ചോദ്യം: ഹൈള് ഉള്ള സ്ത്രീക്ക് ഇഹ്റാമില്‍ പ്രവേശിക്കാമോ ?. ഹൈള് വരാം എന്ന് കരുതുന്ന സ്ത്രീ ഇഹ്റാമില്‍ പ്രവേശിക്കുമ്പോള്‍ എന്ത് പറയണം ?.
www.fiqhussunna.com
ഉത്തരം:
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه؛
ഹജ്ജും ഉംറയും ഉദ്ദേശിക്കുന്നവര്‍ മീഖാത്ത് കടന്നുപോകുമ്പോള്‍ നിര്‍ബന്ധമായും മീഖാത്തില്‍ വെച്ച് ഇഹ്റാമില്‍ പ്രവേശിച്ചിരിക്കണം. മീഖാത്തില്‍ വെച്ച് ഇഹ്റാമില്‍ പ്രവേശിക്കാതെ കടന്നുപോയാല്‍ അവര്‍ വീണ്ടും മീഖാത്തിലേക്ക് തിരിച്ചുവന്ന് ഇഹ്റാമില്‍ പ്രവേശിക്കണം. തിരിച്ച് വരാത്ത പക്ഷം അവര്‍ പ്രായശ്ചിത്തമായി ഒരാടിനെ ബലി കഴിക്കണം എന്ന് അനേകം ഫുഖഹാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹൈളോ നിഫാസോ ഇഹ്റാമില്‍ പ്രവേശിക്കുന്നതിന് തടസ്സമല്ല. ഹൈള് ഉള്ള സ്ത്രീക്കും ഇഹ്റാമില്‍ പ്രവേശിക്കാം. മാത്രമല്ല മേല്‍ സൂചിപ്പിച്ചത് പോലെ അവര്‍ക്കും ഹജ്ജും ഉംറയും ഉദ്ദേശിക്കുന്നുവെങ്കില്‍ മീഖാത്തില്‍ വെച്ച് തന്നെ ഇഹ്റാമില്‍ പ്രവേശിക്കല്‍ നിര്‍ബന്ധമാണ്. നബി (സ) യുടെ ഹദീസും, ഇജ്മാഉം ഹൈള് ഇഹ്റാമിന് തടസ്സമല്ല എന്ന് സ്ഥിരീകരിക്കുന്നു. ഇമാം മുസ്‌ലിം ഉദ്ദരിക്കുന്ന ഹദീസില്‍ ഇപ്രകാരം കാണാം:
عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا فِي حَدِيثِ
أَسْمَاءَ بِنْتِ عُمَيْسٍ حِينَ نُفِسَتْ بِذِي الْحُلَيْفَةِ أَنَّ
رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَمَرَ أَبَا بَكْرٍ
رَضِيَ اللَّهُ عَنْهُ فَأَمَرَهَا أَنْ تَغْتَسِلَ وَتُهِلَّ .
ജാബിര്‍ (റ) നിവേദനം: ദുല്‍ ഹുലൈഫയില്‍ വെച്ച് അസ്മാ ബിന്‍ത് ഉമൈസ് (അബൂ ബക്കര്‍ (റ) വിന്‍റെ ഭാര്യ) (പ്രസവിക്കുകയും) അവര്‍ക്ക് നിഫാസ് ആകുകയും ചെയ്തു. അപ്പോള്‍ നബി (സ) അബൂ ബക്കര്‍ (റ) വിനോട് കല്പിച്ചത് പ്രകാരം അദ്ദേഹം അവരോട് കുളിക്കാനും തല്ബിയത്ത് ചൊല്ലി ഇഹ്റാമില്‍ പ്രവേശിക്കാനും കല്പിച്ചു" - [സ്വഹീഹ് മുസ്‌ലിം: 1210].
ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി (റ) പറയുന്നു: "ഈ ഹദീസില്‍ നിന്നും ഹൈളും നിഫാസും ഉള്ള സ്ത്രീകള്‍ക്കും ഇഹ്റാമില്‍ പ്രവേശിക്കാം എന്നും. അവര്‍ക്ക് ഇഹ്റാമിന് വേണ്ടിയുള്ള കുളി സുന്നത്താണ് എന്നും മനസ്സിലാക്കാം".
അതുപോലെ അബൂ ദാവൂദ് ഉദ്ദരിക്കുന്ന ഹദീസില്‍ ഇബ്നു അബ്ബാസ് (റ) ഇപ്രകാരം ഉദ്ദരിക്കുന്നത് കാണാം:
عَنْ ابْنِ عَبَّاسٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
قَالَ الْحَائِضُ وَالنُّفَسَاءُ إِذَا أَتَتَا عَلَى الْوَقْتِ (أَيْ :
الْمِيقَات) تَغْتَسِلانِ وَتُحْرِمَانِ وَتَقْضِيَانِ الْمَنَاسِكَ
كُلَّهَا غَيْرَ الطَّوَافِ بِالْبَيْتِ"
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി (സ) ഹൈളോ നിഫാസോ ഉള്ള സ്ത്രീകളോട് ഇപ്രകാരം പറഞ്ഞു: നിങ്ങള്‍ മീഖാത്തില്‍ എത്തിയാല്‍ കുളിച്ച് ഇഹ്റാമില്‍ പ്രവേശിച്ച് കൊള്ളുക. ശേഷം നിങ്ങള്‍ ത്വവാഫ് ഒഴികെ മറ്റെല്ലാ കര്‍മ്മങ്ങളും നിര്‍വഹിച്ച് കൊള്ളുക". - [അബൂ ദാവൂദ്: 1744].
എന്നാല്‍ ഇഹ്റാമില്‍ പ്രവേശിച്ചാല്‍ തന്‍റെ കൂടെയുള്ള സംഘം തിരിച്ചുപോരുന്നതിന് മുന്‍പ് ശുദ്ധിയാവാന്‍ ഇടയില്ല എന്നോ, അതല്ലെങ്കില്‍ ഇഹ്റാമില്‍ പ്രവേശിച്ച ശേഷം തനിക്ക് ഹൈള് വരാന്‍ ഇടയുണ്ട് എന്ന് ഭയപ്പെടുകയോ ഒക്കെ ചെയ്യുന്ന സ്ത്രീകള്‍ എന്ത് ചെയ്യും എന്നതാണ് ചോദ്യത്തിന്‍റെ രണ്ടാം ഭാഗം :
ഹൈള് ഉള്ള സ്ത്രീ അവരുടെ കൂടെയുള്ളവര്‍ മടങ്ങുന്നതിന് മുന്‍പ് ഹൈള് ശുദ്ധിയായി തനിക്ക് ഉംറ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല എന്ന് ഭയപ്പെടുകയോ, ഹൈള് ഇല്ലാത്ത ഒരു സ്ത്രീ ഇഹ്റാമില്‍ പ്രവേശിച്ച ശേഷം തനിക്ക് ഹൈള് ഉണ്ടാവുകയും ഉംറ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ മടങ്ങേണ്ടി വരുമെന്ന് ഭയപ്പെടുകയോ ചെയ്യുന്നുവെങ്കില്‍ അവര്‍ ഇഹ്റാമില്‍ പ്രവേശിക്കാതിരിക്കുകയല്ല ചെയ്യേണ്ടത്. അവര്‍ ഇഹ്റാമില്‍ പ്രവേശിക്കുമ്പോള്‍ തന്നെ തനിക്ക് അത് പൂര്‍ത്തിയാക്കാന്‍ തടസ്സമുണ്ടാകുന്ന പക്ഷം താന്‍ തഹല്ലുലാകുമെന്ന് നിബന്ധന വെച്ചാല്‍ മതി.
عَنْ عَائِشَةَ رضي
الله عنها قَالَتْ : دَخَلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
عَلَى ضُبَاعَةَ بِنْتِ الزُّبَيْرِ ، فَقَالَ لَهَا : (لَعَلَّكِ أَرَدْتِ
الْحَجَّ ؟ قَالَتْ : وَاللَّهِ ، لَا أَجِدُنِي إِلَّا وَجِعَةً ، فَقَالَ لَهَا
:حُجِّي وَاشْتَرِطِي ، وَقُولِي : اللَّهُمَّ مَحِلِّي حَيْثُ حَبَسْتَنِي ).
ആഇശ (റ) പറഞ്ഞു: നബി (സ) ളുബാഅ ബിന്‍ത് സുബൈര്‍ (റ) യുടെ അരികില്‍ പ്രവേശിച്ചു. അവരോട് ചോദിച്ചു: നിങ്ങള്‍ ഹജ്ജ് ഉദ്ദേശിക്കുന്നുവല്ലേ ?. അവര്‍ പറഞ്ഞു: അല്ലാഹുവാണ് സത്യം. പക്ഷെ എനിക്ക് നന്നായി വേദനിക്കുന്നുണ്ട്. അപ്പോള്‍ നബി(സ) അവരോടു പറഞ്ഞു: നിങ്ങള്‍ ഹജ്ജില്‍ പ്രവേശിക്കുകയും നിബന്ധന വെക്കുകയും ചെയ്തുകൊള്ളുക. "അല്ലാഹുവേ എനിക്ക് (കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍) വല്ല തടസ്സവും നേരിട്ടാല്‍, ആ തടസ്സം ഉണ്ടായ അവിടം മുതല്‍ ഞാന്‍ തഹല്ലുലായിരിക്കും" [സ്വഹീഹുല്‍ ബുഖാരി: 5089 , സ്വഹീഹ് മുസ്‌ലിം: 1207].
അപ്പോള്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല എന്ന് ഭയപ്പെടുന്നവര്‍ക്ക് , തടസ്സം നേരിടുന്നത് മുതല്‍ ഇഹ്റാമില്‍ നിന്ന് താന്‍ തഹല്ലുലായിരിക്കും എന്ന് നിബന്ധന വച്ചുകൊണ്ട് ഇഹ്റാമില്‍ പ്രവേശിക്കാം. ഹൈള് ഉണ്ടാകും എന്ന് ഭയക്കുന്നവരെപ്പോലെത്തന്നെയാണ് ഹൈള് ഉദ്ദേശിക്കുന്ന സമയത്ത് നീങ്ങുകയില്ല എന്ന് ഭയപ്പെടുന്നവരും ചെയ്യേണ്ടത്. അതല്ലാതെ ഹജ്ജും ഉംറയും ഉദ്ദേശിച്ച് പോകുന്നവരാണ് എങ്കില്‍ അവര്‍ മീഖാത്തില്‍ നിന്നും ഇഹ്റാമില്‍ പ്രവേശിക്കാതെ പോകാന്‍ പാടില്ല. മറിച്ച് നിബന്ധനയോടെ ഇഹ്റാമില്‍ പ്രവേശിക്കുകയാണ് ചെയ്യേണ്ടത്. എങ്കില്‍ തടസ്സം നീങ്ങിയാല്‍ അവര്‍ക്ക് ഹജ്ജും ഉംറയും നിര്‍വഹിക്കാം. രോഗമോ മറ്റോ കാരണത്താല്‍ തടസ്സം ഭയപ്പെടുന്നവരും ഇപ്രകാരം തന്നെയാണ് പറയേണ്ടത്. തടസ്സം ഭയപ്പെടുന്ന സ്ത്രീക്കും പുരുഷനും ഒക്കെ ഈ നിബന്ധന വെക്കാം.
اللّهم إِنْ حَبَسَنِي حَابِسٌ فَمَحَلِّي حَيْثُ حَبَسْتَنِي
അല്ലാഹുവേ എനിക്ക് (കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍) വല്ല തടസ്സവും
നേരിട്ടാല്‍, ആ തടസ്സം ഉണ്ടായ അവിടം മുതല്‍ ഞാന്‍ തഹല്ലുലായിരിക്കും" . എന്നത് അറബിയിലോ, അവനവന്‍റെ ഭാഷയിലോ ഒക്കെ പറയാം.
ശൈഖ് ഇബ്നു ഉസൈമീന്‍ (റ) യോട് ചോദിക്കപ്പെട്ടു: ഒരു സ്ത്രീ മീഖാത്തില്‍ എത്തിയപ്പോള്‍ അവര്‍ക്ക് ഹൈളാണ് എങ്കില്‍ എന്ത് ചെയ്യും ?.
അദ്ദേഹം പറഞ്ഞു: ഒരു സ്ത്രീ മീഖാത്തില്‍ എത്തുമ്പോള്‍ ഹൈള് ഉള്ള അവസ്ഥയിലായിരിക്കുകയും തന്‍റെ കുടുംബം മടങ്ങുന്നതിന് മുന്പ് ഒരുപക്ഷെ തന്‍റെ ഹൈള് അവസാനിക്കുകയില്ല എന്ന് ഭയപ്പെടുകയും ചെയ്‌താല്‍. അവര്‍ (اللّهم إِنْ حَبَسَنِي حَابِسٌ فَمَحَلِّي حَيْثُ حَبَسْتَنِي) ഇപ്രകാരം നിബന്ധന വെച്ചുകൊള്ളട്ടെ. അവരപ്രകാരം നിബന്ധന വെച്ചാല്‍ അഥവാ ത്വുഹ്റായില്ലെങ്കില്‍ അവര്‍ക്ക് തന്‍റെ കുടുംബത്തോടൊപ്പം മടങ്ങാം . യാതൊന്നും അവര്‍ക്ക് ബാധകമാകുന്നില്ല. നിബന്ധന വെക്കാതെയാണ് ഇഹ്റാമില്‍ പ്രവേശിച്ചതെങ്കില്‍ അവര്‍ ത്വുഹ് റാകുന്നത് വരെ അവരും അവരോടൊപ്പമുള്ളവരും അവിടെ നില്‍ക്കേണ്ടി വുകയും ചെയ്യും. - [ مجموع فتاوى ورسائل الشيخ ابن عثيمين: ج22 ص30 ].
അല്ലാഹു അനുഗ്രഹിക്കട്ടെ..