Saturday, November 28, 2020

കുഞ്ഞുങ്ങളെ ദത്തെടുക്കാമോ ?. മുലകുടി ബന്ധം ഉണ്ടാകുന്നതെങ്ങനെ ?. മരുന്ന് കുടിച്ച് ഉണ്ടാകുന്ന പാൽ കൊണ്ട് മുലകുടി ബന്ധം ഉണ്ടാകുമോ ?

ചോദ്യം:  ഞാൻ വിവാഹിതനാണ്. പത്ത് വർഷമായി വിവാഹം കഴിഞ്ഞിട്ട്. എൻ്റെ  ഭാര്യക്ക് Uterus Growth ഇല്ലാത്തത് കാരണം കുട്ടികൾ ഉണ്ടാകുക എന്നത് അസാധ്യമാണ്. ഒരു പാട് ഡോക്ടർമാരെ കണ്ടെങ്കിലും ഫലം ഉണ്ടായില്ല. അവർ എല്ലാവരും പറഞ്ഞത് ഇത്തരം ആളുകൾക് സ്വാഭാവിക ഗർഭ ധാരണം സാധ്യമല്ലെന്നും ആധുനിക വൈദ്യ ശാസ്ത്രത്തിൽ ഇതിന് യാതൊരു ചികിത്സയും ഇല്ല എന്നുമാണ്. അതുകൊണ്ട് തന്നെ കുട്ടികളെ ദത്തെടുക്കാൻ ആലോചിക്കുന്നു. അതുമായി ബന്ധപ്പെട്ട്  ഇസ്ലാമിക നിയമങ്ങളും, ദത്തെടുക്കുന്ന കുട്ടിക്ക് Induced Lactation treatment  ചെയ്തു മുലയൂട്ടൽ അനുവദനീയമാണോയെന്നും അറിയാൻ ആഗ്രഹിക്കുന്നു. جزاك الله خيرا

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

മക്കളുണ്ടെങ്കിലും മക്കളില്ലെങ്കിലും അൽഹംദുലില്ലാഹ് എല്ലാം അല്ലാഹുവിൻ്റെ തീരുമാനമാണ്. അതിൽ നന്മയുണ്ടാകും. മക്കളുണ്ടായിട്ടും മക്കളാൽ പരീക്ഷിക്കപ്പെടുന്ന എത്രയോ പേർ നമ്മുടെ കണ്മുന്നിലുണ്ടല്ലോ. അതുകൊണ്ട് എല്ലാം നമ്മുടെ നന്മക്കാണ് എന്ന് സമാശ്വസിക്കാം. അല്ലാഹു നിങ്ങളുടെ ക്ഷമക്ക് തക്കതായ പ്രതിഫലം നൽകട്ടെ. 

ഫിഖ്‌ഹുസ്സുന്നയിലേക്ക് വന്ന ചോദ്യങ്ങളിൽ വച്ച് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ചോദ്യമായാണ് ഞാൻ താങ്കളുടെ ചോദ്യത്തെ കാണുന്നത്. താങ്കൾ ചോദിച്ച ഓരോ വിഷയങ്ങളെ കുറിച്ച് പറയാം: 

ഒന്ന്: അനാഥകളായ കുട്ടികളെ ദത്തെടുത്ത് വളർത്താമോ ?. 

അതെ തീർച്ചയായും നിങ്ങൾക്ക് അനാഥകളായ കുട്ടികളെ ദത്തെടുത്ത് വളർത്താം. എന്നാൽ പിതാവിൻ്റെ പേരിൻ്റെ സ്വന്തം പേര് ചേർത്ത് അവരെ വിളിക്കാൻ പാടില്ല. കാരണം പിതൃ ബന്ധങ്ങൾ (നസബ്) യഥാർത്ഥ ബന്ധങ്ങൾക്ക് വിപരീതമായി ഉണ്ടാകുന്നതും, ഒരാളെ അയാളുടെ പിതാവല്ലാത്ത മറ്റൊരാളിലേക്ക് പിതാവെന്ന കണക്കേ ചേർത്ത് വിളിക്കുന്നതും ഇസ്‌ലാം അതി കണിശമായി വിരോധിച്ചിട്ടുണ്ട്. അതുപോലെ ദത്തെടുത്ത് വളർത്തുന്ന കുട്ടികൾ മുതിർന്നാൽ അവരുമായി സ്വതന്ത്രമായി ഇടപഴകാൻ സാധിക്കണമെങ്കിൽ മുലകുടി ബന്ധം ഉണ്ടാകണം. അതിനായി ചോദ്യകർത്താവ് സൂചിപ്പിച്ച പോലെ, കുട്ടികളില്ലാത്ത സ്ത്രീക്ക് മരുന്ന് കഴിച്ചുകൊണ്ട് പാൽ ഉണ്ടാകുകയാണെങ്കിലും  തെറ്റില്ല. ഇനി രണ്ട് വയസിൽ കൂടുതൽ ഉള്ള കുട്ടിയാണെങ്കിൽ എന്ത് ചെയ്യും ?. ഈ വിഷയം ലേഖനത്തിൻ്റെ അവസാന ഭാഗത്ത് വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് ലേഖനം വായിക്കുന്നവർ പൂർണമായും വായിക്കുക. 

ആദ്യം അനാഥകളെ സംരക്ഷിക്കുന്നതിൻ്റെ പ്രാധാന്യത്തെ കുറിച്ച് പറയാം. അനാഥകളായ കുട്ടികളെ  സംരക്ഷിക്കുക എന്നത് അങ്ങേയറ്റം പ്രതിഫലാർഹമായ കാര്യവും വളരെ വലിയ സൗഭാഗ്യവുമായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വിശുദ്ധ ഖുർആനിൽത്തന്നെ അനാഥകളെ നാം ആദരിക്കണം എന്ന് അല്ലാഹു തആല അനേകം ഇടങ്ങളിൽ ഉണർത്തുന്നത് കാണാം. അല്ലാഹു തആല പറയുന്നു: 

كَلَّا ۖ بَل لَّا تُكْرِمُونَ الْيَتِيمَ  

"അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല." - [സൂറത്തുൽ ഫജ്ർ: 17].

മനുഷ്യനെ അല്ലാഹു വല്ല പ്രയാസം കൊണ്ടും പരീക്ഷിച്ചാൽ അവൻ അല്ലാഹുവിനെ പഴിക്കുന്നു, പക്ഷെ അവനാകട്ടെ റബ്ബിൻ്റെ കല്പനകൾ അനുസരിക്കുന്നില്ല. അതിൽ അല്ലാഹു പ്രത്യേകം എടുത്ത് പറഞ്ഞ ആദ്യത്തെ കാര്യം 'അവൻ അനാഥയെ സംരക്ഷിക്കുന്നില്ല എന്നതാണ്'. ഇമാം ഖുര്‍ത്തുബി (റ) യെപ്പോലുള്ള മുഫസ്സിരീങ്ങള്‍ ഈ ആയത്തിനെ അടിസ്ഥാനപ്പെടുത്തി ഇപ്രകാരം അഭിപ്രായപ്പെട്ടത് കാണാം:  " ധനമോ, ദാരിദ്ര്യമോ അല്ല ഒരാളെ  അല്ലാഹു  അനുഗ്രഹിച്ചിട്ടുണ്ടോ അതല്ല അവഗണിച്ചിട്ടുണ്ടോ എന്നറിയാനുള്ള മാനദണ്ഡം. മറിച്ച് അവന്‍ 'യതീം കുട്ടികളെ  ആദരിക്കുകയും, അഗതികള്‍ക്ക് ഭക്ഷണം നല്‍കുകയും, മറ്റുള്ളവരുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുകയും' ചെയ്യുന്നുണ്ടോ എന്നതാണ്‌ അല്ലാഹു ഒരാളെ ആദരിച്ചുവെന്നതിന്‍റെ അടയാളം". അഥവാ വിശ്വാസിയായ ഒരാൾക്ക് അനാഥകളെ സംരക്ഷിക്കാനുള്ള സൗഭാഗ്യം കിട്ടിയിട്ടുണ്ടെങ്കിൽ തനിക്ക് അല്ലാഹുവിൽ നിന്നുള്ള ആദരവും അനുഗ്രഹവും അയാൾക്കുണ്ടാകും എന്നർത്ഥം. 

അതുകൊണ്ട് അനാഥകളെ ആദരിക്കുക എന്നത് ഒരു മുഅ്മിനിന്‌  തൻ്റെ ഈമാനിൻ്റെ ഭാഗമാണ്. അത് പ്രത്യേകം സൂറത്തുൽ ബഖറയിൽ അല്ലാഹു സുബ്ഹാനഹു വ തആല എടുത്ത് പറയുന്നു: 

لَيْسَ الْبِرَّ أَنْ تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَالْمَلائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَى حُبِّهِ ذَوِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ أُولَئِكَ الَّذِينَ صَدَقُوا وَأُولَئِكَ هُمُ الْمُتَّقُونَ

"നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട്‌ പ്രിയമുണ്ടായിട്ടും അത്‌ ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന ( നമസ്കാരം ) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത്‌ നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു ( ദോഷബാധയെ ) സൂക്ഷിച്ചവര്‍". - [സൂറത്തുൽ ബഖറ: 177]. 

ഇവിടെ ഈ വചനത്തിൽ ആരാണ് പുണ്യവാന്മാർ എന്നത് കൃത്യമായി പ്രതിപാദിച്ചിരിക്കുന്നു. അവർ അനാഥകളെയും അഗതികളെയും സംരക്ഷിക്കുന്നവരാണ്. അവർക്ക് വേണ്ടി തൻ്റെ ധനം വിനിയോഗിക്കുന്നവരാണ്. 

നബി (സ) പറഞ്ഞു: 

أنا وكافل اليتيم في الجنة كهاتين ، وأشار بالسبابة والوسطى ، وفرق بينهما

 "ഞാനും യതീം കുട്ടികളെ സംരക്ഷിക്കുന്നവനും സ്വര്‍ഗത്തില്‍ ഇപ്രകാരമാണ്. എന്നിട്ടദ്ദേഹം തന്‍റെ ചൂണ്ടുവിരലും, നടുവിരലും ഉയര്‍ത്തിപ്പിടിച്ചു. അവക്കിടയില്‍ അല്പം അകലമുണ്ടായിരുന്നു." - [സ്വഹീഹുല്‍ ബുഖാരി : 5304]. 

ഇമാം ഇബ്നുല്‍ ബത്ത്വാല്‍ (റ) ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് പറയുന്നു: 

حق على من سمع هذا الحديث أن يعمل به ، ليكون رفيق النبي صلى الله عليه وسلم في الجنة

"സ്വര്‍ഗത്തില്‍ നബി (സ) യുടെ സാമീപ്യം ലഭിക്കാന്‍, ഈ ഹദീസ് അനുസരിച്ച് പ്രവര്‍ത്തിക്കല്‍ ഇത് കേട്ട ഓരോരുത്തരുടെയും ബാധ്യതയാണ്" - [ഫത്ഹുല്‍ബാരി: 10/436].  

ഇനി, അനാഥകളോ മാതാപിതാക്കൾ ആരെന്നു അറിയാത്തവരോ ആയ കുട്ടികളെ എടുത്ത് വളർത്തുന്നതുമായി ബന്ധപ്പെട്ട ലജ്‌നതുദ്ദാഇമ നൽകിയ മറുപടിയിൽ ഇപ്രകാരം കാണാം:   

سئلت اللجنة الدائمة للإفتاء :

نظراً لتقدم كثير من الأسَر لمكتبنا بطلب احتضان الأطفال من دار الحضانة الاجتماعية بالدمام ، وعند تعريفهم بوضعهم الاجتماعي ( بأنهم مجهولو النسب ) يتردد الكثير منهم خوفاً من أنهم لا ينطبق عليهم الأجر المترتب على تربية اليتيم الذي حث عليه الرسول الكريم عليه الصلاة والسلام ، عليه نرجو من فضيلتكم التكرم بتوضيح نظرة الإسلام لهذه الفئة مع إفادتنا بفتوى شرعية تبين الأجر المترتب على تربيتهم لنشر هذه الفتوى بين الناس حتى يقبلوا على احتضانهم واحتوائهم وإحاطتهم بالانتماء الأسري المفقود عندهم .

فأجابوا :
مجهولو النسب في حكم اليتيم ؛ لفقدهم لوالديهم ، بل هم أشد حاجة للعناية والرعاية من معروفي النسب ؛ لعدم معرفة قريب لهم يلجئون إليه عند الضرورة ، وعلى ذلك : فإن من يكفل طفلا من مجهولي النسب : فإنه يدخل في الأجر المترتب على كفالة اليتيم ؛ لعموم قوله صلى الله عليه وسلم : ( َأَنَا وَكَافِلُ الْيَتِيمِ فِي الْجَنَّةِ هَكَذَا وَأَشَارَ بِالسَّبَّابَةِ وَالْوُسْطَى وَفَرَّجَ بَيْنَهُمَا شَيْئًا ) ، لكن يجب على مَن كفل مثل هؤلاء الأطفال أن لا ينسبهم إليه ، أو يضيفهم معه في بطاقة العائلة ؛ لما يترتب على ذلك من ضياع الأنساب والحقوق ، ولارتكاب ما حرَّم الله ، وأن يعرف من يكفلهم أنهم بعد أن يبلغوا سن الرشد فإنهم أجانب منه كبقية الناس ، لا يحل الخلوة بهم أو نظر المرأة للرجل أو الرجل للمرأة منهم ، إلا إن وجد رضاع محرم للمكفول ، فإنه يكون محرماً لمن أرضعته ولبناتها وأخواتها ونحو ذلك مما يحرم بالنسب .

ലജ്‌നതുദ്ദാഇമയോട് ചോദിക്കപ്പെട്ടു: ദമാമിലുള്ള ഞങ്ങളുടെ സാമൂഹ്യ സുരക്ഷാ കേന്ദ്രത്തിൻ്റെ ഓഫീസുമായി കുട്ടികളെ ഏറ്റെടുത്ത് വളർത്താനെന്നോണം ഒരുപാട് കുടുംബങ്ങൾ ബന്ധപ്പെടുന്നുണ്ട്. പലപ്പോഴും ഈ കുട്ടികൾ അവരുടെ പിതാവാരെന്ന് അറിയാത്ത (വിവരങ്ങൾ ലഭ്യമല്ലാത്ത) കുട്ടികളാണ് എന്ന് പറയുമ്പോൾ , ഈ കുട്ടികളെ വളർത്തിയാൽ യതീം കുട്ടിയെ വളർത്തിയാൽ ലഭിക്കുമെന്ന് നബി (സ) പഠിപ്പിച്ച പ്രതിഫലം ലഭിക്കില്ലേ എന്ന സംശയം പല ആളുകൾക്കുമുണ്ടാകുന്നു. അതുകൊണ്ട് ഇവരെ ഏറ്റെടുത്ത് വളർത്തുന്നതിലുള്ള ഇസ്‌ലാമിൻ്റെ കാഴ്ചപ്പാടും, അവരെ ഏറ്റെടുത്ത് വളർത്തുന്നതിനുള്ള പ്രതിഫലവും വ്യക്തമാക്കുന്ന ഒരു ഫത്‌വ നൽകണമെന്ന് അപേക്ഷിക്കുന്നു. ആ ഫത്‌വ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക വഴി കുട്ടികളെ ഏറ്റെടുത്ത് വളർത്താൻ അവർ മുന്നോട്ട് വരുമെന്നും, അതുവഴി കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെട്ട കുടുംബാന്തരീക്ഷം നൽകാൻ സാധിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. 

