Wednesday, July 30, 2014

പലിശ പോലുള്ള ഹറാമായ പണം എന്തു ചെയ്യണം ?! - ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല).

 


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

അന്യായമായ ധനം എങ്ങനെ കയ്യില്‍ നിന്നും നീക്കം ചെയ്യണം എന്ന ചോദ്യത്തിന് ഇബ്നു ഉസൈമീന്‍ റഹിമഹുല്ല നല്‍കിയ മറുപടി:

www.fiqhussunna.com

" കളവ്, മോഷണം, അക്രമിച്ചെടുക്കൽ തുടങ്ങി ഒരാളുടെ സമ്പത്ത് ആരെങ്കിലും അന്യായമായി അപഹരിച്ചതാണെങ്കിൽ, അതിൻറെ ഉടമസ്ഥനെ തനിക്കറിയുമെങ്കിൽ എന്ത് പ്രയാസം സഹിച്ചും, എത്ര പണിപ്പെട്ടും അതയാൾക്ക് എത്തിക്കണം. കാരണം അവകാശി ആരെന്നു അറിവുള്ള, ഒരു മുസ്ലിമിന് അവകാശപ്പെട്ട സ്വത്താണത്. ഒന്നുകിൽ വിശ്വസ്ഥരായ ആളുകൾ മുഖേനയോ. അതല്ലെങ്കിൽ തപാൽ വഴിയോ, മറ്റേതെങ്കിലും രൂപത്തിലോ അതയാൾക്ക് നിർബന്ധമായും എത്തിച്ചിരിക്കണം. 

എന്നാൽ അതിൻറെ ഉടമസ്ഥൻ ആരെന്നു അറിയാതെ വരുന്ന പക്ഷം, ഉദാ: ഒരു മനുഷ്യൻ പലരുടെയും പണം അപഹരിക്കുകയും അവരാരൊക്കെയാണ്‌ എന്ന് അറിയാൻ പറ്റാതെ വരികയും ചെയ്‌താൽ, അത് തന്‍റെ കയ്യില്‍ നിന്നും ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ അതിന്‍റെ പ്രതിഫലം അതിന്‍റെ യഥാര്‍ഥ അവകാശികള്‍ക്ക് ലഭിക്കട്ടേ എന്ന ഉദ്ദേശ്യപ്രകാരം ദാനം നല്‍കേണ്ടതാണ്.  അതിന്‍റെ അവകാശികള്‍ ആരെന്ന് തനിക്കറിയില്ലെങ്കിലും അവരെക്കുറിച്ച്  അല്ലാഹുവിന് കൃത്യമായി അറിയാമല്ലോ. എന്നാല്‍ ആ പണം നല്‍കപ്പെടുന്നവനെ (സ്വീകരിക്കുന്ന പാവപ്പെട്ടവന്‍) സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ പണമാണ്. അത് സ്വീകരിക്കുന്നതില്‍  നിഷിദ്ധം കടന്നുവരുന്നുവെന്ന് പ്രയാസപ്പെടേണ്ടതില്ല. അവനെ സംബന്ധിച്ചിടത്തോളം ആരെന്നറിവില്ലാത്ത ആ ഉടമസ്ഥനിൽ നിന്നും ലഭിക്കുന്നത് പോലെത്തന്നെയാണ് ഇയാളിൽ നിന്ന് ലഭിക്കുന്നതും. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അന്യായമായി കൈവശപ്പെടുത്തിയ മുതലുകളുടെ വിഷയത്തിലാണ്  ആ വ്യക്തിയെ അറിയില്ലെങ്കില്‍ അയാള്‍ക്ക് പ്രതിഫലം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ ദാനം ചെയ്യേണ്ടത്.

എന്നാൽ പലിശ ഇടപാടുകൾ പോലെയുള്ള പരസ്പര ധാരണയോടെ മറ്റുള്ളവരിൽ നിന്നും കൈവശപ്പെടുത്തുന്ന ഹറാമായ സമ്പത്ത് ആണെങ്കിൽ അതയാൾക്ക് തന്നെ തിരിച്ചു നൽകാന്‍ പാടില്ല. മറിച്ച് (പ്രതിഫലമാഗ്രഹിക്കാതെ) 'തന്റെ കയ്യിൽ നിന്നും ഒഴിവാക്കുക' എന്ന ഉദ്ദേശ്യത്തോടുകൂടി ധർമ്മം ചെയ്യുകയാണ് വേണ്ടത്. മാത്രമല്ല പരസ്പര ധാരണയോടെ കൈവശം വന്ന ഹറാമായ സമ്പത്താണ്‌ എങ്കില്‍ ആരില്‍ നിന്നാണോ അത് ലഭിച്ചത് അയാള്‍ക്ക് നന്മയായി രേഖപ്പെടുത്തപ്പെടട്ടെ എന്ന ഉദ്ദേശ്യപ്രകാരം നല്‍കുവാനും  പാടില്ല. മറിച്ച് തന്റെ കയ്യിൽ നിന്നും അതൊഴിവാക്കുക എന്നത് മാത്രമായിരിക്കണം അപ്രകാരം ചെയ്യുന്നവന്റെ നിയ്യത്ത്. അതാർക്കാണോ നൽകപ്പെടുന്നത് (പാവപ്പെട്ടവന്‍) അവനെ  സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ സമ്പത്താണ്‌ " . 
المصدر :
مكتبة الفتاوى : فتاوى نور على الدرب (نصية) : البيوع
من موقع فضيلة الشيخ محمد بن صالح العثيمين رحمه الله



വിവർത്തനം : അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ


അനുബന്ധ ലേഖനം:
ബാങ്കിൽ അക്കൗണ്ട്‌ തുടങ്ങാമോ ? ബാങ്കിലെ പലിശ എന്ത് ചെയ്യണം ? !

Monday, July 28, 2014

കൂട്ടമായി തക്ബീർ ചൊല്ലുന്നതിന്റെ വിധി - ഇബ്നു ബാസ് (റ)

കൂട്ടമായി തക്ബീർ ചൊല്ലുന്നതിന്റെ വിധി ഇബ്നു ബാസ് (റ) വ്യക്തമാക്കുന്നു.

الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، وبعد:

ശൈഖ് അഹ്മദ് ബിന് മുഹമ്മദ്‌ ജമാൽ - അല്ലാഹുവിന് തൃപ്തിയുള്ള കാര്യങ്ങൾ ചെയ്യുവാൻ അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കുമാറാകട്ടെ.- ചില പ്രാദേശിക പത്രങ്ങളിൽ അദ്ദേഹം എഴുതിയ ചില ലേഖനങ്ങൾ ഞാൻ കാണുകയുണ്ടായി. കൂട്ടം ചേർന്ന് തക്ബീർ ചൊല്ലുന്നത് ബിദ്അത്തും എതിർക്കപ്പെടേണ്ടതും ആണെന്നതിനാൽ അതെതിർക്കുന്നതിനെ വിചിത്രമായി ചിത്രീകരിച്ചുകൊണ്ടാണ് ആ ലേഖനങ്ങൾ. കൂട്ടം ചേർന്ന് തക്ബീർ ചൊല്ലുന്നത് ബിദ്അത്ത് അല്ല എന്നതിനും, കൂട്ടം ചേർന്നുള്ള തക്ബീറിനെ എതിർക്കുവാൻ പാടില്ല എന്നതിനും തെളിവുകൾ നിരത്തുവാനാണ് അദ്ദേഹം തന്റെ ലേഖനത്തിൽ ശ്രമിക്കുന്നത്.  മറ്റു ചില എഴുത്തുകാരും അദ്ദേഹത്തിന്റെ വീക്ഷണത്തെ പിന്തുണക്കുകയുണ്ടായി. എന്നാൽ യാഥാർത്ഥ്യം എന്തെന്ന് അറിയാത്തവർക്ക് കാര്യങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാൽ ഈദുൽ ഫിത്വറിന് ഈദിന്റെ രാത്രി മുതൽ നമസ്കാരം വരെയുള്ള സമയവും, അതുപോലെ ദുൽഹിജ്ജ പത്തിലും, അയ്യാമു തശ്'രീഖിലുമെല്ലാം തക്ബീർ ചൊല്ലുന്നതിലുള്ള യഥാർത്ഥ നിലപാട് വ്യക്തമാക്കുവാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

അത്തരം ശ്രേഷ്ടമായ സമയങ്ങളിൽ തക്ബീർ ചൊല്ലുക എന്നത് ഏറെ പുണ്യകരമായ കാര്യം തന്നെയാണ്. ഈദുൽ ഫിത്വറിന് തക്ബീർ ചോല്ലുന്നതുമായി ബന്ധപ്പെട്ട് അല്ലാഹു പറഞ്ഞു:
وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ
" നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചുതന്നിന്‍റെപേരില്‍ അല്ലാഹുവിന്‍റെമഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ( ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌.)" - [അൽബഖറ 185].

അതുപോലെ ദുൽഹിജ്ജ പത്തിന്റെയും അയ്യാമു തശ്'രീഖിന്റെയും  വിഷയത്തിൽ അല്ലാഹു പറയുന്നു:
 لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الْأَنْعَامِ
"അവര്‍ക്ക്‌ പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക്‌ നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്‌ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക." - [അൽഹജ്ജ് 28].

അതുപോലെ അല്ലാഹു പറഞ്ഞു:
 وَاذْكُرُوا اللَّهَ فِي أَيَّامٍ مَعْدُودَاتٍ
"എണ്ണപ്പെട്ട ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക." - [അൽബഖറ 203].

പ്രവാചകൻ (സ) യിൽ നിന്നും സ്ഥിരപ്പെട്ടു വന്നത്തിലും, സലഫുകളുടെ ചര്യയിലും,  എണ്ണപ്പെട്ട ആ വിശിഷ്ട ദിവസങ്ങളിൽ ചൊല്ലാൻ വേണ്ടി കല്പിക്കപ്പെട്ട ദിക്റുകളിൽ പ്രത്യേക സമയത്തുള്ളതും (ഫർദ് നമസ്കാര ശേഷമുള്ളത്), പ്രത്യേക സമയം നിർണ്ണയിക്കാതെ ചൊല്ലുന്നതുമായ തക്ബീറുകളും ഉൾപ്പെടുന്നു.

എന്നാൽ തക്ബീർ ചൊല്ലേണ്ട രീതി ഓരോ മുസ്ലിമും ഒറ്റക്കൊറ്റക്ക് ചൊല്ലുകയാണ് വേണ്ടത്. മറ്റുള്ളവരെ ഓർമിപ്പിക്കുവാനും, മറ്റുള്ളവർ അതുകണ്ട് തക്ബീർ ചൊല്ലുവാനും വേണ്ടി മറ്റുള്ളവരെ കേൾപിച്ചുകൊണ്ട്  ഉറക്കെയായിരിക്കണം തക്ബീർ ചൊല്ലേണ്ടത്.

എന്നാൽ ബിദ്അത്തായ കൂട്ടം ചേർന്നുള്ള തക്ബീർ എന്ന് പറയുന്നത് ഒരുപറ്റം ആളുകളോ, ഒന്നോ രണ്ടോ ആളുകളോ ചേർന്ന് ഒരുമിച്ച് ആരംഭിക്കുകയും ഒരുമിച്ച് അവസാനിക്കുകയും ചെയ്യുന്ന രൂപത്തിൽ ഒരേ ശബ്ദത്തിലും, ഒരേ രീതിയിലും ഉച്ചത്തിൽ തക്ബീർ ചൊല്ലുക എന്നുള്ളതാണ്. ഇപ്രകാരം ചെയ്യുന്നതിന് യാതൊരു അടിസ്ഥാനമോ തെളിവോ ഇല്ല. അപ്രകാരം തക്ബീർ ചൊല്ലുക എന്നുള്ളത് അല്ലാഹു ഒരു പ്രമാണവും ഇറക്കിത്തന്നിട്ടില്ലാത്ത ബിദ്അത്തുകളിൽ പെട്ടതാണ്. ഈ രൂപത്തിലുള്ള തക്ബീർ ആണ് ഒരാൾ എതിർത്തത് എങ്കിൽ അയാളുടെ നിലപാട് വളരെ ശരിയാണ്. കാരണം പ്രവാചകൻ (സ) പറഞ്ഞു: 
" من عمل عملا ليس عليه أمرنا فهو رد "
"നമ്മുടെ കല്പനയില്ലാത്ത ഒരു കർമ്മം ആരെങ്കിലും പ്രവർത്തിച്ചാൽ അത് മടക്കപ്പെടുന്നതാണ്" - [മുസ്‌ലിം].

 അതായത് അത് അനുവദനീയമല്ല, സ്വീകരിക്കപ്പെടുകയുമില്ല. (ശിക്ഷയായി അവനിലേക്ക് തന്നെ മടങ്ങും). 

അതുപോലെ പ്രവാചകൻ (സ) പറഞ്ഞു: " وإياكم ومحدثات الأمور فإن كل محدثة بدعة وكل بدعة ضلالة"
" നിങ്ങൾ പുത്തൻകാര്യങ്ങളെ സൂക്ഷിക്കുക. കാരണം എല്ലാ പുത്തൻകാര്യങ്ങളും ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്. " - [ അഹ്മദ്, അബൂ ദാവൂദ്].

  (നേരത്തെ പറഞ്ഞ രൂപത്തിൽ ഒരുമിച്ച് ശബ്ദമുയർത്തി)  കൂട്ടമായി തക്ബീർ ചൊല്ലുക എന്നത് പുതുതായുണ്ടാക്കപ്പെട്ടതാണ്. അതിനാൽ തന്നെ അത് ബിദ്അത്താണ്. ആളുകൾ ചെയ്യുന്ന പ്രവർത്തി പ്രമാണവിരുദ്ധമാണ് എങ്കിൽ അത് തടയപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ്. കാരണം ഇബാദത്തുകൾ തൗഖീഫിയ്യ (പ്രമാണം വന്നത് മാത്രമേ അനുഷ്ടിക്കപ്പെടാവൂ) ആണ്. അതിനാൽ തന്നെ വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും സ്ഥിരപ്പെടാത്തതൊന്നും തന്നെ  അനുഷ്ടിക്കപ്പെടാവതല്ല. തെളിവുകൾക്ക് എതിരാണെങ്കിൽ ആളുകൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾക്കും അവരുടെ വാക്കുകൾക്കും യാതൊരു സ്ഥാനവുമില്ല. ഉപയോഗപ്രദമേത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയും ഇബാദത്തുകൾ നിർണയിക്കാവതല്ല. വിശുദ്ധ ഖുർആൻ കൊണ്ടും തിരുസുന്നത്ത് കൊണ്ടും, ഖണ്ഡിതമായ ഇജ്മാഉ കൊണ്ടും മാത്രമാണ് ഇബാദത്ത് സ്ഥിരപ്പെടുന്നത്.

പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട രൂപത്തിൽ തക്ബീർ ചൊല്ലുക എന്നതാണ് ഒരു മുസ്ലിമിന് അനുവദനീയമായിട്ടുള്ളത്. അതാകട്ടെ ഒറ്റക്കൊറ്റക്ക് ചൊല്ലലുമാണ്. അറേബ്യൻ ഉപദീപിന്റെ മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ്‌ ബിന് ഇബ്രാഹീം  റഹിമഹുല്ല കൂട്ടമായുള്ള തക്ബീർ പാടില്ല എന്ന് പറയുകയും അപ്രകാരം ഫത്'വ നല്കുകയും ചെയ്തിട്ടുണ്ട്. തത് വിഷയത്തിൽ അപ്രകാരം ചെയ്യാൻ പാടില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് ഒന്നിലധികം ഫത്'വകൾ ഈയുള്ളവനും നല്കിയിട്ടുണ്ട്. ലിജ്നതുദ്ദാഇമയും അത് വിരോധിച്ചുകൊണ്ട്  ഫത്'വ നല്കിയിട്ടുണ്ട്. ശൈഖ് ഹമൂദ് അതുവൈജിരി റഹിമഹുള്ള അപ്രകാരം പാടില്ല എന്ന് വിശദമാക്കുന്ന ഒരു കൃതി തന്നെ രചിച്ചിട്ടുണ്ട്. അത് പബ്ലിഷ് ചെയ്യപ്പെട്ടിട്ടുണ്ട് ഇന്ന് എല്ലായിടത്തും അത് ലഭ്യവുമാണ്. കൂട്ടമായുള്ള തക്ബീർ പാടില്ല എന്നതിന് മതിയായ അത്രയും തെളിവുകൾ അതിൽ അദ്ദേഹം നിരത്തിയിട്ടുണ്ട്.

എന്നാൽ സഹോദരൻ ശൈഖ് അഹ്മദ് തെളിവ് പിടിച്ച ഉമർ ബിന് ഖത്താബിന്റെ (റ) സംഭവം ഈ വിഷയത്തിൽ തെളിവിനു കൊള്ളാത്തതാണ്. കാരണം ഉമറുബ്നുൽ ഖത്താബ് (റ) മിനയിൽ വെച്ച് കൂട്ടമായി ഒരുമിച്ച് തക്ബീർ ചൊല്ലുകയല്ല ചെയ്തത്. മറിച്ച് അനുവദനീയമായ തക്ബീർ ആണ് അദ്ദേഹം ചെയ്തത്. കാരണം പ്രവാചകന്റെ സുന്നത്ത് എന്ന നിലക്കും, ആളുകളെ തക്ബീർ ചൊല്ലാൻ ഓർമ്മിപ്പിക്കുക എന്ന നിലക്കും അദ്ദേഹം ഉച്ചത്തിൽ തക്ബീർ ചൊല്ലുകയാണ് ചെയ്തത്. ഓരോരുത്തരും ഒറ്റക്കൊറ്റക്ക്‌ തന്നെ തക്ബീർ മുഴക്കി. ഇന്നത്തെ കൂട്ടു തക്ബീറിന്റെ ആളുകൾ ചെയ്യുന്നത് പോലെ ആദ്യം മുതൽ അവസാനം വരെ ഒരുമിച്ച് ഒരേ ശബ്ദത്തിൽ തക്ബീർ ചൊല്ലുക എന്ന ഒരു മുൻധാരണ ഉമറുബ്നുൽ ഖത്താബിന്റെയോ ആളുകളുടെയോ ഇടയിൽ ഉണ്ടായിരുന്നില്ല.  സലഫു സ്വാളിഹീങ്ങളിൽ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുള്ള തക്ബീറിന്റെ രൂപങ്ങളെല്ലാം ഇപ്രകാരം അനുവദനീയമായ തക്ബീർ ആണ്. അപ്രകാരമല്ല എന്ന് പറയുന്നവർ അതിന് തെളിവ് കൊണ്ട് വരേണ്ടതുണ്ട്.

