Saturday, June 25, 2016

കഴിഞ്ഞ വർഷത്തെ സക്കാത്തിൽ നിന്നു കൊടുക്കാൻ ബാക്കിയുള്ള തുക ഈ വർഷത്തെ സകാത്തിൽ ഉള്‍പ്പെടുത്താൻ പറ്റുമോ. അല്ല അതു തനിയെ കൊടുക്കണമോ ?.



ചോദ്യം: കഴിഞ്ഞ വർഷത്തെ സക്കാത്തിൽ നിന്നു കൊടുക്കാൻ ബാക്കിയുള്ള തുക ഈ വർഷത്തെ സകാത്തിൽ ഉള്‍പ്പെടുത്താൻ പറ്റുമോ. അല്ല അതു തനിയെ  കൊടുക്കണമോ ?.

www.fiqhussunna.com

ഉത്തരം:
 
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

അതാതു വര്‍ഷത്തെ സകാത്ത് നമ്മുടെ മേല്‍ നിര്‍ബന്ധമായിക്കഴിഞ്ഞാല്‍ ശറഇയ്യായ കാരണങ്ങളാലല്ലാതെ അത് വൈകിപ്പിക്കാന്‍ പാടില്ല. അഥവാ അതിന്‍റെ അവകാശികളെ കണ്ടെത്താന്‍ എടുക്കുന്ന സമയം, നല്‍കാനുള്ള പണം കൈവശം ഇല്ലാതിരിക്കല്‍, ഭരണകൂടം സകാത്ത് പിരിക്കുന്ന നാടുകളില്‍ അവരില്‍ നിന്നും വരുന്ന കാലതാമസം, സകാത്ത് സ്വീകര്‍ത്താവ് സ്വയം കൈപ്പറ്റുന്നത് വൈകിപ്പിച്ചാല്‍ എന്നിങ്ങനെയുള്ള കാരണങ്ങളാലല്ലാതെ സകാത്ത് വൈകിപ്പിക്കരുത്. 

അല്ലാത്ത പക്ഷം വൈകിപ്പിച്ച് പോയാല്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും, തൗബ ചെയ്യുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹു നമ്മുടെ വീഴ്ചകള്‍ പൊറുത്ത് തരികയും, മതപരമായ അറിവ് നമുക്ക് വര്‍ദ്ധിപ്പിച്ച് തരികയും ചെയ്യുമാറാകട്ടെ.

അപ്രകാരം താന്‍ കൊടുത്ത് വീട്ടാനുള്ള സകാത്ത് എത്ര വര്‍ഷം പിന്നിട്ടാലും ഒരാളുടെ മേല്‍ ബാധ്യതയായിത്തന്നെ നിലനില്‍ക്കും. കാരണം സകാത്ത് എന്നുള്ളത് പാവപ്പെട്ടവരുടെ അവകാശമാണ്. അതുകൊണ്ടുതന്നെ അതൊരു കടമാണ്. അതിനാലാണ് മരണപ്പെട്ട് പോയ ആള്‍ സകാത്ത് കൊടുത്ത് വീട്ടാന്‍ ഉണ്ടെങ്കില്‍ അയാളുടെ ധനത്തില്‍ നിന്നും അനന്തര സ്വത്ത് വിഹിതം വെക്കുന്നതിന് മുന്‍പായി വീട്ടേണ്ട കടങ്ങളില്‍ ഒന്നായി സകാത്തിനെ പരിഗണിക്കുന്നത്.

താങ്കള്‍ ചോദിച്ചതുപോലെ തന്‍റെ ഈ വര്‍ഷത്തെ സകാത്തായ സംഖ്യയുടെ കൂടെയോ, ഒറ്റക്കായോ നല്‍കാവുന്നതാണ്. അത് സകാത്തിന് അര്‍ഹരായ അവകാശികളുടെ കയ്യിലേക്കാണ് എത്തേണ്ടത് എന്ന് മാത്രം. അല്ലാഹു സ്വീകരിക്കുകയും താങ്കള്‍ക്ക് തക്കതായ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ ..
_______________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

സഹോദരനോ, സഹോദരിക്കോ, ഭാര്യക്കോ സകാത്തില്‍ നിന്നും നല്‍കാമോ ?.



ചോദ്യം: സാമ്പത്തികമായി പ്രയാസപ്പെടുന്ന സഹോദരിക്ക് സഹോദരന്‍റെ സകാത്ത് നല്‍കാന്‍ പറ്റുമോ ?.

www.fiqhussunna.com


ഉത്തരം:
 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد ؛

   നിങ്ങളുടെ ചിലവില്‍ കഴിയുന്ന, അഥവാ നിങ്ങളോടൊപ്പം നിങ്ങളുടെ സംരക്ഷണത്തില്‍ കഴിയുന്ന സഹോദരി ആണ് എങ്കില്‍ അവര്‍ക്ക് നിങ്ങളുടെ സകാത്തില്‍ നിന്നും നല്‍കാവതല്ല. എന്നാല്‍ സ്വന്തമായി കഴിയുന്ന സഹോദരീ സഹോദരങ്ങള്‍ക്ക് അവര്‍ സകാത്തിന് അര്‍ഹരാണ് എങ്കില്‍ ഒരാള്‍ക്ക് തന്‍റെ സകാത്തില്‍ നിന്നും അവര്‍ക്ക് നല്‍കാവുന്നതാണ്. അതുപോലെ ഇനി തന്‍റെ ചിലവില്‍ കഴിയുന്നവരാണ് എങ്കിലും അവര്‍ സ്വയം കടം വീട്ടാന്‍ സാധിക്കാത്ത കടക്കാര്‍ ആണ് എങ്കില്‍ അവര്‍ക്ക് കടം വീട്ടാനായി തന്‍റെ സകാത്തില്‍ നിന്നും നല്‍കാം. കാരണം അവരുടെ കടം അയാളുടെ നിര്‍ബന്ധ ബാധ്യതയില്‍പ്പെട്ടതല്ല.

ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു: " ദരിദ്രരായ തന്‍റെ സഹോദരന്‍, സഹോദരി, പിതൃവ്യന്‍, പിതൃവ്യ എന്നിങ്ങനെ പാവപ്പെട്ടവരായ ബന്ധുമിത്രാതികള്‍ക്കെല്ലാം സകാത്തില്‍ നിന്നും നല്‍കാം. മാത്രമല്ല അവര്‍ക്ക് നല്‍കുന്നത് ദാനധര്‍മ്മം എന്നതിലുപരി കുടുംബബന്ധം ചേര്‍ക്കല്‍ കൂടിയാണ്. കാരണം റസൂല്‍ (സ) പറഞ്ഞു:

الصدقة في المسكين صدقة وفي ذي الرحم صدقة وصلة 

"ഒരു മിസ്‌കീനിന് നല്‍കുന്ന ദാനധര്‍മ്മം സ്വദഖ മാത്രമാണ്. എന്നാല്‍ അത് ബന്ധുമിത്രാഥികള്‍ക്കാകുമ്പോള്‍ സ്വദഖയും അതോടൊപ്പം  കുടുംബ ബന്ധം ചേര്‍ക്കലുമാണ്." - [മുസ്നദ് അഹ്മദ്: 15794]. 

