Tuesday, September 24, 2013

ഇല്മിന്‍റെ പ്രാധാന്യവും, ത്വാലിബുല്‍ ഇല്മ് അറിയേണ്ടതും !.



الحمد لله وحده، والصلاة والسلام على من لا نبي بعده وعلى آله وصحبه ، أما بعد 

നമ്മെളെല്ലാവരും ആഗ്രഹിക്കുന്ന ആ വിവര്‍ണ്ണനാതീതമായ വിജയം കയ്യിലൊതുക്കാന്‍ ശ്വാസവായുവിനെക്കാള്‍ നമുക്കനിവാര്യമായ ഒന്നുണ്ട്. അതാണ്‌ അറിവ്. പണവും സ്വത്തും സമ്പാദിച്ചു കൂട്ടാനും അധികാരം വെട്ടിപ്പിടിക്കാനുമുള്ള ആര്‍ത്തിയില്‍ മനുഷ്യര്‍ അധപതിക്കുമ്പോള്‍, വെറും താല്‍ക്കാലിക വിഭവമായ ഐഹിക ജീവിതത്തെ പരമാവധി ആസ്വദിക്കാന്‍ മനുഷ്യന്‍ പാടുപെടുമ്പോള്‍, അതില്‍ നിന്നെല്ലാം വ്യത്യസ്തനായി  പാരത്രികലോകത്തെ സ്ഥിരവാസത്തിനുള്ള ഭവനമൊരുക്കാന്‍ പ്രേരിപ്പിക്കുന്നതും, തന്‍റെ രക്ഷിതാവിനെയും അവന്‍റെ അധ്യാപനങ്ങളെയും അടുത്തറിയാന്‍ സാധിക്കുന്നതും, സന്ദേഹമില്ലാതെ ആശയക്കുഴപ്പങ്ങളില്ലാതെ പ്രവാചകന്മാര്‍ വഴികാട്ടിയ മാര്‍ഗത്തില്‍ ഉറച്ചു നിന്ന് വിശ്വാസിയായി മരണപ്പെടാന്‍ സാധിക്കുന്നതുമായ അറിവ്.  ആ അറിവ് കരസ്ഥമാക്കാന്‍ നാമോരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്. ആ അറിവാണ് സ്വർഗതത്തിലേക്കുള്ള നമ്മുടെ പാത എളുപ്പമാക്കുന്നത്. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കാൻ സഹായകമാകുന്നത്. 

وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلَامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ

"തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങള്‍ തുറന്നു വെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്നടുത്ത്‌ വരുമ്പോള്‍ അവരോടു അതിന്റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ പ്രവേശിച്ചു കൊള്ളുക." [സുമര്‍: 73].

  
മതപരമായി പഠിക്കുവാനും വളരുവാനും ഇന്ന് ഒട്ടനവധി അവസരങ്ങളുണ്ട്. പ്രത്യേകിച്ചും  ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ടുള്ള അഖീദ പഠനം,  ഇസ്ലാമിക കര്‍മ ശാസ്ത്ര പഠനവും അതിനോടനുബന്ധിച്ചുള്ള  ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം, ഇസ്ലാമിക് ജേര്‍ണലിസം, ഇസ്ലാമിക കുടുംബ നിയമങ്ങള്‍, ഇസ്ലാമിക് ജുഡീശ്യറി തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍.ഹദീസ് നിഥാന ശാസ്ത്രം, തഫ്സീര്‍, ഉലൂമുല്‍ ഖുര്‍ആന്‍.......  ഇങ്ങനെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ എണ്ണിയാലൊടുങ്ങാത്ത പഠന സാധ്യതകള്‍. ഉയര്‍ന്നു ചിന്തിക്കാനും ആത്മ സമര്‍പ്പണത്തിനും വിദ്യാര്‍ഥികള്‍ തയ്യാറായാല്‍ അവര്‍ക്കതിനുള്ള അവസരങ്ങള്‍ തുറന്നു കിട്ടുക തന്നെ ചെയ്യും ഇന്‍ ഷാ അല്ലാഹ് !.


ഇമാം ഇബ്നുല്‍ ജൗസി (رحمه الله) പറയുന്നു:

لقد غفل طلاب الدنيا عن اللذة فيها ، واللذة فيها شرف العلم 

"ദുനിയാവിനെ തേടി നടക്കുന്നവര്‍ ദുനിയാവിലെ ഏറ്റവും വലിയ ആസ്വാദനത്തെക്കുറിച്ച് അശ്രദ്ധരാണ്. ആ ആസ്വാദനമാകട്ടെ മഹത്വകരമായ അറിവാകുന്നു."

  അതിയായ ആഗ്രഹത്തോടെയും ആത്മാര്‍ഥതയോടെയും മതപഠനത്തിനായി മുന്നോട്ടു വരുന്ന വിദ്യാര്‍ഥികള്‍ക്ക് മംഗളം. അല്ലാഹുവിന്‍റെ മഹത്തായ ഒരനുഗ്രഹമാണത്. ഒരു മഹാ ഭാഗ്യം. പ്രവാചകന്മാരുടെ അനന്തരാവകാശികള്‍ ആണവര്‍. പ്രവാചകന്മാര്‍ അനന്തര സ്വത്തായി വിട്ടേച്ചു പോയത് ദീനാറോ ദിര്‍ഹമോ അല്ല. മറിച്ച് അറിവാണ്.

ആ അനന്തര സ്വത്ത് കരസ്ഥമാക്കുക അത്ര എളുപ്പമല്ല. ഒരുപാട്  കടമ്പകള്‍ കടക്കേണ്ടതുണ്ട്. ആത്മാര്‍ത്ഥവും നിഷ്കളങ്കവുമായ കഠിനപരിശ്രമവും ക്ഷമയും, സൂക്ഷ്മതയും അതിന്നാവശ്യമാണ്.  പൊതുവേ ഓരോ വിദ്യാര്‍ഥിയും പാലിച്ചിരിക്കേണ്ട ഒരുപാട്   മര്യാദകളില്‍ ചില കാര്യങ്ങളെ മാത്രമാണ് ഇവിടെ സൂചിപ്പിക്കുന്നത് :

  ഒന്ന്: ആത്മാര്‍ഥമായ പ്രാര്‍ത്ഥന.

ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആയുധമാണ് പ്രാര്‍ത്ഥന. പ്രാര്‍ഥിക്കാതെ അഹന്ത നടിക്കുന്നവനെ അല്ലാഹു പരിഗണിക്കുകയില്ല. അല്ലാഹു പറയുന്നു: 

قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلا دُعَاؤُكُمْ

"(നബിയേ) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ് " [ ഫുര്‍ഖാന്‍: 77].

ഉപകാരപ്രദമായ അറിവ് വര്‍ധിപ്പിച്ചു കിട്ടാനും, അതനുസരിച്ച് തന്റെ ജീവിതത്തെ ക്രമപ്പെടുത്താനും നാം സദാ പ്രാര്‍ഥിക്കണം. വിശുദ്ധ ഖുര്‍ആനില്‍  അറിവ് വര്‍ധിച്ചു കിട്ടാന്‍ പ്രാര്തിക്കണമെന്നത് പ്രത്യേകം ഉണര്ത്തുന്നുണ്ട്.

അല്ലാഹു പറയുന്നു: 

وَقُلْ رَبِّ زِدْنِي عِلْمًا

"....'എന്റെ രക്ഷിതാവേ, എനിക്ക് നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ' എന്ന് നീ പറയുകയും ചെയ്യുക" [ ത്വാഹാ: 114].മാത്രമല്ല അറിവ് വര്‍ദ്ധിപ്പിച്ചു തരാന്‍ പ്രാര്‍ഥിക്കുന്നതിനോടൊപ്പം, ഏറ്റവും ശരിയായ ഉറവിടത്തില്‍ നിന്നാണ് താന്‍ അറിവ് സ്വീകരിക്കുന്നത് എന്ന് ഓരോ വിദ്യാര്‍ഥിയും ഉറപ്പ് വരുത്തുകയും അതിനായി സദാ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും വേണം.

മഹാനായ ഇബ്നു സീരീന്‍
(رحمه الله) പറയുന്നു : " നിങ്ങള്‍ നേടുന്ന ഈ അറിവ് അത് നിങ്ങളുടെ മതമാണ്‌. ആയതിനാല്‍ തന്നെ ആരില്‍ നിന്നുമാണ് അത് സ്വീകരിക്കുന്നത് എന്ന് സൂക്ഷ്മമായി പരിശോധിച്ചുകൊള്ളുക ".


പരിശ്രമിക്കുക ഒപ്പം സദാ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. ആ പ്രാര്‍ത്ഥന ആത്മാര്‍ഥമാണെങ്കില്‍ തീര്‍ച്ചയായും സര്‍വശക്തന്‍ അതിനുത്തരം നല്‍കും. അതേ നമ്മുടെ രക്ഷിതാവ് പറയുന്നു :

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ 

"നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ് തീര്‍ച്ച " [ മുഅ്മിന്‍: 60 ].



  രണ്ട്: നിയ്യത്ത് നന്നാക്കുക.

