Tuesday, June 14, 2016

30 പവന്‍ സ്വര്‍ണ്ണമുണ്ട് ഞാന്‍ എത്ര സകാത്ത് കൊടുക്കണം ?. 3 പവന്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ്. സകാത്ത് ആ സ്വര്‍ണ്ണത്തില്‍ നിന്ന് തന്നെ നല്‍കണോ ?.



ചോദ്യം: എന്‍റെ കയ്യില്‍ 30 പവന്‍ സ്വര്‍ണ്ണം ഉണ്ട്. അങ്ങനെയെങ്കില്‍ ഞാന്‍ കൊടുക്കേണ്ട സകാത്ത് എത്രയെന്ന് വ്യക്തമാക്കാമോ ?. അതില്‍ 3 പവന്‍ ഞാന്‍ സ്ഥിരം ഉപയോഗിക്കുന്ന സ്വര്‍ണ്ണം ആണ്. അതുപോലെ അതിന്‍റെ സകാത്ത് ആ സ്വര്‍ണ്ണത്തില്‍ നിന്ന് തന്നെ നല്‍കണോ അതോ അതിന്‍റെ വില നല്‍കിയാല്‍ മതിയോ ?.

www.fiqhussunna.com

ഉത്തരം: താങ്കളുടെ കൈവശം 85 ഗ്രാം അഥവാ ഏകദേശം പത്തരപവന്‍ സ്വര്‍ണ്ണം ഉണ്ടെങ്കില്‍ ഓരോ ഹിജ്റ വര്‍ഷം തികയുമ്പോഴും  കൈവശമുള്ള മുഴുവന്‍ സ്വര്‍ണ്ണത്തിന്‍റെയും 2.5% സകാത്ത് കൊടുക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. ഉപയോഗിക്കുന്ന സ്വര്‍ണ്ണത്തിന്‍റെ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും അതിനും സകാത്ത് ബാധകമാണ് എന്നതാണ് പ്രബലമായ അഭിപ്രായം. അത് തെളിവുകള്‍ സഹിതം മുന്‍പ് വിശദീകരിച്ചിട്ടുണ്ട്. ആ ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/2015/08/blog-post_80.html .

ഇനി താങ്കളുടെ സകാത്ത് എത്രയാണ് എന്നത് എങ്ങനെ കണക്കുകൂട്ടാം. ഒരു പവന്‍ 8 ഗ്രാം ആണ്. അതുകൊണ്ട് 30 പവന്‍ എന്നാല്‍ 30 x 8 = 240 ഗ്രാം. അതിന്‍റെ രണ്ടര ശതമാനമാണ് താങ്കള്‍ കൊടുക്കേണ്ടത്. രണ്ടര ശതമാനം ലഭിക്കാന്‍ 240നെ 40 കൊണ്ട് ഹരിച്ചാല്‍ മതി. 240 ÷ 40 = 6 ഗ്രാം. അതായത് മുക്കാല്‍ പവന്‍ സ്വര്‍ണമാണ് താങ്കള്‍ സകാത്തായി നല്‍കേണ്ടത്. അടുത്ത വര്‍ഷം ഹൗല്‍ തികയുമ്പോള്‍ താങ്കളുടെ കൈവശം എത്ര സ്വര്‍ണ്ണമാണോ ഉള്ളത് അതിന്‍റെ 2.5% സകാത്തായി നല്‍കണം.

ഇനി താങ്കളുടെ കൈവശമുള്ള സ്വര്‍ണ്ണം താങ്കള്‍ വില്‍ക്കാന്‍ വേണ്ടി ഉദ്ദേശിക്കുന്ന സ്വര്‍ണ്ണമാണ് എങ്കില്‍, അതിലടങ്ങിയ സ്വര്‍ണ്ണത്തിന്‍റെ തൂക്കത്തെക്കാള്‍ മൂല്യം അതിനുണ്ട് എങ്കില്‍ (ഉദാ: ഡയമണ്ട്, വിലപിടിപ്പുള്ള ആഭരണങ്ങള്‍), അതിന്‍റെ മാര്‍ക്കറ്റ് വിലയുടെ അഥവാ സകാത്ത് ബാധകമാകുന്ന സന്ദര്‍ഭത്തില്‍ താങ്കള്‍ അത് വില്‍ക്കുന്ന പക്ഷം ലഭിക്കാവുന്ന വില എത്രയാണോ അതിന്‍റെ 2.5% കൊടുക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. കാരണം കച്ചവടവസ്തുവിന് അതിന് സകാത്ത് ബാധകമാകുന്ന സമയത്തെ മാര്‍ക്കറ്റ് വിലയുടെ 2.5% മാണ് സകാത്തായി നല്‍കേണ്ടത്.

ഇനി അതിന്‍റെ സകാത്ത് ആ സ്വര്‍ണ്ണത്തില്‍ നിന്നുതന്നെ നല്‍കണോ അതല്ല അതിന്‍റെ വില നല്‍കിയാല്‍ മതിയോ എന്നത് സംബന്ധിച്ച് പറയാനുള്ളത് ആ സ്വര്‍ണ്ണത്തില്‍ നിന്ന് നല്‍കിയാലും മതി, നല്‍കേണ്ട വിഹിതത്തിന് തതുല്യമായ പണം നല്‍കിയാലും മതി എന്നതാണ്.

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല പറയുന്നു: "ആ സകാത്ത് വേറെ വല്ല നാണയങ്ങളിലുമായാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ 2.5% (രണ്ടര ശതമാനം തൂക്കത്തിന്) താന്‍ സകാത്ത് നല്‍കാന്‍ ഉദ്ദേശിക്കുന്ന കറന്‍സികളില്‍ അപ്പോള്‍ എന്ത് വിലവരും  എന്ന് അന്വേഷിക്കുകയും അത് നല്‍കുകയും ചെയ്യുക. ഇനി ആ സ്വര്‍ണ്ണത്തില്‍ നിന്ന് സ്വര്‍ണ്ണമായിത്തന്നെ നല്‍കുകയാണ് എങ്കില്‍ അതിന്‍റെ വില അന്വേഷിക്കാതെ നേരെ സ്വര്‍ണ്ണം നല്‍കിയാല്‍ മതി." - [ഫത്'വയുടെ പൂര്‍ണരൂപവും വിശദീകരണവും വായിക്കാന്‍ ഈ ലിങ്കില്‍ പോകുക : http://www.fiqhussunna.com/2016/06/25.html].

അല്ലാഹു അനുഗ്രഹിക്കട്ടെ ...
_____________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