എന്നാല്‍ മാതാപിതാക്കള്‍ അവരുടെ മാതാപിതാക്കള്‍ എന്നിങ്ങനെ മുകളിലേക്കും,  അതുപോലെ തന്‍റെ ആണ്‍ പെണ്‍ മക്കള്‍ അതെത്ര തലമുറകള്‍ ആയാലും അവര്‍ ദരിദ്രര്‍ ആണെങ്കിലും അവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കാവതല്ല. മറിച്ച് അയാള്‍ക്ക് സാമ്പത്തികമായി കഴിവുണ്ടായിരിക്കുകയും അവര്‍ക്ക് ചിലവിന് നല്‍കാന്‍ മറ്റാരും ഇല്ലാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ അവര്‍ക്ക് തന്‍റെ ധനത്തില്‍ നിന്നും ചിലവിന് നല്‍കുക എന്നത് അയാളുടെ നിര്‍ബന്ധ ബാധ്യതയാണ്." - [http://www.binbaz.org.sa/fatawa/1541].

അതുകൊണ്ട് സ്വന്തം വരുമാനം തങ്ങളുടെ ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ, വിവാഹത്തിന് ധനമില്ലാത്ത പുരുഷന്‍  എന്നിങ്ങനെ തങ്ങളുടെ അടിസ്ഥാനചിലവിന് തികയാത്തവരോ, സ്വയം വീട്ടാന്‍ സാധിക്കാത്ത കടക്കാരോ ആയ സഹോദരനും സഹോദരിക്കും ഒരാള്‍ തന്‍റെ സകാത്തില്‍ നിന്നും നല്‍കുന്നതില്‍ തെറ്റില്ല.

 മാതാപിതാക്കള്‍ക്കോ, മക്കള്‍ക്കോ, ഭാര്യമാര്‍ക്കോ പൊതുവേ സകാത്തില്‍ നിന്നും നല്‍കാവതല്ല. എന്നാല്‍ സകാത്തിന് അര്‍ഹാരാകും വിധമുള്ള, സ്വയം വീട്ടാന്‍ സാധിക്കാത്ത കടക്കാര്‍ ആണ് എങ്കില്‍ മാതാപിതാക്കള്‍ക്കും, മക്കള്‍ക്കും, ഭാര്യമാര്‍ക്കും കടം വീട്ടാന്‍ വേണ്ടി സകാത്തില്‍ നിന്നും നല്‍കുന്നതില്‍ തെറ്റില്ലതാനും. കാരണം അവരുടെ കടം വീട്ടുക എന്നത് മറ്റൊരാളുടെ നിര്‍ബന്ധ ബാധ്യതയില്‍ പെട്ടതല്ല. അതുമായി ബന്ധപ്പെട്ട് നേരത്തെ വിശദമായ മറുപടി നല്‍കിയിട്ടുണ്ട്. അത് വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/2016/06/blog-post_7.html

അതുപോലെ സകാത്തിന്‍റെ അവകാശികളെ നാം പരിഗണിക്കുമ്പോള്‍ കടം കൊണ്ടും മറ്റുമൊക്കെയാണ് അവര്‍ക്ക് നാം സകാത്തില്‍ നിന്നും നല്‍കുന്നത് എങ്കില്‍ അല്പം സൂക്ഷ്മത നാം പുലര്‍ത്തേണ്ടതുണ്ട്. കാരണം ഇന്ന് ചില ആളുകള്‍ അകാരണമായി കടങ്ങള്‍ വാങ്ങിക്കൂട്ടുന്നത് കാണാം. ആര്‍ഭാടമായ ജീവിതത്തിന് വേണ്ടിയും, തങ്ങള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ വലിയ വീടും വാഹനവുമൊക്കെ കരസ്ഥമാക്കാനും കടത്തിന് പിറകെ പോകുന്നവരും വിരളമല്ല. മാത്രമല്ല പലപ്പോഴും അത്തരക്കാര്‍ സ്വന്തം ധനത്തില്‍ നിന്നും കടം വീട്ടാന്‍ വേണ്ടി പലപ്പോഴും പരിശ്രമിക്കാറുമില്ല. അങ്ങനെയുള്ള ആളുകള്‍ സകാത്തിന് അര്‍ഹരല്ല. എന്നാല്‍ തങ്ങളുടെ അടിസ്ഥാനാപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി കടക്കാര്‍ ആവുകയും, സ്വയം ആ കടങ്ങള്‍ വീട്ടാന്‍ പരിശ്രമിച്ചിട്ടും സാധിക്കാതിരിക്കുകയും ചെയ്യുന്ന ആളുകളാണ് കടക്കാര്‍ എന്ന നിലക്ക് സകാത്തിന് അര്‍ഹരാവുന്നത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍....

അല്ലാഹു അനുഗ്രഹിക്കട്ടെ....
___________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

ഒറ്റയിട്ട രാവുകളില്‍ മാത്രം ഇഅ്തികാഫ് ഇരിക്കാമോ ?. ഇഅ്തികാഫ് ഇരിക്കാത്ത ദിവസങ്ങളില്‍ ഭാര്യയുമായി ബന്ധപ്പെടുന്നതുകൊണ്ട് തെറ്റുണ്ടോ ?.

ചോദ്യം: ഒറ്റയിട്ട രാവുകളില്‍ മാത്രം ഇഅ്തികാഫ് ഇരിക്കാമോ ?. ഇഅ്തികാഫ് ഇരിക്കാത്ത ദിവസങ്ങളില്‍ ഭാര്യയുമായി ബന്ധപ്പെടുന്നതുകൊണ്ട് തെറ്റുണ്ടോ ?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاةو السلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

നബി (സ) ചെയ്തിരുന്നത് പോലെ അവസാനത്തെ പത്ത് മുഴുവനായും ഇഅ്തികാഫ് ഇരിക്കുകയെന്നതാണ് ഏറ്റവും ശ്രേഷ്ഠകരം.

عن عائشة رضي الله عنها قالت : كان النبي عليه الصلاة والسلام يعتكف في العشر الأواخر من رمضان
  
 ആഇശ (റ) യില്‍ നിന്നും നിവേദനം: അവര്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: നബി (ﷺ) റമളാനിലെ അവസാനത്തെ പത്തില്‍ ഇഅതികാഫ് ഇരിക്കാറുണ്ടായിരുന്നു.  [സ്വഹീഹുല്‍ ബുഖാരി].

 എന്നാല്‍ ഒരാള്‍ക്ക് പത്ത് ദിവസങ്ങള്‍ പൂര്‍ണമായും ഇഅ്തികാഫ് ഇരിക്കാന്‍ പറ്റിയില്ലെങ്കില്‍ കഴിയുന്നത്ര ഇരുന്നുകൊള്ളട്ടെ. ഒറ്റയിട്ട രാവുകള്‍, ഒരു ദിവസം, രണ്ട് ദിവസം എന്നിങ്ങനെയെല്ലാം ഇരിക്കാവുന്നതാണ്. ഇഅ്തികാഫിന് ഇത്ര സമയം ഇരിക്കണം എന്ന പരിധിയില്ല എന്ന് നാം മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ഉമറുബ്നുല്‍ ഖത്താബ് (റ) ജാഹിലിയാ കാലഘട്ടത്തില്‍ മസ്ജിദുല്‍ ഹറാമില്‍ ഒരു രാവ് മാത്രം ഇഅ്തികാഫ് ഇരിക്കാന്‍ നേര്‍ച്ച നേരുകയും, അദ്ദേഹത്തിന്‍റെ ഇസ്‌ലാം സ്വീകരണത്തിന് ശേഷം റസൂല്‍ (സ) അത് വീട്ടാന്‍ അദ്ദേഹത്തോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്  എന്ന് സ്വഹീഹായ  റിപ്പോര്‍ട്ടുകളില്‍ കാണാം. 

ഇനി രണ്ടാമത്തെ സംശയം ഇഅ്തികാഫ് ഇരിക്കാത്തതായ ദിവസങ്ങളില്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ എന്നതാണ്. അതിന് തെറ്റില്ല. ഒരാള്‍ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവുകള്‍ മാത്രമാണ് ഇഅ്തികാഫ് ഇരിക്കുന്നത് എങ്കില്‍ ആ രാവുകളില്‍ മാത്രമാണ് അയാള്‍ معتكف അഥവാ ഇഅ്തികാഫു കാരന്‍ ആകുന്നത്. അല്ലാത്ത രാവുകളില്‍ അയാള്‍ معتكف അല്ല. നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫിലായിരിക്കെ ഭാര്യമാരുമായി ബന്ധപ്പെടരുത് എന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. അഥവാ അയാള്‍ ഇഅ്തികാഫ് ഇരിക്കുന്ന ദിനങ്ങള്‍ ഏതോ, ആ ദിനങ്ങളില്‍ ഭാര്യാഭര്‍തൃ ലൈഗിക ബന്ധം പാടില്ല എന്നാണ് അത് അര്‍ത്ഥമാക്കുന്നത്. അല്ലാഹു പറയുന്നു:

وَلاَ تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ تِلْكَ حُدُودُ اللّهِ فَلاَ تَقْرَبُوهَا

"എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ്‌ ( ഭജനം ) ഇരിക്കുമ്പോള്‍ അവരു ( ഭാര്യമാരു ) മായി സഹവസിക്കരുത്‌. അല്ലാഹുവിന്‍റെ  അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കുവാനടുക്കരുത്‌." - [അല്‍ബഖറ:187]. 
 
ഈ  ആയത്തില്‍ നിന്നുതന്നെ  ഇഅ്തികാഫുകാരന്‍ അല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തിന് കുഴപ്പമില്ല എന്ന് മനസ്സിലാക്കാം. ഉദാ: ഒരാള്‍ ഒറ്റയിട്ട രാവുകള്‍ ആണ് ഇഅ്തികാഫ് ഇരിക്കുന്നത് എങ്കില്‍ ഒറ്റയിട്ട രാവുകളില്‍ അയാള്‍ക്ക് ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പാടില്ല. ഒരാള്‍ അവസാനത്തെ പത്ത് മുഴുവനും ഇഅ്തികാഫ് ഇരിക്കുന്നുവെങ്കില്‍ ആ രാവുകള്‍ മുഴുവനും, ഒരാള്‍ ഒരു ദിവസമാണ് ഇരിക്കുന്നത് എങ്കില്‍ അയാള്‍ക്ക് ആ ദിവസവും, ഒരാള്‍ ഏതാനും മണിക്കൂറുകള്‍ ആണ് ഇരിക്കുന്നത് എങ്കില്‍ അയാള്‍ക്ക് ആ സമയവും  ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പാടില്ല എന്നര്‍ത്ഥം. 

ഇഅ്തികാഫുമായി ബന്ധപ്പെട്ട് സാധാരണ ഉണ്ടാകാറുള്ള സംശയങ്ങളില്‍ ഏറിയ പങ്കും ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഇഅ്തികാഫ് ഇരിക്കുന്ന ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട ഒരു ലേഖനം നേരത്തെ എഴുതിയിട്ടുണ്ട്. അത് വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/2015/07/blog-post_7.html

അല്ലാഹു അനുഗ്രഹിക്കട്ടെ ...

സ്വര്‍ണ്ണത്തിന്‍റെ സകാത്ത് എപ്രകാരമാണ് ?. എത്ര കൈവശം ഉണ്ടായാലാണ് സകാത്ത് കൊടുക്കേണ്ടത് ?. എത്രയാണ് സകാത്തായി നല്‍കേണ്ടത് ?. അത് എല്ലാ വര്‍ഷവും നല്‍കണോ ?.



ചോദ്യം: സ്വര്‍ണ്ണത്തിന്‍റെ സകാത്ത് എപ്രകാരമാണ് ?. എത്ര കൈവശം ഉണ്ടായാലാണ് സകാത്ത് കൊടുക്കേണ്ടത് ?. എത്രയാണ് സകാത്തായി നല്‍കേണ്ടത് ?. അത് എല്ലാ വര്‍ഷവും നല്‍കണോ ?.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

ഒരാളുടെ കൈവശം 85 ഗ്രാം സ്വര്‍ണ്ണം, അഥവാ ഏകദേശം പത്തര പവനോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍, ഓരോ ഹിജ്റ വര്ഷം തികയുമ്പോഴും  അതിന്‍റെ രണ്ടര ശതമാനം അയാള്‍ സകാത്തായി നല്‍കണം. ഉപയോഗിക്കുന്ന ആഭരണമായാലും, മഹ്റായാലും എല്ലാം ഇതില്‍ ഉള്‍പ്പെടും. പത്തര പവന്‍ കഴിച്ച് ബാക്കിയുള്ള സ്വര്‍ണ്ണത്തിന്‍റെ രണ്ടര ശതമാനം എന്നല്ല, മറിച്ച് ഒരാളുടെ കൈവശം നിസ്വാബ് തികഞ്ഞാല്‍ മൊത്തം സ്വര്‍ണ്ണത്തിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം. അത് ആ സ്വര്‍ണ്ണത്തില്‍ നിന്നോ തതുല്യമായ സംഖ്യയായോ നല്‍കാവുന്നതാണ്. ഓരോ ഹിജ്റ വര്‍ഷം തികയുമ്പോഴും നിസ്വാബ് കൈവശമുള്ളവര്‍ ഇപ്രകാരം സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്.

എന്നാല്‍ ഒരാള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതായ സ്വര്‍ണ്ണാഭരണങ്ങളോ, ചരിത്ര മൂല്യമുള്ള സ്വര്‍ണ്ണ നാണയങ്ങളോ ഒക്കെയാണ് എങ്കില്‍, പലപ്പോഴും അതിന് അതില്‍ അടങ്ങിയ സ്വര്‍ണ്ണത്തിന്‍റെ തൂക്കത്തെക്കാള്‍ മൂല്യമുണ്ടാകും. അവിടെ സ്വര്‍ണ്ണത്തിന്‍റെ തൂക്കമല്ല മറിച്ച് വിലയാണ് പരിഗണിക്കേണ്ടത്. അതുകൊണ്ടുതന്നെ സ്വര്‍ണ്ണക്കടക്കാരെപ്പോലുള്ളവര്‍ കൈവശമുള്ള ആഭരണങ്ങളുടെ തൂക്കമല്ല വിലയാണ് പരിഗണിക്കേണ്ടത്. ഇത് വിശദമായി മറ്റൊരു ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആ ലേഖനം ലഭിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/2016/06/25.html.

 അതുപോലെ ഉപയോഗിക്കുന്ന ആഭരണത്തിനും സകാത്ത് ബാധകമാണ് എന്നതാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രബലമായ അഭിപ്രായം. അതും വിശദമായി മുന്‍പ് വിശദീകരിച്ചിട്ടുണ്ട്. ആ ലേഖനം വായിക്കാന്‍: http://www.fiqhussunna.com/2015/08/blog-post_80.html

 അല്ലാഹു അനുഗ്രഹിക്കട്ടെ ...
____________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

Thursday, June 23, 2016

പ്രായപൂര്‍ത്തി എത്താത്ത പെണ്‍മക്കളുടെ ആഭരണങ്ങള്‍ അവരുടെ ഉമ്മയുടെ ആഭരണങ്ങളോടൊപ്പം ചേര്‍ത്ത് സകാത്ത് നല്‍കേണ്ടതുണ്ടോ ?.



ചോദ്യം: പ്രായപൂര്‍ത്തി എത്താത്ത പെണ്‍മക്കളുടെ ആഭരണങ്ങള്‍ അവരുടെ ഉമ്മയുടെ ആഭരണങ്ങളോടൊപ്പം ചേര്‍ത്ത് സകാത്ത് നല്‍കേണ്ടതുണ്ടോ ?.

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ؛ وبعد، 

സകാത്ത് ഓരോ വ്യക്തികള്‍ക്കുമാണ് ബാധകമാകുന്നത്. ഒരു കുടുംബത്തിന് ഒന്നാകെയല്ല. നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ആഭരണങ്ങള്‍ അവരുടേതാണ്. അതുകൊണ്ടുതന്നെ അവരുടെ സ്വര്‍ണ്ണം അവരുടെ ഉമ്മയുടെ  സ്വര്‍ണ്ണത്തിലേക്ക് ചേര്‍ത്തി കണക്കാക്കേണ്ടതില്ല. എന്നാല്‍ അവരുടെ കൈവശമുള്ള ആഭരണം ഉമ്മയുടേതാണ്, ഉമ്മ അവര്‍ക്ക് ധരിക്കാന്‍ മാത്രം നല്‍കിയതാണ് എങ്കില്‍ സകാത്ത് കണക്കാക്കുമ്പോള്‍ ഉമ്മയുടെ ആഭരണത്തോട് ചേര്‍ത്ത് അവ പരിഗണിക്കേണ്ടതുണ്ട്. കാരണം അതിന്‍റെ ഉടമസ്ഥ ഒരാളാണ്.

ഒന്നുകൂടി വ്യക്തമാക്കിയാല്‍ മരണപ്പെടുമ്പോള്‍ അവരുടെ അനന്തരാവകാശികള്‍ക്ക് ആണല്ലോ അത് നല്‍കപ്പെടുക. ആ സമയത്ത് നാം മറ്റൊരാളുടെ ആഭരണവുമായി അത് ഒരുമിച്ച് പരിഗണിക്കാറില്ലല്ലോ, ഉമ്മയുടെത് അവരുടേതും മക്കളുടെത് അവരുടേയും ആയിത്തന്നെയാണ് പരിഗണിക്കാറുള്ളത്. അതുപോലെത്തന്നെയാണ് സകാത്ത് നല്‍കുമ്പോഴും. ഓരോരുത്തരുടേതും വ്യത്യസ്ഥമായി കണക്കാക്കിയാല്‍ മതി. ചെറിയ കുട്ടികളുടെ കൈവശമുള്ള ധനം നിസ്വാബ് തികയുന്നതും, അതിന് ഒരു ഹിജ്റ വര്‍ഷക്കാലം ഹൗല്‍ തികയുകയും ചെയ്‌താല്‍ അതിന്‍റെ സകാത്ത് നല്‍കാന്‍ അവരുടെ രക്ഷാകര്‍ത്താക്കള്‍ ബാധ്യസ്ഥരാണ്. നല്‍കാത്ത പക്ഷം അതിന്‍റെ പാപം രക്ഷാകര്‍ത്താക്കള്‍ക്കായിരിക്കും. എന്നാല്‍ നിസ്വാബ് തികയുന്നതിന് ഉമ്മയുടെ ആഭരണവുമായി ചേര്‍ത്ത് അവരുടെ ആഭരണങ്ങള്‍ കണക്കാക്കേണ്ടതില്ല.

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) യോട് ചോദിക്കപ്പെട്ടു: ഭാര്യക്കും, അതുപോലെ പെണ്‍മക്കള്‍ക്കും സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടെങ്കില്‍, അവരുടെ ഓരോരുത്തരുടെ ആഭരണങ്ങള്‍ പ്രത്യേകം പ്രത്യേകമായി പരിഗണിച്ചാല്‍ നിസ്വാബ് തികയുന്നില്ല എങ്കില്‍ അവയെല്ലാം ഒരുമിച്ച് പരിഗണിച്ച് സകാത്ത് നല്‍കേണ്ടതുണ്ടോ ?. 

അദ്ദേഹം നല്‍കിയ മറുപടി: " അപ്രകാരം ചെയ്യേണ്ടതില്ല. കാരണം ഓരോരുത്തരുടെയും ധനം അവരുടേതാണ്. പെണ്‍മക്കളുടെ കൈവശമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ഉമ്മയുടേത് തന്നെയാണ്, ഉമ്മ അവര്‍ക്ക് ധരിക്കാന്‍ നല്‍കിയത് മാത്രമാണ് എങ്കില്‍ ഉമ്മയുടെ ആഭരണങ്ങളുടെ കൂടെ അതും കൂട്ടണം. എന്നാല്‍ പെണ്‍മക്കളുടെ കൈവശമുള്ള ആഭരണങ്ങള്‍ അവരുടേത് തന്നെയാണ് എങ്കില്‍ ഓരോരുത്തരുടെ കൈവശമുള്ളതും പ്രത്യേകമായി പരിഗണിച്ചാല്‍ മതി (പരസ്പരം കൂട്ടേണ്ടതില്ല). ഒരാളുടെ ധനത്തിന്‍റെ നിസ്വാബ് തികയാന്‍ മറ്റൊരാളുടെ ധനവുമായി കലര്‍ത്തി കണക്കാക്കേണ്ടതില്ല". - [ مجموع فتاوى ورسائل العثيمين " 18/99].   

അല്ലാഹു അനുഗ്രഹിക്കട്ടെ ...
___________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

മുൻകൂട്ടി കരാർ ചെയ്ത കൂടിയ പൈസക്ക് നാട്ടിൽ നിന്നും വാഹനം ഇൻസ്റ്റാൾ മെന്റിന് എടുക്കാമോ. അടവു തെറ്റിയാൽ മാത്രമേ പ ലിശ വരുന്നുള്ളൂ ?.

ചോദ്യം: മുൻകൂട്ടി കരാർ ചെയ്ത കൂടിയ പൈസക്ക് നാട്ടിൽ നിന്നും വാഹനം ഇൻസ്റ്റാൾ മെന്റിന് എടുക്കാമോ. അടവു തെറ്റിയാൽ മാത്രമേ പ ലിശ വരുന്നുള്ളൂ ?. 

www.fiqhussunna.com

ഉത്തരം: 
 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ؛ وبعد،

റെഡി കാശിനേക്കാള്‍ കൂടിയ വിലക്ക് ഇന്‍സ്റ്റാള്‍മെന്‍റ് ആയി കാര്‍ വാങ്ങുന്നതിനോ, വില്‍ക്കുന്നതിനോ മതപരമായ വിലക്കില്. പക്ഷെ കച്ചവടം നടന്നു കഴിഞ്ഞാല്‍ അടവ് തെറ്റിയാല്‍പ്പോലും വില വര്‍ദ്ധിക്കുവാനോ കടബാധ്യത വര്‍ദ്ധിക്കുവാനോ പാടില്ല. ഇത് മുന്‍പ് നാം വ്യക്തമാക്കിയതാണ്. തത് വിഷയസംബന്ധമായി സംശയം ഉള്ളവര്‍ ആ ലേഖനം വായിക്കുക: http://www.fiqhussunna.com/2015/08/blog-post_8.html

എന്നാല്‍ താങ്കള്‍ സൂചിപ്പിച്ചത് ഇസ്‌ലാമികമായി അനുവദനീയമായ ഇന്‍സ്റ്റാള്‍മെന്‍റ് രീതിയല്ല. മറിച്ച് പലിശക്കരാറാണ്. ഇസ്‌ലാമികമായ ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടത്തില്‍ വാഹനത്തിന്‍റെ ഉടമയാണ് വാങ്ങിക്കുന്ന ആള്‍ക്ക് പണം പിന്നീട് നല്‍കിയാല്‍ മതി എന്ന ഉപാധിയോടെ വാഹനം വില്‍ക്കുന്നത്. അതുപോലെ കച്ചവടം നടന്നു കഴിഞ്ഞാല്‍ ഏത് സാഹചര്യത്തിലും കടബാധ്യത വര്‍ദ്ധിക്കുകയുമില്ല. എന്നാല്‍ താങ്കള്‍ പരാമര്‍ശിച്ചതു പോലെ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള ഇടപാടുകളില്‍ ഭൂരിഭാഗവും ഏതെങ്കിലും ഫിനാന്‍സ് സ്ഥാപനങ്ങള്‍ ആ വാഹനത്തിന്‍റെ ഉടമസ്ഥര്‍ക്ക് നിങ്ങള്‍ക്ക് ബദലായി റെഡി കാശ് നല്‍കുകയും, പകരം അവര്‍ക്ക് നിങ്ങള്‍ കൂടുതല്‍ സംഖ്യ അടച്ച് കൊടുക്കുകയും ചെയ്യേണ്ട ഇടപാടാണ്. നിങ്ങള്‍ക്ക് വില്‍ക്കുന്നതിന് മുന്‍പ് വാഹനം അവര്‍ ഉടമപ്പെടുത്തുകയോ വാങ്ങിക്കുകയോ ചെയ്യുന്നില്ല. ഇത് പലിശ തന്നെയാണ്. രണ്ടാമതായി അവര്‍ക്ക് നിങ്ങള്‍ നല്‍കാനുള്ള കടത്തിന് അടവ് തെറ്റിയാല്‍ ഇത്ര എന്ന തോതില്‍ പലിശ ഈടാക്കുന്നു. അതുകൊണ്ടുതന്നെ പ്രത്യക്ഷമായി പലിശയടങ്ങിയ ഒരു കരാറാണിത്. അതിനാല്‍ത്തന്നെ അത് അനുവദനീയമല്ല. 

അല്ലാഹു പറയുന്നു :

يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ*فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْب مِنَ اللَّهِ وَرَسُولِهِ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لا تَظْلِمُونَ وَلا تُظْلَمُونَ

" സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവശേഷിക്കുന്ന  പലിശയില്‍ നിന്നും  പൂര്‍ണമായും വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആണെങ്കില്‍, നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്‍റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത് " [അല്‍ ബഖറ - 278,279]. 


 പലിശയുമായി ഇടപെടുന്നവരെല്ലാം പാപത്തില്‍ തുല്യരാണ് എന്ന് ഹദീസില്‍ കാണാം :

عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ

ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: "പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും), അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവരെയും പ്രവാചകന്‍(സ) ശപിച്ചിരിക്കുന്നു" . എന്നിട്ടദ്ദേഹം പറഞ്ഞു : " അവരെല്ലാം ഒരുപോലെയാണ് " . [സ്വഹീഹ് മുസ്ലിം]. 


അതുകൊണ്ട് അപ്രകാരം വാഹനം വാങ്ങിക്കുന്നത് അനുവദനീയമല്ല. ചില ആളുകള്‍ അടവ് തെറ്റിയാല്‍ മാത്രമേ പലിശ വരൂ. അടവ് തെറ്റാതെ നോക്കിയാല്‍ മതി എന്ന് പറയാറുണ്ട്‌. ഇത് അവരുടെ ഈ വിഷയ സംബന്ധമായ അജ്ഞത കൊണ്ടാണ്. കാരണം ഒന്ന് ഇവിടെ വാഹനം വില്‍ക്കുന്നവരും, ഫിനാന്‍സ് നല്‍കുന്നവരും രണ്ടും രണ്ടു തന്നെയാണ്. ഫിനാന്‍സ് നല്‍കുന്നവര്‍ വാഹനം ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ റെഡി കാശ് ആയി നല്‍കേണ്ട പണം താല്‍ക്കാലികമായി അവിടെ നല്‍കി നിങ്ങളെ സഹായിക്കുകയും അതിന് നിങ്ങളില്‍ നിന്നും പലിശ ഈടാക്കുകയുമാണ്‌ അവര്‍ പ്രാഥമികമായിത്തന്നെ ചെയ്യുന്നത്. അതുകൊണ്ട് അടവ് തെറ്റിയിട്ടില്ലെങ്കിലും ഇത് പലിശ തന്നെയാണ്. രണ്ടാമതായി അടവ് തെറ്റിയാല്‍ കൂടുതല്‍ പണം ഈടാക്കും എന്നത് പലിശയാണ്.  അടവ്തെറ്റുക എന്നത് ഭാവിയില്‍ സംഭവിക്കുന്ന ഒന്നാണ്. അത് സംഭവിക്കുകയില്ല എന്ന്  ഉറപ്പിച്ചു പറയാന്‍ നമുക്കാര്‍ക്കും തന്നെ സാധിക്കുകയില്ല. അതിനാല്‍ അപ്രകാരമുള്ള ഒരു കരാറില്‍ അങ്ങനെ ഉണ്ടാവുകയില്ല എന്ന അര്‍ത്ഥത്തില്‍ പങ്കാളിയാവാന്‍ സാധിക്കുകയില്ല. അഥവാ ഭാവിയില്‍ ഇന്ന നിബന്ധനപ്രകാരം പലിശ ഈടാക്കും എന്ന് വന്നാല്‍ത്തന്നെ ആ ഇടപാട്  അനിസ്‌ലാമികമാകും എന്നര്‍ത്ഥം. നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന മിക്ക ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടങ്ങളും അനിസ്‌ലാമികമാകുന്നത് ഇക്കാരണങ്ങളാലാണ്. അപ്രകാരം വസ്തുക്കള്‍ വാങ്ങിക്കല്‍ മാത്രമല്ല വില്‍ക്കലും നിഷിദ്ധമാണ്. ഇസ്‌ലാമികമായ രീതിയില്‍ നിയമപരമായിത്തന്നെ നമ്മുടെ നാട്ടില്‍ ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടം നടത്താന്‍ സാധിക്കും. പക്ഷെ അതിന് പലപ്പോഴും മുസ്‌ലിം കച്ചവടക്കാര്‍ തന്നെ ശ്രമിക്കുന്നില്ല എന്നതാണ് വാസ്ഥവം.  അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍... അല്ലാഹു  അനുഗ്രഹിക്കട്ടെ ... 

ഞങ്ങളുടേത് ഒരു പലചരക്ക് കടയാണ്. കറൻസിയുടെ നിസാബാണോ പരിഗണിക്കേണ്ടത്. വർഷത്തിലൊരിക്കൽ റമസാൻ സീസണിന്‍റെ ഭാഗമായി കുറച്ചധികം സാധനം കടയിൽ ഇറക്കും. റമദാനിൽ സകാത്ത് കൊടുക്കുമ്പോൾ അപ്പോഴത്തെ സ്റ്റോക്ക് ആണോ പരിഗണിക്കുക. ഹിജ്റ വർഷമാണോ ഹൗൽ ആയി പരിഗണിക്കേണ്ടത്?.



ചോദ്യം : ഞങ്ങളുടേത് ഒരു പലചരക്ക് കടയാണ്. കറൻസിയുടെ നിസാബാണോ പരിഗണിക്കേണ്ടത്. വർഷത്തിലൊരിക്കൽ റമസാൻ സീസണിന്‍റെ ഭാഗമായി കുറച്ചധികം സാധനം കടയിൽ ഇറക്കും. റമദാനിൽ സകാത്ത് കൊടുക്കുമ്പോൾ അപ്പോഴത്തെ സ്റ്റോക്ക് ആണോ പരിഗണിക്കുക. ഹിജ്റ വർഷമാണോ ഹൗൽ ആയി പരിഗണിക്കേണ്ടത്?. 

www.fiqhussunna.com

ഉത്തരം:

 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه؛ وبعد،

 കച്ചവട വസ്തുക്കള്‍ക്ക് നിസ്വാബ് ആയി കറന്‍സിയുടെ നിസ്വാബ് തന്നെയാണ് പരിഗണിക്കേണ്ടത്. 595 ഗ്രാം വെള്ളിയുടെ മൂല്യമാണ് കറന്‍സിയുടെ നിസ്വാബ് ആയി പരിഗണിക്കേണ്ടത്. അത് മുന്‍പ് നാം വിശദീകരിച്ചിട്ടുണ്ട്: ആ ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/2014/07/blog-post.html .ഹിജ്റ വര്‍ഷമാണ്‌ സകാത്ത് നിര്‍ബന്ധമാകുന്നതിനുള്ള സമയപരിധി അഥവാ ഹൗല്‍ ആയി പരിഗണിക്കേണ്ടത്. കച്ചവട സംരംഭങ്ങളാണ് എങ്കിലും അപ്രകാരം തന്നെയാണ്. ഹൗല്‍ തികയുന്നത് കണക്കാക്കാന്‍ ചന്ദ്രവര്‍ഷമാണ്‌ പരിഗണിക്കുക. അല്ലാഹു പറയുന്നു:

يَسۡ‍ألُونَكَ عَنِ ٱلۡأَهِلَّةِۖ قُلۡ هِيَ مَوَٰقِيتُ لِلنَّاسِ وَٱلۡحَجِّۗ
 
"നബിയേ, നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്താടനത്തിനും കാല നിര്‍ണയാത്തിനുള്ള ഉപാധിയാകുന്നു അവ." - [അല്‍ബഖറ: 189]. സമയബന്ധിതമായ ആരാധനകള്‍ക്ക് കാലപരിധിയായി പരിഗണിക്കേണ്ടത് ഹിജ്റ വര്‍ഷം ആണ് എന്ന് ഈ ആയത്തില്‍ നിന്നും മനസ്സിലാക്കാം.
 