അതുപോലെത്തന്നെ പെരുന്നാൾ നമസ്കാരത്തിനു വേണ്ടിയോ, താറാവീഹിനു വേണ്ടിയോ, ഖിയാമുല്ലൈലിനു വേണ്ടിയോ, വിത്റിന് വേണ്ടിയോ ഒക്കെ ബാങ്കോ, ഇഖാമത്തൊ വിളിക്കുന്നതും ബിദ്അത്തുകളിൽ പെട്ടതാണ്. ബാങ്കും ഇഖാമത്തുമില്ലാതെയാണ് പ്രവാചകൻ പെരുന്നാൾ നമസ്കാരം നിർവഹിച്ചിരുന്നത് എന്നത് ഹദീസുകളിൽ സ്ഥിരപ്പെട്ട കാര്യമാണ്. ബാങ്കിന്റെ പദമല്ലാത്ത മറ്റു രൂപത്തിലുള്ള ക്ഷണങ്ങൾ ആ നമസകാരങ്ങൾക്ക് ക്ഷണിക്കാനുള്ളതായി പണ്ഡിതന്മാരാരും രേഖപ്പെടുത്തിയതായും എന്റെ അറിവിലില്ല. അപ്രകാരം ഉണ്ട് എന്ന് പറയുന്നവർ തെളിവ് ഹാജരാക്കണം. തെളിവില്ലാതെ ഇബാദത്ത് അനുഷ്ടിക്കാൻ പാടില്ല എന്നതിനാൽ അനുഷ്ടിക്കാതിരിക്കാൻ പ്രത്യേക തെളിവ് വേണ്ട. ബിദ്അത്തുകളിൽ നിന്നും താക്കീത് നല്കുന്ന പൊതുവായ തെളിവുകൾ വന്നതിനാൽ ഉച്ചരിക്കപ്പെടുന്നതോ, അനുഷ്ടിക്കപ്പെടുന്നതോ ആയ ഏതൊരു ഇബാദത്തും വിശുദ്ധ ഖുർആനിൽ നിന്നോ സുന്നത്തിൽ  നിന്നോ ഉള്ള പ്രമാണമോ, പണ്ഡിതന്മാരുടെ ഖണ്ഡിതമായ ഇജ്മാഓ ഇല്ലാതെ ഒരാൾക്കും അനുഷ്ടിക്കാൻ പാടില്ല.  

അല്ലാഹു പറയുന്നു :
 أمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ
" അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക്‌ നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? " - [ശൂറാ 21].

അതുപോലെ നേരത്തെ സൂചിപ്പിച്ച രണ്ട് ഹദീസുകളും ഇതേ കാര്യം സൂചിപ്പിക്കുന്നു. അതുപോലെ പ്രവാചകൻ (സ) പറഞ്ഞു :

من أحدث في أمرنا هذا ما ليس منه فهو رد
" നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായുണ്ടാക്കിയാൽ. അത് മടക്കപ്പെടുന്നതാണ് ( അല്ലാഹുവിന്റെ പക്കൽ അസ്വീകാര്യമാണ്)" - [ബുഖാരി, മുസ്‌ലിം].

അതുപോലെ ജുമുഅ ഖുത്ബകളിൽ പ്രവാചകൻ(സ) ഇപ്രകാരം പറയാറുണ്ടായിരുന്നു:

أما بعد فإن خير الحديث كتاب الله، وخير الهدي هدي محمد صلى الله عليه وسلم، وشر الأمور محدثاتها، وكل بدعة ضلالة
" ഏറ്റവും നല്ല വർത്തമാനം അല്ലാഹുവിന്റെ ഗ്രന്ഥമാകുന്നു. ഏറ്റവും നല്ല ചര്യ മുഹമ്മദ്‌ (സ) യുടെ ചര്യയുമാണ്. കാര്യങ്ങളിൽ വച്ച് ഏറ്റവും മോശമായത് പുത്തൻകാര്യങ്ങളാണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്." - [മുസ്‌ലിം].

ഈ അർത്ഥത്തിലുള്ള ഹദീസുകളും അസറുകളും ധാരാളമാണ്.   മതത്തിന്റെ കാര്യങ്ങൾ ഗഹനമായി പഠിക്കുവാനും അതിൽ ഉറച്ചു നിൽക്കുവാനും നമുക്കും ശൈഖ് അഹ്മദിനും അല്ലാഹു തൗഫീഖ് നൽകട്ടെ. നമ്മെയെല്ലാം അവൻ സത്യത്തിന്റെ വാഹകരും അതിന്റെ സഹായികളുമാക്കുമാറാകട്ടെ. അവന്റെ മതനിയമങ്ങൾ ലംഘിക്കപ്പെടുന്ന സർവ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുവാൻ നമുക്കും അദ്ദേഹത്തിനും എല്ലാ മുസ്ലിമീങ്ങൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ....

وصلى الله وسلم على نبينا محمد وآله وصحبه.



الرئيس العام لإدارات البحوث العلمية والإفتاء والدعوة والإرشاد
عبد العزيز بن عبد الله بن باز

ഈ ഫത്'വയുടെ അറബി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday, July 27, 2014

ശൈഖ് ഫലാഹ് മൻദകാർ ഹഫിദഹുല്ലയെ അദ്ദേഹത്തിൻ്റെ വീട്ടിൽ സന്ദർശിച്ചപ്പോൾ ഉള്ള അനുഭവം .. പണ്ഡിതന്മാരുടെ സമീപനം എത്ര വ്യത്യസ്ഥം..


   الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين و على آله وصحبه أجمعين وبعد ؛
അല്‍ഹംദുലില്ലാഹ് ... 

അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇന്നലെ രാത്രി (26/7/2014) കുറച്ച് സമയം ശൈഖ് ഫലാഹ് ഇസ്മാഈല്‍ മന്‍ദകാറിന്‍റെ വീട്ടില്‍ അദ്ദേഹത്തോടൊപ്പം ചിലവഴിക്കാന്‍ സാധിച്ചു. വളരെ വിലപ്പെട്ട ഏറെ സന്തോഷകരമായ സമയം ... ഒരുപാട് കാര്യങ്ങള്‍ അദ്ദേഹവുമായി പങ്ക് വെച്ചു .. ഹോളണ്ട്, സെര്‍ബിയ, ബോസ്നിയ, ഡെന്മാര്‍ക്ക്, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചില സഹോദരങ്ങളും ഉണ്ടായിരുന്നു...

www.fiqhussunna.com

സംസാരത്തിനിടയില്‍ ശൈഖ് ചോദിച്ചു. കാണുമ്പോഴെല്ലാം സാധാരണ ചോദിക്കാറുള്ള ഒരു ചോദ്യമാണ്. 'ശൈഖ് അബ്ദുസ്സമദ് അല്‍ കാത്തിബിന്‍റെ മര്‍കസ് ഇപ്പോള്‍ എങ്ങനെ പോകുന്നു ?!.

മുജാഹിദ് പ്രസ്ഥാനത്തെയാണ് ഉദ്ദേശിച്ചത്. ശൈഖ് അബ്ദുസ്സമദ് റഹിമഹുല്ലാഹ് ശൈഖ് ഫലാഹിന്‍റെ ശൈഖുമാരില്‍ ഒരാള്‍ ആണ്.

ഞാന്‍ പറഞ്ഞു: അഖ്ലാനിയ്യത്തും മറ്റുമെല്ലാം കടന്നുകൂടി. ഒരുപാട് ഒരുപാട് വിഭാഗങ്ങളായി അവര്‍ പിരിഞ്ഞു. ഇന്നും പല വിഷയങ്ങളെയും ചൊല്ലി പിരിഞ്ഞുകൊണ്ടിരിക്കുന്നു. ഖുർആനും സുന്നത്തും സലഫുകളുടെ ചര്യ മുറുകെപ്പിടിക്കുന്നവരും ദഅവാ രംഗത്ത് സജീവമാണ്.  

ശൈഖ് : അല്ലാഹുവില്‍ ശരണം .... സംസാരം തുടര്‍ന്നു.. ശൈഖ് അബ്ദുസ്സമദ് അല്‍ കാത്തിബിനെക്കുറിച്ച് ശൈഖ് വാചാലനായി. അദ്ദേഹം പറഞ്ഞു: " ശൈഖ് അദ്ദേഹത്തിന്‍റെ ദര്‍സുകളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ആളായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ മദീനയില്‍ ആയിരുന്ന സമയത്ത് അദ്ദേഹത്തിന്‍റെ മകന്‍ മരണപ്പെട്ടു. അസര്‍ നമസ്കാരത്തിന് മദീനാ ഹറമില്‍ വെച്ചായിരുന്നു മയ്യിത്ത് നമസ്കാരം. അങ്ങനെ ഞങ്ങള്‍ മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചു. ശൈഖിനൊപ്പം ബഖീഇല്‍ ചെന്ന് മറമാടലില്‍ പങ്കെടുത്തു. ശൈഖിന് കൈകൊടുത്ത് മടങ്ങി.

മടങ്ങുമ്പോള്‍ ശൈഖിന്‍റെ ക്ലാസില്‍ പങ്കെടുക്കുന്ന മറ്റു ആളുകളോട് ശൈഖിന്‍റെ മകന്‍ മരണപ്പെട്ടതിനാല്‍ ഇന്ന് ക്ലാസുണ്ടാകില്ല എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ മഗ്രിബ് നമസ്കാരത്തിന് മദീനയിലെ പള്ളിയില്‍ എത്തിയപ്പോഴാണ്‌ ശ്രദ്ധിച്ചത് ശൈഖ് സാധാരണ ഇരിക്കാറുള്ള റൌദയുടെ തൊട്ടടുത്തുള്ള തൂണില്‍ അദ്ദേഹം ഉണ്ട്. ഞാന്‍ അത്ഭുതപ്പെട്ടു. അദ്ദേഹം മക്കളോടും ഭാര്യയോടും ഒപ്പമായിരിക്കും. അതിനാല്‍ തന്നെ വീടിന് തൊട്ടടുത്തുള്ള ഏതെങ്കിലും പള്ളിയില്‍ ആയിരിക്കും നമസ്കരിക്കുക എന്നാണ് ഞാന്‍ കരുതിയത്. സുബ്ഹാനല്ലാഹ് മാനസികമായി വളരെ കരുത്തുള്ള ഒരാളായിരുന്നു അദ്ദേഹം. ഞാന്‍ നമസ്കാര ശേഷം ശൈഖിന് സലാം പറഞ്ഞു. സലാം മടക്കി അദ്ദേഹം ചോദിച്ചു : ഇന്ന്‍ ആരെയും കാണുന്നില്ലല്ലോ, എല്ലാവരും എവിടെപ്പോയി ?,

ഞാന്‍ പറഞ്ഞു : ശൈഖ് അവരാരും ഇന്ന് ക്ലാസിന് വരാതിരിക്കാനുള്ള കാരണക്കാരന്‍ ഞാനാണ്.

ശൈഖ് അബ്ദുസ്സമദ്: എന്തുപറ്റി ?

ഞാന്‍ പറഞ്ഞു : ഇന്ന് മകന്‍ മരിച്ചത് കൊണ്ട് ദര്‍സ് ഇല്ല എന്ന് കരുതി. അവരോടൊക്കെ ദര്‍സ് ഉണ്ടാവില്ല എന്ന് ഞാന്‍ പറയുകയും ചെയ്തു. അതാണ്‌ ആരെയും കാണാത്തത്.

പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: അല്ലാഹ് യഹ്ദീക്, ഞാന്‍ എന്‍റെ ഒന്‍പത് മക്കളെ എന്‍റെ കൈകൊണ്ട് ഈ ബഖീഇല്‍ മറമാടിയിട്ടുണ്ട്. അന്നൊക്കെ മറമാടല്‍ അവിടെ നടക്കും, ദര്‍സ് ഇവിടെ പള്ളിയിലും. അത് ഇതിന് തടസ്സമല്ല. അങ്ങനെ അദ്ദേഹം ദര്‍സ് എടുക്കുന്ന കസേരയുടെ അടുത്തേക്ക് നടന്നു ". (ഒന്‍പത് മക്കളെ മറവു ചെയ്തു എന്നത് ശൈഖ് ഫലാഹ് അദ്ദേഹത്തിന്‍റെ ഓര്‍മ്മയില്‍ നിന്നും പറഞ്ഞതാണ്, ഏതായാലും ഒരുപാട് മക്കള്‍ ശൈഖിന്‍റെ ജീവിതകാലത്ത് തന്നെ മരണപ്പെട്ടിട്ടുണ്ട്).

അദ്ദേഹത്തിന്‍റെ ക്ലാസുകളില്‍ പറയുന്ന കാര്യങ്ങള്‍ ഓരോന്നും ശൈഖ് ഫലാഹ് എഴുതിയെടുക്കുമായിരുന്നു. അങ്ങനെ ക്ലാസിലെ ചോദ്യങ്ങളും ഉത്തരങ്ങളും വിശദീകരണവുമെല്ലാം ക്രോഡീകരിച്ച് ശൈഖ് ഫലാഹ് കാത്തിബിന് നല്‍കി. അങ്ങനെ ശൈഖ് ഫലാഹിന്‍റെ പ്രേരണപ്രകാരം പിന്നീട് പരിശോധിച്ച് അതില്‍ വേണ്ടത് ചേര്‍ക്കുകയും തിരുത്തുകയും ഒക്കെ ചെയ്തുകൊണ്ട് ശൈഖ് അബ്ദുസ്സമദ് അല്‍ കാത്തിബ് ഹഫിദഹുല്ലാഹ് അദ്ദേഹത്തിന്‍റെ കിതാബുല്‍ ഫറാഇദ് പ്രസിദ്ധീകരിച്ചു.

അതുപോലെ ശൈഖ് ഫലാഹ് ഹഫിദഹുല്ലാഹ് പറഞ്ഞ ഒരുകാര്യം: " ശൈഖ് അബ്ദുസ്സമദ് അല്‍ കാത്തിബിന് മദീനയില്‍ തന്നെ മരിക്കണം എന്ന് വലിയ ആഗ്രഹം ആയിരുന്നു. എവിടെ എന്ത് ആവശ്യത്തിന് പോയാലും ആവശ്യം കഴിഞ്ഞാല്‍ ഉടന്‍ മദീനയിലേക്ക് തിരിക്കും. അങ്ങനെ മരണപ്പെടുന്ന ദിവസം അദ്ദേഹം മകളുടെ അടുത്തേക്ക് റിയാദിലേക്ക് പോയി. അവിടെ വച്ച് രാത്രി മരണപ്പെട്ടു. അവര്‍ അദേഹത്തെ റിയാദില്‍ തന്നെ ഖബറടക്കി. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ മരുമകനായ ശൈഖ് ആസ്വിം അല്‍ ഖറയൂത്തിക്ക് വിളിച്ചു. എന്നിട്ട് ചോദിച്ചു: അല്ലാഹ് യഹ്ദീകും, ശൈഖ് അബ്ദുസ്സമദ് മദീനയില്‍ മറമാടപ്പെടാന്‍ ആണ് ആഗ്രഹിച്ചിരുന്നത് എന്ന് നിങ്ങള്‍ക്കറിയില്ലേ ?!, അപ്പോള്‍ ശൈഖ് ആസ്വിം പറഞ്ഞു : അല്ലാഹ് യുസാമിഹക്. അത് ഞങ്ങള്‍ക്കറിയാം, പക്ഷെ നിങ്ങള്‍ക്ക് നിങ്ങളുടെ ശൈഖിനെ അറിയില്ലേ, അദ്ദേഹം മരണപ്പെടുന്ന സ്ഥലത്ത് തന്നെ എത്രയും പെട്ടെന്ന് മറമാടണം എന്നതില്‍ ഏറെ കണിഷതയുള്ള വ്യക്തിയായിരുന്നു. അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തെ ഇവിടെ ഖബറടക്കി "..

ഇനിയും ചില അനുഭവങ്ങൾ പലപ്പോഴായി അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്...  ശൈഖ് അബ്ദുസ്സമദ് അല്‍ കാത്തിബിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അദ്ദേഹം വാചാലനാകും. അല്ലാഹു നമ്മെയും അദ്ദേഹത്തെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ...

പിന്നെ ശൈഖ് ഫലാഹ് ഹഫിദഹുല്ല ചോദിച്ചത് : എന്താണ് നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ. ഞാന്‍ പറഞ്ഞു : ഒരുപാട് ഭിന്നതകളാണ്. മതവിദ്യാര്‍ഥികള്‍ക്കിടയില്‍ തന്നെ ഓരോ മസ്അലയെയും ചൊല്ലി തര്‍ക്കങ്ങള്‍. ഓരോ ഇല്‍മിയ്യായ മസ്അലകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും ഓരോ വിഭാഗങ്ങള്‍ ഉണ്ടാകുന്നു. എല്ലാവര്‍ക്കും ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് ന്യൂനതകള്‍ ഉണ്ടാകുമല്ലോ, അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഇന്നവരുടേ നിലപാടാണ് ശരി എന്ന് തീര്‍ത്തു പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ഇനി ഒരു വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയാല്‍ തന്നെ ആ അഭിപ്രായം വച്ചുപുലര്‍ത്തുന്നവരുടെ എല്ലാ അഭിപ്രായവും ഞാന്‍ അംഗീകരിക്കുന്നു എന്ന ചിത്രം സൃഷ്ടിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും മൗനം അവലംഭിക്കുന്നു. മറ്റു ബിദ്ഈ കക്ഷികള്‍ ആണെങ്കില്‍ ഞങ്ങളെ നോക്കി പരിഹസിക്കുന്നു. കണ്ടോ ഇങ്ങനെ അടിച്ചു പിരിയലാണ് സലഫിയ്യത്ത് എന്ന് പറഞ്ഞു ചിരിക്കുന്നു. സാധാരണക്കാര്‍ എന്ത് ചെയ്യണമെന്നറിയാതെ അന്താളിച്ച് നില്‍ക്കുന്നു. അല്ലാഹുവില്‍ ശരണം ...

ഞാന്‍ ഇത് പറയുമ്പോള്‍ എന്‍റെ അടുത്ത് സനദ് എന്ന് പേരുള്ള ഒരു സെര്‍ബിയക്കാരന്‍ ആണ് ഇരുന്നിരുന്നത്. അവന്‍ ചോദിച്ചു : നിങ്ങളുടെ നാട്ടിലും ഇതുതന്നെയാണോ അവസ്ഥ ?!. ഞങ്ങളുടെ നാട്ടിലും ഇതേ അവസ്ഥ തന്നെ ... ശൈഖ് ഫലാഹ് ഹഫിദഹുല്ല പറഞ്ഞു : '' ഇന്ന് ലോകത്ത് എവിടെയും ഇത് തന്നെ അവസ്ഥ ... ഏത് രാജ്യം എടുത്ത് നോക്കിയാലും ഈ പറഞ്ഞ അവസ്ഥയുടെ നേരെ ഫോട്ടോകോപ്പി തന്നെ. അഹ്ലുസ്സുന്നയുടെ ആളുകള്‍ക്കിടയില്‍ പരസ്പരമുള്ള ഈ ഭിന്നത തന്നെയാണ് ലോകമെമ്പാടുമുള്ള പ്രശ്നം ''.

ഒരു യൂറോപ്യന്‍ രാജ്യത്തുള്ള ആളുടെ നാട്ടില്‍ നടക്കുന്ന പ്രശ്നം ഇമാം ഇഅ്തിദാലില്‍ നില്‍ക്കുമ്പോള്‍ മഅ്മൂം സമിഅല്ലാഹു ലിമന്‍ ഹമിദ എന്നത് പറയണോ അതോ റബ്ബനാ വ ലകല്‍ ഹംദ് മാത്രം പറഞ്ഞാല്‍ മതിയോ എന്നതാണത്രെ. അതിന്‍റെ പേരിലാണ് അവര്‍ക്കിടയിലെ ഭിന്നിപ്പ്. അല്ലാഹുല്‍ മുസ്തആന്‍. ഇങ്ങനെ ലോകമെമ്പാടും ഒരുപാട് ഭിന്നിപ്പുകള്‍.. അവരുടെ ഭിന്നിപ്പ് കേള്‍ക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നുന്നു. നമ്മുടെ ഭിന്നിപ്പ് കേള്‍ക്കുമ്പോള്‍ അവര്‍ക്കും അത്ഭുതം തോന്നുന്നുണ്ടായിരിക്കണം അല്ലെ ?!... ഏതായാലും ഇത്തരം ഭിന്നിപ്പുകള്‍ക്കിടയില്‍ ദഅവത്തും യഥാര്‍ത്ഥ പ്രബോധനവും വഴിമുട്ടുന്നു .. ബിദ്അത്തിന്‍റെ വക്താക്കള്‍ അത് മുതലെടുക്കുന്നു ..

പലപ്പോഴും ഈ ഭിന്നതകളുടെയെല്ലാം ആഴം പരിശോധിച്ചാല്‍ അറബ് ലോകത്ത് ഇതേ വ്യത്യസ്ഥ വീക്ഷണങ്ങള്‍ ഉള്ള പണ്ഡിതന്മാര്‍ പരസ്പരം ആദരിച്ചും ബഹുമാനിച്ചും ഒരുമിച്ച് നില്‍ക്കുമ്പോള്‍ പോലും അതേ വിഷയത്തില്‍ ആ വീക്ഷണ വിത്യാസത്തെ ചൊല്ലി പരസ്പരം കൊമ്പ് കോര്‍ക്കുന്ന പാമാരന്മാരെ ലോകമെങ്ങും കാണാം ... പലപ്പോഴും മതപരമായ വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ അറിയാത്ത മുറി വൈദ്യന്മാര്‍ സംഗതികള്‍ ഏറ്റുപിടിക്കുമ്പോള്‍ നാള്‍ക്കുനാള്‍ ഈ പ്രവണത വര്‍ദ്ധിച്ചുവരുന്നു ...

അതുപോലെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഫോണ്‍ ബെല്ലടിച്ചു. ശൈഖ് എടുത്തു. ആരോ ചോദ്യം ചോദിക്കാന്‍ വിളിച്ചതാണ്. ശൈഖ് ഉസ്മാന്‍ അല്‍ ഖമീസിന്‍റെ അടുക്കല്‍ നിന്നും അറിവ് സ്വീകരിക്കാന്‍ പാടുണ്ടോ എന്നാണ് ചോദ്യം. ശൈഖ് പറഞ്ഞു : അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ചോദിക്കേണ്ടതില്ല. അദ്ദേഹം സലഫിയാണ്. അദ്ദേഹത്തിന്‍റെ അടുക്കല്‍ നിന്നും അറിവ് സ്വീകരിക്കാം. അദ്ദേഹത്തെക്കുറിച്ച് എനിക്ക് നല്ലതേ അറിയൂ. നിങ്ങള്‍ അദ്ദേഹത്തിന്‍റെ ദര്‍സുകള്‍ കേള്‍ക്കുകയും ഉപകാരപ്പെടുത്തുകയും ചെയ്യുക... ശൈഖ് ഫോണ്‍ വെച്ചു, എന്നിട്ട് പറഞ്ഞു : ഇപ്പൊ ഇത് തന്നെ കണ്ടില്ലേ ,,,,,  കുവൈത്തിന്‍റെ പുറത്ത് നിന്നും വിളിച്ചിരിക്കുകയാണ്. ശൈഖ് ഉസ്മാന്‍ അല്‍ ഖമീസ് സലഫിയാണോ, അദ്ദേഹത്തിന്‍റെ ദര്‍സ് കേള്‍ക്കാന്‍ പറ്റുമോ എന്നും ചോദിച്ച്.....

അപ്പോള്‍ എന്‍റെ സുഹൃത്തായ അള്‍ജീരിയക്കാരന്‍ തൗഫീഖ് പറഞ്ഞു : " എത്ര വിചിത്രം. അഖീദ, ഫിഖ്ഹ് എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും പരസ്പരം യോജിക്കുന്നവര്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ അഭിപ്രായ വിത്യാസം ഉണ്ടാകുമ്പോഴേക്ക് പരസ്പരം മിണ്ടാന്‍ പറ്റാത്തവര്‍ ആയി മാറുന്നു ".

അറിവില്ലായ്മയാണ് ഭിന്നതകളുടെ മൂലകാരണം. ശൈഖ് ഇബ്നു ബാസും, ഇബ്നു ഉസൈമീനും (رحمهم الله) മെല്ലാം മരണപ്പെട്ടപ്പോൾ ഭിന്നതകൾ വർദ്ധിച്ചു....
'പണ്ഡിതന്മാരുടെ മരണത്തോടെയാണ് അറിവ് ഉയർത്തപ്പെടുക' എന്ന പ്രവാചക വചനം അക്ഷരാർഥത്തിൽ അനുഭവപ്പെടുന്നു...  ഓരോ പണ്ഡിതന്മാരെ നഷ്ടപ്പെടുമ്പോഴും ഭിന്നതകളും ചിദ്രതകളും വർദ്ധിക്കുന്നു എന്നത് ഒരു വസ്തുതയാണ് .... അല്ലാഹുവിൽ ശരണം.....
وصلي اللهم على نبينا محمد وعلى آله و صحبه وسلم
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 

സൗദിയിലെ മാസപ്പിറവി നമുക്ക് ബാധകമോ ?!. - ഇബ്നു ഉസൈമീൻ (رحمه الله).

നാട്ടിലെയും ഗൾഫിലെയും മാസപ്പിറവി വ്യത്യസ്ഥമായി വന്നാല്‍ ആളുകള്‍ക്ക് ഏറെ ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഈ വിഷയത്തിൽ ഒരു വിശ്വാസി എടുക്കേണ്ട നിലപാടാണ് ഇബ്നു ഉസൈമീൻ (رحمه الله) വ്യക്തമാക്കുന്നത്.

ഇബ്നു ഉസൈമീന്‍ (റ) യോട് ഈ ചോദ്യം ചോദിക്കപ്പെട്ടു.

ചോദ്യം: മാസപ്പിറവി വ്യത്യസ്ഥമായി വരുക വഴി വ്യത്യസ്ഥ  സ്ഥലങ്ങളിലെ അറഫാ ദിനത്തിന്‍റെ വിഷയത്തില്‍ ആശയക്കുഴപ്പം ഉണ്ടായാല്‍ ഞങ്ങളുടെ രാജ്യത്തെ മാസപ്പിറവി അനുസരിച്ചാണോ അതല്ല ഹറമിലെ മാസപ്പിറവി അനുസരിച്ചാണോ ഞങ്ങള്‍ അറഫാ നോമ്പ് അനുഷ്ടിക്കേണ്ടത് ?!.
ഉത്തരം: ഏറ്റവും ശരിയായ അഭിപ്രായം ഓരോ പ്രദേശങ്ങളിലേയും  മാസപ്പിറവി മാറി വരുന്നത് അനുസരിച്ച് അവരുടെ അറഫാ ദിനവും മാറി വരും എന്നുള്ളതാണ്. ഉദാ: മക്കത്ത് മാസം കാണുകയും അതു പ്രകാരം ഇന്ന് മക്കത്ത് ദുല്‍ഹിജ്ജ ഒന്‍പത് (അഥവാ അറഫാ ദിനം) ആണ് എന്നും സങ്കല്‍പ്പിക്കുക. മക്കത്ത് മാസം കാണുന്നതിനേക്കാള്‍ ഒരു ദിവസം മുന്പ് മറ്റൊരു രാജ്യത്ത് മാസം കണ്ടു എന്നും കരുതുക. അപ്പോള്‍ അറഫയില്‍ ഹജ്ജാജിമാര്‍ നില്‍ക്കുന്ന ദിനം ആ രാജ്യക്കാരെ സംബന്ധിച്ചിടത്തോളം പെരുന്നാള്‍ ദിനമായിരിക്കും. പെരുന്നാള്‍ ദിനമായതുകൊണ്ട് തന്നെ അവര്‍ക്ക് ആ ദിനത്തില്‍ നോമ്പ് പിടിക്കല്‍ നിഷിദ്ധവുമാണ്. ഇനി മക്കത്ത് ദുല്‍ഹിജ്ജ മാസം കണ്ടതിനു ഒരു ദിവസം ശേഷമാണ് അവര്‍ മാസം കണ്ടത് എന്ന് സങ്കല്പിക്കുക. മക്കയില്‍ ദുല്‍ഹിജ്ജ ഒന്‍പത് (അഥവാ അറഫാ ദിനം) ആകുന്ന ദിവസം അവരെ സംബന്ധിച്ചിടത്തോളം  ദുല്‍ഹിജ്ജ എട്ട് ആയിരിക്കും. മക്കത്ത് ദുല്‍ഹിജ്ജ പത്ത് ആയി വരുന്ന ദിവസത്തിലായിരിക്കും അവര്‍ അറഫാ നോമ്പ് എടുക്കുന്നത്. ഇതാണ് ഏറ്റവും ശരിയായ അഭിപ്രായം. കാരണം പ്രവാചകന്‍(ﷺ) പറഞ്ഞു: (إذا رأيتموه فصوموا وإذا رأيتموه فأفطروا) " നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക "
തങ്ങളുടെ നാട്ടില്‍ മാസപ്പിറവി ഉദിച്ചിട്ടില്ലാത്തവരെ  സംബന്ധിച്ചിടത്തോളം  അവര്‍ അത് വീക്ഷിക്കാത്തവരാണ്. മാത്രമല്ല ഓരോ പ്രദേശത്തുകാരും  തങ്ങളുടെ പ്രദേശത്തെ പ്രഭാതവും, സൂര്യാസ്ഥമയവും ഒക്കെ ആസ്പദമാക്കിയല്ലേ (നമസ്കാര സമയം) നിര്‍ണയിക്കാറ്. ഇതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായം ആണ് താനും. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഓരോ ദിവസത്തിലുമുള്ള സമയ നിര്‍ണയത്തെപ്പോലെ തന്നെയാണ് അതത് പ്രദേശങ്ങളിലെ മാസനിര്‍ണയവും. [مجموع الفتاوى 20 ] .
അതുപോലെ വ്യത്യസ്ഥ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന അംബാസഡര്‍മാര്‍ ശൈഖ് ഇബ്നു ഉസൈമീന്‍(رحمه الله) യോട് സമാനമായ ചോദ്യം ചോദിക്കുകയുണ്ടായി:
ചോദ്യം : എല്ലാ വര്‍ഷവും റമളാന്‍,അതുപോലെ അറഫാ ദിനം എന്നിവ വരുമ്പോള്‍ ഞങ്ങള്‍ക്ക് ഇവിടെ വലിയ പ്രയാസമാണ്. ആളുകള്‍ ഈ വിഷയത്തില്‍ മൂന്ന്‍ രൂപത്തിലാണ്.
ഒന്നാം വിഭാഗക്കാര്‍ പറയുന്നത് : സൗദിയില്‍ നോമ്പ് വരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ നോമ്പ് പിടിക്കുന്നത്.
രണ്ടാം വിഭാഗക്കാര്‍ പറയുന്നത്: ഞങ്ങളുടെ രാജ്യത്തെ മാസപ്പിറവി അനുസരിച്ച് നോമ്പ് എപ്പോഴാണോ അതനുസരിച്ചാണ് ഞങ്ങള്‍ നോമ്പ് പിടിക്കുന്നത്.
മൂന്നാം വിഭാഗക്കാര്‍ പറയുന്നത്: റമളാന്‍ ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന്‍റെ മാസപ്പിറവി അനുസരിച്ചും എന്നാല്‍ അറഫാ ദിനം സൗദിയിലെ മാസപ്പിറവി അനുസരിച്ചും ആണ് നോമ്പ് എടുക്കുന്നത് എന്നാണ്.
അതുകൊണ്ട് ബഹുമാന്യനായ താങ്കളില്‍ നിന്നും വ്യക്തവും വിശദവുമായ ഒരു മറുപടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞങ്ങള്‍ താമസിക്കുന്ന രാജ്യവും സൗദിയും തമ്മില്‍ മാസപ്പിറവി ഒന്നിച്ച് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പലപ്പോഴും മക്കയില്‍ മാസപ്പിറവി പ്രഖ്യാപിച്ച് ഒന്നോ, രണ്ടോ, ചിലപ്പോള്‍ മൂന്നോ ദിവങ്ങള്‍ കഴിഞ്ഞാണ് ഇവിടെ മാസപ്പിറവി പ്രഖ്യാപിക്കാറ്.

ഉത്തരം :   ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ഒന്ന്: ഏതെങ്കിലും ഒരു മുസ്‌ലിം രാഷ്ട്രത്തില്‍ മാസപ്പിറവി കണ്ടാല്‍ എല്ലാ മുസ്ലിമീങ്ങളും അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്, രണ്ട്: മാസപ്പിറവി വീക്ഷിക്കുന്ന സ്ഥാനങ്ങള്‍ ഒത്തുവരുന്ന പ്രദേശങ്ങളെ മാത്രമാണ്  അത് ബാധിക്കുക എല്ലാവര്‍ക്കും ബാധകമല്ല. മൂന്ന്:  ഒരു ഭരണകൂടത്തിന് കീഴിലാണെങ്കില്‍ മാസപ്പിറവി കണ്ടവര്‍ക്കും, ആ ഭരണത്തിനു കീഴിലുള്ള മറ്റു പ്രദേശങ്ങളിലെ ആളുകള്‍ക്കും അത് ബാധകമാണ് എന്നിങ്ങനെ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഈ വിഷയത്തിലുണ്ട്.
യഥാര്‍ത്ഥത്തില്‍ ഏറ്റവും ശരിയായ നിലപാട് എന്തെന്നാല്‍. മാസപ്പിറവിയുടെ വിഷയത്തില്‍ ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിവുള്ള ആളുകളെ ആശ്രയിക്കുകയും, രണ്ട് വ്യത്യസ്ഥ രാജ്യങ്ങളുടെ 'മാസപ്പിറവി നിര്‍ണയസ്ഥാനം' (المطالع) ഒന്നു തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുന്ന  പക്ഷം മാസപ്പിറവിയുടെ കാര്യത്തില്‍ അവ ഒരു രാജ്യമായി പരിഗണിക്കപ്പെടുന്നു. അഥവാ 'മാസപ്പിറവി നിര്‍ണയ സ്ഥാനം' ഒന്നാണ് എങ്കില്‍ അവയിലെ ഏതെങ്കിലും ഒരു രാജ്യത്ത് കാണുന്ന മാസപ്പിറവി മറ്റേ രാജ്യത്തിനും ബാധകമാകുന്നു.  ഇനി മാസപ്പിറവിയുടെ നിര്‍ണയസ്ഥാനം വ്യത്യസ്ഥമാണ് എങ്കില്‍ ഓരോ രാജ്യവും അവരവരുടെ നാട്ടിലെ മാസപ്പിറവി അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്.
(മാസപ്പിറവിയുടെ നിര്‍ണയ സ്ഥാനം വ്യത്യസ്ഥമായി വരുന്ന രാജ്യങ്ങള്‍ അവനവന്‍റെ നാട്ടിലെ മാസപ്പിറവി അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത് ) എന്ന അഭിപ്രായമാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ(رحمه الله) കൂടുതല്‍  പ്രബലമായ അഭിപ്രായമായി തിരഞ്ഞെടുത്തിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ അതു തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടും, ഹദീസുകൊണ്ടും, ഖിയാസ് കൊണ്ടും വ്യക്തമാകുന്നതും.
വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള തെളിവ് അല്ലാഹു പറയുന്നു:
فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ
" അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ടിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്‌താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചു തന്നതിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്)". [അല്‍ബഖറ: 185].

അപ്പോള്‍ ആര് ആ മാസപ്പിറവിക്ക് സന്നിഹിതരാവുന്നില്ലയോ ആ ആളുകളെ സംബന്ധിച്ചിടത്തോളം നോമ്പിന് സമയമാകുന്നില്ല എന്നാണ് ഈ ആയത്തിന്‍റെ വിവക്ഷ.

