Thursday, May 14, 2020

ലോക്ക് ഡൗൺ സമയത്ത് സകാത്തുൽ ഫിത്വർ എങ്ങനെ കൊടുക്കും ?. ഫുൾ ടൈം കർഫ്യൂ ഉള്ളവർ എന്ത് ചെയ്യും ?.





ചോദ്യം:
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഫിത്വർ സകാത്ത് എങ്ങനെ നൽകും ?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

പരിശുദ്ധ റമളാനിൻ്റെ പരിസമാപ്തിയോട് അനുബന്ധിച്ച് നിലനിൽക്കുന്ന ഒരു കർമ്മമാണല്ലോ സകാത്തുൽ ഫിത്വർ. മുതിർന്നവർക്കും കുട്ടികൾക്കും എന്നിങ്ങനെ പെരുന്നാൾ ദിവസം തൻ്റെ ആവശ്യം കഴിച്ച് ബാക്കി ഭക്ഷ്യപദാർത്ഥങ്ങൾ കൈവശം മിച്ചമുള്ള മുഴുവൻ മുസ്‌ലിമിനും അത് നിർബന്ധവുമാണ്.  

 പരിശുദ്ധ റമളാൻ അവസാനിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം ബാക്കിനിൽക്കുമ്പോൾത്തന്നെ ഫിത്വർ സകാത്ത് പാവങ്ങൾക്ക് എത്തിച്ച് തുടങ്ങാം. നിർബന്ധിത സാഹചര്യം ഉണ്ടെങ്കിലല്ലാതെ അതിനും മുൻപ് സകാത്തുൽ ഫിത്വർ വിതരണം ചെയ്യുന്നതിന് പ്രമാണമില്ല.  

പലയിടങ്ങളിലും ലോക്ക് ഡൗൺ ആയതുകൊണ്ടും, വിദേശ രാജ്യങ്ങളിൽ പലയിടത്തും ഫുൾടൈം കർഫ്യൂ നിലനിൽക്കുന്നതിനാലും എങ്ങനെ ഫിത്വർ സകാത്ത് പാവങ്ങൾക്ക് എത്തിക്കും എന്ന് പലർക്കും സംശയം ഉണ്ടാകും. 

നമ്മുടെ വീട്ടിലെ ഒരംഗത്തിൻ്റെ ഫിത്വർ സകാത്ത് രണ്ടേകാൽ കിലോ ധാന്യങ്ങളോ, ആ നാട്ടിലെ പാവപ്പെട്ടവർക്ക് ഉപകരിക്കുന്ന അടിസ്ഥാന ഭക്ഷണ സാധനങ്ങളോ ആയി കണക്കാക്കി നമ്മളുടെ വീട്ടിലെ അംഗങ്ങൾക്ക് അനുസരിച്ച് കിറ്റുകൾ ഉണ്ടാക്കി നമുക്കറിയുന്ന പാവപ്പെട്ടവർക്ക് എത്തിച്ചുകൊടുക്കാൻ സാധിച്ചാൽ അവിടെ നമ്മുടെ ബാധ്യത കഴിഞ്ഞു. വിദേശ രാജ്യങ്ങളിൽ ഫുൾടൈം കർഫ്യൂ ഒക്കെ ഉള്ള ഇടങ്ങളിലുള്ളവർക്ക് നാട്ടിൽ തങ്ങളുടെ വീട്ടുകാരുമായി ബന്ധപ്പെട്ട് തങ്ങളുടെ ഫിത്വർ സകാത്ത് ഇതുപോലെ പാവപ്പെട്ടവരിലേക്ക് എത്തിക്കാം. അതല്ലെങ്കിൽ ഫിത്വർ സകാത്ത് സ്വരൂപിച്ച് പാവങ്ങൾക്ക് എത്തിച്ചുകൊടുക്കുന്ന ചുമതല നിർവഹിക്കുന്ന വിശ്വാസയോഗ്യമായ സംവിധാനങ്ങളുണ്ടെങ്കിൽ അവരെ ഏല്പിക്കുകയുമാകാം.  

