Wednesday, October 28, 2015

മഴ പെയ്യുമ്പോഴും, മഴ അധികമാകുമ്പോഴും പ്രാര്‍ഥിക്കേണ്ടത് !.

മഴയെ ഒരിക്കലും ശപിക്കരുത്. മഴ പെയ്യാന്‍ തുടങ്ങിയാല്‍ ഇപ്രകാരം പ്രാര്‍ഥിക്കണം:

عن عائشة رضي الله عنها : "أنَّ رسول الله - صلَّى الله عليه وسلَّم - كان إذا رأى المطر، قال :  اللهم صَيِّبًا نافعًا

ആയിശ(رضي الله عنها) നിവേദനം: " നബി(ﷺ) മഴ വർഷിക്കുന്നത് കാണുമ്പോൾ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു. 'അല്ലാഹുവേ! ഉപകാരപ്രദമായ മഴ വർഷിപ്പിക്കേണമേ'.[ബുഖാരി]

മഴ അധികമായാല്‍ ഇപ്രകാരവും പ്രാര്‍ഥിക്കണം : 

اللهم حوالينا ولا علينا

"അല്ലാഹുവേ! ഞങ്ങളില്‍ മഴ വര്‍ഷിപ്പിക്കുന്നത് അവസാനിപ്പിക്കുകയും!,ആ മഴയെ ഞങ്ങളുടെ പ്രാന്തപ്രദേശങ്ങളിലേക്ക് നീക്കുകയും ചെയ്യണമേ" - [ബുഖാരി]

മഴ അധികമായ സന്ദര്‍ഭത്തില്‍ പ്രവാചകന്‍(ﷺ) ഇപ്രകാരം പ്രാര്‍ഥിച്ചതായി ഇമാം ബുഖാരി ഉദ്ദരിക്കുന്ന ഹദീസില്‍ കാണാം : 

അനസ്(رضي الله عنه) നിവേദനം:പ്രവാചകന്‍(ﷺ)യുടെ കാലത്ത് ഒരിക്കല്‍ ജനങ്ങളെ ഒരു ക്ഷാമം ബാധിച്ചു. അങ്ങനെ ഒരു വെള്ളിയാഴ്ച പ്രവാചകന്‍(ﷺ) ഖുതുബ: നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ എഴുന്നേറ്റ് നിന്നു, അല്ലാഹുവിന്‍റെ ദൂതരേ ധനം നശിച്ചു, കുടുംബം പട്ടിണിയിലായി, അതുകൊണ്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും എന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. അന്നേരംപ്രവാചകന്‍(ﷺ) രണ്ടു കൈകളും മേല്‍പ്പോട്ടുയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അന്നേരം ആകാശത്ത് മേഘത്തിന്‍റെ ഒരു തുണ്ട് പോലും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്‍റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുതന്നെയാണ്  സത്യം, പ്രവാചകന്‍(ﷺ)തന്‍റെ കൈകള്‍ താഴ്ത്തിക്കഴിഞ്ഞില്ല. അപ്പോഴേക്ക് പര്‍വ്വതങ്ങളെപ്പോലെ മേഘപടലങ്ങള്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. അവ ചലിക്കാന്‍ തുടങ്ങി. അവസാനം തിരുമേനി(ﷺ)യുടെ താടിയിലൂടെ മഴവെള്ളം ഒലിച്ചു വീണത് ഞാന്‍ കണ്ടു. അങ്ങനെ അന്നും പിറ്റേന്നും അതിന്‍റെ അടുത്ത ദിവസവും ഞങ്ങള്‍ക്ക് മഴ കിട്ടിക്കൊണ്ടേയിരുന്നു. അവസാനം അടുത്ത ജുമുഅ: വരേക്കും മഴ തുടര്‍ന്നു.(അന്നു) ആ ഗ്രാമീണനോ, മറ്റൊരു ഗ്രാമീണനോ എഴുന്നേറ്റ് നിന്ന് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ! കെട്ടിടങ്ങള്‍ വീണു കഴിഞ്ഞു. ധനം വെള്ളത്തിലാണ്ടു. അതുകൊണ്ട്അവിടുന്നു ഞങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും എന്ന് വിളിച്ചു പറഞ്ഞു. ഉടനെ പ്രവാചകന്‍(ﷺ) തന്‍റെ ഇരുകൈകളും ഉയര്‍ത്തി: "അല്ലാഹുവേ! ഞങ്ങളില്‍ മഴ വര്‍ഷിപ്പിക്കുന്നത് അവസാനിപ്പിക്കുകയും!,ആ മഴയെ ഞങ്ങളുടെ പ്രാന്തപ്രദേശങ്ങളിലേക്ക് നീക്കുകയും ചെയ്യേണമേ ", എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തു. അങ്ങനെ പ്രവാചകന്‍(ﷺ) കൈ ചൂണ്ടിക്കാട്ടിയ ഭാഗങ്ങളിലുള്ള മേഘങ്ങളെല്ലാം അവിടം വിട്ടുനീങ്ങാന്‍ തുടങ്ങി. മദീന ഒരു തടാകം പോലെ അവശേഷിച്ചു. മലഞ്ചെരുവുകളിലെ അരുവികള്‍ ഒരു മാസം വരേക്കും ഒഴുകിക്കൊണ്ടിരുന്നു. എല്ലാ ഭാഗങ്ങളില്‍ നിന്നു വന്നവരും മഴയുടെ സമൃദ്ധിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. [ബുഖാരി].

മഴ എപ്പോള്‍ വര്‍ഷിക്കുമെന്നും എപ്പോള്‍ അവസാനിക്കുമെന്നും ഉറപ്പിച്ചു പറയാന്‍ ആര്‍ക്കുമാകില്ല. അത് അല്ലാഹുവിന്‍റെ അറിവില്‍ പെട്ടതാണ്.

പ്രവാചകന്‍(ﷺ)പറയുന്നു:

ഇബ്നു ഉമർ(رضي الله عنه) നിവേദനം: നബി(ﷺ)അരുളി: അദൃശ്യ കാര്യങ്ങളുടെ താക്കോൽ അഞ്ചു കാര്യങ്ങളാണ്. അല്ലാഹുവിന്നല്ലാതെ മറ്റാർക്കും അവയെക്കുറിച്ചറിയാൻകഴിയുകയില്ല. നാളെ എന്തു സംഭവിക്കുമെന്നും, സ്ത്രീകളുടെ ഗർഭപാത്രത്തിൽഎന്താണുടലെടുക്കുകയെന്നും, താൻ നാളെ എന്താണ് പ്രവർത്തിക്കുകയെന്നും, താൻ ഏത് ഭൂമിയിൽ വെച്ചാണ് മരണപ്പെടുകയെന്നും ഒരാൾക്കും അറിയുവാൻ കഴിയുകയില്ല. എപ്പോഴാണ് മഴ വർഷിക്കുകയെന്നും ഒരാള്‍ക്കും അറിയാൻ കഴിയുകയില്ല. [ബുഖാരി].

മഴ അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹങ്ങളില്‍ ഒരു അനുഗ്രഹമാണ്. ഇത് സൂചിപ്പിക്കുന്ന ധാരാളം വചനങ്ങള്‍ വിശുദ്ധഖുര്‍ആനില്‍ കാണാം:

وَهُوَ الَّذِي يُرْسِلُ الرِّيَاحَ بُشْرًا بَيْنَ يَدَيْ رَحْمَتِهِ ۖ حَتَّىٰ إِذَا أَقَلَّتْ سَحَابًا ثِقَالًا سُقْنَاهُ لِبَلَدٍ مَيِّتٍ فَأَنْزَلْنَا بِهِ الْمَاءَ فَأَخْرَجْنَا بِهِ مِنْ كُلِّ الثَّمَرَاتِ ۚ كَذَٰلِكَ نُخْرِجُ الْمَوْتَىٰ لَعَلَّكُمْ تَذَكَّرُونَ﴿٥٧﴾

“ അവനത്രെ തന്‍റെ അനുഗ്രഹത്തിന്ന്‌ (മഴയ്ക്കു) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട്‌ കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട്‌ പോകുകയും,എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത്‌ മൂലം എല്ലാതരം കായ്കനികളും നാം പുറത്ത്‌ കൊണ്ടുവരികയും ചെയ്യുന്നു. അത്‌ പോലെ നാം മരണപ്പെട്ടവരെ പുറത്ത്‌ കൊണ്ട്‌ വരുന്നതാണ്‌. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം ”. [അല്‍-അഅ്റാഫ്:57]

هُوَ الَّذِي أَنْزَلَ مِنَ السَّمَاءِ مَاءً ۖ لَكُمْ مِنْهُ شَرَابٌ وَمِنْهُ شَجَرٌ فِيهِ تُسِيمُونَ ﴿١٠﴾

“ അവനാണ്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നത്‌. അതില്‍ നിന്നാണ്‌ നിങ്ങളുടെ കുടിനീര്‌. അതില്‍ നിന്നുതന്നെയാണ്‌ നിങ്ങള്‍ (കാലികളെ) മേക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്‌ ”.[അന്നഹ്ല്‍:10]

وَاللَّهُ أَنْزَلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ فِي ذَٰلِكَ لَآيَةً لِقَوْمٍ يَسْمَعُونَ ﴿٦٥﴾

“ അല്ലാഹു ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, അത്‌ മൂലം ഭൂമിയെ- അത്‌ നിര്‍ജീവമായികിടന്നതിന്‌ ശേഷം- അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട്‌മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌ ”. [അന്നഹ്ല്‍:65].

أَلَمْ تَرَ أَنَّ اللَّهَ أَنْزَلَ مِنَ السَّمَاءِ مَاءً فَتُصْبِحُ الْأَرْضُ مُخْضَرَّةً ۗ إِنَّ اللَّهَ لَطِيفٌ خَبِيرٌ ﴿٦٣﴾

 “ അല്ലാഹു ആകാശത്ത്‌ നിന്ന്‌ വെള്ളമിറക്കിയിട്ട്‌ അതുകൊണ്ടാണ്‌ ഭൂമിപച്ചപിടിച്ചതായിത്തീരുന്നത്‌ എന്ന്‌ നീ മനസ്സിലാക്കിയിട്ടില്ലേ? തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു ”. [അല്‍-ഹജ്ജ്:63]

الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ ۖ فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ ﴿٢٢﴾

"നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും, ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നിട്ട്‌ അത്‌ മുഖേന നിങ്ങള്‍ക്ക്‌ ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിന്‌ സമന്‍മാരെ ഉണ്ടാക്കരുത്‌ ". [അല്‍ബഖറ -22]. 

إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَا يَنْفَعُ النَّاسَ وَمَا أَنْزَلَ اللَّهُ مِنَ السَّمَاءِ مِنْ مَاءٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِنْ كُلِّ دَابَّةٍ وَتَصْرِيفِ الرِّيَاحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاءِ وَالْأَرْضِ لَآيَاتٍ لِقَوْمٍ يَعْقِلُونَ ﴿١٦٤﴾

“ ആകാശഭൂമികളുടെ സൃഷ്ടിപ്പിലും,രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത്‌ നിന്ന്‌ അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട്‌ നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക്‌ അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും,ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച്‌ നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌;തീര്‍ച്ച ”. [അല്‍ബഖറ-164]

وَهُوَ الَّذِي أَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ نَبَاتَ كُلِّ شَيْءٍ فَأَخْرَجْنَا مِنْهُ خَضِرًا نُخْرِجُ مِنْهُ حَبًّا مُتَرَاكِبًا وَمِنَ النَّخْلِ مِنْ طَلْعِهَا قِنْوَانٌ دَانِيَةٌ وَجَنَّاتٍ مِنْ أَعْنَابٍ وَالزَّيْتُونَ وَالرُّمَّانَ مُشْتَبِهًا وَغَيْرَ مُتَشَابِهٍ ۗ انْظُرُوا إِلَىٰ ثَمَرِهِ إِذَا أَثْمَرَ وَيَنْعِهِ ۚ إِنَّ فِي ذَٰلِكُمْ لَآيَاتٍ لِقَوْمٍ يُؤْمِنُونَ ﴿٩٩﴾

“ അവനാണ്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട്‌ അത്‌ മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്ത്‌ കൊണ്ടുവരികയും, അനന്തരം അതില്‍ നിന്ന്‌ പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട്‌ വരികയും ചെയ്തു. ആചെടികളില്‍ നിന്ന്‌ നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത്‌ വരുത്തുന്നു. ഈന്തപ്പനയില്‍ നിന്ന്‌ അഥവാ അതിന്‍റെ കൂമ്പോളയില്‍ നിന്ന്‌ തൂങ്ങി നില്‍ക്കുന്ന കുലകള്‍ പുറത്ത്‌ വരുന്നു. (അപ്രകാരം തന്നെ)മുന്തിരിത്തോട്ടങ്ങളും , പരസ്പരം തുല്യത തോന്നുന്നതും, എന്നാല്‍ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും (നാം ഉല്‍പാദിപ്പിച്ചു.) അവയുടെകായ്കള്‍ കായ്ച്ച്‌ വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ.വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്‌ ”. [അല്‍അന്‍ആം-99].

وَمِنْ آيَاتِهِ يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا وَيُنَزِّلُ مِنَ السَّمَاءِ مَاءً فَيُحْيِي بِهِ الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَعْقِلُونَ ﴿٢٤﴾

“ ഭയവും ആശയും ഉളവാക്കിക്കൊണ്ട്‌ നിങ്ങള്‍ക്ക്‌ മിന്നല്‍ കാണിച്ചുതരുന്നതുംആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിയുകയും അത്‌ മൂലം ഭൂമിക്ക്‌ അതിന്‍റെനിര്‍ജീവാവസ്ഥയ്ക്ക്‌ ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നതും അവന്‍റെദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിച്ച്‌ മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌ ”.[അര്‍റൂം:24].

Monday, October 26, 2015

ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ഭംഗം വരുത്തല്‍ പലിശയുടെ ഏറ്റവും വലിയ ഇനമാണ് എന്ന ഹദീസ് വിശദീകരിക്കാമോ ?.

ചോദ്യം: ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ഭംഗം വരുത്തല്‍ പലിശയുടെ ഏറ്റവും വലിയ ഇനമാണ് എന്ന ഹദീസ് വിശദീകരിക്കാമോ ?.

www.fiqhussunna.com

ഉത്തരം:
الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഒരു വിശ്വാസിയുടെ അഭിമാനത്തിന് വളരെ വലിയ വിലയാണ് ഇസ്‌ലാം നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അവന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തുന്നത് അതികഠിന പാപമായ പലിശയുടെ ഇനങ്ങളില്‍ ഒന്നായാണ്  റസൂല്‍ (സ) എണ്ണിയത്:

عن عبد الله بن مسعود رضي الله عنه عن النبي صلى الله عليه وسلم قال: " الربا ثلاثة وسبعون بابا أيسرها مثل أن ينكح الرجل أمه وإن أربى الربا عرض الرجل المسلم "
ഇബ്നു മസ്ഊദ് (റ) വില്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: "പലിശ എഴുപത്തിമൂന്ന് (തരം) കവാടങ്ങളാണ്. അതില്‍ ഏറ്റവും ചെറിയത് ഒരാള്‍ തന്‍റെ മാതാവുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിന് തുല്യമാണ്. ഏറ്റവും വലിയ പലിശയാകട്ടെ ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തലാണ്". - [ഇബ്നു മാജ, ഹാകിം, അല്‍ബാനി: സ്വഹീഹ് - സ്വഹീഹുല്‍ ജാമിഅ് : ഹദീസ്:3539].

ഈ ഹദീസ് സ്വഹീഹാണ് എന്ന് ശൈഖ് അല്‍ബാനി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ശൈഖ് ഇബ്നു ബാസ് (റ) യോട് ഈ ഹദീസ് സ്വഹീഹാണോ എന്ന ചോദ്യത്തിന് : അത് സ്വീകാര്യയോഗ്യമാണ് എന്ന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട് [http://www.binbaz.org.sa/node/3407].

ഈ ഹദീസില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതായുണ്ട്:

ഒന്ന്: പലിശ അതിഗൗരവമുള്ള പാപമാണ്. അതുകൊണ്ട് ഒരു വിശ്വാസി അതില്‍നിന്നും വിട്ടു നില്‍ക്കണം. ബുലൂഗില്‍ മാറാമില്‍ നിന്ന് ഈ ഹദീസ് വിശദീകരിക്കവേ ശൈഖ് സുലൈമാന്‍ റുഹൈലി (ഹ) ഇപ്രകാരം പറയുകയുണ്ടായി:

'ഈ ഹദീസ് പലിശയുടെ ഗൗരവത്തെപ്പറ്റിയാണ്‌ കണിശമായി സംസാരിക്കുന്നത്. മനുഷ്യന് പാപങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ഉള്‍വിളി രണ്ടു വിധമുണ്ട്: ഒന്ന്: മാനുഷികമായി തിന്മക്കെതിരെ അവനിലുള്ള ഉള്‍വിളി. രണ്ട്: ശറഇയ്യായി അഥവാ മതപരമായി തിന്മകളില്‍ നിന്നും അവനെ അകറ്റി നിര്‍ത്തുന്ന ഉള്‍വിളി. മാനുഷികമായി തിന്മക്കെതിരെയുള്ള അവന്‍റെ മനോഭാവം ദുര്‍ബലമാകുന്നിടത്ത് തിന്മക്കെതിരെ അതിശക്തമായ ഭാഷയില്‍ അതിന്‍റെ ഗൗരവം വ്യക്തമാക്കിക്കൊണ്ട് ശറഅ് പ്രതികരിക്കും. എന്നാല്‍ മാനുഷികമായി അവന്‍റെ മനോഭാവം ശക്തിപ്പെടുന്ന കാര്യങ്ങളില്‍ അത്രയും കഠിനമായ ഭാഷയില്‍ വിലക്ക് പരാമര്‍ശിക്കപ്പെട്ടു എന്ന് വരില്ല. പലിശയുമായി ബന്ധപ്പെടുന്ന കാര്യത്തില്‍, പണം ഓരോരുത്തര്‍ക്കും അത്യധികം താല്പര്യമുള്ള കാര്യമാണ് എന്നതുകൊണ്ടുതന്നെ മാനുഷികമായി അതിനെതിരെയുള്ള ഉള്‍വിളി വളരെ കുറവായിരിക്കും എന്നതുകൊണ്ട്‌ തന്നെയാണ് അതിന്‍റെ ഗൗരവം സൂചിപ്പിച്ചുകൊണ്ട് അതിശക്തമായ ഭാഷയില്‍ താക്കീത് നല്‍കിയത്" - [കഴിഞ്ഞ വര്‍ഷം കുവൈറ്റില്‍ നടന്ന ദൗറയില്‍ كتاب البيوع വിവരിക്കവേ പരാമര്‍ശിച്ചത്].

മനുഷ്യരെല്ലാം ഒന്നടങ്കം ജാതിമതഭേദമന്യേ അത്യധികം മോശമായിക്കാണുന്ന അതിനീചമായ ഒരു കാര്യമാണ് സ്വന്തം മാതാവുമായി ഒരാള്‍ വ്യഭിചരിക്കുക എന്നുള്ളത്. അതുകൊണ്ടുതന്നെ അതിന്‍റെ ഗൗരവത്തെപ്പറ്റി മനുഷ്യന് പറഞ്ഞുകൊടുക്കേണ്ടതില്ല. എന്നാല്‍ പലിശയുടെ ചെറിയ ഇനം പോലും അതിനേക്കാള്‍ ഗൗരവപരമാണ് എന്ന് പറയുമ്പോള്‍ പലിശ എത്രമാത്രം ഭയാനകമാണ് എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ മുന്‍പ് എഴുതിയ ഒരു ലേഖനം ഒരുപക്ഷേ നിങ്ങള്‍ക്ക് ഉപകാരപ്പെടും [പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം !.].

രണ്ട്: പലിശ വ്യത്യസ്ഥ ഇനങ്ങളാണ്. അഥവാ അതിന്‍റെ പാപഭാരതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. പലിശയുടെ ഏറ്റവും ചെറിയ ഇനം സ്വന്തം മാതാവുമായി വ്യഭിച്ചരിക്കുന്നതിന് തുല്യമാണ്. ഏറ്റവും വലിയ ഇനമാകട്ടെ ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തുന്നതിനും.

മൂന്ന്:
പലിശയുടെ ഏറ്റവും വലിയ ഇനം ഒരു വിശ്വാസിയുടെ അഭിമാനത്തിന് ക്ഷതം വരുത്തുന്നതാണ്. നമ്മെ വളരെ ചിന്തിപ്പിക്കേണ്ട ഒരു കാര്യമാണിത്.  പലിശയെ എഴുപത്തിമൂന്ന് ഇനങ്ങളാക്കിത്തിരിച്ചാല്‍ അതില്‍ ഏറ്റവും ചെറിയ ഇനം സ്വന്തം മാതാവുമായി വ്യഭിച്ചരിക്കുന്നതാണ്. അത് എത്രത്തോളം കഠിനമാണ് എന്ന് ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ. എന്നാല്‍ ആ ഇനങ്ങളില്‍ വച്ച് ഏറ്റവും പാപമുള്ള, പലിശയുടെ ഏറ്റവും വലിയ ഇനം ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തലാണ് എന്ന് പറയുമ്പോള്‍ അത് എത്ര ഗൗരവപരമായിരിക്കും. അതുകൊണ്ട്  നാവിനെ സൂക്ഷിക്കുക. റസൂല്‍ (സ) പറഞ്ഞു:
"المسلم من سلم المسلمون من لسانه ويده ، والمجاهد من جاهد نفسه في طاعة الله ، والمهاجر من هجر الخطايا والذنوب"
"മറ്റു മുസ്‌ലിമീങ്ങള്‍ തന്‍റെ നാവില്‍ നിന്നും, കയ്യില്‍ നിന്നും രക്ഷപ്പെടുന്നുവോ അവനാണ് മുസ്‌ലിം. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിലകൊള്ളാന്‍ തന്‍റെ നഫ്സിനോട് ജിഹാദ് നടത്തുന്നവനാണ് മുജാഹിദ്.  തിന്മകളില്‍ നിന്നും പാപങ്ങളില്‍ നിന്നും അകന്നുപോകുന്നവനാണ് മുഹാജിര്‍." - [അഹ്മദ്: 6/21, അല്‍ബാനി : സ്വഹീഹ് - السلسلة الصحيحة : 2/81 ].

നന്മ സംസാരിക്കുക എന്നത് ഒരു വിശ്വാസിയുടെ ലക്ഷണമാണ്.
 "مَنْ كَانَ يُؤمِنُ بِاللهِ وَاليَومِ الآخِرِ فَليَقُل خَيرَاً أَو ليصمُت"
 
"ആരെങ്കിലും അല്ലാഹുവിലും  അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ " - [ബുഖാരി , മുസ്‌ലിം].

അതിനാല്‍ നാവിനെ നിയന്ത്രിക്കുക. ഒരുപക്ഷെ അശ്രദ്ധമായി പറഞ്ഞുപോകുന്ന ഒരു വാക്കായിരിക്കാം നരകത്തില്‍ ആപതിക്കാന്‍ കാരണം. അശ്രദ്ധമായി ഒരു മനുഷ്യന്‍ പറഞ്ഞുപോകുന്ന അല്ലാഹുവിന് തൃപ്തികരമായ ഒരു വാക്ക് കാരണത്താല്‍ ഒരുപക്ഷേ അവന്  സ്വര്‍ഗത്തില്‍ വളരെ വലിയ സ്ഥാനം നല്‍കപ്പെട്ടേക്കാം. അതുപോലെ അശ്രദ്ധമായി ഒരാള്‍ പറഞ്ഞുപോകുന്ന അല്ലാഹുവിന് കോപമുള്ള ഒരു വാക്ക് കാരണത്താല്‍ അവന്‍ നരകത്തിന്‍റെ ആഴങ്ങളിലേക്ക് ആപതിക്കുകയും ചെയ്തേക്കാം എന്ന് നമുക്ക് സ്വീകാര്യയോഗ്യമായ ഹദീസുകളില്‍ കാണാം. - [മാലിക്ക്, തിര്‍മിദി, നസാഇ തുടങ്ങിയവര്‍ അത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി: ഹദീസ് ഹസന്‍].

അതുകൊണ്ട് നാവിനെ നിയന്ത്രിക്കുക. സ്വന്തം മാതാവുമായി വ്യഭിച്ചരിക്കുന്നതിനേക്കാള്‍ 73 ഇരട്ടി ഗൗരവപരമാണ് ഒരു വിശ്വാസിയുടെ അഭിമാനത്തിന് ക്ഷതം വരുത്തല്‍ എന്ന് മുകളില്‍ പരാമര്‍ശിക്കപ്പെട്ട ഹദീസില്‍ നിന്നും മനസ്സിലാക്കാം. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. പലിശയില്‍ നിന്ന് വിട്ട് നില്‍ക്കുകയും എന്നാല്‍ നാവുകൊണ്ട് അതിനേക്കാള്‍ വലിയ പാപങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യുന്ന ദൗര്‍ഭാഗ്യവാന്മാരില്‍ പെട്ടുപോകാതിരിക്കാനുള്ള തൗഫീഖ് അവന്‍ നമുക്ക് നല്‍കുമാറാകട്ടെ.

നബി (സ) പറഞ്ഞതുപോലെ:   "പലിശ എഴുപത്തിമൂന്ന് (തരം) കവാടങ്ങളാണ്. അതില്‍ ഏറ്റവും ചെറിയത് ഒരാള്‍ തന്‍റെ മാതാവുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിന് തുല്യമാണ്. ഏറ്റവും വലിയ പലിശയാകട്ടെ ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തലാണ്". അല്ലാഹുവേ,, പലിശയില്‍ നിന്നും, നാവിന്‍റെ പിഴവുകളില്‍ നിന്നും നീ ഞങ്ങളെ കാത്തുരക്ഷിക്കേണമേ ...

നാല്:
ഒരു വിശ്വാസിയുടെ അഭിമാനത്തിന്‍റെ പ്രാധാന്യം ഈ ഹദീസില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാം. എന്നാല്‍ അതോടൊപ്പം നാം മനസ്സിലാക്കേണ്ട ഒരു കാര്യം, വിശ്വാസികളെ അധര്‍മ്മത്തിലേക്കും, അനാചാരങ്ങളിലെക്കും ക്ഷണിക്കുന്ന അതിന്‍റെ വക്താക്കളില്‍ നിന്നും താക്കീത് നല്‍കുന്നതിനും, അവരുടെ പിഴവുകള്‍ തുറന്ന് കാണിക്കുന്നതിനും തെറ്റില്ല. മറിച്ച് അത് മതത്തോടുള്ള ഗുണകാംഷയില്‍പ്പെട്ടതാണ്. അതുകൊണ്ടുതന്നെ ബിദ്അത്തുകളെക്കുറിച്ചും അതിന്‍റെ വക്താക്കളെക്കുറിച്ചും താക്കീത് നല്‍കുകയും അവരുടെ വഴികേടിനെക്കുറിച്ച് തുറന്ന് കാണിക്കുകയും ചെയ്യല്‍ വാജിബായ കാര്യമാണ്.

എത്രത്തോളമെന്നാല്‍ സാമൂഹ്യരംഗത്തിന്‍റെ കെട്ടുറപ്പിന് ഭംഗം വരുത്തുന്ന ആളുടെ കാര്യത്തില്‍പോലും ശറഅ് അത് അനുവദിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് സംരക്ഷണം എന്ന നിലക്കും, അയാള്‍ക്കുള്ള ശിക്ഷ എന്ന നിലക്കുമാണ് ശറഅ് അത് അനുവദിച്ചത്.  ധനമുണ്ടായിട്ടും കടം വാങ്ങിയത് തിരിച്ചു നല്‍കാത്ത ആളെ സംബന്ധിച്ച് അവന്‍ കടം വാങ്ങിയാല്‍ തിരിച്ച് നല്‍കാത്തവാനാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. സ്വഹീഹായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം:
عن عمرو بن الشريد عن أبيه قال: قال رسول الله صلى الله عليه وسلم :" لي الواجد يحل عرضه وعقوبته "
അംറു ബ്നു ശരീദ് തന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: റസൂല്‍ (സ) പറഞ്ഞു: "പണമുണ്ടായിട്ടും കടം തിരിച്ചു നല്‍കാത്തവന്‍റെ (അഭിമാനത്തിന് ഭംഗം വരുത്തലും), അവനെ ശിക്ഷിക്കലും അനുവദിക്കപ്പെട്ടതാണ്" - [അബൂദാവൂദ്, നസാഇ, അല്‍ബാനി: സ്വഹീഹ് - صحيح الترغيب والترهيب : 1815 ].

ധനികനായ ഒരാള്‍ സമയമായിട്ടും കടം തിരിച്ച് നല്‍കുന്നില്ലെങ്കില്‍ അവന്‍ കടം വാങ്ങിയാല്‍ തിരിച്ചു തരാത്തവനാണ് എന്ന് ജനങ്ങളെ അറിയിക്കുന്നതിലും, അവനെ ശിക്ഷിക്കാന്‍ വേണ്ടി അധികാരികളോട് ആവശ്യപ്പെടാനും കടം നല്‍കിയ ആള്‍ക്ക് അവകാശമുണ്ട്.

ഇത് വിലക്കപ്പെട്ട 'അഭിമാനക്ഷതം വരുത്തലില്‍' പെടില്ല. മറ്റുള്ള ആളുകള്‍ അവന്‍റെ തിന്മയില്‍ അകപ്പെട്ടു പോകാതിരിക്കാന്‍ വേണ്ടിയാണ് അത്.

എന്നാല്‍ സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട ഒരു കാര്യം, ഇത്തരം വിഷയങ്ങളില്‍ അങ്ങേയറ്റം സൂക്ഷ്മത ആവശ്യമാണ്‌. ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയുവാനും പ്രച്ചരിപ്പിക്കുവാനുമുള്ള ഉപാതിയായി ഇതിനെ കാണരുത്. അതുപോലെ ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്ന ആളുകളില്‍ നിന്നും എന്തെങ്കിലും ഒരു തെറ്റ് കാണുമ്പോഴേക്ക് അവരെ താറടിക്കാനും അവരുടെ അഭിമാനത്തിന് ക്ഷതം വരുത്താനും അവരെ ഒന്നിനും കൊള്ളാത്തവരായി ചിത്രീകരിക്കാനും തുനിയാം എന്ന് ഇതിന് അര്‍ത്ഥമില്ല. പ്രത്യേകിച്ചും അഭിപ്രായഭിന്നതകളും വീക്ഷണവിത്യാസങ്ങളും നിലനില്‍ക്കുന്ന കാര്യങ്ങളില്‍. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സഹിഷ്ണുതയും പരസ്പരമുള്ള ആദരവും സ്നേഹവും  നിലനിര്‍ത്തുവാന്‍ നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ.

ഖുര്‍ആനും സുന്നത്തും മന്‍ഹജുസ്സലഫും അനുസരിച്ച് ജീവിക്കുന്ന ആളുകള്‍ക്കിടയില്‍ ഉണ്ടാകുന്ന വീക്ഷണവിത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അതിനെ തുടര്‍ന്നുണ്ടാകുന്ന ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും നാം വിട്ടുനില്‍ക്കുക. ഒരു സംഘടനയും, ഒരു സംഘവും, ഒരു വ്യക്തിയും നാളെ പരലോകത്ത് നമ്മുടെ രക്ഷക്ക് ഉണ്ടാകില്ല. വീക്ഷണ വിത്യാസങ്ങളെ നാമെല്ലാം അംഗീകരിക്കുന്ന കിബാറുല്‍ ഉലമയിലേക്ക് മടക്കി, സന്മനസ്സോടെ ഉചിതമായ തീരുമാനം കൈകൊണ്ട്, പരസ്പര സഹകരണത്തോടെയും, ഒത്തൊരുമയോടെയും അല്ലാഹുവിന്‍റെ കിതാബിലേക്കും, റസൂല്‍ (സ) യുടെ സുന്നത്തിലേക്കും മന്‍ഹജുസ്സലഫിലേക്കും ആളുകളെ ക്ഷണിക്കുകയാണ് നാം ചെയ്യേണ്ടത്. അല്ലാഹു അനുഗ്രഹിക്കട്ടെ .... 

Sunday, October 25, 2015

ചെറിയ മകന് വീടും പറമ്പും ഉമ്മയുടെ മരണശേഷം ലഭിക്കും എന്ന് എഴുതി വെക്കാമോ ?.

ചോദ്യം: മാതാപിതാക്കള്‍ക്ക് നാല് മക്കള്‍. ഒരു പെണ്ണ്, മൂന്ന്‍ ആണ്‍മക്കള്‍. എല്ലാവരും പ്രായപൂര്‍ത്തിയായവരും വിവാഹിതരുമാണ്. പിതാവ് മരണപ്പെട്ട് സ്വത്ത് വീതം വെച്ചപ്പോള്‍ ആദ്യത്തെ മൂന്ന്‍ മക്കള്‍ക്കും പറമ്പ് ഓഹരിയായി നല്‍കി. ഏറ്റവും ചെറിയ മകന്‍റെ ഓഹരി വീടും അത് നില്‍ക്കുന്ന സ്ഥലവും മാതാവിന്‍റെ കാലശേഷം എന്ന് എഴുതിയിരിക്കുന്നു. ഈ കാലശേഷം എന്ന് എഴുതുന്ന രീതിക്ക് ഇസ്‌ലാമിക പിന്‍ബലം ഉണ്ടോ ?. മാതാവിന്‍റെ കാലത്തിന് മുന്‍പേ ഈ മകന്‍റെ കാലം കഴിഞ്ഞാല്‍ അവന്‍റെ കുടുംബത്തിന് എന്താണ് ഉണ്ടാകുക ?. 

www.fiqhussunna.com

ഉത്തരം:

 الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛

അല്‍ഹംദുലില്ലാഹ്... മരണശേഷം സ്വത്ത് എങ്ങനെ വിഹിതം വെക്കണം എന്ന് വളരെ കൃത്യമായി അല്ലാഹു നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അത് പ്രകാരം മുകളില്‍ പറഞ്ഞ സ്വത്ത് ഓഹരി വെക്കേണ്ടത് ഇപ്രകാരമാണ്:

മയ്യത്തിന്‍റെ ഭാര്യ, നാല് മക്കള്‍ (ഒരു പെണ്ണും മൂന്ന്‍ ആണും) ആണ് അനന്തരാവകാശികള്‍ ആയുള്ളത്.

മയ്യത്തിന്‍റെ മക്കള്‍ ജീവിച്ചിരിപ്പുള്ളതിനാല്‍ ഭാര്യക്ക്: 1/8 (എട്ടിലൊന്ന്).
ആണ്‍ പെണ്‍ മക്കള്‍ ഇവിടെ അസ്വബയാണ്. അതായത് നിര്‍ണ്ണിതമായ ഓഹരി നല്‍കേണ്ടവര്‍ക്ക് നല്‍കിയ ശേഷം ബാക്കി വരുന്ന മുഴുവന്‍ സ്വത്തിനും അര്‍ഹരാകുന്നവര്‍.  അതുകൊണ്ടുതന്നെ മുകളില്‍ സൂചിപ്പിച്ച സാഹചര്യത്തില്‍ എട്ടിലൊന്ന് നല്‍കിയ ശേഷം ബാക്കി വരുന്ന സ്വത്ത് ആണിന് പെണ്ണിന്‍റെ ഇരട്ടി എന്ന രൂപത്തില്‍ വിഹിതം വെക്കും. (മരണപ്പെട്ട മയ്യത്തിന്‍റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുള്ളതായി ചോദ്യകര്‍ത്താവ് സൂചിപ്പിച്ചിട്ടില്ല. അവര്‍ ജീവിച്ചിരിപ്പുണ്ട് എങ്കില്‍ ഓരോരുത്തര്‍ക്കും 1/6 (ആറിലൊന്ന്) വീതം ഉണ്ടാകും.

ചോദ്യകര്‍ത്താവ് ഉന്നയിച്ച സംഭവത്തില്‍ സ്വത്ത് വിഹിതം വെച്ചതില്‍ അപാകതകളുണ്ട്. ഒന്നിലധികം നിഷിദ്ധങ്ങള്‍ അതില്‍ കടന്നുവരുന്നുണ്ട്.



ഒന്ന്: മയ്യത്തിന്‍റെ സ്വത്ത് ഓഹരി വെക്കുമ്പോള്‍ ചില അനന്തരാവകാശികള്‍ക്ക് മാത്രം നല്‍കുകയും, മറ്റു ചിലരുടേത്, മറ്റൊരാളുടെ മരണത്തിന് ശേഷം എന്ന് നീട്ടി വെക്കുകയും ചെയ്യാന്‍ ഇസ്‌ലാമികമായി പാടില്ല. അത് ചോദ്യകര്‍ത്താവ് തന്നെ സൂചിപ്പിച്ചത് പോലെ അവകാശങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകും. അതിനാല്‍ത്തന്നെ അത് അക്രമമാണ്. സാധാരണ നമ്മുടെ നാട്ടില്‍ പറയാറുള്ളത് പോലെ 'ഉമ്മയെ അവന്‍ നോക്കാന്‍ വേണ്ടി' എന്നതാണ് കാരണമായി പറയുന്നതെങ്കില്‍, ഉമ്മയെ നോക്കാന്‍ അവര്‍ക്കെല്ലാം തുല്യ ബാധ്യതയുണ്ട്. അത് ഇളയ പുത്രന്‍റെ മാത്രം ബാധ്യതയല്ല.

രണ്ട്: മയ്യത്തിന്‍റെ ഭാര്യയുടെ (അഥവാ അവരുടെ ഉമ്മയുടെ) ഓഹരിയെ സംബന്ധിച്ച് ഇതില്‍ പരാമര്‍ശമില്ല. മറിച്ച് ഒരു മകന് നല്‍കിയ സ്വത്തില്‍ അവന്‍റെ ഉമ്മയെ പങ്കാളിയാക്കിയിരിക്കുന്നു. ഇത് ഉമ്മയുടെയും, അതുപോലെ മകന്‍റെയും അവകാശങ്ങളില്‍ ഒരുപോലെയുള്ള കടന്നുകയറ്റമാണ്. ഉമ്മക്ക് തന്‍റെ അവകാശത്തില്‍ നിന്ന് പിന്‍വാങ്ങുകയും അത് നീതിപൂര്‍വകമായി മക്കള്‍ക്ക് നല്‍കുകയും ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷെ അത് ജീവിതകാലത്ത് തന്നെ ആരോഗ്യത്തോടെ നില്‍ക്കുന്ന അവസ്ഥയില്‍ ചെയ്യണം.

മൂന്ന്‍:   ഉമ്മയുടെ മരണശേഷം ഇളയ മകന് ലഭിക്കും എന്നാണ് എഴുതിയിരിക്കുന്നത്. അഥവാ ശറഇന്‍റെ നിയമപ്രകാരം ഇത് വസ്വിയത്ത് ആണ്. കാരണം മരണശേഷം സ്വത്ത് ഇന്നയിന്ന രൂപത്തില്‍ നല്‍കണം എന്ന് എഴുതി വെക്കുന്നത് സാമ്പത്തികമായ വസ്വിയത്ത് ആണ്. മരണശേഷമേ അത് പ്രാബല്യത്തില്‍ വരൂ. പക്ഷെ അനന്തരാവകാശിയായ ഒരാള്‍ക്ക് വേണ്ടി സ്വത്ത് വസ്വിയത്ത് ചെയ്യാന്‍ പാടില്ല. അതിനാല്‍ത്തന്നെ ഇവിടെ ഉമ്മയുടെ മരണശേഷം മകന് എന്ന് എഴുതിയിരിക്കുന്നത്  അസാധുവായ വസ്വിയത്ത് ആണ്. നബി (സ) പറഞ്ഞു:


إن الله أعطى كل ذي حق حقه فلا وصية لوارث
"അല്ലാഹു ഓരോ അനന്തരാവകാശിക്കും അവരുടെ അവകാശങ്ങള്‍ കൃത്യമായി നിര്‍ണയിച്ചു നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അനന്തരാവകാശിയായ ഒരാള്‍ക്ക് വേണ്ടി വസ്വിയത്ത് ചെയ്യാന്‍ പാടില്ല." - [തിര്‍മിദി: 2120 ,  അല്‍ബാനി : സ്വഹീഹ് صحيح الجامع : 1720 ].
അഥവാ തന്‍റെ അനന്തരാവകാശിയായ ആള്‍ക്ക് തന്‍റെ സ്വത്ത് വസ്വിയത്ത് ആയി എഴുതി വെക്കാന്‍ പാടില്ല.  അത് നിഷിദ്ധമാണ്. കാരണം മരണശേഷം അനന്തരാവകാശികള്‍ക്ക് അവരുടെ അനന്തരസ്വത്തില്‍ നിന്നുള്ള ഓഹരി അല്ലാഹു കൃത്യമായി നിര്‍ണ്ണയിച്ചിട്ടുണ്ട്. അതാണ്‌ അവര്‍ക്ക് ലഭിക്കുക. അതുകൊണ്ടുതന്നെ ഉമ്മയുടെ മരണശേഷം എന്ന നിലക്ക് എഴുതിവെച്ച വസ്വിയത്തിന് യാതൊരു പിന്‍ബലവുമില്ല. ഉമ്മയുടെ മരണശേഷം ഉമ്മയുടെ സ്വത്ത് ഉമ്മയുടെ അനന്തരാവകാശികള്‍ ആയ എല്ലാവര്‍ക്കും അര്‍ഹപ്പെട്ടതാണ്. ആ നിലക്ക് അത് ഇളയ മകന്‍റെ അവകാശം നഷ്ടപ്പെടാനുള്ള കാരണമാകും.

നാല്:
ഒരാളുടെ വസ്വിയത്ത് (ഇവിടെ വസ്വിയത്ത് എന്നാല്‍ മരണശേഷം സ്വത്ത് നല്‍കുക എന്നതാണ് ഉദ്ദേശം എന്ന് സൂചിപ്പിച്ചുവല്ലോ)  അയാള്‍ക്ക് ഏത് സമയത്തും മാറ്റാം. അവകാശമായി ലഭിക്കേണ്ട സ്വത്ത് ഔദാര്യമായ വസ്വിയത്തിലേക്ക് ചേര്‍ക്കുന്നത് അവകാശം നഷ്ടപ്പെടാനുള്ള കാരണമായേക്കാം. ഇതും അക്രമമാണ്. അഥവാ അനന്തരാവകാശിക്ക് വസ്വിയത്ത് ചെയ്യുന്നു എന്ന നിഷിദ്ധവും, അവകാശമായി ലഭിക്കേണ്ട സ്വത്തിനെ എപ്പോഴും മാറ്റാവുന്ന മരണാനന്തരമുള്ള വസ്വിയത്ത് ആക്കി മാറ്റി എന്ന നിഷിദ്ധവും ഇവിടെ പ്രകടമാണ്.

മാത്രമല്ല ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പോലെ ഈ ഇളയ മകന്‍ നേരത്തെ മരണപ്പെട്ടാല്‍ അത് കൂടുതല്‍ സ്വത്ത് തര്‍ക്കത്തിലേക്കും, ഒരുപക്ഷേ അദ്ദേഹത്തിന്‍റെ അനന്തരാവകാശികള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നഷ്ടപ്പെടാനുമെല്ലാം കാരണമാകുകയും ചെയ്തേക്കാം.

ശറഇന്‍റെ നിയമങ്ങള്‍ വളരെ വ്യക്തവും സ്പഷ്ടവുമാണ്. അതുകൊണ്ടുതന്നെ ചോദ്യകര്‍ത്താവിനോട് പറയാനുള്ളത് അല്ലാഹു കല്‍പിച്ച പ്രകാരമാണ് സ്വത്ത് വിഹിതം വെക്കേണ്ടത്. നേരത്തെ ഓഹരി വെച്ച രൂപം തിരുത്തി ഇപ്രകാരമാക്കുക:

മൊത്തം സ്വത്തിന്‍റെ എട്ടിലൊന്ന് മയ്യത്തിന്‍റെ ഭാര്യക്ക് (അഥവാ അവരുടെ ഉമ്മക്ക്) നല്‍കുക. ബാക്കി വരുന്ന സ്വത്ത് ആണിന് പെണ്ണിന്‍റെ ഇരട്ടി എന്ന രൂപത്തില്‍ വിഹിതം വെക്കുക. ഓരോരുത്തരുടെയും അവകാശങ്ങള്‍ ഇപ്പോള്‍ത്തന്നെ പതിച്ച് നല്‍കുക. ഒരുകൂട്ടര്‍ക്ക് മാത്രം നല്‍കുകയും, മറ്റൊരു കൂട്ടരുടേത് നീട്ടിവെക്കുകയും ചെയ്യാന്‍ പാടില്ല.

അവരുടെ ഉമ്മ സ്വത്ത് ആഗ്രഹിക്കുന്നില്ല എങ്കില്‍, അഥവാ മയ്യത്തിന്‍റെ ഭാര്യ   സ്വതാല്പര്യത്തോടെ തന്‍റെ വിഹിതം മക്കള്‍ എടുത്തോട്ടെ എന്ന് പറയുകയാണ്‌ എങ്കില്‍ അവിടെയും ചില നിബന്ധനകള്‍ ഉണ്ട്:

ഒന്ന്: അത് ഒരാള്‍ക്കായി മാത്രം നല്‍കാന്‍ പാടില്ല. കാരണം റസൂല്‍ (സ) പറഞ്ഞു : "നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നിങ്ങളുടെ മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തുകയും ചെയ്യുക". അതുകൊണ്ട് അത് അവര്‍ക്കിടയില്‍ എല്ലാവര്‍ക്കും തൃപ്തികരമായ രൂപത്തില്‍ വിഹിതം വെക്കുക. ഒരാള്‍ക്ക് സ്വതൃപ്തിയോടെ തന്‍റെ വിഹിതം മറ്റൊരാള്‍ക്ക് നല്‍കാം. 

രണ്ട്: തന്‍റെ സ്വത്ത് പൂര്‍ണമായും മക്കള്‍ക്ക് നല്‍കല്‍ അനുവദനീയമാകണമെങ്കില്‍ അവര്‍ ആരോഗ്യവതിയായിരിക്കണം. രോഗശയ്യയില്‍ മരണം പ്രതീക്ഷിച്ച് നില്‍ക്കുന്ന അവസ്ഥയിലായിരിക്കാന്‍ പാടില്ല. കാരണം മരണം പ്രതീക്ഷിക്കുന്ന രൂപത്തിലുള്ള രോഗം ബാധിച്ച് കിടപ്പിലാണെങ്കില്‍ അവര്‍ക്ക് മൂന്നിലൊന്നില്‍ കൂടുതല്‍ തന്‍റെ സ്വത്തില്‍ നിന്ന് ദാനം ചെയ്യല്‍ അനുവദനീയമല്ല.  സഅദ് (റ) വിനോട് നബി (സ) അത് വിലക്കിയിട്ടുണ്ട്.


عن سعد بن أبي وقاص رضي الله عنه قال : مرضت مرضا أشفيت منه، فأتاني رسول الله صلى الله عليه و سلم يعودني، فقلت: يا رسول الله، إن لي مالا كثيرا وليس يرثني إلا ابنتي، أفأتصدق بثلثي مالي ؟ ،  قال: لا ، قلت: فالشطر ، قال: لا ، قلت :  فالثلث ، قال: الثلث والثلث كثير ، إنك أن تترك ورثتك أغنياء خير لهم من أن تتركهم عالة يتكففون الناس.
സഅദ് ബിന്‍ അബീ വഖാസ് (റ) പറയുന്നു: "എനിക്ക്  മരണത്തെ മുന്നില്‍ക്കാണുന്ന രൂപത്തിലുള്ള അതികഠിനമായ രോഗം ബാധിച്ചു. ആ സന്ദര്‍ഭത്തില്‍ എന്നെ സന്ദര്‍ശിക്കാനായി റസൂല്‍ (സ) എന്‍റെ അരികിലേക്ക് വന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: യാ റസൂലല്ലാഹ് .. എനിക്ക് ധാരാളം സമ്പാദ്യമുണ്ട്. എന്നാല്‍ എനിക്ക് അനന്തരാവകാശിയായി ഒരു മകള്‍ മാത്രമേ ഉള്ളൂ. ഞാന്‍ എന്‍റെ സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം ദാനം ചെയ്യട്ടെ ?. നബി (സ) പറഞ്ഞു: പാടില്ല. ഞാന്‍ ചോദിച്ചു: എങ്കില്‍ പകുതി ?. അദ്ദേഹം പറഞ്ഞു: പാടില്ല. ഞാന്‍ ചോദിച്ചു: എങ്കില്‍ മൂന്നിലൊന്ന്. അദ്ദേഹം പറഞ്ഞു: മൂന്നിലൊന്ന് ആകാം. മൂന്നിലൊന്നുതന്നെ ധാരാളമാണ്.  നിന്‍റെ അനന്തരാവകാശികളെ ധനികരായി വിട്ടേച്ച് പോകുന്നതാണ്, മറ്റുള്ളവര്‍ക്ക് മുന്‍പില്‍ കൈനീട്ടുന്നവരായി അവരെ വിട്ടേച്ച് പോകുന്നതിനേക്കാള്‍ ഉത്തമം".  - [നസാഇ: 3626, അല്‍ബാനി:സ്വഹീഹ്].

മക്കള്‍ മാത്രമായിരിക്കില്ലല്ലോ അവരുടെ അനന്തരാവകാശികള്‍. അതുകൊണ്ട് മരണം പ്രതീക്ഷിച്ച് കിടക്കുന്ന വേളയില്‍ സ്വത്ത് പൂര്‍ണമായും ദാനമായി നല്‍കുന്നത് നിഷിദ്ധമാണ്. അത് മക്കള്‍ക്കാണ് നല്‍കുന്നത് എങ്കില്‍പ്പോലും. എന്നാല്‍ ആരോഗ്യവാനായ വേളയില്‍ അബൂബക്കര്‍ (റ) ചെയ്തത് പോലെ  ഒരാള്‍ക്ക് തന്‍റെ സ്വത്ത് പൂര്‍ണമായും ദാനം നല്‍കാം. പക്ഷെ അത് മക്കള്‍ക്കാണ് നല്‍കുന്നത് എങ്കില്‍ നീതിപൂര്‍വകവും പരസ്പര തൃപ്തികരവുമായ രൂപത്തില്‍ നല്‍കണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അത് ഏറെ വിശദീകരിക്കേണ്ട ഒരു വിഷയമാണ്. മറ്റൊരു അവസരത്തിലാകാം... ഇന്‍ ഷാ അല്ലാഹ്.


മൂന്ന്: തന്‍റെ സ്വത്ത് മരണശേഷം എന്ന രൂപത്തില്‍ അവര്‍ വസ്വിയത്ത് ചെയ്യുകയാണ് എങ്കില്‍ അത് അനന്തരാവകാശിയുടെ പേരിലാകുവാനോ, മൂന്നിലൊന്നില്‍ കൂടുതലാകുവാനോ പാടില്ല. മരണപ്പെടുന്ന വേളയില്‍ മയ്യത്തിന്‍റെ അനന്തരാവകാശിയായ ആള്‍ക്ക് മയ്യത്ത് സ്വത്ത് വസ്വിയത്ത് ചെയ്തിട്ടുണ്ടെങ്കില്‍ ആ വസ്വിയത്തിന് യാതൊരു വിലയുമില്ല. കാരണം ആ വസ്വിയത്ത് ശറഇന്‍റെ നിയമപ്രകാരം അസാധുവാണ്. അതുപോലെ മൂന്നിലൊന്നില്‍ കൂടുതല്‍ അനന്തരാവകാശിയല്ലാത്ത ഒരാള്‍ക്ക് വസ്വിയത്ത് ചെയ്ത് വെച്ചിട്ടുണ്ടെങ്കില്‍ അതില്‍ മൂന്നിലൊന്ന് മാത്രമേ നാം നല്‍കുകയുള്ളൂ. കാരണം മൂന്നിലൊന്നില്‍ കൂടുതല്‍ വസ്വിയത്ത് ചെയ്യുന്നത് നിഷിദ്ധമാണ്.

അതിനാല്‍ത്തന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം  മക്കള്‍ക്ക് സ്വത്ത്  നല്‍കുകയാണ് എങ്കില്‍ അത് മരണശേഷം എന്ന് എഴുതിവെക്കാന്‍ പാടില്ല. ജീവിതകാലത്ത് നല്‍കാം. മരണശേഷം ഒരോരുത്തര്‍ക്കും അനന്തരാവകാശ നിയമമനുസരിച്ച് മാത്രമാണ് നല്‍കുക. അതുപോലെ തന്‍റെ ചില മക്കള്‍ക്ക് നല്‍കിയത് പോലെ നീതിപൂര്‍വകമാന്‍ നല്‍കാത്തവര്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ അത് ജീവിതകാലത്ത് തന്നെ നല്‍കണം. ചിലര്‍ മരണശേഷം എന്ന് എഴുതി വെക്കുന്നത് കാണാം. എന്നാല്‍ ആ വസിയത്തിന് യാതൊരു സാധുതയുമില്ല. കാരണം അനന്തരാവകാശിക്ക് സ്വത്ത് വസ്വിയത്ത് ചെയ്യാന്‍ പാടില്ല. ചെയ്‌താല്‍ തന്നെ അതിന് യാതൊരു പരിഗണനയുമില്ല.

ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കാനുള്ള മറ്റൊരു കാര്യം വീട് ഏറ്റവും ചെറിയ മകന് നല്‍കണം എന്നും , ഉമ്മയെ നോക്കേണ്ടത് അവനാണ് എന്നുമുള്ള ഒരു തെറ്റിദ്ധാരണ നമ്മുടെ നാട്ടില്‍ വ്യാപകമായി ഉണ്ട്. മറ്റ് അനന്തരാവകാശികള്‍ തൃപ്തിയോടെ വീട് അവന് നല്‍കുന്നുവെങ്കില്‍ അതില്‍ തെറ്റില്ല. അതല്ലയെങ്കില്‍ പരസ്പര തൃപ്തിയോടെ ഓഹരി വെക്കണം. ഒരാളുടെ ഓഹരി പണം നല്‍കി മറ്റൊരാള്‍ക്ക് വാങ്ങാം. എന്നാല്‍ സ്വത്ത് വിഹിതം വെക്കുമ്പോള്‍ വിട്ടുവീഴ്ചാ മനോഭാവം ഉണ്ടായിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. 

ഇനി ഒരാള്‍ക്ക് വീടോ മറ്റോ നല്‍കുകയാണ് എങ്കില്‍, അതുമൂലം മറ്റുള്ളവരുടെ ഉമ്മയെയോ ഉപ്പയെയോ നോക്കേണ്ട ബാധ്യത അവിടെ അവസാനിക്കുന്നില്ല. അവരെ പരിചരിക്കാന്‍ മക്കളെല്ലാം ഒരുപോലെ കടപ്പെട്ടിരിക്കുന്നു.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍...