Monday, May 28, 2018

പണയം വെച്ച സ്വര്‍ണ്ണത്തിന് സകാത്ത് കൊടുക്കണോ ?.



ചോദ്യം: പണയം വെച്ച സ്വര്‍ണ്ണത്തിന് സകാത്ത് നല്‍കേണ്ടതുണ്ടോ ?.

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

ഇസ്ലാമികമായ പണയം എന്ന് പറയുന്നത് സാധാരണ നിലക്ക് കടം വാങ്ങുന്നതിന് ഈട് നല്‍കുക എന്നത് മാത്രമാണ്. എന്നാല്‍ പലിശക്ക് കടമെടുക്കുന്നതിന് ഈടായി സ്വര്‍ണ്ണം വെക്കുന്ന നമ്മുടെ നാട്ടിലെ പതിവ് സ്വര്‍ണ്ണപ്പണയം അനിസ്‌ലാമികവും അത്യധികം ഗുരുതരമായ പാപവുമാണ്. നമ്മുടെ കൈവശം സ്വര്‍ണ്ണമുണ്ടാവുകയും നമുക്ക് ഒരാവശ്യം നേരിടുകയും ചെയ്‌താല്‍ ആ സ്വര്‍ണ്ണം വിറ്റ്‌ കാര്യം നിര്‍വഹിക്കുകയോ, ഹലാലായ രൂപത്തില്‍ ഉള്ള കടം വാങ്ങുകയോ ആണ് ചെയ്യേണ്ടത്. പലിശയില്‍ അധിഷ്ഠിതമായ സ്വര്‍ണ്ണപ്പണയത്തെ അവലംബിക്കരുത്. അല്ലാഹു പൊറുത്ത് തരട്ടെ. ആത്മാര്‍ത്ഥമായി തൗബ ചെയ്യുകയും ഇനി ആവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക.

നിങ്ങള്‍ ചോദിച്ച ചോദ്യവുമായി ബന്ധപ്പെട്ട് പണയം വെച്ച (ഈടായി നല്‍കിയ) വസ്തുവാണ് എന്നതുകൊണ്ട്‌ അതില്‍ സകാത്ത് ബാധകമാകാതാകുന്നില്ല. പണയം വെച്ച സമ്പത്തിനും അവ സകാത്ത് ബാധകമാകുന്ന ഇനത്തില്‍ പെടുന്നതും, പരിധിയെത്തിയതുമാണ് എങ്കില്‍ മറ്റേത് സകാത്ത് നല്‍കേണ്ട ധനത്തെയും പോലെ അതിനും സകാത്ത് ബാധകമാകും.

ഇമാം നവവി (റ) പറയുന്നു:
" لو رهن ماشية أو غيرها من أموال الزكاة ، وحال الحول وجبت فيها الزكاة ؛ لتمام الملك "
"ഒരാള്‍ കാളികളോ മറ്റു സകാത്ത് ബാധകമാകുന്ന വസ്തുക്കളോ പണയം (ഈടായി) നല്‍കിയാല്‍ അതിന്‍റെ ഹൗല്‍ പൂര്‍ത്തിയാകുമ്പോള്‍ അതിന് സകാത്ത് ബാധകമാകും. കാരണം തതവസരത്തില്‍ പൂര്‍ണമായും അതിന്‍റെ ഉടമസ്ഥത  തന്നില്‍ നിലനില്‍ക്കുന്നു" - [المجموع വോ: 5 പേ: 343 . അദ്ദേഹം നല്‍കിയ ചര്‍ച്ചയില്‍ നിന്നും സംഗ്രഹിച്ച് രേഖപ്പെടുത്തിയ പദങ്ങളാണ് മുകളില്‍]. 

ഇമാം ഖിറഖി (റ) പറയുന്നു: 

ومن رهن ماشية فحال عليها الحول أدى منها إذا لم يكن له مال يؤدي عنها والباقي رهن

"ആരെങ്കിലും കാലികളെ പണയം (ഈട്) വെക്കുകയും അതിന്‍റെ ഹൗല്‍ പൂര്‍ത്തീകരിക്കുകയും ചെയ്‌താല്‍, അവന്‍റെ കയ്യില്‍ നല്‍കാനായി മറ്റു ധനമില്ലെങ്കില്‍ ആ പണയപ്പെടുത്തിയത്തില്‍ നിന്ന് തന്നെ നല്‍കണം. ബാക്കി പണയമായി അവശേഷിക്കും." - [مختصر الخرقي , പേജ്: 44]

അതുപോലെ ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു: 

لِأَنَّ الزَّكَاةَ مِنْ مُؤْنَةِ الرَّهْنِ، وَمُؤْنَةُ الرَّهْنِ تَلْزَمُ الرَّاهِنَ

"സകാത്ത് നല്‍കുക എന്നത് ഈട്‌ വെച്ച (പണയം വെച്ച) വസ്തുവിന്‍റെ ചിലവില്‍പ്പെട്ടതാണ്. ആ ചിലവ് വഹിക്കേണ്ടത് അതിന്‍റെ ഉടമസ്ഥനായ പണയം വെച്ച വ്യക്തി തന്നെയാണ്" - [المغني വോ: 2 പേ: 511]. തുടര്‍ വിശദീകരണത്തില്‍ സകാത്ത് പാവപ്പെട്ടവരുടെ അവകാശമാണ് എന്നും, ഈട്‌ വെക്കപ്പെട്ട വസ്തുവില്‍ കടം നല്‍കിയ വ്യക്തിക്കുള്ള, കടം തിരികെ നല്‍കാതെ വന്നാല്‍ മാത്രം തന്‍റെ പണം അതില്‍നിന്നും പിടിക്കാവുന്ന അവകാശത്തെക്കാള്‍ വലിയ അവകാശമാണ് പാവപ്പെട്ടവര്‍ക്ക് അതിലുള്ള അവകാശംഎന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

ഏതായാലും പണയം അഥവാ താന്‍ വാങ്ങിയ കടത്തിന് ഈടായി കടം നല്‍കിയ വ്യക്തിക്ക് നല്‍കുന്ന വസ്തു സകാത്ത് ബാധകമാകുന്ന വസ്തുവാണ് എങ്കില്‍ ഓരോ ഹൗല്‍ (ഹിജ്റ വര്‍ഷം) പൂര്‍ത്തിയാകുമ്പോഴും അതിന്‍റെ സകാത്ത് നല്‍കണം.

ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കാനുള്ളത്, നമ്മുടെ നാട്ടില്‍ പലിശക്ക് കടം വാങ്ങുന്നതിന് സ്വര്‍ണ്ണം ഈട്‌ വെക്കുന്ന സ്വര്‍ണ്ണപ്പണയം പോലെ കണ്ടു വരുന്ന വലിയൊരു വിപത്താണ്. കടം നല്‍കുന്ന വ്യക്തി പണയ വസ്തു ഉപയോഗിക്കുക എന്നത്. ഉദാ: ഒരാള്‍ക്ക് അഞ്ചു ലക്ഷം രൂപ കടം നല്‍കുകയും, അതിന് ഈട്‌ എന്ന നിലക്ക് അയാളുടെ വാഹനം, വീട് തുടങ്ങിയവ വാങ്ങി ആ പണം തിരികെ നല്‍കുന്നത് വരെ അത് ഉപയോഗിക്കുക എന്നത്. ഇത് പലിശയുടെ ഇനത്തില്‍പ്പെടുന്ന ഗൗരവപരമായ കാര്യമാണ്. ഒരാള്‍ ആ വാഹനത്തില്‍ സഞ്ചരിക്കുന്നുവെങ്കില്‍, വീട്ടില്‍ താമസിക്കുന്നുവെങ്കില്‍ അതിന്‍റെ മാന്യമായ വാടക കൊടുക്കണം. അല്ലാതെ ഈട് വസ്തു ഉപയോഗിക്കാന്‍ പാടില്ല. കടം നല്‍കിയതിന്‍റെ പേരില്‍ കടത്തിന് പുറമേ ഈടാക്കുന്ന ഉപകാരങ്ങളെല്ലാം പലിശയുടെ ഗണത്തിലാണ് പെടുക. ഇത് മുന്പ് നാം വിശദീകരിച്ചിട്ടുണ്ട്. ആ ലേഖനം ലഭിക്കാന്‍ ഈ  ലിങ്കില്‍ പോകുക: http://www.fiqhussunna.com/2015/11/blog-post_23.html

അല്ലാഹു അനുഗ്രഹിക്കട്ടെ ... 
_____________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ 

എന്‍റെ പണയം തിരിച്ചെടുക്കാന്‍ എന്‍റെ സകാത്ത് ഉപയോഗിക്കാമോ ?. ഭര്‍ത്താവിന് ഈ ആവശ്യത്തിനായി എനിക്ക് സകാത്ത് നല്‍കാമോ ?.


ചോദ്യം: എന്‍റെ പഠന ആവശ്യത്തിനു വേണ്ടി ലോണ്‍ എടുത്തിരുന്നു. അത് തിരിച്ച് അടക്കുന്നതിനായി എന്‍റെ പക്കലുള്ള സ്വര്‍ണ്ണം പണയപ്പെടുത്തി ആണ് അടച്ചത്. ഈ ഒക്ടോബറില്‍ പണയപ്പെടുത്തിയ സ്വര്‍ണ്ണം തിരിച്ച് എടുക്കേണ്ട സമയമാണ്. എന്‍റെ കയ്യില്‍ ബാക്കി ഇരുപത് പവന്‍ സ്വര്‍ണ്ണം കൂടി ഉണ്ട്. ഈ സ്വര്‍ണ്ണത്തിന്‍റെ സകാത്ത് എനിക്ക് പണയം വെച്ച സ്വര്‍ണ്ണം എടുക്കാന്‍ ഉപയോഗിക്കാമോ ?. അതുപോലെ എന്‍റെ ഭര്‍ത്താവിന്‍റെ സകാത്ത് ഈ ആവശ്യത്തിന് എനിക്ക് ഉപയോഗിക്കാമോ ?. ഭര്‍ത്താവ് ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്ത സംഖ്യയുടെ ഇന്‍ററെസ്റ്റ്  ഈ ആവശ്യത്തിനു എനിക്ക് ഉപയോഗിക്കാമോ ?. 

www.fiqhussunna.com

 ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
കാര്യങ്ങള്‍ അറിയാനും മനസ്സിലാക്കാനുമുള്ള താങ്കളുടെ താല്പര്യത്തിന് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ. വിധിവിലക്കുകള്‍ പാലിച്ച് ജീവിക്കാന്‍ തൗഫീഖ് ചെയ്യുകയും ചെയ്യട്ടെ.

ചോദ്യങ്ങളിലേക്ക് കടക്കുന്നതിന് മുന്പ് നാം മനസ്സിലാക്കേണ്ട അതിഗൗരവപരമായ ഒരു കാര്യം, ബാങ്കില്‍ നിന്നും പലിശക്ക് ലോണ്‍ എടുക്കുക എന്നതും, സ്വര്‍ണ്ണം പണയം വെച്ച് പലിശക്ക് കടമെടുക്കുക എന്നതും അത്യധികം ഗുരുതരമായ പാപമാണ്. കയ്യില്‍ ആവശ്യത്തിനുള്ള സ്വര്‍ണ്ണം ഉണ്ട് എങ്കില്‍ അത് വിറ്റോ, ഹലാലായ രൂപത്തില്‍ ആരോടെങ്കിലും കടം വാങ്ങിയോ തന്‍റെ ആവശ്യങ്ങള്‍ നിര്‍വഹിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അല്ലാഹു പൊറുത്ത് തരട്ടെ. ഇനി ആവര്‍ത്തിക്കാതിരിക്കുകയും ആത്മാര്‍ത്ഥമായി പൊറുക്കലിനെ തേടുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ .. പലിശയുടെ ഗൗരവവുമായി ബന്ധപ്പെട്ട് നേരത്തെ നാം എഴുതിയ ലേഖനം ഈ ലിങ്കില്‍ വായിക്കാവുന്നതാണ്: (http://www.fiqhussunna.com/2013/04/blog-post_25.html ).


ഇനി നിങ്ങളുടെ ചോദ്യം ഓരോന്നായി ചര്‍ച്ച ചെയ്യാം:

നിങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണത്തിനും, പണയം വെച്ച സ്വര്‍ണ്ണത്തിനും സകാത്ത് ബാധകമാണ്. അത് നിങ്ങളുടെ കൈവശം വന്നത് മുതല്‍ ഇതുവരെയുള്ള ഓരോ ഹിജ്റ വര്‍ഷവും കണക്കാക്കി ഓരോ വര്‍ഷത്തിനും രണ്ടര ശതമാനം എന്ന തോതില്‍ സകാത്ത് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥയാണ്. ഉപയോഗിക്കുന്നതും അല്ലാത്തതും ഒക്കെ അതില്‍ പെടും.

ഇനി നിങ്ങളുടെ സ്വര്‍ണ്ണാഭരണം എടുക്കാന്‍ നിങ്ങളുടെ തന്നെ സകാത്തിന്‍റെ സംഖ്യ ഉപയോഗിക്കാന്‍ പറ്റുമോ എന്നാണ് ചോദ്യം. പറ്റുകയില്ല. നിങ്ങളുടെ സകാത്ത് നിങ്ങള്‍ അതിന്‍റെ അവകാശികള്‍ക്ക് നല്‍കിയിരിക്കണം. മാത്രമല്ല ഇനി മറ്റൊരാളുടെയാണെങ്കില്‍ പോലും പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണ്ണം എടുക്കാന്‍ സകാത്തിന്‍റെ സംഖ്യ ഉപയോഗിക്കാവുന്നതല്ല. അത് സകാത്തിന് അര്‍ഹമാക്കുന്ന പരിതിയില്‍ വരുന്ന കാര്യവുമല്ല.

ഇനി കടക്കാരന്‍ എന്ന അര്‍ത്ഥത്തില്‍ ഒരാള്‍ സകാത്തിന് അര്‍ഹമാകുന്നത് തന്നെ, തന്‍റെ കടം വീട്ടാന്‍ സ്വന്തമായി ധനം കൈവശം ഇല്ലാത്തയാള്‍ ആണ്. കടക്കാരന്‍ എപ്പോള്‍ സകാത്തിന് അര്‍ഹനാകുന്നു എന്നത് മനസ്സിലാക്കാന്‍ ഈ ലേഖനം വായിക്കുക: ( http://www.fiqhussunna.com/2016/06/blog-post_22.html ) നിങ്ങളുടെ കൈവശം 20 പവന്‍ സ്വര്‍ണ്ണം വേറെയും ഉണ്ടല്ലോ.  അതുകൊണ്ട് നിങ്ങള്‍ സകാത്തിന് അര്‍ഹയാകുന്ന കടക്കാരിയല്ല. നിങ്ങളുടെ ധനം തന്നെ വിനിയോഗിച്ച് നിങ്ങളുടെ പ്രശ്നം നിങ്ങള്‍ക്ക് പരിഹരിക്കാവുന്നതേയുള്ളൂ. പലപ്പോഴും സ്വര്‍ണ്ണം ഒന്നിനും ഉപയോഗിക്കാതെ എടുത്ത് വെക്കണം എന്ന ഒരു ധാരണ നമുക്കുണ്ട്. സത്യത്തില്‍ നമ്മുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ള ധനം തന്നെയാണ് അതും. നമ്മുടെ സഹോദരിമാരോട് അപേക്ഷിക്കാനുള്ളത് പണയം വെച്ചും, ലോണ്‍ എടുത്തും ഒക്കെ നിങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പകരം നിങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണം നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാം. ഇനി അത് വിനിയോഗിക്കാതെ സൂക്ഷിക്കുമ്പോള്‍ ഓരോ വര്‍ഷവും അതിന്‍റെ സകാത്ത് നല്‍കേണ്ടിയും വരും. അത് നമ്മുടെ മേലുള്ള ബാധ്യതയാണ്.


ഇനി ഭര്‍ത്താവിന്‍റെ സകാത്ത് നിങ്ങള്‍ക്ക് സ്വീകരിക്കാവതല്ല എന്ന് ഞാന്‍ പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ കടക്കാരിയായ കടം വീട്ടാനുള്ള സമ്പത്ത് സ്വന്തമായി ഇല്ലാത്ത ഒരു ഭാര്യക്ക് ഭര്‍ത്താവിന്‍റെ സകാത്തില്‍ നിന്നും നല്‍കാമോ എന്നതിന്, കടം വീട്ടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തവളാണ് എങ്കില്‍ നല്‍കാം. എന്നാല്‍ ഭര്‍ത്താവ് ഭാര്യക്ക് നല്‍കേണ്ട പ്രാഥമിക ചിലവുകള്‍ സകാത്തില്‍ നിന്ന് നല്‍കാവതല്ല. ഭാര്യയുടെ കടം ഭര്‍ത്താവിന്‍റെ ബാധ്യതയില്‍ പെട്ട കാര്യം അല്ലാത്തതുകൊണ്ടാണ് ആ ഇനത്തില്‍ മാത്രം ഭാര്യക്ക് സകാത്ത് നല്‍കാം എന്ന് പറഞ്ഞത്. ബന്ധുമിതാതികള്‍ക്ക് സകാത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട് വിശദമായി മനസ്സിലാക്കാന്‍ ഈ വിഷയത്തില്‍ മുന്പ് എഴുതിയ ലേഖനം വായിക്കുക: http://www.fiqhussunna.com/2016/06/blog-post_7.html

അതുകൊണ്ട് നിങ്ങളുടെ കൈവശമുള്ളതും പണയപ്പെടുത്തിയതുമായ സ്വര്‍ണ്ണം കണക്കാക്കി അതിന്‍റെ രണ്ടര ശതമാനം സകാത്ത് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥയാണ്. അത് പണമുണ്ടെങ്കില്‍ അങ്ങനെയോ, അതല്ലെങ്കില്‍ ആ സ്വര്‍ണ്ണത്തില്‍ നിന്ന് തന്നെയോ, അത് വിറ്റോ നല്‍കണം. അല്ലാഹു സ്വീകരിക്കുകയും തക്കതായ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ.

