Friday, April 7, 2017

അക്കൌണ്ടില്‍ വരുന്ന പലിശ എങ്ങനെ നീക്കം ചെയ്യാം. ഹറാമായ ധനം ഒഴിവാക്കേണ്ടതെങ്ങനെ.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

നേരത്തെ എഴുതിയ (ബേങ്കിൽ അക്കൗണ്ട്‌ തുടങ്ങാമോ ? ബേങ്കിലെ പലിശ എന്ത് ചെയ്യണം ? ! ) എന്ന ലേഖനത്തിന്‍റെ ഭാഗം തന്നെയാണ് ഇത്. വീണ്ടും പലരും ആവശ്യപ്പെട്ടതുകൊണ്ട് ഈ ഭാഗം മാത്രം വീണ്ടും പ്രസിദ്ധീകരിക്കുന്നു എന്ന് മാത്രം. അല്ലാഹു പലിശയില്‍ നിന്നും അതിന്‍റെ വിപത്തില്‍ നിന്നും നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ..

ഇസ്ലാമിക് ബാങ്കിംഗ് സംവിധാനം ഇല്ലാത്തതായ നാടുകളില്‍ അക്കൌണ്ടുകളില്‍ വരുന്നതോ
, അറിവില്ലായ്മ കാരണത്താല്‍ ഒരാള്‍ കൈപ്പറ്റിയതോ ആയ പലിശയെ ഏത് രൂപത്തില്‍ തന്‍റെ കൈകളില്‍ നിന്നും നീക്കം ചെയ്യണം എന്നത് പണ്ഡിതന്മാര്‍ വിശകലനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്:


www.fiqhussunna.com

التخلص من المال الحرام ,
അഥവാ ഹറാമായ മുതലില്‍ നിന്നും തന്‍റെ (സമ്പത്തിനെ) മുക്തമാക്കല്‍ എപ്രകാരം എന്നത് ചര്‍ച്ച ചെയ്യുന്നിടത്താണ് പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത്.

ചില ആളുകള്‍ ബേങ്കില്‍ നിന്നും അത് സ്വീകരിക്കാതെ അത് ബേങ്കിന് തന്നെ തിരിച്ചു നല്‍കുക എന്ന് പറയുന്നതായി കാണാം. ഇത് യഥാര്‍ത്ഥത്തില്‍ ശരിയല്ല. കാരണം വേണ്ട എന്നെഴുതി നൽകിയാൽ ബേങ്കുകള്‍ ആ പണം സ്വീകരിക്കുകയില്ല. അവര്‍ ആ പണം വല്ല ട്രസ്റ്റുകള്‍ക്കും മറ്റും നല്‍കുകയാണ് ചെയ്യുക. അത് പലപ്പോഴും ഇസ്ലാമിക ആദര്‍ശത്തിനോട് വിപരീതമായ ആദര്‍ശങ്ങള്‍ വച്ചുപുലര്‍ത്തുന്ന ആളുകള്‍ക്കാണ് നല്‍കാറുള്ളത്. നമ്മുടെ നാട്ടില്‍ മാതാ അമൃതാനന്ദമയി ട്രസ്റ്റ്‌, സായിബാബ ട്രസ്റ്റ്‌ തുടങ്ങിയവര്‍ക്കാണ് അവര്‍ അത്തരം പണം നല്‍കുന്നത് എന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്. ഏതായാലും ബേങ്കിന് തന്നെ അത് തിരിച്ചു നല്‍കുക എന്ന അഭിപ്രായം വളരേ ദുര്‍ബലമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മാത്രമല്ല കുവൈറ്റില്‍ ഉണ്ടായ ഒരു സംഭവം എന്‍റെ അദ്ധ്യാപകന്‍ ഒരിക്കല്‍ പറഞ്ഞുതന്നിട്ടുണ്ട്. അതായത് സ്വിസ്സ് ബേങ്കില്‍ ACCOUNT ഉള്ള ഒരു പണക്കാരന്‍ ഇനി എനിക്ക് നിങ്ങള്‍ പലിശയിനത്തില്‍ പണം നല്‍കേണ്ടതില്ല എന്ന് അവര്‍ക്ക് കത്തെഴുതി. ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തിന് യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മിഷിനറി ട്രസ്റ്റില്‍ നിന്നും താങ്കള്‍ നല്‍കിയ സംഭാവനക്ക് വളരെ നന്ദി എന്ന്‍ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് വന്നു. ഇനി ബേങ്കിന് തന്നെ അത് തിരിച്ചുനല്‍കുക എന്ന് പണ്ഡിതന്മാരില്‍ ചിലരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അത് ആ പണം പിന്നീട് എന്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നു എന്ന അറിവ് ലഭിക്കുന്നതിന് മുന്‍പാണ്. ഇനി ബേങ്ക് എടുക്കുന്നു എന്നു തന്നെ സങ്കല്പിക്കുക. നമ്മള്‍ പിന്‍വലിച്ചാലും ഇല്ലെങ്കിലും ആ പലിശ അവിടെ രൂപപ്പെടുന്നുണ്ട്. അത് അവര്‍ വീണ്ടും പലിശ സംവിധാനം ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണ് ചെയ്യുക. അതുകൊണ്ട് ബേങ്കിന് അത് തിരിച്ചു നകുക എന്ന അഭിപ്രായം ശരിയല്ല. അത് ബേങ്കുകള്ക്ക് തന്നെ തിരിച്ചു നൽകുകയോ, അത് തൻറെ അക്കൗണ്ടിൽ നിന്നും എടുത്ത് കളയാതിരിക്കുകയോ ചെയ്യരുത് എന്ന് കണിശമായിത്തന്നെ പല പണ്ഡിതന്മാരും പറഞ്ഞിട്ടുമുണ്ട്. ശൈഖ് ഫലാഹ് ഇസ്മാഈൽ മൻദകാർ ഹഫിദഹുല്ലയിൽ നിന്നും ഇപ്രകാരം നേരിട്ട് തന്നെ അറിയാൻ സാധിച്ചിട്ടുമുണ്ട്.

ഇബ്നു ബാസ് (റ) യുടെ ഒരു ഫത്'വയില്‍ ഇപ്രകാരം കാണാം : " നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കുകയോ, ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്. മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുകയോ, ബാത്റൂമുകള്‍ പോലെയുള്ള കാര്യങ്ങളുടെ നിര്‍മ്മാണത്തിനായോ, കടം തിരിച്ചടക്കാതെ പ്രയാസപ്പെടുന്ന പാവപ്പെട്ടവര്‍ക്കോ നല്‍കുക. നീ അതില്‍ നിന്നും പാപമോചനം തേടുകയും ചെയ്യുക ". - [ ഫതാവ ഇബ്ന്‍ ബാസ് : 3978].

ശേഷം അദ്ദേഹം പലിശയുടെ ഗൌരവത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് ഒരിക്കലും ബന്ധപ്പെടരുത് എന്നതിനെക്കുറിച്ചുമെല്ലാം വിശദീകരിക്കുന്നുണ്ട്. ആ ഫത്'വയുടെ ചോദ്യത്തിനനുസൃതമായ ഒരു സാഹചര്യമല്ല നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് എന്നതിനാല്‍ തന്നെ അതിന്‍റെ പൂര്‍ണ രൂപം ഇവിടെ നല്‍കുന്നില്ല. ആവശ്യമുള്ളവര്‍ക്ക് അത് പരിശോധിക്കാവുന്നതാണ്.

ഏതായാലും നിഷിദ്ധമായ ധനം കയ്യില്‍ നിന്നും നീക്കം ചെയ്യുന്ന വ്യത്യസ്ത മാര്‍ഗങ്ങളെക്കുറിച്ച് അദ്ദേഹം ഇവിടെ പ്രതിപാദിച്ചു. അതില്‍ ഓരോന്നും പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഒന്ന്:  "നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കരുത്". അഥവാ ആ പണത്തിന്‍റെ ഉപകാരം ഒരു നിലക്കും നമ്മള്‍ക്ക് കരസ്ഥമാക്കാന്‍ പാടില്ല. നമ്മള്‍ ചിലവിന് നല്‍കുന്നവരുടെ ചിലവിലേക്കായും അത് മാറ്റിവെക്കാന്‍ പാടില്ല. മറിച്ച് ഒരുനിലക്കും അതിന്‍റെ ഉപകാരം നമ്മളിലേക്ക് മടങ്ങാത്ത രൂപത്തില്‍ നമ്മുടെ കയ്യില്‍ നിന്നും അത് പൂര്‍ണമായി നീക്കം ചെയ്യണം.ഇത് ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല നല്‍കിയ മറുപടിയിലും പ്രകടമാണ്.

രണ്ട്: "ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്" -ഇതിന്‍റെകാരണം നമ്മള്‍ മുകളില്‍ വിശദീകരിച്ചതാണ്. അഥവാ അപ്രകാരം ചെയ്യുന്നത് ശര്‍റു വര്‍ദ്ധിക്കാനേ ഉപകരിക്കൂ. ഇന്ന് ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് ഏതാണ്ട് ഏകാഭിപ്രായം ആണ്. കാരണം ഇന്നത്തെ സാഹചര്യത്തില്‍ അത് ശര്‍റു വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ എന്നത് വ്യക്തമാണ്. അത് വ്യക്ത്മാകുന്നതിന്  മുന്പ് പറയപ്പെട്ടിട്ടുള്ള അഭിപ്രായങ്ങള്‍ അതിനാല്‍ തന്നെ ഇവിടെ പ്രസക്തമല്ല. 

മൂന്ന്: "മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. ഇവിടെ അത് ഒരു നന്മ ചെയ്യുകയാണ് എന്ന നിയ്യത്തോടെയുംഅതിന്‍റെ പ്രതിഫലം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്താലും ഒരു പുണ്യകര്‍മ്മമെന്ന നിലക്ക് ദാനം ചെയ്യുക എന്നാണ് ശൈഖ് പറഞ്ഞത് എന്ന് ആരും തെറ്റിദ്ധരിക്കരുത്. കാരണം  പ്രതിഫലമാഗ്രഹിച്ചുകൊണ്ടുള്ള ദാനധര്‍മ്മത്തിന് ആ പണം ഉപയോഗിക്കാന്‍ പാടില്ല എന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായം ആണ്. മാത്രമല്ല അല്ലാഹു പരിശുദ്ധനാണ്‌. പരിശുദ്ധമായതല്ലാത്ത ഒന്നും അവന്‍ സ്വീകരിക്കുകയില്ല. അതുകൊണ്ടുതന്നെ തന്‍റെ കയ്യില്‍ അനര്‍ഹമായി വന്ന പണം തന്‍റെ കൈവശത്തില്‍ നിന്നും നീക്കം ചെയ്യുക എന്ന ഉദ്ദേശത്തോടെ അത് ഒഴിവാക്കുക എന്ന അര്‍ത്ഥത്തിലാണ് അത് അത്തരം കാര്യങ്ങള്‍ക്ക് നല്‍കേണ്ടത്. 

എന്നിട്ടദ്ദേഹം അത് നീക്കം ചെയ്യേണ്ട സംഗതികള്‍ക്ക് ഉദാഹരണമായി പറഞ്ഞത് :   "പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുക" . ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ട്. ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. ഇത് അദ്ദേഹത്തിന്‍റെ ഉത്തരത്തില്‍ വ്യക്തമാണ്. മാത്രമല്ല ദര്‍സിനു ഇടക്കുള്ള വിശ്രമ സമയത്ത് എന്‍റെ കൂട്ടുകാരനായ അള്‍ജീരിയക്കാരന്‍ തൗഫീഖ് അദ്ദേഹത്തോട് ഒന്നുകൂടി ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് പാവപ്പെട്ടവര്‍ക്ക് നല്‍കുക എന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല എന്ന് ഒന്നുകൂടി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 

എന്നാല്‍ ശൈഖ് ഇബ്ന്‍ ബാസ് റഹിമഹുല്ല പറഞ്ഞിട്ടുള്ള ഈ അഭിപ്രായം വളരെ പ്രബലമായ അഭിപ്രായമായാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത് والله أعلم . കാരണം പ്രമാണങ്ങളില്‍ ഈ അഭിപ്രായത്തിന് സമാനമായ തെളിവുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഒരുപക്ഷെ ആ തെളിവുകള്‍ ആകാം ഇബ്നു ബാസ് റഹിമഹുല്ല അപ്രകാരം പറയാന്‍ അവലംഭിച്ചത് :

തെളിവ് ഒന്ന്:  അന്‍സാരികളില്‍ പെട്ട ഒരു സ്വഹാബി റിപ്പോര്‍ട്ട് ചെയ്യുന്നു:  ഒരിക്കല്‍ പ്രവാചകന്‍ (സ) യും ഞങ്ങളും ഒരു ജനാസ നമസ്കാരം കഴിഞ്ഞ് മടങ്ങുന്ന അവസരത്തില്‍ ഒരു ഖുറൈഷി സ്ത്രീ പ്രവാചകന്‍റെ അടുക്കല്‍ വന്നു പറഞ്ഞു :  പ്രവാചകരേ, ഇന്നാലിന്ന സ്ത്രീ താങ്കളെയും കൂടെയുള്ളവരെയും ഭക്ഷണത്തിന് ക്ഷണിക്കുന്നു. അങ്ങനെ അദ്ദേഹം ക്ഷണിക്കപ്പെട്ട സ്ഥലത്തേക്ക് നടന്നു. കൂടെ ഞങ്ങളും നടന്നു. ഞങ്ങള്‍ കുട്ടികള്‍ കുട്ടികള്‍ ഇരിക്കാറുള്ളതുപോലെ ഉപ്പമാരുടെ മടിയില്‍ ഇരുന്നു. അങ്ങനെ ഭക്ഷണം കൊണ്ടുവരപ്പെട്ടു. പ്രവാചകന്‍ (സ) ഭക്ഷണത്തളികയില്‍ ഭക്ഷിക്കാനായി കൈവച്ചു. അപ്പോള്‍ മറ്റുള്ളവരും കൈവച്ചു. എന്നാല്‍ എന്തോ ഒരു പന്തികേടുള്ളതുപോലെ പ്രവാചകന്‍ (സ) താന്‍ കഴിച്ച ഉരുള താഴോട്ടിറക്കാതെ  വായില്‍ തന്നെ വച്ചുനില്‍ക്കുന്നത് സ്വഹാബത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അപ്പോള്‍ മുതിര്‍ന്നവര്‍ തളികയില്‍ നിന്നും കയ്യെടുത്തു. പക്ഷെ ഞങ്ങള്‍ കുട്ടികള്‍ കഴിക്കുന്നത് അവര്‍ ശ്രദ്ധിച്ചില്ല. അതവരുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ കയ്യില്‍ പിടിച്ചു. ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണം അവര്‍ തളികയിലേക്ക് തന്നെ തട്ടി. അങ്ങനെ അവര്‍ ഞങ്ങളുടെ കയ്യില്‍ പിടിച്ചുകൊണ്ട് പ്രവാചകന്‍ (സ) എന്താണ് ചെയ്യുന്നത് എന്ന് ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ പ്രവാചകന്‍ (സ) തന്‍റെ വായിലുള്ള ഭക്ഷണം പുറത്തേക്ക് കളഞ്ഞു. എന്നിട്ടദ്ദേഹം പറഞ്ഞു : " ഉടമസ്ഥന്‍റെ അനുവാദമില്ലാതെ എടുത്ത ആടാണല്ലോ ഇത് " . അപ്പോള്‍ ആ സ്ത്രീ പറഞ്ഞു : " അല്ലയോ പ്രവാചകരേ, താങ്കള്‍ക്കും കൂടെയുള്ളവര്‍ക്കും ഭക്ഷണം നല്‍കണം എന്ന് ഞാന്‍ ഒരുപാട് നാളായി കരുതുന്നു. അങ്ങനെ ഞാന്‍ ബഖീഇലേക്ക് ആടിനെ വാങ്ങിക്കാന്‍ ആളെ വിട്ടു. പക്ഷെ അവിടെ ആടുണ്ടായിരുന്നില്ല. അപ്പോഴാണ്‌ ഇന്നലെ ആമിര്‍ ബ്നു അബീ വഖാസ് (റ) ഒരു ആടിനെ വാങ്ങിയത് ഓര്‍ത്തത്. അങ്ങനെ ബഖീഇല്‍ ആട് ലഭ്യമല്ല അതുകൊണ്ട് താങ്കള്‍ ഇന്നലെ വാങ്ങിയ ആടിനെ ആ വിലക്ക്  എനിക്ക് നല്‍കുമോ എന്ന് ചോദിക്കാനായി ഞാന്‍ ഒരാളെ പറഞ്ഞുവിട്ടു. പക്ഷെ അയാള്‍ അവിടെ ചെന്നപ്പോള്‍ ആമിറിനെ കണ്ടില്ല. അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ ഞാന്‍ പറഞ്ഞുവിട്ട ആള്‍ക്ക് ആടിനെ നല്‍കി ഇതാണ് സംഭവിച്ചത്. അത് പറഞ്ഞപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: " നിങ്ങള്‍ അത് തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കുക " - [ അഹ്മദ് - അല്‍ബാനി, ഇസ്നാദുഹു സ്വഹീഹ് ].

ഇതില്‍ നിന്നും പ്രവാചകന്‍ (സ) അവരെ അത് കഴിക്കാന്‍ വിലക്കുകയും, എന്നാല്‍ തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കാന്‍ പറയുകയും ചെയ്തു.

തെളിവ് രണ്ട് : അതുപോലെ അബൂബക്കര്‍ (റ) വുമായി ബന്ധപ്പെട്ട് ഒരു ഹദീസ് ഇമാം അഹ്മദും നസാഇയുമെല്ലാം ഉദ്ദരിച്ചിട്ടുണ്ട് :

         ألم   
  1. അലിഫ്‌-ലാം-മീം

غُلِبَتِ الرُّومُ
  1. റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു.
فِي أَدْنَى الْأَرْضِ وَهُمْ مِنْ بَعْدِ غَلَبِهِمْ سَيَغْلِبُونَ
  1. അടുത്തനാട്ടില്‍ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌.
എന്നീ ആയത്തുകള്‍ ഇറങ്ങിയപ്പോള്‍ മുശ്'രികീങ്ങള്‍ ആ ആയത്തുകളെ കളവാക്കുകയും, റോമിന് വിജയം കിട്ടുകയില്ല എന്നും പറയുകയുണ്ടായി. അപ്പോള്‍ അബൂബക്കര്‍ (റ) പ്രവാചകന്‍റെ അനുവാദത്തോടെ അത് സംഭവിക്കുമെന്ന് അവരുമായി ബെറ്റ് വച്ചു. അങ്ങനെ അല്ലാഹു റോമുകാര്‍ക്ക് വിജയം നല്‍കിയപ്പോള്‍ അബൂബക്കര്‍ ആ ബെറ്റ് വഴി കിട്ടിയ പാരിതോഷികവുമായി പ്രവാചകന്‍റെ അടുത്ത് വന്നു. അപ്പോള്‍ പ്രവാകന്‍ (സ) പറഞ്ഞു: " ഇത് അന്യായമായ മുതലാണ്‌, അത് നീ ദാനം നല്കിയേക്കുക". മുസ്ലിമീങ്ങള്‍ അവര്‍ക്കല്ലാഹു നല്‍കിയ വിജയത്തില്‍ ഏറെ സന്തോഷിച്ചു (ഇത് ഖിമാര്‍ വിജയിച്ചതിനെ കുറിച്ചല്ല. മറിച്ച് ആയത്തില്‍ പറഞ്ഞ പ്രവചനം സത്യമായതിനെപ്പറ്റി സന്തോഷിചതിനെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞതാണ്).  പ്രവാചകന്‍ (സ) അബൂബക്കര്‍ (റ) വിന് ബെറ്റ് വെക്കാന്‍ അനുവാദം നല്‍കിയതിന് ശേഷം ഖിമാര്‍ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് അവതരിച്ചിരുന്നു " -[ മുസ്നദ് അഹ്മദ് 2495 , തിര്‍മിദി 2551, അല്‍ബാനി : സ്വഹീഹ്]. 

