Wednesday, August 6, 2014

നമസ്കാരത്തിൽ അറബിയല്ലാത്ത ഭാഷകളിൽ പ്രാർഥിക്കാമോ ? - സ്വാലിഹ് അൽ ഫൗസാൻ (ഹഫിദഹുല്ല).


വിവർത്തനം:


ചോദ്യം: നമസ്കരിക്കുന്നയാൾ സുജൂദിലോ, അതല്ലാത്ത നമസ്കാരത്തിന്റെ മറ്റു കർമ്മങ്ങളിലോ അറബിയല്ലാത്ത ഭാഷയിൽ പ്രാർഥിക്കാൻ പാടുണ്ടോ?.

www.fiqhussunna.com

ഉത്തരം: നമസ്കാരത്തിൽ പോലും മറ്റു ഭാഷകൾ ഉപയോഗിക്കുകയെന്നത് അറബി അറിയാത്തവർക്കല്ലാതെ അനുവദനീയമല്ല. അറബി അറിയാത്തവൻ അവന്റെ ഭാഷയിൽ പ്രാർഥിച്ചുകൊള്ളട്ടെ. എന്നാൽ അറബി അറിയാവുന്നവന് നമസ്കാരത്തിൽ മറ്റു ഭാഷകൾ ഉപയോഗിച്ചുകൊണ്ട് പ്രാർഥിക്കാവതല്ല". - [ സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ല ].

ഇനി അറബി അറിയുന്ന ആൾ, മറ്റു ഭാഷകളിൽ പ്രാർഥിക്കുക എന്നത് നമസ്കാരത്തിലല്ലെങ്കിൽ പോലും വെറുക്കപ്പെട്ട കാര്യമാണ് എന്നത് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. 

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ (റഹിമഹുല്ല) പറയുന്നു: "അറബിയിലല്ലാതെ ഇതര ഭാഷകളിൽ പ്രാർഥിക്കുന്നത് വെറുക്കപ്പെട്ടതാണ്. എന്നാൽ അറബി അറിയാത്തവനാണ് ആ വിഷയത്തിൽ ഇളവുള്ളത്. അറബിയല്ലാത്ത അന്യ ഭാഷകളെ  ശിആറാക്കുക എന്നത് ഇസ്ലാമിന് നിരക്കാത്തതാണ്"

_________________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Tuesday, August 5, 2014

സകാത്തിൻ്റെ അവകാശികൾ.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

സകാത്തിൻ്റെ അവകാശികളെക്കുറിച്ചാണ് ഈ ലേഖനത്തിൽ നാം ചർച്ച ചെയ്യുന്നത്. സൂറത്തു തൗബയിലെ അറുപതാം വചനത്തിലാണ് സകാത്തിൻ്റെ അവകാശികളെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്.

അല്ലാഹു പറയുന്നു: 

إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ


" ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്‌) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട്‌ വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്‌. അല്ലാഹുവിങ്കല്‍ നിന്ന്‌ നിർബന്ധമാക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌." - [തൗബ - 60].

ശൈഖ് അബ്ദുറഹ്മാൻ അസ്സഅദി (റ) അദ്ദേഹത്തിൻ്റെ തഫ്‌സീറിൽ ഇപ്രകാരം പറയുന്നു:


يقول تعالى‏:‏ ‏{‏إِنَّمَا الصَّدَقَاتُ‏}‏ أي‏:‏ الزكوات الواجبة، بدليل أن الصدقة المستحبة لكل أحد، لا يخص بها أحد دون أحد‏. 

"അല്ലാഹു തആല ഇവിടെ 'സ്വദഖാത്ത്' എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശം നിർബന്ധമായ സകാത്തുകൾ ആണ്. കാരണം അല്ലാത്ത ഐച്ഛികമായ സ്വദഖകൾ ആർക്ക് വേണമെങ്കിലും നൽകാമല്ലോ. അവ ഇന്നയാൾക്ക് ഇന്നയാൾക്ക് എന്നിങ്ങനെ പ്രത്യേകം പരിമിതപ്പെടുത്തേണ്ടതില്ല" - [تفسير السعدي: سورة التوبة: 60 ].