മറുപടി: 

തങ്ങളുടെ മാതാപിതാക്കളാരെന്ന് അറിയാത്ത ആ കുട്ടികളും യതീം കുട്ടികളെപ്പോലെതന്നെയാണ്. കാരണം അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടവരാണവർ. മാതാപിതാക്കൾ ആരെന്ന് അറിവുള്ളവരേക്കാൾ പരിഗണനയും സംരക്ഷണവും ലഭിക്കാൻ അർഹതയുള്ളവരാണവർ. കാരണം ഒരനിവാര്യ ഘട്ടത്തിൽപ്പോലും തങ്ങളുടെ വേണ്ടപ്പെട്ടവർ എന്ന നിലക്ക് കടന്നുചെല്ലാൻ അവർക്കാരുമില്ലല്ലോ. അതുകൊണ്ടുതന്നെ മാതാപിതാക്കൾ ആരെന്നു അറിയാത്ത കുട്ടികളെ ആരെങ്കിലും സംരക്ഷിക്കുകയാണ് എങ്കിൽ, അവർക്ക് യതീം കുട്ടികളെ സംരക്ഷിക്കുന്ന പ്രതിഫലമുണ്ട്. അല്ലാഹുവിൻ്റെ റസൂൽ (സ) യുടെ ഹദീസിൻ്റെ പരിധിയിൽ അവരും ഉൾപ്പെടും. നബി (സ) പറഞ്ഞു: " "ഞാനും യതീം കുട്ടികളെ സംരക്ഷിക്കുന്നവനും സ്വര്‍ഗത്തില്‍ ഇപ്രകാരമാണ്. എന്നിട്ടദ്ദേഹം തന്‍റെ ചൂണ്ടുവിരലും നടുവിരലും അവക്കിടയില്‍ അല്പം അകാലത്തോടെ ഉയർത്തിക്കാണിച്ചു". പക്ഷെ അത്തരം കുട്ടികളെ ദത്തെടുക്കുന്നവർ അവരെ (തങ്ങളുടെ മക്കളെന്ന രൂപേണ) തങ്ങളിലേക്ക് പേര് ചേർത്ത് വിളിക്കരുത്. അതുപോലെ തങ്ങളുടെ കുടുംബ രേഖയിൽ (മകനോ മകളോ) ആയി രേഖപ്പെടുത്തുകയും ചെയ്യരുത്. കാരണം അതവരുടെ യഥാർത്ഥ ഐഡൻറിറ്റിയും അവകാശങ്ങളും പാടേ നഷ്ടപ്പെടാനും, അല്ലാഹു നിഷിദ്ധമാക്കിയ കാര്യത്തിൽ അകപ്പെടാനും ഇടവരുത്തും. അതുപോലെ അവരെ ദത്തെടുക്കുന്നവർ അവർക്കിടയിൽ പരസ്‌പരം ബന്ധം ഉണ്ടാക്കുന്ന മുലയൂട്ടൽ ഇല്ലായെങ്കിൽ , അവർ പരസ്‌പരം മഹ്‌റം ആവുകയില്ല എന്നും മനസ്സിലാക്കണം. മറ്റുള്ള അപരിചിതരെപ്പോലെ അന്യ സ്ത്രീ അന്യ പുരുഷനുമായോ , അന്യ പുരുഷൻ അന്യ സ്ത്രീയുമായോ ഇടകലരാൻ പാടില്ല , പരസ്‌പരം നിഷിദ്ധമായ രൂപത്തിൽ കാണാൻ പാടില്ല തുടങ്ങിയ നിയമങ്ങൾ അവർക്കും ബാധകമാകും. എന്നാൽ മുലകുടി ബന്ധം ഉണ്ടെങ്കിൽ അവർക്കിടയിൽ സ്വന്തം നേരിട്ടുള്ള മക്കളെന്ന പോലെ ഇടപഴകുകയും, ആരാണോ തന്നെ മുലയൂട്ടിയത് അവരുടെ മക്കളുമായും, സഹോദരങ്ങളുമായും മഹ്‌റം ആയിത്തീരുകയും ചെയ്യും".  - [فتاوى لجنة الدائمة : 14/255 ].

ഇവിടെ കുഞ്ഞുങ്ങളെ എടുത്ത് വളർത്തുന്നത് വളരെ നല്ല കാര്യമാണ് എന്ന് നാം മനസ്സിലാക്കിയല്ലോ. ഇനി ആ കുഞ്ഞുങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും, മുലകുടി ബന്ധത്തെ കുറിച്ചും വ്യക്തമാക്കാം. അതാണല്ലോ രണ്ടാമത്തെ ചോദ്യം.

രണ്ട്:  എടുത്ത് വളർത്തുന്ന കുഞ്ഞുങ്ങളുമായുള്ള മുലകുടി ബന്ധം എങ്ങനെ ?. അതിനു പ്രത്യേക പ്രായ പരിധിയുണ്ടോ ?. 

ഏതൊരു കുഞ്ഞിനേയും സാധാരണ നിലക്ക് അവർക്ക് രണ്ട് വയസ് തികയുന്നതിന് മുൻപ് അഞ്ച് തവണ വയറ് നിറയുന്ന രൂപത്തിൽ മുലയൂട്ടിയാൽ അവിടെ മുലകുടി ബന്ധം സ്ഥാപിക്കപ്പെടും എന്നതിൽ തർക്കമില്ല. ഇനി എടുത്ത് വളർത്തുമ്പോൾ രണ്ട് വയസിന് മുകളിൽ ഉണ്ട് എങ്കിൽ എന്ത് ചെയ്യും ?. അത് വഴിയേ വിശദീകരിക്കാം. 

ഹനഫീ മദ്ഹബിലെയും , മാലികീ മദ്ഹബിലെയും  അഭിപ്രായപ്രകാരം ഒരു തവണ മുലകൊടുത്താൽ തന്നെ മുലകുടി ബന്ധമാകും - [بدائع الصنائع: 4/ 8  അതുപോലെ المدونة: 6/349  നോക്കുക].  ഒരു തവണ മുലകൊടുത്താലും അവരെ തങ്ങൾക്ക് മുലയൂട്ടിയവരായി പരിഗണിക്കുമല്ലോ , ആയതിനാൽ ((وأمهتكم اللاتي أرضعنكم)) അഥവാ നിങ്ങളെ മുലയൂട്ടിയ ഉമ്മമാർ എന്ന പ്രയോഗത്തിൽ എല്ലാവരും ഉൾപ്പെടും എന്ന നിലക്കാണ് അവരപ്രകാരം അഭിപ്രായപ്പെട്ടത്.  എത്ര കുടിച്ചാലും മുലകുടി ബന്ധം സ്ഥാപിക്കപ്പെടും എന്ന രൂപത്തിലുള്ള ചില റിപ്പോർട്ടുകളും അവർ അവലംബമാക്കിയിട്ടുണ്ട്. 

എന്നാൽ കൂടുതൽ പ്രമാണബദ്ധമായ അഭിപ്രായം മുലകുടി ബന്ധം സ്ഥാപിക്കപ്പെടാൻ അഞ്ച് തവണ വിശപ്പ് മാറുന്ന രൂപത്തിൽ മുലയൂട്ടണം എന്നതാണ്. ഇതാണ് ഇമാം ശാഫിഇ (റ), ഇമാം അഹ്‌മദ്‌ (റ) എന്നിവരുടെ അഭിപ്രായം - [مختصر الخرقي: كتاب الرضاع: 111  , الكافي : 3/339 ,   അതുപോലെ كتاب الأم : 5/ 28 ].  കാരണം മഹതിയായ ഉമ്മുൽ മുഅ്മിനീൻ  ആഇശ (റ) ഉദ്ധരിക്കുന്ന റിപ്പോർട്ടിൽ ഇപ്രകാരം കാണാം: 

عن أم المؤمنين عَائِشَةَ رضي الله عنها، أَنَّهَا قَالَتْ: (  كَانَ فِيمَا أُنْزِلَ مِنَ الْقُرْآنِ: عَشْرُ رَضَعَاتٍ مَعْلُومَاتٍ يُحَرِّمْنَ، ثُمَّ نُسِخْنَ، بِخَمْسٍ مَعْلُومَاتٍ، فَتُوُفِّيَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَهُنَّ فِيمَا يُقْرَأُ مِنَ الْقُرْآنِ  ) رواه مسلم (1452).

ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) യിൽ നിന്നും നിവേദനം: അവർ പറഞ്ഞു: "വിശുദ്ധ ഖുർആനിൽ അവതരിക്കപ്പെട്ട വചനങ്ങളിൽ പത്ത് തവണ സുവ്യക്തമായ മുലയൂട്ടലുകളാണ് മുലകുടി ബന്ധം സ്ഥാപിക്കുക എന്നുണ്ടായിരുന്നു. എന്നാൽ പിന്നീട് അഞ്ച് തവണ  സുവ്യക്തമായി മുലയൂട്ടുക എന്ന നിയമം കൊണ്ട് ആ വചനം നസ്ഖ് ചെയ്യപ്പെട്ടു. അല്ലാഹുവിൻ്റെ റസൂൽ വഫാത്തായ വേളയിലും അത് വിശുദ്ധ ഖുർആനിലെ വചനമെന്ന രൂപേണ ചിലർ പാരായണം ചെയ്യാറുണ്ടായിരുന്നു". - [സ്വഹീഹ് മുസ്‌ലിം: 1452]. 

ഈ ഹദീസിൽ അഞ്ചു തവണ എന്നത് വളരെ വ്യക്തമാണ്. ആദ്യം പത്ത് തവണ മുലയൂട്ടിയാലാണ് മുലകുടി സ്ഥാപിക്കപ്പെടുക എന്ന നിയമമുണ്ടായിരുന്നു എന്നും, അത് പ്രതിപാദിക്കുന്ന വചനം വിശുദ്ധ ഖുർആനിൽ ഉണ്ടായിരുന്നു എന്നും, എന്നാൽ ആ വചനം പൂർണമായും അതിൻ്റെ പദങ്ങളും നിയമവും നസ്ഖ് ചെയ്യപ്പെട്ടത് (അഥവാ അല്ലാഹുവിൻ്റെ കല്പനപ്രകാരം മറ്റൊരു പുതിയ നിയമം കൊണ്ട് നീക്കം ചെയ്യപ്പെട്ടത്) ആണെന്നും ഈ ഹദീസിൽ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. നബി (സ) യുടെ വഫാത്തിനോട് വളരെ അടുത്ത ദിവസങ്ങളിലാണ് പുതിയ കല്പന ഇറങ്ങിക്കൊണ്ടു ആ ആയത്ത് നസ്ഖ് ചെയ്യപ്പെട്ടത് എന്നതിനാൽ, ചിലർ ആ വിവരം അറിയാതെ സ്വാഭാവികമായി അത് പാരായണം ചെയ്യാറുണ്ടായിരുന്നു എന്നതുമാണ് ആഇശ (റ) ഇവിടെ നമുക്ക് വ്യക്തമാക്കിത്തന്നത്. ആയത്ത് ഒരുപക്ഷെ പദവും നിയമവും നസ്ഖ് ചെയ്യപ്പെടാം, ചിലപ്പോൾ പദം മാത്രം നസ്ഖ് ചെയ്യുകയും നിയമം അവശേഷിക്കുകയും ചെയ്യും, ചിലപ്പോഴാകട്ടെ നിയമം നസ്ഖ് ചെയ്യുകയും പദം അവശേഷിക്കുകയും ചെയ്യും. അതെല്ലാം അല്ലാഹുവിൻ്റെ തീരുമാനമാണ്. ഈ ഹദീസോ നസ്ഖ് എന്നതോ യഥാവിധം മനസ്സിലാക്കാതെ ചിലർ വിമർശനം ഉന്നയിക്കാറുണ്ട് എന്നതിനാൽ സാന്ദർഭികമായി സൂചിപ്പിച്ചു എന്ന് മാത്രം. 

 ഏതായാലും ഈ ഹദീസിൽ നിന്നും നബി (സ) വഫാത്താകുമ്പോൾ അവസാനമായി നിലനിന്ന നിയമം അഞ്ച് തവണ മുലയൂട്ടുക എന്നതാണ് എന്ന് വളരെ കൃത്യമായി മനസ്സിലാക്കാം. ഇതിൽ ഒരു തവണ എന്നാൽ ഒരു കുട്ടി പാല് കുടിച്ച് തനിക്ക് മതിയായി എന്നോണം മതിയാക്കിയാൽ ഒരു തവണയായി. പിന്നെ കൊടുക്കുമ്പോൾ അടുത്ത തവണ, ഇങ്ങനെ അഞ്ചു തവണ എന്നർത്ഥം. ഒരു തവണ കുടിക്കുമ്പോൾ തന്നെ ചില കുട്ടികൾ വിട്ടുവിട്ടു കുടിക്കും, അത് വ്യത്യസ്ഥ തവണകളായി പരിഗണിക്കില്ല.

ഇനി മുലകുടിക്ക് പ്രായം ബാധകമാണോ രണ്ട് വയസ്സിനുള്ളിൽ തന്നെ ആകേണ്ടതുണ്ടോ ?. 

മുകളിൽ സൂചിപ്പിച്ച പോലെ രണ്ട് വയസ് തികയുന്നതിന് മുൻപ് അഞ്ചു തവണ മുലകൊടുത്താൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടും എന്നതിൽ തർക്കമില്ല. എന്നാൽ രണ്ട് വയസിൽ കൂടുതലുള്ള കുട്ടിയാണെങ്കിൽ മുലകുടി ബന്ധം ഉണ്ടാകുമോ ?. 
ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്.

രണ്ട് വയസിനുള്ളിലുള്ള മുലകുടി മാത്രമേ മുലകുടി ബന്ധം സ്ഥാപിക്കുകയുള്ളൂ എന്നതാണ് നാല് ഇമാമീങ്ങളുടെയും അഭിപ്രായം - [المدونة: 2/ 297 , مجموع الفتاوى: 34/ 59] . സാധാരണ നിലക്ക് അപ്രകാരം തന്നെയാണ്. നബി (സ) പറഞ്ഞു: 

عن أم سلمة قالت : قال رسول الله صلى الله عليه و سلم: "لا يحرم من الرضاعة إلا ما فتق الأمعاء في الثدي وكان قبل الفطام"

ഉമ്മു സലമഃ (റ) നിവേദനം: റസൂൽ (സ) പറഞ്ഞു: "മുലയിൽ നിന്ന് ആമാശയം നിറയുകയും മുലകുടി മാറുന്നതിന് മുൻപ് നൽകപ്പെടുന്നതുമല്ലാത്തവ മുലകുടി ബന്ധം സ്ഥാപിക്കുകയില്ല" - [തിർമിദി: 1152 , അൽബാനി: സ്വഹീഹ്]. 

