Thursday, June 30, 2022

മറ്റൊരു നാട്ടിൽ ആണ് ബലി അറുക്കുന്നത് എങ്കിൽ, താൻ നിൽക്കുന്ന സ്ഥലത്തെ മാസപ്പിറവി ആണോ അവിടത്തെ മാസപ്പിറവി ആണോ അടിസ്ഥാനമാക്കേണ്ടത് ?



ചോദ്യം: സൗദിയിലുള്ള ആൾ നാട്ടിൽ ഉളുഹ്യ്യതിന് കൂടുമ്പോൾ അദ്ദേഹം എവിടുത്തെ മാസപ്പിറവിയെ ആണ് പരിഗണിക്കേണ്ടത് ?. തന്റെ പെരുന്നാൾ നിസ്കാരം കഴിയാതെ മറ്റൊരു നാട്ടിൽ തനിക്ക് ബലി അറുക്കാമോ?

www.fiqhussunna.com

ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

മുടിയും നഖവും നീക്കരുത് എന്ന വിഷയത്തിൽ ഉള്ഹിയ്യത്ത് കർമ്മം നിയ്യത്താക്കിയ വ്യക്തി താൻ നിൽക്കുന്ന സ്ഥലത്തെ മാസപ്പിറവി ആണ് പരിഗണിക്കേണ്ടത്. മാത്രമല്ല ആ നിയമം ഉള്ഹിയ്യത്ത് നിയ്യത്താക്കിയ അതിന് പണം മുടക്കുന്ന വ്യക്തിക്ക് മാത്രമുള്ളതാണ്.  അയാളെ  സംബന്ധിച്ചിടത്തോളം എപ്പോഴാണ് ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമാറുന്നത് അതാണ്‌ പരിഗണിക്കേണ്ടത്.

عن أم سلمة رضي الله عنها أن النبي صلى الله عليه وسلم قال : ( إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ ، فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ ) رواه مسلم

ഉമ്മു സലമ (റ) നിവേദനം : നബി (സ) പറഞ്ഞു: "നിങ്ങളിലൊരാൾ ദുൽഹിജ്ജ മാസപ്പിറവി ദർശിക്കുകയും, താൻ ഉള്‌ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്നവനായിരിക്കുകയും ചെയ്‌താൽ, അവൻ അവന്റെ മുടിയും നഖവും മുറിക്കാതിരിക്കട്ടെ" - [സ്വഹീഹ് മുസ്‌ലിം].

അത് നിറവേറ്റാൻ ഏല്പിക്കപ്പെട്ട വ്യക്തിക്ക് ഈ നിയമം ബാധകമല്ല. അയാൾക്ക് നഖവും മുടിയും ഒക്കെ നീക്കം ചെയ്യുന്നതിൽ തെറ്റില്ല. 

ഇനി അറവിൻ്റെ വിഷയത്തിൽ, പെരുന്നാൾ ദിവസം മുതൽ അയ്യാമുതഷ്‌രീഖ് വരെ സമയം ഉള്ളതുകൊണ്ട് രണ്ട് പേർക്കും ഒത്തുവരുന്ന സമയം പരിഗണിക്കുകയാണ് എങ്കിൽ അതാണ് ഏറ്റവും ഉചിതവും സൂക്ഷ്മതയും.

എന്നാൽ എവിടെയാണോ ബലി അറുക്കപ്പെടുന്നത് അവിടത്തെ സമയം പരിഗണിച്ചുകൊണ്ട് അനുവദനീയമായ ഏത് സമയത്ത് ബലി അറുത്താലും കുഴപ്പമില്ല. ബലി അറുക്കാൻ ഏൽപ്പിക്കപ്പെട്ട ആളുടെ നാട്ടിലെ സമയം മാത്രം പരിഗണിച്ചാൽ തന്നെ മതി എന്നതാണ് സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭയായ ലജ്‌നതുദ്ദാഇമയുടെ അഭിപ്രായം. അവർ നൽകിയ മറുപടിയിൽ ഇപ്രകാരം കാണാം:

يجوز للوكيل في الأضحية ذبح أضحية الموكل بعد صلاة العيد بالنسبة للوكيل ، دون الموكل؛ لأن الوكيل قائم مقام موكله

"ബലി അറുക്കുന്ന കാര്യത്തിൽ, ഉള്ഹിയ്യത്ത് അറുക്കാൻ ഏൽപ്പിക്കപ്പെട്ട വ്യക്തിക്ക് തൻ്റെ പെരുന്നാൾ നമസ്‌കാരം കഴിഞ്ഞാൽ തന്നെ ബലി അറുക്കാം. തന്നെ ഏല്പിച്ച വ്യക്തിയുടെ പെരുന്നാൾ നമസ്‌കാരം കഴിഞ്ഞില്ലെങ്കിലും ശരി. കാരണം ഏൽപ്പിക്കപ്പെട്ടയാൾ ഏല്പിച്ച വ്യക്തിയുടെ സ്ഥാനത്താണ്" - [ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹ) , അബ്ദുൽ അസീസ് ആലു ശൈഖ് (ഹ) , അബ്ദുല്ലാഹ് ബ്ൻ ഗുദയ്യാൻ (റ) ...].

വകീൽ അഥവാ ഏല്പിക്കപ്പെട്ടവൻ്റെ നാട്ടിലെ സമയം പരിഗണിച്ചാൽ മതി, മുവക്കിൽ അഥവാ ഏല്പിച്ചവൻ്റെ നാട്ടിലെ സമയം വിഷയമല്ല എന്ന നിലക്കാണ് അപ്രകാരം പറഞ്ഞിട്ടുള്ളത്.   

എന്തായാലും ഇത് പ്രത്യേക പ്രമാണം വന്നിട്ടില്ലാത്ത ഇജ്തിഹാദിയായ ഒരു വിഷയമാണല്ലോ. അതുകൊണ്ടുതന്നെ താൻ അറുക്കാൻ ഉദ്ദേശിക്കുന്ന നാട്ടിൽ താൻ നിൽക്കുന്ന നാടിനേക്കാൾ മുൻപ് മാസം കണ്ടാൽ, ഒരു ദിവസം കാത്തു നിന്നാലും തൻ്റെ പെരുന്നാൾ നമസ്‌കാരം കൂടി കഴിഞ്ഞ ശേഷം അത് അറുക്കപെടുന്നതായിരിക്കും കൂടുതൽ സൂക്ഷ്‌മത എന്നതിൽ സംശയമില്ല. കാരണം അയ്യാമുതശ്രീഖിൻ്റെ ദിവസവും ഉള്ഹിയ്യത്ത് അറുക്കാവുന്ന ദിവസം ആകയാൽ അവിടെ ഉള്ഹിയ്യത്ത് അറുക്കപ്പെടുന്ന നാട്ടിലും, ഉള്ഹിയ്യത്ത് അറുക്കാൻ ഏല്പിച്ച വ്യക്തിയെ സംബന്ധിച്ചിടത്തോളവും പെരുന്നാൾ നമസ്‌കാരം കഴിയുകയും, രണ്ടുപേരെ സംബന്ധിച്ചിടത്തോളവും ഉള്‌ഹിയ്യത്ത് അറുക്കാൻ വേണ്ടി നിർദേശിക്കപ്പെട്ട സമയത്ത് തന്നെ ഉള്ഹിയ്യത്ത് നിർവഹിക്കപ്പെടുകയും ചെയ്യുമല്ലോ. അതുകൊണ്ട് അവിടെ ആരുടെ സമയം പരിഗണിക്കണം എന്ന ഒരു സംശയത്തിനുള്ള സാധ്യത തന്നെ വരുന്നുമില്ല. 

عَنْ جُنْدُبِ بْنِ سُفْيَانَ الْبَجَلِيِّ : أَنَّهُ صَلَّى مَعَ رَسُولِ اللَّهِ ﷺ يَوْمَ أَضْحَى، قَالَ: فَانْصَرَفَ فَإِذَا هُوَ بِاللَّحْمِ، وَذَبَائِحُ الْأَضْحَى تُعْرَفُ، فَعَرَفَ رَسُولُ اللَّهِ ﷺ أَنَّهَا ذُبِحَتْ قَبْلَ أَنْ يُصَلِّيَ، فَقَالَ: مَنْ كَانَ ذَبَحَ قَبْلَ أَنْ يُصَلِّيَ فَلْيَذْبَحْ مَكَانَهَا أُخْرَى، وَمَنْ لَمْ يَكُنْ ذَبَحَ حَتَّى صَلَّيْنَا فَلْيَذْبَحْ بِاسْمِ اللَّهِ مُتَّفَقٌ عَلَيْهِ.

ജുൻദുബ് ബ്നു സുഫ്യാൻ അൽ ബജലി (റ) നിവേദനം : അദ്ദേഹം നബി (സ) ക്ക് ഒപ്പം പെരുന്നാൾ നമസ്കാരം നിർവഹിച്ചു. അങ്ങനെ നമസ്കാരം കഴിഞ്ഞ് അദ്ദേഹം മടങ്ങുമ്പോൾ, അദ്ദേഹം മാംസം കാണാൻ ഇടയായി. ഉള്ഹിയ്യത്തിന്റെ മാംസം എന്ന് പ്രത്യേകം അറിയിക്കും വിധമാണ് അവയുണ്ടായിരുന്നത്. അപ്പോൾ അവ അദ്ദേഹം പെരുന്നാൾ നമസ്കാരം നിർവഹിക്കപ്പെടുന്നതിനു മുൻപായിത്തന്നെ അറുക്കപ്പെട്ടതാണ് എന്നദ്ദേഹത്തിന് മനസ്സിലായി. അപ്പോൾ അദ്ദേഹം പറഞ്ഞു : " ആരാണോ പെരുന്നാൾ നമസ്കരിക്കുന്നതിന് മുൻപ് ബലി അറുത്തത് അയാൾ തൽ സ്ഥാനത്ത് മറ്റൊരു ഉരുവിനെ ബലി അറുക്കട്ടെ. നമ്മൾ നമസ്കരിച്ച് തീരും വരെ ബലി അറുത്തിട്ടില്ലാത്തവർ ബിസ്മി ചൊല്ലി അവരുടെ ബലി മൃഗത്തെ അറുത്ത് കൊള്ളട്ടെ ". - [മുത്തഫഖുൻ അലൈഹി].

ഈ നിയമം ഏൽപ്പിക്കപ്പെട്ട വ്യക്തി അറുക്കപ്പെടുന്ന നാടിനെ അപേക്ഷിച്ച് അവിടെ മാത്രം പാലിച്ചാൽ മതിയാകും എന്ന് ലജ്‌നതുദ്ദാഇമ വ്യക്തമാക്കിയല്ലോ. എന്നാൽ നമ്മൾ സൂചിപ്പിച്ച പോലെ രണ്ടുപേരെ സംബന്ധിച്ചിടത്തോളവും ഒരുപോലെ അറുക്കാൻ അനുവദിക്കപ്പെടുന്നതായി ഒത്തുവരുന്ന സമയത്ത് അത് നിർവഹിക്കുകയാണ് എങ്കിൽ അതാണ് കൂടുതൽ ഉചിതം. മാത്രമല്ല മുടി നീക്കം ചെയ്യുന്നതിനുള്ള വിലക്കും നഖം വെട്ടുന്നതിനുള്ള വിലക്കുമെല്ലാം ഉള്ഹിയ്യത്ത് നിയ്യത്താക്കിയ അഥവാ ഏല്പിച്ച വ്യക്തിക്കാണ് , ഏൽപ്പിക്കപ്പെട്ട വ്യക്തിക്കല്ല എന്നും നമുക്ക് അറിയാമല്ലോ. അതുകൊണ്ടുതന്നെ രണ്ടും പരിഗണിച്ചാൽ പിന്നെ സംശയത്തിന് വകയുണ്ടാകില്ല. 

والله تعالى أعلم ، وصلى الله وسلم على نبينا محمد

_________________

✍ Abdu Rahman Abdul Latheef

Monday, June 6, 2022

BJP വക്താക്കളുടെ പ്രവാചക നിന്ദ - വർഗീയതയിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമങ്ങളെ പൊതുസമൂഹം ചെറുത്ത് തോല്പ്പിക്കണം




കാരുണ്യത്തിന്റെയും നന്മയുടെയും പ്രതീകമാണ് മുഹമ്മദ്‌ നബി (സ). മാലോകർക്ക് കാരുണ്യമായി നിയോഗിക്കപ്പെട്ടവർ എന്ന് വിശുദ്ധ ഖുർആൻ തന്നെ വിശേഷിപ്പിച്ച പ്രവാചകൻ.

ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ തങ്ങളുടെ ആത്മാവിനെക്കാൾ സ്നേഹിക്കുന്ന വ്യക്തിത്വവും, സമാധാന കാംക്ഷികൾ മാതൃകാ പുരുഷനായിക്കാണുന്ന മഹനീയ സ്വഭാവത്തിനുടമയുമായ പരിശുദ്ധ പ്രവാചകനെ അവഹേളിച്ചതിലൂടെ ഇന്ത്യയെന്ന മതനിരപേക്ഷ രാജ്യത്തെ തന്നെ ലോകത്തിന് മുന്നിൽ നാണം കെടുത്തിയിരിക്കുകയാണ് ബിജെപി വക്താക്കൾ ചെയ്തിരിക്കുന്നത്.

വർഗീയതയുടെ വിത്തുപാകി രാഷ്ട്രീയ ലാഭം കൊയ്യാൻ വേണ്ടിയുള്ള ഇത്തരം വഴിവിട്ട പ്രവർത്തനങ്ങളിലൂടെ അവർ ചവിട്ടി മെതിക്കുന്നത് മത നിരപേക്ഷ ഇന്ത്യയെയും നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യൻ പൈതൃകത്തെയുമാണ്.

മാത്രമല്ല ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ശാസിക്കുന്നത് വരേക്കും സൗദി കുവൈറ്റ് ഖത്തർ വിദേശകാര്യ മന്ത്രാലയങ്ങൾ നടപടി സ്വീകരിച്ചെങ്കിൽ, വർഗീയ ചിന്താഗതിക്കാർ ഇന്ത്യൻ വിദേശ നയത്തിനും, പ്രവാസലോകത്ത് ജോലി ചെയ്യുന്ന അനവധി ഇന്ത്യക്കാർക്കും എത്രമാത്രം അപകടമാണ് വിളിച്ചു വരുത്തിക്കൊണ്ടിരിക്കുന്നത് എന്നത് ഏറെ ആശങ്കാജനകമാണ്.

ലോകമൊന്നാകെ ആദരിക്കപ്പെടുന്ന പ്രവാചകനെ നിന്ദിച്ച് വർഗീയ ധ്രുവീകരണം നടത്താൻ ശ്രമിച്ചവർക്കെതിരെ കേവല അച്ചടക്ക നടപടികൾക്കപ്പുറം മാതൃകാപരമായി ശിക്ഷിക്കണം. മതനിരപേക്ഷതയും രാജ്യത്തിന്റെ സമാധാനാന്തരീക്ഷവും കാത്തു സൂക്ഷിക്കുന്നതിൽ നമുക്കും വലിയ പങ്കുണ്ട്. രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തിന് വിഘാതം വരുത്തുന്ന വർഗീയ പ്രചാരകർക്കെതിരെ പൊതുസമൂഹം ഒന്നടങ്കം അതിശക്തമായി പ്രതിഷേധിക്കണം.