ആയത്തിൽ സകാത്തിൻ്റെ അവകാശികളായി പഠിപ്പിക്കപ്പെട്ടത് എട്ട് വിഭാഗങ്ങളാണ്. എട്ട് അവകാശികളിൽ പരിമിതമായതിനാൽ തന്നെ അവരല്ലാത്ത ആളുകൾക്ക് നൽകിയാൽ സകാത്ത് വീടുകയില്ല. ആയത്ത് ആരംഭിച്ച (إنما) എന്ന പ്രയോഗവും ആയത്തിൻ്റെ അവസാനത്തിൽ (فريضة من الله) എന്ന പ്രയോഗവും സകാത്ത് ഈ എട്ട് അവകാശികളിൽ പരിമിതമാണ് എന്ന് പഠിപ്പിക്കുന്നു.

ഇനി നമുക്ക് ആയത്തിൽ പരാമർശിക്കപ്പെട്ട ഓരോ അവകാശികളെയും മനസ്സിലാക്കാം:


  1-  ദരിദ്രന്‍: الفقير


തന്‍റെ വാര്‍ഷിക വരുമാനം വാര്‍ഷിക ചിലവിന്‍റെ പകുതി പോലും തികയാത്തവനാണ് ഫഖീര്‍ . സമ്പത്തും തൊഴിലുമില്ലാത്തവനാണ് ഫഖീര്‍ എന്നും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഉദാ: ഒരാള്‍ക്ക് ഒരു വര്ഷം ഒരു ലക്ഷം രൂപ ചിലവ് ഉണ്ട് എന്ന് കരുതുക. എന്നാല്‍ അയാളുടെ വാര്‍ഷിക വരുമാനം അര ലക്ഷം പോലും തികയുന്നില്ല എങ്കില്‍ അയാള്‍ ഫഖീര്‍ ആണ്.

ഇബ്നു ഉസൈമീന്‍ (رحمه الله) പറയുന്നു: “ഒരാള്‍ക്ക് ഭക്ഷിക്കാനും, കുടിക്കാനും, താമസിക്കാനും, ധരിക്കാനുമുണ്ടോ എന്നത് മാത്രമല്ല പരിഗണിക്കുക. മറിച്ച് അയാള്‍ക്ക് തന്‍റെ ശരീരത്തെ തിന്മകളില്‍ നിന്നും തടുത്ത് നിര്‍ത്താന്‍ ആവശ്യമായ നികാഹും അവശ്യഘടകമാണ്. അതിനാല്‍ തന്നെ ഒരാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും അയാളുടെ കയ്യില്‍ മഹറിനുള്ള പണം തികയാതെ വരികയും ചെയ്‌താല്‍, അയാള്‍ക്ക് വിവാഹം കഴിക്കാന്‍ ആവശ്യമായ പണം നാം നല്‍കും. അതുപ്പോലെ വിദ്യാര്‍ഥി അവന്‍ ആവശ്യക്കാരനാണെങ്കില്‍ അവന് ആവശ്യമായ പുസ്തകം മറ്റു കാര്യങ്ങള്‍ സകാത്തില്‍ നിന്നും നാം നല്‍കും”. (الشرح الممتع ج6 ص221).



  2-  അഗതികള്‍: المسكين


തന്‍റെ വാര്‍ഷിക വരുമാനം വാര്‍ഷിക ചിലവിന്‍റെ പകുതിയിലധികം ഉണ്ടെങ്കിലും അത് തികയില്ല. ഈ അവസ്ഥയില്‍ ഉള്ളവനാണ് മിസ്കീന്‍. ഫഖീറിനേക്കാള്‍ പ്രാരാബ്ധം കുറഞ്ഞവനാണ് മിസ്കീന്‍. ഇതാണ് ഇമാം മാലിക്(رحمه الله), ഇമാം ശാഫിഇ(رحمه الله), ഇമാം  അഹ്മദ്(رحمه الله) തുടങ്ങിയവരുടെ അഭിപ്രായം. ഈ അഭിപ്രായമാണ് ശൈഖ് ഇബ്ന്‍ ബാസ്(رحمه الله), ശൈഖ് ഇബ്നു ഉസൈമീന്‍(رحمه الله) തുടങ്ങിയവരും  ലിജ്നതുദ്ദാഇമയും സ്വീകരിച്ചിട്ടുള്ളത്.


أَمَّا ٱلسَّفِينَةُ فَكَانَتۡ لِمَسَٰكِينَ يَعۡمَلُونَ فِي ٱلۡبَحۡرِ فَأَرَدتُّ أَنۡ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٞ يَأۡخُذُ كُلَّ سَفِينَةٍ غَصۡبٗا

അല്ലാഹു പറയുന്നു: “ എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്‍മാരുടെതായിരുന്നു. അതിനാല്‍ ഞാനത്‌ കേടുവരുത്തണമെന്ന്‌ ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു”. – [ الكهف 79].


ഇവിടെ അവര്‍ക്ക് കപ്പലുള്ള കാര്യം പ്രതിപാദിച്ചതോടൊപ്പം തന്നെ അവരെ മിസ്കീനുകള്‍ എന്ന് വിശുദ്ധഖുര്‍ആന്‍ വിശേഷിപ്പിക്കുകയും ചെയ്തു. ധനമുള്ള, എന്നാല്‍ ആ ധനം തന്‍റെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് തികയാത്തവര്‍ ആണ് മിസ്കീന്‍ എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.



  3-  ഉദ്യോഗസ്ഥര്‍: العاملون عليها


“സകാത്ത് അതിന്‍റെ ആളുകളില്‍ നിന്നും പിടിചെടുക്കുവാനും അവകാശികള്‍ക്ക് നല്‍കുവാനും ഭരണകൂടം അധികാരപ്പെടുത്തിയ ആളുകളാണവര്‍. അവര്‍ വെറും ശമ്പളക്കാരല്ല, അധികാരികളാണ്” – (الشرح الممتع).


  വിശുദ്ധ ഖുര്‍ആനില്‍ സകാത്ത് പിരിചെടുക്കുന്നവരെ സംബന്ധിച്ച് പറഞ്ഞപ്പോള്‍ والعاملون عليها , എന്നാണ് പ്രയോഗിച്ചത്. ഇവിടെ على എന്നുപയോഗിച്ചത് അറബി വ്യാകരണ നിയമപ്രകാരം അവര്‍ക്കുള്ള അധികാരത്തെ സൂചിപ്പിക്കുന്നു. അതിനാല്‍ തന്നെ ഒറ്റപ്പെട്ട വ്യക്തികള്‍ പരസ്പരം നിയോഗിക്കുന്ന ആളുകളെ സകാത്ത് ഉദ്യോഗസ്ഥരായി കാണാനാവില്ല.


 4-  ഇസ്ലാമിനോട് മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ : المؤلفة قلوبهم


മൂന്ന് വിധം ആളുകള്‍ ആണ് ഈ ഗണത്തില്‍ പെടുന്നത്:

  • ഇസ്ലാമിലേക്ക് കടന്നുവരാന്‍ താല്പര്യം കാണിക്കുകയും ഇസ്ലാമിനെ ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍. അവര്‍ പ്രാരാബ്ധക്കാരും ആവശ്യക്കാരുമാണെങ്കില്‍ അവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കും. ഇസ്ലാമിന്‍റെ സുന്ദരമായ നിയമങ്ങളെപ്പറ്റി അദ്ദേഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കാനും, ഇസ്ലാമിനെക്കുറിച്ച് പഠിക്കുന്നതിന് പ്രചോദനം നല്‍കാനും അതുപകരിക്കുന്നു എന്ന വലിയൊരു യുക്തി കൂടി അതിന്‍റെ പിന്നിലുണ്ട്.
  •  ഉപദ്രവം ഇല്ലാതാക്കാന്‍ വേണ്ടി നല്കപ്പെടുന്നവര്‍. അതായത് ഇസ്ലാമിനോട് ശത്രുത വച്ച് പുലര്‍ത്തുകയും, ദ്രോഹം ചെയ്യുകയും ചെയ്യുന്ന ആളുകളുടെ ഉപദ്രവത്തെ തടയാന്‍ സകാത്തില്‍ നിന്നും നല്കാം. അവരുടെ പകയും വിദ്വേഷവും ശത്രുതയുമുള്ള മനസ്സിനെ ഇണക്കമുള്ള മനസ്സാക്കി മാറ്റാന്‍ വേണ്ടിയാണിത്. ഈ കാര്യം സൂചിപ്പിച്ചുകൊണ്ട് ശൈഖ് ഇബ്നു ഉസൈമീന്‍(رحمه الله) പറഞ്ഞ അര്‍ത്ഥവത്തായ ഒരു വാചകമുണ്ട്: “ചിലര്‍ക്ക് അവരുടെ ആവശ്യത്തെ പരിഗണിച്ചുകൊണ്ട്‌ സകാത്ത് നല്‍കപ്പെടുന്നു. എന്നാല്‍ മറ്റു ചിലര്‍ക്ക് നല്‍കപ്പെടുന്നത് അവര്‍ക്ക് നല്‍കല്‍ മുസ്ലിമീങ്ങള്‍ക്ക് ആവശ്യമാണ്‌ എന്നതിനാലുമാണ്”. - (الشرح الممتعv6).  (ഈ രണ്ടു രൂപത്തിലല്ലാതെ അമുസ്ലിമീങ്ങള്‍ക്ക് സകാത്തില്‍ നിന്നും ലഭിക്കുകയില്ല.)
  •  പുതുമുസ്ലിമീങ്ങളാണ് മൂന്നാമത്തെ വിഭാഗം. അവര്‍ പ്രാരാബ്ധക്കാരാണെങ്കില്‍ മുസ്ലിമീങ്ങള്‍ ആണെന്ന നിലക്ക് തന്നെ അവര്‍ സകാത്ത് അര്‍ഹിക്കുന്നവര്‍ ആണ്. എന്നാല്‍ വിശ്വാസം സ്വീകരിച്ചത് കാരണത്താല്‍ മറ്റു മുസ്ലിമീങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രയാസം അനുഭവിക്കുന്നവരാണ് ഇവര്‍ എന്നത്കൊണ്ട് തന്നെ സഹായിക്കപ്പെടാന്‍ പ്രാരാബ്ധക്കാര്‍ എന്ന നിലക്കും പുതുമുസ്ലിമീങ്ങള്‍ എന്ന നിലക്കും കൂടുതല്‍ അര്‍ഹതയുണ്ട് എന്ന് സൂചിപ്പിക്കാനായിരിക്കണം പണ്ഡിതന്മാര്‍ അവരെ ഈ വിഭാഗത്തില്‍ പ്രത്യേകം എടുത്ത് പറഞ്ഞത്.

5-  അടിമ മോചനം : الرقاب


“الرقاب   എന്നതുകൊണ്ട്‌ ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് യജമാനനുമായി മോച്ചനക്കരാറില്‍ ഏര്‍പ്പെട്ട അടിമയെ ആണ്. അന്യായമായി തടവിലാക്കപ്പെട്ട മുസ്ലിമീങ്ങളുടെ മോച്ചനത്തെയും ഈ ഗണത്തില്‍ പെടുത്താം. അടിമ മോചനത്തെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണല്ലോ അന്യായമായി തടവിലാക്കപ്പെട്ടവന്‍റെ മോചനം ”. – [الشرح الممتع].


