Friday, May 31, 2013

വെള്ളിയാഴ്ച ദിവസം 'സൂറത്തുല്‍ കഹ്ഫ്‌' പാരായണം ചെയ്യേണ്ടതെപ്പോള്‍ ?

ചോദ്യം : വെള്ളിയാഴ്ച ദിവസം 'സൂറത്തുല്‍ കഹ്ഫ്‌' പാരായണം ചെയ്യേണ്ടതെപ്പോള്‍ ?

ഉത്തരം :

വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹഫ് പാരായണം ചെയ്യുന്നതിന്‍റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് പ്രവാചകന്‍(സ)യില്‍ നിന്നും വിവിധ റിപ്പോര്‍ട്ടുകളിലായി വന്ന ഹദീസുകള്‍ കാണാം.

عن أبي سعيد الخدري ، قال عليه الصلاة والسلام: " من قرأ سورة الكهف ليلة الجمعة أضاء له من النور فيما بينه وبين البيت العتيق "

അബീ സഈദ് അല്‍ ഖുദരി (റ) വില്‍ നിന്നും നിവേദനം. പ്രവാചകന്‍(സ) പറഞ്ഞു: " ആരെങ്കിലും വെള്ളിയാഴ്ച രാവിന് സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുകയാണെങ്കില്‍ അവന്‍റെയും ബൈതുല്‍ അതീഖിന്‍റെയും (കഅബാലയം) ഇടയിലുള്ള അത്രയും ദൂരം പ്രകാശം ലഭിക്കും " [ സ്വഹീഹ് - അല്‍ബാനി (റ) ]

മറ്റൊരു ഹദീസില്‍ ഇപ്രകാരവും കാണാം :

" من قرأ سورة الكهف في يوم الجمعة أضاء له من النور ما بين الجمعتين "
" ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുകയാണെങ്കില്‍ ആ രണ്ട് ജുമുഅകള്‍ക്കിടയിലുള്ള അത്രയും പ്രകാശം അവന് ലഭിക്കും " [സ്വഹീഹ് - അല്‍ബാനി] . ജുമുഅ ദിവസത്തിലെ സൂറത്തുല്‍ കഹ്ഫ്‌ പാരായണവുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളില്‍ ഏറ്റവും പ്രബലമായ ഹദീസാണിത്.

അതുപോലെ ഇബ്നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം :

عن ابن عمر رضي الله عنهما قال : قال رسول الله صلى الله عليه وسلم : " من قرأ سورة الكهف في يوم الجمعة سطع له نور من تحت قدمه إلى عنان السماء يضيء له يوم القيامة ، وغفر له ما بين الجمعتين ".

" ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്‌താല്‍ അവന്‍റെ കാല്‍പാദം മുതല്‍ വാനോളം വരെ പ്രകാശം ഖിയാമത്ത് നാളില്‍ അവനു ലഭിക്കുന്നതായിരിക്കും. ആ രണ്ട് ജുമുഅകള്‍ക്കിടയിലുള്ള അവന്‍റെ പാപങ്ങളും പൊറുക്കപ്പെടുന്നതായിരിക്കും " [അത്തര്‍ഗീബ് വത്തര്‍ഹീബ് 298/1]

ഈ ഹദീസുകളില്‍ നിന്നും മനസ്സിലാകുന്നത് വെള്ളിയാഴ്ച രാവും, വെള്ളിയാഴ്ച ദിവസവും കഹ്ഫ്‌ പാരായണം ശ്രേഷ്ഠമായ സമയമാണ് എന്നതാണ്. അഥവാ വ്യാഴാഴ്ച ദിവസം സൂര്യന്‍ അസ്തമിച്ചത് മുതല്‍ വെള്ളിയാഴ്ച ദിവസം സൂര്യന്‍ അസ്തമിക്കുന്നത് വരെയാണ് ഹദീസുകളില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ട 'സൂറത്തുല്‍ കഹ്ഫ്' പാരായണം ചെയ്യാനുള്ള സമയം.

വെള്ളിയാഴ്ച രാവിലും, വെള്ളിയാഴ്ച ദിവസവും സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുന്നത് അങ്ങേയറ്റം പുന്യകരമാണ് എന്ന് ഇമാം ശാഫിഇ(റ)യെ പോലുള്ള ഇമാമീങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അല്ലാഹു അനുഗ്രഹിക്കട്ടെ ...

Sunday, May 5, 2013

വളരുന്ന റിയൽ എസ്റ്റേറ്റ്‌ ബിസിനസും ...തകരുന്ന കേരളീയ സമ്പത് വ്യവസ്ഥയും ,, ഒരു ഇസ്ലാമിക കാഴ്ചപ്പാട് ...

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
റിയൽ എസ്റ്റേറ്റ്‌ ബിസിനസുകൾ തലങ്ങും വിലങ്ങും പൊടിപൊടിക്കുകയാണല്ലോ കേരളത്തിൽ .... എന്നാൽ ഇതിന്റെ മതവിധി എന്ത് എന്ന് പരിശോധിക്കുവാൻ ആരും കൂടുതലൊന്നും പരിശ്രമിചിട്ടുണ്ടാവില്ല എന്ന് ഞാൻ കരുതുന്നു .... ടോക്കണ്‍ നല്കി അന്യന്റെ മുതൽ മറിച്ചു വിറ്റും ,,, കളവും, ചതിയും, വഞ്ചനയും നിറഞ്ഞു നില്ല്ക്കുകയും ചെയ്യുന്ന റിയൽ എസ്റ്റേറ്റ്‌ ബിസിനസുകളെയുമല്ല ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്. കള്ളമില്ലാത്ത, തീർത്തും സത്യസന്ധമായ, മുഴുവൻ പണവും നൽകി ഉടമസ്ഥാവകാശം പൂര്ണമായും നിയമപരമായി നേടിയതിനു ശേഷം നടത്തുന്ന, തീർത്തും ഇസ്ലാമികം എന്ന് നാമൊക്കെ കരുതുന്ന ഭൂമിക്കച്ചവടത്തെക്കുറിച്ചാണ് ... അതിൻ്റെ ശരിയെ കുറിച്ചും, തെറ്റിനെ കുറിച്ചും ആരെങ്കിലും പഠിക്കാൻ തയ്യാറായിട്ടുണ്ടോ ?! എന്നാണു എന്റെ ചോദ്യം. ക്രിയാത്മകമായി ഭൂമിയെ ഉപയോഗപ്പെടുത്തി വിൽക്കുന്നതിന് പകരം പണമുള്ളവരൊക്കെ ഭൂമി വാങ്ങി നിഷ്ക്രിയമായി ഇടുകയും അങ്ങനെ സ്വാഭാവികമായും വിലക്കയറ്റമുണ്ടാക്കി അവ വിൽക്കുകയും ചെയ്യുന്ന പ്രവണതയെപറ്റിയാണ് നാം സംസാരിക്കുന്നത്. 
ആ വിഷയത്തിൽ ഒരു ഫത്'വ പറയാൻ അർഹതയുള്ള വ്യക്തിയുമല്ല ഞാൻ ... എന്നാൽ എന്റെ പഠനങ്ങൾ എന്നെ കൊണ്ടെത്തിച്ച ചില യാഥാർത്ഥ്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുക എന്നത് മാത്രമാണ് എന്റെ ലക്‌ഷ്യം ... വളരെ ഗൗരവത്തോടെ നാം ഈ വിഷയത്തെ കാണണം ... അല്ലാഹു അനുഗ്രഹിക്കട്ടെ ..

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പെട്ടതാണല്ലോ, വായുവും, വെള്ളവും, ഭൂമിയും, ഭക്ഷണവും.

ഇതിൽ വില്പന വസ്തുക്കളായ വെള്ളമാകട്ടെ, ഭക്ഷനമാകട്ടെ അഥവാ ഒരു സമൂഹത്തിന്റെ വിശപ്പടക്കാൻ കാര്യമായും ഉപയോഗിക്കപ്പെടുന്ന ധാന്യങ്ങൾ (ഉദാ : അരി ). ഇവയെ വിലക്കയറ്റത്തിനു വേണ്ടി പിടിച്ചു വെക്കുന്നത് ഇസ്ലാം നിരോധിച്ചിട്ടുണ്ട് എന്നത് ഏവര്ക്കും അറിയാവുന്ന വസ്തുതയാണ്... എന്നാൽ മനുഷ്യന്റെ മറ്റൊരു അടിസ്ഥാന ആവശ്യമായ ഭൂമിയെ സമ്പന്നർ വില കയറ്റി വിൽക്കാൻ വേണ്ടി പിടിച്ചു വെക്കുകയും ചെയ്യുന്നത് ഇതുപോലെ തന്നെയാണ് .... മാത്രമല്ല വളരെ അപകടകരമായ സാമ്പത്തിക പ്രതിസന്ധിയിലെക്കാണ് ഇത് നമ്മെ നയിച്ചു കൊണ്ടിരിക്കുന്നത് ....