അഥവാ വയറ് നിറച്ച് കുടിക്കുകയും, രണ്ട് വയസിന് മുൻപ് ഉള്ളതും മാത്രമാണ് മുലകുടി ബന്ധം സ്ഥാപിക്കാൻ പരിഗണിക്കുക എന്നർത്ഥം. അതുപോലെ മുലപ്പാൽ ആവശ്യമുള്ള ഘട്ടത്തിൽ കുടിക്കണം എന്നത് സൂചിപ്പിച്ചുകൊണ്ട് മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം:

فَإِنَّمَا الرَّضَاعَةُ مِنَ المَجَاعَةِ

" തീർച്ചയായും മുളക്‌ടെയ്‌ ബന്ധം സ്ഥാപിക്കപ്പെടുന്ന മുലയൂട്ടൽ, വിശപ്പുമാറാനുള്ള കൂടിയാണ്" - [സ്വഹീഹുൽ ബുഖാരി: 5102 , സ്വഹീഹ് മുസ്‌ലിം: 1455]. 

എന്നാൽ എടുത്ത് വളർത്തുന്ന കുട്ടികളിൽ അവർക്ക് രണ്ട് വയസിന് ശേഷവും പാൽ കൊടുത്ത് മുലകുടി ബന്ധം സ്ഥാപിക്കേണ്ട  സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അത് പരിഗണിക്കാം. അതും പണ്ഡിതന്മാർക്കിടയിൽ ചർച്ചയുള്ള വിഷയമാണ്. നബി (സ) യുടെ കാലത്ത് സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. 

അബൂ ഹുദൈഫ (റ) വിൻ്റെയും ഭാര്യ സഹ്ല (റ) യുടെയും  സംരക്ഷണത്തിലായിരുന്നു സാലിം എന്ന കുട്ടി വളർന്നത്. എന്നാൽ മുതിർന്ന കുട്ടിയായപ്പോൾ സാലിം സഹ്‌ല (റ) യുടെ അരികിൽ പ്രവേശിക്കുന്നത് അബൂ ഹുദൈഫ (റ) വിന് ഇഷ്ടമായിരുന്നില്ല. അങ്ങനെ ഈ വിഷയം നബി (സ) യെ അറിയിച്ചപ്പോൾ , സഹ്ല (റ) യുടെ മുലപ്പാൽ എടുത്ത് അഞ്ചു തവണ സാലിമിന് നൽകാനും, അതുവഴി മുലകുടിബന്ധത്തിലെ മാതാവായി പരിഗണിക്കപ്പെടുന്നതിനാൽ അബൂ ഹുദൈഫയുടെ വിഷമവും മാറുമെന്ന് നബി (സ) നിർദേശിച്ചത് കാണാം. ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: 

 جَاءَتْ سَهْلَةُ بِنْتُ سُهَيْلٍ إِلَى رَسُولِ اللَّهِ -صلى الله عليه وسلم- فَقَالَتْ يَا رَسُولَ اللَّهِ: وَاللَّهِ إِنِّى لأَرَى فِى وَجْهِ أَبِى حُذَيْفَةَ مِنْ دُخُولِ سَالِمٍ، فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- « أَرْضِعِيهِ »، فَقَالَتْ إِنَّهُ ذُو لِحْيَةٍ. فَقَالَ « أَرْضِعِيهِ يَذْهَبْ مَا فِى وَجْهِ أَبِى حُذَيْفَةَ ». فَقَالَتْ وَاللَّهِ مَا عَرَفْتُهُ فِى وَجْهِ أَبِى حُذَيْفَةَ.

ഒരിക്കെ സഹ്ല ബിൻത് സുഹൈൽ (റ) നബി (സ) യുടെ അരികിൽ വന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, സാലിം എൻ്റെ അരികിലേക്ക് വരുന്നതിൽ അബൂ ഹുദൈഫയുടെ മുഖത്ത് ഒരു അനിഷ്ടം ഞാൻ കാണുന്നുണ്ട്.  അപ്പോൾ നബി (സ) പറഞ്ഞു: നീയവന് മുലപ്പാൽ നൽകുക. അപ്പോൾ അവർ പറഞ്ഞു: അവന് താടി വരേ വന്നിരിക്കുന്നു. അപ്പോൾ നബി (സ) പറഞ്ഞു: നീ അവന് മുലപ്പാൽ നൽകുക. അബൂ  ഹുദൈഫയുടെ മുഖത്തുള്ള അനിഷ്ടം ഇല്ലാതാകുന്നതാണ്". - [സ്വഹീഹ് മുസ്‌ലിം: 1453]. 

അവർ ഒരു പാത്രത്തിൽ മുലപ്പാൽ എടുത്ത് അത് സാലിമിന് കൊടുത്തുവിടുകയായിരുന്നു ചെയ്തിരുന്നത് എന്ന് മറ്റു റിപ്പോർട്ടുകളിൽ കാണാം. ഇമാം ഇബ്നു സഅദ് തൻ്റെ ത്വബഖാത്തിൽ ഉദ്ധരിക്കുന്നു: 

«أخبرنا محمد بن عمر حدثنا محمد بن عبد الله بن أخي الزهري عن أبيه قال: كانت سهلة تحلب في مسعط أو إناءٍ قدر رضعة، فيشربه سالمٌ في كل يومٍ حتى مضت خمسة أيام. فكان بعد ذلك يدخل عليها وهي حاسِرٌ رأسها، رُخصة من رسول اللّه لسهلة بنت سهيل». 

"സഹ്ല ഒരു മുസ്അത്വിലോ (പാലിനായുള്ള പ്രത്യേക പാത്രം), മറ്റൊരു പാത്രത്തിലോ ഒരു തവണ കുടിച്ചതായി പരിഗണിക്കാവുന്നത്ര പാലെടുക്കുകയും, അത് ഓരോ ദിവസവും സാലിം കുടിക്കുകയും അങ്ങനെ അഞ്ചു ദിവസം അപ്രകാരം ചെയ്യുകയുമാണ് ചെയ്തത്. അതിനു ശേഷം അവർ തല മറക്കാതെ ഇരിക്കുമ്പോൾ തന്നെ സാലിം അവരുടെ അരികിലേക്ക് പ്രവേശിക്കാറുണ്ടായിരുന്നു. സഹ്ല ബിൻത് സുഹൈൽ (റ) ക്ക് നബി (സ) നൽകിയ ഒരിളവായിരുന്നു അത്". - [ത്വബഖാത്ത് ഇബ്‌നു സഅദ്: 8/271].  

മുതിർന്നയാളായ സാലിമിന് മുലപ്പാൽ കൊടുക്കുകയോ എന്ന് അവർ ചോദിക്കുകയും, അവൻ വലിയ ആളായിട്ടുണ്ട് എന്നത് എനിക്ക് അറിഞ്ഞുകൊണ്ടു തന്നെയാണ് മുലപ്പാൽ നൽകാൻ പറഞ്ഞത് എന്ന് നബി (സ) മറുപടി നൽകിയതായി ഹദീസുകളിൽ കാണാം. 

പലരും ഈ ഹദീസിനെ കൃത്യമായി മനസ്സിലാക്കാതെ വിമർശിക്കാറുണ്ട്. ഇവിടെ സഹ്ല (റ) നേരിട്ട് മുലയൂട്ടുകയല്ല മറിച്ച് പാൽ ഒരു പാത്രത്തിലേക്ക് എടുത്ത് കൊടുത്തുവിടുകയാണ് ഉണ്ടായത് എന്നത് ഇമാം ഇബ്‌നു സഅദ് ഉദ്ദരിച്ച റിപ്പോർട്ടിൽ കണ്ടുവല്ലോ. മാത്രമല്ല അവർ അതുവരെ മകനെപ്പോലെ വളർത്തിയ സാലിമിനെ പിരിയുക എന്നത് ഇരുവർക്കും പ്രയാസമുള്ള കാര്യം തന്നെയായിരുന്നു. എന്നാൽ സാലിമുമായി രക്തബന്ധമോ മുലകുടി ബന്ധമോ ഇല്ലാത്തതിനാൽ സാലിമിനെ അരികിൽ പ്രവേശിപ്പിക്കുന്നതിൽ അവർക്ക് അനിഷ്ടവും ഉണ്ടായി. ഇവിടെയാണ് ഇത്തരം സാഹചര്യത്തിൽ ഒരിളവെന്ന പോലെ അവന് മുലപ്പാൽ നൽകാൻ നബി (സ) കല്പിച്ചത്. തുടർന്ന് അതിന് ശേഷം സാലിം അവരുടെ മുലകുടി ബന്ധത്തിലുള്ള മകനായി പരിഗണിക്കപ്പെട്ടു പോരുകയും ചെയ്തു. 

ഈ സംഭവം സഹ്ല (റ) ക്ക് മാത്രമുള്ള ഇളവാണെന്ന് പറഞ്ഞവരും, അതല്ല അവരുടെ അതേ അവസ്ഥയുള്ള, തങ്ങളുടെ കുഞ്ഞിനെപ്പോലെ അനാഥയെ വളർത്തുകയും എന്നാൽ മുതിർന്ന കുട്ടിയായ ശേഷം ഇനിയെങ്ങനെ ഇടപഴകും എന്ന് വിഷമിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഈ ഇളവ് ബാധകമാണ് എന്ന് പറഞ്ഞവരും ഉലമാക്കളിലുണ്ട്. ഈ അവസ്ഥയുള്ള എല്ലാവർക്കും ഈ ഇളവ് ബാധകമാണ് എന്നതാണ് ശരിയായ അഭിപ്രായം. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ (റ) യുടെയും അഭിപ്രായം ഇതാണ്. കാരണം ചില പ്രത്യേക സാഹചര്യങ്ങളിലെ ആവശ്യം പരിഗണിച്ചുകൊണ്ട് ചില കാര്യങ്ങൾ അനുവദിക്കപ്പെടുക എന്നത് സ്വാഭാവികമാണല്ലോ. - [مجموع الفتاوى: 60/34 നോക്കുക].  

ഏതായാലും ഈ വിഷയം മനസ്സിലാക്കിയ സ്ഥിതിക്ക് കുഞ്ഞുങ്ങളെ ഏറ്റെടുത്ത് വളർത്തുന്നവർ , രണ്ട് വയസിന് താഴെയുള്ള കുട്ടികളാണ് എങ്കിൽ അവർക്ക് മുലയൂട്ടി മുലകുടി ബന്ധം സ്ഥാപിക്കണം. പിന്നീട് കുഞ്ഞുങ്ങൾ വലുതാകുമ്പോൾ ഇടപഴകാൻ തനിക്കോ തൻ്റെ മക്കൾക്കോ ഭർത്താവിനോ പ്രയാസമുണ്ടാകാതിരിക്കാനാണത്. ഇനി രണ്ട് വയസ് കഴിഞ്ഞവരാണ് എങ്കിൽ അവർക്ക് മുതിർന്ന കുട്ടികളാകുന്നതിന് മുൻപ് തന്നെ മുലപ്പാൽ എടുത്ത് നൽകുക. ഇനി മുതിർന്ന കുട്ടികൾ ആയ ശേഷമാണ് സഹ്ല (റ) യെപ്പോലെ  താൻ വളർത്തിയ കുഞ്ഞിൻ്റെ വിഷയത്തിൽ ഈ കാര്യം ഒരാൾ അറിയുന്നത് എങ്കിൽ, അവർക്കും സാലിമിൻ്റെ വിഷയത്തിൽ നബി (സ) കല്പിച്ചത് പോലെ ചെയ്യാവുന്നതാണ്. ഈ വിഷയത്തിൽ അഭിപ്രായഭിന്നത ഉണ്ടെങ്കിലും ഇതാണ് ശരിയായ അഭിപ്രായമായി മനസ്സിലാക്കാൻ സാധിക്കുന്നത് എന്ന് സൂചിപ്പിച്ചുവല്ലോ. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ. 

ഭോപ്പാലിലെ രാജാവും ഇന്ത്യയിലെ അറിയപ്പെട്ട സലഫീ പണ്ഡിതരിൽ ഒരാളുമായിരുന്ന ഇമാം സിദ്ധീഖ് ഹസൻ ഖാൻ (റ) ഈ വിഷയത്തിൽ പ്രമാണങ്ങളെ സംയോജിപ്പിച്ചുകൊണ്ടു ഇപ്രകാരം പറയുന്നത് കാണാം: 

 الأحاديث الواردة بأنه لا رضاع إلا في الحولين وقبل الفطام فمع كونها فيها مقال لا معارضة بينها وبين رضاع سالم، لأنها عامة وهذا خاص والخاص مقدم على العام، ولكنه يختص بمن عرض له من الحاجة إلى إرضاع الكبير ماعرض لأبي حذيفة وزوجته سهلة، فإن سالما لما كان لهما كالابن وكان في البيت الذي هما فيه وفي الاحتجاب مشقة عليهما رخص صلى الله عليه وسلم في الرضاع على تلك الصفة، فيكون رخصة لمن كان كذلك وهذا لا محيص عنه.

"രണ്ട് വയസ് തികയുന്നതിനും മുലകുടി മാറുന്നതിനും മുൻപുള്ള മുലയൂട്ടലേ മുലകുടി ബന്ധം സ്ഥാപിക്കൂ എന്ന് വന്ന ഹദീസുകളുടെ വിഷയത്തിൽ അവ സ്ഥിരപ്പെട്ടവയാണോ എന്ന് ചർച്ചയുണ്ടെങ്കിലും, ആ ഹദീസുകളും സാലിമിന് മുലപ്പാൽ നൽകിയതും തമ്മിൽ വൈരുദ്ധ്യം ഇല്ല. കാരണം രണ്ട് വർഷത്തിനുള്ളിൽ മുലയൂട്ടിയിരിക്കണം എന്ന് പറയപ്പെട്ടവ പൊതുവേ വന്ന പ്രമാണങ്ങളും , സാലിമിന്റേതാകട്ടെ ഒരു പ്രത്യേക വിഷയത്തിൽ വന്ന പ്രമാണവുമാണ്. പ്രത്യേക വിഷയത്തിൽ വന്ന പ്രമാണത്തിന് പൊതുവെ വന്ന പ്രമാണങ്ങളേക്കാൾ മുൻഗണന നൽകപ്പെടും. പക്ഷെ അത് അബൂ ഹുദൈഫ (റ) യും സഹ്ല (റ) യെയും പോലെ , മുതിർന്ന കുട്ടിക്ക് മുലപ്പാൽ നൽകേണ്ട സാഹചര്യം വരുന്നവർക്ക് മാത്രം ബാധകമായ കാര്യമാണ്. സാലിം അവർക്ക് മകനെപ്പോലെ ആയിരുന്നു. മാത്രമല്ല അവനാകട്ടെ അവരോടൊപ്പം ഒരേ വീട്ടിലാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ അവനിൽ നിന്നും മറ സ്വീകരിക്കുക എന്നത് അവർക്ക് അങ്ങേയറ്റം പ്രയാസകരമായിരുന്നു, അതുകൊണ്ടുതന്നെ പ്രത്യേക രൂപത്തിൽ (പാത്രത്തിൽ മുലപ്പാൽ ശേഖരിച്ച് നൽകുക എന്ന രൂപത്തിൽ) അവന് മുലപ്പാൽ നൽകാൻ നബി (സ) ഇളവ് നൽകി. അതുപോലെയുള്ള അവസ്ഥ നേരിടുന്നവർക്കും ഈ ഇളവ് ബാധകമാണ്. അതല്ലാതെ മറ്റു മാർഗങ്ങളില്ല" - [الروضة الندية: 2/88].

അതുകൊണ്ടു ഈ ഇളവ് അല്ലാഹുവിൻ്റെ കാരുണ്യവും, അനാഥകളായ കുട്ടികൾക്ക് ഒരു സംരക്ഷണവുമാണ് എന്ന് മനസ്സിലാക്കാം. 

ഇനി മരുന്ന് കൊണ്ട് ഉണ്ടാകുന്ന മുലപ്പാൽ നൽകിയാൽ മുലകുടി ബന്ധം ഉണ്ടാകുമോ ?. 

ഒരു സ്ത്രീക്ക് ഗർഭത്തിൽ നിന്ന് തന്നെ പാൽ ഉണ്ടാകണം എന്നില്ല. മരുന്ന് കഴിച്ചോ അസ്വാഭാവികമായോ ഉണ്ടായ പാൽ കൊണ്ട് മുലയൂട്ടിയാലും മുലകുടി ബന്ധം സ്ഥാപിക്കപ്പെടും. ഇതാണ് നാല് മദ്ഹബിലെ ഇമാമീങ്ങളുടെയും ബഹുഭൂരിപക്ഷം ഫുഖഹാക്കളുടെയും അഭിപ്രായം - [الفتاوى الهندية: 1/ 343 ، المدونة: 2/ 303 ، مغني المحتاج: 5/ 125 ، الشرح الكبير: 9/196 എന്നീ ഗ്രന്ഥങ്ങൾ പരിശോധിക്കുക].

قال محمد العتبي المالكي رحمه الله: وسمعته - يعني الإمام مالكا - وسئل عن المرأة تشرب الشجرة فيدر بشربها لبنها فترضع به، أيحرم بذلك الرضاع ؟ فقال: نعم يحرم بذلك، أليس بلبن؟، فقال: نعم يحرم بذلك" 

മുഹമ്മദ് അൽ ഉത്ബി അൽ മാലികി (റ) പറയുന്നു: ഒരു സ്ത്രീ പച്ചമരുന്ന് കുടിച്ച് പാലുണ്ടാകുകയും ആ പാലു കൊണ്ട് മുലയൂട്ടിയാൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടുമോ എന്നതിനെക്കുറിച്ച് ഇമാം മാലിക് (റ) യോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം  ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "അതെ, മുലകുടി ബന്ധം സ്ഥാപിക്കപ്പെടും. അതും പാല് തന്നെയല്ലേ. അദ്ദേഹം പറഞ്ഞു: അതേ, മുലകുടി ബന്ധം സ്ഥാപിക്കപ്പെടും" - [البيان والتحصيل لابن رشد المالكي: 5/ 153].

അതുകൊണ്ടുതന്നെ Induced Lactation treatment വഴി ഒരു സ്ത്രീക്ക് പാലുണ്ടാകുകയും അതുവഴി മുലയൂട്ടുകയും ചെയ്യുന്നതിൽ തെറ്റില്ല. ഇനി ഒരു സ്ത്രീക്ക് അവരുടെ സഹോദരിമാരെക്കൊണ്ട് ഒരു കുഞ്ഞിനെ മുലയൂട്ടിയാലോ, അല്ലെങ്കിൽ തൻ്റെ സഹോദരൻ്റെ ഭാര്യമാരെക്കൊണ്ട് മുലയൂട്ടിയാലും ആ കുഞ്ഞ് അവരുടെ മഹ്‌റം ആയിത്തീരുന്നതാണ്.

ഇനി മരുന്ന് കഴിക്കുക വഴിയാണ് മുലയൂട്ടുന്നത് എങ്കിൽ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, അവിടെ ആ മുലയൂട്ടുന്ന സ്ത്രീ മുലകുടി ബന്ധത്തിൽ ഉള്ള ഉമ്മയാകുന്നു. എന്നാൽ അവരുടെ ഭർത്താവ് മുലകുടി ബന്ധത്തിലെ ഉപ്പയാകുകയില്ല. എന്നാൽ ربيبة അഥവാ ഭാര്യയുടെ മകൾ എന്ന അർത്ഥത്തിൽ അയാളുടെ മഹ്‌റം ആയിരിക്കും. എന്നാൽ അയാൾക്ക് മറ്റു ഭാര്യമാരിൽ കുട്ടികൾ ഉണ്ടെങ്കിൽ അവരുമായി സാഹോദര്യ ബന്ധം ഈ കുട്ടിക്ക് ഉണ്ടാകില്ല എന്നർത്ഥം. ഒരു പുരുഷൻ മുലകുടി ബന്ധത്തിലൂടെയുള്ള പിതാവ് ആകണമെങ്കിൽ തന്നിൽ നിന്നുമുള്ള ഗർഭത്താൽ ഉണ്ടാകുന്ന പാൽ ആയിരിക്കണം മുലയൂട്ടപ്പെടുന്നത്. 

എന്നാൽ മുലകുടി ബന്ധത്തിൽ തൻ്റേയും ഭാര്യയുടെയും കുട്ടി ആണെങ്കിലും, ഇനി ഭാര്യയുടെ കുട്ടി ആണെങ്കിലും രണ്ടും തനിക്ക് മഹ്‌റം തന്നെ. എന്നാൽ മുലകുടി ബന്ധത്തിലെ തൻ്റെ കുട്ടിയാകുമ്പോൾ ഉള്ള വ്യത്യാസം, തൻ്റെ സഹോദരങ്ങൾക്കും അതുപോലെ തനിക്ക് മറ്റു ഭാര്യമാരിലുള്ള കുട്ടികൾക്കും ഒക്കെ ആ ബന്ധം ബാധകമാകും. സാന്ദർഭികമായി സൂചിപ്പിച്ചു എന്ന് മാത്രം. ഏതായാലും മുലകുടി ബന്ധങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും അത് കുടുംബത്തിൽ പരസ്യമായി എല്ലാവർക്കും അറിയുന്ന രൂപത്തിൽ മറ്റുള്ളവരെ അറിയിക്കുകയും ചെയ്യൽ അനിവാര്യമാണ്. കാരണം പിൻകാലത്ത് അതറിയാതെ പോകാനും നിഷിദ്ധമായ ബന്ധങ്ങൾക്ക് കാരണമാകാനും ഇടയുണ്ട്. അല്ലാഹു നമുക്ക് അറിവ് വർദ്ധിപ്പിച്ച് തരുകയും അല്ലാഹുവിൻ്റെ വിധിവിലക്കുകൾ പാലിക്കുന്ന സച്ചരിതരിൽ ഉൾപ്പെടുത്തുകയും ചെയ്യട്ടെ.

والله تعالى أعلم وصلى الله وسلم على نبينا محمد

അല്ലാഹു അനുഗ്രഹിക്കട്ടെ ..
_____________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 

__________________________________

ഈ വിഷയം പ്രതിപാദിച്ച് ഫിഖ്‌ഹുസ്സുന്ന യൂട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്ത വീഡിയോ : https://youtu.be/BDAnDyKazz0 

Sunday, November 22, 2020

മഗ്‌രിബ് നമസ്കാരത്തിന് മുൻപ് സുന്നത്ത് നമസ്കാരം ഉണ്ടോ ?.

 


ചോദ്യം : മഗ്‌രിബ് നമസ്കാരത്തിന് മുൻപ് സുന്നത്ത് നമസ്കാരം ഉണ്ടോ ?. 

www.fiqhussunna.com 

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

റവാത്തിബ് സുന്നത്തുകളിൽ പെട്ടതല്ലെങ്കിലും മഗ്‌രിബ് ബാങ്ക് വിളിച്ച ശേഷം മഗ്‌രിബ് നമസ്‌കാരം നിർവഹിക്കുന്നതിന് തൊട്ട് മുൻപായി രണ്ട് റകഅത്ത് സുന്നത്ത് നമസ്‌കാരം നിർവഹിക്കുക എന്നത് ഹദീസുകളിൽ വളരെ പ്രബലമായി സ്ഥിരപ്പെട്ട ഒരു സുന്നത്താണ്. 

عن عبدِ اللهِ بنِ مُغفَّلٍ رَضِيَ اللهُ عَنْه، أنَّ النبيَّ صلَّى اللهُ عليه وسلَّم قال: ((صَلُّوا قبلَ صَلاةِ المغربِ، قال في الثالثة: لِمَن شاء؛ كراهية أن يتَّخذها الناسُ سُنَّةً))

 അബ്ദുല്ലാഹ് ബ്ൻ മുഗഫൽ () നിവേദനം: നബി () ഇപ്രകാരം പറഞ്ഞു: "നിങ്ങൾ മഗ്‌രിബ് നമസ്‌കാരത്തിന് മുൻപ് (സുന്നത്ത്) നമസ്കരിക്കുക". അങ്ങനെ അദ്ദേഹം അത് ആവർത്തിച്ച് പറഞ്ഞ ശേഷം മൂന്നാമത്തെ പ്രാവശ്യം ഇപ്രകാരം കൂട്ടിച്ചേർത്തു: "ഉദ്ദേശിക്കുന്നവർ ചെയ്തുകൊള്ളട്ടെ". ആളുകൾ അതൊരു നിർബന്ധബുദ്ധിയാ ചെയ്യേണ്ട കാര്യമായി കണക്കാക്കരുതേ എന്ന് കരുതിയാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്.  - [സ്വഹീഹുൽ ബുഖാരി: 1183].

 ഈ ഹദീസിൽ നിന്നും മഗ്‌രിബ് നമസ്‌കാരത്തിന് മുൻപ് രണ്ട് റക്അത്ത് സുന്നത്ത്  നമസ്കരിക്കുക എന്നത് അങ്ങേയറ്റം   പ്രാധാന്യമുള്ള കാര്യമാണ് എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണല്ലോ അല്ലാഹുവിൻ്റെ റസൂൽ (സ) അത് ആവർത്തിച്ചത്. എന്നാൽ ആളുകൾ അതൊരു നിർബന്ധമായ കാര്യമായി കാണാതിരിക്കാൻ മൂന്നാമത്തെ തവണ ഉദ്ദേശിക്കുന്നവർ ചെയ്തുകൊള്ളട്ടെ എന്ന് പറഞ്ഞുവെന്നു മാത്രം. ഈ കാര്യം ഇമാം ഇബ്നു ഹജർ (റ) ഈ ഹദീസിൻ്റെ വിശദീകരണത്തിൽ പ്രതിപാദിച്ചിട്ടുമുണ്ട്. (ഫത്ഹുൽ ബാരി 3/60  നോക്കുക). 

മാത്രമല്ല മഗ്‌രിബ് ബാങ്ക് വിളിച്ചാൽ പള്ളിയിലുള്ള സ്വഹാബാക്കൾ നബി (സ) നമസ്‌കാരത്തിനായി എത്തുന്നതിന് മുൻപ് പള്ളികളിലെ തൂണുകൾക്ക് പിന്നിലേക്ക് മാറിനിന്ന് രണ്ട് റകഅത്ത് സുന്നത്ത് നമസ്‌കരിക്കാൻ തിടുക്കം കൂട്ടാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം: 

عن أنسٍ رَضِيَ اللهُ عَنْه، قال: ((كان المؤذِّنُ إذا أذَّنَ قام ناسٌ من أصحابِ النبيِّ صلَّى اللهُ عليه وسلَّم يَبتدرونَ السَّواري حتى يخرُجَ النبيُّ صلَّى اللهُ عليه وسلَّم وهم كذلك، يُصلُّونَ ركعتينِ قبلَ المغربِ، لم يكُن بين الأذانِ والإقامةِ شيءٌ))

അനസ് ബ്ൻ മാലിക് (റ) പറയുന്നു: "മുഅദ്ദിൻ ബാങ്ക് വിളിച്ച് കഴിഞ്ഞാൽ നബി (സ) യുടെ സ്വഹാബാക്കൾ പള്ളികളിലെ തൂണുകൾക്കരികിലേക്ക് നബി (സ) വരുന്നതിന് മുൻപായി ധൃതിപ്പെട്ട് പോകുമായിരുന്നു. അങ്ങനെ അവർ മഗ്‌രിബിന്‌ മുൻപായി രണ്ട് റക്അത്ത് നമസ്‌കരിക്കും. ബാങ്കിനും ഇഖാമത്തിനും ഇടയിൽ അധികം സമയമുണ്ടായിരുന്നില്ല" - [സ്വഹീഹുൽ ബുഖാരി: 625]. 

ഇവിടെ തൂണുകൾക്കരികിലേക്ക് പോകും എന്ന് പറഞ്ഞത്, നമസ്കരിക്കുമ്പോൾ തൂണിനെ മുന്നിൽ മറയാക്കി നമസ്കരിക്കാൻ വേണ്ടിയാണ്. ഇന്നത്തെ കാലത്ത് പള്ളിയിൽ മുന്നിലൂടെ ആളുകൾ നടക്കാൻ ഇടയുള്ള സ്ഥലത്ത് നിന്ന് മുന്നിൽ മറയില്ലാതെ നമസ്കരിക്കുന്നവർക്ക് സ്വഹാബാക്കളുടെ ഈ പ്രവർത്തിയിൽ വലിയ പാഠമുണ്ട്.

ഏതായാലും ഈ ഹദീസിൽ നിന്നും മഗ്‌രിബിന്‌ മുൻപ് രണ്ട് റക്അത്ത് നമസ്‌കരിക്കാൻ സ്വഹാബാക്കൾ ഉത്സാഹം കാണിച്ചിരുന്നതായി മനസ്സിലാക്കാം. എത്രത്തോളമെന്നാൽ ഒരുപാട് പേർ സുന്നത്ത് നമസ്കരിക്കുന്നത് കണ്ട് ആ സമയത്ത് പള്ളിയിലേക്ക് കടന്നുവരുന്ന അപരിചിതർ ജമാഅത്ത് നമസ്‌കാരം കഴിഞ്ഞുപോയോ എന്ന് പോലും ചിന്തിക്കാറുണ്ടായിരുന്നു എന്ന് ഹദീസിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അനസ് (റ)വിൽ നിന്നും നാം മുകളിൽ ഉദ്ദരിച്ച ഹദീസിൻ്റെ ഇമാം മുസ്‌ലിം ഉദ്ദരിച്ച റിപ്പോർട്ടിൽ ഇപ്രകാരം കാണാം: 

عن أنسِ بنِ مالكٍ رَضِيَ اللهُ عَنْه، قال: ((كنَّا بالمدينة، فإذا أذَّنَ المؤذِّنُ لصلاةِ المغربِ ابتدروا السواري فيَركعون ركعتينِ ركعتينِ، حتى إنَّ الرجُلَ الغريبَ ليدخُلُ المسجدَ فيَحسَبُ أنَّ الصلاةَ قد صُلِّيتْ؛ من كثرةِ مَن يُصلِّيهما))

അനസ് ബ്ൻ മാലിക് (റ) പറയുന്നു:  "ഞങ്ങൾ മദീനയിൽ, മഗ്‌രിബ് നമസ്കാരത്തിനായി മുഅദ്ദിൻ ബാങ്ക് വിളിച്ച് കഴിഞ്ഞാൽ പെട്ടെന്ന് തൂണുകൾക്കരികിലേക്ക് പോയി രണ്ട് റക്അത്ത് നമസ്‌കരിക്കുമായിരുന്നു. എത്രത്തോളമെന്നാൽ അപരിചിതനായ ഒരാൾ ആ സമയത്ത് പള്ളിയിലേക്ക് പ്രവേശിച്ചാൽ ജമാഅത്ത് നമസ്‌കാരം കഴിഞ്ഞോ എന്ന് പോലും കരുതിപ്പോകുമായിരുന്നു. ആ രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കുന്നവരുടെ ആധിക്യം കാരണത്താൽ" - [സ്വഹീഹ് മുസ്‌ലിം: 837]. 

മാത്രമല്ല എല്ലാ ബാങ്കിനും ഇഖാമത്തിനും ഇടക്ക് രണ്ട് റകഅത്ത് നമസ്‌കാരം നിർവഹിക്കുകയെന്നുള്ളത് പൊതുവേ സുന്നത്തായ കാര്യമാണ്: 

عن عبدِ اللهِ بنِ مُغفَّلٍ رَضِيَ اللهُ عَنْه، أنَّ النبيَّ صلَّى اللهُ عليه وسلَّم قال: ((بين كلِّ أذانينِ صلاةٌ)).

അബ്ദുല്ലാഹ് ബ്ൻ മുഗഫ്ഫ്ൽ (റ) നിവേദനം: നബി (സ) പറഞ്ഞു: "ഓരോ ബാങ്കിനും ഇഖാമത്തിനും ഇടയിൽ ഒരു നമസ്‌കാരമുണ്ട്" - [സ്വഹീഹുൽ ബുഖാരി: 627 , സ്വഹീഹ് മുസ്‌ലിം: 837]. 

അതുകൊണ്ടു മഗ്‌രിബ് നമസ്കാരത്തിന് ബാങ്ക് വിളിച്ചാൽ ഇഖാമത്തിന് മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നമസ്‌കരിക്കുന്നത് പ്രത്യേകം പഠിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നും, പൊതുവേ എല്ലാ ബാങ്കിനും ഇഖാമത്തിനും ഇടക്ക് സുന്നത്ത് നമസ്കാരം നിർവഹിക്കുക എന്നത് സുന്നത്താണ് എന്നും നമുക്ക് മനസ്സിലാക്കാം. 

അല്ലാഹു അനുഗ്രഹിക്കട്ടെ.. 

By. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Thursday, November 19, 2020

ഇസ്തിഖാറത്ത് നമസ്കാരത്തിൻ്റെ രൂപം - ശൈഖ് ഇബ്ന്‍ ബാസ് (റഹിമഹുല്ല).


ചോദ്യം: ഇസ്തിഖാറത്തിന്‍റെ രൂപം എപ്രകാരമാണ് ?. അതില്‍ എന്താണ് പ്രാര്‍ഥിക്കേണ്ടത് ?. ഇസ്തിഖാറത്തിന്‍റെ പ്രാര്‍ത്ഥന നമസ്കാരത്തിലാണോ, അതല്ല നമസ്കാര ശേഷമാണോ പ്രാര്‍ഥിക്കേണ്ടത് ?. 

www.fiqhussunna.com

ഉത്തരം: രണ്ടു റകഅത്ത് നമസ്കരിക്കുകയും അതിനു ശേഷം പ്രവാചകന്‍() പഠിപ്പിച്ച പ്രാര്‍ത്ഥന പ്രാര്‍ഥിച്ചുകൊണ്ട് ഇസ്തിഖാറ നടത്തുകയും ചെയ്യുക എന്നതാണ് ഇസ്തിഖാറ നമസ്കാരത്തിന്‍റെ രൂപം. സലാം വീട്ടിയത്തിനു ശേഷം തന്‍റെ ഇരു കൈകളും ഉയര്‍ത്തി ഇപ്രകാരം പ്രാര്‍ഥിക്കണം: 

اللهم إني أستخيرك بعلمك، وأستقدرك بقدرتك، وأسألك من فضلك العظيم، فإنك تعلم ولا أعلم، وتقدر ولا أقدر، وأنت علام الغيوب، اللهم إن كنت تعلم أن هذا الأمر ويسميه) يعني الزواج بفلانة، السفر إلى البلاد الفلانية، تجارتي في هذا الشيء، يسميه (خير لي في ديني ومعاشي وعاقبة أمري، فيسره لي ثم بارك لي فيه، وإن كنت تعلم أن هذا الأمر ويسميه باسمه شر لي في ديني ومعاشي وعاقبة أمري فاصرفه عني واصرفني عنه، وقدِّر لي الخير حيث كان، ثم أرضني به.

 അല്ലാഹുവേ നിന്‍റെ അറിവിനെ മുന്‍നിര്‍ത്തി ഏറ്റവും ഉചിതമായ കാര്യത്തെ ഞാന്‍ ചോദിക്കുന്നു. നിന്‍റെ കഴിവിനെ മുന്‍നിര്‍ത്തി നിന്നോട് ഞാന്‍ കഴിവിനെ തേടുന്നു. നിന്‍റെ മഹത്തായ ഔദാര്യത്തില്‍ നിന്നും ഞാന്‍ യാചിക്കുകയും ചെയ്യുന്നു. കാരണം നീ എല്ലാത്തിനും കഴിവുള്ളവനാണ്‌. ഞാനാകട്ടെ ഒന്നിനും കഴിവില്ലാത്തവാനാണ്. നീ എല്ലാമറിയുന്നവനും അദൃശ്യ കാര്യങ്ങള്‍ പോലും സൂക്ഷ്മമായി അറിയുന്നവനുമാണ്‌. ഞാനാകട്ടെ അറിയാത്തവനും. ഈ കാര്യം (ഇവിടെ ഉദ്ദേശിക്കുന്ന കാര്യം എന്ത് എന്ന് വ്യക്തമാക്കണം. ഉദാ: ഇന്നവളുമായുള്ള വിവാഹം, ഇന്ന രാജ്യത്തേക്കുള്ള യാത്ര, ഇന്ന ഇനം കച്ചവടത്തിലേക്കുള്ള ഇറക്കം ...എന്നിങ്ങനെ ഉദ്ദേശിക്കുന്ന കാര്യം എടുത്ത് പറയുക). (ആ പറയപ്പെട്ട കാര്യം) എനിക്ക് എന്‍റെ മതത്തിലും, ജീവിതത്തിലും, എന്‍റെ പര്യവസാനത്തിലും ശുഭകരവും നന്മയുമാണ് എന്ന് (നാഥാ) നീ അറിയുന്നുവെങ്കില്‍ അതെനിക്ക് എളുപ്പമാക്കിത്തരുകയും, പിന്നീട് എനിക്കതില്‍ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ!. ഇനി ഈ കാര്യം (ഉദ്ദേശിക്കുന്ന കാര്യം ഇവിടെ എടുത്ത് പറയുക) എന്‍റെ മതത്തിലും, ജീവിതത്തിലും, എന്‍റെ പര്യവസാനത്തിലും ദോഷകരമാണ് എങ്കില്‍ അതിനെ എന്നില്‍ നിന്നും, എന്നെ അതില്‍ നിന്നും നീ അകറ്റേണമേ. നന്മ എവിടെയാണോ അതെനിക്ക് വിധിക്കുകയും, എന്നിട്ട് അതിനെ എനിക്ക് തൃപ്തിപ്പെടുത്തുകയും ചെയ്യേണമേ. 

ഇതാണ് ഇസ്തിഖാറത്തുമായി ബന്ധപ്പെട്ട പ്രവാചകന്‍() യുടെ ചര്യ.

ഈ ലേഖനത്തിന്‍റെ അറബി ആവശ്യമുള്ളവര്‍ ഈ ലിങ്കില്‍ പോകുക: http://www.binbaz.org.sa/mat/15587

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ  


അനുബന്ധ ലേഖനങ്ങള്‍: 

1-  മുസ്‌ലിം സമൂഹം ആക്രമിക്കപ്പെടുമ്പോള്‍ നാം അറിയാതെ മറന്നു പോയ ഒരു സുന്നത്ത്..... നാസിലത്തിന്റെ ഖുനൂത്ത് !.

2-  നാസിലത്തിന്റെ ഖുനൂത്ത് നിർവഹിക്കേണ്ടതെങ്ങനെ ?!. - ലിജ്നതുദ്ദാഇമ.

3-  നമസ്കാരത്തിൽ അറബിയല്ലാത്ത ഭാഷകളിൽ പ്രാർഥിക്കാമോ ? - സ്വാലിഹ് അൽ ഫൗസാൻ (ഹഫിദഹുല്ല). 

4- നമസ്കാരശേഷമുള്ള കൂട്ട്പ്രാര്‍ത്ഥനയുടെ വിധിയെന്ത്‌ ? - ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ല). 


Gold ETF ഇസ്‌ലാമിക വീക്ഷണം I Abdu Rahman Abdul Latheef P.N

Thursday, October 22, 2020

നബിദിനവും - നബിയോടുള്ള സ്നേഹവും




الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛

അല്ലാഹുവിൻറെ സൃഷ്ടികളിൽ വെച്ച് ഒരു മുസ്‌ലിം ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും ഇഷ്ടപ്പെടുന്നതും റസൂൽ കരീം (സ) യെയാണ്. നബി (സ) യുടെ കല്പനകളും ചര്യകളും ജീവിതത്തിൽ അനുധാവനം ചെയ്തുകൊണ്ടാണ് ഒരാൾ ആ സ്നേഹം പ്രകടിപ്പിക്കുന്നതും പ്രകടിപ്പിക്കേണ്ടതും. പലപ്പോഴും നബി (സ) യോടുള്ള ഇഷ്ടം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ അതിന് നബി (സ) യോ സ്വഹാബത്തോ ചെയ്തിട്ടില്ലാത്ത പുതിയ മാർഗങ്ങളും ആഘോഷങ്ങളും ചിലർ കണ്ടെത്താറുണ്ട്. അതിൽപ്പെട്ടതാണ് നബി (സ) യുടെ ജന്മദിനാഘോഷം. 

ക്രൈസ്തവരും ബഹുദൈവാരാധകരുമൊക്കെ അവരുടെ ആരാധ്യന്മാരുടെ ജയന്തി അഥവാ ജന്മദിനം കൊണ്ടാടാറുണ്ട്. ഒരുപക്ഷെ അതെല്ലാം കണ്ടുകൊണ്ട്, നമുക്കും എന്തുകൊണ്ട് നമ്മളേറെ സ്നേഹിക്കുന്ന നബി (സ) യുടെ ജന്മദിനവും കൊണ്ടാടിക്കൂടാ എന്ന ചിന്തയാൽ അത് ചെയ്യുന്നവരുമുണ്ട്. 'ദീനിൻ്റെ  വിഷയത്തിൽ അപ്രകാരം ഇതര സമുദായങ്ങളെ പിന്തുടർന്ന്  ആചാരങ്ങൾ കടമെടുക്കാനോ, പുത്തൻകാര്യങ്ങൾ ഉണ്ടാക്കാനോ പാടില്ല, അത് നിഷിദ്ധമാണ്' എന്ന അടിസ്ഥാന തത്വം പോലും പലപ്പോഴും നന്മ ആഗ്രഹിച്ചുകൊണ്ട് ഇതെല്ലാം ചെയ്യുന്ന പല സഹോദരങ്ങൾക്കുമറിയില്ല എന്നതാണ് വസ്തുത. അതല്ലെങ്കിൽ അവർ പണ്ഡിതന്മാരെന്ന് അവർ ധരിക്കുന്ന പലരും ഇതൊക്കെയാണ് നബി (സ) യോടുള്ള യഥാർത്ഥ സ്നേഹമെന്ന് ആ സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.

യഥാർത്ഥത്തിൽ നബി (സ) യോ, സ്വഹാബത്തോ, താബിഈങ്ങളോ, തബഉ താബിഈങ്ങളോ, ഇമാം അബൂ ഹനീഫ (റ), ഇമാം മാലിക് (റ), ഇമാം ശാഫിഇ (റ), ഇമാം അഹ്മദ് (റ) തുടങ്ങിയ ഇമാമീങ്ങളോ ആരും തന്നെ നബിദിനം ആഘോഷിച്ചിട്ടില്ല എന്നത് തർക്കമില്ലാത്ത കാര്യമാണ്. മാത്രമല്ല നബി (സ) യുടെ കല്പനയില്ലാത്ത ഒരു കാര്യം മതത്തിന്റെ പേരിൽ കെട്ടിയുണ്ടാക്കുന്നത് അങ്ങേയറ്റം കുറ്റകരവും, അല്ലാഹുവിന്റെ പക്കൽ വലിയ ശിക്ഷക്ക് അർഹമാക്കിയേക്കാവുന്ന കാര്യവുമാണ് എന്ന് ഹദീസുകളിൽ വ്യക്തമായി വന്നിട്ടുമുണ്ട്.

പലപ്പോഴും പല സാധാരണക്കാരും ചിന്തിക്കാറുള്ളത്, അതെങ്ങനെയാണ് നബി (സ) യെ സ്നേഹിക്കുന്നതിന് ശിക്ഷ ലഭിക്കുക ?. ഞങ്ങൾ നബിദിനം ആഘോഷിക്കുന്നത് സ്നേഹത്താലല്ലേ ? എന്നതാണ്.

വളരെ പ്രസക്തമായ ചോദ്യമാണത്. ഇവിടെയാണ് നാം നബി (സ) യഥാർത്ഥ സ്നേഹം എപ്രകാരമായിരിക്കണം എന്നത് മനസ്സിലാക്കേണ്ടത്.

ഇമാം ശാഫിഇ (റ) തൻ്റെ കവിതാ ശകലത്തിൽ ഇപ്രകാരം പറയുന്നത് കാണാം: 

إن المحب لمن يحب مطيع

"തീർച്ചയായും യഥാർത്ഥത്തിൽ സ്നേഹമുള്ളവൻ താൻ ആരെയാണോ സ്നേഹിക്കുന്നത് അവരോട് അനുസരണയുള്ളവനായിരിക്കും". 

നബി (സ) യെ സ്നേഹിക്കുന്ന പക്ഷം അദ്ദേഹം പഠിപ്പിച്ച ദീനിൽ ഏറ്റക്കുറച്ചിലുകളില്ലാതെ, പുത്തനാചാരങ്ങളോ അനുഷ്ഠാനങ്ങളോ ഉണ്ടാക്കാതെ സുന്നത്ത് മുറുകെപ്പിടിച്ച് ജീവിക്കുക എന്നതാണ് ആ സ്നേഹം.

"നിങ്ങളിൽ രണ്ട് കാര്യങ്ങൾ ഞാൻ വിട്ടേച്ചു പോകുന്നു. അവ മുറുകെപ്പിടിക്കുന്ന പക്ഷം നിങ്ങൾ വ്യതിചലിക്കുകയില്ല. ഒന്ന് അല്ലാഹുവിന്റെ കിതാബും എൻ്റെ സുന്നത്തും" എന്ന് പഠിപ്പിച്ച നമ്മുടെ കരളിന്റെ കഷ്ണമായ നബീ കരീം (സ) യെ സ്നേഹിക്കുന്നവർ അദ്ദേഹത്തെ ജീവിതത്തിൽ പിൻപറ്റണം. ജന്മദിനാഘോഷം അല്ലാഹുവിന്റെ റസൂലോ റസൂലിൽ നിന്ന് ദീൻ മനസ്സിലാക്കിയ സ്വഹാബത്തോ ആരും തന്നെ ചെയ്തിട്ടില്ല. മതത്തിൽ ആചാരാനുഷ്ഠാനങ്ങൾ കെട്ടിയുണ്ടാക്കൽ വലിയ പാപമാണ് അതുകൊണ്ടാണ് നബി (സ) പഠിപ്പിക്കാത്ത നബിദിനാഘോഷം നിർവഹിക്കുന്നത് പാപമായിത്തത്തീരുന്നത്. അത് മറ്റ് സമുദായങ്ങളെ അവരുടെ ആചാരാനുഷ്ഠാനങ്ങൾ കടമെടുത്ത് പിന്തുടരൽ കൂടിയാകുമ്പോൾ അതിൻ്റെ പാപ ഗൗരവം വർദ്ധിക്കുന്നു. അതുകൊണ്ടുതന്നെ നബി (സ) യെ സ്നേഹിക്കുക എന്നത് പുണ്യമുള്ള നിർബന്ധമായ കാര്യമാണ്. പക്ഷെ അതിനായി മതത്തിൽ ഇല്ലാത്ത ആചാരങ്ങൾ കടത്തിക്കൂട്ടുന്നത് കുറ്റകരമാണ്.

ഏതുപോലെയെന്നാൽ നമസ്കാരം പുണ്യമാണ് നിർബന്ധവുമാണ്. പക്ഷെ ഒരാൾ നമസ്കാരത്തോടുള്ള ഇഷ്ടം കൊണ്ട് നാല് റകഅത്തുള്ള ളുഹ്ർ നമസ്കാരം അഞ്ചു റകഅത്ത് നമസ്കരിച്ചാൽ , നല്ല ഉദ്ദേശമാണ് അതുകൊണ്ട് അല്ലാഹു  സ്വീകരിക്കും എന്ന് പറയാൻ സാധിക്കുമോ ?!. ഇല്ല. 



അതുകൊണ്ട് അല്ലാഹുവിനെ സ്നേഹിക്കുന്ന അവന്റെ റസൂലിനെ സ്നേഹിക്കുന്ന ഓരോ മുസ്‌ലിമിനോടും പറയാനുള്ളത് നബി ചര്യയാണ് രക്ഷയുടെ മാര്‍ഗം, അതുമാത്രമാണ് രക്ഷയുടെ മാര്‍ഗം എന്നതാണ്. അല്ലാഹുവോടും അവന്‍റെ റസൂലിനോടും ഇഷ്ടവും കൂറുമുള്ളവര്‍ അത് പിന്തുടരുകയാണ് ചെയ്യേണ്ടത്. അല്ലാഹു സുബ്ഹാനഹു വ തആല പറയുന്നത് നോക്കൂ:

 قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ

"(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ." - [ആലുഇംറാന്‍: 31].

ഇനി നബിദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് ഇമാമീങ്ങൾ പറഞ്ഞ വളരെ പ്രസക്തമായ ചില ഉദ്ധരണികൾ നോക്കൂ: 


ഇമാം താജുദ്ദീന്‍ അല്‍ ഫാകിഹാനി (റ) (വഫാത്ത്: ഹിജ്റ 734) പറയുന്നു:

الإمام الفكهاني ـ رحمه الله ـ قال :"لا أعلم لهذا المولد أصلاً في كتاب ولا سنة، ولا ينقل عمله عن أحد من علماء الأمة، الذين هم القدوة في الدين، المتمسكون بآثار المتقدمين، بل هو بِدعة أحدثها البطالون، وشهوة نفسٍ اعتنى بها الأكّالون،"

 ഇമാം ഫാകിഹാനി (റ) പറയുന്നു: "അല്ലാഹുവിന്‍റെ കിതാബിലോ റസൂല്‍ (സ) യുടെ സുന്നത്തിലോ ഈ മൗലിദാഘോഷത്തിന് യാതൊരു അടിസ്ഥാനവും ഞാന്‍ കണ്ടിട്ടില്ല. നമുക്ക് മാതൃകയായവരും, മുന്‍ഗാമികളുടെ പാത പിന്തുടരുന്നവരുമായ ഈ ഉമ്മത്തിന്‍റെ ഇമാമീങ്ങൾ ആരെങ്കിലും അത് ആഘോഷിച്ചിരുന്നതായി സ്ഥിരപ്പെട്ട് വന്നിട്ടുമില്ല. തീര്‍ത്തും ബാത്വിലിന്‍റെ ആളുകളും, തന്നിഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുമായ ചിലരുണ്ടാക്കിയ  ഒരു ബിദ്അത്താണത്. അത് ഏറ്റെടുത്തതാകട്ടെ തീറ്റക്കൊതിയന്മാരായ ചില ആളുകളും" - [ السنن والمبتدعات : പേജ് : 149 ]. 

ഇമാം ഇബ്നുല്‍ ഹാജ് (റ) (വഫാത്ത് ഹിജ്റ: 737) പറയുന്നു:


قال الإمام ابن الحاج رحمه الله : (فصل في المولد: ومن جملة ما أحدثوه من البدع، مع اعتقادهم أن ذلك من أكبر العبادات وأظهر الشعائر ما يفعلونه في شهر ربيع الأول من المولد وقد احتوى على بدع ومحرمات جملة)

 ഇമാം ഇബ്നുല്‍ ഹാജ് (റ) പറയുന്നു: " മൗലിദ് എന്നത് : അവര്‍ പുതുതായുണ്ടാക്കിയ ബിദ്അത്തുകളില്‍ ഒന്നാണ്. റബീഉല്‍ അവ്വല്‍ മാസത്തില്‍ അവരാഘോഷിക്കുന്ന മൗലിദ് ഏറ്റവും വലിയ ഇബാദത്താണെന്നും ഇസ്‌ലാമിന്‍റെ ഏറ്റവും വലിയ ശിആറാണെന്നും അവര്‍ കരുതുന്നുവെങ്കിലും അത് മൊത്തത്തില്‍ ബിദ്അത്തുകളും ഹറാമുകളും അടങ്ങുന്ന പ്രവര്‍ത്തനമാണ്"  -  [ المدخل : 2/10].

ഇമാം ശാത്വിബി അല്‍ മാലിക്കി (റ) (വഫാത്ത് ഹിജ്റ 790) പറയുന്നു:

قال الإمام الشاطبي : فمعلوم أن إقامة المولد على الوصف المعهود بين الناس بدعة محدثة وكل بدعة ضلالة, فالإنفاق على إقامة البدعة لا يجوز والوصية به غير نافذة بل يجب على القاضي فسخه

 ഇമാം ശാത്വിബി (റ) പറയുന്നു: "ഇന്ന്‍ ആളുകള്‍ ആചരിക്കുന്നത് പോലെയുള്ള മൗലിദ് ആഘോഷം അത് പുത്തനാചാരമായ ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു. അതുകൊണ്ടുതന്നെ ഒരു ബിദ്അത്ത് നടപ്പിലാക്കാന്‍ വേണ്ടി ധനം നല്‍കി സഹായിക്കാന്‍ പാടില്ല. ഇനി അപ്രകാരം ഒരാള്‍ തന്‍റെ മരണാനന്തരമുള്ള വസ്വിയത്തില്‍ എഴുതി വച്ചാല്‍ പോലും ആ വസ്വിയത്ത് നടപ്പാക്കപ്പെടുകയില്ല. മറിച്ച് അത്തരം വസ്വിയാത്തുകള്‍ ഖാളി അസാധുവാക്കണം".  - [ ഫതാവശാത്വിബി : 203, 204].

അല്‍ ഇമാം അല്‍ ഹാഫിള് അബൂ സുര്‍അ അല്‍ ഇറാഖി (റ) (വഫാത്ത് : ഹിജ്റ 836) പറയുന്നു:

(لا نعلم ذلك -أي عمل المولد- ولو بإطعام الطعام عن السلف)

 "അപ്രകാരം ചെയ്യല്‍ - അഥവാ മൗലിദ് ആഘോഷിക്കല്‍ - ഏറ്റവും ചുരുങ്ങിയ പക്ഷം ഭക്ഷണം വിതരണം ചെയ്തെങ്കിലും ആച്ചരിക്കല്‍ മുന്‍ഗാമികള്‍ ആരെങ്കിലും ചെയ്തതായി നമുക്കറിയില്ല" - [തശ്നീഫുല്‍ അദാ'ന്‍ : പേജ് : 136]. 


നബി (സ) സ്നേഹമില്ലാത്തതിനാലല്ല, നബി (സ) യോടുള്ള അങ്ങേയറ്റത്തെ സ്നേഹവും, നബി (സ) യുടെ സുന്നത്ത് പിന്തുടരലാണ് ദീൻ എന്ന് മനസ്സിലാക്കുന്നതുകൊണ്ടുമാണ് നബിദിനം ആഘോഷിക്കാത്തതും, നബിദിനാഘോഷത്തെ എതിർക്കുന്നതും.

നബിദിനം ആഘോഷിക്കുന്നതിനെക്കുറിച്ച് മദീനയിലെ മസ്ജിദുന്നബവിയിലെ ദര്‍സിന്  നേതൃത്വം കൊടുക്കുന്ന മുദരിസും, പ്രഗല്‍ഭമായ മദീനാ ഇസ്‌ലാമിക് സര്‍വ്വകലാശാലയിലെ അദ്ധ്യാപകനുമായ ബഹുമാന്യ പണ്ഡിതന്‍ ശൈഖ് : സ്വാലിഹ് ബ്ന്‍ അബ്ദുല്‍ അസീസ്‌ ബ്ന്‍ ഉസ്മാന്‍ സിന്‍ദി ഹഫിദഹുല്ലാഹ് പറഞ്ഞ നമ്മെ ഏറെ ചിന്തിപ്പിക്കേണ്ട വാക്കുകൾ നോക്കൂ:


بسم الله الرحمن الرحيم 

പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍. 


سأكون أول من يحتفل بالمولد النبوي لو ظفرت بحديث فيه حث منه صلى الله عليه وسلم على تخصيص يوم الثاني عشر من ربيع الأول بميزة عن غيره.

"റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് മറ്റു ദിനങ്ങളെക്കാള്‍ പ്രത്യേകത നല്‍കാന്‍ പ്രോത്സാഹിപ്പിക്കുന്നതായുള്ള നബി (സ) യുടെ ഒരു ഹദീസെങ്കിലും ലഭിച്ചാല്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



سأكون أول من يحتفل بالمولد النبوي لو وجدت عنه صلى الله عليه وسلم حضا على الاحتفال به أو بإشارة، ولو تلميحا.

"നബി (സ) മൗലിദ് ആഘോഷിച്ചതായ വല്ല സംഭവമോ, ഇനി അതിനെപ്പറ്റി നബി തിരുമേനി ഒരല്പമെങ്കിലും സൂചനയായെങ്കിലും വിരല്‍ചൂണ്ടിയിരുന്നെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



سأكون أول من يحتفل بالمولد النبوي لو كنت لا أعتقد أنه بلغ البلاغ المبين، وأنه يمكن أن يكون ثمة خير لم يحضنا عليه.

"അല്ലാഹുവിന്‍റെ റസൂല്‍ (സ) ഈ ദീന്‍ ഏറ്റവും പരിപൂര്‍ണ്ണമായ രൂപത്തില്‍  സുവ്യക്തമായി നമുക്ക് എത്തിച്ച് തന്നിട്ടുണ്ട് എന്ന് വിശ്വസിക്കുന്നില്ലായിരുന്നുവെങ്കില്‍, അദ്ദേഹം പഠിപ്പിച്ചിട്ടില്ലാത്ത ചില സല്‍ക്കര്‍മ്മങ്ങളും  ദീനില്‍ അവശേഷിക്കാനിടയുണ്ട് എന്നതായിരുന്നു എന്‍റെ പക്ഷമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



سأكون أول من يحتفل بالمولد النبوي لو ظفرت بأثر عن أبي بكر رضي الله عنه أنه أقام وليمة ليلة المولد

"മഹാനായ അബൂബക്കര്‍ സിദ്ദീഖ് (റ) മൗലിദ് ദിവസത്തിന്‍റെ രാവില്‍ വല്ല സദ്യയും ഒരുക്കിയതായി ഒരു അസറെങ്കിലും എനിക്ക് ലഭിച്ചിരുന്നുവെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



أو أن عمر رضي الله عنه جعل هذا اليوم يوم عطلة ولعب. 
أو عن عثمان أنه حث في ذاك اليوم على الصدقة أو الصوم
أو عن علي أنه أقام حلقة لمدارسة السيرة.

"മഹാനായ ഉമര്‍ ബ്ന്‍ അല്‍ഖത്താബ് (റ) ആ ദിവസത്തെ ഒഴിവ് ദിനവും ആനന്ദത്തിന്‍റെ ദിവസവുമായി ആചരിച്ചിരുന്നുവെങ്കില്‍, മഹാനായ ഉസ്മാന്‍ ബ്ന്‍ അഫ്ഫാന്‍ (റ) ആ ദിവസത്തില്‍ പ്രത്യേകമായി (റബിഉല്‍ അവ്വല്‍ പന്ത്രണ്ടാണ് എന്നതിനാല്‍) നോമ്പും സ്വദഖയും അനുഷ്ഠിക്കാന്‍ പ്രേരിപ്പിച്ചിരുന്നുവെങ്കില്‍, അലി (റ) ആ ദിനത്തില്‍ പ്രത്യേകമായി നബി (സ) യുടെ ചരിത്രം പഠിപ്പിക്കാനുള്ള സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നുവെങ്കില്‍ അതെല്ലാം ചെയ്യാന്‍ ഞാന്‍ മുന്‍കയ്യെടുക്കുമായിരുന്നു."



