Thursday, April 25, 2013

പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം !


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

പലിശ മഹാപാപങ്ങളിൽ ഒന്നാണ് എന്ന് ഏവർക്കുമറിയാം. എന്നാൽ അതിൻ്റെ ഗൗരവം എന്തുകൊണ്ടോ പലപ്പോഴും പലരും മനസ്സിലാക്കാതെ പോകുന്നു. ഒരാള്‍ വ്യഭിചരിച്ചു എന്ന് പുറത്തറിഞ്ഞാല്‍ സമൂഹം ഒന്നടങ്കം അവനെ നിന്ദ്യനായി കാണില്ലേ ?!, പക്ഷെ അതിനേക്കാള്‍ വലിയ പാപമായ പലിശയെ ലാഘവത്തോടെ ആളുകള്‍ നോക്കിക്കാണുന്നത് എന്തുകൊണ്ട് ?. 

36 തവണ വ്യഭിചരിക്കുന്നതിനേക്കാള്‍  വലിയ പാപമാണ് ചെറിയ രൂപത്തില്‍ പലിശയുമായി ഇടപെടുന്നത് പോലും: 

عن عبد الله بن حنظلة رضي الله عنه قال : قال رسول الله صلى الله عليه وسلم : درهم ربا يأكله الرجل وهو يعلمه أشد من ستة وثلاثين زنية

അബ്ദുല്ലാഹ് ഇബ്നു ഹന്‍ദല (റ) പറയുന്നു: പ്രവാചകന്‍ (സ) പറഞ്ഞു: " അറിഞ്ഞു കൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും, മുപ്പത്തി ആറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ്."  - (റവാഹു അഹ്മദ്, അൽബാനി: സ്വഹീഹ്, سلسة الأحاديث الصحيحة : 1033 )

ഇനി വ്യഭിചാരങ്ങളില്‍ ഏറ്റവും മോശമായ, ഏറ്റവും വൃത്തിഹീനമായ  ഒന്നാണല്ലോ ഒരാള്‍ തന്റെ മാതാവുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നുള്ളത്.. പലിശയെ എഴുപത് ഇനങ്ങളാക്കി തിരിച്ചാല്‍ അതിലെ ഏറ്റവും നിസാരമായ പലിശ പോലും സ്വന്തം മാതാവിനെ വ്യഭിച്ചരിക്കുന്നതിനേക്കാള്‍ കഠിനമാണ് എന്ന് പ്രവാചക വചനങ്ങളില്‍ കാണാം .. 

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : الربا سبعون بابا أدناها كالذي يقع على أمه 


അബീ ഹുറൈറ (റ) വില്‍ നിന്നും നിവേദനം : പ്രവാചകന്‍ (സ) പറഞ്ഞു: "പലിശക്ക് എഴുപതില്‍ പരം ഇനങ്ങളുണ്ട്. അതില്‍ ഏറ്റവും ചെറിയ ഇനം ഒരാള്‍ തന്റെ മാതാവുമായി ശയിക്കുക എന്നതു പോലെയാണ് " - [റവാഹുല്‍  ബൈഹഖി. وقال الألباني : صحيح لغيره ، انظر صحيح الترغيب والترهيب : 2 /178  رقم الحديث: 1853].

പക്ഷെ എന്തുകൊണ്ട് പലിശയുമായി ഇടപെടുന്നവര്‍ സമൂഹത്തില്‍ മാന്യന്മാരായിത്തന്നെ  വിലയിരുത്തപ്പെടുന്നു ?! നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ പലിശയുമായി ഇടപെടുന്നതോടൊപ്പം അയാള്‍ പള്ളി സെക്രട്ടറി വരെ ആയേക്കാം .. അല്ലേ !... ഒരുപാട് അനുഭവങ്ങള്‍ നമുക്കുണ്ട് താനും .. എന്തുകൊണ്ട് ?! ..
വ്യഭിചാരത്തെ അതൊരു വന്‍പാപമാണെന്ന് മനസ്സിലാക്കി വിട്ടു നില്‍ക്കുന്ന പലരും പലിശയെ ലാഘവത്തോടെ കാണുന്നത് എന്തുകൊണ്ട് ?! ... തെറ്റുകളെയും അവയുടെ ഗൌരവത്തെയും  മനസ്സിലാക്കുന്നിടത്ത് നമുക്ക് പാളിച്ച സംഭവിച്ചോ ?!