ഇന്ന് നാല്പത് ലക്ഷം മുതൽ നാല്പത് കോടി വരെ വിലയിട്ട് കച്ചവടങ്ങൾ നടക്കുന്നു ... ഒരു പക്ഷെ അമേരിക്കയിൽ പോലും സ്ഥലത്തിന് ഇത്രയും വില ഉണ്ടാവില്ല .. ഇരിക്കട്ടെ .. ഇത്രയും വില കൊടുത്ത് ആ ഭൂമി വാങ്ങുന്ന ആൾ അവിടെ എന്ത് ബിസിനസ് ചെയ്താലാണ് അയാൾക്ക് ആ പണം തിരികെ കിട്ടുക ?!! .... സ്വാഭാവികമായും വല്ല സ്വർണ്ണഘനിയും അവിടെ നിന്നും കുഴിചെടുക്കേണ്ടി വരും .. താൻ മുടക്കിയ പണം ഒരിക്കലും തിരിച്ച് ലഭിക്കില്ല എന്നതുകൊണ്ട്‌ തന്നെ അയാൾ അവിടെ ഒന്നും ഉത്പാദിപ്പിക്കാൻ തയ്യാറാവുകയില്ല ... ഇനിയും ആരെങ്കിലും വന്നു കുറച്ച് അധികം തുക പറയുന്നത് വരെ ആ ഭൂമി അങ്ങനെ കിടക്കും ... പിന്നീട് അത് വാങ്ങിക്കുന്ന ആളുടെ അവസ്ഥയും ഇതു തന്നെ ... ഇങ്ങനെ വാങ്ങുകയും മറിച്ച് വില്ക്കപ്പെടുകയും മാത്രം ചെയ്യുക വഴി ഉപയോഗ ശൂന്യമായിക്കൊണ്ടിരികുകയാണ് നമ്മുടെ വിലപ്പെട്ട ഭൂമി .... ഇത് നമ്മുടെ ഉത്പാദന ശേഷിയിൽ വലിയ കുറവ് വരുത്തുന്നു ... ഉത്പാദന പ്രക്രിയകൾ കുറയുമ്പോൾ സ്വാഭാവികമായും മാർക്കറ്റിൽ എത്തുന്ന ഉത്പന്നങ്ങൾ കുറവായിരിക്കും ... ഉത്പന്നങ്ങൾ കുറയുകയും ആവശ്യക്കാർ കൂടുകയും ചെയ്യുക വഴി വിലക്കയറ്റം ഉണ്ടാകുന്നു .... ഉത്പാദന ശേഷിയുള്ള കൃഷിയിടങ്ങളും, മറ്റു ബിസിനസ് സംരംഭങ്ങളും എല്ലാം ഇല്ലാതാകുക വഴി ജോലി സാധ്യതകൾ വലിയ തോതിൽ കുറയുന്നു. തൊഴിലില്ലായ്മ വര്ധിക്കുകയും അതോടൊപ്പം വിലക്കയറ്റം ഉണ്ടാവുകയും ചെയ്യുക വഴി ... തങ്ങളുടെ കുടുംബം പോറ്റാൻ കഴിയാത്ത തൊഴിൽ രഹിതർ കുറ്റകൃത്യങ്ങൾക്കോ ആത്മഹത്യക്കോ മുതിരുന്നു ..... ഇത് വഴി നാട്ടിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നു .. നമ്മുടെ സമ്പത് വ്യവസ്ഥയെ തകർത്തു കൊണ്ടിരിക്കുന്ന പലിശ, ചതി , വഞ്ചന തുടങ്ങിയ നൂറു കൂട്ടം പ്രശ്ങ്ങൾ വേറെയും ഉണ്ട് എന്നത് അപകട നിലയെ തരണം ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു എന്ന് തന്നെ പറയാം ... കാരണം റവന്യൂ വകുപ്പോ മറ്റ് സർക്കാർ അധികാരികളോ ഇവയെക്കുറിച്ച് പഠിക്കാൻ തയ്യാറാവുന്നില്ല .....

ഭൂമി ആവശ്യമുള്ളവൻ മാത്രമേ ഭൂമി വാങ്ങിക്കാൻ പാടുള്ളൂ, വില്പനച്ചരക്കാക്കി പിടിച്ചു വച്ച് വില കയറ്റാൻ വേണ്ടി ഭൂമി വാങ്ങിക്കരുത് എന്നതാണ് ഇതിനു പരിഹാരം ... അതുപോലെ കൃഷിയിടങ്ങൾ സംരക്ഷിക്കപ്പെടണം ... നശിച്ചു കൊണ്ടിരിക്കുന്ന കേരളീയ ഭക്ഷ്യ സുരക്ഷയെ കുറിച്ച് പറയുകയാണ്‌ എങ്കിൽ ഒരുപാട് സമയം അതിനു വേണ്ടി തന്നെ ചിലവഴിക്കേണ്ടി വരും ....

ഭക്ഷ്യ സുരക്ഷയെയും , സമ്പത് വ്യവസ്ഥയെയും മാത്രമല്ല ഇന്നത്തെ റിയൽ എസ്റ്റെറ്റ് ബിസിനസ് തകർക്കുന്നത് ,, മനുഷ്യന്റെ മറ്റൊരു അടിസ്ഥാന ആവശ്യമായ പാർപ്പിടം എന്നത് ഇന്ന് വെറും ഒരു സ്വപ്നം മാത്രമായിത്തീരുകയാണ് ... ഭൂമിയുടെ ലഭ്യതക്കുറവു കൊണ്ടാണ് എന്ന് ആരും കരുതരുത് ... കേരളത്തിലെ ജനവാസ യോഗ്യമായ ഭൂമിയെ ജനസംഖ്യയെ ആസ്പദമാക്കി വീതിച്ചാൽ, നല്ലൊരു വിഹിതം തന്നെ ഓരോ പൌരനുമുണ്ടാകും ... പക്ഷെ മനുഷ്യന്റെ ലാഭക്കൊതി അവന്റെ സാമൂഹ്യ ബോധത്തെക്കാൾ വളർന്നപ്പോൾ അത് തകർക്കുന്നത് അവൻ ജീവിക്കാനാ അനിവാര്യമായ ഒരു അന്തരീക്ഷത്തെയാണ് എന്ന് പലരും ചിന്തിക്കുന്നില്ല ,....

ഒരുപാട് വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. വളരെ ചെറിയ ഒരു ഭാഗം സൂചിപ്പിച്ചു എന്ന് മാത്രം ... ഉമർ (റ) കാലത്ത് കൃഷിയിടം കൈവശം വെക്കുന്ന ആൾ മൂന്നു വർഷത്തിൽ കൂടുതൽ അതിൽ കൃഷി ഇറക്കാതിരിക്കുകയോ , മറ്റുള്ളവന് കൃഷി ചെയ്യാൻ നൽകാതിരിക്കുകയോ ചെയ്‌താൽ അവന്റെ ഭൂമി ഭരണകൂടം പിടിച്ചെടുക്കും എന്ന അതി മനോഹരമായ നിയമമുണ്ടായിരുന്നു .... ആ നിയമം ഇന്ന് നിലവിലുണ്ടായിരുന്നേൽ 99.9% ഭൂമുതലാളിമാർക്കും ഒരുപക്ഷേ തങ്ങളുടെ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടാവും ..ഭൂമിക്കച്ച്ചവടം ഒരു തൊഴിലായി സ്വീകരിച്ചത് പൂർവകാല ഇസ്ലാമിക ചരിത്രത്തിൽ എവിടെയും കാണാൻ സാധിക്കില്ല ....

ഇത്തരം പ്രതിസന്ധികളെ സുന്ദരമായി കൈകാര്യം ചെയ്യാൻ അതിമനോഹരമായ നിയമങ്ങൾ ഇസ്ലാമിക സമ്പത് വ്യവസ്ഥ മുന്നോട്ട് വെക്കുന്നുണ്ട് .... പക്ഷെ പഠിക്കാൻ ആരും തയ്യാറാവുന്നില്ല എന്നത് സങ്കടകരം .....
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

കുട്ടികള്‍ക്ക് അറബി ഭാഷയിലല്ലാത്ത പേരുകള്‍ ഇടാമോ ??

 ചോദ്യം :  അസ്സലാമു അലൈകും, കുട്ടികള്‍ക്ക് അറബി ഭാഷയിലല്ലാത്ത പേരുകള്‍ ഇടാമോ??

ഉത്തരം :
വ അലൈകുമുസ്സലാം . ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുന്പ് പേര് തിരഞ്ഞെടുക്കുന്നതിലെ ഇസ്ലാമിക മര്യാദകളില്‍ ചിലത് നാം മനസ്സിലാക്കേണ്ടതുണ്ട് :

അല്ലാഹു നല്‍കുന്ന മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണല്ലോ മക്കള്‍ . സ്വാലിഹീങ്ങളായ നല്ല സന്താനങ്ങളെ അല്ലാഹു നമുക്ക് ഓരോരുത്തര്‍ക്കും നല്‍കട്ടെ. അല്ലാഹു നല്‍കുന്ന ഓരോ അനുഗ്രഹങ്ങള്‍ക്കും നാം നന്ദിയുള്ളവര്‍ ആയിരിക്കണം .. മക്കളെ നല്ല രൂപത്തില്‍ വളര്‍ത്തുക എന്നതും അവര്‍ക്ക് നല്ല പേരുകള്‍ ഇടുക എന്നതുമെല്ലാം അതില്‍ പെടുന്നു . നല്ല മുസ്‌ലിം പേരുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് അവര്‍ക്ക് തന്റെ മതത്തോട് പ്രതിബദ്ധത ഉണ്ടാകാനും, താന്‍ ഒരു ഏക ദൈവ വിശ്വാസിയാണ് അതുകൊണ്ട് താന്‍ തിന്മകള്‍ ഒന്നും ചെയ്യരുത് എന്ന ബോധാമുണ്ടാകാനുമെല്ലാം സഹായകമാണ് എന്നതില്‍ സംശയമില്ല. അതുകൊണ്ട് നല്ല പേരുകള്‍ ആവണം മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത്.

