Thursday, July 26, 2018

ഗ്രഹണ നമസ്കാരം - ഒരു ലഘുപഠനം






 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ഗ്രഹണം എന്നത് അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ ഒന്നാണ്. പാഠമുള്‍ക്കൊള്ളുന്നവര്‍ക്ക് പാഠമുള്‍ക്കൊള്ളാനും മനുഷ്യകഴിവുകള്‍ക്ക് അതീതമായി ഈ പ്രപഞ്ചത്തില്‍ സൃഷ്ടാവ് ഒരുക്കിവച്ച അനിഷേധ്യമായ ദൃഷ്ടാന്തങ്ങളെ ഉള്‍ക്കൊണ്ട് അവന് കീഴ്വണങ്ങാനും ഭയഭക്തിയുള്ളവരാകുവാനുമുള്ള മഹനീയ പ്രതിഭാസങ്ങള്‍.

www.fiqhussunna.com

عَنْ أَبِي مَسْعُودٍ الْأَنْصَارِيِّ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ يُخَوِّفُ اللَّهُ بِهِمَا عِبَادَهُ ، وَإِنَّهُمَا لَا يَنْكَسِفَانِ لِمَوْتِ أَحَدٍ مِنْ النَّاسِ ، فَإِذَا رَأَيْتُمْ مِنْهَا شَيْئًا فَصَلُّوا وَادْعُوا اللَّهَ حَتَّى يُكْشَفَ مَا بِكُمْ ) .

 അബൂ മസ്ഊദ് അല്‍ അന്‍സാരി നിവേദനം: റസൂല്‍ (സ) പറഞ്ഞു: "സൂര്യനും ചന്ദ്രനും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ രണ്ട് ദൃഷ്ടാന്തങ്ങളാണ്. അതുമുഖേന തന്‍റെ ദാസന്മാരെ അവന്‍ ഭയവിഹ്വലരാക്കുന്നു. അവ രണ്ടിന്‍റെയും ഗ്രഹണം ഒരാളുടെയും മരണകാരണമായോ മറ്റോ സംഭവിക്കുന്നതല്ല. അവ ദര്‍ശിക്കുന്ന പക്ഷം അത് നീക്കപ്പെടുന്നത് വരെ നിങ്ങള്‍ നമസ്കരിക്കുകയും ദുആ ചെയ്യുകയും ചെയ്യുക". - [متفق عليه].


عَنْ أَبِي مُوسَى رضي الله عنه قالَ : " خَسَفَتْ الشَّمْسُ فَقَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَزِعًا يَخْشَى أَنْ تَكُونَ السَّاعَةُ ، فَأَتَى الْمَسْجِدَ فَصَلَّى بِأَطْوَلِ قِيَامٍ وَرُكُوعٍ وَسُجُودٍ رَأَيْتُهُ قَطُّ يَفْعَلُهُ ، وَقَالَ : ( هَذِهِ الْآيَاتُ الَّتِي يُرْسِلُ اللَّهُ لَا تَكُونُ لِمَوْتِ أَحَدٍ وَلَا لِحَيَاتِهِ وَلَكِنْ يُخَوِّفُ اللَّهُ بِهِ عِبَادَهُ ؛ فَإِذَا رَأَيْتُمْ شَيْئًا مِنْ ذَلِكَ فَافْزَعُوا إِلَى ذِكْرِهِ وَدُعَائِهِ وَاسْتِغْفَارِهِ ).

അബൂ മൂസ അല്‍ അശ്അരി (റ) നിവേദനം: നബി (സ) യുടെ കാലത്ത് സൂര്യഗ്രഹണം സംഭവിച്ചു. അന്ത്യദിനം സംഭവിക്കുകയാണ് എന്ന് തോന്നുമാറ് റസൂല്‍ (സ) ധൃതി പിടിച്ച് പള്ളിയിലേക്ക് വന്നു. ശേഷം ഞാന്‍ കണ്ടത്തില്‍ വച്ച് ഏറ്റവും സുദീര്‍ഘമായ രൂപത്തില്‍ ഖിയാമും, റുകൂഉം, സുജൂദുമായി ദീര്‍ഘമായ നമസ്കാരം നമസ്കരിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു: "അല്ലാഹു അയക്കുന്ന ചില ദൃഷ്ടാന്തങ്ങളാണ് ഇവ. ആരുടെയെങ്കിലും മരണം കൊണ്ടോ , ജനനം കൊണ്ടോ സംഭവിക്കുന്നതല്ല അത്. മറിച്ച് തന്‍റെ ദാസന്മാരെ ഭയപ്പെടുത്തുന്ന ചില പ്രതിഭാസങ്ങളാണ്. അതുകൊണ്ട് അതിന് നിങ്ങള്‍ സാക്ഷിയായാല്‍ ദിക്റിലേക്കും, ദുആഇലേക്കും, ഇസ്തിഗ്ഫാറിലേക്കും ധൃതി കാണിച്ചുകൊള്ളുക". - [متفق عليه].

 ഈ പ്രപഞ്ചത്തിന്‍റെയെല്ലാം നിയന്താവും സൃഷ്ടാവുമായ ഏകനായ സൃഷ്ടാവിന്‍റെ സൃഷ്ടിവൈഭവങ്ങളും, ഈ പ്രപഞ്ചത്തില്‍ അവന്‍ ക്രമീകരിച്ച അത്ഭുത പ്രതിഭാസങ്ങളും, മനുഷ്യന് തന്‍റെ നിസാരതയും ദുര്‍ബലതയും ബോധ്യപ്പെടാനും, ഭക്തിയും ദൈവഭയവുമുണ്ടാകുവാനുമുള്ള ദൃഷ്ടാന്തങ്ങളാണ്. ഹദീസില്‍ സൂചിപ്പിച്ച പോലെ ആരുടെയെങ്കിലും മരണത്തിലുള്ള ദുഃഖ സൂചകമായോ,  ആരുടെയെങ്കിലും ജന്മത്തിലുള്ള സന്തോഷ സൂചകമായോ സംഭവിക്കുന്ന ഒന്നല്ല ഗ്രഹണം. മറിച്ച് പ്രപഞ്ചത്തിന്‍റെ പരിപൂര്‍ണ നിയന്ത്രണവും അതിന്‍റെ ചലനവും ക്രമീകരണങ്ങളും തിട്ടപ്പെടുത്തിയ ഏക സൃഷ്ടാവായ അല്ലാഹു മനുഷ്യകഴിവുകള്‍ക്കതീതമായി പ്രപഞ്ചത്തില്‍ ഒരുക്കിവച്ച പ്രതിഭാസങ്ങളില്‍ ഒന്നാണത്. അതിലൂടെ അവന്‍ മനുഷ്യന് തന്‍റെ നിസാരത ബോധ്യപ്പെടുത്തുകയും അവനെ ഭീതിപ്പെടുത്തുകയും ചെയ്യുന്നു. സൂര്യചന്ദ്രാതികളുടെ വെളിച്ചമണയുന്ന അന്ത്യദിനത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ അത്തരം ദൃഷ്ടാന്തങ്ങള്‍ ദര്‍ശിക്കുന്ന സന്ദര്‍ഭങ്ങളില്‍ സൃഷ്ടാവിനോടുള്ള വിധേയത്വവും സമര്‍പ്പണവും ഭയഭക്തിയും കാതലാക്കി ഒരു വിശ്വാസി ആരാധനയില്‍ മുഴുകണം. അതില്‍ സുപ്രധാനമാണ്‌ ഗ്രഹണ നമസ്കാരം:

ഗ്രഹണ നമസ്കാരത്തിന്‍റെ രൂപം:

തക്ബീറത്തുല്‍ ഇഹ്റാം കെട്ടി, دعاء الاستفتاح അഥവാ പ്രാരംഭ പ്രാര്‍ത്ഥന ചൊല്ലി, അഊദുവും ബിസ്മിയും ചൊല്ലി ഫാത്തിഹ ഒതണം. ശേഷം സുദീര്‍ഘമായി വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുകയും, ശേഷം സുദീര്‍ഘമായി റുകൂഇലേക്ക് പോകുകയും വേണം, ശേഷം سمع الله لمن حمده എന്ന് പറയുകയും, ഇഅതിദാലിലെ പ്രാര്‍ത്ഥന  ربنا ولك الحمد  ചൊല്ലുകയും ചെയ്യുക. ശേഷം വീണ്ടും ഫാത്തിഹ ഓതുക. ശേഷം ആദ്യം ഓതിയതിനേക്കാള്‍ അല്പം കുറവ് വരുന്ന രൂപത്തില്‍ സുദീര്‍ഘമായി വീണ്ടും ഒതുക. ശേഷം ആദ്യത്തെ റുകൂഇന്‍റെ അത്ര തന്നെ ദൈര്‍ഘ്യം വരാത്ത സുദീര്‍ഘമായ റുകൂഅ് ചെയ്യുക. ശേഷം سمع الله لمن حمده പറഞ്ഞ് ഇഅ്തിദാലില്‍ സുദീര്‍ഘമായി നില്‍ക്കുക. ശേഷം സുദീര്‍ഘമായ രണ്ട് സുജൂദുകളും, അതിനിടയില്‍ സുദീര്‍ഘമായ ഇടയിലിരുത്തം ഇരിക്കുകയും ചെയ്യുക. ശേഷം രണ്ടാമത്തെ റകഅത്തിലേക്ക് എഴുന്നേല്‍ക്കുകയും ആദ്യ റകഅത്തിനേക്കാള്‍ അല്പം ദൈര്‍ഘ്യം കുറയുന്ന രൂപത്തില്‍ നേരത്തെ നിര്‍വഹിച്ച പോലെ രണ്ടാം റകഅത്തും നിര്‍വഹിക്കുക. ശേഷം തശഹുദിരുന്ന് സലാം വീട്ടുക. ഇതാണ് ഗ്രഹണ നമസ്കാരത്തിന്‍റെ രൂപം.

ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:

عَنْ عَائِشَةَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَتْ : " خَسَفَتْ الشَّمْسُ فِي حَيَاةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَخَرَجَ إِلَى الْمَسْجِدِ فَصَفَّ النَّاسُ وَرَاءَهُ ، فَكَبَّرَ ، فَاقْتَرَأَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قِرَاءَةً طَوِيلَةً ، ثُمَّ كَبَّرَ فَرَكَعَ رُكُوعًا طَوِيلًا ، ثُمَّ قَالَ : سَمِعَ اللَّهُ لِمَنْ حَمِدَهُ ، فَقَامَ وَلَمْ يَسْجُدْ ، وَقَرَأَ قِرَاءَةً طَوِيلَةً ، هِيَ أَدْنَى مِنْ الْقِرَاءَةِ الْأُولَى ، ثُمَّ كَبَّرَ وَرَكَعَ رُكُوعًا طَوِيلًا ، وَهُوَ أَدْنَى مِنْ الرُّكُوعِ الْأَوَّلِ ، ثُمَّ قَالَ : سَمِعَ اللَّهُ لِمَنْ حَمِدَهُ رَبَّنَا وَلَكَ الْحَمْدُ ، ثُمَّ سَجَدَ ، ثُمَّ قَالَ فِي الرَّكْعَةِ الْآخِرَةِ مِثْلَ ذَلِكَ ، فَاسْتَكْمَلَ أَرْبَعَ رَكَعَاتٍ ، فِي أَرْبَعِ سَجَدَاتٍ ".

ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ) നിവേദനം: "നബി (സ) യുടെ ജീവിതകാലത്ത് സൂര്യഗ്രഹണമുണ്ടായി. അദ്ദേഹം പള്ളിയിലേക്ക് പുറപ്പെട്ടു. ആളുകള്‍ അദ്ദേഹത്തിന് പിന്നില്‍ സ്വഫ്ഫായി നിന്നു. അദ്ദേഹം തക്ബീര്‍ ചൊല്ലി. ശേഷം സുദീര്‍ഘമായി പാരായണം ചെയ്തു. ശേഷം സുദീര്‍ഘമായ റുകൂഅ് നിര്‍വഹിച്ചു. ശേഷം سمع الله لمن حمده പറഞ്ഞുകൊണ്ട് എഴുന്നേറ്റു. പക്ഷെ സുജൂദിലേക്ക് പോയില്ല. ശേഷം സുദീര്‍ഘമായി വീണ്ടും പാരായണം ചെയ്തു. അതിന് ആദ്യം പാരായണം ചെയ്തതിനേക്കാള്‍ ദൈര്‍ഘ്യംകുറവായിരുന്നു. ശേഷം സുദീര്‍ഘമായ റുകൂഅ് നിര്‍വഹിച്ചു. അതിന് ആദ്യ റുകൂഇനേക്കാള്‍ ദൈര്‍ഘ്യം കുറവായിരുന്നു. ശേഷം سمع الله لمن حمده  എന്നും ربنا ولك الحمد എന്നും പറഞ്ഞു എഴുന്നേറ്റു. ശേഷം സുജൂദിലേക്ക് പോയി. രണ്ടാമത്തെ റകഅത്തിലും അതുപോലെത്തന്നെ നിര്‍വഹിച്ചു. അങ്ങനെ നാല് റുകൂഉകളും നാല് സുജൂദുകളുമായി ഗ്രഹണ നമസ്കാരം പൂര്‍ത്തിയാക്കി".  - [متفق عليه].

ഗ്രഹണ നമസ്കാരം വീട്ടില്‍ വെച്ച് ഒറ്റക്ക് നമസ്കരിക്കാമോ ?. 

ഗ്രഹണ നമസ്കാരം ജമാഅത്തായി നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമല്ല, സുന്നത്തായ കാര്യമാണ് എന്നത് ഫുഖഹാക്കള്‍ക്കിടയില്‍ ഏകാഭിപ്രായമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ വീട്ടില്‍ വെച്ച് ഒരാള്‍ക്ക് കുടുംബത്തോടൊപ്പം ജമാഅത്തായോ, ഒറ്റക്കോ നമസ്കരിക്കാം. എന്നാല്‍ ഗ്രഹണനമസ്കാരം പള്ളിയില്‍ ജമാഅത്തായി നിര്‍വഹിക്കുന്നത് കൂടുതല്‍ പുണ്യകാരമാണ്. അതുകൊണ്ട് അതിന് തന്നെയാണ് നാം പ്രാമുഖ്യം നല്‍കേണ്ടത്.

സൂര്യഗ്രഹണത്തിനും ചന്ദ്രഗ്രഹണത്തിനും ഒരുപോലെ പള്ളിയില്‍ വെച്ച് ജമാഅത്തായി നിര്‍വഹിക്കാം എന്നതാണ് ഇമാം ശാഫിഈ (റ) യുടെയും [مغني   المحتاج :  1/599 നോക്കുക] ഇമാം അഹ്മദ് (റ) യുടെയും [المغني : 2/202] അഭിപ്രായം. എന്നാല്‍ ഇമാം അബൂ ഹനീഫ (റ) യുടെ അഭിപ്രായപ്രകാരവും [البحر الرائق شرح كنز الدقائق : 1/366 നോക്കുക]  ഇമാം മാലിക്ക് (റ) യുടെ മശ്ഹൂറായ അഭിപ്രായപ്രകാരവും [المدونة : 1/242 നോക്കുക] സൂര്യഗ്രഹണത്തിന് മാത്രമേ പള്ളിയില്‍ വെച്ച് ജമാഅത്തായി നമസ്കാരമുള്ളൂ. കാരണം നബി (സ) യുടെ കാലത്ത് സൂര്യഗ്രഹണത്തിനാണ് അവര്‍ പള്ളിയില്‍ വെച്ച് നമസ്കരിച്ചത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണത്.  അതിനാല്‍ത്തന്നെ ചന്ദ്രഗ്രഹണത്തിന് അവരുടെ വീക്ഷണത്തില്‍ ജമാഅത്ത് നമസ്കാരമില്ല. എന്നാല്‍ കൂടുതല്‍ പ്രബലമായ അഭിപ്രായം ഇമാം ശാഫിഇ (റ) യും ഇമാം അഹ്മദും പറഞ്ഞ ആദ്യത്തെ അഭിപ്രായം തന്നെയാണ്. കാരണം നബി (സ) സൂര്യഗ്രഹണമാണ് ജമാഅത്തായി നമസ്കരിച്ച് കാണിച്ച് തന്നതെങ്കിലും ചന്ദ്രഗ്രഹണത്തെയും സൂര്യഗ്രഹണത്തോടൊപ്പം ഒരുമിച്ചാണ് നബി (സ) പ്രതിപാദിച്ചത്. അതില്‍ ( فَإِذَا رَأَيْتُمْ مِنْهَا شَيْئًا فَصَلُّوا ) "സൂര്യ-ചന്ദ്ര ഗ്രഹണങ്ങളില്‍ വല്ലതും നിങ്ങള്‍ ദര്‍ശിച്ചാല്‍ നിങ്ങള്‍ നമസ്കരിക്കുക" എന്നഹദീസില്‍ രണ്ടും ഒരുമിച്ച് പരാമര്‍ശിക്കുകയും അതില്‍ 'സൂര്യഗ്രഹണത്തിന് ജമാഅത്തായി നമസ്കരിച്ച പോലെ ചന്ദ്രഗ്രഹണത്തിന് നിങ്ങള്‍ ജമാഅത്തായി നമസ്കരിക്കരുത്' എന്ന് നബി (സ) പ്രത്യേകം ഓര്‍മ്മപ്പെടുത്താത്തതുകൊണ്ട് തന്നെ രണ്ടും ഒരുപോലെയാണ് എന്ന് മനസ്സിലാക്കാം. 

അതുകൊണ്ട് സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും പള്ളിയില്‍ വച്ച് ജമാഅത്തായി നിര്‍വഹിക്കലാണ് ശ്രേഷ്ഠം. എന്നാല്‍ ഒറ്റക്കും നിര്‍വഹിക്കാം. 

ഗ്രഹണ നമസ്കാരത്തില്‍ ഉറക്കെയാണോ അതോ മെല്ലെയാണോ ഓതേണ്ടത് ?. 


 ഉറക്കെ ഓതല്‍ സുന്നത്താണ്. ഈ വിഷയത്തിലും ഇമാമീങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. പഠനം ഉദ്ദേശിക്കുന്നവര്‍ക്ക് വേണ്ടി അത് വിശദീകരിക്കാം ഉറക്കെ ഓതിയാലും ശബ്ദമുയര്‍ത്താതെ ഒതിയാലും നമസ്കാരം സ്വീകാര്യമാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഉറക്കെ ഓതല്‍ സുന്നത്താണോ അല്ലയോ എന്നതാണ് ചര്‍ച്ച.  ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും ഉദ്ദരിക്കപ്പെട്ട ഒരു ഹദീസില്‍ :

إن النبي صلى الله عليه وسلم صلى صلاة الكسوف ، فلم نسمع له صوتا
"നബി (സ) ഗ്രഹണ നമസ്കാരം നിര്‍വ്വഹിച്ചു. പക്ഷെ അദ്ദേഹത്തിന്‍റെ ശബ്ദം ഞങ്ങള്‍ കേട്ടില്ല". - (البيهقي : 3 / 335).

എന്നതിന്‍റെ അടിസ്ഥാനത്തിലും, ഉറക്കെ ഓതിയിരുന്നുവെങ്കില്‍ അത് ധാരാളം ഉദ്ദരിക്കപ്പെടുമായിരുന്നു എന്നും കണക്കിലെടുത്ത് ഇമാം അബൂ ഹനീഫ (റ), ഇമാം മാലിക്ക് (റ), ഇമാം ശാഫിഇ (റ) തുടങ്ങിയവര്‍ ഉറക്കെ ഓതുന്നത് സുന്നത്തല്ല എന്ന അഭിപ്രായക്കാരാണ്. - [الموسوعة الفقهية الكويتية : 27/257 നോക്കുക].

എന്നാല്‍ മേല്‍ പരാമര്‍ശിക്കപ്പെട്ട ഇബ്നു അബ്ബാസ് (റ) വിന്‍റെ ഹദീസ് ദുര്‍ബലമാണ് എന്ന് ഇമാം ഇബ്നു ഹജര്‍ രേഖപ്പെടുത്തിയിട്ടുണ്ട് [التلخيص : 2 / 92 നോക്കുക]. 


എന്നാല്‍ ഇരുഗ്രഹണ നമസ്കാരത്തിലും ഉറക്കെ ഓതല്‍ സുനത്താണ് എന്നതാണ് ഇമാം അഹ്മദിന്‍റെ അഭിപ്രായം. അത് സ്വഹീഹായ ഹദീസില്‍ വന്നിട്ടുമുണ്ട്. ഇമാം ബുഖാരി (റ) അദ്ദേഹത്തിന്‍റെ സ്വഹീഹില്‍ ഒരു ബാബ് തന്നെ രേഖപ്പെടുത്തിയത്: باب الجهر بالقراءة في الكسوف ഗ്രഹണ നമസ്കാരത്തില്‍ ഉച്ചത്തില്‍ ഓതുന്നത് പരാമര്‍ശിക്കുന്ന ബാബ് എന്നതാണ്. അതില്‍ ആഇശ (റ) യില്‍ നിന്നും അദ്ദേഹം ഉദ്ദരിക്കുന്നു: 

عن عائشة رضي الله عنها جهر النبي صلى الله عليه وسلم في صلاة الخسوف

ആഇശ (റ) നിവേദനം: "നബി (സ) ഗ്രഹണ നമസ്കാരത്തില്‍ ഉച്ചത്തില്‍ പാരായണം ചെയ്തു .....".  - (ബുഖാരി: 1016). നബി (സ) യുടെ കാലത്ത് ഉണ്ടായത് പകല്‍ സമയത്തുള്ള സൂര്യഗ്രഹണമാണ് എന്നതും ഇതിനോട് നമുക്ക് ചേര്‍ത്ത് വായിക്കാം. അതുപോലെ രണ്ടാമത്തെ തെളിവാണ് ഇത് ജമാഅത്ത് അനുവദനീയമായ സുന്നത്ത് നമസ്കാരമാണ്. അതുകൊണ്ട് പൊതുവെ ജമാഅത്ത് അനുവദനീയമായ (പെരുന്നാള്‍ നമസ്കാരം പോലുള്ള) സുന്നത്ത് നമസ്കാരങ്ങളില്‍ ഉച്ചത്തില്‍ ഓതല്‍ സുന്നത്തായതിനാല്‍ ഗ്രഹണ നമസ്കാരത്തിലും അപ്രകാരം തന്നെ. 


ഗ്രഹണ നമ്സ്കാരശേഷമുള്ള ഖുത്ബ:

ഇത് ഫുഖഹാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുള്ള വിഷയമാണ്. ഏതായാലും ഖുത്ബ നിര്‍ബന്ധമില്ല എന്നത് ഏകാഭിപ്രായമുള്ള കാര്യമാണ്. എന്നാല്‍ ഖുത്ബ മുസ്തഹബ്ബാണോ അല്ലയോ എന്നതില്‍ ചര്‍ച്ചയുണ്ട്.

റസൂല്‍ (സ) വളരെ ഹ്രസ്വമായ ഒരു ഖുത്ബ നടത്തിയതായി ആഇശ (റ) ഉദ്ദരിച്ച ഹദീസില്‍ വന്നിട്ടുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്:

عن عَائِشَةَ رضي الله عنها أن النبي صلى الله عليه وسلم انْصَرَفَ وَقَدْ انْجَلَتْ الشَّمْسُ ، فَخَطَبَ النَّاسَ ، فَحَمِدَ اللَّهَ ، وَأَثْنَى عَلَيْهِ ، ثُمَّ قَالَ : (إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ ، لَا يَخْسِفَانِ لِمَوْتِ أَحَدٍ وَلَا لِحَيَاتِهِ ، فَإِذَا رَأَيْتُمْ ذَلِكَ فَادْعُوا اللَّهَ ، وَكَبِّرُوا ، وَصَلُّوا ، وَتَصَدَّقُوا ، ثُمَّ قَالَ : يَا أُمَّةَ مُحَمَّدٍ وَاللَّهِ مَا مِنْ أَحَدٍ أَغْيَرُ مِنْ اللَّهِ أَنْ يَزْنِيَ عَبْدُهُ أَوْ تَزْنِيَ أَمَتُهُ، يَا أُمَّةَ مُحَمَّدٍ ، وَاللَّهِ لَوْ تَعْلَمُونَ مَا أَعْلَمُ لَضَحِكْتُمْ قَلِيلًا ، وَلبَكَيْتُمْ كَثِيرًا) . 

ഉമ്മുല്‍ മുഅമിനീന്‍ ആഇശ (റ) നിവേദനം: സൂര്യഗ്രഹണമുണ്ടായപ്പോള്‍ നബി (സ) (പള്ളിയിലേക്ക്) പോയി. എന്നിട്ടദ്ദേഹം ആളുകളോട് അഭിസംബോധനം ചെയ്ത് സംസാരിച്ചു. ഹംദ് ചൊല്ലി, അല്ലാഹുവിനെ പ്രകീര്‍ത്തിച്ച് ആരംഭിച്ചു. ശേഷം അദ്ദേഹം പറഞ്ഞു: " "സൂര്യനും ചന്ദ്രനും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ രണ്ട് ദൃഷ്ടാന്തങ്ങളാണ്. അതുമുഖേന തന്‍റെ ദാസന്മാരെ അവന്‍ ഭയവിഹ്വലരാക്കുന്നു. അവ രണ്ടിന്‍റെയും ഗ്രഹണം ഒരാളുടെയും മരണകാരണമായോ മറ്റോ സംഭവിക്കുന്നതല്ല. അതുകൊണ്ടുതന്നെ നിങ്ങളത് ദര്‍ശിച്ചാല്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. തക്ബീര്‍ ചൊല്ലുക, നമസ്കരിക്കുക, ദാനധര്‍മ്മങ്ങളില്‍ ഏര്‍പ്പെടുക. ശേഷം അദ്ദേഹം പറഞ്ഞു: അല്ലയോ മുഹമ്മദിന്‍റെ സമൂഹമേ, തന്‍റെ ദാസനോ ദാസിയോ വ്യഭിചരിക്കുന്നതില്‍ അല്ലാഹുവിനേക്കാള്‍ കോപിഷ്ഠനാകുന്ന മറ്റാരുമില്ല. അല്ലയോ മുഹമ്മദിന്‍റെ ഉമ്മത്തീങ്ങളേ.. എനിക്കറിയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കറിയുമായിരുന്നുവെങ്കില്‍ നിങ്ങള്‍ വളരെ കുറച്ച് മാത്രം ചിരിക്കുകയും വളരെയധികം കരയുകയും ചെയ്യുമായിരുന്നു" . - [متفق عليه].

ഈ സംഭാഷണം നമസ്കാരശേഷമാണ് നടന്നത് എന്നത് നാം തന്നെ മുകളില്‍ ഉദ്ദരിച്ച അബൂ മൂസ അല്‍ അശ്അരി (റ) വിന്‍റെ ഹദീസില്‍ നിന്നും വ്യക്തമാണ്.

ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ഹ്രസ്വമായ ഖുത്ബ പറയല്‍ സുന്നത്താണ് എന്നതാണ് ഇമാം ശാഫിഇ (റ) യുടെ അഭിപ്രായം. ഇമാം അഹ്മദില്‍ നിന്നുള്ള ഒരു രിവായത്തും അപ്രകാരം തന്നെ. അതാണ്‌ സലഫുകളില്‍ കൂടുതല്‍ പേരുടെയും അഭിപ്രായം. ഇമാം നവവി (റ) പറയുന്നു: 

قال النووي رحمه الله : "وبه قال جمهور السلف ، ونقله ابن المنذر عن الجمهور" انتهى.

"അതാണ്‌ ഭൂരിഭാഗം സലഫുകളുടെയും അഭിപ്രായം. ഇബ്നുല്‍ മുന്‍ദിര്‍ അത് ഭൂരിപക്ഷാഭിപ്രായമായി ഉദ്ദരിച്ചിട്ടും ഉണ്ട്" - [المجموع : 5/59]. 

എന്നാല്‍ അത് സുന്നത്തല്ല. നബി (സ) ഗ്രഹണ നമസ്കാരത്തെക്കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുക്കുക മാത്രമാണ് ചെയ്തത്. അതുകൊണ്ട് ഖുത്ബ നടത്തേണ്ടതില്ല എന്നതാണ് ഇമാം അബൂ ഹനീഫ (റ) യുടെ അഭിപ്രായം. ഇമാം അഹ്മദില്‍ നിന്നും ഒരു റിപ്പോര്‍ട്ടും അപ്രകാരമാണ്. പക്ഷെ വ്യഭിചാരത്തെക്കുറിച്ച് താക്കീത് നല്‍കുന്ന ഭാഗം സ്വഹീഹായ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടതിനാല്‍ ഈ അഭിപ്രായത്തെക്കാള്‍ പ്രബലം ആദ്യത്തെ അഭിപ്രായമാണ്.

ഖുത്ബയുടെ രൂപത്തിലല്ല, എന്നാല്‍ ചെറിയ ഉപദേശം ആകാവുന്നതാണ് എന്നതാണ് ഇമാം മാലിക്കിന്‍റെ അഭിപ്രായം. ഇത് ആദ്യ അഭിപ്രായത്തോട് സാമ്യതയുള്ളത് തന്നെയാണ്.

ഏതായാലും ലളിതമായി ഒരൊറ്റ ഖുത്ബ നടത്തുന്നത് മുസ്തഹബ്ബാണ് എന്നതാണ് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.
______________________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

ഉളുഹിയത്ത് മൃഗത്തിന് ഉണ്ടായിരിക്കേണ്ട നിബന്ധനകള്‍




الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

ഉളുഹിയ്യത്ത് അറുക്കപ്പെടുന്ന മൃഗത്തിന് ഉണ്ടായിരിക്കേണ്ട നിബന്ധനകളെ സംബന്ധിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചുമാണ് ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത്.

www.fiqhussunna.com
 

ഒന്ന്: അറുക്കപ്പെടുന്ന മൃഗം بهيمة الأنعام അഥവാ കന്നുകാലികളില്‍ പെട്ടതായിരിക്കണം. ഒട്ടകം, മാടുകള്‍ , ആട് എന്നിവയാണവ.

അല്ലാഹു പറയുന്നു:
وَلِكُلِّ أُمَّةٍ جَعَلْنَا مَنْسَكًا لِيَذْكُرُوا اسْمَ اللَّهِ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الْأَنْعَامِ
  "ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മ്മം നിശ്ചയിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക്‌ നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്‌." - [ഹജ്ജ് :34].  

രണ്ട്: അറുക്കപ്പെടുന്ന മൃഗത്തിന് ശറഅ് നിശ്ചയിച്ച പ്രായം തികയണം. ഹദീസില്‍ ഇപ്രകാരം കാണാം: 

عَنْ جَابِرٍ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لا تَذْبَحُوا إِلا مُسِنَّةً إِلا أَنْ يَعْسُرَ عَلَيْكُمْ فَتَذْبَحُوا جَذَعَةً مِنْ الضَّأْنِ

ജാബിര്‍ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "നിങ്ങള്‍ 'മുസിന്ന' അല്ലാതെ അറുക്കരുത്. നിങ്ങള്‍ക്ക് അത് പ്രയാസകരമായാല്‍ ചെമ്മരിയാടില്‍ നിന്നും (جذعة) അറുത്ത് കൊള്ളുക." - [സ്വഹീഹ് മുസ്‌ലിം: 1963]. 
'മുസിന്ന' എന്നാല്‍ കാളികളിലെ ഒരു പ്രായപരിധിയാണ്. ജനിക്കുമ്പോള്‍ ഉള്ള പല്ലുകള്‍ മാറി സ്ഥിരമായി നിലനില്‍ക്കുന്ന തീറ്റപ്പല്ല് വന്നവ എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇമാം നവവി പറയുന്നു: 'മുസിന്ന' എന്നാല്‍ എല്ലാത്തില്‍ നിന്നും ثنية  ആണ്
(അഥവാ പാല്‍പല്ല് മാറി തീറ്റപ്പല്ല് വന്നവ). ആട്, പശു, ഒട്ടകം തുടങ്ങിയവയിലെല്ലാം ഇപ്രകാരം തന്നെ. - [ശറഹു മുസ്‌ലിം: 6/456].
 
ഓരോ മൃഗവും അവയുടെ പ്രായപരിധിയും:


കോലാട്:
ഹനഫീ, മാലിക്കീ, ഹമ്പലീ അഭിപ്രായപ്രകാരം ഒരു വയസ് തികയണം. ശാഫിഈ അഭിപ്രായപ്രകാരം രണ്ട് വയസ് തികയണം. കോലാടിന് ഒരു വയസ് തികഞ്ഞാല്‍ മതി എന്നതാണ് ഭൂരിപക്ഷാഭിപ്രായം. നമ്മുടെ നാട്ടില്‍ സാധാരണ കാണാറുള്ള ആടാണ് കോലാട്. 

ചെമ്മരിയാട്: ഹനഫീ, മാലിക്കീ, ഹമ്പലീ അഭിപ്രായപ്രകാരം ആറു മാസം തികയണം. ശാഫിഈ അഭിപ്രായപ്രകാരം ഒരു വര്‍ഷമെത്തിയിരിക്കണം. ആറു മാസം എന്നതാണ് ഭൂരിപക്ഷാഭിപ്രായം. ചെമ്മരിയാടിന്‍റെ വിഷയത്തില്‍ മാത്രമുള്ള ഇളവാണ് ഇത്. ചെമ്മരിയാടില്‍ മാത്രമാണ് جذعة നബി (സ) അനുവദിച്ചിട്ടുള്ളത്. പല്ല് പൊഴിയുന്ന പ്രായം അഥവാ ആറു മാസം പ്രായമെത്തിയവയാണവ.  എന്നാല്‍ ചെമ്മരിയാടിലും ഒരു വയസ് തികയുകയാണ് എങ്കില്‍ അതാണ്‌ ശ്രേഷ്ഠം. ചില പണ്ഡിതന്മാര്‍ മുകളില്‍ ഉദ്ദരിച്ച ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ഒരു വയസ് തികഞ്ഞതിനെ കിട്ടിയില്ലെങ്കിലല്ലാതെ ആറു മാസം ഉള്ളതിനെ അറുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്.  

മാടുകള്‍: ഹനഫീ, ശാഫിഈ, ഹമ്പലീ അഭിപ്രായപ്രകാരം രണ്ട് വയസ് തികഞ്ഞവ. മാലിക്കീ അഭിപ്രായപ്രകാരം മൂന്ന്‍ വയസ് തികയണം. രണ്ട് വയസ് എന്നതാണ് ഭൂരിപക്ഷാഭിപ്രായം. പോത്ത്, കാള തുടങ്ങിയവയെല്ലാം ഇപ്രകാരം തന്നെ.  


ഒട്ടകം: അഞ്ച് വര്‍ഷം തികഞ്ഞവയായിരിക്കണം. ഇതില്‍ നാല് ഇമാമീങ്ങള്‍ക്കും എകാഭിപ്രായമാണ്.

പ്രായസംബന്ധമായി കൂടുതല്‍ മനസ്സിലാക്കാന്‍ ഈ റഫറന്‍സുകള്‍ നോക്കുക:


[بدائع الصنائع" (5/70) ، "البحر الرائق" (8/202) ، "التاج والإكليل" (4/363) ، "شرح مختصر خليل" (3/34) ، "المجموع" (8/365) ، "المغني" (13/368].

 ചുരുക്കത്തില്‍: ആട് ആണ് എങ്കില്‍ ഒരു വയസ് തികഞ്ഞതും, മാടുകളാണ് എങ്കില്‍ രണ്ട് വയസ് തികഞ്ഞതും, ഒട്ടകം ആണ് എങ്കില്‍ 5 വയസ് തികഞ്ഞതും. 

മൂന്ന്: ഉളുഹിയത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന മൃഗങ്ങളില്‍ അവയുടെ മാംസം ചുരുങ്ങുകയോ, കേടുവരുത്തുകയോ ചെയ്യുന്നതായ ന്യൂനതകള്‍ ഉണ്ടായിരിക്കരുത്. ഹദീസില്‍ ഇപ്രകാരം കാണാം: 

عَن الْبَرَاءِ بْنِ عَازِبٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سُئِلَ مَاذَا يُتَّقَى مِنْ الضَّحَايَا فَقَالَ أَرْبَعٌ  الْعَرْجَاءُ الْبَيِّنُ ظَلْعُهَا وَالْعَوْرَاءُ الْبَيِّنُ عَوَرُهَا وَالْمَرِيضَةُ الْبَيِّنُ مَرَضُهَا وَالْعَجْفَاءُ الَّتِي لَا تُنْقِي

ബറാഅ് ബ്ന്‍ ആസി'ബ് (റ) നിവേദനം: നബി (സ) യോട് ഇപ്രകാരം ചോദിക്കപ്പെട്ടു: ഉദുഹിയത്ത് അറുക്കപ്പെടുന്നവയില്‍ മാറ്റിനിര്‍ത്തേണ്ടവ ഏതൊക്കെ ?. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "നാല് ഇനങ്ങളാണവ. പ്രകടമായ മുടന്തുള്ളവ, പ്രകടമായ കണ്ണ് കേടുള്ളവ, പ്രകടമായ രോഗബാധയേറ്റവ, മജ്ജയും (നെയ്യും) നഷ്ടപ്പെട്ട് മെലിഞ്ഞൊട്ടിയവ." - [മുസ്നദ്: 18675]. 

ഹദീസിലെ 'പ്രകടമായ'എന്ന പ്രയോഗത്തില്‍ നിന്നും സാധാരണ കണക്കാക്കപ്പെടാത്ത നിസാരമായ ന്യൂനതകള്‍ ആണ് അവക്കുള്ളതെങ്കില്‍ കുഴപ്പമില്ല എന്ന് മനസ്സിലാക്കാം.

രോഗം പ്രകടമായവ, നടക്കാന്‍ പ്രയാസമുള്ളവ, ശരീരഭാഗങ്ങള്‍ മുറിഞ്ഞു പോയവ, കണ്ണ് പൊട്ടിയത്, കണ്ണ് തുറിച്ച് നില്‍ക്കുന്നത്, കാഴ്ച നഷ്ടപ്പെട്ടത്, അവശത ബാധിച്ചവ എന്ന് തുടങ്ങി മറ്റു മാടുകളോടൊപ്പം തീറ്റയിലും കുടിയിലും ഒപ്പമെത്താത്ത ന്യൂനതകളുള്ളവ ഉളുഹിയ്യത്തില്‍ അനുവദനീയമല്ല. അനുവദിക്കപ്പെട്ടതും അനുവദിക്കപ്പെടാത്തതുമായവയെ വേര്‍ത്തിരിക്കുന്ന മാനദണ്ഡം വിശദീകരിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു: 

لا تجزئ التضحية بما فيه عيب ينقص اللحم كالمريضة، فإن كان مرضها يسيراً لم يمنع الإجزاء، وإن كان بينا يظهر بسببه الهزال وفساد اللحم لم يجزه

"രോഗബാധിതമായതിനെപ്പോലെ ഇറച്ചി കുറയാന്‍ കാരണമാകുന്ന ന്യൂനതയുള്ളവ ഉളുഹിയ്യത്തിന് അനുവദനീയമല്ല. ഇനി രോഗം നിസാരമാണ് എങ്കില്‍ അതില്‍ തടസ്സമില്ലതാനും. എന്നാല്‍ പ്രകടമായതും, അതുകാരണം അവശതക്കും ഇറച്ചി ദുഷിക്കാനും ഇടവരുത്തുന്നതുമായ രോഗമാണ് ഉള്ളത് എങ്കില്‍ അത് അനുവദനീയമല്ല." -  [المجموع :8/293].

എന്നാല്‍ മണി ഉടച്ചവക്ക് കുഴപ്പമില്ല. അത് ഇറച്ചിയുടെ രുചിയും മേന്മയും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.

ബലി മൃഗം ഗുണത്തിലും മേന്മയിലും ഭംഗിയിലും എത്രത്തോളം നല്ലതാകുന്നുവോ അത്രത്തോളം അത് ശ്രേഷ്ഠകരമാണ്. പക്ഷെ ലോകമാന്യത ഉദ്ദേശിച്ചുകൊണ്ടോ, ആളുകളുടെ പ്രശംസ പിടിച്ച് പറ്റാനോ ആണ് ഒരാള്‍ നല്ല ഇനം നോക്കി വാങ്ങുന്നത് എങ്കില്‍ അയാള്‍ക്ക് ശിക്ഷയാണ് ലഭിക്കുക. അല്ലാഹുവിന്‍റെ പ്രീതി മാത്രമായിരിക്കണം ഏറ്റവും മുന്തിയ മൃഗത്തെ തിരഞ്ഞെടുക്കുന്നതിന് പിന്നിലുള്ള പ്രചോദനം.  

നാല്: ഉളുഹിയത്ത്   അറുക്കപ്പെടുന്ന മൃഗം തന്‍റെ ഉടമസ്ഥതയില്‍ ഉള്ളതോ, ശറഇയ്യായ നിലക്ക് തനിക്ക് അറുക്കുവാന്‍ അനുമതി ലഭിക്കപ്പെട്ടതോ ആയിരിക്കണം.

മോഷ്ടിച്ചവ, തട്ടിയെടുത്തവ, അന്യായമായി കൈവശപ്പെടുത്തിയവ, ഒരാളുടെ ധനത്തില്‍ നിന്നും അയാളുടെ അനുവാദമില്ലാതെ അറുക്കപ്പെടുന്നവ എന്നിങ്ങനെയുള്ളവയൊന്നും ഉളുഹിയ്യത്തില്‍ സ്വീകാര്യമല്ല. കാരണം അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ടല്ല അവന്‍റെ സാമീപ്യം കണ്ടെത്തേണ്ടത്. അവ ഉളുഹിയത്തില്‍ മാത്രമല്ല അല്ലാത്ത സന്ദര്‍ഭങ്ങളിലും നിഷിദ്ധമാണ്.

അഞ്ച്:
ആ മൃഗവുമായി ബന്ധപ്പെട്ട് മറ്റു അവകാശങ്ങള്‍ നിലനില്‍ക്കരുത്. ഉദാ: കടത്തിന് ഈടായി (പണയം) നല്‍കിയ മൃഗത്തെ ബലി അറുക്കാന്‍ പാടില്ല. കാരണം കടം തിരികെ ലഭിക്കാത്ത സാഹചര്യത്തില്‍ അത് ഈടാക്കാനുള്ള ഉപാതിയായി നിശ്ചയിക്കപ്പെട്ടതാണത്.

ആറ്:
ശറഇയ്യായി നിര്‍ണിതമായ സമയത്ത് തന്നെ അത് അറുക്കപ്പെടണം എങ്കിലേ അത് ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയുള്ളൂ.  പെരുന്നാള്‍ നമസ്കാര ശേഷം മുതല്‍ അയ്യാമുത്തശ്'രീക്കിന്‍റെ  ദിനങ്ങള്‍ അവസാനിക്കുന്നത് വരെയാണ് അതിന്‍റെ സമയ പരിധി. പെരുന്നാള്‍ ദിവസത്തിന് ശേഷമുള്ള മൂന്ന്‍ ദിവസങ്ങള്‍ക്കാണ് അയ്യാമുത്തശ്'രീക്ക് എന്ന് പറയുന്നത്.  ഹദീസില്‍ ഇപ്രകാരം കാണാം: 

إِنَّ أَوَّلَ مَا نَبْدَأُ فِي يَوْمِنَا هَذَا أَنْ نُصَلِّيَ ثُمَّ نَرْجِعَ فَنَنْحَرَ فَمَنْ فَعَلَ ذَلِكَ فَقَدْ أَصَابَ سُنَّتَنَا وَمَنْ نَحَرَ قَبْلَ الصَّلَاةِ فَإِنَّمَا هُوَ لَحْمٌ قَدَّمَهُ لِأَهْلِهِ لَيْسَ مِنْ النُّسْكِ فِي شَيْءٍ

"നമ്മുടെ ഈ ദിവസത്തില്‍ (പെരുന്നാള്‍ ദിവസം) നാം ആദ്യമായി തുടങ്ങുന്നത് പെരുന്നാള്‍ നമസ്കാരം കൊണ്ടാണ്. അത് നിര്‍വഹിച്ച് മടങ്ങിയ  ശേഷം ബലികര്‍മ്മം നിര്‍വഹിക്കുകയും ചെയ്യും. ആരെങ്കിലും ഇതുപോലെ ചെയ്‌താല്‍ അവന്‍ നമുടെ ചര്യ പിന്തുടര്‍ന്നിരിക്കുന്നു. എന്നാല്‍ ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി അറുത്താല്‍ അത് തന്‍റെ കുടുംബത്തിന് ഇറച്ചിക്ക് വേണ്ടിയുള്ള ഒരു കാര്യം മാത്രമാണ്. അതൊരിക്കലും ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല." - [സ്വഹീഹുല്‍ ബുഖാരി: 965 , സ്വഹീഹ് മുസ്‌ലിം: 5185]. 

സാന്ദര്‍ഭികമായി ഉണര്‍ത്തേണ്ട കാര്യങ്ങള്‍:

1- ആണ്‍, പെണ്‍ മൃഗങ്ങളെ ബലി കഴിക്കാം. ആണ്‍ മൃഗങ്ങളാണ് കൂടുതല്‍ ശ്രേഷ്ഠം എന്ന് ചില പണ്ഡിതന്മാര്‍ പറയാന്‍ കാരണം നബി (സ) ആണാടിനെ അറുത്തതായി വന്ന റിപ്പോര്‍ട്ടുകള്‍ അവലംബമാക്കിയാണ്. രണ്ടും അനുവദനീയമാണ് എന്നതില്‍ തര്‍ക്കമില്ല.

2- സ്ത്രീക്കും പുരുഷനും ഉളുഹിയത്ത് അറുക്കാം. സ്ത്രീയാകട്ടെ പുരുഷനാകട്ടെ  ശറഇയ്യായ നിലക്ക് അറുത്താല്‍ അത് ഭക്ഷിക്കാം. യാതൊരു വ്യത്യാസവും ഇല്ല.

3- ഉളുഹിയ്യത്ത് അറുക്കുന്നതില്‍ ഏറ്റവും ശ്രേഷ്ഠം ഒട്ടകമാണ്, പിന്നെ മാടുകള്‍, പിന്നെ ആട്, ശേഷം ഒട്ടകത്തിലോ, മാടിലോ ഷെയര്‍ ചേര്‍ന്ന് അറുക്കുന്നതാണ്. ഒട്ടകത്തിലോ മാടിലോ ഷെയര്‍ ചേരുന്നതിനേക്കാള്‍ ഉചിതം സ്വന്തമായി ഒരാട് അറക്കാന്‍ സാധിക്കുമെങ്കില്‍ അതാണ്‌ എന്ന് ഫുഖഹാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

4- എനിക്കും എന്‍റെ കുടുംബത്തിനും എന്ന നിലക്ക് ഒരാള്‍ അറുത്താല്‍ ഒരു വീട്ടില്‍ കഴിയുന്നവരാണ് എങ്കില്‍,  കുടുംബത്തിലെ അംഗങ്ങള്‍ക്ക് അത് മതിയാവുമെങ്കിലും, ഓരോരുത്തര്‍ക്കും സാമ്പത്തികമായി കഴിയുമെങ്കില്‍ അപ്രകാരം ചെയ്യുകയാണ് വേണ്ടത്. അതുപോലെ എനിക്കും കുടുംബത്തിനും എന്ന നിലക്ക് ഒരാള്‍ മൃഗത്തെ അറുത്താല്‍ ആ കുടുംബത്തിലെ അംഗങ്ങളെ അതില്‍ ഷെയര്‍ ചേര്‍ന്നവര്‍ എന്ന നിലക്ക് പരിഗണിക്കുന്നില്ല. പണം നല്‍കി ഭാഗമാകുന്നതാണ് ഷെയര്‍. ഒട്ടകത്തിലും, മാടുകളിലും ഇങ്ങനെ ഏഴോളം പേര്‍ക്ക് വരെ ഷെയര്‍ കൂടാം.

5- ഇന്ന് പല സ്ഥലങ്ങളിലും കാണുന്നത് പോലെ നിശ്ചിത സഖ്യ ഷെയര്‍ വാങ്ങുകയും ശേഷം മൊത്തം സംഖ്യ കൂട്ടി പല വിലകളിലുള്ള ഉരുക്കളെ വാങ്ങുകയും ചെയ്യുന്ന രീതി ശരിയല്ല. ഉദാ: എല്ലാവരില്‍ നിന്നും 5000 വീതം വാങ്ങിയാല്‍ ഒരു ഉരുവിന് ഏഴു പേര്‍ എന്ന തോതില്‍ 35000 രൂപ ആണ് വരുക. എന്നാല്‍ ചിലതിന് 30000, ചിലതിന് 40000 എന്ന രൂപത്തില്‍ ഉരു വാങ്ങിയാല്‍ ഒന്നില്‍ എട്ടു പേരും, മറ്റൊന്നില്‍ ആറു പേരും ആണ് യഥാര്‍ത്ഥത്തില്‍ ഇവിടെ പങ്കാളികളായത്. ഇത് ശറഇയ്യായി അനുവദിക്കപ്പെടുന്നില്ല.

മറിച്ച് ഓരോ ഉരുവിന്‍റെയും ഉടമസ്ഥര്‍ ആയ ഷെയറുകാര്‍ ആര് എന്ന് നിശ്ചയിക്കുകയും, അവര്‍ നല്‍കിയ സംഖ്യയെക്കാള്‍ കുറവാണ് എല്ലാ ചിലവും കഴിച്ച് ആ ഉരുവിന് വന്നത് എങ്കില്‍, മിച്ചം വന്ന സംഖ്യ തുല്യമായി അവര്‍ക്ക് വീതിച്ചു നല്‍കുകയും, ഇനി അവര്‍ നല്‍കിയ സംഖ്യയെക്കാള്‍ കൂടുതലായാല്‍ അത് അവരില്‍ നിന്ന് ഈടാക്കുകയും ചെയ്യണം. അതല്ലെങ്കില്‍ നേരത്തെ തന്നെ ആളുകള്‍ ഷെയര്‍ നല്‍കിയ ബഡ്ജറ്റിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് മാത്രമേ ഉരു വാങ്ങാവൂ. മറിച്ച് ഓരോരുത്തരുടെ ഉരു ഏത് എന്ന് വേര്‍തിരിച്ച് അറിയാന്‍ സാധിക്കാത്ത രൂപത്തിലുള്ള 14 പേര്‍ ചേര്‍ന്ന് രണ്ട് ഉരു അറുക്കുക, 21 പേര്‍ ചേര്‍ന്ന് മൂന്ന്‍ ഉരു അറുക്കുക   എന്നിങ്ങനെയുള്ള കൂട്ട അറവ് പ്രമാണങ്ങളില്‍ കാണുക സാധ്യമല്ല. മറിച്ച് ഓരോ എഴ് പേരുടെയും ഉരു ഏത് എന്നത് നിര്‍ണ്ണിതമായിരിക്കണം. 
 
6- ഒരു ഉരു ഷെയര്‍ ആണ് എങ്കില്‍ എഴ് പേര്‍ ഉണ്ടായിരിക്കണം എന്ന നിബന്ധനയില്ല. മാക്സിമം എഴ് പേരെ പാടുള്ളൂ എന്ന് മാത്രം. എത്ര കണ്ട് ഷെയറുകള്‍ കുറഞ്ഞുകൊണ്ട് നിര്‍വഹിക്കാന്‍ സാധിക്കുമോ അത്രയും നല്ലതാണ്. ഒറ്റക്ക് സാധിക്കുമെങ്കില്‍ അതാണ്‌ ഏറ്റവും ശ്രേഷ്ഠം.

7- ആടുകളില്‍ ഒന്നിലധികം പേര്‍ ഷെയര്‍ ചെയ്യാന്‍ പാടില്ല. എന്നാല്‍ എനിക്കും എന്‍റെ കുടുംബത്തിനും എന്ന നിലക്ക് ഒരാള്‍ ആടിനെ അറുക്കുന്നുവെങ്കില്‍ അത് ഷെയര്‍ ചെയ്യല്‍ അല്ല. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ അതിന്‍റെ വില ഷെയര്‍ ചെയ്യുക എന്നതാണ് ഉളുഹിയാത്തുമായി ബന്ധപ്പെട്ട ഷെയര്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം.

8- എല്ലാവരും തതുല്യമായ സംഖ്യ തന്നെ ഷെയര്‍ ചെയ്യണം എന്നില്ല. അത് പരസ്പര ധാരണപ്രകാരം ചെയ്യാവുന്നതാണ്. അതുപോലെ ഒരു ഷെയര്‍ രണ്ട് പേര്‍ ചേര്‍ന്ന് എന്ന നിലക്കും പാടില്ല. കാരണം അത് ഒരു ഉരുവില്‍ പതിനാല് പേര്‍ പങ്കാളികളാകാന്‍ ഇടവരുത്തും.

ഉളുഹിയത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ മനസ്സിലാക്കാന്‍ നേരത്തെ പ്രസിദ്ധീകരിച്ച 'ഉദുഹിയത്തിന്‍റെ നിയമങ്ങള്‍' എന്ന ലേഖനം വായിക്കുക:      http://www.fiqhussunna.com/2016/08/blog-post_23.html

അല്ലാഹു അനുഗ്രഹിക്കട്ടെ ...

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Wednesday, July 4, 2018

ഫിഖ്ഹ് പഠനം- أحكام الجنائز (മരണാനന്തര കര്‍മ്മങ്ങളും നിയമങ്ങളും). Part 1


റമദാന് ശേഷം പുനരാരംഭിച്ച ഫിഖ്ഹ് ക്ലാസിലെ ആദ്യത്തെ ക്ലാസ് ആണിത്. أحكام الجنائز (മരണാനന്തര കർമ്മങ്ങളും നിയമങ്ങളും) എന്ന ഭാഗത്ത് നിന്നാണ് നാം പഠനം പുനരാരംഭിക്കുന്നത്. ഏകദേശം ഒന്നര വർഷത്തോളമോ അതിൽ കൂടുതലോ ആയി തുടർന്ന് വരുന്ന ഒരു വ്യവസ്ഥാപിത പഠനമാണിത്.   كتاب الطهارة   كتاب الصلاة എന്നിവ നേരത്തെ നാം പഠിച്ച് കഴിഞ്ഞു. ഇതുവരെയുള്ള റെക്കോര്‍ഡിംഗ്സ് ലഭ്യമല്ല. എന്നാല്‍ ഇനി മുതൽ ഫിഖ്സ്സുന്ന ചാനൽ സബ്സ്ക്രൈബ് ചെയ്ത് തുടര്‍ന്നുള്ള ക്ലാസുകള്‍ നിങ്ങൾക്കും പിന്തുടരാം. നേരത്തെ مختصر الفقه الإسلامي എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയായിരുന്നു പഠനം. ഇനി തുടർന്ന് الفقه الميسر എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയായിരിക്കും ക്ലാസുകള്‍.