വിശ്വാസികള്‍ക്ക് ശത്രുക്കളാല്‍ അക്രമവും ഭീഷണിയും നേരിടുന്ന വേളകളിലും, ജീവന്‍ അപകടത്തിലാകുന്ന വേളകളിലും നിര്‍വഹിക്കാവുന്നതായ ഒരു സുന്നത്താണ് നാസിലത്തിന്‍റെ ഖുനൂത്ത്.
അക്രമിക്കപ്പെടുന്നവര്‍ക്കും അനീതിക്കിരയായവര്‍ക്കും നമ്മളെക്കൊണ്ട് കഴിയുന്ന എല്ലാ സഹായവും ചെയ്തുകൊടുക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ് എന്നതിനോടൊപ്പം തന്നെ അവര്‍ക്ക് വേണ്ടി നമ്മള്‍ അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു വിശ്വാസി ചെയ്യേണ്ടതായി നബി(സ) യില്‍ നിന്നും സ്ഥിരപ്പെട്ടു വന്ന ഒരു കര്‍മമാണ് നാസിലതിന്‍റെ ഖുനൂത്ത്. സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും, ഇമാം അഹ്മദിന്‍റെ മുസ്നദിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലുമെല്ലാം അതുമായി ബന്ധപ്പെട്ടു വന്ന ധാരാളം സ്വഹീഹായ ഹദീസുകള്‍ കാണാന്‍ സാധിക്കും..... ശത്രുക്കളില്‍ നിന്നും ആക്രമിക്കപ്പെടുമ്പോള്‍ മാത്രമല്ല മഴ, കാറ്റ്, ഭൂകമ്പം തുടങ്ങിയ നാശം വിതക്കുന്ന ദുരന്തങ്ങൾ ഉണ്ടാവുമ്പോഴും നാസിലത്തിന്‍റെ ഖുനൂത്ത് ചോല്ലാവുന്നതാണ്...
www.fiqhussunna.com
നാസിലത്തിൻറെ ഖുനൂതുമായി ബന്ധപ്പെട്ടു വന്ന ചില ഹദീസുകള്‍ മാത്രം ഇവിടെ കൊടുക്കാം:
عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ : " أَنَّ رِعْلاً وَذَكْوَانَ وَعُصَيَّةَ وَبَنِي لَحْيَانَ اسْتَمَدُّوا رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى عَدُوٍّ فَأَمَدَّهُمْ بِسَبْعِينَ مِنَ الْأَنْصَارِ كُنَّا نُسَمِّيهِمُ الْقُرَّاءَ فِي زَمَانِهِمْ كَانُوا يَحْتَطِبُونَ بِالنَّهَارِ وَيُصَلُّونَ بِاللَّيْلِ حَتَّى كَانُوا بِبِئْرِ مَعُونَةَ قَتَلُوهُمْ وَغَدَرُوا بِهِمْ فَبَلَغَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَنَتَ شَهْرًا يَدْعُو فِي الصُّبْحِ عَلَى أَحْيَاءٍ مِنْ أَحْيَاءِ الْعَرَبِ عَلَى رِعْلٍ وَذَكْوَانَ وَعُصَيَّةَ وَبَنِي لَحْيَانَ قَالَ أَنَسٌ فَقَرَأْنَا فِيهِمْ قُرْآنًا ثُمَّ إِنَّ ذَلِكَ رُفِعَ ( بَلِّغُوا عَنَّا قَوْمَنَا أَنَّا لَقِينَا رَبَّنَا فَرَضِيَ عَنَّا وَأَرْضَانَا) " . أخرجه البخاري .
റിഅ്ല്‍, ദക്'വാന്‍, ഉസ്വയ്യ, ബനൂ ലഹ്യാന്‍ എന്നീ ഗോത്രങ്ങളുടെ മേലും ഒരു മാസക്കാലത്തോളം സുബഹി നമസ്കാരത്തില്‍ ഖുനൂത്ത് (ശാപ പ്രാര്‍ത്ഥന) നടത്തുകയുണ്ടായി. അനസ് ബിന് മാലിക് പറയുന്നു: "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുകയും, അവന്‍ ഞങ്ങളെക്കുറിച്ചും ഞങ്ങള്‍ അവനെക്കുറിച്ചും ത്രിപ്തിപ്പെട്ടിരിക്കുന്നുവെന്ന് ഞങ്ങളുടെ ആളുകളെ നീ അറിയിക്കുക." എന്ന ഖുര്‍ആനിക വചനം ആ കൊല്ലപ്പെട്ട സ്വഹാബത്തിന്‍റെ വിഷയത്തില്‍ ഞങ്ങള്‍ പാരായണം ചെയ്യാറുണ്ടായിരുന്നു. പിന്നീട് ആ വചനം ദുര്‍ബലപ്പെടുത്തപ്പെട്ടു". - [ബുഖാരി].
ആ ആയത്തിന് പകരമായാണ് അല്ലാഹു സൂറത്തു ആലു ഇമ്രാനിലെ 169, 170 വചനങ്ങള്‍ ഇറക്കിയത് എന്ന് പ്രമാണങ്ങളില്‍ കാണാം. അതുപോലെ മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം
عَنْ أَبِي هُرَيْرَةَ رضي الله عنه : " أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ فِي الرَّكْعَةِ الْآخِرَةِ مِنْ صَلَاةِ الْعِشَاءِ قَنَتَ اللَّهُمَّ أَنْجِ عَيَّاشَ بْنَ أَبِي رَبِيعَةَ اللَّهُمَّ أَنْجِ الْوَلِيدَ بْنَ الْوَلِيدِ اللَّهُمَّ أَنْجِ سَلَمَةَ بْنَ هِشَامٍ اللَّهُمَّ أَنْجِ الْمُسْتَضْعَفِينَ مِنَ الْمُؤْمِنِينَ اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى مُضَرَ اللَّهُمَّ اجْعَلْهَا عَلَيْهِمْ سِنِينَ كَسِنِي يُوسُفَ "( ) . أخرجه البخاري .
അബൂ ഹുറൈറ നിവേദനം: പ്രവാചകന്‍ (സ) ഇഷാ നമസ്കാരത്തിലെ അവസാന റക് അത്തില്‍ 'സമിഅല്ലാഹു ലിമന്‍ ഹമിദ' എന്ന് പറഞ്ഞത്തിനു ശേഷം ഇപ്രകാരം ഖുനൂത്ത് ചൊല്ലാറുണ്ടായിരുന്നു. അല്ലാഹുവേ അയ്യാഷ് ബ്നു അബീ റബീഅയെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ വലീദ് ബ്നുല്‍ വലീദിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സലമത് ബ്നു ഹിശാമിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സത്യവിശ്വാസികളില്‍ നിന്നും ദുര്‍ബലരായിട്ടുള്ളവരെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ മുളര്‍ ഗോത്രത്തിനെ നീ കഠിനമായ രൂപത്തില്‍ പിടികൂടണേ... അല്ലാഹുവേ അവരുടെ മേല്‍ (നിന്‍റെ ശിക്ഷ) യുസുഫ് അലൈഹിസ്സലാമിന്‍റെ സമുദായത്തിനുണ്ടായ (വരള്‍ച്ചയുടെ) വര്‍ഷങ്ങളെപ്പോലെയുള്ള വര്‍ഷങ്ങളാക്കിത്തീര്‍ക്കേണമേ". - [ബുഖാരി].
ഇനിയും ഒരുപാട് ഹദീസുകള്‍ ഈ വിഷയത്തില്‍ നമുക്ക് കാണാന്‍ സാധിക്കും....
ഇമാം നവവി പറയുന്നു: "നാസിലത്തിൻറെ ഖുനൂത്ത് (സുബഹിക്ക് മാത്രമല്ല) എല്ലാ നമസ്കാരങ്ങളിലും നിര്‍വഹിക്കാം എന്നതാണ് ശരിയായ വീക്ഷണം " [ അല്‍ മജ്മൂഅ- വോ:3/485 ]
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ പറയുന്നു : " സത്യ വിശ്വാസികളുടെ നന്മക്ക് വേണ്ടിയും, അവരെ ആക്രമിക്കുന്ന അവിശ്വാസികള്‍ക്കെതിരെ അല്ലാഹുവിന്റെ കോപമുണ്ടാവാന്‍ പ്രാര്‍ഥിച്ചു കൊണ്ടും, നാസിലത്തിൻറെ ഖുനൂത്ത് ചൊല്ലല്‍ അനുവദനീയമാണ്, അത് സുബഹിക്കും അതുപോലെ മറ്റു ഫര്‍ദ് നമസ്ക്കാരങ്ങളിലും ആകാവുന്നതാണ് " [ മജ്മൂഉ ഫതാവ- 22/270 ].
ഷെയ്ഖ് ഇബ്നു ബാസ് (റഹിമാഹുല്ലാഹ്) പറയുന്നു: "മുസ്ലിമീങ്ങള്‍ക്ക് ആപത്ത് വരുമ്പോഴുള്ള ഖുനൂത്ത് (ഖുനൂത്തുന്നവാസ്സില്‍) എല്ലാ നമസ്കാരങ്ങളിലും നിര്‍വഹിക്കുക എന്നത് അങ്ങേയറ്റം പ്രാധാന്യമുള്ള ഒരു സുന്നത്താണ്. അക്രമികളെ പരാജയപ്പെടുത്താനും, നിന്ദ്യരാക്കുവാനും, അവരുടെ സൈന്യത്തെ തകര്‍ക്കാനും, അവരെ പരസ്പരം ഭിന്നിപ്പിക്കാനും, അവരുടെ മേല്‍ മുസ്ലിമീങ്ങളെ വിജയികളാക്കുവാനും ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രാര്‍ത്ഥനയാണത് ". [ മജ്മൂഉ ഫാതാവ ഇബ്ന്‍ ബാസ്-7/381]
എന്നാല്‍ ജുമുഅ നമസ്കാരത്തില്‍ നാസ്സിലതിന്റെ ഖുനൂത്ത് നിര്‍വഹിക്കാമോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്: നബി(സ) ജുമുഅ നമസ്കാരത്തില്‍ ഖുനൂത്ത് ചൊല്ലിയതായി സ്ഥിരപ്പെട്ടിട്ടില്ലാത്തതിനാല്‍
ത്വാഊസ്, ഖതാദ, ഹസനുല്‍ ബസരി, ഇബ്രാഹീമുന്നഖഈ, അത്വാഅ്, മക്ഹൂല്‍ തുടങ്ങിയ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍ ജുമുഅ നമസ്കാരത്തില്‍ നാസിലതിന്റെ ഖുനൂത്ത് നിര്‍വഹിക്കുന്നതിനെ ശക്തമായി എതിര്‍ത്തു എന്ന് 'മുസ്വന്നഫ് അബ്ദുറസാഖി'ലും, 'ഇബ്നു അബീ ശൈബയി'ലും കാണാന്‍ സാധിക്കും.
ജുമുഅക്ക് ഖുനൂത്ത് നിര്‍വഹിക്കുന്നതിനെപ്പറ്റി ഇമാം മാലിക്കി(റഹിമഹുല്ലാഹ്) നോട് ചോദിച്ചപ്പോള്‍ അദ്ദേഹം അത് 'മുഹ്ദസ്' അഥവാ പുതുതായുണ്ടാക്കപ്പെട്ടതാണ് എന്ന് പറഞ്ഞിട്ടുണ്ട് [ അല്‍ ഇസ്തിദ്കാര്‍- 2/293 ]
ജുമുഅയൊഴിച്ച് മറ്റെല്ലാ ഫര്‍ദ് നമസ്ക്കാരങ്ങളിലും നാസിലതിന്റെ ഖുനൂത്ത് നിര്‍വഹിക്കാം എന്ന് ഇമാം അഹ്മദ് ബ്നു ഹമ്പല്‍ റഹിമഹുല്ലാഹ് രേഘപ്പെടുത്തിയിട്ടുണ്ട്. അലിയ്യിബ്നു അബീ ത്വാലിബ് (റ), മുഗീറത്ത് ബ്നു ശുഅബ(റ), നുഅമാന്‍ ബ്നു ബഷീര്‍(റ), ഇമാം സുഹരീ(റ), ഖതാദ(റ), സുഫ്‌യാന്‍ അല്‍ സൗരീ(റ), ഇമാം ശാഫിഈ(റ), ഇസ്ഹാഖ് ബ്നു റാഹവെയ്ഹി(റ) തുടങ്ങിയവരെല്ലാം ജുമുഅക്ക് നാസിലതിന്റെ ഖുനൂത്ത് ചൊല്ലാന്‍ പാടില്ല എന്നാ അഭിപ്രായക്കാരാണ്. ഇത് സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.
സഅദ് ബ്ന്‍ ത്വാരിഖ് അല്‍ അശ്ജഈ (റ)വില്‍ നിന്നും നിവേദനം: ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു : അല്ലയോ പിതാവേ ! താങ്കള്‍ പ്രവാചകന്റെയും(സ), അബൂബക്കറിന്റെയും(റ), ഉമറിന്റെയും(റ), ഉസ്മാന്റെയും(റ), അലിയുടെയുമെല്ലാം(റ) പിന്നില്‍ നിന്നുകൊണ്ട് നമസ്കരിച്ച ആളാണല്ലോ.. അവര്‍ സുബഹിക്ക് ഖുനൂത്ത് ചോല്ലാറുണ്ടായിരുന്നോ ?! അപ്പോള്‍ ത്വാരിഖ്(റ) പറഞ്ഞു: " മകനേ അത് പുതുതായുണ്ടാക്കപ്പെട്ടതാണ് " [ മുസ്നദ് അഹ്മദ് -15449, തിര്‍മിദി (സുബഹിയുടെ) ഖുനൂത് ഉപേക്ഷിക്കുക എന്ന ബാബില്‍ -402, ഇമാം നസാഇ (സുബഹിയുടെ) ഖുനൂത് ഉപേക്ഷിക്കുക എന്ന ബാബില്‍- 1080, ഇബ്ന്‍ മാജ - 1241 ].
മ്യാൻമറിലും, സിറിയയിലും, യമനിലും, ഫലസ്തീനിലുമെല്ലാം അറുകൊല ചെയ്യപ്പെടുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ നാളെ ലോകരക്ഷിതാവിനെ കണ്ടുമുട്ടുമ്പോള്‍ നാമെന്തു മറുപടി പറയും ?!! ..... ഈ സന്ദേശം എല്ലാവര്‍ക്കും എത്തിക്കുക... അറിവില്ലാത്തവര്‍ മനസ്സിലാക്കട്ടെ... മറന്നു പോയവര്‍ ഓര്‍ക്കട്ടെ... അങ്ങനെ നമ്മുടെ പള്ളികളില്‍ ഇത്തരം സുന്നത്തുകള്‍ അനുഷ്ടിക്കപ്പെടട്ടെ .... പ്രവാചകന്‍ പറഞ്ഞില്ലേ സത്യവിശ്വാസികള്‍ ഒരൊറ്റ ശരീരം പോലെയാണ്. ശരീരത്തിലെ ഏതെങ്കിലും ഒരവയവത്തിനു വല്ലതും പറ്റിയാല്‍ വേദനയനുഭവിച്ചും ഉറക്കമൊഴിച്ചുമെല്ലാം മറ്റു അവയവങ്ങളും അതിനോട് പ്രതികരിക്കും... അതുകൊണ്ട് പീഡിതരായ നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി നമ്മളാല്‍ ആവുന്നതെല്ലാം ചെയ്യുക... പ്രത്യേകിച്ചും നാസിലതിന്റെ ഖുനൂത്ത് പോലുള്ള സുന്നത്തുകള്‍ .....
നാസിലത്തിന്റെ ഖുനൂത്ത് നിർവഹിക്കേണ്ടതെങ്ങനെ ?!. - ലജ്നതുദ്ദാഇമ.
നാസിലത്തിന്‍റെ ഖുനൂത്ത് എപ്രകാരമാണ് ?!. അതിന്‍റെ വിധിയെന്താണ് ?!... തുടങ്ങിയ ചോദ്യങ്ങളുടെ ആധിക്യം കാരണത്താലും, അത് പ്രവാചക ചര്യയനുസരിച്ച് എപ്രകാരമാണ് നിർവഹിക്കേണ്ടത് എന്ന് അറിയേണ്ടതുള്ളതിനാലും, ചില ആളുകൾ ആ കാര്യത്തിൽ വരുത്തുന്ന വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടതിനാലും മുസ്ലിം സമുദായത്തിന് വസ്തുതകൾ വ്യക്തമാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ലജ്നതുദ്ദാഇമ താഴെ പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തുന്നത്:
ഒന്നാമതായി: മുസ്ലിമീങ്ങൾക്ക് അപകടങ്ങള്‍ വന്നു ഭവിക്കുമ്പോൾ നമസ്കാരത്തിൽ നിർവഹിക്കുവാൻ ശറഅ് നിശ്ചയിച്ചു നൽകിയ ഒരു കർമമാണ്. നാസിലത്തിന്‍റെ ഖുനൂത്ത്. സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലുമായി ഉദ്ദരിക്കപ്പെട്ടിട്ടുള്ള ധാരാളം ഹദീസുകളിലൂടെ റസൂല്‍ (സ) യില്‍ നിന്നും വളരെ സ്പഷ്ടമായ സ്ഥിരപ്പെട്ടു വന്നിട്ടുള്ള ഒരു സുന്നത്താണത്.
അനസ് ബിന് മാലിക് (റ) നിവേദനം: " قراء അഥവാ പാരായണക്കാർ എന്ന് വിളിക്കപ്പെടാറുണ്ടായിരുന്ന എഴുപത് പേരെ പ്രവാചകൻ(ﷺ) ഒരു ദൗത്യത്തിനു വേണ്ടി നിയോഗിച്ചു. അവർ ബിഅ'ർ മഊന എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് എത്തിയപ്പോൾ ബനൂ സുലൈം ഗോത്രത്തിൽ പെട്ട ദക്'വാൻ, രിഅ'ൽ എന്നീ വിഭാഗക്കാർ അവരുടെ വഴി തടഞ്ഞു. അപ്പോൾ അവർ അവരോട് പറഞ്ഞു: " നിങ്ങളുമായി ഏറ്റുമുട്ടാനല്ല ഞങ്ങൾ വന്നത്. മറിച്ച് പ്രവാചകൻ(ﷺ) പറഞ്ഞയച്ച ദൗത്യം നിർവഹിക്കാനാണ് ഞങ്ങൾ വന്നിട്ടുള്ളത്". പക്ഷെ (ആ ഗോത്രക്കാർ) ആ സ്വഹാബത്തിനെ വധിക്കുകയുണ്ടായി. അക്കാരണത്താൽ (അവർക്കെതിരെ) ഒരു മാസക്കാലത്തോളം പ്രവാചകൻ(സ) സുബഹി നമസ്കാരത്തിൽ (ശാപ) പ്രാർത്ഥന നടത്തുകയുണ്ടായി". - [ബുഖാരി 4088 - മുസ്‌ലിം 677].
ഇപ്രകാരമുള്ള പ്രസിദ്ധമായ ധാരാളം ഹദീസുകൾ ഈ വിഷയത്തിൽ കാണാവുന്നതാണ്.
രണ്ടാമതായി: മുസ്‌ലിം സമൂഹത്തെ പൊതുവിൽ ബാധിക്കുന്ന പ്രതിസന്ധികളാണ് നമസ്കാരത്തിൽ ഖുനൂത്ത് ചൊല്ലാൻ പടിപ്പിക്കപ്പെട്ടിട്ടുള്ള പ്രതിസന്ധിഘട്ടങ്ങൾ. ഉദാഹരണത്തിന് മുസ്ലിമീങ്ങൾ ശത്രുക്കളാൽ അക്രമിക്കപ്പെടുമ്പോൾ, (അന്യായമായി) അവരെ തടവിലിടുമ്പോൾ, പട്ടിണിയും വരൾച്ചയും ഉണ്ടായാൽ, പകർച്ചവ്യാധികൾ പിടിപെട്ടാൽ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ നാസിലത്തിന്റെ ഖുനൂത്ത് ചൊല്ലാവുന്നതാണ്.
മൂന്നാമതായി: ശബ്ദം ഉയർത്തിയോതുന്നവ ആയാലും (ഇഷാ, മഗ്'രിബ്, സുബഹി) , ശബ്ദം താഴ്ത്തിയോത്തുന്നവ ആയാലും (ദുഹർ, അസർ) എല്ലാ ഫർദ് നമസ്കാരങ്ങളുടെയും അവസാന റക്അത്തിലെ റുകൂഇന് ശേഷമാണ് നാസിലത്തിന്റെ ഖുനൂത്ത് നിർവഹിക്കേണ്ടത്. അതിൽ തന്നെ സുബഹി നമസ്കാരമാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്.
ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: "ഒരു മാസക്കാലത്തോളം തുടർച്ചയായി ളുഹർ, അസർ, മഗരിബ്, ഇഷാ, സുബഹി എന്നീ നമസ്കാരങ്ങളുടെ അവസാനത്തിൽ, അവസാന റക്അത്തിൽ 'സമിഅല്ലാഹു ലിമൻ ഹമിദ' എന്ന് പറഞ്ഞതിന് ശേഷം പ്രവാചകൻ(ﷺ) ഖുനൂത്ത് നിർവഹിക്കുകയുണ്ടായി. അതിൽ ബനൂ സുലൈം പ്രദേശക്കാരായ രിഅ'ൽ, ദക്'വാൻ, ഉസ്വയ്യ തുടങ്ങിയവർക്കെതിരെ (ശാപ) പ്രാർത്ഥന നിർവഹിക്കുകയും അദ്ദേഹത്തിന് പിന്നിൽ നിന്നവർ ആമീൻ പറയുകയും ചെയ്തു." - [അബൂ ദാവൂദ് 1443, അഹ്മദ് 1/302].
നാലാമതായി: നാസിലത്തിന്റെ ഖുനൂത്തിൽ ചൊല്ലാൻ പ്രത്യേകമായ പ്രാർഥനകൾ ഇല്ല. എന്നാൽ ഓരോ പ്രതിസന്ധിഘട്ടത്തിലും മുസ്ലിമീങ്ങൾ അവരനുഭവിക്കുന്ന പ്രയാസങ്ങൾക്കനുചിതമായ പ്രാർഥനയാണ് പ്രാർഥിക്കേണ്ടത്. എന്നാൽ വിത്റിന്റെ ഖുനൂത്തുമായി ബന്ധപ്പെട്ട് വന്ന 'അല്ലാഹുമ്മഹ്ദിനാ ഫീമൻ ഹദൈത് ...' എന്ന പ്രാർത്ഥനയാണ് നാസിലത്തിന്റെ ഖുനൂത്തിലും പ്രാർഥിക്കുന്നത് എങ്കിൽ അത് പ്രവാചകചര്യക്ക് എതിരാണ് എന്നു മാത്രമല്ല നാസിലതിന്റെ ഖുനൂത്ത് കൊണ്ടുള്ള ലക്ഷ്യം ആ പ്രാർത്ഥന കൊണ്ട് പൂർത്തീകരിക്കപ്പെടുന്നുമില്ല. കാരണം പ്രവാചകൻ (സ) ആ പ്രാർത്ഥന നാസിലത്തിന്റെ ഖുനൂത്തിൽ പ്രാർഥിക്കാറുണ്ടായിരുന്നില്ല. മറിച്ച് വിത്റിൽ ആ പ്രാർത്ഥന ചോല്ലാനാണ് പ്രവാചകൻ(ﷺ) ആളുകളെ പഠിപ്പിച്ചിട്ടുള്ളത്.
അഞ്ചാമതായി: പ്രതിസന്ധി ഉണ്ടായത് മുതൽ അത് നീങ്ങുന്നത് വരെ നാസിലത്തിന്റെ ഖുനൂത്ത് നിർവഹിക്കാം.
ആറാമതായി: പള്ളികളിലെ ഇമാമുമാർ - وفقهم الله - എല്ലാ കാര്യങ്ങളിലും പ്രവാചകചര്യകൾ മനസ്സിലാക്കുവാൻ പ്രയത്നിക്കുകയും, അത് പ്രാവർത്തികമാക്കുവാൻ പരിശ്രമിക്കുകയും ചെയ്യണം. കാരണം പൊതുജനങ്ങൾ അവരെയാണ് മാതൃകയാക്കുക. അവരിൽ നിന്നാണ് കാര്യങ്ങൾ മനസ്സിലാക്കുക. അതിനാൽ തന്നെ അതിരു കവിഞ്ഞുകൊണ്ടോ, വീഴ്ച വരുത്തിക്കൊണ്ടോ പ്രവാചക ചര്യക്കെതിരായ കാര്യങ്ങൾ ചെയ്യുന്നതിനെ വളരെ വളരേ സൂക്ഷിക്കണം.
അതിൽപെട്ടതാണ് വിത്റിന്‍റെയും, നാസിലത്തിന്‍റെയും ഖുനൂത്തിലെ പ്രാർത്ഥന. പദങ്ങൾ ചുരുക്കി കാര്യങ്ങൾ ഉൾക്കൊള്ളുന്ന രൂപത്തിലും, പ്രവാചകനിൽ നിന്നും സ്ഥിരപ്പെട്ട് വന്ന പ്രാർത്ഥനകളുൾക്കൊള്ളിച്ചും ഭയഭക്തിയോടെയും, ശാന്തതയോടെയും ആണ് അത് നിർവഹിക്കേണ്ടത്. വളരെയധികം ദീർഘിപ്പിച്ചും, അനാവശ്യമായി ഒരുപാട് പദങ്ങൾ അധികരിപ്പിച്ചും, സത്യവിശ്വാസികളെ ബുദ്ധിമുട്ടിക്കുന്ന രൂപത്തിലും ആയിരിക്കരുത്. മുസ്ലിമീങ്ങളെ പൊതുവായി ബാധിക്കുന്ന കാര്യങ്ങൾക്കല്ലാതെ (വ്യക്തിപരമായ കാര്യങ്ങൾക്ക്) ഇമാം നാസിലതിന്റെ ഖുനൂത്ത് നിർവഹിക്കരുത്.
(ഈ ഫത്'വയുടെ അറബി ആവശ്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക)
----------------------------------------------------------------
നാസിലത്തിന്റെ ഖുനൂത്തിൽ പ്രത്യേകമായ പ്രാർത്ഥന പഠിപ്പിക്കപ്പെട്ടിട്ടില്ലയെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയല്ലോ. എന്നാൽ പ്രവാചകൻ(ﷺ) മുസ്‌ലിം സമൂഹം ആക്രമിക്കപ്പെടുമ്പോൾ രിഅ'ൽ, ദക്'വാൻ, ഉസ്വയ്യ തുടങ്ങിയ ഗോത്രങ്ങൾക്കെതിരെ പ്രാർഥിച്ച പ്രാർത്ഥന തന്നെ പ്രാർഥിക്കാവുന്നതാണ്. കാരണം അതിന്റെ പശ്ചാത്തലം ഒന്നാണല്ലോ. അതിൽ ശത്രുക്കളുടെ പേരും, ആക്രമിക്കപ്പെടുന്ന വിശ്വാസികളുടെ പേരും മാത്രം വ്യത്യാസപ്പെടുത്തിയാൽ മതി.
അബൂ ഹുറൈറ ഉദ്ദരിച്ച റിപ്പോർട്ടിൽ പ്രവാചകൻ(ﷺ) പ്രാർഥിച്ച പ്രാർത്ഥന കാണാം:
അബൂ ഹുറൈറ നിവേദനം: "പ്രവാചകന്‍(ﷺ) ഇഷാ നമസ്കാരത്തിലെ അവസാന റക് അത്തില്‍ 'സമിഅല്ലാഹു ലിമന്‍ ഹമിദ' എന്ന് പറഞ്ഞത്തിനു ശേഷം ഇപ്രകാരം ഖുനൂത്ത് ചൊല്ലാറുണ്ടായിരുന്നു. അല്ലാഹുവേ അയ്യാഷ് ബ്നു അബീ റബീഅയെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ വലീദ് ബ്നുല്‍ വലീദിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സലമത് ബ്നു ഹിശാമിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സത്യവിശ്വാസികളില്‍ നിന്നും ദുര്‍ബലരായിട്ടുള്ളവരെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ മുളര്‍ ഗോത്രത്തിനെ നീ കഠിനമായ രൂപത്തില്‍ പിടികൂടണേ... അല്ലാഹുവേ അവരുടെ മേല്‍ (നിന്‍റെ ശിക്ഷ) യുസുഫ് അലൈഹിസ്സലാമിന്‍റെ സമുദായത്തിനുണ്ടായ (വരള്‍ച്ചയുടെ) വര്‍ഷങ്ങളെപ്പോലെയുള്ള വര്‍ഷങ്ങളാക്കിത്തീര്‍ക്കേണമേ". - [ബുഖാരി].
ഇവിടെ സംരക്ഷണവും സഹായവും ആവശ്യപ്പെടുന്നിടത്ത് ഹദീസിൽ പരാമർശിക്കപ്പെട്ട സ്വഹാബിമാർക്ക് പകരം അക്രമിക്കപ്പെടുന്ന വിശ്വാസികളുടെയോ, അവരുടെ പ്രദേശത്തിന്റെയോ നാമം ചേർത്താൽ മതി. ശാപത്തിന് വേണ്ടി പറയുന്നിടത്ത് അക്രമികളുടെയും പേര് ചേർക്കാം. അതുവഴി പ്രവാചക ചര്യക്കനുസൃതമായി അമിതമായി ദീർഘിപ്പിക്കാതെയും, അമിതമായ പദങ്ങൾ ഉൾക്കൊള്ളിക്കാതെയും പ്രവാചകൻ(ﷺ) നിർവഹിച്ച രൂപത്തിൽ തന്നെ നമുക്ക് നിർവഹിക്കാൻ സാധിക്കുകയും ചെയ്യുന്നു.
മതവിദ്യാർത്ഥികളും പ്രബോധകരും ഈ വിഷയം പഠിച്ച് സ്വന്തം നാട്ടിലും പള്ളികളിലുമെല്ലാം നടപ്പാക്കുക... നാസ്സിലത്തിന്റെ ഖുനൂത്തിനെയും ഒരുപക്ഷെ സാധാരണക്കാര്‍ ഒരു ബിദ്അത്തായി എണ്ണിയേക്കാവുന്ന കാലം വിദൂരമല്ല... അതുകൊണ്ട് പ്രവാചകന്റെ ഈ സുന്നത്തിനെ പുനര്‍ജീവിപ്പിക്കാന്‍ പരിശ്രമിക്കുക... പ്രത്യേകിച്ചും നാമിന്നു കടന്നു പോകുന്ന ഈ ദുഃഖകരമായ സാഹചര്യത്തില്‍ ... ഒരാള്‍ കാരണം ആരൊക്കെ ഒരു നന്മ ചെയ്യുന്നുവോ അവരുടെയെല്ലാം പ്രതിഫലം അവനുണ്ടാകും ..... അല്ലാഹു അനുഗ്രഹിക്കട്ടെ ...