Pages
- Home
- വിജ്ഞാനം
- അഖീദ
- നമസ്കാരം.
- സകാത്ത്
- സകാത്തുൽ ഫിത്വർ.
- സാമ്പത്തികം
- പെരുന്നാള്‍ - ഉളുഹിയ്യത്ത്
- ദുല്‍ഹിജ്ജ
- ദഅ'വ
- പലിശ
- മാസപ്പിറവി
- ത്വഹാറ
- സ്വഹാബ
- മറ്റു വിഷയങ്ങൾ
- ജനാസ - മയ്യിത്ത് പരിപാലനം
- മെഡിക്കല്‍
- നോമ്പ്
- അനന്തരാവകാശം
- പ്രതികരണം - റുദൂദ്
- ഇന്‍ഷൂറന്‍സ്
- ടെററിസം
- ജനാധിപത്യം - വോട്ട്
- വൈവാഹികം
- ബിദ്അത്ത്
- ഫിഖ്ഹ് പഠനം- വീഡിയോ
- ഹജ്ജ് - ഉംറ
- കൊറോണ
Saturday, May 30, 2020
Thursday, May 28, 2020
റമദാനിലെ നോമ്പ് നോറ്റു വീട്ടുന്നതിന് മുന്‍പ് ശവ്വാലിലെ ആറു നോമ്പ് നോല്‍ക്കാമോ ?.
ചോദ്യം: റമദാനിലെ നോമ്പ് നോറ്റു വീട്ടുന്നതിന് മുന്‍പ് ശവ്വാലിലെ ആറു നോമ്പ് നോല്‍ക്കാമോ ?. വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.
www.fiqhussunna.com
ഉത്തരം:
الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛
പ്രബലമായ അഭിപ്രായപ്രകാരം റമദാന്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ശവ്വാലിലെ ആറു നോമ്പ് നോല്‍ക്കേണ്ടത്. ആറു നോമ്പുമായി ബന്ധപ്പെട്ടു വന്ന ഹദീസില്‍ തന്നെ അതിനുള്ള സൂചനയുണ്ട്. ഇമാം മുസ്‌ലിം ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:
عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ"
അബൂ അയ്യൂബ് അല്‍അന്‍സാരി (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ആരെങ്കിലും റമളാന്‍ നോമ്പനുഷ്ടിക്കുകയും, ശേഷം ശവ്വാല്‍ മാസത്തില്‍ നിന്നും ആറു നോമ്പുകള്‍ അതിനെ തുടര്‍ന്ന് നോല്‍ക്കുകയും ചെയ്‌താല്‍ അത് വര്‍ഷം മുഴുവന്‍ നോമ്പ് നോറ്റതുപോലെയാണ്." - [സ്വഹീഹ് മുസ്‌ലിം: 1164, മുസ്നദ് അഹ്മദ്: 23580, തിര്‍മിദി: 759, നസാഇ: 2862, ഇബ്നു മാജ: 1716 ].
റമളാനിലെ നോമ്പ് അനുഷ്ഠിക്കുകയും ശേഷം ശവ്വാല്‍ മാസത്തില്‍ നിന്നും ആറു നോമ്പുകള്‍ നോല്‍ക്കുകയും ചെയ്‌താല്‍ എന്നാണ് ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. അഥവാ ثم എന്ന പദം അറബി ഭാഷയില്‍ ഒരു കാര്യത്തിന് ശേഷം മറ്റൊരു കാര്യം ചെയ്യുന്നതിനാണ് പ്രയോഗിക്കുക. അപ്പോള്‍ ഒരാള്‍ റമദാനിലെ നോമ്പ് പൂര്‍ത്തീകരിച്ച ശേഷം ശവ്വാലിലെ ആറു നോമ്പുകള്‍ നോല്‍ക്കുക എന്നതാണ് അതര്‍ത്ഥമാക്കുന്നത്.
അതുപോലെ റമളാന്‍ പൂര്‍ണമായി നോല്‍ക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം صام رمضان 'റമളാന്‍ നോറ്റവന്‍' എന്ന് പറയുകയില്ല. صام بعض رمضان 'റമളാനിലെ ചില ദിനങ്ങള്‍ നോറ്റവന്‍' എന്നേ ഭാഷാപരമായി പറയുകയുള്ളൂ.
ഇനി ഫര്‍ള് നോമ്പുകള്‍ ബാക്കിയുള്ളവര്‍ അത് നോറ്റ് വീട്ടുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്നത് ഒരു അടിസ്ഥാന തത്വമാണ്. ഇത് മുന്‍പ് മറ്റൊരു ലേഖനത്തില്‍ നാം വ്യക്തമാക്കിയിട്ടുണ്ട്. അത് ഇവിടെ ആവര്‍ത്തിക്കാം:
ചോദ്യം: ഫര്‍ള് നോമ്പ് നോറ്റ് വീട്ടാനുള്ളവര്‍ക്ക് സുന്നത്ത് നോമ്പുകള്‍ നോല്‍ക്കാമോ ?.
www.fiqhussunna.com
ഉത്തരം: ഇത് ഫുഖഹാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുള്ള വിഷയമാണ്. ഖണ്ഡിതവും സ്വീകാര്യയോഗ്യവുമായ ഒരു തെളിവ് ഈ വിഷയത്തില്‍ വരാത്തത് കൊണ്ടാണത്.
ഹനഫീ, മാലികീ, ശാഫിഈ മദ്ഹബുകളിലെ കൂടുതല്‍ ഫുഖഹാക്കളും റമദാനിലെ നോമ്പ് നോറ്റ് വീട്ടാനുള്ളവര്‍ക്ക്, അത് നോറ്റു വീട്ടുന്നതിന് മുന്‍പായിത്തന്നെ സുന്നത്ത് നോമ്പുകള്‍ അനുഷ്ടിക്കാം എന്ന അഭിപ്രായക്കാരാണ്. ഹനഫീ മദ്ഹബിലെ പണ്ഡിതന്മാര്‍ നിരുപാധികം അത് അനുവദനീയമായിക്കാണുന്നു. എന്നാല്‍ മാലികീ മദ്ഹബിലെയും, ശാഫിഈ മദ്ഹബിലെയും പണ്ഡിതന്മാര്‍ അത് അനുവദനീയമായിക്കാണുന്നുവെങ്കിലും അവരുടെ അഭിപ്രായപ്രകാരം അത് വെറുക്കപ്പെട്ടതാണ്. അഥവാ അവരത് അനുവദനീയമായിക്കാണുന്നു എങ്കില്‍കൂടി റമദാനിലെ നോമ്പുകള്‍ നോറ്റ് വീട്ടുന്നത് മുന്തിപ്പിക്കുന്നതാണ് അവര്‍ കൂടുതല്‍ ഉചിതമായിക്കാണുന്നത് എന്നര്‍ത്ഥം. ഒരു റമദാനിലെ നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടല്‍ അടുത്ത റമദാന്‍ എത്തുന്നത് വരെ സാവകാശമുള്ള ഒരു കര്‍മമാണ് എന്നതാണ് അത് അനുവദനീയമാണ് എന്നതിന് അവര്‍ക്കുള്ള തെളിവ്.
ഹംബലീ മദ്ഹബിലെ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ഫര്‍ദ് നോമ്പ് ബാക്കി നില്‍ക്കെ സുന്നത്ത് നോമ്പുകള്‍ പിടിക്കാന്‍ പാടില്ല. അതിനവര്‍ തെളിവായി ഉദ്ദരിച്ചത് ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ആണ്.
ومن صام تطوعا وعليه من رمضان شيء لم يقضه ، فإنه لا يتقبل منه حتى يصومه
"റമദാനില്‍ നിന്നുള്ള നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിയിരിക്കെ ആരെങ്കിലും സുന്നത്ത് നോമ്പുകള്‍ നോറ്റാല്‍, ആ (ഫര്‍ദ്) നോമ്പുകള്‍ നോറ്റു വീട്ടുന്നത് വരെ അത് അവനില്‍ നിന്നും സ്വീകരിക്കപ്പെടുകയില്ല". - [മുസ്നദ് അഹ്മദ്: 2/352].
ഈ ഹദീസ് സ്വഹീഹ് ആയിരുന്നുവെങ്കില്‍ ഈ വിഷയത്തിലെ ചര്‍ച്ചക്ക് യാതൊരു പ്രസക്തിയും ഉണ്ടാകുമായിരുന്നില്ല. പക്ഷെ ഈ ഹദീസ് ളഈഫ് ആണ് എന്ന് മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അബൂഹുറൈറ (റ) വില്‍ നിന്നും ഇബ്നു ലുഹൈഅ (ابن اهيعة) മാത്രമേ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ എന്ന് ഇമാം ത്വബറാനി രേഖപ്പെടുത്തിയിട്ടുണ്ട്. [الأوسط : 2/99]. ഇബ്നു ലുഹൈഅ ആകട്ടെ ദുര്‍ബലനുമാണ്. ശൈഖ് അല്‍ബാനി (റ) ഇമാം ത്വബറാനിയുടെ ഉദ്ദരണി എടുത്ത് കൊടുത്ത ശേഷം പറയുന്നു: "ഇബ്നു ലുഹൈഅ മോശമായ ഹിഫ്'ളുളള ആളാണ്. അദ്ദേഹത്തിന് അതിന്‍റെ സനദിലും മത്നിലും ആശയക്കുഴപ്പം (اضطراب) സംഭവിച്ചിട്ടുണ്ട്." - [സില്‍സിലതു-ളഈഫ: 2/838]. അതുകൊണ്ടുതന്നെ ഈ ഹദീസ് ദുര്‍ബലമാണ് എന്നാണ് ശൈഖ് അല്‍ബാനി (റ) രേഖപ്പെടുത്തിയത്. അതിനാല്‍ത്തന്നെ ഈ ഹദീസ് വിഷയത്തിലെ അന്തിമ തീരുമാനമെടുക്കാനുള്ള തെളിവായി പരിഗണിക്കാന്‍ സാധിക്കില്ല.
മാത്രമല്ല ഇമാം അഹ്മദ് (റ) യില്‍ നിന്നും ഫര്‍ദ് നോറ്റു വീട്ടുന്നതിന് മുന്‍പ് സുന്നത്ത് നോല്‍ക്കല്‍ അനുവദനീയമാണ് എന്ന അഭിപ്രായവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏതായാലും തെളിവുകള്‍ പരിശോധിച്ചാല്‍, റമദാനിലെ നോമ്പ് നോറ്റുവീട്ടുക എന്നത് സമയ-സാവകാശം ഉള്ള ഒരു കര്‍മമായതുകൊണ്ട് അതിനു മുന്‍പായി അറഫ, ആശൂറാ തുടങ്ങിയ നോമ്പുകള്‍ നിര്‍വഹിക്കപ്പെടുകയാണ് എങ്കില്‍ അത് തെറ്റെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ നിര്‍ബന്ധമായ നോമ്പ് ഒരു കടമാണ് എന്നതിനാല്‍ സുന്നത്ത് നോമ്പുകള്‍ എടുക്കുന്നതിനേക്കാള്‍ പ്രാധാന്യവും മുന്‍ഗണനയും റമദാനിലെ നോമ്പിനാണ് നല്‍കേണ്ടത് എന്നതും, അത് ബാധ്യതയായുള്ളവര്‍ ആദ്യം അത് നോറ്റു വീട്ടുന്നതാണ് ഏറ്റവും അഫ്ളല്‍ എന്നുമുള്ളതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഫര്‍ദ് നോറ്റു വീട്ടാനാണ് മുന്‍ഗണന നല്‍കേണ്ടത്.
ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു:
بالنسبة للصيام الفريضة والنافلة لا شك أنه من المشروع والمعقول أن يبدأ بالفريضة قبل النافلة ، لأن الفريضة دَيْنٌ واجب عليه ، والنافلة تطوع إن تيسرت وإلا فلا حرج ، وعلى هذا فنقول لمن عليه قضاء من رمضان : اقض ما عليك قبل أن تتطوع ، فإن تطوع قبل أن يقضي ما عليه فالصحيح أن صيامه التطوع صحيح مادام في الوقت سعة ، لأن قضاء رمضان يمتد إلى أن يكون بين الرجل وبين رمضان الثاني مقدار ما عليه ، فمادام الأمر موسعا فالنفل جائز ، كصلاة الفريضة مثلا إذا صلى الإنسان تطوعا قبل الفريضة مع سعة الوقت كان جائزا ، فمن صام يوم عرفة ، أو يوم عاشوراء وعليه قضاء من رمضان فصيامه صحيح
"സുന്നത്ത് നോമ്പിന്‍റെയും, ഫര്‍ദ് നോമ്പിന്‍റെയും കാര്യത്തില്‍, മതപരമായും, യക്തികൊണ്ടും സുന്നത്ത് നോമ്പുകള്‍ പിടിക്കുന്നതിന് മുന്‍പേ ഫര്‍ദ് നോമ്പുകള്‍ പിടിക്കുകയാണ് വേണ്ടത് എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം ഫര്‍ദ് നോമ്പ് അവന്‍റെ മേലുള്ള ഒരു നിര്‍ബന്ധബാധ്യതയാണ്. ഐച്ഛികമായ നോമ്പുകളാകട്ടെ അവന് സാധിക്കുമെങ്കില്‍ ചെയ്യാം, ചെയ്യാതിരിക്കുകയുമാകാം. അതുകൊണ്ടുതന്നെ നാം പറയുന്നത്: ആര്‍ക്കെങ്കിലും റമദാനിലെ നോമ്പ് ബാക്കിയുണ്ട് എങ്കില്‍, സുന്നത്ത് നോമ്പുകള്‍ പിടിക്കുന്നതിന് മുന്‍പ് ആദ്യം ഫര്‍ദ് നോമ്പുകള്‍ നോറ്റു വീട്ടുക.