 ഒരാൾ താമസിക്കുന്നിടത്ത് തന്നെ അവകാശികൾ ഉണ്ടെങ്കിൽ അവിടെ തന്നെ നൽകുന്നതാണ് ഉചിതമെങ്കിലും, അതിന് സാധിക്കാതിരിക്കുകയോ, അതിനേക്കാൾ അർഹിക്കുന്നവർ ഉണ്ടായിരിക്കുകയോ ഒക്കെ ചെയ്യുന്ന സാഹചര്യങ്ങളിൽ മറ്റു പ്രദേശങ്ങളിലേക്ക് അയക്കുന്നതിലും തെറ്റില്ല. ഈ വിഷയം വിശദമായി മുൻപ് നമ്മൾ വിശദീകരിച്ചിട്ടുണ്ട്.   https://www.fiqhussunna.com/2017/06/blog-post_19.html

അപ്പോൾ പുറത്ത് ഇറങ്ങാൻ സാധിക്കാത്തവർ സാധിക്കുന്ന ഇടങ്ങളിൽ ഉള്ളവരോട് തങ്ങളുടെ ഫിത്വർ സകാത്ത് നൽകാൻ ചുമതലപ്പെടുത്താം. ഇനി നമ്മുടെ ചുറ്റുഭാഗത്തും ഒന്നു കണ്ണോടിച്ചാൽത്തന്നെ ലോക്ക് ഡൗൺ കാരണത്താൽ ഏറെ പ്രയാസപ്പെടുന്ന അനേകം അർഹരെ നമുക്ക് കണ്ടെത്തുകയും ചെയ്യാം. നേരിട്ട് നമുക്ക് അവകാശികളെ കണ്ടെത്തി നൽകാൻ സാധിക്കുന്നുവെങ്കിൽ തീർച്ചയായും ആ കർമ്മം കൊണ്ട് ലഭിക്കുന്ന മാനസിക സംസ്‌കരണത്തിന് അതുതന്നെയാണ് ഉചിതം എന്ന് പറയേണ്ടതില്ലല്ലോ. 

ഇനി ലോക്ക് ഡൗൺ സാഹചര്യം ആയതുകൊണ്ട് ഭക്ഷണമാക്കി എത്തിക്കാതെ പാവപ്പെട്ടവർക്ക് പണം നൽകിയാൽ മതിയോ എന്ന് പലരും ചോദിക്കുന്നുണ്ട്. പണ്ഡിതന്മാർക്കിടയിൽ അഭിപ്രായഭിന്നത നിലനിൽക്കുന്ന ഒരുകാര്യമാണത്. അതും നാം മുൻപ് വിശദീകരിച്ചിട്ടുണ്ട്:   https://www.fiqhussunna.com/2014/07/blog-post_27.html .  നബി (സ) സകാത്തുൽ ഫിത്വർ ഭക്ഷണമായി നൽകാനാണ് കല്പിച്ചത്. അതുകൊണ്ടു ഭക്ഷണ സാമഗ്രികൾ നൽകുക എന്നതാണ് അടിസ്ഥാനം. അതൊരിക്കലും സാധ്യമാകാതെ വരുന്ന ഒരു സാഹചര്യം ഉണ്ടെങ്കിലേ പണമായി നല്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ടതുള്ളൂ. 

ഇനി നമ്മൾ സാധാരണ സകാത്തുൽ ഫിത്വർ എത്തിച്ചുകൊടുക്കുന്ന ഏറെ അർഹരായ ചില ആളുകളിലേക്ക് ലോക്ക് ഡൗൺ കാരണം എത്തിപ്പെടാനോ, സകാത്തുൽ ഫിത്വർ എത്തിച്ചുകൊടുക്കാനോ നമുക്ക് സാധിക്കുന്നില്ല എങ്കിൽ  എന്ത് ചെയ്യും ?. 

