ചോദ്യം: ജനാബത്തിന്റെ കുളി എപ്രകാരമാണ് ?.കുളി നിര്‍ബന്ധമാക്കുന്ന കാര്യങ്ങള്‍ ഏവ ?.
www.fiqhussunna.com
ഉത്തരം:
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
വലിയ അശുദ്ധിയുള്ള ഒരാള്‍ക്ക് കുളി നിര്‍ബന്ധമാണ്. ശുക്ലസ്ഖലനം, സ്ത്രീ പുരുഷ സംയോഗം (സ്ഖലനം നടന്നില്ലെങ്കിലും) , ആര്‍ത്തവം, പ്രസവരക്തം, എന്നിവയാണ് കുളി നിര്‍ബന്ധമാക്കുന്ന കാര്യങ്ങള്‍. അതുപോലെ മരണവും കുളി നിര്‍ബന്ധമാക്കുന്ന കാര്യമാണ്. യുദ്ധത്തില്‍ ശഹീദായ മയ്യിത്തിനെ ഒഴികെ മറ്റെല്ലാ മയ്യിത്തിനെയും കുളിപ്പിക്കല്‍ നിര്‍ബന്ധമാണ്. ഒരാളുടെ ഇസ്‌ലാം സ്വീകരണത്തോടെ അയാള്‍ കുളിക്കുക എന്നത് നിര്‍ബന്ധമാണോ ഐച്ഛികമാണോ എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. പുണ്യകരമാണ് എന്നാല്‍ നിര്‍ബന്ധമില്ല എന്നതാണ് ശരിയായ അഭിപ്രായം.അതുപോലെ ജുമുഅയുടെ കുളിയും നിര്‍ബന്ധമാണോ എന്ന് ചര്‍ച്ചയുള്ള വിഷയമാണ്. അങ്ങേയറ്റം സ്ഥിരപ്പെട്ട ഒരു പുണ്യകര്‍മ്മമാണ് എന്നതാണ് പ്രബലമായ അഭിപ്രായം.
കുളിയുടെ രൂപം രണ്ട് വിധമുണ്ട്.
ഒന്ന്: ചുരുങ്ങിയ രൂപം. അഥവാ ഒരാളുടെ അശുദ്ധി നീങ്ങാന്‍ ആവശ്യമായ ഏറ്റവും ചുരുങ്ങിയ രൂപം. ഒരാള്‍ ശുദ്ധി വരുത്തണമെന്ന ഉദ്ദേശത്തോടെ തന്‍റെ ദേഹമാസകലം വെള്ളം എത്തിക്കുകയും കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്‌താല്‍ തന്‍റെ ജനാബത്ത് നീങ്ങാന്‍ അത് മതിയാകുന്നതാണ്. ഇതിനാണ് الغسل المجزئ അഥവാ കുളി സാധുവാകാനുള്ള മിനിമം രൂപം എന്ന് പറയുന്നത്. ഒരാള്‍ ശവറിന് താഴെ നിന്നോ, കുളത്തില്‍ മുങ്ങിയോ, ദേഹത്ത് വെള്ളം കോരിയൊഴിച്ചോ എന്നിങ്ങനെ ഏത് വിധേന അത് നിര്‍വഹിച്ചാലും കുളിയായി.
രണ്ട്: കുളിയുടെ പൂര്‍ണ രൂപം. എല്ലാ സുന്നത്തുകളും നിര്‍വഹിച്ച് നബി (സ) കാണിച്ചു തന്നത് പ്രകാരം കുളിക്കുക എന്നതാണത്. ആഇശ (റ) യുടെയും മൈമൂന (റ) യുടെയും ഹദീസുകള്‍ ആണ് ഈ വിഷയത്തില്‍ വിശദമായി വന്നിട്ടുള്ളത്.
ആഇശ (റ) യുടെ ഹദീസ് ഇപ്രകാരമാണ്:
عن عائشة رضي الله عنها قَالَتْ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ
عَلَيْهِ وَسَلَّمَ إِذَا اغْتَسَلَ مِنْ الْجَنَابَةِ غَسَلَ يَدَيْهِ ،
وَتَوَضَّأَ وُضُوءَهُ لِلصَّلَاةِ ، ثُمَّ اغْتَسَلَ ثُمَّ يُخَلِّلُ بِيَدِهِ
شَعَرَهُ ، حَتَّى إِذَا ظَنَّ أَنَّهُ قَدْ أَرْوَى بَشَرَتَهُ أَفَاضَ عَلَيْهِ
الْمَاءَ ثَلَاثَ مَرَّاتٍ ، ثُمَّ غَسَلَ سَائِرَ جَسَدِهِ.
ആഇശ (റ) നിവേദനം: "റസൂല്‍ (സ) ജനാബത്തില്‍ നിന്നും കുളിക്കുമ്പോള്‍ ഇപ്രകാരമായിരുന്നു ചെയ്യാറുണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ കൈകള്‍ കഴുകും. ശേഷം നമസ്കാരത്തിനെടുക്കുന്നതുപോലെ വുളുവെടുക്കും. (തലയിലൂടെ വെള്ളമൊഴിച്ച്) കുളിക്കുകയും തന്‍റെ മുടിക്കിടയില്‍ നന്നായി വിരലുകള്‍ ചലിപ്പിക്കുകയും ചെയ്യും. തന്‍റെ തോലിയിലേക്ക് വെള്ളമെത്തി എന്ന് തോന്നിയാല്‍ മൂന്നു തവണ അതിനു മുകളില്‍ വെള്ളമൊഴിക്കും. ശേഷം തന്‍റെ ശരീരം മുഴുവനും കഴുകും". - (സ്വഹീഹുല്‍ ബുഖാരി: 273, സ്വഹീഹ് മുസ്‌ലിം: 316).
മൈമൂന (റ) ഉദ്ദരിക്കുന്ന ഹദീസില്‍ ഇപ്രകാരം കാണാം:
عن ميمونة رضي الله عنها قالت : أَدْنَيْتُ لِرَسُولِ اللَّهِ صَلَّى اللَّهُ
عَلَيْهِ وَسَلَّمَ غُسْلَهُ مِنْ الْجَنَابَةِ فَغَسَلَ كَفَّيْهِ مَرَّتَيْنِ
أَوْ ثَلَاثًا ، ثُمَّ أَدْخَلَ يَدَهُ فِي الْإِنَاءِ ثُمَّ أَفْرَغَ بِهِ عَلَى
فَرْجِهِ وَغَسَلَهُ بِشِمَالِهِ ، ثُمَّ ضَرَبَ بِشِمَالِهِ الْأَرْضَ فَدَلَكَهَا
دَلْكًا شَدِيدًا ، ثُمَّ تَوَضَّأَ وُضُوءَهُ لِلصَّلَاةِ ، ثُمَّ أَفْرَغَ عَلَى
رَأْسِهِ ثَلَاثَ حَفَنَاتٍ مِلْءَ كَفِّهِ ، ثُمَّ غَسَلَ سَائِرَ جَسَدِهِ ،
ثُمَّ تَنَحَّى عَنْ مَقَامِهِ ذَلِكَ فَغَسَلَ رِجْلَيْهِ
മൈമൂന (റ) പറഞ്ഞു: "ഞാന്‍ നബി (സ) ക്ക് ജനാബത്തില്‍ നിന്നും കുളിക്കാനായുള്ള വെള്ളം കൊണ്ടുകൊടുത്തു. അദ്ദേഹം തന്‍റെ കൈകള്‍ രണ്ടോ മൂന്നോ തവണ കഴുകി. ശേഷം തന്‍റെ കൈ വെള്ളപാത്രത്തില്‍ പ്രവേശിപ്പിച്ചു. ശേഷം തന്‍റെ ഗുഹ്യസ്ഥാനത്ത് വെള്ളമൊഴിച്ച് ഇടതുകൈകൊണ്ട് കഴുകി. ശേഷം ഇടതുകൈ നിലത്തടിച്ച് ശക്തിയായി ഉരച്ചു വൃത്തിയാക്കി. ശേഷം നമസ്കാരത്തിന് എടുക്കാറുള്ളതുപോലെ വുളുവെടുത്തു. ശേഷം തന്‍റെ കൈക്കുമ്പിള്‍ നിറയും വിധം മൂന്ന്‍ കോരി വെള്ളം തലക്ക് മുകളില്‍ ഒഴിച്ചു. ശേഷം തന്‍റെ ശരീരം മുഴുവനായും കഴുകി. പിന്നീട് കുളിച്ചിടത്തു നിന്നും അല്പം മാറി അദ്ദേഹം തന്‍റെ കാലുകള്‍ കഴുകി". - (സ്വഹീഹുല്‍ ബുഖാരി: 265, സ്വഹീഹ് മുസ്‌ലിം: 317).
ഈ രണ്ട് രൂപവും ഒരാള്‍ക്ക് സ്വീകരിക്കാവുന്നതാണ്. ഇതാണ് കുളിയുടെ പരിപൂര്‍ണ രൂപം. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍....
_______________________________
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