ശ്രേഷ്ഠത അനുസരിച്ച് പേരുകളുടെ ക്രമം പണ്ഡിതന്മാര്‍ ഇപ്രകാരം രേഖപ്പെടുത്തിയത് കാണാം :

1- അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള പേരുകള്‍ അബ്ദുള്ളയും, അബ്ദു റഹ്മാനുമാണ്. അല്ലാഹുവിന്റെ പ്രവാചകന്‍ പറയുന്നു :
قال النبي صلى الله عليه وسلم : ( أحب الأسماء إلى الله عبد الله وعبد الرحمن ) رواه مسلم
" അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള പേരുകള്‍ അബ്ദുള്ളയും, അബ്ദു റഹ്മാനുമാണ്" (സ്വഹീഹ് മുസ്‌ലിം)

2- അതുകഴിഞ്ഞാല്‍ പിന്നെ ശ്രേഷ്ടമായത് 'അബ്ദ്' അല്ലാഹുവിന്‍റെ നാമങ്ങളിലേക്ക് ചേര്‍ത്ത് വിളിക്കുന്ന പേരുകളാണ്. അബ്ദുസ്സ്വമദ്, അബ്ദുല്‍ അസീസ്‌ , അബ്ദുല്‍ ഗഫൂര്‍ ..... തുടങ്ങി അല്ലാഹുവിന്റെ നാമങ്ങളിലേക്ക് അബ്ദ് ചേര്‍ത്ത് വിളിക്കുക .. എന്നാല്‍ അല്ലാഹുവല്ലാത്ത മറ്റുള്ളവരിലേക്ക് 'അബ്ദ്' ചേര്‍ത്ത് വിളിക്കാന്‍ പാടില്ല.. ഉദാ : 'അബ്ദുറസൂല്‍, അബ്ദുന്നബി ' തുടങ്ങിയ നാമങ്ങള്‍ പേരിട്ട് വിളിക്കാന്‍ പാടില്ല. കാരണം ഓരോ മനുഷ്യരും അല്ലാഹുവിന്‍റെ മാത്രം ദാസന്മാരാണ്.

3- അതു കഴിഞ്ഞാല്‍ പിന്നെ നബിമാരുടെ പെരുകള്‍ . അന്ത്യ പ്രവാചകനായ മുത്ത് നബി മുഹമ്മദ്‌ (സ) യുടെ പേര്. അഹ്മദ് എന്നതും അദ്ധേഹത്തിന്റെ പേരാണ്. അതുപോലെ ഇബ്രാഹീം, മൂസ, ഈസ, നൂഹ് എന്നിങ്ങനെ ഉലുല്‍ അസ്മിന്‍റെ പേരുകള്‍ ... തുടങ്ങി പ്രവാചകന്‍ മാരുടെയെല്ലാം പേരുകള്‍ ശ്രേഷ്ഠം തന്നെ  ..

4- ഇനി അതുമല്ലെങ്കില്‍ സലഫുസ്സ്വാലിഹീങ്ങളുടെ പേരുകളിടുക, പ്രത്യേകിച്ചും സ്വഹാബിമാരുടെ. അവരോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാനും, അതുപോലെ സ്വഹാബത്തിനെ കുറ്റവും കുറവും പറയുന്ന ശിയാക്കളോടും, റാഫിദികളോടും അവരുടെ പാത പിന്തുടരുന്ന ബിദ്ഈ കക്ഷികളോടും എതിര്‍പ്പ് കാണിക്കാനും ഇതൊരു മാര്‍ഗം കൂടിയാണ്.

5- ഇനി അതുമല്ലെങ്കില്‍ അര്‍ത്ഥവത്തായ നല്ല പേരുകള്‍ ഇടുക ..
ആ പേരുകള്‍ പിന്നീട് കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കാത്തതും, തനിക്ക് പേരിട്ട മാതാപിതാക്കളോട് അകല്‍ച്ചയും വിദ്വേശവും ഉണ്ടാക്കാതെ നോക്കണം...

ഇനി മുകളില്‍ പറഞ്ഞ ഈ പേരുകളൊന്നും പോരാതെ വരുകയും തുടര്‍ന്ന്‍ അന്യ ഭാഷകളില്‍ പോയി ആരും കേള്‍ക്കാത്ത പേരുകള്‍ അന്വേഷിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് ചോദ്യ കര്‍ത്താവ് ഉന്നയിച്ച ആശയക്കുഴപ്പം വരുന്നത് . ഇന്‍ ഷാ അല്ലാഹ് അതിന്‍റെ ഉത്തരം നമ്മള്‍ ചര്‍ച്ച ചെയ്യുന്നുണ്ട് .. അതിനു മുന്പ് കഴിവിന്‍റെ പരമാവതി ഇത്തരം ആശയക്കുഴപ്പങ്ങളിലേക്ക് ചെന്ന് ചാടാതിരിക്കാന്‍ ശ്രമിക്കുക.. കുട്ടികള്‍ക്ക് അല്ലാഹുവിന് ഇഷ്ടമുള്ള പേരുകള്‍ നല്‍കുക. അതില്‍ നമുക്ക് ലഭിക്കുന്ന ഒരു സന്തോഷമുണ്ടല്ലോ....  ആ സന്തോഷമല്ലേ ആരും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പേരുകള്‍ തേടിപ്പിടിച്ച് ഇടുമ്പോള്‍ ലഭിക്കുന്ന സന്തോഷത്തേക്കാള്‍ വലുത് ?! . അല്ലാഹുവിന്‍റെ ഇഷ്ടവും തൃപ്തിയും അതിന് തുല്യമായി ഒന്നും തന്നെ ഇല്ല.

ചില ആളുകള്‍ ആരും കേള്‍ക്കാത്ത പേരാവാന്‍ വേണ്ടി തേടിപ്പിടിച്ച് രണ്ട് മൂന്ന്‍ അറബിയക്ഷരം കൂട്ടിയൊപ്പിച്ച് ഒരു പേരങ്ങിടും, എന്നിട്ട് ആരുടെയെങ്കിലും അടുത്ത് ചെന്ന്  അതിന്റെ അര്‍ഥം അന്വേഷിക്കും. പലപ്പോഴും അബദ്ധത്തില്‍ ചെന്ന് ചാടുകയും ചെയ്യും. ഒരുപാട് അനുഭവങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ട് .

ഏതായാലും എല്ലാ കാര്യത്തിലും അല്ലാഹുവിന്റെ പ്രീതിക്കും അവന്‍റെ ഇഷ്ടത്തിനും തന്നെ മുന്‍ഗണന നല്‍കുക. അല്ലാഹു അനുഗ്രഹിക്കും ... ഇനി ചോദ്യ കര്‍ത്താവിന്റെ ചോദ്യത്തിലേക്ക് കടക്കാം..

ചോദ്യം : കുട്ടികള്‍ക്ക് അറബി ഭാഷയിലല്ലാത്ത പേരുകള്‍ ഇടാമോ??
എന്നതാണ്

ശൈഖ് ബകര്‍ അബൂ സൈദ്‌ (റഹിമഹുല്ലാഹ് ) തന്‍റെ 'മുഅ്ജമുല്‍ അല്ഫാദ് അല്‍ മന്ഹിയ്യ' എന്ന ഗ്രന്ഥത്തില്‍ പറയുന്നു :

" ശറഇയ്യായി കുട്ടികള്‍ക്ക് പേരിടാന്‍ പാടില്ലാത്ത രൂപങ്ങളില്‍ ഒന്നാണ് അന്യ ഭാഷകളിലെ അവിശ്വാസികള്‍ ഉപയോഗിക്കുന്നതായുള്ള പേരുകള്‍ കുട്ടികള്‍ക്കിടുക എന്നുള്ളത്.

തന്‍റെ മതം കൊണ്ട് തൃപ്തിയടയുന്ന സൂക്ഷ്മതയുള്ള ഒരു വിശാസി അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക മാത്രമല്ല, അത്തരം കാര്യങ്ങള്‍ക്ക് പിറകില്‍ പോകാന്‍ ആലോചിക്കുക പോലുമില്ല..

ഇന്നത്തെ കാലത്ത് ഇത്തരം പ്രവണതകള്‍ കൂടിക്കൂടി വരുകയാണ്. ഏതെങ്കിലും അവിശ്വാസികളുടെ പേരുകള്‍ യൂറോപ്പില്‍ നിന്നോ അമേരിക്കയില്‍ നിന്നോ മറ്റേതെങ്കിലും രാജ്യങ്ങളില്‍ നിന്നോ ഒക്കെ കണ്ടെത്തി അത് തിരഞ്ഞെടുക്കും. ഇത് അങ്ങേയറ്റം നിന്ദ്യതയും കുറ്റകരവുമാണ്. ജ്യോര്‍ജ് . പീറ്റര്‍ ......തുടങ്ങി മുന്പ് നമ്മള്‍ സൂചിപ്പിച്ച ഒരുപാട് പേരുകള്‍ ഇപ്രകാരം ഉപയോഗിക്കുന്നത് കാണാം. അവിശ്വാസികളുടെ പേരുകള്‍ക്ക് പിന്നാലെ പോകാനുള്ള ഈ വ്യഗ്രത വെറുതേയുള്ള ഒരു ചിന്തയോ താല്പര്യമോ ഒക്കെ ആണെങ്കില്‍ തന്നെ അത് വലിയ പാപമാണ്. ഇനി മുസ്‌ലിം പേരുകളെക്കാള്‍ നല്ലത് ആ പേരുകളാണ് എന്ന് കരുതുന്നവനാണെങ്കില്‍ അവന്‍റെ വിശ്വാസത്തിന്‍റെ അടിത്തറക്ക് തന്നെ വിള്ളലേല്‍ക്കുന്ന അപകടത്തിലാണ് അവനുള്ളത്. ഇനി ഈ രണ്ടു രൂപത്തില്‍ ആയാലും അതില്‍ നിന്നും എത്രയും പെട്ടെന്ന് തൗബ ചെയ്യേണ്ടതുണ്ട്. അത്തരം പേരുകള്‍ ഇട്ടിട്ടുണ്ടെങ്കില്‍ അത് മാറ്റുക എന്നുള്ളത് കൂടി തൗബയുടെ ഭാഗമാണ് " [പേജ് 371-373].


ഇവിടെ ശൈഖിന്റെ വിശദീകരണത്തില്‍ നിന്നും തന്നെ മനസ്സിലാക്കാം അന്യ മത വിശ്വാസികളെ സൂചിപ്പിക്കുന്നതോ, അവരുടെ ആചാരങ്ങളെ സൂചിപ്പിക്കുന്നതോ ഒക്കെ ആയ പേരുകള്‍ ആണെങ്കില്‍ അത്തരം പേരുകള്‍  ഇടാന്‍ പാടില്ല. അന്യ മതസ്ഥരോട് നിങ്ങള്‍ സാദൃശ്യം കാണിക്കരുത് എന്ന് പഠിപ്പിക്കുന്ന ധാരാളം ഹദീസുകള്‍ കാണാം. കാരണം ഒരു മുസ്‌ലിം കറ കളഞ്ഞ ഏക ദൈവ വിശ്വാസി ആയിരിക്കണം. അവന്‍റെ വിശ്വാസം അവനില്‍ പ്രകടമായിരിക്കണം. മറ്റു വിശ്വാസങ്ങളോട് സാമ്യത കല്പിക്കുന്ന ഒന്നും തന്നെ അവന്‍റെ ജീവിതത്തില്‍ കടന്നു വരാന്‍ പാടില്ല. ഇതവന്‍റെ വിശ്വാസ സംരക്ഷണത്തിന്‍റെ ഭാഗമാണ്. അതല്ലാതെ മറ്റു മതസ്ഥരോട് പ്രത്യേക വിദ്വേശവും വര്‍ഗ്ഗീയതയും വച്ച് പുലര്‍ത്തുന്നത് കൊണ്ടല്ല. തന്‍റെ പേരും, പ്രവര്‍ത്തിയും, ജീവിതവുമെല്ലാം ഏകദൈവ വിശാസത്തില്‍ അധിഷ്ടിതമായതും മറ്റൊരു വിശ്വാസങ്ങളുമായും യാതൊരു നിലക്കും അത് പോരുത്തപ്പെടാത്തതുമാണ് എന്നത് കൊണ്ടും, എന്‍റെ സൃഷ്ടാവിന്‍റെ തൃപ്തിയാണ് എനിക്ക് എന്തിനേക്കാളും വലുത് എന്നതിനാലുമാണ്  അത്രയും സൂക്ഷ്മത കാണിക്കുന്നത് . അപ്പോള്‍ ഏക ദൈവ വിശ്വാസികളല്ലാത്ത ആളുകളുടെ പേരിനോട്‌ സാമീപ്യമുള്ള പേരുകള്‍ ഇടരുത് എന്ന് പറഞ്ഞാല്‍ പിന്നെ ശിര്‍ക്കിനെയും മറ്റ് അനാചാരങ്ങളെയും അന്തവിശ്വാസങ്ങളെയും സൂചിപ്പിക്കുന്ന പേരുകളെക്കുറിച്ച് പറയേണ്ടതില്ലല്ലോ.. തീര്‍ച്ചയായും അത് അങ്ങേയറ്റം കുറ്റകരമാണ് .. മാത്രമല്ല ആ പിതാവ് ആ കുട്ടിയോട് ചെയ്യുന്ന ഒരു ക്രൂരത കൂടിയാണ് അത് ...


ഇനി അന്യ മതസ്ഥരെയോ അവരുടെ വിശ്വാസത്തെയോ സൂചിപ്പിക്കാത്ത എന്നാല്‍ അന്യ ഭാഷയിലുള്ള നല്ല അര്‍ത്ഥമുള്ള പേരുകള്‍ ഇടാമോ എന്നതാണ് അടുത്ത വിഷയം ...

അത് നിഷിദ്ധമാണ് എന്ന് പറയാന്‍ സാധിക്കില്ല. കാരണം അല്ലാഹുവും അവന്റെ റസൂലും നിഷിദ്ധമാക്കിയതൊഴിച്ച് പൊതുവേ പേരുകള്‍ എല്ലാം അനുവദനീയമാണ്. (الأصل في السماء الإباحة). അഥവാ നേരത്തെ സൂചിപ്പിച്ച ശറഇയ്യായി വിരോധിക്കപ്പെട്ട കാരണങ്ങള്‍ ഒന്നും കടന്നു വരാത്ത പക്ഷം പേരുകളെല്ലാം അനുവദനീയമാണ്. അറബി പേരുകള്‍ മാത്രമേ ഇടാന്‍ പാടുള്ളൂ എന്ന് പ്രമാണങ്ങളില്‍ കാണാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല ഒരുപാട് പ്രവാചകന്മാരുടെ പേരുകള്‍ തന്നെ അനറബി ഭാഷയില്‍ ഉള്ളതാണ്. അത് പിന്നീട് അറബിയില്‍ ഇടം നേടിയതാണ് എന്ന് മാത്രം.

എന്നാല്‍ അന്യഭാഷയിലെ പേരുകള്‍ ഉപയോഗിക്കുക വഴി  വിളിക്കപ്പെടുന്നവന്‍ ഒരു വിശ്വാസിയാണ് എന്നുപോലും തിരിച്ചറിയാന്‍ പറ്റാത്ത രൂപത്തിലുള്ള പേരുകള്‍ നിഷിദ്ധങ്ങള്‍ വരുന്നില്ലെങ്കില്‍ കൂടി  അഭികാമ്യമല്ല എന്നു തന്നെയാണ് മനസ്സിലാകുന്നത്. മാത്രമല്ല അത് അഭികാമ്യമല്ല എന്ന് പറയാന്‍ മറ്റു ചില കാരണങ്ങള്‍ കൂടി അതിനുണ്ട്. `

1- പേര് കേള്‍ക്കുമ്പോള്‍ അവന്‍ മുസ്ലിമാണോ എന്ന ഐഡന്റിറ്റി വ്യക്തമാകുകയില്ല.

2 - നമ്മള്‍ അല്ലാഹുവിനും റസൂലിനും ഇഷ്ടമുള്ള പേരുകള്‍ വിട്ട് ഇത്തരം പേരുകളുടെ പിന്നാലെ  പോകുമ്പോള്‍ മറ്റുള്ളവര്‍ കൂടി അത്തരം ഒരു പ്രവണത സ്വീകരിക്കാന്‍ നമ്മള്‍ ഒരു കാരണക്കാരായിത്തീര്‍ന്നേക്കാം. അങ്ങനെ അവര്‍ ശ്രേഷ്ഠമായ കാര്യത്തെ ഉപേക്ഷിക്കുന്നതിനുള്ള കാരണക്കാരായി നമ്മള്‍ മാറിയേക്കാം. മറിച്ച് ഇസ്ലാമിനോടും ഇസ്‌ലാമിക നാമങ്ങളോടും താല്പര്യക്കുറവ് കാണിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ അല്ലാഹുവിന് ഇഷ്ടമുള്ള പേരുകള്‍ നല്‍കി മാതൃകയാവുകയാണ് നമ്മള്‍ ചെയ്യേണ്ടത്.

3- എല്ലാവരും ഇപ്രകാരമാണ് എന്ന് പറയാന്‍ സാധിക്കില്ല എങ്കിലും പലപ്പോഴും മുസ്‌ലിം പേരുകളോട് തോന്നുന്ന ഇഷ്ടമില്ലായ്മയും അന്യ ഭാഷകളിലെ പേരുകളോടുള്ള അമിതമായ ഇഷ്ടവും ആണ് അതിനുള്ള പ്രചോദനം ആയി മാറാറുള്ളത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുകയില്ല.

4- കുട്ടി വലുതാകുമ്പോള്‍ അവന്‍ ഒരു പക്ഷെ അത്തരം പേരുകൊണ്ട് പ്രയാസം അനുഭവിച്ചു എന്ന് വരാം. മാതാ പിതാക്കളോട് അക്കാരണത്താല്‍ മക്കള്‍ക്ക് അനിഷ്ടം തോന്നിയേക്കാം. ഇതിന് എത്രയോ അനുഭവങ്ങള്‍ നമുക്ക് നേരിട്ട് അറിയാമല്ലോ. കുട്ടികളെ പറഞ്ഞിട്ടും കാര്യമില്ല പേരിടുന്നത് ബാപ്പ ആണെങ്കിലും അത് കൊണ്ട് നടക്കുന്നത് കുട്ടിയല്ലേ .


സാന്ദര്‍ഭികമായി മറ്റൊരു കാര്യം സൂചിപ്പിക്കാനുള്ളത് ഇന്ന് നാട്ടില്‍ വ്യാപകമാണ് ഒരു കുട്ടിക്ക് രണ്ട് പേര് ഒന്നിചിടുക എന്നത് ... ഉദാ: അഹ്മദ് മുഹമ്മദ്‌ .. ശേഷം ബാപ്പയുടെ പേര് ചേര്‍ക്കുക .... അതുപോലെ പെണ്‍കുട്ടികളെ വിവാഹ ശേഷം ഭര്‍ത്താവിലേക്ക് ചേര്‍ത്ത് വിളിക്കുക. ഇത് രണ്ടും ശരിയല്ല. ഏതൊരാളെയും അവരുടെ പിതാവിലേക്ക് ചേര്‍ത്ത് വിളിക്കുക എന്നതാണ് അല്ലാഹുവിന്‍റെ കല്പന .. ദത്ത് പുത്രന്മാരെ പോലും ദത്തെദുത്തവനിലേക്ക് ചേര്‍ത്ത് വിളിക്കുന്നത് ഇസ്ലാമില്‍ നിഷിദ്ധമാണ്. അപ്പോള്‍ പിതാവ് ആര് എന്ന് കൃത്യമായറിയുന്ന ആളുകളെ അവരവരുടെ പിതാവിലേക്കല്ലാതെ ചേര്‍ത്ത് വിളിക്കുന്നത് നിഷിദ്ധമാണ് എന്ന് പറയേണ്ടതില്ലല്ലോ.

അല്ലാഹു പറയുന്നു :

ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِنْدَ اللَّهِ ۚ فَإِنْ لَمْ تَعْلَمُوا آبَاءَهُمْ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُمْ بِهِ وَلَٰكِنْ مَا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ اللَّهُ غَفُورًا رَحِيمًا.

"നിങ്ങള്‍ അവരെ (ദത്തുപുത്രന്മാരെ ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ്‌ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നീതി പൂര്‍വകമായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞുംകൊണ്ട് ചെയ്തത് (കുറ്റകരമാകുന്നു). അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു" [അഹ്സാബ് -5].

ഈ ആയത്ത് ഉദ്ധരിച്ചുകൊണ്ട് സാധാരണയായി പണ്ഡിതന്മാര്‍ പറയാറുള്ള ഒരു കാര്യമാണ് സ്വന്തം പിതാവിലേക്ക് ചേര്‍ത്തായിരിക്കണം ഒരാള്‍ വിളിക്കപ്പെടേണ്ടത് എന്നാണ്. തന്‍റെ പേര് കഴിഞ്ഞാല്‍ പിന്നെ പിതാവിന്‍റെ പേര്, പിന്നെ വല്ല്യുപ്പയുടെ പേര് . അതാണ് ഇസ്ലാമിക ശൈലി ..

ഏത് വിഷയത്തിലും അല്ലാഹുവിന്റെ പ്രീതിയെ നമ്മുടെ ഇഷ്ടങ്ങളെക്കാള്‍ മുന്തിക്കുക. അല്ലാഹുവിന്‍റെ പ്രീതി അതിനു തുല്യമായി യാതൊന്നുമില്ല.. അത് കരസ്ഥമാക്കാന്‍ കഴിയുക എന്നത് ഒരു സൌഭാഗ്യമാണ് .. അല്ലാഹു നമ്മെ ഓരോരുത്തെരെയും അവന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട്‌ ജീവിക്കുന്ന ആളുകളില്‍ ഉള്പ്പെടുത്തട്ടെ .. അല്ലാഹുമ്മ ആമീന്‍ ...

Friday, May 3, 2013

കക്ഷിത്വം തിന്മയാണ്.. സലഫുകളുടെ പാത പിന്തുടരുക. അതാകട്ടെ നമ്മുടെ സമീപനം !!!



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
ഈ ലേഖനം വായിക്കുന്ന നിങ്ങള്‍ ഓരോരുത്തരും വ്യത്യസ്ഥ രൂപങ്ങളിലായിരിക്കും ഇതിനെ സമീപിക്കുന്നത്, ലേഖകന്‍റെ പേര് കാണുമ്പോള്‍ തന്നെ താന്‍ സ്വയം നിശ്ചയിച്ച ഏതോ ഒരു മാനദണ്ഡപ്രകാരം ഇവന്‍ നമ്മുടെ ആളാണ്‌ എന്ന അര്‍ത്ഥത്തില്‍ പറയുന്നതെല്ലാം കണ്ണടച്ച് സ്വീകരിക്കുന്നവര്‍ ഈ കൂട്ടത്തിലുണ്ടാകും...

അതുപോലെ ലേഖകന്‍റെ പേര് കാണുമ്പോള്‍ തന്നെ താന്‍ സ്വയം നിശ്ചയിച്ച ഏതോ ഒരു മാനദണ്ഡപ്രകാരം ഇവന്‍ എന്‍റെ ആളല്ല എന്ന മുന്‍ധാരണയോടെ, എഴുതിയത് എന്ത് തന്നെയായാലും തള്ളിക്കളയാന്‍ തയ്യാറെടുക്കുകയും, ഞാന്‍ ഇതില്‍ ഉദ്ദേശിക്കുന്നതെന്ത് എന്ന് ഒരുതവണ പോലും ആലോചിച്ചു നോക്കാന്‍ തയ്യാറാവാതെ, മുന്‍കൂട്ടി തയ്യാറാക്കി വച്ച കുന്തമുനകളെല്ലാം എനിക്ക് നേരെ തിരിച്ചു വെച്ചുകൊണ്ട് വായിക്കുന്നവരും ഉണ്ടാകും .. ഈ രണ്ടു വിഭാഗക്കാര്‍ക്കും വേണ്ടി ഉള്ളതല്ല ഈ ലേഖനം.

എന്നാല്‍ എഴുതിയതില്‍ സത്യസന്ധവും നീതിപൂര്‍വവുമായ കാര്യങ്ങളെ അംഗീകരിച്ചും. തെറ്റിദ്ധാരണകള്‍ നേരിട്ട് ചോദിച്ച് മനസ്സിലാക്കിയും. തെറ്റുകളെ നല്ല രൂപത്തില്‍ തിരുത്തിയും നീതിബോധത്തോടുകൂടി വായിക്കുന്ന മൂന്നാമതൊരു വിഭാഗമുണ്ട്.. ആ ഒരു വിഭാഗത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടാണ് ഇതെഴുതുന്നത്. ഗുണകാംശയോടെയും ക്ഷമയോടെയും ഞാന്‍ എഴുതിയത് പൂര്‍ണമായും  വായിക്കുമെങ്കില്‍ മാത്രം തുടര്‍ന്ന്‍ വായിക്കുക .. അല്ലാഹു അനുഗ്രഹിക്കട്ടെ ..

അല്ലാഹു പറയുന്നു : 
لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَإِنْ تُبْدُوا مَا فِي أَنْفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُمْ بِهِ اللَّهُ ۖ فَيَغْفِرُ لِمَنْ يَشَاءُ وَيُعَذِّبُ مَنْ يَشَاءُ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٨٤
“ ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്‍റേതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചുവെച്ചാലും അല്ലാഹു അതിന്‍റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക ചെയ്യും. എന്നിട്ടവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും അവനുദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു” [ അല്‍ ബഖറ - 284].

ഈ ആയത്ത് എഴുതുന്ന എന്‍റെയും വായിക്കുന്ന നിങ്ങളുടെയും മനസ്സില്‍ എപ്പോഴുമുണ്ടാകട്ടെ. അല്ലാഹു എല്ലാ പ്രവര്‍ത്തനങ്ങളിലും നമ്മുടെ നിയ്യത്ത് നന്നാക്കിത്തരുമാറാകട്ടെ.. ഇനി വിഷയത്തിലേക്ക് കടക്കാം...

മൂന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും നാലാം നൂറ്റാണ്ടിന്‍റെ ആദ്യത്തിലുമായി ജീവിച്ചിരുന്ന അഹ്ലുസ്സുന്നയുടെ പണ്ഡിത ശ്രേഷ്ഠരില്‍ പ്രമുഖനും, ബിദ്അത്തുകാരുടെ പൊള്ളവാദങ്ങളും ഗൂഡതന്ത്രങ്ങളും വെളിച്ചത്ത് കൊണ്ടുവരുന്നതിലും, അഹ്ലുസ്സുന്നയുടെ ആദര്‍ശം പഠിപ്പിക്കുകയും , പ്രചരിപ്പിക്കുകയും ചെയ്യുന്നതിലും ഏറെ പങ്ക് വഹിക്കുകയും ചെയ്ത മഹാ വ്യക്തിത്വമാണ് ഇമാം ബര്‍ബഹാരി റഹിമഹുല്ല. അദ്ദേഹത്തിന്‍റെ ചില വാക്കുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ട് വരിക എന്നതാണ് എന്‍റെ എളിയ ഉദ്ദേശ്യം:

ഇമാം ബര്‍ബഹാരി പറയുന്നു : ‘നീ അറിയുക .. തീര്‍ച്ചയായും ഇസ്ലാമാകുന്നു നബിചര്യ. നബിചര്യ അതാകുന്നു ഇസ്ലാം. അവയില്‍ ഏതെങ്കിലും ഒന്ന് മറ്റൊന്നില്ലാതെ നില നില്‍ക്കുകയില്ല... തീര്‍ച്ചയായും സംഘത്തോടൊപ്പം (ജമാഅ) നില്‍ക്കല്‍ നബി ചര്യയില്‍ പെട്ടതാകുന്നു. ആരെങ്കിലും സംഘത്തെ( ജമാഅയെ ) വെറുക്കുകയും അതില്‍ നിന്നകന്നു നില്‍ക്കുകയും ചെയ്‌താല്‍ ഇസ്ലാമെന്ന വസ്ത്രത്തെ അവന്റെ കഴുത്തില്‍ നിന്നും അവന്‍ അഴിച്ചു വെച്ചിരിക്കുന്നു. അവന്‍ വഴി പിഴച്ചവനും വഴി പിഴപ്പിക്കുന്നവനുമായിത്തീരുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ആ സംഘം കേട്ടിപ്പടുക്കേണ്ടതിന്റെ അടിത്തറ സ്വഹാബത്താണ്. അവരാണ് അഹ്ലുസ്സുന്ന വല്‍ ജമാഅ. ആകയാല്‍ അവരില്‍ നിന്നും ആരെങ്കിലും സ്വീകരിക്കാത്ത പക്ഷം അവന്‍ വഴി പിഴച്ചവനും ബിദ്അത്തുകാരനുമായിത്തീര്‍ന്നിരിക്കുന്നുരിക്കുന്നു. എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു. വഴികെടും അതിന്റെ ആളുകളും നരകതിലാണ്’. [ശറഹുസ്സുന്ന- ഇമാം ബര്‍ബഹാരി]

ജമാഅ അഥവാ സംഘമെന്നത് ഏതെങ്കിലും ഒരു സംഘടനയോ, കക്ഷിയോ അല്ല. മറിച്ച് സ്വഹാബത്ത് നിലകൊണ്ട മാര്‍ഗം. അതാണ്‌ ഇവിടെ ജമാഅ എന്നത് കൊണ്ടുള്ള ഉദ്ദേശം.. ഇത് തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാം. ബര്‍ബഹാരി റഹിമഹുല്ലാഹ് പറയുന്നു : "എന്നാല്‍ ആ സംഘം കേട്ടിപ്പടുക്കേണ്ടതിന്റെ അടിത്തറ സ്വഹാബത്താണ്. അവരാണ് അഹ്ലുസ്സുന്ന വല്‍ ജമാഅ. ആകയാല്‍ അവരില്‍ നിന്നും ആരെങ്കിലും സ്വീകരിക്കാത്ത പക്ഷം അവന്‍ വഴി പിഴച്ചവനും ബിദ്അത്തുകാരനുമായിത്തീര്‍ന്നിരിക്കുന്നു." [ശറഹുസ്സുന്ന- ഇമാം ബര്‍ബഹാരി]

അതുകൊണ്ട് സ്വഹാബത്ത് നിലകൊണ്ട ആ മാര്‍ഗത്തില്‍ ആര് നിലനില്‍ക്കുന്നുവോ അവന്‍ അഹ്ലുസ്സുന്ന വല്‍ ജമാഅയില്‍ പെട്ടവനാണ്. അവന്‍ സംഘത്തോടൊപ്പം നില്‍ക്കുന്നവനാണ്. ആര് ആ മാര്‍ഗത്തില്‍ നിന്നും വ്യതിചലിക്കുന്നുവോ അവന്‍ വഴി പിഴച്ചവനാണ്.

പണ്ഡിതന്മാരുടെ ഇത്തരം വചനങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് 'ഒരാള്‍ വിശ്വാസിയാകണമെങ്കില്‍ അവന്‍ നിര്‍ബന്ധമായും സംഘടനയില്‍ അംഗമാവണം, സംഘടനയില്‍ അംഗമാവാതെ മരിക്കുന്നവന്റെ മരണം ജാഹിലിയ്യത്തിലെ മരണമാണ്, അവന്‍ വഴി പിഴച്ചവനാണ്' എന്നെല്ലാം ചിലര്‍ പറയുന്നത് തികഞ്ഞ ദുര്‍വ്യാഖ്യാനമാണ്. സംഘടനയില്‍ അംഗമാവല്‍ നിര്‍ബന്ധമാണ്‌ എന്ന് ഒരു നിലക്കും പറയുക സാധ്യമല്ല. മറിച്ച് പ്രവാചകന്‍ (സ) പഠിപ്പിച്ച ആദര്‍ശത്തിനു പിന്നിലാണ് വിശ്വാസികള്‍ അണി ചേരേണ്ടത്.

ഇമാമീങ്ങള്‍ ഉദ്ദേശിച്ച സംഘം എന്ത് എന്നത് ഇമാം ബര്‍ബഹാരിയുടെ തന്നെ വചനങ്ങള്‍ തുടര്‍ന്ന് പറയുന്നു : " പ്രവാചകന്‍ (സ) തന്റെ ഉമ്മത്തിന്നും അതുപോലെ അദ്ധേഹത്തിന്റെ സ്വഹാബത്തിന്നും നബിചര്യയെന്ത് എന്നത് വ്യക്തമാക്കിക്കൊടുത്തിരിക്കുന്നു. അവരാണ് ജമാഅ (സംഘം). അവര്‍ തന്നെയാണ് سواد الأعظم. 'സവാദുല്‍ അഅ്ളം' എന്നാല്‍ സത്യവും അതിന്റെ ആളുകളുമാണ്. ആകെയാല്‍ ദീനി വിഷയങ്ങളില്‍ പ്രവാചകന്റെ സ്വഹാബത്തിന്ന് ആരെങ്കിലും എതിരാകുന്ന പക്ഷം അവന്‍ കുഫ്റില് പെട്ട് പോകും. " [ ശറഹുസ്സുന്ന - ഇമാം ബര്‍ബഹാരി]

സ്വഹാബത്ത് നില നിന്നിരുന്ന മാര്‍ഗം മുറുകെ പിടിച്ചു കൊണ്ട് നില നില്കുന്നവനാണ് സംഘത്തോടൊപ്പം നില്‍ക്കുന്നവന്‍. അവന്‍ ഒറ്റക്കാണെങ്കില്‍ പോലും. ഇബ്നു മസ്ഊദ് (റ) ഇപ്രകാരം പറഞ്ഞതായി കാണാം : " സത്യത്തോട് പോരുത്തപ്പെടുന്നതെന്താണോ അതാണ്‌ സംഘം. അത് നീ ഒറ്റക്കായിരുന്നാല്‍ പോലും". ആകയാല്‍ സ്വഹാബത്ത് നിലനിന്നിരുന്ന ആദര്‍ശത്തില്‍ ഉറച്ചു നില്‍ക്കുക എന്നതു മാത്രമാണ് പൂര്‍വികരായ ഇമാമീങ്ങള്‍ ‘സംഘത്തോടൊപ്പം നില്‍ക്കുക’ എന്ന് രേഖപ്പെടുത്തിയതിന്‍റെ വിവക്ഷ.. അതല്ലാതെ ഏതെങ്കിലും കക്ഷിയോടൊപ്പമോ സംഘടനയോടോപ്പമോ അണി ചേരണം എന്ന അര്‍ത്ഥത്തിലല്ല. സംഘടനക്കു കീഴില്‍ അണി ചേരാത്തവന്‍ പിഴച്ചവനാണ് എന്ന അര്‍ത്ഥത്തിലുമല്ല.
 
ഇമാം ബര്‍ബഹാരി രേഖപ്പെടുത്തിയിട്ടുള്ള വാക്കുകള്‍ ഒന്നുകൂടി നമുക്ക് പരിശോധിക്കാം: (( തീര്‍ച്ചയായും സംഘത്തോടൊപ്പം (ജമാഅ) നില്‍ക്കല്‍ നബി ചര്യയില്‍ പെട്ടതാകുന്നു. ആരെങ്കിലും സംഘത്തെ( ജമാഅയെ ) വെറുക്കുകയും അതില്‍ നിന്നകന്നു നില്‍ക്കുകയും ചെയ്‌താല്‍ ഇസ്ലാമെന്ന വസ്ത്രത്തെ അവന്റെ കഴുത്തില്‍ നിന്നും അവന്‍ അഴിച്ചു വെച്ചിരിക്കുന്നു )).. സ്വഹാബത്തിനെ ആണ് ഇവിടെ അദ്ദേഹം സംഘം എന്ന് ഉദ്ദേശിക്കുന്നത്. ഇത് അദ്ദേഹം വ്യക്തമാക്കിയത് നേരത്തെ നാം പരാമര്‍ശിച്ചതാണ്. അവരെ ആരെങ്കിലും വെറുക്കുകയോ അവരുടെ പാതയില്‍ നിന്നും ആരെങ്കിലും വ്യതിചലിക്കുകയോ ചെയ്‌താല്‍ അവന്‍ തന്‍റെ കഴുത്തില്‍ നിന്നും ഇസ്‌ലാമിനെ അഴിച്ചു വെച്ചിരിക്കുന്നു  എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്... 
 
ഇസ്‌ലാമിക ഭരണകൂടത്തിലെ ഭരണാധികാരിക്ക് കീഴില്‍ അണി നിരക്കുക എന്നും. ഭരണാധികാരിക്ക് എതിരെ വിപ്ലവം പുറപ്പെടുവിച്ച് ഫിത്നയുണ്ടാക്കുന്ന ആളുകളില്‍ നിന്നും വിട്ട് നില്‍ക്കുക എന്നും. മുസ്‌ലിം ഭരണാധികാരിയുടെയും മുസ്'ലിമീങ്ങളുടെയും സംഘത്തില്‍ നിന്നും കൂട്ടം തെറ്റിപ്പോകാതെ അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കുക എന്നുമെല്ലാം അര്‍ത്ഥമാക്കുന്ന ധാരാളം ഹദീസുകള്‍ കാണാം . അപ്രകാരം അഹ്ലുസ്സുന്നയുടെ ആദര്‍ശമായ മുസ്‌ലിം ഭരണാധികാരികള്‍ക്ക് എതിരെ വിപ്ലവമുണ്ടാക്കുന്ന ഖവാരിജുകളോടൊപ്പം ചേരാതെ, ഭരണാധികാരികള്‍ക്കും മുസ്ലിമീങ്ങള്‍ക്കുമൊപ്പം നിലകൊള്ളുക എന്ന അര്‍ത്ഥത്തിലും പണ്ഡിതന്മാര്‍ ഇതുപോലുള്ള വരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  സ്വഹാബത്തിന്റെ പാതയില്‍ നില്‍ക്കുക എന്ന വ്യാഖ്യാനത്തില്‍ ഈ രണ്ടര്‍ത്ഥവും പെടുന്നത് കൊണ്ട് രണ്ട് വ്യാഖ്യാനങ്ങളും തമ്മില്‍ വൈരുധ്യമില്ല.

ഭരണാധികാരിയോട് ഇത്തിബാഅ്  ഇല്ല.  ത്വാഅത്ത് മാത്രമാണ് ഉള്ളത്. മുസ്‌ലിം ഭരണാധികാരിക്ക് അഥവാ  ഒരു ഭരണാധികാരിക്ക് കീഴില്‍ അണിനിരന്ന മുസ്ലിമീങ്ങളോട് ഒപ്പം അണിനിരക്കുക എന്ന അര്‍ത്ഥത്തിലാണ് ഭരണാധികാരിക്ക് ഉള്ള അനുസരണയുമായി  ബന്ധപ്പെട്ട് വന്ന ഹദീസുകള്‍. ഇത്  'ജമാഅത്തുല്‍ മുസ്ലിമീന്‍' മുസ്‌ലിംകളുടെ സംഘത്തോടൊപ്പം അണിനിരക്കുക എന്ന അര്‍ത്ഥത്തിലാണ്. ഇവിടെ 'ജമാഅതുല്‍' അബ്ദാന്‍ ആണ് ഉദ്ദേശം. അഥവാ ശാരീരികമായി പരസ്പരം ഒന്നിച്ച് നില്‍ക്കുക. ഇതില്‍ എല്ലാ മുസ്‌ലിംകളും പെടുന്നു. സംഘടനയുടെ വിഷയവുമായി ഇതുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളെ ബന്ധപ്പെടുത്താന്‍ പറ്റില്ല. 
ഇസ്‌ലാമിക ഭരണകൂടത്തെ കുറിച്ചും, ഭരണാധികാരികളുടെ അവകാശത്തെ കുറിച്ചും, ആ വിഷയത്തില്‍ ഒരു വിശ്വാസി പാലിച്ചിരിക്കേണ്ട നിബന്ധനകളെക്കുറിച്ചും മറ്റും വന്ന ഹദീസുകളും, പൂര്‍വികരായ ഇമാമീങ്ങളുടെ വാക്കുകളുമെല്ലാം  സംഘടനയോടൊപ്പം നില്‍ക്കാത്തവന്‍ പിഴച്ചവനാണ്. ഭരണാധികാരിയെ അനുസരിക്കുന്നത് പോലെ സംഘടനാ നേതാവിനെ അനുസരിക്കാത്തവനും  പിഴച്ചവനാണ് എന്നെല്ലാമാക്കി ചിലര്‍ ദുര്‍വ്യാഖ്യാനിക്കുന്നത് കാണാം . അത് ശരിയല്ല.

ഇനി സത്യത്തിലാണ് നീ ഉള്ളതെങ്കില്‍ ഒറ്റക്കാണെങ്കിലും  നീ ജമാഅയോട് ഒപ്പമാണ് എന്ന് പറഞ്ഞത് ഇത്തിബാഉമായി ബന്ധപ്പെട്ടാണ്. അഥവാ  സ്വഹാബത്ത് നിലനിന്നിരുന്നതില്‍ നിലകൊള്ളുക എന്ന അര്‍ത്ഥത്തില്‍ ആണ്. അഥവാ സംഘം എന്നതുകൊണ്ട്‌ ഇമാമീങ്ങള്‍ ഉദ്ദേശിക്കുന്നത് ഒരു സംഘടനയെ അല്ല. മറിച്ച് സ്വഹാബത്താണ്. ആ സ്വഹാബത്ത് നിലകൊണ്ടതില്‍ ആര് നിലകൊള്ളുന്നുവോ അവനാണ് സംഘത്തോടൊപ്പം നില്‍ക്കുന്നവന്‍. അതിനാലാണ് നീ സ്വഹാബത്തിന്‍റെ പാതയില്‍ ആണെങ്കില്‍ ഒറ്റക്ക് ആണെങ്കില്‍ പോലും നീ സംഘത്തോട് ഒപ്പമാണ് എന്ന് പറയാന്‍ കാരണം. ഇതുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളും സംഘടനയുമായി ബന്ധപ്പെടുത്താന്‍ പറ്റില്ല.


അതുപോലെ നമ്മള്‍ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം :


നിരുപാധികം സംഘടന തിന്മയാണ്, ദഅവത്തിനു വേണ്ടി സംഘടന ഉപയോഗിക്കല്‍ നിഷിദ്ധമാണ്, ബിദ്അത്താണ് എന്നെല്ലാമുള്ള വാദങ്ങളും ശരിയല്ല. സംഘടന എന്നത് ഒരു വസീലയാണ്. നന്മയാണ് അതുകൊണ്ട് ഉദേശിക്കുന്നതെങ്കില്‍ അതനുവദനീയമായിത്തീരുന്നു.. തിന്മയാണ് അതുകൊണ്ട് ഉദേശിക്കുന്നതെങ്കില്‍ അത് നിഷിദ്ധവുമായിത്തീരുന്നു. ഖുര്‍ആനും സുന്നത്തും സലഫുകളുടെ മന്ഹജും പ്രചരിപ്പിക്കാന്‍ ഒരാള്‍ അത് ഉപയോഗിച്ചാല്‍ അത് നന്മയാണ്. മറിച്ച് തിന്മകളും വ്യതിയാനങ്ങളും ബിദ്അത്തുകളും പ്രചരിപ്പിക്കാന്‍ ഒരാള്‍ അത് ഉപയോഗിച്ചാല്‍ അത് തിന്മയുമാണ്.  ഇനി ഈ വിഷയത്തിലുള്ള വീക്ഷണ വിത്യാസം വലാഉം ബറാഉം കല്പിക്കപ്പെടേണ്ട ഒരു വിഷയവുമല്ല. ഒരു കര്‍മ്മശാസ്ത്രപരമായ മസ്അലയാണ്.  അതുകൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒരാള്‍ സംഘടന അനുവദാനീയമായി കാണുന്നു എന്നതിനാല്‍ അയാള്‍ പിഴച്ചുപോയി എന്നോ, ഒരാള്‍ സംഘടന നിഷിദ്ധമാണ് എന്ന് കാണുന്നതിനാല്‍ അയാള്‍ പിഴച്ചുപോയി എന്നോ പറയുന്നത് ശരിയല്ല. മസ്അലകളില്‍ വീക്ഷണ വിത്യാസങ്ങള്‍ ഉണ്ടാവുക സ്വാഭാവികം മാത്രമാണ്.

   ദഅവത്ത് പോലെത്തന്നെയാണല്ലോ മത പഠനവും. മത പഠനത്തിനു വേണ്ടി യുനിവേര്‍സിറ്റികളും വിദ്യാലയങ്ങളും ചില പ്രത്യേക പഠനരീതികളും സിലബസുമെല്ലാം നാം ഉപയോഗിക്കുന്നില്ലേ !. മതപഠനത്തിന് അത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ബിദ്അത്താണ് എന്ന് പറയാന് സാധിക്കില്ല. പറയുന്ന ആരെയും കാണുകയുമില്ല. കാരണം അത്തരം സംവിധാനങ്ങള്‍ വസീലകള്‍ മാത്രമാണ്. കര്‍മശാസ്ത്രപരമായി  'മസ്വാലിഹുല്‍ മുര്‍സല' എന്ന ഗണത്തില്‍ പെടുന്നവയാണ്. കര്‍മ ശാസ്ത്ര പണ്ഡിതന്മാര്‍ ഇത്തരം വസീലകളുടെ വിധിയെ കുറിച്ച് പറയുമ്പോള്‍ സാധാരണ പറയാറുള്ള ഒരു തത്വമുണ്ട്: الوسائل لها أحكام المقاصد അഥവാ ‘വസീലകള്‍ക്ക് അവയുടെ ഉദ്ദേശങ്ങള്‍ക്കനുസരിച്ചാണ് വിധിയുണ്ടാകുക’ .. ഒരാള്‍ കക്ഷിത്വവും, ബിദ്അത്തും, തിന്മകളും ഒക്കെ പ്രചരിപ്പിക്കാന്‍ ആണ് സംഘടന ഉപയോഗിക്കുന്നത് എങ്കില്‍ അവിടെ അത് നിഷിദ്ധമായി മാറുന്നു .. എന്നാല്‍ ഒരാള്‍ ഖുര്‍ആനും സുന്നത്തും സച്ചരിതരായ സലഫിന്‍റെ മാര്‍ഗവും പ്രചരിപ്പിക്കാനാണ് അത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് എങ്കില്‍ അതില്‍ തെറ്റുമില്ല. അതല്ലാതെ മതപഠനത്തിന്‍റെ കാര്യത്തില്‍ സമാനമായ കാര്യങ്ങള്‍ അനുവദനീയമെന്ന് അംഗീകരിക്കുകയും അത്തരം സംവിധാനങ്ങള്‍ ദഅവത്തിന്‍റെ കാര്യത്തിലാകുമ്പോള്‍ നിരുപാധികം നിഷിദ്ധമാണ് എന്ന് പറയുകയും ചെയ്യുന്നത് ശരിയല്ല.. അവയുടെ ഉദ്ദേശ്യത്തിനനുസരിച്ചാണ് അവയുടെ വിധി.

എന്നാല്‍ സംഘടന ഉള്ളവരും ഇല്ലാത്തവരും, എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:


ഭരണാധികാരിക്ക് നല്‍കുന്ന കരാര്‍ (ബൈഅത്ത്)  നേതാക്കള്‍ക്ക് വക വെച്ച് കൊടുക്കണം എന്ന് വാദിക്കുകയോ പ്രാവര്‍ത്തികമാക്കുകയോ ചെയ്യുന്നവര്‍, തന്‍റെ സംഘടനയിലോ, സംഘത്തിലോ അണി ചേരാത്തവരെയെല്ലാം എഴുതിത്തള്ളുകയും, അവരെ ഒരു വെറുപ്പോടെയോ വിദ്വേശത്തോടെയോ കാണുകയും ചെയ്യുന്നവര്‍. മറ്റുള്ളവരുമായി തന്‍റെ ബന്ധം നിര്‍ണയിക്കുന്നതിന് മാനദണ്ഡമായിക്കാണേണ്ട ഖുര്‍ആനിനെയും, സുന്നത്തിനെയും, സലഫുകളുടെ മാര്‍ഗത്തെയും മാറ്റി വെച്ച് , സംഘടനാ മെമ്പര്‍ഷിപ്പോ, ഇനി സംഘടന ഇല്ലാത്തവരാണെങ്കില്‍ തന്‍റെ സംഘത്തോടും തന്‍റെ നയങ്ങളോടുമുള്ള കൂറും നോക്കി മാത്രം പരസ്പരം സഹകരിക്കുന്നവര്‍. ചില ഘട്ടങ്ങളിലെങ്കിലും സംഘടനാ ചട്ടങ്ങള്‍ക്കോ, തന്‍റെ നയങ്ങള്‍ക്കോ പ്രമാണങ്ങളെക്കാള്‍ മുന്‍ഗണന നല്‍കുന്നവര്‍. അല്ലാഹുവിന്‍റെ മതത്തിന്‍റെ വളര്‍ച്ചയും അതിന്‍റെ വികാസവും കണ്ട് ആനന്ദിക്കുന്നതിനേക്കാള്‍ തന്‍റെ സംഘടനയുടെയോ സംഘത്തിന്‍റെയോ വളര്‍ച്ചയിലും വികാസത്തിലും ആനന്ദം കൊള്ളുന്നവര്‍. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന പണ്ഡിതന്മാരോട് പകയും വിദ്വേശവും വച്ച് പുലര്‍ത്തുന്നവര്‍. ആളുകളുടെ എണ്ണം കാണിച്ച് അഭിമാനം കൊള്ളുന്നവര്‍. തെറ്റും ശരിയും നോക്കാതെ തന്നോടൊപ്പം നില്‍ക്കുന്നവരെ കണ്ണടച്ച് പിന്തുണക്കുന്നവര്‍. തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി പ്രമാണങ്ങളെ വളച്ചൊടിക്കുന്നവര്‍........ തുടങ്ങി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാരായാലും. അവര്‍ കൃത്യമായും കക്ഷിത്വത്തിന്റെയും തിന്മയുടെയും ആളുകളാണ്.. ഒരിക്കലും തന്നെ അവരെ ആദര്‍ശ ബന്ധുക്കളായി കാണാന്‍ നമുക്കാവില്ല... ഇത്തരം സംഘടനകളും കൂട്ടായ്മകളും എല്ലാം തിന്മയാണ് എന്നതില്‍ യാതൊരു സംശയവുമില്ല...

സംഘടനകളോ സംഘങ്ങളോ ഉടലെടുക്കുമ്പോള്‍ മാത്രമേ ഇത്തരം തിന്മകള്‍ ഉണ്ടാകൂ എന്നത് മറ്റൊരു തെറ്റിദ്ധാരണയാണ്... ചിലപ്പോള്‍ കക്ഷിത്വവും നേരത്തെ സൂചിപ്പിച്ചത് പോലുള്ള തിന്മകളെല്ലാം ഞാനും നിങ്ങളും അടക്കമുള്ള വ്യക്തികളിലും ഉണ്ടാകാം... അതുകൊണ്ട് സലഫീ ആദര്‍ശ ബന്ധുക്കള്‍ ഇത്തരം തിന്മകളെക്കുറിച്ച് എപ്പോഴും ജാകരൂകരായിരിക്കണം.. അവ നമ്മില്‍ നിന്നും വരുക വഴി നമ്മള്‍ സലഫുകളുടെ പാതയില്‍ നിന്നും പുറത്ത് പോകും എന്ന പേടി നമുക്ക് ഉണ്ടാകണം .. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ .. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനേക്കാള്‍, മറ്റുള്ളവര്‍ ആണ് ഇതിന്‍റെയൊക്കെ വക്താക്കള്‍ എന്ന് മുദ്ര കുത്താന്‍ തുനിയുന്നതിനേക്കാള്‍, നമ്മളില്‍ ഓരോരുത്തരിലും ഈ തിന്മകള്‍ കുടിയിരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഞാനും നിങ്ങളും തയ്യാറാവുക.

അല്ലാഹു പറയുന്നു : 
مَنْ عَمِلَ صَالِحًا فَلِنَفْسِهِ وَمَنْ أَسَاءَ فَعَلَيْهَا
"ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സല്‍ഫലം അവരവര്‍ക്കു തന്നെ. ഓരോരുത്തരും പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേല്‍ തന്നെ." - [അല്‍ ബഖറ - 286].

പലപ്പോഴും വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇതെന്നെപ്പറ്റിയല്ല. മറ്റാരെയെങ്കിലും കുറിച്ചാണ് എന്ന ചിന്ത എന്‍റെ മനസ്സിലേക്ക് കടന്നു വരാറുണ്ട്.. നിങ്ങള്‍ക്കും അപ്രകാരം തോന്നാറുണ്ടായിരിക്കാം എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത് ..  സത്യത്തില്‍ അപ്രകാരം നമ്മെ തോന്നിപ്പിക്കുക വഴി തിന്മകളില്‍ നമ്മെ കെട്ടിയിടുകയാണ് പിശാച് ചെയ്യുന്നത്..  ഇമാം ശാഫിഇ (റഹിമഹുല്ലാഹ് ) പറഞ്ഞ വളരെ അര്‍ത്ഥവത്തായ ചില വാക്കുകളുണ്ട്   : "സ്വന്തം കുറ്റവും കുറവും തിരിച്ചരിയുന്നവനാണ് നേരായ മാർഗത്തിലേക്ക് വഴി നടക്കുക ... അതുകൊണ്ട് നീ കുറ്റവും കുറവും ഉള്ളവനാണെന്ന് മനസ്സിലാക്കാനായാൽ നിനക്ക് നേർമാർഗത്തിലെത്താം".  അതുകൊണ്ട് ഒരു സ്വയം വിചാരണക്ക് നമുക്കീ വാക്കുകള്‍ പ്രചോദനമാകട്ടെ..

സച്ചരിതരായ സലഫുകളുടെ പാത. അതാകട്ടെ നമ്മുടെ വഴികാട്ടി .. ആ ആദര്‍ശമാകട്ടെ നമ്മെ വിളക്കിച്ചേര്‍ക്കുന്നതും നമ്മെ വേര്‍പ്പെടുത്തുന്നതും.. ആ ആദര്‍ശത്തെ മുറുകെ പിടിക്കുന്ന സലഫീ പണ്ഡിതരാകട്ടെ നമ്മുടെ മുന്നില്‍ നടക്കുന്നവര്‍ ... മുന്‍പൊക്കെ പണ്ഡിതന്മാരുമായി ബന്ധപ്പെടാനും അവരില്‍ നിന്ന് അറിവ് സ്വീകരിക്കാനുമുള്ള മാര്‍ഗങ്ങള്‍ പരിമിതമായിരുന്നു .. ഇന്ന് ആദര്‍ശത്തെ മുറുകെ പിടിക്കുന്ന പണ്ഡിതന്മാരുമായി എപ്പോഴും ബന്ധം നിലനിര്‍ത്താന്‍ നമുക്ക് സാധിക്കും വിധം വിവര സാങ്കേതിക വിദ്യകള്‍ വളര്‍ന്നിരിക്കുന്നു ... ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ്, ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍, ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ്, ശൈഖ് സ്വാലിഹ് അസ്സുഹൈമി, ശൈഖ് റബീഅ് ബിന്‍ ഹാദി അല്‍ മദ്ഖലി, ശൈഖ് സ്വാലിഹ് ആലു ശൈഖ്, ശൈഖ് സ്വാലിഹ് അല്ലുഹൈദാന്‍ തുടങ്ങിയ ആദര്‍ശത്തെ കാത്ത് സൂക്ഷിക്കുന്ന ഒരുപാടൊരുപാട് പണ്ഡിതന്മാര്‍ ഇന്നും ജീവിച്ചിരിക്കുന്നുവല്ലോ (ഹഫിദഹുമുല്ലാഹ്). അവരാകട്ടെ നമ്മുടെ വഴികാട്ടികള്‍... ഖുര്‍ആനും സുന്നത്തും സലഫുകള്‍ മനസ്സിലാക്കിയതനുസരിച്ച് മനസ്സിലാക്കി, നന്മ നിറഞ്ഞ ഒരു ജീവിതം നയിച്ച്, നാളെ പരലോക വിജയം കൈവരിക്കുക എന്നതാകട്ടെ എന്‍റെയും നിങ്ങളുടെയും ലക്ഷ്യം .. അല്ലാഹു അതിന് നമുക്കോരോരുത്തര്‍ക്കും തൗഫീഖ് നല്‍കുമാറാകട്ടെ..

സൂറത്തുല്‍ ബഖറയിലെ നമുക്കേവര്‍ക്കും സുപരിചിതമായ ഒരു വചനത്തോടെ ഞാന്‍ നിര്‍ത്തട്ടെ :
لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ -٢٨٦

"അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സല്‍ഫലം അവരവര്‍ക്കു തന്നെ. ഓരോരുത്തരും പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നു പോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതുപോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പ് നല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതക്കെതിരായി ഞങ്ങളെ നീ സഹായിക്കേണമേ” [അല്‍ ബഖറ – 286]….
ഈ ലേഖനത്തില്‍ വല്ല നന്മയുമുണ്ടെങ്കില്‍ അവയെല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണ് ... ഇതില്‍ വല്ല തിന്മയും വന്നു പോയിട്ടുണ്ടെങ്കില്‍ അത് എന്നില്‍ നിന്നും പിശാചില്‍ നിന്നുമാണ്.. അല്ലാഹുവും അവന്‍റെ പ്രവാചകനും അതില്‍ നിന്നും ഒഴിവാണ്.. അല്ലാഹു തെറ്റുകുറ്റങ്ങള്‍ പൊറുക്കുമാറാകട്ടെ...
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 
അനുബന്ധ ലേഖനങ്ങള്‍:
 1-   അഹ്ലുസ്സുന്ന പരസ്പരം സ്നേഹമുള്ളവരാവുക - ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് ഹഫിദഹുല്ലാഹ്.
2-  നമുക്കിടയില്‍ ഭിന്നതകളും, വിഭാഗീയതകളും കടന്നുവരുന്ന വഴികള്‍ - ശൈഖ് സ്വാലിഹ് അസ്സുഹൈമി (ഹ).