ്ടാവിന്‍റെ നിയമങ്ങള്‍ പിന്തുടരുമ്പോഴാണ്. ആ സന്മാര്‍ഗത്തിലേക്ക് നമ്മെ ഏവരേയും സര്‍വ്വശക്തന്‍ വഴിനടത്തട്ടെ... 

അനുബന്ധലേഖനം: ഗോവിന്ദച്ചാമിയുടെ കോടതി വിധി. ഒരിസ്‌ലാമിക നിരൂപണം.  [ http://www.fiqhussunna.com/2016/10/blog-post_19.html ] .

Tuesday, October 18, 2016

പിരമിഡ് സ്‌കീം - മൾട്ടി ലെവൽ മാർക്കറ്റിങ് - ചെയ്ൻ മാർക്കറ്റിങ് .. ഇസ്‌ലാമിക വിധിയെന്ത് ?.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിനെ സംബന്ധിച്ച് ഈയിടെയായി ഒരുപാട് പേര്‍ ചോദിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ ഈ വിഷയം പണ്ഡിതന്മാര്‍ വളരെ വിശാലമായിത്തന്നെ അതിന്‍റെ എല്ലാ സാധ്യതകളും മുന്‍നിര്‍ത്തി ചര്‍ച്ച ചെയ്തിട്ടുണ്ട്. ആധികാരികമായ പണ്ഡിതസഭകളും പ്രഗല്‍ഭരായ പണ്ഡിതന്മാരും അത് നിഷിദ്ധമാണ് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. വളരെ സംക്ഷിപ്തമായിപ്പറഞ്ഞാല്‍: മാര്‍ക്കറ്റിംഗ് ശൃംഖലയില്‍ അംഗമാകാനും അതിന്‍റെ കമ്മീഷന്‍ ലഭിക്കാനും ആദ്യം സ്വയം പ്രോഡക്റ്റ് വാങ്ങുകയും മറ്റുള്ളവരെക്കൊണ്ട് വാങ്ങിപ്പിച്ച് അണിചേർക്കുകയും ചെയ്യണം എന്നോ , അതെല്ലെങ്കില്‍ നിശ്ചിത സംഖ്യ അടക്കുകയും മറ്റുള്ളവരെ നിശ്ചിത തുക അടപ്പിച്ച് അണി ചേർപ്പിക്കുകയും ചെയ്യണം എന്നോ ആവശ്യപ്പെടുന്ന ഈ രണ്ട് രൂപത്തിൽ പ്രവർത്തക്കുന്നവയായ  പിരമിഡ് സ്‌കീമിലുള്ള മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് സംരംഭങ്ങൾ മതപരമായി നിഷിദ്ധമാണ്.

ഉദാ: നിങ്ങള്‍ അതിന്‍റെ നെറ്റ് വര്‍ക്കില്‍ ഒരംഗമാകണം എങ്കില്‍ ആദ്യം നിങ്ങള്‍ അതിന്‍റെ ഒരു പ്രോഡക്റ്റ് വാങ്ങണം, ചില കമ്പനികളില്‍ നിശ്ചിത സംഖ്യ അടച്ച് അംഗത്വം എടുക്കണം (മണി ചെയ്ന്‍). അതുപോലെ ലാഭം ലഭിക്കാൻ മറ്റുള്ളവരെക്കൊണ്ട് അപ്രകാരം നിങ്ങൾ അണിചേർക്കുകയും വേണം. ഈ രണ്ട് രീതികളും നിഷിദ്ധമാണ്. 


ആളുകളിലേക്ക് ചിലവുകുറച്ച് നേരിട്ട് പ്രൊഡക്ടുകൾ എത്തിക്കുകയും കുറഞ്ഞ വിലക്ക് ആളുകൾക്ക് പ്രോഡക്ട് ലഭ്യമാക്കുകയും ചെയ്യുക എന്നത് നല്ല കാര്യം തന്നെ. പക്ഷെ അതിൻ്റെ മറ പിടിച്ച് പിരമിഡ് സ്‌കാം എന്ന ശുദ്ധ തട്ടിപ്പ് ഒളിച്ചുകടത്താൻ ശ്രമിക്കുകയാണ് പല കമ്പനികളും ചെയ്യുന്നത്. അണിചേരാൻ തങ്ങളുടെ മാത്രം പ്രത്യേക പ്രോഡക്റ്റ് കൂടിയ വിലക്ക് നൽകി ആളുകളുടെ പണം അപഹരിക്കുന്ന രീതിയാണിത്.

www.fiqhussunna.com


പണ്ഡിതോചിതമായി ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഓണ്‍ലൈനില്‍ ലഭ്യമായ ഏറ്റവും സുപ്രധാനമായ ഒരു ചര്‍ച്ച റിയാദിലെ ഇമാം യൂണിവേഴ്സിറ്റിയിലെ 'തമയ്യുസ് റിസര്‍ച്ച് സെന്‍റര്‍' നടത്തിയ ചര്‍ച്ചയാണ്.  അതില്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചവരെല്ലാം തെളിവുകള്‍ നിരത്തിക്കൊണ്ട്‌ പിരമിഡ് സ്‌കീമിൽ പ്രവർത്തിക്കുന്ന MLM ബിസിനസ്സ് പാടില്ല എന്നാണ് പ്രസ്താവിച്ചത് എന്നതും ശ്രദ്ധേയമാണ്. ചര്‍ച്ചയുടെ ലിങ്ക് : https://www.youtube.com/watch?v=iJ3dKtkr4Zk


 

സാധാരണ മണി ചെയ്ന്‍ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അതുപോലെത്തന്നെയാണ് പ്രോഡക്റ്റ് ഉള്ള പിരമിഡ് പോലെ താഴോട്ട് വളരുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളും  പ്രവർത്തിക്കുന്നത്.   
കാരണം ഈ ശൃംഖലയുടെ നിലനില്‍പ്പിനോ ഈ രീതി പ്രവര്‍ത്തനക്ഷമമാകാനോ പ്രോഡക്റ്റ് എന്നത് ഒരു ആവശ്യമേ അല്ല. കമ്പനിയുടെ പ്രവർത്തനം നിയമപരമായി അനുവദിക്കപ്പെടാൻ വേണ്ടി മാത്രമാണ് അതിൽ പ്രോഡക്റ്റ് ചേർത്തത്.

ഉദാ: ഒരാള്‍ 10000 രൂപ മുടക്കി കുറച്ച് കോസ്മെറ്റിക്ക് സാധനങ്ങള്‍ അല്ലെങ്കില്‍ പ്രോട്ടീന്‍ പൌഡര്‍ വാങ്ങി ശൃംഖലയില്‍ അംഗമാകുന്നു. മറ്റു രണ്ടുപേരെക്കൂടി അയാള്‍ ചേര്‍ത്താല്‍ (അഥവാ അവരെക്കൊണ്ടു 10000 രൂപക്ക് മേല്‍ വസ്തു വാങ്ങിപ്പിച്ചാല്‍) അയാളുടെ ശൃംഖല വളരാന്‍ ആരംഭിക്കും. രണ്ട് നാലാകണം, നാല് എട്ടാകണം, എട്ട് പതിനാറാകണം. ബൈനറിയിൽ തൻ്റെ വലതും ഇടതും ഒരുപോലെ വളർച്ചയുണ്ടായാൽ മാത്രമേ കമ്മീഷൻ ലഭിക്കൂ. അതുകൊണ്ട് തന്നെ കമ്മീഷൻ ലഭിക്കാൻ ചേര്‍ന്നവര്‍ ചേര്‍ന്നവര്‍ മറ്റുള്ളവരെ ചേര്‍ത്തണം. വളര്‍ച്ച നിന്നാല്‍ കമ്മീഷന്‍ ലഭിക്കില്ല.  പിന്നെ ചേരുന്നവര്‍ ഇതുപോലെ കമ്മീഷന്‍ മുന്നില്‍ക്കണ്ട് ആളുകളെക്കൊണ്ട് പ്രോഡക്റ്റ് വാങ്ങിപ്പിക്കണം. ഇതാണല്ലോ ശൈലി.. ഇവിടെ നിങ്ങള്‍ പ്രോഡക്റ്റ് ഇല്ലാതെ ഒരാള്‍ 10000 മാത്രം നല്‍കി അതില്‍ അംഗമാകുന്നു എന്ന് കരുതുക. ഒരു കുഴപ്പവും കൂടാതെ ഈ ശൃംഖല നിലനില്‍ക്കും. മുകളിലുള്ളവര്‍ക്ക് താഴെയുള്ളവര്‍ ചേരുന്നതിന് അനുസരിച്ച് ലാഭം നല്‍കാനും സാധിക്കും. അഥവാ പ്രോഡക്റ്റ് എന്നത് ഇവിടെ അത് നിയമ വിധേയമാക്കാനുള്ള ഉപാധി മാത്രമാണ്. അതുകൊണ്ടാണല്ലോ ജീവിതത്തില്‍ ഒരിക്കല്‍ പോലും ആവശ്യമില്ലാത്തതോ തങ്ങള്‍ ചിന്തിച്ചിട്ടില്ലാത്തതോ ആയ പ്രോഡക്റ്റുകള്‍ കമ്മീഷന്‍ എന്ന പ്രലോഭനം മുന്നില്‍ക്കണ്ട് ഭീമമായ സംഖ്യ നല്‍കി ആളുകള്‍ വാങ്ങിക്കൂട്ടുന്നത്. ഈയിടെ ഇങ്ങനെയുള്ള കമ്പനിയുടെ പ്രോട്ടീന്‍ പൌഡര്‍ വാങ്ങിയ ഒരു സഹോദരന്‍ പറഞ്ഞത് ഞാന്‍ അത് പശുവിന്‍റെ വെള്ളത്തില്‍ ചേര്‍ത്ത് കൊടുക്കാറാണ് എന്നതാണ്. അഥവാ ഞാന്‍ പറഞ്ഞുവന്നത് ശറഇയ്യായ കച്ചവടത്തില്‍ പ്രോഡക്റ്റ് - വില എന്നീ രണ്ട് കാര്യങ്ങള്‍ സുപ്രധാനമാണ്‌. അവയില്ലാതെ അത് നിലനില്‍ക്കുകയില്ല. എന്നാല്‍ MLM ല്‍ സത്യസന്ധമായിപ്പറഞ്ഞാല്‍ പ്രോഡക്റ്റ് വിലകൂടിയതാകട്ടെ, വിലയില്ലാത്തതാകട്ടെ അത് ഒരു വിഷയമേ അല്ല. കാരണം കമ്മീഷന്‍ എന്നതാണ് ശൃംഖലയില്‍ അംഗമാകാനുള്ള പ്രധാന കാരണം.

ഇനി നൽകുന്നത് ആളുകൾക്ക് ഉപകരിക്കുന്ന നിത്യോപയോക വസ്തുക്കൾ തന്നെയാണ് എന്ന് കരുതുക. സ്വാഭാവികമായും മുകളിലുള്ള കണ്ണികൾക്ക് മുഴുവൻ കമ്മീഷൻ നൽകണം എങ്കിൽ സ്വാഭാവിക വിലയിൽ നിന്നും കൂടുതൽ ആ ഉത്പന്നത്തിന് ഈടാക്കേണ്ടി വരും. അതുകൊണ്ടാണ് ഇത്തരം കമ്പനികൾ ഈ ആവശ്യത്തിനായി മാർക്കറ്റിൽ തങ്ങളുടെ മാത്രം പ്രത്യേകമായ പ്രൊഡക്ടുകൾ ഇറക്കുന്നു. അവക്ക് വലിയ മാർജിൻ ഈടാക്കുന്നു. ഇതുവഴി താഴെ കണ്ണികളിലെ ആളുകളിൽ നിന്നും അധികം ലഭിക്കുന്ന തുക മുകളിലെ കണ്ണികൾക്ക് വീതിച്ച് കൊടുക്കുന്നു. കമ്പനിക്കും വിഹിതം ലഭിക്കുന്നു. ഇങ്ങനെ ഈ കണ്ണികൾ വളരുമ്പോൾ തുടർന്ന് അണിചേരുന്നവരിൽ നിന്നും ലാഭം കിട്ടുമല്ലോ എന്ന പ്രതീക്ഷയാൽ ആളുകൾ കണ്ണികളായിക്കൊണ്ടേ ഇരിക്കുന്നൂ. ഒരു നിലയിൽ നിന്നും മറ്റൊരു നിലയിലേക്ക് ലാഭവിഹിതം ലഭിക്കാൻ എണ്ണം ഇരട്ടിയാകണം. ആയിരം പതിനായിരവും പതിനായിരം ഇരുപത്തിനായിരവും ആകണം. അവസാനം കണ്ണിചേരുന്നവർക്ക് നഷ്ടം സംഭവിക്കുമെന്നത് ഉറപ്പാണ്. ആ അവസാനക്കാർ ആയിരങ്ങളോ ലക്ഷങ്ങളോ ആയിരിക്കാം. അവരുടെ ലാഭം എന്ന ആഗ്രഹത്തെ മുൻനിർത്തി ഈടാക്കിയ അധിക തുക കമ്പനിയും മുകളിലുള്ള കണ്ണികളും പങ്കിട്ടെടുക്കുന്നു. ഇത് മനസ്സിലാക്കാൻ വലിയ സാമ്പത്തിക ശാസ്ത്രമൊന്നും അറിയേണ്ടതില്ല. തൻ്റെ കയ്യിലേക്ക് ഈ പണം എവിടെ നിന്നുമാണ് വരുന്നത് എന്ന് ഒന്ന് മനസ്സിരുത്തി ആലോചിച്ചാൽ മതി.

