Saturday, December 31, 2016

സോക്സിന് മേല്‍ തടവല്‍ - ഒരു പഠനം



ചോദ്യം:
വുളു എടുക്കുമ്പോള്‍ നമ്മള്‍ സാധാരണ ധരിക്കാറുള്ള സോക്സിന് മുകളില്‍ തടവാമോ ?.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

വുളുവോട് കൂടി ധരിച്ച കാലുറക്ക് മുകളില്‍ തടവല്‍ നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ടുവന്ന സുന്നത്താണ്. ഭൂരിപക്ഷം പണ്ഡിതന്മാരും നാം ഇന്ന് കാണുന്ന സോക്സും ആ ഇനത്തില്‍ പെടും എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. തണുപ്പിന് ഉപയോഗിക്കാറുള്ള നല്ല കട്ടിയുള്ള സോക്സിന് മേലും, അതുപോലെ എല്ലാ കാലാവസ്ഥകളിലും പറ്റുന്ന നാം സാധാരണ ഉപയോഗിക്കാറുള്ള  വലിയ കട്ടിയില്ലാത്തതും നന്നേ നേരിയതുമല്ലാത്ത ഇടത്തരം സോക്സിന് മേലും തടവാം. എന്നാല്‍ നന്നേ നേര്‍ത്തതായ സോക്സിന് മേല്‍ തടവാവതല്ല എന്നതാണ് സൂക്ഷ്മത. അതുപോലെ കാലുറക്ക് മേല്‍ തടവല്‍ അനുവദിക്കപ്പെടുന്നതിന് പൊതുവായുള്ള അതിന്‍റേതായ നിബന്ധനകളുമുണ്ട്. ഇതാണ് ഈ വിഷയത്തില്‍ ചുരുക്കിപ്പറയാന്‍ സാധിക്കുന്നത്. والله أعلم

വിശദമായി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തുടര്‍ന്ന് വായിക്കാവുന്നതാണ്. ഈ വിഷയ സംബന്ധമായ ചര്‍ച്ചകളെ വേര്‍തിരിച്ച് വ്യക്തമാക്കാം. വ്യത്യസ്ഥ പണ്ഡിതാഭിപ്രായങ്ങളും സംക്ഷിപ്തമായി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്:

 കാലുറക്ക് മുകളില്‍ തടവുന്നതിന്‍റെ നിബന്ധന: 

ഒന്ന്:
അവ അംഗ ശുദ്ധി വരുത്തിയ ശേഷം ധരിച്ചതായിരിക്കണം. പലപ്പോഴും കാലുറക്ക് മുകളില്‍ തടവുന്ന പലരും അവ വുളുവിന് ശേഷം ധരിച്ചതാണോ എന്നത് പരിഗണിക്കാറില്ല. ഇത് ശരിയല്ല. വുളുവോടു കൂടി അവ ധരിച്ചവര്‍ക്കെ അതിനുമേല്‍ തടയുവാനുള്ള ഇളവുള്ളൂ.

രണ്ട്:
അവയില്‍ നജാസത്ത് ഉണ്ടാകാന്‍ പാടില്ല. (അഥവാ നജാസത്ത് ഉള്ളതായി നമുക്ക് അറിയുമെങ്കില്‍ അതിനുമേല്‍ തടവാന്‍ പാടില്ല എന്നതാണ് ഇവിടെ ഉദ്ദേശിച്ചത്. ഊഹമോ വസ്'വാസോ ബാധകമല്ല).

മൂന്ന്:
'ചെറിയ അശുദ്ധി' അഥവാ വുളു നിര്‍ബന്ധമാകുന്ന കാര്യത്തില്‍ മാത്രമേ തടവുവാനുള്ള ഇളവുള്ളൂ. എന്നാല്‍ ഒരാള്‍ക്ക് വലിയ അശുദ്ധി ഉണ്ടാകുകയും കുളി നിര്‍ബന്ധമാകുകയും ചെയ്‌താല്‍ അവിടെ തടവല്‍ ഇല്ല.

നാല്: തടവാന്‍ അനുവദിക്കപ്പെട്ട സമയപരിധി അവസാനിച്ചിരിക്കാന്‍ പാടില്ല. യാത്രക്കാരന് മൂന്ന്‍ ദിനരാത്രങ്ങളും അല്ലാത്തവന് ഒര് രാവും പകലും മാത്രമേ സമയപരിധിയുള്ളൂ.

അഞ്ച്:
വുളുവിന്‍റെ അവയവം പൂര്‍ണമായി മറയുന്നതാകണം എന്ന നിബന്ധന നാല് മദ്ഹബിന്‍റെ ഇമാമീങ്ങളും പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇമാം ഇബ്നു ഹസം അത് നിര്‍ബന്ധമില്ല എന്ന അഭിപ്രായക്കാരനാണ്. കാലുറയില്‍ ദ്വാരമോ മറ്റോ വീണാല്‍ അത് തടവുന്നതിന് തടസ്സമല്ല എന്നതാണ് പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം നബി (സ) യുടെ കാലത്തും ആ അവസ്ഥ ഉണ്ടാകുമായിരുന്നുവല്ലോ. പ്രത്യേകിച്ചും സ്വഹാബത്തില്‍ ധാരാളം പേര്‍ ദാരിദ്രരായിരുന്നു. ദ്വാരമുള്ളതും ഇല്ലാത്തതുമായ കാലുറ അവര്‍ ഉപയോഗിച്ചിരിക്കാം. എന്നാല്‍ ദ്വാരമുള്ളവയില്‍ തടവരുത് എനദ്ദേഹം നിര്‍ദേശിച്ചില്ല. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

തുകല്‍ കൊണ്ടല്ലാതെ നിര്‍മ്മിക്കപ്പെട്ട കാലുറക്ക് മേല്‍ തടവാമോ.


തുകല്‍ കൊണ്ടുള്ള കാലുറക്ക് خف എന്നും, കോട്ടന്‍, ചണം തുടങ്ങിയവ കൊണ്ടുള്ള കാലുറക്ക് جورب എന്നുമാണ് അറബിയില്‍ പ്രയോഗിക്കാറുള്ളത്.  ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ അതപ്രകാരം രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. - [ مواهب الجليل : 1/318 നോക്കുക].  

ചില ഹദീസുകളില്‍ നബി (സ)  مَسَحَ عَلَى الْجَوْرَبَيْنِ وَالنَّعْلَيْنِ ജൗറബിനും ചെരുപ്പിനും മുകളില്‍ തടവി എന്ന് പ്രത്യേകം പരാമര്‍ശവിധേയമായിത്തന്നെ വന്നിട്ടുണ്ട്. പക്ഷെ അപ്രകാരം ജൗറബ് എന്ന് പ്രത്യേകം പരാമര്‍ശവിധേയമായി വന്ന ഹദീസുകള്‍ ദുര്‍ബലമാണ്.  ഇമാം അഹ്മദ് (റ), സുഫ്‌യാന്‍ അസൗരി (റ), ഇബ്ന്‍ മഈന്‍ (റ), ഇമാം മുസ്‌ലിം (റ), ഇമാം നസാഇ (റ), ഇമാം ദാറഖുത്വനി (റ), ഇമാം ബൈഹഖി (റ) തുടങ്ങിയവരെല്ലാം جورب പരാമര്‍ശിക്കപ്പെട്ട ഹദീസ് ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ജൗറബിന് മുകളില്‍ (അഥവാ
കോട്ട
, ചണം തുടങ്ങി തുണികൊണ്ടുള്ള കാലുറ) തടവിയതായി നബി (സ) യുടെ സ്വഹാബത്തില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. ഇമാം ഇബ്നുല്‍ മുന്‍ദിര്‍ (റ) പറയുന്നു: 

" رُوِيَ إِبَاحَةُ الْمَسْحِ عَلَى الْجَوْرَبَيْنِ عَنْ تِسْعَةٍ مِنْ أَصْحَابِ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : عَلِيِّ بْنِ أَبِي طَالِبٍ ، وَعَمَّارِ بْنِ يَاسِرٍ ، وَأَبِي مَسْعُودِ ، وَأَنَسِ بْنِ مَالِكٍ ، وَابْنِ عُمَرَ ، وَالْبَرَاءِ بْنِ عَازِبٍ ، وَبِلَالٍ ، وَأَبِي أُمَامَةَ ، وَسَهْلِ بْنِ سَعْدٍ ". 

 "ജൗറബിന് (കോട്ട
, ചണം തുടങ്ങി തുണികൊണ്ടുള്ള കാലുറയുടെ) മുകളില്‍ തടവല്‍ ഒന്‍പത് സ്വഹാബിമാരില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്: അലിയ്യ് ബ്ന്‍ അബീത്വാലിബ്‌ (റ), അമ്മാര്‍ ബ്ന്‍ യാസിര്‍ (റ), അബൂ മസ്ഊദ് (റ), അനസ് ബ്ന്‍ മാലിക്ക് (റ), ഇബ്നു ഉമര്‍ (റ), ബറാഅ് ബ്ന്‍ ആസിബ് (റ), ബിലാല്‍ (റ), അബൂ ഉമാമ (റ), സഹ്ല്‍ ബ്ന്‍ സഅദ് (റ)" - [الأوسط : 1/462].  

ഇവരെക്കൂടാതെ മറ്റ് നാല് സ്വഹാബിമാരില്‍ നിന്ന് കൂടി ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട് എന്ന് ഇമാം അബൂദാവൂദ് (റ) യെ ഉദ്ദരിച്ചുകൊണ്ട് ഇമാം ഇബ്നുല്‍ ഖയ്യിം (റ) വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു: 

"وَزَادَ أَبُو دَاوُدَ : وَأَبُو أُمَامَةَ , وَعَمْرُو بْنُ حُرَيْثٍ , وَعُمَرُ , وَابْنُ عَبَّاسٍ . فَهَؤُلَاءِ ثَلَاثَة عَشَر صَحَابِيًّا . وَالْعُمْدَة فِي الْجَوَاز عَلَى هَؤُلَاءِ رَضِيَ اللَّه عَنْهُمْ لَا عَلَى حَدِيث أَبِي قَيْسٍ"

"അബൂദാവൂദ് (റ) ഈ സ്വഹാബിമാരുടെ പേരുകള്‍ കൂടി അതിലുള്‍പ്പെടുത്തി: അബൂ ഉമാമ (റ), അംറു ബ്നു ഹുറൈസ് (റ), ഉമര്‍ (റ), ഇബ്നു അബ്ബാസ് (റ). അതുകൊണ്ടുതന്നെ അപ്രകാരം തടവിയ സ്വഹാബാക്കളുടെ എണ്ണം പതിമൂന്നായിത്തീരുന്നു. ഈ വിഷയത്തില്‍ ജൗറബിന് മുകളില്‍ തടവല്‍ അനുവദനീയമാണ് എന്നതിനുള്ള  അവലംബം ആ സ്വഹാബാക്കളുടെ പ്രവര്‍ത്തനമാണ്. അബൂ ഖൈസ് ഉദ്ദരിച്ച ഹദീസ് അല്ല." - [تهذيب سنن أبي داود : 1/87].

ഇമാം അഹ്മദ് (റ) ഈ ഹദീസ് ദുര്‍ബലമാണ് എന്ന് പറഞ്ഞതിനോടൊപ്പം തന്നെ ജൗറബിന് മുകളില്‍ തടവുന്നതിന് കുഴപ്പമില്ല എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. അത് അദ്ദേഹത്തിന്‍റെ നീതിബോധമാണ് എന്നും തുടര്‍ന്ന് ഇബ്നുല്‍ ഖയ്യിം രേഖപ്പെടുത്തുന്നുണ്ട്.

ഏതായാലും തുകല്‍ കൊണ്ടല്ലാതെ ചണം കൊണ്ടോ കോട്ടൺ  കൊണ്ടോ മറ്റേതെങ്കിലും വസ്തുക്കള്‍ കൊണ്ടോ നിര്‍മിക്കപ്പെട്ട കാലുറയുടെ മേലും തടവാം എന്നത് സ്വഹാബത്തിന്‍റെ പ്രവര്‍ത്തിയില്‍ നിന്ന് തന്നെ മനസ്സിലാക്കാവുന്ന കാര്യമാണ്. അതുപോലെ خف തുകല്‍ കൊണ്ടും جورب ചണം, കോട്ടൺ, കമ്പിളി തുടങ്ങിയവ കൊണ്ടും നിര്‍മ്മിക്കപ്പെട്ടു എന്ന വ്യത്യാസം അതിന്‍റെ മതവിധിയില്‍ വ്യത്യാസമുണ്ടാക്കുന്ന ഒന്നല്ല. രണ്ടിന്‍റെ മേലും തടവുവാനുള്ള സാഹചര്യവും ആവശ്യകതയും ഒരുപോലെയാണ് എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) യും വ്യക്തമാക്കിയിട്ടുണ്ട്. - [مجموع فتاوى : 21/214 നോക്കുക].  

സോക്സ്‌ കട്ടിയുള്ളതാകേണ്ടതുണ്ടോ ?. അതല്ല വളരെ നേര്‍ത്ത സോക്സിന് മേല്‍ തടവാമോ ?. 

ഇട്ടുകൊണ്ട്‌ നടക്കാന്‍ സാധിക്കുന്നതും, കാലിന്‍റെ നിറം പുറത്ത് കാണിക്കാത്തതും, വുളുവിന്‍റെ അവയവം മറക്കുന്നതുമായ  സോക്സ്‌ ആയിരിക്കണം എന്നതാണ് ബഹുഭൂരിപക്ഷാഭിപ്രായം.

ഇമാം അഹ്മദ് (റ) പറയുന്നു: 

" لَا يُجْزِئُهُ الْمَسْحُ عَلَى الْجَوْرَبِ حَتَّى يَكُونَ جَوْرَبًا صَفِيقًا... إنَّمَا مَسَحَ الْقَوْمُ عَلَى الْجَوْرَبَيْنِ أَنَّهُ كَانَ عِنْدَهُمْ بِمَنْزِلَةِ الْخُفِّ ، يَقُومُ مَقَامَ الْخُفِّ فِي رِجْلِ الرَّجُلِ ، يَذْهَبُ فِيهِ الرَّجُلُ وَيَجِيءُ "

"കട്ടിയുള്ളതാണെങ്കിലല്ലാതെ ജൗറബിന് മുകളില്‍ തടവല്‍ അനുവദനീയമല്ല. തങ്ങള്‍ خف (തുകല്‍ കാലുറ) ഉപയോഗിക്കുന്ന അതേ സ്ഥാനത്തുപയോഗിച്ചിരുന്ന ഒന്നായതിനാലാണ് മുന്‍ഗാമികള്‍ അതിനുമേല്‍ തടവിയത്. ഒരാളുടെ കാലില്‍ തുകല്‍ കാലുറ ഉപയോഗിക്കുന്നത് പോലെത്തന്നെയായിരുന്നു അതും. അതിട്ട് അവര്‍ നടന്നു പോകുകയും വരുകയും ചെയ്യുമായിരുന്നു." - [المغني لابن قدامة : 1/216].  ഇതേ അഭിപ്രായം ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) യും രേഖപ്പെടുത്തിയിട്ടുണ്ട്. - [مجموع الفتاوى: (21/213)]
 
ലജനതുദ്ദാഇമയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം: 

" يجب أن يكون الجورب صفيقاً ، لا يَشِفُّ عما تحته".

"(സോക്സിന് മേല്‍ തടവാന്‍) അതിന്‍റെ ഉള്ളിലുള്ളത് പ്രകടമാക്കാത്ത വിധം കട്ടിയുള്ളതായിരിക്കണം." - [5/267].

ശൈഖ് മുഹമ്മദ്‌ ബ്ന്‍ ഇബ്റാഹീം (റ) പറയുന്നു: 

" أَما إِذا كان الشرَّاب رقيقاً حيث يصف البشرة ... فإِنه لا يمسح عليه ".

 "സോക്സ്‌ കാലിന്‍റെ നിറം പ്രകടമാകുന്ന രൂപത്തില്‍ നേര്‍ത്തതാണ് എങ്കില്‍ അതിനു മേല്‍ തടവാന്‍ പാടില്ല." - [فتاوى الشيخ محمد بن إبراهيم" (2/ 68)].

 ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു: 

من شرط المسح على الجوارب : أن يكون صفيقا ساتراً ، فإن كان شفافاً لم يجز المسح عليه

"സോക്സിന് മുകളില്‍ തടവുന്നതിനുള്ള നിബന്ധനയില്‍ പെട്ടതാണ്: അത് കട്ടിയുള്ളതും വുളുവിന്‍റെ അവയവം മറക്കുന്നതുമായിരിക്കണം. എന്നാല്‍ ഉള്ളിലേക്ക് കാണുന്ന രൂപത്തില്‍ നേര്‍ത്തതാണെങ്കില്‍ അതിന്‍റെ മേല്‍ തടവാവതല്ല. - [فتاوى الشيخ ابن باز: (10/110)].

എന്നാല്‍ ചില പണ്ഡിതന്മാര്‍ നിരുപാധികം തടവാം എന്ന അഭിപ്രായക്കാരാണ്. അപ്രകാരം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് എന്നതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു: 

" وَحَكَى أَصْحَابُنَا عَنْ عُمَرَ وَعَلِيٍّ رَضِيَ اللَّهُ عَنْهُمَا جَوَازَ الْمَسْحِ عَلَى الْجَوْرَبِ وَإِنْ كَانَ رَقِيقًا ، وحكوه عن أبي يوسف ومحمد واسحق وَدَاوُد " .

"നമ്മുടെ ഇമാമീങ്ങള്‍ ഉമര്‍ (റ)വില്‍ നിന്നും, അലി (റ) വില്‍ നിന്നും നേര്‍ത്തതാണെങ്കില്‍പോലും ജൗറബിന് മേല്‍ തടവാം എന്ന് ഉദ്ദരിച്ചിട്ടുണ്ട്. അതുപോലെ ഇമാം ഖാളി അബൂ യൂസുഫില്‍ നിന്നും ഇമാം മുഹമ്മദ്‌ ബ്ന്‍ ഹസന്‍ അശൈബാനിയില്‍ നിന്നും, ഇസ്ഹാഖ് ബ്ന്‍ റാഹവൈഹിയില്‍ നിന്നും ദാവൂദ് അസ്ഖ്തിയാനിയില്‍ നിന്നും അവരതുദ്ദരിച്ചിട്ടുണ്ട്." - [
المجموع  (1/500)].

 കട്ടിയുള്ളത് നേര്‍ത്തത് എന്ന വ്യത്യാസമില്ലാതെ തടവാം എന്ന അഭിപ്രായമാണ് ശൈഖ് അല്‍ബാനി (റ), ശൈഖ് ഇബ്നു ഉസൈമീന്‍ (റ) തുടങ്ങിയവര്‍ പ്രബലമായ അഭിപ്രായമായി സ്വീകരിച്ചിട്ടുള്ളത്.

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു:

يجوز المسح على الخف المخرق ويجوز المسح على الخف الخفيف، لأن كثيراً من الصحابة كانوا فقراء، وغالب الفقراء لا تخلوا خِفافهم من خروق، فإذا كان هذا غالباً أو كثيراً في قوم في عهد الرسول صلى الله عليه وسلم، ولم يُنبّه عليه الرسول صلى الله عليه وسلم، دلّ ذلك على أنه ليس بشرط، ولأنه ليس المقصود من الخف ستر البشرة، وإنما المقصود من الخف أن يكون مدفئاً للرجل، ونافعاً لها، وإنما أجيز المسح على الخف، لأن نزعه يشق، وهذا لا فرق فيه بين الجورب الخفيف والجورب الثقيل، ولا بين الجورب المخرق والجورب السليم، والمهم أنه ما دام اسم الخف باقياً، فإن المسح عليه جائز لما سبق من الدليل.

"ദ്വാരം വീണതോ നേര്‍ത്തതോ ആയ കാലുറയാണെങ്കിലും അതിന് മുകളില്‍ തടവാം. കാരണം സ്വഹാബത്തില്‍ പലരും ദാരിദ്രരായിരുന്നു. ദരിദ്രരുടെ കാലുറകള്‍ പലപ്പോഴും ദ്വാരം വീണതായിരിക്കും. നബി (സ) യുടെ കാലത്ത് ആളുകള്‍ക്കിടയില്‍ ഭൂരിഭാഗവും അതല്ലെങ്കില്‍ ധാരാളം പേര്‍ക്കിടയില്‍  ഉണ്ടായിരുന്ന ഒരവസ്ഥയായിട്ട് കൂടി നബി (സ) അതിനെക്കുറിച്ച് പാടില്ല എന്ന് പ്രത്യേകം അനുശാസിച്ചില്ല. അതുകൊണ്ട് (ദ്വാരമുണ്ടാകാതിരിക്കുക, കട്ടിയുണ്ടാകുക) എന്നത് ഒരു നിബന്ധനയല്ല എന്ന് അതര്‍ത്ഥമാക്കുന്നു. കാരണം കാലിന്‍റെ തൊലി കാണാത്ത വിധം മറക്കുക എന്നതല്ല കാലുറയുടെ ലക്ഷ്യം. മറിച്ച് കാലിന് ചൂട് നല്‍കുകയും, ഉപകാരപ്പെടുകയും ചെയ്യുക എന്നതാണ് അതിന്‍റെ ലക്ഷ്യം. അത് (വുളുവെദുക്കുമ്പോഴെല്ലാം) ഊരുക എന്നത് പ്രയാസകരമാണ് എന്നതിനാലാണ് അതിനു മേല്‍ തടവല്‍ അനുവദിക്കപ്പെട്ടത്. ഈ കാര്യത്തില്‍ കട്ടിയുള്ള സോക്സോ നേരിയ സോക്സോ തമ്മില്‍ വ്യത്യാസമില്ല. ദ്വാരം വീണതോ വീഴാത്തതോ ആയവ തമ്മിലും വ്യത്യാസമില്ല. അതിന് കാലുറ എന്ന പേര് നിലനില്‍ക്കുന്നോ എന്നതാണ് സുപ്രധാനം. മുന്‍പ് ഉദ്ദരിച്ച തെളിവ് പ്രകാരം അതിനു മേല്‍ തടവല്‍ അനുവദനീയമാണ്" - [مجموع فتاوى ورسائل الشيخ محمد صالح العثيمين - المجلد الحادي عشر - باب المسح على الخفين.]

അഥവാ നബി (സ) യുടെ കാലത്ത് തന്നെ തുകല്‍ കൊണ്ട് നിര്‍മ്മിച്ചതും അല്ലാത്തതുമായ കാലുറകളുണ്ട്. ദ്വാരം വീഴുക, നേര്‍ത്തതോ കട്ടിയുള്ളതോ ആയ കാലുറകളുണ്ടാകുക എന്നതെല്ലാം അന്നും ഉള്ള അവസ്ഥകളായിരിക്കുമല്ലോ. പ്രത്യേകിച്ചും ദാരിദ്ര്യം അതിന്‍റെ മൂര്‍ധന്യത്തില്‍ നിന്നിരുന്ന ആ കാലത്ത്. പക്ഷെ അതിനെക്കുറിച്ച് നബി (സ) പ്രതിപാദിക്കുകയോ കട്ടിയുള്ളതും ദ്വാരം വീഴാത്തതും മാത്രമേ തടവാന്‍ അനുയോജ്യമാവുകയുള്ളൂ എന്ന് പഠിപ്പിക്കുകയോ ചെയ്തില്ല. ശൈഖ് ഇബ്നു ഉസൈമീന്‍ (റ) യുടെ മറുപടി വളരെ ശക്തവും കൂടുതല്‍ പ്രായോഗികവുമാണ്. എങ്കിലും ഇന്ന് കാണുന്ന  വളരെ നേരിയ സോക്സിന് മേല്‍ തടവാതിരിക്കലാണ് സൂക്ഷ്മത.

സ്വാഭാവികമായും എത്രത്തോളം കട്ടിയുള്ളതായിരിക്കണം എന്ന് പറയുക പ്രയാസമാണ്. സാധാരണ നാം ഇന്ന് കണ്ടുവരുന്നത് മൂന്ന് തരം സോക്സുകളാണ്   തണുപ്പിന് ഉപയോഗിക്കുന്ന നല്ല കട്ടിയുള്ള കോട്ടന്‍ കൊണ്ടോ കമ്പിളി കൊണ്ടോ ഉണ്ടാക്കിയ സോക്സ്‌,  സാധാരണ എല്ലാ കാലാവസ്ഥകളിലും ഉപയോഗിക്കുന്ന
അത്രതന്നെ കട്ടിയില്ലാത്തതും വളരെ  നേരിയതുമല്ലാത്ത തരത്തിലുള്ള സാധാരണ  സോക്സ്‌, വളരെ നേര്‍ത്ത രൂപത്തിലുള്ള സോക്സ്‌. ഇതില്‍ ആദ്യത്തെ രണ്ട് രൂപത്തിലുള്ള സോക്സിന് മുകളിലും തടവാം. വളരെ നേര്‍ത്ത സോക്സിന് മുകളില്‍ തടവാവതല്ല എന്നതാണ് സൂക്ഷ്മത ഈ വിഷയത്തിലെ അഭിപ്രായ ഭിന്നതയും വ്യത്യസ്ഥ അഭിപ്രായങ്ങളും നാം നേരത്തെ സൂചിപ്പിച്ചുവല്ലോ. അല്ലാഹുവാണ് കൂടുതല്‍ അറിയുവന്‍... 
____________________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Thursday, December 29, 2016

AN EXCLUSIVE WORKSHOP REGARDING ROHINGYAN REFUGEE CAMP.

റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷെയർ ചെയ്തതുകൊണ്ടായില്ല ...
ക്രിയാത്മകമായ ഇടപെടലുകൾ അവരിലേക്ക്‌ എതേണ്ടതുണ്ട് ....
താങ്കൾക്കും ഇവരെ പറ്റി അറിയാനും സംശയങ്ങൾ തീർക്കാനും ആണ് ഇന്നത്തെ വർക്ക്‌ ഷോപ്പ്

അഭയാർത്ഥികൾക്ക് നൂറു പ്രശ്നങ്ങൾ ഉണ്ട് ...ഒരു പക്ഷെ അവയിലേതെങ്കിലും ഒന്ന് നമുക്ക് കൂട്ടമായി പരിഹരിക്കാം ..

ഷെൽറ്റെർ വളണ്ടിയർ വർക്ക്‌ ഷോപ്പ്

UBAIS ZAINUL ABIDEEN (REFUGEE VOLUNTEER )
29-12-2016 TODAY 7PM
KADEEJA MAL
PULIKKAL
9061100160
ALL ARE WELCOME

Monday, December 26, 2016

റോഹിങ്ക്യൻ അഭയാർത്ഥികൾക്കായി നമുക്ക് കൈകോർക്കാം - HELP ROHINGYAN REFUGEES

വളരെ പ്രാധാന്യമർഹിക്കുന്ന ഈ മെസേജ് എന്റെ പ്രിയപ്പെട്ട  വായനക്കാരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു... കഴിയുന്ന രൂപത്തിൽ സഹകരിക്കുക ...

A Message worth sharing with my readers from SHELTER INDIA... Do your best ...Barakallah feekum
_____________________________

💧റോഹിൻഗ്യ .....(PLEASE SHARE IF YOU LOVE THEM)

*PROJECT CODE:12/16 ROHINGYA*

👁കണ്ണുകൾ നിറച്ച ആ ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാകും .... വർഗ്ഗീയതക്ക് മുന്നിൽ നിസ്സഹായതയോടെ മരണം മുന്നിൽ കണ്ടു ഒന്ന് കരയാൻ പോലും സാധിക്കാത്ത മനുഷ്യ കോലങ്ങൾ ...
💣.മനുഷ്യത്വം അവശേഷിക്കുന്നവർക്കു കണ്ടു നിൽക്കാൻ പോലും കഴിയാത്ത ക്രൂരതയുടെ ഇരകൾ .... എല്ലാവരും ഫോട്ടോകൾ ഷെയർ ചെയ്തു ലോകം ഈ ക്രൂരത കണ്ടു ....
⛵വീടും സ്വന്തവും നഷ്ടപ്പെട്ട് അഭയാർത്ഥികളായ ഈ മനുഷ്യർക്ക്‌ വേണ്ടി എന്തു ചെയ്യാൻ കഴിയും എന്ന അന്വേഷണത്തിലായിരുന്നു ഷെൽറ്റെർ

🚨അങ്ങിനെ ആണ് ഇവരുടെ ഇടയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരുമായി ഷെൽറ്റെർ ബന്ധപ്പെടുന്നത് ...

ഇന്ത്യ രാജ്യത്തു വിവിധ സ്ഥലങ്ങളിൽ ഇവർ അഭയാർഥികളായി കഴിയുന്നുണ്ട് ....അവർ കൊണ്ട് വന്നതു  അവരുടെ ശരീരവും അവശേഷിക്കുന്ന കുടുംബാങ്ങങ്ങളെയും മാത്രമാണ് ....

അവർക്ക് അനേകം ആവശ്യങ്ങൾ ഉണ്ട് ...അത് നിർവഹിച്ചു കൊടുക്കാൻ നമ്മളൊക്കെ തന്നെ മാത്രമേ ഉള്ളൂ ...
🌧ഉത്തരേന്ത്യയിലെ കഠിന തണുപ്പിൽ ക്യാമ്പുകളിൽ ശരിയായ വസ്ത്രം പോലും ഇല്ലാതെ ആണ് അവർ ജീവിക്കുന്നത് ...അവർക്ക് കിടക്കാനും പുതക്കാനും *റജായി* എന്ന കമ്പിളി നാം നൽകാൻ ഉദ്ദേശിക്കുന്നു .

..ഒരു കുടുംബത്തിനു ഈ പുതപ്പുകൾ നൽകാൻ ശരാശരി *1000* രൂപ നാം കണക്കാക്കിയിരുന്നു ....

നിങ്ങളുടെ ഒരു വിഹിതം പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ ഉള്ള നൂറു കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഈ ആരും തുണയില്ലാത്തവരുടെ സഹായത്തിനാവട്ടെ....  അവർക്ക് വേണ്ടി നമ്മുടെ ഡ്രസ്സ് ബാങ്ക് വസ്ത്രങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുന്നു ...
സഹകരിക്കുക ....നമുക്ക് ഒരുമിച്ചു ഈ ലക്‌ഷ്യം പൂർത്തി ആക്കാം ....

*SHELTER HELP THE POOR*
*LOCAL COORDINATOR :UBAIS ZAINUL ABIDHEEN*
*RAJAYI 1000/PC*

💧ചെറിയ ശ്രമങ്ങൾ  വലിയ മാറ്റങ്ങൾ  ഉണ്ടാക്കും  ....💦💦💦
✔📝ഒന്ന് ശ്രമിച്ചു നോക്കൂ  .
💡💡..ഷെൽറ്റെരിനെ കൂട്ടുകാർക്ക്  പരിചയപെടുത്തൂ 💡💡
💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠
SHELTER INDIA
1⃣ AbduRahiman Madani
CO ORDINATOR SHELTER PROJECTS
9744668855‍
2⃣ Dr.Shabeel 9447197486 [Whatsapp]
3⃣ SHELTER INDIA  9061099550

BANK DETAILS

1-bank  = S B T
A/C Name =SHELTER INDIA
A/C NO=67339758780
Branch =CHERUKAVU ADB
IFSC = SBTR 0000443
2-Bank  =FEDRAL BANK
Name =SHELTER INDIA
A/C NO= 20670200001093
IFSC=FDRL 0002067
Branch =PULIKKAL
Shelter India
Andiyoorkunnu Road
Pulikkal Malappuram
Pin 673637
toshelterindia@gmail.com
PH=00919061099550
04832793450
⛱⛱⛱⛱⛱⛱⛱⛱⛱
Like us www.facebook.com/shelterindia.org

Saturday, December 17, 2016

ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ - ഇസ്‌ലാമിക വിധി



ചോദ്യം: 'ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍' ചികിത്സ ഇന്ന് വ്യാപകമാണല്ലോ. അതിന്‍റെ ഇസ്‌ലാമിക വിധി എന്താണ് ?.

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

കഷണ്ടിക്ക് ഇന്ന്‍ നിലവിലുള്ള ഏറ്റവും പ്രായോഗികമായ ഒരു ചികിത്സാ രീതിയാണ്
ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ. വൈദ്യശാസ്ത്രപരമായി ശരീരത്തിലെ 'ഡോണര്‍ സൈറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുടിയുള്ള ഭാഗത്തുനിന്നും എടുക്കുന്ന 'ഹെയര്‍ ഫോളിക്ക്ള്‍സ്' കഷണ്ടിയുള്ള ഭാഗത്ത് ശാസ്ത്രക്രിയയിലൂടെ നിക്ഷേപിച്ചാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ നിര്‍വഹിക്കുന്നത്. ശേഷം അവിടെ സാധാരണപോലെ മുടി വളരുകയും ചെയ്യും. ഈ ചികിത്സ അനുവദനീയമാണ്. കാരണം ഇത് അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുക എന്ന ഗണത്തില്‍പ്പെട്ടതല്ല. മറിച്ച് കാലക്രമേണ ശരീരത്തിലോ അവയവങ്ങളിലോ നമുക്ക് സംഭവിക്കുന്നതായ കുറവുകളും ന്യൂനതകളും ചികിത്സിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രമാണത്. എന്നാല്‍ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തനിക്ക് ബാധിച്ച ഒരു ന്യൂനത നികത്തുന്നതിനോ, രോഗചികിത്സക്ക് വേണ്ടിയോ അല്ലാതെ അകാരണമായി മുടി വെച്ച് പിടിപ്പിക്കലും അനാവശ്യമായി  സൗന്ദര്യവര്‍ദ്ധക ശാസ്ത്രക്രിയകളെന്ന പേരില്‍ രൂപമാറ്റം നടത്തുന്നതും നിഷിദ്ധമാണ്.  അഥവാ കുഴപ്പമില്ലാത്ത സാധാരണ നിലക്ക് മുടിയുള്ള ഒരാള്‍ക്ക്  അകാരണമായി ഇത്തരം സര്‍ജറികള്‍ നടത്തുന്നത് ന്യായീകരിക്കാവതല്ല.  അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍...

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) യോട് ഈ വിഷയ സംബന്ധമായി ചോദിക്കപ്പെട്ടു: കഷണ്ടി ബാധിച്ചവര്‍ക്ക് മുടി നട്ടുപിടിപ്പിക്കുന്ന ചികിത്സയുണ്ട്. തലയുടെ പിന്‍ഭാഗത്ത് നിന്നും മുടിയെടുത്ത് കഷണ്ടി ബാധിച്ച ഭാഗത്ത് നടുന്ന രീതിയാണത്. ഇത് അനുവദനീയമാണോ ?.

അദ്ദേഹം നല്‍കിയ മറുപടി: 


نعم يجوز ؛ لأن هذا من باب ردّ ما خلق الله عز وجل ، ومن باب إزالة العيب ، وليس هو من باب التجميل أو الزيادة على ما خلق الله عز وجل ، فلا يكون من باب تغيير خلق الله ، بل هو من رد ما نقص وإزالة العيب ، ولا يخفى ما في قصة الثلاثة النفر الذي كان أحدهم أقرع وأخبر أنه يحب أن يرد الله عز وجل عليه شعره فمسحه الملك فردَّ الله عليه شعره فأعطي شعراً حسناً . 

"അതെ. അതനുവദനീയമാണ്. കാരണം അത് അല്ലാഹു സൃഷ്ടിച്ച രൂപത്തിലേക്ക് തന്നെ മടക്കുക, ന്യൂനത നീക്കുക തുടങ്ങിയ അര്‍ത്ഥത്തില്‍ പെടുന്നതാണ്. അത് സൗന്ദര്യവര്‍ദ്ധക പ്രക്രിയയോ, അല്ലാഹുവിന്‍റെ സൃഷ്ടിപ്പിന് മേലുള്ള കടന്നുകയറ്റമോ അല്ല. അതുകൊണ്ടുതന്നെ അല്ലാഹുവിന്‍റെ സൃഷ്ടിപ്പിനെ മാറ്റിമറിക്കുക എന്ന നിഷിദ്ധമായ ഗണത്തില്‍ അത് പെടില്ല. മറിച്ച് അത് സംഭവിച്ച കുറവ് നികത്തലും ന്യൂനത നീക്കലുമാണ്. മൂന്ന് പേരുടെ കഥപറയുന്നതായി വന്ന ഹദീസില്‍ ഒരാള്‍ കഷണ്ടി ബാധിച്ച ആളായിരുന്നുവെന്നും , അല്ലാഹു അയാള്‍ക്ക് തന്‍റെ മുടി തിരികെ നല്‍കാന്‍ അയാള്‍ ആഗ്രഹിക്കുന്നതായി പറയുകയും ചെയ്ത സന്ദര്‍ഭത്തില്‍ മലക്ക് അയാളുടെ തലയില്‍ തടവുകയും, അപ്പോള്‍ അല്ലാഹു അയാള്‍ക്ക് വളരെ നല്ല രൂപത്തിലുള്ള മുടി തിരികെ നല്‍കുകയും ചെയ്ത സംഭവം ഏവര്‍ക്കുമറിയാമല്ലോ'. - [ഫതാവ ഉലമാഉ ബലദില്‍ ഹറാം: 1185].

ഇവിടെ പരാമര്‍ശിക്കപ്പെടേണ്ട മറ്റൊരു വിഷയം
ഈ ചികിത്സക്ക് വെപ്പുമുടിയുമായി സാമ്യമില്ല എന്നതാണ്. സ്വഹീഹായി വന്ന ധാരാളം ഹദീസുകളുടെ അടിസ്ഥാനത്തില്‍ വെപ്പുമുടി വെക്കല്‍ നിഷിദ്ധമാണ് എന്നതാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ശൈഖ് ഇബ്നു ബാസ് (റ) അദ്ദേഹത്തിന്‍റെ ധാരാളം ഫത്'വകളില്‍ വെപ്പുമുടി നിഷിദ്ധമാണ് എന്ന് പ്രമാണബദ്ധമായി സ്ഥാപിച്ചിട്ടുണ്ട്. ഏതായാലും അതിന് പരിഹാരമായി  ശറഇയ്യായ തടസ്സങ്ങളില്ലാത്ത ഒരു നല്ല ഉപാധിയാണ് 'ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ' എന്ന് മനസ്സിലാക്കാം. ദോഷകരമായി ബാധിക്കാത്ത പക്ഷം ഹെയര്‍ ഫോളിക്ക്ള്‍സ് മറ്റുള്ളവരില്‍ നിന്ന് സ്വീകരിക്കുന്നതിലും തെറ്റില്ല.


അല്ലാഹു അനുഗ്രഹിക്കട്ടെ ...
__________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ  


വൈദ്യശാസ്ത്ര സംബന്ധമായ മറ്റു ലേഖനങ്ങള്‍ക്ക് ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/p/medi.html

Friday, December 16, 2016

"ബിലാദുശാം (സിറിയ) കത്തിയെരിയുബോൾ"

"ബിലാദുശാം (സിറിയ) കത്തിയെരിയുബോൾ"  
16.12.2016   Jumua Khuthba    PN Abdurahman Abdul Latheef    പി എൻ അബ്ദുൽ റഹ് മാൻ അബ്ദുൽ  ലത്തീഫ്   From: Masjid Thaqwa - CLT

https://www.dropbox.com/s/5ijt3hltv06nsyx/AleppoGenocide.PnAbdurahman.mp3?dl=0

Wednesday, December 14, 2016

സിറിയയിലെയും മ്യാൻമറിലെയും സഹോദരങ്ങൾക്ക് വേണ്ടി നാസിലത്തിന്റെ ഖുനൂത്ത് നിർവഹിക്കുക.


സിറിയയിലും മ്യാൻമറിലുമെല്ലാം മുസ്‌ലിംകൾ അരുംകൊല ചെയ്യപ്പെടുന്ന വാർത്ത നാം ശ്രദ്ധിച്ചിരിക്കും. ആലെപ്പോയിൽ നിന്നും പലരുമിപ്പോ  തങ്ങളുടെ അന്ത്യമൊഴി കുറിക്കുകയാണ്. ഈ സാഹചര്യത്തിൽ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി നാം നിർവഹിക്കേണ്ട കർത്തവ്യമാണ് നാസിലത്തിന്റെ ഖുനൂത്ത്.
സിറിയയിൽ ആലെപ്പോയിൽ ബലിയാടാകുന്ന നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി നാസിലത്തിന്റെ ഖുനൂത്ത്  നിർവഹിക്കാൻ പള്ളികളിലെ ഇമാമീങ്ങളോട് സൗദി ഗ്രാൻഡ് മുഫ്തി ഷെയ്ഖ്‌ അബ്ദുൽ അസീസ്‌ ആലു ശൈഖും ആഹ്വാനം ചെയ്തു.

നാസിലത്തിന്റെ ഖുനൂത്ത് നിർവഹിക്കാൻ അറിയാത്തവർക്ക് താഴെയുള്ള ലേഖനം വായിക്കാവുന്നതാണ്
നാസിലത്തിന്റെ ഖുനൂത്ത് നിർവഹിക്കേണ്ടതെങ്ങനെ ?!. - ലജ്നതുദ്ദാഇമ. http://www.fiqhussunna.com/2014/08/blog-post.html

അതുകൊണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക ... നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായ പ്രാർത്ഥനയെങ്കിലും നമുക്ക് ചെയ്യാൻ സാധിച്ചില്ലെങ്കിൽ....  ഇത് നമുക്ക് കൂടിയുള്ള പരീക്ഷണമാണ് ... നബി (സ) പറഞ്ഞതുപോലെ "സത്യവിശ്വാസികൾ ഒരൊറ്റ ശരീരം പോലെയാണ്." അവരുടെ വേദന നമ്മുടെയും വേദനയാണ് ....


#Aleppo_Massacre
#Myanmar_Genocide

Tuesday, December 13, 2016

കൃഷി ശ്രേഷ്ഠകരമായ സല്‍ക്കര്‍മ്മം



بسم الله الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

കൃഷിഭൂമി ഉല്പാദന ക്ഷമമാക്കുന്നതും പ്രയോജനപ്പെടുത്തുന്നതും ഏറെ പ്രതിഫലാര്‍ഹാമായ കാര്യമാണ്."ഏറ്റവും നല്ല സമ്പാദ്യം ഒരാള്‍ തന്‍റെ  കൈകൊണ്ട് അദ്ധ്വാനിച്ച് ഭക്ഷിക്കുന്നതാണ്" എന്ന് നബി (സ) പറഞ്ഞതായി സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. മാത്രമല്ല മനുഷ്യന്‍റെ നിലനില്‍പിന് ഭക്ഷ്യസുരക്ഷ ഒരവിഭാജ്യ ഘടകമാണ്. ഭക്ഷ്യ സുരക്ഷ നടപ്പാക്കാനാകട്ടെ കൃഷിഭൂമികള്‍ സംരക്ഷിക്കപ്പെടുകയും ഉല്പാദനക്ഷാമമാക്കുകയും ചെയ്യല്‍ അനിവാര്യമാണ്. അല്ലാഹുവിന്‍റെ സൃഷ്ടികള്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യല്‍ അത്യധികം പ്രതിഫലാര്‍ഹമാണ്.

عن أنس رضي الله عنه، عن النبي صلى الله عليه وسلم قال : ما من مسلم يغرس غرسا أو يزرع زرعا فيأكل منه إنسان أو بهيمة إلا كان له به صدقة.
അനസ് (റ) നിവേദനം. നബി (സ) പറഞ്ഞു: "ഏതൊരു മുസ്‌ലിമും വല്ലതും നടുകയോ, കൃഷി ചെയ്യുകയോ ചെയ്‌താല്‍ അതില്‍ നിന്നും ഒരു മനുഷ്യനോ, പക്ഷിമൃഗാതികാളോ ഭക്ഷിക്കുന്ന പക്ഷം അതവന് സ്വദഖയായി രേഖപ്പെടുത്തപ്പെടാതിരിക്കുകയില്ല." - [ബുഖാരി 5/3. മുസ്‌ലിം: 3/1189].

കൃഷിഭൂമിയുള്ളവര്‍ സ്വയം കൃഷി ചെയ്യട്ടെ, അതല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കൃഷി ചെയ്യാന്‍ നല്‍കട്ടെ. അതല്ലാതെ അവ ഉപയോഗശൂന്യമാക്കി ഇടുന്നത് ഒരിക്കലും ശരിയല്ല. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അവ അല്ലാഹു അനുവദിച്ച മാര്‍ഗത്തിലും അല്ലാഹുവിന്‍റെ സൃഷ്ടിജാലങ്ങള്‍ക്ക് ഉപകാരപ്പെടുന്ന മാര്‍ഗത്തിലും ഉപയോഗപ്പെടുത്തുക എന്നത് അതി പ്രതിഫലാര്‍ഹാമായ കാര്യമാണ്. എന്നാല്‍ അത്തരം അനുഗ്രഹങ്ങളെ ഉപയോഗ ശൂന്യമാക്കി നശിപ്പിക്കുക എന്നത് സമൂഹത്തോടും, അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോടും ചെയ്യുന്ന അനീതിയാണ്.

വ്യക്തി താല്പര്യങ്ങള്‍ പൊതു താല്പര്യത്തിന് വൈരുദ്ധ്യമായി വന്നാല്‍ പൊതു താല്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത് എന്നത് കര്‍മശാസ്ത്രത്തിലെ ഒരടിസ്ഥാന തത്വമാണ്. അതിനാല്‍ത്തന്നെ കൃഷിഭൂമികള്‍ അന്യാധീനപ്പെട്ടു പോകാനും അത് ഉല്പാദനക്ഷമമല്ലാതായി മാറാനും ഇടവരുത്തുന്ന കാര്യങ്ങളില്‍ നിന്നും നമ്മള്‍ വിട്ടുനില്‍ക്കണം. ഗവര്‍ന്മെന്റുകള്‍ അതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.

തന്‍റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മാത്രമല്ല സമൂഹ നന്മയും കാംക്ഷിച്ചുകൊണ്ടാകണം ഒരാളുടെ പ്രവര്‍ത്തനങ്ങള്‍. തനിക്കൊരിക്കലും പ്രയോജനപ്പെടില്ല എന്ന് ഉറപ്പുള്ളപ്പോള്‍ പോലും തന്‍റെ കവൈശമുള്ള വിത്തൊരാള്‍ പാകണമെന്നാണ് മഹാനായ റസൂല്‍(സ) പഠിപ്പിച്ചത്.  എത്രത്തോളമെന്നാല്‍ നബി (സ) യില്‍ നിന്നും സ്വഹീഹായി വന്ന ഒരു ഹദീസില്‍ നമുക്ക് കാണാം:

عن أنس بن مالك رضي الله عنه، عن النبي صلى الله عليه وسلم قال: إن قامت الساعة وفي يـد أحدكم فسيلة، فإن استطاع أن لا تقوم حتى يغرسهـا فليغرسها.

അനസ് ബിന്‍ മാലിക് (റ) വില്‍ നിന്നും നിവേദനം:നബി( പറഞ്ഞു: "അന്ത്യദിനം വന്നെത്തുമ്പോള്‍ നിങ്ങളിലൊരാളുടെ കൈവശം ഒരു വിത്തുണ്ടെങ്കില്‍, അത് സംഭവിക്കുന്നതിനു മുന്‍പായി അയാള്‍ക്കത് നടാന്‍  സാധിക്കുമെങ്കില്‍, അതയാള്‍ നടട്ടെ" - [ബുഖാരി, അദബുല്‍ മുഫ്രദ് പേജ്:97, സില്‍സിലതുല്‍ അഹാദീസുസ്വഹീഹ : 1/11-13].  

സ്വാര്‍ത്ഥ മനോഭാവത്തോടു കൂടി മാത്രം കാര്യങ്ങള്‍ ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്ന പുതുതലമുറയുടെ മുന്നില്‍ ചില്ലിട്ട് സൂക്ഷിച്ച് വെക്കേണ്ട മൊഴിമുത്താണ് ഈ ഹദീസ്. അതെ, 'തനിക്കൊരിക്കലും പ്രയോജനപ്പെടില്ലെന്ന് ഉറപ്പായാല്‍ പോലും, ഒരു നന്മയില്‍ നിന്നും പിന്തിരിയാന്‍ പാടില്ല' എന്ന വലിയൊരാശയം ഈ ഹദീസ് നമ്മളെ പഠിപ്പിക്കുന്നു. അതോടൊപ്പം മരം നടുന്നത് ഒരു നന്മയാണ് എന്നും, അത് തനിക്ക് അനുഭവിക്കാനായാലും ഇല്ലെങ്കിലും അതിന്‍റെ പ്രതിഫലം തനിക്ക് ലഭിക്കുമെന്നും ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. ശുഭാപ്തിവിശ്വാസവും പ്രതീക്ഷയും അവസാന നിമിഷത്തില്‍ പോലും കൈവിടരുതെന്നും, ഈ ലോകം ഇവിടെ അവസാനിക്കുന്നില്ലെന്നതിനാല്‍ ഇവിടെ ചെയ്യുന്ന തിന്മകള്‍ക്ക് ചോദ്യം ചെയ്യപ്പെടുമെന്ന പോലെ നന്മകള്‍ക്കും, നന്മ ചെയ്യാന്‍ വേണ്ടി തുടങ്ങി വെക്കുന്ന ചവിട്ടുപടികള്‍ക്കും അല്ലാഹു അതിമഹത്തായ പ്രതിഫലം നല്‍കുമെന്നും ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. ഒരുപാട് വിശദീകരിക്കപ്പെടേണ്ട അതിമഹത്തായ ഹദീസ് ആണ് എങ്കില്‍ക്കൂടി സാന്ദര്‍ഭികമായി ചില കാര്യങ്ങള്‍ ഉണര്‍ത്തി എന്ന് മാത്രം. അന്ത്യദിനം സംഭവിക്കുമെന്നത് കണ്‍മുന്നില്‍ കാണുന്ന വേളയില്‍ പോലും കൈവശമുള്ള വിത്ത് പാകണം എന്ന് റസൂല്‍ (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ടെങ്കില്‍, അകാരണമായി കൃഷിഭൂമികള്‍ നശിപ്പിക്കുന്നത് എത്ര ഗൗരവപരമാണ് എന്നോര്‍ത്ത് നോക്കൂ.

സലഫുസ്സ്വാലിഹീങ്ങളുടെ ചര്യ പിന്തുടരുന്ന സലഫികളാണല്ലോ നാം. ഉമറുബ്നുല്‍ ഖത്താബ് (റ) വിന്‍റെ കൃഷിയോടുള്ള സമീപന, ഇമാറ ബ്ന്‍ ഖുസൈമ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: "ഉമറുബ്നുല്‍ ഖത്താബ് (റ) എന്‍റെ പിതാവിനോട് പറയുന്നതായി ഞാന്‍ കേട്ടു: താങ്കള്‍ എന്തായാലും താങ്കളുടെ ഭൂമി കൃഷി ചെയ്യണമെന്നത് ഞാന്‍ തീരുമാനമെടുത്തിരിക്കുന്നു. അപ്പോള്‍ എന്‍റെ പിതാവ് പറഞ്ഞു: ഞാന്‍ വളരെ പ്രായാധിക്യം ചെന്ന, നാളെ മരിക്കാനിരിക്കുന്ന ഒരാളാണ്. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: എങ്കിലും അങ്ങത് കൃഷി ചെയ്യണം എന്ന് തന്നെ ഞാന്‍ തറപ്പിച്ച് പറയുന്നു. അങ്ങനെ എന്‍റെ പിതാവിനോടൊപ്പം ഉമറുബ്നുല്‍ ഖത്താബ് (റ) അവ നടുന്നത്  ഞാന്‍ കണ്ടു." - [സില്‍സിലതുല്‍ അഹാദീസുസ്വഹീഹ : 1/10]. ഒരുപാട് പാഠങ്ങള്‍ ഇതില്‍നിന്നും ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഭരണാധികാരികള്‍ കൃഷിയെ പ്രോത്സാഹിപ്പിക്കണം. കൃഷി ഭൂമികള്‍ സംരക്ഷിക്കണം. അതിന് മാതൃക കാണിക്കുന്നവരാകണം. പ്രജകള്‍ക്ക് ഊര്‍ജവും ഉന്മേഷവും പകരണം. പറയുന്നത് സ്വയം ജീവിതത്തില്‍ ഉണ്ടാകണം. കൃഷി സലഫുകള്‍ അത്യധികം പ്രാധാന്യത്തോടെ കണ്ടിരുന്ന ഒരു കര്‍മ്മമാണ്‌... എന്നിങ്ങനെ ഒരുപാട് പാഠങ്ങള്‍.  

ഇമാം ശൗക്കാനി റഹിമഹുല്ല തന്‍റെ തഫ്സീറില്‍ പറയുന്നു: "മണ്ണില്‍ പണിയെടുക്കുന്നതും, ആളുകളെ സമീപിക്കാന്‍ ഇടവരുത്താതെ അതില്‍ നിന്ന് ലഭിക്കുന്നതുകൊണ്ട് തൃപ്തിയടയുന്നതും അതിമഹത്തായ സല്‍കര്‍മ്മമാണ്". - [ഫത്ഹുല്‍ ഖദീര്‍: 5/313]. എന്നാല്‍ അത് പ്രതിഫലാര്‍ഹമായിത്തീരണമെങ്കില്‍ അത് ഇബാദത്തുകള്‍ക്ക് തടസ്സമാകുന്ന രൂപത്തിലുള്ള കേവല ഭൗതിക നേട്ടങ്ങള്‍ മാത്രം ആഗ്രഹിച്ചുകൊണ്ടുള്ള ഒരു കൃഷിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ നിസ്വാബ് എത്തുന്നുണ്ടെങ്കില്‍ സകാത്തും കൃത്യമായി നല്‍കണം. കൃഷിയുടെ സകാത്ത് നേരത്തെ നമ്മള്‍ വിശദീകരിച്ചിട്ടുണ്ട് : വായിക്കാന്‍ ഈ ലിങ്കില്‍ പോകുക (കൃഷിയുടെ സകാത്ത്). 

"പണം നമുക്ക് ഭക്ഷിക്കാന്‍ കഴിയില്ല. ഭക്ഷിക്കണമെങ്കില്‍ അതിന് ഭക്ഷണം തന്നെ ഉല്പാദിപ്പിക്കപ്പെടണം" എന്ന തിരിച്ചറിവ് ഇത് വായിക്കുന്ന ഓരോരുത്തര്‍ക്കും ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. പണത്തിനോടുള്ള അത്യാര്‍ത്തി കാരണം കൃഷിഭൂമി നശിപ്പിക്കുന്നവര്‍ക്കും, അവ കൃഷിചെയ്യാതെ ഉപയോഗശൂന്യമാക്കുന്നവര്‍ക്കും അല്ലാഹു സല്‍ബുദ്ധി നല്‍കുമാറാകട്ടെ... അല്ലാഹുമ്മ ആമീന്‍...

അല്ലാഹു അനുഗ്രഹിക്കട്ടെ ....


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

നബിദിനാഘോഷത്തെക്കുറിച്ച് ഇമാമീങ്ങള്‍.

 ഇമാം താജുദ്ദീന്‍ അല്‍ ഫാകിഹാനി (റ) (വഫാത്ത്: ഹിജ്റ 734):

الإمام الفكهاني ـ رحمه الله ـ قال :"لا أعلم لهذا المولد أصلاً في كتاب ولا سنة، ولا ينقل عمله عن أحد من علماء الأمة، الذين هم القدوة في الدين، المتمسكون بآثار المتقدمين، بل هو بِدعة أحدثها البطالون، وشهوة نفسٍ اعتنى بها الأكّالون،"

 ഇമാം ഫാകിഹാനി (റ) പറയുന്നു: "അല്ലാഹുവിന്‍റെ കിതാബിലോ റസൂല്‍ (സ) യുടെ സുന്നത്തിലോ ഈ മൗലിദാഘോഷത്തിന് യാതൊരു അടിസ്ഥാനവും ഞാന്‍ കണ്ടിട്ടില്ല. നമുക്ക് മാതൃകയും, മുന്‍ഗാമികളുടെ പാത പിന്തുടരുന്നവരുമായ ഈ ഉമ്മത്തിന്‍റെ ഉലമാക്കള്‍ ആരെങ്കിലും അത് ആഘോഷിച്ചിരുന്നതായി സ്ഥിരപ്പെട്ട് വന്നിട്ടുമില്ല. തീര്‍ത്തും ബാത്വിലിന്‍റെ ആളുകളും, തന്നിഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുമായ ചിലരുണ്ടാക്കിയ  ഒരു ബിദ്അത്താണത്. അത് ഏറ്റെടുത്തതാകട്ടെ തീറ്റക്കൊതിയന്മാരായ ചില ആളുകളും" - [ السنن والمبتدعات : പേജ് : 149 ]. 


ഇമാം ഇബ്നുല്‍ ഹാജ് (റ) (വഫാത്ത് ഹിജ്റ: 737)  :


قال الإمام ابن الحاج رحمه الله : (فصل في المولد: ومن جملة ما أحدثوه من البدع، مع اعتقادهم أن ذلك من أكبر العبادات وأظهر الشعائر ما يفعلونه في شهر ربيع الأول من المولد وقد احتوى على بدع ومحرمات جملة)

 ഇമാം ഇബ്നുല്‍ ഹാജ് (റ) പറയുന്നു: " മൗലിദ് എന്നത് : അവര്‍ പുതുതായുണ്ടാക്കിയ ബിദ്അത്തുകളില്‍ ഒന്നാണ്. റബീഉല്‍ അവ്വല്‍ മാസത്തില്‍ അവരാഘോഷിക്കുന്ന മൗലിദ് ഏറ്റവും വലിയ ഇബാദത്താണെന്നും ഇസ്‌ലാമിന്‍റെ ഏറ്റവും വലിയ ശിആറാണെന്നും അവര്‍ കരുതുന്നുവെങ്കിലും അത് മൊത്തത്തില്‍ ബിദ്അത്തുകളും ഹറാമുകളും അടങ്ങുന്ന പ്രവര്‍ത്തനമാണ്"  -  [ المدخل : 2/10].

ഇമാം ശാത്വിബി അല്‍ മാലിക്കി (റ) (വഫാത്ത് ഹിജ്റ 790) : 

قال الإمام الشاطبي : فمعلوم أن إقامة المولد على الوصف المعهود بين الناس بدعة محدثة وكل بدعة ضلالة, فالإنفاق على إقامة البدعة لا يجوز والوصية به غير نافذة بل يجب على القاضي فسخه

 ഇമാം ശാത്വിബി (റ) പറയുന്നു: "ഇന്ന്‍ ആളുകള്‍ ആചരിക്കുന്നത് പോലെയുള്ള മൗലിദ് ആഘോഷം അത് പുത്തനാചാരമായ ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു. അതുകൊണ്ടുതന്നെ ഒരു ബിദ്അത്ത് നടപ്പിലാക്കാന്‍ വേണ്ടി ധനം നല്‍കി സഹായിക്കാന്‍ പാടില്ല. ഇനി അപ്രകാരം ഒരാള്‍ തന്‍റെ മരണാനന്തരമുള്ള വസ്വിയത്തില്‍ എഴുതി വച്ചാല്‍ പോലും ആ വസ്വിയത്ത് നടപ്പാക്കപ്പെടുകയില്ല. മറിച്ച് അത്തരം വസ്വിയാത്തുകള്‍ ഖാളി അസാധുവാക്കണം".  - [ ഫതാവശാത്വിബി : 203, 204].

അല്‍ ഇമാം അല്‍ ഹാഫിള് അബൂ സുര്‍അ അല്‍ ഇറാഖി (റ) (വഫാത്ത് : ഹിജ്റ 836) :

(لا نعلم ذلك -أي عمل المولد- ولو بإطعام الطعام عن السلف)

 "അപ്രകാരം ചെയ്യല്‍ - അഥവാ മൗലിദ് ആഘോഷിക്കല്‍ - ഏറ്റവും ചുരുങ്ങിയ പക്ഷം ഭക്ഷണം വിതരണം ചെയ്തെങ്കിലും ആച്ചരിക്കല്‍ മുന്‍ഗാമികള്‍ ആരെങ്കിലും ചെയ്തതായി നമുക്കറിയില്ല" - [തശ്നീഫുല്‍ അദാ'ന്‍ : പേജ് : 136].

Saturday, December 10, 2016

നബിദിനാഘോഷം - മസ്ജിദുന്നബവിയിലെ മുദരിസ് ശൈഖ് സ്വാലിഹ് ബ്ന്‍ അബ്ദുല്‍ അസീസ്‌ സിന്‍ദി.


നബിദിനം ആഘോഷിക്കുന്നതിനെക്കുറിച്ച് മദീനയിലെ മസ്ജിദുന്നബവിയിലെ ദര്‍സിന്  നേതൃത്വം കൊടുക്കുന്ന മുദരിസും, പ്രഗല്‍ഭമായ മദീനാ ഇസ്‌ലാമിക് സര്‍വ്വകലാശാലയിലെ അദ്ധ്യാപകനുമായ ബഹുമാന്യ പണ്ഡിതന്‍ ശൈഖ് : സ്വാലിഹ് ബ്ന്‍ അബ്ദുല്‍ അസീസ്‌ ബ്ന്‍ ഉസ്മാന്‍ സിന്‍ദി ഹഫിദഹുല്ലാഹ് പറഞ്ഞ നമ്മെ ഏറെ ചിന്തിപ്പിക്കേണ്ട വാക്കുകളുടെ വിവര്‍ത്തനം...   

www.fiqhussunna.com 



بسم الله الرحمن الرحيم

പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍. 


سأكون أول من يحتفل بالمولد النبوي لو ظفرت بحديث فيه حث منه صلى الله عليه وسلم على تخصيص يوم الثاني عشر من ربيع الأول بميزة عن غيره.

"റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് മറ്റു ദിനങ്ങളെക്കാള്‍ പ്രത്യേകത നല്‍കാന്‍ പ്രോത്സാഹിപ്പിക്കുന്നതായുള്ള നബി (സ) യുടെ ഒരു ഹദീസെങ്കിലും ലഭിച്ചാല്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."

سأكون أول من يحتفل بالمولد النبوي لو وجدت عنه صلى الله عليه وسلم حضا على الاحتفال به أو بإشارة، ولو تلميحا.

"നബി (സ) മൗലിദ് ആഘോഷിച്ചതായ വല്ല സംഭവമോ, ഇനി അതിനെപ്പറ്റി നബി തിരുമേനി ഒരല്പമെങ്കിലും സൂചനയായെങ്കിലും വിരല്‍ചൂണ്ടിയിരുന്നെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."

سأكون أول من يحتفل بالمولد النبوي لو كنت لا أعتقد أنه بلغ البلاغ المبين، وأنه يمكن أن يكون ثمة خير لم يحضنا عليه.

"അല്ലാഹുവിന്‍റെ റസൂല്‍ (സ) ഈ ദീന്‍ ഏറ്റവും പരിപൂര്‍ണ്ണമായ രൂപത്തില്‍  സുവ്യക്തമായി നമുക്ക് എത്തിച്ച് തന്നിട്ടുണ്ട് എന്ന് വിശ്വസിക്കുന്നില്ലായിരുന്നുവെങ്കില്‍, അദ്ദേഹം പഠിപ്പിച്ചിട്ടില്ലാത്ത ചില സല്‍ക്കര്‍മ്മങ്ങളും  ദീനില്‍ അവശേഷിക്കാനിടയുണ്ട് എന്നതായിരുന്നു എന്‍റെ പക്ഷമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."


سأكون أول من يحتفل بالمولد النبوي لو ظفرت بأثر عن أبي بكر رضي الله عنه أنه أقام وليمة ليلة المولد

"മഹാനായ അബൂബക്കര്‍ സിദ്ദീഖ് (റ) മൗലിദ് ദിവസത്തിന്‍റെ രാവില്‍ വല്ല സദ്യയും ഒരുക്കിയതായി ഒരു അസറെങ്കിലും എനിക്ക് ലഭിച്ചിരുന്നുവെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."


أو أن عمر رضي الله عنه جعل هذا اليوم يوم عطلة ولعب.
أو عن عثمان أنه حث في ذاك اليوم على الصدقة أو الصوم
أو عن علي أنه أقام حلقة لمدارسة السيرة.

"മഹാനായ ഉമര്‍ ബ്ന്‍ അല്‍ഖത്താബ് (റ) ആ ദിവസത്തെ ഒഴിവ് ദിനവും ആനന്ദത്തിന്‍റെ ദിവസവുമായി ആചരിച്ചിരുന്നുവെങ്കില്‍, മഹാനായ ഉസ്മാന്‍ ബ്ന്‍ അഫ്ഫാന്‍ (റ) ആ ദിവസത്തില്‍ പ്രത്യേകമായി (റബിഉല്‍ അവ്വല്‍ പന്ത്രണ്ടാണ് എന്നതിനാല്‍) നോമ്പും സ്വദഖയും അനുഷ്ഠിക്കാന്‍ പ്രേരിപ്പിച്ചിരുന്നുവെങ്കില്‍, അലി (റ) ആ ദിനത്തില്‍ പ്രത്യേകമായി നബി (സ) യുടെ ചരിത്രം പഠിപ്പിക്കാനുള്ള സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നുവെങ്കില്‍ അതെല്ലാം ചെയ്യാന്‍ ഞാന്‍ മുന്‍കയ്യെടുക്കുമായിരുന്നു."


سأكون أول من يحتفل بالمولد النبوي لو علمت أن بلالا أو ابن عباس أو أي أحد من الصحابة -رضي الله عنهم- خصوا يوم المولد بأي شيء؛ ديني أو دنيوي.

"ബിലാല്‍ (റ) വോ, ഇബ്നു അബ്ബാസ് (റ) വോ, വേണ്ട സ്വഹാബത്തിലെ  ഏതെങ്കിലും ഒരാള്‍ മൗലിദ് ദിവസമെന്ന പേരില്‍ ആ ദിനത്തെ ഭൗതികമായതോ മതപരമായതോ ആയ എന്തെങ്കിലുമൊരു കാര്യം കൊണ്ട് പ്രത്യേകത കല്പിച്ചിരുന്നുവെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."

 سأكون أول من يحتفل بالمولد النبوي لو كنت لا أعتقد أن الصحابة أشد مني تعظيما ومحبة له -عليه الصلاة والسلام- وأعلم مني بقدره العلي.

"എന്നെക്കാള്‍ നബി (സ) യെ സ്നേഹിക്കുന്നവരും മഹത്വപ്പെടുത്തുന്നവരുമായിരുന്നു അല്ലാഹുവിന്‍റെ റസൂലിന്‍റെ സ്വഹാബത്ത് എന്നും, എന്നെക്കാള്‍ അദ്ദേഹത്തിന്‍റെ ഉന്നതമായ സ്ഥാനത്തെക്കുറിച്ച് അറിവുള്ളവരായിരുന്നു അവരെന്നുമുള്ള തിരിച്ചറിവ് എനിക്കില്ലായിരുന്നുവെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."


سأكون أول من يحتفل بالمولد النبوي لو ظفرت بأثر عن أحد من التابعين -من آل البيت أو غيرهم- فيه الحض على قراءة المدائح النبوية يوم المولد.

" താബിഉകളില്‍പ്പെട്ട വല്ലവരും - അത് ആലു ബൈത്തില്‍ പെട്ടവരോ അല്ലാത്തവരോ ആകട്ടെ-  അന്നേ ദിവസം മദ്ഹുകള്‍ പാടി മൗലിദ് ആഘോഷിച്ച  വല്ല പ്രമാണവും എനിക്ക് ലഭിക്കുന്ന പക്ഷം അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."


سأكون أول من يحتفل بالمولد النبوي لو ظفرت بكلمة عن واحد من الأئمة الأربعة في الحث على الاحتفال بيوم المولد، أو خبرٍ عن واحد منهم أنه اجتمع ليلته مع مجتمعين؛ فأنشدوا وتمايلوا!

"വേണ്ട നാല് മദ്ഹബിന്‍റെ ഇമാമീങ്ങളില്‍ ഏതെങ്കിലും ഒരാളില്‍ നിന്നും നബിദിനം ആഘോഷിക്കാനുള്ള ഒരു പദമെങ്കിലും ലഭിച്ചാല്‍, വേണ്ട അന്നത്തെ ദിവസം രാത്രി ആളുകളോടൊപ്പം അവരിലേതെങ്കിലും ഒരാള്‍ ഒത്തു ചേര്‍ന്ന് മൗലിദ് പാടിയും ചാഞ്ഞും ചരിഞ്ഞും അതാഘോഷിച്ചു എന്നതിന് തെളിവ് കൊണ്ടുവന്നാല്‍  അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."

 سأكون أول من يحتفل بالمولد النبوي لو كنت أعتقد أن هؤلاء الأئمة ومن سبقهم جفاة غلاظ لا يعرفون قدر نبيهم صلى الله عليه وسلم وحرمته ولا رفيع منزلته.

"ഇപ്രകാരം മുന്‍കഴിഞ്ഞുപോയ ആ ഇമാമീങ്ങളും അവരുടെ മുന്‍ഗാമികളുമെല്ലാം അല്ലാഹുവിന്‍റെ റസൂലിന്‍റെ മഹത്വം മനസ്സിലാക്കാത്തവരും, അദ്ദേഹത്തിന്‍റെ സ്ഥാനമോ ശ്രേഷ്ഠതയോ അറിയാത്തവരും, കഠിനഹൃദയരും സ്നേഹാദരവില്ലാത്തവരുമാണ് എന്നതാണ് എന്‍റെ പക്ഷമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."

سأكون أول من يحتفل بـالمولد النبوي لو كنت أعتقد أن الأمة لم تكن تعرف كيف تعبر عن حبها لنبيها صلى الله عليه وسلم أكثر من ثلاثمائة عام -من نشأنها-؛ حيث لم يقم خلالها مولد واحد!
 

"ആദ്യ മൂന്ന്‍ നൂറ്റാണ്ടുകളില്‍ ഒരു മൗലിദ് പോലും കഴിക്കാത്തതിനാല്‍ ഈ ഉമ്മത്തിന് അതിന്‍റെ ഏറ്റവും ആധികാരികമായ ആദ്യത്തെ മൂന്ന്‍ നൂറ്റാണ്ടുകാലം തങ്ങളുടെ റസൂലിനെ എങ്ങനെ സ്നേഹിക്കണമെന്നറിയാതെ പോയി എന്നതായിരുന്നു എന്‍റെ പക്ഷമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."

 أخيرا .. سأكون أول من يحتفل بـالمولد النبوي لو كنت أعتقد أن السبيل الأهدى: ابتداع المتأخرين، لا اتباع الأسلاف الصالحين.

"അവസാനമായി... സച്ചരിതരായ മുന്‍ഗാമികളുടെ പാത പിന്തുടരുന്നതിനേക്കാള്‍ പിന്‍കാലത്ത് വന്നവരുടെ പുത്തനാചാരങ്ങള്‍ പിന്തുടരലാണ് ഏറ്റവും നല്ലത് എന്നതായിരുന്നു എന്‍റെ വിശ്വാസമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."
والحمد لله رب العالمين، وصلى الله وسلم على عبده ورسوله وخليله نبينا محمد، وعلى آله وصحبه أجمعين.

അവസാനിച്ചു.
--------------------------------
നബി (സ) യുടെ ചര്യയില്‍ മരണം വരെ ഉറച്ച് നില്‍ക്കാന്‍ നമുക്കേവര്‍ക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ.... 

Tuesday, December 6, 2016

ഞാനും എന്റെ സ്വഹാബത്തും ഏതൊരു മാര്‍ഗത്തില്‍ നിലകൊള്ളുന്നുവോ ആ മാർഗത്തിൽ നിലകൊള്ളുന്നവർ പ്രതിഫലാര്‍ഹാമായ ഐക്യം.




الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه؛ وبعد،

അല്ലാഹുവിന്‍റെ ദീനുമായി ബന്ധപ്പെട്ട ഏതൊരു കാര്യം സംസാരിക്കുന്നതും അല്ലാഹുവിന്‍റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടായിരിക്കണം. അഭിപ്രായപ്രകടനങ്ങളും അപ്രകാരം തന്നെ. "ഞങ്ങള്‍ ഉരുവിടുന്ന വാക്കുകളാല്‍ ഞങ്ങള്‍ വിചാരണ ചെയ്യപ്പെടുമോ" എന്ന മുആദ് (റ) വിന്‍റെ ചോദ്യത്തിന്, "മുആദേ നിനക്കെന്തുപറ്റി ജനങ്ങളെ നരകത്തില്‍ മുഖം കുത്തി വീഴ്ത്തുന്നത് അവരുടെ നാവല്ലാതെ മറ്റെന്താണ്" എന്നാണ് നബി (സ) മറുപടി നല്‍കിയത്. ഏത് വിഷയത്തെ സംബന്ധിച്ച്ചാകട്ടെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിക്കുമ്പോഴും ഈ വചനം നാം ഓര്‍ക്കണം. അതുകൊണ്ടുതന്നെ അല്ലാഹുവിന്‍റെ പ്രീതിയും അവന്‍റെ ദീനിനോടുള്ള കൂറും മാത്രമായിരിക്കണം നാം മതപരമായ കാര്യങ്ങളില്‍ പ്രകടിപ്പിക്കുന്ന ഓരോ അഭിപ്രായവും.അന്തമായി അനുകൂലിക്കുന്നത് കൊണ്ടോ അന്തമായി പ്രതികൂലിക്കുന്നത് കൊണ്ടോ ആഖിറത്തില്‍ അത് നമുക്ക് ഗുണം ചെയ്യില്ല. ദോഷമേ വരുത്തൂ..

കേരളത്തില്‍ മുജാഹിദ് സംഘടനകള്‍ ഐക്യപ്പെടുന്നതുമായി ബന്ധപ്പെട്ട ശറഇയ്യായ ചില കാര്യങ്ങള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഐക്യം നന്മയിലും തിന്മയിലും ഉണ്ടാകാം. നന്മക്ക് വേണ്ടിയെങ്കില്‍ അത് അനുകൂലിക്കപ്പെടേണ്ടതും തിന്മക്ക് വേണ്ടിയെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതുമാണ്. ഐക്യങ്ങള്‍ നന്മക്ക് വേണ്ടിയാകട്ടെ എന്ന് പ്രത്യാശിക്കുന്നു. ഒപ്പം അതപ്രകാരമായില്ലയെങ്കില്‍ അതില്‍ അത്യധികം ആശങ്കയുമുണ്ട്.

നാം കഴിഞ്ഞ ദിവസങ്ങളില്‍ ആശയവ്യതിയാനം എന്ന പേരില്‍ ചര്‍ച്ച ചെയ്തിരുന്ന കാര്യങ്ങള്‍ കേവലം ചില വിഷയങ്ങളില്‍ പരിമിതമായിരുന്നില്ല. മറിച്ച് ഹദീസുകളെ സ്വീകരിക്കുന്നതിലുള്ള അടിസ്ഥാന രീതിശാസ്ത്രവുമായി ബന്ധപ്പെട്ടും, അതുപോലെ ബുദ്ധിക്ക് പ്രമാണങ്ങളെക്കാള്‍ മുന്‍ഗണന നല്‍കുകയും അല്ലാഹുവിന്‍റെ സ്വിഫത്തുകളെ നിരാകരിക്കുകയോ തഅ്'വീല്‍ ചെയ്യുകയോ ചെയ്യുന്ന മുഅ്തസിലിയാ ആശയത്തെ സംബന്ധിച്ചുമാണ്. ഇതൊരിക്കലും നിസാരമായി തള്ളിക്കളയാനാവുന്ന വ്യതിയാനമല്ല. അഖ്ലിന് നഖ്'ലിനെക്കാള്‍ മുന്‍ഗണന നല്‍കുന്ന  മുഅതസിലിയാ ആശയം അടിസ്ഥാനപരമായി അഹ്ലുസ്സുന്നയുടെ അഖീദയോട് യാതൊരു നിലക്കും പൊരുത്തപ്പെടാത്തതാണ്. എത്രയെത്ര ചര്‍ച്ചകള്‍ ഇമാമീങ്ങള്‍ക്കിടയില്‍ ഈ വിഷയത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. മുന്‍കാല ഇമാമീങ്ങള്‍ എല്ലാം തന്നെ അവരെ അഹ്ലുസ്സുന്നയുടെ ആദര്‍ശത്തില്‍ നിന്നും വ്യതിചലിച്ച് പോയ കക്ഷിയായി രേഖപ്പെടുത്തിയിട്ടുമുണ്ട്.

അഖ്'ലിന് നഖ്'ലിനെക്കാള്‍ മുന്‍ഗണന നല്‍കുന്നയാളുകള്‍ ഇരുവിഭാഗങ്ങളിലും പ്രത്യക്ഷമായിത്തന്നെ ഉണ്ടായിരുന്നു എന്നത് ഏവര്‍ക്കും അറിയാവുന്ന സത്യമാണ്. മാര്‍ക്കസുദ്ദഅവയുമായി ബന്ധപ്പെട്ട വിഭാഗത്തില്‍ അത് പ്രകടമായിരുന്നു എന്ന് മാത്രം.

ഐക്യം എന്നത് വിശുദ്ധ ഖുര്‍ആനിനെയും തിരുസുന്നത്തിനെയും സച്ചരിതരായ മുന്‍ഗാമികളുടെ പാതയേയും മുന്‍നിര്‍ത്തിയാണെങ്കില്‍ അക്കാര്യത്തില്‍ ഐക്യപ്പെടുന്നവര്‍ക്കെല്ലാം ഇഹപരത്തില്‍ അത് വന്‍ വിജയമാണ്. അതിലുപരി ഹദീസ് നിഷേധവും ബുദ്ധിക്ക് അനുയോജ്യമായി പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യലുമെല്ലാം ഈ ഐക്യം കൊണ്ടില്ലാതാകുമെങ്കില്‍ അല്‍ഹംദുലില്ലാഹ്.. അല്ലാഹുവിന് സര്‍വ്വ സ്തുതിയും.

എന്നാല്‍ അഖീദയുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായി നിലനില്‍ക്കുന്ന അത്തരം വിഷയങ്ങള്‍ എല്ലാം പഴയപടി നിലനിര്‍ത്തി ആശയപരമായ ഐക്യം എന്നതിലുപരി സംഘടനാപരമായ ഐക്യം എന്നതിലേക്കാണ് ഈ പുതിയ കാല്‍വെപ്പെങ്കില്‍ അത് ഏറെ അപകടകരവും അതിലുപരി ഇസ്‌ലാമിക ചരിത്രത്തിലെ തന്നെ ഒരു കറുത്ത അദ്ധ്യായവുമായിരിക്കും. അതിലുപരി തങ്ങളുടെ ആശയങ്ങള്‍ ഭൗതികപരമായ നേട്ടത്തിന് സമരസപ്പെടുന്ന ഒരു പുതിയ നയം കൂടി രൂപപ്പെടുന്നു. ഇത് കേരളത്തിലെ സലഫീ പ്രസ്ഥാനത്തെയും അതിന്‍റെ ആശയത്തെയും പ്രതിനിധീകരിക്കുന്ന ജനങ്ങളോടും അതിന്‍റെ മുന്‍കാല പ്രബോധകരോടുമെല്ലാം ചെയ്യുന്ന അപരാധവുമായിരിക്കും. കാരണം ആശയത്തെ അടിയറവ് പറഞ്ഞ് ഐക്യപെടുന്നതുകൊണ്ട് ഈ ലോകത്ത് നേട്ടമുണ്ടായേക്കാം പക്ഷെ അല്ലാഹുവിന്‍റെ കോടതിയില്‍ അതിന്‍റെ പര്യവസാനം എന്തായിരിക്കും ?!..

ഇമാം അഹ്മദ് (റ) തടവില്‍ അകപ്പെട്ടത് ഖുര്‍ആന്‍ സൃഷ്ടിവാദം പറഞ്ഞ മുഅതസിലിയാക്കളെ അംഗീകരിക്കാത്തതുകൊണ്ടായിരുന്നു. തടവിലാക്കപ്പെട്ട് വധിക്കപ്പെടുമാറ് മര്‍ധിതനായിട്ടും അദ്ദേഹം ഖുര്‍ആന്‍ അല്ലാഹുവിന്‍റെ കലാമാണ് എന്നതില്‍ ഉറച്ച് നിന്നു. കാരണം മുഅതസിലിയാക്കള്‍ അതിന്‍റെ പിന്നാലെ അവരുടെ സ്വിഫാത്തിനെ നിഷേധിക്കുന്ന ആശയം പ്രചരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നത് അദ്ദേഹത്തിന് നന്നായറിയാമായിരുന്നു. അദ്ദേഹം പല സന്ദര്‍ഭങ്ങളിലും 'റഹിമല്ലാഹു അബല്‍ ഹൈസം' എന്ന് പ്രാര്‍ഥിക്കുമായിരുന്നു. ഇത് കേട്ട മകന്‍ ചോദിച്ചു. ബാപ്പാ,, ആരാണ് അബല്‍ ഹൈസം ?!. അദ്ദേഹം പറഞ്ഞു: 'ഞാന്‍ ജയിലില്‍ കിടന്നപ്പോള്‍ എന്‍റെ കൂടെ തടവിലുണ്ടായിരുന്ന കൊള്ളക്കാരനായ ഒരാളാണ്‌. എന്നെ പിന്തുണക്കാന്‍ ആരുമില്ലാതെ വന്നപ്പോള്‍, അഖീദയില്‍ ഉറച്ചു നില്‍ക്കാന്‍ എനിക്ക് പിന്തുണയേകിയത് അയാളാണ്. ഞാന്‍ ചാട്ടവാര്‍ കൊണ്ട് അടി നേരിട്ടപ്പോ അവനെന്നോട് പറഞ്ഞു, അല്ലയോ ഇമാം അങ്ങ് ക്ഷമിച്ചു കൊള്ളുക, അങ്ങേക്ക് സ്വര്‍ഗമുണ്ട്. കാരണം അങ്ങ് അടികൊള്ളുന്നത് അല്ലാഹുവിന്‍റെ ദീനിന് വേണ്ടിയാണ്. എന്നാല്‍ ഞാന്‍ അടികൊള്ളുന്നത് ദുനിയാവില്‍ മോഷ്ടിച്ചതിന്‍റെ പേരില്‍ പിശാചിന്‍റെ മാര്‍ഗത്തിലാണ്' ആ വാക്കുകള്‍ അന്ന് അദ്ദേഹത്തിന് ആശ്വാസമായിരുന്നു. കാരണം അദ്ദേഹം പറഞ്ഞാല്‍ സ്വീകരിക്കാം എന്ന് അനേകായിരം സാധാരണക്കാര്‍ ആ ആശയം സ്വീകരിക്കും എന്ന് ബിദ്അത്തുകാര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ പീഡിപ്പിച് അദ്ദേഹത്തെക്കൊണ്ട് തങ്ങളുടെ ആശയം പറയിപ്പിക്കാന്‍ അവര്‍ ആവത് ശ്രമിച്ചു. ഇങ്ങനെ എത്രയെത്ര ചരിത്രങ്ങള്‍.തങ്ങളുടെ ആശയങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഓരോ ഇമാമീങ്ങളും നടത്തിയ എത്രയെത്ര ധര്‍മ്മ സമരങ്ങള്‍. അല്ലാഹു അവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ... അവരെല്ലാം പ്രാമാണികമായ ഐക്യം ആഗ്രഹിച്ചിരുന്നു. പക്ഷെ ആശയത്തെ കൈവിട്ടുള്ള ഐക്യം അവരാരും തന്നെ ആഗ്രഹിച്ചിരുന്നില്ല. അത് നമുക്കും പാഠമാണ്. 

സംഘടനക്ക് വേണ്ടിയാകട്ടെ, വ്യക്തികള്‍ക്ക് വേണ്ടിയാകട്ടെ, ഞാന്‍ ഇസ്ലാമിന്‍റെ ആശയം അടിയറവ് പറയുന്നുവെങ്കില്‍ അതിനോളം അപകടം വേറെയില്ല. ഇഹപരം എല്ലാം അതുമൂലം നഷ്ടപ്പെടും. കേരളത്തിലെ ഒട്ടനേകം സ്ഥാപനങ്ങള്‍ പള്ളികള്‍ അവയില്‍ നിന്നെല്ലാം ഇനി പുറത്ത് വരുന്ന ആശയം എന്തായിരിക്കും എന്ന് സ്വാഭാവികമായും ഓരോ മുസ്ലിമിനും ഭയമുണ്ട്. ആശങ്കയുണ്ട്. അത് ദീനിനോടുള്ള സ്നേഹത്തില്‍ നിന്നുണ്ടാകുന്നതാണ്. സ്വാഭാവികമായും ഇനി ഐക്യശേഷം പുലര്‍ത്താനിടയുള്ള ആദര്‍ശപരമായ നിലപാടെന്ത്‌ എന്നത് ആദര്‍ശ വിശദീകരണങ്ങളിലൂടെ കേള്‍ക്കാം എന്ന് പ്രതീക്ഷിക്കാം.  അല്ലാഹുവിന്‍റെ ദീനിന്‍റെ പേരില്‍ സച്ചരിതരായ മുന്‍ഗാമികളുടെ പാതയില്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഒന്നിക്കുകയാണ് എങ്കില്‍ സംഘടനകള്‍ക്കതീതമായി ഓരോ മുസ്‌ലിമും അതാഗ്രഹിക്കുന്നവനും അതില്‍ സന്തോഷിക്കുന്നവനുമാണ്. അല്ലാഹുവിന്‍റെ ദീനായിരിക്കട്ടെ ഐക്യങ്ങളുടെ അളവുകോല്‍... ഇനിയല്ലയെങ്കില്‍ അതില്‍ തീരാ നഷ്ടക്കാരാകുന്നത് സ്വന്തം ആദര്‍ശത്തെ പണയപ്പെടുത്തുന്നവരാരോ അവര്‍ തന്നെയായിരിക്കും. അല്ലാഹു നമ്മെയെല്ലാം കാത്തു രക്ഷിക്കട്ടെ... തവഫനാ മുസ്‌ലിമീന വ അല്‍ഹിഖ്നാ ബിസ്വാലിഹീന്‍... യാ റബ്ബ്..

അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞു: "ജൂതക്രൈസ്തവര്‍ ഭിന്നിച്ചത് പോലെ എഴുപതില്‍ പരം കക്ഷികളായി എന്‍റെ സമൂഹവും ഭിന്നിക്കും. അവയില്‍ എല്ലാം നരകത്തിലായിരിക്കും. ഒന്നൊഴികെ. സ്വഹാബത്ത് ചോദിച്ചു: ആരാണവര്‍ ?. നബി (സ) പറഞ്ഞു: "ഞാനും എന്‍റെ സ്വഹാബത്തും ഏതൊരു മാര്‍ഗത്തില്‍ നിലകൊള്ളുന്നുവോ ആ മാര്‍ഗത്തില്‍ നിലകൊള്ളുന്നവര്‍".

അതാണ്‌ മാനദണ്ഡം. അത് മാത്രമാണ് വിജയത്തിന്‍റെ മാനദണ്ഡം. ആ മാര്‍ഗത്തിലാണോ നമ്മളുള്ളത് എന്ന് നാം ഓരോരുത്തരും ചിന്തിക്കുക.. അതിനുവേണ്ടി പ്രാര്‍ഥിക്കുക.. ജീവിതം ചിട്ടപ്പെടുത്തുക.. ആശയങ്ങള്‍ അതിന്‍റെ അടിസ്ഥാനത്തില്‍ മാത്രം രൂപപ്പെടുത്തുക.. അല്ലാഹു അനുഗ്രഹിക്കട്ടെ... പ്രമാണത്തിന്‍റെ വെളിച്ചത്തില്‍ ഒന്നിക്കാനും അല്ലാഹുവിന്‍റെ ദീനിന്‍റെ സംരക്ഷകരാകാനും അല്ലാഹു നമുക്കേവര്‍ക്കും തൗഫീഖ് നല്‍കട്ടെ... 

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