ഇനി ഭര്‍ത്താവിന്‍റെ അക്കൗണ്ടില്‍ വന്ന പലിശയുടെ സംഖ്യ ഇതിനു നല്‍കാമോ എന്നതാണ്. ഇല്ല പാടില്ല. കാരണം നേരത്തെ സൂചിപ്പിച്ചത് പോലെ പണയം വെച്ച സ്വര്‍ണ്ണം എടുക്കുക എന്നത് ആ രൂപത്തില്‍ അടിസ്ഥാനാവശ്യമായി പരിഗണിക്കപ്പെടേണ്ടതോ, സ്വന്തമായി അതിന് സാധിക്കാത്തതോ ആയ ആളല്ല നിങ്ങള്‍. ഈ രൂപത്തിലുള്ള ഹറാമായ ധനം കൈവശം വന്നാല്‍ അത് നാം ഉപയോഗിക്കാതെ പാവപ്പെട്ടവര്‍ക്ക് നല്‍കുകയാണ് അതിന്‍റെ മതവിധി. ദാനധര്‍മ്മമായല്ല, തനിക്ക് അനുവദിക്കപ്പെടാത്തത് കൊണ്ട് ആണ് അത് അപ്രകാരം നല്‍കുന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ടവര്‍ക്ക് ആരാണ് നല്‍കുന്നത് എന്ന് അറിയാത്ത വിധം നല്‍കാന്‍ പരിശ്രമിക്കുകയും വേണം. വിശദമായി ഈ വിഷയം മുന്പ് എഴുതിയിട്ടുണ്ട്. ഹറാമായ ധനം കൈവശം വന്നാല്‍ എന്ത്‌ ചെയ്യണം എന്നത് വിശദീകരിക്കുന്ന ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: (http://www.fiqhussunna.com/2017/04/blog-post_7.html )

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍...
അല്ലാഹു അനുഗ്രഹിക്കട്ടെ ....
___________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ 

Sunday, May 27, 2018

സകാത്ത് ഏറ്റവും എളുപ്പത്തില്‍ എങ്ങനെ കണക്ക് കൂട്ടാം. ഉദാഹരണ സഹിതം.


 ചോദ്യം: ഒരാളുടെ സകാത്ത് എളുപ്പത്തില്‍ എങ്ങനെ കണക്കു കൂട്ടാം ?.

www.fiqhussunna.com

ഉത്തരം:


الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛

ഇത് നേരത്തെ നിരവധി തവണ നമ്മള്‍ വിശദീകരിച്ചതാണ്. എങ്കിലും ധാരാളം പേര്‍ ഇതേ വിഷയത്തില്‍ വീണ്ടും ബന്ധപ്പെടുന്നത് കൊണ്ടാണ് വീണ്ടും ഇതെഴുതുന്നത്.  ഉദാഹരണ സഹിതം വിശദീകരിച്ചിട്ടുണ്ട്. ആവര്‍ത്തിച്ച് വായിക്കുകയും കാര്യങ്ങള്‍ ഗ്രഹിക്കാന്‍ പരമാവധി പരിശ്രമിക്കുകയും ചെയ്യുക. എന്നിട്ടും ഇവിടെ എഴുതിയതില്‍ വല്ല സംശയവും അവശേഷിക്കുന്നുവെങ്കില്‍ മാത്രം ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ അയക്കാവുന്നതാണ്. അതുപോലെ പല സഹോദരങ്ങളും അവരുടെ ഓരോരുത്തരുടെയും സകാത്ത് പ്രത്യേകമായി കണക്കുകൂട്ടി നല്‍കാന്‍ ആവശ്യപ്പെട്ട് ഫിഖ്ഹുസ്സുന്നയിലേക്ക് മെയില്‍ അയക്കുന്നു. ഓരോരുത്തരുടേതും കണക്ക് കൂട്ടി നല്‍കുക പ്രയാസമാണ്. അതുകൊണ്ടാണ് സകാത്ത് കണക്കുകൂട്ടേണ്ട രീതി ലളിതമായി അതിന്‍റെ സാങ്കേതിക ചര്‍ച്ചകള്‍ ഉള്‍പ്പെടുത്താതെ ഒരാവര്‍ത്തി കൂടി എഴുതുന്നത്. സകാത്ത് എന്നത് ഇസ്‌ലാമിന്‍റെ പഞ്ചസ്തംബങ്ങളില്‍ ഒന്നാണല്ലോ. ആ പ്രാധാന്യം തിരിച്ചറിയുന്നവര്‍ ആയിരിക്കുമല്ലോ ഈ ലേഖനം വായിക്കുന്ന ഓരോരുത്തരും. അതുകൊണ്ട്  പരിപൂര്‍ണമായി ഒന്നോ രണ്ടോ തവണ ആവര്‍ത്തിച്ച് വായിക്കുക. കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ അല്ലാഹു സഹായിക്കട്ടെ. ഒപ്പം കൃഷിയോ മറ്റോ അല്ല രണ്ടര ശതമാനം ബാധകമാകുന്ന ഇനങ്ങളുടെ സകാത്ത് ആണ് ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത് എന്നത് ശ്രദ്ധിക്കുക. അല്ലാഹുഅനുഗ്രഹിക്കട്ടെ.. 

ഒരു ഹിജ്റ വര്‍ഷക്കാലത്തേക്ക് തന്‍റെ കൈവശം ബേസിക്ക് ബാലന്‍സ് ആയി 595 ഗ്രാം വെള്ളിക്ക് സമാനമായ കറന്‍സിയോ, കച്ചവട വസ്തുവോ കൈവശമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം അയാള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്.

ഇന്ന് 15/06/2017 ന് വ്യാഴായ്ച നോക്കിയത് പ്രകാരം 595 ഗ്രാം വെള്ളി = 23324 രൂപയാണ്. അത് സാന്ദര്‍ഭികമായി കൂടുകയും കുറയുകയും ചെയ്തേക്കാം. കറന്‍സിയുടെ നിസ്വാബ് വെള്ളിയുമായി താരതമ്യം ചെയ്യാന്‍ കാരണം, വെള്ളിക്ക് മൂല്യം കുറവായതിനാലാണ്. നബി (സ) യുടെ കാലത്ത് വെള്ളിനാണയങ്ങള്‍ ഉപയോഗിച്ചിടത്തും, സ്വര്‍ണ നാണയങ്ങള്‍ ഉപയോഗിചിടത്തും നാമിന്ന് ഉപയോഗിക്കുന്നത് കറന്‍സിയാണ്. അതുകൊണ്ടുതന്നെ ആദ്യം നിസ്വാബ് (സകാത്ത് ബാധകമാകാന്‍ ആവശ്യമായ പരിധി) എത്തുന്നത് ഏതോ അതാണ്‌ പരിഗണിക്കേണ്ടത്. മറ്റു കാരണങ്ങളും ഉണ്ട് കൂടുതല്‍ ഇവിടെ വിശദീകരിക്കുന്നില്ല.

  എന്റെ കയ്യില്‍ ഒരു വര്‍ഷം മിനിമം നിക്ഷേപമായി 595ഗ്രാം വെള്ളിക്ക് തതുല്യമായ സംഖ്യ 23000 രൂപയെങ്കിലും ഉണ്ട് എങ്കില്‍ ഞാന്‍ സകാത്ത് നല്‍കാന്‍ കടപ്പെട്ടവനാണ്. ഇനിയാണ് എന്‍റെ സകാത്ത് എങ്ങനെയാണ് കണക്കു കൂട്ടേണ്ടത് എന്നത് നാം  പരിശോധിക്കുന്നത്.

സകാത്ത് ബാധകമാകുന്ന ഓരോ വ്യക്തിക്കും ജീവിതത്തില്‍ ഒരു Zakath Calculation Date അഥവാ സകാത്ത് കണക്കു കൂട്ടേണ്ട തിയ്യതി ഉണ്ടായിരിക്കണം. ഹിജ്റ വര്‍ഷത്തിലെ ഒരു ദിവസമായിരിക്കും അത്. ഉദാ, മുഹര്‍റം ഒന്ന് , സ്വഫര്‍ ഒന്ന്, എന്നിങ്ങനെ ഏതെങ്കിലും ഒരു തിയ്യതി അയാളുടെ സകാത്ത് കാല്‍ക്കുലേഷന്‍ തിയ്യതിയായി ഉണ്ടായിരിക്കും. യഥാര്‍ത്ഥത്തില്‍ തന്‍റെ കൈവശം നിസ്വാബ് എത്തിയ അന്ന് മുതലാണ്‌ ഒരാള്‍ തിയ്യതി കണക്കാക്കേണ്ടത്. ഇനി അപ്രകാരം ഒരു തിയ്യതി ഇല്ലാത്തവര്‍,  സ്ഥിരമായി റമളാന്‍ മാസത്തിലോ മറ്റോ കൊടുത്ത് വരുന്നവരാണെങ്കില്‍ അതു തന്നെ തുടര്‍ന്നാല്‍ മതി. ഇനി നേരത്തെ ഒരു തീയതിയില്ലാത്തവര്‍ ഇത് വായിക്കുന്നത് മുതല്‍ തങ്ങളുടെ സകാത്ത് ഇതില്‍ പറഞ്ഞത് പ്രകാരം കണക്ക് കൂട്ടുകയും, ആ തിയ്യതി തന്നെ തുടര്‍ വര്‍ഷങ്ങളിലും തന്‍റെ സകാത്ത് കണക്കുകൂട്ടാനുള്ള തിയ്യതിയായി പരിഗണിച്ച് തുടര്‍ന്ന് പോരുകയും ചെയ്യുക.

ഇനിയാണ് സകാത്ത് കണക്കുകൂട്ടാനുള്ള ഏറ്റവും എളുപ്പ രീതിയെക്കുറിച്ച് നാം പറയാന്‍ പോകുന്നത്. ഓരോ വര്‍ഷവും തന്‍റെ സകാത്ത് കണക്കുകൂട്ടുന്ന തിയ്യതിയെത്തുമ്പോള്‍  ഒരാള്‍ ചെയ്യേണ്ടത് ഇപ്രകാരമാണ്. ഓരോ ഹിജ്റ വര്‍ഷവും അതേ തിയ്യതി വരുന്ന സമയത്ത് ഇതാവര്‍ത്തിച്ചാല്‍ മതി:

താഴെ പറയുന്ന കാര്യങ്ങള്‍ കൂട്ടുക:

തന്‍റെ കൈവശമുള്ള കറന്‍സി +
തന്‍റെ അക്കൗണ്ടില്‍ ഉള്ള പണം +
തന്‍റെ കൈവശമുള്ള കച്ചവട വസ്തുക്കളുടെ ഇപ്പോഴുള്ള വില.