മൂന്നു വിഭാഗം ആളുകള്‍ ഈ ഇനത്തില്‍ പെടുന്നു:

  •   മോച്ചനക്കരാറില്‍ ഏര്‍പ്പെട്ട അടിമ.
  •   അന്യായമായി തടവിലാക്കപ്പെട്ട വിശ്വാസി.
  •   പീഡിപ്പിക്കപ്പെടുന്ന അടിമയെ പൂര്‍ണമായും വില നല്‍കി മോചിപ്പിക്കല്‍.

6-  കടക്കാർ: الغارمون


മറ്റുള്ളവര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ കൊടുത്ത് വീട്ടാനുണ്ടാവുകയും, എന്നാല്‍ വീട്ടാന്‍ സാധിക്കാതെ വരികയും ചെയ്യുന്നവര്‍ക്കാണ് കടക്കാര്‍ എന്ന് പറയുക.


കടക്കാര്‍ രണ്ടുവിധമുണ്ട്:

  • സ്വന്തം ആവശ്യത്തിനുവേണ്ടി കടക്കാരനായവന്‍. കടം തിരിച്ചടക്കാന്‍ കഴിയാതെ വന്നാല്‍ മാത്രം സകാത്തില്‍ നിന്നും നല്‍കപ്പെടും.
  • രണ്ടുപേര്‍ക്കിടയില്‍ പ്രശ്നം പരിഹരിക്കാനായി അന്യന്‍റെ ബാധ്യത ഏറ്റെടുത്തവന്‍. ധനികനാണെങ്കില്‍ പോലും സകാത്തില്‍ നിന്നും സഹായിക്കപ്പെടും.
പ്രശ്നപരിഹാരത്തിനു വേണ്ടി അന്യന്‍റെ കടബാധ്യത ഏറ്റെടുത്തവന് സകാത്തില്‍ നിന്നും നല്‍കപ്പെടുന്ന രണ്ടാവസരങ്ങളും, നല്കപ്പെടാത്ത രണ്ടവസരങ്ങളും ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) പ്രതിപാദിച്ചിട്ടുണ്ട്‌:

നല്‍കപ്പെടുന്ന രണ്ടവസരങ്ങള്‍:

  •  ഏറ്റെടുക്കുകയും അത് കൊടുത്ത് വീട്ടാന്‍ സാധിക്കാതെ വരികയും ചെയ്‌താല്‍.
  •  സകാത്തില്‍ നിന്നും ധനസഹായം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചാണ് അദ്ദേഹം അതേറ്റെടുത്തതെങ്കില്‍.

നല്‍കപ്പെടാത്ത രണ്ടവസരങ്ങള്‍:

  • അല്ലാഹുവിന്‍റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ട്‌ ഏറ്റെടുക്കുകയും അദ്ദേഹത്തിന് സ്വന്തമായി അത് അടച്ചുവീട്ടുവാന്‍ സാധിക്കുകയും ചെയ്‌താല്‍.
  • സകാത്തില്‍ നിന്നും ധനസഹായം ആഗ്രഹിക്കാതെ ഏറ്റെടുക്കുകയും അദ്ദേഹത്തിന് സ്വന്തമായി അത് അടച്ചുവീട്ടുവാന്‍ സാധിക്കുകയും ചെയ്‌താല്‍.

7- അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍: في سبيل الله
 

في سبيل الله  എന്നതിന് പൊതുവായ ഒരര്‍ത്ഥവും പ്രത്യേകമായ ഒരര്‍ത്ഥവും ഉണ്ട്. അല്ലാഹുവിന്‍റെ പ്രതിഫലം ലഭിക്കുന്ന പുണ്യകരമായ ഏത് മാര്‍ഗത്തിനും في سبيل الله    എന്ന് പറയാം. ഇതാണ് പൊതുവായ അര്‍ഥം. ജിഹാദ് അഥവാ അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള ധര്‍മ്മസമരം ഇതാണ് പ്രത്യേകമായ അര്‍ഥം. ആ അര്‍ത്ഥമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

في سبيل اللهഎന്ന പദത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ നല്ലകാര്യങ്ങള്‍ക്കും സകാത്ത് ഉപയോഗിക്കാം എന്ന വാദം ദുര്‍ബലമാണ്‌. ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) പറയുന്നു : “കാരണം നമ്മള്‍ ഈ ആയത്തിന്‍റെ പൊതുവായ അര്‍ത്ഥപ്രകാരം വ്യാഖ്യാനിച്ചാല്‍ ആയത്തിന്‍റെ ആരംഭത്തില്‍ إنما   എന്ന പ്രയോഗത്തിലൂടെ സകാത്തിന്‍റെ അവകാശികളെ അല്ലാഹു പരിമിതപ്പെടുത്തിയത് നിഷ്ഫലമാകും”. – (الشرح الممتع).

അഥവാ ഏതൊരു പുണ്യകര്‍മ്മത്തിനും സകാത്തില്‍ നിന്ന് നല്‍കാമെങ്കില്‍ 8 അവകാശികളെ പ്രത്യേകം എടുത്ത് പറഞ്ഞുകൊണ്ട് അവരില്‍ അവകാശികളെ പരിമിതപ്പെടുത്തേണ്ടതില്ലല്ലോ. മാത്രമല്ല ഈ ആയത്തില്‍ ഫീ സബീലില്ലാഹ് എന്നതുകൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത് ജിഹാദ് ആണ് എന്ന് വിശദീകരിച്ചുകൊണ്ട് സ്വഹാബത്തില്‍ നിന്നും സ്വഹീഹായ അസറുകള്‍ വന്നിട്ടുമുണ്ട്.
 
8- വഴിമുട്ടിയ യാത്രക്കാരന്‍:  ابن السبيل


അല്ലാഹുവിന്റെ മാർഗത്തിനായി ഒഴിഞ്ഞു നിൽക്കുന്ന ആളുകൾക്കും, വഴിമുട്ടിയ യാത്രക്കാരനും ഇബ്നു സബീൽ എന്ന് പറയാം. അല്ലാഹുവിന്റെ മാർഗത്തിൽ ഇറങ്ങിത്തിരിച്ചവൻ എന്നർത്ഥം. വഴിമുട്ടിയ യാത്രക്കാരന് സുരക്ഷിതമായ ഇടത്തിലേക്ക്  എത്തിച്ചേരാനുള്ള യാത്രാചെലവ് സകാത്തില്‍ നിന്നും നല്‍കാം. തിന്മക്ക് വേണ്ടി യാത്രപുറപ്പെടുകയും വഴിമുട്ടുകയും ചെയ്ത ആള്‍ക്ക് സകാത്തില്‍ നിന്നും നല്‍കപ്പെടുകയില്ല. അയാള്‍ പശ്ചാത്തപിക്കുകയും, അയാളുടെ പശ്ചാത്താപം സത്യസന്ധമാണ്‌ എന്ന് മനസ്സിലാക്കാവുന്ന സൂചനകള്‍ ലഭിക്കുകയും ചെയ്തെങ്കിലല്ലാതെ.

കാരണം അല്ലാഹു പറയുന്നു :

وَتَعَاوَنُواْ عَلَى ٱلۡبِرِّ وَٱلتَّقۡوَىٰۖ وَلَا تَعَاوَنُواْ عَلَى ٱلۡإِثۡمِ وَٱلۡعُدۡوَٰنِۚ وَٱتَّقُواْ ٱللَّهَۖ إِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ
പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു”. – [المائدة 2]
---------------------------------

By. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