അല്ലാതെ സ്വാഭാവിക കച്ചവടം വഴി ആളുകളിലേക്ക് ഡയറക്റ്റ് സെല്ലിങിലൂടെ പ്രോഡക്റ്റ് എത്തിക്കുകയും മാർക്കറ്റിലെ വിലയോടും മറ്റു ഉത്പന്നങ്ങളോടും മത്സരിച്ച് ഉപഭോക്താക്കളെ കണ്ടെത്തി വിജയിക്കുകയും ചെയ്യുന്ന സാധാരണ കച്ചവടം നെറ്റ്‌വർക്ക് രൂപത്തിൽ ചെയ്താലും യാതൊരു കുഴപ്പവുമില്ല. അവിടെ നമ്മുടെ ഉല്പന്നം ഗുണമേന്മയുള്ളതും മാന്യമായ വിലയുള്ളതുമാണെങ്കിലേ പിടിച്ചു നിൽക്കാനും സാധിക്കൂ. വലതും ഇടതും ആളുകളെ ചേർക്കുന്ന പിരമിഡ് സ്‌കീമിൽ ഉള്ളത് അപ്രകാരമുള്ള സ്വാഭാവിക കച്ചവടമല്ല. അത് ആളുകളെ ചൂഷണം ചെയ്യൽ തന്നെയാണ്. സ്കീമിന് ഉപയോഗിക്കുന്ന പ്രോഡക്റ്റും സമാനമായ പ്രൊഡക്ടുകൾക്ക് മാർക്കറ്റിൽ വരുന്ന വിലയും നിങ്ങൾ ഒന്ന് താരതമ്യം ചെയ്‌താൽ മതി.

എന്നാല്‍ ഇസ്ലാമികമായ കച്ചവടത്തില്‍ ആളുകള്‍ വസ്തു വാങ്ങുന്നതും വിലനല്‍കുന്നതുമെല്ലാം  അതിന്‍റെ ഗുണമേന്മ അനുസരിച്ചും ആവശ്യഗത അനുസരിച്ചുമാണ്. ഒരാള്‍ക്ക് ഒരു കമ്പനിയുടെ പ്രോഡക്റ്റ്സ് വില്‍ക്കുന്നതിന് കമ്പനിക്ക് അയാള്‍ക്ക് കമ്മീഷന്‍ നല്‍കാം. മാത്രമല്ല തീര്‍ത്തും വസ്തു ആവശ്യമുള്ളവര്‍ക്ക് അത് വില്പന നടത്തിയേ അയാള്‍ക്ക് കമ്മീഷന്‍ കരസ്ഥമാക്കാന്‍ സാധിക്കുകയുള്ളൂ.  അത്തരത്തിൽ ഡയറക്റ്റ് സെല്ലിംഗ് വഴി കുറഞ്ഞ വിലക്ക് ഉപഭോക്താക്കൾക്ക് സാധനം ലഭ്യമാക്കുന്ന, അതുപോലെ ആളുകളെ ചേർക്കുന്നതിന് നിശ്‌ചിത തുക എന്നതിന് പകരം തന്നിലൂടെ വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങൾക്ക് അനുസൃതമായി കമ്മീഷൻ ലഭിക്കുന്ന, അംഗങ്ങളാകാൻ നിശ്ചിത തുകയോ, പ്രോഡക്ട് വാങ്ങിക്കുക എന്നതോ, മറ്റുള്ളവരെ ചേർക്കുകയെന്നതോ നിബന്ധന വെക്കാത്ത ഇത്തരം ശൃഖലകൾ അനുവദനീയവും സമൂഹത്തിന് ഗുണകരവുമാണ്. 

എന്നാല്‍ ആ കമ്മീഷന് അര്‍ഹനാകണമെങ്കില്‍ അയാള്‍ ആദ്യം നിശ്ചിത വിലക്ക് ഒന്ന് വാങ്ങണം. ശേഷം നിശ്ചിത വിലക്ക് വാങ്ങിക്കുന്നവര്‍ക്കെല്ലാം അതുപോലെ അവര്‍ മറ്റൊരാളെക്കൊണ്ടും വാങ്ങിപ്പിച്ചാല്‍ കമ്മീഷന്‍ ലഭിക്കും. ഇങ്ങനെ വാങ്ങിയവര്‍ വാങ്ങിയവര്‍ ലാഭം എന്ന ആഗ്രഹത്തെ മുൻനിത്തി   മറ്റൊരാളെക്കൂടി അതില്‍പെടുത്താന്‍ ശ്രമിക്കുന്നു. ഉല്പ്പന്നം എന്നത് ഇവിടെ കേവലം ഒരുപാധി മാത്രമാണ്. ഇനിയുള്ള ഭാവി MLM മാര്‍ക്കറ്റിംഗ് രീതിക്കാണ് എന്ന് പറഞ്ഞു തങ്ങളുടെ പിരമിഡ് സ്‌കീം ആളുകളെ വിശ്വസിപ്പിക്കുന്നു. ഇതുവഴി പിന്നീട് പിന്നീട് ചേരുന്നവരുടെ ധനം ആദ്യമാദ്യം ചേര്‍ന്നവര്‍ ഭക്ഷിക്കുന്നു. നിയമവിധേയമാക്കാന്‍ പ്രോഡക്റ്റ് ഉള്‍പ്പെടുത്തി എന്നതൊഴിച്ചാല്‍ മണി ചെയിന്‍ മാര്‍ക്കറ്റിംഗ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അപ്രകാരം തന്നെയാണ് പിരമിഡ് സ്കീമിലുള്ള MLM ഉം പ്രവര്‍ത്തിക്കുന്നത്. കാരണം ആ പ്രോഡക്റ്റ് ഉപേക്ഷിച്ചാലും ഈ രീതി പ്രവര്‍ത്തനക്ഷമമായിരിക്കും. അതുകൊണ്ട് ലാഭം എന്ന മനുഷ്യന്‍റെ സ്വാഭാവിക ആഗ്രഹത്തെ മുന്‍നിര്‍ത്തി തങ്ങളുടെ വസ്തുക്കള്‍ വിറ്റഴിക്കുന്ന ഒരു ചൂഷണ രീതിയായല്ലാതെ ഇതിനെ കാണാന്‍ സാധികില്ല. 

ആധുനിക സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധേയനായ ശൈഖ് സാമി സുവൈലിം ഈ വിഷയത്തില്‍ അവതരിപ്പിച്ച പഠനം ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു:

പിരമിഡ് മാര്‍ക്കറ്റിംഗ് സിസ്റ്റം (മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്) അതിന്‍റെ രീതിശാസ്ത്രം വളരെ ലളിതമാണ്. താന്‍ വാങ്ങിയതുപോലെ മറ്റുള്ളവരെയും (ആ കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങാന്‍ പ്രേരിപ്പിച്ചാല്‍) തനിക്ക് അതിന്‍റെ കമ്മീഷന്‍ ലഭിക്കും എന്നതിനെ മുന്‍നിര്‍ത്തി ഒരാള്‍ ഒരു കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങിക്കുന്നു. പിന്നെ അതില്‍ (അയാളുടെ പ്രേരണയാല്‍ പങ്കാളികളായവരും) അതുപോലെ മറ്റുള്ളവരെ അതില്‍ പങ്കാളികളാക്കാനും പ്രോഡക്റ്റ് വാങ്ങാനും പ്രേരിപ്പിക്കുകയും അതിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. അങ്ങനെ ആദ്യമാദ്യം ചേര്‍ന്നവര്‍ക്ക് (അതിന്‍റെ ഭാഗമായി) കൂടുതല്‍ കമ്മീഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.

താഴെ പറയുന്ന കാരണങ്ങളാല്‍ ഈ തരത്തിലുള്ള ഇടപാട് ഹറാം (നിഷിദ്ധം) ആണ്:

1- അത് ആളുകളുടെ ധനം അന്യായമായി ഭുജിക്കലാണ്.

2- ശറഇയ്യായി നിഷിദ്ധമായ غرر (ഊഹക്കച്ചവടം) അതില്‍ അധിഷ്ടിതമാണത്. 

ആളുകളുടെ ധനം അന്യായമായി ഭുജിക്കലാണ് എന്ന് പറയാന്‍ കാരണം:   ഈ രൂപത്തിലുള്ള ഒരു സംവിധാനം 'ഒരാള്‍ക്ക് ലാഭം കൊയ്യണമെങ്കില്‍ മറ്റൊരാള്‍ നഷ്ടം സഹിക്കണം' എന്ന മാനദണ്ഡപ്രകാരമല്ലാതെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല എന്നത് സുവ്യക്തമാണ്. അതിന്‍റെ വളര്‍ച്ച അവസാനിച്ചാലും ഇല്ലെങ്കിലും ഇപ്രകാരം തന്നെ. ഏത് സന്ദര്‍ഭത്തിലാകട്ടെ  അവസാനം അംഗങ്ങള്‍ ആകുന്നവര്‍ക്ക് നഷ്ടം സംഭവിക്കുക എന്നത് നിശ്ചയമാണ്. അതില്ലാതെ മുകളിലുള്ളവര്‍ക്ക് സ്വപ്നതുല്യമായ  ലാഭം കൊയ്യാനും സാധ്യമല്ല. (താഴോട്ട് താഴോട്ട് ശൃംഖല വ്യാപിക്കുക വഴി) ലാഭം കൊയ്യുന്നവര്‍ കുറച്ചും നഷ്ടം സംഭവിക്കുന്നവര്‍ കൂടുതലും ആയിരിക്കും. അഥവാ കൂടുതല്‍ പേരും നല്‍കിയ പണം കുറച്ച് പേര്‍ അനര്‍ഹമായി കരസ്ഥമാക്കി എന്ന് മാത്രം. വിശുദ്ധഖുര്‍ആന്‍ നിഷിദ്ധമായി പ്രസ്ഥാവിച്ച ജനങ്ങളുടെ ധനം അന്യായമായി ഭുജിക്കല്‍ ആണിത്. സാമ്പത്തിക വിദഗ്ദരുടെ ഭാഷയില്‍ (Zero-Sum Game) എന്നാണിതിന് പറയുക. അഥവാ ചിലര്‍ കൊയ്യുന്ന ലാഭം മറ്റു ചിലര്‍ക്കുണ്ടായ നഷ്ടം മാത്രമായിരിക്കും.

ഇനി ഊഹത്തില്‍ അധിഷ്ടിതം എന്ന് പറയാന്‍ കാരണം: ശറഇയ്യായി കച്ചവടത്തില്‍ നിഷിദ്ധമായ ഊഹം എന്ന് പറയുന്നത്. [هو بذل المال مقابل عوض يغلب على الظن عدم وجوده أو تحققه على النحو المرغوب] അഥവാ: കൂടുതലും ഉണ്ടാകാന്‍ ഇടയില്ല എന്ന് കരുതപ്പെടുന്നതോ, അല്ലെങ്കില്‍ ഉദ്ദേശിച്ച വിധം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതോ ആയ ഒരു കാര്യത്തിന് പണം മുടക്കുക എന്നതാണ്. അതുകൊണ്ടാണ് ഫുഖഹാക്കള്‍ (غرر) എന്നാല്‍ ഒന്നുകില്‍ വലിയ ലാഭം അല്ലെങ്കില്‍ നഷ്ടം എന്നിങ്ങനെ രണ്ട് കാര്യങ്ങളില്‍ രണ്ടിനും ഒരുപോലെ സാധ്യതയുള്ളത് എന്ന് വിശേഷിപ്പിച്ചത്. ഈ പറയുന്ന മാര്‍ക്കറ്റിംഗില്‍ അംഗങ്ങലാകുന്നവരെല്ലാം അധികവും തങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ലാത്ത 'വലിയ ലാഭം' എന്നതിനെ മുന്നില്‍ കണ്ടാണ്‌ പങ്കാളികളാകുന്നത്.  

ചുരുക്കത്തില്‍: ഈ പറയുന്ന പിരമിഡ് മാര്‍ക്കറ്റിംഗ് (അംഗങ്ങളായി താഴോട്ട് വളരുന്ന മാര്‍ക്കറ്റിംഗ് ശൃംഖല) ആളുകളെ (ലാഭം എന്ന പ്രലോഭനം മുന്‍നിര്‍ത്തി) ചൂഷണം ചെയ്യുന്നതിലും ധനം അന്യായമായി അപഹരിക്കുന്നതിലും അധിഷ്ടിതമാണ്. കാരണം ഈ ശൃംഖല അനിശ്ചിതമായി ഒരിക്കലും നിലനില്‍ക്കുകയില്ല. അത് എപ്പോള്‍ നില്‍ക്കുന്നുവോ ആ സന്ദര്‍ഭത്തില്‍ ഒരുപാട് പേരുടെ നഷ്ടത്തിന്‍റെ ഫലമായി കുറച്ച് പേര്‍ ലാഭമുണ്ടാക്കി എന്നേ വരൂ. മാത്രമല്ല ശൃംഖലയില്‍ അംഗമാകുന്ന മുകളിലത്തെ കണ്ണികള്‍ക്ക് താഴത്തെ കണ്ണികളിലുള്ള ആളുകളുടെ നഷ്ടഫലമായി വലിയ ലാഭം എപ്പോഴും ഉണ്ടായിക്കൊണ്ടേ ഇരിക്കും. ഇനി ഈ സംരംഭം നിലച്ചില്ലെങ്കിലും അവസാനമവസാനം പങ്കാളികളാകുന്നവര്‍ എപ്പോഴും മുകളിലുള്ളവരെ അപേക്ഷിച്ച് നഷ്ടക്കാരായിരിക്കും. ഒരു പ്രോഡക്റ്റ് ഉണ്ട് എന്ന കാരണത്താല്‍ ഈ രീതി ഹലാല്‍ ആകുന്നില്ല. മറിച്ച് നിഷിദ്ധമായ ഒരു രീതി അനുവദനീയമാക്കാന്‍ സ്വീകരിച്ച ഒരു കുതന്ത്രമയെ അതിനെ കാണേണ്ടതുള്ളൂ.
- [ശൈഖ് സാമി സുവൈലിം, മുകളിലെ വീഡിയോയില്‍ അദ്ദേഹത്തിന്‍റെ വിഷയാവതരണവും ഉണ്ട്]. 

മുസ്‌ലിം വേള്‍ഡ് ലീഗിന് കീഴിലുള്ള 'മജ്മഉല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി' (ISLAMIC FIQH COUNCIL) ഈ വിഷയ സംബന്ധമായി പഠനം നടത്തിയ ശേഷം പുറത്ത് വിട്ട തീരുമാനത്തിലും ഇത് നിഷിദ്ധമാണ് എന്നതാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്‌. അതിന്‍റെ ദൈര്‍ഘ്യം കാരണത്താല്‍ മതപരമായ വിധി വിലയിരുത്തുന്ന പ്രസക്ത ഭാഗം മാത്രം ഇവിടെ നല്‍കാം:

റബീഉല്‍ ആഖിര്‍ 17 ഹിജ്റ 1424 ന്, അതായത് 17/6/2003 ന്  ചേര്‍ന്ന യോഗത്തില്‍ (നമ്പര്‍: 3/24) ഇസ്‌ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ എടുത്ത തീരുമാനം:

1- 'ബിസിനസ്' എന്ന പേരിലറിയപ്പെടുന്ന കമ്പനിയിലും അതുപോലെയുള്ള മറ്റു 'ചെയ്ന്‍ മാര്‍ക്കറ്റിംഗ്' (MLM) കമ്പനികളിലും ഭാഗവാക്കാകള്‍ നിഷിദ്ധവും അത് ചൂതാട്ടത്തില്‍ പെട്ടതുമാണ്. 


2- കമ്പനി അവകാശപ്പെടുന്നതുപോലെ 'ബിസിനസ്' എന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിക്കോ മറ്റു 'ചെയ്ന്‍ മാര്‍ക്കറ്റിംഗ്' (MLM) കമ്പനികള്‍ക്കോ (അവര്‍ നല്‍കുന്ന ലാഭം) ശറഇല്‍ അനുവദനീയമായ കമ്മീഷന്‍ (ബ്രോക്കറേജ്) എന്നതിനോട് യാതൊരു ബന്ധവുമില്ല. ഈ വിഷയത്തില്‍ അത്തരം കമ്പനികള്‍ അനുവദനീയമാണ് എന്ന് മറുപടി നല്‍കിയ പണ്ഡിതന്മാരെ, അത് കേവലം കമ്മീഷന്‍ (ബ്രോക്കറേജ്) മാത്രമാണ് എന്ന രൂപത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ കമ്പനികള്‍ പരിശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കാര്യങ്ങളെ വസ്തുതാപരമായല്ലാതെ മനസ്സിലാക്കുന്ന സാഹചര്യം അവര്‍ക്ക് ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ട്. 


അതുകൊണ്ടുതന്നെ ഉത്തരവാദിത്തപ്പെട്ട അധികാരികളോട് 'ചെയ്ന്‍ മാര്‍ക്കറ്റിംഗ്' കമ്പനികള്‍ക്ക് നല്‍കിയ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് ഇസ്ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ ആവശ്യപ്പെടുന്നു. ഇത്തരം കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ ഫിഖ്ഹ് കൌണ്‍സിലുമായി കൂടിയാലോചിച്ചിട്ടല്ലാതെ ലൈസന്‍സ് നല്‍കരുതെന്നും ആവശ്യപ്പെടുന്നു.
- [By : ISLAMIC FIQH COUNCIL http://ar.islamway.net/fatwa/31900].



സൗദി അറേബ്യയിലെ പണ്ഡിത സഭ നല്‍കിയ മറുപടിയിലും ഇവ നിഷിദ്ധമാണ് എന്ന് സുവ്യക്തമായി പ്രസ്ഥാവിക്കുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇതിനെക്കുറിച്ച് അധികം പഠനവിധേയമാക്കുകയോ  ചര്‍ച്ച ചെയ്യുകയോ ചെയ്യാത്ത കേവലം തെറ്റിദ്ധരിപ്പിച്ച് നേടിയെടുത്ത ഒന്നോ രണ്ടോ ഒറ്റപ്പെട്ട ഫത്'വകളുമായി ഇതനുവദനീയമാണ് എന്ന് വാദിക്കാന്‍ ശ്രമിക്കുകയാണ് ഇതിന്‍റെ വക്താക്കള്‍. ആ ഫത്'വകളുടെ നിജസ്ഥിതി എന്ത് എന്നത് ഫിഖ്ഹ് കൗണ്‍സില്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു. സാമ്പത്തിക വിഷയങ്ങളിലും കര്‍മ്മശാസ്ത്ര വിഷയങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പണ്ഡിതന്മാരും, അതിലുപരി പണ്ഡിതസഭകളും എല്ലാം നിഷിദ്ധമാണ് എന്ന് പറഞ്ഞാലും തങ്ങള്‍ക്ക് അനുകൂലമായി വല്ലതും ലഭിക്കുമോ എന്ന് മാത്രം പരിശോധിക്കുന്നവരോട് മറ്റൊന്നും പറയാനില്ല. എല്ലാത്തിലുമുപരി ഞാന്‍ സമ്പാദിക്കുന്ന സമ്പാദ്യം ഹലാലാകണം എന്നതായിരിക്കട്ടെ സാമ്പത്തിക മേഖലയില്‍ നയിക്കുന്ന ഘടകം. അല്ലാതെ ഞാന്‍ ചെയ്യുന്നതെല്ലാം അനുവദനീയമാണ് എന്ന് എങ്ങനെയെങ്കിലും സ്ഥാപിച്ചെടുക്കണം എന്നതാണ് നമ്മുടെ ചിന്ത എങ്കില്‍ തീര്‍ച്ചയായും നാം അപകടത്തിലാണ്.  

താന്‍ പ്രവര്‍ത്തിക്കുന്നതിന് ലഭിക്കുന്ന കമ്മീഷന്‍ എന്ന അര്‍ത്ഥത്തില്‍ പിരമിഡ് സ്‌കീമിൽ പ്രവർത്തിക്കുന്ന MLM കമ്പനിയില്‍ പങ്കാളിയാകുക വഴി ലഭിക്കുന്ന ധനം അനുവദനീയമാണ് എന്ന് തോന്നാമെങ്കിലും കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ വഞ്ചനയും, ചതിയും ചൂഷണവും എല്ലാം അടങ്ങിയതാണ് പിരമിഡ് സ്‌കീമിലുള്ള മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എന്ന് ആര്‍ക്കും മനസ്സിലാക്കാം. മാത്രമല്ല നമ്മുടെ കൊച്ചു കേരളത്തില്‍ വരെ ഇത്തരം കമ്പനികള്‍ക്കെതിരെ ധാരാളം കേസുകളും, അവ ചൂഷണം ചെയ്യുന്ന കമ്പനികളാണ് എന്ന് കോടതി പോലും പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. അഥവാ ശറഇയ്യായ വിശകലനങ്ങള്‍ക്കപ്പുറം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അത് മനസ്സിലാക്കാവുന്നതേയുള്ളൂ.   
ധാരാളം തട്ടിപ്പ് കേസുകൾ ഇത്തരം കമ്പനികൾക്കെതിരെ  കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ മണി ചെയ്ന്‍ സംവിധാനത്തിന്‍റെ മറ്റൊരു രൂപം എന്നേ ഇവയെ വിശേഷിപ്പിക്കാനാവൂ. ഈ വിഷയസംബന്ധമായ കൂടുതല്‍ വിശദീകരണം ആവശ്യമെങ്കില്‍ മറ്റൊരു സന്ദര്‍ഭാത്തില്‍ ആകാം.. അല്ലാഹു അനുഗ്രഹിക്കട്ടെ ... 

For More Islamic Articles Visit : http://www.fiqhussunna.com/p/blog-page_90.html , http://www.fiqhussunna.com/p/blog-page_59.html .


Saturday, October 8, 2016

ഇസ്‌ലാം തീവ്രവാദമല്ല. സലഫിയ്യത്ത് ഭീകരവാദമല്ല. നന്മയാണ്, കരുണയാണ്, നല്ല സമീപനമാണ്.