എന്നാല്‍ ഒരാള്‍ ഇനി അഥവാ തന്‍റെ മേലുള്ള ഫര്‍ദ് നോമ്പുകള്‍ നോറ്റുവീട്ടുന്നതിന് മുന്‍പായി സുന്നത്ത് നോമ്പുകള്‍ എടുത്തു എങ്കില്‍, ശരിയായ അഭിപ്രായം ഫര്‍ദ് നോമ്പുകള്‍ നോറ്റു വീട്ടാന്‍ ഇനിയും സമയമുള്ളത് കൊണ്ട് അവന്‍റെ സുന്നത്ത് നോമ്പ് ശരിയാണ് എന്നതാണ്. കാരണം ഒരു വ്യക്തിക്കും അടുത്ത റമദാനുമിടയില്‍ അയാളുടെ മേല്‍ നോറ്റുവീട്ടാന്‍ ബാധ്യതയായുള്ള അത്രയും ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന ഘട്ടം എത്തുന്നത് വരെ അയാള്‍ക്ക് അത് നോറ്റു വീട്ടുവാനുള്ള സാവകാശം ഉണ്ട്. അതുകൊണ്ട് ആ ഫര്‍ദ് നിര്‍വഹിക്കുവാനുള്ള സമയം അവശേഷിക്കുന്നത് വരെ സുന്നത്തുകള്‍ നിര്‍വഹിക്കല്‍ അനുവദനീയമാണ്. ഫര്‍ദ് നമസ്കാരം തന്നെ ഉദാഹരണം. ഫര്‍ദ് നമസ്കാരത്തിന് മുന്‍പായി, അതിന്‍റെ സമയം ഇനിയും അവശേഷിക്കവെ ഒരാള്‍ സുന്നത്ത് നമസ്കാരങ്ങള്‍ നിര്‍വഹിച്ചാല്‍ അത് അനുവദനീയമാണ്. അതുകൊണ്ടുതന്നെ റമദാനില്‍നിന്നുമുള്ള നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിനില്‍ക്കെ ആരെങ്കിലും അറഫയോ, ആശൂറാ നോമ്പോ പിടിച്ചാല്‍ ആ നോമ്പ് ശരിയാണ്." - [مجموع فتاوى ابن عثيمين : 2/438].
അഥവാ അയാളുടെ മേല്‍ നിര്‍ബന്ധ ബാധ്യതയായുള്ള നോമ്പ് നോറ്റു വീട്ടുക എന്നതാണ് സുന്നത്ത് നോമ്പ് എടുക്കുന്നതിനെക്കാള്‍ ഉചിതം. എന്നാല്‍ ആരെങ്കിലും നിര്‍ബന്ധ നോമ്പുകള്‍ നോറ്റു വീട്ടുന്നതിന് മുന്‍പായി സുന്നത്ത് നോമ്പുകള്‍ അനുഷ്ടിചാല്‍ അത് തെറ്റെന്ന് പറയാന്‍ സാധിക്കില്ല. ആ സുന്നത്ത് നോമ്പുകള്‍ക്ക് പകരം വീട്ടാനുള്ള ഫര്‍ദ് നോമ്പുകള്‍ അനുഷ്ടിക്കലായിരുന്നു അഫ്ളല്‍ എന്ന് മാത്രം. ഇതാണ് ശൈഖിന്‍റെ ഫത്'വയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ചോദ്യം: റമദാനില്‍ നഷ്ടപ്പെട്ട ഫര്‍ദ് നോമ്പുകള്‍ നോറ്റു വീട്ടുന്ന ദിവസം, അറഫ, ആശൂറാ തുടങ്ങിയ ദിനങ്ങള്‍ ഒത്തുവന്നാല്‍ രണ്ട് നോമ്പിന്‍റെയും നിയ്യത്ത് ഒരുമിച്ച് വെക്കാന്‍ പാടുണ്ടോ ?.
www.fiqhussunna.com
ഉത്തരം:
إشتراك النية എന്നാണ് ഫുഖഹാക്കള്‍ ഈ മസ്അലയെ വിളിക്കാറുള്ളത്. 'ഖവാഇദുല്‍ ഫിഖ്ഹിയ്യ' ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥങ്ങളില്‍ الأمور بمقاصدها എന്ന ഖാഇദയുടെ കീഴിലാണ് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. ത്വലബതുല്‍ ഇല്‍മിന് കൂടുതല്‍ ഈ വിഷയസംബന്ധമായി പഠിക്കുവാന്‍ 'ഖവാഇദുല്‍ ഫിഖ്ഹിയ്യ' വിശദീകരിക്കുന്ന ഗ്രന്ഥങ്ങളാണ് ഉപകരിക്കുക.
ഒരാള്‍ ഒരു ദിവസം ഫര്‍ദും സുന്നത്തും ഒരുമിച്ച് ഉദ്ദേശിച്ച് കൊണ്ട് നോമ്പ് എടുത്താല്‍, അത് ഫര്‍ദായാണോ, അതോ സുന്നത്തായാണോ, അതോ അവ രണ്ടുമായാണോ പരിഗണിക്കപ്പെടുക എന്ന വിഷയത്തില്‍ ഫുഖഹാക്കള്‍ക്കിടയില്‍ വളരെ വിശാലമായ ചര്‍ച്ചയുണ്ട്. മാത്രമല്ല ഒരേ കര്‍മത്തില്‍ ഫര്‍ദും സുന്നത്തും രണ്ടും ഒരുമിച്ച് ഉദ്ദേശിച്ചുകൊണ്ട് പ്രവര്‍ത്തിക്കല്‍ അനുവദനീയമല്ല എന്നും ഫുഖഹാക്കള്‍ രേഖപ്പെടുത്തിയതായിക്കാണാം. ലജ്നതുദ്ദാഇമയുടെ അഭിപ്രായം ഇതാണ്.
ലജ്നയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം.:
"ഒന്ന് സുന്നത്ത് കിട്ടണം, രണ്ടാമത് ഫര്‍ദായ നോമ്പ് വീടണം എന്നിങ്ങനെ രണ്ട് നിയ്യത്തോടെ സുന്നത്തായ നോമ്പ് നിര്‍വഹിക്കാന്‍ പാടില്ല." - [ ഫത്'വയുടെ പൂര്‍ണരൂപം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.alifta.net/Fatawa/FatawaChapters.aspx?languagename=en&View=Page&PageID=3769&PageNo=1&BookID=7 ].
ഈ വിഷയകമായി ഫുഖഹാക്കള്‍ക്കുള്ള വീക്ഷണ വ്യത്യാസങ്ങളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഈയൊരവസരത്തില്‍ പൂര്‍ണമായി ഇവിടെ ഉദ്ദരിക്കുക സാധ്യമല്ല.
ഏതായാലും അറഫ, ആശൂറാ തുടങ്ങിയ ദിവസങ്ങളില്‍ ഫര്‍ദ് നോറ്റു വീട്ടാനുള്ളവര്‍ ഫര്‍ദ് നോമ്പ് മാത്രം ഉദ്ദേശിച്ചുകൊണ്ട് നോമ്പ് നോല്‍ക്കുകയാണ് വേണ്ടത്.
എന്നാല്‍ ഫര്‍ദ് ഉദ്ദേശിച്ചുകൊണ്ടാണ് അയാള്‍ അത് നിറവേറ്റുന്നത് എങ്കിലും ആ ദിവസത്തിന്‍റെ പ്രത്യേകമായ പ്രതിഫലം കൂടി അയാള്‍ക്ക് ലഭിക്കാന്‍ ഇടയുണ്ടോ ?.
അത്തരം ദിവസങ്ങളില്‍ അയാള്‍ ഫര്‍ദ് നോറ്റുവീട്ടുകയാണ് ചെയ്യുന്നത് എങ്കില്‍ക്കൂടി അയാള്‍ക്ക് ആ ദിവസത്തിന്‍റെ പ്രത്യേകമായ പ്രതിഫലവും ലഭിക്കുമെന്ന് ചില പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍ ഷാ അല്ലാഹ് സുന്നത്ത് നോമ്പിന്‍റെ പ്രതിഫലം കൂടി അല്ലാഹു അയാള്‍ക്ക് അതോടൊപ്പം നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാരണം അയാള്‍ ഫര്‍ദിനെ മുന്തിപ്പിച്ചത് അത് അയാളുടെ മേല്‍ ബാധ്യത ആയ കാര്യമായതുകൊണ്ടാണ്. മാത്രമല്ല ഒരാള്‍ ഫര്‍ദ് ആയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതാണ് അല്ലാഹുവിന് സുന്നത്തിനേക്കാള്‍ ഇഷ്ടപ്പെട്ടത്. അതുകൊണ്ട് ഫര്‍ദ് നോറ്റു വീട്ടുവാനുള്ളവര്‍ ഫര്‍ദ് മാത്രം ഉദ്ദേശിച്ചുകൊണ്ട് ആ ദിവസം നോമ്പ് എടുക്കുകയാണ് വേണ്ടത്. എന്നാല്‍ പ്രതിഫലത്തില്‍ അതോടൊപ്പം ആ ദിവസത്തിലുള്ള മറ്റു പ്രത്യേക പ്രതിഫലങ്ങള്‍കൂടി അല്ലാഹു അവര്‍ക്ക് നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇന്‍ ഷാ അല്ലാഹ്. അവന്‍ ഏറെ ഔദാര്യവാനാണ്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.
അതുകൊണ്ട് ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം ഞാന്‍ ഫര്‍ദും സുന്നത്തും ഒരുമിച്ച് നോല്‍ക്കുന്നു എന്ന ഉദ്ദേശത്തിലല്ല, മറിച്ച് ഫര്‍ദായ നോമ്പ് നോറ്റുവീട്ടുന്നു എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഫര്‍ദ് നോല്‍ക്കുന്നവര്‍ നോല്‍ക്കേണ്ടത്. കാരണം ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഫര്‍ദും, സുന്നത്തും ഒരുമിച്ച് നോല്‍ക്കുന്നു എന്ന് ഒരുമിച്ച് ഉദ്ദേശിച്ച് കൊണ്ട് ഒരാള്‍ ആ ദിവസം നോമ്പ് എടുത്താല്‍ അയാളുടെ നോമ്പ് ഫര്‍ദായാണോ സുന്നത്തായാണോ പരിഗണിക്കപ്പെടുക, അപ്രകാരം രണ്ടും ഒരുമിച്ച് ഉദ്ദേശിച്ചുകൊണ്ട് അമല്‍ ചെയ്യാന്‍ പാടുണ്ടോ തുടങ്ങിയ വിഷയങ്ങളില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വളരെയധികം ചര്‍ച്ചയുണ്ട്.അതുകൊണ്ട് ഫര്‍ദ് വീട്ടാനുള്ളവര്‍ അത് മാത്രം ഉദ്ദേശിച്ചുകൊണ്ട് നോമ്പ് നോല്‍ക്കുക. അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ആ ദിവസങ്ങളില്‍ ഫര്‍ദ് നിര്‍വഹിക്കുകയാണ് എങ്കിലും ഒരുപക്ഷെ അല്ലാഹു അവര്‍ക്ക് ആ രണ്ട് പ്രതിഫലവും നല്‍കുമെന്നതിനെ വ്യക്തമാക്കിക്കൊണ്ട് ശൈഖ് ഇബ്നു ഉസൈമീന്‍ (റ) വിവരിക്കുന്നത് കാണാം.
നേരത്തെ ഉദ്ദരിച്ച ഇബ്നു ഉസൈമീന്‍ (റ) യുടെ മറുപടിയുടെ ബാക്കി ഭാഗത്തില്‍ അദ്ദേഹം പറയുന്നു:
فمن صام يوم عرفة ، أو يوم عاشوراء وعليه قضاء من رمضان فصيامه صحيح ، لكن لو نوى أن يصوم هذا اليوم عن قضاء رمضان حصل له الأجران : أجر يوم عرفة ، وأجر يوم عاشوراء مع أجر القضاء ، هذا بالنسبة لصوم التطوع المطلق الذي لا يرتبط برمضان ، أما صيام ستة أيام من شوال فإنها مرتبطة برمضان ولا تكون إلا بعد قضائه ، فلو صامها قبل القضاء لم يحصل على أجرها ، لقول النبي صلى الله عليه وسلم : « من صام رمضان ثم أتبعه بست من شوال فكأنما صام الدهر » ومعلوم أن من عليه قضاء فإنه لا يعد صائما رمضان حتى يكمل القضاء ، وهذه مسألة يظن بعض الناس أنه إذا خاف خروج شوال قبل صوم الست فإنه يصومها ولو بقي عليه القضاء ، وهذا غلط فإن هذه الستة لا تصام إلا إذا أكمل الإنسان ما عليه من رمضان
"റമദാനില്‍നിന്നുമുള്ള നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിനില്‍ക്കെ ആരെങ്കിലും അറഫയോ, ആശൂറാ നോമ്പോ പിടിച്ചാല്‍ അവരുടെ നോമ്പ് ശരിയാണ്. പക്ഷെ ആ ദിവസങ്ങളില്‍ റമദാനിലെ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റു വീട്ടാനാണ് അവര്‍ തീര്‍ച്ചയാക്കിയത് എങ്കില്‍ അവര്‍ക്ക് രണ്ട് പ്രതിഫലം ലഭിക്കും: ഒന്ന് തങ്ങളുടെ മേലുള്ള ഫര്‍ദ് നോമ്പ് വീട്ടിയതിന്‍റെ പ്രതിഫലവും, രണ്ടാമത് അറഫാ ദിനത്തിന്‍റെയും, ആശൂറാ ദിനത്തിന്‍റെയും പ്രതിഫലവും. റമദാനുമായി ബന്ധപ്പെടുത്തപ്പെടാത്ത സ്വതന്ത്രമായ സുന്നത്ത് നോമ്പുകളുടെ കാര്യത്തിലാണിത്. എന്നാല്‍ ശവ്വാലിലെ ആറു നോമ്പ് റമദാനുമായി ബന്ധപ്പെടുത്തപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ റമദാനിലെ നോമ്പ് പൂര്‍ത്തിയാക്കിയിട്ടല്ലാതെ അത് നിര്‍വഹിക്കാവതല്ല. റമദാനിലെ നോമ്പ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഒരാള്‍ അത് നിര്‍വഹിച്ചാല്‍ അതിന്‍റെ പ്രതിഫലം ലഭിക്കില്ല. കാരണം നബി (സ) പറയുന്നു: "റമദാനിലെ നോമ്പ് നോല്‍ക്കുകയും, ശേഷം ശവ്വാലിലെ ആറു ദിനങ്ങള്‍ നോമ്പ് നോല്‍ക്കുകയും ചെയ്‌താല്‍ അയാള്‍ ആ വര്‍ഷം മുഴുവന്‍ നോമ്പ് നോറ്റവനെപ്പോലെയാണ്". എന്നാല്‍ നമുക്കറിയാം, റമദാനിലെ നോമ്പുകള്‍ നോറ്റുവീട്ടാന്‍ ബാക്കിയുള്ളവന്‍ അത് നോറ്റുവീട്ടുന്നത് വരെ റമദാന്‍ പൂര്‍ണമായി നോമ്പ് നോറ്റവനായി പരിഗണിക്കപ്പെടുകയില്ല. ഈ വിഷയത്തില്‍, ചില ആളുകള്‍ കരുതുന്നത്, ആറു നോമ്പ് നിര്‍വഹിക്കുന്നതിന് മുന്‍പേ ശവ്വാല്‍ അവസാനിക്കുമെന്ന് ഭയന്നാല്‍, അയാള്‍ക്ക് റമദാനിലെ നോമ്പ് നോറ്റുവീട്ടാന്‍ ബാക്കിയുണ്ടെങ്കിലും ആറു നോമ്പ് നോറ്റുകൊള്ളട്ടെ എന്ന നിലക്കാണ്. എന്നാല്‍ അത് ശരിയല്ല. റമദാനിലെ നോമ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടല്ലാതെ ആ ആറു ദിവസത്തെ നോമ്പുകള്‍ നിര്‍വഹിക്കാവതല്ല." - [مجموع فتاوى ابن عثيمين : 2/438].
അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഫര്‍ദ് നോമ്പ് നോറ്റു വീട്ടാന്‍ ഉദ്ദേശിക്കുന്നവര്‍ നോമ്പ് എടുക്കുന്ന ദിവസം സുബഹിക്ക് മുന്പായിത്തന്നെ നാളെ ഞാന്‍ റമദാനിലെ നോമ്പ് നോറ്റു വീട്ടുമെന്ന തീരുമാനമെടുത്തിരിക്കണം. കാരണം നോമ്പ് സമയം ആരംഭിച്ച ശേഷം ഇന്ന് ഞാന്‍ ഫര്‍ദ് നോമ്പ് എടുക്കുന്നു എന്ന് തീരുമാനിക്കാനുള്ള അനുവാദമില്ല. കാരണം ഫര്‍ദ് നോമ്പുകള്‍ക്ക് നോമ്പ് സമയം ആരംഭിക്കുന്നതിന് മുന്‍പായിത്തന്നെ നോമ്പ് നോല്‍ക്കാനുള്ള തീരുമാനം എടുത്തിരിക്കണം എന്ന നിബന്ധനയുണ്ട്. നോമ്പ് സമയം ആരംഭിച്ച ശേഷവും നോമ്പ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അനുവാദം സുന്നത്ത് നോമ്പിന് മാത്രണ്. അതുപോലെ ഫര്‍ദ് നോമ്പ് നോല്‍ക്കുന്നവര്‍ അകാരണമായി നോമ്പ് ഉപേക്ഷിക്കാനോ, ആരെങ്കിലും ഭക്ഷണത്തിന് ക്ഷണിചാല്‍ നോമ്പ് മുറിക്കാനോ പാടില്ല. ഇത് കൂടി നാം ശ്രദ്ധിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ.
ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ച സുപ്രധാന കാര്യങ്ങള്‍:
- റമദാനിലെ നോമ്പ് ബാക്കി നില്‍ക്കെ സുന്നത്ത് നോമ്പുകള്‍ അനുഷ്ടിക്കാമോ എന്ന വിഷയത്തില്‍ ഫുഖഹാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്.
- അതില്‍ പ്രബലമായ അഭിപ്രായം റമദാനിലെ നോമ്പ് നോറ്റു വീട്ടുവാന്‍ സമയം ബാക്കി നില്‍ക്കുന്നുണ്ട് എങ്കില്‍ അത് അനുവദനീയമാണ് എന്നുള്ളതാണ്. എന്നാല്‍ സുന്നത്ത് നോമ്പുകള്‍ക്ക് മുന്‍പ് ഫര്‍ദ് നോമ്പുകള്‍ നോല്‍ക്കുക എന്നതാണ് അഫ്ളല്‍. ഈ രണ്ട് കാര്യവും പൂരിപക്ഷാഭിപ്രായം കൂടിയാണ്.
- റമദാനിലെ നോമ്പ് നോറ്റു വീട്ടുവാന്‍ ബാക്കിയുള്ളവര്‍ അത് മാത്രം ഉദ്ദേശിച്ചുകൊണ്ട് നോമ്പ് എടുക്കുക. ആ ദിവസം സുന്നത്ത് നോമ്പ് കൂടി ഉള്ള ദിവസമാണ് എങ്കില്‍ അല്ലാഹു അതിന്‍റെ കൂടി പ്രതിഫലം നല്‍കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ സുന്നത്തും ഫര്‍ദും രണ്ടും നിയ്യത്താക്കിക്കൊണ്ട് നോല്‍ക്കരുത്. കാരണം അത് ഫര്‍ദായാണോ സുന്നത്തായാണോ പരിഗണിക്കപ്പെടുക എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വലിയ അഭിപ്രായഭിന്നതയുണ്ട്.
- ഫര്‍ദ് നോമ്പ് ഉദ്ദേശിക്കുന്നവര്‍ സുബഹിക്ക് മുന്‍പായിത്തന്നെ നോമ്പ് നോല്‍ക്കാന്‍ കരുതിയവരായിരിക്കണം. എന്നാല്‍ സുന്നത്ത് നോമ്പ് നോല്‍ക്കാന്‍ സൂര്യന്‍ ഉദിച്ച ശേഷവും ഒരാള്‍ക്ക് തീരുമാനമെടുക്കാം.
- ശവ്വാലിലെ ആറു നോമ്പ് റമദാന്‍ പൂര്‍ണമായി പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമാണ്.
അല്ലാഹു അനുഗ്രഹിക്കട്ടെ...
Monday, May 25, 2020
Saturday, May 23, 2020
Wednesday, May 20, 2020
വീടുകളിൽ വെച്ച് പെരുന്നാൾ നമസ്‌കരിക്കരുത് എന്ന് കിബാറുൽ ഉലമ പറഞ്ഞുവോ ?. ഒരു വിശകലനം.
ഇന്ന് പള്ളികളിലോ മുസ്വല്ലകളിലോ പെരുന്നാൾ നമസ്‌കാരത്തിനായി നമുക്ക് ഒരുമിച്ച് കൂടാൻ സാധിക്കാത്തതായ സാഹചര്യത്തിൽ അനസ് (റ) തൻ്റെ വീട്ടിൽ നിന്നും ബസ്വറയിലെ പട്ടണത്തിൽ നടക്കുന്ന പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കാനായി പോകാൻ സാധിക്കാതെ വന്നപ്പോൾ തൻ്റെ മക്കളേയും വീട്ടുകാരെയും കൂട്ടി വീട്ടിൽ വെച്ച് പെരുന്നാൾ നമസ്‌കാരം നിർവഹിച്ചതായി വളരെ പ്രബലമായി സ്ഥിരപ്പെട്ടതിനാൽ ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് വീടുകളിൽ വെച്ച് പെരുന്നാൾ നമസ്കാരം നിർവഹിക്കാം, ഖുത്ബ നിർവഹിക്കേണ്ടതില്ല എന്നാണ് ഇവരൊക്കെയും വ്യക്തമാക്കിയിട്ടുള്ളത്.
ഇനി ശൈഖ് അബ്ദുല്ലാ ഖുനൈൻ (ഹ) വീട്ടിൽ വെച്ച് പെരുന്നാൾ നമസ്‌കാരം പാടില്ല എന്ന് പറഞ്ഞിട്ടുള്ളത് മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടത്തിൽ നിന്നും ഒരുഭാഗം താഴെ കൊടുക്കുന്നു
അഥവാ സ്വഹാബത്തിൽ നിന്നും അത് സ്ഥിരപ്പെട്ട് വന്നിട്ടുണ്ട് എന്ന യാഥാർഥ്യം അംഗീകരിക്കുന്നു. പക്ഷെ അത് തെളിവാക്കാൻ സാധിക്കില്ല എന്നതാണ് അദ്ദേഹം സ്വീകരിച്ച സമീപനം. എന്നാൽ അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും ആദരവും മുൻനിർത്തിക്കൊണ്ടു തന്നെ പറയട്ടെ .. ഈ നിലപാട് ഒരിക്കലും ശരിയല്ല.
കാരണം തൗഖീഫിയായ അഥവാ വഹ്‌യിൻ്റെ അടിസ്ഥാനത്തിലല്ലാതെ പറയാനോ നിർവഹിക്കാനോ സാധിക്കാത്ത ഒരു വിഷയത്തിൽ സ്വഹാബത്ത് ഒരു കാര്യം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ കാര്യത്തെ സ്വഹാബത്തിൽ നിന്നും മറ്റാരും എതിർക്കാത്ത പക്ഷം അതിന് നബി (സ) പറഞ്ഞതായ അതേ പരിഗണന അഥവാ مرفوع ആയി പരിഗണിച്ചുകൊണ്ടുള്ള നിലപാടാണ് സ്വീകരിക്കുക. കാരണം സ്വഹാബാക്കൾ എല്ലാവരും വിശ്വസ്ഥരാണ്. അവർ സ്വന്തം ഇഷ്ടപ്രകാരം ദീനിലില്ലാത്ത ഒരുകാര്യം കടത്തിക്കൂട്ടുകയില്ല. പ്രത്യേകിച്ചും അനസ് ബ്ൻ മാലിക് (റ) വിനെപ്പോലെ പ്രഗത്ഭനായ ഒരു സ്വഹാബി അപ്രകാരം ചെയ്യുകയില്ല. ഇവിടെയാണ് قول الصحابي അതുപോലെ فعل الصحابي അതായത് സ്വഹാബാക്കളുടെ വാക്കും പ്രവർത്തിയും തെളിവാണോ എന്ന ഉസൂലുൽ ഫിഖ്ഹിലെ ചർച്ചയാണ് ഇവിടെ പ്രസക്തമാവുന്നത്.
ഇവിടെ ഒരാൾക്ക് വ്യക്തമായ കാരണം ഉണ്ടെങ്കിൽ അയാൾക്ക് വീടുകളിൽ വെച്ച് നമസ്കരിക്കാം എന്ന് ഒരു സ്വഹാബി കാണിച്ചുതന്നതായി സ്ഥിരപ്പെട്ടിരിക്കുന്നു. നബി (സ) യിൽ നിന്നാകട്ടെ അപ്രകാരം ചെയ്യാൻ പാടില്ല എന്ന് പഠിപ്പിക്കുന്നതായി യാതൊന്നും വന്നിട്ടുമില്ല, അഥവാ അദ്ദേഹത്തിൻ്റെ പ്രവർത്തി നബി (സ) യുടെ ഒരു ഹദീസിനും എതിരാകുന്നില്ല. അദ്ദേഹം ഈ വിഷയത്തിൽ നബി (സ) യുടെ കല്പനക്ക് എതിര് പ്രവർത്തിച്ചു എന്ന് ഒരാൾക്കും പറയാനും സാധിക്കില്ല. നമ്മളെക്കാൾ നബി (സ) യുടെ കല്പനകളും മതനിയമങ്ങളും അറിയുന്ന വ്യക്തിയാണല്ലോ അദ്ദേഹം. അതുപോലെ സ്വഹാബാക്കളാരും അദ്ദേഹത്തെ ആ വിഷയത്തിൽ എതിർത്തിട്ടുമില്ല. ഒരാൾക്ക് പെരുന്നാൾ നമസ്‌കാരത്തിൽ ഒത്തുകൂടാൻ സാധിക്കാതെ വന്നാൽ അയാൾ എന്താണ് ചെയ്യേണ്ടത് എന്നതാണ് അദ്ദേഹം നമുക്ക് വ്യക്തമാക്കിത്തന്നത്. അതുകൊണ്ടുതന്നെ കൃത്യമായ കാരണങ്ങൾ ഉണ്ടെങ്കിൽ വീടുകളിൽ വെച്ച് പെരുന്നാൾ നമസ്കാരം നിർവഹിക്കാം എന്ന് അനസ് ബ്ൻ മാലിക് (റ) വിൻ്റെ പ്രവർത്തി മുൻനിർത്തിക്കൊണ്ട് തന്നെ മനസ്സിലാക്കാം. അതുകൊണ്ടുതെന്നേ ശൈഖ് അബ്ദുല്ലാഹ് ഖുനൈൻ (ഹ) യുടെ ഈ വിഷയത്തിലെ നിലപാട് അംഗീകരിക്കാൻ സാധിക്കുകയില്ല. അല്ലാഹു അദ്ദേഹത്തിൻ്റെ സദുദ്ദേശത്തിന് തക്കതായ പ്രതിഫലം നൽകട്ടെ. അദ്ദേഹത്തേക്കാൾ ഏറെ മുതിർന്ന ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് തന്നെ ഈ വിഷയത്തിൽ അദ്ദേഹത്തോട് വിയോജിക്കുന്നു എന്നത് സൂചിപ്പിച്ചുവല്ലോ.
ഇവിടെ قضاء ആയി വീടുകളിൽ വെച്ച് നമസ്‌കരിക്കാം എന്നുവന്നാൽ പിന്നെ പെരുന്നാൾ നമസ്‌കാരത്തിനായി തീർത്തും ഒത്തുകൂടാൻ സാധിക്കാത്ത ഒരു സാഹചര്യം ഉണ്ടായാൽ അവിടെ അവർക്ക് വീടുകളിൽ വെച്ച് അത് നമസ്‌കരിക്കാം എന്ന് എളുപ്പത്തിൽ മനസ്സിലാക്കാം. അതിനുള്ള തെളിവ് അല്ലാഹു തആല പറയുന്നു:
അഥവാ അല്ലാഹുവും റസൂലും ഒരു കാര്യം കല്പിച്ചാൽ കഴിവിൻ്റെ പരമാവധി അത് നിർവഹിക്കാൻ പരിശ്രമിക്കണം എന്നർത്ഥം. അതുകൊണ്ടുതന്നെ പെരുന്നാൾ നമസ്‌കാരം പൊതുവായി ഒത്തുകൂടി നിർവഹിക്കാൻ സാധിച്ചാൽ അപ്രകാരം ചെയ്യണം. അപ്രകാരം ചെയ്യാൻ സാധിക്കാതെ വന്നാൽ പിന്നെ വീടുകളിൽ വെച്ച് നിർവഹിക്കാമോ എന്നത് മുൻഗാമികളാരെങ്കിലും അത് നമുക്ക് കാണിച്ച് തന്നിട്ടുണ്ടോ എന്നതിനെ അപേക്ഷിച്ചിരിക്കും. ഇവിടെയാണ് അനസ് (റ) വീട്ടിൽ വെച്ച് നമസ്‌കരിച്ച് കാണിച്ചുതന്നു എന്നത് പ്രസക്തമാകുന്നത്. ന്യായമായ കാരണം ഉണ്ടെങ്കിൽ വീട്ടിൽ വെച്ച് പെരുന്നാൾ നമസ്കാരം നിർവഹിക്കാം എന്ന് അദ്ദേഹത്തിൻ്റെ പ്രവർത്തിയിൽ നിന്നും മനസ്സിലാക്കാം. മാത്രമല്ല കർമ്മശാസ്ത്രത്തിലെ അടിസ്ഥാനപരമായ ഒരു തത്വമാണ്:
അതുകൊണ്ടാണ് ശൈഖ് സുലൈമാൻ റുഹൈലി (ഹ) പറഞ്ഞത് ആളുകൾക്ക് തീർത്തും ഒത്തുകൂടാൻ സാധിക്കാതെ വരുമ്പോൾ വീടുകളിൽ വെച്ച് നിർവഹിക്കുക എന്നത് ഒന്നുകൂടെ ബലപ്പെടുകയാണ് ചെയ്യുന്നത് എന്ന്.
ഏതായാലും ഇതൊരു പ്രത്യേക സാഹചര്യമാണ്. ഈ വിഷയത്തിൽ അഭിപ്രായഭിന്നതകളോ ചർച്ചകളോ ഉണ്ടാകുക സ്വാഭാവികം മാത്രമാണ്. എന്നാൽ മുസ്‌ലിം ഉമ്മത്തിൻ്റെ പൊതുവിഷയമായതിനാലും അനാവശ്യ വിവാദങ്ങളും വിഭാഗീയതയും ഒഴിവാക്കുക. ഏതായാലും ഈ വിഷയത്തിൽ കൂടുതൽ പണ്ഡിതസഭകളും കിബാറുൽ ഉലമയും വരും ദിവസങ്ങളിൽ കൂടുതൽ വിശദീകരണം നൽകുമെന്ന് നമുക്ക് മനസ്സിലാക്കാം.കേവലം നമ്മുടെ നാട്ടിലെ ഒരു വിഷയമല്ല , മറിച്ച് മുഴുവൻ ലോക മുസ്‌ലിംകളെയും ബാധിക്കുന്ന ഒരു വിഷയമാകയാൽ ഒറ്റക്കൊറ്റക്ക് അഭിപ്രായപ്രകടനം നടത്തുന്നതിനേക്കാൾ പണ്ഡിതസഭകളും, അതുപോലെ ഗ്രാൻഡ് മുഫ്തിയും ഒക്കെ പ്രമാണബദ്ധമായ നിലപാടിൽ നിൽക്കുക എന്നതാണ് ശരിയെന്നാണ് എൻ്റെ പക്ഷം. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ..
ഈ വിഷയത്തിൽ ഈയുള്ളവൻ സംസാരിച്ച മൂന്ന് വീഡിയോകളുടെ ലിങ്ക് താഴെ കൊടുക്കുന്നു. കൂടുതൽ മനസ്സിലാക്കാൻ അവ കാണുക:
1- പെരുന്നാൾ നമസ്കാരത്തിൻ്റെരൂപം : https://www.youtube.com/watch?v=vmGXaZw7ZsA
അല്ലാഹു അനുഗ്രഹിക്കട്ടെ .....
Tuesday, May 19, 2020
Saturday, May 16, 2020
നമ്മുക്കും ചുറ്റും കാണാം ആ ഭാഗ്യാവന്മാരെ, ഭക്ഷണം നൽകുകയെന്ന സൽകർമ്മം
പെരുന്നാൾ നമസ്കാരത്തിൻ്റെ രൂപം I Way of Eid Prayer Malayalam
പെരുന്നാൾ നമസ്കാരത്തിൻ്റെ രൂപം I Way of Eid Prayer Malayalam
ABDU RAHMAN ABDUL LATHEEF P.N
ABDU RAHMAN ABDUL LATHEEF P.N
ഫിത്വർ സകാത്ത് പണമായി നൽകാമോ ? അതല്ല ഭക്ഷണം തന്നെ നൽകേണ്ടതുണ്ടോ ?.
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه؛
ഫിത്വർ സകാത്ത് ഭക്ഷണമായിത്തന്നെ നല്കുക എന്നതാണ് നബി (സ) ചര്യ.
عن أبي سعيد الخدري رضي الله عنه قال : كنا نعطيها في زمن النبي صلى الله عليه وسلم صاعاً من طعام ، أو صاعاً من تمر أو صاعاً من شعير أو صاعا من أقط أو صاعا من زبيب
അബീ സഈദ് അൽ ഖുദരി (റ) നിവേദനം: അദ്ദേഹം പറഞ്ഞു: " പ്രവാചകൻ്റെ കാലത്ത് ഒരു صاع ഭക്ഷണമോ, ഒരു صاع കാരക്കയോ, ഒരു صاع ബാർലിയോ, ഒരു صاع പനീറോ, ഒരു صاع ഉണക്കമുന്തിരിയോ ഒക്കെയാണ് ഫിത്വർ സകാത്തായി നല്‍കാറുണ്ടായിരുന്നത് " - [ബുഖാരി, മുസ്‌ലിം].
അതിനാൽ തന്നെ ഫിത്വർ സകാത്ത് ഭക്ഷണമായെ നൽകാവൂ എന്നതാണ് ഇമാം മാലിക്ക് (റ), ഇമാം ശാഫിഇ (റ), ഇമാം അഹ്മദ് (റ) തുടങ്ങി ബഹുപൂരിപക്ഷം ഫുഖഹാക്കളുടെയും അഭിപ്രായം. ഇമാം അബൂഹനീഫ (റ) പണമായും നല്‍കാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭക്ഷണമായെ നല്‍കാവൂ എന്ന് പറഞ്ഞ ഇമാമീങ്ങള്‍ നബി (സ) യുടെ കാലത്ത് പണം നല്‍കാമായിരുന്നിട്ടും റസൂല്‍ (സ) ഭക്ഷണം നല്‍കാന്‍ കല്പിച്ചതാണ് എല്ലാ ഹദീസുകളിലും കാണാന്‍ സാധിക്കുന്നത് എന്നതിനെയാണ് അവലംബിച്ചത്. പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിവസം ഭക്ഷണത്തിന് മുട്ടുണ്ടാകരുത് എന്നതാണ് അതിന്‍റെ ലക്ഷ്യം എന്നത് ഹദീസിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ വിശദീകരിച്ചു. ഇമാം അബൂ ഹനീഫ (റ) യാകട്ടെ സകാത്തുല്‍ ഫിത്വര്‍ പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ അവരെ ധന്യരാക്കുക എന്നത് ഭക്ഷണത്തില്‍ മാത്രമല്ല പൊതുവായ അര്‍ത്ഥത്തിലാണ്, അതിനാല്‍ ധനമായും നല്‍കാം എന്നും അഭിപ്രായപ്പെട്ടു.
ഭക്ഷണമായാണ് നല്‍കേണ്ടത് എന്നാല്‍ ഭക്ഷണം നല്‍കുന്നത് പാവങ്ങള്‍ക്ക് പ്രയാസകരവും പണമായി നല്‍കുന്നത് കൂടുതല്‍ ഉചിതമായി വരുന്ന സാഹചര്യങ്ങളില്‍ പണമായി നല്‍കാം എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയയെപ്പോലുള്ള പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഏതായാലും ഫിത്വര്‍ സകാത്ത് പണമായി നല്‍കിയാല്‍ വീടുമോ എന്നത് അഭിപ്രായഭിന്നതയുള്ള കാര്യമാണ്. ഭക്ഷണമായി നല്‍കിയാല്‍ നിറവേറുമെന്നത് ഏകാഭിപ്രായമുള്ള കാര്യവുമാണ്. മാത്രമല്ല ഫിത്വര്‍ സകാത്ത് പരാമര്‍ശിക്കുന്ന ഹദീസുകളിലെല്ലാം ഭക്ഷണമായി നല്‍കാനാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതും. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രബലമായ അഭിപ്രായവും കൂടുതല്‍ സൂക്ഷ്മതയുമെല്ലാം ഭക്ഷണമായി നല്‍കല്‍ തന്നെയാണ്. ശൈഖ് ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉസൈമീൻ (رحمهما الله) തുടങ്ങിയ പണ്ഡിതന്മാരും, ലജ്നതുദ്ദാഇമയുമെല്ലാം ഭക്ഷണമായി മാത്രമേ ഫിത്വർ സകാത്ത് നൽകാവൂ എന്നാണു പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് നേരത്തെ സൂചിപ്പിച്ചത് പോലെ ഭക്ഷണമായി നല്‍കലാണ് കൂടുതല്‍ സൂക്ഷ്മതയും അഭിപ്രായഭിന്നതയില്‍ നിന്നും പുറംകടക്കാന്‍ നല്ലതും. ഇതോടൊപ്പം സാന്ദർഭികമായി പറയാനുള്ളത് ലോക്ക് ഡൗൺ കാരണത്താലോ മറ്റോ ഭക്ഷണമായി പാവപ്പെട്ടവർക്ക് ഒരുനിലക്കും എത്തിച്ചു നൽകാൻ സാധിക്കാതെ വരുന്ന ഒരു സാഹചര്യമുണ്ടായാൽ അവിടെ പണമായി നൽകുകയോ, അതല്ലെങ്കിൽ പാവപ്പെട്ടവരെ വിളിച്ച് കാര്യം പറയുകയും ശേഷം സൗകര്യപ്പെടുമ്പോൾ അതവർക്ക് എത്തിച്ചുകൊടുക്കുകയോ ചെയ്യാം. കാരണം അതൊരു നിർബന്ധിത സാഹചര്യമാണല്ലോ.
അതുപോലെ ദരിദ്രർക്ക് ഭക്ഷണമായി എത്തിച്ചുകൊടുക്കാന്‍ വേണ്ടി വിശ്വാസയോഗ്യരായ ആളുകളെ അതിന്‍റെ പണം എല്പിക്കുന്നതിൽ തെറ്റില്ല. അത് അനുവദനീയമായ വക്കാലത്തുകളിൽ പെട്ടതാണ് എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പാവപ്പെട്ടവരിലെക്ക് അത് ഭക്ഷണമായാണ് എത്തേണ്ടത് എന്നതാണ് ഭക്ഷണമായി നല്‍കണം എന്നതുകൊണ്ട് ഉദ്ദേശിച്ചത്. പാവപ്പെട്ടവര്‍ക്ക് ഫിത്വര്‍ സകാത്തിന്‍റെ ഭക്ഷണം എത്തിച്ച് കൊടുക്കുന്ന മഹല്ല് സംവിധാനങ്ങളിലോ മറ്റോ പണം എല്പിക്കുന്നതില്‍ തെറ്റില്ല.
റസൂലിന്‍റെ കാലത്തെ ഒരു صاع എന്ന് പറയുന്നത്, അന്നത്തെ മദീനത്തെ ഒരു صاع ൽ ഗോതമ്പ് നിറച്ച് തൂക്കി നോക്കിയപ്പോൾ 2.040 കിലോ ഗ്രാം ആണ് തൂക്കം എന്ന് ശൈഖ് ഇബ്നു ഉസൈമീൻ അദ്ദേഹത്തിന്‍റെ الشرح الممتع എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുന്നെ തന്നെ അത് നൽകൽ അനുവദനീയമാണ്. സ്വഹാബത്ത് അപ്രകാരം അവരുടെ ഫിത്വർ സകാത്ത് നൽകാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം. പണം സ്വരൂപിച്ച് പെരുന്നാള്‍ നമസ്കാരത്തിന് മുന്നോടിയായി പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ കയ്യില്‍ രണ്ട് ദിവസത്തിന് മുന്പെയും നല്‍കാം. അവരത് ഒന്നോ രണ്ടോ ദിവസം മുതല്‍ ഈദ് നമസ്കാരം വരെയുള്ള സമയത്താണ് നിര്‍വഹിക്കേണ്ടത് എന്ന് മാത്രം.
അത് പെരുന്നാൾ നമസ്കാരത്തിന് മുന്പായി നൽകിയെങ്കിൽ മാത്രമേ ഫിത്വർ സകാത്തായി പരിഗണിക്കപ്പെടുകയുള്ളൂ. റസൂല്‍ (സ) പറഞ്ഞു: " നമസ്കാരത്തിന് മുന്പായി ഒരാൾ അത് നിർവഹിക്കുകയാണ് എങ്കിൽ അത് സ്വീകാര്യയോഗ്യമായ (ഫിത്വർ) സകാത്താണ്. എന്നാൽ നമസ്കാര ശേഷമാണ് ഒരാൾ അത് നിർവഹിക്കുന്നതെങ്കിൽ കേവലം സ്വദഖകളിൽ ഒരു സ്വദഖ മാത്രമായിരിക്കും അത്" - അബൂ ദാവൂദ്.
അല്ലാഹു അനുഗ്രഹിക്കട്ടെ ..
____________________________
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ
Friday, May 15, 2020
പ്രളയക്കെടുതിക്കായുള്ള ഇൻഷുറൻസ് പോളിസി എടുക്കാമോ ?.
ഇൻഷുറൻസ് പരിരക്ഷയുമായി ചില ആളുകൾ എത്തി ചേർന്നു.. വർഷ വർഷം വളരെ ചെറിയ തുക (1000 രൂപ ) അടച്ചാൽ, പ്രളയം മൂലം നാശം സംഭവിക്കുന്ന അവസ്ഥ ഉണ്ടായാൽ 15 ലക്ഷം
വരെ പരിരക്ഷ ലഭിക്കുന്ന പാക്കേജ് ആണ് ഇത്. മുസ്ലിം ഭൂരിപക്ഷ മേഖല ആയതിനാൽ ഇതിന്റെ മതപരമായ വിധിയിൽ ആശങ്കാകുലരാണ് ജനങ്ങൾ.
സാധാരണ നിലക്കുള്ള ഭാഗ്യപരീക്ഷണത്തിൽ അധിഷ്ഠിതമായ ഇൻഷുറൻസ് പരിരക്ഷ ഇസ്‌ലാമികമല്ല. അഥവാ നിങ്ങൾ ആയിരം രൂപ അടക്കുന്നു. അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കമ്പനി ഓഫർ നൽകുന്ന വലിയ തുക ലഭിക്കും. അപകടം സംഭവിച്ചില്ലെങ്കിൽ നിങ്ങൾ നൽകിയ പണം അവർക്കും കിട്ടും. പരസ്‌പരം ഭാഗ്യപരീക്ഷണത്തെ മുൻനിർത്തി ലാഭം മുന്നിൽക്കണ്ടുള്ള ഒരിടപാടാണ് അത്. അതുകൊണ്ടുതന്നെ അത് ചൂതാട്ടത്തിൽപ്പെടുന്നു. എന്തുകൊണ്ട് കൺവെൻഷനൽ ഇൻഷുറൻസ് സംവിധാനം നിഷിദ്ധമാകുന്നു എന്ന് വിശദമായി എഴുതിയിട്ടുണ്ട്. അത് വായിക്കാൻ ഈ ലിങ്കിൽ പോകാം: https://www.fiqhussunna.com/2015/07/blog-post_23.html
ഇനി മേല്പ്പറഞ്ഞ ഇൻഷുറൻസ് സംവിധാനം പരസ്‌പര സഹകരണത്തിൽ അധിഷ്ഠിതമായ ലാഭം ലക്ഷ്യം വെക്കാത്ത ഗവൺമെൻറ് നേരിട്ട് നടത്തുന്ന പൊതു സംവിധാനമാണ് എങ്കിൽ അത് അനുവദനീയമാണ്. അഥവാ നമ്മൾ ഓരോരുത്തരും ഒരു നിശ്ചിത വിഹിതം ഒരു പൊതു ഇൻഷുറൻസ് പദ്ധതിയിലേക്ക് നൽകുകയും, അംഗങ്ങൾ നൽകുന്ന വിഹിതം ആ പദ്ധതിയിൽത്തന്നെ നിലനിൽക്കുകയും അതിൽ നിന്നും അർഹരായവർക്ക് ഗവൺമെൻറ് നൽകുകയും ചെയ്യുന്ന ഇസ്‌ലാമികമായ തകാഫുൽ സംവിധാനത്തിന് സമാനമായ പരസ്‌പര സഹകരണത്തിലധിഷ്ഠിതമായ സംവിധാനങ്ങൾ അനുവദനീയമാണ്. കാരണം നാം നൽകുന്ന പണം ആ സംരഭത്തിൽ ത്തന്നെ നിലനിൽക്കുന്നതിനാൽ ആ കരാർ ലാഭത്തിൽ അധിഷ്ടിതമല്ല. അതുകൊണ്ടുതന്നെ പരസ്‌പര സഹായം എന്ന ഗണത്തിലേ അത് വരൂ. ഈ രൂപത്തിലാണ് തകാഫുൽ ഇസ്‌ലാമിക സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. എന്നാൽ അതേ സ്ഥാനത്ത് പ്രൈവറ്റ് കമ്പനികളാകുമ്പോൾ സർപ്ലസ് അഥവാ മിച്ചം വരുന്ന തുക അവർ എടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അത് ലാഭത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഭാഗ്യപരീക്ഷണവും ചൂതാട്ടവും ആയിത്തീരുകയും ചെയ്യും.
എന്നാൽ പ്രൈവറ്റ് ഇൻഷുറൻസ് കമ്പനികൾ ലാഭം ലക്ഷ്യമാക്കി നടത്തുന്ന ഇൻഷുറൻസ് പദ്ധതികളിൽ ഭാഗവാക്കാകുകയെന്നത് ചൂതാട്ടത്തിൻ്റെ ഗണത്തിലാണ് ഉൾപ്പെടുക. അതുകൊണ്ടുതന്നെ അവയിൽ പങ്കാളിയാകലും നിഷിദ്ധമാണ്. വാഹന ഇൻഷുറൻസ് പോലെ നിയമം കൊണ്ട് നാം നിർബന്ധിക്കപ്പെടുന്ന സാഹചര്യത്തിലല്ലാതെ അവ എടുക്കൽ അനുവദനീയമല്ല.
അല്ലാഹു അനുഗ്രഹിക്കട്ടെ ...
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ
ഇഹ്‌റാമിൽ പ്രവേശിച്ച ശേഷം ഹജ്ജോ ഉംറയോ നിർവഹിക്കാൻ സാധിക്കാതെ വന്നാൽ എന്ത് ചെയ്യും ?.
ആക്‌സിഡന്റായി ഒരാൾ മരിച്ചു. ആ മരിച്ച ആളുടെ കൂടെ ഒരാൾ നാട്ടിൽ പോയി.
അയാൾക്ക് ഉംറ നിർബന്ധമാണോ ?.
ഇനി ബലിയറുക്കാൻ സാമ്പത്തിക ശേഷി ഇല്ലാത്ത ഒരാളാണെങ്കിൽ അയാൾക്ക് തല മുണ്ഡനം തഹല്ലുലാകാം. അയാൾക്ക് മറ്റൊന്നും ബാധകമല്ല. മുത്തമത്തിഇനോട് ഖിയാസാക്കി അയാൾ പത്ത് ദിവസം നോമ്പ് നോൽക്കണം എന്ന് പറഞ്ഞവരുണ്ട്. എന്നാൽ തടസമുണ്ടാകുക എന്നത് വിശുദ്ധ ഖുർആനിൽ പരാമർശിച്ചിടത്ത് ഈ നോമ്പിൻ്റെ കാര്യം പരാമർശിക്കാത്തതിനാലും, തടസമുണ്ടാകുക എന്നതും തമത്തുഉം രണ്ടും രണ്ട് വിഷയമാകയാലും, ഹുദൈബിയയിൽ വെച്ച് തടസം നേരിട്ടപ്പോൾ നബി (സ) ബലിയറുത്ത് തഹല്ലുലായ വേളയിൽ കൂടെയുള്ള ബലി മൃഗമില്ലാത്ത പാവപ്പെട്ട സ്വഹാബിമാരോട് നബി (സ) നോമ്പെടുക്കാൻ കല്‌പിക്കാത്തതിനാലും ബലി മൃഗം അറുക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവർ നേരെ മുടിയെടുത്താൽ മാത്രം മതി എന്ന് മനസ്സിലാക്കാം.
അവസാനമായി സാന്ദർഭികമായി സൂചിപ്പിക്കാനുള്ള ഒരു കാര്യം. ഒരാൾ വിദേശത്ത് മരണപ്പെട്ടാൽ അയാളുടെ മയ്യിത്ത് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകുകയല്ല മരണപ്പെട്ടിടത്ത് മറവ് ചെയ്യുകയാണ് ചെയ്യേണ്ടത്. അപ്രകാരം അന്യദേശത്ത് മരണപ്പെടുന്നത് ബന്ധുമിത്രാതികൾക്കും മറ്റും വലിയ വിഷമം ഉണ്ടാക്കിയേക്കാമെങ്കിലും മയ്യിത്തിന് കൂടുതൽ ഉചിതം ഏത് എന്നതാണ് നാം പരിഗണിക്കേണ്ടത്. മഹതിയായ ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) യുടെ സഹോദരൻ അബിസീനിയൻ താഴ്വരയിൽ വെച്ച് മരണപ്പെടുകയും അവർ മയ്യിത്ത് മദീനയിലേക്ക് കൊണ്ടുവരുകയും ചെയ്തപ്പോൾ അവർ പറഞ്ഞു:
ബന്ധുമിത്രാതികൾക്ക് ഒരു പക്ഷെ ഏറെ വൈകാരികവും വലിയ വിഷമവും ഉണ്ടാക്കുന്ന കാര്യമായിരിക്കും അതെങ്കിലും അങ്ങനെ അന്യ ദേശത്ത് ഒരാൾ മരണപ്പെടാൻ ഇടവന്നാൽ അയാൾക്ക് അല്ലാഹു നിർണയിച്ചിട്ടുള്ള പ്രതിഫലം നോക്കൂ:
അതുകൊണ്ടുതന്നെ അന്യദേശത്ത് ഒരാൾ മരണപ്പെട്ടു എന്നതുകൊണ്ട് നാം സങ്കടപ്പെടേണ്ടതില്ല. മദീനത്ത് മരണപ്പെടുന്നതിന് പ്രത്യേകം ശ്രേഷ്‌ഠത അല്ലാഹുവിൻ്റെ റസൂൽ (സ) പഠിപ്പിച്ചിട്ടുണ്ട് എന്നിരുന്നിട്ട് കൂടി മദീനക്കാരനായ ഒരാളാണ് അന്യദേശത്ത് മരണപെടാൻ ഇടവരുന്നത് എങ്കിൽപ്പോലും ഒരന്യ ദേശത്ത് മരണപ്പെടേണ്ടി വന്നത് കാരണത്താൽ അല്ലാഹു വലിയ പ്രതിഫലം നൽകുമെന്ന് ഈ ഹദീസിലൂടെ മനസിലാക്കാം.
അതുകൊണ്ടു അന്യദേശങ്ങളിൽ ഒരാൾ മരണപ്പെട്ടാൽ ഒരുപാട് ദിവസം വൈകിച്ചും, മയ്യിത്ത് എംബാം ചെയ്തുമൊക്കെ നാട്ടിലേക്ക് കൊണ്ടുപോകുകയെന്നത് മയ്യിത്തിനോട് അനാദരവ് കാണിക്കലാണ്. എത്രയും പെട്ടെന്ന് മറവ് ചെയ്യാനുള്ള നടപടികൾ ചെയ്യുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്. എത്രത്തോളമെന്നാൽ ഒരാൾ തൻ്റെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകണം എന്ന് വസ്വിയ്യത്ത് ചെയ്താൽപ്പോലും അത് പൂർത്തീകരിക്കാൻ മതപരമായ ബാധ്യതയില്ല എന്ന് വരെ ഇമാമീങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മയ്യിത്തിന് ഏതാണ് ഉചിതം എന്നതിലപ്പുറം ബന്ധുക്കളുടെ വൈകാരികമായ തലങ്ങൾ മാത്രമാണ് പലരും ഈ വിഷയത്തിൽ പരിഗണിക്കാറുള്ളത്. എന്നാൽ ഈ വിഷയത്തിലെ ശറഇയായ വശം ബന്ധുക്കൾക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് നാം ചെയ്യേണ്ടത്.
Follow Fiqhussunna on Facebook: https://www.facebook.com/fiqhusunna/
Subscribe Fiqhussunna TV on YouTube: https://www.youtube.com/channel/UCwq7He3Ulzukp5LXwzbWGfw
Thursday, May 14, 2020
ലോക്ക് ഡൗൺ സമയത്ത് സകാത്തുൽ ഫിത്വർ എങ്ങനെ കൊടുക്കും ?. ഫുൾ ടൈം കർഫ്യൂ ഉള്ളവർ എന്ത് ചെയ്യും ?.
പരിശുദ്ധ റമളാൻ അവസാനിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം ബാക്കിനിൽക്കുമ്പോൾത്തന്നെ ഫിത്വർ സകാത്ത് പാവങ്ങൾക്ക് എത്തിച്ച് തുടങ്ങാം. നിർബന്ധിത സാഹചര്യം ഉണ്ടെങ്കിലല്ലാതെ അതിനും മുൻപ് സകാത്തുൽ ഫിത്വർ വിതരണം ചെയ്യുന്നതിന് പ്രമാണമില്ല.
പലയിടങ്ങളിലും ലോക്ക് ഡൗൺ ആയതുകൊണ്ടും, വിദേശ രാജ്യങ്ങളിൽ പലയിടത്തും ഫുൾടൈം കർഫ്യൂ നിലനിൽക്കുന്നതിനാലും എങ്ങനെ ഫിത്വർ സകാത്ത് പാവങ്ങൾക്ക് എത്തിക്കും എന്ന് പലർക്കും സംശയം ഉണ്ടാകും.
നമ്മുടെ വീട്ടിലെ ഒരംഗത്തിൻ്റെ ഫിത്വർ സകാത്ത് രണ്ടേകാൽ കിലോ ധാന്യങ്ങളോ, ആ നാട്ടിലെ പാവപ്പെട്ടവർക്ക് ഉപകരിക്കുന്ന അടിസ്ഥാന ഭക്ഷണ സാധനങ്ങളോ ആയി കണക്കാക്കി നമ്മളുടെ വീട്ടിലെ അംഗങ്ങൾക്ക് അനുസരിച്ച് കിറ്റുകൾ ഉണ്ടാക്കി നമുക്കറിയുന്ന പാവപ്പെട്ടവർക്ക് എത്തിച്ചുകൊടുക്കാൻ സാധിച്ചാൽ അവിടെ നമ്മുടെ ബാധ്യത കഴിഞ്ഞു. വിദേശ രാജ്യങ്ങളിൽ ഫുൾടൈം കർഫ്യൂ ഒക്കെ ഉള്ള ഇടങ്ങളിലുള്ളവർക്ക് നാട്ടിൽ തങ്ങളുടെ വീട്ടുകാരുമായി ബന്ധപ്പെട്ട് തങ്ങളുടെ ഫിത്വർ സകാത്ത് ഇതുപോലെ പാവപ്പെട്ടവരിലേക്ക് എത്തിക്കാം. അതല്ലെങ്കിൽ ഫിത്വർ സകാത്ത് സ്വരൂപിച്ച് പാവങ്ങൾക്ക് എത്തിച്ചുകൊടുക്കുന്ന ചുമതല നിർവഹിക്കുന്ന വിശ്വാസയോഗ്യമായ സംവിധാനങ്ങളുണ്ടെങ്കിൽ അവരെ ഏല്പിക്കുകയുമാകാം.
ഒരാൾ താമസിക്കുന്നിടത്ത് തന്നെ അവകാശികൾ ഉണ്ടെങ്കിൽ അവിടെ തന്നെ നൽകുന്നതാണ് ഉചിതമെങ്കിലും, അതിന് സാധിക്കാതിരിക്കുകയോ, അതിനേക്കാൾ അർഹിക്കുന്നവർ ഉണ്ടായിരിക്കുകയോ ഒക്കെ ചെയ്യുന്ന സാഹചര്യങ്ങളിൽ മറ്റു പ്രദേശങ്ങളിലേക്ക് അയക്കുന്നതിലും തെറ്റില്ല. ഈ വിഷയം വിശദമായി മുൻപ് നമ്മൾ വിശദീകരിച്ചിട്ടുണ്ട്. https://www.fiqhussunna.com/2017/06/blog-post_19.html
അപ്പോൾ പുറത്ത് ഇറങ്ങാൻ സാധിക്കാത്തവർ സാധിക്കുന്ന ഇടങ്ങളിൽ ഉള്ളവരോട് തങ്ങളുടെ ഫിത്വർ സകാത്ത് നൽകാൻ ചുമതലപ്പെടുത്താം. ഇനി നമ്മുടെ ചുറ്റുഭാഗത്തും ഒന്നു കണ്ണോടിച്ചാൽത്തന്നെ ലോക്ക് ഡൗൺ കാരണത്താൽ ഏറെ പ്രയാസപ്പെടുന്ന അനേകം അർഹരെ നമുക്ക് കണ്ടെത്തുകയും ചെയ്യാം. നേരിട്ട് നമുക്ക് അവകാശികളെ കണ്ടെത്തി നൽകാൻ സാധിക്കുന്നുവെങ്കിൽ തീർച്ചയായും ആ കർമ്മം കൊണ്ട് ലഭിക്കുന്ന മാനസിക സംസ്‌കരണത്തിന് അതുതന്നെയാണ് ഉചിതം എന്ന് പറയേണ്ടതില്ലല്ലോ.
ഇനി നമ്മൾ സാധാരണ സകാത്തുൽ ഫിത്വർ എത്തിച്ചുകൊടുക്കുന്ന ഏറെ അർഹരായ ചില ആളുകളിലേക്ക് ലോക്ക് ഡൗൺ കാരണം എത്തിപ്പെടാനോ, സകാത്തുൽ ഫിത്വർ എത്തിച്ചുകൊടുക്കാനോ നമുക്ക് സാധിക്കുന്നില്ല എങ്കിൽ എന്ത് ചെയ്യും ?.
അവരെ വിളിച്ച് അവർക്കായി അത് മാറ്റിവെച്ച വിവരം പറയുകയും, വാക്കുകൊണ്ട് അവർ കൈപ്പറ്റിയതായി അഥവാ സ്വീകരിച്ചതായി ഉറപ്പുവരുത്തുകയും, പിന്നീട് സാധിക്കുന്ന സമയത്ത് അത് എത്തിച്ചുകൊടുക്കുകയുമാകാം. ഇവിടെ അതിനെ നമുക്ക് القبض الحكمي അഥവാ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പരോക്ഷമായ കൈപ്പറ്റലായി പരിഗണിക്കാം. അവർക്കായി വാക്കാൽ നൽകുകയും അവരെ അറിയിക്കുകയും ചെയ്ത ആ ഭക്ഷണ സാമഗ്രികൾ പെരുന്നാൾ കഴിഞ്ഞ ശേഷമാണ് നമുക്ക് അവരിലേക്ക് എത്തിച്ചുകൊടുക്കാൻ കഴിയുന്നത് എങ്കിലും കുഴപ്പമില്ല. കാരണം നമ്മുടേതല്ലാത്ത ഒരു കാരണത്താലാണ് അതവരിലേക്ക് യഥാർത്ഥത്തിൽ എത്തിക്കാൻ വൈകിയത്. തടസ്സങ്ങൾ ഇല്ലായിരുന്നുവെങ്കിൽ നേരത്തെത്തന്നെ നാം അവരിലേക്ക് അതെത്തിക്കുമായിരുന്നുവല്ലോ. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ.
ഇനി ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ, തൻ്റെ പരിചയത്തിലുള്ള പാവപ്പെട്ടവർക്ക് നൽകാനോ, നാട്ടിൽ നൽകാനോ, വിശ്വാസയോഗ്യരായ ചാരിറ്റി സംവിധാനങ്ങളെ ഏല്പിക്കാനോ, പാവപ്പെട്ടവർക്ക് വിളിച്ചറിയിച്ച് അവർ വാക്കുകൊണ്ട് അത് കൈപ്പറ്റിയതായി പരിഗണിക്കാനോ തുടങ്ങി മേല്പറഞ്ഞ കാര്യങ്ങളൊന്നും ഒരാൾക്ക് ചെയ്യാൻ സാധിക്കാതെ വന്നാൽ മാത്രം അയാൾ എന്ത് ചെയ്യും ?. അങ്ങനെ സംഭവിക്കാനുള്ള സാധ്യത കുറവാണ്. കാരണം രോഗികളോ മറ്റോ ആണെങ്കിൽ അവർക്ക് വേണ്ടി അത് അവരുടെ ബന്ധുക്കൾ നിർവഹിക്കുമല്ലോ. ഇനി അങ്ങനെ ഒരാൾക്ക് ഉണ്ടാക്കുകയാണ് എന്ന് നാം കണക്കാക്കിയാൽത്തന്നെ, ആ ബാധ്യത അയാൾക്ക് ഒഴിവാകുന്നില്ല. എപ്പോഴാണ് അയാൾക്കാ കർമ്മം നിർവഹിക്കാൻ സാധിക്കുന്നത് അപ്പോൾ നിർവഹിക്കുക എന്നതായിരിക്കും അയാൾ ചെയ്യേണ്ടത്. അതൊരുപക്ഷെ പെരുന്നാൾ കഴിഞ്ഞാണെങ്കിലും. കാരണം നിർബന്ധിത സാഹചര്യത്താൽ ഒരാളുടെ കർമ്മം വൈകാൻ ഇടവന്നാൽ അയാൾക്ക് അതിൽ കുറ്റമില്ല. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ...
അല്ലാഹു അനുഗ്രഹിക്കട്ടെ ..
_____________________________
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ
____________________________________
അനുബന്ധ ലേഖനം:
സകാത്തുൽ ഫിത്വർ ഒരു ലഘുപഠനം.
ആര്‍ക്കാണ് സകാത്തുല്‍ ഫിത്വര്‍ ബാധകം ?. അത് എപ്പോഴാണ് നല്‍കേണ്ടത് ?. എത്രയാണ് നല്‍കേണ്ടത് ?. ഗര്‍ഭസ്ഥശിശുവിന് സകാത്തുല്‍ ഫിത്വര്‍ ബാധകമാണോ ?. ആരാണ് അതിന്‍റെ അവകാശികള്‍ ?.ഏത് രൂപത്തിലുള്ള ഭക്ഷണമാണ് നല്‍കേണ്ടത് ?.
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد ؛
ആര്‍ക്കാണ് സകാത്തുല്‍ ഫിത്വര്‍ ബാധകം ?. അത് എപ്പോഴാണ് നല്‍കേണ്ടത് ?. എത്രയാണ് നല്‍കേണ്ടത് ?. ഗര്‍ഭസ്ഥശിശുവിന് സകാത്തുല്‍ ഫിത്വര്‍ ബാധകമാണോ ?. ആരാണ് അതിന്‍റെ അവകാശികള്‍ ?.ഏത് രൂപത്തിലുള്ള ഭക്ഷണമാണ് നല്‍കേണ്ടത് ?. തുടങ്ങിയ കാര്യങ്ങളാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
www.fiqhussunna.com
സ്വതന്ത്രനോ അടിയമയോ ആകട്ടെ, പുരുഷനോ സ്ത്രീയോ ആകട്ടെ, കുട്ടികളോ മുതിര്‍ന്നവരോ ആകട്ടെ പെരുന്നാള്‍ ദിവസം തങ്ങള്‍ക്ക് ഭക്ഷിക്കാനുള്ളത് കഴിച്ച് കൈവശം മിച്ചം വരുന്നവരായ എല്ലാ മുസ്ലിമീങ്ങളുടെ മേലും സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാണ്. അതത് നാട്ടിലെ അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ ഒരു സ്വാഅ് വീതം പാവപ്പെട്ടവര്‍ക്ക് പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി നല്‍കുകയാണ് വേണ്ടത്. ഒരു സ്വാഅ് എന്ന് പറഞ്ഞാല്‍ 2 കിലോ 40 ഗ്രാം ഗോതമ്പ് കൊള്ളുന്ന പാത്രമാണ്. അതുകൊണ്ട് രണ്ട്, രണ്ടേക്കാല്‍ കിലോയാണ് നല്‍കേണ്ട വിഹിതം. അത് പണമായല്ല മറിച്ച് ഭക്ഷണ പദാര്‍ത്ഥമായിത്തന്നെന ല്‍കേണ്ടതുണ്ട്.
عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ شَعِيرٍ، عَلَى الْعَبْدِ وَالْحُرِّ وَالذَّكَرِ وَالْأُنْثَى وَالصَّغِيرِ وَالْكَبِيرِ مِنْ الْمُسْلِمِينَ، وَأَمَرَ بِهَا أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلَاةِ .
ഇബ്നു ഉമര്‍ (റ) നിവേദനം: "ഒരു സ്വാഅ് കാരക്ക, അല്ലെങ്കില്‍ ഒരു സ്വാഅ് ബാര്‍ലി എന്നിങ്ങനെ അടിമയുടെ മേലും, സ്വതന്ത്രന്‍റെ മേലും, പുരുഷന്‍റെ മേലും സ്ത്രീയുടെ മേലും, കുട്ടികളുടെ മേലും മുതിര്‍ന്നവരുടെ മേലും റസൂല്‍ (സ) സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കി. അത് ആളുകള്‍ പെരുന്നാള്‍ നമസ്കാരത്തിന് വേണ്ടി പോകുന്നതിന് മുന്‍പായിത്തന്നെ നല്‍കാന്‍ അദ്ദേഹം കല്പിക്കുകയും ചെയ്തു". - [متفق عليه].
തനിക്കും താന്‍ ചിലവിന് കൊടുക്കാന്‍ കടപ്പെട്ടവര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ കഴിച്ച് ബാക്കി ഭക്ഷ്യവസ്തുക്കളോ, ഭക്ഷ്യവസ്തു വാങ്ങിക്കാനുള്ള പണമോ കൈവശമുള്ള ഓരോരുത്തര്‍ക്കും സകാത്ത് ബാധകമാണ് എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ സകാത്തുല്‍ ഫിത്വറിന്‍റെ അവകാശികളായ ആളുകള്‍ക്കും അവരുടെ കൈവശം പെരുന്നാള്‍ ദിനത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ മിച്ചമുണ്ട് എങ്കില്‍ സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാണ്. അവര്‍ സകാത്തുല്‍ ഫിത്വര്‍ ലഭിക്കുവാന്‍ അര്‍ഹപ്പെട്ടവരാണ് എന്നതിനാല്‍ അവരുടെ മേലുള്ള ബാധ്യത ഇല്ലാതാവുന്നില്ല. എല്ലാ മുസ്‌ലിമീങ്ങള്‍ക്കും അത് ബാധകമാണ്.
عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ : كُنَّا نُعْطِيهَا فِي زَمَانِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَاعًا مِنْ طَعَامٍ ، أَوْ صَاعًا مِنْ تَمْرٍ ، أَوْ صَاعًا مِنْ شَعِيرٍ ، أَوْ صَاعًا مِنْ زَبِيبٍ أو صاعا من أقط.
അബൂസഈദ് അല്‍ ഖുദരി (റ) നിവേദനം: "നബി (സ) യുടെ കാലത്ത് ഒരു സ്വാഅ് ഭക്ഷണം, അല്ലെങ്കില്‍ ഒരു സ്വാഅ് കാരക്ക, അല്ലെങ്കില്‍ ഒരു സ്വാഅ് ബാര്‍ലി, അല്ലെങ്കില്‍ ഒരു സ്വാഅ് ഉണക്കമുന്തിരി, അല്ലെങ്കില്‍ ഒരു സ്വാഅ് പനീര്‍ എന്നിങ്ങനെയായിരുന്നു സകാത്തുല്‍ ഫിത്വര്‍ നല്‍കിയിരുന്നത്." - [متفق عليه].
അതത് നാട്ടിലെ അടിസ്ഥാന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഫിത്വര്‍ സകാത്തായി നല്‍കാവുന്നതാണ്. അന്ന് അറേബ്യയില്‍ നിലവിലുണ്ടായിരുന്ന അടിസ്ഥാനഭക്ഷണങ്ങളാണ് ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടത് എന്നര്‍ത്ഥം.
ഇത് പെരുന്നാള്‍ നമസ്കാരത്തിന് മുന്നോടിയായി നല്‍കിയിരിക്കണം. എങ്കില്‍ മാത്രമേ സകാത്തുല്‍ ഫിത്വര്‍ ആയി പരിഗണിക്കപ്പെടുകയുള്ളൂ. അല്ലാത്തപക്ഷം അതൊരു സ്വദഖ മാത്രമായിരിക്കും:
عن ابن عباس رضي الله عنهما قَالَ : فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنْ اللَّغْوِ وَالرَّفَثِ ، وَطُعْمَةً لِلْمَسَاكِينِ ، مَنْ أَدَّاهَا قَبْلَ الصَّلاةِ فَهِيَ زَكَاةٌ مَقْبُولَةٌ ، وَمَنْ أَدَّاهَا بَعْدَ الصَّلاةِ فَهِيَ صَدَقَةٌ مِنْ الصَّدَقَاتِ .
ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നോമ്പുകാരന് തന്‍റെ വീഴ്ചകളില്‍ നിന്നും പാപങ്ങളില്‍ നിന്നുമുള്ള വിശുദ്ധിയെന്നോണവും, പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുക എന്ന നിലക്കുമാണ് നബി (സ) സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയത്. അത് ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി നല്‍കുന്നുവെങ്കില്‍ അത് സ്വീകാര്യമായ സകാത്തായി പരിഗണിക്കപ്പെടും. എന്നാല്‍ ഒരാള്‍ നമസ്കാര ശേഷമാണ് അത് നിര്‍വഹിക്കുന്നത് എങ്കില്‍ അതേ കേവലം ദാനധര്‍മ്മങ്ങളില്‍ ഒരു ദാനധര്‍മ്മം മാത്രമായിരിക്കും". - [അബൂദാവൂദ്: 1609. അല്‍ബാനി: ഹദീസ് ഹസന്‍].
മേല്‍പറഞ്ഞ ഹദീസില്‍ സകാത്തുല്‍ ഫിത്വറിന്‍റെ യുക്തിയെ സംബന്ധിച്ചും അതുപോലെ അത് നല്‍കേണ്ട സമയത്തെ സംബന്ധിച്ചും സുവ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി അത് നിര്‍വഹിചിരിക്കണം. റമദാനിന്‍റെ അവസാനിക്കുന്നതോടെയാണ് അത് നല്‍കുന്നത്. എന്നാല്‍ സൗകര്യത്തിന് വേണ്ടി റമദാന്‍ അവസാനിക്കുന്നതിന് ഒന്ന് രണ്ട് ദിവസങ്ങള്‍ മുന്‍പ് തന്നെ അത് നല്‍കിയാല്‍ തെറ്റില്ല. ഇബ്നു ഉമര്‍ (റ) വില്‍ നിന്നും അപ്രകാരം ഉദ്ദരിക്കപ്പെട്ടതായിക്കാണാം:
وَكَانَ ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا يُعْطِيهَا الَّذِينَ يَقْبَلُونَهَا وَكَانُوا يُعْطُونَ قَبْلَ الْفِطْرِ بِيَوْمٍ أَوْ يَوْمَيْنِ .
"ഇബ്നു ഉമര്‍ (റ) അത്തിന്‍റെ സ്വീകര്‍ത്താക്കള്‍ക്ക് അത് നല്‍കാറുണ്ടായിരുന്നു. ഈദുല്‍ ഫിത്വറിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ മുന്‍പ് അവര്‍ അപ്രകാരം നല്‍കാറുണ്ടായിരുന്നു". - [ബുഖാരി: 1511].
റമദാന്‍ മാസത്തിന്‍റെ ആരംഭത്തില്‍ത്തന്നെ അത് നല്‍കാം എന്നതാണ് ഹനഫീ മദ്ഹബിലെയും ശാഫിഈ മദ്ഹബിലെയും അഭിപ്രായമെങ്കില്‍ക്കൂടി, നേരത്തെ സൂചിപ്പിച്ചത് പോലെ ഈദുല്‍ ഫിത്വറിന് ഒന്നോ രണ്ടോ ദിവസം മുന്‍പ് അവകാശികള്‍ക്കത് വിതരണം ചെയ്യുക എന്നതാണ് പ്രബലമായ അഭിപ്രായം. കാരണം അതിന് ഇബ്നു ഉമര്‍ (റ) വിന്‍റെ അസറിന്‍റെ പിന്‍ബലമുണ്ട്. മാലിക്കീ മദ്ഹബിലെയും ഹമ്പലീ മദ്ഹബിലെയും അഭിപ്രായവും അതാണ്. ശൈഖ് ഇബ്നു ബാസ് (റ) യും ആ അഭിപ്രായമാണ് പ്രബലമായി സ്വീകരിച്ചിട്ടുള്ളത്. മാത്രമല്ല ഈദുല്‍ ഫിത്വറിനോട് അനുബന്ധിച്ചാണല്ലോ സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കപ്പെട്ടത്. അതുകൊണ്ട് അതിനോടടുത്തായിരിക്കണം വിതരണം നടക്കേണ്ടത് എന്ന അഭിപ്രായം കൂടുതല്‍ ബലപ്പെടുകയും ചെയ്യുന്നു.
അതുപോലെ ഗര്‍ഭസ്ഥ ശിശുവിന് ഫിത്വര്‍ സകാത്ത് ബാധകമാണോ ?. എന്ന് പലരും ചോദിക്കാറുണ്ട്. ഗര്‍ഭസ്ഥ ശിശുവിന് സകാത്തുല്‍ ഫിത്വര്‍ നല്‍കല്‍ നിര്‍ബന്ധമല്ല. റമദാനിലെ അവസാന ദിനം സൂര്യന്‍ അസ്ഥമിക്കുന്നതിന് മുന്‍പ് ജനിക്കുന്നവര്‍ക്കാണ് സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധം എന്നാണ് ഫുഖഹാക്കള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഒരാള്‍ നല്‍കുന്നുവെങ്കില്‍ അത് പുണ്യകരമാണ്. ഉസ്മാന്‍ ബ്ന്‍ അഫ്ഫാന്‍ (റ) വില്‍ നിന്നും അപ്രകാരം ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ലജ്നതുദ്ദാഇമയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം:
ചോദ്യം: മാതാവിന്‍റെ ഗര്‍ഭത്തിലുള്ള കുഞ്ഞിന് സകാത്തുല്‍ ഫിത്വര്‍ നല്‍കേണ്ടതുണ്ടോ ?.
മറുപടി: "ഉസ്മാനു ബ്നു അഫ്ഫാന്‍ (റ) അപ്രകാരം ചെയ്തതിനാല്‍ അത് പുണ്യകരമാണ്. എന്നാല്‍ നിര്‍ബന്ധമല്ല. കാരണം നിര്‍ബന്ധമാണ് എന്നതിന് തെളിവില്ല". - [ഫതാവ ലജ്നദ്ദാഇമ: http://www.alifta.net/fatawa/].
നാട്ടിലെ അടിസ്ഥാനഭക്ഷണമായ എന്തും സകാത്തുല്‍ ഫിത്വര്‍ ആയി നല്‍കാം. അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ആയതിനാല്‍ എത്രത്തോളം നല്ല ഇനം നല്‍കാന്‍ സാധിക്കുമോ അത് നല്‍കുക. ഏറ്റവും ചുരുങ്ങിയത് മോശമായ ഇനം തിരഞ്ഞെടുക്കാതെ മിതമായ രൂപത്തിലുള്ള ഇനം നല്‍കണം. അത് ദാനധര്‍മ്മങ്ങളില്‍ പാലിക്കേണ്ട ഒരു പൊതു തത്വമാണ്. ഇനി ഒരാളെക്കൊണ്ട് താഴ്ന്ന ഇനം നല്‍കാനേ സാധിക്കുകയുള്ളൂ എങ്കില്‍ അയാള്‍ക്ക് അത് മതിയാകുന്നതുമാണ്. കൂടുതല്‍ നല്‍കാന്‍ സാധിക്കുന്നവര്‍ അപ്രകാരം ചെയ്യാന്‍ പരിശ്രമിക്കുക. പെരുന്നാളിന് ആളുകള്‍ സാധാരണ കഴിക്കും വിധമുള്ള ഭക്ഷണ സാമഗ്രികള്‍ നല്‍കാന്‍ സാധിക്കുമെങ്കില്‍ വളരെ നല്ലത്. സ്വാഭാവികമായും ആ ദിനത്തില്‍ നെയ്ച്ചോറോ ബിരിയാണിയോ ഒക്കെ വെക്കാനുള്ള അരിയോ, ഇറച്ചിയോ ഒക്കെ കിട്ടിയാല്‍ തീര്‍ച്ചയായും പാവപ്പെട്ടവര്‍ക്ക് അതൊരു സഹായമാകും. അതുതന്നെ നല്‍കല്‍ നിര്‍ബന്ധമാണ് എന്നോ, സാധാരണ അരി നല്‍കിയാല്‍ സകാത്തുല്‍ ഫിത്വര്‍ വീടില്ല എന്നോ പറയാന്‍ സാധിക്കില്ലെങ്കിലും, ഒരാള്‍ക്ക് അപ്രകാരം ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതാണ് ഉചിതം എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം പെരുന്നാള്‍ ദിവസം മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാതെ അവരെ സ്വയം പര്യാപ്തരാക്കുക എന്നതാണല്ലോ സകാത്തുല്‍ ഫിത്വറിന്‍റെ ഏറ്റവും വലിയ ഉദ്ദേശം. ചില റിപ്പോര്‍ട്ടുകളില്‍ ഇപ്രകാരം കാണാം:
كان رسول الله صلى الله عليه و سلم يقسمها قبل أن ينصرف إلى المصلى ويقول : أغنوهم عن الطواف في هذا اليوم
"നബി (സ) മുസ്വല്ലയിലേക്ക് പോകുന്നതിന് മുന്‍പായി അത് അവകാശികള്‍ക്ക് വീതം വെച്ച് നല്‍കുകയും, 'ഈ ദിവസത്തില്‍ മറ്റുള്ളവരുടെ മുന്‍പില്‍ യാചിക്കുന്നതില്‍ നിന്നും അവരെ നിങ്ങള്‍ കരകയറ്റുക' എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു". - [മുവത്വ: വോ: 2 പേജ്: 150].
പെരുന്നാള്‍ ദിനത്തില്‍ സാധാരണത്തേതില്‍ നിന്നും വ്യത്യസ്ഥമായ ഭക്ഷണം ഉണ്ടാക്കാനാണല്ലോ നാമേവരും ഇഷ്ടപ്പെടുന്നത്. പാവപ്പെട്ടവരും അപ്രകാരം തന്നെ. അതുകൊണ്ട് അന്നത്തെ ദിവസം പാകം ചെയ്യാന്‍ പറ്റിയ ഇനം ഭക്ഷണ സാമഗ്രികളായിരിക്കും അവര്‍ കൂടുതലും ആഗ്രഹിക്കുന്നത്. അതിനാല്‍ അത് നല്‍കുന്നതാണ് ഉചിതം. വില അല്പം കൂടുതല്‍ ആയതിനാല്‍ സാധാരണക്കാര്‍ക്ക് ഒരുപക്ഷേ സാധിച്ചില്ല എന്ന് വരാം. എങ്കിലും സാധിക്കുന്നവര്‍ക്ക് അപ്രകാരം ചെയ്യാമല്ലോ. ആ കര്‍മ്മം നിറവേറ്റുന്നതോടൊപ്പം കൂടുതല്‍ പ്രതിഫലവും കരസ്ഥമാക്കാം. പാവപ്പെട്ടവര്‍ക്ക് ഈ സുദിനത്തില്‍ കൂടുതല്‍ സന്തോഷം പകരുകയും ചെയ്യും. അല്ലാഹു അനുഗ്രഹിക്കട്ടെ.. ഞാനിപ്രകാരം പറയാന്‍ കാരണം ഒരിക്കല്‍ അപ്രതീക്ഷിതമായി ഒരു ഷോപ്പില്‍ വെച്ച് ഒരു പാവപ്പെട്ട സഹോദരന്‍ തന്‍റെ സുഹൃത്തിനോട് നടത്തുന്ന സംഭാഷണം കേള്‍ക്കാന്‍ ഇടയായി. 'കഴിഞ്ഞ തവണ കുറച്ച് നെയ്ച്ചോറിന്‍റെ അരി കിട്ടിയത് കൊണ്ട് മക്കള്‍ക്ക് പെരുന്നാള്‍ കൂടാനായി, ഇപ്രാവശ്യം എവിടുന്നെങ്കിലും കിട്ടുമോന്നറിയില്ല'. ഈ സംഭാഷണം ഒരു നേര്‍ക്കാഴ്ചയാണ്. ഒരുപാട് കടങ്ങളും, ചികിത്സാഭാരങ്ങളും ഒക്കെയുള്ളവരാണെങ്കില്‍, സാധാരണ കൂലിത്തൊഴിലാലികള്‍ക്ക് ഒരുപക്ഷെ ചില സന്ദര്‍ഭങ്ങളില്‍ കയ്യില്‍ നയാപൈസ കാണില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ പെരുന്നാളിനുള്ള വിഭവങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അതവര്‍ക്കൊരു സഹായമാകും. അതുകൊണ്ട് നമുക്ക് സാധിക്കുമെങ്കില്‍ അപ്രകാരം നല്‍കുന്നതാണ് ഉചിതം എന്നതില്‍ യാതൊരു സംശയവുമില്ല.
ഇനി അതിന്‍റെ അവകാശികള്‍ ആര് എന്നതാണ് മറ്റൊരു വിഷയം: ഫുഖറാക്കളും, മസാകീനുകളുമാണ് അതിന്‍റെ അവകാശികള്‍. ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു: "അതിന്‍റെ അവകാശികള്‍ ഫുഖറാക്കളും മസാകീനുകളുമാണ്. കാരണം ഇബ്നു അബ്ബാസ് (റ) വില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍: നോമ്പുകാരന് തെറ്റുകുറ്റങ്ങളും വീഴ്ചകളും പൊറുക്കപ്പെടാനും, അതുപോലെ (طعمة للمساكين) മിസ്കീനുകള്‍ക്ക് അഥവാ പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണമായും ആണ് നബി (സ) സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയത് എന്ന് കാണാം" - [മജ്മൂഉ ഫതാവ: 14/202]. അതുകൊണ്ട് ധനികരായവര്‍ക്കോ, സ്വന്തം വരുമാനം തന്‍റെ ചിലവുകള്‍ക്ക് തികയുന്നവര്‍ക്കോ അതില്‍ അവകാശമില്ല. എന്നാല്‍ തങ്ങളുടെ വരുമാനം തങ്ങളുടെ അടിസ്ഥാന ചിലവിന് തികയാത്ത ആളുകള്‍ അതിന്‍റെ അവകാശികളാണ്. അവര്‍ക്കാണ് ഫഖീര്‍, അല്ലെങ്കില്‍ മിസ്കീന്‍ എന്ന് പറയുന്നത്. അല്ലാഹു നമ്മുടെ കര്‍മ്മങ്ങള്‍ സ്വീകരിക്കുകയും തക്കതായ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ ... അല്ലാഹു അനുഗ്രഹിക്കട്ടെ...
ഫിത്വർ സകാത്ത് പണമായി നൽകാമോ ? അതല്ല ഭക്ഷണം തന്നെ നൽകേണ്ടതുണ്ടോ ?.
ഫിത്വർ സകാത്ത് പണമായി നൽകാവതല്ല. ഭക്ഷണമായിത്തന്നെ നല്കുക എന്നതാണ് പ്രവാചക ചര്യ.
عن أبي سعيد الخدري رضي الله عنه قال : كنا نعطيها في زمن النبي صلى الله عليه وسلم صاعاً من طعام ، أو صاعاً من تمر أو صاعاً من شعير أو صاعا من أقط أو صاعا من زبيب
അബീ സഈദ് അൽ ഖുദരി (റ) നിവേദനം: അദ്ദേഹം പറഞ്ഞു: " പ്രവാചകന്റെ കാലത്ത് ഒരു صاع ഭക്ഷണമോ, ഒരു صاع കാരക്കയോ, ഒരു صاع ബാർലിയോ, ഒരു صاع പനീറോ, ഒരു صاع ഉണക്കമുന്തിരിയോ ഒക്കെയാണ് ഫിത്വർ സകാത്തായി നല്‍കാറുണ്ടായിരുന്നത് " - [ബുഖാരി, മുസ്‌ലിം].
അതിനാൽ തന്നെ ഫിത്വർ സകാത്ത് ഭക്ഷണമായെ നൽകാവൂ എന്നതാണ് ഇമാം മാലിക്ക് (റ), ഇമാം ശാഫിഇ (റ), ഇമാം അഹ്മദ് (റ) തുടങ്ങി ബഹുപൂരിപക്ഷം ഫുഖഹാക്കളുടെയും അഭിപ്രായം. ഇമാം അബൂഹനീഫ (റ) പണമായും നല്‍കാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭക്ഷണമായെ നല്‍കാവൂ എന്ന് പറഞ്ഞ ഇമാമീങ്ങള്‍ നബി (സ) യുടെ കാലത്ത് പണം നല്‍കാമായിരുന്നിട്ടും റസൂല്‍ (സ) ഭക്ഷണം നല്‍കാന്‍ കല്പിച്ചതാണ് എല്ലാ ഹദീസുകളിലും കാണാന്‍ സാധിക്കുന്നത് എന്നതിനെയാണ് അവലംബിച്ചത്. പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിവസം ഭക്ഷണത്തിന് മുട്ടുണ്ടാകരുത് എന്നതാണ് അതിന്‍റെ ലക്ഷ്യം എന്നത് ഹദീസിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ വിശദീകരിച്ചു. ഇമാം അബൂ ഹനീഫ (റ) യാകട്ടെ സകാത്തുല്‍ ഫിത്വര്‍ പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ അവരെ ധന്യരാക്കുക എന്നത് ഭക്ഷണത്തില്‍ മാത്രമല്ല പൊതുവായ അര്‍ത്ഥത്തിലാണ്, അതിനാല്‍ ധനമായും നല്‍കാം എന്നും അഭിപ്രായപ്പെട്ടു.
ഭക്ഷണമായാണ് നല്‍കേണ്ടത് എന്നാല്‍ ഭക്ഷണം നല്‍കുന്നത് പാവങ്ങള്‍ക്ക് പ്രയാസകരവും പണമായി നല്‍കുന്നത് കൂടുതല്‍ ഉചിതമായി വരുന്ന സാഹചര്യങ്ങളില്‍ പണമായി നല്‍കാം എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയയെപ്പോലുള്ള പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതായാലും ഫിത്വര്‍ സകാത്ത് പണമായി നല്‍കിയാല്‍ വീടുമോ എന്നത് അഭിപ്രായഭിന്നതയുള്ള കാര്യമാണ്. ഭക്ഷണമായി നല്‍കിയാല്‍ നിറവേറുമെന്നത് ഏകാഭിപ്രായമുള്ള കാര്യവുമാണ്. മാത്രമല്ല ഫിത്വര്‍ സകാത്ത് പരാമര്‍ശിക്കുന്ന ഹദീസുകളിലെല്ലാം ഭക്ഷണമായി നല്‍കാനാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതും. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രബലമായ അഭിപ്രായവും കൂടുതല്‍ സൂക്ഷ്മതയുമെല്ലാം ഭക്ഷണമായി നല്‍കല്‍ തന്നെയാണ്. ശൈഖ് ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉസൈമീൻ (رحمهما الله) തുടങ്ങിയ പണ്ഡിതന്മാരും, ലജ്നതുദ്ദാഇമയുമെല്ലാം ഭക്ഷണമായി മാത്രമേ ഫിത്വർ സകാത്ത് നൽകാവൂ എന്നാണു പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് നേരത്തെ സൂചിപ്പിച്ചത് പോലെ ഭക്ഷണമായി നല്‍കലാണ് കൂടുതല്‍ സൂക്ഷ്മതയും അഭിപ്രായഭിന്നതയില്‍ നിന്നും പുറംകടക്കാന്‍ നല്ലതും.
എന്നാൽ ദരിദ്രർക്ക് ഭക്ഷണമായി എത്തിച്ചുകൊടുക്കാന്‍ വേണ്ടി വിശ്വാസയോഗ്യരായ ആളുകളെ അതിന്‍റെ പണം എല്പിക്കുന്നതിൽ തെറ്റില്ല. അത് അനുവദനീയമായ വക്കാലത്തുകളിൽ പെട്ടതാണ് എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പാവപ്പെട്ടവരിലെക്ക് അത് ഭക്ഷണമായാണ് എത്തേണ്ടത് എന്നതാണ് ഭക്ഷണമായി നല്‍കണം എന്നതുകൊണ്ട് ഉദ്ദേശിച്ചത്. പാവപ്പെട്ടവര്‍ക്ക് ഫിത്വര്‍ സകാത്തിന്‍റെ ഭക്ഷണം എത്തിച്ച് കൊടുക്കുന്ന മഹല്ല് സംവിധാനങ്ങളിലോ മറ്റോ പണം എല്പിക്കുന്നതില്‍ തെറ്റില്ല.
പ്രവാചകന്‍റെ കാലത്തെ ഒരു صاع എന്ന് പറയുന്നത്, അന്നത്തെ മദീനത്തെ ഒരു صاع ൽ ഗോതമ്പ് നിറച്ച് തൂക്കി നോക്കിയപ്പോൾ 2.040 ഗ്രാം ആണ് തൂക്കം ലഭിച്ചത് എന്ന് ശൈഖ് ഇബ്നു ഉസൈമീൻ അദ്ദേഹത്തിന്‍റെ الشرح الممتع എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുന്നെ തന്നെ അത് നൽകൽ അനുവദനീയമാണ്. സ്വഹാബത്ത് അപ്രകാരം അവരുടെ ഫിത്വർ സകാത്ത് നൽകാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം. പണം സ്വരൂപിച്ച് പെരുന്നാള്‍ നമസ്കാരത്തിന് മുന്നോടിയായി പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ കയ്യില്‍ രണ്ട് ദിവസത്തിന് മുന്പെയും നല്‍കാം. അവരത് ഒന്നോ രണ്ടോ ദിവസം മുതല്‍ ഈദ് നമസ്കാരം വരെയുള്ള സമയത്താണ് നിര്‍വഹിക്കേണ്ടത് എന്ന് മാത്രം.
അത് പെരുന്നാൾ നമസ്കാരത്തിന് മുന്പായി നൽകിയെങ്കിൽ മാത്രമേ ഫിത്വർ സകാത്തായി പരിഗണിക്കപ്പെടുകയുള്ളൂ. റസൂല്‍ (സ) പറഞ്ഞു: " നമസ്കാരത്തിന് മുന്പായി ഒരാൾ അത് നിർവഹിക്കുകയാണ് എങ്കിൽ അത് സ്വീകാര്യയോഗ്യമായ (ഫിത്വർ) സകാത്താണ്. എന്നാൽ നമസ്കാര ശേഷമാണ് ഒരാൾ അത് നിർവഹിക്കുന്നതെങ്കിൽ കേവലം സ്വദഖകളിൽ ഒരു സ്വദഖ മാത്രമായിരിക്കും അത്" - അബൂ ദാവൂദ്.
അല്ലാഹു അനുഗ്രഹിക്കട്ടെ ..