Sunday, January 15, 2017

റമദാന്‍ ആദ്യം അറിയിക്കുന്നവന് സ്വര്‍ഗമുണ്ട്, അതുകൊണ്ട് വിവരം കൈമാറുക എന്ന മെസേജ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇതിന്‍റെ സത്യാവസ്ഥ എന്താണ് ?.




ചോദ്യം: ഇങ്ങനെ ഒരു മെസ്സേജ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അതിന്‍റെ വാസ്ഥവമെന്ത് ?. മെസ്സേജ് ഇപ്രകാരമാണ്: ഒരു  അനുഗ്രഹീത അത്മീയ ലോകവാര്‍ത്ത ഃ പരമപരിശുദ്ധ റമദാന്‍ ഇന്ന് 144 ദിവസം മാത്രം അകലെ,(1438) 2017 മേയ് 27-ാം തിയ്യതി റമദാന്‍ ആരംഭിക്കും ഇന്‍ശാല്ലാഹ് ! റമദാന്‍ അധികരിച്ച് ആദൃ വിവരം അറിയിക്കുന്നവനു നരകാഗ്നി നിശിദ്ധം എന്ന് തിരുനബി (സ) വചനം.ഈ സൂവാര്‍ ലോകരെ അറിയിച്ചാലും. നരകശിക്ഷയില്‍ നിന്ന് നമ്മെ പരമകാരുണികനായ അല്ലാഹു കാത്തുരകഷിക്കുമാറാകട്ടേ, ആമീന്‍! . ??

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

അപ്രകാരം ഒരു ഹദീസ് ഉള്ളതായി അറിയില്ല. ഇത് പ്രചരിപ്പിക്കുന്നവര്‍ ഹദീസ് ഏത് എന്നും ഏത് ഗ്രന്ഥത്തില്‍ എന്നും പറയേണ്ടതുണ്ട്. എങ്കിലേ അതിന്‍റെ ആധികാരികത പരിശോധിക്കാന്‍ സാധിക്കൂ. ഇനി അപ്രകാരം ഒരു ആധികാരികമായ ഹദീസും ഇല്ലാതെയാണ് ഇത് പ്രച്ചരിപ്പിക്കുന്നതെങ്കില്‍ കാര്യം വളരെ അപകടകരമാണ്. കാരണം പ്രമാണത്തില്‍ നിന്നും കൃത്യമായ തെളിവുകളില്ലാതെ ഇത്തരം കാര്യങ്ങള്‍ നബി (സ) യുടെ മേല്‍ പ്രചരിപ്പിക്കുന്ന പക്ഷം നബി (സ) യുടെ മേല്‍ കളവ് പറയുക എന്ന മഹാ പാപത്തിന്‍റെ ഗണത്തിലായിരിക്കും അത് പെടുക.  നബി (സ) പറഞ്ഞു:

كفى بالمرء كذبا أن يحدث بكل ما سمع

"കേട്ടതെല്ലാം പ്രച്ചരിപ്പിക്കല്‍ ഒരാള്‍ കള്ളനാണ് എന്നതിന്‍റെ മതിയായ തെളിവാണ്" - (സ്വഹീഹ് മുസ്‌ലിം -മുഖദ്ദിമ). എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞു:

إن كذبا علي ليس ككذب على أحد من كذب علي متعمدا فليتبوأ مقعده من النار

"എന്‍റെ മേല്‍ കളവ് പറയുക എന്നുള്ളത് മറ്റൊരാളുടെ മേലും കളവ് പറയുന്ന പോലെയല്ല. അറിഞ്ഞുകൊണ്ട് എന്‍റെ മേല്‍ കളവ് പറയുന്നയാള്‍ നരകത്തില്‍ അവന്‍റെ ഇരിപ്പിടം ഉറപ്പാക്കിക്കൊള്ളട്ടെ" - (സ്വഹീഹുല്‍ ബുഖാരി: 1229).

അതുകൊണ്ട് തീര്‍ത്തും സത്യമാണ് എന്ന ബോധ്യമില്ലാതെ മതപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. കാരണം അത് അല്ലാഹുവിന്‍റെയും റസൂലിന്‍റെയും മേല്‍ കളവ് പറയലായിത്തീരും. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ധാരാളമായി പല മെസ്സേജുകളും പ്രചരിക്കുന്നു. ആര് എഴുതിയെന്നോ , അതിന്‍റെ ആധികാരികത എന്തെന്നോ ഇല്ലാത്ത തീര്‍ത്തും അജ്ഞാതമായ മെസേജുകള്‍, ഒരുപക്ഷേ വസ്തുതകള്‍ അടങ്ങിയ മെസേജുകളും അപ്രകാരം പ്രചരിക്കുന്നുണ്ടാകാം. പക്ഷെ അതിന്‍റെ ആധികാരികത അറിയാത്തിടത്തോളം അത് പ്രചരിപ്പിക്കാന്‍ നമുക്ക് പാടില്ല. അതുകൊണ്ടുതന്നെ പ്രചരിക്കപ്പെടുന്ന മെസ്സേജുകള്‍ ആധികാരികത ഉറപ്പ് വരുത്താതെ നാം സ്വീകരിക്കാതിരിക്കുക. എഴുതിയ ആളുടെ പേരില്ലാത്തവ പ്രത്യേകിച്ചും. ഇത് ഓരോരുത്തരുടേയും വിശ്വാസ സംരക്ഷണത്തിന്‍റെ ഭാഗമാണ്. ഇനി മെസ്സേജുകളില്‍ ഇമാം ബുഖാരിയിലേക്കോ മുസ്‌ലിമിലേക്കോ ഒക്കെ ചേര്‍ത്തിപ്പറഞ്ഞുകൊണ്ടും പലരും കളവുകള്‍ പ്രചരിപ്പിച്ചേക്കാം. അതുകൊണ്ട് ആരാണ് എഴുതിയത് അയാള്‍ വിശ്വസിക്കാവുന്ന ആളാണോ എന്നതെല്ലാം വളരെ സുപ്രധാനമാണ്‌. അല്ലാത്ത പക്ഷം അത് ആധികാരികമാണോ എന്നത് മൂലഗ്രന്ഥങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യണം. ഇമാം ഇബ്നു സീരീന്‍ (റ) പറഞ്ഞു:

إن هذا العلم دين فانظروا عمن تأخذون دينكم .

"തീര്‍ച്ചയായും (മതപരമായി) നിങ്ങള്‍ കരസ്ഥമാക്കുന്ന ഓരോ അറിവും നിങ്ങളുടെ ദീനാണ്. അതുകൊണ്ട് നിങ്ങളുടെ ദീന്‍ ആരില്‍ നിന്നുമാണ് സ്വീകരിക്കുന്നത് എന്ന് നിങ്ങള്‍ ഉറപ്പ് വരുത്തുക".  - (ശറഹുസ്സുന്ന -ഇമാംബര്‍ബഹാരി: മസ്അല 118).

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്ന കാര്യങ്ങളുടെ ആധിക്യം  നമ്മുടെ ദീനിന്‍റെ ആധികാരികതനഷ്ടപ്പെടാന്‍ ഒരിക്കലും കാരണമാകരുത്. അതുകൊണ്ട് എഴുതുന്നവര്‍ തങ്ങളുടെ പേര് നിര്‍ബന്ധമായും വെക്കണം. ചിലപ്പോള്‍ ചിലര്‍ ലോകമാന്യത ഭയന്നായിരിക്കും അപ്രകാരം ചെയ്യാത്തത്. പക്ഷെ അത് അനുവദിച്ചുകൂടാ. കാരണം അത് തെറ്റുകള്‍ കണ്ടാല്‍ സൂചിപ്പിക്കാനോ, വായനക്കാര്‍ക്ക് ആധികാരികത ഉറപ്പ് വരുത്താനോ സഹായകമാകില്ല. 

ഇനി മറ്റൊരാള്‍ എഴുതിയതാണെങ്കില്‍ വിശ്വസനീയമാണെങ്കില്‍ മാത്രമേ നാം പ്രചരിപ്പിക്കാവൂ. അതുതന്നെ ആരാണോ പറയുകയോ എഴുതുകയോ ചെയ്തത് അയാളിലേക്ക് ചേര്‍ത്തിപ്പറഞ്ഞുകൊണ്ട് മാത്രമായിരിക്കണം അത് അയക്കേണ്ടത്. വൈജ്ഞാനികമായ അമാനത്ത് കാത്തുസൂക്ഷിക്കുന്നതിനും ആധികാരികത നഷ്ടപ്പെടാതിരിക്കാനും അത് അനിവാര്യമാണ്. ഒരു കാര്യം എവിടെ നിന്നും ലഭിച്ചു എന്ന് വ്യക്തമാക്കുന്നതിനാണ് സനദ് എന്ന് പറയുന്നത്. അത് ദീനില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഇമാം അബ്ദുല്ലാഹ് ബ്നുല്‍ മുബാറക്ക്‌ പറയുന്നു:

الإسناد من الدين ، ولولا الإسناد لقال من شاء ما شاء

 "സനദ് എന്നത് ദീനില്‍ പെട്ടതാണ്. സനദെങ്ങാനും ഇല്ലായിരുന്നുവെങ്കില്‍ തോന്നിയവരെല്ലാം തോന്നിയത് പറയുമായിരുന്നു". - (സ്വഹീഹ് മുസ്‌ലിം, മുഖദ്ദിമ).

അതുകൊണ്ട് വായിക്കുന്നതിന് മുന്‍പ് ഉറവിടം വിശ്വാസയോഗ്യമാണോ എന്നത്  ഉറപ്പ് വരുത്തുക. അല്ലാഹു അനുഗ്രഹിക്കട്ടെ....

__________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Tuesday, January 10, 2017

സലഫിയ്യത്ത് തീവ്രവാദമല്ല. തൗഹീദ് ഭീകരവാദമല്ല. ഇരു സമസ്തയുടെയും ദുരാരോപണങ്ങള്‍ക്ക് മറുപടി.

 
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛


 അല്ലാഹുവിന്‍റെ ദീന്‍ സുതാര്യവും വ്യക്തവുമാണ്. അതിന്‍റെ അടിത്തറ എന്ന് പറയുന്നത് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ്. അത് സച്ചരിതരായ സലഫുകള്‍ എങ്ങനെ മനസ്സിലാക്കിയോ അത് അതേ രൂപത്തില്‍ പിന്തുടരുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക എന്നുള്ളതാണ് രക്ഷയുടെ മാര്‍ഗം. എന്നാല്‍ ഈ മാര്‍ഗത്തില്‍ നിന്നും വ്യതിച്ചലിച്ചവര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. വിശ്വാസപരമായ തലങ്ങളില്‍ വ്യതിച്ചലിച്ചവര്‍, ആചാരാനുഷ്ഠാനങ്ങളില്‍ വ്യതിച്ചലിച്ചവര്‍, പരിഷ്കാരങ്ങളുടെ പേരില്‍ വ്യതിച്ചലിച്ചവര്‍, അതിരുകവിയുക വഴി വ്യതിച്ചലിച്ചവര്‍ ഇങ്ങനെ നിരവധി തലങ്ങളില്‍ വ്യതിയാനം സംഭവിച്ച കക്ഷികള്‍ ഇക്കൂട്ടത്തില്‍ കാണാം. പക്ഷെ ഈ വ്യതിയാന കക്ഷികളെയെല്ലാം എടുത്ത് നോക്കിയാല്‍ അവയെല്ലാം സംഗമിക്കുന്ന ഒരു സുപ്രധാന ഘടകമുണ്ട്‌. ഇസ്‌ലാമിലേക്കും, അതിന്‍റെ യഥാര്‍ത്ഥ ആദര്‍ശത്തിലേക്കും, ആ ആദര്‍ശ പ്രബോധകരിലേക്കും തങ്ങളുടെ വ്യതിയാനങ്ങളെ ബന്ധപ്പെടുത്തി സൈദ്ധാന്തികമായി അതിനെ ന്യായീകരിക്കാന്‍ ഇവരെല്ലാം ശ്രമിച്ചിട്ടുണ്ട് എന്നതാണത്. അതിനു വേണ്ടി ആയത്തുകളെയോ ഹദീസുകളെയോ പണ്ഡിതവചനങ്ങളെയോ ഒക്കെ ദുരുപയോഗം ചെയ്യുന്നത് ഇവരിലെല്ലാം തന്നെ നമുക്ക് കാണാന്‍ സാധിക്കും. അത് അടിസ്ഥാന വിശ്വാസമായ തൌഹീദില്‍ പിഴച്ചവരാണെങ്കിലും അതല്ല, ഇസ്‌ലാമിക ആശയങ്ങളില്‍ നിന്നും വ്യതിചലിച്ച് തീവ്രവാദ ഭീകരവാദ ആശയങ്ങള്‍ സ്വീകരിച്ചവരാണെങ്കിലും അപ്രകാരം തന്നെ.
 
www.fiqhussunna.com

 ഇസ്‌ലാമിന്‍റെ സംരക്ഷകര്‍ എന്ന പേരില്‍ പരിശുദ്ധ ഇസ്‌ലാമിനെയും അതിന്‍റെ ആശയാദര്‍ശങ്ങളെയും തകര്‍ക്കുക എന്നതാണ് സകല തീവ്രവാദ  സംഘങ്ങളുടെയും രൂപീകരണത്തിന് പിന്നിലുള്ളത്. മുന്‍കാല ഖവാരിജുകളുടെയും ശിയാക്കളുടെയും രൂപീകരണത്തില്‍ അബ്ദുല്ലാഹിബ്നു സബഅ് എന്ന ഇസ്‌ലാമിക വേഷം ധരിച്ച മുനാഫിഖായ ജൂതന്‍ എന്തെല്ലാം സ്വാധീനം ചെലുത്തിയോ
, അതുപോലെ ആധുനിക ഖവാരിജുകളുടെയും ശീഈ തീവ്രവാദ സംഘങ്ങളുടെയും രൂപീകരണത്തില്‍ ആരെല്ലാം പങ്ക് വഹിച്ചു എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. അവരുപയോഗിക്കുന്ന ആയുധങ്ങളും അവയുടെ നിര്‍മിതിയും എവിടെ നിന്ന് എന്നത് പരസ്യമായ രഹസ്യമാണ്. എല്ലാ പ്രമുഖ പാശ്ചാത്യ രാഷ്ട്രങ്ങളും ആ നിരയിലുണ്ട്. നിലനില്‍ക്കുന്ന സമാധാന കരാറുകള്‍ക്കും ഉടമ്പടികള്‍ക്കും അതീതമായി നടക്കുന്ന ഈ ആയുധ വില്പന അന്വേഷിക്കപ്പെടാത്തതുകൊണ്ടല്ല, പക്ഷെ കള്ളന്‍ കപ്പലില്‍ത്തന്നെ. വിവേകമുള്ളവര്‍ക്ക് മനസ്സിലാകും.

വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ ഐസിസിനോടോ, അതുപോലുള്ള ജബ്ഹതുന്നുസ്റ, അല്‍ ഖാഇദ, ശിയാക്കളുടെ ഹിസ്ബുല്ലാഹ്, ഹൂഥികളുടെ അന്‍സാറുല്ലാഹ് തുടങ്ങിയ ഇസ്‌ലാമിന്‍റെ പേരില്‍ അറിയപ്പെടാന്‍ ശ്രമിക്കുന്ന യാതൊരു തീവ്രവാദ സംഘടനകളുമായും സലഫിയ്യത്തിന് യാതൊരു ബന്ധവുമില്ല. എന്ന് മാത്രമല്ല അതിനെതിരെ ഏറ്റവും ആദ്യം പ്രതികരിക്കുകയും അവ പ്രതിനിധീകരിക്കുന്നത് ഇസ്‌ലാമിക ആദര്‍ശമല്ല എന്ന് തുറന്ന് പറയുകയും ചെയ്തത് സലഫീ പണ്ഡിതന്മാരാണ്. കേരളത്തിലും ഇത്തരം ആശയങ്ങളെ ഏറ്റവും ശക്തമായി നേരിട്ടത് സലഫികള്‍ തന്നെ. ലോക മുസ്ലിമീങ്ങള്‍ ഒന്നടങ്കം കാതോര്‍ക്കുന്ന പ്രശസ്തമായ അറഫാ ഖുത്ബയില്‍ വെച്ച് ഇത്തരം സംഘടനകളെപ്പറ്റി പ്രഗല്‍ഭ സലഫീ പണ്ഡിതനും സൗദി അറേബ്യയുടെ ഗ്രാന്‍ഡ്‌ മുഫ്തിയുമായ അബ്ദുല്‍ അസീസ്‌ ആലു ശൈഖ് പറഞ്ഞത് ഇങ്ങനെ: ഇസ്ലാമിന്‍റെ ശത്രുക്കള്‍ പരിശുദ്ധ ഇസ്‌ലാമിനെതിരില്‍ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുന്നു. ഈ ഉമ്മത്തിനെ നശിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയും അതിനുള്ള പഴുതുകള്‍ അന്വേഷിച്ച് നടക്കുകയും ചെയ്യുന്നു. അവരില്‍ ഇസ്‌ലാമിന്‍റെ പുറത്ത് നിന്നുള്ള ശത്രുക്കളും അന്യായമായും പൊയ്മുഖമെന്നോണവും ഇസ്‌ലാമിന്‍റെ വസ്ത്രം ധരിച്ച അകത്തു നിന്നുള്ള ശത്രുക്കളും സജീവമാണ്. തങ്ങളുടെ നീചവും നികൃഷ്ടവുമായ തന്ത്രങ്ങള്‍ നടപ്പിലാക്കാനും സാധാരണക്കാരെയും അവിവേകികളെയും തെറ്റിദ്ധരിപ്പിക്കാനും ഇസ്‌ലാമിന്‍റെ സംരക്ഷണംഎന്നത് തങ്ങളുടെ പ്രമേയമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നു”.

ലോകത്ത് സലഫീ ആദര്‍ശം പ്രതിനിധാനം ചെയ്യുന്ന സുതാര്യമായ രാജ്യമാണ് സൗദി അറേബ്യ. ആ രാജ്യത്തെയും അവിടെയുള്ള ഭരണാധികാരികളെയും ആ ഭരണകൂടത്തെ അനുകൂലിക്കുന്നവരെയും കാഫിറുകളായിക്കാണുകയും അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തവരാണ്
ISIS, അല്‍ഖാഇദ തുടങ്ങിയ സംഘടനകള്‍. അവിടെയുള്ള പള്ളികളില്‍ വരെ ബോംബ്‌ സ്ഫോടനം നടത്തിയവരാണവര്‍. ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍വഹാബും ആലു സഊദും ചേര്‍ന്ന് തൗഹീദീ പ്രബോധനത്തിലൂടെ കെട്ടിപ്പടുത്ത ഇരു ഹറമുകളുടെ രാഷ്ട്രം തകര്‍ക്കുകയെന്നത് ഇവരുടെ എക്കാലത്തെയും സ്വപ്നമാണ്. ശിയാക്കളെ കൂട്ടുപിടിച്ച് ആഭ്യന്തര കലാപമുണ്ടാക്കാന്‍ തങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പള്ളികളിലും പൊതുസ്ഥലങ്ങളിലും ബോംബ്‌ സ്ഫോടനങ്ങളും ചാവേറാക്രമണങ്ങളും നടത്തി രാജ്യത്തിന്‍റെ സുരക്ഷയെ നശിപ്പിക്കുക എന്ന ദൗത്യവുമായാണ് ഇപ്പോള്‍ ഇവരിറങ്ങിയിട്ടുള്ളത്.
 

യഥാര്‍ത്ഥത്തില്‍ ആരോപകര്‍ ആവര്‍ത്തിച്ച് ഉന്നയിച്ചത് പോലെ  വഹാബിസം വഹാബികള്‍ എന്നിങ്ങനെ ഒരു വിഭാഗം ലോകത്ത് എവിടെയുമില്ല. സാധാരണ നിലക്ക് തൗഹീദീ പ്രബോധനത്തിന്‍റെ അഥവാ ഏകദൈവ വിശ്വാസത്തിന്‍റെ പ്രബോധകരെ അവരുടെ വിമര്‍ശകര്‍ വിളിക്കുന്ന പേരാണ് വഹാബികള്‍ എന്നത്. സൂഫികളിലൂടെ അറേബ്യയില്‍ ഒരു കാലത്ത് പ്രചാരം നേടിയ അനാചാരങ്ങള്‍ക്കും
, അന്തവിശ്വാസങ്ങള്‍ക്കുമെതിരെയും, ജാറങ്ങള്‍ക്കും മരത്തിനും ആരാധനയര്‍പ്പിക്കുന്ന ഖബറാരാധകര്‍ക്കെതിരെയും ശരിയായ ഇസ്‌ലാമിക പ്രബോധനം നടത്തിയ ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍വഹാബിലേക്ക് ചേര്‍ത്താണ് വഹാബികള്‍ എന്ന് ചിലര്‍ വിളിക്കാറുള്ളത്. മുസ്‌ലിം സമൂഹത്തെ അവരുടെ അടിസ്ഥാന വിശ്വാസമായ ഏകദൈവ വിശ്വാസത്തില്‍ നിന്നും വ്യതിച്ചലിപ്പിച്ച്, ജാറങ്ങള്‍ കെട്ടിപ്പൊക്കിയും, അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ചയും ആരാധനയും  നേര്‍ന്നും, ഉറൂസുകളും ജാറ ഉത്സവങ്ങളും നടത്തി മുസ്‌ലിം സമൂഹത്തിനിടയില്‍ ബഹുദൈവാരാധന കടത്തിക്കൂട്ടാന്‍ ശ്രമിച്ച ആളുകള്‍ക്കെതിരെ ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ ആദര്‍ശം കൊണ്ട്  മുട്ടുകുത്തിച്ച പ്രതിഭയായിരുന്നു അദ്ദേഹം. അദ്ദേഹം പുതുതായി ഒന്നും തന്നെ വിഭാവനം ചെയ്തെടുത്തിട്ടില്ല മുഹമ്മദ്‌ (സ) പ്രചരിപ്പിച്ച തൗഹീദിന്‍റെ ആദര്‍ശമെന്തോ അത് ജനങ്ങളെ പഠിപ്പിക്കുകയും അതിലേക്ക് ആളുകളെ ക്ഷണിക്കുകയുമാണ് അദ്ദേഹം ചെയ്തത്.

സ്വാഭാവികമായും അദ്ദേഹത്തിന്‍റെ പ്രബോധനം ലോകവ്യാപകമെന്നപോലെ നമ്മുടെ കേരളത്തിലും അന്തവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മുസ്ലിമീങ്ങള്‍ക്കിടയില്‍ ചില വിഭാഗങ്ങള്‍ കടത്തിക്കൂട്ടിയ ബഹുദൈവാരാധനക്കുമെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഇത് മതത്തെ കച്ചവടമാക്കിയ ചില തല്പര കക്ഷികള്‍ക്കിടയില്‍ അദ്ദേഹത്തെ അതൃപ്തനാക്കി.

ഏതായാലും പിന്‍കാലത്ത് നാം കണ്ടത് ഏകദൈവ വിശ്വാസമുള്ള എന്നാല്‍ മറ്റു പല അടിസ്ഥാന തലങ്ങളിലും ആദര്‍ശം കൊണ്ട് ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബുമായി ഏറെ വിയോജിപ്പുള്ള കക്ഷികളെപ്പോലും മീഡിയയും ചില തല്പര കക്ഷികളും ചേര്‍ന്ന് 'വഹാബികള്‍' എന്ന് വിളിക്കാന്‍ തുടങ്ങി. ഖബര്‍ പൂജ നടത്തുന്നവര്‍ സൂഫികളും, അതിനെ എതിര്‍ക്കുന്നവരെല്ലാം വഹാബികളുമാണ് എന്ന നിലയിലാണ് കാര്യങ്ങള്‍ പ്രചരിച്ചത്. സത്യത്തില്‍ ഇസ്‌ലാം നിഷ്കര്‍ഷിക്കുന്ന ഏകദൈവ വിശ്വാസം എന്തോ അത് കൃത്യമായി ജനങ്ങളെ പഠിപ്പിക്കുക മാത്രമാണ് ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍വഹാബ് ചെയ്തത്.  ഖബര്‍ പൂജക്കെതിരെയും, ജാറ വ്യവസായത്തിനെതിരെയും, അല്ലാഹുവിനല്ലാതെ ഇതര സൃഷ്ടിജാലങ്ങള്‍ക്ക് ആരാധനയര്‍പ്പിക്കുന്നതിനെയും നഖഷികാന്തം എതിര്‍ക്കുന്ന മതമാണ്‌ ഇസ്‌ലാം. ഇതാണ്‌ ശൈഖുല്‍ ഇസ്‌ലാം തന്‍റെ കിതാബുത്തൌഹീദിലൂടെ പഠിപ്പിച്ചത്. അത് യഥാര്‍ത്ഥ ഇസ്‌ലാമിന്‍റെ ആദര്‍ശമാണ്. ശൈഖിന്‍റെ മാത്രം ആദര്‍ശമല്ല.

ഇസ്‌ലാം നിഷിദ്ധമാക്കിയ സൃഷ്ടിപൂജയേയും ഖബറാരാധനയെയും എതിര്‍ത്ത ഓരോരുത്തരും പിന്‍കാലത്ത് വഹാബികള്‍ എന്ന് വിളിക്കപ്പെടാന്‍ തുടങ്ങി. അതിന്‍റെ ഭാഗമായാണ് ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബ് (റ) യുടെ പ്രബോധനവുമായി യാതൊരു ബന്ധവുമില്ലാത്ത ISIS, അല്‍ഖാഇദ തുടങ്ങിയ ഖവാരിജീ സംഘടനകളെ എട്ടും പൊട്ടും തിരിയാത്ത ചില മാധ്യമ പ്രവര്‍ത്തകരും, തല്പരകക്ഷികളും ചേര്‍ന്ന്  വഹാബികള്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. കാരണം അവരെ സംബന്ധിച്ചിടത്തോളം ഖബര്‍ പൂജ നടത്തുന്നവരും, ജാറങ്ങളില്‍ ആരാധനകള്‍ അര്‍പ്പിക്കുന്നവരും, ഉറൂസും, മൗലിദുകളും എല്ലാമായി ഇസ്‌ലാമിന്‍റെ പേരില്‍ത്തന്നെ ബഹുദൈവാരാധന നടത്തുന്നവര്‍ സൂഫികളും, മേല്‍പറഞ്ഞ കാര്യങ്ങളെ എതിര്‍ക്കുന്നവരും, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരുമായ എല്ലാവരും വഹാബികളുമാണ്. പക്ഷെ സത്യത്തില്‍ വഹാബികള്‍ എന്ന് വിളിക്കപ്പെടുന്നവരില്‍ ഏറിയ പങ്കും  ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബ് (റ) യുടെ പ്രബോധനവുമായി യാതൊരും ബന്ധവുമില്ലാത്തവരാണ്.

ഉദാ: യുക്തിക്ക് പ്രമാണങ്ങളെക്കാള്‍ മുഗണന നല്‍കുന്നവര്‍  മുഅ്തസിലിയാക്കളാണ്. എന്നാല്‍ മുഅതസിലിയാ ആദര്‍ശം പിന്തുടരുന്ന ഒരു വിഭാഗം ആളുകള്‍ നമ്മുടെ നാട്ടില്‍ തങ്ങള്‍ സലഫികളാണ് എന്ന് വാദിച്ചുകൊണ്ടിരിക്കുന്നു. ലോകത്ത് തന്നെ ഒരുപക്ഷെ ഹദീസുകളെ നിഷേധിക്കുകയും   അതേ സമയം തങ്ങള്‍ സലഫികള്‍ ആണ് എന്ന് വാദിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഇവര്‍ മാത്രമായിരിക്കാം. ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബിന്‍റെ കിതാബുത്തൌഹീദില്‍ പഠിപ്പിക്കുന്ന ഇസ്‌ലാമിലെ അടിസ്ഥാന ആദര്‍ശമായ അല്ലാഹുവിന്‍റെ 'അസ്മാഉം സ്വിഫാത്തു' മായി ബന്ധപ്പെട്ട പലതും നിഷേധിക്കുന്ന ഇവരും നമ്മുടെ കൊച്ചു കേരളത്തില്‍ അറിയപ്പെടുന്നത് വഹാബികള്‍ എന്ന പേരില്‍. സത്യത്തില്‍ ഇവരുടെ ചിന്താധാരക്ക് ശൈഖുല്‍ ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല.

ഇന്ന് ലോകത്ത് ISIS, അല്‍ഖാഇദ പോലുള്ള സംഘടനകളെ വഹാബികള്‍ എന്ന് മുദ്രകുത്തുന്ന മാധ്യമങ്ങള്‍ എടുത്ത് പറയാറുള്ളത് അവര്‍ ഖബറാരാധനയെ എതിര്‍ക്കുന്നു എന്നതാണ്. ഖബറാരാധനയെ എതിര്‍ത്തത് കൊണ്ട് മാത്രം ഒരാള്‍ ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബിന്‍റെ വക്താവ് ആവില്ല. ISIS, അല്‍ഖാഇദ പോലുള്ള സംഘടനകള്‍ ഖവാരിജുകള്‍ ആണ്. അഥവാ മുസ്‌ലിം ഭരണാധികാരികളെ കാഫിറുകള്‍ ആണ് എന്ന് വിലയിരുത്തി അവര്‍ക്കെതിരെ വിപ്ലവം നടത്തുന്ന സംഘം. ഇവര്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആക്രമിക്കുന്നത് സൗദി അറേബ്യയെ ആണ്. ഇക്കഴിഞ്ഞ റമദാന്‍ 29ന് നാല് ആക്രമണങ്ങളാണ് ഇവര്‍ സൗദി അറേബ്യയില്‍ നടത്തിയത്. തല്പരകക്ഷികളുടെ ഭാഷയില്‍ ലോകത്ത് വഹാബികള്‍ ഭരിക്കുന്ന ഏറ്റവും വലിയ രാജ്യമായ, ശരീഅത്ത് ഭരണം നടത്തുന്ന രാജ്യത്തെ ഈ അക്രമികള്‍ ലക്ഷ്യം വെക്കാന്‍ കാരണമെന്ത് ?!. നിങ്ങളുടെ ഭാഷയില്‍ ലോകത്ത് അറിയപ്പെടുന്ന വഹാബീ പണ്ഡിതന്മാരായ ശൈഖ് അബ്ദുല്‍ അസീസ്‌ ഇബ്നു ബാസ് (റ) , ഇപ്പോഴത്തെ മുഫ്തി ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് (ഹ), ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹ) തുടങ്ങിയവര്‍ ഈ പറയുന്ന ISIS നും അല്‍ഖാഇദക്കും അനഭിമതരും കാഫിറുകളും ആകുന്നത് എന്തുകൊണ്ട് ?!. ലോകത്ത് ISIS നെതിരെ ഏറ്റവും ആദ്യം ശബ്ദിച്ചത് സലഫീ പണ്ഡിതന്മാരാകുന്നത് എന്തുകൊണ്ട് ?. ISIS, അല്‍ഖാഇദ പോലുള്ള ഇസ്‌ലാം വിരുദ്ധരെ നേരിടാന്‍ NORTH THUNDER എന്ന പേരില്‍ 20 രാഷ്ട്രങ്ങളെ അണിനിരത്തി സമീപകാലത്ത് ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സായുധ പരിശീലനം സൗദി അറേബ്യ നടത്തിയത് എന്തുകൊണ്ട് ?!. ലോകത്ത് അറിയപ്പെട്ട ഏതെങ്കിലും ഒരു സലഫീ പണ്ഡിതനെ മേല്‍ പറയപ്പെട്ട തീവ്രവാദ സംഘങ്ങള്‍ക്കൊപ്പം കാണിച്ചുതരാന്‍ നിങ്ങള്‍ക്കാകുമോ ?!.

എന്നിട്ടും സലഫികളാണ് തീവ്രവാദത്തിന് പിന്നില്‍ എന്ന് കളവ് പറയാന്‍ എങ്ങനെ പണ്ഡിതവേഷധാരികള്‍ക്കാകുന്നു ?!. അല്ലാഹുവില്‍ ശരണം...


ഇനി ഇവര്‍ വഹാബികള്‍ ആണ് എന്ന് സ്ഥാപിക്കാന്‍ അപക്വമതികളായ ചില മാധ്യമപ്രവര്‍ത്തകരും തല്പരകക്ഷികളായ ഖബറാരാധകരും ഉന്നയിക്കാറുള്ള ഒരു വാദം ISIS ഉം, അല്‍ഖാഇദയുമെല്ലാം ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍വഹാബിന്‍റെ (റ) കിതാബുത്തൌഹീദ് പഠിപ്പിക്കുന്നു അത് വിതരണം ചെയ്യുന്നു എന്നതാണ്. എന്നാല്‍ ഇതേ ആളുകള്‍ തങ്ങള്‍ വിശുദ്ധ ഖുര്‍ആനിന്‍റെ വക്താക്കളാണ് എന്ന് വാദിക്കുന്നവരും, ഇസ്‌ലാമിലെ പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങള്‍ തങ്ങളുടെ വാദങ്ങള്‍ ന്യായീകരിക്കത്തക്കവിധം പഠിപ്പിക്കുന്നവരുമാണ് എന്ന സത്യം അവര്‍ പരിശോധിക്കാറില്ല. അല്ലാഹുവിന്‍റെ റസൂല്‍ (സ) തന്നെ ഖവാരിജുകളെപ്പറ്റി  പറഞ്ഞത്: "അവര്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരായിരിക്കും പക്ഷെ വിശുദ്ധഖുര്‍ആന്‍ അവരുടെ തൊണ്ടക്കുഴിയില്‍ നിന്നും താഴോട്ട് ഇറങ്ങുകയില്ല" എന്നല്ലേ ?!. റസൂല്‍ (സ) പറയുന്നു:
 "അവര്‍ വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുന്നവരായിരിക്കും. പക്ഷെ അതവരുടെ തൊണ്ടക്കുഴിയില്‍ നിന്നും (ഹൃദയത്തിലേക്ക്) ഇറങ്ങുകയില്ല." - [സ്വഹീഹുല്‍ ബുഖാരി:  7432].

 അവര്‍ വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നത് കൊണ്ട് അവര്‍ വിശുദ്ധഖുര്‍ആനിന്‍റെ വക്താക്കളാണ് എന്ന് പറയാന്‍ സാധിക്കുമോ ?!. മറിച്ച് ആകാശത്തിന്‍റെ ചുവട്ടില്‍ ഏറ്റവും നികൃഷ്ടരായ മനുഷ്യര്‍, നരകത്തിലെ നായകള്‍ തുടങ്ങിയ വിശേഷണങ്ങളാണ് അവര്‍ക്ക് അല്ലാഹുവിന്‍റെ റസൂല്‍ (സ) നല്‍കിയത്. നിങ്ങളുടെ നമസ്കാരം അവരുടെ നമസ്കാരവുമായി തട്ടിച്ച് നോക്കിയാല്‍ നിങ്ങളുടെ നമസ്കാരം വളരെ മോശപ്പെട്ടതായിരിക്കും, നിങ്ങളുടെ നോമ്പ് അവരുടെ നോമ്പുമായി തട്ടിച്ച് നോക്കിയാല്‍ അവരുടെ നോമ്പ് നിങ്ങളെക്കാള്‍ നല്ലതായിത്തോന്നും, നിങ്ങളെക്കാള്‍ ഈമാന്‍ പ്രകടമാകുന്നവരായിരിക്കും പക്ഷെ അവരുടെ ഈമാന്‍ തൊണ്ടക്കുഴിയില്‍ നിന്നും താഴോട്ട് ഇറങ്ങുകയില്ല എന്നിങ്ങനെ, നിങ്ങളെക്കാള്‍ പ്രത്യക്ഷത്തില്‍ മതപരമായ ആരാധനകളിലും വിശ്വാസകാര്യങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാകും അവര്‍ പക്ഷെ അവര്‍ മുസ്‌ലിമീങ്ങളെ കൊന്നൊടുക്കും എന്ന് അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ചിട്ടില്ലേ ?!. അതുകൊണ്ട് അവര്‍ തൗഹീദും നമസ്കാരവും നോമ്പും ഒക്കെയുള്ള ആളുകള്‍ തന്നെയായിരിക്കും പക്ഷെ അവര്‍ ഖവാരിജുകളാണ് എന്ന് പ്രമാണങ്ങളില്‍ നിന്നും കൃത്യമായി മനസ്സിലാക്കാം. അവര്‍ വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നത് കൊണ്ട് അവര്‍ അതിന്‍റെ വക്താക്കളാകുകയില്ല. അവര്‍ കിതാബുത്തൌഹീദ് പഠിപ്പിക്കുന്നത് കൊണ്ട് ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബിനെ പിന്‍പറ്റുന്നവരാവുകയില്ല.

വര്‍ഷങ്ങളായി ലോകത്തിന്‍റെ നാനാഭാഗങ്ങളിലും
, ഈ കൊച്ചു കേരളത്തിലും ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്നു അബ്ദുല്‍വഹാബ് രചിച്ച കിതാബുത്തൌഹീദ് പടിപ്പിക്കപ്പെടുന്നു. അതൊരു രഹസ്യ പുസ്തകമല്ല. തുറന്ന പുസ്തകമാണ്. സലഫികള്‍ അല്ലാത്തവര്‍ പോലും മലയാളത്തില്‍ ആ പുസ്തകം പ്രചരിപ്പിക്കുന്നു. കാരണം അതില്‍ പഠിപ്പിക്കുന്നത് തീവ്രവാദമല്ല തൗഹീദാണ്. വിശുദ്ധഖുര്‍ആനും തിരുസുന്നത്തും മുന്നോട്ട് വെക്കുന്ന തൗഹീദിന്‍റെ സന്ദേശമാണ്. അത് സൃഷ്ടിപൂജയില്‍ നിന്നും സൃഷ്ടാവിന്‍റെ ആരാധനയിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നു. വിശുദ്ധ ഖുര്‍ആനിനോ തിരുസുന്നത്തിനോ ഘടകവിരുദ്ധമായ ഒന്നും അതില്‍ കാണാന്‍ സാധിക്കുകയില്ല. മാത്രമല്ല അതില്‍ തീവ്രവാദമെന്ന് സൂഫികള്‍ ആരോപിക്കുന്ന സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത പരാമര്‍ശങ്ങള്‍ പള്ളിദര്‍സുകളില്‍ പഠിപ്പിക്കുന്ന മൂലഗ്രന്ധങ്ങളില്‍ പോലും ഉണ്ട് താനും. വാസ്തുതകളെ നിരാകരിച്ച് കിതാബുത്തൌഹീദിനെ തീവ്രവാദമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് തങ്ങളുടെ സാമ്പത്തിക സ്രോതസായ ഖബര്‍ പൂജ നിലനിര്‍ത്തണം അത്രമാത്രം. ആ പ്രചാരണങ്ങള്‍ കാര്യഗൗരവമില്ലാത്തവരോ, തല്പര കക്ഷികളോ ആയ തങ്ങളുടെ സ്വയം മാധ്യമ പ്രവര്‍ത്തകരും ഏറ്റു പിടിക്കുന്നു അത്രമാത്രം.

ഖബറിനെ പൂജിക്കുന്നവരെയും, ഉറൂസും മൗലിദുമായി ജാറ ഉത്സവങ്ങള്‍ കഴിക്കുന്നവരെയും ഇസ്‌ലാമിന്‍റെ പേരില്‍ ബഹുദൈവാരാധന നടത്തുന്നവരെയും ആരും ഭയപ്പെടുന്നില്ല. എന്നാല്‍ ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ ആദര്‍ശമായ തൗഹീദ് പഠിപ്പിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരെയാണ്‌ ഇസ്‌ലാം വിരുദ്ധര്‍ക്ക് പേടി അതുകൊണ്ടാണ് സൂഫിസം നമുക്ക് സ്വീകാര്യമായ ഇസ്‌ലാമാണ് എന്ന് സാക്ഷാല്‍ സംഘപരിവാര്‍ നേതാക്കള്‍ പോലും സൂഫി സമ്മേളനം നടത്തി പ്രഖ്യാപിച്ചത്. അതേ സമയം സാക്കിര്‍ നായിക്ക്, എം.എം അക്ബര്‍, മുജാഹിദ് ബാലുശ്ശേരി തുടങ്ങി ഇതര മതസ്ഥരുമായി ഇസ്‌ലാമിക ആശയാദര്‍ശങ്ങളെ സംവദിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന ആരെല്ലാമുണ്ടോ അവരെയെല്ലാം തീവ്രവാദമാരോപിച്ച് തടയിടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അവരുടെയെല്ലാം പ്രസംഗങ്ങളും സംഭാഷണങ്ങളും അതിലെ മാന്യമായ സംവാദ ശൈലിയുമെല്ലാം ഏവര്‍ക്കും പരിചിതമാണ്. പക്ഷെ ഏകദൈവാരാധനയിലേക്ക് ക്ഷണിക്കുന്നു എന്നതാണ് അവരുടെയെല്ലാം മേലുള്ള ആരോപണം ആശയപരമായി ഇസ്‌ലാമിന്‍റെ തനതായ ആദര്‍ശത്തെ   നേരിടാന്‍ സാധിക്കാതെ വരുമ്പോള്‍, ജനങ്ങളെ അകറ്റാനായി ആരോപണങ്ങള്‍ കൊണ്ട് മൂടുന്നു. ഇസ്‌ലാം വിരുദ്ധ തീവ്രവാദ ശക്തികളെ ഇസ്ലാമിന്‍റെ വക്താക്കളായി ചിത്രീകരിക്കുന്നു. ഇത് വിവേകമുള്ള ആര്‍ക്കും മനസ്സിലാകും. കാരണം തൗഹീദ് വളര്‍ന്നാല്‍ ഖബര്‍ പൂജയും, അല്ലാഹുവല്ലാത്തവര്‍ക്ക് വേണ്ടിയുള്ള നേര്‍ച്ചയും വഴിപാടുകളും എല്ലാം ആളുകള്‍ ഉപേക്ഷിക്കും. അല്ലാഹു മാത്രം ആരാധിക്കപ്പെടുമ്പോള്‍ ചൂഷണങ്ങള്‍ക്ക് വകുപ്പില്ല. ഉറൂസുകളും, ജാറവ്യവസായവും പൗരോഹിത്യവും നിലനില്‍ക്കുന്നിടത്തേ ചൂഷണങ്ങള്‍ക്ക് സ്ഥാനമുള്ളൂ.

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണം നടന്നതിന് തൊട്ടുശേഷം 2001 ഒക്ടോബര്‍ മാസം ഇറങ്ങിയ എ. പി വിഭാഗത്തിന്‍റെ പ്രസിദ്ധീകരണമായ സെന്‍സിംഗിന്‍റെ എഡിറ്റോറിയല്‍ എന്തായിരുന്നു ?. കനല്പഥങ്ങളിലെ സിംഹം എന്ന പേരില്‍ ഉസാമ ബിന്‍ ലാദനെ വാഴ്ത്തി എഴുതിയ എഡിറ്റോറിയല്‍ നാം മറന്നുവോ ?. ഉസാമ ബിന്‍ ലാദനെ സലഫീ പണ്ഡിതന്മാര്‍ എതിര്‍ത്തതിന്‍റെ പേരിലാണ് അദ്ദേഹം സലഫീ പണ്ഡിതന്മാരുടെയും സൗദി അറേബ്യയുടെയും ശത്രുവായത്. എന്നാല്‍ സൂഫീ പണ്ഡിതന്മാരുമായി ബന്ധം സ്ഥാപിച്ചത്തിലൂടെയാണ് ഉസാമയുടെ ആത്മീയ ജീവിതത്തിലേക്കുള്ള കാല്‍വെപ്പ്‌ എന്ന് സ്വന്തം പ്രസിദ്ധീകരണത്തില്‍ എഴുതിയവര്‍ പറയുന്നു, അല്‍ഖാഇദയും അതിന്‍റെ ഘടകകക്ഷിയായിരുന്ന ISIS ഉം സലഫികളാണെന്ന്. എന്തൊരു വൈരുദ്ധ്യം. ഉസാമ ആരാണ് സെന്‍സിംഗ് പറയുന്നത് നോക്കൂ:




തീര്‍ന്നില്ല. ഉസാമയെ ആത്മീയ ലോകത്തേക്ക് നയിച്ചത് സൂഫിസത്തിലൂടെ എന്ന സെന്സിംഗിന്‍റെ പ്രഖ്യാപനം:




സെന്‍സിംഗ് എഴുതുന്നു: "മഹാന്മാരുടെ ഖബര്‍ സിയാറത്ത്, പുണ്യമെടുക്കല്‍ തുടങ്ങി ആത്മീയ ലോകത്തേക്ക് മെല്ലെ മെല്ലെ ഉസാമ കാല്‍വെച്ചു. പാശ്ചാത്യ സംസ്കാരത്തെ ഉസാമ പാടേ വെറുത്തു. മദീനാ മുനവ്വറയില്‍ പ്രവാചകന്‍റെ മഖ്ബറയില്‍ മണിക്കൂറുകള്‍ ചിലവഴിച്ച് കരളലിഞ്ഞു പ്രാര്‍ഥിച്ചു. തന്‍റെ സ്വത്തും കഴിവും ഇസ്‌ലാമിന് വേണ്ടി ചിലവഴിക്കാന്‍ ഇറങ്ങിത്തിരിച്ചു. ഇത് പാശ്ചാത്യ മിഷനറിമാര്‍ക്ക് തലവേദനയായി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സൂഫിവര്യന്മാരുമായി ഉസാം ബന്ധം സ്ഥാപിച്ചു തുടങ്ങി." - (സെന്‍സിംഗ്: 2001 ഒക്ടോബര്‍. പേജ് 11). 

ഈ ലേഖനത്തിന്‍റെ മറവില്‍ ഇവിടെയുള്ള സൂഫികളൊക്കെ ISIS, അല്‍ഖാഇദ ബന്ധമുള്ളവരാണ് എന്ന വാദമൊന്നും നമുക്കില്ല. അപ്രകാരം പറയാന്‍ നമ്മളാരും തുനിയുന്നുമില്ല. പക്ഷെ, ഇത്തരം തീവ്രവാദ പ്രവണതകളെയും അത് ഏറ്റു പിടിച്ചവരേയും വളരെ തുടക്കത്തില്‍ത്തന്നെ ആശയപരമായി നേരിട്ടവരായിരുന്നു സലഫികളും സലഫീ പണ്ഡിതന്മാരും എന്ന വസ്തുത അറിഞ്ഞിട്ടും, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി നിങ്ങള്‍ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നു. അത്തരം പ്രസ്ഥാനങ്ങളെ സലഫികള്‍ എതിര്‍ത്തപ്പോഴും  നിങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ വന്ന ലേഖനങ്ങള്‍ അവര്‍ക്കനുകൂലമായിക്കൊണ്ടായിരുന്നു എന്നത് മറച്ചുവെച്ചു കൊണ്ടാണ് ഈ ദുരാരോപണങ്ങള്‍.

അതുകൊണ്ട് വസ്തുതകളെ നീതിയുക്തിയോടെ ദര്‍ശിക്കുന്ന പ്രിയപ്പെട്ട വായനക്കാര്‍ മനസ്സിലാക്കേണ്ടത്
ISIS, അല്‍ഖാഇദ തുടങ്ങിയ സമാന ശക്തികള്‍ ഇസ്‌ലാം വിരുദ്ധരാണ്. ലോകത്ത് അവരെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിട്ടുള്ളത് സലഫികള്‍ ആണ്. സലഫിയ്യത്ത് എന്ന് പറയുന്നത് വിശുദ്ധഖുര്‍ആനും നബി (സ) യുടെ ചര്യയും യഥാവിധം ജീവിതത്തില്‍ പകര്‍ത്തി , ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ ആശയാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കുക എന്നതാണ്‌. അതുകൊണ്ടുതന്നെ ഇസ്‌ലാമിന്‍റെ പേരില്‍ ഉണ്ടാകുന്ന വ്യതിച്ചലിച്ച കക്ഷികളെയെല്ലാം സലഫികളാക്കി ചിത്രീകരിക്കുക എളുപ്പമാണ്. കാരണം യഥാര്‍ത്ഥ ഇസ്‌ലാം എന്തോ, അതിന്‍റെ പ്രമാണങ്ങള്‍ എന്തോ അത് പിന്തുടരുക എന്നതാണ് സലഫിയത്ത്. അതല്ലാതെ അതൊരു വേറിട്ട പ്രത്യയ ശാസ്ത്രമല്ല. അതുകൊണ്ടുതന്നെ ഇസ്ലാമിന്‍റെ പേരില്‍ ഉടലെടുക്കുന്നതോ, ഗൂഡ ലക്ഷ്യങ്ങളോടെ ഇസ്ലാമിന്‍റെ ശത്രുക്കളാല്‍ ഉണ്ടാക്കപ്പെടുന്നതോ ആയ എല്ലാ ഇസ്‌ലാം വിരുദ്ധ ശക്തികളും തങ്ങളെ ഇസ്‌ലാമിന്‍റെ ആശയാദര്‍ശങ്ങളിലേക്ക് ചേര്‍ത്തിപ്പറയാന്‍ ശ്രമിക്കും എന്നത് സ്വാഭാവികമാണ്. ഇസ്‌ലാമിന്‍റെ ആശയാദര്‍ശങ്ങള്‍ എന്തോ അതു പാലിച്ച് ജീവിക്കുക, അഥവാ ആശയാടര്‍ശങ്ങളില്‍ മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്ന് ജീവിക്കുക എന്നതാണ് സലഫിയ്യത്ത് എന്നതുകൊണ്ട് തന്നെ അത്തരം ഇസ്‌ലാം വിരുദ്ധ ശക്തികളെ സലഫിയ്യത്തിലേക്ക് ചേര്‍ത്തിപ്പറയലും ആരോപണങ്ങള്‍ ഉന്നയിക്കലും സുഖകരമാണ്. കേരളത്തിലെ പല മുഖ്യധാരാ മാധ്യമങ്ങളും ISIS നെ സംബന്ധിച്ചും, അല്‍ഖാഇദയെ സംബന്ധിച്ചും 'തീവ്ര സലഫീ' വിഭാഗം 'വഹാബീ തീവ്രവാദികള്‍' എന്നെല്ലാം എഴുതുന്നത് ഈ അര്‍ത്ഥത്തിലാണ്. ഇസ്‌ലാമിന്‍റെ അടിസ്ഥാന ആദര്‍ശമായ തൗഹീദിന് പോലും കത്തി വെച്ചവര്‍ക്ക് ആരോപണങ്ങള്‍ നേരിടേണ്ടി വരില്ലല്ലോ. അത് സ്വാഭാവികം മാത്രം..

എന്നാല്‍ ഈ വസ്തുതകളെല്ലാം മറച്ചുവെച്ച് സലഫികളാണ് തീവ്രവാദത്തിന് പിന്നിലെന്ന് ദുരാരോപണങ്ങളുന്നയിച്ച്, ഫാഷിസ്റ്റ്‌ ശക്തികളുമായിച്ചേര്‍ന്നു തൗഹീദീ പ്രബോധനത്തിന് കുരുക്ക് തയ്യാറാക്കാന്‍ ശ്രമിക്കുകയാണ് ഖബറാരാധകരായ സൂഫികള്‍. സാക്കിര്‍ നായിക്ക് അതിന്‍റെ ഒടുവിലത്തെ ഇരയാണ്. ഇപ്പോള്‍ കേരളത്തിലെ പ്രബോധകരെയും ഉന്നം വെച്ച് തുടങ്ങിയിരിക്കുന്നു. തങ്ങളുടെ ഖബര്‍പൂജ എതിര്‍ക്കുന്നുവെന്ന കാരണത്താല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും സലഫീ പണ്ഡിതനായ ഇബ്നു ഉസൈമീന്‍ (റ) യുടെ ഗ്രന്ഥം പിന്‍വലിപ്പിച്ചു. എന്നാല്‍ അതിന് നേതൃത്വം കൊടുത്ത ഇരുവിഭാഗം സൂഫികളും, കാര്യമായി നേതൃത്വം നല്‍കിയ കാന്തപുരം വിഭാഗവും ആ പുസ്തകം തീവ്രവാദമാണ് എന്ന് പറയാന്‍ ചൂണ്ടിക്കാണിച്ച പരാമര്‍ശങ്ങള്‍ അവരുടെ തന്നെയും ഗ്രന്ഥങ്ങളില്‍ ഉണ്ട് എന്നതാണ് വസ്തുത. മാത്രമല്ല ഇത് സമരം നടത്തി പിന്‍വലിപ്പിച്ച അതേ ദിവസം ‘താന്‍ ഹൃദയം കൊണ്ടും ശരീരം കൊണ്ടും സൗദി അറേബ്യക്കൊപ്പമാണ്’ എന്ന് റിയാദ് പത്രത്തില്‍ കാന്തപുരം പ്രസ്ഥാവന ഇറക്കുകയും ചെയ്തു. എന്തിനീ ഇരട്ടത്താപ്പ്. സലഫികളുടെ പണം ലഭിക്കാന്‍ എന്ത് ഇരട്ടത്താപ്പ് ?!.
അവരുടെ പണം നമുക്ക് ഹലാലാണല്ലോ..



 
ചിത്രം: "ഹൃദയം കൊണ്ടും ശരീരം കൊണ്ടും ഇന്ത്യന്‍ മുസ്ലിംകള്‍ സൗദിക്ക് ഒപ്പമാണ്" - കാന്തപുരം.




ചിത്രം: സൗദിയിലെ പ്രഗല്‍ഭ സലഫീ പണ്ഡിതന്‍ ഇബ്നു ഉസൈമീന്‍ (റ) യുടെ പുസ്തകം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് SSF നടത്തിയ മാര്‍ച്ച്.

"ഹൃദയം കൊണ്ടും ശരീരം കൊണ്ടും ഇന്ത്യന്‍ മുസ്ലിംകള്‍ സൗദിക്ക് ഒപ്പമാണ്"... ഒന്നുകില്‍ ഈ പറഞ്ഞ ഇന്ത്യന്‍ മുസ്ലിംകളില്‍ തങ്ങളാരും  പെടില്ല എന്ന് സ്വയം തീരുമാനിച്ചിരിക്കണം. അതല്ലെങ്കില്‍ അവര്‍ തീവ്രവാദികളാണ് എന്ന് നാട്ടില്‍ കുപ്രചരണം നടത്തുകയും, അതേ സമയം ഞങ്ങള്‍ നിങ്ങളുടെ സ്വന്തക്കാരാണ് എന്ന് വിദേശികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന കാപട്യം. എന്തുകൊണ്ടാണ് സലഫീ രാജ്യമായ സൗദി അറേബ്യ തീവ്രവാദികലാണ് എന്ന് പറയാന്‍ നിങ്ങള്‍ ധൈര്യപ്പെടാത്തത് ?!. കാരണം തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ഏറ്റവും കൂടുതല്‍ നിലകൊണ്ട രാഷ്ട്രമാണ് ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബും ആലു സഊദും കെട്ടിപ്പടുത്ത സൗദി അറേബ്യ എന്ന് മറ്റാരെക്കാളും നിങ്ങള്‍ക്കറിയാം

സലഫികള്‍ തീവ്രവാദികളാണ് എന്ന നിങ്ങളുടെ ആരോപണം അറബി ഭാഷയില്‍  ഔദ്യോഗിക പ്രസിദ്ധീകരണത്തിലോ, ലെറ്റര്‍പാഡിലോ എഴുതി നല്‍കാന്‍ നിങ്ങളില്‍ ഇരുവിഭാഗങ്ങളില്‍ ആര്‍ക്കെങ്കിലും സാധിക്കുമോ ?!. നിങ്ങള്‍ പറയുന്നത് സത്യമാണ് എങ്കില്‍ നിങ്ങള്‍ക്കതിന് സാധിക്കണം. അതോ അണികളോടുള്ള വഞ്ചന നിങ്ങള്‍ തുടരുമോ ?!.. ഘോരഘോരം ആരോപണം തൊടുത്ത് വിടുന്ന അമ്പലക്കടവിനെങ്കിലും  സാധിക്കുമോ ?!. ഇനി എഴുതി നല്‍കാന്‍ പ്രയാസമാണെങ്കില്‍ അറബിയില്‍ പ്രസംഗിച്ചാലും മതി.

ഈ കൊച്ചുകേരളത്തില്‍ മാത്രമല്ല മുസ്‌ലിമീങ്ങള്‍ ഉള്ളത് എന്ന കേവല ബോധമെങ്കിലും പ്രാസംഗികര്‍ക്ക് ഉണ്ടാകണം. കേരളത്തിലെ അണികളെ പിടിച്ചു നിര്‍ത്താന്‍ സലഫികള്‍ തീവ്രവാദികളാണ് എന്ന് വാദിക്കുകയും അതേ സമയം വിദേശത്ത് സൂഫിസത്തോട് അടിയറവ് പറഞ്ഞു സലഫികളായി അഭിനയിക്കുകയും ചെയ്യുന്ന നിങ്ങളുടെ ഇരട്ടത്താപ്പ് മറ്റാരെക്കാളും നിങ്ങളുടെ അണികള്‍ക്ക് തന്നെയിപ്പോള്‍ ബോധ്യമായിട്ടുണ്ട്
പലരും ഗള്‍ഫില്‍ എത്തിയ ശേഷമാണ് മുസ്‌ല്യാക്കന്മാര്‍ നമ്മെ പഠിപ്പിച്ച ഖബര്‍ പൂജയും ജാറ വ്യവസായവുമൊന്നുമല്ല ഇസ്‌ലാം. ഇസ്‌ലാമിന്‍റെ അടിസ്ഥാനം തന്നെ ഏകദൈവാരാധനയാണ് എന്ന് തിരിച്ചറിഞ്ഞത്

ചെച്നിയ
യില്‍ അന്താരാഷ്‌ട്ര സൂഫീ സമ്മേളനം സംഘടിപ്പിച് അതില്‍ സലഫികള്‍ തീവ്രവാദികളാണെന്ന് തട്ടിവിട്ടവര്‍ക്ക് ഒടുവില്‍ മാപ്പ് പറയേണ്ടി വന്നത് നമുക്കേവര്‍ക്കുറിയുന്ന വസ്തുതയാണ്. സൂഫി സമ്മേളനത്തിന് മുന്‍കയ്യെടുത്ത ചെച്നിയന്‍ പ്രസിഡന്‍റ നേരിട്ടെത്തിയാണ് ക്ഷമാപണം നടത്തിയത് എന്നത് ശ്രദ്ധേയമാണ്:  


സലഫികള്‍ തീവ്രവാദികളാണെന്നുള്ള നിങ്ങളുടെ ആരോപണം കള്ളമായതിനാലാണ്  "സലഫികളും അഹ്'ലേ ഹദീസും അഹ്ലുസ്സുന്നയിലെ പ്രധാന ഭാഗമാണ്" എന്ന് ചെച്നിയന്‍ പ്രസിഡന്‍റിന് തിരുത്തിപ്പറയേണ്ടി വന്നത്

മാത്രമല്ല കാര്യങ്ങള്‍ എങ്ങനെയെല്ലാം മാറിമറിഞ്ഞാലും ഇന്ത്യയില്‍ സൂഫികളുടെ വാഴ്ത്തുപാട്ട് സംഘപരിവാര്‍ ശക്തികള്‍ക്ക് തന്നെ. 'തലക്ക് വെളിവില്ലാത്തവന്‍' എന്ന സ്വാമിജിയുടെ പ്രയോഗം പോലും അതേ സ്റ്റേജില്‍ വച്ച് തിരുത്തിച്ച് സംഘപരിവാറിന്‍റെ ദേശസ്നേഹ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി. 'കാന്തപുരം അറിയാതെ ഇനി അല്ലാഹു ഒന്നും ചെയ്യില്ല' എന്ന് പറഞ്ഞ സ്വന്തം തട്ടകത്തിലെ പകരയെ തിരുത്തിപ്പിക്കാത്ത മഹാനാണെന്നോര്‍ക്കണം. ഏതായാലും വിശ്വാസ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തും, ഇസ്‌ലാം മതം സ്വീകരിച്ചതിന്‍റെ പേരില്‍ വധശിക്ഷ നടപ്പാക്കിയും, മുസ്‌ലിം പണ്ഡിതന്മാരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തും കളം നിറഞ്ഞാടുന്ന സംഘപരിവാര്‍ ശക്തികളെ അനുകൂലിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ ഇവര്‍ പുരകത്തുമ്പോഴും വാഴവെട്ടുകയാണ്. കാരണം ഖബറാരാധകര്‍ ഭയക്കുന്നത് ഏകദൈവ വിശ്വാസത്തെയാണ്‌. സ്സംഘപരിവാരും ഭയപ്പെടുന്നത് അതുതന്നെ. ഇരുളിന്‍റെ ശക്തികളെല്ലാം ഭയപ്പെടുന്നത് യഥാര്‍ത്ഥ ഇസ്‌ലാമിക ആദര്‍ശത്തെയാണ്‌. ആര് തന്ത്രങ്ങള്‍ മെനഞ്ഞാലും നമുക്കല്ലാഹുവിന്‍റെ സഹായം മാത്രം മതി. തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം ഊതിക്കെടുത്താന്‍ ഇവര്‍ ശ്രമിക്കുന്നു. എന്നാല്‍ അല്ലാഹു ആ പ്രകാശം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും...

കേരളത്തില്‍ നിയമം കയ്യിലെടുത്ത് അക്രമപ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിട്ട ആളുകളുടെ പട്ടിക പരിശോധിച്ചാല്‍ തീവ്ര- സൂഫീ - ഖുബൂരീ വിഭാഗത്തില്‍പ്പെട്ട ചിലരിലേക്ക് വിരലുകള്‍ നീളുന്നത് നമുക്ക് കാണാം. ടൈഗര്‍, മഹല്ലുകളില്‍ കലാപമുണ്ടാക്കിയവര്‍, എ.പി ഇ.കെ വിഭാഗങ്ങള്‍ ചേരി തിരിഞ്ഞ് നടത്തിയ കൊലപാതകങ്ങള്‍, തൗഹീദീ പ്രഭാഷകരുടെ സ്റ്റേജ് കയ്യേറല്‍, പ്രഭാഷകന്‍റെ സ്റ്റേജിലേക്ക് പെട്രോള്‍ ബോംബ്‌ എറിഞ്ഞ ഇ.കെ പ്രവര്‍ത്തകന്‍ ഇങ്ങനെയെത്രയെത്ര സംഭവങ്ങള്‍. ഇങ്ങനെ സലഫീ പണ്ഡിതന്മാര്‍ എവിടെയെങ്കിലും നിയമം കയ്യിലെടുത്തോ ഒരിക്കലുമില്ല. അതവരുടെ പ്രബോധന ശൈലിയുമല്ല.

ഇത്തരം പ്രഭാഷണങ്ങള്‍ ശ്രവിക്കുന്ന പൊതുസമൂഹത്തോട് പറയാനുള്ളത്:

സത്യം കണ്ടെത്താനും ഇസ്ലാമിന്‍റെ ശരിയായ ആശയത്തെ കണ്ടെത്താനുമുള്ള തടസത്തിന് ഇത്തരം പ്രഭാഷണങ്ങളും ആരോപണങ്ങളും കാരണമാകരുത്. ഇസ്‌ലാം സമാധാനമാണ്. ഗുണകാംശയാണ്. അതില്‍ സൃഷ്ടിപൂജയില്ല. വഴിമുടക്കിയുള്ള ഘോഷയാത്രകളും കൊടിമരങ്ങളും പൗരോഹിത്യവുമില്ല. ചൂഷണത്തിന്‍റെ ഉറവുകേന്ദ്രങ്ങളായ ജാറങ്ങളും ദിവ്യന്മാരും ആള്‍ദൈവങ്ങളും ഇല്ല. അത് വിശ്വാസ ആചാര ജീവിത വിശുദ്ധിയാണ്. ഏകനായ സൃഷ്ടാവിന് തന്‍റെ ആരാധനയും ജീവിതവും അര്‍പ്പിച്ച് നാടിന് നന്മയായി സമൂഹത്തിന് നന്മയായി തിന്മകളില്‍ നിന്നും അകന്നുനിന്ന് അധാര്‍മ്മികതയെ ധാര്‍മ്മികതയുടെ വെളിച്ചം കൊണ്ട് നീക്കി ആശയപരമായ സംവേദനങ്ങളിലൂടെ സമാധാനപൂര്‍വ്വം തങ്ങള്‍ ഉള്‍ക്കൊള്ളുന്ന സത്യവിശ്വാസം തങ്ങളുടെ സഹജീവികളിലേക്ക് എത്തിക്കുന്ന നന്മയുടെ മതം. മുടിയും പൊടിയും ദിവ്യപുരുഷന്മാരും ഇരുളിന്‍റെ മറവില്‍ നടക്കുന്ന ഉറൂസുകളും ഖബറിടങ്ങള്‍ കെട്ടിപ്പൊക്കി നടത്തപ്പെടുന്ന ബഹുദൈവാരാധനയും ചിലര്‍ ഇസ്‌ലാമിന്‍റെ പേരില്‍ നടത്തുന്നു എന്നതുകൊണ്ട്‌ നിങ്ങള്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിക്കരുതേ.. സകല പ്രപഞ്ചത്തെയും സൃഷ്ടിച്ച സര്‍വ്വലോക രക്ഷിതാവിന്‌ മാത്രം ആരാധനയര്‍പ്പിച്ച് ജാതി, വര്‍ണ്ണ വിവേച്ചനങ്ങളില്ലാതെ നേരിലും നന്മയിലും അധിഷ്ഠിതമായി, ഇഹപര ജീവിതത്തില്‍ സമാധാനപൂര്‍വ്വമായ ജീവിതം മുന്നോട്ട് വെക്കുന്ന മതമാണ്‌ യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം.

സര്‍വ്വശക്തനായ അല്ലാഹു അനുഗ്രഹിക്കട്ടെ ...

---------------------------------------



അനുബന്ധ ലേഖനങ്ങള്‍


1- ഇസ്‌ലാം തീവ്രവാദമല്ല. സലഫിയ്യത്ത് ഭീകരവാദമല്ല. നന്മയാണ്, കരുണയാണ്, നല്ല സമീപനമാണ്. http://www.fiqhussunna.com/2016/10/blog-post_8.html

 2- ISIS സലഫികളോ ?!.. വസ്തുതയെന്ത് ?!. http://www.fiqhussunna.com/2016/03/isis.html

3- മിഡില്‍ ഈസ്റ്റ് തീവ്രവാദത്തിന്‍റെ തലതൊട്ടപ്പനാര് ?!. www.fiqhussunna.com/2016/04/blog-post_20.html

4- ISIS ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ശത്രുക്കള്‍. http://www.fiqhussunna.com/2016/07/isis.html

5- "ചാവേര്‍ ആക്രമണം നടത്തിയ ആ മകനെ എനിക്ക് വേണ്ട" - മദീന സ്ഫോടനത്തിലെ ചാവേറിന്‍റെ പിതാവ്. http://www.fiqhussunna.com/2016/07/blog-post_49.html


6- സാക്കിര്‍ നായിക്കിനെതിരെയുള്ള ആരോപണം ഖുബൂരീ - ഫാസിസ്റ്റ് സഖ്യം കെണിയൊരുക്കുന്നു. http://www.fiqhussunna.com/2016/07/blog-post_26.html

7- മദീന സ്ഫോടനം - ഖവാരിജുകള്‍ ചരിത്രം ആവര്‍ത്തിക്കുന്നു. http://www.fiqhussunna.com/2016/07/blog-post_9.html


8- ഹൂത്തികളുടെ മിസൈല്‍ ആക്രമണം, പരിശുദ്ധ ഹറമിനെതിരെയുള്ള ശിയാ ഭീകരതയുടെ നേര്‍രൂപം ചില ചരിത്ര വസ്തുതകളിലൂടെ. http://www.fiqhussunna.com/2016/10/blog-post_29.html


9- 'ആസ്വിഫതുല്‍ ഹസം' - അറബ് ലോകത്ത് ഇറാന്‍ നടത്തുന്ന രഹസ്യ അജണ്ടകള്‍ക്കുള്ള തിരിച്ചടി. http://www.fiqhussunna.com/2015/03/blog-post_29.html