 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഇന്ന് പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും സലഫികൾ തീവ്രവാദികളാണ് എന്നും അവർ സമൂഹത്തിന് തിന്മയാണ് എന്നുമുള്ള എഴുത്തുകുത്തുകൾ ധാരാളമായി പ്രചരിച്ച് കാണുന്നു. ഒരുപക്ഷെ തെറ്റിധാരണകൾ കൊണ്ടാകാം മറ്റൊരു പക്ഷെ ആശയ ദാരിദ്ര്യത്തെ കൊണ്ടാകാം. എന്തുതന്നെയായാലും വസ്തുതകൾ വിലയിരുത്തപ്പെടേണ്ടതുണ്ട്. സത്യത്തെ അവഗണിച്ചുകൊണ്ടും വസ്തുതകളെ നിരാകരിച്ചുകൊണ്ടുമാണ് പലരും തങ്ങളുടെ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് എന്ന് പറയാതെ വയ്യ. അതുകൊണ്ടുതന്നെ തെറ്റിദ്ധാരണകൾ അകറ്റാൻ സഹായകമാകുംവിധം ഇസ്‌ലാമിക പ്രമാണങ്ങളിലൂടെയും സലഫീ പണ്ഡിതന്മാരുടെ വാക്കുകളിലൂടെയും, സമാധാനപൂർവ്വം ഒരു നാട്ടിൽ  വിവിധ മതസ്ഥർക്കിടയിൽ ജീവിക്കുന്ന മുസ്ലിംകൾ പ്രബോധന രംഗത്തും, ഇടപെടലുകളിലും സ്വീകരിക്കേണ്ട നിലപാട്  എന്ത് എന്നതാണ്  ഈ ലേഖനം ചർച്ച ചെയ്യുന്നത്. 

www.fiqhussunna.com 

ആരാധനകളിലും ആശയാദർശങ്ങളിലും, ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമായ ഏകദൈവാരാധനക്ക്  കടകവിരുദ്ധമായ കാര്യങ്ങളിൽ പരിപൂർണമായ  വ്യതിരിക്തത പുലർത്തണം എന്ന് പറയുമ്പോഴും, ഏത് മതസ്ഥരുമാകട്ടെ തന്റെ സമൂഹത്തിനും സഹജീവികൾക്കും നാടിനുമെല്ലാം നന്മയും നീതിയും ഗുണകാംക്ഷയുമായി വർത്തിക്കണം എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇത് തന്നെയാണ് സലഫികളുടെയും രീതി. പൊതുസമൂഹത്തിന് ദ്രോഹം ചെയ്യൽ. തങ്ങൾ ജീവിക്കുന്ന നാടിനും സാമൂഹ്യ സുരക്ഷക്കും ഭംഗം വരുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, ജീവൻ ഹനിക്കൽ, നിയമം കയ്യിലെടുക്കൽ, കരാറുകളും ഉടമ്പടികളും ലംഘിക്കൽ, തങ്ങളിൽ വിശ്വാസമർപ്പിക്കുന്നവരെ ചതിക്കൽ തുടങ്ങി ഇസ്‌ലാം എന്തെല്ലാം നിഷിദ്ധമാക്കിയിട്ടുണ്ടോ അതെല്ലാം സലഫികൾക്കും നിഷിദ്ധമാണ്. കാരണം ഇസ്‌ലാമിക അധ്യാപനങ്ങളെന്തോ അത് പിന്തുടരുക എന്നതാണ് സലഫിയ്യത്ത്.

വിശ്വാസപരമായ വ്യതിരിക്തത പുലർത്തുന്നതുകൊണ്ടു മാനുഷികമായി തന്റെ മേൽ അർപ്പിതമായ കർത്തവ്യങ്ങൾ ഒരു വിശ്വാസിയുടെ മേൽ ഇല്ലാതാകുന്നില്ല.. ഉദാ: ഏകദൈവവിശ്വാസിയായ തന്നെ ബഹുദൈവാരാധനക്ക് വേണ്ടി നിർബന്ധിക്കുന്ന മാതാപിതാക്കളാണെങ്കിൽപ്പോലും, അവരെ ആ അധർമ്മത്തിൽ അനുസരിക്കരുത്, പക്ഷെ അപ്പോഴും മാതാപിതാക്കൾ എന്ന നിലക്ക് അവരെ പരിചരിക്കേണ്ട കടമ തന്റെ മേൽ നിർബന്ധമായും നിലനിൽക്കുന്നു എന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്‌ലാം.

അല്ലാഹു പറയുന്നു: "മനുഷ്യന്‌ തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ്‌ മാതാവ്‌ അവനെ ഗര്‍ഭം ചുമന്ന്‌ നടന്നത്‌. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌- എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂക. എന്‍റെ അടുത്തേക്കാണ്‌ (നിന്‍റെ) മടക്കം. നിനക്ക്‌ യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട്‌ നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്‍റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്‌. എന്നാൽ ഇഹലോകത്ത്‌ നീ അവരോട്‌ നല്ലനിലയില്‍ സഹവസിക്കുകയും, എന്നിലേക്ക്‌ മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്‍റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌." - [വിശുദ്ധ ഖുർആൻ: 31: 14-15].

തന്റെ മാതാപിതാക്കൾ  അവർ ഏത് മതക്കാരായാലും അവരെ പരിചരിക്കലും അവർക്ക്  കാരുണ്യത്താൽ ചിറകുകൾ താഴ്ത്തിക്കൊടുക്കലും  ഒരു മുസ്‌ലിമിന്റെ മേൽ നിർബന്ധമാണ്.

ഈ വചനങ്ങളെ വിശദീകരിച്ചുകൊണ്ട് പ്രശസ്ത വിശുദ്ധഖുർആൻ വ്യാഖ്യാതാവ് ഇബ്നു ജരീർ
 ത്വബരി (റ) പറയുന്നു: " മനുഷ്യാ നിന്നോട് ഏകനായ സൃഷ്ടാവിൽ പങ്കുചേർക്കാനും അവനല്ലാത്തവർക്ക്  ആരാധനകളർപ്പിക്കാൻ നിന്റെ മാതാപിതാക്കൾ നിർബന്ധിച്ചാൽ , അവർ നിർബന്ധിക്കുന്ന ബഹുദൈവാരാധനയുടെ വിഷയത്തിൽ നീ അവരെ അനുസരിക്കേണ്ടതില്ല. എന്നാൽ നിന്റെ രക്ഷിതാവിനെ ധിക്കരിക്കാത്ത രൂപത്തിൽ ഭൗതിക കാര്യങ്ങളിൽ അവരെ അനുസരിച്ചുകൊണ്ട് ഏറ്റവും നല്ല രൂപത്തിൽ അവരുടെ ജീവിതത്തിന്  നീ കൂട്ടായിരിക്കണം. അത് പാപമല്ല. (മറിച്ച് സൃഷ്ടാവിന്റെ കല്പനയാണ്)". - [തഫ്‌സീർ ത്വബരി: 20/139].

തീവ്രവാദികളെ ഏറ്റവും കൂടുതൽ ആശയപരമായും വൈജ്ഞാനികമായും എതിരിട്ട ഒരു പണ്ഡിതനായിരുന്നിട്ട് കൂടി തെറ്റിധാരണകളാൽ തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ട ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹ) പറയുന്നത് നോക്കൂ: " അവിശ്വാസികളാണെങ്കിൽ പോലും നിന്റെ മാതാപിതാക്കൾക്ക് പുണ്യം ചെയ്യുകയും അവരോടു നല്ല രൂപത്തിൽ സഹവർത്തിക്കുകയും അവർക്ക് നന്മ ചെയ്യുകയും ചെയ്യൽ  പരിശുദ്ധനും പരമോന്നതനുമായ അല്ലാഹു നിന്റെ മേൽ നിർബന്ധമാക്കിയ കാര്യമാണ്. അതുകൊണ്ട് ഭൗതിക കാര്യങ്ങളിൽ അവരോട് ഏറ്റവും നല്ല സമീപനം പുലർത്തുക. എന്നാൽ മതപരമായ കാര്യത്തിൽ നിന്റെ മാതാപിതാക്കളുടെ മതത്തിന് വിഭിന്നമാണെങ്കിൽ പോലും നീ സത്യ മതം  പിന്തുടരുക. എന്നാൽ അതേസമയം മാതാപിതാക്കളോട് പ്രത്യുപകാരമായി ഏറ്റവും നല്ല രൂപത്തിൽ വർത്തിക്കുക. അവർ അവിശ്വാസികളായാലും അവർ നിന്നോട് ചെയ്ത നന്മക്ക് നീ തിരിച്ചും അവരെ ഏറ്റവും നല്ല രൂപത്തിൽ പരിചരിക്കുക." - [ഫതാവൽ ഫൗസാൻ: 2/ 257]. ഇതാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന നന്മയുടെ മാനം.

സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭ, അഥവാ ലോകപ്രശസ്ഥരായ സലഫീ പണ്ഡിതന്മാർ പുറപ്പെടുവിച്ച ഫത്‌വയിൽ   അവിശ്വാസികളായ തന്റെ ബന്ധുമിത്രാതികളോട്  എങ്ങനെ പെരുമാറണം  എന്ന്  പഠിപ്പിക്കുന്നത് കാണുക: "നിന്റെ മേൽ നിർബന്ധമായ കാര്യങ്ങളിൽപ്പെട്ടതാണ് ,  (ഇതരമതസ്ഥരായിട്ടുള്ള നിന്റെ ബന്ധുമിത്രാതികളോട്) നിന്റെ ആശയങ്ങൾ നല്ല രൂപത്തിൽ ഉപദേശിക്കുകയും, അവരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്യുക, അതുപോലെ  അവരോട് ജീവിതത്തിൽ ഏറ്റവും നല്ല രൂപത്തിൽ സഹവർത്തിക്കുക.  നീ അവരോട് സൗമ്യമായ ഭാഷയിൽ സംസാരിക്കുക. നീ സമ്പത്ത് ഉള്ളവനാണ് എങ്കിൽ അവർക്ക് ധർമ്മം ചെയ്യുക. (നിന്റെ സൗമ്യമായ സമീപനത്തിലൂടെ) അല്ലാഹു അവരുടെ ഹൃദയത്തിനും അവരുടെ ചിന്തകൾക്കും പ്രകാശം നൽകിയേക്കാം. ഒപ്പം താൻ ഉൾകൊള്ളുന്ന സത്യം അവർക്ക് എത്തിച്ചുകൊടുക്കാൻ ഏറ്റവും നല്ല മാർഗ്ഗേണ കാത്തിടപാടുകളിലൂടെയും മറ്റും നീ പരിശ്രമിക്കുകയും ചെയ്യുക." ശൈഖ് ഇബ്‌നുബാസ് - [ഫതാവ ലജ്‌നദ്ദാഇമ: 12 /255, 256].   

അതെ ആരെയും ഉപദ്രവിക്കുകയോ, ആരുടെയെങ്കിലും സ്വത്ത് അപഹരിക്കുകയോ, കൊല്ലും കൊലയും, ചതിയും വഞ്ചനയും ഗൂഡാലോചനകളും ഒളിയാക്രമണങ്ങളും നടത്തുകയോ അല്ല മുസ്‌ലിംകളുടെ ജോലി. മറിച്ച് മാനുഷിക ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതോടൊപ്പം തങ്ങൾ വിശ്വസിക്കുന്നതും ഉൾക്കൊള്ളുന്നതുമായ സത്യത്തിലേക്കും ധർമ്മത്തിലേക്കും ഏകദൈവവിശ്വാസത്തിലേക്കും അവർ ഏവരേയും ക്ഷണിക്കുന്നു. അത് തന്റെ ബാധ്യതയായി കാണുന്നു. ബഹുദൈവാരാധനയുമായി ബന്ധപ്പെട്ടതും തങ്ങളുടെ വിശ്വാസാദർശങ്ങൾക്ക് യോജിക്കാത്തതുമായ സകല കാര്യങ്ങളിൽ നിന്നും അവർ വിട്ടുനിൽക്കുകയും ചെയ്യുന്നു. എന്നാൽ ഇതരമതസ്ഥരോട്, എന്തിനധികം ലോകം കണ്ട ഏറ്റവും വലിയ ധിക്കാരിയും സ്വേച്ഛാധിപതിയും കൊലപാതകിയുമായ ഫറോവയോടു പോലും തങ്ങൾ ഉൾക്കൊള്ളുന്ന യഥാർത്ഥ മതവിശ്വാസത്തിലേക്ക്  ക്ഷണിക്കുമ്പോൾ സൗമ്യമായ ഭാഷയിൽ സംസാരിക്കണമെന്ന്  വിശുദ്ധഖുർആൻ പഠിപ്പിക്കുന്നു. വിയോജിപ്പുകൾ സൗമ്യമായ സംഭാഷണത്തിന് തടസ്സമാകുന്നില്ല എന്നത് ഇവിടെ ശ്രദ്ധേയം. അതുകൊണ്ടാണ് ഒരു പ്രബോധകന് ഏറ്റവും അനിവാര്യ ഘടകമായി സൗമ്യമായ സംഭാഷണ ശൈലി അല്ലാഹു നിഷ്കർഷിക്കുന്നതും.  
 
 പക്ഷെ എന്നിട്ടും സ്വന്തം ആശയത്തോട്  സംഘടനാപരമായി മാത്രം യോജിക്കാത്തതിന്റെ പേരിൽ എതിരാളിയെ വെട്ടിനുറുക്കിയ പ്രത്യയ ശാസ്ത്രക്കാർ പോലും പറയുന്നു 'അല്ല ഇസ്‌ലാം, വിശിഷ്യാ സലഫികൾ തീവ്രവാദികളാണ്'. എന്തൊരു കൗതുകം.

സലഫികൾ അഥവാ കേരളക്കരയിലെ മുജാഹിദുകൾ കേരളത്തിലുടനീളം കാലങ്ങളായി പ്രവർത്തിക്കുന്നു. ആത്മീയ ചൂഷണം, നിരീശ്വരവാദം , ബഹുദൈവാരാധന, വിശ്വാസചൂഷണത്തിന്റെ പ്രതീകമായ ആൾദൈവങ്ങൾ, മഖാമുകൾ ദർഗകൾ,  വികലവിശ്വാസങ്ങൾ,  കള്ള് , കഞ്ചാവ് , ചതി , വഞ്ചന , ലൈംഗിക അതിക്രമങ്ങൾ, അഴിമതി, കുറ്റകൃത്യങ്ങൾ, തീവ്രവാദ വിധ്വംസക പ്രവർത്തനങ്ങൾ  ഇവക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുകയും ആളുകളെ ഏകദൈവവിശ്വാസത്തിലേക്കും സന്മാർഗത്തിന്റെ മാധുര്യത്തിലേക്കും സമാധാനപൂർവ്വം ക്ഷണിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യാരാജ്യം നൽകുന്ന പൗരസ്വാതന്ത്ര്യമാണത്. അതിനിയും നിർവ്യാജം തുടർന്നുകൊണ്ടിരിക്കും. തങ്ങളുടെ ആശയം ആരുടേയും മേൽ അടിച്ചേല്പിക്കുന്നില്ല. ആരെയും അതിന്റെ പേരിൽ ആക്രമിച്ചിട്ടില്ല. സൃഷ്ടാവിന്റെ മാർഗദർശനത്തെ സ്വീകരിക്കുന്നവർക്ക്  മരണശേഷമുള്ള ജീവിതത്തിൽ അവർണ്ണനീയമായ സ്വർഗ്ഗവും, സ്വീകരിക്കാത്തവർക്ക് കത്തിജ്വലിക്കുന്ന നരകാഗ്നിയുമായിരിക്കും ലഭിക്കുക. അത് ഓരോ മുസ്‌ലിമിന്റെയും അടിസ്ഥാന വിശ്വാസമാണ്. ആരോഗ്യകരമായ ആശയ സംവാദങ്ങളും ചർച്ചകളുമാണ് അനിവാര്യം. അതാണ് ഇന്നുവരെ മുജാഹിദുകൾ സ്വീകരിച്ച രീതിയും.

രാജ്യത്തിന്റെ സുരക്ഷയോ , നാട്ടിലെ സമാധാനപരമായ അന്തരീക്ഷമോ അവർ തകർക്കുകയില്ല. അപ്രകാരം ചെയ്യുന്നുവെങ്കിൽ അവൻ സലഫിയാകുകയുമില്ല. കാരണം തന്നെ വിശ്വസിച്ചവരെ വഞ്ചിക്കുക എന്നത് കൊടിയ അപരാധമായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.  എത്രത്തോളമെന്നാൽ ഇമാം ഇബ്നു ഖുദാമ (റ) തന്റെ അൽമുഗ്നി എന്ന ഗ്രന്ഥത്തിൽ പഠിപ്പിക്കുന്നത് കാണുക: "ശത്രുവിന്റെ രാജ്യത്ത് പോലും അവരിൽ നിന്നും നിർഭയത്വം വാങ്ങി ഒരാൾ പ്രവേശിച്ചാൽ അവൻ അവരെ വഞ്ചിക്കരുത്. അത് ഹറാമാണ്. കാരണം അവരെ വഞ്ചിക്കുകയില്ല എന്ന നിബന്ധനയോടെയാണ്  നിർഭയനായി  അവിടെ പ്രവേശിക്കാൻ അവരവന് അനുമതി നൽകിയത് . അതുകൊണ്ട് അത് വിശ്വാസവഞ്ചനയാണ്. നമ്മുടെ മതത്തിൽ വഞ്ചനയില്ല." - [അൽമുഗ്നി: 9/ 237]. ശത്രു രാജ്യത്തോട് പോലും അവരുടെ വിശ്വാസം പിടിച്ചുപറ്റി വഞ്ചിക്കരുത്. അത് ഇസ്ലാമല്ല എന്ന് പഠിപ്പിക്കുന്നുവെങ്കിൽ, പിന്നെ സ്വന്തം രാജ്യത്തെ ഒരാൾ വഞ്ചിക്കുമോ. യഥാർത്ഥ വിശ്വാസിയും സലഫിയുമായ ഒരാൾ ഒരിക്കലും അങ്ങനെ ചെയ്യില്ല. അവൻ രാജ്യത്തിന്റെ പൊതുമുതൽ അപഹരിക്കില്ല. വിവിധ മതക്കാർ പരസ്പര ധാരണയോടെ കഴിയുന്ന ഒരു നാട്ടിൽ, അവൻ മറ്റു പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കുകയില്ല. ഇതാണ് ഇസ്‌ലാം. ഇതാണ് സലഫിയ്യത്ത്.

വിശ്വാസപരമായ സ്നേഹബന്ധത്തെയും പ്രകൃതിപരമായ സ്നേഹബന്ധത്തെയും നാം  വ്യത്യസ്തമായികാണുന്നു. പരസ്പരമുള്ള കാരുണ്യവും പുണ്യം ചെയ്യലും അതിക്രമം പ്രവർത്തിക്കാതിരിക്കലും ഈ പ്രകൃതിപരമായ സ്നേഹത്തിന്റെ പരിധിയിൽ വരുന്നതാണ്. അതൊരു അവിശ്വാസിയുമായി ഉണ്ടാകുന്നതിനെ സലഫീ പണ്ഡിതന്മാരോ സലഫികളോ വിലക്കിയിട്ടില്ല. ശൈഖ്  സ്വാലിഹ് അൽ ഫൗസാൻ (ഹ) പറയുന്നത് നോക്കൂ:

"താങ്കൾക്ക് ഇഷ്ടപ്പെട്ടവരെയെല്ലാം നേർമാർഗത്തിലാക്കാൻ താങ്കൾക്ക് സാധിക്കുകയില്ല" ഈ വിശുദ്ധ ഖുർആനിലെ വചനത്തെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: പ്രവാചകരേ അങ്ങ്  ഒരാളെ സന്മാർഗത്തിലാക്കുക എന്നത് ഉടമപ്പെടുത്തുന്നില്ല. താങ്കൾ സ്നേഹിക്കുന്ന താങ്കളുടെ ബന്ധുമിത്രാതികളോ പിതൃവ്യന്മാരോ ആയിരുന്നാലും ശരി. ഇവിടെ ഉദ്ദേശിക്കുന്ന സ്നേഹം പ്രകൃതിപരമായ സ്നേഹമാണ് . മതപരമായ (വിശ്വാസപരമായ) സ്നേഹമല്ല. വിശ്വാസപരമായ സ്നേഹബന്ധം ബഹുദൈവാരാധകനായ ഒരാളോട് പാടില്ല താനും." - [إعانة المستفيد بشرح كتاب التوحيد : 1/ 356]. അഥവാ പ്രകൃതിപരമായ സ്നേഹബന്ധവും വിശ്വാസത്തിന്റെ പേരിൽ ഉണ്ടാകുന്ന സ്നേഹബന്ധവും രണ്ടും വ്യത്യസ്തവും, ഒന്ന് അനുവദനീയവും മറ്റൊന്ന് നിഷിദ്ധവുമാണ്. ഇത് ഏതൊരു മുസ്‌ലിമിന്റെയും അടിസ്ഥാന വിശ്വാസത്തിന്റെ ഭാഗമാണ് . തന്റെ ജീവിതത്തിൽ തന്റെ ജീവനേക്കാൾ ഓരോ മുസ്‌ലിമും വിലകല്പിക്കുന്നത് ഏകദൈവവിശ്വാസത്തിനാണ്. ആ ഏകദൈവവിശ്വാസത്തിന് എതിര് പ്രവർത്തിക്കുക എന്നതാണ് ഏറ്റവും വലിയ അധർമ്മവും അനീതിയും മ്ലേഛവൃത്തിയുമായി  ഇസ്‌ലാം പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആശയപരമായ, വിശ്വാസപരമായ സ്നേഹബന്ധം ഒരു ബഹുദൈവാരാധകരോടും സ്ഥാപിക്കുക അവർക്ക് സാധ്യമല്ല.  അതേസമയം  തന്റെ ഏകദൈവവിശ്വാസത്തിന് കോട്ടം തട്ടാത്ത രൂപത്തിൽ പ്രകൃതിപരമായതും മനുഷ്യ സൃഷ്ടിപ്പിൽ അടങ്ങിയതുമായ മാനുഷിക ബന്ധം ഉണ്ടാകുന്നതിൽ ഇസ്‌ലാം വിലക്കുന്നുമില്ല. മറിച്ച് പച്ചക്കരളുള്ള എല്ലാ ജീവനും നന്മ ചെയ്യുന്നതും കരുണ കാണിക്കുന്നതും ധർമ്മമാണ് എന്ന് മുഹമ്മദ് (സ) നമ്മെ പഠിപ്പിക്കുന്നു. ഇത് എല്ലാ മുസ്ലിംകളും ഒരുപോലെ അംഗീകരിക്കുന്ന കാര്യമാണ്. ഇന്ന് സലഫികളെ തീവ്രവാദികളാക്കി മുദ്രകുത്താൻ അന്യായമായി വലാ-ബറാ വിഷയം ഉപയോഗപ്പെടുത്തുന്ന സൂഫികൾ പള്ളിദർസുകളിൽ പഠിപ്പിക്കുന്ന തുഹ്ഫയിൽപ്പോലും ഇത് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. 

വലാഅ' ബറാഅ' വിഷയത്തിൽ പലർക്കുമുണ്ടായ അതിരു കവിയലുകളെയും തെറ്റിദ്ധാരണകളെയും ചർച്ച ചെയ്യുന്ന 'അൽവലാ വൽ ബറാ' എന്ന തന്റെ ലഘുപുസ്തകത്തിൽ സലഫീ പണ്ഡിതനും ഉമ്മുൽ ഖുറാ യൂണിവേഴ്‌സിയിലെ അദ്ധ്യാപകനുമായ ഡോ. മുഹമ്മദ് ഉമർ ബാസ്‌മൂൽ പറയുന്നത് കാണുക: "ഒരു മുസ്ലിമിന് ഒരു അവിശ്വാസിയെ അയാളുടെ  ദീനിന്റെയോ വിശ്വാസത്തിന്റെയോ പേരിലല്ലാതെ സ്നേഹിക്കൽ അനുവദനീയമാണോ ?. എന്നതിനുള്ള മറുപടി:  അനുവദനീയമാണ് എന്നതാണ്. ഒരു വിശ്വാസി തന്റെ ദീനിൽ നിന്ന് പുറത്ത് പോകാൻ ഇടവരുന്ന ബന്ധത്തിന്റെ പരിധിയിൽ വരുന്ന ഒന്നല്ല അത്. അതിന്റെ തെളിവ് ഈ വചനമാണ്. അല്ലാഹു പറയുന്നു: "എല്ലാ നല്ല വസ്തുക്കളും ഇന്ന്‌ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക്‌ അനുവദനീയമാണ്‌. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്‌. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക്‌ മുമ്പ്‌ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങള വര്‍ക്ക്‌ വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ - ( നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. ) നിങ്ങള്‍ വൈവാഹിക ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരായിരിക്കണം. വ്യഭിചാരത്തില്‍ ഏര്‍പെടുന്നവരാകരുത്‌. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്‌. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്‍റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത്‌ അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും." -[മാഇദ: 5]. ഈ വചനത്തിൽ വേദക്കാരിൽ നിന്നും പതിവ്രതകളായ  സ്ത്രീകൾ നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നു എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. ഒരാൾക്ക് തന്റെ ഭാര്യയോടൊപ്പമുള്ള ജീവിതം ഇഷ്ടവും സ്നേഹബന്ധവും ഇല്ലാത്ത ഒന്നാകുകയില്ല എന്നത് ആർക്കുമറിയാം. അവിടെ മേല്പറഞ്ഞ സ്നേഹവും അടുപ്പവുമെല്ലാം ഉണ്ടാകുമായിരുന്നിട്ടും അഹ്‌ലു കിതാബിലെ സ്ത്രീകളെ വിവാഹം ചെയ്യൽ അല്ലാഹു അനുവദിച്ചതിലൂടെ ഈ പറയുന്ന സ്നേഹബന്ധം ഇസ്‌ലാമിൽ നിന്നും പുറം കടക്കാൻ ഇടവരുത്തുന്ന സ്നേഹബന്ധമല്ല എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണ് ഇസ്‌ലാമിൽ നിന്നും പുറത്ത് പോകാൻ കാരണമാകുന്ന സ്നേഹബന്ധത്തിന്റെ മാനദണ്ഡമായി അവിശ്വാസിയായ ഒരാളോട് അവരുടെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുണ്ടാകുന്ന സ്നേഹബന്ധമാണ് അത് എന്ന് ഞാൻ സൂചിപ്പിക്കാൻ കാരണം." - [അൽ വലാ വൽ ബറാ : പേജ് 10]. ഇവിടെയാണ് സൃഷ്ടാവ് സൃഷ്ടിജാലങ്ങൾക്ക് കാരുണ്യമായി നൽകിയ പരസ്പര കാരുണ്യം, ദയ, ഭൗതിക ജീവിതത്തിലെ സഹകരണം, പരസ്പരം പുണ്യം ചെയ്യൽ എന്നിങ്ങനെ മകൻ, പിതാവ്, ഭാര്യ, അയൽവാസി, നാട്ടുകാരൻ തുടങ്ങിയവരുമായി ഉണ്ടാകുന്നതായ പ്രകൃതിപരമായ ബന്ധം ഇസ്‌ലാം നിരാകരിക്കുന്നില്ല. എന്നാൽ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുണ്ടാകുന്ന, അതിലുപരി ഏറ്റവും വലിയ ബന്ധമായി ഇസ്‌ലാം പഠിപ്പിക്കുന്ന ആദർശബന്ധം അവിശ്വാസികളോടും ബഹുദൈവാരാധകരോടും  ഉണ്ടാകുന്നതിനെ ഇസ്‌ലാം വിലക്കുകയും ചെയ്യുന്നു. ആർക്കും ലളിതമായി മനസ്സിലാക്കാവുന്നതും കാപട്യമോ രഹസ്യ അജണ്ടയോ ഇല്ലാത്ത സത്യസന്ധമായ ആദർശമാണത്.

അതുപോലെ ഈ വിഷയത്തിൽ കൂടുതൽ തെറ്റിദ്ധാരണകളും പ്രശ്നകലുഷിതമായ അന്തരീക്ഷവും ഉണ്ടാകാനിടയായ കാരണത്തെപ്പറ്റി  അദ്ദേഹം പറയുന്നു : "യാഥാർത്ഥത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ടു ചർച്ച ചെയ്യുമ്പോൾ നിർബന്ധമായും പരിഗണിച്ചിരിക്കേണ്ട വിവിധ തലങ്ങൾ ഈ വിഷയത്തിന് ഉണ്ടായിരിക്കെ, അതൊന്നും  പരിഗണിക്കാതെ സങ്കുചിതമായി വിലയിരുത്തുന്നു എന്നതാണ്  (തെറ്റിദ്ധാരണാജനകമായ) പ്രശ്നകാരണങ്ങളിൽ ഒരു സുപ്രധാന കാരണം". - [അൽ വലാ വൽ ബറാ. പേജ്: 7].

അനുവദനീയമായ വലാഅ'  ഏത് , നിഷിദ്ധമായതും ഇസ്‌ലാമിൽ നിന്നും പുറത്ത് പോകാൻ ഇടവരുത്തുന്നതുമായ വലാഅ' ഏത് തുടങ്ങിയവയിലെ തെറ്റിദ്ധാരണകൾ അകറ്റാൻ സഹായകമാകുന്ന അദ്ദേഹത്തിന്റെ ലഘു പുസ്തകം ഈയുള്ളവൻ വിവർത്തനം ചെയ്യുന്നുണ്ട് . ഇൻ ഷാ അല്ലാഹ് ...

ഒരാളോടും ഒരു മുസ്ലിമിന്  അനീതി കാണിക്കാൻ പാടില്ല. എത്രത്തോളമെന്നാൽ നബി(സ)യെ ഏകദൈവ വിശ്വാസിയായതിന്റെ പേരിൽ സ്വന്തം നാട്ടിൽ നിന്നും പുറത്താക്കുകയും, പലായനം ചെയ്ത നാട്ടിൽ പോലും നിൽക്കാൻ അനുവദിക്കാത്ത നിരന്തരം അക്രമങ്ങളും യുദ്ധവുമായി വരുകയും ചെയ്ത ആളുകളെ നേരിടുമ്പോൾ പോലും 'നിങ്ങൾ അതിരുകവിയരുത്' എന്ന അതിമഹനീയമായ സന്ദേശമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്: " നിങ്ങളോട്‌ യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്‍റെമാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട്‌ പ്രവര്‍ത്തിക്കരുത്‌. പരിധിവിട്ട്‌ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ." - [വിശുദ്ധ ഖുർആൻ : 2; 190].

ഇസ്‌ലാം സമാനതകളില്ലാത്ത സ്വഭാവമഹിമയുടെ മതമാണ്. അല്ലാഹുവിന്റെ റസൂൽ (സ) സമാഗതമായത് തന്നെ സൽസ്വഭാവത്തിന്റെ ഉന്നതമായ മാനങ്ങൾ പൂർത്തീകരിക്കാനാണ്. വിശ്വാസതലങ്ങളിലെ ജീർണതകൾ മുതൽ, സാമൂഹ്യബന്ധങ്ങൾ, പൊതുനന്മ, വ്യക്തി നന്മ, കുടുംബ ജീവിതം, മൃഗങ്ങളോടും ഇതര സൃഷ്ടിജാലങ്ങളോടുമുള്ള സമീപനം , സാമ്പത്തികം, നിയമവ്യവസ്ഥിതി, രാഷ്ട്രബന്ധങ്ങൾ, ഉടമ്പടികൾ... എന്നുവേണ്ട വിസർജ്ജന മര്യാദകൾ പോലും ചർച്ച ചെയ്യുന്ന, മനുഷ്യജീവിതത്തിന്റെ നിഖിലമേഖലകളും പ്രതിപാദിക്കുന്ന സമ്പൂർണ മതം. ഏകദൈവവിശ്വാസമാണതിന്റെ അടിത്തറ. ഇഹപരജീവിതത്തിലെ നന്മയും വിജയവും, പുണ്യസമ്പുഷ്ടമായ ജീവിതത്തിലൂടെ കൈവരിക്കുന്ന സൃഷ്ടാവിന്റെ തൃപ്തിയുമാണ്  ലക്ഷ്യം. അതിന്റെ ആശയങ്ങൾ പഠിക്കുവാനും ആരോഗ്യകരമായ സംഭാഷണത്തിനും സർവ്വരെയും ക്ഷണിച്ചുകൊണ്ട് വിശുദ്ധ ഖുർആൻ അഭിമാന പുരസരം പറയുന്നു: "(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക്  നിങ്ങള്‍ വരുവിന്‍. അതായത്‌ അല്ലാഹുവെയല്ലാതെ (ഏകനായ സൃഷ്ടാവ്) നാം ആരാധിക്കാതിരിക്കുകയും, അവനോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും, നമ്മളില്‍ ചിലര്‍ ചിലരെ അവനു പുറമെ ദൈവങ്ങളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌ ). എന്നിട്ട്‌ അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ടവരാണ്‌ എന്നതിന്ന്‌ നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക." - [വിശുദ്ധ ഖുർആൻ: 3/ 64].

അതെ.. തെറ്റിദ്ധാരണകൾ അകറ്റാൻ ഏറ്റവും ഉചിതമായ മാർഗം ഇസ്‌ലാമിനെ നാം  അടുത്തറിയുക എന്നതാണ്.

   

Wednesday, October 5, 2016

മുഹര്‍റം പവിത്രമാക്കപ്പെട്ട മാസം. നന്മകള്‍ അധികരിപ്പിക്കുക. തിന്മകള്‍ സൂക്ഷിക്കുക.


الحمد لله والصلاة والسلام على رسول الله وعلى آله وأصحابه ومن والاه وبعد؛

അല്ലാഹു ഏറെ പവിത്രമാക്കിയ മാസങ്ങളില്‍ പെട്ടതാണ് ഹിജ്റ വര്‍ഷത്തിലെ ആദ്യ മാസമായ മുഹര്‍റം മാസം. ആ മാസത്തിന്‍റെ ശ്രേഷ്ഠതയെ സൂചിപ്പിച്ചുകൊണ്ട് വന്ന വചനങ്ങളും അതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമാണ് ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത്.

www.fiqhussunna.com

അല്ലാഹു പറയുന്നു: 

إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلَا تَظْلِمُوا فِيهِنَّ أَنْفُسَكُمْ

"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം മുതല്‍ക്കേ അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച്‌ അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട ( യുദ്ധം  വിലക്കപ്പെട്ട) മാസങ്ങളാകുന്നു. അതാണ്‌ വക്രതയില്ലാത്ത മതം. അതിനാല്‍ ആ ( നാല്‌ ) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌." - [തൗബ: 36].

ഇവിടെ പന്ത്രണ്ടു മാസങ്ങളെക്കുറിച്ച് പൊതുവായി പറഞ്ഞ ശേഷം അതില്‍ നാലെണ്ണം പ്രത്യേകം പവിത്രമാണ് എന്ന് എടുത്ത് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ഏത് മാസത്തിലായാലും തെറ്റുകള്‍ ചെയ്യരുത് എന്നത് തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെങ്കിലും ഈ നാല് മാസങ്ങളില്‍ നിങ്ങള്‍ തെറ്റുകള്‍ ചെയ്യരുത് എന്ന് പറഞ്ഞത് ഈ മാസങ്ങളില്‍ പാപഗൗരവം വര്‍ധിക്കുമെന്നത് നമ്മെ പഠിപ്പിക്കുന്നു.

عن ابن عباس في قوله تعالى : ( فلا تظلموا فيهن أنفسكم ) في كلهن ثم اختص من ذلك أربعة أشهر فجعلهن حراما وعظّم حرماتهن وجعل الذنب فيهن أعظم والعمل الصالح والأجر أعظم

"അതിനാല്‍ ആ നാല് മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്" എന്ന അല്ലാഹുവിന്‍റെ വചനത്തെ വിശദീകരിച്ചുകൊണ്ട് ഇബ്നു അബ്ബാസ് (റ) പറയുന്നു: "എല്ലാ മാസങ്ങളിലും അപ്രകാരം തന്നെ. എന്നാല്‍ ആ നാല് മാസങ്ങളെ പ്രത്യേകമായി എടുത്ത് പറയുകവഴി അവയെ പവിത്രമാക്കുകയും അവയുടെ പവിത്രതയെ അങ്ങേയറ്റം മഹത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ അവയില്‍ അനുഷ്ടിക്കപ്പെടുന്ന പാപം കൂടുതല്‍ ഗൗരവപരമായതും, അവയില്‍ അനുഷ്ടിക്കപ്പെടുന്ന കര്‍മ്മങ്ങളും അതിന് ലഭിക്കുന്ന പ്രതിഫലവും കൂടുതല്‍ ശ്രേഷ്ഠവുമാണ്."

അതുപോലെ ഖതാദ (റ) പറയുന്നു:

إن الله اصطفى صفايا من خلقه : اصطفى من الملائكة رسلا ومن الناس رسلا واصطفى من الكلام ذكره واصطفى من الأرض المساجد واصطفى من الشهور رمضان والأشهر الحرم واصطفى من الأيام يوم الجمعة واصطفى من الليالي ليلة القدر فعظموا ما عظّم الله . فإنما تُعَظّم الأمور بما عظمها الله به عند أهل الفهم وأهل العقل

"അല്ലാഹു അവന്‍റെ സൃഷ്ടികളില്‍ നിന്നും ചിലതിനെ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. മലക്കുകളില്‍ നിന്നും ചിലരെ ദൂതന്മാരായും (റുസുല്‍), മനുഷ്യരില്‍നിന്നും ചിലരെ മുര്‍സലീങ്ങളായും, വചനങ്ങളില്‍ വെച്ച് അവന്‍റെ ഗ്രന്ഥത്തെയും, സ്ഥലങ്ങളില്‍ വെച്ച് പള്ളികളെയും, മാസങ്ങളില്‍ വെച്ച് റമളാനെയും പവിത്രമാക്കപ്പെട്ട നാല് മാസങ്ങളെയും, ദിവസങ്ങളില്‍ വെച്ച് ജുമുഅ ദിവസത്തെയും, രാവുകളില്‍ വെച്ച് ലൈലതുല്‍ ഖദറിനെയും അവന്‍ തിരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ട് അല്ലാഹു മഹത്വപ്പെടുത്തിയവയെ നിങ്ങളും മഹത്വപ്പെടുത്തുക. ബുദ്ധിയും വിവേകവും ഉള്ളവരുടെ പക്കല്‍ അല്ലാഹു ഏതൊന്നിനെ മഹത്വവല്‍ക്കരിച്ചുവോ  അതിനെ ആസ്പദമാക്കിയാണ് ഏതൊന്നും മഹത്വവല്‍ക്കരിക്കപ്പെടുന്നത്" - [ഇബ്നു കസീര്‍, തൗബ:36].

മുഹര്‍റം മാസത്തില്‍ സുന്നത്ത് നോമ്പുകള്‍ അധികരിപ്പിക്കുക:

സമയബന്ധിതമല്ലാതെ നിരുപാധികം നിര്‍വഹിക്കപ്പെടുന്ന സുന്നത്ത് നോമ്പുകള്‍ ഏറ്റവും അനുയോജ്യവും ഏറ്റവും ശ്രേഷ്ഠകരവുമായ മാസമാണ് മുഹര്‍റം. റസൂല്‍ (സ) പറയുന്നു:

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ 

അബൂ ഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "റമളാന്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ശ്രേഷ്ഠകരമായ നോമ്പ് അല്ലാഹുവിന്‍റെ മാസമായ മുഹര്‍റത്തിലെ നോമ്പാണ്." - [സ്വഹീഹ് മുസ്‌ലിം: 1982].

ഈ ഹദീസില്‍ നിന്നും മുഹര്‍റം മാസത്തില്‍ സുന്നത്ത് നോമ്പുകള്‍ അധികരിപ്പിക്കുന്നതിന് പ്രത്യേകം പുണ്യമുണ്ട് എന്ന് മനസ്സിലാക്കാം. മാത്രമല്ല നബി (സ) 'അല്ലാഹുവിന്‍റെ മാസം' എന്ന് മുഹര്‍റം മാസത്തെ പ്രത്യേകം അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറഞ്ഞതായിക്കാണാം. ഇതിന് അറബി ഭാഷയില്‍ (إضافة تشريف وتعظيم) 'മഹത്വവല്‍ക്കരിക്കാനും ആദരിക്കുവാനും വേണ്ടിയുള്ള ചേര്‍ത്തിപ്പറയല്‍' എന്നാണ് പറയുക. بيت الله അല്ലാഹുവിന്‍റെ ഭവനം, ناقة الله അല്ലാഹുവിന്‍റെ ഒട്ടകം എന്നിങ്ങനെയെല്ലാം പ്രയോഗിക്കപ്പെട്ടത് പോലെത്തന്നെ.  അതുകൊണ്ട് നാം മുഹര്‍റം മാസത്തെ നന്മകള്‍ ചെയ്തും തിന്മകളില്‍ നിന്നും വിട്ടുനിന്നും ആദരിക്കുക.

മുഹര്‍റം മാസത്തില്‍ സമയബന്ധിതമായ സുന്നത്ത് നോമ്പുമുണ്ട്. താസൂആഉം ആശൂറാഉം (ഒന്‍പതും പത്തും) :

നബി (സ) പറഞ്ഞു:


" صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ "

"അറഫ ദിനത്തിലെ നോമ്പ് കാരണം അല്ലാഹു കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു. ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ അതുകാരണം കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു." - [സ്വഹീഹ് മുസ്‌ലിം: 1162].

അതുപോലെ മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: 



عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ إِلا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ يَعْنِي شَهْرَ رَمَضَانَ . " 


ഇബ്നു അബ്ബാസ് (റ)  പറഞ്ഞു: "അങ്ങേയറ്റത്തെ താല്പര്യത്തോടെ, മറ്റുള്ളവയെക്കാള്‍ പ്രാധാന്യം നല്‍കിക്കൊണ്ട് നബി (സ) ഏതെങ്കിലും ദിവസം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇന്ന ദിവസമൊഴികെ, അതായത് ആശൂറാഅ് ദിവസം, ഇന്ന മാസമൊഴികെ അതായത് റമളാന്‍ മാസം." - [സ്വഹീഹുല്‍ ബുഖാരി: 1862]. അഥവാ സാധാരണ സുന്നത്ത് നോമ്പുകളെക്കാള്‍ പ്രാധാന്യം ആശൂറാഅ് നോമ്പിന് നബി (സ) നല്‍കാറുണ്ടായിരുന്നു.

ജൂതന്മാരില്‍ നിന്നും നസാറാക്കളില്‍ നിന്നും വ്യത്യസ്ഥരാകാന്‍  ആശൂറാഇനൊപ്പം താസൂആഅ് കൂടി നോല്‍ക്കുക. ഇമാം മുസ്‌ലിം റഹിമഹുല്ല ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:

عن عَبْدَ اللَّهِ بْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قال : حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.


ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി (സ) ആശൂറാഅ് ദിവസം നോമ്പ് നോല്‍ക്കുകയും ആ ദിവസത്തില്‍ നോമ്പെടുക്കാന്‍ കല്പിക്കുകയും ചെയ്തപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: യാ റസൂലല്ലാഹ്.. അത് ജൂത- ക്രൈസ്തവര്‍ മഹത് വല്‍ക്കരിക്കുന്ന ദിനമല്ലേ... അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: "ഇന്‍ ഷാ അല്ലാഹ്, അടുത്ത വര്‍ഷം നാം (ജൂത-ക്രൈസ്തവരില്‍ നിന്നും വ്യത്യസ്ഥരാവാനായി) ഒന്‍പതം ദിവസം കൂടി നോമ്പെടുക്കും. പക്ഷെ അടുത്ത വര്‍ഷം കടന്നു വരുമ്പോഴേക്ക് റസൂല്‍ (സ) വഫാത്തായിരുന്നു. - [സ്വഹീഹ് മുസ്‌ലിം: 1916].  അതുകൊണ്ട് തന്നെ മുഹറം പത്തിനോടൊപ്പം മുഹറം ഒന്‍പത് കൂടി നോല്‍ക്കുന്നത് സുന്നത്താണ്. ജൂതന്മാരില്‍ നിന്നും നസാറാക്കളില്‍  നിന്നും ആചാരാനുഷ്ടാനങ്ങളില്‍ വിശ്വാസികള്‍ വ്യത്യസ്ഥത പുലര്‍ത്തണം എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അവരുടെ ആഘോഷ-ആചാരങ്ങളെ വാരിപ്പുണരുന്ന ചില ആളുകള്‍ക്ക് സ്വഹാബത്ത് റസൂലുല്ലയോട് ചോദിച്ച ചോദ്യം ഒരു പാഠമാണ്.

ആശൂറാഅ നോമ്പിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/2015/10/blog-post_16.html .

മുഹര്‍റം മാസത്തെ അനാദരിക്കുന്ന അനാചാരങ്ങള്‍:  

മുഹര്‍റം മാസത്തെ മോശപ്പെട്ട മാസമായും, നഹ്സിന്‍റെ മാസമായുമൊക്കെ കാണുന്നവര്‍ അല്ലാഹു ആദരിച്ച മാസത്തെ അനാദരിക്കുകയാണ് ചെയ്യുന്നത്. തങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാകുന്ന നന്മകളെയും പ്രയാസങ്ങളെയും കാലത്തിലേക്ക് ചേര്‍ത്ത് പറയുകയും ശകുനം കണക്കാക്കുകയും ചെയ്തിരുന്നത് ജാഹിലിയാ കാലത്തെ വിശ്വാസമായിരുന്നു. ഇന്ന് ശിയാക്കളും, ഖബറാരാധകരായ സൂഫികളുമാണ് ഈ വിശ്വാസം വെച്ചു പുലര്‍ത്തുന്നത്. ഏറ്റവും പവിത്രമാക്കപ്പെട്ട മാസങ്ങളില്‍ ഒന്നായി അല്ലാഹു മുഹര്‍റം മാസത്തെ പഠിപ്പിക്കുമ്പോള്‍ ഇവര്‍ അശുഭകരമായ മാസമായും നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അനുയോജ്യമല്ലാത്ത മാസമായും മുഹര്‍റം മാസത്തെ കണക്കാക്കുന്നു. എത്ര നീചകരമായ പ്രവര്‍ത്തിയാണിത്‌. പുരോഹിതന്മാരുടെ വാക്കുകള്‍ കേട്ട് തെറ്റിദ്ധരിച്ചുപോയ അനേകം സാധാരണക്കാരെക്കാണാം അല്ലാഹു അവര്‍ക്ക് ഹിദായത്ത് നല്‍കട്ടെ. 

കാലത്തെ പഴിക്കുകയെന്നത് ശറഇല്‍ വിലക്കപ്പെട്ടതാണ്‌ ഖുദ്സിയായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം: 

عَنْ أَبِي هُرَيْرَةَ قَالَ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ اللَّهُ تَعَالَى يُؤْذِينِي ابْنُ آدَمَ يَسُبُّ الدَّهْرَ وَأَنَا الدَّهْرُ بِيَدِي الْأَمْرُ أُقَلِّبُ اللَّيْلَ وَالنَّهَارَ

അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "അല്ലാഹു തആല പറഞ്ഞു: "കാലത്തെ പഴിക്കുന്നത്തിലൂടെ ആദം സന്തതി എന്നെ ഉപദ്രവിക്കുന്നു. ഞാനാകുന്നു കാലം. എന്‍റെ കയ്യിലാണ് നിയന്ത്രണം. ഞാന്‍ രാവും പകലും മാറ്റിമറിക്കുന്നു." - [സ്വഹീഹുല്‍ ബുഖാരി: 7491, സ്വഹീഹ് മുസ്‌ലിം: 6000].

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം ബഗവി പറയുന്നു:

إن العرب كان من شأنها ذمّ الدّهر وسبّه عند النوازل؛ لأنهم كانوا ينسبون إليه ما يصيبهم من المصائب والمكاره، فيقولون: أصابتهم قوارع الدّهر، وأبادهم الدّهر، فإذا أضافوا إلى الدّهر ما نالهم من الشّدائد سبّوا فاعلها

"തങ്ങള്‍ക്ക് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ കാലത്തെ കുറ്റപ്പെടുത്തുക എന്നത് അറബികളുടെ രീതിയായിരുന്നു. കാരണം തങ്ങള്‍ക്ക് ബാധിക്കുന്ന ദുരനുഭവങ്ങളും പ്രയാസങ്ങളും  അവര്‍ കാലത്തിലേക്ക് ചേര്‍ത്തിയാണ് പറഞ്ഞിരുന്നത്. 'അവരെ  കാലത്തിന്‍റെ ഭയാനത പിടികൂടി, അവരെ കാലം തുടച്ചു നീക്കി' എന്നെല്ലാം അവര്‍ പറയുമായിരുന്നു. തങ്ങള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങളെ കാലത്തിലേക്ക് ചേര്‍ത്ത് പറയുകവഴി അവയെല്ലാം  നിയന്ത്രിക്കുന്നവനെയാണ് അവര്‍ കുറ്റപ്പെടുത്തുന്നത്."  - [ശറഹുസ്സുന്ന].

അതുകൊണ്ട് അവന്‍റെ സമയം മോശമായിരുന്നു. ഇപ്പോള്‍ സമയം മോശമാണ്. കറുത്ത പൂച്ച കുറുകെച്ചാടിയാള്‍ ദുശകുനമാണ്. ഇന്ന് ശകുനപ്പിഴയാണ് തുടങ്ങിയ വിശ്വാസങ്ങള്‍ ഒരിക്കലും ഒരു വിശ്വാസിക്ക് ചേര്‍ന്നതല്ല. തന്‍റെ പ്രതീക്ഷ നന്നാക്കുകയും, അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുകയുമാണ് ഒരു വിശ്വാസി ചെയ്യേണ്ടത്.

അല്ലാഹു പറയുന്നു:
أَيْنَمَا تَكُونُوا يُدْرِكْكُمُ الْمَوْتُ وَلَوْ كُنْتُمْ فِي بُرُوجٍ مُشَيَّدَةٍ وَإِنْ تُصِبْهُمْ حَسَنَةٌ يَقُولُوا هَذِهِ مِنْ عِنْدِ اللَّهِ وَإِنْ تُصِبْهُمْ سَيِّئَةٌ يَقُولُوا هَذِهِ مِنْ عِنْدِكَ قُلْ كُلٌّ مِنْ عِنْدِ اللَّهِ فَمَالِ هَؤُلَاءِ الْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًا (78) مَا أَصَابَكَ مِنْ حَسَنَةٍ فَمِنَ اللَّهِ وَمَا أَصَابَكَ مِنْ سَيِّئَةٍ فَمِنْ نَفْسِكَ وَأَرْسَلْنَاكَ لِلنَّاسِ رَسُولًا وَكَفَى بِاللَّهِ شَهِيدًا (79)

"നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്‌. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും. (നബിയേ,) അവര്‍ക്ക്‌ വല്ല നേട്ടവും വന്നുകിട്ടിയാല്‍ അവര്‍ പറയും; ഇത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിച്ചതാണ്‌ എന്ന്‌. അവര്‍ക്ക്‌ വല്ല ദോഷവും ബാധിച്ചാല്‍ അവര്‍ പറയും; ഇത്‌ നീ കാരണം ഉണ്ടായതാണ്‌ എന്ന്‌.പറയുക: എല്ലാം അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്‌. അപ്പോള്‍ ഈ ആളുകള്‍ക്ക്‌ എന്ത്‌ പറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല. നന്‍മയായിട്ട്‌ നിനക്ക്‌ എന്തൊന്ന്‌ വന്നുകിട്ടിയാലും അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്‍റെ പക്കല്‍ നിന്നുതന്നെ ഉണ്ടാകുന്നതാണ്‌. ( നബിയേ, ) നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായിട്ടാണ്‌ നിയോഗിച്ചിരിക്കുന്നത്‌.( അതിന്‌ ) സാക്ഷിയായി അല്ലാഹു മതി." - [നിസാഅ്: 78-79].  

നന്മയാകട്ടെ തിന്മയാകട്ടെ ഒരാള്‍ക്ക് സംഭവിക്കാനിരിക്കുന്നതെന്തും അല്ലാഹും രേഖപ്പെടുത്തി വച്ചിരിക്കുന്നു:

مَا أَصَابَ مِنْ مُصِيبَةٍ فِي الْأَرْضِ وَلَا فِي أَنْفُسِكُمْ إِلَّا فِي كِتَابٍ مِنْ قَبْلِ أَنْ نَبْرَأَهَا إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌ

"ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന്‌ മുമ്പ്‌ തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു." - [ഹദീദ്:22]. 

മാത്രമല്ല ഒരാള്‍ക്ക് തന്‍റെ ഭൗതിക ജീവിതത്തില്‍ സംഭവിക്കുന്ന പ്രയാസങ്ങള്‍ ഒന്നുകില്‍ അയാള്‍ക്കുള്ള പരീക്ഷണമോ അതല്ലെങ്കില്‍ അയാളുടെ പ്രവര്‍ത്തനഫലമായി ലഭിച്ച ശിക്ഷയോ ആകാം ഇത് രണ്ടും വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ക്ഷമിക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ഇസ്തിഗ്ഫാറിനെ ചോദിക്കുകയുമാണ് ഒരു വിശ്വാസി അത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ടത്:

പരീക്ഷിക്കപ്പെടുമെന്നതിനെക്കുറിച്ച് അല്ലാഹു പറയുന്നു:

وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ (155) الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ (156)

"കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും." - [അല്‍ബഖറ: 155 -156]. 

ശിക്ഷയെപ്പറ്റിയും അവന്‍ നമ്മെ താക്കീത് നല്‍കുന്നു:

وَمَا أَصَابَكُمْ مِنْ مُصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَنْ كَثِيرٍ

"നിങ്ങള്‍ക്ക്‌ ഏതൊരു ആപത്ത്‌ ബാധിച്ചിട്ടുണ്ടെങ്കിലും അത്‌ നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു." - [ശൂറാ :30]. 

അതുകൊണ്ട് കാലത്തെ പഴിക്കുന്ന വികല വിശ്വാസങ്ങളില്‍ നിന്നും നാം വിട്ടുനില്‍ക്കുക. മാത്രമല്ല അല്ലാഹു പവിത്രമാക്കിയ മാസങ്ങളെ വികൃതമാക്കി ചിത്രീകരിക്കുകയും മറ്റു മാസങ്ങളെ സ്വന്തം നിലക്ക് പവിത്രത കല്പിച്ച് ഇല്ലാത്ത ശ്രേഷ്ഠത നല്‍കി മഹത്വപ്പെടുത്തുകയും ചെയ്യുക എന്നതും ജാഹിലിയാ പ്രവണതകളില്‍പ്പെട്ടത് തന്നെ.

അല്ലാഹു പറയുന്നു:

إِنَّمَا النَّسِيءُ زِيَادَةٌ فِي الْكُفْرِ يُضَلُّ بِهِ الَّذِينَ كَفَرُوا يُحِلُّونَهُ عَامًا وَيُحَرِّمُونَهُ عَامًا لِيُوَاطِئُوا عِدَّةَ مَا حَرَّمَ اللَّهُ فَيُحِلُّوا مَا حَرَّمَ اللَّهُ زُيِّنَ لَهُمْ سُوءُ أَعْمَالِهِمْ وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ 

"വിലക്കപ്പെട്ടമാസം പുറകോട്ട്‌ മാറ്റുക എന്നത്‌ സത്യനിഷേധത്തിന്‍റെ വര്‍ദ്ധനവ്‌ തന്നെയാകുന്നു. സത്യനിഷേധികള്‍ അത്‌ മൂലം തെറ്റിലേക്ക്‌ നയിക്കപ്പെടുന്നു. ഒരു കൊല്ലം അവരത്‌ അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയതിന്‍റെ ( മാസത്തിന്‍റെ ) എണ്ണമൊപ്പിക്കുവാനും എന്നിട്ട്‌, അല്ലാഹു നിഷിദ്ധമാക്കിയത്‌ ഏതോ അത്‌ അനുവദനീയമാക്കുവാനും വേണ്ടിയാണ്‌ അവരങ്ങനെ ചെയ്യുന്നത്‌. അവരുടെ ദുഷ്പ്രവൃത്തികള്‍ അവര്‍ക്ക്‌ ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല." - [തൗബ:37].

ഇമാം ഇബ്നു കസീര്‍ (റ) പറയുന്നു:

هذا مما ذم الله تعالى به المشركين من تصرفهم في شرع الله بآرائهم الفاسدة، وتغييرهم أحكام الله بأهوائهم الباردة، وتحليلهم ما حرم الله وتحريمهم ما أحل الله

"തങ്ങളുടെ പിഴച്ച ചിന്തകള്‍ കൊണ്ട് അല്ലാഹുവിന്‍റെ ശറഇല്‍ മാറ്റത്തിരുത്തലുകള്‍ ഉണ്ടാക്കുകയും, അല്ലാഹുവിന്‍റെ നിയമങ്ങളെ തങ്ങളുടെ ഇച്ചകള്‍ക്കനുസരിച്ച് മാറ്റിത്തിരുത്തുകയും, അല്ലാഹു (യുദ്ധം നിഷിദ്ധമാക്കുക വഴി) പവിത്രമാക്കിയ മാസത്തെ യുദ്ധം അനുവദനീയമാക്കുകയും, അല്ലാഹു അനുവദിച്ച  മാസത്തെ നിഷിദ്ധമാക്കുകയും ചെയ്യുന്ന മുശ്'രിക്കീങ്ങളുടെ പ്രവണതയെയാണ് അല്ലാഹു ഇവിടെ ഇകഴ്ത്തിയിരിക്കുന്നത്." - [ഇബ്നു കസീര്‍: തൗബ: 37].

അവര്‍ തങ്ങള്‍ക്ക് യുദ്ധം നിഷിധമാക്കുക വഴി പവിത്രമാക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്യാന്‍ വേണ്ടി അതിലെ വിലക്ക് സ്വയം നീക്കുകയും പകരം മറ്റൊരു മാസത്തെ പവിത്രമാക്കി കണക്കാക്കുകയും ചെയ്തിരുന്നു. ഇതിനോട് സാമ്യമുള്ള പ്രവര്‍ത്തികളാണ് ചില പുരോഹിതന്മാര്‍ ഇന്ന് പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ചുകൊണ്ട് ചെയ്യിപ്പിക്കുന്നത്. പാപങ്ങള്‍ കൂടുതല്‍ ഗൌരവപരവും, നന്മകള്‍ കൂടുതല്‍ പ്രതിഫലാര്‍ഹവുമായ, അല്ലാഹുവിന്‍റെ മാസമെന്ന വിശേഷണമുള്ള മുഹര്‍റം മാസത്തെ മോശമായ ഒന്നിനും കൊള്ളാത്ത നഹ്സിന്‍റെ മാസമായും, പ്രത്യേകമായ ശ്രേഷ്ഠതകള്‍ പഠിപ്പിക്കപ്പെട്ടിട്ടില്ലാത്ത ശറഇന്‍റെ നിയമങ്ങളില്‍ മറ്റേത് മാസങ്ങളേയും പോലെ സ്ഥാനമുള്ള റബീഉല്‍ അവ്വലിനെ ഏറ്റവും പരിശുദ്ധവും പവിത്രവുമായ മാസമായും കണക്കാക്കുന്ന ഇവരുടെ രീതി ഇസ്ലാമിന് അന്യമാണ് എന്ന് മാത്രമല്ല അതിന് ആയത്തില്‍ പരാമര്‍ശവിധേയമായ 'നസീഅ്' എന്ന അവിശ്വാസികളുടെ പ്രവര്‍ത്തിയോട് സാമ്യമേറെയാണ്താനും. ശരീരത്തില്‍ മുറിവേല്‍പിച്ചുകൊണ്ടും രക്തം ചിന്തിയും ഈ മാസത്തെ അനാദരിക്കുന്ന ശിയാ വിശ്വാസങ്ങളും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. അവര്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല എന്ന് മാത്രമല്ല കണിശമായ ഭാഷയില്‍ എതിര്‍ക്കപ്പെട്ടവയാണ്താനും. 

ഇത്തരം വികല വിശ്വാസങ്ങളില്‍ നിന്നും അവയുടെ പ്രചാരകരില്‍ നിന്നും  അല്ലാഹു നമ്മെയും, ഈ ഉമ്മത്തിനെയും കാത്തുരക്ഷിക്കട്ടെ..... അല്ലാഹു അനുഗ്രഹിക്കട്ടെ .........