ആ സമയത്ത് ബെറ്റ് വെക്കല്‍ ( ഖിമാര്‍ ) നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങിയിട്ടില്ലായിരുന്നു.പക്ഷെ അദ്ദേഹം അത് നടത്തി പണം കൈവശം വന്നപ്പോഴേക്കും അത് അന്യായമായ പണം ആണ് എന്ന് സൂചിപ്പിക്കുന്ന  ഖിമാറിനെ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങുകയും ചെയ്തു. എന്നാല്‍ പ്രവാചകന്‍ (സ) ആ മുതല്‍ ഭക്ഷിക്കുന്നതില്‍ നിന്ന് അബൂ ബക്കര്‍ (റ) വിനെ വിലക്കുകയും അത് ദാനം നല്‍കാന്‍ കല്പിക്കുകയും ചെയ്തതായി കാണാം.


ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയോട് അന്യായമായ ധനം എങ്ങനെ കയ്യില്‍ നിന്നും നീക്കം ചെയ്യണം എന്നാ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയില്‍ കാണാം .. അദ്ദേഹം പറയുന്നു :  " ഉടമസ്ഥന്‍ തന്നെ അറിഞ്ഞുകൊണ്ട് നല്‍കുന്ന പലിശപോലെയുള്ള നിഷിദ്ധമായ ഇടപാടുകള്‍ വഴി വരുന്ന  അതിന്‍റെ ഉടമസ്ഥന് തന്നെ തിരിച്ച് നല്‍കേണ്ടതില്ല

ഫത്'വയുടെ പൂർണരൂപം: " കളവ്, മോഷണം, അക്രമിച്ചെടുക്കൽ തുടങ്ങി ഒരാളുടെ സമ്പത്ത് ആരെങ്കിലും അന്യായമായി അപഹരിച്ചതാണെങ്കിൽ, അതിൻറെ ഉടമസ്ഥനെ തനിക്കറിയുമെങ്കിൽ എന്ത് പ്രയാസം സഹിച്ചും, എത്ര പണിപ്പെട്ടും അതയാൾക്ക് എത്തിക്കണം. കാരണം അവകാശി ആരെന്നു അറിവുള്ള, ഒരു മുസ്ലിമിന് അവകാശപ്പെട്ട സ്വത്താണത്. ഒന്നുകിൽ വിശ്വസ്ഥരായ ആളുകൾ മുഖേനയോ. അതല്ലെങ്കിൽ തപാൽ വഴിയോ, മറ്റേതെങ്കിലും രൂപത്തിലോ അതയാൾക്ക് നിർബന്ധമായും എത്തിച്ചിരിക്കണം. 

എന്നാൽ അതിൻറെ ഉടമസ്ഥൻ ആരെന്നു അറിയാതെ വരുന്ന പക്ഷം, ഉദാ: ഒരു മനുഷ്യൻ പലരുടെയും പണം അപഹരിക്കുകയും അവരാരൊക്കെയാണ്‌ എന്ന് അറിയാൻ പറ്റാതെ വരികയും ചെയ്‌താൽ, അത് തന്‍റെ കയ്യില്‍ നിന്നും ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ അതിന്‍റെ പ്രതിഫലം അതിന്‍റെ യഥാര്‍ഥ അവകാശികള്‍ക്ക് ലഭിക്കട്ടേ എന്ന ഉദ്ദേശ്യപ്രകാരം ദാനം നല്‍കേണ്ടതാണ്.  അതിന്‍റെ അവകാശികള്‍ ആരെന്ന് തനിക്കറിയില്ലെങ്കിലും അവരെക്കുറിച്ച്  അല്ലാഹുവിന് കൃത്യമായി അറിയാമല്ലോ. എന്നാല്‍ ആ പണം നല്‍കപ്പെടുന്നവനെ (സ്വീകരിക്കുന്ന പാവപ്പെട്ടവന്‍) സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ പണമാണ്. അത് സ്വീകരിക്കുന്നതില്‍  നിഷിദ്ധം കടന്നുവരുന്നുവെന്ന് പ്രയാസപ്പെടേണ്ടതില്ല. അവനെ സംബന്ധിച്ചിടത്തോളം ആരെന്നറിവില്ലാത്ത ആ ഉടമസ്ഥനിൽ നിന്നും ലഭിക്കുന്നത് പോലെത്തന്നെയാണ് ഇയാളിൽ നിന്ന് ലഭിക്കുന്നതും. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അന്യായമായി കൈവശപ്പെടുത്തിയ മുതലുകളുടെ വിഷയത്തിലാണ്  ആ വ്യക്തിയെ അറിയില്ലെങ്കില്‍ അയാള്‍ക്ക് പ്രതിഫലം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ ദാനം ചെയ്യേണ്ടത്.

എന്നാൽ പലിശ ഇടപാടുകൾ പോലെയുള്ള പരസ്പര ധാരണയോടെ മറ്റുള്ളവരിൽ നിന്നും കൈവശപ്പെടുത്തുന്ന ഹറാമായ സമ്പത്ത് ആണെങ്കിൽ അതയാൾക്ക് തന്നെ തിരിച്ചു നൽകാന്‍ പാടില്ല. മറിച്ച് (പ്രതിഫലമാഗ്രഹിക്കാതെ) 'തന്റെ കയ്യിൽ നിന്നും ഒഴിവാക്കുക' എന്ന ഉദ്ദേശ്യത്തോടുകൂടി ധർമ്മം ചെയ്യുകയാണ് വേണ്ടത്. മാത്രമല്ല പരസ്പര ധാരണയോടെ കൈവശം വന്ന ഹറാമായ സമ്പത്താണ്‌ എങ്കില്‍ ആരില്‍ നിന്നാണോ അത് ലഭിച്ചത് അയാള്‍ക്ക് നന്മയായി രേഖപ്പെടുത്തപ്പെടട്ടെ എന്ന ഉദ്ദേശ്യപ്രകാരം നല്‍കുവാനും  പാടില്ല. മറിച്ച് തന്റെ കയ്യിൽ നിന്നും അതൊഴിവാക്കുക എന്നത് മാത്രമായിരിക്കണം അപ്രകാരം ചെയ്യുന്നവന്റെ നിയ്യത്ത്. അതാർക്കാണോ നൽകപ്പെടുന്നത് (പാവപ്പെട്ടവന്‍) അവനെ  സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ സമ്പത്താണ്‌ " .  
[مكتبة الفتاوى : فتاوى نور على الدرب (نصية) : البيوعمن موقع فضيلة الشيخ محمد بن صالح العثيمين رحمه الله، ].

എന്നാൽ ഒരാൾ അത് സ്വയം ഉപയോഗിക്കുവാനോ, താൻ ചിലവിന് നൽകൽ നിർബന്ധമായ തൻറെ ആശ്രിതർക്കത് നൽകുവാനോ പാടില്ല. ഇവിടെ ഇത് സ്വദഖയായി പരിഗണിക്കപ്പെടുന്നുമില്ല. കയ്യിൽ നിന്ന് ഒഴിവാക്കുക എന്നത് മാത്രമാണ് ഉദ്ദേശ്യം. അതിനൊട്ട് പ്രതിഫലവും ലഭിക്കുകയില്ല. എന്നാൽ ഹറാമായ സമ്പത്ത് നിർബന്ധിത സാഹചര്യത്തിൽ കൈവശം വരുന്ന ഒരാൾ ഇപ്രകാരം ചെയ്യുന്നുവെങ്കിൽ, തൻറെ സമ്പത്തിൽ ഹറാം കൂടിക്കലരാതിരിക്കാൻ അയാള് കാണിക്കുന്ന സൂക്ഷ്മതക്കും, അതിൽ നിന്നൊരു ചില്ലിക്കാശുപോലും ഉപയോഗിക്കാതെ പൂർണമായും ഒഴിവാക്കാനുള്ള നല്ല മനസ്സിനും അയാൾക്ക് പ്രതിഫലം ലഭിക്കും.

അല്ലാഹു അനുഗ്രഹിക്കട്ടെ ....

ഇനി ധാരാളം പണം കൈവശമുള്ളവർ അത് ബേങ്കിൽ നേരിട്ട് നിക്ഷേപിക്കാതെ അത് സ്വർണ്ണമാക്കി ലോക്കറിൽ സൂക്ഷിക്കുകയാണ് എങ്കിൽ. അത്രയെങ്കിലും പലിശയിൽ നിന്നും മോചനം നേടാൻ സാധിക്കും. ലോക്കർ ഉപയോഗിക്കുന്നതിനു നൽകുന്ന ഫീസ്‌ നമ്മൾ ഉപയോഗപ്പെടുത്തുന്ന സർവീസിന് ബദലായി നൽകുന്നതായതിനാൽ  ഈ ഇടപാടിൽ പലിശ കടന്നുവരുന്നില്ല. മാത്രമല്ല സ്വർണ്ണനിക്ഷേപമാകുമ്പോൾ തൻറെ അധ്വാനത്തിന്റെ യഥാർത്ഥ മൂല്യം നഷ്ടപ്പെടാതെ സംരക്ഷിക്കുവാനും സാധിക്കുന്നു.

ഇനി കഴിവതും പണം കുമിഞ്ഞുകൂടിക്കിടക്കാത്ത രൂപത്തിൽ ഉപകാരപ്രദമായ ഉത്പാദന പ്രക്രിയകളിൽ ഉപയോഗപ്പെടുത്തുക. അത് സമ്പത്തിനെ വർദ്ധിപ്പിക്കുകയും അനാവശ്യമായി  ബേങ്കിൽ നിക്ഷേപിക്കുന്നതിനെയും ഇല്ലാതാക്കുവാൻ സഹായകമാകും.

നിങ്ങളുടെ കൈവശം നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത  നിഷിദ്ധമായ സമ്പത്ത് ഉണ്ടെങ്കിൽ അത് അറിയിച്ചാൽ, വളരെ സൂക്ഷമമായി ആ പണം  കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇന്ന് നമുക്കുണ്ട് , അർഹപ്പെട്ടവരെ കടക്കെണിയിൽ നിന്നും, മറ്റു ഇതര പ്രാരാബ്ധങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ അത് ഉപയോഗപ്പെടുത്തുന്നതാണ് إن شاء الله. അതിന്‍റെ  കൃത്യമായ വിവരങ്ങൾ നിങ്ങളെ അറിയിക്കുകയും ചെയ്യും. നമ്മുടെ നാട്ടിലെ 'ഷെല്‍ട്ടര്‍ ഇന്ത്യ' അത് സൂക്ഷ്മതയോടെ നിര്‍വഹിച്ചു വരുന്നുണ്ട്. അവരുമായി നിങ്ങള്‍ക്ക് ബന്ധപ്പെടാം:

Shelter India Charitable Trust
REG No. 249/15
Andiyoorkunnu Road, Pulikkal
Malappauram, Kerala
E-mail: toshelterindia@gmail.com
Contact: PH: 9061099550
Website: www.shelterindia.org


അല്ലാഹു അനുഗ്രഹിക്കട്ടെ ...
____________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