سأكون أول من يحتفل بالمولد النبوي لو علمت أن بلالا أو ابن عباس أو أي أحد من الصحابة -رضي الله عنهم- خصوا يوم المولد بأي شيء؛ ديني أو دنيوي.

"ബിലാല്‍ (റ) വോ, ഇബ്നു അബ്ബാസ് (റ) വോ, വേണ്ട സ്വഹാബത്തിലെ  ഏതെങ്കിലും ഒരാള്‍ മൗലിദ് ദിവസമെന്ന പേരില്‍ ആ ദിനത്തെ ഭൗതികമായതോ മതപരമായതോ ആയ എന്തെങ്കിലുമൊരു കാര്യം കൊണ്ട് പ്രത്യേകത കല്പിച്ചിരുന്നുവെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



 سأكون أول من يحتفل بالمولد النبوي لو كنت لا أعتقد أن الصحابة أشد مني تعظيما ومحبة له -عليه الصلاة والسلام- وأعلم مني بقدره العلي.

"എന്നെക്കാള്‍ നബി (സ) യെ സ്നേഹിക്കുന്നവരും മഹത്വപ്പെടുത്തുന്നവരുമായിരുന്നു അല്ലാഹുവിന്‍റെ റസൂലിന്‍റെ സ്വഹാബത്ത് എന്നും, എന്നെക്കാള്‍ അദ്ദേഹത്തിന്‍റെ ഉന്നതമായ സ്ഥാനത്തെക്കുറിച്ച് അറിവുള്ളവരായിരുന്നു അവരെന്നുമുള്ള തിരിച്ചറിവ് എനിക്കില്ലായിരുന്നുവെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



سأكون أول من يحتفل بالمولد النبوي لو ظفرت بأثر عن أحد من التابعين -من آل البيت أو غيرهم- فيه الحض على قراءة المدائح النبوية يوم المولد.

" താബിഉകളില്‍പ്പെട്ട വല്ലവരും - അത് ആലു ബൈത്തില്‍ പെട്ടവരോ അല്ലാത്തവരോ ആകട്ടെ-  അന്നേ ദിവസം മദ്ഹുകള്‍ പാടി മൗലിദ് ആഘോഷിച്ച  വല്ല പ്രമാണവും എനിക്ക് ലഭിക്കുന്ന പക്ഷം അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



سأكون أول من يحتفل بالمولد النبوي لو ظفرت بكلمة عن واحد من الأئمة الأربعة في الحث على الاحتفال بيوم المولد، أو خبرٍ عن واحد منهم أنه اجتمع ليلته مع مجتمعين؛ فأنشدوا وتمايلوا!

"വേണ്ട നാല് മദ്ഹബിന്‍റെ ഇമാമീങ്ങളില്‍ ഏതെങ്കിലും ഒരാളില്‍ നിന്നും നബിദിനം ആഘോഷിക്കാനുള്ള ഒരു പദമെങ്കിലും ലഭിച്ചാല്‍, വേണ്ട അന്നത്തെ ദിവസം രാത്രി ആളുകളോടൊപ്പം അവരിലേതെങ്കിലും ഒരാള്‍ ഒത്തു ചേര്‍ന്ന് മൗലിദ് പാടിയും ചാഞ്ഞും ചരിഞ്ഞും അതാഘോഷിച്ചു എന്നതിന് തെളിവ് കൊണ്ടുവന്നാല്‍  അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



 سأكون أول من يحتفل بالمولد النبوي لو كنت أعتقد أن هؤلاء الأئمة ومن سبقهم جفاة غلاظ لا يعرفون قدر نبيهم صلى الله عليه وسلم وحرمته ولا رفيع منزلته.

"ഇപ്രകാരം മുന്‍കഴിഞ്ഞുപോയ ആ ഇമാമീങ്ങളും അവരുടെ മുന്‍ഗാമികളുമെല്ലാം അല്ലാഹുവിന്‍റെ റസൂലിന്‍റെ മഹത്വം മനസ്സിലാക്കാത്തവരും, അദ്ദേഹത്തിന്‍റെ സ്ഥാനമോ ശ്രേഷ്ഠതയോ അറിയാത്തവരും, കഠിനഹൃദയരും സ്നേഹാദരവില്ലാത്തവരുമാണ് എന്നതാണ് എന്‍റെ പക്ഷമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."


سأكون أول من يحتفل بـالمولد النبوي لو كنت أعتقد أن الأمة لم تكن تعرف كيف تعبر عن حبها لنبيها صلى الله عليه وسلم أكثر من ثلاثمائة عام -من نشأنها-؛ حيث لم يقم خلالها مولد واحد!
  

"ആദ്യ മൂന്ന് നൂറ്റാണ്ടുകളില്‍ ഒരു മൗലിദ് പോലും കഴിക്കാത്തതിനാല്‍ ഈ ഉമ്മത്തിന്‍റെ ഏറ്റവും ആധികാരികമായ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകാലത്ത് ജീവിച്ചവരൊക്കെ, തങ്ങളുടെ റസൂലിനെ എങ്ങനെ സ്നേഹിക്കണമെന്നറിയാതെ പോയവരാണ് എന്നതായിരുന്നു എന്‍റെ പക്ഷമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."


 أخيرا .. سأكون أول من يحتفل بـالمولد النبوي لو كنت أعتقد أن السبيل الأهدى: ابتداع المتأخرين، لا اتباع الأسلاف الصالحين.

"അവസാനമായി... സച്ചരിതരായ മുന്‍ഗാമികളുടെ പാത പിന്തുടരുന്നതിനേക്കാള്‍ പിന്‍കാലത്ത് വന്നവരുടെ പുത്തനാചാരങ്ങള്‍ പിന്തുടരലാണ് ഏറ്റവും നല്ലത് എന്നതായിരുന്നു എന്‍റെ വിശ്വാസമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."


والحمد لله رب العالمين، وصلى الله وسلم على عبده ورسوله وخليله نبينا محمد، وعلى آله وصحبه أجمعين.
-----------------
നബി (സ) യുടെ ചര്യയില്‍ മരണം വരെ ഉറച്ച് നില്‍ക്കാന്‍ നമുക്കേവര്‍ക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ. മതത്തിന്റെ പേരിൽ കെട്ടിയുണ്ടാക്കപ്പെടുന്ന പുത്തൻ ആചാരങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ... 


അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Friday, August 28, 2020

ആശൂറാഅ് നോമ്പ് - കാരണം, ശ്രേഷ്ടത, പ്രതിഫലം.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

പവിത്രമാക്കപ്പെട്ട മുഹറം മാസത്തിൽ അനുഷ്ഠിക്കപ്പെടുന്ന സുന്നത്ത് നോമ്പുകളാണ് പരിശുദ്ധ റമളാനിലെ നോമ്പ് കഴിഞ്ഞാൽ പിന്നെ ഏറ്റവും ശ്രേഷ്ഠതയുള്ള നോമ്പുകൾ. അതിൽത്തന്നെ ഏറ്റവും സുപ്രധാനമാണ് മുഹറം പത്ത് അഥവാ ആശൂറാഅ് ദിവസത്തിലെ നോമ്പ്. ആശൂറാഅ് നോമ്പിൻ്റെ കാരണം, ശ്രേഷ്ഠത, പ്രതിഫലം എന്നീ കാര്യങ്ങളാണ് നാം ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. 


ആശൂറാ
അ് നോമ്പിന്‍റെ കാരണം: 

ആശൂറാഅ് എന്ന നോമ്പിന് മൂസ അലൈഹിസ്സലാമിന്‍റെ ചരിത്രവുമായി ഏറെ ബന്ധമുണ്ട്. ആശൂറാഅ് നോമ്പിന്‍റെ കാരണം വ്യക്തമാക്കുന്ന ഹദീസില്‍   ഇപ്രകാരം കാണാം:


عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ فَرَأَى الْيَهُودَ تَصُومُ يَوْمَ عَاشُورَاءَ فَقَالَ مَا هَذَا ؟ قَالُوا : هَذَا يَوْمٌ صَالِحٌ ، هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ فَصَامَهُ مُوسَى، قَالَ فَأَنَا أَحَقُّ بِمُوسَى مِنْكُمْ فَصَامَهُ وَأَمَرَ بِصِيَامِهِ "


ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം. നബി (സ) മദീനയിലേക്ക് കടന്നുവന്ന സന്ദര്‍ഭത്തില്‍ അവിടെയുള്ള ജൂതന്മാര്‍ മുഹറം പത്ത് (ആശൂറാഅ്) നോമ്പെടുക്കുന്നതായിക്കണ്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ഇതെന്ത് ദിവസമാണ് ?. അവര്‍ പറഞ്ഞു: "ഇതൊരു നല്ല ദിവസമാണ്. ഈ ദിവസത്തിലാണ് ബനൂ ഇസ്റാഈല്യരെ അവുടെ ശത്രുവില്‍ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയത്. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: "മൂസയെ നിങ്ങളെക്കാള്‍ അര്‍ഹിക്കുന്നത് ഞാനാണ്". അദ്ദേഹം ആ ദിവസം നോമ്പ് നോല്‍ക്കുകയും മറ്റുള്ളവരോട് നോല്‍ക്കാന്‍ കല്പിക്കുകയും ചെയ്തു. - [സ്വഹീഹുല്‍ ബുഖാരി: 1865].  

മൂസ അലൈഹിസ്സലാം ജനിച്ചത് വളരെദുസ്സഹമായ ഒരു ഭരണകാലഘട്ടത്തിലായിരുന്നു. ബനൂ ഇസ്റാഈല്യരില്‍ ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം കൊന്നൊടുക്കപ്പെടുന്ന കാലഘട്ടം. അദ്ദേഹത്തിന്‍റെ ജനനം മുതല്‍ക്കുള്ള സംഭവങ്ങളെപ്പറ്റിയും, കിരാതഭരണാധികാരിയായിരുന്ന ഫിര്‍ഔനില്‍ നിന്ന് അല്ലാഹു അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയ സംരക്ഷണത്തെപ്പറ്റിയും വിശുദ്ധഖുര്‍ആനിളുടനീളം അല്ലാഹു നമുക്ക് പറഞ്ഞുതരുന്നുണ്ട്. 

قَالَ قَدْ أُوتِيتَ سُؤْلَكَ يَا مُوسَىٰ (36) وَلَقَدْ مَنَنَّا عَلَيْكَ مَرَّةً أُخْرَىٰ (37)إِذْ أَوْحَيْنَا إِلَىٰ أُمِّكَ مَا يُوحَىٰ (38أَنِ اقْذِفِيهِ فِي التَّابُوتِ فَاقْذِفِيهِ فِي الْيَمِّ فَلْيُلْقِهِ الْيَمُّ بِالسَّاحِلِ يَأْخُذْهُ عَدُوٌّ لِّي وَعَدُوٌّ لَّهُ ۚ وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّي وَلِتُصْنَعَ عَلَىٰ عَيْنِي (39) إِذْ تَمْشِي أُخْتُكَ فَتَقُولُ هَلْ أَدُلُّكُمْ عَلَىٰ مَن يَكْفُلُهُ ۖ فَرَجَعْنَاكَ إِلَىٰ أُمِّكَ كَيْ تَقَرَّ عَيْنُهَا وَلَا تَحْزَنَ ۚ وَقَتَلْتَ نَفْسًا فَنَجَّيْنَاكَ مِنَ الْغَمِّ وَفَتَنَّاكَ فُتُونًا ۚ فَلَبِثْتَ سِنِينَ فِي أَهْلِ مَدْيَنَ ثُمَّ جِئْتَ عَلَىٰ قَدَرٍ يَا مُوسَىٰ (40) وَاصْطَنَعْتُكَ لِنَفْسِي (41) اذْهَبْ أَنتَ وَأَخُوكَ بِآيَاتِي وَلَا تَنِيَا فِي ذِكْرِي (42) اذْهَبَا إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ (43) فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ (44) قَالَا رَبَّنَا إِنَّنَا نَخَافُ أَن يَفْرُطَ عَلَيْنَا أَوْ أَن يَطْغَىٰ (45) قَالَ لَا تَخَافَا ۖ إِنَّنِي مَعَكُمَا أَسْمَعُ وَأَرَىٰ (46) فَأْتِيَاهُ فَقُولَا إِنَّا رَسُولَا رَبِّكَ فَأَرْسِلْ مَعَنَا بَنِي إِسْرَائِيلَ وَلَا تُعَذِّبْهُمْ ۖ قَدْ جِئْنَاكَ بِآيَةٍ مِّن رَّبِّكَ ۖ وَالسَّلَامُ عَلَىٰ مَنِ اتَّبَعَ الْهُدَىٰ (47) إِنَّا قَدْ أُوحِيَ إِلَيْنَا أَنَّ الْعَذَابَ عَلَىٰ مَن كَذَّبَ وَتَوَلَّىٰ (48) قَالَ فَمَن رَّبُّكُمَا يَا مُوسَىٰ (49) قَالَ رَبُّنَا الَّذِي أَعْطَىٰ كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَىٰ (50)


"അവന്‍ ( അല്ലാഹു ) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത്‌ നിനക്ക്‌ നല്‍കപ്പെട്ടിരിക്കുന്നു (36). മറ്റൊരിക്കലും നിനക്ക്‌ നാം അനുഗ്രഹം ചെയ്ത്‌ തന്നിട്ടുണ്ട്‌ (37). അതായത്‌ നിന്‍റെ മാതാവിന്‌ ബോധനം നല്‍കപ്പെടേണ്ട കാര്യം നാം ബോധനം നല്‍കിയ സന്ദര്‍ഭത്തില്‍ (38). നീ അവനെ ( കുട്ടിയെ ) പെട്ടിയിലാക്കിയിട്ട്‌ നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയില്‍ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാള്‍ അവനെ എടുത്ത്‌ കൊള്ളും. ( ഹേ; മൂസാ, ) എന്‍റെ പക്കല്‍ നിന്നുള്ള സ്നേഹം നിന്‍റെ മേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു. എന്‍റെ നോട്ടത്തിലായിക്കൊണ്ട നീ വളര്‍ത്തിയെടുക്കപ്പെടാന്‍ വേണ്ടിയും കൂടിയാണത്‌ (39). നിന്‍റെ സഹോദരി നടന്ന്‌ ചെല്ലുകയും ഇവന്‍റെ (കുട്ടിയുടെ) സംരക്ഷണമേല്‍ക്കാന്‍ കഴിയുന്ന ഒരാളെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ച്‌ തരട്ടെയോ എന്ന്‌ പറയുകയും ചെയ്യുന്ന സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) അങ്ങനെ നിന്‍റെ മാതാവിങ്കലേക്ക്‌ തന്നെ നിന്നെ നാം തിരിച്ചേല്‍പിച്ചു. അവളുടെ കണ്‍കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും വേണ്ടി. നീ ഒരാളെ കൊല്ലുകയുണ്ടായി. എന്നിട്ട്‌ ( അതു സംബന്ധിച്ച്‌ ) മനഃക്ലേശത്തില്‍ നിന്ന്‌ നിന്നെ നാം രക്ഷിക്കുകയും ചെയ്തു. പല പരീക്ഷണങ്ങളിലൂടെയും നിന്നെ നാം പരീക്ഷിക്കുകയുണ്ടായി. അങ്ങനെ മദ്‌യങ്കാരുടെ കൂട്ടത്തില്‍ കൊല്ലങ്ങളോളം നീ താമസിച്ചു. പിന്നീട്‌ ഹേ; മൂസാ, നീ ( എന്‍റെ ) ഒരു നിശ്ചയപ്രകാരം ഇതാ വന്നിരിക്കുന്നു (40). എന്‍റെ സ്വന്തം കാര്യത്തിനായി നിന്നെ ഞാന്‍ വളര്‍ത്തിയെടുത്തിരിക്കുന്നു (41). എന്‍റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്‍റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്‌ (42). നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്‍റെ അടുത്തേക്ക്‌ പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു (43). എന്നിട്ട്‌ നിങ്ങള്‍ അവനോട്‌ സൌമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം (44). അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക്‌ എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു (45). അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌ (46). അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്‍റെ അടുത്ത്‌ ചെന്നിട്ട്‌ പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌. നിന്‍റെയടുത്ത്‌ ഞങ്ങള്‍ വന്നിട്ടുള്ളത്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം (47). നിഷേധിച്ച്‌ തള്ളുകയും പിന്‍മാറിക്കളയുകയും ചെയ്തവര്‍ക്കാണ്‌ ശിക്ഷയുള്ളതെന്ന്‌ തീര്‍ച്ചയായും ഞങ്ങള്‍ക്ക്‌ ബോധനം നല്‍കപ്പെട്ടിരിക്കുന്നു (48). അവന്‍ (ഫിര്‍ഔന്‍) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ്‌ നിങ്ങളുടെ രണ്ട്‌ പേരുടെയും രക്ഷിതാവ്‌? (49). അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട്‌ (അതിന്‌) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌ (50)."
- [സൂറത്തു ത്വാഹാ: 36-50].


ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട നോമ്പിന് ആസ്പദമായ ബനൂ ഇസ്റാഈല്യരെ ഫിര്‍ഔനില്‍ നിന്നും രക്ഷിച്ച സംഭവം വിശുദ്ധഖുര്‍ആനില്‍ പ്രതിപാദിക്കുന്നത് കാണുക:
وَلَقَدْ أَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَسْرِ بِعِبَادِي فَاضْرِبْ لَهُمْ طَرِيقًا فِي الْبَحْرِ يَبَسًا لَّا تَخَافُ دَرَكًا وَلَا تَخْشَىٰ (77) فَأَتْبَعَهُمْ فِرْعَوْنُ بِجُنُودِهِ فَغَشِيَهُم مِّنَ الْيَمِّ مَا غَشِيَهُمْ (78) وَأَضَلَّ فِرْعَوْنُ قَوْمَهُ وَمَا هَدَىٰ (79) يَا بَنِي إِسْرَائِيلَ قَدْ أَنجَيْنَاكُم مِّنْ عَدُوِّكُمْ وَوَاعَدْنَاكُمْ جَانِبَ الطُّورِ الْأَيْمَنَ وَنَزَّلْنَا عَلَيْكُمُ الْمَنَّ وَالسَّلْوَىٰ (80) كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَلَا تَطْغَوْا فِيهِ فَيَحِلَّ عَلَيْكُمْ غَضَبِي ۖ وَمَن يَحْلِلْ عَلَيْهِ غَضَبِي فَقَدْ هَوَىٰ (81)
"മൂസായ്ക്ക്‌ നാം ഇപ്രകാരം ബോധനം നല്‍കുകയുണ്ടായി: എന്‍റെ ദാസന്‍മാരെയും കൊണ്ട്‌ രാത്രിയില്‍ നീ പോകുക. എന്നിട്ട്‌ അവര്‍ക്ക്‌ വേണ്ടി സമുദ്രത്തിലൂടെ ഒരു ഉണങ്ങിയ വഴി നീ ഏര്‍പെടുത്തികൊടുക്കുക. (ശത്രുക്കള്‍) പിന്തുടര്‍ന്ന്‌ എത്തുമെന്ന്‌ നീ പേടിക്കേണ്ടതില്ല. (യാതൊന്നും) നീ ഭയപ്പെടേണ്ടതുമില്ല (77). അപ്പോള്‍ ഫിര്‍ഔന്‍ തന്‍റെ സൈന്യങ്ങളോട്‌ കൂടി അവരുടെ പിന്നാലെ ചെന്നു.അപ്പോള്‍ കടലില്‍ നിന്ന്‌ അവരെ ബാധിച്ചതെല്ലാം അവരെ ബാധിച്ചു (78). ഫിര്‍ഔന്‍ തന്‍റെ ജനതയെ ദുര്‍മാര്‍ഗത്തിലാക്കി. അവന്‍ നേര്‍വഴിയിലേക്ക്‌ നയിച്ചില്ല (79). ഇസ്രായീല്‍ സന്തതികളേ, നിങ്ങളുടെ ശത്രുവില്‍ നിന്ന്‌ നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ത്വൂര്‍ പര്‍വ്വതത്തിന്‍റെ വലതുഭാഗം നിങ്ങള്‍ക്ക്‌ നാം നിശ്ചയിച്ച്‌ തരികയും, മന്നായും സല്‍വായും നിങ്ങള്‍ക്ക്‌ നാം ഇറക്കിത്തരികയും ചെയ്തു (80). നിങ്ങള്‍ക്ക്‌ നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിച്ച്‌ കൊള്ളുക. അതില്‍ നിങ്ങള്‍ അതിരുകവിയരുത്‌. ( നിങ്ങള്‍ അതിരുകവിയുന്ന പക്ഷം ) എന്‍റെ കോപം നിങ്ങളുടെ മേല്‍ വന്നിറങ്ങുന്നതാണ്‌. എന്‍റെ കോപം ആരുടെമേല്‍ വന്നിറങ്ങുന്നുവോ അവന്‍ നാശത്തില്‍ പതിച്ചു (81)".  - [സൂറത്തു ത്വാഹാ: 77-81]. 

ഈ സംഭവത്തില്‍ ഫിര്‍ഔനില്‍ നിന്ന് രക്ഷിച്ചതിന് നന്ദി എന്നോണമാണ് ആ ദിവസം മൂസാ അലൈഹിസ്സലാം നോമ്പ് അനുഷ്ടിച്ചത്. സ്വഹീഹ് മുസ്‌ലിമിലെ  ഹദീസില്‍ ആ ദിവസത്തിന്‍റെ പ്രത്യേകത എന്ത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ റസൂല്‍ (സ) യോട് ഇപ്രകാരം പറഞ്ഞതായിക്കാണാം:
  فصامه موسى شكراً لله تعالى فنحن نصومه  
"അപ്പോള്‍ അല്ലാഹുവിന് നന്ദിയെന്നോണം മൂസ അലൈഹിസ്സലാം ആ ദിനം നോമ്പ് പിടിച്ചു. അതിനാല്‍ നമ്മളും അത് നോല്‍ക്കുന്നു". - [സ്വഹീഹ് മുസ്‌ലിം]. 

ആശൂറാഅ് നോമ്പിന്‍റെ ശ്രേഷ്ടത: 

നബി (സ) പറഞ്ഞു: 

صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ "
"അറഫ ദിനത്തിലെ നോമ്പ് കാരണം അല്ലാഹു കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു. ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ അതുകാരണം കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു." - [സ്വഹീഹ് മുസ്‌ലിം: 1162]. 

അതുപോലെ മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: 

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ إِلا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ يَعْنِي شَهْرَ رَمَضَانَ . " 
ഇബ്നു അബ്ബാസ് (റ)  പറഞ്ഞു: "അങ്ങേയറ്റത്തെ താല്പര്യത്തോടെ, മറ്റുള്ളവയെക്കാള്‍ പ്രാധാന്യം നല്‍കിക്കൊണ്ട് നബി (സ) ഏതെങ്കിലും ദിവസം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇന്ന ദിവസമൊഴികെ അതായത് ആശൂറാഅ് ദിവസം, ഇന്ന മാസമൊഴികെ അതായത് റമളാന്‍ മാസം." - [സ്വഹീഹുല്‍ ബുഖാരി: 1862]. അഥവാ സാധാരണ സുന്നത്ത് നോമ്പുകളെക്കാള്‍ പ്രാധാന്യം ആശൂറാഅ് നോമ്പിന് നബി (സ) നല്‍കാറുണ്ടായിരുന്നു. 

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഒരു ദിവസം നോമ്പ് അനുഷ്ടിക്കുന്നത്കൊണ്ട് ലഭിക്കുന്ന മറ്റെല്ലാ ശ്രേഷ്ഠത്തകളും ആശൂറാഅ് നോമ്പിനും ഉണ്ട്. 

عن أبوسعيد الخدري رضي الله عنه قال سمعت النبي صلى الله عليه وسلم يقول: من صام يوما في سبيل الله بعد الله وجهه عن النار سبعين خريفا.
അബൂ സഈദ് അല്‍ ഖുദ്'രി (റ) വില്‍ നിന്നും നിവേദനം: നബി (സ) പറയുന്നതായി ഞാന്‍ കേട്ടു: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ആരെങ്കിലും ഒരു നോമ്പ് നോറ്റാല്‍ അല്ലാഹു അവന്‍റെ മുഖത്തെ നരകത്തില്‍ നിന്നും എഴുപത് വര്‍ഷത്തെ വഴിദൂരം അകറ്റുന്നതാണ്. - [متفق عليه]. 

ആശൂറാഅ് ദിവസത്തോടൊപ്പം താസൂആഅ് (മുഹറം ഒന്‍പത്) കൂടി നോല്‍ക്കല്‍ സുന്നത്ത്:
 


ഇമാം മുസ്‌ലിം റഹിമഹുല്ല ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:
عن عَبْدَ اللَّهِ بْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قال : حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.
ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി (സ) ആശൂറാഅ് ദിവസം നോമ്പ് നോല്‍ക്കുകയും ആ ദിവസത്തില്‍ നോമ്പെടുക്കാന്‍ കല്പിക്കുകയും ചെയ്തപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: യാ റസൂലല്ലാഹ്.. അത് ജൂത- ക്രൈസ്തവര്‍ മഹത് വല്‍ക്കരിക്കുന്ന ദിനമല്ലേ... അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: "ഇന്‍ ഷാ അല്ലാഹ്, അടുത്ത വര്‍ഷം നാം (ജൂത-ക്രൈസ്തവരില്‍ നിന്നും വ്യത്യസ്ഥരാവാനായി) ഒന്‍പതം ദിവസം കൂടി നോമ്പെടുക്കും. പക്ഷെ അടുത്ത വര്‍ഷം കടന്നു വരുമ്പോഴേക്ക് റസൂല്‍ (സ) വഫാത്തായിരുന്നു. - [സ്വഹീഹ് മുസ്‌ലിം: 1916].  അതുകൊണ്ട് തന്നെ മുഹറം പത്തിനോടൊപ്പം മുഹറം ഒന്‍പത് കൂടി നോല്‍ക്കുന്നത് സുന്നത്താണ്. ജൂത ക്രൈസ്തവരില്‍ നിന്ന് ആചാരാനുഷ്ടാനങ്ങളില്‍ വിശ്വാസികള്‍ വ്യത്യസ്ഥത പുലര്‍ത്തണം എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അവരുടെ ആഘോഷ-ആചാരങ്ങളെ വാരിപ്പുണരുന്ന ചില ആളുകള്‍ക്ക് സ്വഹാബാത്ത് റസൂലുല്ലയോട് ചോദിച്ച ചോദ്യം ഒരു പാഠമാണ്. 

മുഹറത്തിലെ നോമ്പ് കൊണ്ട് പൊറുക്കപ്പെടുന്നത് ചെറുപാപങ്ങള്‍: 

ഇമാം നവവി റഹിമഹുല്ല പറയുന്നു: "അറഫാദിനത്തിലെ നോമ്പ് രണ്ട് വര്‍ഷങ്ങളിലെ പാപങ്ങള്‍ പൊറുക്കുന്നു. ആശൂറാഇലെ നോമ്പ് ഒരുവര്‍ഷത്തെ പാപം പൊറുക്കുന്നു. ഒരാളുടെ ആമീന്‍ പറയല്‍ മലാഇകത്തിന്‍റെ ആമീന്‍ പറയലിനോട് ചെര്‍ന്നുവന്നാല്‍ അവന്‍റെ കഴിഞ്ഞ എല്ലാ പാപങ്ങളും പൊറുക്കപ്പെടുന്നു. ഈ പറഞ്ഞവയെല്ലാം പാപമോചനത്തിന് കാരണങ്ങളാണ്. ഒരാള്‍ക്ക് ചെറുപാപങ്ങള്‍ ഉണ്ടെങ്കില്‍ അത് പൊറുക്കപ്പെടുന്നു. ചെറുപാപങ്ങളോ വന്‍പാപങ്ങളോ ഇല്ലെങ്കില്‍ അവ അവന് നന്മയായി രേഖപ്പെടുത്തപ്പെടുകയും അവന്‍റെ പദവികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇനി ഒരാള്‍ക്ക് ചെറുപാപങ്ങളില്ല വന്‍പാപങ്ങള്‍ മാത്രമാണ് ഉള്ളതെങ്കില്‍ ആ വന്‍പാപങ്ങളുടെ പാപഭാരം ആ നോമ്പ് കാരണത്താല്‍ കുറയുമെന്ന് നാം പ്രതീക്ഷിക്കുന്നു."  - [അല്‍മജ്മൂഅ്: വോ: 6].   

ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) പറയുന്നു: " ശുദ്ധി വരുത്തല്‍  (വുളു, കുളി) , നമസ്കാരം, റമളാനിലെ നോമ്പ്, അറഫയിലെ നോമ്പ്,  ആശൂറാഇലെ നോമ്പ് തുടങ്ങിയവ ചെറുപാപങ്ങള്‍ പൊറുക്കപ്പെടാനുള്ള കാരണങ്ങളാണ്". - [അല്‍ഫതാവല്‍കുബ്റ: വോ: 5]. 

അഥവാ വന്‍പാപങ്ങള്‍ ഉള്ളവന്‍ പ്രത്യേകമായി അതില്‍നിന്നും തൗബ ചെയ്ത് മടങ്ങണം. അല്ലാഹു നമ്മുടെ തെറ്റുകുറ്റങ്ങള്‍ മാപ്പാക്കിത്തരുമാറാകട്ടെ .... ഏറെ ശ്രേഷ്ടകരമായ ആശൂറാഅ് ദിവസത്തില്‍ അനാചാരങ്ങളും അന്തവിശ്വാസങ്ങളും കൊണ്ടാടി ആ ദിവസത്തെ മോശമായിക്കാണുകയും മോശമാക്കി മാറ്റുകയും ചെയ്യുന്ന വികല വിശ്വാസങ്ങളില്‍ നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കുകയും ചെയ്യട്ടെ ... 


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി.എൻ