الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
കച്ചവടവസ്തുക്കളുടെ സകാത്തിനെ സംബന്ധിച്ചാണ് ഈ ലേഖനത്തിൽ നാം ചർച്ച ചെയ്യുന്നത്.
www.fiqhussunna.com
വസ്തുക്കളെ രണ്ടായി തരം തിരിക്കാം:
ഒന്ന്: ഉപയോഗ വസ്തുക്കള്‍: തന്‍റെ ഉടമസ്ഥതയില്‍ത്തന്നെ നിലനില്‍ക്കുന്നതും തന്‍റെ ആവശ്യങ്ങള്‍ക്കുള്ളതുമായ വസ്തുക്കള്‍. സകാത്ത് ബാധകമല്ല. തെളിവ്: പ്രവാചകന്‍ (ﷺ) പറഞ്ഞു: “ഒരു മുസ്ലിമിന് അവന്‍റെ അടിമയിലോ, കുതിരയിലോ സകാത്ത് നല്‍കേണ്ടതില്ല”. – [ബുഖാരി]. ഉപയോഗ വസ്തുക്കള്‍ക്ക് സകാത്ത് ബാധകമല്ല എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം.
രണ്ട്: കച്ചവട വസ്തുക്കള്‍: തന്‍റെ ഉടമസ്ഥതയിലുള്ള വിൽപന ഉദ്ദേശിക്കുന്ന വസ്തുക്കൾ. അവക്ക് സകാത്ത് ബാധകമാണ്. തെളിവ്: മുആദ്(റ) വിനോട് പ്രവാചകന്‍(ﷺ) പറഞ്ഞു: “അവരുടെ സമ്പത്തില്‍ അല്ലാഹു ഒരു ദാനധര്‍മ്മത്തെ നിര്‍ബന്ധമാക്കിയിരിക്കുന്നു എന്ന് നീ അവരെ അറിയിക്കുക”- [ബുഖാരി]. കച്ചവടവസ്തുവും ഒരു ധനമാണ്. ഹദീസില്‍ പ്രതിപാദിക്കപ്പെട്ട ധനത്തില്‍ നിന്നും അവ ഒഴിവാണ് എന്നതിന് തെളിവില്ല. സകാത്ത് ബാധകമാകുന്ന ഇനങ്ങളിൽ വെച്ച് ഏറ്റവും വ്യാപ്തിയുള്ള ഒന്നാണ് കച്ചവട വസ്തുക്കൾ. കാരണം സാധാരണ നിലക്ക് സകാത്ത് ബാധകമാകാത്ത ഒരു വസ്തു പോലും കച്ചവട വസ്തുവായിത്തതീരുമ്പോൾ അതിന് സകാത്ത് ബാധകമായിത്തീരുന്നു. ഉദാ: ഭൂമി, സാധാരണ നിലക്ക് ഭൂമിക്ക് സകാത്തില്ല. എന്നാൽ കച്ചവട വസ്തുവാകുമ്പോൾ അതിന് സകാത്തുണ്ടാകും. അതുപോലെ കോഴി ചെമ്മീൻ തുടങ്ങി കർഷകൻ്റെ കൈവശമുള്ള ലൈവ് സ്റ്റോക്കുകൾ. കോഴിക്കോ ചെമ്മീനോ സകാത്തില്ല. എന്നാൽ അത് കച്ചവട വസ്തുവാകുമ്പോൾ അവയുടെ മാർക്കറ്റ് മൂല്യമനുസരിച്ച് സകാത്ത് ബാധകമാകുന്നു.
കച്ചവട വസ്തുവിന്‍റെ സകാത്ത് കണക്കു കൂട്ടുന്ന രീതി:
ഹൗല്‍ തികയുമ്പോള്‍ കച്ചവടവസ്തുവിന്‍റെ മാര്‍ക്കറ്റ് വില എത്രയാണോ അത് കണക്കാക്കി അതിന്റെ 2.5% സകാത്തായി നല്‍കണം.