ഇമാം മാലിക് (റ) പറയുന്നു : ' അല്ലാഹുവിന്റെ ഗ്രന്ഥം ഞാന്‍ പരിശോധിച്ചു,  കുഫ്ര്‍ കഴിഞ്ഞാല്‍ പിന്നെ പലിശയേക്കാള്‍ വലിയ മറ്റൊരു പാപമുള്ളതായി എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല'

കാരണം മറ്റൊരു പാപത്തിനും അല്ലാഹുവും അവന്റെ പ്രവാചകനും അത് ചെയ്യുന്നവനോട് യുദ്ധം പ്രഖ്യാപിച്ചതായി കാണുന്നില്ല, എന്നാല്‍ പലിശയുമായി ഇടപെടുന്നവരോട് അല്ലാഹുവും അവന്റെ പ്രവാചകനും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു..

അല്ലാഹു പറയുന്നു : 

يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ*فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْب مِنَ اللَّهِ وَرَسُولِهِ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لا تَظْلِمُونَ وَلا تُظْلَمُونَ

" സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവശേഷിക്കുന്ന  പലിശയില്‍ നിന്നും  പൂര്‍ണമായും വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആണെങ്കില്‍ ,,, നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത് " [അല്‍ ബഖറ - 278,279]

പലിശയുമായി ഇടപെടുന്നവരെല്ലാം പാപത്തില്‍ തുല്യരാണ് എന്ന് പ്രവാചകന്റെ ഹദീസില്‍ കാണാം : 

عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ

ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: "പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും), അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവരെയും പ്രവാചകന്‍(സ) ശപിച്ചിരിക്കുന്നു" . എന്നിട്ടദ്ദേഹം പറഞ്ഞു : " അവരെല്ലാം ഒരുപോലെയാണ് " . [സ്വഹീഹ് മുസ്ലിം]


അല്ലാഹു നമ്മെ പലിശയെന്ന വന്‍ പാപത്തില്‍ നിന്നും, അത് മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും സംരക്ഷിക്കുമാറാകട്ടെ  ....

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Sunday, April 21, 2013

വിവാഹത്തിനു മുന്പ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ? !

ഒരു സഹോദരന്‍ ചോദിച്ച ചോദ്യം : എന്റെ നിക്കാഹ് ഉറപ്പിച്ചിരിക്കുന്നു, നികാഹിനു മുന്പ് എനിക്ക് അവളെ വിളിക്കാനോ അവളോട്‌ ചാറ്റ് ചെയ്യാനോ പാടുണ്ടോ ?, സാധാരണ രീതിയിലുള്ള സംസാരം സംസാരിക്കാന്‍ മാത്രം, പെണ്ണ് കാണല്‍ ഒക്കെ കഴിഞ്ഞു. അവള്‍ പഠിക്കുന്നത് കാരണം ഒരു വര്‍ഷം കഴിഞ്ഞാണ് നിക്കാഹ്. ചിലപ്പോഴൊക്കെ എനിക്ക് അവളെ വിളിക്കാനും സംസാരിക്കാനും തോന്നും. പക്ഷെ ഞാന്‍ ഫിത്നയെ ഭയപ്പെടുന്നു. അതുകൊണ്ട് എന്താണ് ഞാന്‍ ചെയ്യേണ്ടത് ?


ഉത്തരം :  ഒരു സ്ത്രീയെ വിവാഹം ആലോചിച്ച് പരസ്പരം തൃപ്തിപ്പെട്ടാല്‍ എത്രയും പെട്ടെന്ന് അവളെ വിവാഹം ചെയ്യുകയാണ് വേണ്ടത്. വിവാഹാലോചന കഴിഞ്ഞാലും സ്ത്രീയും പുരുഷനും പരസ്പരം അന്യര്‍ തന്നെയാണ്. നിക്കാഹ് ചെയ്യുമ്പോള്‍ മാത്രമേ അവള്‍ അവന്റെ ഭാര്യ ആകുന്നുള്ളൂ .. അതുകൊണ്ട് തന്നെ നിക്കാഹ് കഴിയുന്നത് വരെ അവര്‍ പരസ്പരം വിളിക്കുന്നതും ചാറ്റ് ചെയ്യുന്നതുമെല്ലാം ഫിത്നക്ക് കാരണമായിത്തീരും. ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍. എത്രയും പെട്ടെന്ന്‍ അവരുടെ നിക്കാഹ് നടത്തിക്കൊടുത്ത് ഹലാലായ ബന്ധം ഒരുക്കിക്കൊടുക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. പഠനം, ജോലി തുടങ്ങിയ കാരണങ്ങള്‍ വിവാഹം നീട്ടി വെക്കാനുള്ള കാരണങ്ങളല്ല. അതുകൊണ്ട് ചോദ്യം ചോദിച്ച സഹോദരന്‍ മാതാപിതാക്കളോട് സംസാരിച്ച് വിവാഹം പെട്ടെന്ന്‍ നടത്തുക എന്നതാണ് പരിഹാരം..

മറ്റൊരു കാര്യം കല്യാണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് അവളെ വിളിക്കാമോ എന്നതാണ്, ഈ വിഷയത്തില്‍ ശൈഖ് സ്വാലിഹ് അല്‍ ഫൌസാന്‍ (ഹഫിദഹുല്ലാഹ്) യോട് ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം നല്‍കിയ മറുപടിയും കാണുക.

ചോദ്യം: വിവാഹം ഉറപ്പിച്ചു കഴിഞ്ഞാല്‍, നിക്കാഹിനു മുന്പ് അവളോട്‌ ഫോണില്‍ സംസാരിക്കുന്നത് ശറഇയ്യായി അനുവദനീയമാണോ ?

അദ്ദേഹം നല്‍കിയ മറുപടി: "അവനുമായുള്ള വിവാഹാലോചന അവള്‍ സമ്മതിക്കുകയും, പരസ്പരം സംസാരിക്കുന്നത് വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കാനുമാണെങ്കില്‍ , ആവശ്യത്തിനു മാത്രം, ഫിത്ന കടന്നു വരാത്ത രൂപത്തില്‍ സംസാരിക്കുന്നത് കൊണ്ട് വിരോധമില്ല. എന്നിരുന്നാലും അത് മാതാപിതാക്കള്‍ വഴിയാകുമ്പോള്‍ അതാണ്‌ ഫിത്നയെ അകറ്റാനും, തെറ്റിധാരണകള്‍ ഉണ്ടാവാതിരിക്കാനും നല്ലത്". (അല്‍ മുന്'തഖ 3/163).

അതല്ലാത്ത മറ്റു സംസാരങ്ങള്‍ തീര്‍ത്തും പാടില്ല എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം ..

ഇത് വായിക്കുന്ന മാതാപിതാക്കളെങ്കിലും ഇത്തരം വിഷയങ്ങള്‍ ശ്രദ്ധിക്കുമല്ലോ. വിവാഹ പ്രായമെത്തിയ പക്വതയുള്ള മക്കളെ നല്ല രൂപത്തില്‍ വിവാഹം നടത്തിക്കൊടുക്കു. അവര്‍ തിന്മ ചെയ്യുന്നതിന് നിങ്ങള്‍ ഒരു കാരണക്കാരായിത്തീരാതിരിക്കുക. അവരുടെ പഠനമോ, ജോലിയോ മറ്റു കാര്യങ്ങളോ അതിനൊരു തടസ്സമായിക്കാണരുത് . ജീവിത വിശുദ്ധി ഉദ്ദേശിച്ചു കൊണ്ട് വിവാഹിതരാകുന്നവര്‍ക്ക് ജീവിക്കാനുള്ള സമ്പത്ത് നല്‍കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. അല്ലാഹു പറയുന്നു:

 وَأَنْكِحُوا الْأَيَامَى مِنْكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ إِنْ يَكُونُوا فُقَرَاءَ يُغْنِهِمُ اللَّهُ مِنْ فَضْلِهِ وَاللَّهُ وَاسِعٌ عَلِيمٌ

"നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവര്‍ ദാരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിശാലമായി നല്‍കുന്നവനും, സര്‍വ്വജ്ഞനുമാത്രെ" [നൂര്‍ : 32]  

ഇവിടെ അവിവാഹിതരായവരെ വിവാഹത്തിന് സഹായിക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയായാണ് അല്ലാഹു പരിചയപ്പെടുത്തുന്നത്. മാത്രമല്ല അല്ലാഹുവില്‍ നിന്നുള്ള ഐശ്വര്യം ലഭിക്കാന്‍ വിവാഹം ഒരു കാരണമാണ്  എന്നും ഇതില്‍ നിന്നും മനസ്സിലാക്കാം .. ഒരു ഇരുമ്പ് മോതിരം മാത്രം നല്‍കാന്‍ പോലും ശേഷിയില്ലാത്ത സ്വഹാബിക്ക് പ്രവാചകന്‍ വിവാഹം നടത്തിക്കൊടുത്തതായി ഹദീസുകളില്‍ കാണാം, അവരുടെ ഉപജീവനം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കെ നാം എന്ത് ഭയപ്പെടാനാണ് , രണ്ടു പേരെയെങ്കിലും ഹറാമുകളില്‍ വിട്ടു നില്‍ക്കാന്‍ സഹായിച്ചാല്‍ അതിന് അല്ലാഹു നമുക്ക് തക്കതായ പ്രതിഫലം നല്‍കും തീര്‍ച്ച ..

  വിവാഹത്തിന് സഹായിക്കുമ്പോള്‍ ഞാന്‍ മുന്പ് എഴുതിയ കാര്യം ഒന്നുകൂടി  സൂചിപ്പിക്കുന്നു. സ്ത്രീധനം നല്‍കി മോളെ കേട്ടിക്കുന്നവരെയല്ല സഹായിക്കേണ്ടത് ,, സ്ത്രീധനം വാങ്ങാതെ വിവാഹം ചെയ്യാന്‍ തയ്യാറാകുന്ന യുവാക്കളെയാണ് സഹായിക്കേണ്ടത്. കാരണം പുരുഷനാണല്ലോ വിവാഹ ചിലവുകള്‍ വഹിക്കേണ്ടത് ...

മറിച്ച് സ്ത്രീധനം നല്‍കി മോളെ കെട്ടിക്കുവാന്‍ സഹായം നല്‍കിയാല്‍ ആ പണം അവസാനം ചെന്നെത്തുന്നത് സമ്പത്ത് കൊതിച്ച് പെണ്ണിന് വില പറയുന്ന ഏതോ ഒരു തെമ്മാടിയുടെ കയ്യിലാണ്. അതുകാരണം അത് തിന്മക്ക് കൂട്ട് നില്‍ക്കലായി മാറുന്നു ...

എന്നാല്‍ വിവാഹം കഴിക്കാന്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന യുവാക്കളെ സഹായിക്കുക എന്നത് കേവലം പുണ്യകരം മാത്രമല്ല, മറിച്ച് ഇസ്ലാം നിഷ്കര്‍ഷിക്കുന്ന ഒരു സമൂഹ ബാധ്യത കൂടിയാണ്.. മാത്രമല്ല അവനെ സഹായിക്കുന്നതിലൂടെ ഒരു സ്ത്രീക്ക് അവളെ ആദരിക്കാന്‍ അറിയുന്ന, മനുഷ്യത്വമുള്ള ഒരു ഭര്‍ത്താവിനെ ലഭിക്കുകയും ചെയ്യുന്നു ...



Tuesday, April 16, 2013

ഭൂകമ്പങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്ത് പ്രാര്‍ഥിക്കണം ?!

ചോദ്യം : ഭൂകമ്പങ്ങള്‍ സംഭവിക്കുമ്പോള്‍ വല്ല പ്രത്യേക പ്രാര്തനയുമുണ്ടോ ?

ഉത്തരം : ഭൂകമ്പങ്ങള്‍ സംഭവിക്കുമ്പോള്‍ ചോല്ലെണ്ടാതായുള്ള പ്രത്യേക പ്രാര്‍ഥനകള്‍ ഹദീസുകളില്‍ വന്നിട്ടില്ല .. എന്നാല്‍  അല്ലാഹുവിന്റെ മഹത്തായ ദ്രിഷ്ടാന്തങ്ങളില്‍ പെട്ടതാണ് ഭൂകമ്പങ്ങള്‍ .. മനുഷ്യര്‍ക്ക് ഒരു താക്കീത് എന്ന നിലയിലോ , ദ്രിഷ്ടാന്തം എന്ന  നിലയിലോ, ശിക്ഷ എന്ന നിലയിലോ ഭൂകമ്പങ്ങള്‍ സംഭവിക്കാം ... മനുഷ്യന്റെ നിസ്സഹായതയും ലോക രക്ഷിതാവിന്റെ സര്'വാധിപത്യവും ആണ് അത് സൂചിപ്പിക്കുന്നത് .. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പാപ മോചനം ചോദിച്ച് അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ച് മടങ്ങുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത് ... അതുകൊണ്ട് ഇത്തരം പരീക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ ധാരാളമായി ഇസ്തിഗ്ഫാര്‍ ചെയ്യുകയും  , ദാനധര്‍മ്മങ്ങള്‍ ചയ്യുകയും , അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ച് മടങ്ങി ദിക്'രിലും ദുആഇലും മുഴുകുകയും ആണ് ഒരു വിശ്വാസി ചെയ്യേണ്ടത് എന്നാണു പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നത് ...

ശക്തമായ ഇടിമിന്നല്‍ , ശക്തമായ മഴ, കാറ്റ് , ഭൂകമ്പം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രാര്തനകളില്‍ മുഴുകുക . ശക്തമായ കാറ്റ് വീശുമ്പോള്‍ പ്രവാചകന്‍ ഇപ്രകാരം പ്രാര്തിക്കരുണ്ടായിരുന്നു :
 اللهم إني أسألك خيرها وخير ما فيها وخير ما أرسلت به ، وأعوذ بك من شرها وشر ما فيها وشر ما أرسلت به ) رواه مسلم "

"അല്ലാഹുവേ ഞാന്‍ നിന്നോട് അതിന്റെ നന്മയും, അതിലടങ്ങിയിട്ടുള്ള നന്മയും, അത് എന്തിനാണോ നിയോഗിക്കപ്പെട്ടിട്ടുള്ളത് അതിന്റെ നന്മയും ചോദിക്കുന്നു ,,,, അല്ലാഹുവേ അതിന്റെ തിന്മയില്‍ നിന്നും, അതില്‍ അടങ്ങിയിട്ടുള്ള തിന്മയില്‍ നിന്നും, അത് എന്തൊരു കാര്യത്തിനാണോ നിയോഗിക്കപ്പെട്ടിട്ടുള്ളത് അതിന്റെ തിന്മയില്‍ നിന്നും നിന്നില്‍ ശരണം തേടുന്നു"  - റവാഹു മുസ്ലിം

നമസ്കാരം അനുവദനീയമായ സമയം ആണ് എങ്കില്‍, നമസ്കാരത്തില്‍ മുഴുകുക, അല്ല  എങ്കില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നും പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് .. അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുന്ന സമയത്ത് അല്ലാഹുവിന്റെ അധ്യാപനങ്ങളെ കുറിച്ച്  അശ്രദ്ധക്കാരായ ആളുകളില്‍ പെട്ട് പോകാതിരിക്കാന്‍  വേണ്ടിയാണ് ഇത് .. 

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും കൂടുതല്‍ ഒരു വിശ്വാസി ചെയ്യേണ്ടത് പാപമോചനത്തെ ചോദിക്കുകയും, തിന്മകളില്‍ നിന്നും ഖേദിച്ച് മടങ്ങുകയുമാണ് ,,, സൂര്യ ഭ്രമണം ഉണ്ടാകുന്ന സമയത്തെ കുറിച്ച് പ്രവാചകന്‍ പറഞ്ഞ ഒരു ഹദീസില്‍ ഇപ്രകാരം കാണാം :

فإذا رأيتم ذلك فافزعوا إلى ذكر الله ودعائه واستغفاره
" നിങ്ങള്‍ അത് വീക്ഷിച്ചാല്‍ അല്ലാഹുവിനെ കുറിച്ചുള്ള ദിക്റിലേക്കും, ദുആഇലേക്കും, ഇസ്തിഗ്ഫാറിലേക്കും ധൃതി കൂട്ടുക " - ബുഖാരി, മുസ്ലിം

അതുപോലെ ദാനധര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പ്രവാചകന്‍ പറഞ്ഞു  :

الراحمون يرحمهم الرحمن ، ارحموا من في الأرض يرحمكم من في السماء - رواه الترمذي

" കാരുണ്യം കാണിക്കുന്നവരോട് പരമകാരുണ്യകനും കരുണ കാണിക്കും, ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും " - തിര്‍മിദി

ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഷെയ്ഖ്‌ ഇബ്നു ബാസ് (റഹിമഹുല്ലാഹ്) പറയുന്നത് : അപകടങ്ങള്‍ വരുന്ന സന്ദര്‍ഭങ്ങളില്‍ ധാരാളമായി സദഖ ചെയ്യുക, പാവങ്ങളോട് കരുണ കാണിക്കുക എന്നതെല്ലാം അല്ലാഹുവിന്റെ കാരുണ്യവും സംരക്ഷണവും ഇറങ്ങാന്‍ കാരണമായിത്തീരും എന്നതാണ് ...

Tuesday, April 2, 2013

മതപഠനത്തോടുള്ള നമ്മുടെ തെറ്റായ സമീപനം



الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

കേരളത്തിലെ ജനങ്ങള്‍ ഇനിയെങ്കിലും മനസ്സിലാക്കേണ്ടത് പൊതു പ്രസംഗങ്ങളിലൂടെയും ഘണ്ടനമണ്ടനങ്ങളിലൂടെയും മാത്രമല്ല മതം പഠിക്കേണ്ടത്.. മറിച്ച് പൂര്‍വികരായ അഹലുസ്സുന്നയുടെ ഇമാമീങ്ങള്‍ രചിച്ച ഗ്രന്ഥങ്ങളില്‍ നിന്നും, അഹലുസ്സുന്നയുടെ പണ്ഡിതന്മാരില്‍ നിന്നുമാണ്... മതബോധമുള്ളവര്‍ എന്ന് നാം കരുതുന്ന അറബിക് കോളേജ് വിദ്യാര്‍ത്തികളില്‍ പോലും പലരും കിതാബുകള്‍ മറിച്ചു നോക്കാറുള്ളത് തര്‍ക്കിക്കാനും തങ്ങളുടെ വാദങ്ങള്‍ക്ക് തെളിവ് കണ്ടെത്താനും വേണ്ടിയാണ് എന്നത് സങ്കടകരമാണ്. കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും വേണ്ടി വിഷയങ്ങള്‍ പഠിക്കുന്നവര്‍ ഇല്ലെന്നല്ല . പക്ഷെ താരതമ്യേന കുറവാണ് ... പലപ്പോഴും അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട അറിവ് പോലുമില്ലാതെയാണ് നമ്മള്‍ പലരും തര്‍ക്കിക്കാനും, തര്‍ക്കങ്ങള്‍ വിലയിരുത്താനും മുതിരാറുള്ളത്.....

ഉസൂലുസ്സുന്ന - ഇമാം അഹ്മദ്... (മരണം: ഹിജ്റ 241)
കിത്താബുസ്സുന്ന - ഇമാം മിര്‍വസി (മരണം: ഹിജ്റ 294)
കിതാബ് അത്തൗഹീദ് - ഇമാം ഇബ്നു ഖുസൈമ (മരണം: ഹിജ്റ 311)
ശറഹുസ്സുന്ന - ഇമാം ബര്‍ബഹാരി (മരണം: ഹിജ്റ 329 )
കിതാബ് അശരീഅ - ഇമാം ആജുരരി (മരണം: ഹിജ്റ 360 )
ശറഹു ഉസൂല് ഇഅത്തിഖാദു അഹ്ലുസ്സുന്ന - ഇമാം ലാലിക്കാഇ (മരണം: ഹിജ്റ 418 )

ഇങ്ങനെ അഹലുസ്സുന്നയുടെ വിശ്വാസം കൃത്യമായി വിവരിക്കുന്ന ഉത്തമ നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട എത്രയെത്ര ഗ്രന്ഥങ്ങള്‍...... ഇവയൊക്കെ നമ്മളില്‍ എത്ര പേര്‍ വായിച്ചു ?! .... ഇനിയെങ്കിലും പഠിക്കുക... മനസ്സിലാക്കുക ... ഫിത്നകളില്‍ പെട്ട് പോകാതിരിക്കാന്‍....

ജനങ്ങള്‍ക്ക് ശരിയും തെറ്റും വേര്‍തിരിച്ചു മനസ്സിലാക്കിക്കൊടുക്കാന്‍ സഹായകമാകുന്ന പോതുപ്രഭാഷണങ്ങളെ അധിക്ഷേപിക്കുകയല്ല ,, പ്രവാചകന്‍ അങ്ങാടികളില്‍ പൊതു സദസ്സില്‍ ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിച്ചതായി പ്രമാണങ്ങളില്‍ കാണാം.  അവ അനിവാര്യമാണ് .. പക്ഷെ അത് മാത്രമാണ് ഇസ്ലാമിക പ്രബോധനമെന്നും ,, അതാണ്‌ അറിവ് തേടാനുള്ള ഏക മാര്‍ഗമെന്നുമുള്ള മനോഭാവമാണ് പ്രശ്നം ..പൊതു പ്രസംഗങ്ങളില്‍ നിന്നും പൊതുവേദികളില്‍ നിന്നും സത്യം മനസ്സിലാക്കി വരുന്ന ആളുകള്‍ക്ക് ദീന്‍ കൂടുതല്‍ മനസ്സിലാക്കാനും ആധികാരികമായി പഠിക്കാനും ഉള്ള ഇല്‍മിയായ വേദികള്‍ കൂടി അനിവാര്യമാണ്.

ഇമാം മാലിക് റഹിമഹുല്ലാഹ്  പറഞ്ഞത് പോലെ : " ഈ സമുദായത്തിലെ മുന്‍ഗാമികള്‍ ഏതൊരു കാര്യം കൊണ്ടാണോ നന്നായത് അതുമുഖേനയല്ലാതെ ഈ സമുദായത്തിലെ പിന്'തലമുറക്കാരും നന്നാവുകയില്ല "

ഞാന്‍ പറഞ്ഞത് ഒരുപക്ഷെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടാവാം , ഒരു പക്ഷെ എതിര്‍ക്കുന്നുണ്ടാവാം .. ഒരു തവണ വായിച്ചിട്ടും ഞാന്‍ പറയാന്‍ ഉദേശിച്ചത് എന്ത് എന്ന് മനസ്സിലായില്ലെങ്കില്‍ ഒരാവര്‍ത്തി കൂടി വായിക്കുക
 അല്ലാഹു അനുഗ്രഹിക്കട്ടെ !...

------------------------------------------------------------

 മതത്തെ അറിയാനും പഠിക്കാനുംപ്രാവര്‍ത്തികമാക്കാനും ശ്രമിക്കുന്നതിന് പകരം, അറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയും, ഉപകരിക്കാത്ത ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത് സമയം കളയുന്നവരോട് ഒരു നസ്വീഹത്ത് എന്ന നിലക്ക് മാത്രമാണ് ഇതെഴുതിയത്. എന്നാല്‍ അറിവ് നേടുന്നതിന്റെ മുന്‍ഗണനാ ക്രമം വിശദീകരിക്കുക എന്ന് ഉദ്ദേശിച്ചിരുന്നില്ല. പഴാക്കിക്കളയുന്ന ആ സമയം അനിവാര്യമായ വിശ്വാസകാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉപയോഗിച്ചുകൂടേ എന്നതാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം.

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