  ഏതൊരു വിശ്വാസിയുടെ സല്‍കര്‍മ്മവും അല്ലാഹുവിന്റെ പക്കല്‍ സ്വീകാര്യയോഗ്യമാകണമെങ്കില്‍ ചില നിബന്ധനകള്‍ പാലിച്ചിരിക്കണം. ഒന്ന്‍: 'ഇഖ്‌ലാസ്',  രണ്ട്:  'ഇത്തിബാഉ റസൂല്‍ '. അഥവാ നിഷ്കളങ്കമായി അല്ലാഹുവിന്‍റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് അനുഷ്ടിക്കപ്പെടുന്നതും പ്രവാചകന്‍റെ ചര്യ പിന്പറ്റിക്കൊണ്ടുള്ളതുമാകണം. എങ്കില്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.

وَمَنْ أَحْسَنُ دِينًا مِمَّنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ وَاتَّبَعَ مِلَّةَ إِبْرَاهِيمَ حَنِيفًا ۗ وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلًا

അല്ലാഹു പറയുന്നു: "സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പ്പെടുത്തുകയും, നേര്‍ മാര്‍ഗത്തിലുറച്ചു നിന്നുകൊണ്ട് ഇബ്രാഹീമിന്റെ മാര്‍ഗ്ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്? അല്ലാഹു ഇബ്രാഹീമിനെ സുഹ്രത്തായി സ്വീകരിച്ചിരിക്കുന്നു." [നിസാഅ്: 125].

 ഈ ആയത്തില്‍ "സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പ്പെടുത്തുക" എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഇഖ്‌ലാസാണ്. എല്ലാ കര്‍മങ്ങളിലുമെന്ന പോലെ അറിവ് തേടുന്നതിലും നിയ്യത്തിനു വളരെയധികം പ്രാധാന്യമുണ്ട്. ജനങ്ങളുടെ ഇടയില്‍ പേരിനും പ്രശസ്തിക്കുമെല്ലാം കാരണമായിത്തീരുന്ന ഒന്നാണ് അറിവ് എന്നതുകൊണ്ട്‌ തന്നെ അല്ലാഹുവിന്‍റെ  പ്രീതി ആഗ്രഹിക്കുന്നതില്‍ നിന്നും ദുന്‍യവിയായ സ്ഥാനമാനങ്ങളെ ആഗ്രഹിക്കുന്നതിലേക്ക് നമ്മുടെ ഉദ്ദേശ്യത്തെ വഴിതിരിച്ചുവിടാന്‍ പിശാച് ആവത് ശ്രമിച്ചു കൊണ്ടിരിക്കും. ഉദ്ദേശ്യം പിഴച്ചുപോയാല്‍ നമ്മള്‍ ചെയ്യുന്ന കര്‍മം സ്വീകരിക്കപ്പെടുകയില്ല എന്നതിലുപരി നമ്മള്‍ ശിക്ഷാര്‍ഹരായി മാറുകയും ചെയ്യുമെന്നതാണ് ഏറ്റവും അപകടകരം.

قال رسول الله ـ صلى الله عليه وسلم: (من تعلم العلم ليباهي به العلماء، أو يماري به السفهاء، أو يصرف به وجوه النّاس إليه أدخله الله جهنم) رواه ابن ماجه عن أبي هريرة وصححه الألباني

പ്രവാചകന്‍(صلى الله عليه وسلم) പറയുന്നു : " പണ്ഡിതന്മാരെ കൊച്ചാക്കാന്‍ വേണ്ടിയോ, അവിവേകികളോട് തര്‍ക്കിക്കാന്‍ വേണ്ടിയോ, ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയോ ആണ് ഒരാള്‍ അറിവ് തെടുന്നതെങ്കില്‍   അവനെ അല്ലാഹു കത്തിജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കും". [ ഇബ്നു മാജ - അല്‍ബാനി/സ്വഹീഹ്].
 
 അതുപോലെ ഇബ്നു മസ്ഊദ് (رضي الله عنه) പറയുന്നു: "പ്രവര്‍ത്തികമാക്കപ്പെടുന്നില്ലെങ്കില്‍ വാക്കുകള്‍ക്ക് യാതൊരു പ്രയോജനവുമില്ല. ഇനി വാക്കുകളും പ്രവര്‍ത്തിയുമെല്ലാം ഉണ്ടെങ്കിലും ശരിയായ നിയ്യത്തില്ലെങ്കില്‍ അവ രണ്ടും ഉപകാരപ്പെടില്ല. ഇനി നല്ല നിയ്യത്തും, വാക്കും, പ്രവര്‍ത്തിയും എല്ലാമുണ്ട് പക്ഷെ പ്രവാചകചര്യയില്‍ പെടാത്ത പ്രവര്‍ത്തനമാണ് എങ്കില്‍ അവയൊന്നും തന്നെ ഉപകാരപ്പെടില്ല". [ജവാമിഉല്‍ ഉലൂമി വല്‍  ഹികം]

ഒരാളുടെ വാക്കുകളും പ്രവര്‍ത്തികളുമെല്ലാം സ്വീകാര്യയോഗ്യമാവണമെങ്കില്‍ 'ഇഖ്‌ലാസും', 'ഇത്തിബാഉ റസൂലും' അനിവാര്യമാണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. അല്ലെങ്കില്‍ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടില്ല എന്ന് മാത്രമല്ല ശിക്ഷ ലഭിക്കുകയും ചെയ്യും. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ .. ആമീന്‍..

അതുകൊണ്ട് നാം ഇടയ്കിടെ നമ്മുടെ നിയ്യത്തിനെ പുനര്‍പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ഒരു പ്രവര്‍ത്തി ചെയ്യുന്നതിനേക്കാള്‍ പ്രയാസകരമായ കാര്യമാണ് ആ പ്രവര്‍ത്തി ചെയ്യുമ്പോഴുള്ള നിയ്യത്ത് നന്നാക്കുക എന്നുള്ളത്.

 യൂസുഫ് ബ്നു അസ്ബാത്വ് (رحمه الله) പറയുന്നു: "ഒരു കര്‍മം ചെയ്യുമ്പോഴുള്ള കഠിന പരിശ്രമത്തെക്കാളും ബുദ്ധിമുട്ടുകളെക്കാളും പ്രയാസകരമാണ് ആ കര്‍മം ചെയ്യുമ്പോഴുള്ള തന്റെ സദുദ്ദേശ്യത്തെ പിഴച്ചു പോകാതെ സംരക്ഷിക്കുക എന്നുള്ളത്".


നിയ്യത്ത് നന്നാക്കാന്‍ ഒരു വിദ്യാര്‍ഥി പാലിച്ചിരിക്കേണ്ട ഒരുപാട് മര്യാദകളുണ്ട്. അദ്ധ്യാപകരോടും സഹപാടികളോടുമുള്ള ബഹുമാനം, വിനയം, താഴ്മ, സ്നേഹം അതുപോലെ താന്‍ പഠിച്ച അറിവ് സ്വന്തം ജീവിതത്തില്‍  പ്രാവര്‍ത്തികമാക്കല്‍, സന്മനസ്സോടെ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കല്‍ തുടങ്ങിയവയെല്ലാം അതില്‍ പെടുന്നു. ഇത് വിശദമായി മനസ്സിലാക്കാന്‍ അറിവിന്‍റെയും പണ്ഡിതന്മാരുടെയും പ്രാധാന്യവും സ്ഥാനവുമെല്ലാം സൂചിപ്പിക്കുന്ന പുസ്തകങ്ങള്‍ ധാരാളമായി വായിക്കണം. جامع بيان العلم وفضله  എന്ന ഇബ്നു അബ്ദുല്‍ ബര്‍ (رحمه الله)  വിന്‍റെ ഗ്രന്ഥം ഇതില്‍ സുപ്രധാനമാണ്‌. അത്തരം ഗ്രന്ഥങ്ങള്‍ വായിക്കുക വഴി വിദ്യാര്‍ഥികള്‍ക്ക് അറിവിനോടുള്ള ഇഷ്ടവും ആദരവുമെല്ലാം വര്‍ധിക്കും. സച്ചരിതരായ മുന്‍കാല പണ്ഡിതന്മാരുടെ ജീവ ചരിത്രവും അറിവ് നേടാനായി അവര്‍ സഹിച്ച ത്യാഗങ്ങളുമെല്ലാം അറിഞ്ഞിരിക്കേണ്ടതും  ലക്ഷ്യബോധമുള്ള ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.


  മൂന്ന്‍: നേടിയ അറിവ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക.

പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടിയാണല്ലോ നാം അറിവ് തേടുന്നത്. അറിവ് വര്‍ധിക്കുന്നതിനനുസരിച്ച് അത് ജീവിതത്തില്‍ പകര്‍ത്തുന്നവനാണ് യഥാര്‍ത്ഥ വിദ്യാര്‍ഥി. ആത്മാര്‍ത്ഥമായി അറിവ് തേടുന്നവന്‍റെ ജീവിതത്തില്‍ അത് വരുത്തുന്ന മാറ്റങ്ങള്‍ പ്രകടമായിരിക്കും.

ഹസന്‍ (رضي الله عنه) പറയുന്നു: " അറിവ് തേടുന്നവന്‍ അതിന്‍റെ ഫലം തന്‍റെ  നാവിലും , കൈയിലും, നോട്ടത്തിലും, ഭയഭക്തിയിലും, നമസ്കാരത്തിലും, പരലോക വിജയത്തോടുള്ള തന്‍റെ അമിതമായ താല്പര്യത്തിലുമെല്ലാം അത് പ്രതിഫലിച്ചു കാണാന്‍ ഒട്ടും വൈകിക്കുകയില്ല" [സുനനുദ്ധാരിമി- 1/118].

മനസ്സിന്‍റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന്, തന്‍റെ കര്‍മങ്ങളിലൂടെ അത് പ്രതിഫലിക്കുമ്പോഴാണ് അറിവ് യദാര്‍ത്ഥത്തില്‍ അറിവായി മാറുന്നത്. 

ഇമാം ശാഫിഇ (رحمه الله) പറയുന്നു: " മനപ്പാഠമാക്കി വെക്കപ്പെടുന്നവയല്ല അറിവ്. മറിച്ച് ഉപകാരപ്പെടുന്നവയേതാണോ അതാണ്‌ അറിവ്" [ഹുല്‍യതുല്‍ ഔലിയാഅ്: 9/123]. മനപ്പാഠമാക്കേണ്ടതില്ല എന്നല്ല. ഒരാള്‍ കുറേ മനപ്പാഠമാക്കിയത് കൊണ്ട് മാത്രം അറിവാകുന്നില്ല, മറിച്ച് അയാളുടെ പ്രവര്‍ത്തനങ്ങളില്‍ ആ അറിവ് പ്രതിഫലിക്കേണ്ടതുണ്ട് എന്നാണിതര്‍ത്ഥമാക്കുന്നത്.


മാത്രമല്ല പരലോകത്തു വച്ച് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ അടിമക്ക്  തന്‍റെ കാലുകള്‍ മുന്നോട്ട് വെക്കാന്‍ കഴിയുകയില്ല എന്ന് പ്രദിപാദിക്കപ്പെട്ട ഹദീസ് നമുക്ക് ഏവര്‍ക്കും അറിയാമല്ലോ. അന്നേ ദിവസം ചോദിക്കപ്പെടുന്ന ഒരു ചോദ്യമാണ് "നീ അറിഞ്ഞ കാര്യങ്ങളില്‍ നീ എന്ത് പ്രവര്‍ത്തിച്ചു ?! " എന്നുള്ളത്. തങ്ങള്‍ക്ക് അറിവ് വന്നെത്തുമ്പോള്‍ ഒട്ടും വൈകിക്കാതെ അത് പിന്തുടര്‍ന്നിരുന്ന സ്വഹാബത്തിന്‍റെ ചരിത്രം എത്രയോ നമുക്ക് മുന്നിലുണ്ട്. അതെ പ്രവാചകന്‍റെയും,  സ്വഹാബത്തിന്‍റെയും പാത
പിന്തുടരുന്നതില്‍ തന്നെയാണ് നന്മയുള്ളത്.

നാല്: പ്രമാണബദ്ധമായി നേടിയ അറിവ് കുറച്ചാണെങ്കില്‍ പോലും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുക:

അല്ലാഹു പറയുന്നു :
(وَمَنْ أَحْسَنُ قَوْلًا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ. )
 
അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിമീങ്ങളില്‍ പെട്ടവനാകുന്നു എന്ന് പറയുകയും ചെയ്തവനേക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മാറ്റാരുണ്ട് - [ ഫുസ്വിലത്‌ - 33]

പ്രവാചകന്‍ (صلى الله عليه وسلم) പറയുന്നു:

من دل على خير فله فله مثل أجر فاعله 

"ആരെങ്കിലും ഒരാള്‍ക്ക് ഒരു നന്മ കാണിച്ചുകൊടുത്താല്‍ അത് പ്രവര്‍ത്തിച്ചവന് ലഭിക്കുന്ന പ്രതിഫലത്തിന് സമാനമായ പ്രതിഫലം അവനും ലഭിക്കുന്നു" - [ സ്വഹീഹ് മുസ്‌ലിം]

അതുപോലെ പ്രവാചകന്‍ (صلى الله عليه وسلم)  പറഞ്ഞു: 

من دعا إلى هدى كان له من الأجر مثل أجور من تبعه لا ينقص ذلك من أجورهم شيئا 

"ആരെങ്കിലും ഒരാളെ ഒരു സല്‍പ്രവര്‍ത്തിയിലേക്ക് ക്ഷണിച്ചാല്‍, ആ ക്ഷണം സ്വീകരിക്കുന്നവരുടെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലം ക്ഷണിക്കുന്നവനും ലഭിക്കും. അതുമൂലം അവരില്‍ ഏതെങ്കിലും ഒരാളുടെ പ്രതിഫലത്തിന് യാതൊരു കുറവും സംഭവിക്കില്ല." - [സ്വഹീഹ് മുസ്‌ലിം]


മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം : 

فوالله لأن يهدي الله بك رجلا واحدا خير لك من حمر النعم 

" വല്ലാഹി !, നീ മുഖേന ഒരാള്‍ക്കെങ്കിലും അല്ലാഹു ഹിദായത്ത് നല്‍കുകയാണ് എങ്കില്‍ അതാണ്‌ ചുവന്ന ഒട്ടകം ലഭിക്കുന്നതിനേക്കാള്‍ നിനക്കുത്തമം " [സ്വഹീഹുല്‍ ബുഖാരി].

ഇബ്നു ബാസ് (رحمه الله) പറയുന്നു : " ലോകത്തിന്‍റെ ഏത് കോണുകളിലായാലും അറിവുള്ളവര്‍ ദഅവത്തില്‍ വ്യാപൃതരാവണം. വായുവിലായാലും, ട്രയിനിലായാലും, കാറിലായാലും, കപ്പലിലായാലും എപ്പോഴാണോ തങ്ങള്‍ക്ക് ദഅവത്തിന് അവസരം ലഭിക്കുന്നത് സദുപദേശം നല്‍കിക്കൊണ്ടും കാര്യങ്ങള്‍ പറഞ്ഞുകൊടുത്തുകൊണ്ടും  മതവിദ്യാര്‍ഥികള്‍ അത് ഉപയോഗപ്പെടുത്തണം. ദഅവത്തില്‍ ഭാഗവാക്കാകാന്‍ കഴിയുക എന്നത് വലിയ ഒരു സൗഭാഗ്യമാണ്".[كتاب : فتاوى علماء بلد الحرام]

എന്നാല്‍ അറിവില്ലാതെ ദഅവത്ത് നടത്താന്‍ പാടില്ല. മതത്തില്‍ തങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുക എന്നുള്ളത് കഠിനമായ ശിക്ഷ ലഭിക്കുന്ന പാപമായാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. അപ്പോള്‍ താന്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നത് എന്തോ അത് വളരെ ചെറിയ  അറിവായാലും പ്രമാണബദ്ധമായി മനസ്സിലാക്കിയ കാര്യം ആവണം. അതുപോലെത്തന്നെ എല്ലാ കാര്യവും പഠിച്ച് മനസ്സിലാക്കി ഇല്‍മ് പൂര്‍ത്തിയായ ഒരാള്‍ക്കേ ദഅവത്ത് പാടുള്ളൂ എന്ന ധാരണയും തെറ്റാണ്. ആ ധാരണ പ്രമാണങ്ങള്‍ക്ക് വിരുദ്ധവുമാണ്. മറിച്ച് താന്‍ തന്‍റെ സഹോദരനെ ക്ഷണിക്കുന്ന വിഷയമേതോ അത് അല്ലാഹുവും അവന്‍റെ പ്രവാചകനും പഠിപ്പിച്ചതാണ് എന്ന് ക്ഷണിക്കുന്നവന് ബോധ്യമുണ്ടാകണം എന്നതാണ് ശരിയായ വീക്ഷണം. ഒരാള്‍ക്ക് വുളു എടുക്കാന്‍ അറിയുമെങ്കില്‍ വുളു എടുക്കാന്‍ അറിയാത്തവന് അത് പഠിപ്പിച്ചു കൊടുക്കാം, ഒരാള്‍ക്ക് നമസ്കരിക്കാന്‍ അറിയുമെങ്കില്‍ നമസ്കാരം അറിയാത്തവന് അത് പഠിപ്പിച്ചുകൊടുക്കാം. ഇപ്രകാരം താന്‍ മനസ്സിലാക്കിയ ഒരു നന്മ തന്‍റെ സഹോദരന് കൂടി മനസ്സിലാക്കിക്കൊടുക്കുക എന്നത് ഏറെ പുണ്യകരമായ ഒരു സംഗതിയാണ്. മാത്രമല്ല തനിക്ക് അറിയാവുന്ന ഒരു അറിവ് തന്‍റെ സഹോദരനുമായി പങ്കുവെക്കുന്നതിന് പകരം അത് മൂടിവെക്കുകയാണ് എങ്കില്‍ അത് കുറ്റകരമാണ്താനും.

ശൈഖ് ഇബ്ന്‍ ബാസ് (رحمه الله) പറയുന്നു : "ഇതൊക്കെ ഞാന്‍ ചെയ്യേണ്ടതല്ല. മറ്റുള്ളവര്‍ ചെയ്യട്ടെ എന്ന് പറഞ്ഞുകൊണ്ട് ഒരു മതവിദ്യാര്‍ഥി  മാറി നില്‍ക്കരുത് എന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. തന്‍റെ കഴിവും അറിവും അനുസരിച്ച് അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയാണ് അവന്‍ ചെയ്യേണ്ടത്. അതോടൊപ്പം തനിക്ക് കഴിയാത്ത കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യരുത്. മറിച്ച് തനിക്കുള്ള അറിവിന്‍റെ തോതനുസരിച്ച് അവന്‍ അല്ലാഹുവിലേക്ക് ക്ഷണിക്കട്ടെ. പറയുന്ന കാര്യങ്ങള്‍ പ്രമാണബദ്ധമായിരിക്കുവാനും അല്ലാഹുവിന്‍റെ മേല്‍ അറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കാതിരിക്കുവാനും അങ്ങേയറ്റം സൂക്ഷിക്കേണ്ടതുണ്ട് ". [كتاب : فتاوى علماء بلد الحرام]

അതുപോലെ പ്രബോധകന്മാര്‍ അല്ലാഹുവിന്‍റെ പ്രീതി മാത്രം ആഗ്രഹിക്കുന്നവര്‍ ആയിരിക്കണം. സ്വാലിഹ് ആലു ശൈഖ് (ഹഫിദഹുല്ലാഹ്)  പറയുന്നു : " തന്‍റെ ദഅവത്ത് സ്വീകരിക്കുന്ന ആളുകളുടെ ആദിക്യത്തില്‍ വഞ്ചിതനാകുന്നവനോ അവരുടെ കുറവില്‍ ആവലാതിപ്പെടുന്നവനോ അല്ല പ്രബോധകന്‍.
മറിച്ച് തന്‍റെ പ്രബോധനം നന്നാക്കുവാനും, അത് ദൈവിക മാര്‍ഗദര്‍ശനത്തിലും, പ്രവാചക ചര്യയിലും, ഉള്‍ക്കാഴ്ചയിലും അധിഷ്ടിതമായിരിക്കുവാനും ശ്രദ്ധ ചെലുത്തുന്നവനായിരിക്കണം പ്രബോധകന്‍ " [مقالات متنوعة لمعالي الشيخ صالح بن عبد العزيز آل الشيخ]

ഷെയ്ഖ് സ്വാലിഹ് അല്‍ ഫൌസാനും, ഉബൈദ് അല്‍ ജാബിരിയുമൊക്കെ (حفظهم الله ) അവതാരിക എഴുതിയ -മന്ഹജുസ്സലഫ് ഫി ദ്ദഅവത്തി ഇലല്ലാഹ്- എന്ന ഫവാസ് ബിന്‍ ഹുലൈല്‍ അസ്സുഹൈമിയുടെ പുസ്തകതില്‍ വന്ന ഒരു ഭാഗത്തിന്‍റെ സംക്ഷിപ്ത രൂപം കാണുക : 

" പ്രബോധനം ചെയ്യുന്നവര്‍ വളരെയധികം സൂക്ഷിക്കണം .. തങ്ങളില്‍ വരുന്ന അപാകതകള്‍ കാരണം മറ്റുള്ളവര്‍ സത്യത്തില്‍ നിന്നും അകന്നു പോകാന്‍ ഇടയാക്കരുത്... മാന്യമായും ഇസ്ലാമിക മര്യാദയോട് കൂ
ടിയും മാത്രമേ അവര്‍ തങ്ങളുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാവൂ.. എതിരാളി എത്ര മോശമായ രീതി സ്വീകരിച്ചാലും അതേ നാണയത്തില്‍ മറുപടി പറയുക എന്നത് ഒരിക്കലും അഹ്ലുസ്സുന്നയുടെ രീതിയല്ല... എത്ര അവഹേളനങ്ങള്‍ സഹിച്ചാലും ക്ഷമിച്ചു കൊണ്ടും തന്‍റെ എതിരാളിയുടെ നന്മ മാത്രം ആഗ്രഹിച്ചു കൊണ്ടും സൗമ്യതയോടെ ആദര്‍ശം തുറന്നു പറയുക എന്നതാണ് സലഫുകളുടെ രീതി. പ്രബോധകന്‍ എതിരാളികള്‍ തീര്‍ക്കുന്ന പ്രകോപനങ്ങള്‍ക്കിരയാവരുത്.

ഇനി തന്‍റെ വികാരം നിയന്ത്രിക്കാന്‍ പറ്റാത്തവരും നമ്മളിലുണ്ടാവാം .. പൊതു പ്രബോധന രംഗങ്ങളില്‍ നിന്നും മാറി നിന്ന് ആദര്‍ശത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുകയും തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുകയുമാണ് അവര്‍ ചെയ്യേണ്ടത്. പൊതു പ്രബോധനത്തില്‍ അവരില്‍ നിന്ന് വരുന്ന വികാരപരമായ സമീപനങ്ങള്‍ ഒരു പക്ഷെ ഇസ്ലാമികാധ്യാപനങ്ങളെ മറികടക്കാന്‍ ഇടയുണ്ട്. ഇത് പ്രബോധനത്തിന്റെ മുന്നേറ്റത്തെ തന്നെ ബാധിച്ചേക്കാം. ഇനി തന്‍റെ വികാരത്തെ ക്ഷമ കൊണ്ടും, ഗുണകാംഷ കൊണ്ടും തടുത്തു നിര്‍ത്താന്‍ സാധിക്കുമെങ്കില്‍ ഇസ്ലാമിക മര്യാദകള്‍ കാത്തു സൂക്ഷിച്ചു കൊണ്ട് അവര്‍ പ്രബോധനം ചെയ്തു കൊള്ളട്ടെ..... ".

അല്ലാഹുവിന്‍റെ നിയമ നിര്‍ദേശങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും മനസ്സിലാക്കുവാനും അത് ജീവിതത്തില്‍ പകര്‍ത്തുവാനും അല്ലാഹു തൗഫീഖ് നല്‍കട്ടെ. അല്ലാഹു നേരിലേക്കും നന്മയിലേക്കും നമ്മെ ഓരോരുത്തരെയും വഴി നടത്തട്ടെ.

وصلى الله وسلم على عبده ورسوله نبينا محمد وآله وصحبه. والسلام عليكم ورحمة الله 


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Monday, September 9, 2013

നമുക്കിടയില്‍ ഭിന്നതകളും, വിഭാഗീയതകളും കടന്നുവരുന്ന വഴികള്‍ - ശൈഖ് സ്വാലിഹ് അസ്സുഹൈമി (ഹ)

ബഹുമാന്യനായ ശൈഖ് സ്വാലിഹ് അസ്സുഹൈമി (ഹഫിദഹുല്ലാഹ്) അഹ്ലുസ്സുന്നയുടെ ഇടയില്‍ നിലനില്‍ക്കുന്ന ഭിന്നതകളെയും തര്‍ക്കങ്ങളെയും സംബന്ധിച്ച് നടത്തിയ ഹ്രസ്വമായ ഒരു വിശദീകരണം കാണുക :

വിവര്‍ത്തനം
:

" ഞാന്‍ എന്‍റെ ക്ലാസ് അഹ്ലുസ്സുന്നയുടെ ഇടയിലുള്ള ഭിന്നതകളെക്കുറിച്ച് പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുകയാണ്. അഥവാ സത്യത്തിലേക്കും, യഥാര്‍ത്ഥ സലഫീ മന്ഹജിലേക്കും ക്ഷണിക്കുന്നവരുടെ ഇടയിലുള്ള ഭിന്നതയെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ഈ ഭിന്നതകള്‍ ഉടലെടുക്കാന്‍ ധാരാളം കാരണങ്ങളുണ്ട്: അവയില്‍ ചിലതാണ്, അറിയപ്പെടാനും പ്രശസ്തി നേടാനുമുള്ള ആഗ്രഹം, ചില വ്യക്തികളെ തെറ്റുകുറ്റങ്ങള്‍ക്ക് അതീതരായി കാണല്‍, പ്രമാണങ്ങളിലുള്ള അറിവില്ലായ്മ, മറ്റുള്ളവരെ ആക്ഷേപ വിധേയമാക്കാനും അവരെ മോശമായി ചിത്രീകരിക്കാനുമുള്ള പ്രവണത തുടങ്ങി ഒരുപാട് കാരണങ്ങള്‍ അതിനുണ്ട്. എത്രത്തോളമെന്നാല്‍ പ്രശസ്തരായ, ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുന്നതിലും അതിനെ സംരക്ഷിക്കുന്നത്തിലും ഏറെ പങ്ക് വഹിച്ചിട്ടുള്ള പണ്ഡിതന്മാരെ വരെ ആക്ഷേപിക്കുന്നതിലേക്കാണ് ഇന്ന് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.

അതുപോലെത്തന്നെ ഇത്തരം ഭിന്നതകള്‍ക്ക് കാരണമാണ് സ്വാര്‍ത്ഥ താല്പര്യങ്ങള്‍, യുക്തിക്ക് പ്രമാണങ്ങളെക്കാള്‍ പ്രാമുഖ്യം കാണല്‍, ഒരു വ്യക്തിയോടോ, ഒരു വിഷയത്തോടോ, അഭിപ്രായത്തോടോ പക്ഷപാദിത്വം കാണിക്കല്‍ തുടങ്ങിയവ. അതോടൊപ്പം ഇത്തരം സാഹചര്യങ്ങള്‍ മുതലെടുത്തുകൊണ്ട് കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്നവരുടെ സാന്നിദ്ധ്യം കൂടി ആവുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നു. ഒരേ മന്ഹജില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ക്കിടയില്‍ ഭിന്നതയും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കുവാന്‍ ഇത്തരക്കാര്‍ പലരൂപത്തിലുള്ള മാര്‍ഗങ്ങളും കണ്ടെത്തുന്നു. ഭിന്നതകള്‍ വളര്‍ത്താനായി അത്തരം ആളുകള്‍ സ്വീകരിച്ചുവരുന്ന രീതികളില്‍ ഒന്നാണ് ഒരാള്‍ പറഞ്ഞിട്ടില്ലാത്ത കാര്യം അയാള്‍ പറഞ്ഞുവെന്ന് വരുത്തിത്തീര്‍ക്കുക, അക്രമവും അനീതിയും എന്നോണം ആ വ്യക്തിയെക്കുറിച്ച് തനിക്ക് കൃത്യമായ അറിവില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുക, തന്‍റെ മനസ്സില്‍ ഉള്ള എന്തോ ഒരു ഉദ്ദേശ ലക്ഷ്യം നടപ്പാക്കാന്‍ വേണ്ടിയും ഒരു വ്യക്തിയെക്കുറിച്ച് മോശമായ കാഴ്ചപ്പാട് ഉണ്ടാക്കാന്‍ വേണ്ടിയും അയാളെക്കുറിച്ച് മോശമായി സംസാരിക്കുക. ഒരു വ്യക്തിയുടെ വാചകങ്ങള്‍ വളച്ചൊടിച്ച് അയാള്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞുവെന്ന് വരുത്തിത്തീര്‍ക്കുക. ഒരാളുടെ വാചകങ്ങള്‍ ഉദ്ദരിക്കുമ്പോള്‍ അയാള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് പരിഗണിക്കാതെ അയാള്‍ ഇതില്‍ ഇന്ന ഇന്ന കാര്യങ്ങളാണ് ഉദ്ദേശിച്ചത് സ്വയം വ്യാഖ്യാനിക്കുക, അയാളാകട്ടെ ഒരുപക്ഷെ അങ്ങനെ ഒരു കാര്യം ഒരുപക്ഷെ മനസ്സില്‍ പോലും കരുതിയിട്ടുണ്ടാവില്ല.  ഇന്ന് ചില ചെറുപ്പക്കാര്‍ ഉടലെടുത്തിരിക്കുന്നു. ഒരേ മന്ഹജില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പണ്ഡിതന്മാര്‍ക്കിടയിലും വിദ്യാര്‍ഥികല്‍ക്കിടയിലും പ്രശ്നങ്ങളും ഭിന്നതയും ഉണ്ടാക്കലാണ് അവരുടെ ജോലി. അങ്ങനെ ക്രമേണ അവരെ ഓരോരുത്തരെയും പരസ്പരം വിദ്വേശമുള്ളവരാക്കി അവര്‍ മാറ്റുന്നു.

ചിലപ്പോള്‍ ഇവര്‍ ചില ശൈഖുമാരെ സമീപിച്ച് തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞുകൊടുത്ത് കൊണ്ട് ശൈഖുമാരുടെ പക്കല്‍ അവരെപ്പറ്റി മോശമായ ധാരണകള്‍ ഉണ്ടാക്കുന്നു. പണ്ഡിതന്മാരാകട്ടെ അവര്‍ക്ക് ലഭിച്ച അറിവ് അനുസരിച്ച് സംസാരിക്കുകയും ചെയ്യുന്നു.  പലപ്പോഴും പണ്ഡിതന്മാരെ  ഈ വിഷയത്തില്‍ കുറ്റം പറയാന്‍ പറ്റില്ല. കാരണം ഇത്തരം കാര്യങ്ങള്‍ വന്നുപറയുന്ന ആളുകള്‍ ശൈഖുമാരുടെ വിശ്വാസ്യത പിടിച്ചുപറ്റുകയും അതിനെ ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നത്. എന്നാല്‍ വിശ്വസ്തരാണ് എന്നും, ഭൂമിയില്‍ അല്ലാഹുവിന്‍റെ സാക്ഷികളാണ് എന്നും, തങ്ങള്‍ എല്ലാം തികഞ്ഞവരാണ് എന്നും അവകാശപ്പെടുന്ന ഇത്തരം ആളുകളെ അങ്ങേയറ്റം സൂക്ഷിക്കേണ്ടതുണ്ട്താനും.  അവരുടെ ഹൃദയങ്ങള്‍ രോഗബാധിതമാണ്. അവരുടെ മേല്പറഞ്ഞ ജോലി തന്നെ ഒരേ മന്ഹജില്‍ അണിനിരന്ന ഈ ഉമ്മത്തിലെ സഹോദരങ്ങളെ ഭിന്നിപ്പിച്ച് പിച്ചിച്ചീന്തുന്ന ഏറ്റവും അപകടകരമായ  ജോലിയാണ്.

പരസ്പര വിദ്വേശവും പകയും ഉണ്ടാകുവാനും, പ്രബോധനം മുടങ്ങുവാനും, സലഫീ ആദര്‍ശ പ്രബോധനത്തെപ്പറ്റി മോശമായ ഒരു ധാരണ ആളുകള്‍ക്കിടയില്‍ ഉണ്ടാകുവാനും, ഖുര്‍ആനിനെയും സുന്നത്തിനെയും പ്രചരിപ്പിക്കുന്നതില്‍ ഏറെ പങ്ക് വഹിച്ച പണ്ഡിതന്മാരെപ്പോലും മോശമായി ചിത്രീകരിക്കപ്പെടുവാനും, അത്യധികം ഭയാനകമായ ഒരു ഭിന്നത തന്നെ ആളുകള്‍ക്കിടയില്‍ സൃഷ്ടിക്കുവാനും ഇവര്‍ കാരണമായി. ഈ ഭിന്നതകള്‍ക്കും ഒച്ചപ്പാടുകള്‍ക്കും പിന്നിലുള്ള വസ്തുതകള്‍ എന്ത് എന്ന് പരിശോധിച്ചാല്‍ അനാവശ്യമായ  സംസാരങ്ങളും,  മനസ്സുകളില്‍ കുടിയിരിക്കുന്ന വെറുപ്പും, ലജ്ജയില്ലായ്മയും, പരസ്പരമുള്ള വിഭാഗീയതയും തുടങ്ങി ആളുകളെ പരസ്പരം ഭിന്നിപ്പിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച ഈ ആളുകളുടെ കൈകളാണ് അതിനു പിന്നില്‍ എന്ന് മനസ്സിലാക്കാം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പകരമായി ഖുര്‍ആനും  സുന്നത്തും പ്രചരിപ്പിക്കാനും, യഥാര്‍ത്ഥ ബിദ്അത്തുകാരെ വിമര്‍ശിക്കാനും തങ്ങളുടെ  യുക്തിയും, ഊര്‍ജവും ഇവര്‍ ചിലവഴിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ.  പക്ഷെ യഥാര്‍ത്ഥ ബിദ്അത്തുകാരും കക്ഷിത്വത്തിന്‍റെ ആളുകളും അവരുടെ ആക്ഷേപത്തിന് വിധേയരല്ല. എന്നാല്‍ അവര്‍ തങ്ങളുടെ  കോപത്തിന്‍റെ മുനകള്‍ തിരിച്ചുവച്ചിരിക്കുന്നതാകട്ടെ അവരുടെ സഹോദരങ്ങളായ അഹ്ലുസ്സുന്നയിലെ ആളുകള്‍ക്ക് നേരെയും. തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് അവര്‍ മോശമായ ധാരണ ഉണ്ടാക്കി. അവരുടെ ഉദ്ദേശത്തെ പരിഗണിക്കാതെ അവര്‍ പറയാത്ത കാര്യങ്ങള്‍ അവര്‍ അവര്‍ക്കുമേല്‍ ആരോപിച്ചു.

ഇന്റര്‍നെറ്റിലെ ചവറ്റുകൊട്ടകളില്‍ ഇത്തരം ചണ്ടികള്‍ അടിഞ്ഞുകൂടിയിരിക്കുന്നു. ഇന്ന വ്യക്തി ഇങ്ങനെ പറഞ്ഞിരിക്കുന്നു. അയാള്‍ ഇന്നതാണ് ഉദ്ദേശിക്കുന്നത് എന്നിങ്ങനെ ഓരോരുത്തര്‍ പറഞ്ഞുണ്ടാക്കുന്നു. അവന്‍ ഇന്ന ആളുടെ കൂടെ പോകുന്നത് ഞാന്‍ കണ്ടു അതുകൊണ്ട് അവന്‍ സലഫിയല്ല. അവന്‍ ഇന്ന വ്യക്തിയെയോ വിഭാഗത്തേയോ സന്ദര്‍ശിച്ചിരിക്കുന്നു അതിനാല്‍ അയാള്‍ സലഫിയല്ല. അവന്‍ ഇന്ന ഇന്ന കാര്യങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടു, അതില്‍ അവന്‍ ഇന്ന ഇന്ന കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. അവന്‍ ഇന്ന വിഷയത്തില്‍ സംസാരിച്ചിരിക്കുന്നു. അത് ഇന്ന ശൈഖിനെക്കുറിച്ച് ആക്ഷേപിച്ചതാണ്. ഇന്ന ആള്‍ക്കുള്ള മറുപടിയാണ്. യഥാര്‍ഥത്തില്‍ സംസാരിച്ച വ്യക്തി അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടു പോലുമുണ്ടാവില്ല എന്ന് മാത്രമല്ല അയാളുടെ മനസ്സില്‍ അങ്ങനെയൊരു ചിന്ത പോലും കടന്നുവന്നിട്ടുണ്ടാവില്ല. ഈ വൃത്തിഹീനമായ രീതിയെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. സഹോദരങ്ങളെ ഈ അപകടകരമായ മാര്‍ഗത്തെ നിങ്ങള്‍ സൂക്ഷിക്കുക. അറിവ് ലഭിക്കാന്‍ വേണ്ടിയായിരിക്കണം അറിവ് തേടുന്നത്.  മറ്റുള്ളവരേക്കാള്‍ വലിയ അറിവുള്ളവനാണ് എന്ന് കാണിക്കാന്‍ വേണ്ടിയാകരുത്.  ആളുകളുടെ മേല്‍ അഹന്ത നടിക്കാനും അഹങ്കരിക്കാനും വേണ്ടിയാകരുത്. മറ്റുള്ളവരെക്കുറിച്ച് മോശമായി പ്രചരിപ്പിക്കാന്‍ വേണ്ടി ആകരുത്. ഇത്തരം രീതികള്‍ മുസ്ലിമീങ്ങള്‍ക്ക് മടുത്തിരിക്കുന്നു. സുന്നത്തില്‍ നിന്നും ആളുകള്‍ അകന്നുപോകുന്നതില്‍ ഇത്തരം അസാലീബുകള്‍ വിനാശകാരിയായ പങ്ക് വഹിച്ചിരിക്കുന്നു. ചില ജാഹിലുകളായ ആളുകള്‍ വരുത്തിത്തീര്‍ക്കുന്ന ആശയക്കുഴപ്പങ്ങളാല്‍ ശ്രേഷ്ഠരായ പണ്ഡിതന്മാരില്‍ നിന്നും അറിവ് സ്വീകരിക്കുന്നതില്‍ ആളുകള്‍ക്ക് വിമുകത വന്നിരിക്കുന്നു.  പാമരന്മാരായ ഇക്കൂട്ടര്‍ അറിവും സ്ഥാനവുമുള്ള പണ്ഡിതന്മാരെക്കുറിച്ച് പരിഹസിച്ചുകൊണ്ടും വിമര്‍ശിച്ചുകൊണ്ടും  എഴുതുന്നു. സഹോദരങ്ങളെ  അവരെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക.

മുസ്ലിമീങ്ങളെ ഉപദ്രവിക്കുകയും വഴിതടയുകയും ചെയ്യുന്നവരാണിവര്‍. പണ്ഡിതന്മാരെയും ഇല്‍മ് തേടുന്ന വിദ്യാര്‍ഥികളെയും ആരെയും ഇവര്‍ വെറുതെ വിട്ടിട്ടില്ല. യാതൊരു ഒഴികഴിവുകളുമില്ലാതെ തങ്ങളുടെ സഹോദരങ്ങളെപ്പറ്റി വളരെ മോശമായ ധാരണ ഇവര്‍ ഉണ്ടാക്കിയിരിക്കുന്നു.

ഇല്‍മ് തേടുന്ന വിദ്യാര്‍ഥികളെ നിങ്ങള്‍ സൂക്ഷിക്കുക. പണ്ഡിതന്മാരേ നിങ്ങളും സൂക്ഷിക്കുക. നിങ്ങള്‍ ഇങ്ങനെയുള്ള വാര്‍ത്തകളുമായി വരുന്ന എല്ലാവര്‍ക്കും ചെവികൊടുക്കുന്ന പ്രവണത നിര്‍ത്തുക. അവര്‍ അല്ലാഹുവിനെ പിടിച്ച് സത്യം ചെയ്ത് പറഞ്ഞാലും, ഞങ്ങള്‍ അതിന് സാക്ഷികളാണ് എന്ന് പറഞ്ഞാലും അവരെ വിശ്വസിക്കരുത്.  ആ ആരോപണവിധേയനായ വ്യക്തിക്ക് അതുമായി ബന്ധപ്പെട്ട് എന്താണ് പറയാനുള്ളത് എന്ന് വ്യക്തിപരമായി അയാളില്‍ നിന്നും ചോദിച്ചറിഞ്ഞിട്ടല്ലാതെ ഒരിക്കലും ആ വാര്‍ത്ത വിശ്വസിക്കരുത്. വൃത്തിഹീനവും അപകടകരവുമായ രീതി കാരണം ഒരുപാട് നമ്മള്‍ അനുഭവിച്ചു. ഒരുപാട് പണ്ഡിതന്മാര്‍ അവരില്‍ ഇല്ലാത്ത, അവര്‍ ഉദ്ദേശിച്ചിട്ടില്ലാത്ത കാരണങ്ങളുടെ പേരില്‍ ക്രൂശിക്കപ്പെട്ടു. ആ പണ്ഡിതന്മാരുടെ അതേ മാര്‍ഗം സ്വീകരിച്ച ഒരുപാട് മറ്റു പണ്ഡിതരും , ഇല്‍മ് തേടുന്ന വിദ്യാര്‍ഥികളും പിഴവ് സംഭവിച്ചവരും സൂക്ഷിക്കപ്പെടേണ്ടവരും ആണ് എന്ന് മുദ്രകുത്തപ്പെട്ടു. നിങ്ങള്‍ ഈ പ്രവണതയെ സൂക്ഷിക്കുക. ആരെയെങ്കിലും കുറിച്ച് ഇന്ന ആള്‍ പിഴച്ചു, ഇന്ന ആള്‍ പറയുന്നത് കേള്‍ക്കരുത് എന്നെല്ലാം പറയാന്‍ ധൃതികാണിക്കുന്ന ആളുകള്‍ വന്നാല്‍, തെളിവ് ചോദിക്കുക. എവിടെയാണ് നിന്‍റെ തെളിവ് അത് ഹാജരാക്ക് എന്ന് പറയുക. ഇന്ന ഇന്ന ആളുകള്‍ അവരെക്കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞതായി ഞാന്‍ കേട്ടിരിക്കുന്നു എന്നാണെങ്കില്‍ അത് സ്വീകാര്യമല്ല. നിന്‍റെ തെളിവ് എന്ത് അത് ഹാജരാക്ക് എന്ന് പറയണം. അല്ലെങ്കില്‍ ആ വ്യക്തിയോട് നേരിട്ട് ബന്ധപ്പെടാന്‍ സൗകര്യമൊരുക്കാന്‍ പറയണം. അല്ലാത്ത   ഇന്ന് കാണുന്ന രൂപത്തിലുള്ള പണികള്‍ അത് കാലഹരണപ്പെട്ടിരിക്കുന്നു. മുസ്ലിമീങ്ങള്‍ അത് എന്നോ തള്ളിയിരിക്കുന്നു. മാത്രമല്ല ഈ രീതി സലഫീ പ്രബോധനത്തെപ്പറ്റി  ആളുകള്‍ക്കിടയില്‍ വളരെ മോശമായ ധാരണ ഉണ്ടാക്കിയിരിക്കുന്നു. നിങ്ങള്‍ ഈ പ്രവണതയെ സൂക്ഷിക്കുക.

കുളം കലക്കി മീന്‍പിടിക്കുന്ന ആളുകളോ, പ്രശസ്തിപിടിച്ചുപറ്റാന്‍ വേണ്ടി ഇതേറ്റു പിടിക്കുന്ന ആളുകളോ, അറിവ് തേടുന്ന വിദ്യാര്‍ഥികളോ അല്ല ഇത്തരം വിഷയങ്ങളില്‍ ഇടപെടേണ്ടത്. മറിച്ച് ഇത്തരം വിഷയങ്ങള്‍ ദൈവഭയമുള്ള പണ്ടിതന്മാരിലേക്ക് വിടുക. ചില പണ്ഡിതന്മാരെ ഉദാഹരണമെന്നോണം പേരെടുത്ത് തന്നെ പറയാം. ആ പണ്ഡിതന്മാരെ മാത്രം പരിമിതപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയല്ല, മറിച്ച് അവരുടെ അറിവ് കരസ്ഥമാക്കാനായിട്ടാണ് പേരെടുത്ത് പറയുന്നത്. ഒരു ഉദാഹരണം എന്ന നിലക്ക് മാത്രമാണ് പറയുന്നത്. നമ്മുടെ ഇരുത്തം വന്ന പണ്ഡിതന്മാര്‍ ജീവിച്ചിരിക്കുന്നവരാകട്ടെ  മരണപ്പെട്ടവരാകട്ടെ .  ഉദാഹരണത്തിന് ശൈഖ് അബ്ദുല്‍ അസീസ്‌  ബിന്‍ ബാസ് (റ), ശൈഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉസൈമീന്‍(റ), ശൈഖ് ഹമ്മാദ് ബിന്‍ മുഹമ്മദ്‌ അല്‍ അന്‍സ്വാരി(റ), ശൈഖ് മുഹമ്മദ്‌ അമാന്‍ അല്‍ ജാമി(റ), ശൈഖ് മുഹമ്മദ്‌ നാസ്വിറുദ്ദീന്‍ അല്‍ അല്‍ബാനി (റ), ശൈഖ് അബ്ദുല്ലാഹ് ബിന്‍ ഗുദയ്യാന്‍(റ),  ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് (ഹ), ശൈഖ് സ്വാലിഹ് ഫൗസാന്‍ അല്‍ ഫൗസാന്‍ (ഹ),  ശൈഖ് സ്വാലിഹ് അല്ലുഹൈദാന്‍ (ഹ), ശൈഖ് സ്വാലിഹ് ബിന്‍ അബ്ദുല്‍ അസീസ്‌ ആലു ശൈഖ്(ഹ), ശൈഖ് അഹ്മദ് അന്നജ്മി (റ ), ശൈഖ് റബീഅ് ബിന്‍ ഹാദി അല്‍ മദ്ഖലി (ഹ), ശൈഖ് സൈദ്‌ ബിന്‍ നാസ്വിര്‍ അല്‍ ഫഖീഹ് (ഹ), ശൈഖ് അബ്ദുല്‍ മുഹ്സിന്‍ ബിന്‍ മുഹമ്മദ്‌ അല്‍ അബ്ബാദ് (ഹ), ഇത് ഞാന്‍ ഓര്‍ഡര്‍ അനുസരിച്ച് പറഞ്ഞതല്ല. ഈ പറഞ്ഞ പണ്ഡിതന്മാരില്‍ നിന്നെല്ലാം അറിവ് സ്വീകരിക്കാം. 

എന്നാല്‍, അന്യായമായി ആക്ഷേപിക്കപ്പെടുന്ന ഒരുപാട് പണ്ഡിതന്മാരുണ്ട്, പക്ഷെ അവരുടെയെല്ലാം പേരുകള്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. ഉദാ: സ്വാലിഹ്  ആലു ശൈഖിനെപ്പോലെയുള്ള , അദ്ദേഹത്തിന്‍റെ നിലപാട് സ്വീകരിച്ചിട്ടുള്ള ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുന്നതില്‍ പങ്കുള്ള  മത വിദ്യാര്‍ഥികളെയും, മറ്റു ധാരാളം പണ്ടിതന്മാരെയും കുറിച്ച് കുറ്റവും കുറവും പറയുന്ന ആളുകളുണ്ട്.  യഥാര്‍ത്ഥത്തില്‍ അവരാരും മന്ഹജില്‍ നിന്ന് തെറ്റിയിട്ടില്ല. അതുപോലെ ശൈഖ് മുഹമ്മദ് സുബയ്യില്‍ ഇങ്ങനെ ഒരുപാട് പേരുകള്‍ ഇനിയും പറയാനുണ്ട്. ഒരുപാട് ത്വലബതുല്‍ ഇല്മിന്‍റെ പേരും പറയാനുണ്ട്. ഒരാളുടെ പേര് പരാമര്‍ശിക്കുകയും മറ്റേയാളെ ഒഴിവാക്കുകയും ചെയ്തത്  എന്തുകൊണ്ടാണ് എന്ന് ഇനി അതിന്‍റെ പേരില്‍ ചോദിക്കപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നതിനാല്‍ ഓരോരുത്തരുടെയും പേരുകള്‍ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇങ്ങനെ നമ്മുടെ സഹോദരങ്ങളായ സലഫീ മന്ഹജിലുള്ള ആളുകളെയും പണ്ഡിതന്മാരെയും കുറിച്ച് ആരെങ്കിലും മോശമായി സംസാരിക്കുന്നത് കേട്ടാല്‍ നിങ്ങള്‍ അതിനെ എതിര്‍ക്കുക. അവര്‍ ശരിയായ മന്ഹജിലും നേര്‍മാര്‍ഗത്തിലുമാകുന്നു. തഖ്'വയും നന്മയുമുള്ള ആളുകളാകുന്നു.  സുന്നത്തിന്‍റെ ആളുകളുമാകുന്നു. അവരെപ്പറ്റി മോശമായി സംസാരിക്കുന്നവരെ കണ്ടാല്‍ നിങ്ങള്‍ എതിര്‍ക്കുക.  അല്ലാഹു നമ്മെ നേര്‍മാര്‍ഗത്തില്‍ ആക്കുമാറാകട്ടെ. വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ നല്ലത് പിന്തുടരുകയും ചെയ്യുന്ന ആളുകളില്‍ അവന്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ.
وآخر دعوانا أن الحمد لله رب العالمين ، وصلى الله وسلم على نبينا محمد وعلى آله وصحبه وسلم


അനുബന്ധ ലേഖനങ്ങള്‍:

1- അഹ്ലുസ്സുന്ന പരസ്പരം സ്നേഹമുള്ളവരാവുക - ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് ഹഫിദഹുല്ലാഹ്.

2- കക്ഷിത്വം തിന്മയാണ്.. സലഫുകളുടെ പാത പിന്തുടരുക. അതാകട്ടെ നമ്മുടെ സമീപനം !!!

Tuesday, September 3, 2013

ദഅവത്ത് പ്രാധാന്യവും, ചില തെറ്റായ ധാരണകളും - ശൈഖ് ഇബ്ന്‍ ബാസ് നല്‍കുന്ന ഉപദേശം


الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

മതത്തിന്‍റെ വിഷയത്തില്‍ അറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയും, തനിക്ക് അറിവില്ലാത്ത വിഷയങ്ങളില്‍ ഇടപെടുകയും, മതവിഷയമാണ് എന്ന ഗൗരവം പരിഗണിക്കാതെ എന്തിനും ഏതിനും ഫത'വ നല്‍കുകയും ചെയ്യുന്ന സഹോദരങ്ങളുടെ അപകടത്തെക്കുറിച്ചും,

മറുവശത്ത് മതവിഷയങ്ങളില്‍ പ്രമാണബദ്ധമായി അറിയുന്ന കാര്യങ്ങള്‍ പോലും  മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതിനെ എതിര്‍ക്കുകയും. എല്ലാം തികഞ്ഞ ആലിമീങ്ങള്‍ക്കെ ദഅവത്തൊക്കെ പാടുള്ളൂ. നമ്മള്‍ ദഅവത്ത് നടത്താന്‍ യോഗ്യരല്ല എന്നെല്ലാം പറഞ്ഞ് ആളുകളെ നിരുല്സാഹപ്പെടുത്തുകയും ചെയ്യുന്ന  സഹോദരങ്ങളുടെ തെറ്റിദ്ധാരണയെയും ശൈഖ് ഇബ്ന്‍ ബാസ് വിശദീകരിക്കുന്നു.
---------------------------------------------------------------------------------------------------------------

ചോദ്യം : ചില പ്രബോധകന്മാര്‍ വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും പൂര്‍ണമായി അകന്നു നില്‍ക്കുന്നതിനെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ക്കും പ്രബോധകര്‍ക്കും ഇടയിലുള്ള അകലം ചുരുക്കാനും അവരുടെ ഇടയില്‍ ഒരു തുറന്ന മാര്‍ഗം സ്ഥാപിക്കാനും എങ്ങനെയാണ് സാധിക്കുക ?!

ഉത്തരം :
ഇത്തരം കാര്യങ്ങളെയൊക്കെ വളരെ ഉദാസീനതയോടുകൂടി നോക്കിക്കാണുന്ന പണ്ടിതന്മാരുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല. ചിലപ്പോള്‍ ദുന്‍യവിയായ ചുറ്റുപാടുകള്‍ കാരണത്താലോ,  അറിവ് കുറവായതിനാലോ, രോഗങ്ങള്‍ കാരണത്താലോ ഒക്കെ ആയിരിക്കാം ഇത്.  ഇനി മറ്റു ചിലപ്പോള്‍ താന്‍ ധരിച്ചു വെച്ച തെറ്റായ ധാരണയാലുമാകാം. ഉദാ: ഞാന്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും യോജിച്ച ആളല്ല. എന്നെക്കൊണ്ട് ഇതൊന്നും സാധിക്കുകയില്ല. അല്ലെങ്കില്‍ മറ്റുള്ള ആളുകള്‍ ഈ ബാധ്യതകളൊക്കെ  നിറവേറ്റുന്നുണ്ടല്ലോ.  ഇങ്ങനെയുള്ള ഒരുപാടൊരുപാട്  കാരണങ്ങള്‍ നിരത്തിയേക്കാം..

ഇതൊക്കെ ഞാന്‍ ചെയ്യേണ്ടതല്ല. മറ്റുള്ളവര്‍ ചെയ്യട്ടെ എന്ന് പറഞ്ഞുകൊണ്ട് ഒരു മതവിദ്യാര്‍ഥി  മാറി നില്‍ക്കരുത് എന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. തന്‍റെ കഴിവും അറിവും അനുസരിച്ച് അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയാണ് അവന്‍ ചെയ്യേണ്ടത്. അതോടൊപ്പം തനിക്ക് കഴിയാത്ത കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യരുത്. മറിച്ച് തനിക്കുള്ള അറിവിന്‍റെ തോതനുസരിച്ച് അവന്‍ അല്ലാഹുവിലേക്ക് ക്ഷണിക്കട്ടെ. പറയുന്ന കാര്യങ്ങള്‍ പ്രമാണബദ്ധമായിരിക്കുവാനും അല്ലാഹുവിന്‍റെ മേല്‍ അറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കാതിരിക്കുവാനും അങ്ങേയറ്റം സൂക്ഷിക്കേണ്ടതുണ്ട്. മതത്തില്‍ അറിവും ഫിഖ്ഹും ഉണ്ടായിരിക്കെ തന്നെത്തന്നെ ഇതിനൊന്നും പറ്റിയ ആളല്ല എന്ന രൂപത്തില്‍ കാണരുത്. മാധ്യമങ്ങളാകട്ടെ മറ്റു മാര്‍ഗങ്ങളാകട്ടെ  നന്മ പ്രചരിപ്പിക്കുന്നതില്‍ ഏതെല്ലാം നിലക്ക് അവന് ഭാഗവാക്കാകാന്‍ കഴിയുമോ അതിലെല്ലാം പങ്കാളിയാകുക എന്നതാണ്‌ അവന്‍റെ ബാധ്യത. ഇത് മറ്റാരെങ്കിലും ചെയ്യട്ടെ എന്ന് പറഞ്ഞ് മാറി നില്‍ക്കുന്നത് ശരിയല്ല. ഇങ്ങനെ എല്ലാവരും മറ്റുള്ളവര്‍ ചെയ്യട്ടെ, ഇന്നവര്‍ ചെയ്യട്ടെ എന്ന് പറഞ്ഞു മാറി നിന്നാല്‍ ദഅവത്ത് മുടങ്ങും. അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നവരുടെ എണ്ണം കുറയും. അറിവില്ലായ്മയിലുള്ളവര്‍  ആ ജഹാലത്തില്‍ തന്നെ നിലകൊള്ളും. അധര്‍മ്മങ്ങളും തിന്മകളും മാറ്റമില്ലാതെ നിലനില്‍ക്കും. ഇത് വലിയ ഒരു അപരാധമാണ്.

ലോകത്തിന്‍റെ ഏത് കോണുകളിലായാലും അറിവുള്ളവര്‍ ദഅവത്തില്‍ വ്യാപൃതരാവണം. വായുവിലായാലും, ട്രയിനിലായാലും, കാറിലായാലും, കപ്പലിലായാലും എപ്പോഴാണോ തങ്ങള്‍ക്ക് ദഅവത്തിന് അവസരം ലഭിക്കുന്നത് സദുപദേശം നല്‍കിക്കൊണ്ടും കാര്യങ്ങള്‍ പറഞ്ഞുകൊടുത്തുകൊണ്ടും  മതവിദ്യാര്‍ഥികള്‍ അത് ഉപയോഗപ്പെടുത്തണം. ദഅവത്തില്‍ ഭാഗവാക്കാകാന്‍ കഴിയുക എന്നത് വലിയ ഒരു സൗഭാഗ്യമാണ്.

അല്ലാഹു പറയുന്നു :
(وَمَنْ أَحْسَنُ قَوْلًا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ. )
 
അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിമീങ്ങളില്‍ പെട്ടവനാകുന്നു എന്ന് പറയുകയും ചെയ്തവനേക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മാറ്റാരുണ്ട് - [ ഫുസ്വിലത്‌ - 33]

ഇതിനേക്കാള്‍ വിശിഷ്ടമായ ഒരു വാക്ക് വേറെയില്ലെന്നാണ് അല്ലാഹു പറയുന്നത്.  ഈ ആയത്തിലുള്ള ചോദ്യം നിഷേധാത്മകമായ ഒരു ചോദ്യമാണ്. അഥവാ അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുന്നതിനേക്കാള്‍ വിശിഷ്ടമായ ഒരു വാക്ക് വേറെയില്ല എന്നര്‍ത്ഥം. അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുന്ന പ്രബോധകര്‍ക്ക് ലഭിക്കുന്ന മഹത്തായ ഒരു സൗഭാഗ്യമാണിത്.

പ്രവാചകന്‍ (സ) പറയുന്നു:
من دل على خير فله فله مثل أجر فاعله
"ആരെങ്കിലും ഒരാള്‍ക്ക് ഒരു നന്മ കാണിച്ചുകൊടുത്താല്‍ അത് പ്രവര്‍ത്തിച്ചവന് ലഭിക്കുന്ന പ്രതിഫലത്തിന് സമാനമായ പ്രതിഫലം അവനും ലഭിക്കുന്നു" - [ സ്വഹീഹ് മുസ്‌ലിം]

അതുപോലെ പ്രവാചകന്‍ (സ)  പറഞ്ഞു:
من دعا إلى هدى كان له من الأجر مثل أجور من تبعه لا ينقص ذلك من أجورهم شيئا
"ആരെങ്കിലും ഒരാളെ ഒരു സല്‍പ്രവര്‍ത്തിയിലേക്ക് ക്ഷണിച്ചാല്‍, ആ ക്ഷണം സ്വീകരിക്കുന്നവരുടെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലം ക്ഷനിക്കുന്നവനും ലഭിക്കും. അതുമൂലം അവരില്‍ ഏതെങ്കിലും ഒരാളുടെ പ്രതിഫലത്തിന് യാതൊരു കുറവും സംഭവിക്കില്ല." - [മുസ്‌ലിം]

അതുപോലെ പ്രവാചകന്‍ (സ) പറഞ്ഞു :
فوالله لأن يهدي الله بك رجلا واحدا خير لك من حمر النعم
" വല്ലാഹി !, നീ മുഖേന ഒരാള്‍ക്കെങ്കിലും അല്ലാഹു ഹിദായത്ത് നല്‍കുകയാണ് എങ്കില്‍ അതാണ്‌ ചുവന്ന ഒട്ടകം ലഭിക്കുന്നതിനേക്കാള്‍ നിനക്കുത്തമം " [ബുഖാരി].
അതുകൊണ്ട് പണ്ഡിതന്മാര്‍ ഇത്തരം ശ്രേഷ്ഠമായ കാര്യങ്ങളില്‍ നിന്ന്  അതില്‍ നിന്നെല്ലാം മാറി നില്‍ക്കുന്നതാണ് നല്ലത് എന്ന് കരുതി ഉദാസീനത കാണിക്കരുത്. മറ്റുള്ളവര്‍ അത് ചെയ്യുന്നുണ്ടല്ലോ പിന്നെ ഞാന്‍ എന്തിനാണ് അത് ചെയ്യുന്നത് എന്ന് പറഞ്ഞ് മാറി നില്‍ക്കരുത്. മറിച്ച് അറിവുള്ള ആളുകള്‍ എവിടെ ആയിരുന്നാലും അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കാന്‍ തങ്ങളാലാവുന്നത് എല്ലാം ചെയ്യാനു, പ്രബോധനത്തില്‍ പങ്കാളികളാവാനും നിര്‍ബന്ധമായും മുന്നോട്ട് വരണം. ലോകം മുഴുവന്‍ ദഅവത്തിന്‍റെ അഭാവത്തിലാണുള്ളത്. മുസ്‌ലിമീങ്ങളായാലും  അമുസ്‌ലിമീങ്ങളായാലും എല്ലാവര്‍ക്കും പ്രബോധനം ആവശ്യമാണ്‌. ഒരു മുസ്ലിമിന് ദഅവത്ത് ലഭിക്കുക വഴി മതപരമായ അറിവ് വര്‍ദ്ധിക്കുന്നു. അമുസ്ലിമാകട്ടെ ആ ദഅവത്ത് ലഭിക്കുക വഴി സന്മാര്‍ഗത്തിലേക്ക് വഴി നടക്കുകയും ചെയ്തേക്കാം ...

ശൈഖ് അബ്ദുല്‍ അസീസ്‌ ബ്ന്‍ ബാസ്
മജ്മൂഉ ഫതാവ, വോ/ 5, പേജ് 265-266 
(مجموع فتاوى ومقالات متنوعة ، ج /5 ص 265 ، 266 الشيخ عبد العزيز بن باز )

വിവർത്തനം: അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