Sunday, July 23, 2017

ചാപ്പിള്ള, പ്രായപൂര്‍ത്തി എത്താത്ത കുട്ടികള്‍ എന്നിങ്ങനെ - കുട്ടികള്‍ക്ക് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹമാണല്ലോ കുട്ടികള്‍. ഏതൊരാള്‍ക്കും തങ്ങളുടെ കുഞ്ഞുങ്ങളോട് അതിയായ സ്നേഹവും മാനസികമായ അടുപ്പവും ഉണ്ടാകും. അതുകൊണ്ടുതന്നെ അവരുടെ വിയോഗത്തില്‍ ക്ഷമിക്കുകയും, അല്ലാഹുവിന്‍റെ വിധിയെ പഴിക്കുന്നതിന് പകരം അവനെ സ്തുതിക്കുകയും ‘ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍’ എന്ന് പറയുകയുമാണ് ഒരാള്‍ ചെയ്യുന്നത് എങ്കില്‍ അയാള്‍ക്ക് അതിയായ പ്രതിഫലം അല്ലാഹു സുബ്ഹാനഹു വ തആല വാഗ്ദത്തം ചെയ്തിട്ടുമുണ്ട്. ആ വിഷയസംബന്ധമായി അല്ല നാം ഇവിടെ ചര്‍ച്ച ചെയ്യുന്നത് എങ്കിലും ഒന്ന് രണ്ട് ഹദീസുകള്‍ ഈ വിഷയസംബന്ധമായി ഇവിടെ ഉദ്ദരിക്കാന്‍ ആഗ്രഹിക്കുകയാണ്.

www.fiqhussunna.com
عن أبي موسى الأشعري، أن رسول الله صلى الله عليه و سلم قال: إذا مات ولد العبد قال الله لملائكته: قبضتم ولد عبدي ؟، فيقولن: نعم، فيقول: قبضتم ثمرة فؤاده، فيقولون: نعم، فيقول: ماذا قال عبدي ؟ فيقولون: حمدك واستجرع، فيقول الله: ابنوا لعبدي بيتا في الجنة وسموه بيت الحمد.
അബൂ മൂസ അല്‍അശ്അരി (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: “ഒരു ദാസന്‍റെ കുഞ്ഞ് മരണപ്പെട്ടാല്‍ അല്ലാഹു തന്‍റെ മലക്കുകളോട് ചോദിക്കും ? നിങ്ങള്‍ എന്‍റെ ദാസന്‍റെ  കുഞ്ഞിനെ പിടികൂടിയോ ?. അവര്‍ പറയും: അതെ. അവന്‍ ചോദിക്കും: ‘നിങ്ങള്‍ എന്‍റെ അടിമയുടെ ഖല്‍ബിന്റെ കഷ്ണത്തെ പിടികൂടിയോ ?. അവര്‍ പറയും: അതെ. അവന്‍ പറയും: എന്നിട്ടവന്‍ എന്താണ് പ്രതികരിച്ചത് ?. അവര്‍ പറയും: അവന്‍ നിന്നെ സ്തുതിക്കുകയും ‘നാമെല്ലാം അല്ലാഹുവിനുള്ളതാണ്, നാമെല്ലാം അവങ്കലേക്ക്‌ തന്നെ മടങ്ങുകയും ചെയ്യും’ എന്ന് പറയുകയും ചെയ്തു. അപ്പോള്‍ അവന്‍ പറയും: എന്‍റെ അടിമക്ക് നിങ്ങള്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം പണി കഴിപ്പിക്കുകയും, ‘ബൈത്തുല്‍ ഹംദ്’ (സ്തുതിയുടെ വീട്) എന്ന് അതിനെ നാമകരണം ചെയ്യുകയും ചെയ്യുക.”  - [തിര്‍മിദി: 1021. അല്‍ബാനി: ഹദീസ് ഹസന്‍].  അല്ലാഹുവിന്‍റെ അറിവോടെയും അവന്‍റെ കല്പനയോടെയും തന്നെയാണ് മലക്കുകള്‍ ഒരാളുടെ ആത്മാവ് പിടികൂടുന്നത്. എന്നാല്‍ ഇതില്‍ അല്ലാഹു സുബ്ഹാനഹു വ തആല മലക്കുകളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ നിഷേധാത്മകമായ ചോദ്യങ്ങളല്ല. മറിച്ച് അവന്‍റെ ‘രിഫ്ഖും’, ‘റഹ്മത്തും’ എടുത്ത് കാണിക്കുന്ന ചോദ്യങ്ങളാണ്. അല്ലാഹുവിന്‍റെ വിശാലമായ കാരുണ്യവും, പരീക്ഷണങ്ങളില്‍ ക്ഷമിക്കുന്ന തന്‍റെ ദാസന് അല്ലാഹു നല്‍കുന്ന അതിമഹത്തായ പ്രതിഫലവും ആണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. മാത്രമല്ല ആത്യന്തികമായി അല്ലാഹുവിന്‍റെ പരീക്ഷണങ്ങള്‍ ഒരടിമയുടെ നന്മക്ക് വേണ്ടിയുള്ളതാണ് എന്നും ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു.
عن معاذ بن جبل ـ رضي الله عنه ـ عن النبي صلى الله عليه وسلم قال: والذي نفسي بيده إن السقط ليجر أمه بسرره إلى الجنة إذا احتسبته. رواه ابن ماجه، وصححه الألباني
മുആദ് ബ്ന്‍ ജബല്‍ (റ) നിവേദനം: നബി (സ) പറഞ്ഞു: “എന്‍റെ ആത്മാവ് ഏതൊരുവന്‍റെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. ചാപിള്ള തന്‍റെ മാതാവിനെ പൊക്കിള്‍ക്കൊടിയില്‍ പിടിച്ച് സ്വര്‍ഗത്തിലേക്ക് വഴിനടത്തും. അവള്‍ (ആ കുഞ്ഞിന്‍റെ വിയോഗത്തില്‍) അല്ലാഹുവില്‍ നിന്നും പ്രതിഫലം കാംക്ഷിച്ചുകൊണ്ട് ക്ഷമിക്കുന്ന പക്ഷം.” – [ഇബ്നു മാജ: 1609, അല്‍ബാനി: സ്വഹീഹ്].
അതുകൊണ്ടുതന്നെ തന്‍റെ കുഞ്ഞിനും തനിക്കും അല്ലാഹു ഇതുമൂലം തരാനിരിക്കുന്ന പ്രതിഫലത്തെയോര്‍ത്ത് സമാധാനിക്കുകയും ക്ഷമ കൈക്കൊള്ളുകയും ചെയ്യുക.
ഇനി ഒരു കുഞ്ഞ് മരണപ്പെട്ടാല്‍ ആ കുഞ്ഞിന് വേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിക്കുന്നതിന്‍റെ വിധിയാണ് നാം ചര്‍ച്ച ചെയ്യുന്നത്.
പ്രാഥമികമായി ഈ വിഷയത്തില്‍ നാം മനസ്സിലാക്കേണ്ടത് ചാപിള്ളയായ കുഞ്ഞാകട്ടെ, ജനിച്ച ശേഷം മരണപ്പെട്ട കുഞ്ഞാകട്ടെ അവര്‍ക്ക് വേണ്ടി  നമസ്കരിക്കല്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ച കാര്യമാണ്.