താങ്കള്‍ എന്ന് മുതല്‍ നിസ്വാബ് ഉടമപ്പെടുത്തിയോ അന്ന് മുതല്‍ താങ്കളുടെ ഹൗല്‍ ആരംഭിക്കുന്നു. ആ ഹൗല്‍ തികയുമ്പോള്‍ ആണ് താങ്കള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാകുന്നത്. റമദാന്‍ മാസത്തില്‍ ആണ് ഒരാളുടെ കൈവശം നിസ്വാബ് ഉണ്ടാകുന്നത് എങ്കില്‍ അയാളുടെ ഹൗല്‍ റമദാന്‍ മാസമായിരിക്കും എന്ന് മാത്രം. അതല്ലാതെ നിര്‍ബന്ധ ദാനധര്‍മ്മമായ സകാത്ത് റമദാനില്‍ അനുഷ്ടിക്കുന്നത് കൊണ്ട് പ്രത്യേകം പുണ്യമുണ്ട് എന്ന് പറയാന്‍ സാധിക്കില്ല. മാത്രമല്ല ഒരാളുടെ ധനത്തില്‍ റമദാന്‍ മാസത്തിനു മുന്‍പായിത്തന്നെ ഹൗല്‍ തികഞ്ഞാല്‍ റമദാനിലേക്ക് എന്ന് പറഞ്ഞ് നീട്ടിവെക്കാന്‍ പാടില്ല. എന്നാല്‍ ഹൗല്‍ തികയുന്നതിന് മുന്‍പായി റമദാന്‍ വന്നെത്തിയാല്‍ തനിക്ക് ഓര്‍മ്മിച്ചു വെക്കാന്‍ എളുപ്പമെന്ന നിലക്ക് ഒരാള്‍ റമദാനില്‍ നല്‍കുന്നുവെങ്കില്‍ അതില്‍ തെറ്റില്ലതാനും.അതുപോലെ കച്ചവടം തുടങ്ങിയ സമയം എന്നതല്ല മറിച്ച് നിസ്വാബ് കൈവശം വന്നത് മുതല്‍ത്തന്നെ ഹൗല്‍ ആരംഭിക്കുന്നു. ഇതെല്ലാം സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം. 

താങ്കളെ സംബന്ധിച്ചിടത്തോളം റമദാന്‍ മാസത്തില്‍ എന്ന രൂപത്തിലാണ് ഇതുവരെ കൊടുത്തുവന്നത്, നിസ്വാബ് ഉടമപ്പെടുത്തിയത് എപ്പോഴെന്ന് ഓര്‍മ്മയില്ല എങ്കില്‍ അതുതന്നെ തുടര്‍ന്നു കൊള്ളുക. കഴിഞ്ഞ വര്‍ഷം റമദാനിലാണ് നിങ്ങള്‍ സകാത്ത് നല്‍കിയത് എങ്കില്‍ സ്വാഭാവികമായും ഈ റമദാന്‍ വരുമ്പോള്‍ നിങ്ങളുടെ കൈവശമുള്ള ധനത്തിന് ഒരു വര്ഷം തികയുന്നു. കൂട്ട് കച്ചവടമാണ് എങ്കില്‍ കടയുടെ സകാത്ത് വേറെ കണക്ക് കൂട്ടുക, എങ്കിലേ പങ്കാളികളായ ഓരോരുത്തരുടെ മേലും എത്രയാണ് സകാത്ത് ബാധകമാകുന്നത് എന്ന് കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. അത് കണക്കു കൂട്ടേണ്ടത് ഇപ്രകാരമാണ്:

കടയിലുള്ള ധനം, കടയുടെ പേരില്‍ അക്കൗണ്ടില്‍ ഉള്ള ധനം, അവിടെയുള്ള സ്റ്റോക്കിന്‍റെ മൂല്യം (അതിന്‍റെ ഇപ്പോഴത്തെ വില, അഥവാ നിങ്ങള്‍ വില്‍ക്കുന്ന വിലയാണ് പരിഗണിക്കേണ്ടത്), തിരികെ ലഭിക്കും എന്ന് ഉറപ്പുള്ള ലഭിക്കാനുള്ള കടങ്ങള്‍ (അതാണ്‌ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം എന്നതിനാല്‍ അതാണ്‌ സൂക്ഷ്മത) ഇവ കൂട്ടിയതിന് ശേഷം, ടോട്ടല്‍ സംഖ്യയുടെ രണ്ടര ശതമാനം സകാത്ത് കൊടുക്കുകയാണ് ചെയ്യേണ്ടത്.

താങ്കളുടെ മേലുള്ള കടങ്ങള്‍ ആ കണക്കില്‍ നിന്നും കുറക്കേണ്ടതില്ല. എന്നാല്‍ താങ്കള്‍ കടങ്ങള്‍ ഇപ്പോള്‍ത്തന്നെ തിരിച്ചടക്കുന്നുവെങ്കില്‍ ആ കടങ്ങള്‍ വീട്ടിയ ശേഷം ബാക്കിയുള്ള ധനത്തിന് സകാത്ത് കൊടുത്താല്‍ മതി. എന്നാല്‍ ഇപ്പോള്‍ തിരിച്ചടക്കുന്നില്ല എങ്കില്‍ അത് നേരത്തെ കൂട്ടിക്കിട്ടിയ സംഖ്യയില്‍ നിന്നും കിഴിക്കേണ്ടതില്ല. അഭിപ്രായഭിന്നത ഉണ്ട് എങ്കിലും ഇതാണ് തത് വിഷയത്തിലെ പ്രബലമായ അഭിപ്രായം. മാത്രമല്ല കച്ചവടക്കാരുടെ കടങ്ങള്‍ അവരുടെ കച്ചവടം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയുള്ളതാണ് എന്നതും, ഇത്ര ശതമാനം എപ്പോഴും കടമായിത്തന്നെ നിലനില്‍ക്കുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്. അതുകൊണ്ട് അത് കിഴിക്കേണ്ടതില്ല. എന്നാല്‍ ഒരാള്‍ സകാത്ത് ബാധകമാകുന്നതിന് മുന്‍പ് തന്‍റെ കടങ്ങള്‍ തിരിച്ചടക്കുകയാണ് എങ്കില്‍ സ്വാഭാവികമായും അയാളുടെ കണക്കില്‍ ആ സംഖ്യ കടന്നുവരികയുമില്ല.

കണക്കുകൂട്ടേണ്ട രീതി ഒന്നുകൂടെ ഉദാഹരണസഹിതം വ്യക്തമാക്കാം: ഉദാ: കടയില്‍ 1ലക്ഷം രൂപ ഉണ്ട്. കടയിലെ മൊത്തം കച്ചവട  വസ്തുക്കള്‍ അവയുടെ വില്പന വിലയനുസരിച്ച് 30 ലക്ഷം രൂപ വരും. അക്കൗണ്ടില്‍ 5 ലക്ഷം രൂപയുണ്ട്. തിരികെ ലഭിക്കുമെന്ന് ഉറപ്പുള്ള കിട്ടാനുള്ള സംഖ്യ : 3 ലക്ഷം ... ടോട്ടല്‍ : 39 ലക്ഷം രൂപ അതിന്‍റെ രണ്ടര ശതമാനമാണ് സകാത്തായി നല്‍കേണ്ടത്. രണ്ടര ശതമാനം കാണാന്‍ 40 കൊണ്ട് ഹരിച്ചാല്‍ മതി. അഥവാ 3900000÷40= 97500 രൂപ സകാത്തായി നല്‍കണം. 

കടയുടെ ബില്‍ഡിംഗ്, വാഹനം, കംബ്യൂട്ടര്‍ അഥവാ കച്ചവട വസ്തുക്കള്‍ അല്ലാത്ത മറ്റു സാമഗ്രികള്‍ ഒന്നും തന്നെ കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. അതുപോലെ ഓരോ വര്‍ഷവും ഹിജ്റ വര്‍ഷം തികയുന്ന സമയത്ത് ഇപ്രകാരം കണക്കു കൂട്ടി അവകാശികള്‍ക്ക് നല്‍കിയാല്‍, പിന്നെ അടുത്ത വര്‍ഷം ഇതുപോലെ കണക്കു കൂട്ടി നല്‍കിയാല്‍ മതി. ആ ഒരുവര്‍ഷത്തിനിടയില്‍ കടയില്‍ നിന്നും ജോലിക്കാര്‍ക്ക് നല്‍കിയത്, അതുപോലെ നിക്ഷേപകര്‍ അഥവാ കൂട്ടുകച്ചവടക്കാര്‍ എടുത്തത് തുടങ്ങിയ സംഖ്യകള്‍ ഒന്നും തന്നെ കണക്കുകൂട്ടുമ്പോള്‍ അതില്‍ സ്വാഭാവികമായും ഉള്‍പ്പെടില്ല. അത് സ്വാഭാവികമായും അവരുടെ വ്യക്തിപരമായ കണക്കിലാണ് പെടുക. കടയുടെ മൊത്തം സകാത്ത് കണക്കുകൂട്ടിയ ശേഷം ഓരോ പാര്‍ട്ട്ണറും എത്ര സകാത്ത് കൊടുക്കണം എന്ന് അവരെ അറിയിക്കുകയും അവര്‍ അത് സ്വയം നിര്‍വഹിക്കുകയും ചെയ്യുകയോ, അതല്ലെങ്കില്‍ അവരുടെ അറിവോടെയും സമ്മതത്തോടെയും കട നടത്തുന്നവര്‍ക്ക് നേരിട്ട് അവകാശികള്‍ക്ക് നല്‍കുകയോ ചെയ്യാവുന്നതാണ്. പക്ഷെ വ്യക്തികളുടെ മേലാണ് സകാത്ത് ബാധകമാകുന്നത് എന്നതിനാല്‍ അവരുടെ അറിവോടെയും അനുവാദത്തോടെയും ആയിരിക്കണം അത് നിര്‍വഹിക്കപ്പെടേണ്ടത്. കാരണം അതൊരു ഇബാദത്ത് ആണ്. എന്നാല്‍ കണക്കുകൂട്ടി നല്‍കേണ്ട ബാധ്യത നടത്തിപ്പുകാര്‍ക്ക് ഉണ്ട്.

ഇനി കടയുടെ സകാത്ത് കണക്കു കൂട്ടുകയും അതിന്‍റെ അവകാശികള്‍ക്ക് നല്‍കുകയും ചെയ്ത ശേഷം, പാര്‍ട്ട്ണര്‍മാര്‍ക്ക് ലാഭ വിഹിതം നല്‍കപ്പെടുന്നത് എങ്കില്‍ അയാള്‍ വീണ്ടും അതേ വര്‍ഷം അതിന് സകാത്ത് കൊടുക്കേണ്ടതില്ല. കാരണം ഒരു ധനത്തിന് വര്‍ഷത്തില്‍ ഒരിക്കലേ സകാത്ത് ബാധകമാകുന്നുള്ളൂ. പിന്നെ അടുത്ത വര്‍ഷം മുന്‍പ് സൂചിപ്പിച്ച പോലെ കണക്ക് കൂട്ടി നല്‍കുക.  ഇപ്രകാരം ഓരോ വര്‍ഷവും തുടരുക. 

ഇനി ഒരാളുടെ കട കൂട്ടുകച്ചവടമല്ല എങ്കില്‍ അയാളുടെ ധനത്തിന്‍റെ സകാത്തും കച്ചവട വസ്തുക്കളുടെ സകാത്തും മേല്‍ സൂചിപ്പിച്ച പോലെത്തന്നെ ഒരുമിച്ച് കണക്കുകൂട്ടി നല്‍കിയാല്‍ മതി. കടയുടെത് വേറെയും, തന്‍റേത് വേറെയും എന്ന നിലക്ക് കണക്കു കൂട്ടേണ്ടതില്ല. കൂടുതല്‍ മനസ്സിലാക്കാന്‍ അനുബന്ധ ലേഖനങ്ങള്‍ വായിക്കുക:

1- കച്ചവട വസ്തുക്കളുടെ സകാത്ത്: http://www.fiqhussunna.com/2014/07/blog-post_11.html 

2- ഷെയറുകള്‍ (ബിസിനസ് നിക്ഷേപങ്ങള്‍) കമ്പനികള്‍ തുടങ്ങിയവയുടെ സകാത്ത്: http://www.fiqhussunna.com/2015/05/blog-post_30.html

അല്ലാഹു അനുഗ്രഹിക്കട്ടെ...
__________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