- കച്ചവട വസ്തുവിന്‍റെ മാര്‍ക്കറ്റ് വില നിസ്വാബിന്‍റെയും ഹൗലിന്‍റെയും വിഷയത്തില്‍ തന്‍റെ കൈവശമുള്ള കറന്‍സിയെപ്പോലെ പരിഗണിക്കപ്പെടും. അഥവാ കച്ചവടവസ്തുവിൻ്റെ മാർക്കറ്റ് വില കണക്കാക്കി ആ വില തൻ്റെ കൈവശമുള്ള കറൻസിയിലേക്ക് കൂട്ടി ഒരുമിച്ച് സകാത്ത് നൽകിയാൽ മതി. രണ്ടും ധനവും ഒരുപോലെയാണ്.
- കച്ചവടവസ്തു വാങ്ങിക്കുമ്പോഴുള്ള വിലയല്ല, മറിച്ച് കൂടിയാലും കുറഞ്ഞാലും ഹൗല്‍ തികയുന്ന സന്ദര്‍ഭത്തില്‍ അതിനുള്ള മാര്‍ക്കറ്റ് വിലയാണ് സകാത്ത് കണക്കുകൂട്ടാന്‍ പരിഗണിക്കേണ്ടത്.
- ഒരു വസ്തു വിൽപനക്കുള്ളതാണ് എന്ന് ഒരാള്‍ എപ്പോള്‍ തീരുമാനമെടുക്കുന്നുവോ ആ നിമിഷം മുതല്‍ അത് കച്ചവട വസ്തുവാണ്. തിരിച്ച് വില്‍ക്കുന്നില്ല എന്ന തീരുമാനമെടുക്കുന്നത് വരെ. ഇതോടൊപ്പം മനസ്സിലാക്കേണ്ട ഒരു കാര്യം സകാത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാങ്കേതികമായ പദം മാറ്റങ്ങള്‍ കൊണ്ട് കഴിയില്ല. അല്ലാഹു കണ്ണിന്‍റെ കട്ടുനോട്ടവും, ഹൃദയങ്ങളില്‍ ഒളിച്ചുവെക്കുന്നതും, നമ്മുടെ ഉദ്ദേശവും അറിയുന്നവനാണ്. അതുപോലെ വിൽക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലാത്തവക്കും സകാത്ത് ബാധകമാകുകയില്ല.
കച്ചവടവസ്തുവിന്‍റെ സകാത്തായി കച്ചവടവസ്തുക്കള്‍ തന്നെ നല്‍കാമോ അതല്ല പണം തന്നെ നല്‍കണോ ?.
ഉ: ഇബ്നു ഉസൈമീന്‍ (റ) യുടെ അഭിപ്രായപ്രകാരം കച്ചവടവസ്തുവിന്‍റെ സകാത്തായി പണം മാത്രമേ നല്‍കാവൂ. മാലിക്കീ, ശാഫിഈ, ഹമ്പലീ മദ്ഹബുകളിലെ പ്രബലമായ അഭിപ്രായം ഇതാണ്. എന്നാല്‍ ആവശ്യമായി വരികയോ, അവകാശികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായി വരികയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ കച്ചവട വസ്തുക്കളുടെ സകാത്തായി കച്ചവട വസ്തുക്കള്‍ തന്നെ നല്‍കുന്നത് അനുവദനീയമാണ് എന്നതാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയയും ശൈഖ് ഇബ്നു ബാസുമെല്ലാം അഭിപ്രായപ്പെടുന്നത്. രണ്ടാമത്തെ അഭിപ്രായമാണ് കൂടുതല്‍ പ്രായോഗികവും ശരിയുമായി തോന്നുന്നത്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച ഇമാം അബൂ ഉബൈദ് ഖാസിം ബ്‌നു സല്ലാം (റ) തൻ്റെ കിതാബുൽ അംവാൽ എന്ന ഗ്രന്ഥത്തിലും ഈ അഭിപ്രായത്തെ ശരിവെക്കുന്നുണ്ട്. ചിലപ്പോഴെല്ലാം കച്ചവടക്കാരുടെ കയ്യില്‍ സകാത്തായി പണം നല്കാനില്ലാതെ വരികയും, അവരുടെ കയ്യിലുള്ള കച്ചവട വസ്തുക്കള്‍ തന്നെ സകാത്തിന്‍റെ അവകാശികള്‍ക്ക് ആവശ്യമായി വരികയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവിടെ അത് രണ്ടുകൂട്ടര്‍ക്കും ഉപകാരപ്രദമാണ്. എന്നാല്‍ കച്ചവടക്കാര്‍ തങ്ങളുടെ കൈവശം ചിലവാകാതെ കിടക്കുന്ന മോശം വസ്തുക്കളെല്ലാം സകാത്തിന്‍റെ ഗണത്തില്‍പ്പെടുത്തി സകാത്തിന്‍റെ അവകാശികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നത് സകാത്തിന്‍റെ ഉദ്ദേശ്യവുമായി പൊരുത്തപ്പെടുന്നില്ല എന്നുതന്നെ മനസ്സിലാക്കാം. അല്ലാഹുവാകുന്നു ഏറ്റവും അറിയുന്നവന്‍.
കച്ചവടാവശ്യത്തിന് വേണ്ടി വാങ്ങിച്ച സ്ഥലത്തിനും സകാത്ത് ബാധകമാണ്:
ലജ്നതുദ്ദാഇമയുടെ ഫത്'വ:
ചോദ്യം: തൻറെ കല്യാണമാകുമ്പോഴേക്കും പണം സൂക്ഷിക്കുകയും, പിന്നീട് വിൽക്കുകയും ചെയ്യാം എന്ന ഉദ്ദേശ്യത്തോടെ വാങ്ങിച്ച സ്ഥലത്തിന് സകാത്ത് നിർബന്ധമാണോ ?..
ഉത്തരം: കല്യാണം ഉറപ്പിച്ചാൽ വിൽക്കാം എന്ന ഉദ്ദേശ്യത്തോടെ നീ വാങ്ങിച്ച ഈ ഭൂമി കച്ചവട വസ്തുവാണ്. എപ്പോഴാണോ കല്യാണക്കാര്യങ്ങൾ ശരിയാകുന്നത് അപ്പോൾ വിൽക്കുമെന്ന് നീ തീരുമാനിച്ചതിനാലാണത്, അതിനാൽ തന്നെ നീയത് വാങ്ങിക്കുകയും വിൽക്കാൻ തീരുമാനിക്കുകയും ചെയ്തത് പ്രകാരം അതിന്റെ ഹൗൽ എപ്പോൾ തികയുന്നുവോ, ആ സമയത്തെ മാർക്കറ്റ് വില കണക്കാക്കി അതിന്റെ 2.5% സകാത്തായി നൽകണം. ഓരോ തവണ ഹൗൽ തികയുമ്പോഴും, ആ കച്ചവട വസ്തു വിൽക്കപ്പെട്ടിട്ടില്ലെങ്കിൽ ഹൗൽ തികയുന്ന സന്ദർഭത്തിലെ അതിന്റെ വില കണക്കാക്കി അതിന്റെ 2.5% സകാത്തായി നൽകണം. ഹൗൽ തികയുന്ന സന്ദർഭത്തിൽ അതിന്റെ വില വാങ്ങിച്ച വിലയേക്കാൾ കൂടുതലോ, കുറവോ ആയിരുന്നാലും ശരി ഹൗൽ തികയുന്ന സന്ദർഭത്തിലെ വിലയാണ് പരിഗണിക്കപ്പെടുക. ആളുകൾക്കിടയിൽ പ്രചാരത്തിലുള്ള ഏതൊരു നാണയത്തിന്റെ അടിസ്ഥാനത്തിലാണോ അതിന്റെ വില കണക്കാക്കിയത്, ആ നാണയമോ, സ്വർണ്ണമോ, വെള്ളിയോ അതിന്റെ സകാത്തായി നൽകാം.... അപ്രകാരം ചെയ്യുന്നതാണ് അതിന്റെ വില നിർണ്ണയിക്കുന്നതിൽ കൃത്യതയും സൂക്ഷ്മതയും പുലർത്തുവാനും, തന്റെ ബാധ്യത നിറവേറ്റുവാനും ഏറ്റവും ഉചിതം"
[ഫതാവ ലിജ്നതുദ്ദാഇമ : അബ്ദുൽ അസീസ് ഇബ്നു ബാസ് (റ) , അബ്ദുൽ അസീസ് ആലു ശൈഖ്(ഹ), സ്വാലിഹ് അൽ ഫൗസാൻ (ഹ) , ബകർ അബൂ സൈദ് (റ)].
