ഉള്ഹിയ്യത്ത് നിയമങ്ങൾ
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
www.fiqhussunna.com
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
ഉള്ഹിയ്യത്ത് കർമ്മത്തിൻ്റെ പ്രാധാന്യം:
വളരെയധികം പ്രാധാന്യമുള്ള ഒരാരാധനാ കർമ്മമാണ് ഉള്ഹിയത്ത്. വിശുദ്ധ ഖുർആനിൽ ഇത് പ്രത്യേകം പ്രതിപാദിക്കപ്പെട്ടത് കാണാം:
وَلِكُلِّ أُمَّةٍ جَعَلْنَا مَنْسَكًا لِيَذْكُرُوا اسْمَ اللَّهِ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الْأَنْعَامِ
"ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മ്മം നിശ്ചയിച്ചിട്ടുണ്ട്. അവര്‍ക്ക് ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട് അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്." - [ഹജ്ജ് :34].
മാത്രമല്ല ബലിയറുക്കാൻ നമ്മോട് അല്ലാഹു കല്പിക്കുകയും ചെയ്തു:
فَصَلِّ لِرَبِّكَ وَانْحَرْ
"ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക". - [അൽ കൗസർ: 2].
മാത്രമല്ല അബൂ ഹുറൈറ (റ) വിൽ നിന്നും ഇപ്രകാരം ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്: "ബലിയറുക്കാൻ സാധിക്കുന്നവനായിട്ടും ബലിയറുക്കാത്തവൻ നമ്മുടെ മുസ്വലയിലേക്ക് വരേണ്ടതില്ല". - [മുസ്‌നദ് അഹ്മദ്: 6/466].
ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായപ്രകാരം ബലിയറുക്കൽ അങ്ങേയറ്റം പ്രാധാന്യമുള്ള സുന്നത്താണ്. എന്നാൽ ഇമാം അബൂ ഹനീഫയെപ്പോലെയുള്ള ഇമാമീങ്ങൾ കഴിവുള്ളവന് ബലിയറുക്കൽ നിർബന്ധമാണ് എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ കഴിവുള്ള ആളുകൾ അതിനെ നിസാരമായി അവഗണിക്കാതെ നിർബന്ധബുദ്ധിയാ ചെയ്യുന്നതാണ് സൂക്ഷ്മത. അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങൾക്കുള്ള നന്ദിസൂചകമായ ഒരു ദാനധർമ്മം കൂടിയാണത് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
എനിക്കും എന്‍റെ കുടുംബത്തിനും എന്ന നിലക്ക് ഒരാള്‍ അറുത്താല്‍ ഒരു വീട്ടില്‍ കഴിയുന്നവരാണ് എങ്കില്‍, കുടുംബത്തിലെ അംഗങ്ങള്‍ക്ക് അത് മതിയാവുമെങ്കിലും, ഓരോരുത്തര്‍ക്കും സാമ്പത്തികമായി കഴിയുമെങ്കില്‍ അപ്രകാരം ചെയ്യുകയാണ് വേണ്ടത്.
ഉള്‌ഹിയ്യത്ത് മൃഗം:
بهيمة الأنعام അഥവാ ഒട്ടകം, മാട്, ആട് എന്നിങ്ങനെ കന്നുകാലികളിൽ പെട്ട മൃഗത്തെയാണ് ബലി അറുക്കേണ്ടത്. ഒട്ടകം പിന്നെ മാടുകൾ പിന്നെ ആട് എന്നിങ്ങനെയാണ് ശ്രേഷ്ഠത. മാംസം വർധിച്ചവക്കും നല്ല ഇനത്തിനും കൂടുതൽ പ്രതിഫലം ലഭിക്കും. അതിലെല്ലാമുപരി ചെയ്യുന്നവരുടെ ആത്മാർത്ഥതയും പ്രതിഫലേച്ഛയും ഓരോരുത്തരുടെയും കഴിവുമൊക്കെ അനുസരിച്ചാണ് അല്ലാഹുവിൽ നിന്നും പ്രതിഫലം ലഭിക്കുന്നത്. നിയ്യത്ത് നന്നായാൽ പ്രതിഫലവും വർധിക്കുമെന്നർത്ഥം.
ബലിമൃഗത്തിൻ്റെ പ്രായപരിധി താഴെ പറയുന്നത് പ്രകാരമാണ്:
ഒട്ടകം : അഞ്ചു വയസ് തികയണം. ഇത് നാല് മദ്ഹബിൻ്റെ ഇമാമീങ്ങൾക്കും ഏകാഭിപ്രായമുള്ള കാര്യമാണ്.
മാടുകൾ (പോത്ത്, കാള, മൂരി, പശു, എരുമ): ഹനഫീ, ശാഫിഈ, ഹമ്പലീ മദ്ഹബുകളിലെ അഭിപ്രായപ്രകാരം രണ്ട് വയസ് തികഞ്ഞവ. മാലിക്കീ അഭിപ്രായപ്രകാരം മൂന്ന് വയസ് തികയണം. രണ്ട് വയസ് എന്നതാണ് ഭൂരിപക്ഷാഭിപ്രായം.
ആട് : കോലാട് അഥവാ നമ്മുടെ നാടൻ ആടുകൾ ആണെങ്കിൽ ഹനഫീ, മാലിക്കീ, ഹമ്പലീ അഭിപ്രായപ്രകാരം ഒരു വയസ് തികയണം. ശാഫിഈ അഭിപ്രായപ്രകാരം രണ്ട് വയസ് തികയണം. കോലാടിന് ഒരു വയസ് തികഞ്ഞാല്‍ മതി എന്നതാണ് ഭൂരിപക്ഷാഭിപ്രായം.
ഇനി ചെമ്മരിയാട് ഹനഫീ, മാലിക്കീ, ഹമ്പലീ അഭിപ്രായപ്രകാരം ആറു മാസം തികയണം. ശാഫിഈ അഭിപ്രായപ്രകാരം ഒരു വര്‍ഷമെത്തിയിരിക്കണം. ആറു മാസം എന്നതാണ് ഭൂരിപക്ഷാഭിപ്രായം. ചെമ്മരിയാടിന്‍റെ വിഷയത്തില്‍ മാത്രമുള്ള ഇളവാണ് ഇത്. ചെമ്മരിയാടില്‍ മാത്രമാണ് جذعة നബി (സ) അനുവദിച്ചിട്ടുള്ളത്. പല്ല് പൊഴിയുന്ന പ്രായം അഥവാ ആറു മാസം പ്രായമെത്തിയവയാണവ. എന്നാല്‍ ചെമ്മരിയാടിലും ഒരു വയസ് തികയുകയാണ് എങ്കില്‍ അതാണ് ശ്രേഷ്ഠം. ചില പണ്ഡിതന്മാര്‍ മുകളില്‍ ഉദ്ദരിച്ച ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ഒരു വയസ് തികഞ്ഞതിനെ കിട്ടിയില്ലെങ്കിലല്ലാതെ ആറു മാസം ഉള്ളതിനെ അറുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്.
ചുരുക്കത്തില്‍ ആട് ആണ് എങ്കില്‍ ഒരു വയസ് തികഞ്ഞതും, മാടുകളാണ് എങ്കില്‍ രണ്ട് വയസ് തികഞ്ഞതും, ഒട്ടകം ആണ് എങ്കില്‍ 5 വയസ് തികഞ്ഞതും.
ബലി മൃഗത്തിന് ഉണ്ടാവാൻ പാടില്ലാത്ത ന്യൂനതകൾ:
ഉളുഹിയത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന മൃഗങ്ങളില്‍ അവയുടെ മാംസം ചുരുങ്ങുകയോ, കേടുവരുത്തുകയോ ചെയ്യുന്നതായ ന്യൂനതകള്‍ ഉണ്ടായിരിക്കരുത്. ഹദീസില്‍ ഇപ്രകാരം കാണാം:
عَن الْبَرَاءِ بْنِ عَازِبٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سُئِلَ مَاذَا يُتَّقَى مِنْ الضَّحَايَا فَقَالَ أَرْبَعٌ الْعَرْجَاءُ الْبَيِّنُ ظَلْعُهَا وَالْعَوْرَاءُ الْبَيِّنُ عَوَرُهَا وَالْمَرِيضَةُ الْبَيِّنُ مَرَضُهَا وَالْعَجْفَاءُ الَّتِي لَا تُنْقِي
ബറാഅ് ബ്ന്‍ ആസി'ബ് (റ) നിവേദനം: നബി (സ) യോട് ഇപ്രകാരം ചോദിക്കപ്പെട്ടു: ഉദുഹിയത്ത് അറുക്കപ്പെടുന്നവയില്‍ മാറ്റിനിര്‍ത്തേണ്ടവ ഏതൊക്കെ ?. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "നാല് ഇനങ്ങളാണവ. പ്രകടമായ മുടന്തുള്ളവ, പ്രകടമായ കണ്ണ് കേടുള്ളവ, പ്രകടമായ രോഗബാധയേറ്റവ, മജ്ജയും (നെയ്യും) നഷ്ടപ്പെട്ട് മെലിഞ്ഞൊട്ടിയവ." - [മുസ്നദ്: 18675].
ഹദീസിലെ 'പ്രകടമായ'എന്ന പ്രയോഗത്തില്‍ നിന്നും സാധാരണ കണക്കാക്കപ്പെടാത്ത നിസാരമായ ന്യൂനതകള്‍ ആണ് അവക്കുള്ളതെങ്കില്‍ കുഴപ്പമില്ല എന്ന് മനസ്സിലാക്കാം.
രോഗം പ്രകടമായവ, നടക്കാന്‍ പ്രയാസമുള്ളവ, ശരീരഭാഗങ്ങള്‍ മുറിഞ്ഞു പോയവ, കണ്ണ് പൊട്ടിയത്, കണ്ണ് തുറിച്ച് നില്‍ക്കുന്നത്, കാഴ്ച നഷ്ടപ്പെട്ടത്, അവശത ബാധിച്ചവ എന്ന് തുടങ്ങി മറ്റു മാടുകളോടൊപ്പം തീറ്റയിലും കുടിയിലും ഒപ്പമെത്താത്ത ന്യൂനതകളുള്ളവ ഉളുഹിയ്യത്തില്‍ അനുവദനീയമല്ല. അനുവദിക്കപ്പെട്ടതും അനുവദിക്കപ്പെടാത്തതുമായവയെ വേര്‍ത്തിരിക്കുന്ന മാനദണ്ഡം വിശദീകരിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു:
لا تجزئ التضحية بما فيه عيب ينقص اللحم كالمريضة، فإن كان مرضها يسيراً لم يمنع الإجزاء، وإن كان بينا يظهر بسببه الهزال وفساد اللحم لم يجزه
"രോഗബാധിതമായതിനെപ്പോലെ ഇറച്ചി കുറയാന്‍ കാരണമാകുന്ന ന്യൂനതയുള്ളവ ഉളുഹിയ്യത്തിന് അനുവദനീയമല്ല. ഇനി രോഗം നിസാരമാണ് എങ്കില്‍ അതില്‍ തടസ്സമില്ലതാനും. എന്നാല്‍ പ്രകടമായതും, അതുകാരണം അവശതക്കും ഇറച്ചി ദുഷിക്കാനും ഇടവരുത്തുന്നതുമായ രോഗമാണ് ഉള്ളത് എങ്കില്‍ അത് അനുവദനീയമല്ല." - [المجموع :8/293].
എന്നാല്‍ മണി ഉടച്ചവക്ക് കുഴപ്പമില്ല. അത് ഇറച്ചിയുടെ രുചിയും മേന്മയും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. ബലി മൃഗം ഗുണത്തിലും മേന്മയിലും ഭംഗിയിലും എത്രത്തോളം നല്ലതാകുന്നുവോ അത്രത്തോളം അത് ശ്രേഷ്ഠകരമാണ്. പക്ഷെ ലോകമാന്യത ഉദ്ദേശിച്ചുകൊണ്ടോ, ആളുകളുടെ പ്രശംസ പിടിച്ച് പറ്റാനോ ആണ് ഒരാള്‍ നല്ല ഇനം നോക്കി വാങ്ങുന്നത് എങ്കില്‍ അയാള്‍ക്ക് ശിക്ഷയാണ് ലഭിക്കുക. അല്ലാഹുവിന്‍റെ പ്രീതി മാത്രമായിരിക്കണം ഏറ്റവും മുന്തിയ മൃഗത്തെ തിരഞ്ഞെടുക്കുന്നതിന് പിന്നിലുള്ള പ്രചോദനം.
ഉള്ഹിയ്യത്തും ഷെയറും:
ആടിനെയാണ് അറുക്കുന്നതെങ്കിൽ ഒരാൾ സ്വന്തമായി അറുക്കണം. തനിക്കും തൻ്റെ കുടുംബത്തിനും എന്ന നിലക്ക് ഒരാൾക്ക് ഒരാടിനെ അറുക്കാം. എന്നാൽ ഉള്ഹിയ്യത്ത് ബാധ്യത നിറവേറാനായി ഒരാടിൽ ഒന്നിലധികം പേർ പണം നൽകി പങ്കാളികളായി അറുക്കാൻ പറ്റില്ല എന്നർത്ഥം.
ഒട്ടകമോ, മാടുകളോ ആണെങ്കിൽ ഏഴ് പേർക്ക് വരെ പങ്കാളികളായി അറുക്കാം. ഏഴ് പേരിൽ കൂടുതൽ ഷെയറുകൾ ഒരു ഉരുവിൽ പാടില്ല. അതുകൊണ്ടുതന്നെ ഒരാളുടെ പങ്കു ഉരുവിൻ്റെ വിലയുടെ ഏഴിലൊന്നിൽ താഴെയാകാൻ പാടില്ല. എന്നാൽ ഷെയറുകൾ തമ്മിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിന് കുഴപ്പമില്ല. ഇനി മഹല്ലുകളിലോ മറ്റോ ഷെയറുകൾ വാങ്ങി ബലി ചെയ്യുമ്പോൾ ഓരോരുത്തരുടെയും ഉരു ഏത് എന്നത് നിജപ്പെടുത്തിയിരിക്കണം. അതുപോലെ ഒരു ഉരുവിൽ ഏഴിലധികം ഷെയർ വരുന്ന സാഹചര്യം ഉണ്ടാകാനും പാടില്ല.
അഥവാ ഇന്ന് പല സ്ഥലങ്ങളിലും കാണുന്നത് പോലെ നിശ്ചിത സഖ്യ ഷെയര്‍ വാങ്ങുകയും ശേഷം മൊത്തം സംഖ്യ കൂട്ടി പല വിലകളിലുള്ള ഉരുക്കളെ വാങ്ങുകയും ചെയ്യുന്ന രീതി ശരിയല്ല. ഉദാ: എല്ലാവരില്‍ നിന്നും 5000 വീതം വാങ്ങിയാല്‍ ഒരു ഉരുവിന് ഏഴു പേര്‍ എന്ന തോതില്‍ 35000 രൂപ ആണ് വരുക. എന്നാല്‍ ചിലതിന് 30000, ചിലതിന് 40000 എന്ന രൂപത്തില്‍ ഉരു വാങ്ങിയാല്‍ ഒന്നില്‍ എട്ടു പേരും, മറ്റൊന്നില്‍ ആറു പേരും ആണ് യഥാര്‍ത്ഥത്തില്‍ ഇവിടെ പങ്കാളികളായത്. ഇത് ശറഇയ്യായി അനുവദിക്കപ്പെടുന്നില്ല.
മറിച്ച് ഓരോ ഉരുവിന്‍റെയും ഉടമസ്ഥര്‍ ആയ ഷെയറുകാര്‍ ആര് എന്ന് നിശ്ചയിക്കുകയും, അവര്‍ നല്‍കിയ സംഖ്യയെക്കാള്‍ കുറവാണ് എല്ലാ ചിലവും കഴിച്ച് ആ ഉരുവിന് വന്നത് എങ്കില്‍, മിച്ചം വന്ന സംഖ്യ തുല്യമായി അവര്‍ക്ക് വീതിച്ചു നല്‍കുകയും, ഇനി അവര്‍ നല്‍കിയ സംഖ്യയെക്കാള്‍ കൂടുതലായാല്‍ അത് അവരില്‍ നിന്ന് ഈടാക്കുകയും ചെയ്യണം. അതല്ലെങ്കില്‍ നേരത്തെ തന്നെ ആളുകള്‍ ഷെയര്‍ നല്‍കിയ ബഡ്ജറ്റിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് മാത്രമേ ഉരു വാങ്ങാവൂ. മറിച്ച് ഓരോരുത്തരുടെ ഉരു ഏത് എന്ന് വേര്‍തിരിച്ച് അറിയാന്‍ സാധിക്കാത്ത രൂപത്തിലുള്ള 14 പേര്‍ ചേര്‍ന്ന് രണ്ട് ഉരു അറുക്കുക, 21 പേര്‍ ചേര്‍ന്ന് മൂന്ന്‍ ഉരു അറുക്കുക എന്നിങ്ങനെയുള്ള കൂട്ട അറവ് പ്രമാണങ്ങളില്‍ കാണുക സാധ്യമല്ല. മറിച്ച് ഓരോ എഴ് പേരുടെയും ഉരു ഏത് എന്നത് നിര്‍ണ്ണിതമായിരിക്കണം.
ദുൽഹിജ്ജ മാസം പ്രവേശിച്ചാൽ:
ദുൽഹിജ്ജ മാസത്തിൻ്റെ പിറവി കണ്ടാൽ ഉള്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്നവർ ബലി മൃഗത്തെ അറുക്കുന്നത് വരേക്കും അവരുടെ മുടിയോ നഖമോ വെട്ടാൻ പാടില്ല.
عن أم سلمة رضي الله عنها أن النبي صلى الله عليه وسلم قال : ( إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ ، فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ ) رواه مسلم ( 1977 )
ഉമ്മു സലമ (റ) നിവേദനം. നബി (സ) ഇപ്രകാരം പറഞ്ഞു: "നിങ്ങൾ ദുൽഹിജ്ജ മാസപ്പിറവി കണ്ടാൽ ഉള്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്നവരാണ് എങ്കിൽ, അവർ അവരുടെ മുടിയും നഖവും നീക്കം ചെയ്യാതിരിക്കട്ടെ". - [സ്വഹീഹ് മുസ്‌ലിം: 1977].
വീട്ടിലുള്ളവർക്കും തനിക്കും വേണ്ടി ഗൃഹനാഥൻ ബലിയറുക്കുമ്പോൾ അദ്ദേഹം മാത്രം ഇത് പാലിച്ചാൽ മതി. വീട്ടിലുള്ള എല്ലാവരും മുടിയും നഖവും വെട്ടാതിരിക്കണമെന്നില്ല.
ഉള്‌ഹിയ്യത്ത് അറുക്കേണ്ട സമയം:
ശറഇയ്യായി നിര്‍ണിതമായ സമയത്ത് തന്നെ അത് അറുക്കപ്പെടണം എങ്കിലേ അത് ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയുള്ളൂ. പെരുന്നാള്‍ നമസ്കാര ശേഷം മുതല്‍ അയ്യാമുത്തശ്'രീക്കിന്‍റെ ദിനങ്ങള്‍ അവസാനിക്കുന്നത് വരെയാണ് അതിന്‍റെ സമയ പരിധി. പെരുന്നാള്‍ ദിവസത്തിന് ശേഷമുള്ള മൂന്ന് ദിവസങ്ങള്‍ക്കാണ് അയ്യാമുത്തശ്'രീക്ക് എന്ന് പറയുന്നത്. ഹദീസില്‍ ഇപ്രകാരം കാണാം:
إِنَّ أَوَّلَ مَا نَبْدَأُ فِي يَوْمِنَا هَذَا أَنْ نُصَلِّيَ ثُمَّ نَرْجِعَ فَنَنْحَرَ فَمَنْ فَعَلَ ذَلِكَ فَقَدْ أَصَابَ سُنَّتَنَا وَمَنْ نَحَرَ قَبْلَ الصَّلَاةِ فَإِنَّمَا هُوَ لَحْمٌ قَدَّمَهُ لِأَهْلِهِ لَيْسَ مِنْ النُّسْكِ فِي شَيْءٍ
"നമ്മുടെ ഈ ദിവസത്തില്‍ (പെരുന്നാള്‍ ദിവസം) നാം ആദ്യമായി തുടങ്ങുന്നത് പെരുന്നാള്‍ നമസ്കാരം കൊണ്ടാണ്. അത് നിര്‍വഹിച്ച് മടങ്ങിയ ശേഷം ബലികര്‍മ്മം നിര്‍വഹിക്കുകയും ചെയ്യും. ആരെങ്കിലും ഇതുപോലെ ചെയ്‌താല്‍ അവന്‍ നമുടെ ചര്യ പിന്തുടര്‍ന്നിരിക്കുന്നു. എന്നാല്‍ ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി അറുത്താല്‍ അത് തന്‍റെ കുടുംബത്തിന് ഇറച്ചിക്ക് വേണ്ടിയുള്ള ഒരു കാര്യം മാത്രമാണ്. അതൊരിക്കലും ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല." - [സ്വഹീഹുല്‍ ബുഖാരി: 965 , സ്വഹീഹ് മുസ്‌ലിം: 5185].
ഇറച്ചിയുടെ വിതരണം:
ബലിയറുത്ത മാംസം ഭക്ഷിക്കുകയും, അഗതികൾക്കും ദരിദ്രർക്കും ദാനം ചെയ്യുകയും, തൻ്റെ അടുപ്പക്കാർക്ക് ഹദിയ നൽകുകയും ചെയ്യുക എന്നതാണ് ഉചിതമായ വിതരണം. താൻ മൂന്നിലൊന്ന് എടുത്ത ശേഷം ബാക്കിയുള്ളത് ദരിദ്രർക്കും വേണ്ടപ്പെട്ടവർക്കും ഒക്കെ ദാനം ചെയ്യുകയാണ് ഉചിതം:
لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الْأَنْعَامِ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ (28)
"അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക". - [അൽ ഹജ്ജ്: 28].
അറുത്ത മാംസത്തിൽ നിന്നും അറുത്തയാൾക്ക് എത്ര എടുക്കാം എന്നത് പണ്ഡിതന്മാർക്കിടയിൽ ചർച്ചയുള്ള കാര്യമാണ്. അതിന് നിശ്ചിതമായ അളവില്ല എന്നതാണ് ഇമാം മാലിക് (റ) യുടെ പക്ഷം - (الكافي 1/424). ഇമാം ശാഫിഇ (റ) യുടെയും ഇമാം അഹ്മദിൻ്റെ (റ) യുമെല്ലാം അഭിപ്രായപ്രകാരം മൂന്നിലൊന്ന് മാത്രം തനിക്കും ബാക്കി പാവപ്പെട്ടവർക്കും, ഹദിയ നൽകാനുമെന്നോണം വിഭചിച്ചാൽ അതാണ് ഉചിതമായ വിഭജനം.- (السراج الوهاج 563 / مسند الشافعي: 473).
എന്നാൽ പട്ടിണിയോ, കൂടുതൽ ആവശ്യക്കാരോ ഉള്ള സന്ദർഭങ്ങളിൽ പാവപ്പെട്ടവർക്ക് നൽകേണ്ട ഓഹരി കൂടുക എന്നല്ലാതെ മൂന്നിലൊന്നിൽ കുറയാൻ പാടില്ല എന്നുതന്നെ വേണം കരുതാൻ. കാരണം പട്ടിണിക്കാലത്ത് പ്രത്യേക പരിഗണന നൽകി മൂന്ന് ദിവസങ്ങളിൽകൂടുതൽ ഉള്ഹിയത്തിൻ്റെ ഇറച്ചി സൂക്ഷിച്ച് വെക്കരുത് എന്ന് നബി (സ) കല്പിച്ചിരുന്നു. പിന്നീട് നബി (സ) അവർക്ക് എത്രയും കാലം ഇറച്ചി സൂക്ഷിക്കാൻ അനുവാദം കൊടുത്തു. എന്നാൽ ആ സംഭവത്തിൽ നിന്നും ദരിദ്രരിലേക്ക് കൂടുതൽ ഇറച്ചി എത്തേണ്ട സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ട് ആണ് നാം വിഹിതം വെക്കേണ്ടത് എന്ന് മനസ്സിലാക്കാം.
ഏറ്റവും ഉചിതം മുകളിൽ സൂചിപ്പിച്ച പോലെ മൂന്നിലൊന്ന് തനിക്കും ബാക്കി വരുന്നത് ദരിദ്രർക്കും, ചോദിച്ചു വരുന്നവർക്കും, സ്നേഹിതർക്കും ഒക്കെയായി നൽകുക എന്നതാണ്. ഇബ്‌നു അബ്ബാസ് (റ), ഇബ്‌നു ഉമർ (റ) തുടങ്ങിയവർ ഈ അഭിപ്രായക്കാരാണ് എന്ന് ഇമാം ഇബ്‌നു ഖുദാമ (റ) പ്രസ്താവിച്ചിട്ടുണ്ട്. - (المغني: 9/449).
ഇനി നൽകുമ്പോൾ ഇറച്ചിയായോ ഭക്ഷണം പാകം ചെയ്തോ നൽകാം . ഇവിടെ ദരിദ്രന് എങ്ങനെ നൽകുന്നതാണ് ഗുണം എന്ന് പരിഗണിക്കുന്നതാകും ഉചിതം. ചിലപ്പോൾ എല്ലാവരും ഭക്ഷണമായി നൽകിയാൽ ദരിദ്രർക്ക് അവർ ഉദ്ദേശിക്കുന്ന പോലെ ഇറച്ചി സൂക്ഷിച്ച് വെക്കാൻ സാധിച്ചില്ല എന്ന് വരാം. അതുപോലെ വീടോ മറ്റോ ഇല്ലാത്ത ദരിദ്രർക്ക് ഇറച്ചിയായി നൽകിയാൽ അവർക്കത് പാകം ചെയ്യാനും മറ്റും സാധിച്ചില്ലെന്നും വരാം. അതുകൊണ്ട് നാം നൽകുന്ന പാവപ്പെട്ടവരുടെ അവസ്ഥക്ക് അനുസരിച്ച് പാകം ചെയ്തോ , പാകം ചെയ്യാതെയോ നൽകാം.
അതുപോലെ ഉളുഹിയത്തിൻ്റെ ഇറച്ചി അത് ഭക്ഷിക്കുന്നവരായ അമുസ്‌ലിംകൾക്ക് നൽകുന്നതിൽ തെറ്റില്ല. അയല്പക്കക്കാർ, പരിചയക്കാർ, ബന്ധുക്കൾ എന്നിങ്ങനെ അവരെയും പരിഗണിക്കുന്നത് നന്മ തന്നെയാണ്. മാനുഷികമായുള്ള ബന്ധം കാത്ത് സൂക്ഷിക്കലും വിശ്വാസികളോടൊപ്പം സമാധാനത്തോടെ കഴിയുന്നവരായ അവിശ്വാസികൾക്ക് നന്മ ചെയ്യലും പ്രതിഫലാർഹമായ കാര്യമാണ്. അല്ലാഹു പറയുന്നു :
لا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ
"മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു." - [മുംതഹിന :8].
ഉള്‌ഹിയ്യത്തുമായി ബന്ധപ്പെട്ട ഏറെ പേരും അറിയാൻ ആഗ്രഹിക്കുന്ന വളരെ സുപ്രധാനമായ ഏതാനും ചില കാര്യങ്ങൾ മാത്രമാണ് ഈ ലഘുലേഖയിൽ നാം ചർച്ച ചെയ്‍തത്. അവശേഷിക്കുന്ന നിങ്ങളുടെ ചോദ്യങ്ങൾ ഫിഖ്ഹുസ്സുന്നയിലേക്ക് എഴുതി ചോദിക്കുമല്ലോ. ഏറെ ശ്രേഷ്ഠകരമായ ഈ ആരാധനാകർമ്മം യഥാവിധം അനുഷ്‌ഠിക്കാനുള്ള തൗഫീഖ് അല്ലാഹു നമുക്കേവർക്കും നൽകുമാറാകട്ടെ. നമ്മുടെ എല്ലാ സൽപ്രവർത്തനങ്ങളും അല്ലാഹു സ്വീകരിക്കുമാറാകട്ടെ. വീഴ്ചകൾ അവൻ പൊറുത്ത് തരട്ടെ .. ആമീൻ ..