"റസൂല്‍ (സ) ഒരിക്കലും റജബ് മാസത്തില്‍ ഉംറ നിര്‍വഹിച്ചിട്ടില്ല" - [ബുഖാരി: 1776, മുസ്‌ലിം: 1255].
ഇമാം നവവി റഹിമഹുല്ലയുടെ ശിഷ്യന്മാരില്‍ പ്രഗല്‍ഭനായ ഇബ്നുല്‍ അത്ത്വാര്‍ റഹിമഹുല്ല പറയുന്നു:
" ومما بلغني عن أهل مكة زادها الله شرفاً اعتياد كثرة الاعتمار في رجب , وهذا مما لا أعلم له أصلاً , بل ثبت في حديث أن النبي صلى الله عليه وسلم قال : ( عمرة في رمضان تعدل حجة ) "
"മക്കക്കാരെക്കുറിച്ച് അവര്‍ റജബ് മാസത്തില്‍ ധാരാളമായി ഉംറ കര്‍മം നിര്‍വഹിക്കുന്നത് എനിക്കറിയാന്‍ സാധിച്ചു. അതിന് യാതൊരു അടിസ്ഥാനവുമുള്ളതായി എനിക്കറിയില്ല. "ആരെങ്കിലും റമളാനില്‍ ഒരു ഉംറ നിര്‍വഹിച്ചാല്‍ അത് ഹജ്ജ് നിര്‍വഹിച്ചതുപോലെയാണ്" എന്നാണ് നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ടിട്ടുള്ളത്".
ഉംറക്ക് മറ്റു മാസങ്ങളേക്കാള്‍ പ്രത്യേകമായ ശ്രേഷ്ഠത പഠിപ്പിക്കപ്പെട്ടിട്ടുള്ളത് റമളാനിനും, ശവാല്‍, ദുല്‍ഖഅദ, ദുല്‍ഹിജ്ജ എന്നീ ഹജ്ജ് മാസങ്ങള്‍ എന്നറിയപ്പെടുന്ന മൂന്ന്‍ മാസങ്ങള്‍ക്കുമാണ്.
ആറാമതായി: (صلاة الرغائب) ആഗ്രഹ സഫലീകരണ നമസ്കാരം ഇതും റജബ് മാസത്തോടനുബന്ധിച്ച് ചിലര്‍ ഉണ്ടാക്കിയ അനാചാരമാണ്. ഇമാം നവവി പറയുന്നു:
الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله
" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ് അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548].
ഏഴാമതായി: (عتيرة رجب) അഥവാ റജബ് മാസത്തിലെ അറവ്. ജാഹിലിയാ കാലഘട്ടത്തിലെ ആളുകള്‍ ഉളുഹിയത്ത് പോലെ റജബ് മാസത്തില്‍ അനുഷ്ടിച്ച് പോന്നിരുന്ന ഒരാചാരമായിരുന്നു 'അതീറതു റജബ്' അഥവാ റജബ് മാസത്തിലെ അറവ്. ഇസ്‌ലാം വന്നതിനു ശേഷം ഈ അനുഷ്ടാനം നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. അത് അനുവദിക്കുന്നതായും, വിരോധിക്കുന്നതായും വന്ന ഹദീസുകള്‍ ആണ് ഈ അഭിപ്രായഭിന്നത ഉണ്ടാകാന്‍ കാരണം.
വ്യത്യസ്ഥ അഭിപ്രായങ്ങളാണ് പ്രസ്തുത വിഷയത്തില്‍ ഫുഖഹക്കള്‍ക്ക് ഉള്ളത്.
ഒന്നാമത്തെ അഭിപ്രായം അത് പുണ്യകരമാണ്. മഹാനായ ഇമാം ശാഫിഇ റഹിമഹുല്ല ഈ അഭിപ്രായക്കാരനാണ്. അതിന് അദ്ദേഹം തെളിവ് പിടിച്ച ഹദീസുകള്‍ ഇപ്രകാരമാണ്:
عن عمرو بن شعيب عن أبيه عن جده أن النبي صلى الله عليه وسلم سئل عن َالْعَتِيرَةُ فقَالَ : ( الْعَتِيرَةُ حَقٌّ )
അംറു ബ്നു ശുഐബ് അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും അദ്ദേഹം തന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: നബി (സ) യോട് അതീറയെക്കുറിച്ച് (അഥവാ റജബ് മാസത്തിലെ അറവിനെക്കുറിച്ച്) ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അതീറ സത്യമാണ്." - [മുസ്നദ് അഹ്മദ്: 6674, നസാഇ: 4225, അല്‍ബാനി: ഹദീസ് ഹസന്‍, സ്വഹീഹുല്‍ ജാമിഅ്: 4122].
അതുപോലെ:
عن مِخْنَفِ بْنِ سُلَيْمٍ قَالَ : كُنَّا وُقُوفًا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِعَرَفَاتٍ فَسَمِعْتُهُ يَقُولُ : ( يَا أَيُّهَا النَّاسُ عَلَى كُلِّ أَهْلِ بَيْتٍ فِي كُلِّ عَامٍ أُضْحِيَّةٌ وَعَتِيرَةٌ . هَلْ تَدْرُونَ مَا الْعَتِيرَةُ ؟ هِيَ الَّتِي تُسَمُّونَهَا الرَّجَبِيَّةَ
മിഖ്നഫ് ബ്ന്‍ സുലൈം പറഞ്ഞു: ഞങ്ങള്‍ നബി (സ) യോടൊപ്പം അറഫയില്‍ ആയിരിക്കുന്ന വേളയില്‍ അദ്ദേഹം പറയുന്നതായി ഞാന്‍ കേട്ടു: അല്ലയോ ജനങ്ങളേ, എല്ലാ വര്‍ഷവും, എല്ലാ വീട്ടുകാരുടെ മേലും ഉളുഹിയത്തും, അതീറയും ബാധകമാണ്. അതീറ എന്നാല്‍ എന്തെന്ന് നിങ്ങള്‍ക്കറിയുമോ ?. അതാണ് നിങ്ങള്‍ റജബിയ്യ എന്ന് വിളിക്കുന്നത്." - [അബൂദാവൂദ്: 2788, തിര്‍മിദി: 1518. അല്‍ബാനി: ഹദീസ് ഹസന്‍].
രണ്ടാമത്തെ അഭിപ്രായം: അത് നിഷിദ്ധമാണ്. കാരണം അത് കല്പിച്ചതിന് ശേഷം പിന്നീട് നബി (സ) അത് വിലക്കിയിട്ടുള്ളതിനാല്‍ അത് 'നസ്ഖ്' ചെയ്യപ്പെട്ടു അഥവാ അത് പിന്നീട് നബി (സ) വിരോധിച്ചു എന്നതാണ് ഇപ്രകാരം അഭിപ്രായപ്പെട്ടവര്‍ പരാമര്‍ശിച്ചിട്ടുള്ളത്. അതിനായി അവര്‍ തെളിവ് ഉദ്ദരിച്ചത്:
عَنْ أَبِي هُرَيْرَةَ رضي الله عنه عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لا فَرَعَ وَلا عَتِيرَةَ )
അബൂ ഹുറൈറ (റ) നിവേദനം: "ഫറഓ, അതീറയോ (മതത്തില്‍) ഇല്ല" - [ബുഖാരി: 5474, മുസ്‌ലിം: 1976].
അതുപോലെ അവരുടെ തെളിവാണ്:
من تشبه بقوم فهو منهم
നബി (സ) അരുളി: "ആരെങ്കിലും ഏതെങ്കിലും ഒരു സമുദായവുമായി സാദൃശ്യം വച്ചുപുലര്‍ത്തിയാല്‍ അവന്‍ അവരില്‍പ്പെട്ടവനാണ്" - [അബൂദാവൂദ്: 4031]. അതീറ എന്നത് ജാഹിലിയാ കാലഘട്ടത്തിലെ ആചാരമായിരുന്നു. അതുകൊണ്ട് അത് നബി (സ) പിന്നീട് വിലക്കിയിട്ടുണ്ട്. അത് പ്രവര്‍ത്തിക്കുക എന്നത് ജാഹിലിയത്തിലെ ആളുകളോട് സാമ്യം പുലര്‍ത്തലാണ്.
ഇമാം നവവി റഹിമഹുല്ല തന്‍റെ സ്വഹീഹ് മുസ്‌ലിമിന്‍റെ ശറഹില്‍ ഇമാം ഖാളി ഇയാളില്‍ നിന്നും ഉദ്ദരിക്കുന്നു:
" إن الأمر بالعتيرة منسوخ عند جماهير العلماء "
"അതീറ നിര്‍വഹിക്കാനുള്ള കല്പന ബഹുപൂരിപക്ഷം പണ്ഡിതന്മാരുടെ പക്കലും 'നസ്ഖ്' ചെയ്യപ്പെട്ട അഥവാ പിന്കാലത്ത് ദുര്‍ബലപ്പെടുത്തപ്പെട്ട നിയമമാണ്" - [ശറഹു മുസ്‌ലിം: 13/37].
ശാഫിഈ മദ്ഹബിലെ മറ്റു ചില പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം അത് പുണ്യകരമോ വെറുക്കപ്പെട്ടതോ അല്ല എന്ന് ഇമാം നവവി തന്‍റെ അല്‍മജ്മൂഇല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. [8/445].
അതീറയെപ്പറ്റി പരാമര്‍ശിക്കുന്ന ഹദീസുകള്‍ ഉദ്ദരിച്ച ശേഷം ഇമാം ഇബ്നുല്‍ മുന്‍ദിര്‍ റഹിമഹുല്ല പറയുന്നു:
وَقَدْ كَانَتْ الْعَرَب تَفْعَل ذَلِكَ فِي الْجَاهِلِيَّة ، وَفَعَلَهُ بَعْض أَهْل الإِسْلام , فَأَمَرَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ بِهِمَا ثُمَّ نَهَى عَنْهُمَا رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ ، فَقَالَ : ( لا فَرَع وَلا عَتِيرَة ) فَانْتَهَى النَّاس عَنْهُمَا لِنَهْيِهِ إِيَّاهُمْ عَنْهُمَا
"അറബികള്‍ അത് ജാഹിലിയ്യാ കാലഘട്ടത്തില്‍ ചെയ്യാറുള്ള ഒരു കാര്യമായിരുന്നു. മുസ്‌ലിമീങ്ങളില്‍പ്പെട്ട ചിലരും അത് പ്രവര്‍ത്തിച്ചു. അപ്പോള്‍ നബി (സ) ആദ്യം അവ കല്പിക്കുകയും പിന്നീട് അവ വിലക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: "ഫറഓ അതീറയോ ഇല്ല". നബി (സ) വിലക്കിയത് കാരണത്താല്‍ ആളുകള്‍ അവ രണ്ടും ഉപേക്ഷിച്ചു."
ഇതില്‍ പ്രബലമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് അത് പിന്കാലത്ത് നസ്ഖ് ചെയ്യപ്പെട്ടു എന്നതാണ്. എന്നാല്‍ നേരത്തെ സൂചിപ്പിച്ച ഹദീസുകളുടെ അടിസ്ഥാനത്തില്‍ അതാരെങ്കിലും നിര്‍വഹിച്ചാല്‍ അത് ബിദ്അത്ത് എന്ന് പറയാന്‍ സാധിക്കില്ല. കാരണം ആ വിഷയത്തില്‍ പ്രാമാണികമായ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.
എട്ടാമാതായി: റജബിലുള്ള പ്രത്യേക പ്രാര്‍ത്ഥന എന്ന നിലക്ക് പറയപ്പെടുന്ന:
اللهم بارك لنا في رجب وشعبان وبلغنا رمضان
"അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ"
ഇത് ഉദ്ദരിക്കപ്പെട്ടത് ഇമാം അഹ്മദ് റഹിമഹുല്ലയുടെ മകന്‍ (زوائد المسند) എന്ന ഗ്രന്ഥത്തില്‍ (2346) നമ്പര്‍ ഹദീസായും, ഇമാം ത്വബറാനി തന്‍റെ (الأوسط) എന്ന ഗ്രന്ഥത്തില്‍ (3939) നമ്പര്‍ ഹദീസായും, ഇമാം ബൈഹഖി തന്‍റെ ശുഅബില്‍ (3534) നമ്പര്‍ ഹദീസായുമാണ്.
സാഇദ ബ്നു അബീ റുഖാദ് ഈ ഹദീസ് സിയാദ് അന്നുമൈരി എന്നയാളില്‍ നിന്നും അദ്ദേഹം അനസ് ബ്ന്‍ മാലിക്ക് (റ) വില്‍ നിന്നുമാണ് അത് ഉദ്ദരിക്കുന്നത്. ഹദീസ് ഇപ്രകാരമാണ്:
كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ رَجَبٌ قَالَ: ( اللَّهُمَّ بَارِكْ لَنَا فِي رَجَبٍ، وَشَعْبَانَ، وَبَلِّغْنَا رَمَضَانَ )
"റജബ് മാസം പ്രവേശിച്ചാല്‍ നബി (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു: അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ"
ഇതിന്‍റെ സനദ് ളഈഫാണ്. ഈ ഹദീസിന്‍റെ സനദില്‍ ഉള്ള സിയാദ് അന്നുമൈരി എന്നയാള്‍ 'ളഈഫ്' അഥവാ ഹദീസ് നിദാനശാസ്ത്രപ്രകാരം ദുര്‍ബലനാണ്. ഇമാം ഇബ്നു മഈന്‍ ഇയാള്‍ ദുര്‍ബലനാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഇമാം അബൂ ഹാതിം: ഇയാളെ തെളിവ്പിടിക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ ഇനം ഇബ്നു ഹിബ്ബാന്‍ ഇയാളെ ദുര്‍ബലന്മാരുടെ ഗണത്തില്‍ എണ്ണുകയും 'ഇയാളുടെ ഹദീസുകള്‍ കൊണ്ട് തെളിവ് പിടിക്കാന്‍ പാടില്ല' എന്ന് പറയുകയും ചെയ്തിട്ടുണ്ട്. - [ميزان الإعتدال : 2 /91] നോക്കുക.
ഇനി ഇയാളില്‍ നിന്ന് ഈ ഹദീസ് ഉദ്ദരിച്ച സാഇദ ബ്നു അബീ റുഖാദ് ആകട്ടെ ഇയാളെക്കാള്‍ ദുര്‍ബലനാണ്. അയാള്‍ 'മുന്‍കറുല്‍ ഹദീസ്' ആണെന്ന് ഇമാം ബുഖാരിയും ഇമാം നസാഇയും പറഞ്ഞിട്ടുണ്ട്.
മാത്രമല്ല ഒരുപറ്റം മുഹദ്ദിസീങ്ങള്‍ ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം നവവി തന്‍റെ 'അല്‍അദ്കാര്‍' എന്ന ഗ്രന്ഥത്തില്‍ ഇത് ദുര്‍ബലപ്പെടുത്തിയിട്ടുണ്ട് (പേജ്: 189). അതുപോലെ ഇബ്നു റജബ് തന്‍റെ 'ലത്വാഇഫുല്‍ മആരിഫ്' എന്ന ഗ്രന്ഥത്തിലും (പേജ്: 121) ശൈഖ് അല്‍ബാനി തന്‍റെ 'ളഈഫുല്‍ ജാമിഅ്' എന്ന ഗ്രന്ഥത്തിലും (ഹദീസ്: 4395) ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം നൂറുദ്ദീൻ അല്‍ ഹൈതമി റഹിമഹുല്ല ഈ ഹദീസിനെ സംബന്ധിച്ച് പറയുന്നു:
" رَوَاهُ الْبَزَّارُ وَفِيهِ زَائِدَةُ بْنُ أَبِي الرُّقَادِ قَالَ الْبُخَارِيُّ: مُنْكَرُ الْحَدِيثِ، وَجَهَّلَهُ جَمَاعَةٌ "
"ഇമാം ബസാര്‍ അതുദ്ദരിച്ചിട്ടുണ്ട്. അതിന്‍റെ സനദില്‍ സാഇദ ബ്നു അബീ റുഖാദ് എന്ന് പറയുന്നയാളുണ്ട്. അയാള്‍ 'മുന്‍കറുല്‍ ഹദീസ്' ആണ്. അയാള്‍ മജ്ഹൂലായ ആളാണ് എന്നും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്" - [مجمع الزوائد : 2/165].
അതുകൊണ്ടുതന്നെ അപ്രകാരമുള്ള ഒരു പ്രത്യേകം ദുആ റസൂല്‍ (സ) യില്‍ നിന്നും സ്ഥിരപ്പെട്ടു വന്നതായി സ്വഹീഹായ ഹദീസുകള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കില്ല. അതിനാല്‍ അപ്രകാരം പ്രത്യേകം ദുആ റജബ് മാസവുമായി ബന്ധപ്പെടുത്തി അനുഷ്ടിക്കുന്നതും നിഷിദ്ധമാണ്.
........................... ....................
അതുകൊണ്ട് എന്‍റെ ലേഖനം വായിക്കുന്ന ഓരോ മുസ്‌ലിമിനോടും പറയാനുള്ളത് അല്ലാഹുവിന്‍റെ റസൂലിനെ പിന്തുടരുക എന്നതാണ് രക്ഷയുടെ മാര്‍ഗം. അതുമാത്രമാണ് രക്ഷയുടെ മാര്‍ഗം. അല്ലാഹുവോടും അവന്‍റെ റസൂലിനോടും ഇഷ്ടവും കൂറുമുള്ളവര്‍ ചെയ്യേണ്ടത് അതാണ്. അല്ലാഹു സുബ്ഹാനഹു വ തആല പറയുന്നത് നോക്കൂ:
قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ
"(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ." - [ആലുഇംറാന്‍: 31].
അതെ നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍, അല്ലാഹുവിന്റെ റസൂലിനെ പിന്തുടരുവിന്‍. എങ്കില്‍ അല്ലാഹു നിങ്ങളെയും സ്നേഹിക്കും. മറിച്ച് അല്ലാഹുവിന്‍റെ ദീനില്‍ അല്ലാഹു പഠിപ്പിച്ചിട്ടില്ലാത്ത ആചാരങ്ങള്‍ കടത്തിക്കൂട്ടിയാല്‍ അതി ഭയാനകമായ ശിക്ഷയായിരിക്കും അവനെ കാത്തിരിക്കുന്നത്. ഹൗളില്‍ നിന്ന് പാനീയം ലഭിക്കാതെ ആട്ടിയോടിക്കപ്പെടുന്നവരുടെ കൂട്ടത്തിലാണ് അല്ലാഹുവിന്‍റെ റസൂല്‍ ബിദ്അത്തുകാരെ എന്നിയിട്ടുള്ളത്. അല്ലാഹു നമ്മെയും നമ്മുടെ കുടുംബത്തെയും കാത്തു രക്ഷിക്കുമാറാകട്ടെ....
അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.....
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