(ഈ ഫത്'വയുടെ അറബി ആവശ്യമുള്ളവർ ഈ ലിങ്കിൽ പോകുക)
ഇബ്നു ഉസൈമീൻ(റഹി) യോട് ചോദിക്കപ്പെട്ടു:
ചോദ്യം: ഞാൻ ഈജിപ്തിൽ ഒരു ഭൂമി വാങ്ങിച്ചു. അതിന് സകാത്തുണ്ടോ ?. ഉണ്ടെങ്കിൽ ഇപ്രകാരമാണ് അതിന്റെ നിസ്വാബ് ഞാൻ കണക്കാക്കേണ്ടത് ?
ഉത്തരം : ഒരാൾ ഒരു ഭൂമി വാങ്ങിച്ചു. അത് ഈജിപ്തിലോ, സൗദിയിലോ, ഇറാഖിലോ, ശാമിലോ, ഇനി ഭൂമിയുടെ ഇത് ഭാഗത്തോ ആവട്ടെ, അത് അയാള് കച്ചവടം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല, മറിച്ച് അതിൽ ഒരു വീട് വെക്കാനോ, ഒരു വാടകക്കെട്ടിടം പണിയാനോ, അതല്ലെങ്കിൽ തന്റെ പണം ഒരു സമ്പത്തായി സംരക്ഷിച്ചു വെക്കാനോ ആണ് വാങ്ങിച്ചതെങ്കിൽ അതിൽ സകാത്ത് ബാധകമല്ല. കാരണം ഭൂമി എന്ന ഗണത്തിന് അതൊരു കച്ചവടവസ്തുവായാലല്ലാതെ സകാത്ത് ബാധകമാകുന്നില്ല. അഥവാ ഒരാൾ തന്റെ മൂലധനമായി കണക്കാക്കുന്ന, വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വസ്തുവാണെങ്കിലാണ് ഭൂമിക്ക് സകാത്ത് ബാധകമാകുന്നത്. ഇതിൽ ആദ്യം പറഞ്ഞതാണ് ഈ ഭൂമി വാങ്ങിച്ചതിലൂടെ നീ ഉദ്ദേശിക്കുന്നതെങ്കിൽ അതിന് സകാത്ത് ബാധകമല്ല. എന്നാൽ റിയൽ എസ്റ്റേറ്റുകാർ തങ്ങളുടെ ഭൂമി ചെയ്യാറുള്ളതുപോലെ വില്പനയാണ് നിന്റെ ഉദ്ദേശ്യമെങ്കിൽ (അത് പിന്നീടാണെങ്കിൽ പോലും) അതിൽ നിനക്ക് സകാത്ത് നിർബന്ധമാണ്. ഓരോ ഹൗൽ പൂർത്തിയാകുമ്പോഴും അതിന്റെ ആ സമയത്തെ വിലയെത്രയാണ് എന്ന് കണക്കാക്കി അതിന്റെ 2.5% സകാത്തായി നൽകണം.
[ ഫതാവ നൂറുൻ അലദ്ദർബ് - ഇബ്നു ഉസൈമീൻ ].
(ഈ ഫത്'വയുടെ അറബി ആവശ്യമുള്ളവർ ഈ ലിങ്കിൽ പോകുക)
-------------------------------------------------------------
കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ സകാത്ത്:
ചോദ്യം: നല്ലവിലയുള്ള സമയത്ത് ഒരാള്‍ കുറച്ച് ഭൂമി വാങ്ങി. പക്ഷെ പിന്നീട് മാര്‍ക്കറ്റ് ഇടിഞ്ഞു. കുറഞ്ഞവിലക്കായാലും കൂടിയവിളക്കായാലും ആരും വാങ്ങാനില്ലാത്ത അവസ്ഥ. ഇപ്രകാരം കച്ചവടവസ്തുക്കള്‍ കെട്ടിക്കിടക്കുന്ന അവസരത്തിലും സകാത്ത് നല്‍കേണ്ടതുണ്ടോ ?.
ഇബ്നു ഉസൈമീന്‍ (رحمه الله) നല്‍കുന്ന മറുപടി: “ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ കച്ചവടവസ്തുവിന് സകാത്ത് ബാധകമല്ല എന്നതാണ്. കാരണം തിരിച്ചടക്കാന്‍ സാധിക്കാത്തവന്‍റെ കയ്യില്‍ നിന്നും കിട്ടാനുള്ള കടത്തെപ്പോലെയാണിത്. (അവന്‍റെ പണം തിരിച്ചുകിട്ടുമോ എന്ന് തന്നെ ഉറപ്പില്ലാതിരിക്കുമ്പോള്‍ അവന്‍ അതിന്‍റെ സകാത്ത് കൂടി നല്‍കണം എന്ന് പറയുന്നത് ഉചിതമല്ലല്ലോ). അഥവാ അതയാള്‍ക്ക് വില്‍ക്കാന്‍ പറ്റിയാല്‍ ആ വിട്ട വര്‍ഷത്തെ സകാത്ത് മാത്രം അയാള്‍ നല്കിക്കൊള്ളട്ടെ. ഈ അഭിപ്രായം ശറഇന്‍റെ നിയമങ്ങളോട് യോജിക്കുന്നതും ആളുകള്‍ക്ക് അല്പം ആശ്വാസം നല്‍കുന്നതുമാണ്”.
അതോടൊപ്പം അദ്ദേഹം പറഞ്ഞു: "വാങ്ങിക്കാൻ ആളെക്കിട്ടാതെ വരികയും മുടങ്ങിക്കിടക്കുകയും ചെയ്യുന്ന സ്വത്തിന്റെ വിഷയത്തിൽ അത് വിൽക്കപ്പെടുന്നതെപ്പോഴാണോ ആ വർഷത്തെ മാത്രം സകാത്ത് നൽകിയാൽ മതി എന്ന് പറയാമെങ്കിലും അത് വിറ്റുകഴിഞ്ഞാൽ, കഴിഞ്ഞ വർഷങ്ങളുടെയെല്ലാം സകാത്ത് കണക്കു കൂട്ടി നൽകുന്നതാണ് സൂക്ഷ്മത. കാരണം കടവും ഇതും തമ്മിലുള്ള വ്യത്യാസം ഇത് അവന്റെ തന്നെ കൈവശമാണ്. എന്നാൽ കടം നിവൃത്തികേടുകൊണ്ട് തിരിച്ചടക്കാൻ സാധിക്കാത്ത ദരിദ്രന്റെ മേൽ ബാധ്യതയായാണ് നിലകൊള്ളുന്നത് ". –
[ مجموع فتاوى ورسائل ابن عثيمين رحمه الله Vo:18, كتاب عروض التجارة ].
-------------------------------
ഏതായാലും കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ വിഷയത്തിൽ ആധുനിക കാലഘട്ടത്തിൽ ജീവിച്ച പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ഈ വിഷയം വിശദമായി ചർച്ച ചെയ്ത മാലികീ മദ്ഹബിലെ പണ്ഡിതന്മാർക്കിടയിലുള്ള അഭിപ്രായഭിന്നതയുടെ തുടർച്ച തന്നെയാണിത്.
"കെട്ടിക്കിടക്കുന്ന കച്ചവടവസ്തുക്കൾക്ക് അവ വിൽക്കപ്പെടുന്ന വർഷത്തെ സകാത്ത് മാത്രമേ ബാധകമാകുകയുള്ളൂ എന്നതാണ് മാലികീ മദ്ഹബിലെ പണ്ഡിതന്മാരായ ابن الماجشون (റഹി) سحنون (റഹി) തുടങ്ങിയവർ തിരഞ്ഞെടുത്തിട്ടുള്ള അഭിപ്രായം. മാലികീ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായത്തിൽ നിന്നും വ്യത്യസ്ഥമാണിത് " . - [المنتقى شرح الموطأ 2/155 ، التاج والإكليل 3/189]
مجلة البحوث الإسلامية യിൽ ശൈഖ് അബ്ദുല്ലാഹിബ്നു ഉമർ ബ്നു മുഹമ്മദ് അസ്സുഹൈബാനി(ഹ) അവതരിപ്പിച്ച റിസർച്ചിൽ അദ്ദേഹം എത്തിച്ചേരുന്ന അഭിപ്രായം, കെട്ടിക്കിടക്കുന്ന കച്ചവട വസ്തുവാണെങ്കിൽപോലും അത് സകാത്തിൽ നിന്നും ഒഴിവല്ല. എല്ലാ വർഷവും അതിന് സകാത്ത് ബാധകമാണ് എന്നതാണ്.
എന്നാൽ ഈ അഭിപ്രായത്തേക്കാൾ അവക്ക് സകാത്ത് ബാധകമല്ല എന്ന ശൈഖ് ഇബ്നു ഉസൈമീൻ(റഹി) തിരഞ്ഞെടുത്ത അഭിപ്രായം തന്നെയാണ് കൂടുതൽ പ്രബലവും ശരിയും.
ഏതായാലും ഏറെ സൂക്ഷ്മത കാണിക്കേണ്ട വിഷയമാണിത്. സകാത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി വെറുതേ കെട്ടിക്കിടക്കുന്ന വസ്തു എന്ന് കണക്കാക്കാൻ പാടില്ല. അത് യാഥാർഥ്യമായിരിക്കണം. അല്ലാഹു ഹൃദയങ്ങളിൽ ഒളിച്ചു വെക്കുന്നതിനെ കൃത്യമായി അറിയുന്നവനാകുന്നു. തൗഹീദിൻ്റെ മൂന്നു വശങ്ങളും അതായത് റുബൂബിയ്യത്തും, ഉലൂഹിയ്യത്തും, അസ്മാഉ വ സ്വിഫാത്തും കൃത്യമായി ഉൾക്കൊണ്ടവർക്കേ സകാത്തെന്നല്ല എതൊരാരാധനയും സത്യസന്ധമായും കൃത്യതയോടെയും നിർവഹിക്കാൻ സാധിക്കൂ....
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ
_____________________________________________
അനുബന്ധ വിഷയങ്ങൾ:
1- ശമ്പളത്തിന്‍റെ സകാത്തും, സകാത്ത് കണക്കു കൂട്ടുന്ന എളുപ്പ രീതിയും:
2- സ്വര്‍ണ്ണത്തിന്‍റെ നിസ്വാബ് !.
3- ഉപയോഗിക്കുന്ന ആഭരണത്തിന്‍റെ സകാത്ത്:
4- ഭൂമിയുടെ (സ്ഥലത്തിന്റെ) സകാത്ത് :
5- സകാത്ത് എല്ലാ അര്‍ത്ഥത്തിലും വര്‍ധനവാണ് .......
6- കറന്‍സിയുടെ സകാത്തും നിസ്വാബും: