Wednesday, May 27, 2026

ഗൾഫിൽ നേരത്തെ പെരുന്നാൾ ആയാൽ, നാട്ടിൽ അവരുടെ ഉളുഹിയ്യത്ത് നേരത്തെ അറുക്കാമോ?

 ചോദ്യം : ഗൾഫിൽ ഉള്ളവരുടെ ഉദ്ഹിയത്തിൻ്റെ ഉരുവിനെ ഇന്ന് നാട്ടിൽ വെച്ച് അറുക്കുന്നതിൻ്റെ വിധി എന്താണ്?. ഗൾഫിൽ അവർ ഇന്ന് ഈദ് നിസ്ക്കരിച്ചു കഴിഞ്ഞല്ലോ? നാട്ടിൽ പെരുന്നാൾ ആയിട്ടുമില്ല. 


ഉത്തരം : 

الحمد لله والصلاة والسلام على رسول الله وعلى اله وصحبه ومن والاه ، وبعد ؛


പൂർണമായും ഇജ്തിഹാദിയായ ഒരു മസ്അല ആണ്. കാരണം സമാനമായ ഒരു സംഭവം മുൻകാലങ്ങളിൽ സംഭവിച്ചിരിക്കാൻ കമ്മ്യുണിക്കേഷൻ അന്നത്തെ കാലത്ത് വളരേ ശ്രമകരമായതുകൊണ്ട് , മുൻകാലങ്ങളിൽ അതി വിദൂര സാധ്യതയാണ് ഉള്ളത്. ഇനി സംഭവിച്ചാൽ തന്നെ അറിയാനും സാധ്യത കുറവാണ്. 


ഏതായാലും എവിടെയാണോ ഉളുഹിയ്യത്ത് നിർവഹിക്കപ്പെടുന്ന നാട് അവിടത്തെ നിസ്കാരവും സമയവും പരിഗണിക്കുക എന്നതാണ് കൂടുതൽ ശരിയും ഫിത്‌നയും ആശയക്കുഴപ്പവും ഒഴിവാകാനും നല്ലത്.  


ഇനി തിരിച്ച് ഒരാൾ അയാൾക്ക് പെരുന്നാൾ ആയിട്ടില്ല.  അറുക്കപ്പെടുന്ന നാട്ടിൽ പെരുന്നാൾ ആകുകയും ചെയ്തു. ഈ സാഹചര്യത്തിൽ അയാളുടെയും അവരുടെയും ഇരുസമയവും യോജിക്കുന്ന രൂപത്തിൽ ഒരു ദിവസം വൈകിപ്പിച്ചാൽ നല്ലത്. ഇനി അങ്ങനെ വൈകിപ്പിക്കാൻ സാധിക്കാത്ത വിധം, എപ്പോഴാണ് അവിടെ നിർവഹിക്കുക എന്നത് അറിയാനോ അതിൽ ഇടപെടാനോ മാർഗമില്ലെങ്കിൽ ആ നാട്ടിലെ ആളുകൾ എപ്പോഴാണോ പെരുന്നാൾ നിസ്കരിച്ച് ഉളുഹിയ്യത്ത് അറുക്കുന്നത് അത് പരിഗണിച്ചാൽ മതി. ഏതായാലും ഇത് യാതൊരു നസും വന്നിട്ടില്ലാത്ത,  ആശയക്കുഴപ്പം  ഒഴിവാക്കി നിർവഹിക്കാൻ സാധിക്കുമെങ്കിൽ അതിന് മുൻഗണന കൊടുക്കാവുന്ന, ഇനി അതിന് പറ്റുന്നില്ലെങ്കിൽ അറുക്കപ്പെടുന്ന നാട്ടിലെ സമയം പരിഗണിച്ച് നിർവഹിക്കാവുന്ന ഒരു വിഷയമാണ്. അയ്യാമുത്തഷ്രീഖിന്റെ അവസാന ദിവസം വരെ സമയമുണ്ട് എന്നത് ഇത്തരം സന്ദർഭങ്ങളിൽ ആശയക്കുഴപ്പം ഒഴിവാക്കി കർമ്മങ്ങൾ നിർവഹിക്കൽ എളുപ്പമാക്കുന്നു. ഏതായാലും ഇനി നമുക്ക് നേരിട്ട് ഇടപെട്ട് വൈകിപ്പിക്കാനോ മറ്റോ സാധിക്കുന്നില്ല എങ്കിൽ പിന്നെ അതിൽ കൂടുതൽ കുടുസാക്കേണ്ട ആവശ്യവുമില്ല.  

والمشقة تجلب التيسير 

والله تعالى أعلم

Tuesday, May 19, 2026

ഹാജിമാർ ഹജ്ജിനു മുൻപ് മദീനത്തേക്ക് സന്ദർശനത്തിന് പോയാൽ, തിരിച്ച് വരുമ്പോൾ മീഖാത്തിൽ നിന്നും ഇഹ്‌റാമിൽ പ്രവേശിക്കണോ ?

 ചോദ്യം:  ഞങ്ങൾ ഇപ്പോൾ മദീനയിലാണ് ഉള്ളത്. കുവൈറ്റിൽ നിന്ന് ഇഹ്‌റാമിൽ പ്രവേശിച്ച് മക്കയിൽ എത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് വന്നതാണ്. ഇനി ഇവിടെ നിന്ന് നേരെ മക്കയിലേക്കാണ് പോകുന്നത്.

മക്കയിൽ ചെന്ന ശേഷം വീണ്ടും ഇഹ്‌റാമിൽ പ്രവേശിച്ചാൽ മതി എന്നാണ് ടീം അമീർ പറഞ്ഞത്. മക്കയിൽ നിന്ന് പുറത്തു വന്നതിനാൽ, മദീനയിൽ നിന്ന് തിരികെ പോകുമ്പോൾ മീഖാത്തിൽ വെച്ച് ഇഹ്‌റാമിൽ പ്രവേശിക്കേണ്ടതുണ്ടോ? അല്ലെങ്കിൽ അമീർ പറഞ്ഞതുപോലെ മക്കയിൽ എത്തിയ ശേഷം ഇഹ്‌റാമിൽ പ്രവേശിച്ച് മിനയിലേക്ക് ഹജ്ജിന് പോകുന്നതു മതിയോ?

www.fiqhussunna.com

ഉത്തരം : 

الحمد لله والصلاة والسلام على رسول الله ، وعلى آله وصحبه ومن والاه وبعد؛


മദീനയിൽ നിന്നും തിരിച്ച് മക്കത്തേക്ക് പോകുമ്പോൾ നിർബന്ധമായും മീഖാത്തിൽ നിന്നും അയാൾ ഇഹ്റാമിൽ പ്രവേശിക്കണം.. കൂടുതൽ ദിവസങ്ങൾ ഉണ്ടെങ്കിൽ ഒന്നുകിൽ ഉംറക്ക് ഇഹ്റാമിൽ പ്രവേശിച്ച് തഹല്ലുൽ ആയി മക്കത്ത് തുടർന്ന ശേഷം പിന്നീട് ഹജ്ജിന്റെ കർമ്മങ്ങൾ തുടങ്ങുന്ന ദിവസം അവിടെ നിന്ന് തന്നെ ഇഹ്റാമിൽ പ്രവേശിക്കാവുന്നതോ .. അല്ലെങ്കിൽ മീഖാത്തിൽ വെച്ച് നേരിട്ട് ഹജ്ജിന് ഇഹ്റാമിൽ പ്രവേശിക്കുകയാണ് എങ്കിൽ പിന്നീട് ഹജ്ജിന്റെ ഇഹ്റാമിൽ തുടരുകയും ചെയ്യണ്ടതാണ്. 


മീഖാത്തിൽ നിന്നും ഇഹ്റാമിൽ പ്രവേശിക്കാതിരിക്കുന്ന പക്ഷം അവർക്ക് വാജിബ് നഷ്ടപ്പെടുകയും പ്രാശ്ചിത്തമായി ഒരു അറവ് ബാധകമാക്കുകയും ചെയ്യും. മദീനത്തേക്ക് പോയി തിരിച്ച് വന്നാലും അയാളുടെ ഹജ്ജ് തമത്തുഉ തന്നെ ആയിരിക്കും.  ഇനി അറിയാതെ മക്കത്തേക്ക് ഇഹ്റാമിൽ പ്രവേശിക്കാതെ പോയവർ ഉണ്ടെങ്കിൽ അവർക്ക് പ്രായശ്ചിത്തം ഒഴിവാകണമെങ്കിൽ ഹജ്ജിന്റെ സമയമാകുമ്പോൾ തിരിച്ച് മീഖത്തിലേക്ക് മടങ്ങിയ ശേഷം, മീഖാത്തിൽ വെച്ച് ഇഹ്റാമിൽ പ്രവേശിക്കണം. 

والله أعلم 

✍️ അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്

Saturday, April 25, 2026

ഗ്യാസ് ലീക്കിന് സാധ്യത ഉള്ള സ്ഥലത്ത് ജോലി ചെയ്യുന്നവർക്ക് സുരക്ഷയുടെ ഭാഗമായി താടി വടിക്കാമോ?

 ചോദ്യം : എനിക്ക് അബുദാബിയിൽ ഓയിൽ & ഗ്യാസ് ഫീൽഡിൽ എഞ്ചിനീയർ ആയി ജോലികിട്ടി വന്നിട്ട് 1 മാസം കഴിഞ്ഞതേ ഉള്ളു.. ഇവിടെ എന്നോട് ഇവർ താടി പൂർണമായും വടിച്ചാൽ മാത്രമേ സൈറ്റിൽ പ്രവേശിക്കാൻ പറ്റു എന്ന പറയുന്നത്.. അവിടെ ഗ്യാസ് ലീകേജ് ഉണ്ടായാൽ മാസ്ക് ഫിറ്റ് ആയി ഇരിക്കണമെങ്കിൽ താടി പാടില്ല ജീവൻ രക്ഷിക്കാൻ ആണ് എന്നാണ് പറയുന്നത്.. ഇന്റർവ്യൂ ടൈമിൽ എന്നോട് ഇതിനെ പറ്റി ഇവർ പറഞ്ഞിരുന്നില്ല.

ഉത്തരം : 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد ؛ 

ഓഫ് ഷോറിൽ വർക്ക് ചെയ്യുമ്പോൾ ഗാസ് / കെമിക്കൽ ലീക്കേജ് ഭയപ്പെടുന്ന ഭാഗങ്ങളിൽ സേഫ്റ്റി മെഷേഴ്സിന്റെ ഭാഗമായി, അങ്ങനെ അവർ ആവശ്യപ്പെടാറുണ്ട്.  ജീവൻ സുരക്ഷയുടെ ഭാഗമായതുകൊണ്ട് അത്തരം മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സുരക്ഷയുടെ ഭാഗമായി താടി എടുക്കൽ നിർബന്ധമാണ് എങ്കിൽ എടുക്കാം.  ഹൈ സേഫ്റ്റി മെഷഴ്സ് ഫോളോ ചെയ്യുന്ന ചില അപൂർവമായ ജോലികളിലെ നിർബന്ധിത സാഹചര്യത്തിലെ ഒരു എക്‌സപ്‌ഷൻ ആയി മാത്രമേ ഇതിനെ കാണാൻ സാധിക്കൂ. എന്നാൽ ഇനി ഒരാൾക്ക് മാനസികമായി അതിനോട് പൊരുത്തപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ മറ്റൊരു ജോലി നോക്കുകയും ആവാം. ഈ കാരണത്താൽ മാത്രം ജോലി ഉപേക്ഷിക്കേണ്ടതില്ല. കാരണം ജീവൻ രക്ഷയുടെ ഭാഗമായി അത്തരം സേഫ്റ്റി മെഷഴ്സ് ഫോളോ ചെയ്യൽ അനിവാര്യമാകുമെന്ന് വിലയിരുത്തപ്പെട്ട ഇടങ്ങളിൽ ആ നിയമങ്ങൾ നാം പാലിക്കുക. അത്തരം ഘട്ടങ്ങളിൽ ഇളവുണ്ട്. കാരണം ജീവന്റെ സുരക്ഷയാണ് പ്രധാനം. അത്തരം ഘട്ടങ്ങൾക്ക് ഇളവുണ്ട്. ഇത്തരം തൊഴിൽ മേഖലകളാകട്ടെ ജോലി എന്നതിലുപരി അത് മനുഷ്യർക്ക് ഉപകാരപ്രദമായ ഒരു സേവനം കൂടിയാണ്. 

والله أعلم…