അവരെ വിളിച്ച് അവർക്കായി അത് മാറ്റിവെച്ച വിവരം പറയുകയും, വാക്കുകൊണ്ട് അവർ കൈപ്പറ്റിയതായി അഥവാ സ്വീകരിച്ചതായി    ഉറപ്പുവരുത്തുകയും, പിന്നീട് സാധിക്കുന്ന സമയത്ത് അത് എത്തിച്ചുകൊടുക്കുകയുമാകാം. ഇവിടെ അതിനെ നമുക്ക് القبض الحكمي അഥവാ  പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പരോക്ഷമായ കൈപ്പറ്റലായി പരിഗണിക്കാം. അവർക്കായി വാക്കാൽ നൽകുകയും അവരെ അറിയിക്കുകയും ചെയ്ത ആ ഭക്ഷണ സാമഗ്രികൾ പെരുന്നാൾ കഴിഞ്ഞ ശേഷമാണ് നമുക്ക് അവരിലേക്ക് എത്തിച്ചുകൊടുക്കാൻ കഴിയുന്നത് എങ്കിലും കുഴപ്പമില്ല. കാരണം നമ്മുടേതല്ലാത്ത ഒരു കാരണത്താലാണ് അതവരിലേക്ക് യഥാർത്ഥത്തിൽ എത്തിക്കാൻ വൈകിയത്. തടസ്സങ്ങൾ ഇല്ലായിരുന്നുവെങ്കിൽ നേരത്തെത്തന്നെ നാം അവരിലേക്ക് അതെത്തിക്കുമായിരുന്നുവല്ലോ. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ. 

ഇനി ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ, തൻ്റെ പരിചയത്തിലുള്ള പാവപ്പെട്ടവർക്ക് നൽകാനോ, നാട്ടിൽ നൽകാനോ, വിശ്വാസയോഗ്യരായ ചാരിറ്റി സംവിധാനങ്ങളെ ഏല്പിക്കാനോ, പാവപ്പെട്ടവർക്ക് വിളിച്ചറിയിച്ച് അവർ വാക്കുകൊണ്ട് അത് കൈപ്പറ്റിയതായി പരിഗണിക്കാനോ തുടങ്ങി  മേല്പറഞ്ഞ കാര്യങ്ങളൊന്നും ഒരാൾക്ക് ചെയ്യാൻ സാധിക്കാതെ വന്നാൽ മാത്രം അയാൾ എന്ത് ചെയ്യും ?. അങ്ങനെ സംഭവിക്കാനുള്ള സാധ്യത കുറവാണ്. കാരണം രോഗികളോ മറ്റോ ആണെങ്കിൽ അവർക്ക് വേണ്ടി അത് അവരുടെ ബന്ധുക്കൾ നിർവഹിക്കുമല്ലോ. ഇനി അങ്ങനെ ഒരാൾക്ക് ഉണ്ടാക്കുകയാണ് എന്ന് നാം കണക്കാക്കിയാൽത്തന്നെ,  ആ ബാധ്യത അയാൾക്ക് ഒഴിവാകുന്നില്ല. എപ്പോഴാണ് അയാൾക്കാ കർമ്മം നിർവഹിക്കാൻ സാധിക്കുന്നത് അപ്പോൾ നിർവഹിക്കുക എന്നതായിരിക്കും അയാൾ ചെയ്യേണ്ടത്. അതൊരുപക്ഷെ പെരുന്നാൾ കഴിഞ്ഞാണെങ്കിലും. കാരണം നിർബന്ധിത സാഹചര്യത്താൽ ഒരാളുടെ കർമ്മം വൈകാൻ ഇടവന്നാൽ അയാൾക്ക് അതിൽ കുറ്റമില്ല. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ...


അല്ലാഹു അനുഗ്രഹിക്കട്ടെ .. 
_____________________________


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ




____________________________________

അനുബന്ധ ലേഖനം: