Tuesday, December 25, 2012

മത സംരക്ഷണത്തിന്‍റെ പേരില്‍ തന്നെ അല്ലാഹുവിന്‍റെ മതത്തെ മാറ്റിയെഴുതുന്നവരും, യുക്തിവാദികളെപ്പോലും നാണിപ്പിക്കുന്ന രൂപത്തില്‍ പ്രവാചക വചനങ്ങളെ പരിഹസിക്കുന്നവരും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു.الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

"ലാ ഇലാഹ ഇല്ലല്ലാഹ്" എന്നത് സാക്ഷാല്‍ക്കരിക്കുന്നിടത്താണ് സൂഫികള്‍ പിഴച്ചു പോയതെങ്കില്‍.... "മുഹമ്മദുന്‍ റസൂലുല്ലാഹ്" എന്നത് സാക്ഷാല്‍ക്കരിക്കുന്നിടത്താണ് മറ്റു ചിലര്‍ പിഴച്ചു പോയത്.

മത സംരക്ഷണത്തിന്‍റെ പേരില്‍ തന്നെ അല്ലാഹുവിന്‍റെ മതത്തെ മാറ്റിയെഴുതുന്നവരും, യുക്തിവാദികളെപ്പോലും നാണിപ്പിക്കുന്ന രൂപത്തില്‍ പ്രവാചക വചനങ്ങളെ പരിഹസിക്കുന്നവരും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. ദൈവികാദ്യാപനങ്ങളെക്കാള്‍ യോഗ്യത തന്‍റെ യുക്തിക്കാണെന്ന് കരുതുന്നവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് പ്രമാണങ്ങളോടുള്ള പരിഹാസമെന്നത് ഞാന്‍ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. പ്രവാചക വചനങ്ങളെ നിന്ദിക്കാനായി പണവും സമയവും മാത്രമല്ല മതത്തെയും ഉപയോഗിക്കുന്ന നന്ദി കെട്ട ചില മനുഷ്യര്‍ . പൂരപ്പറമ്പില്‍ പോക്കറ്റടിക്കുന്നവന്‍ തന്നെ കള്ളനെ തിരയാന്‍ ആളെക്കൂട്ടുന്ന പോലെ പാശ്ചാത്യര്‍ നടത്തുന്ന പ്രവാചക നിന്ദക്കെതിരെ കൊടിപിടിക്കാനും ഇവര്‍ തന്നെ മുന്നിലുണ്ടാവും..

വളരെ ലാഘവത്തോടെ ദൈവികാധ്യാപനങ്ങളെ പരിഹസിക്കുന്നവര്‍ സൂറത്തു തൗബയിലെ ഈ വചനമെങ്കിലും ഒന്ന് വായിച്ചിരുന്നെങ്കില്‍ !!!!!!

ولئن سألتهم ليقولن إنما كنا نخوض ونلعب ، قل أبالله وآياته ورسوله كنتم تستهزءون

"നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദ്രഷ്ടാന്തങ്ങളെയും അവന്‍റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത് " [ തൗബ- 65].

(അമാനി മൗലവിയുടെ തഫ്സീറില്‍ ഈ ആയതിന്‍റെ അവതരണ പശ്ചാത്തലം ഒന്ന് പരിശോധിക്കുന്നത് ഒരുപക്ഷെ ഇതിന്‍റെ ഗൌരവം മനസ്സിലാക്കുന്നതിന് നിങ്ങള്‍ക്ക് സഹായകമായേക്കാം. നമുക്കൊരു തമാശയായി തോന്നിയേക്കാവുന്ന പരാമര്‍ശമാണ് ഈ ആയത്ത് അവതരിക്കാന്‍ തന്നെ കാരണം. )

എന്നാല്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത്തരക്കാരോടുള്ള അവന്‍റെ നിലപാട് എന്തായിരിക്കണം എന്ന് സൂറത്തു നിസാഇല്‍ വളരെ കൃത്യമായി പഠിപ്പിക്കുന്നുണ്ട് :

وقد نزل عليكم في الكتاب أن إذا سمعتم آيات الله يكفر بها ويستهزأ بها فلا تقعدوا معهم حتى يخوضوا في حديث غيره ، إنكم إذا مثلهم ، إن الله جامع المنافقين والكافرين في جهنم جميعا

" അല്ലാഹുവിന്‍റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നതുവരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ടല്ലോ. കപടവിശ്വാസികളെയും അവിശ്വാസികളേയും ഒന്നിച്ച് അല്ലാഹു നരകത്തില്‍ ഒരുമിച്ചു കൂട്ടുക തന്നെ ചെയ്യും " [നിസാഅ്- 140]

Wednesday, December 12, 2012

ഒരു വിശ്വാസിയുടെ ശാരീരിക ശുദ്ധി -1بسم الله والحـمد لله والصلاة والسلام على رسول الله ، وعلى آلـه وصحبه ومن والاه. أَمَّـا بـعد

1- വുളുവിന്റെ ശ്രേഷ്ഠതയും പ്രാധാന്യവും ..

നമസ്കാരം സ്വീകാര്യയോഗ്യമാകണമെങ്കില്‍ ഉണ്ടായിരിക്കേണ്ട ശര്ത്തുകളില്‍ പെട്ടതാണ് വുളൂഅ്(അംഗശുദ്ധി). അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُواْ إِذَا قُمْتُمْ إِلَى الصَّلاةِ فاغْسِلُواْ وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُواْ بِرُؤُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَينِ

" സത്യ വിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിനൊരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടു കൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണി വരെ രണ്ടു കാലുകള്‍ കഴുകുകയും ചെയ്യുക." [മാഇദ : 6]
 
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ നമസ്കാരം നിര്‍വഹിക്കാന്‍ വേണ്ടി അംഗശുദ്ധി വരുത്തണമെന്ന കല്പനയാണ് അല്ലാഹു ഈ ആയത്തില്‍ നല്‍കുന്നത്.

قال رسول الله صلى الله عليه وسلم : لا يقبل الله صلاة أحدكم إذا أحدث حتى يتوضأ (متفق عليه)

നബി (സ) പറഞ്ഞു: " നിങ്ങള്‍ക്കാര്‍ക്കെങ്കിലും ചെറിയ അശുദ്ധി ഉണ്ടായാല്‍ വുളൂ എടുത്താലല്ലാതെ അവന്റെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല" [ബുഖാരി & മുസ്‌ലിം].
 

ശാരീരിക ശുദ്ധി വരുത്തുന്നതോടൊപ്പം ഒരു വിശ്വാസിയുടെ പാപങ്ങളും വുളുവിലൂടെ കഴുകപ്പെടുന്നു:

قال رسول الله صلى الله عليه وسلم : "إذا توضأ العبد المسلم أو المؤمن فغسل وجهه خرج من وجهه كل خطيئة نظر إليها بعينه مع الماء ، فإذا غسل يديه خرج من يديه كل خطيئة كان بطشتها يداه مع الماء، فإذا غسل رجليه خرجت كا خطيئة مشتها رجلاه مع الماء ، حتى يخرج نقيا من الذنوب "(رواه مسلم) 

നബി(സ) പറഞ്ഞു : " ഒരു വിശ്വാസി വുളൂ എടുക്കുകയും അതിനായി തന്റെ മുഖം കഴുകുകയും ചെയ്‌താല്‍ അവന്റെ കണ്ണുകളുടെ നോട്ടം കൊണ്ട് അവന്‍ സ്വരൂപിച്ച പാപങ്ങളെല്ലാം ആ വെള്ളത്തോടൊപ്പം ചോര്‍ന്നു പോകുന്നു. അവന്റെ കൈകള്‍ കഴുകുമ്പോള്‍ കൈകള്‍ സ്പര്‍ശിച്ചതു മൂലം അവന്‍ സ്വരൂപിച്ച പാപങ്ങളെല്ലാം ആ വെള്ളത്തോടപ്പം ചോര്‍ന്നു പോകുന്നു. തന്റെ കാല്‍പാദങ്ങള്‍ കഴുകുമ്പോള്‍ തിന്മാക്കായി നടന്നു പോയത് മൂലം അവന്‍ സ്വരൂപിച്ച പാപങ്ങള്‍ ആ വെള്ളത്തോടൊപ്പം ചോര്‍ന്നു പോകുന്നു.അപ്രകാരം അവന്‍ പാപ വിമുക്തനായിത്തീരുന്നു".[മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്തത്].
 
عن عثمان بن عفان رضي الله عنه قال : قال رسول الله صلى الله عليه وسلم : "من توضأ فأحسن الوضوء خرجت خطاياه من جسده حتى تخرج من تحت أظفاره " – (رواه مسلم)

ഉസ്മാനു ബ്നു അഫ്ഫാനില്‍(റ) നിന്നും നിവേദനം: നബി(സ) പറഞ്ഞു:ആരെങ്കിലും വുളൂ എടുക്കുകയും, ആ വുളൂ ഏറ്റവും നല്ല രൂപത്തില്‍ ചെയ്യുകയും ചെയ്‌താല്‍ അവന്റെ ശരീരത്തില്‍ നിന്നും പാപങ്ങള്‍ പുറത്തു പോകും. എത്രത്തോളമെന്നാല്‍ പാപങ്ങള്‍ അവന്റെ നഖത്തിനടിയിലൂടെ പോലും പുറത്തു പോകും".[മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്തത്].
 
عن عبد الله الصنابحي أن رسول الله صلى الله عليه وسلم قال : "إذا توضأ العبد المؤمن فتمضمض خرجت الخطايا من فيه، وإذا استنثر خرجت الخطايا من أنفه ، فإذا غسل وجهه خرجت الخطايا من وجهه حتى تخرج من تحت أشفار عينيه ، فإذا غسل يديه خرجت الخطايا من يديه حتى تخرج من تحت أظفار يديه ، فإذا مسح برأسه خرجت الخطايا من رأسه حتى تخرج من أذنيه ، فإذا غسل رجليه خرجت الخطايا من رجليه حتى تخرج من تحت أظفار رجليه " قال : " ثم كان مشيه إلى المسجد وصلاته نافلة له " (رواه مالك في الموطأ، وأحمد والنسائي والحاكم ، وصححه الألباني)

അബ്ദുല്ലാഹ് അസ്വുനാബിഹി (റ) വില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു:" ഒരു വിശ്വാസി വുളൂ എടുക്കുകയും കൊപ്ലിക്കുകയും ചെയ്‌താല്‍ അവന്റെ വായിലൂടെ പാപങ്ങള്‍ പുറത്തു പോകുന്നു. മൂക്കില്‍ വെള്ളം കയറ്റി ചീറ്റിയാല്‍ മൂക്കിലൂടെ പാപങ്ങള്‍ പുറത്തു പോകുന്നു. മുഖം കഴുകിയാല്‍ അവന്റെ മുഖത്തിലൂടെ പാപങ്ങള്‍ പുറത്തു പോകുന്നു. എത്രത്തോളമെന്നാല്‍ അവന്റെ കണ്‍പോളകള്‍ക്കടിയിലൂടെ പോലും പാപങ്ങള്‍ പുറത്തു പോകും. അവന്റെ കൈകള്‍ കഴുകിയാല്‍ കൈകളിലൂടെ പാപങ്ങള്‍ പുറത്തു പോകുന്നു. എത്രത്തോളമെന്നാല്‍ നഖത്തിനടിയിലൂടെ പോലും പാപങ്ങള്‍ പുറത്തു പോകും. അവന്‍ തല തടവിയാല്‍ തലയിലൂടെ പാപങ്ങള്‍ പുറത്തു പോകുന്നു. എത്രതോളമെന്നാല്‍ അവന്റെ ചെവികളിലൂടെ പോലും പാപങ്ങള്‍ പുറത്തു പോകും. അവന്‍ തന്റെ കാലുകള്‍ കഴുകിയാല്‍ കാലുകളിലൂടെ പാപങ്ങള്‍ പുറത്തു പോകുന്നു. എത്രത്തോളമെന്നാല്‍ കാലിന്റെ നഖത്തിനടിയിലൂടെ പോലും പാപങ്ങള്‍ പുറത്തു പോകും. പിന്നീട് അവന്‍ നടന്നു നീങ്ങുന്നത് പള്ളിയിലേക്കാണ്. അവിടെ വച്ചുള്ള നമസ്കാരം അവന്റെ പുണ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു". [മുസ്നദ് അഹ്മദ്, മുവത്വ മാലിക് , നാസാഇ,(സ്വഹീഹ്)-അല്‍ബാനി].

ഖാദി ഇയാദ് (റ) ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു:'ഇവിടെ വെള്ളത്തോടൊപ്പം പാപങ്ങളും ചോര്‍ന്നു പോകുന്നു എന്നത് ആ വെള്ളം ചോര്‍ന്നു പോകുന്നതോടൊപ്പം പാപങ്ങള്‍ പൊറുക്കപ്പെടുന്നു എന്നാണര്‍ത്ഥമാക്കുന്നത്. മാലിന്യങ്ങള്‍ നിറഞ്ഞ ഒരു പാത്രം വൃത്തിയാക്കുമ്പോള്‍ അതില്‍ നിന്നും വെള്ളത്തോടൊപ്പം എപ്രകാരം മാലിന്യങ്ങള്‍ ചോര്‍ന്നു പോകുന്നുവോ അതിനോടാണ് ഇവിടെ പാപത്തെ ഉപമിച്ചത്'.

കഴുകപ്പെടുന്ന അവയവങ്ങള്‍ കൊണ്ടു ചെയ്ത പാപങ്ങള്‍ മാത്രമാണ് വുളൂ എടുക്കുമ്പോള്‍ പൊറുക്കപ്പെടുന്നത് എന്നും അതല്ല പൊതുവേ പാപങ്ങള്‍ പൊറുക്കപ്പെടുകയാണെന്നും പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ഏതായാലും ഓരോരുത്തര്‍ക്കും അല്ലാഹു ഉദ്ദേശിക്കുന്ന രൂപത്തില്‍,ഉദ്ദേശിക്കുന്ന അത്രയും പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നു.തീര്‍ച്ചയായും അതിനര്‍ഹതയുള്ളവരെ കൃത്യമായി അറിയുന്നവനാകുന്നു അല്ലാഹു. സൃഷ്ടികളോട് അങ്ങേയറ്റം കരുണയുള്ളവനാണവന്‍. നമ്മുടെയെല്ലാവരുടെയും പാപങ്ങള്‍ അവന്‍ പൊറുത്തു തരുമാറാകട്ടെ.... അല്ലാഹുമ്മ ആമീന്‍ ....

വുളുവിലൂടെ പൊറുക്കപ്പെടുന്നത് ചെറുപാപങ്ങള്‍:

വന്‍പാപങ്ങള്‍ വുളുവിലൂടെ പൊറുക്കപ്പെടുകയില്ല. ചെറുപാപങ്ങള്‍ മാത്രമാണ് വുളുവിലൂടെ പൊറുക്കപ്പെടുന്നത്.വന്‍പാപങ്ങള്‍ പൊറുക്കപ്പെടണമെങ്കില്‍ പ്രത്യേകം തൌബ ചെയ്യണം.ഏതെങ്കിലും വ്യക്തികളുടെ അവകാശങ്ങള്‍ അന്യായമായി കൈവശം വച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചു നല്‍കിയതിനു ശേഷമേ ആ തൗബ പോലും സ്വീകരിക്കുകയുള്ളൂ.ഇത് തൗബയുമായി ബന്ധപ്പെട്ട് വിശദീകരിക്കേണ്ടതാണ്.നിബന്ധനകള്‍ പാലിച്ചു കൊണ്ട് തൗബ ചെയ്തു മടങ്ങിയില്ലെങ്കില്‍ ഹജ്ജു കൊണ്ടു പോലും വന്‍പാപങ്ങള്‍ പൊറുക്കപ്പെടുകയില്ല എന്നാതാണ് പൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ആയതിനാല്‍ വുളൂ നിമിത്തം പൊറുക്കപ്പെടുന്നത് ചെറുപാപങ്ങള്‍ മാത്രമാണ് എന്ന് പറയേണ്ടതില്ലല്ലോ. സ്വഹീഹായ ഒരു ഹദീസില്‍ അത് വ്യക്തമായി വന്നിട്ടുമുണ്ട്:

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: "الصلوات الخمس، والجمعة إلى الجمعة، ورمضان إلى رمضان، مكفرات لما بينهن ما اجتنبت الكبائر" رواه مسلم

അബൂ ഹുറൈറയില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു: വന്പാപ്ങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കില്‍ , അഞ്ചു നമസ്കാരങ്ങളും, ഒരു ജുമഅ മറ്റൊരു ജുമുഅ വരേയും, ഒരു റമദാന്‍ മറ്റൊരു റമദാന്‍ വരേയും അവയ്ക്കിടയിലുള്ള പാപങ്ങള്‍ മായ്ച്ചു കളയുന്നു". [മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്തത്].

 അപ്പോള്‍ ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം പൊറുക്കപ്പെടുന്നത് ചെറുപാപങ്ങളാണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. വന്‍പാപങ്ങള്‍ പൊറുക്കപ്പെടണമെങ്കില്‍ പ്രത്യേകം തൗബ ആവശ്യമാണ്‌. പ്രായശ്ചിത്തം ആവശ്യമായവക്ക് അതും ചെയ്യണം.

___________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Tuesday, December 4, 2012

അറിവും അദബും ...عن أبي زكريا العنبري -رحمه الله - أنه كان يقول : "علم بلا أدب كنار بلا حطب، وأدب بلا علم كروح بلا جسم". رواه الخطيب 
البغدادي في[الجامع لأخلاق الراوي وآداب السامع]

അബൂ സക്കരിയ അല്‍ അന്‍ബരി റഹിമഹുല്ലാഹ് ഇപ്രകാരം പറയാറുണ്ടായിരുന്നു : " അദബില്ലാത്തവന്റെ അറിവ് വിറകില്ലാത്ത തീ പോലെയാണ്. അറിവില്ലാത്തവന്റെ അദബാകട്ടെ ആത്മാവില്ലാത്ത ശരീരം പോലെയുമാണ്‌" - ഖതീബ് അല്‍ ബഗ്ദാദി(റ) ഉദ്ധരിച്ചത്

ആവശ്യത്തിനു വിറകില്ലാ
ത്ത തീയിനു ശോഭയുണ്ടാകില്ല .. അതിന്‍റെ ഉപകാരവും ആകര്‍ഷണവും നന്നേ കുറവുമായിരിക്കും എന്നതുപോലെ സ്വഭാവ മര്യാദയില്ലാത്തവന്‍ എത്ര അറിവുള്ളവനാണെങ്കിലും അവന്‍റെ അറിവിനു ശോഭയുണ്ടാകില്ല. ഉപകാരവും ആകര്‍ഷണവും കുറയുകയും ചെയ്യും ...

ഇനി അറിവ് തേടാതെ വലിയ മര്യാദക്കാരനാണ് എന്നു നടിച്ചിട്ടും കാര്യമില്ല. അറിവില്ലാത്തവന്റെ മര്യാദ ആത്മാവില്ലാത്ത ശരീരം പോലെയാണ് ... ആത്മാവ് നഷ്ടപ്പെട്ടാല്‍ പിന്നെ ശരീരത്തിന് യാതൊരു പ്രതികരണവുമുണ്ടാവില്ല .... പ്രധിരോധ ശക്തിയില്ലാത്ത വെറും ഒരു ചലനമറ്റ ശരീരമായതു മാറും ... സ്വന്തത്തിനോ മറ്റുള്ളവര്‍ക്കോ ഉപകാരപ്പെടില്ല .... തന്‍റെ കണ്മുന്നില്‍ എന്തൊക്കെ സംഭവിച്ചാലും അത്തരക്കാര്‍ക്ക് തന്റേതായ ഒരു വീക്ഷണമോ പ്രതികരണമോ ഒന്നുമുണ്ടാവില്ല.... ഒരു ലക്ഷ്യബോധവുമില്ലാതെ ജീവിക്കുന്ന വെറുമൊരു മനുഷ്യ ശരീരം ...

അറിവും അദബും ഒരു വിശ്വാസിക്ക് അനിവാര്യമാണ്... അല്ലാഹു നമുക്ക് ഉപകാരപ്രദമായ അറിവും അദബും വര്‍ധിപ്പിച്ചു തരട്ടെ

മുസ്‌ലിം സമൂഹം ആക്രമിക്കപ്പെടുമ്പോള്‍ നാം അറിയാതെ മറന്നു പോയ ഒരു സുന്നത്ത്..... നാസിലത്തിന്റെ ഖുനൂത്ത് !.الحمد لله وحده، والصلاة والسلام على من لا نبي بعده، نبينا محمد وعلى آله وصحبه، وبعد:

പ്രതിഷേധങ്ങളുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടിപ്പോകുമ്പോൾ,,,, മറ്റുള്ളവരുടെ പ്രതിഷേധത്തെക്കാൾ കരുത്തുറ്റ പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനും പീഡിതരുടെ ടിക്കറ്റിൽ സ്വന്തം കക്ഷിയുടെ അംഗബലം കൂട്ടാനും ചിലരെങ്കിലും മത്സരിക്കുമ്പോൾ,,,, അവരിൽ നിന്നും വ്യത്യസ്തമായി ഒരു വിശ്വാസി അന്വേഷിക്കേണ്ടത് പീഡിതരായ തന്റെ സഹോദരങ്ങൾക്ക് വേണ്ടി എന്ത് നിർവഹിക്കാനാണ് കാരുണ്യത്തിന്റെ പ്രവാചകൻ(സ) പഠിപ്പിച്ചത് എന്നതാണ്. അവിടെയാണ് മുസ്‌ലിം സമൂഹം അക്രമിക്കപ്പെടുമ്പോള്‍ നാം അറിയാതെ മറന്നു പോയ ഒരു സുന്നത്ത്, അഥവാ നാസിലത്തിന്റെ ഖുനൂത്ത് പ്രസക്തമാകുന്നത്.


www.fiqhussunna.com

വിശ്വാസികളേ നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക...... ഭരമേല്‍പ്പിക്കാന്‍ അവനെത്ര നല്ലവന്‍ ...... അവന്‍ വാഗ്ദാനം ചെയ്ത വിജയം ഒട്ടും അകലെയല്ല.....وَلاَ تَهِنُوا وَلاَ تَحْزَنُوا وَأَنتُمُ الأَعْلَوْنَ إِن كُنتُم مُّؤْمِنِينَ

"നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്...നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാകുന്നു ഉന്നതന്മാര്‍" -(ആലുഇംറാന്‍- 139 ).

മുസ്ലിമീങ്ങള്‍ക്ക് വല്ല ആപത്തും വരുമ്പോള്‍ നബി (സ)യില്‍ നിന്നും സ്ഥിരപ്പെട്ട ഒരു സുന്നത്താണ് നാസിലതിന്റെ ഖുനൂത്ത്.... ഇന്ന് അന്യം നിന്ന് പോകുന്ന സുന്നത്തുകളില്‍ ഒന്നാണിത്.... ഫലസ്തീനില്‍ ജൂദ ഭീകരതക്ക് ഇരയായും, യമനിലും സിറിയയിലുമെല്ലാം ശിയാ ഭീകരതക്ക് ഇരയായും, ഫാഷിസത്തിന് ഇരയായും, രാജ്യത്തിന്റെ അപമാനമായ ഗോ സംരക്ഷണമെന്ന പേരിലെ കൂട്ടക്കുരുതിക്ക് ഇരയായും   കൊല്ലപ്പെടുന്ന നമ്മുടെ സഹോദരങ്ങള്‍. അവരനുഭവിക്കുന്ന യാതനകള്‍ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ. ആസാം, മ്യാന്മര്‍ തുടങ്ങി ലോകത്തിന്റെ നാനാ ഭാഗത്തും ഇതാവര്‍ത്തിക്കപ്പെടുമ്പോള്‍ പലപ്പോഴും അവര്‍ക്ക് വേണ്ടി എന്ത് ചെയ്യണമെന്നറിയാതെ സഹതപിക്കാനേ നമുക്ക് കഴിയാറുള്ളൂ... നമ്മളെക്കൊണ്ട് കഴിയുന്ന എല്ലാ സഹായവും അവര്‍ക്ക് ചെയ്തുകൊടുക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ് എന്നതിനോടൊപ്പം തന്നെ അവര്‍ക്ക് വേണ്ടി നമ്മള്‍ അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു വിശ്വാസി ചെയ്യേണ്ടതായി നബി(സ) യില്‍ നിന്നും സ്ഥിരപ്പെട്ടു വന്ന ഒരു കര്‍മമാണ് നാസിലതിന്‍റെ ഖുനൂത്ത്. സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും, ഇമാം അഹ്മദിന്റെ മുസ്നദിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലുമെല്ലാം അതുമായി ബന്ധപ്പെട്ടു വന്ന ധാരാളം സ്വഹീഹായ ഹദീസുകള്‍ കാണാന്‍ സാധിക്കും..... ശത്രുക്കളില്‍ നിന്നും ആക്രമിക്കപ്പെടുമ്പോള്‍ മാത്രമല്ല മഴ, കാറ്റ്, ഭൂകമ്പം തുടങ്ങിയ നാശം വിതക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാവുമ്പോഴും നാസിലതിന്റെ ഖുനൂത്ത് ചോല്ലാവുന്നതാണ്...

നാസിലതിന്റെ ഖുനൂതുമായി ബന്ധപ്പെട്ടു വന്ന ചില ഹദീസുകള്‍ മാത്രം ഇവിടെ കൊടുക്കാം


عَنْ أَنَسِ بْنِ مَالِكٍ رضي الله عنه : " أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَنَتَ شَهْرًا يَلْعَنُ رِعْلاً وَذَكْوَانَ وَعُصَيَّةَ عَصَوُا اللَّهَ وَرَسُولَهُ " متفق عليه واللفظ لمسلم .

അനസ്  ബിന്‍ മാലിക്  (റ) വില്‍ നിന്നും നിവേദനം. "അല്ലാഹുവെയും അവന്‍റെ പ്രവാചകനെയും ധിക്കരിച്ച റിഅ്ല്‍, ദക്'വാന്‍, ഉസ്വയ്യ എന്നീ ഗോത്രങ്ങളെ ശപിച്ചുകൊണ്ട്    പ്രവാചകന്‍ (സ) ഒരു മാസക്കാലത്തോളം ഖുനൂത്ത് ചൊല്ലി" - [ ബുഖാരി, മുസ്‌ലിം].

عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ : " أَنَّ رِعْلاً وَذَكْوَانَ وَعُصَيَّةَ وَبَنِي لَحْيَانَ اسْتَمَدُّوا رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى عَدُوٍّ فَأَمَدَّهُمْ بِسَبْعِينَ مِنَ الْأَنْصَارِ كُنَّا نُسَمِّيهِمُ الْقُرَّاءَ فِي زَمَانِهِمْ كَانُوا يَحْتَطِبُونَ بِالنَّهَارِ وَيُصَلُّونَ بِاللَّيْلِ حَتَّى كَانُوا بِبِئْرِ مَعُونَةَ قَتَلُوهُمْ وَغَدَرُوا بِهِمْ فَبَلَغَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَنَتَ شَهْرًا يَدْعُو فِي الصُّبْحِ عَلَى أَحْيَاءٍ مِنْ أَحْيَاءِ الْعَرَبِ عَلَى رِعْلٍ وَذَكْوَانَ وَعُصَيَّةَ وَبَنِي لَحْيَانَ قَالَ أَنَسٌ فَقَرَأْنَا فِيهِمْ قُرْآنًا ثُمَّ إِنَّ ذَلِكَ رُفِعَ ( بَلِّغُوا عَنَّا قَوْمَنَا أَنَّا لَقِينَا رَبَّنَا فَرَضِيَ عَنَّا وَأَرْضَانَا) " . أخرجه البخاري .

അനസ് ബിന്‍ മാലിക് നിവേദനം: റിഅ്ല്‍, ദക്'വാന്‍, ഉസ്വയ്യ, ബനൂ ലഹ്യാന്‍ എന്നീ ഗോത്രങ്ങള്‍ അവരുടെ ശത്രുക്കള്‍ക്കെതിരായി പ്രവാചകനോട് സഹായമാവശ്യപ്പെട്ടു. പകല്‍ സമയങ്ങളില്‍ വിറകു വെട്ടുന്നവരും, രാത്രി സമയങ്ങളില്‍ നിന്ന് നമസ്കരിക്കുകയും ചെയ്തിരുന്ന, ഞങ്ങള്‍ ഖാരിഉകള്‍ എന്ന് വിശേഷിപ്പിച്ചിരുന്ന 70 അന്‍സാരികളെ  റസൂലുള്ള അവരിലേക്ക് അയച്ചുകൊടുത്തു. അങ്ങനെ അവര്‍ ബിഅര്‍ മഊന പ്രദേശത്ത് എത്തിയപ്പോള്‍ ആ ഗോത്രങ്ങള്‍ അവരെ വഞ്ചിക്കുകയും അവരെ വധിക്കുകയും ചെയ്തു. ആ വിവരം പ്രവാചകന്‍ (സ) അറിഞ്ഞപ്പോള്‍ (അതില്‍ പങ്കാളികളായ) ചില അറബ് പ്രദേശങ്ങള്‍ക്കെതിരെയും
റിഅ്ല്‍, ദക്'വാന്‍, ഉസ്വയ്യ, ബനൂ ലഹ്യാന്‍ എന്നീ ഗോത്രങ്ങളുടെ മേലും ഒരു മാസക്കാലത്തോളം സുബഹി നമസ്കാരത്തില്‍ ഖുനൂത്ത് (ശാപ പ്രാര്‍ത്ഥന) നടത്തുകയുണ്ടായി. അനസ് ബിന്‍ മാലിക് പറയുന്നു:  "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുകയും, അവന്‍ ഞങ്ങളെക്കുറിച്ചും ഞങ്ങള്‍ അവനെക്കുറിച്ചും ത്രിപ്തിപ്പെട്ടിരിക്കുന്നുവെന്ന്   ഞങ്ങളുടെ ആളുകളെ നീ അറിയിക്കുക." എന്ന ഖുര്‍ആനിക വചനം ആ കൊല്ലപ്പെട്ട സ്വഹാബത്തിന്‍റെ വിഷയത്തില്‍ ഞങ്ങള്‍ പാരായണം ചെയ്യാറുണ്ടായിരുന്നു. പിന്നീട് ആ വചനം ദുര്‍ബലപ്പെടുത്തപ്പെട്ടു". - [ബുഖാരി].

ആ ആയത്തിന് പകരമായാണ് അല്ലാഹു സൂറത്തു ആലു ഇമ്രാനിലെ 169, 170 വചനങ്ങള്‍ ഇറക്കിയത് എന്ന് പ്രമാണങ്ങളില്‍ കാണാം.

عَنْ أَبِي هُرَيْرَةَ رضي الله عنه : " أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ فِي الرَّكْعَةِ الْآخِرَةِ مِنْ صَلَاةِ الْعِشَاءِ قَنَتَ اللَّهُمَّ أَنْجِ عَيَّاشَ بْنَ أَبِي رَبِيعَةَ اللَّهُمَّ أَنْجِ الْوَلِيدَ بْنَ الْوَلِيدِ اللَّهُمَّ أَنْجِ سَلَمَةَ بْنَ هِشَامٍ اللَّهُمَّ أَنْجِ الْمُسْتَضْعَفِينَ مِنَ الْمُؤْمِنِينَ اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى مُضَرَ اللَّهُمَّ اجْعَلْهَا عَلَيْهِمْ سِنِينَ كَسِنِي يُوسُفَ "( ) . أخرجه البخاري
.

അബൂ ഹുറൈറ നിവേദനം: പ്രവാചകന്‍ (സ) ഇഷാ നമസ്കാരത്തിലെ അവസാന റക് അത്തില്‍   'സമിഅല്ലാഹു ലിമന്‍ ഹമിദ' എന്ന് പറഞ്ഞത്തിനു ശേഷം ഇപ്രകാരം ഖുനൂത്ത് ചൊല്ലാറുണ്ടായിരുന്നു. അല്ലാഹുവേ അയ്യാഷ് ബ്നു അബീ റബീഅയെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ വലീദ് ബ്നുല്‍ വലീദിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സലമത് ബ്നു ഹിശാമിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സത്യവിശ്വാസികളില്‍ നിന്നും ദുര്‍ബലരായിട്ടുള്ളവരെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ മുളര്‍ ഗോത്രത്തിനെ നീ കഠിനമായ രൂപത്തില്‍ പിടികൂടണേ... അല്ലാഹുവേ അവരുടെ മേല്‍ (നിന്‍റെ ശിക്ഷ) യുസുഫ് അലൈഹിസ്സലാമിന്‍റെ സമുദായത്തിനുണ്ടായ (വരള്‍ച്ചയുടെ) വര്‍ഷങ്ങളെപ്പോലെയുള്ള വര്‍ഷങ്ങളാക്കിത്തീര്‍ക്കേണമേ". - [ബുഖാരി].

ഇനിയും ഒരുപാട് ഹദീസുകള്‍ ഈ വിഷയത്തില്‍ നമുക്ക് കാണാന്‍ സാധിക്കും....

ഇമാം നവവി പറയുന്നു: "നാസിലതിന്റെ ഖുനൂത്ത് (സുബഹിക്ക് മാത്രമല്ല) എല്ലാ നമസ്കാരങ്ങളിലും നിര്‍വഹിക്കാം എന്നതാണ് ശരിയായ വീക്ഷണം " [ അല്‍ മജ്മൂഅ- വോ:3/485 ]

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ പറയുന്നു : " സത്യ വിശ്വാസികളുടെ നന്മക്ക് വേണ്ടിയും, അവരെ ആക്രമിക്കുന്ന അവിശ്വാസികള്‍ക്കെതിരെ അല്ലാഹുവിന്റെ കോപമുണ്ടാവാന്‍ പ്രാര്‍ഥിച്ചു കൊണ്ടും, നാസിലതിന്റെ ഖുനൂത്ത് ചൊല്ലല്‍ അനുവദനീയമാണ്, അത് സുബഹിക്കും അതുപോലെ മറ്റു ഫര്‍ദ് നമസ്ക്കാരങ്ങളിലും ആകാവുന്നതാണ് " [ മജ്മൂഉ ഫതാവ- 22/270 ]

സൗദിയിലെ ഔദ്യോഗിക ഫത്'വ ബോര്‍ഡായ ലജ്നതുദ്ദാഇമ പറയുന്നു : "ആപത്ത് (നവാസ്സില്‍ ) വരുന്ന സന്ദര്‍ഭങ്ങളില്‍ നബി(സ) ഖുനൂത്ത് ചോല്ലാറുണ്ടായിരുന്നു എന്നത് പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. അക്രമികളായ അവിശ്വാസികല്‍ക്കെതിരെ അല്ലാഹുവിന്റെ ശിക്ഷയുണ്ടാകുവാനും. അക്രമിക്കപ്പെട്ട ദുര്‍ബലരായ മുസ്ലിമീങ്ങളെ അവിശ്വാസികളുടെ കുതന്ത്രങ്ങളില്‍ നിന്നും തടവില്‍ നിന്നും മോചനം നല്‍കി രക്ഷപ്പെടുത്തുവാനും അദ്ദേഹം അതില്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. -ഒരു മാസത്തോളം അതനുഷ്ഠിച്ച ശേഷം അതിന്റെ കാരണം നീങ്ങിയപ്പോള്‍- അദ്ദേഹം അതുപേക്ഷിച്ചു. എന്നാല്‍ അത് പ്രത്യേകമായി ഇന്ന ഫര്‍ദ് നമസ്കാരതിലാണ് നിര്‍വഹിക്കേണ്ടത് എന്നദ്ദേഹം പരിമിതപ്പെടുത്തിയിട്ടില്ല." [ ഫതാവ ലിജ്നതുദ്ദാഇമ- 7/42]


ഷെയ്ഖ്‌ ഇബ്നു ബാസ് (റഹിമാഹുല്ലാഹ്) പറയുന്നു: "മുസ്ലിമീങ്ങള്‍ക്ക് ആപത്ത് വരുമ്പോഴുള്ള ഖുനൂത്ത് (ഖുനൂത്തുന്നവാസ്സില്‍) എല്ലാ നമസ്കാരങ്ങളിലും നിര്‍വഹിക്കുക എന്നത് അങ്ങേയറ്റം പ്രാധാന്യമുള്ള ഒരു സുന്നത്താണ്. അക്രമികളെ പരാജയപ്പെടുത്താനും, നിന്ദ്യരാക്കുവാനും, അവരുടെ സൈന്യത്തെ തകര്‍ക്കാനും, അവരെ പരസ്പരം ഭിന്നിപ്പിക്കാനും, അവരുടെ മേല്‍ മുസ്ലിമീങ്ങളെ വിജയികളാക്കുവാനും ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രാര്‍ത്ഥനയാണത് ". [ മജ്മൂഉ ഫാതാവ ഇബ്ന്‍ ബാസ്-7/381]

ഷെയ്ഖ്‌ ഇബ്നു ഉസൈമീന്‍ പറയുന്നു: "പ്രവാചകന്‍(സ) യില്‍ നിന്നും സ്ഥിരപ്പെട്ടു വന്നിട്ടുള്ളതുപോലെ നാസിലത്തിന്റെ ഖുനൂത്ത് എല്ലാ നമസ്കാരങ്ങളിലും നിര്‍വഹിക്കാവുന്നതാണ്. അത് സുബഹി നമസ്കാരത്തിനോ മഗരിബ് നമസ്കാരത്തിനോ പ്രത്യേകമായി നിര്‍വഹിക്കേണ്ട ഒന്നല്ല. അതുപോലെ ഓരോ ആഴ്ചയിലേയും ഒരു പ്രത്യേക രാത്രിയിലോ, ഒരു പ്രത്യേക ദിവസത്തിലോ ചെയ്യേണ്ട ഒന്നല്ല അത്. അത് ഏത് ദിവസങ്ങളിലും ചെയ്യാവുന്നതാണ്". [ ഫതാവ നൂറുന്‍ അലദ്ദര്‍ബ്- 32/160 ]
 
എന്നാല്‍ ജുമുഅ നമസ്കാരത്തില്‍ നാസ്സിലതിന്റെ ഖുനൂത്ത് നിര്‍വഹിക്കാമോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്:  നബി(സ) ജുമുഅ നമസ്കാരത്തില്‍ ഖുനൂത്ത് ചൊല്ലിയതായി സ്ഥിരപ്പെട്ടിട്ടില്ലാത്തതിനാല്‍ അത് പാടില്ല എന്നാണു പൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. അതാണ്‌ ശരിയായ വീക്ഷണവും. വെള്ളിയാഴ്ച ഖത്തീബിന് ഖുത്ബയില്‍ പ്രാര്‍ഥിക്കാമല്ലോ. ഒരു പക്ഷെ അതായിരിക്കാം ജുമുഅ നമസ്കാരത്തില്‍ അത് അനുവദിക്കാതിരിക്കാന്‍ കാരണം..  അല്ലാഹുവിനറിയാം !! ...
ത്വാഊസ്, ഖതാദ, ഹസനുല്‍ ബസരി, ഇബ്രാഹീമുന്നഖഈ, അത്വാഅ്, മക്ഹൂല്‍ തുടങ്ങിയ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍ ജുമുഅ നമസ്കാരത്തില്‍ നാസിലതിന്റെ ഖുനൂത്ത് നിര്‍വഹിക്കുന്നതിനെ ശക്തമായി എതിര്‍ത്തു എന്ന് 'മുസ്വന്നഫ് അബ്ദുറസാഖി'ലും, 'ഇബ്നു അബീ ശൈബയി'ലും കാണാന്‍ സാധിക്കും.
ജുമുഅക്ക് ഖുനൂത്ത് നിര്‍വഹിക്കുന്നതിനെപ്പറ്റി ഇമാം മാലിക്കി(റഹിമഹുല്ലാഹ്) നോട് ചോദിച്ചപ്പോള്‍ അദ്ദേഹം അത് 'മുഹ്ദസ്' അഥവാ പുതുതായുണ്ടാക്കപ്പെട്ടതാണ് എന്ന് പറഞ്ഞിട്ടുണ്ട് [ അല്‍ ഇസ്തിദ്കാര്‍- 2/293 ]

ജുമുഅയൊഴിച്ച് മറ്റെല്ലാ ഫര്‍ദ് നമസ്ക്കാരങ്ങളിലും നാസിലതിന്റെ ഖുനൂത്ത് നിര്‍വഹിക്കാം എന്ന് ഇമാം അഹ്മദ് ബ്നു ഹമ്പല്‍ റഹിമഹുല്ലാഹ് രേഘപ്പെടുത്തിയിട്ടുണ്ട്. അലിയ്യിബ്നു അബീ ത്വാലിബ്‌ (റ), മുഗീറത്ത് ബ്നു ശുഅബ(റ), നുഅമാന്‍ ബ്നു ബഷീര്‍(റ), ഇമാം സുഹരീ(റ), ഖതാദ(റ), സുഫ്‌യാന്‍ അല്‍ സൗരീ(റ), ഇമാം ശാഫിഈ(റ), ഇസ്ഹാഖ് ബ്നു റാഹവെയ്ഹി(റ) തുടങ്ങിയവരെല്ലാം ജുമുഅക്ക് നാസിലതിന്റെ ഖുനൂത്ത് ചൊല്ലാന്‍ പാടില്ല എന്നാ അഭിപ്രായക്കാരാണ്.  ഇത് സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.
ഇനി ആപത്തുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ ദിവസവും സുബഹിക്ക് ഖുനൂത്ത് ചൊല്ലുന്ന പ്രവണത ചിലയിടങ്ങളില്‍ കാണാറുണ്ട്. ഖുനൂത്തിന്ന്‍ കാരണമായ സംഭവം നീങ്ങിയാല്‍ അത് ഉപേക്ഷിക്കുകയാണ് പ്രവാചകന്റെ മാതൃക . സുബഹിക്ക് സ്ഥിരമായി ഖുനൂത് ചൊല്ലുക എന്നത് പ്രവാചകനില്‍ നിന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല. അതൊരു പുണ്യ കര്‍മമാണ് എന്ന് രേഖപ്പെടുത്തിയ കര്‍മ ശാസ്ത്ര പണ്ഡിതന്മാര്‍ അതിനായി തെളിവുദ്ധരിക്കുന്ന ഹദീസ് ദുര്‍ബലമാണ്. മാത്രമല്ല അങ്ങനെ ചെയ്യാന്‍ പാടില്ല എന്നതിന് വളരെ വ്യക്തമായിത്തന്നെ മറ്റൊരു ഹദീസില്‍ കാണാവുന്നതുമാണ്.

حديث سعد بن طارق بن أشيم الأشجعي أنه قال لأبيه قلت لأبي: يا أبت! إنك صليت خلف رسول الله صلى الله عليه وسلم وخلف أبي بكر وخلف عمر وخلف عثمان وخلف علي، أفكانوا يقنتون في الفجر؟ فقال طارق: أي بني مُحدث

സഅദ് ബ്ന്‍ ത്വാരിഖ് അല്‍ അശ്ജഈ (റ)വില്‍ നിന്നും നിവേദനം: ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു : അല്ലയോ പിതാവേ ! താങ്കള്‍ പ്രവാചകന്റെയും(സ), അബൂബക്കറിന്റെയും(റ), ഉമറിന്റെയും(റ), ഉസ്മാന്റെയും(റ), അലിയുടെയുമെല്ലാം(റ) പിന്നില്‍ നിന്നുകൊണ്ട് നമസ്കരിച്ച ആളാണല്ലോ.. അവര്‍ സുബഹിക്ക് ഖുനൂത്ത് ചോല്ലാറുണ്ടായിരുന്നോ ?! അപ്പോള്‍ ത്വാരിഖ്(റ) പറഞ്ഞു: " മകനേ അത് പുതുതായുണ്ടാക്കപ്പെട്ടതാണ് " [ മുസ്നദ് അഹ്മദ് -15449, തിര്‍മിദി (സുബഹിയുടെ) ഖുനൂത് ഉപേക്ഷിക്കുക എന്ന ബാബില്‍ -402, ഇമാം നസാഇ (സുബഹിയുടെ) ഖുനൂത് ഉപേക്ഷിക്കുക എന്ന ബാബില്‍- 1080, ഇബ്ന്‍ മാജ - 1241 ].

അത് പുണ്യകരമാണ് എന്ന് രേഖപ്പെടുത്തിയ പണ്ഡിതന്മാര്‍ അതിനായി തെളിവ് പിടിച്ച ഹദീസ് ദുര്‍ബലമാണ് എന്ന് നേരത്തെ പറഞ്ഞുവല്ലോ.. അത് പുതുതായി ഉണ്ടാക്കപ്പെട്ടതാണ് എന്ന് പറയുന്ന ഈ ഹദീസാവട്ടെ ഒരു പക്ഷെ അവര്‍ക്ക് ലഭിച്ചിട്ടുമുണ്ടാവില്ല. അതുകൊണ്ട് ആരെങ്കിലും അപ്രകാരം ചെയ്യുന്നുണ്ടെങ്കില്‍ അതുപേക്ഷിക്കുക. വിത്റിലെ ഖുനൂതും, നാസിലതിന്റെ ഖുനൂത്തും മാത്രമാണ് പ്രവാചകനില്‍ നിന്നും സ്ഥിരപ്പെട്ടു വന്നിട്ടുള്ളത്. വിത്റിലെ ഖുനൂതിനെക്കുറിച് മറ്റൊരു സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യാം. കൂടുതല്‍ മനസ്സിലാക്കാന്‍ അല്‍ബാനിയുടെ സ്വിഫതു സ്വലാതുന്നബി(നബി(സ)യുടെ നമസ്കാരം) എന്ന ഗ്രന്ഥം പരിശോധിക്കുക.

സിറിയയിലും, യമനിലും, ഫലസ്തീനിലുമെല്ലാം അറുകൊല ചെയ്യപ്പെടുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ നാളെ ലോകരക്ഷിതാവിനെ കണ്ടുമുട്ടുമ്പോള്‍ നാമെന്തു മറുപടി പറയും ?!! ..... ഈ സന്ദേശം എല്ലാവര്ക്കും എത്തിക്കുക... അറിവില്ലാത്തവര്‍ മനസ്സിലാക്കട്ടെ... മറന്നു പോയവര്‍ ഓര്‍ക്കട്ടെ... അങ്ങനെ നമ്മുടെ പള്ളികളില്‍ ഇത്തരം സുന്നത്തുകള്‍ അനുഷ്ടിക്കപ്പെടട്ടെ .... പ്രവാചകന്‍ പറഞ്ഞില്ലേ സത്യവിശ്വാസികള്‍ ഒരൊറ്റ ശരീരം പോലെയാണ്. ശരീരത്തിലെ ഏതെങ്കിലും ഒരവയവത്തിനു വല്ലതും പറ്റിയാല്‍ വേദനയനുഭവിച്ചും ഉറക്കമൊഴിച്ചുമെല്ലാം മറ്റു അവയവങ്ങളും അതിനോട് പ്രതികരിക്കും... അതുകൊണ്ട് പീഡിതരായ നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി നമ്മളാല്‍ ആവുന്നതെല്ലാം ചെയ്യുക... പ്രത്യേകിച്ചും നാസിലതിന്റെ ഖുനൂത്ത് പോലുള്ള സുന്നത്തുകള്‍ .....

ജൂദന്മാരുടെ അക്രമങ്ങളില്‍ നിന്നും അവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, പ്രായം ചെന്നവര്‍ക്കും അല്ലാഹു നിര്‍ഭയത്വം നല്‍കട്ടെ.... ശിയാക്കളുടെ അക്രമങ്ങള്‍ക്കിരയാവുന്ന സിറിയയിലെയും യമനിലെയുമെല്ലാം സഹോദരങ്ങള്‍ക്ക് അല്ലാഹു ശക്തിയും ധൈര്യവും നല്‍കട്ടെ... അക്രമികള്‍ക്ക് മേല്‍ അല്ലാഹു അവരെ വിജയിപ്പിക്കട്ടെ.... 

അല്ലാഹുവേ ഞങ്ങളുടെ സഹോദരങ്ങളെ നീ വിജയിപ്പിക്കണേ..... ശിയാക്കളുടെയും ജൂതന്മാരുടെയും കണ്ണില്‍ചോരയില്ലാത്ത അതിക്രമത്തില്‍ നിന്നും അവര്‍ക്ക് നീ മോചനം നല്‍കണേ...... അവര്‍ക്ക് നീ സന്തോഷവും സമാധാനവും പ്രദാനം ചെയ്യണേ.....

നാഥാ...!! നിന്റെ ഭൂമിയില്‍ അക്രമം അഴിച്ചുവിടുകയും രക്തം ചിന്തുകയും ചെയ്യുന്ന ജൂദന്മാരുടെയും ഷിയാക്കളുടെയും പതനം കൊണ്ട് ഞങ്ങളുടെ മനസ്സിന് നീ ആനന്ദം നല്‍കണേ .........

  മതവിദ്യാര്തികളും പ്രബോധകരും ഈ വിഷയം പഠിച്ച് സ്വന്തം നാട്ടിലും പള്ളികളിലുമെല്ലാം നടപ്പാക്കുക... നാസ്സിലത്തിന്റെ ഖുനൂത്തിനെയും ഒരുപക്ഷെ സാധാരണക്കാര്‍ ഒരു ബിദ്അത്തായി എണ്ണിയേക്കാവുന്ന കാലം വിദൂരമല്ല... അതുകൊണ്ട് പ്രവാചകന്റെ ഈ സുന്നത്തിനെ പുനര്‍ജീവിപ്പിക്കാന്‍ പരിശ്രമിക്കുക... പ്രത്യേകിച്ചും നാമിന്നു കടന്നു പോകുന്ന ഈ ദുഃഖകരമായ സാഹചര്യത്തില്‍ ... ഒരാള്‍ കാരണം ആരൊക്കെ ഒരു നന്മ ചെയ്യുന്നുവോ അവരുടെയെല്ലാം പ്രതിഫലം അവനുണ്ടാകും ..... അല്ലാഹു അനുഗ്രഹിക്കട്ടെ ...

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ 

Monday, December 3, 2012

ഖുസൈമ ബിന്‍ സാബിത് (റ) വിന്റെ കഥ...


بسم الله، والحمد لله، والصلاة والسلام على رسول الله وعلى آله وصحبه ومن اهتدى بهداه، وبعد؛

    സാമ്പത്തിക ഇടപാടുകളില്‍ തര്‍ക്കമുണ്ടായാല്‍ രണ്ടു സാക്ഷികളെ ഹാജരാക്കണം. അല്ലെങ്കില്‍ ഒരാണിനെയും രണ്ടു പെണ്ണുങ്ങളെയും ഹാജരാക്കണം. അതുമല്ലെങ്കില്‍ ഒരാളെ ഹാജരാക്കുകയും അതോടൊപ്പം പരാതിക്കാരന്‍ കോടതി മുന്‍പാകെ സത്യം ചെയ്യുകയും വേണം.....etc (വിശദാംശത്തിലേക്ക് കടക്കുന്നില്ല).  ഇത് നമുക്കെല്ലാവര്‍ക്കും അറിയാം... എന്നാല്‍ ഒറ്റക്ക് ഒരു വിഷയത്തില്‍ സാക്ഷി പറയാന്‍ പ്രവാചകന്‍(സ) അനുമതി നല്‍കി ആദരിച്ച ഒരു സ്വഹാബിയുണ്ട്.... അദ്ദേഹം ഒരാള്‍ മാത്രം സാക്ഷ്യപ്പെടുത്തിയാല്‍ തന്നെ അതനുസരിച്ച് വിധി വരും... പ്രവാചകന്‍(സ) അങ്ങനെ അദ്ധേഹത്തെ ആദരിക്കാന്‍ ഇട വരുത്തിയ ഒരു അര്‍ത്ഥവത്തായ കഥയുമുണ്ട്....

ചോദ്യം: ആരാണ് ആ സ്വഹാബി ??

www.fiqhussunna.com

ഉത്തരം: ഖുസൈമ ബിന്‍ സാബിത്(റ). 

അദ്ധേഹത്തിന്റെ കഥ :

നബി (സ) ഒരിക്കല്‍ ഒരു അഅറാബിയില്‍ നിന്നും ഒരു കുതിരയെ വാങ്ങി. അയാള്‍ക്ക് പണം നല്‍കാന്‍ വേണ്ടി ആ കുതിരയയെയുമായി തന്നെ പിന്തുടരാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രവാചകന്‍(സ) അല്പം ധൃതിയില്‍ മുന്നില്‍ നടന്നു. അഅറാബിയാകട്ടെ കുതിരയയേയും കൊണ്ട് സാവധാനം പിന്നിലും നടന്നു. വില്പനക്കുള്ള കുതിരയാണെന്ന് കരുതി ആളുകള്‍ കുതിരക്ക് വില പറയാന്‍ തുടങ്ങി. പ്രവാചകന്‍(സ) കുതിരയെ വാങ്ങിച്ച കാര്യം അവര്‍ അറിഞ്ഞിരുന്നില്ല. അഅറാബിയാകട്ടെ അക്കാര്യം മിണ്ടിയതുമില്ല. ജനങ്ങള്‍ വലിയ വില പറയുന്നത് കേട്ടപ്പോള്‍ അഅറാബിയുടെ മനസ് മാറി. ഇതൊന്നുമറിയാതെ മുന്നില്‍ നടന്നു നീങ്ങുന്ന പ്രവാചകനോട്(സ) 'ഏ മനുഷ്യാ... നിങ്ങള്‍ ഇത് വാങ്ങുന്നുണ്ടെങ്കില്‍ വാങ്ങിക്ക്. അല്ലെങ്കില്‍ ഞാനിതിവര്‍ക്ക് വില്‍ക്കും' എന്നയാള്‍ വിളിച്ചു പറഞ്ഞു.
അത് കേട്ട പ്രവാചകന്‍(സ) ആശ്ചര്യത്തോടെ പറഞ്ഞു: 'ഞാനത് താങ്കളില്‍ നിന്നും നേരത്തെ തന്നെ വാങ്ങിയതല്ലേ.. അതിന്റെ പണം താങ്കള്‍ക്ക് തരാന്‍ വേണ്ടി താങ്കളെന്നോടൊപ്പം വാരുകയാണല്ലോ' ...
അഅറാബി : 'അല്ലാഹുവാണ് സത്യം ഞാന്‍ താങ്കള്‍ക്കതിനെ വിറ്റിട്ടില്ല'...
പ്രവാചകന്‍(സ) : 'അല്ല. ഉറപ്പായിട്ടും താങ്കള്‍ എനിക്കതിനെ വിറ്റതാണല്ലോ !'.
അഅറാബി : എന്നാല്‍ ഞാന്‍ താങ്കള്‍ക്ക് ഇതിനെ വിറ്റു എന്നതിന് ആരെങ്കിലും സാക്ഷിയുണ്ടോ ?!..
ഇത് കണ്ടു നിന്ന ഖുസൈമ ബിന്‍ സാബിത് (റ) പറഞ്ഞു: 'താങ്കള്‍ അത് അദ്ദേഹത്തിന് വിറ്റു എന്നതിന് ഞാന്‍ സാക്ഷിയാണ്'.
അത്ഭുതത്തോടെ പ്രവാചകന്‍(സ) ഖുസൈമയുടെ അടുത്തേക്ക് നീങ്ങി. എന്നിട്ട് ചോദിച്ചു: ഞാനത് വാങ്ങിക്കുമ്പോള്‍ താങ്കള്‍ അവിടെ ഉണ്ടായിരുന്നില്ലല്ലോ ! പിന്നെ എങ്ങനെയാണ് താങ്കള്‍ എനിക്ക് വേണ്ടി സാക്ഷി പറയുക !..
ഖുസൈമ പറഞ്ഞു : താങ്കള്‍ക്ക് അല്ലാഹു അവതരിപ്പിച്ചിട്ടുള്ളതില്‍ വിശ്വസിക്കുന്നവനാണ് ഞാന്‍. താങ്കള്‍ സത്യമല്ലാതെ പറയുകയില്ല എന്നും എനിക്കുറപ്പാണ്.... അദ്ധേഹത്തിന്റെ അര്‍ത്ഥവത്തായ ആ മറുപടി കേട്ട പ്രവാചകന്‍(സ) അവിടെ വച്ച് പ്രഖ്യാപിച്ചു: " മന്‍ ശഹിദ ലഹു ഖുസൈമ ഫഹുവ ഹസ്ബുഹ് - ഖുസൈമ ആര്‍ക്കെങ്കിലും സാക്ഷി പറയുന്നുവെങ്കില്‍ അവന് മറ്റു സാക്ഷികളുടെ ആവശ്യമില്ല ".

അദ്ദേഹത്തിനു മാത്രമുള്ള ഒരു അംഗീകാരമാണിത് .. ഒരുപാട് പാഠങ്ങള്‍ ഇതില്‍ നിന്നും പഠിക്കാനുണ്ട്..


1- പ്രവാചകന്റെ(സ) വിനയം , സത്യസന്ധത , തന്റെ ഭാഗത്താണ് സത്യം എന്ന പൂര്‍ണ ബോധ്യമുണ്ടായിട്ടും ഖുസൈമ അദ്ദേഹത്തിന് വേണ്ടി സാക്ഷ്യം പറഞ്ഞപ്പോള്‍ 'കച്ചവട സമയത്ത് അവിടെയില്ലാത്ത നീ എന്തര്‍ത്ഥത്തിലാണ് എനിക്ക് സാക്ഷി പറയുന്നത് എന്ന അദ്ധേഹത്തിന്റെ ചോദ്യം ഏറെ അല്ഭുതപ്പെടുതുന്നില്ലേ... തീര്‍ച്ചയായും അതില്‍ നമുക്കൊരുപാട് പഠിക്കാനുണ്ട്.

2- ഖുസൈമയുടെ മറുപടിയാണ് ഏറെ ചിന്തിപ്പിക്കുന്ന മറ്റൊരു കാര്യം: "അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് " എന്ന സാക്ഷ്യ വചനം സാക്ഷാല്‍ക്കരിക്കേണ്ടത് എപ്രകാരമാണ് എന്ന്‍ കൃത്യമായ പഠിപ്പിക്കുന്ന മറുപടി.. പ്രവാചകനില്‍(സ) വിശ്വസിക്കുന്നവനാണ് എന്ന് ജനസമക്ഷം വിളിച്ചു പറയുകയും, യുക്തിയുടെ മറ പിടിച്ച് പ്രവാചക വചനങ്ങള്‍ തള്ളുകയും ചെയ്യുന്നവരും, പാണ്ഡിത്യ ഭാവം ചമഞ്ഞ് പ്രവാചകന്റെ(സ) സുന്നത്തുകളെ പരിഹസിക്കുന്നവരും ധാരാളമുള്ള ഈ കാലഘട്ടത്തില്‍ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട മറുപടി..

3- സ്വഹാബിമാരില്‍ ചിലര്‍ക്ക് പ്രവാചകന്‍(സ) പ്രത്യേകമായി നല്‍കുന്ന ആനുകൂല്യങ്ങളും ആദരവുകളും മറ്റു സ്വഹാബത്തുമായോ മറ്റു ആളുകളുമായോ ഖിയാസ് ചെയ്യാന്‍ പാടില്ല എന്ന കര്‍മശാസ്ത്ര നിയമത്തിന് പണ്ഡിതന്മാര്‍ തെളിവ് ഉദ്ധരിക്കുന്ന ഒരു ഹദീസ് കൂടിയാണ് ഇത്. ഖുസൈമയെക്കാള്‍ ശ്രേഷ്ഠരായ മറ്റു സ്വഹാബത്തിനു പോലും ഈ ആനുകൂല്യം ഉണ്ടായിരുന്നില്ല. കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ട ഒരു കര്‍മ ശാസ്ത്ര വിഷയമാണ്. സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം..


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ


പ്രബോധകന്മാരോട് സ്നേഹപൂര്‍വ്വം :الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഷെയ്ഖ് സ്വാലിഹ് അല്‍ ഫൌസാനും, ഉബൈദ് അല്‍ ജാബിരിയുമൊക്കെ അവതാരിക എഴുതിയ -മന്ഹജുസ്സലഫ് ഫി ദ്ദഅവത്തി ഇലല്ലാഹ്- എന്ന ഫവാസ് ബിന്‍ ഹുലൈല്‍ അസ്സുഹൈമിയുടെ പുസ്തകതില്‍ നിന്നും ഗ്രഹിച്ചെടുത്ത വലിയൊരു ആശയത്തിന്‍റെ സംഗ്രഹം : 

www.fiqhussunna.com

" പ്രബോധനം ചെയ്യുന്നവര്‍ വളരെയധികം സൂക്ഷിക്കണം .. തങ്ങളില്‍ വരുന്ന അപാകതകള്‍ കാരണം മറ്റുള്ളവര്‍ സത്യത്തില്‍ നിന്നും അകന്നു പോകാന്‍ ഇടയാക്കരുത്... മാന്യമായും ഇസ്ലാമിക മര്യാദയോട് കൂ
ടിയും മാത്രമേ അവര്‍ തങ്ങളുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാവൂ.. എതിരാളി എത്ര മോശമായ രീതി സ്വീകരിച്ചാലും അതേ നാണയത്തില്‍ മറുപടി പറയുക എന്നത് ഒരിക്കലും അഹ്ലുസ്സുന്നയുടെ രീതിയല്ല... എത്ര അവഹേളനങ്ങള്‍ സഹിച്ചാലും ക്ഷമിച്ചു കൊണ്ടും തന്‍റെ എതിരാളിയുടെ നന്മ മാത്രം ആഗ്രഹിച്ചു കൊണ്ടും സൗമ്യതയോടെ ആദര്‍ശം തുറന്നു പറയുക എന്നതാണ് സലഫുകളുടെ രീതി. പ്രബോധകന്‍ എതിരാളികള്‍ തീര്‍ക്കുന്ന പ്രകോപനങ്ങള്‍ക്കിരയാവരുത്.


ഇനി തന്‍റെ വികാരം നിയന്ത്രിക്കാന്‍ പറ്റാത്തവരും നമ്മളിലുണ്ടാവാം .. പൊതു പ്രബോധന രംഗങ്ങളില്‍ നിന്നും മാറി നിന്ന് ആദര്‍ശത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുകയും തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുകയുമാണ് അവര്‍ ചെയ്യേണ്ടത്. പൊതു പ്രബോധനത്തില്‍ അവരില്‍ നിന്ന് വരുന്ന വികാരപരമായ സമീപനങ്ങള്‍ ഒരു പക്ഷെ ഇസ്ലാമികാധ്യാപനങ്ങളെ മറികടക്കാന്‍ ഇടയുണ്ട്. ഇത് പ്രബോധനത്തിന്റെ മുന്നേറ്റത്തെ തന്നെ ബാധിച്ചേക്കാം. ഇനി തന്‍റെ വികാരത്തെ ക്ഷമ കൊണ്ടും, ഗുണകാംഷ കൊണ്ടും തടുത്തു നിര്‍ത്താന്‍ സാധിക്കുമെങ്കില്‍ ഇസ്ലാമിക മര്യാദകള്‍ കാത്തു സൂക്ഷിച്ചു കൊണ്ട് അവര്‍ പ്രബോധനം ചെയ്തു കൊള്ളട്ടെ..... ".

ഇബ്നു ഉസൈമീന്‍(റ) പ്രബോധകര്‍ക്ക് നല്‍കിയ ഒരു ഉപദേശവും ശ്രദ്ധേയമാണ് : "നിനക്കൊരാളെ സത്യത്തിലേക്ക് വഴി നടത്താന്‍ സാധിച്ചില്ലെങ്കിലും ഒരിക്കലും തന്നെ അവനെ സത്യത്തോട് ശത്രുതയുള്ളവനാക്കി മാറ്റരുത് ".

ആദര്‍ശം തുറന്നു പറയാതെ എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതി സ്വീകരിക്കണം എന്നല്ല. ആദര്‍ശത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയുമില്ല .. പക്ഷെ ആദര്‍ശം തുറന്നു പറയുമ്പോഴും സ്വഭാവമര്യാദയും, മതബോധവും, ഗുണകാംശയും കാത്തു സൂക്ഷിക്കണം...

പ്രവാചകന്റെ അധ്യാപനങ്ങള്‍ പാലിച്ചു കൊണ്ട് പ്രബോധനം നടത്തുന്നവരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ.... നമ്മളില്‍ നിന്നും വന്നു പോകുന്ന അപാകതകള്‍ അല്ലാഹു നമുക്ക് പൊറുത്തു തരട്ടെ ...