السقط  ചാപിള്ള:

മാതാവിന്‍റെ ഉദരത്തില്‍ നിന്നും പൂര്‍ണമായ ഗര്‍ഭസ്ഥ വളര്‍ച്ചയെത്താതെ പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്കാണ് ചാപ്പിള്ള എന്ന് പറയുന്നത്. അവര്‍ക്ക് വേണ്ടി മയ്യിത്ത് നമസ്കരിക്കുന്നത് ഏറെ പുണ്യകരമാണ്. ആ നമസ്കാരത്തില്‍ ആ കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണ് ചെയ്യേണ്ടത് എന്നും ഹദീസില്‍ കാണാം:
وَالسِّقْطُ يُصَلَّى عَلَيْهِ وَيُدْعَى لِوَالِدَيْهِ بِالْمَغْفِرَةِ وَالرَّحْمَةِ
“ചാപിള്ളയുടെ മേല്‍ ജനാസ നമസ്കരിക്കുകയും ആ കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്ക് മഗ്ഫിറത്തിനും റഹ്മത്തിനും വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യപ്പെടും.” – [അബൂദാവൂദ്: 3182, അല്‍ബാനി: സ്വഹീഹ്].

ഈ ഹദീസില്‍ നിന്നും ഗര്‍ഭകാലം പൂര്‍ത്തിയാകാതെ പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിക്കാം എന്ന് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ഒരു ചാപ്പിള്ളക്ക് വേണ്ടി ജനാസ നമസ്കരിക്കല്‍ അനുവദനീയമാകുന്നത് എപ്പോള്‍ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. ജീവനോടുകൂടി ജനിക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്ത ചാപ്പിള്ളകള്‍ക്ക് മാത്രമേ ജനാസ നമസ്കാരമുള്ളൂ എന്നതാണ് ചില ഫുഖഹാക്കളുടെ അഭിപ്രായം. ഇമാം മാലിക്കും (റ) ഇമാം ശാഫിഇ (റ) യും ഈ അഭിപ്രായക്കാരാണ്. ഈ ഹദീസ് ആണ് അവരുടെ തെളിവ്:
إِذَا اسْتَهَلَّ الْمَوْلُودُ صُلِّىَ عَلَيْهِ وَوَرِثَ وَوُرِّث
“കുഞ്ഞ് കരഞ്ഞാല്‍ അവന്‍റെ മേല്‍ നമസ്കരിക്കുന്നതും അവന്‍ അനന്തരം എടുക്കുന്നതും അവനില്‍ നിന്നും അനന്തരം എടുക്കപ്പെടുന്നതുമാണ്” – [ഇബ്നു മാജ: 1508].
ഈ ഹദീസിന്‍റെ അടിസ്ഥാനത്തിലാണ് ജീവനോടെ ജനിക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്ത ചാപ്പിള്ളക്ക് മാത്രമെ നമസ്കാരമുള്ളൂ എന്ന് അവര്‍ പറഞ്ഞത്. . ഈ ഹദീസുമായി ബന്ധപ്പെട്ട് ഇതില്‍ നമസ്കാരം പരാമര്‍ശിക്കപ്പെടാതെ അനന്തരാവകാശം മാത്രം പരാമര്‍ശിക്കപ്പെട്ടുകൊണ്ട് വന്ന റിപ്പോര്‍ട്ട് ആണ് സ്വഹീഹായ റിപ്പോര്‍ട്ട് എന്ന് ശൈഖ് അല്‍ബാനി (റ) അദ്ദേഹത്തിന്‍റെ അഹ്കാമുല്‍ ജനാഇസ് വോ: 1 പേ: 81 ല്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തിലെ രണ്ടാമത്തെ അഭിപ്രായമാണ് പ്രബലം എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്‌.
രണ്ടാമത്തെ അഭിപ്രായം: നാല് മാസം ഗര്‍ഭ-പ്രായമെത്തിയ ചാപ്പിള്ളക്ക് വേണ്ടി ആ കുട്ടി ജീവനില്ലാതെയാണ് പിറന്ന് വീണതെങ്കിലും നമസ്കരിക്കാം എന്നതാണ്. ഇമാം അഹ്മദ് (റ) ഈ അഭിപ്രായക്കാരനാണ്. നേരത്തെ നാം ഉദ്ദരിച്ച ഹദീസ് ആണ് അദ്ദേഹത്തിന്‍റെ അവലംബം:

وَالسِّقْطُ يُصَلَّى عَلَيْهِ وَيُدْعَى لِوَالِدَيْهِ بِالْمَغْفِرَةِ وَالرَّحْمَةِ
“ചാപിള്ളയുടെ മേല്‍ ജനാസ നമസ്കരിക്കുകയും ആ കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്ക് മഗ്ഫിറത്തിനും റഹ്മത്തിനും വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യപ്പെടും.” – [അബൂദാവൂദ്: 3182, അല്‍ബാനി: സ്വഹീഹ്].
ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു:
أجمع أهل العلم على أن الطفل إذا عرفت حياته واستهل يصلى عليه، أما إذا لم يستهل: قال الإمام أحمد ـ رحمه الله: إذا أتى له أربعة أشهر غسل وصلي عليه، وهذا قول سعيد بن المسيب، وابن سيرين، وإسحاق، وصلى ابن عمر على ابن لابنته ولد ميتا

“കുട്ടിക്ക് ജീവനുണ്ട് എന്ന് വ്യക്തമാകുകയും പ്രസവശേഷം കരയുകയും ചെയ്ത കുട്ടിക്ക് വേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിക്കപ്പെടും എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഇജ്മാഉണ്ട്. എന്നാല്‍ പ്രസവശേഷം കുട്ടി കരഞ്ഞിട്ടില്ലയെങ്കില്‍ ആ വിഷയത്തില്‍ ഇമാം അഹ്മദ് (റ) പറഞ്ഞിട്ടുള്ളത്: ആ കുട്ടിക്ക് ഗര്‍ഭാവസ്ഥയില്‍ നാല് മാസം പിന്നിട്ടിട്ടുണ്ട് എങ്കില്‍ കുളിപ്പിക്കുകയും അതിനുവേണ്ടി നമസ്കരിക്കുകയും ചെയ്യും എന്നതാണ്. ഇതാണ് ഇമാം സഈദ് ബ്നുല്‍ മുസയ്യിബ്, ഇമാം ഇബ്നു സീരീന്‍, ഇമാം ഇസ്ഹാഖ് തുടങ്ങിയവരുടെ അഭിപ്രായവും. ഇബ്നു ഉമര്‍ (റ) തന്‍റെ മകളുടെ ജീവനില്ലാതെ ജനിച്ച കുട്ടിക്ക് വേണ്ടി നമസ്കരിച്ചിട്ടുമുണ്ട്”. – [അല്‍മുഗ്നി:
2/328]. 

إِذَا خَرَجَ الْمَوْلُودُ حَيًّا ، أَوْ حَصَل مِنْهُ مَا يَدُل عَلَى حَيَاتِهِ مِنْ بُكَاءٍ أَوْ تَحْرِيكِ عُضْوٍ أَوْ طَرَفٍ أَوْ غَيْرِ ذَلِكَ ، فَإِنَّهُ يُغَسَّل بِالإِجْمَاعِ ، قَال ابْنُ الْمُنْذِرِ : أَجْمَعَ أَهْل الْعِلْمِ عَلَى أَنَّ الطِّفْل إِذَا عُرِفَتْ حَيَاتُهُ وَاسْتَهَل ، يُغَسَّل وَيُصَلَّى عَلَيْهِ ، كَمَا أَنَّهُ يَرَى جُمْهُورُ الْفُقَهَاءِ عَدَمَ تَغْسِيل مَنْ لَمْ يَأْتِ لَهُ أَرْبَعَةُ أَشْهُرٍ وَلَمْ يَتَبَيَّنْ خَلْقُهُ ، إِلاَّ مَا رُوِيَ عَنِ ابْنِ سِيرِينَ .
“കുട്ടി ജീവനോടെ പിറന്നാള്‍ അതല്ലെങ്കില്‍ കരച്ചില്‍, അവയവങ്ങളുടെ ചലനം എന്നിങ്ങനെ ജീവനെ സൂചിപ്പിക്കുന്ന വല്ലതും ഉണ്ടായാല്‍ ആ കുഞ്ഞിനെ കുളിപ്പിക്കുകയും (ജനാസ നമസ്കരിക്കുകയും) എന്നുള്ള കാര്യത്തില്‍ ഇജ്മാഉണ്ട്. ഇമാം ഇബ്നുല്‍ മുന്‍ദിര്‍ (റ) പറയുന്നു: കുട്ടിക്ക് ജീവനുണ്ട് എന്നത് വ്യക്തമാകുകയും കുട്ടി പ്രസവാനന്തരം കരയുകയും ചെയ്‌താല്‍ കുളിപ്പിക്കുകയും ആ കുഞ്ഞിന് വേണ്ടി ജനാസ നമസ്കരിക്കുകയും ചെയ്യും. അതുപോലെ ഇബ്നു സീരീനില്‍ നിന്നും വന്നിട്ടുള്ള അഭിപ്രായമൊഴികെ ബഹുഭൂരിപക്ഷം ഫുഖഹാക്കളും നാല് മാസം ഗര്‍ഭകാലം പിന്നിട്ടിട്ടില്ലാത്തതും സൃഷ്ടിപ്പ് പ്രകടമായിട്ടില്ലാത്തതുമായ കുഞ്ഞിനെ കുളിപ്പിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരാണ്.” – [الموسوعة الفقهية الكويتية : 13/ 63].
വൈദ്യശാസ്ത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു കുട്ടിക്ക് യഥാര്‍ത്ഥത്തില്‍ നാല് മാസം മുന്‍പേ തന്നെ രൂപം ലഭിക്കുന്നുണ്ട്. ഇത് ചില ഹദീസുകളിലും സുവ്യക്തമായി  പരാമര്‍ശിച്ചുകാണാം. പക്ഷെ ആ ഘട്ടത്തില്‍ ഗര്‍ഭസ്ഥശിശു വളരെ വളരേ ചെറുതായിരിക്കും. നാല് മാസം ആയാല്‍ത്തന്നെ ഒരു കൈവെള്ളക്കുള്ളില്‍ വെക്കാന്‍ മാത്രം വലിപ്പമേ ഉണ്ടാകാറുള്ളൂ. നാല് മാസം പിന്നിട്ട ചാപ്പിള്ളക്കേ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കേണ്ടതുള്ളൂ എന്ന് ഫുഖഹാക്കള്‍ പറയാനുള്ള കാരണം നാല് മാസം പിന്നിടുമ്പോഴാണ് കുഞ്ഞിന് റൂഹ് നല്‍കപ്പെടുന്നത് എന്ന അഭിപ്രായപ്രകാരമാണ്. നാലാം മാസമാണ് റൂഹ് നല്‍കപ്പെടുന്നത് എന്ന് സ്വഹീഹായ ഹദീസുകളില്‍ ഒന്നും തന്നെ പ്രത്യക്ഷമായി വന്നിട്ടില്ല. എന്നാല്‍ ഇബ്നു മസ്ഊദ് (റ) വിന്‍റെ ഹദീസില്‍ നിന്നും എടുത്ത സാരാംശമാണ് ഈ അഭിപ്രായത്തിന്‍റെ അവലംബം. അതിനെ അടിസ്ഥാനമാക്കി നാല് മാസമാകുമ്പോഴാണ് റൂഹ് നല്‍കപ്പെടുക എന്നതാണ് ബഹുഭൂരിപക്ഷം ഫുഖഹാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാല്‍ നാല്പത് ദിവസം പിന്നിടുമ്പോള്‍ തന്നെ ഗര്‍ഭസ്ഥശിശുവിന് റൂഹ് നല്‍കപ്പെടുന്നു എന്ന് സ്വഹീഹായ ഹദീസുകളില്‍ പ്രത്യക്ഷമായിത്തന്നെ കാണാന്‍ സാധിക്കും. ഹുദൈഫ ബ്നു അസീദ് (റ) പറഞ്ഞു: 

سمعت رسول الله صلى الله عليه و سلم مرارا ذات عدد يقول: إن النطفة إذا وقعت في الرحم أربعين ليلة وقال أصحابي خمسة وأربعين ليلة نفخ فيه الروح
"നബി (സ) ഒരുപാട് തവണ ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: നുത്വ്ഫ മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കപ്പെട്ട ശേഷം നാല്പത് ദിവസം പിന്നിട്ടാല്‍, ചില സ്വഹാബാക്കളുടെ അഭിപ്രായപ്രകാരം നാല്പത്തഞ്ച് ദിവസം പിന്നിട്ടാല്‍ അതില്‍ റൂഹ് ഊതപ്പെടും" - [ത്വബറാനി. ഈ ഹദീസിനെപ്പറ്റി ശൈഖ് അല്‍ബാനി റഹിമഹുല്ല പറഞ്ഞു: ഈ ഹദീസ് ഇമാം ബുഖാരിയുടെയും മുസ്‌ലിമിന്‍റെയും നിബന്ധനകള്‍പ്രകാരം തന്നെ (അത്യധികം) സ്വഹീഹായി പരിഗണിക്കാവുന്ന ഹദീസ് ആണ്- ളിലാല്‍ അല്‍ജന്ന. വോ:1, പേ: 67, ഹദീസ്: 179]. 

ഇപ്രകാരം സ്വഹീഹായി വന്ന ഒന്നിലധികം ഹദീസുകളുടെ അടിസ്ഥാനത്തിലും വിശുദ്ധഖുര്‍ആനിലെയും മറ്റു ഹദീസുകളിലെയും സൂചനകളുടെ അടിസ്ഥാനത്തിലും ഈയുള്ളവന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത് 40 ദിവസം പിന്നിടുമ്പോള്‍ത്തന്നെ  കുഞ്ഞിന് റൂഹ് നല്‍കപ്പെടുന്നു എന്നതാണ്.

എന്നാല്‍ ശൈഖ് അല്‍ബാനി (റ) യും ഇബ്നു മസ്ഊദ് (റ) വിന്‍റെ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ നാല് മാസം പിന്നിടുമ്പോഴാണ് കുഞ്ഞിന് റൂഹ് നല്‍കപ്പെടുന്നത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ മുന്‍കാല ഇമാമീങ്ങള്‍ തുടര്‍ന്നുവന്ന അതേ നിലപാട് തന്നെയാണ് അദ്ദേഹം രേഖപ്പെടുത്തിയത്. എന്നാല്‍ അദ്ദേഹം തന്നെ സ്വഹീഹാക്കിയ ഹദീസില്‍ നാല്പത് ദിവസം എന്നത് സുവ്യക്തമായി പരാമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. ഞാന്‍ ഇതിവിടെ പരാമര്‍ശിക്കാന്‍ കാരണം ഗര്‍ഭചിദ്രം പോലുള്ള ജീവനെ ബാധിക്കുന്ന അത്യധികം ഗൗരവപരമായ വിഷയങ്ങളില്‍ ഈ അഭിപ്രായങ്ങളെ ആസ്പദമാക്കി നാല് മാസം ആകുമ്പോഴേ കുഞ്ഞിന് റൂഹ് നല്‍കപ്പെടൂ അതുകൊണ്ട് അതിനുമുന്‍പ്‌ ഗര്‍ഭചിദ്രം ആകാം എന്ന നിലപാട് ഒരിക്കലും എടുക്കാന്‍ പാടില്ല. മയ്യിത്ത് നമസ്കാരത്തില്‍ നിന്നും വ്യത്യസ്ഥമായി ജീവന്‍റെ വിഷയത്തില്‍ ഏറ്റവും പ്രബലം എന്നതിനേക്കാള്‍ ഏറ്റവും സൂക്ഷ്മമായ നിലപാട് എന്നതാണ് എടുക്കേണ്ടത്. അതുകൊണ്ടാണ് നാല് മാസമാകുമ്പോഴാണ്‌ റൂഹ് നല്‍കപ്പെടുന്നത് എന്ന അഭിപ്രായം സ്വീകരിച്ചപ്പോഴും, ഗര്‍ഭസ്ഥ ശിശുവിന് നാല്പത് ദിവസം പിന്നിട്ട് കഴിഞ്ഞാല്‍ മാതാവിന്‍റെ മരണം സംഭവിക്കാവുന്ന ഘട്ടങ്ങളിലല്ലാതെ ഗര്‍ഭചിദ്രം പാടില്ല എന്ന് ലജ്നതുദ്ദാഇമ പോലും രേഖപ്പെടുത്തിയിട്ടുള്ളത്.

ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കാനുള്ളത് മയ്യിത്ത് നമസ്കാരവുമായി ബന്ധപ്പെട്ടാണ് മുന്‍കാല ഇമാമീങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത് എന്നത് വളരെ ശ്രദ്ധേയമാണ്. ചാപ്പിള്ളക്ക് വേണ്ടി ജനാസ നമസ്കരിക്കല്‍ നിര്‍ബന്ധമല്ലാത്തത് കൊണ്ടുതന്നെ ഇവിടെയുള്ള അഭിപ്രായവ്യത്യാസം വലിയ പരിഗണന അര്‍ഹിക്കുന്ന കാര്യമല്ല. എന്നാല്‍ ഗര്‍ഭചിദ്രം പോലുള്ള ജീവനുമായി ബന്ധപ്പെട്ട അത്യധികം ഗൌരവപരമായ  വിഷയങ്ങളില്‍ ഈ ചര്‍ച്ചയെ ആധാരമാക്കി നാല് മാസമാകുന്നത് വരെ, മാതാവിന്‍റെ ജീവന് ഭീഷണിയല്ലെങ്കില്‍ പോലും ഗര്‍ഭസ്ഥശിശുവിനെ നീക്കം ചെയ്യുന്നതില്‍ തെറ്റില്ല എന്ന് പലരും പറയുന്നത് കാണാം. അത് അത്യധികം അപകടകരവും പ്രമാണങ്ങളോട് യാതൊരു നിലക്കും യോജിക്കാത്തതായ അഭിപ്രായവുമാണ്. സത്യത്തില്‍ നാല്പത് ദിവസം പിന്നിട്ടാല്‍ത്തന്നെ മാതാവിന്‍റെ ജീവന് അപകടകരമാകും എന്ന് വ്യക്തമാകുന്ന സാഹചര്യത്തിലല്ലാതെ ഒരു കാരണവശാലും ഗര്‍ഭസ്ഥ ശിശുവിനെ നീക്കം ചെയ്യാന്‍ പാടില്ല. അപ്രകാരം ചെയ്യുന്നുവെങ്കില്‍ അത് ‘ദിയ’ (നഷ്ടപരിഹാരം) ‘കഫാറത്ത്’ (പ്രായശ്ചിത്തം) എന്നിവ ബാധകമാകുന്ന കൊലപാതകമായിത്തീരും.
 ഈ വിഷയം തെളിവുകള്‍ സഹിതം ഈയുള്ളവന്‍ തന്നെ പല സന്ദര്‍ഭങ്ങളിളായി വിശദീകരിച്ചിട്ടുണ്ട്. Medical Termination of Pregnancy Islamic Perspective എന്ന പേരില്‍ യൂട്യൂബില്‍ ആ ചര്‍ച്ച നിങ്ങള്‍ക്ക് ലഭിക്കും. വിശദമായി മനസ്സിലാക്കാന്‍ അത് വീക്ഷിക്കാവുന്നതാണ്.  

ചുരുക്കത്തില്‍ ചാപ്പിള്ളക്ക് വേണ്ടിയുള്ള ജനാസ നമസ്കാരവുമായി ബന്ധപ്പെട്ട് മനസ്സിലാക്കാന്‍ സാധിച്ചത് ഇമാം ഇബ്നു സീരീന്‍ (റ) അഭിപ്രായപ്പെട്ടത് പോലെ, നാല് മാസത്തിന് മുന്‍പാണെങ്കിലും മനുഷ്യരൂപത്തില്‍ കുഞ്ഞ് ജീവനോടെയോ അല്ലാതെയോ പിറന്നാല്‍ ആ കുഞ്ഞിന് വേണ്ടി ജനാസ നമസ്കരിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ അപ്രകാരം ചെയ്യല്‍ നിര്‍ബന്ധമല്ല എന്നതാണ്.
ലജ്നതുദ്ദാഇമയോട് ചാപ്പിള്ളക്ക് വേണ്ടി ജനാസ നമസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ചോദിക്കപ്പെട്ട ചോദ്യവും അവര്‍ നല്‍കിയ മറുപടിയും:

ചോദ്യം:
എന്‍റെ ഭാര്യ അവള്‍ മരിക്കുന്നതിന് മുന്‍പ് നാല് മാസം പ്രായമെത്തിയ കുഞ്ഞിനെ പ്രസവിക്കുകയുണ്ടായി. ആ കുഞ്ഞിനെ അവന് വേണ്ടി നമസ്കരിക്കുന്നതിന് മുന്‍പ് ഞാന്‍ മറവ് ചെയ്തു. എന്‍റെ മേല്‍ എന്തെങ്കിലും ബാധകമാണോ ?.

ഉത്തരം: നാല് മാസം പ്രായമെത്തിയ സ്ഥിതിക്ക് പണ്ഡിതന്മാരുടെ അഭിപ്രായങ്ങളില്‍ ഏറ്റവും പ്രബലമായ അഭിപ്രായമനുസരിച്ച് ആ കുഞ്ഞിനെ കുളിപ്പിക്കുകയും, കഫന്‍ ചെയ്യുകയും, അതിനുവേണ്ടി നമസ്കരിക്കുകയും ചെയ്യേണ്ടിയിരുന്നു.  ഇമാം അബൂദാവൂദും ഇമാം തിര്‍മിദിയും മുഗീറത്ത് ബ്ന്‍ ശുഅ്ബ (റ) വില്‍ നിന്നും ഉദ്ദരിച്ച ഹദീസിലെ പൊതുവായ അര്‍ത്ഥതലത്തിന്‍റെ അടിസ്ഥാനത്തിലാണത്. നബി (സ) പറഞ്ഞു: ചാപ്പിള്ളക്ക് വേണ്ടി ജനാസ നമസ്കരിക്കപ്പെടും. ചെയ്യേണ്ട കാര്യം നഷ്ടപ്പെട്ടിരിക്കുന്നുവെങ്കിലും താങ്കളുടെ മേല്‍ ഒന്നും തന്നെ ബാധകമല്ല.” – [ഫതാവ ലജ്നതുദ്ദാഇമ: 8/406].

പ്രായപൂര്‍ത്തി എത്താത്ത കുട്ടികള്‍ക്ക് വേണ്ടിയുള്ള ജനാസ നമസ്കാരം:
പരിപൂര്‍ണ വളര്‍ച്ച എത്തിയ ശേഷം ജീവനോടെ ജനിക്കുകയും ശേഷം പ്രായപൂര്‍ത്തി എത്തുന്നതിന് മുന്‍പ് മരണപ്പെടുകയും ചെയ്ത കുട്ടികളുടെ മേലുള്ള ജനാസ നമസ്കാരമാണ് ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത്. 
ബഹുപൂരിപക്ഷം ഫുഖഹാക്കളുടെയും അഭിപ്രായമനുസരിച്ച് പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്ത കുട്ടികളുടെ മേലും ജനാസ നമസ്കരിക്കല്‍ നിര്‍ബന്ധമാണ്‌. നബി (സ) യില്‍ നിന്നും ‘കുട്ടികള്‍ക്ക് വേണ്ടി ജനാസ നമസ്കരിക്കപ്പെടും’ എന്ന് പൊതുവായ അര്‍ത്ഥത്തില്‍ വന്ന ഹദീസുകള്‍ തന്നെയാണ് ഈ അഭിപ്രായക്കാരുടെ അവലംബം. എന്നാല്‍ പ്രായപൂര്‍ത്തി എത്താത്ത കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നമസ്കരിക്കല്‍ നിര്‍ബന്ധമില്ല എന്നതാണ് മറ്റൊരഭിപ്രായം. വളരെ ന്യൂനപക്ഷം പണ്ഡിതന്മാര്‍ മാത്രമേ ഈ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളൂ. നബി (സ) തന്‍റെ മകന്‍ ഇബ്റാഹീമിന് വേണ്ടി ജനാസ നമസ്കരിച്ചിട്ടില്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇവര്‍ക്കുള്ള തെളിവ്. എന്നാല്‍ ഇബ്റാഹീമിന് വേണ്ടി നബി (സ) നമസ്കരിച്ചതായ റിപ്പോര്‍ട്ടുകളും ഉണ്ട്. ഇത് സംബന്ധമായ ചര്‍ച്ച വിശദീകരിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു: 

أما الصبى فمذهبنا ومذهب جمهور السلف والخلف وجوب الصلاة عليه، ونقل ابن المنذر رحمه الله الاجماع فيه وحكي أصحابنا عن سعيد بن جبير أنه قال لا يصلي عليه ما لم يبلغ، وخالف العلماء كافة، وحكى العبدرى عن بعض العلماء أنه قال إن كان قد صلي صلي عليه وإلا فلا، وهذا أيضا شاذ مردود، واحتج له برواية من روى أن النبي صلى الله عليه وسلم " لم يصل على ابنه ابراهيم " رضى الله عنه، ولأن المقصود من الصلاة الاستغفار للميت وهذا لاذنب له، واحتج أصحابنا بعموم النصوص الواردة بالامر بالصلاة على المسلمين وهذا داخل في عموم المسلمين، وعن المغيرة بن شعبه رضي الله عنه أن رسول صلي الله عليه وسلم " قال الراكب خلف الجنازة والماشي حيث شاء منها والطفل يصلى عليه " رواه أحمد والنسائي والترمذي وقال حديث حسن صحيح، وأجاب الاصحاب عن احتجاج سعيد بأن الرواية اختلفت في صلاته صلي الله عليه وسلم على إبراهيم فأثبتها كثيرون من الرواة قال البيهقي وروايتهم أولى
“കുട്ടിയുടെ വിഷയത്തില്‍ നമ്മുടെ അഭിപ്രായവും അതുപോലെ മുന്‍ഗാമികളിലും പിന്‍ഗാമികളിലും പെറ്റ പൂരിപക്ഷം പേരുടെയും അഭിപ്രായം കുട്ടികള്‍ക്ക് വേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്‌ എന്നതാണ്‌. ഇബ്നുല്‍ മുന്‍ദിര്‍ ഈ വിഷയത്തില്‍ ഇജ്മാഅ് ഉദ്ദരിച്ചിട്ടുണ്ട്. നമ്മുടെ ഇമാമീങ്ങള്‍ ‘പ്രായപൂര്‍ത്തി എത്താത്ത പക്ഷം കുഞ്ഞുങ്ങളുടെ മേല്‍ ജനാസ നമസ്കരിക്കേണ്ടതില്ല’ എന്ന അഭിപ്രായം സഈദ് ബ്ന്‍ ജുബൈറിന് ഉള്ളതായി പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ എല്ലാ ഉലമാക്കളില്‍ നിന്നും വിഭിന്നമായ അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. കുട്ടികള്‍ക്ക് വേണ്ടി നമസ്കരിക്കപ്പെടുന്നുവെങ്കില്‍ നമസ്കരിക്കാം ഇല്ലെങ്കില്‍ വേണ്ടതില്ല എന്ന് ചില ഉലമാക്കളില്‍ നിന്നും ഇമാം അബ്ദരിയും ഉദ്ദരിച്ചിട്ടുണ്ട്. ഇതും ഒറ്റപ്പെട്ടതും അസ്വീകാര്യവുമായ അഭിപ്രായമാണ്. നബി (സ) അദ്ദേഹത്തിന്‍റെ മകന്‍ ഇബ്റാഹീം (അ) ന് വേണ്ടി നമസ്കരിച്ചിട്ടില്ല എന്ന് ഉദ്ദരിച്ചവരുടെ റിപ്പോര്‍ട്ട് ആണ് അതിനദ്ദേഹം അവലംബമാക്കിയത്. അതുപോലെ ജനാസ നമസ്കാരത്തിന്‍റെ ഉദ്ദേശം മയ്യിത്തിന് പാപമോചനം തേടലാണ്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് പാപങ്ങളില്ലല്ലോ എന്നതും അവര്‍ കാരണമായിപ്പറയുന്നു. എന്നാല്‍ നമ്മുടെ ഇമാമീങ്ങള്‍ മുസ്ലിമീങ്ങള്‍ക്ക് മേല്‍ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കാന്‍ കല്പിക്കപ്പെട്ടിട്ടുള്ള തെളിവുകളെയാണ് ഈ വിഷയത്തിലും അവലംബമാക്കിയിട്ടുള്ളത്. കാരണം മുസ്‌ലിമീങ്ങള്‍ എന്ന പൊതു അര്‍ത്ഥത്തില്‍ കുട്ടികളും പെടുമല്ലോ. അതുപോലെ മുഗീറത്ത് ബ്ന്‍ ശുഅ്ബ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: റസൂല്‍ (സ) പറഞ്ഞു: “വാഹനത്തില്‍ ജനാസയെ പിന്തുടരുന്നവന്‍ അതിന്‍റെ പിന്നിലാണ് സഞ്ചരിക്കേണ്ടത്. നടന്നുകൊണ്ട് പിന്തുടരുന്നവന്‍ തനിക്ക് ഇഷ്ടമുള്ള ഭാഗത്ത് നടന്നുകൊള്ളട്ടെ. കുട്ടികള്‍ക്ക് വേണ്ടി ജനാസ നമസ്കരിക്കപ്പെടും.” ഇമാം അഹ്മദ്, നസാഇ, തിര്‍മിദി തുടങ്ങിയവര്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുകയും ഈ ഹദീസ് ഹസനും സ്വഹീഹുമാണ് എന്ന് ഇമാം തിര്‍മിദി രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. നബി (സ) തന്‍റെ മകന്‍ ഇബ്റാഹീമിന് വേണ്ടി നമസ്കരിച്ചിട്ടില്ല എന്നത് സഈദ് ബ്ന്‍ ജുബൈര്‍ തന്‍റെ അഭിപ്രായത്തിന് തെളിവാക്കിയപ്പോള്‍ അതിന് മറുപടിയായി ആ വിഷയത്തില്‍ വ്യത്യസ്ഥമായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട് എന്ന് നമ്മുടെ ഇമാമീങ്ങള്‍ അതിന് മറുപടി പറഞ്ഞിട്ടുണ്ട്. ഒരുപാട് റിപ്പോര്‍ട്ടര്‍മാര്‍ അദ്ദേഹം തന്‍റെ മകന്‍റെ ജനാസ നമസ്കരിച്ചതായി സ്ഥിരീകരിച്ചിട്ടുമുണ്ട്. ആ റിപ്പോര്‍ട്ടുകള്‍ ആണ് കൂടുതല്‍ സ്വീകാര്യം എന്ന് ഇമാം ബൈഹഖി (റ) പറഞ്ഞിട്ടുമുണ്ട്.” – [المجموع : 5/257].

ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഈ വിഷയത്തില്‍ അഭിപ്രായഭിന്നത ഉണ്ട്. ശൈഖ് അല്‍ബാനി അത് നിര്‍ബന്ധമല്ല എന്നതാണ് തന്‍റെ അഹ്കാമുല്‍ ജനാഇസില്‍ പ്രബലമായ അഭിപ്രായമായി രേഖപ്പെടുത്തിയിട്ടുള്ളത്. നബി (സ) അദ്ദേഹത്തിന്‍റെ മകന്‍ ഇബ്റാഹീമിന് വേണ്ടി നമസ്കരിച്ചിട്ടില്ല എന്ന് ആഇശ (റ) യില്‍ നിന്നും ഉദ്ദരിക്കപ്പെട്ട ഹദീസ് തന്നെയാണ്  അദ്ദേഹവും നിര്‍ബന്ധമല്ല എന്നതിന് അവലംബമാക്കിയിട്ടുള്ളത്. നബി (സ) അദ്ദേഹത്തിന്‍റെ മകന്‍ ഇബ്റാഹീമിന് വേണ്ടി നമസ്കരിച്ചതായി വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ സ്വീകാര്യയോഗ്യമായവയല്ല എന്നാല്‍ ആഇശ (റ) യുടെ ഹദീസ് ആകട്ടെ സ്വീകാര്യയോഗ്യമാണ്. മാത്രമല്ല അനസ് ബ്ന്‍ മാലിക്ക് (റ) വിനോട് നബി (സ) അദ്ദേഹത്തിന്‍റെ മകന്‍ ഇബ്റാഹീമിന് വേണ്ടി ജനാസ നമസ്കരിച്ചിട്ടുണ്ടോ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ ‘എനിക്കറിയില്ല’ എന്ന് അദ്ദേഹം മറുപടി നല്‍കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ട് സ്വഹീഹാണ്. നബി (സ) പത്ത് വര്‍ഷക്കാലം സേവനം അനുഷ്ടിച്ച വ്യക്തി എന്ന നിലക്ക് അപ്രകാരം ഉണ്ടായിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് അറിയാതിരിക്കുമായിരുന്നില്ല എന്നും ശൈഖ് അല്‍ബാനി (റ) സമര്‍ത്ഥിക്കുന്നുണ്ട്. - [അഹ്കാമുല്‍ ജനാഇസ് : വോ:1 പേ: 80 നോക്കുക].

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പ്രായപൂര്‍ത്തി എത്താത്ത കുട്ടികളായാല്‍ പോലും അവര്‍ക്ക് വേണ്ടി ജനാസ നമസ്കരിക്കല്‍ നിര്‍ബന്ധമാണ്‌ എന്ന അഭിപ്രായമാണ് പ്രബലമായി രേഖപ്പെടുത്തിയിട്ടുള്ളത്. നേരത്തെ സൂചിപ്പിച്ചത് പോലെ മയ്യിത്ത് നമസ്കാരവുമായി പൊതുവായി വന്ന ഹദീസുകള്‍ തന്നെയാണ് അദ്ദേഹവും അതിന് തെളിവ് പിടിച്ചിട്ടുള്ളത്.

ഏതായാലും പ്രായപൂര്‍ത്തി എത്താത്ത കുട്ടികള്‍ക്ക് വേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിക്കല്‍ അത്യധികം പുണ്യകരമായ കാര്യമാണ് എന്നതും, അത് നിര്‍വഹിക്കുന്നവര്‍ക്ക് നബി (സ) പഠിപ്പിച്ച ഒരു ‘ഖീറാത്ത്’ പ്രതിഫലം ലഭിക്കും എന്നതുമെല്ലാം ആര്‍ക്കും തന്നെ  തര്‍ക്കമില്ലാത്ത വിഷയമാണല്ലോ. നിര്‍ബന്ധമാണോ അല്ലയോ എന്നത് മാത്രമാണ് ചര്‍ച്ചാ വിഷയം. ബഹുഭൂരിപക്ഷം ഫുഖഹാക്കള്‍ അഭിപ്രായപ്പെട്ടതും നിര്‍ബന്ധമാണ്‌ എന്നതിനാലും നബി (സ) അദ്ദേഹത്തിന്‍റെ മകന്  വേണ്ടി ജനാസ നമസ്കരിച്ചു എന്നത് സ്ഥിരപ്പെട്ടു വന്ന റിപ്പോര്‍ട്ടുകളുടെ സ്വീകാര്യതയെ സംബന്ധിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ട് എന്നതിനാലും അത് നിര്‍ബന്ധബുദ്ധിയാ നിര്‍വഹിക്കുക എന്നത് തന്നെയാണ് സൂക്ഷ്മത. അഥവാ അതിന്‍റെ കര്‍മശാസ്ത്രപരമായ വിധിയെ സംബന്ധിച്ചുള്ള ചര്‍ച്ച അതിന്‍റെ നിര്‍വഹണത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നില്ല. കാരണം കുട്ടികള്‍ക്കും, ചാപ്പിള്ളക്കും ജനാസ നമസ്കരിക്കല്‍ അല്ലാഹുവിന്‍റെ റസൂലില്‍ നിന്നും സ്ഥിരപ്പെട്ടുവന്ന ഒരു ചര്യയാണ് എന്ന് നാം മനസ്സിലാക്കിയല്ലോ. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.   

എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള നമസ്കാരത്തില്‍ അവരുടെ മാതാപിതാക്കള്‍ക്ക് വേണ്ടിയാണ് പ്രാര്‍ത്ഥന. 

കുട്ടികൾക്ക് വേണ്ടിയുള്ള നമസ്കാരത്തിൽ ചൊല്ലേണ്ടതായ പ്രത്യേക പ്രാർത്ഥനകൾ ഒന്നും തന്നെ ഹദീസുകളിൽ വന്നിട്ടില്ല. കുട്ടികൾക്ക് വേണ്ടി മയ്യിത്ത് നമസ്കാരം നിർവഹിക്കുകയും അതിൽ അവരുടെ മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ് നബി (സ) പഠിപ്പിച്ചത്. ഒരു കുട്ടി മരണപ്പെട്ടാൽ ആ കുട്ടിക്ക് വേണ്ടി നിർവഹിക്കപ്പെടുന്ന ജനാസ നമസ്കാരത്തിലോ അല്ലാതെയോ അവന്റെ മഗ്ഫിറത്തിനു വേണ്ടി പ്രാർത്ഥിക്കേണ്ടതില്ല. കാരണം കുട്ടികൾ പാപരഹിതരാണ്. എന്നാൽ അവർക്ക് വേണ്ടി അല്ലാഹുവിന്റെ കാരുണ്യത്തെ ചോദിക്കാം. കാരണം അല്ലാഹുവിന്റെ കാരുണ്യത്തെ ഏതൊരു സൃഷ്ടിജാലവും തേടുന്നു.

ഇമാം ബഹൂത്തി (റ) പറയുന്നു:
وإنما لم يسن الاستغفار له ؛ لأنه شافع غير مشفوع فيه ولا جرى عليه قلم ، فالعدول إلى الدعاء لوالديه أولى من الدعاء له
"കുട്ടികൾക്ക് വേണ്ടി മഗ്ഫിറത്തിനെ ചോദിക്കൽ ഇല്ലാത്തതിന് കാരണം അവർ ശുപാർശകരാണ്, അവർക്ക് വേണ്ടി ശുപാർശ ചെയ്യപ്പെടുന്നവരല്ല. അവർക്ക് പാപങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുമില്ല. അതുകൊണ്ടു അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനേക്കാൾ ആ പ്രാർത്ഥന അർഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്." - [കശാഫുല്‍ ഖിനാഅ്: 2/115].

അതുകൊണ്ടുതന്നെ സാധാരണ മയ്യിത്തിന്റെ മഗ്ഫിറത്തിനു വേണ്ടി ചോദിക്കുന്ന ഭാഗമെത്തിയാൽ അവിടെ മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയാണ് വേണ്ടത്. പ്രത്യേകമായ പ്രാർത്ഥന ഇല്ലാത്തത് കൊണ്ട് തന്നെ ഒരാൾക്ക് എപ്രകാരവും പ്രാർത്ഥിക്കാം.


ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു:

" وإن كان الميت طفلاً , جعل مكان الاستغفار له : " اللهم اجعله فرطاً لوالديه , وذخراً وسلفاً وأجراً , اللهم ثقل به موازينهما , وأعظم به أجورهما , اللهم اجعله في كفالة إبراهيم وألحقه بصالح سلف المؤمنين , وأجره برحمتك من عذاب الجحيم , وأبدله داراً خيراً من داره , وأهلاً خيراً من أهله ... ونحو ذلك ، وبأي شيء دعا مما ذكرنا أو نحوه أجزأه وليس فيه شيء مؤقت " انتهى من المغني(2/182) .

ഇനി മരണപ്പെട്ട വ്യക്തി കുട്ടിയാണ് എങ്കിൽ ഇസ്‌തിഗ്‌ഫാറിന് പകരം മയ്യിത്തിന് പ്രാർത്ഥിക്കേണ്ടിടത്ത് ഇപ്രകാരം പ്രാർത്ഥിക്കാം: 

" اللهم اجعله فرطاً لوالديه , وذخراً وسلفاً وأجراً , اللهم ثقل به موازينهما , وأعظم به أجورهما , اللهم اجعله في كفالة إبراهيم وألحقه بصالح سلف المؤمنين , وأجره برحمتك من عذاب الجحيم , وأبدله داراً خيراً من داره , وأهلاً خيراً من أهله

"അല്ലാഹുവേ ആ കുഞ്ഞിനെ തൻ്റെ മാതാപിതാക്കൾക്ക് വേണ്ടി സ്വർഗ്ഗത്തിലേക്ക് അവരെ മുൻകടന്നവനും, അവർക്കുവേണ്ടി കരുതിവെക്കപ്പെട്ട നിധിയും, പ്രതിഫലവും, പിൻഗാമിയും ആക്കേണമേ.  ആ കുഞ്ഞിനെക്കൊണ്ട് അവരിരുവരുടെയും മീസാൻ നീ കനം തൂക്കേണമേ. അവരുടെ പ്രതിഫലം നീ വർദ്ധിപ്പിക്കേണമേ. അവനെ നീ ഇബ്‌റാഹീം (അ) യുടെ കഫാലത്തിലാക്കുകയും, മുഅമിനീങ്ങളിൽ നിന്നും മുൻകഴിഞ്ഞ സ്വാലിഹീങ്ങളുടെ കൂട്ടത്തിൽ സംഗമിപ്പിക്കുകയും ചെയ്യണമേ. നിന്റെ കാരുണ്യം കൊണ്ട് നരകാഗ്നിയിൽ നിന്നും സുരക്ഷിതനാക്കുകയും ചെയ്യേണമേ. അവന്റെ ഭവനത്തേക്കാൾ നല്ല ഭവനവും, അവന്റെ കുടുംബത്തേക്കാൾ നല്ല കുടുംബവും അവന് നീ നൽകേണമേ."

ഈ പ്രാര്‍ത്ഥന രേഖപ്പെടുത്തിയ ശേഷം അദ്ദേഹം ഇപ്രകാരം പറഞ്ഞു:


ونحو ذلك ، وبأي شيء دعا مما ذكرنا أو نحوه أجزأه وليس فيه شيء مؤقت

"ഇപ്രകാരം പ്രാര്‍ഥിക്കാം. നാം ഉദ്ദരിച്ചത് പോലെയോ, അതല്ലെങ്കില്‍ അതുപോലെ മറ്റു രൂപങ്ങളിലോ ഒരാള്‍ പ്രാര്‍ഥിച്ചാല്‍ മതി. അതില്‍ പ്രത്യേകമായ ഒരു പ്രാര്‍ത്ഥന വന്നിട്ടില്ല". - [المغني: 2/182]. 

അതുകൊണ്ട് കുട്ടികള്‍ക്ക് വേണ്ടിയുള്ള ജനാസ നമസ്കാരത്തില്‍ ഒരാള്‍ക്ക് ആ കുട്ടിയുടെ മാതാപിതാക്കള്‍ക്ക്  വേണ്ടി ഇഷ്ടമുള്ള രൂപത്തില്‍ പ്രാര്‍ഥിക്കാം. പ്രത്യേകമായ പ്രാര്‍ത്ഥനയില്ല.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.
________________________________

 അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