((ഇവിടെ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ) അഥവാ ശഅബാന്‍ കഴിഞ്ഞു റമദാന്‍ ആരംഭിച്ചു എന്ന് വെളിപ്പെടുത്തുന്ന മാസപ്പിറവി കാണുക വഴിയോ, അതല്ലെങ്കില്‍ ആ മാസപ്പിറവി കാണാത്ത പക്ഷം ശഅബാന്‍ മുപ്പതും പൂര്‍ത്തിയാക്കി റമദാനിലേക്ക് പ്രവേശിക്കുകയോ ചെയ്യുകയാണ് 'റമദാന്‍ മാസത്തിന് സന്നിഹിതരാവുക' എന്നതിന്‍റെ വിവക്ഷ - ബ്രാക്കറ്റിലുള്ള ഈ വിശദീകരണം ഞാന്‍ എഴുതിച്ചേര്‍ത്തതാണ്. ശൈഖിന്‍റെ വിശദീകരണത്തില്‍ പെട്ടതല്ല)) .ശൈഖിന്‍റെ വിശദീകരണം തുടരുന്നു.....

ഇനി പ്രവാചകന്‍(ﷺ) പറയുന്നു:

(إذا رأيتموه فصوموا وإذا رأيتموه فأفطروا)
" നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക ".

മാസപ്പിറവി കാണാതെ നോമ്പ് അനുഷ്ടിക്കുവാനോ, മാസപ്പിറവി കാണാതെ നോമ്പ് അവസാനിപ്പിക്കുവാനോ പാടില്ല എന്നാണു ഈ ഹദീസിന്‍റെ വിവക്ഷ.

(( അഥവാ മാസപ്പിറവി വീക്ഷിക്കാതെ ശഅബാന്‍ മാസത്തെ 29ല്‍ അവസാനിപ്പിച്ചുകൊണ്ട്) റമദാന്‍ മാസത്തിലെ വ്രതം ആരംഭിക്കുവാനോ, മാസപ്പിറവി വീക്ഷിക്കാതെ റമദാന്‍ 29ല്‍ അവസാനിപ്പിച്ച് പെരുന്നാള്‍ ആഘോഷിക്കുവാനോ പാടില്ല. ഇതാണ് ഹദീസിന്‍റെ വിവക്ഷ. ബ്രാക്കറ്റിലുള്ള ഈ വിശദീകരണം ഞാന്‍ എഴുതിച്ചേര്‍ത്തതാണ്. ശൈഖിന്‍റെ വിശദീകരണത്തില്‍ പെട്ടതല്ല)) . ശൈഖിന്‍റെ വിശദീകരണം തുടരുന്നു.....

ഇനി ഖിയാസ് വഴിയും ഇത് സ്ഥിരപ്പെടുന്നു. കാരണം ഓരോ പ്രദേശത്തും  നോമ്പ് ആരംഭിക്കുന്നതും, നോമ്പ് മുറിക്കുന്നതും ആ ഓരോ പ്രദേശത്തെയും പുലര്‍ച്ചയും, സൂര്യാസ്ഥമയവും പരിഗണിച്ചാണല്ലോ. ഈ കാര്യത്തില്‍ ആര്‍ക്കും ഒരു അഭിപ്രായ ഭിന്നതയും ഇല്ല. ഉദാ : കിഴക്കന്‍ ഏഷ്യയിലെ ജനങ്ങള്‍ പടിഞ്ഞാറന്‍ ഏഷ്യയിലെ ജനങ്ങളെക്കാള്‍ മുന്‍പ് നോമ്പിന്‍റെ സമയം ആരംഭിക്കുന്നു. അതുപോലെ ഇവര്‍ അവരെക്കാള്‍ മുന്പ് നോമ്പ് തുറക്കുകയും ചെയ്യുന്നു. അവരെക്കാള്‍ മുന്പ് ഇവര്‍ക്ക് സൂര്യന്‍ അസ്തമിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും ഉള്ള നോമ്പ് പിടിക്കലിലും, നോമ്പ് തുറക്കലിലും നമ്മള്‍ ഇപ്രകാരമാണ് ചെയ്യുന്നത് എങ്കില്‍ അതുപോലെത്തന്നെയാണ് നോമ്പിന്‍റെ മാസപ്പിറവിയുടെ കാര്യത്തിലും പരിഗണിക്കേണ്ടത്. അതു രണ്ടും തമ്മില്‍ വിത്യാസമില്ല.

ഇനി രണ്ടു രാജ്യങ്ങളും ഒരേ ഭരണകൂടത്തിനു കീഴില്‍ ആവുകയും ഭരണാധികാരി ഇന്ന ദിവസമാണ് നോമ്പ് എടുക്കേണ്ടത് എന്നോ. ഇന്ന ദിവസമാണ് പെരുന്നാള്‍ എന്നോ പറഞ്ഞാല്‍ അവിടെ അയാളുടെ കല്പനയെ അനുസരിക്കല്‍ നിര്‍ബന്ധമാണ്‌. കാരണം ഇതൊരു അഭിപ്രായ ഭിന്നതയുള്ള വിഷയമാണ്. അത്തരം ഒരു വിഷയത്തില്‍ ഭരണാധികാരി ഒരു അഭിപ്രായം തിരഞ്ഞെടുത്താല്‍ പിന്നെ അത് അനുസരിക്കല്‍ എല്ലാവരുടെയും ബാധ്യതയാണ്. ഭരണാധികാരിയുടെ വിധി അഭിപ്രായ ഭിന്നതയുള്ള വിഷയത്തിലെ ഭിന്നത നീക്കുന്നുവന്നത് ഒരു അടിസ്ഥാന തത്വമാണ്.

അതുകൊണ്ട് നിങ്ങള്‍ താമസിക്കുന്ന നാട്ടിലെ മുസ്ലിമീങ്ങള്‍ ഏതു രീതി അനുസരിച്ചാണോ നോമ്പ് അനുഷ്ടിക്കുകയും പെരുന്നാള്‍ ആഘോഷിക്കുകയും എല്ലാം ചെയ്യുന്നത് അതനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിക്കുക.   അത് സൗദിയിലെ നോമ്പിന് യോജിച്ച് വന്നാലും ഇല്ലെങ്കിലും ശരി അപ്രകാരം തന്നെ ചെയ്യുക. അറഫാ ദിനത്തിന്‍റെ വിഷയത്തിലും നിങ്ങള്‍ താമസിക്കുന്ന നാട്ടിലെ ആളുകള്‍ എപ്രകാരമാണോ ചെയ്യുന്നത് അത് പിന്തുടരുക"    [ مجموع الفتاوى 19 ].

മാസപ്പിറവിയും ആശയക്കുഴപ്പവും - ശൈഖ് ഇബ്നു ബാസ് (رحمه الله).


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
ഗൾഫിൽ മാസപ്പിറവി കാണുകയും, നാട്ടിൽ കാണാതിരിക്കുകയും ചെയ്തതിനാൽ ആളുകൾ ആശയക്കുഴപ്പത്തിലായിരിക്കും. എന്നാൽ ഈ വിഷയത്തിൽ ഒരു വിശ്വാസി സ്വീകരിക്കേണ്ട നിലപാടെന്ത് എന്നത്  ശൈഖ് ഇബ്നു ബാസ് (رحمه الله) വ്യക്തമാക്കുന്നു.

ശൈഖ് ഇബ്നു ബാസ് പറയുന്നു:


സൗദിയില്‍ മാസപ്പിറവി കണ്ടതിനു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് പാക്കിസ്ഥാനില്‍ മാസപ്പിറവി കാണുന്നത് എന്നാണല്ലോ നിങ്ങള്‍ പറഞ്ഞത്. സൗദിയിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ അതല്ല പാകിസ്ഥാനിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ നോമ്പ് പിടിക്കേണ്ടത് എന്നതാണ് നിങ്ങളുടെ ചോദ്യം. മതപരമായ ഈ വിഷയത്തിലുള്ള ശരിയായ വിധിയായി എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. നിങ്ങളുടെ നാട്ടിലെ മുസ്‌ലിമീങ്ങള്‍ എന്നാണോ നോമ്പ് പിടിക്കുന്നത് അവരോടൊപ്പമാണ് നിങ്ങള്‍ നോമ്പ് പിടിക്കേണ്ടത് എന്നതാണ്. അതിന് രണ്ട് കാരണങ്ങളുണ്ട്.

ഒന്നാമാതായി : പ്രവാചകന്‍
(ﷺ) പറയുന്നു: " വ്രതം നിങ്ങള്‍ (വിശ്വാസികള്‍) വ്രതമെടുക്കുന്ന ദിവസത്തിലാണ്, ചെറിയ പെരുന്നാള്‍ നിങ്ങള്‍ (വിശ്വാസികള്‍) വ്രതമവസാനിപ്പിക്കുന്ന ദിവസത്തിലാണ്. ബലി പെരുന്നാള്‍ നിങ്ങള്‍ (വിശ്വാസികള്‍) ബാലിയറുക്കുന്ന ദിവസത്തിലാണ് ". അബൂ ദാവൂദും മറ്റു മുഹദ്ദിസീങ്ങളും ശരിയായ പരമ്പരയിലൂടെ ഉദ്ദരിച്ചതാണിത്. അതുകൊണ്ട് നീയും നിന്‍റെ സഹോദരങ്ങളും പാക്കിസ്ഥാനില്‍ കഴിയുന്നിടത്തോളം കാലം അവിടെയുള്ള മുസ്ലിമീങ്ങള്‍ എന്നാണോ നോമ്പെടുക്കുന്നത് അവരോടൊപ്പമാണ് നോമ്പ് പിടിക്കേണ്ടത്. അവരെന്നാണോ നോമ്പ് അവസാനിപ്പിക്കുന്നത് അന്നാണ് നിങ്ങളും നോമ്പ് അവസാനിപ്പിക്കേണ്ടത്. കാരണം പ്രാവാച്ചകന്‍റെ ആ വചനം നിങ്ങള്‍ക്കും ബാധകമാണ്. മാത്രമല്ല  മാസപ്പിറവി നിര്‍ണയ സ്ഥാനം വ്യത്യാസപ്പെടുന്നത് അനുസരിച്ച് മാസപ്പിറവിയും വ്യത്യസ്ഥമായിരിക്കും.  ഇബ്നു അബ്ബാസ് (رضي الله عنه) , അതുപോലെ മറ്റു ധാരാളം പണ്ഡിതന്മാരും ഓരോ നാട്ടുകാര്‍ക്കും അവരവരുടേതായ മാസപ്പിറവിയുണ്ട് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്.

രണ്ടാമതായി : നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ മുസ്ലിമീങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നിങ്ങള്‍ വ്രതമെടുക്കുന്നത്, ആശയക്കുഴപ്പങ്ങളും,  വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാക്കും. അതുപോലെ തര്‍ക്കങ്ങളും കലഹങ്ങളും ഉടലെടുക്കും. എന്നാല്‍ പരസ്പരം വിട്ടുവീഴ്ച ചെയ്ത്, ഒത്തൊരുമയോടെ ജീവിക്കാനാണ് ഇസ്‌ലാം പ്രോത്സാഹിപ്പിചിട്ടുല്ലത്. നന്മയുടെയും പുണ്യത്തിന്‍റെയും കാര്യത്തില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുക. ഭിന്നതകളും, തര്‍ക്കങ്ങളും ഒഴിവാക്കുക. അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:


وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا


" നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്". -[ ആലു ഇംറാന്‍ 103].

അതുപോലെ മുആദിനെയും അബൂ മൂസല്‍ അശ്അരിയെയും യമാനിലേക്ക് പ്രബോധനത്തിനായി അയച്ച വേളയില്‍ പ്രവാചകന്‍(ﷺ) ഇപ്രകാരം ഉപദേശിച്ചു: " നിങ്ങള്‍ ആളുകള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക, നിങ്ങള്‍ ആളുകളെ ആട്ടിയോടിക്കുന്നവരാകരുത്. നിങ്ങള്‍ ഒരുമിച്ചു നില്‍ക്കുകയും പരസ്പരം ഭിന്നിക്കാതിരിക്കുകയും ചെയ്യുക " .
[
مجموع فتاوى ابن باز (15 / 103- 104)]

(ഈ ഫത്'വയുടെ അറബി ആവശ്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

ഫിത്വർ സകാത്ത് പണമായി നൽകാമോ ? അതല്ല ഭക്ഷണം തന്നെ നൽകേണ്ടതുണ്ടോ ?.

ചോദ്യം: ഫിത്വർ സകാത്ത് പണമായി നൽകാമോ ? അതല്ല ഭക്ഷണം തന്നെ നൽകേണ്ടതുണ്ടോ ?.

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه؛

ഫിത്വർ സകാത്ത്  ഭക്ഷണമായിത്തന്നെ നല്കുക എന്നതാണ് നബി (സ) ചര്യ.

عن أبي سعيد الخدري رضي الله عنه قال : كنا نعطيها في زمن النبي صلى الله عليه وسلم صاعاً من طعام ، أو صاعاً من تمر أو صاعاً من شعير أو صاعا من أقط أو صاعا من زبيب

അബീ സഈദ് അൽ ഖുദരി (റ) നിവേദനം: അദ്ദേഹം പറഞ്ഞു: " പ്രവാചകന്റെ കാലത്ത് ഒരു صاع ഭക്ഷണമോ, ഒരു صاع കാരക്കയോ, ഒരു صاع ബാർലിയോ, ഒരു صاع പനീറോ, ഒരു صاع ഉണക്കമുന്തിരിയോ ഒക്കെയാണ് ഫിത്വർ സകാത്തായി നല്‍കാറുണ്ടായിരുന്നത് " - [ബുഖാരി, മുസ്‌ലിം].

അതിനാൽ തന്നെ ഫിത്വർ സകാത്ത് ഭക്ഷണമായെ നൽകാവൂ എന്നതാണ് ഇമാം മാലിക്ക് (റ), ഇമാം ശാഫിഇ (റ), ഇമാം അഹ്മദ് (റ) തുടങ്ങി ബഹുപൂരിപക്ഷം ഫുഖഹാക്കളുടെയും അഭിപ്രായം. ഇമാം അബൂഹനീഫ (റ) പണമായും നല്‍കാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭക്ഷണമായെ നല്‍കാവൂ എന്ന് പറഞ്ഞ ഇമാമീങ്ങള്‍ നബി (സ) യുടെ കാലത്ത് പണം നല്‍കാമായിരുന്നിട്ടും റസൂല്‍ (സ) ഭക്ഷണം നല്‍കാന്‍ കല്പിച്ചതാണ് എല്ലാ ഹദീസുകളിലും കാണാന്‍ സാധിക്കുന്നത് എന്നതിനെയാണ് അവലംബിച്ചത്. പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിവസം ഭക്ഷണത്തിന് മുട്ടുണ്ടാകരുത് എന്നതാണ് അതിന്‍റെ ലക്ഷ്യം എന്നത് ഹദീസിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ വിശദീകരിച്ചു. ഇമാം അബൂ ഹനീഫ (റ) യാകട്ടെ സകാത്തുല്‍ ഫിത്വര്‍ പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ അവരെ ധന്യരാക്കുക എന്നത് ഭക്ഷണത്തില്‍ മാത്രമല്ല പൊതുവായ അര്‍ത്ഥത്തിലാണ്, അതിനാല്‍ ധനമായും നല്‍കാം എന്നും അഭിപ്രായപ്പെട്ടു. 

ഭക്ഷണമായാണ് നല്‍കേണ്ടത് എന്നാല്‍ ഭക്ഷണം നല്‍കുന്നത് പാവങ്ങള്‍ക്ക് പ്രയാസകരവും പണമായി നല്‍കുന്നത് കൂടുതല്‍ ഉചിതമായി വരുന്ന സാഹചര്യങ്ങളില്‍ പണമായി നല്‍കാം എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയയെപ്പോലുള്ള പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഏതായാലും ഫിത്വര്‍ സകാത്ത് പണമായി നല്‍കിയാല്‍ വീടുമോ എന്നത് അഭിപ്രായഭിന്നതയുള്ള കാര്യമാണ്. ഭക്ഷണമായി നല്‍കിയാല്‍ നിറവേറുമെന്നത് ഏകാഭിപ്രായമുള്ള കാര്യവുമാണ്. മാത്രമല്ല ഫിത്വര്‍ സകാത്ത് പരാമര്‍ശിക്കുന്ന ഹദീസുകളിലെല്ലാം ഭക്ഷണമായി നല്‍കാനാണ്  പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതും. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രബലമായ അഭിപ്രായവും കൂടുതല്‍ സൂക്ഷ്മതയുമെല്ലാം ഭക്ഷണമായി നല്‍കല്‍ തന്നെയാണ്. ശൈഖ് ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉസൈമീൻ (رحمهما الله) തുടങ്ങിയ പണ്ഡിതന്മാരും, ലജ്നതുദ്ദാഇമയുമെല്ലാം ഭക്ഷണമായി മാത്രമേ ഫിത്വർ സകാത്ത് നൽകാവൂ എന്നാണു പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് നേരത്തെ സൂചിപ്പിച്ചത് പോലെ ഭക്ഷണമായി നല്‍കലാണ് കൂടുതല്‍ സൂക്ഷ്മതയും അഭിപ്രായഭിന്നതയില്‍ നിന്നും പുറംകടക്കാന്‍ നല്ലതും. ഇതോടൊപ്പം സാന്ദർഭികമായി പറയാനുള്ളത് ലോക്ക് ഡൗൺ കാരണത്താലോ മറ്റോ ഭക്ഷണമായി പാവപ്പെട്ടവർക്ക് ഒരുനിലക്കും എത്തിച്ചു നൽകാൻ സാധിക്കാതെ വരുന്ന ഒരു സാഹചര്യമുണ്ടായാൽ അവിടെ പണമായി നൽകുകയോ, അതല്ലെങ്കിൽ പാവപ്പെട്ടവരെ വിളിച്ച് കാര്യം പറയുകയും ശേഷം സൗകര്യപ്പെടുമ്പോൾ അതവർക്ക് എത്തിച്ചുകൊടുക്കുകയോ ചെയ്യാം. കാരണം അതൊരു നിർബന്ധിത സാഹചര്യമാണല്ലോ.

അതുപോലെ ദരിദ്രർക്ക് ഭക്ഷണമായി എത്തിച്ചുകൊടുക്കാന്‍ വേണ്ടി വിശ്വാസയോഗ്യരായ ആളുകളെ അതിന്‍റെ പണം എല്പിക്കുന്നതിൽ തെറ്റില്ല. അത് അനുവദനീയമായ വക്കാലത്തുകളിൽ പെട്ടതാണ് എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.  പാവപ്പെട്ടവരിലെക്ക് അത് ഭക്ഷണമായാണ് എത്തേണ്ടത് എന്നതാണ് ഭക്ഷണമായി നല്‍കണം എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. പാവപ്പെട്ടവര്‍ക്ക് ഫിത്വര്‍ സകാത്തിന്‍റെ ഭക്ഷണം എത്തിച്ച് കൊടുക്കുന്ന മഹല്ല് സംവിധാനങ്ങളിലോ മറ്റോ  പണം എല്പിക്കുന്നതില്‍ തെറ്റില്ല.

റസൂലിന്‍റെ കാലത്തെ ഒരു صاع എന്ന് പറയുന്നത്, അന്നത്തെ മദീനത്തെ ഒരു صاع ൽ ഗോതമ്പ് നിറച്ച് തൂക്കി നോക്കിയപ്പോൾ 2.040 ഗ്രാം ആണ് തൂക്കം ലഭിച്ചത് എന്ന് ശൈഖ് ഇബ്നു ഉസൈമീൻ അദ്ദേഹത്തിന്‍റെ  الشرح الممتع എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുന്നെ തന്നെ അത് നൽകൽ അനുവദനീയമാണ്. സ്വഹാബത്ത് അപ്രകാരം അവരുടെ ഫിത്വർ സകാത്ത് നൽകാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം. പണം സ്വരൂപിച്ച് പെരുന്നാള്‍ നമസ്കാരത്തിന് മുന്നോടിയായി പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ കയ്യില്‍ രണ്ട് ദിവസത്തിന് മുന്പെയും നല്‍കാം. അവരത് ഒന്നോ രണ്ടോ ദിവസം മുതല്‍ ഈദ് നമസ്കാരം വരെയുള്ള സമയത്താണ് നിര്‍വഹിക്കേണ്ടത് എന്ന് മാത്രം.

അത് പെരുന്നാൾ നമസ്കാരത്തിന് മുന്പായി നൽകിയെങ്കിൽ മാത്രമേ ഫിത്വർ സകാത്തായി പരിഗണിക്കപ്പെടുകയുള്ളൂ. റസൂല്‍ (സ) പറഞ്ഞു: " നമസ്കാരത്തിന് മുന്പായി ഒരാൾ അത് നിർവഹിക്കുകയാണ്‌ എങ്കിൽ അത് സ്വീകാര്യയോഗ്യമായ (ഫിത്വർ) സകാത്താണ്. എന്നാൽ നമസ്കാര ശേഷമാണ് ഒരാൾ അത് നിർവഹിക്കുന്നതെങ്കിൽ കേവലം സ്വദഖകളിൽ ഒരു സ്വദഖ മാത്രമായിരിക്കും അത്" - അബൂ ദാവൂദ്.

അല്ലാഹു അനുഗ്രഹിക്കട്ടെ ..

Saturday, July 26, 2014

സ്ഥലത്തിന് സകാത്ത് ബാധകമാണോ ?, എങ്കില്‍ അതിന്റെ സകാത്ത് നൽകേണ്ടതെപ്പോൾ ?.


ചോദ്യം: സ്ഥലത്തിന് സകാത്ത് ബാധകമാണോ ?, എങ്കില്‍ അത് വിറ്റ്‌ ലാഭം കിട്ടുമ്പോള്‍ ആണോ കൊടുക്കേണ്ടത് ?

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛


 വില്പനക്ക് വച്ച സ്ഥലത്തിനാണ് സകാത്ത് ബാധകമായിട്ടുള്ളത്. വില്പനക്കല്ലാതെ കൃഷിക്ക് വേണ്ടിയോ, വീട് വെക്കുന്നതിന് വേണ്ടിയോ, ഫാക്ടറി തുടങ്ങുന്നതിനു വേണ്ടിയോ, വാടകക്ക് നല്കാൻ വേണ്ടിയോ ഒക്കെയുള്ള  സ്ഥലമാണെങ്കില്‍ അതിന് സകാത്ത് ഇല്ല.

ഇനി വില്പനക്ക് വച്ച സ്ഥലത്തിന്‍റെ സകാത്ത് എപ്രകാരമാണ് നാം നല്‍കേണ്ടത് ?. ജനങ്ങളുടെ ഇടയില്‍ ഏറെ തെറ്റിദ്ധാരണ ഉള്ള ഒരു വിഷയമാണിത്. പലരും പല രൂപത്തിലാണ് ധരിച്ചു വച്ചിട്ടുള്ളത്. വില്പന വസ്തുവാണെങ്കില്‍ പോലും സ്ഥലത്തിന് സകാത്ത് ബാധകമാകുകയില്ല എന്ന് ധരിച്ചു വച്ചവരും ഏറെ. മൂല്യം നിസ്വാബ് തികയുന്ന കച്ചവട വസ്തുക്കള്‍ക്കെല്ലാം സകാത്ത് ബാധകമാണ്.

ഇനി വില്പന വസ്തുക്കളുടെ സകാത്ത് നിര്‍ബന്ധമാകുന്നത് അവയുടെ മൂല്യത്തിലാണ്. അഥവാ സകാത്ത് നിര്‍ബന്ധമാകുന്ന ഒരു ഹിജ്റ വര്‍ഷ  കാലാവധി (ഹൗല്‍) തികയുമ്പോള്‍ ആ വില്പന വസ്തുവിന് മാര്‍ക്കറ്റില്‍ ഉള്ള വിലയുടെ രണ്ടര ശതമാനം ആണ് സകാത്ത് ആയി നല്‍കേണ്ടത്.

ഉദാ: ഒരാള്‍ വില്‍ക്കുക എന്ന ഉദ്ദേശത്തോടെ പത്ത് ലക്ഷം രൂപക്ക് ഒരു സ്ഥലം വാങ്ങി എന്ന് കരുതുക. ഹൗല്‍ പൂര്‍ത്തിയാകുന്ന സമയത്ത് ആ സ്ഥലത്തിന് പന്ത്രണ്ട് ലക്ഷം രൂപ വില വരുമെങ്കില്‍ പന്ത്രണ്ട് ലക്ഷത്തിന്‍റെ രണ്ടര ശതമാനം ആണ് സകാത്ത് ആയി നല്‍കേണ്ടത്.

അഥവാ ഹൗല്‍ തികയുന്ന സമയത്തുള്ള മാര്‍ക്കറ്റ് വിലയുടെ രണ്ടര ശതമാനം ആണ് സകാത്ത് ആയി നല്‍കേണ്ടത്.

ഇനിയുള്ള ചോദ്യം ആ സ്ഥലം വാങ്ങിയ അന്ന് മുതലാണോ ഞാന്‍ ഹൗല്‍ തുടങ്ങുന്ന ദിവസമായി പരിഗണിക്കേണ്ടത് ? അതല്ല ഞാന്‍ കച്ചവട വസ്തു വാങ്ങാന്‍ വേണ്ടി ഉപയോഗിച്ച പണം എന്‍റെ കയ്യില്‍ വന്നത് മുതല്‍ ആണോ ഹൗല്‍ തുടങ്ങുന്നത് എന്നതാണ് ? ( ഹൗല്‍ എന്നാല്‍ സകാത്ത് നിര്‍ബന്ധമാകുന്ന ഒരു ഹിജ്റ വര്‍ഷ സമയപരിധി ) 

എന്‍റെ കയ്യില്‍ ആ പണം വന്നത് മുതലാണ്‌ ഞാന്‍ ഹൗല്‍ തുടങ്ങിയതായി പരിഗണിക്കുക. ഉദാ: ശഅബാന്‍ ഒന്നിന് എനിക്ക് ഒരാള്‍ അഞ്ചു ലക്ഷം രൂപ ഹദിയ്യ നല്‍കി എന്ന് സങ്കല്‍പ്പിക്കുക. ആ പണം കൊണ്ട് റമളാന്‍ മുപ്പതിന് ഞാന്‍ ഒരു കച്ചവട വസ്തു വാങ്ങി എന്ന് സങ്കല്‍പ്പിക്കുക. ഇനി അടുത്ത ശഅബാന്‍ ഒന്ന് വരുമ്പോഴാണോ അതല്ല റമളാന്‍ മുപ്പതിനാണോ ഞാന്‍ സകാത്ത് കൊടുക്കാന്‍ ബാധ്യസ്തനാകുന്നത് എന്നതാണ് ചോദ്യം.  ഇവിടെ ഞാന്‍ കച്ചവട വസ്തു വാങ്ങിയ സമയമല്ല മറിച്ച് എന്‍റെ കയ്യില്‍ ആ പണം വന്ന ദിവസമാണ് ഞാന്‍ ഹൗലിന്‍റെ ആരംഭമായി പരിഗണിക്കേണ്ടത്. അഥവാ പിറ്റേ വര്‍ഷം ശഅബാന്‍ ഒന്ന് വരുമ്പോള്‍ തന്നെ എന്‍റെ കയ്യിലുള്ള കച്ചവട വസ്തുവിന്‍റെ മാര്‍ക്കറ്റ് വിലയുടെ രണ്ടര ശതമാനം   സകാത്ത് കൊടുക്കാന്‍ ഞാന്‍ ബാധ്യസ്ഥനാകുന്നു.

അല്ലാഹു അനുഗ്രഹിക്കട്ടെ 


By. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 


അനുബന്ധ ലേഖനം:

ഭൂമിയുടെ (സ്ഥലത്തിൻ്റെ) സകാത്ത്. തത് വിഷയത്തിലുള്ള പണ്ഡിതന്മാരുടെ ഫത്'വകളും.

Friday, July 18, 2014

ബേങ്കിൽ അക്കൗണ്ട്‌ തുടങ്ങാമോ ? ബേങ്കിലെ പലിശ എന്ത് ചെയ്യണം ? !





الحمد لله رب العالمين وصلى الله وسلم على نبينا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين؛

കാര്യങ്ങൾ അൽപം വിശദമായിത്തന്നെ വിശദീകരിക്കേണ്ടതുണ്ട്. അതിനാൽ വായിക്കുന്നവർ ലേഖനം പൂർണമായി വായിക്കുക.

പലിശയെന്നത് ഏറെ കഠിനമായ ശിക്ഷ ലഭിക്കുന്ന ഒരു വന്‍പാപമാണ്. പലിശ എത്രത്തോളം കഠിനമായ പാപമാണ് എന്ന് മനസ്സിലാക്കാന്‍ നേരത്തെ എഴുതിയ ഈ ലേഖനം വായിക്കുക: പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം !

എന്നാല്‍ ഇനിയുള്ള ചോദ്യം ഒരാള്‍ക്ക് പലിശ ഇടപാടുകള്‍ നടത്തുന്ന ബേങ്കില്‍ Account തുടങ്ങാന്‍ പാടുണ്ടോ എന്നതാണ്.

 അടിസ്ഥാനപരമായി പലിശയുമായി ബന്ധപ്പെട്ട ഒരു ഇടപാടും ഒരു മുസ്ലിമിന് പാടില്ല. പലിശയുമായി വല്ല നിലക്കും ഇടപെടുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിനാലും അവന്റെ പ്രവാചകനാലും ശപിക്കപ്പെട്ടവനാണ്. ഇനി ബേങ്കുകളുമായുള്ള ഇടപാടുകളെ ഈ അടിസ്ഥാനപ്രകാരം നോക്കിക്കാണുമ്പോള്‍ ഇസ്ലാമികമായ ബേങ്കിംഗ് സംവിധാനം ഉള്ള നാട്ടിലാണെങ്കിൽ ഒരാള്‍ക്കും തന്നെ അനിസ്ലാമികമായ ബേങ്കുകളുമായി ഒരു നിലക്കും ബന്ധപ്പെടാന്‍ പാടുള്ളതല്ല. ഇനി തന്‍റെ ശമ്പളം ലഭ്യമാകണമെങ്കില്‍ ഒരു പ്രത്യേക ബേങ്കില്‍ account തുടങ്ങണം എന്ന് തന്‍റെ കമ്പനി നിര്‍ബന്ധിച്ചാല്‍ പോലും  ശമ്പളം ഇറങ്ങുന്ന അതാത് ദിവസം തന്നെ അത് അവിടെ നിന്നും പിന്‍വലിച്ച് ഇസ്ലാമിക് ബേങ്കില്‍ ഉള്ള തന്‍റെ account ല്‍ നിക്ഷേപിക്കണം.
എന്നാൽ  ഇസ്ലാമികമായ ഒരു സംവിധാനം ഇല്ലാത്ത ഇടമാണ് എങ്കില്‍ നിരുപാധികം ഒരാള്‍ക്ക് പലിശ ബേങ്കില്‍ account തുടങ്ങാം എന്ന ധാരണ തെറ്റാണ്. ഒരാള്‍ക്ക് അതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എത്രത്തോളം സാധിക്കുമോ അത്രത്തോളം വിട്ടുനിൽക്കുകയാണ് വേണ്ടത്. ഇനി തന്നെ സംബന്ധിച്ചിടത്തോളം അത് ഒരു അനിവാര്യതയായി വരികയാണ് എങ്കില്‍ മാത്രമാണ് അത് ആ അനിവാര്യതയുടെ തോതനുസരിച്ച്  അനുതവദനീയമായിത്തീരുന്നത്.
ലിജ്നതുദ്ദാഇമയുടെ ഒരു ഫത്'വയില്‍ ഇപ്രകാരം കാണാം :
" നാണയങ്ങൾ, അതുപോലുള്ള മറ്റു സംബത്തുക്കൾ തുടങ്ങിയവ പലിശ ബേങ്കുകളിലോ, പലിശ സ്ഥാപനങ്ങളിലോ നിക്ഷേപിക്കാന്‍ പാടില്ല. അത് പലിശ തിരികെ ലഭിക്കുന്ന നിക്ഷേപമാകട്ടെ (FIXED DEPOSIT), പലിശ ലഭിക്കാത്ത നിക്ഷേപമാകട്ടെ അതൊന്നും തന്നെ അനുവദനീയമല്ല.  കാരണം അത് പരസ്പരം തിന്മക്കും അക്രമത്തിനും കൂട്ടുനില്‍ക്കലാണ് ( ഇപ്രകാരം പറയാന്‍ കാരണം പലിശ ബേങ്കുകള്‍ അവക്ക് ലഭിക്കുന്ന എല്ലാ നിക്ഷേപത്തിന്‍റെയും ഒരു നിശ്ചിത ശതമാനം പലിശക്കായി ഉപയോഗിക്കുന്നു എന്നതിനാലാണ്). അല്ലാഹു പറയുന്നു:

وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلا تَعَاوَنُوا عَلَى الإِثْمِ وَالْعُدْوَانِ

"പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌ ". - [മാഇദ : 2].  ഇനി ആ പണം അതില്‍ നിക്ഷേപിച്ചില്ലെങ്കില്‍ ആരെങ്കിലും മോഷ്ടിക്കുകയോ തട്ടിപ്പറിക്കുകയോ ചെയ്യുക വഴി അത് നഷ്ടപ്പെടുമെന്ന് ഭയപ്പെടുകയും, പലിശ ബേങ്കുകളില്‍ നിക്ഷേപിക്കുക എന്നതല്ലാതെ അത് സൂക്ഷിക്കാന്‍ മറ്റൊരു വഴിയില്ലാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ മാത്രം പലിശ ലഭിക്കാത്ത  (current account) അക്കൌണ്ടുകളില്‍ അത് നിക്ഷേപിക്കാന്‍ അയാള്‍ക്ക് ഇളവ് ലഭിക്കപ്പെടുന്നതാണ്. അത് നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്ന നില്‍ക്കും, രണ്ട് ശര്‍റായ കാര്യങ്ങളില്‍ ഏറ്റവും ശര്‍റു കുറഞ്ഞത് എടുക്കുക എന്ന നിലക്കുമാണിത് " [ 13/346 ].


അപ്പോള്‍ അനിവാര്യ ഘട്ടത്തിലല്ലാതെ ബേങ്കുകളില്‍ അക്കൗണ്ട്‌ തുടങ്ങുന്നത് അനുവദനീയമാകുന്നില്ല. മാത്രമല്ല അത്തരം സാഹചര്യത്തില്‍ തന്നെ (current account) തുടങ്ങുക എന്നതാണ് പണ്ഡിതന്മാര്‍ മുന്നോട്ട് വച്ച ഇളവ്. അത് എന്തുകൊണ്ടെന്നാല്‍ കര്‍മ്മശാസ്ത്രപരമായി പരിശോധിച്ചാല്‍ ആ അക്കൌണ്ട് തഹ്'രീം വസാഇല്‍ എന്ന നിലക്കാണ് നിഷിദ്ധമാകുന്നത്. അഥവാ ബേങ്കും അയാളുമായുള്ള ബന്ധത്തില്‍ പലിശ കടന്നു വരുന്നില്ലെങ്കിലും അയാളുടെ നിക്ഷേപം ബേങ്ക് തിന്മക്ക് ഉപയോഗിക്കുന്നതിനാലാണ് അവിടെ നിഷിദ്ധം കടന്നുവരുന്നത്. നേരിട്ട് പലിശയുമായി ബന്ധപ്പെടുകയല്ല എന്നര്‍ത്ഥം. ഇത്തരം തഹ്'രീം വസാഇലുകളായ കാര്യങ്ങൾ  ഹാജതുകള്‍ക്ക് അനുസൃതമായി അനുവദനീയമായി വരും. അതുകൊണ്ടാണ് പണ്ഡിതന്മാര്‍ അത് എടുത്ത് പറഞ്ഞത് എന്ന് സൂചിപ്പിച്ചുവെന്ന് മാത്രം.

എന്നാല്‍ ചിലരുമായി സംസാരിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വ്യക്തികള്‍ക്ക് current account തുടങ്ങുക സാധ്യമല്ല എന്നതാണ്. അത് തുടങ്ങണമെങ്കില്‍ അവര്‍ക്ക് ഒരു firm ആവശ്യമാണെന്നും. അതില്‍ വരുന്ന ഓരോ പണത്തിനും കൃത്യമായ രേഖയും ആവശ്യമാണെന്നുമാണ്. അവർ പറയുന്നത്. എന്നാൽ മറ്റു ചിലർ തുടങ്ങാൻ സാധിക്കുമെന്നും പറയുന്നു. ഏതായാലും current account തുടങ്ങാൻ സാധിക്കുമെങ്കിൽ അത് മാത്രമേ തുടങ്ങാവൂ. കാരണം അത് പലിശ രഹിത അക്കൗണ്ട്‌ ആണ്. ഇനി അപ്രകാരം തുടങ്ങാൻ സാധിക്കാത്ത പക്ഷം വ്യക്തികളെ സംബന്ധിച്ചിടത്തോളം savings account  തുടങ്ങാനേ നിർവാഹമുണ്ടാകൂ.  അതിൽ പലിശ ലഭിക്കുകയും ചെയ്യും. ഇതിന്‍റെ ഹുക്മ് കര്‍മ്മശാസ്ത്രപരമായി (حرام لذاته) ആണ്. അഥവാ മറ്റൊരു കാരണത്താല്‍ നിഷിദ്ധമാകുന്നതല്ല, മറിച്ച് സ്വതവേ നിഷിദ്ധമാണ് എന്നര്‍ത്ഥം. കാരണം ഇവിടെ ബേങ്കും ആ അക്കൌണ്ട് ഉള്ള വ്യക്തിയും തമ്മിലുള്ള ബന്ധം തന്നെ പലിശ ഇടപാടാണ്. current account വ്യക്തികൾക്ക് തുടങ്ങാൻ സാധിക്കില്ല എന്നത് ശരിയാണ് എങ്കിൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം പലപ്പോഴും നിയമവ്യവസ്ഥയെ ഉപയോഗപ്പെടുത്തി  ഇതുമായി ബന്ധപ്പെടാന്‍ ആളുകളെ ഭരണകൂടം നിര്‍ബന്ധിക്കുകയാണ് എന്ന് തന്നെ പറയാം.  ബേങ്കുകളിലൂടെയാണ് ഇന്ന് ജോലിക്കാര്‍ക്ക് ശമ്പളവും മറ്റും നല്‍കുന്നത്. മാത്രമല്ല ഒട്ടുമിക്ക പണമിടപാടുകളും ബേങ്കുകള്‍ വഴി മാത്രമേ നടക്കുകയുള്ളൂ. അതുകൊണ്ട് പലപ്പോഴും അക്കൌണ്ട് ഉണ്ടായേ തീരൂ. ഒരാളുടെ അടിസ്ഥാന കാര്യങ്ങളായി  മതം എണ്ണിയ, വിശ്വാസം, ജീവന്‍, ബുദ്ധി, സമ്പത്ത്, അഭിമാനം എന്നീ അഞ്ച്  അവിഭാജ്യ ഘടകങ്ങളുടെ നിലനില്പിനെ ബാധിക്കുന്ന അവസ്ഥാവിശേഷങ്ങളെ ളറൂറത്തിന്‍റെ അവസ്ഥയായി ഫുഖഹാക്കള്‍ എണ്ണിയത് ഇവിടെ പ്രസക്തമാകുന്നു.   പ്രവാസികള്‍ക്ക് അവര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സമ്പാദ്യം നാട്ടിലേക്ക് എത്തിക്കാനും NRE അക്കൗണ്ട്‌ വേണം. അത് savings account ഇനത്തില്‍ പെട്ടതായാണ് മനസ്സിലാക്കാൻ സാധിച്ചത്. ഇങ്ങനെ ഓരോ കാര്യങ്ങള്‍ എടുത്ത് നോക്കിയാലും ഭരണകൂട നിയമങ്ങള്‍ ഒരുനിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് മുസ്ലിമീങ്ങളെ പലിശ സംവിധാനവുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിക്കുന്ന അവസ്ഥ  ഇന്ത്യയിൽ നിലവിലുണ്ട്. ഇത് അവഗണിച്ചുകൊണ്ട് ഈ വിഷയം ചര്‍ച്ച ചെയ്യുക എന്നത് ഒരിക്കലും സാധ്യമല്ല. അപ്പോള്‍ ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു മുസ്‌ലിം എന്ന നിലക്ക് നമ്മള്‍ എന്ത് ചെയ്യും ?!. അതാണ്‌ ചർച്ച ചെയ്യപ്പെടേണ്ടത്.

പക്ഷെ ഈ വിഷയത്തിന്‍റെ മതവിധിയെക്കുറിച്ച് പണ്ഡിതന്മാർ എന്ത് പറയുന്നു എന്ന് ചർച്ച ചെയ്യുന്നതിന് മുൻപ് മറ്റൊരു ചോദ്യം ചോദിക്കാനുണ്ട്.

മുസ്ലിമീങ്ങളുടെ അടിസ്ഥാന ആവശ്യമായ പലിശ രഹിത സംവിധാനം നമ്മുടെ നാട്ടില്‍ ലഭ്യമാക്കാന്‍ വേണ്ടി നമ്മള്‍ എന്ത് ചെയ്തു ?.!!!!!!!!!!!!!! യഥാര്‍ത്ഥത്തില്‍ ശറഇയായ ഒരു സാമ്പത്തിക സംവിധാനം ഉണ്ടാക്കാന്‍ ആരും കാര്യമായി പരിശ്രമിച്ചിട്ടില്ല എന്ന് തന്നെ പറയാം. ചില സംഘടനകള്‍ ഇടക്കാലത്ത്  'പലിശരഹിത സംവിധാനങ്ങള്‍' എന്ന് അവകാശപ്പെട്ടുകൊണ്ട്‌ രംഗത്ത് വന്നിരുന്നു. പക്ഷെ അവരുടെ ഉള്ളുകള്ളി പരിശോധിച്ചപ്പോള്‍ അവരുടെ പക്കല്‍ ഉപഭോക്താക്കൾ  നിക്ഷേപിക്കുന്ന പണം അവര്‍ ബേങ്കില്‍ നിക്ഷേപിക്കുകയായിരുന്നു ചെയ്തിരുന്നത് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. മറ്റുചിലര്‍ ഇസ്‌ലാമിക സമ്പദ് സംവിധാനം നടപ്പാക്കാന്‍ വേണ്ടി പരിശ്രമിച്ചു. അവരുടെ ഉദ്ദേശ്യം ശുദ്ധമെങ്കില്‍ അവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ. പക്ഷെ മതപരമായ അടിസ്ഥാനം അതിനും വേണ്ടരൂപത്തില്‍ ഇല്ലായിരുന്നു എന്ന് തന്നെ വേണം പറയാന്‍ . കാരണം അവര്‍ തങ്ങളുടെ ആദ്യത്തെ പ്രൊജക്റ്റ്‌ എന്ന് പറഞ്ഞുകൊണ്ട് അവതരിപ്പിച്ചത് തന്നെ ഒരു ബഹുദൈവാരാധനാ സംവിധാനവുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തിനായിരുന്നു. പലിശരഹിതം ആയതുകൊണ്ട് മാത്രം ഇസ്‌ലാമികമാകുകയില്ല. മറിച്ച് വിശ്വാസപരമായതും അല്ലാത്തതുമായ എല്ലാ നിഷിദ്ധങ്ങളും വര്‍ജ്ജിച്ചുകൊണ്ടാകണം ഇസ്‌ലാമിക സംവിധാനം നിലവില്‍ വരേണ്ടത് എന്ന ബാലപാഠം പോലും അവഗണിക്കപ്പെട്ടു  എന്നതാണ് ആ പത്ര റിപ്പോര്‍ട്ട് കണ്ടപ്പോൾ തോന്നിയത്. അതിന്‍റെ വക്താക്കളായി മുന്നില്‍ നില്‍ക്കുന്നതാകട്ടെ മതപരമായി അറിവില്ലാത്തവരാണ് എന്ന് മാത്രമല്ല. പലപ്പോഴും മതനിയമങ്ങളോട് തങ്ങളുടെ വിദ്വേശം പ്രകടമാക്കിയവര്‍ പോലുമാണ്. ഒരുവേള മതബോധവും അറിവും വീജ്ഞാനവുമുള്ളവർ ഇത്തരം കാര്യങ്ങൾക്ക് മുന്നിട്ടിറങ്ങാതിരുന്നാൽ അർഹതയില്ലാത്തവർ അത്തരം കാര്യങ്ങളിൽ ഇടപെടുവാൻ അത് കാരണമായിത്തീരും എന്ന് ഞാൻ പറയേണ്ടതില്ലല്ലോ..
ഏതായാലും മനുഷ്യാവകാശ ലംഘനം എന്ന് തന്നെ പറയാം, മതപരമായി നമുക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഒരു സംവിധാനം അനുസരിച്ച് ജീവിക്കാന്‍ നാം നിര്‍ബന്ധിതരാക്കപ്പെട്ടിട്ട്അത്തരം ഒരു സാഹചര്യത്തെ മാറ്റി തന്‍റെ മതത്തിനും സമൂഹത്തിനും എല്ലാം ഏറെ ഉപകാരപ്രദമായ പലിശരഹിത സംവിധാനം കൊണ്ടുവരാന്‍ എന്താണ് നമ്മള്‍ ഓരോരുത്തരും ചെയ്തത് ?!. നമ്മൾ ആലോചിക്കേണ്ടതില്ലേ ? പരിശ്രമമില്ലാതെ സാഹചര്യത്തെ മാത്രം പഴിച്ചിട്ടെന്തു കാര്യം ?!.

നമ്മള്‍ പരിശ്രമിക്കുക. ഒപ്പം അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.  എങ്കില്‍ പലിശരഹിതമായ ഒരു സമ്പദ് സംവിധാനത്തിനുള്ള സാഹചര്യം അല്ലാഹു ഒരുക്കിത്തരും ഇന്‍ ഷാ അല്ലാഹ്. അതല്ലാതെ ഒരു പണിയും എടുക്കാതെ അത്തരം ഒരു സാഹചര്യം ഇല്ലാത്തതിന് ഖേദം പ്രകടിപ്പിക്കുന്നതിൽ എന്തർത്ഥമാണുള്ളത്. വിവാഹം കഴിക്കാന്‍ കൂട്ടാക്കാതെ  'അല്ലാഹുവേ കുട്ടിയെ തരണേ' !  എന്ന് പ്രാര്‍ഥിക്കുന്നവനെപ്പോലെയേ ആ ഖേദപ്രകടനത്തിന് സ്ഥാനമുള്ളൂ. നമ്മള്‍ പരിശ്രമിക്കുകയും തുടര്‍ന്ന് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക. മാറ്റമുണ്ടാകും ഇന്‍ ഷാ അല്ലാഹ് !. അതാണ്‌ യഥാർത്ഥ തവക്കുൽ...

അല്ലാഹു പറയുന്നു :

وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ

" നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക്‌ നാം നയിക്കുക തന്നെ ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു ". [അങ്കബൂത്ത് : 69].

ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം.  ബേങ്കുമായി ഒരുനിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് ബന്ധപ്പെടാന്‍ നിര്‍ബന്ധിതരായവരാണ് പലരും. പണം സൂക്ഷിക്കുക എന്ന ആവശ്യത്തേക്കാള്‍, തന്‍റെ പണമിടപാടുകള്‍ക്ക് ബേങ്കുമായി ബന്ധപ്പെടുന്നതിനെ നിയമവും അധികാരവും ഉപയോഗിച്ചുകൊണ്ട് ഭരണകൂടം നിര്‍ബന്ധിക്കുന്ന  അവസ്ഥയാണ് നമ്മുടെ നാട്ടില്‍ ഉള്ളത്. അതുകൊണ്ട് ഒരുപക്ഷെ ضرورة എന്ന നിലയില്‍ നിന്നും പലപ്പോഴും مكره എന്ന നിലക്ക് വരെ കാര്യങ്ങള്‍ എത്താറുണ്ട്. അഥവാ ഒരാളെ നിര്‍ബന്ധിച്ച് തിന്മ ചെയ്യിക്കുക എന്ന അവസ്ഥയും പലപ്പോഴും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഉണ്ടാകാറുണ്ട്. അധികാരം ഉപയോഗിച്ചായാലും, ഭീഷണി ഉപയോഗിച്ചായാലും അത് തുല്യം തന്നെ. പ്രവാചകന്‍ (സ) പറഞ്ഞു:

عن ابن عباس رضي الله عنهما أن رسول الله صلى الله عليه وسلم قال : ( إن الله تجاوز عن أمتي الخطأ والنسيان وما استُكرهوا عليه ) حديث حسن رواه ابن ماجة

ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: പ്രവാചകന്‍ (സ) പറഞ്ഞു : " അറിയാതെ ചെയ്യുന്ന തെറ്റ്, മറവി കാരണം സംഭവിക്കുന്നവ, അവര്‍ക്കിഷ്ടമില്ലാതിരുന്നിട്ടും ചെയ്യാന്‍ വേണ്ടി അവര്‍ നിര്‍ബന്ധിക്കപ്പെടുന്നവ എന്നീ കാര്യങ്ങള്‍ എന്‍റെ ഉമ്മത്തിന് അല്ലാഹു വിട്ടുവീഴ്ച ചെയ്ത് നല്‍കിയിരിക്കുന്നു". - [ ഇബ്നു മാജ - ഹദീസ് ഹസന്‍ ].

പക്ഷെ ഇതൊരിക്കലും തന്നെ ബേങ്കുകളുമായി ബന്ധപ്പെടുന്നത് നിരുപാധികം അനുവദനീയമാക്കുന്നില്ല. അതിന്‍റെ സാഹചര്യങ്ങള്‍ നമ്മള്‍ വിശദീകരിച്ചത് നിങ്ങളുടെ പരിഗണനയില്‍ ഉണ്ടാകണം. മുകളില്‍ സൂചിപ്പിച്ചത് പോലെ ഇത്തരം സാഹചര്യത്തിലുള്ള ആളുകള്‍ തങ്ങള്‍ക്ക് വല്ല നിലക്കും ബേങ്കുമായി ബന്ധപ്പെടാതിരിക്കാന്‍ സാധിക്കുമോ എങ്കില്‍ അവര്‍ക്ക് ബേങ്കുമായി ബന്ധപ്പെടാന്‍ പാടില്ല. ഇനി തങ്ങള്‍ അതിന് നിര്‍ബന്ധിതരാകുകയാണ് എങ്കില്‍ തങ്ങള്‍ക്ക് മറ്റൊരു വഴി ലഭിക്കുന്നത് വരെ ഉപാധികളോടെ ആ അവസ്ഥയില്‍ തുടരാം.... (ഇതര പലിശ ഇടപാടുകൾ അല്ല. അക്കൗണ്ട്‌ തുടങ്ങുന്ന കാര്യം മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്).


ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയുടെ ഒരു ഫത്'വയില്‍ ഇപ്രകാരം കാണാം അദ്ദേഹത്തോട് ചോദിക്കപ്പെട്ടു : തന്‍റെ കയ്യില്‍ പണമുള്ള ഒരാള്‍ അത് സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ അമാനത്തായി ബേങ്കില്‍ സൂക്ഷിക്കുകയും അതിന് കൃത്യമായി സകാത്ത് കൊടുക്കുകയും ചെയ്യുന്നുവെങ്കില്‍ അത് അനുവദനീയമാണോ ?.

ഉത്തരം : പലിശ ലഭിക്കുന്നില്ലെങ്കില്‍ പോലും പലിശ ബേങ്കുകളില്‍ പണം നിക്ഷേപിക്കാന്‍ പാടില്ല. കാരണം അത് അവരെ തിന്മക്കും അക്രമത്തിനും സഹായിക്കലാണ്. അല്ലാഹു അത് വിലക്കിയിരിക്കുന്നു. ഇനി തന്‍റെ പണം സംരക്ഷിക്കാനായി ബേങ്കുമായി ഇടപെടാന്‍ ഒരാള്‍ നിര്‍ബന്ധിതനാവുകയാണ് എങ്കില്‍ ضرورة (നിര്‍ബന്ധിത സാഹചര്യം) എന്ന നിലക്ക് അതില്‍ കുഴപ്പമില്ല ഇന്‍ ഷാ അല്ലാഹ്. അല്ലാഹു പറയുന്നു :

وَقَدْ فَصَّلَ لَكُمْ مَا حَرَّمَ عَلَيْكُمْ إِلَّا مَا اضْطُرِرْتُمْ إِلَيْهِ

"നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത്‌ നിങ്ങള്‍ക്കവന്‍ വിശദമാക്കിത്തന്നിട്ടുണ്ടല്ലോ. നിങ്ങള്‍ നിര്‍ബന്ധിതരായിത്തീരുന്നതൊഴികെ". [അന്‍ആം : 119].

അതുകൊണ്ട് തന്നെ ഒരു ഇസ്‌ലാമിക ബേങ്കിംഗ് സംവിധാനമോ, പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കുന്ന  നിഷിദ്ധങ്ങളില്ലാത്ത മറ്റു സംവിധാനങ്ങളോ എപ്പോഴാണോ നിങ്ങള്‍ക്ക് ലഭ്യമാകുന്നത്, ആ നിമിഷം അതിലേക്ക് നിങ്ങളുടെ പണം മാറ്റണം. അത്തരം ഒരു സാഹചര്യം സംജാതമായാല്‍ പിന്നെ പലിശ ബേങ്കില്‍ നിക്ഷേപിക്കാന്‍ പാടില്ല. - [ഫതാവ ഇബ്ന്‍ ബാസ് : 19/414]


ബഹുമാന്യനായ സുലൈമാന്‍ റുഹൈലിയോട് അദ്ദേഹം ശൈഖ് അബ്ദു റഹ്മാന്‍ അസഅദി ഹഫിദഹുല്ലയുടെ منظومة القواعد القفقهية വിശദീകരിക്കുന്ന സന്ദര്‍ഭത്തില്‍ ളറൂറത്തുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കിട്ടിയ ഒരവസരത്തിൽ ഈ ഈ വിഷയം ഞാൻ  നേരിട്ട് ചോദിക്കുകയുണ്ടായി: 

ചോദ്യം:  ഞങ്ങളുടെ നാട്ടില്‍ ഇസ്ലാമിക് ബേങ്കുകള്‍ ഇല്ല. പലിശ ബേങ്കുകള്‍ മാത്രം ആണുള്ളത്. ഭരണകൂടത്തിന്‍റെ നിയമവ്യവസ്ഥകള്‍ പ്രകാരം സാധാരണക്കാര്‍ക്ക് current account തുടങ്ങാനും അനുവാദമില്ല. കമ്പനികള്‍ക്ക് മാത്രം ആണ് current account തുടങ്ങാന്‍ സാധിക്കുക. വ്യക്തികള്‍ക്ക് savings account മാത്രമാണ് തുടങ്ങാന്‍ സാധിക്കുക എന്നതുകൊണ്ട്‌ തന്നെ ഒരു മുസ്ലിമിന് savings account തുടങ്ങാന്‍ പാടുണ്ടോ ?!. ഗവണ്മെന്റ് ശമ്പളം വിതരണം ചെയുന്നത് പോലും ഇപ്പോള്‍ ബേങ്കുകള്‍ വഴിയാണ്. അതുകൊണ്ട് ഇത് ഒരു ضرورة ആയി പരിഗണിക്കുമോ ?.

അദ്ദേഹം നല്‍കിയ മറുപടി :  ചോദ്യത്തില്‍ സഹോദരന്‍ പറയുന്നത്. ഞങ്ങളുടെ രാജ്യത്തുള്ള ബേങ്കുകള്‍ പലിശ ബേങ്കുകള്‍ ആണ് എന്നതാണ്. തങ്ങള്‍ക്കാകട്ടെ (നിയമപരമായി)  current account തുടങ്ങാന്‍ അനുവാദവുമില്ല. savings account തുടങ്ങാനാണ് നിയമപരമായി അനുവാദമുള്ളത്. savings account പലിശ ഇടപാട് നേരിട്ട് വരുന്ന account ആണല്ലോ. അഥവാ അതിന് (നിക്ഷേപത്തിന് അനുസരിച്ച്) interest penalty എന്ന നിലക്ക് പലിശ നല്‍കപ്പെടും. പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്: ഒരാള്‍ നിര്‍ബന്ധിതനായാല്‍, അഥവാ തന്‍റെ പണം നഷ്ടപ്പെടുമെന്ന് ഭയപ്പെടുകയും, ഉദാ: കള്ളന്മാരുടെ ആധിക്യം കാരണത്താലോ, അല്ലെങ്കില്‍ തന്‍റെ വീട്ടില്‍ അത് സൂക്ഷിച്ചു വെക്കാന്‍ കഴിയാതെ വരുകയോ ചെയ്‌താല്‍ അവന് പലിശ ബേങ്കില്‍ savings account തുടങ്ങാവുന്നതാണ്. ശരി, അപ്പോള്‍ തന്‍റെ അക്കൗണ്ടില്‍ വരുന്ന പലിശ എന്ത് ചെയ്യണം ?. പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. അവന് അത് തന്നില്‍ നിന്നും تخلص ചെയ്യല്‍ (നീക്കം ചെയ്യല്‍) അവന്‍റെ മേല്‍ നിര്‍ബന്ധമാണ്‌. അവന്‍ അത് നീക്കം ചെയ്യുക എന്നു പറഞ്ഞതിന് ദാനം നല്‍കുക എന്നര്‍ത്ഥമില്ല. മറിച്ച് തന്‍റെ കയ്യില്‍ നിന്നും അത് നീക്കം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ അവന്‍ അത് മുസ്‌ലിമീങ്ങളുടെ  ആദരണീയമല്ലാത്ത പൊതു ആവശ്യങ്ങള്‍ക്ക്  ഉപയോഗിക്കട്ടെ, അഥവാ കക്കൂസ്, കുളിമുറി, റോഡ്‌ തുടങ്ങിയ കാര്യങ്ങള്‍ക്ക് നല്‍കുക. ഇനി അത്തരം ആവശ്യങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കാതെ വന്നാല്‍ കടത്തില്‍ മുങ്ങിക്കിടക്കുന്ന വിലക്കേര്‍പ്പെടുത്തപ്പെട്ട കടക്കാരന്‍റെ കടം നീക്കം ചെയ്യാനോ അതുപോലുള്ള കാര്യങ്ങള്‍ക്കോ അത് ഉപയോഗിക്കട്ടെ. കാരണം അതും ഒരു ضرورة ആയ ഘട്ടമാണ്. അതുകൊണ്ട് ശൌചാലയങ്ങള്‍, റോഡുകള്‍ തുടങ്ങിയവക്ക് നല്‍കാന്‍ കഴിയാതെ വരുകയാണ് എങ്കില്‍ കടക്കാരന്‍റെ കടം വീട്ടാന്‍ അത് ഉപയോഗിച്ചുകൊള്ളട്ടെ. അല്ലാഹുവാകുന്നു ഏറ്റവും അറിയുന്നവന്‍ !". 

(ഇതിൽ അത്തരം ഒരു സാഹചര്യത്തിൽ കൈവശം വരുന്ന പലിശയെ നിർമാർജനം ചെയ്യേണ്ട രീതിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്. അത് ഞാൻ തുടർന്ന് വിശദീകരിക്കുന്നതാണ്. അക്കൗണ്ട്‌ തുടങ്ങുന്നതുമായി ബന്ധപ്പെട്ട മതവിധി  മനസ്സിലാക്കുവാൻ മാത്രമാണ് ഇപ്പോൾ ഇതിവിടെ എടുത്ത് കൊടുത്തത്.)


ഓരോരുത്തരും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം: നിര്‍ബന്ധിത സാഹചര്യത്തില്‍ ആണെങ്കില്‍ പോലും ബേങ്കുകളുമായി ഇടപെടുന്നത് മാനസികമായ താല്പര്യത്തോടെയോ, മാനസികമായ സന്തുഷ്ടതയോടെയോ ആയിരിക്കരുത്. മറിച്ച് മാനസികമായ വെറുപ്പോടെയും മറ്റൊരു വഴിയില്ലാത്തതിനാലുമാണ് എന്ന ബോധത്തോടെയുമായിരിക്കണം ആ സംവിധാനവുമായി ബന്ധപ്പെടുന്നത്. മാത്രമല്ല ബേങ്കില്‍ നിന്ന് പലിശക്ക് പണം എടുക്കുക, പലിശ ലഭിക്കാന്‍ വേണ്ടി പണം നിക്ഷേപിക്കുക, പലിശക്ക് പണയം വെക്കുക തുടങ്ങിയവയെല്ലാം നിഷിദ്ധവും വന്‍പാപവും ആണ്.  എന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായമാണ് എന്നതും ഓരോരുത്തരും മനസ്സിലാക്കിയിരിക്കണം. മറിച്ച് ബേങ്കുകള്‍ വഴി തന്‍റെ പണമിടപാടുകള്‍ നടത്താന്‍ നിര്‍ബന്ധിതരാകുന്ന ഒരു സാഹചര്യത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഇത് വീണ്ടും വീണ്ടും സൂചിപ്പിക്കുന്നത് സാധാരണക്കാര്‍ തെറ്റായ രൂപത്തില്‍ മനസ്സിലാക്കാതിരിക്കാന്‍ വേണ്ടിയാണ്. കര്‍മ്മശാസ്ത്രത്തില്‍ ഒരു നിയമമുണ്ട്. الفتاوى لا تبنى عليه المسائلഅഥവാ ഒരു വിഷയത്തില്‍ നല്‍കപ്പെടുന്ന ഫത്'വകള്‍ ഇതര വിഷയങ്ങളുടെ മതവിധി കെട്ടിപ്പടുക്കാനുള്ള ആധാരമാക്കാന്‍ പാടില്ല എന്നര്‍ത്ഥം. അതുകൊണ്ട് നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം എന്ത് എന്നത് ഒരിക്കലും വിട്ടുപോകാന്‍ പാടില്ല.  ആ അവസ്ഥയില്‍ തുടരുന്നതോടൊപ്പം ഇസ്ലാമികമായ ഒരു സാഹചര്യം ഉണ്ടാക്കാന്‍ പരിശ്രമിക്കുകയും വേണം. അപ്രകാരം പരിശ്രമിക്കല്‍ 'ഫര്‍ദ് കിഫായ' ആണ്.  ആരും തന്നെ അതിനുവേണ്ടി പരിശ്രമിക്കുന്നില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരാകുകയും ചെയ്യും.


ഇനി അത്തരം ഒരു നിര്‍ബന്ധിത സാഹചര്യത്തിലോ, അറിവില്ലായ്മ കാരണത്താലോ കയ്യില്‍ വന്ന പലിശയെ ഏത് രൂപത്തില്‍ തന്‍റെ കൈകളില്‍ നിന്നും നീക്കം ചെയ്യണം എന്നതിനെക്കുറിച്ച് പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിന്‍റെ ഒരു ലഘു വിശദീകരണം ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ലയുടെ ഉത്തരത്തിലും നിങ്ങള്‍ കണ്ടുകാണും. എന്നാല്‍ മതവിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടട്ടെ എന്ന നിലക്ക് ഒന്നുകൂടി വിശദമായി ഈ ഭാഗം വിശദീകരിക്കാം.

التخلص من المال الحرام , അഥവാ ഹറാമായ മുതലില്‍ നിന്നും തന്‍റെ (സമ്പത്തിനെ) മുക്തമാക്കല്‍ എപ്രകാരം എന്നത് ചര്‍ച്ച ചെയ്യുന്നിടത്താണ് പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത്.

ചില ആളുകള്‍ ബേങ്കില്‍ നിന്നും അത് സ്വീകരിക്കാതെ അത് ബേങ്കിന് തന്നെ തിരിച്ചു നല്‍കുക എന്ന് പറയുന്നതായി കാണാം. ഇത് യഥാര്‍ത്ഥത്തില്‍ ശരിയല്ല. കാരണം വേണ്ട എന്നെഴുതി നൽകിയാൽ ബേങ്കുകള്‍ ആ പണം സ്വീകരിക്കുകയില്ല. അവര്‍ ആ പണം വല്ല ട്രസ്റ്റുകള്‍ക്കും മറ്റും നല്‍കുകയാണ് ചെയ്യുക. അത് പലപ്പോഴും ഇസ്ലാമിക ആദര്‍ശത്തിനോട് വിപരീതമായ ആദര്‍ശങ്ങള്‍ വച്ചുപുലര്‍ത്തുന്ന ആളുകള്‍ക്കാണ് നല്‍കാറുള്ളത്. നമ്മുടെ നാട്ടില്‍ മാതാ അമൃതാനന്ദമയി ട്രസ്റ്റ്‌, സായിബാബ ട്രസ്റ്റ്‌ തുടങ്ങിയവര്‍ക്കാണ് അവര്‍ അത്തരം പണം നല്‍കുന്നത് എന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്. ഏതായാലും ബേങ്കിന് തന്നെ അത് തിരിച്ചു നല്‍കുക എന്ന അഭിപ്രായം വളരേ ദുര്‍ബലമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മാത്രമല്ല കുവൈറ്റില്‍ ഉണ്ടായ ഒരു സംഭവം എന്‍റെ അദ്ധ്യാപകന്‍ ഒരിക്കല്‍ പറഞ്ഞുതന്നിട്ടുണ്ട്. അതായത് സ്വിസ്സ് ബേങ്കില്‍ ACCOUNT ഉള്ള ഒരു പണക്കാരന്‍ ഇനി എനിക്ക് നിങ്ങള്‍ പലിശയിനത്തില്‍ പണം നല്‍കേണ്ടതില്ല എന്ന് അവര്‍ക്ക് കത്തെഴുതി. ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തിന് യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മിഷിനറി ട്രസ്റ്റില്‍ നിന്നും താങ്കള്‍ നല്‍കിയ സംഭാവനക്ക് വളരെ നന്ദി എന്ന്‍ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് വന്നു. ഇനി ബേങ്കിന് തന്നെ അത് തിരിച്ചുനല്‍കുക എന്ന് പണ്ഡിതന്മാരില്‍ ചിലരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അത് ആ പണം പിന്നീട് എന്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നു എന്ന അറിവ് ലഭിക്കുന്നതിന് മുന്‍പാണ്. ഇനി ബേങ്ക് എടുക്കുന്നു എന്നു തന്നെ സങ്കല്പിക്കുക. നമ്മള്‍ പിന്‍വലിച്ചാലും ഇല്ലെങ്കിലും ആ പലിശ അവിടെ രൂപപ്പെടുന്നുണ്ട്. അത് അവര്‍ വീണ്ടും പലിശ സംവിധാനം ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണ് ചെയ്യുക. അതുകൊണ്ട് ബേങ്കിന് അത് തിരിച്ചു നകുക എന്ന അഭിപ്രായം ശരിയല്ല. അത് ബേങ്കുകള്ക്ക് തന്നെ തിരിച്ചു നൽകുകയോ, അത് തൻറെ അക്കൗണ്ടിൽ നിന്നും എടുത്ത് കളയാതിരിക്കുകയോ ചെയ്യരുത് എന്ന് കണിശമായിത്തന്നെ പല പണ്ഡിതന്മാരും പറഞ്ഞിട്ടുമുണ്ട്. ശൈഖ് ഫലാഹ് ഇസ്മാഈൽ മൻദകാർ ഹഫിദഹുല്ലയിൽ നിന്നും ഇപ്രകാരം നേരിട്ട് തന്നെ അറിയാൻ സാധിച്ചിട്ടുമുണ്ട്.

ഇബ്നു ബാസ് (റ) യുടെ ഒരു ഫത്'വയില്‍ ഇപ്രകാരം കാണാം : " നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കുകയോ, ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്. മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുകയോ, ബാത്റൂമുകള്‍ പോലെയുള്ള കാര്യങ്ങളുടെ നിര്‍മ്മാണത്തിനായോ, കടം തിരിച്ചടക്കാതെ പ്രയാസപ്പെടുന്ന പാവപ്പെട്ടവര്‍ക്കോ നല്‍കുക. നീ അതില്‍ നിന്നും പാപമോചനം തേടുകയും ചെയ്യുക ". - [ ഫതാവ ഇബ്ന്‍ ബാസ് : 3978].

ശേഷം അദ്ദേഹം പലിശയുടെ ഗൌരവത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് ഒരിക്കലും ബന്ധപ്പെടരുത് എന്നതിനെക്കുറിച്ചുമെല്ലാം വിശദീകരിക്കുന്നുണ്ട്. ആ ഫത്'വയുടെ ചോദ്യത്തിനനുസൃതമായ ഒരു സാഹചര്യമല്ല നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് എന്നതിനാല്‍ തന്നെ അതിന്‍റെ പൂര്‍ണ രൂപം ഇവിടെ നല്‍കുന്നില്ല. ആവശ്യമുള്ളവര്‍ക്ക് അത് പരിശോധിക്കാവുന്നതാണ്.

ഏതായാലും നിഷിദ്ധമായ ധനം കയ്യില്‍ നിന്നും നീക്കം ചെയ്യുന്ന വ്യത്യസ്ത മാര്‍ഗങ്ങളെക്കുറിച്ച് അദ്ദേഹം ഇവിടെ പ്രതിപാദിച്ചു. അതില്‍ ഓരോന്നും പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഒന്ന്:  "നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കരുത്". അഥവാ ആ പണത്തിന്‍റെ ഉപകാരം ഒരു നിലക്കും നമ്മള്‍ക്ക് കരസ്ഥമാക്കാന്‍ പാടില്ല. നമ്മള്‍ ചിലവിന് നല്‍കുന്നവരുടെ ചിലവിലേക്കായും അത് മാറ്റിവെക്കാന്‍ പാടില്ല. മറിച്ച് ഒരുനിലക്കും അതിന്‍റെ ഉപകാരം നമ്മളിലേക്ക് മടങ്ങാത്ത രൂപത്തില്‍ നമ്മുടെ കയ്യില്‍ നിന്നും അത് പൂര്‍ണമായി നീക്കം ചെയ്യണം.ഇത് ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല നല്‍കിയ മറുപടിയിലും പ്രകടമാണ്.

രണ്ട്: "ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്" -ഇതിന്‍റെകാരണം നമ്മള്‍ മുകളില്‍ വിശദീകരിച്ചതാണ്. അഥവാ അപ്രകാരം ചെയ്യുന്നത് ശര്‍റു വര്‍ദ്ധിക്കാനേ ഉപകരിക്കൂ. ഇന്ന് ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് ഏതാണ്ട് ഏകാഭിപ്രായം ആണ്. കാരണം ഇന്നത്തെ സാഹചര്യത്തില്‍ അത് ശര്‍റു വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ എന്നത് വ്യക്തമാണ്. അത് വ്യക്ത്മാകുന്നതിന്  മുന്പ് പറയപ്പെട്ടിട്ടുള്ള അഭിപ്രായങ്ങള്‍ അതിനാല്‍ തന്നെ ഇവിടെ പ്രസക്തമല്ല. 

മൂന്ന്: "മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. ഇവിടെ അത് ഒരു നന്മ ചെയ്യുകയാണ് എന്ന നിയ്യത്തോടെയുംഅതിന്‍റെ പ്രതിഫലം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്താലും ഒരു പുണ്യകര്‍മ്മമെന്ന നിലക്ക് ദാനം ചെയ്യുക എന്നാണ് ശൈഖ് പറഞ്ഞത് എന്ന് ആരും തെറ്റിദ്ധരിക്കരുത്. കാരണം  പ്രതിഫലമാഗ്രഹിച്ചുകൊണ്ടുള്ള ദാനധര്‍മ്മത്തിന് ആ പണം ഉപയോഗിക്കാന്‍ പാടില്ല എന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായം ആണ്. മാത്രമല്ല അല്ലാഹു പരിശുദ്ധനാണ്‌. പരിശുദ്ധമായതല്ലാത്ത ഒന്നും അവന്‍ സ്വീകരിക്കുകയില്ല. അതുകൊണ്ടുതന്നെ തന്‍റെ കയ്യില്‍ അനര്‍ഹമായി വന്ന പണം തന്‍റെ കൈവശത്തില്‍ നിന്നും നീക്കം ചെയ്യുക എന്ന ഉദ്ദേശത്തോടെ അത് ഒഴിവാക്കുക എന്ന അര്‍ത്ഥത്തിലാണ് അത് അത്തരം കാര്യങ്ങള്‍ക്ക് നല്‍കേണ്ടത്. 

എന്നിട്ടദ്ദേഹം അത് നീക്കം ചെയ്യേണ്ട സംഗതികള്‍ക്ക് ഉദാഹരണമായി പറഞ്ഞത് :   "പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുക" . ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ട്. ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. ഇത് അദ്ദേഹത്തിന്‍റെ ഉത്തരത്തില്‍ വ്യക്തമാണ്. മാത്രമല്ല ദര്‍സിനു ഇടക്കുള്ള വിശ്രമ സമയത്ത് എന്‍റെ കൂട്ടുകാരനായ അള്‍ജീരിയക്കാരന്‍ തൗഫീഖ് അദ്ദേഹത്തോട് ഒന്നുകൂടി ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് പാവപ്പെട്ടവര്‍ക്ക് നല്‍കുക എന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല എന്ന് ഒന്നുകൂടി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 

എന്നാല്‍ ശൈഖ് ഇബ്ന്‍ ബാസ് റഹിമഹുല്ല പറഞ്ഞിട്ടുള്ള ഈ അഭിപ്രായം വളരെ പ്രബലമായ അഭിപ്രായമായാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത് والله أعلم . കാരണം പ്രമാണങ്ങളില്‍ ഈ അഭിപ്രായത്തിന് സമാനമായ തെളിവുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഒരുപക്ഷെ ആ തെളിവുകള്‍ ആകാം ഇബ്നു ബാസ് റഹിമഹുല്ല അപ്രകാരം പറയാന്‍ അവലംഭിച്ചത് :

തെളിവ് ഒന്ന്:  അന്‍സാരികളില്‍ പെട്ട ഒരു സ്വഹാബി റിപ്പോര്‍ട്ട് ചെയ്യുന്നു:  ഒരിക്കല്‍ പ്രവാചകന്‍ (സ) യും ഞങ്ങളും ഒരു ജനാസ നമസ്കാരം കഴിഞ്ഞ് മടങ്ങുന്ന അവസരത്തില്‍ ഒരു ഖുറൈഷി സ്ത്രീ പ്രവാചകന്‍റെ അടുക്കല്‍ വന്നു പറഞ്ഞു :  പ്രവാചകരേ, ഇന്നാലിന്ന സ്ത്രീ താങ്കളെയും കൂടെയുള്ളവരെയും ഭക്ഷണത്തിന് ക്ഷണിക്കുന്നു. അങ്ങനെ അദ്ദേഹം ക്ഷണിക്കപ്പെട്ട സ്ഥലത്തേക്ക് നടന്നു. കൂടെ ഞങ്ങളും നടന്നു. ഞങ്ങള്‍ കുട്ടികള്‍ കുട്ടികള്‍ ഇരിക്കാറുള്ളതുപോലെ ഉപ്പമാരുടെ മടിയില്‍ ഇരുന്നു. അങ്ങനെ ഭക്ഷണം കൊണ്ടുവരപ്പെട്ടു. പ്രവാചകന്‍ (സ) ഭക്ഷണത്തളികയില്‍ ഭക്ഷിക്കാനായി കൈവച്ചു. അപ്പോള്‍ മറ്റുള്ളവരും കൈവച്ചു. എന്നാല്‍ എന്തോ ഒരു പന്തികേടുള്ളതുപോലെ പ്രവാചകന്‍ (സ) താന്‍ കഴിച്ച ഉരുള താഴോട്ടിറക്കാതെ  വായില്‍ തന്നെ വച്ചുനില്‍ക്കുന്നത് സ്വഹാബത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അപ്പോള്‍ മുതിര്‍ന്നവര്‍ തളികയില്‍ നിന്നും കയ്യെടുത്തു. പക്ഷെ ഞങ്ങള്‍ കുട്ടികള്‍ കഴിക്കുന്നത് അവര്‍ ശ്രദ്ധിച്ചില്ല. അതവരുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ കയ്യില്‍ പിടിച്ചു. ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണം അവര്‍ തളികയിലേക്ക് തന്നെ തട്ടി. അങ്ങനെ അവര്‍ ഞങ്ങളുടെ കയ്യില്‍ പിടിച്ചുകൊണ്ട് പ്രവാചകന്‍ (സ) എന്താണ് ചെയ്യുന്നത് എന്ന് ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ പ്രവാചകന്‍ (സ) തന്‍റെ വായിലുള്ള ഭക്ഷണം പുറത്തേക്ക് കളഞ്ഞു. എന്നിട്ടദ്ദേഹം പറഞ്ഞു : " ഉടമസ്ഥന്‍റെ അനുവാദമില്ലാതെ എടുത്ത ആടാണല്ലോ ഇത് " . അപ്പോള്‍ ആ സ്ത്രീ പറഞ്ഞു : " അല്ലയോ പ്രവാചകരേ, താങ്കള്‍ക്കും കൂടെയുള്ളവര്‍ക്കും ഭക്ഷണം നല്‍കണം എന്ന് ഞാന്‍ ഒരുപാട് നാളായി കരുതുന്നു. അങ്ങനെ ഞാന്‍ ബഖീഇലേക്ക് ആടിനെ വാങ്ങിക്കാന്‍ ആളെ വിട്ടു. പക്ഷെ അവിടെ ആടുണ്ടായിരുന്നില്ല. അപ്പോഴാണ്‌ ഇന്നലെ ആമിര്‍ ബ്നു അബീ വഖാസ് (റ) ഒരു ആടിനെ വാങ്ങിയത് ഓര്‍ത്തത്. അങ്ങനെ ബഖീഇല്‍ ആട് ലഭ്യമല്ല അതുകൊണ്ട് താങ്കള്‍ ഇന്നലെ വാങ്ങിയ ആടിനെ ആ വിലക്ക്  എനിക്ക് നല്‍കുമോ എന്ന് ചോദിക്കാനായി ഞാന്‍ ഒരാളെ പറഞ്ഞുവിട്ടു. പക്ഷെ അയാള്‍ അവിടെ ചെന്നപ്പോള്‍ ആമിറിനെ കണ്ടില്ല. അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ ഞാന്‍ പറഞ്ഞുവിട്ട ആള്‍ക്ക് ആടിനെ നല്‍കി ഇതാണ് സംഭവിച്ചത്. അത് പറഞ്ഞപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: " നിങ്ങള്‍ അത് തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കുക " - [ അഹ്മദ് - അല്‍ബാനി, ഇസ്നാദുഹു സ്വഹീഹ് ].

ഇതില്‍ നിന്നും പ്രവാചകന്‍ (സ) അവരെ അത് കഴിക്കാന്‍ വിലക്കുകയും, എന്നാല്‍ തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കാന്‍ പറയുകയും ചെയ്തു.

തെളിവ് രണ്ട് : അതുപോലെ അബൂബക്കര്‍ (റ) വുമായി ബന്ധപ്പെട്ട് ഒരു ഹദീസ് ഇമാം അഹ്മദും നസാഇയുമെല്ലാം ഉദ്ദരിച്ചിട്ടുണ്ട് :

         ألم   
  1. അലിഫ്‌-ലാം-മീം

غُلِبَتِ الرُّومُ
  1. റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു
.
فِي أَدْنَى الْأَرْضِ وَهُمْ مِنْ بَعْدِ غَلَبِهِمْ سَيَغْلِبُونَ
  1. അടുത്തനാട്ടില്‍ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌.
എന്നീ ആയത്തുകള്‍ ഇറങ്ങിയപ്പോള്‍ മുശ്'രികീങ്ങള്‍ ആ ആയത്തുകളെ കളവാക്കുകയും, റോമിന് വിജയം കിട്ടുകയില്ല എന്നും പറയുകയുണ്ടായി. അപ്പോള്‍ അബൂബക്കര്‍ (റ) പ്രവാചകന്‍റെ അനുവാദത്തോടെ അത് സംഭവിക്കുമെന്ന് അവരുമായി ബെറ്റ് വച്ചു. അങ്ങനെ അല്ലാഹു റോമുകാര്‍ക്ക് വിജയം നല്‍കിയപ്പോള്‍ അബൂബക്കര്‍ ആ ബെറ്റ് വഴി കിട്ടിയ പാരിതോഷികവുമായി പ്രവാചകന്‍റെ അടുത്ത് വന്നു. അപ്പോള്‍ പ്രവാകന്‍ (സ) പറഞ്ഞു: " ഇത് അന്യായമായ മുതലാണ്‌, അത് നീ ദാനം നല്കിയേക്കുക". മുസ്ലിമീങ്ങള്‍ അവര്‍ക്കല്ലാഹു നല്‍കിയ വിജയത്തില്‍ ഏറെ സന്തോഷിച്ചു (ഇത് ഖിമാര്‍ വിജയിച്ചതിനെ കുറിച്ചല്ല. മറിച്ച് ആയത്തില്‍ പറഞ്ഞ പ്രവചനം സത്യമായതിനെപ്പറ്റി സന്തോഷിചതിനെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞതാണ്).  പ്രവാചകന്‍ (സ) അബൂബക്കര്‍ (റ) വിന് ബെറ്റ് വെക്കാന്‍ അനുവാദം നല്‍കിയതിന് ശേഷം ഖിമാര്‍ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് അവതരിച്ചിരുന്നു " -[ മുസ്നദ് അഹ്മദ് 2495 , തിര്‍മിദി 2551, അല്‍ബാനി : സ്വഹീഹ്]. 

ആ സമയത്ത് ബെറ്റ് വെക്കല്‍ ( ഖിമാര്‍ ) നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങിയിട്ടില്ലായിരുന്നു.പക്ഷെ അദ്ദേഹം അത് നടത്തി പണം കൈവശം വന്നപ്പോഴേക്കും അത് അന്യായമായ പണം ആണ് എന്ന് സൂചിപ്പിക്കുന്ന  ഖിമാറിനെ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങുകയും ചെയ്തു. എന്നാല്‍ പ്രവാചകന്‍ (സ) ആ മുതല്‍ ഭക്ഷിക്കുന്നതില്‍ നിന്ന് അബൂ ബക്കര്‍ (റ) വിനെ വിലക്കുകയും അത് ദാനം നല്‍കാന്‍ കല്പിക്കുകയും ചെയ്തതായി കാണാം.


ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയോട് അന്യായമായ ധനം എങ്ങനെ കയ്യില്‍ നിന്നും നീക്കം ചെയ്യണം എന്നാ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയില്‍ കാണാം .. അദ്ദേഹം പറയുന്നു :  " ഉടമസ്ഥന്‍ തന്നെ അറിഞ്ഞുകൊണ്ട് നല്‍കുന്ന പലിശപോലെയുള്ള നിഷിദ്ധമായ ഇടപാടുകള്‍ വഴി വരുന്ന  അതിന്‍റെ ഉടമസ്ഥന് തന്നെ തിരിച്ച് നല്‍കേണ്ടതില്ല

ഫത്'വയുടെ പൂർണരൂപം: " കളവ്, മോഷണം, അക്രമിച്ചെടുക്കൽ തുടങ്ങി ഒരാളുടെ സമ്പത്ത് ആരെങ്കിലും അന്യായമായി അപഹരിച്ചതാണെങ്കിൽ, അതിൻറെ ഉടമസ്ഥനെ തനിക്കറിയുമെങ്കിൽ എന്ത് പ്രയാസം സഹിച്ചും, എത്ര പണിപ്പെട്ടും അതയാൾക്ക് എത്തിക്കണം. കാരണം അവകാശി ആരെന്നു അറിവുള്ള, ഒരു മുസ്ലിമിന് അവകാശപ്പെട്ട സ്വത്താണത്. ഒന്നുകിൽ വിശ്വസ്ഥരായ ആളുകൾ മുഖേനയോ. അതല്ലെങ്കിൽ തപാൽ വഴിയോ, മറ്റേതെങ്കിലും രൂപത്തിലോ അതയാൾക്ക് നിർബന്ധമായും എത്തിച്ചിരിക്കണം. 

എന്നാൽ അതിൻറെ ഉടമസ്ഥൻ ആരെന്നു അറിയാതെ വരുന്ന പക്ഷം, ഉദാ: ഒരു മനുഷ്യൻ പലരുടെയും പണം അപഹരിക്കുകയും അവരാരൊക്കെയാണ്‌ എന്ന് അറിയാൻ പറ്റാതെ വരികയും ചെയ്‌താൽ, അത് തന്‍റെ കയ്യില്‍ നിന്നും ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ അതിന്‍റെ പ്രതിഫലം അതിന്‍റെ യഥാര്‍ഥ അവകാശികള്‍ക്ക് ലഭിക്കട്ടേ എന്ന ഉദ്ദേശ്യപ്രകാരം ദാനം നല്‍കേണ്ടതാണ്.  അതിന്‍റെ അവകാശികള്‍ ആരെന്ന് തനിക്കറിയില്ലെങ്കിലും അവരെക്കുറിച്ച്  അല്ലാഹുവിന് കൃത്യമായി അറിയാമല്ലോ. എന്നാല്‍ ആ പണം നല്‍കപ്പെടുന്നവനെ (സ്വീകരിക്കുന്ന പാവപ്പെട്ടവന്‍) സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ പണമാണ്. അത് സ്വീകരിക്കുന്നതില്‍  നിഷിദ്ധം കടന്നുവരുന്നുവെന്ന് പ്രയാസപ്പെടേണ്ടതില്ല. അവനെ സംബന്ധിച്ചിടത്തോളം ആരെന്നറിവില്ലാത്ത ആ ഉടമസ്ഥനിൽ നിന്നും ലഭിക്കുന്നത് പോലെത്തന്നെയാണ് ഇയാളിൽ നിന്ന് ലഭിക്കുന്നതും. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അന്യായമായി കൈവശപ്പെടുത്തിയ മുതലുകളുടെ വിഷയത്തിലാണ്  ആ വ്യക്തിയെ അറിയില്ലെങ്കില്‍ അയാള്‍ക്ക് പ്രതിഫലം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ ദാനം ചെയ്യേണ്ടത്.

എന്നാൽ പലിശ ഇടപാടുകൾ പോലെയുള്ള പരസ്പര ധാരണയോടെ മറ്റുള്ളവരിൽ നിന്നും കൈവശപ്പെടുത്തുന്ന ഹറാമായ സമ്പത്ത് ആണെങ്കിൽ അതയാൾക്ക് തന്നെ തിരിച്ചു നൽകാന്‍ പാടില്ല. മറിച്ച് (പ്രതിഫലമാഗ്രഹിക്കാതെ) 'തന്റെ കയ്യിൽ നിന്നും ഒഴിവാക്കുക' എന്ന ഉദ്ദേശ്യത്തോടുകൂടി ധർമ്മം ചെയ്യുകയാണ് വേണ്ടത്. മാത്രമല്ല പരസ്പര ധാരണയോടെ കൈവശം വന്ന ഹറാമായ സമ്പത്താണ്‌ എങ്കില്‍ ആരില്‍ നിന്നാണോ അത് ലഭിച്ചത് അയാള്‍ക്ക് നന്മയായി രേഖപ്പെടുത്തപ്പെടട്ടെ എന്ന ഉദ്ദേശ്യപ്രകാരം നല്‍കുവാനും  പാടില്ല. മറിച്ച് തന്റെ കയ്യിൽ നിന്നും അതൊഴിവാക്കുക എന്നത് മാത്രമായിരിക്കണം അപ്രകാരം ചെയ്യുന്നവന്റെ നിയ്യത്ത്. അതാർക്കാണോ നൽകപ്പെടുന്നത് (പാവപ്പെട്ടവന്‍) അവനെ  സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ സമ്പത്താണ്‌ " . 
المصدر :
مكتبة الفتاوى : فتاوى نور على الدرب (نصية) : البيوع
المصدر :
مكتبة الفتاوى : فتاوى نور على الدرب (نصية) : البيوع
من موقع فضيلة الشيخ محمد بن صالح العثيمين رحمه الله


എന്നാൽ ഒരാൾ അത് സ്വയം ഉപയോഗിക്കുവാനോ, താൻ ചിലവിന് നൽകൽ നിർബന്ധമായ തൻറെ ആശ്രിതർക്കത് നൽകുവാനോ പാടില്ല. ഇവിടെ ഇത് സ്വദഖയായി പരിഗണിക്കപ്പെടുന്നുമില്ല. കയ്യിൽ നിന്ന് ഒഴിവാക്കുക എന്നത് മാത്രമാണ് ഉദ്ദേശ്യം. അതിനൊട്ട് പ്രതിഫലവും ലഭിക്കുകയില്ല. എന്നാൽ ഹറാമായ സമ്പത്ത് നിർബന്ധിത സാഹചര്യത്തിൽ കൈവശം വരുന്ന ഒരാൾ ഇപ്രകാരം ചെയ്യുന്നുവെങ്കിൽ, തൻറെ സമ്പത്തിൽ ഹറാം കൂടിക്കലരാതിരിക്കാൻ അയാള് കാണിക്കുന്ന സൂക്ഷ്മതക്കും, അതിൽ നിന്നൊരു ചില്ലിക്കാശുപോലും ഉപയോഗിക്കാതെ പൂർണമായും ഒഴിവാക്കാനുള്ള നല്ല മനസ്സിനും അയാൾക്ക് പ്രതിഫലം ലഭിക്കും.

അല്ലാഹു അനുഗ്രഹിക്കട്ടെ ....

ഇനി ധാരാളം പണം കൈവശമുള്ളവർ അത് ബേങ്കിൽ നേരിട്ട് നിക്ഷേപിക്കാതെ അത് സ്വർണ്ണമാക്കി ലോക്കറിൽ സൂക്ഷിക്കുകയാണ് എങ്കിൽ. അത്രയെങ്കിലും പലിശയിൽ നിന്നും മോചനം നേടാൻ സാധിക്കും. ലോക്കർ ഉപയോഗിക്കുന്നതിനു നൽകുന്ന ഫീസ്‌ നമ്മൾ ഉപയോഗപ്പെടുത്തുന്ന സർവീസിന് ബദലായി നൽകുന്നതായതിനാൽ  ഈ ഇടപാടിൽ പലിശ കടന്നുവരുന്നില്ല. മാത്രമല്ല സ്വർണ്ണനിക്ഷേപമാകുമ്പോൾ തൻറെ അധ്വാനത്തിന്റെ യഥാർത്ഥ മൂല്യം നഷ്ടപ്പെടാതെ സംരക്ഷിക്കുവാനും സാധിക്കുന്നു.

ഇനി കഴിവതും പണം കുമിഞ്ഞുകൂടിക്കിടക്കാത്ത രൂപത്തിൽ ഉപകാരപ്രദമായ ഉത്പാദന പ്രക്രിയകളിൽ ഉപയോഗപ്പെടുത്തുക. അത് സമ്പത്തിനെ വർദ്ധിപ്പിക്കുകയും അനാവശ്യമായി  ബേങ്കിൽ നിക്ഷേപിക്കുന്നതിനെയും ഇല്ലാതാക്കുവാൻ സഹായകമാകും.

നിങ്ങളുടെ കൈവശം നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത  നിഷിദ്ധമായ സമ്പത്ത് ഉണ്ടെങ്കിൽ അത് അറിയിച്ചാൽ, വളരെ സൂക്ഷമമായി ആ പണം ഞങ്ങൾ കൈകാര്യം ചെയ്യുകയും إن شاء الله , അർഹപ്പെട്ടവരെ കടക്കെണിയിൽ നിന്നും, മറ്റു ഇതര പ്രാരാബ്ധങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ അത് ഉപയോഗപ്പെടുത്തുന്നതാണ്. അതിൻറെ കൃത്യമായ വിവരങ്ങൾ നിങ്ങളെ അറിയിക്കുകയും ചെയ്യും..  إن شاء الله ....



അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