ഇവയെല്ലാം കൂട്ടിയ ശേഷം കിട്ടുന്ന ആകെ തുകയുടെ രണ്ടര ശതമാനം സകാത്തായി നല്‍കണം.

ശേഷം അടുത്ത വര്‍ഷം തന്‍റെ സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതി വരുമ്പോള്‍ ഇതേ പ്രകാരം ചെയ്‌താല്‍ മതി.  സകാത്ത് കണക്കുകൂട്ടുന്ന സമയത്ത് കൈവശം എത്രയുണ്ടോ അത് മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. ചിലവായിപ്പോയത് കണക്കാക്കേണ്ടതില്ല. അഥവാ ശമ്പളം, വാടക, ലാഭം, കൈവശമുള്ള കച്ചവടവസ്തുക്കള്‍, തുടങ്ങി തന്‍റെ കയ്യിലേക്ക് വരുന്ന കറന്‍സിയും, കച്ചവട വസ്തുക്കളുമെല്ലാം ഒരു സകാത്ത് അക്കൗണ്ടിലാണ്  വീഴുന്നത് എന്ന് സങ്കല്പ്പിക്കുക. ഓരോ ഹിജ്റ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും എന്‍റെ സകാത്ത് അക്കൗണ്ടില്‍ എത്ര തുകയുണ്ട് അതിന്‍റെ 2.5% സകാത്തായി നല്‍കുക. ചിലവായിപ്പോയ സംഖ്യ പരിഗണിക്കേണ്ടതില്ല. ഇതാണ് സകാത്ത് കണക്കുകൂട്ടേണ്ട ശരിയായതും ഏറ്റവും എളുപ്പമുള്ളതുമായ രീതി.

ഉദാ: ഒരാള്‍ക്ക് മാസശമ്പളമായി 45000 രൂപ ലഭിക്കുന്നു. അതുപോലെ അയാളുടെ കൈവശമുള്ള ഒരു വീട് വാടകക്ക് നല്‍കിയത് വഴി 10000 രൂപയും മാസം ലഭിക്കുന്നു. ഇതൊക്കെ ഒരു സകാത്ത് പാത്രത്തിലേക്ക് ആണ് വീഴുന്നത് എന്ന് സങ്കല്‍പ്പിക്കുക. സ്വാഭാവികമായും അയാള്‍ ആ ധനത്തില്‍ നിന്നും ചിലവഴിക്കുകയും ചെയ്യുന്നു. അഥവാ സകാത്ത് ബക്കറ്റിലേക്ക് ധനം വരുകയും അതുപോലെ അതില്‍നിന്നും പുറത്ത് പോകുകയും ചെയ്യുന്നുണ്ട്. അയാള്‍ സകാത്ത് കണക്കുകൂട്ടേണ്ട സ്വഫര്‍ 1 എന്ന തിയ്യതി എത്തിയപ്പോള്‍ അയാള്‍ തന്‍റെ ബക്കറ്റില്‍ എത്ര ധനമുണ്ട് എന്ന് പരിശോധിച്ചു. ഉദാ: കണക്കുകൂട്ടുന്ന തിയ്യതിയില്‍ അയാളുടെ കൈവശം 360000 രൂപയാണ് ഉള്ളത്, ഒപ്പം വില്പനക്ക് വേണ്ടി വച്ച 4 ലക്ഷം രൂപ ഇപ്പോള്‍ വില വരുന്ന ഒരു കച്ചവട വസ്തുവും അയാളുടെ പക്കലുണ്ട്. ആകയാല്‍ അയാള്‍ മൊത്തം സകാത്ത് നല്‍കേണ്ട തുക  360000 + 400000 = ആകെ ഏഴ് ലക്ഷത്തി അറുപതിനായിരം രൂപ സകാത്ത് കണക്കുകൂട്ടുന്ന തിയ്യതിയില്‍ അയാളുടെ കൈവശം ഉണ്ട്. അതിന്‍റെ രണ്ടര ശതമാനം (2.5%) അയാള്‍ സകാത്തായി നല്‍കണം. അഥവാ രണ്ടര ശതമാനം കാണാന്‍ 760000 X 2.5 ÷ 100 എന്ന രീതി അവലംബിക്കുകയോ, അതല്ലെങ്കില്‍ 760000 ത്തെ 40 കൊണ്ട് ഹരിക്കുകയോ   ചെയ്‌താല്‍ മതി. ഉദാ:
(760000÷40 = 19000). അതായത് അയാള്‍ സകാത്തായി നല്‍കേണ്ട തുക 19000 രൂപ. അത് നല്‍കിയാല്‍ ഈ വര്‍ഷത്തെ സകാത്ത് നല്‍കിക്കഴിഞ്ഞു. ഇനി അടുത്ത കൊല്ലം ഇതേ തിയ്യതി വരുമ്പോള്‍ ഇത് ആവര്‍ത്തിക്കുക.

കയ്യിലുള്ള തുകയുടെ രണ്ടര ശതമാനം എങ്ങനെ കണ്ടെത്താം ?.  രണ്ടര ശതമാനം കണ്ടെത്താന്‍ ആകെ കണക്കുകൂട്ടി ലഭിക്കുന്ന തുകയെ 40 കൊണ്ട് ഹരിച്ചാല്‍ മതി.

മറ്റുള്ളവരില്‍ നിന്നും ലഭിക്കാനുള്ള കടങ്ങള്‍:
ഇത് അഭിപ്രായഭിന്നതയുള്ള വിഷയമാണ്. ശരിയായ അഭിപ്രായപ്രകാരം മറ്റുള്ളവരില്‍ നിന്നും തനിക്ക് തിരികെ ലഭിക്കാനുള്ള കടങ്ങള്‍ക്ക് സകാത്ത് ബാധകമല്ല. ആഇശ (റ), ഇബ്നു ഉമര്‍ (റ), ഇകരിമ (റ) തുടങ്ങിയവരുടെയും ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയയുടെയുമെല്ലാം അഭിപ്രായം ഇതാണ്. (الموسوعة الفقهية , വോ: 3, പേജ്: 238, 239 നോക്കുക). എന്നാല്‍ ബഹുഭൂരിപക്ഷം ഫുഖഹാക്കളും അത് നല്‍കിയ ആളുടെ സമ്പത്ത് തന്നെയാണ് എന്നതിനാല്‍ തിരികെ ലഭിക്കുമെന്ന് ഉറപ്പുള്ള കടമാണ് എങ്കില്‍ അതിന് സകാത്ത് നല്‍കണം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും നല്‍കേണ്ടതില്ല എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. എങ്കിലും കൂടുതല്‍ സൂക്ഷ്മത ആഗ്രഹിക്കുന്നവര്‍ക്ക് നല്‍കുക എന്നതാണ് ഉചിതം.

ഇനി താന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ള കടങ്ങള്‍:
അത് സകാത്ത് കണക്കുകൂട്ടുന്നതിനു മുന്‍പ് കൊടുത്ത് വീട്ടുകയാണ് എങ്കില്‍, നമ്മള്‍ പറഞ്ഞത് പ്രകാരം സ്വാഭാവികമായും കണക്കില്‍ അവ വരില്ല. ഇനി അവ ഇപ്പോള്‍ കൊടുത്ത് വീട്ടുന്നില്ല, പിന്നീട് വീട്ടാന്‍ ഉദ്ദേശിക്കുന്ന കടമാണ് എങ്കില്‍, കണക്ക് കൂട്ടിയ മൊത്തം തുകയില്‍ നിന്നും കൊടുക്കാനുള്ള സംഖ്യ എന്ന പേരില്‍ അത് കുറക്കാന്‍ പറ്റില്ല. ഉദാ: ഒരാളുടെ കൈവശം മൊത്തം 10 ലക്ഷം ഉണ്ട്. അയാള്‍ മറ്റുള്ളവര്‍ക്ക് രണ്ടു ലക്ഷം കൊടുക്കാനുണ്ട്. പക്ഷെ ആ പണം ഇപ്പോള്‍ കൊടുക്കാന്‍ അയാള്‍ ഉദ്ദേശിക്കുന്നില്ല. എങ്കില്‍ ആ 10 ലക്ഷത്തിനും അയാള്‍ സകാത്ത് കൊടുക്കണം. ഇനി സകാത്ത് കണക്കു കൂട്ടുന്ന തിയ്യതിക്ക് മുന്‍പായിത്തന്നെ അയാള്‍ ആ രണ്ടു ലക്ഷം കൊടുത്ത് വീട്ടിയാല്‍ സ്വാഭാവികമായും അയാളുടെ കൈവശമുള്ള (സകാത്ത് അക്കൗണ്ടിലെ) സംഖ്യ കണക്ക് കൂട്ടുമ്പോള്‍ അതില്‍ ആ ധനം കടന്നുവരികയുമില്ല.


ഇനി സ്വര്‍ണ്ണം കൈവശമുള്ളവര്‍:  സ്വര്‍ണ്ണം (10.5) പത്തര പവനോ അതില്‍ കൂടുതലോ കൈവശം ഉണ്ടെങ്കില്‍. കൈവശമുള്ള മൊത്തം സ്വര്‍ണ്ണത്തിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം. അതുപോലെ ഒരാളുടെ കൈവശം 8 പവന്‍ ഉണ്ട് എന്ന് കരുതുക, ബാക്കി രണ്ടര പവന് തതുല്യമായ കറന്‍സിയോ അതിലധികമോ ഉണ്ടെങ്കില്‍ ആ സ്വര്‍ണ്ണം കണക്കില്‍ ഉള്‍പ്പെടുത്തി അവക്ക് കൂടി സകാത്ത് നല്‍കണം.കാരണം കറന്‍സി സ്വര്‍ണ്ണവുമായും വെള്ളിയുമായും ഒരുപോലെ ഖിയാസ് ചെയ്യാവുന്ന ഇനമാണ്. അതുകൊണ്ട് കൈവശമുള്ള സ്വര്‍ണ്ണം സ്വന്തമായോ, കയ്യിലുള്ള കച്ചവട വസ്തുവോ, കറന്‍സിയോ ചേര്‍ത്തുകൊണ്ടോ പത്തര പവന്‍ തികയുമെങ്കില്‍ കൈവശമുള്ള മുഴുവന്‍ സ്വര്‍ണ്ണത്തിന്‍റെയും രണ്ടര ശതമാനം നല്‍കണം. അതായത് നമ്മള്‍ നേരത്തെ സൂചിപ്പിച്ച സകാത്തിന്‍റെ ധനം കണക്ക് കൂട്ടുമ്പോള്‍ ഈ സ്വര്‍ണ്ണം കൂടെ ഉള്‍പ്പെടും എന്നര്‍ത്ഥം.

ഇനി വില്‍ക്കാന്‍ ഉദ്ദേശിച്ച് എടുത്ത് വെക്കുന്ന വിലപിടിപ്പുള്ള വജ്രാഭരണങ്ങള്‍, പ്ലാറ്റിനം, അമൂല്യമായ ഇനങ്ങള്‍ ഇവയുടെയെല്ലാം കണക്കുകൂട്ടുന്ന സമയത്തെ മാര്‍ക്കറ്റ് വില എത്രയാണോ അതും കണക്കില്‍ ഉള്‍പ്പെടുത്തണം. കാരണം അവ കച്ചവട വസ്തുവാണ്.


വെള്ളി (595) ഗ്രാം ഉണ്ടെങ്കില്‍ അതും കണക്കില്‍ ഉള്‍പ്പെടുത്തുക. ഇനി അതില്‍ കുറവും എന്നാല്‍ അതിന്‍റെ നിസ്വാബ് എത്തനാവശ്യമായ കറന്‍സി കൈവഷമുണ്ടാവുകയും ചെയ്‌താല്‍ സ്വര്‍ണ്ണത്തിന്‍റെ വിഷയത്തില്‍ പറഞ്ഞത് ഇവിടെയും ബാധകമാണ്.

ഇനി ബിസിനസിലോ മറ്റോ ഉള്ള ഷെയറുകള്‍ ഉള്ളവര്‍:

സേവനാധിഷ്ടിതമായ ബിസിനസ്:
അതായത് ഹോസ്പിറ്റല്‍, റെസ്റ്റോറന്‍റ്, സ്കൂള്‍, കോളേജ് തുടങ്ങി സര്‍വീസ് സംബന്ധമായ അഥവാ സേവനാധിഷ്ടിതമായ ബിസിനസ് ആണെങ്കില്‍ അവയില്‍ നിന്നുമുള്ള വരുമാനത്തിനാണ് സകാത്ത്. സ്ഥാപനവും ഉപയോഗ വസ്തുക്കളുമായി മാറിയ  മുടക്ക് മുതലിന് സകാത്തില്ല.  സകാത്ത് കണക്കുകൂട്ടുന്ന സമയത്തെ കൈവശമുള്ള മൊത്തം ധനം എത്രയാണോ അതാണ്‌ ഈ ഇനത്തില്‍പ്പെട്ടവര്‍ കണക്ക് കൂട്ടേണ്ടത്. അതില്‍നിന്നും നിക്ഷേപകര്‍ക്ക് ലാഭമായി നല്‍കിയ സംഖ്യ സ്വാഭാവികമായും അവരുടെ കണക്കില്‍ വരുകയും ചെയ്യും.

ഉദാ:
ഇരുപത് പേര്‍ ചേര്‍ന്ന് ഓരോ ലക്ഷം വീതം മുടക്കി ഒരു ഹോട്ടല്‍ തുടങ്ങി. അതിന്‍റെ ഷോപ്പ്, അവിടെയുള്ള ഉപയോഗവസ്തുക്കള്‍, ഡെലിവറി വാഹനം ഇവയൊന്നും സകാത്തിന്‍റെ കണക്ക് കൂട്ടുമ്പോള്‍ ഉള്‍പ്പെടുത്തേണ്ടതില്ല. സകാത്ത് കണക്കുകൂട്ടേണ്ട വാര്‍ഷിക തിയ്യതിയില്‍ ഹോട്ടലിന്‍റെ അക്കൌണ്ട് പരിശോധിക്കുമ്പോള്‍ ആകെ 6 ലക്ഷം രൂപയുണ്ട്. അവര്‍ അതിന്‍റെ രണ്ടരശതമാനം ആണ് നല്‍കേണ്ടത്. അടുത്ത വര്‍ഷം അതേ തിയ്യതി വന്നപ്പോള്‍ ആകെ കൈവശം 12 ലക്ഷം ഉണ്ട്. അതിന്‍റെ രണ്ടര  ശതമാനം ആണ് നല്‍കേണ്ടത്.  ഇനി അവരുടെ കൈവശം സ്റ്റോക്ക്‌ എടുക്കാവുന്ന കച്ചവട വസ്തുക്കള്‍ കൂടിയുള്ള മിശ്രിതമായ ബിസിനസ് ആണ് എങ്കില്‍ കണക്ക് കൂട്ടുമ്പോള്‍ കൈവശമുള്ള മൊത്തം കച്ചവട വസ്തുക്കളുടെ വില കൂടി കണക്കില്‍ ഉള്‍പ്പെടുത്തണം. 

ഉത്പന്നാധിഷ്ടിതമായ ബിസിനസ്: എന്നാല്‍ ഉത്പന്നാധിഷ്ടിതമായ ബിസിനസ് പ്രോഡക്റ്റുകള്‍ വില്‍ക്കുന്നതായ ബിസിനസ് ആണെങ്കില്‍ അവരുടെ കൈവശമുള്ള ധനവും, അവരുടെ കൈവശമുള്ള മൊത്തം ഉല്പന്നങ്ങളുടെ മാര്‍ക്കറ്റ് വിലയും സകാത്ത് ബാധകമാകുന്നവയാണ്.

അതുകൊണ്ടുതന്നെ അത് കണക്കാക്കിയ ശേഷം അതില്‍ നിന്നും തനിക്ക് ഉള്ള ഷെയറിന്‍റെ തോത് (ശതമാനം) അനുസരിച്ച് അതിന്‍റെ സകാത്ത് ഓരോരുത്തരും  ബാധ്യസ്ഥനായിരിക്കും.

ഉദാ:  പത്ത് പേര്‍ ചേര്‍ന്ന് 5 ലക്ഷം വീതം മുടക്കി 50 ലക്ഷം രൂപക്ക് ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി. തങ്ങളുടെ സകാത്ത് കാല്‍ക്കുലേഷന്‍ സമയമെത്തിയപ്പോള്‍ അവര്‍ ചെയ്യേണ്ടത് മൊത്തം നിക്ഷേപിച്ച തുകക്ക് സകാത്ത് നല്‍കുക എന്നതല്ല. അവരുടെ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ അക്കൗണ്ടില്‍ എത്ര തുകയുണ്ട് എന്ന് നോക്കുക. അതുപോലെ അവിടെ എത്ര സ്റ്റോക്ക്‌ ഉണ്ട് എന്ന് നോക്കുക. സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വില കണക്കാക്കാന്‍ അതിലേക്ക് അവര്‍ ഈടാക്കുന്ന ആവറേജ് പ്രോഫിറ്റ് കൂടി കൂട്ടിയാല്‍ മതി. ഉദാ: മൊത്തം സ്റ്റോക്ക്‌ 20 ലക്ഷം രൂപക്കുള്ള സാധനമാണ്. ആവറേജ് പ്രോഫിറ്റ് 15% മാണ് എങ്കില്‍ 20 ലക്ഷം + 15 % = ആകെ തുക 2300000. ഇതാണ് അവരുടെ സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വില, ഒപ്പം അവരുടെ അക്കൗണ്ടില്‍ 4 ലക്ഷം രൂപയുമുണ്ട്. ആകെ 27 ലക്ഷം രൂപ. അതിന്‍റെ രണ്ടര ശതമാനം അവര്‍ സകാത്ത് നല്‍കണം. അതായത്
2700000 X 2.5 ÷ 100 =   67500.  അഥവാ 67500 രൂപ സകാത്തായി നല്‍കണം. ഇനി അടുത്ത ഒരു ഹിജ്റ വര്‍ഷം തികയുമ്പോള്‍ ഇതുപോലെ കണക്ക് കൂട്ടിയാല്‍ മതി.

സ്റ്റോക്ക്‌ എത്ര എന്നതും, കൈവശമുള്ള തുക എത്ര എന്നതും, അസറ്റ് എത്ര എന്നതുമൊക്കെ ഓരോ കമ്പനിയുടെയും ബാലന്‍സ് ഷീറ്റില്‍ ഓരോ വര്‍ഷവും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അതുനോക്കി തന്‍റെ നിക്ഷേപത്തിന് എത്ര സകാത്ത് നല്‍കണം എന്നത് കണക്കാക്കാം. ഇനി താന്‍ നിക്ഷേപം മാത്രം ഇറക്കുകയും എന്നാല്‍ സ്റ്റോക്ക്‌ എത്ര, കൈവശമുള്ള തുക എത്ര എന്നത് എത്ര അന്വേഷിച്ചിട്ടും വേണ്ടപ്പെട്ടവര്‍ വിവരം നല്‍കാത്ത പക്ഷം, അറിയാന്‍  യാതൊരു വിധത്തിലും സാധിക്കാതെ വന്നാല്‍ ബിസിനസില്‍ താന്‍ നിക്ഷേപിച്ച മൊത്തം സംഖ്യക്കും സകാത്ത് നല്‍കുക. അതോടൊപ്പം തന്‍റെ നിക്ഷേപമുള്ള കമ്പനിയുടെ കണക്കുകളും കാര്യങ്ങളും അറിയാന്‍ വേണ്ടി പരിശ്രമിക്കുകയും ചെയ്യുക. മറ്റു നിര്‍വാഹമില്ലാത്തതിനാലാണ് ആ ഒരു സാഹചര്യത്തില്‍ നിക്ഷേപിച്ച തുക കണക്കാക്കി സകാത്ത് നല്‍കുക എന്ന് പറഞ്ഞത്. പക്ഷെ അത് ശാശ്വതമായ പരിഹാരമല്ല. പലപ്പോഴും നല്‍കുന്ന തുക കുറയാനോ, കൂടാനോ അത് ഇടവരുത്തും.

നിക്ഷേപങ്ങളുടെ സകാത്ത് സംബന്ധമായി വിശദമായ ഒരു ലേഖനം മുന്‍പ് എഴുതിയിട്ടുണ്ട്. അത് വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: (ഷെയറുകള്‍ (ബിസിനസ് നിക്ഷേപങ്ങള്‍), കമ്പനികള്‍ തുടങ്ങിയവയുടെ സകാത്ത്:http://www.fiqhussunna.com/2015/05/blog-post_30.html ).


ഇതാണ് സകാത്ത് കണക്കു കൂട്ടാന്‍ ഏറ്റവും എളുപ്പമുള്ളതും ശരിയായതുമായ രീതി. ഈ രീതി അവലംബിക്കുന്നതിലെ നേട്ടങ്ങള്‍.

1-  ശമ്പളം , വാടക, ലാഭം, ബോണസ്, ഹദിയകള്‍ എന്നിങ്ങനെ  തന്‍റെ കയ്യിലേക്ക് വരുന്ന മുഴുവന്‍ ധനവും വേറെ വേറെ കണക്കാക്കേണ്ടതില്ല. സകാത്ത് കണക്കുകൂട്ടുന്ന തിയ്യതിയില്‍ തന്റെ കൈവശം അവശേഷിക്കുന്ന എല്ലാ ധനത്തിനും നല്‍കുക വഴി അവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു.

2- സ്വാഭാവികമായും കയ്യില്‍ നിന്നും ചിലവായിപ്പോകുകയോ, ഉപയോഗ വസ്തുക്കളായി മാറുകയോ ചെയ്ത ധനം ഇപ്രകാരം കണക്കില്‍ വരുകയില്ല. അവക്ക് സകാത്ത് നല്‍കാന്‍ ഒരാള്‍ ബാധ്യസ്ഥനുമല്ല. എന്നാല്‍ സകാത്ത് ബാധകമാകുന്ന രീതിയില്‍ തന്‍റെ കയ്യില്‍ അവശേഷിക്കുന്നതായ ധനങ്ങള്‍ എല്ലാം കണക്കില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു. 

3-ഒരു ഹിജ്റ വര്‍ഷം തികയുമ്പോഴാണല്ലോ സകാത്ത് നിര്‍ബന്ധമാകുന്നത്. എന്നാല്‍ ഇപ്രകാരം കണക്ക് കൂട്ടുമ്പോള്‍ സകാത്ത് ബക്കറ്റില്‍ ഒരു വര്‍ഷം എത്തിയ ധനവും ഒരു വര്‍ഷം തികഞ്ഞിട്ടില്ലാത്ത ധനവും ഉണ്ടാകുമല്ലോ. ഇത് പലരും സംശയമായി ഉന്നയിക്കാറുണ്ട്. എന്നാല്‍ സമയമെത്തിയവക്ക് നല്‍കാന്‍ താന്‍ നിര്‍ബന്ധിതനാണ് എന്നതിനാലും, സമയം എത്താത്തവക്ക് നേരത്തെ നല്‍കല്‍ അനുവദനീയമാണ് എന്നതിനാലും ഈ രീതി അവലംബിക്കുമ്പോള്‍ നല്‍കേണ്ട സകാത്ത് വൈകിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകുന്നില്ല.

4- നമ്മുടെ കയ്യിലേക്ക് വരുന്ന ഓരോ സംഖ്യയുടെയും തിയ്യതി നാം പ്രത്യേകം എഴുതി വെക്കാറില്ല. അപ്രകാരം ഓരോന്നും വേര്‍തിരിച്ച് ഓരോന്നിന്‍റെയും തിയ്യതി കണക്കു വെക്കുക സാധ്യവുമല്ല. അതുകൊണ്ടാണ് ഈ രീതിയാണ് ഏറ്റവും എളുപ്പമുള്ള രീതി എന്ന് പറയാന്‍ കാരണം. നിഷിദ്ധങ്ങള്‍ കടന്നുവരാത്തതോടൊപ്പം പരമാവധി സൂക്ഷ്മത ലഭ്യമാകുകയും ഏതൊരാളും തന്‍റെ സകാത്ത് കണക്കു കൂട്ടാന്‍ പ്രാപ്തനാകുകയും ചെയ്യുന്നു.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍...

ഇതല്ലാത്ത മറ്റു രീതികള്‍ അവലംബിക്കുന്നവരും തങ്ങള്‍ അവലംബിക്കുന്ന രീതികളെക്കുറിച്ച് ചോദിച്ചുകൊണ്ട് ചോദ്യങ്ങള്‍ അയക്കുന്നുണ്ട്. ഓരോരുത്തരുടെയും രീതി പരിശോധിച്ച് പറയുക പ്രയാസമാണ്. ഗ്രന്ഥങ്ങള്‍ പരിശോധിച്ചും, പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഈ രീതി ഈയുള്ളവന്‍ രേഖപ്പെടുത്തിയത്. അതുകൊണ്ട് ഈ രീതിയുമായി ബന്ധപ്പെട്ട് വല്ല സംശയമോ, കൂടുതല്‍ വിശദീകരണമോ ആവശ്യമുണ്ടെങ്കില്‍ ബ്ലോഗിലെ ഇ-മെയില്‍ സംവിധാനം ഉപയോഗിച്ച് എഴുതി ചോദിക്കുക .. അല്ലാഹു അനുഗ്രഹിക്കട്ടെ ....

ഇത് വ്യക്തമാക്കുന്ന ഒരു ചിത്രമാണ് താഴെ. ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായിക്കാണാം :



ചിത്രത്തിന്‍റെ വിശദീകരണം:  സകാത്ത് ബാധകമാകാനുള്ള പരിധിയായ നിസ്വാബ് ഉള്ളവന്‍റെ കയ്യില്‍ ഒരു സകാത്ത് ബക്കറ്റ് ഉണ്ട് എന്ന് സങ്കല്‍പ്പിക്കുക. തന്‍റെ കയ്യിലേക്ക് വരുന്നതും കയ്യിലുള്ളതുമായ സകാത്ത് ബാധകമാകുന്ന മുഴുവന്‍ ധനവും ആ ബക്കറ്റിലാണ് നിക്ഷേപിക്കപ്പെടുന്നത് എന്ന് സങ്കല്‍പ്പിക്കുക. തന്റെ ചിലവുകള്‍/ വീട്, വാഹനം തുടങ്ങി ഉപയോഗവസ്തുക്കള്‍ ഇവയെല്ലാം തന്നെ ബക്കറ്റില്‍ നിന്ന് പുറത്തേക്ക് പോകുകയും ചെയ്യുന്നു. ഒരു ഹിജ്റ വര്‍ഷം തികയുമ്പോള്‍ അഥവാ തന്‍റെ  സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതിയെത്തുമ്പോള്‍ എത്രയാണോ ബക്കറ്റില്‍ ഉള്ളത് അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കിയാല്‍ മതി.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ ... 


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ 
______________________________________

സകാത്ത് സംബന്ധമായി കൂടുതല്‍ പഠിക്കാനും, മുന്‍പ് ചോദിക്കപ്പെട്ട സംശയങ്ങളും മറുപടികളും വായിക്കാനും ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/p/blog-page_84.html

Monday, May 21, 2018

ശമ്പളത്തിന്‍റെ സകാത്ത് കിട്ടുമ്പോള്‍ നല്‍കണോ ?. എങ്ങനെയാണ് സകാത്ത് നല്‍കേണ്ടത് ?.



ചോദ്യം: എല്ലാ മാസവും കിട്ടുന്ന ശമ്പളത്തില്‍ നിന്നും 2.5 % സകാത്ത് നല്‍കുന്നു. ഇങ്ങനെ നല്‍കുന്നതില്‍ തെറ്റുണ്ടോ ?.

www.fiqhussunna.com

ഉത്തരം: തന്‍റെ കൈവശമുള്ള നിസ്വാബ് എത്തിയ ധനത്തിന് ഒരു ഹിജ്റ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആണ് ഒരാളുടെ മേല്‍ സകാത്ത് നിര്‍ബന്ധമാകുന്നത്. എന്നാല്‍ നേരത്തെ തന്നെ അത് കൊടുക്കുക അനുവദനീയമാണ് എന്നതിനാല്‍, ഒരാള്‍ക്ക് തന്‍റെ കയ്യിലേക്ക് പണം വരുമ്പോള്‍ത്തന്നെ അതിന്‍റെ സകാത്ത് കൊടുക്കാം.

പക്ഷെ അങ്ങനെ ചെയ്യുന്നുവെങ്കിലും അയാള്‍ക്ക് വാര്‍ഷിക സകാത്ത് കണക്കുകൂട്ടല്‍ തിയ്യതിയും, വാര്‍ഷിക കണക്കും ആവശ്യമാണ്‌. കാരണം അയാള്‍ ആ ധനം തന്‍റെ കയ്യില്‍ മിച്ചം വെക്കുന്നുവെങ്കില്‍ സ്വാഭാവികമായും അടുത്ത വര്‍ഷം വീണ്ടും അതിന്‍റെ സകാത്ത് കൊടുക്കണമല്ലോ, അതുകൊണ്ട് എപ്പോഴാണ് തന്‍റെ വര്‍ഷം തികയുന്നത് എന്നത് അയാള്‍ക്ക് അറിഞ്ഞിരിക്കണം.

തന്‍റെ കൈവശം 595 ഗ്രാം വെള്ളിക്ക് തതുല്യമായ (ഏകദേശം 23000) രൂപ കറന്‍സിയോ കച്ചവടവസ്തുവോ ഒരു വര്‍ഷത്തേക്ക് ബേസിക്ക് ബാലന്‍സായി ഉണ്ടാകും എങ്കില്‍ താന്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്. എനിക്ക് ഒരു വാര്‍ഷിക സകാത്ത് കാല്‍ക്കുലേഷന്‍ ഡേറ്റ് ആവശ്യവുമാണ്. സാധാരണ നിലക്ക് നിസ്വാബ് (സകാത്ത് ബാധകമാകാന്‍ നിശ്ചയിക്കപ്പെട്ട പരിധി) എത്തുന്ന തിയ്യതി ഏതോ അതാണ്‌ തന്‍റെ സകാത്ത് കാല്‍ക്കുലേഷന്‍ ഡേറ്റ്. ഇനി അത് അറിയാത്തവര്‍ ഇന്ന് തന്‍റെ സകാത്ത് കാല്‍ക്കുലേഷന്‍ ഡേറ്റ് ആയി കണക്കാക്കി കണക്ക് കൂട്ടുക. തന്‍റെ കൈവശം ഉള്ള കറന്‍സി, കൈവശമുള്ള കച്ചവടവസ്തുക്കളുടെ ഇപ്പോഴത്തെ വില എന്നിവ കണക്ക് കൂട്ടി അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കുക. പിന്നീട് അടുത്ത വര്‍ഷവും ഇതുപോലെ ചെയ്യുക.. ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പോലെ നേരത്തെ കൊടുത്തവര്‍, കണക്കുകൂട്ടിയ ശേഷം ഇനി വല്ലതും കൊടുക്കാനുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതി.

സ്വര്‍ണ്ണം 85 ഗ്രാം തികയുന്നുവെങ്കില്‍, അതിന്‍റെ മുകളിലേക്ക് എത്ര സ്വര്‍ണ്ണമുണ്ടെങ്കിലും, കൈവശമുള്ള മുഴുവന്‍ സ്വര്‍ണ്ണത്തിന്‍റെ രണ്ടര ശതമാനം നല്‍കണം. ഇനി കൈവശം ഉള്ള സ്വര്‍ണ്ണവും പണവും കൂട്ടിവെച്ചാല്‍ 85 ഗ്രാം സ്വര്‍ണ്ണത്തിന് തത്തുല്യമാകുമെങ്കിലും അതിന്‍റെ സകാത്ത് നല്‍കണം.

അതുപോലെ വിലപിടിപ്പുള്ള വില്പനക്ക് വച്ച, ആഭരണങ്ങള്‍, വജ്രങ്ങള്‍ ഇവയുടെയെല്ലാം വിലയും കണക്കില്‍ പരിഗണിക്കണം. അതുപോലെ സ്വര്‍ണ്ണാഭരണം വില്പനക്ക് വേണ്ടിയുള്ളതാണ് എങ്കില്‍ അത് എത്രയായാലും കണക്കില്‍ അതിന്‍റെ വില ഉള്‍പ്പെടുത്തണം. വെള്ളിയും സമാനരൂപത്തില്‍ത്തന്നെ.

ലഭിക്കുവാനുള്ള കടങ്ങള്‍ സമയമേത്തിയിട്ടില്ല എങ്കില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. കൂടുതല്‍ സൂക്ഷ്മത ആഗ്രഹിക്കുന്നവര്‍ക്ക് കിട്ടുമെന്ന് ഉറപ്പുള്ള കടങ്ങള്‍ കൂടി തന്‍റെ കണക്കില്‍ ഉള്‍പ്പെടുത്തി സകാത്ത് നല്‍കാം. ഇതാണ് ലളിതമായി സകാത്ത് നല്‍കേണ്ട രൂപം. അല്ലാഹു അനുഗ്രഹിക്കട്ടെ ... 
_____________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 


Friday, May 11, 2018

സിഗരറ്റ് പോലുള്ള പുകയില ഉല്പന്നങ്ങള്‍ വില്‍ക്കാമോ ?. ഉപയോഗിക്കാറില്ല. പക്ഷെ വില്‍ക്കാറുണ്ട്. എങ്കില്‍ തെറ്റുണ്ടോ ?.


ചോദ്യം:
ഞാന്‍ സാധാരണ സിഗരറ്റ് ഉപയോഗിക്കാറില്ല. എങ്കിലും കടയില്‍ സിഗരറ്റ് വില്‍ക്കാറുണ്ട്. സിഗരറ്റ് പോലുള്ള പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിന്‍റെ യഥാര്‍ത്ഥ വിധിയെന്താണ് ?. ഉപയോഗിക്കല്‍ നിഷിദ്ധമാണ് എന്നത് കൊണ്ട് വില്‍ക്കല്‍ നിഷിദ്ധമാകുമോ ?.


www.fiqhussunna.com


ഉത്തരം: അല്‍ഹംദുലില്ലാഹ് കാര്യങ്ങള്‍ ചോദിച്ചറിയാനും, കച്ചവടത്തിലും ജീവിതത്തിലും ശറഇയായ നിയമങ്ങള്‍ പാലിക്കാനുമുള്ള താങ്കളുടെ നല്ല മനസ്സ് അല്ലാഹു നിലനിര്‍ത്തിത്തരട്ടെ. ഹറാമായ കാര്യങ്ങള്‍ ഉപയോഗിക്കുന്നത് പോലെ തന്നെ അത് വില്‍ക്കുന്നതും നിഷിദ്ധമാണ്. അത് വ്യക്തമാക്കുന്നതിന് മുന്‍പ് സിഗരറ്റിന്‍റെ വിധി എന്ത് എന്ന് മനസ്സിലാക്കാം.

സിഗരറ്റ് ഹാനികരമാണ് എന്നത് തര്‍ക്കമില്ലാത്തതും, അതിന്‍റെ പാക്കറ്റില്‍ പോലും രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. അത് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും അതിന്‍റെ ഉപദ്രവം ഉണ്ടാകുന്നു. അതുകൊണ്ടാണ് പൊതു ഇടങ്ങളില്‍ പുകവലിക്കുന്നത് സര്‍ക്കാര്‍ തന്നെ നിയമവിധേയമായി നിരോധിച്ചിരിക്കുന്നത്. നമ്മുടെ ജീവന്‍, ആരോഗ്യം എന്നിവ സംരക്ഷിക്കല്‍ നമ്മുടെ ബാധ്യതയാണ്. സ്വന്തത്തിനോ, മറ്റുള്ളവര്‍ക്കോ നേരിട്ട് ഉപദ്രവകരമാണ് എന്ന് അറിയാവുന്ന കാര്യങ്ങളില്‍ നിന്നെല്ലാം മനുഷ്യന്‍ വിട്ടുനില്‍ക്കുകയും ചെയ്യണം. അതുകൊണ്ടുതന്നെ സിഗരറ്റിന്‍റെ ഉപയോഗം ഹറാം ആണ് എന്നതില്‍ ആര്‍ക്കെങ്കിലും അഭിപ്രായഭിന്നത ഉണ്ടാകും എന്ന് തോന്നുന്നില്ല. അതിന്‍റെ നിര്‍മാതാക്കള്‍ പോലും അതുപയോഗിക്കരുത് എന്ന് ഉപഭോക്താക്കളെ നിയമപരമായി അറിയിക്കണം എന്നുണ്ട്.

وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ وَأَحْسِنُوا إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ - البقرة/195 

"നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്‌. നിങ്ങള്‍ നല്ലത്‌ പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും". - [അല്‍ബഖറ:195]. 

മാത്രമല്ല, ഉപകാരപ്രദമല്ലാത്ത കാര്യത്തില്‍ തന്‍റെ ധനം വിനിയോഗിക്കല്‍, മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കല്‍ തുടങ്ങിയ നിഷിദ്ധങ്ങളും അതില്‍ കടന്നു വരുന്നു.

ഇനി അത് ഞാന്‍ ഒഴിവാക്കുന്നു. പക്ഷെ കച്ചവടം ചെയ്യും എന്നതാണ് നിലപാട് എങ്കില്‍ അത് ഇരട്ടത്താപ്പാണ്. മാത്രമല്ല അതി ഗൌരവപരമായ തിന്മയാണ് നിഷിദ്ധമായ കാര്യങ്ങള്‍ കച്ചവടം ചെയ്ത് സമ്പാദ്യം ഉണ്ടാക്കുക എന്നത്. ജൂതന്മാരില്‍ ചിലര്‍ അല്ലാഹു അവര്‍ക്ക് നെയ്യ് നിഷിദ്ധമാക്കിയപ്പോള്‍, അത് വില്‍ക്കുകയും അതിന്‍റെ വില ഭക്ഷിക്കുകയും ചെയ്തു. ഇതിനെ സംബന്ധിച്ച് നബി (സ) പറയുന്നു: 


لعن الله اليهود ، حرمت عليهم الشحوم فباعوها وأكلوا أثمانها ، وإن الله عز وجل إذا حرم أكل شيء حرم ثمنه

"ജൂതന്മാര്‍ക്ക് നാശം. അവര്‍ക്ക് നെയ്യ് നിഷിദ്ധമാക്കപ്പെട്ടപ്പോള്‍, അവര്‍ അത് വില്പന നടത്തുകയും അതിന്‍റെ വില ഭക്ഷിക്കുകയും ചെയ്തു. അല്ലാഹു ഒരു കാര്യം ഭക്ഷിക്കുന്നത് നിഷിദ്ധമാക്കിയാല്‍ അത് വിറ്റ്‌ കിട്ടുന്ന വിലയും നിഷിദ്ധമാണ്" - [അബൂദാവൂദ്: 3026- അല്‍ബാനി: സ്വഹീഹ്].

ഈ ഹദീസില്‍ നിന്നും വിലക്കപ്പെട്ടവ വില്പന നടത്തുന്നതും അതിലൂടെ വരുമാനമുണ്ടാക്കുന്നതും നിഷിദ്ധമാണ് എന്ന് മനസ്സിലാക്കാം. മാത്രമല്ല അത്  നബി (സ) ശപിച്ച അത്യധികം ഗൗരവപരമായ കാര്യവുമാണ്. അതുകൊണ്ടുതന്നെ നിഷിദ്ധമാണെന്നതിനാല്‍ അതില്‍ നിന്നും വിട്ടുനില്‍ക്കുകയും ,  സമൂഹനന്മയെ മുന്‍നിര്‍ത്തി പുകയില ഉല്പന്നങ്ങള്‍ ഒരു വിശ്വാസി തന്‍റെ കടയില്‍ വില്‍ക്കാതിരിക്കുകയും ചെയ്യണം. അതൊരു സാമൂഹിക പ്രതിബദ്ധതകൂടിയാണ്.

മാത്രമല്ല നമ്മുടെ സമ്പാദ്യത്തില്‍ ഹറാം കലരുക എന്നത് അത്യധികം ഗൌരവപരമാണ്. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാതിരിക്കാന്‍ അത് കാരണമാകും. ഹറാമില്‍ നിന്ന് വളരുന്ന ഇറച്ചിക്ക് ഉചിതം നരകമാണ് എന്ന് നബി (സ) താക്കീത് നല്‍കിയിട്ടുമുണ്ട്.

പലരും പറയാറുള്ളത് അങ്ങനെ ചെയ്‌താല്‍ കച്ചവടം കുറയും എന്നതാണ്. അതൊരിക്കലും ഒരു ന്യായീകരണമല്ല. പുകവലിക്കുന്നവരെക്കാള്‍ പുകവലിക്കാത്തവരാണ് ബഹുഭൂരിപക്ഷവും. മാത്രമല്ല കച്ചവടത്തിന്‍റെ വിജയവും ലാഭവുമെല്ലാം അല്ലാഹുവിന്‍റെ തൌഫീഖാണ്. നന്മ ചെയ്യുന്നവര്‍ക്ക് അതിന്‍റെ പ്രതിഫലം ലഭിക്കുന്നതോടൊപ്പം അനുഗ്രഹവും വര്‍ദ്ധിക്കും. ഒരാള്‍ നിഷിദ്ധം കാരണത്താല്‍ ഒരു കാര്യം അല്ലാഹുവിന് വേണ്ടി ഉപേക്ഷിക്കുന്ന പക്ഷം അല്ലാഹു അയാള്‍ക്ക് കൂടുതല്‍ നല്‍കുമെന്ന് നബി (സ) നമ്മെ പഠിപ്പിച്ചിട്ടുമുണ്ട്. നബി (സ) പറഞ്ഞു:

إنك لن تدع شيئاً لله عز وجل إلا بدلك الله به ما هو خير لك منه

"നീ അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചുകൊണ്ട്‌ ഒരു കാര്യം ഉപേക്ഷിച്ചാല്‍, അതിനേക്കാള്‍ നല്ലത് അവന്‍ നിനക്ക് പകരം നല്‍കാതിരിക്കില്ല". - [മുസ്നദ് അഹ്മദ്: 21996 , അല്‍ബാനി: സ്വഹീഹ്]. 

പല രൂപത്തിലും അതല്ലാഹു നിനക്ക് നല്‍കിയേക്കാം, പണമായി മാത്രമല്ല, ഒരുപക്ഷെ നല്ല ആരോഗ്യം, മാനസികമായ സന്തോഷം, സ്വസ്ഥത, നല്ല കുടുംബം, പ്രയാസങ്ങള്‍ ദൂരീകരിക്കപ്പെടല്‍, കച്ചവടത്തിന്‍റെ അഭിവൃദ്ധി തുടങ്ങി അവനുദ്ദേശിക്കുന്ന രൂപത്തില്‍ അതിന്‍റെ നന്മകള്‍ ഈ ജീവിതത്തില്‍ത്തന്നെ  നമുക്കവന്‍ നല്‍കും. കൂടാതെ അന്ത്യദിനത്തിലെ അതിമഹത്തായ പ്രതിഫലവും. അതുകൊണ്ടുതന്നെ താന്‍ കാണുന്ന സമ്പത്തിന്‍റെ അഭിവൃദ്ധി മാത്രമാണ് തന്‍റെ സമ്പാദ്യം എന്ന് കരുതരുത്. നബി (സ) പറഞ്ഞു:
عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ وَلَكِنَّ الْغِنَى غِنَى النَّفْسِ

رابط المادة: http://iswy.co/e14d8k
عن أبي هريرة -رضي الله عنه- قال -صلى الله عليه وسلم-:  ليس الغنى عن كثرة العَرَض، ولكن الغنى غنى النفس

അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "ഒരാളുടെ ധന്യതയെന്ന് പറയുന്നത് സമ്പത്തിന്‍റെ ആധിക്യമല്ല. മറിച്ച് അത് മനസിന്‍റെ ധന്യതയാണ്". - [متفق عليه].

അതെ മനസിന്‍റെ സന്തോഷവും ആനന്തവും സംതൃപ്തിയുമാണ് ഏറ്റവും വലിയ ധനം. സമൂഹത്തിന് ദോഷകരമാകുന്ന കാര്യങ്ങള്‍ ചെയ്തും, ഉപദ്രവകരമായ കാര്യങ്ങള്‍ കച്ചവടം ചെയ്തും ഒരാള്‍ക്ക് അനേകം സമ്പത്ത് ഉണ്ടാക്കാന്‍ സാധിച്ചു എന്ന് വരാം. പക്ഷെ സന്തോഷവും സമാധാനവും വിലക്ക് വാങ്ങാന്‍ അയാള്‍ക്ക് കഴിയില്ല. ഒപ്പം താന്‍ ചെയ്യുന്ന തിന്മ അയാളെ അസ്വസ്ഥനാക്കിക്കൊണ്ടേയിരിക്കും. എന്നാല്‍ നന്മ കാത്തുസൂക്ഷിക്കുകയും വിലക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നവന് അവന്‍റെ വരുമാനം കുറഞ്ഞാലും സന്തോഷവും സംതൃപ്തിയും ലഭിക്കും. മാത്രമല്ല നന്മയിലൂടെ സമ്പാദിക്കാന്‍ നല്ല കവാടങ്ങള്‍ അല്ലാഹു അവന് തുറന്ന് നല്‍കുകയും ചെയ്യും. തിന്മയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്ക് അതിനേക്കാള്‍ നല്ലത് അല്ലാഹു നല്‍കുമെന്ന വാഗ്ദാനം അവന്‍റെ മുന്നിലുണ്ടായിരിക്കെ നിഷിദ്ധമായ കച്ചവടങ്ങളെ ന്യായീകരിക്കാന്‍ വിശ്വാസികള്‍ക്ക് യാതൊരു പഴുതുമില്ല എന്നര്‍ത്ഥം.

അല്ലാഹു നമ്മെ നന്മയുടെ വാഹകരാക്കുകയും പുകവലി പോലുള്ള സാമൂഹ്യദ്രോഹങ്ങളില്‍ നിന്നും അതിന്‍റെ കച്ചവടത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തൗഫീഖ് ചെയ്യുകയും ചെയ്യട്ടെ. അത് ഉപേക്ഷിക്കുന്നത് കൊണ്ട് നന്മയും അഭിവൃദ്ധിയുമല്ലാതെ യാതൊരു നഷ്ടവും ഉണ്ടാവുകയില്ല എന്ന ഉറച്ച വിശ്വാസം നമുക്കുണ്ടാകട്ടെ. ആ ബോധ്യമാണ് നമുക്ക് എപ്പോഴും ഉണ്ടാകേണ്ടത്. അതുണ്ടാകുമ്പോള്‍ നിസാരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി നിഷിദ്ധങ്ങളെ ന്യായീകരിക്കാന്‍ നമുക്ക് സാധിക്കില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ ....

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