Wednesday, July 27, 2016

ISIS, അല്‍ഖാഇദ - ആധുനിക ഖവാരിജിസത്തിന്‍റെ വേരുകള്‍ തേടി.

ചരിത്രത്തെ വളച്ചൊടിക്കലും വസ്തുതകളെ തിരുത്തിയെഴുതലും എക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആരും അതിനോട് പ്രതികരിക്കാതിരുന്നാല്‍ അതൊരുപക്ഷെ യാഥാര്‍ത്ഥ്യമായി പിന്‍കാലത്ത് വിലയിരുത്തപ്പെട്ടേക്കാം. അതുകൊണ്ടാണ് ഈയുള്ളവന്‍ ഈ ലേഖനം എഴുതുന്നത്. ഇന്ന് ഇന്ത്യയില്‍ ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും എതിരെ സംഘപരിവാര്‍ ശക്തികള്‍ എല്ലാ രൂപത്തിലുമുള്ള തീവ്ര അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരികുകയാണ്. ആ സമയത്ത് ഇവിടെയുള്ള മുസ്‌ലിംകളും നാടിന്‍റെ സമാധാനം ആഗ്രഹിക്കുന്ന ഇതര മതസ്ഥരും എല്ലാം അതിനെതിരെ ഒന്നിച്ച് ശബ്ദിച്ചു എന്നത് പ്രശംസാവഹമാണ്. എന്നാല്‍ അതേ സമയം തങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിച്ച് മുഖം രക്ഷിക്കുന്ന സമീപനമാണ് ചിലര്‍ പുലര്‍ത്തിയത്. ഈ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രോബോധനം വാരികയിലെ ലേഖനങ്ങള്‍, മീഡിയ വണ്‍ ചാനലിലെ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ പരിശോധിച്ചാല്‍ തീവ്രവാദത്തിന് പിന്നില്‍ സലഫികളാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ലേഖകര്‍ മത്സരിക്കുന്നത് ആണ് കാണാന്‍ സാധിക്കുന്നത്. മുസ്‌ലിം ഉമ്മത്ത്‌ ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ പോലും ഇവര്‍ക്കിതെങ്ങനെ സാധിക്കുന്നു എന്നറിയില്ല. ഇവിടെയാണ്‌ വസ്തുതകളെ മുന്‍നിര്‍ത്തി ചില കാര്യങ്ങള്‍ പരിശോധിക്കാന്‍ നാം തയ്യാറാകേണ്ടത്.

www.fiqhussunna.com
 
ഖവാരിജീ ആശയത്തെ എന്നും പരിപോഷിപ്പിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുള്ളത് ഇസ്‌ലാം വിരുദ്ധ പാശ്ചാത്യ ശക്തികളും ആയുധക്കച്ചവടക്കാരുമാണ്. എന്നാല്‍ ഇസ്‌ലാമിന്‍റെ പേരില്‍ ഇവര്‍ പ്രത്യക്ഷപ്പെടാന്‍ ഉണ്ടായ കാരണങ്ങളെന്ത് ?!. താത്വികമായ ഇവരുടെ ഉറവിടം എവിടെനിന്ന് ?!. ഇവരെ ഉണ്ടാക്കിത്തീര്‍ത്ത ഇസ്‌ലാമിന്‍റെ രാഷ്ട്രീയവായന ഉത്ഭവിച്ചത് എവിടെ നിന്ന് ?!. തുടങ്ങിയ കാര്യങ്ങളാണ് സംക്ഷിപ്തമായി ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ISIS, അല്‍ഖാഇദ, ഹിസ്ബുത്തഹ്'രീര്‍, സിമി തുടങ്ങി ഇന്ന് ഖവാരിജീ  ആശയത്തെ പ്രതിനിധാനം ചെയ്യുന്നവരെ എടുത്ത് നോക്കിയാല്‍ അവരിലെല്ലാം ചെറുപ്രായക്കാരും മതപരമായ വിജ്ഞാനം ഇല്ലാത്തവരുമാണ് കൂടുതല്‍ എന്ന് കാണാം. ലോകത്ത് ഇന്നറിയപ്പെടുന്ന അഹ്ലുസ്സുന്നയുടെ ആദര്‍ശമുള്ള ഏതെങ്കിലും പണ്ഡിതന്മാരോ, ഏതെങ്കിലും പണ്ഡിതസഭകളോ ഇവരെ അംഗീകരിക്കുന്നതായി കാണാന്‍ സാധിക്കില്ല. മറിച്ച് ഇവരെ എതിര്‍ക്കുന്നതില്‍ പണ്ഡിതന്മാര്‍ ഒറ്റക്കെട്ടാണ്. ഖവാരിജീ ആശയങ്ങള്‍ കൊണ്ട് സ്വാധീനിക്കപ്പെട്ട ഇഖ്വാനുല്‍ മുസ്‌ലിമീന്‍റെ വക്താക്കളൊഴികെ ആരും തന്നെ ഇവരുടെ ആശയങ്ങളെ അനുകൂലിക്കുന്നില്ല. 

 മുസ്‌ലിം രാഷ്ട്രത്തിലെ ഭരണാധികാരികള്‍ക്കെതിരെ വിപ്ലവം നടത്തുക എന്നതാണ് ഇവരുടെ ശൈലി. പലപ്പോഴും ഇവര്‍ ഭരണകര്‍ത്താക്കളെ കാഫിര്‍ ആയി മുദ്രകുത്തുകയും ചെയ്യും. തക്ഫീര്‍ ചെയ്യുന്നവരേ ഖവാരിജുകളാകൂ എന്ന നിബന്ധനയൊന്നുമില്ല. إن الحكم إلا لله അഥവാ 'വിധിക്കുവാനുള്ള അധികാരം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല' എന്നതായിരിക്കും എക്കാലത്തും ഇവരുടെ മുദ്രാവാക്യം.  ഭരണകര്‍ത്താക്കളില്‍ ഉണ്ടാകുന്ന വീഴ്ചയെ പെരുപ്പിച്ച് കാണിക്കുകയും അവര്‍ക്കെതിരെ സായുധ സമരത്തിന് ആഹ്വാനം ചെയ്യുകയുമാണ്‌ ഇവരുടെ രീതി. എന്നാല്‍ മുസ്‌ലിം ഭരണാധികാരികള്‍ക്കെതിരെ അവരുടെ ഭരണത്തിലുള്ള വീഴ്ചകള്‍ കൊണ്ട് മാത്രം, എത്രത്തോളമെന്നാല്‍ അവര്‍ അനീതി കാണിക്കുന്നവര്‍ ആണെങ്കില്‍പോലും അവര്‍ക്കെതിരെ വിപ്ലവം നടത്തരുത് എന്നതാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്‌. കാരണം അത് കൂടുതല്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാനേ ഉപകരിക്കൂ. ഇന്ന് അറബ് വസന്തം എന്ന പേരില്‍ ഇഖ്'വാനുല്‍ മുസ്‌ലിമൂന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ വിപ്ലവ സമരം പരിപൂര്‍ണ പരാജയമായിരുന്നു എന്നതും, അത് നടന്ന നാട്ടിലെ ജനങ്ങള്‍ കൂടുതല്‍ മോശകരമായ അവസ്ഥയിലാണ് ഇന്നുള്ളത് എന്നതും ഈ വിഷയത്തിലെ ഇസ്‌ലാമിക നിലപാട് എത്രമാത്രം ശരിയാണ് എന്നത് നമ്മെ ബോധ്യപ്പെടുത്തുന്നു. നബി (സ) പറയുന്നു:
عَنْ عَبْدِ اللَّهِ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « إِنَّهَا سَتَكُونُ بَعْدِى أَثَرَةٌ وَأُمُورٌ تُنْكِرُونَهَا ». قَالُوا يَا رَسُولَ اللَّهِ كَيْفَ تَأْمُرُ مَنْ أَدْرَكَ مِنَّا ذَلِكَ قَالَ « تُؤَدُّونَ الْحَقَّ الَّذِى عَلَيْكُمْ وَتَسْأَلُونَ اللَّهَ الَّذِى لَكُمْ ».അബ്ദുല്ലാഹ് ബ്ന്‍ മസ്ഊദ് (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "എനിക്ക് ശേഷം വരുന്ന ഭരണാധികാരികളില്‍ നിങ്ങള്‍ നിഷിദ്ധമായിക്കാണുന്ന കാര്യങ്ങളും, സ്വാര്‍ത്ഥതയും ഉണ്ടായിരിക്കും. അപ്പോള്‍ സ്വഹാബാത്ത് ചോദിച്ചു: ഞങ്ങളില്‍ നിന്നും ആ കാലഘട്ടത്തില്‍ ജീവിക്കാനിടവരുന്നവരോട് അങ്ങേക്ക് കല്പിക്കാനുള്ളത് എന്താണ് ?. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ മേലുള്ള ബാധ്യതകള്‍ നിറവേറ്റുക. നിങ്ങള്‍ക്കുള്ളത് അല്ലാഹുവിനോട് നിങ്ങള്‍ ചോദിക്കുകയും ചെയ്യുക." - [ സ്വഹീഹ് മുസ്‌ലിം: 4881].

ആധുനിക കാലഘട്ടത്തിലെ ഖവാരിജിയത്തിന്‍റെ വക്താക്കളായ അല്‍ഖാഇദ, ISIS, ഹിസ്ബു ത്തഹ്'രീര്‍, ജമാഅത്തുല്‍ ജിഹാദ്, സിമി തുടങ്ങിയവയെ പരിശോധിച്ചാല്‍ ആശയപരമായും താത്വികമയും അവക്ക് അടിത്തറ പാകിയത്‌ ഇഖ്'വാനുല്‍ മുസ്‌ലിമൂനും അതിന്‍റെ താത്വികാചാര്യന്മാരായ സയ്യിദ് ഖുതുബും, അബുല്‍ അഅ്'ലാ മൌദൂദിയും ആണ് എന്ന് മനസ്സിലാക്കാം. ആരാധിക്കപ്പെടുന്ന ഏറ്റവും വലിയ വിഗ്രഹം ഗവര്‍ന്മെന്‍റുകള്‍ ആണെന്നും അവക്കെതിരെ വിപ്ലവം നയിക്കലാണ് ഒരു മുസ്‌ലിമിന്‍റെ ഏറ്റവും വലിയ ബാധ്യത എന്നും അവര്‍ ജനങ്ങളെ പഠിപ്പിച്ചു. ഇസ്ലാമികേതര ഭരണവ്യവസ്ഥകള്‍ കുഫ്റാകുന്ന (അവിശ്വാസം) സാഹചര്യവും , ഫിസ്ഖ് (അവിശ്വാസത്തിലേക്ക് എത്താത്ത പാപം) ആകുന്ന സാഹചര്യവും , ഇനി അത്തരം ഒരു ഭരണ സംവിധാനം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ നാടിന്‍റെ നന്മക്കും, സത്യത്തിനും വേണ്ടി നിലകൊള്ളുന്നതിനും തങ്ങളുടെ വിശ്വാസപരവും ഭൗതികപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഒരു വിശ്വാസി ഇടപെടുന്നത് അവന്‍റെ കടമയാണ് എന്നും ഖുര്‍ആനും സുന്നത്തും മുന്‍നിര്‍ത്തി സലഫീ പണ്ഡിതന്മാര്‍ പഠിപ്പിച്ചപ്പോള്‍, ഇസ്ലാമികേതര ഭരണവ്യവസ്ഥയെ അട്ടിമറിക്കാന്‍ വേണ്ടി പരിശ്രമിക്കാതെ അതിന് കീഴില്‍ കഴിയുന്നത് കുഫ്ര്‍ ആണ് എന്നും, ഗവര്‍ന്മെന്റ് ജോലിയും, തിരഞ്ഞെടുപ്പും വോട്ടിംഗും എല്ലാം കുഫ്ര്‍ (അവിശ്വാസം) ആണ് എന്നും അതുകൊണ്ടുതന്നെ അതില്‍ നിന്നും മുസ്‌ലിം വിട്ടുനില്‍ക്കണം എന്നും മൌദൂദിയും സയ്യിദ് ഖുതുബും ജനങ്ങളെ പഠിപ്പിച്ചു. 

എത്രത്തോളമെന്നാല്‍ ഇന്ത്യയെപ്പോലെ ഓരോ മതസ്ഥര്‍ക്കും തങ്ങളുടെ വിശ്വാസവും ആചാരവും അനുസരിച്ച് ജീവിക്കാമെന്നും, ഒരു മതവിഭാഗവും മറ്റു മതവിഭാഗങ്ങളെ ആക്രമിക്കരുത് എന്ന് വ്യക്തമായ കരാര്‍ നിലനില്‍ക്കുന്നതുമായ ഒരു രാജ്യത്തെ  'ദാറു ഹര്‍ബ്' (ശത്രുഭവനം) എന്നാണ് മൌദൂദിയും സയ്യിദ് ഖുതുബുമെല്ലാം പരിജയപ്പെടുത്തിയത്. പാകിസ്ഥാനിലെ ഒരു മുസ്‌ലിം ഇന്ത്യയിലെ മുസ്‌ലിമുമായി വിവാഹബന്ധം നടത്തിയാല്‍ അത് അസാധുവാണ് എന്ന് പോലും മൌദൂദി പഠിപ്പിച്ചു. [പ്രബോധനം വാരിക. 1975 ഏപ്രില്‍ 26 ലക്കം 7 പരിശോധിക്കുക]. ദാറു ഹര്‍ബ് എന്നാല്‍ മുസ്ലിംകളും അമുസ്ലിംകളും പ്രത്യക്ഷത്തില്‍ യുദ്ധം നിലനില്‍ക്കുന്ന രാഷ്ട്രം എന്നര്‍ത്ഥം. ഇങ്ങനെ എഴുതിയ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ആണ് ഇന്ന് മുസ്‌ലിംകളുടെ മൊത്തം നിലനില്‍പിനെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് കൂട്ടായി, 'സലഫീ തീവ്രവാദം , നവസലഫിസം' തുടങ്ങിയ പേരില്‍ തങ്ങളുടെ വാദങ്ങളെ മറ്റുള്ളവര്‍ക്ക് മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നത്. ഉസാമ ബിന്‍ ലാദന്‍ സലഫിയാണ് എന്ന് പോലും ഇവര്‍ പ്രബോധനത്തില്‍ എഴുതി. എന്നാല്‍ ബിന്‍ ലാദന്‍ ഇഖ്'വാനുല്‍ മുസ്‌ലിമീനില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍ ഇഖ്'വാനുല്‍ മുസ്‌ലിമീന്‍ സ്വീകരിച്ച തങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ എന്തും അടിയറവ് പറയുക എന്ന  ഹസനുല്‍ ബന്നയുടെ നിലപാട് അംഗീകരിക്കാതെ സായുധ വിപ്ലവം എന്ന സയ്യിദ് ഖുതുബിന്‍റെ ആശയം സ്വീകരിച്ച് പോയ വ്യക്തിയാണ് ബിന്‍ ലാദന്‍. ബിന്‍ ലാദന് ഏറ്റവും വലിയ ശത്രു സലഫീ പണ്ഡിതന്മാരും സലഫീ രാഷ്ട്രമായ സൗദി അറേബ്യയുമായിരുന്നു. ബിന്‍ ലാദന്‍ പ്രവര്‍ത്തിച്ചിരുന്നത് ഇഖ്'വാനുല്‍ മുസ്‌ലിമീനില്‍ ആയിരുന്നുവെന്നു അല്‍ഖാഇദയിലെ രണ്ടാമന്‍ അയ്‌മന്‍ സവാഹിരി വെളിപ്പെടുത്തുന്നത് കാണുക: https://www.youtube.com/watch?v=nXP5thDisWU  .

അതുപോലെ  ISIS ന്‍റെ വക്താക്കള്‍ ഇഖ്'വാനുല്‍ മുസ്‌ലിമീനില്‍ പ്രവര്‍ത്തിച്ചവര്‍ ആയിരുന്നു എന്ന് ലോകത്തോട്‌ വെളിപ്പെടുത്തിയത്  ഇന്ന് ലോകത്ത് ഏറ്റവും അറിയപ്പെടുന്ന ഇഖ്'വാനുല്‍ മുസ്‌ലിമീന്‍റെ പണ്ഡിതന്മാരില്‍ ഒരാളായ യൂസുഫ് അല്‍ ഖറദാവിയാണ്. ആ വെളിപ്പെടുത്തല്‍ കാണുക: https://www.youtube.com/watch?v=IvWxeLuowSI


 
മാത്രമല്ല IPH തന്നെ പുറത്തിറക്കിയ ഇസ്‌ലാം വിജ്ഞാനകോശം എന്ന പുസ്തകത്തില്‍ വോ: 7  'ഉ' എന്ന അക്ഷരത്തില്‍ ഉസാമ ബിന്‍ ലാദന്‍ ഇഖ്'വാനുല്‍ മുസ്‌ലിമീനില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു എന്ന് പറയുന്നുണ്ട്. മാത്രമല്ല കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തില്‍ പങ്കെടുത്ത മുഹമ്മദ്‌ കുതുബ് ആയിരുന്നു ഉസാമ ബിന്‍ ലാദന്‍റെ ഗുരു. അപ്പോള്‍ ഈ ആശയങ്ങള്‍ മടങ്ങുന്നത് സയ്യിദ് ഖുതുബ് അബുല്‍ അഅ'ലാ മൌദൂദി എന്നിവരിലേക്കാണ്. ആശയപരമായ അടിത്തറ പണിതത് മൌദൂദിയായിരുന്നുവെങ്കില്‍ അതിന് തന്‍റെ എഴുത്തുകളിലൂടെ ഊര്‍ജവും ചോരത്തിളപ്പും പകര്‍ന്നത് സയ്യിദ് ഖുതുബ് ആയിരുന്നു. അതുകൊണ്ടുതന്നെ ഇസ്‌ലാമിക ലോകത്ത് ഈ വിപ്ലവ ചിന്താഗതി ഏറ്റവും ആദ്യം ഉടലെടുത്തത് ഈജിപ്തിലായിരുന്നു.

 സയ്യിദ് ഖുതുബില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 'The Neglected Obligation' (വിസ്മരിക്കപ്പെട്ട നിര്‍ബന്ധ ബാധ്യത - ജിഹാദ്) എന്ന പേരില്‍ പുസ്തകമെഴുതിയത് അബ്ദുസ്സലാം അല്‍ ഫറജ് ആയിരുന്നു. അതില്‍ പറയുന്നു: "ഈ കാലഘട്ടത്തിലെ ഭരണാധികാരികള്‍ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോയിരിക്കുന്നു." - [The Neglected Duty. page:169. Translation of Al Faraj's book]. ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ  ഭരണകര്‍ത്താക്കളെ ഒന്നടങ്കം തക്ഫീര്‍ ചെയ്ത് അവര്‍ക്കെതിരെ വിപ്ലവം നയിക്കാനാണ് ആ പുസ്തകത്തില്‍ ഒന്നടങ്കം പറയുന്നത്. ഈ പുസ്തകത്തിന്‍റെ വിവര്‍ത്തനമാണോ എന്നറിയില്ല, പക്ഷെ  'ജിഹാദ് -  അബുല്‍ അഅലാ മൌദൂദി, ഹസനുല്‍ ബന്നാ, സയ്യിദ് ഖുതുബ്' എന്ന പേരില്‍ ഒരു പുസ്തകം 1985 ല്‍ I.I.F.S.O മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  തന്‍റെ തീവ്രവാദ പ്രവര്‍ത്തനങ്ങളാല്‍ 1982ല്‍ അബ്ദുസ്സലാം ഫറജ് ഈജിപ്തില്‍ തൂക്കിലേറ്റപ്പെട്ടു.


സ്വാഭാവികമായും ഭരണം സ്ഥാപിക്കുക എന്നതാണ് ഏകദൈവവിശ്വാസത്തിന്‍റെ ഏറ്റവും വലിയ ഭാഗം, അതിനുവേണ്ടിയാണ് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടത് എന്ന് പറയുക വഴി തങ്ങളുടെ ആശയത്തോട് യോജിക്കാത്തവരെല്ലാം ബഹുദൈവാരാധകരാണ് എന്നവര്‍ വിലയിരുത്തി. ഗവണ്മെന്‍റുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലായ്മ ചെയ്യലാണ് അവയെ ഇളക്കാന്‍ ഏറ്റവും നല്ല ഉപാതിയെന്നു മനസ്സിലാക്കി പൊതുജനമധ്യേ ബോംബും സ്ഫോടകവസ്തുക്കളുമായി ഇവര്‍ ഇറങ്ങി. സ്കൂളില്‍ പോകുന്ന കുട്ടിയും, മത്സ്യം വാങ്ങാന്‍ വന്ന സാധാരണക്കാരനും, കുട്ടികളെ പഠിപ്പിക്കാന്‍ പോകുന്ന ടീച്ചറും, മാതാപിതാക്കല്‍ക്ക് മരുന്ന് വാങ്ങാന്‍ അങ്ങാടിയില്‍ വന്ന മകനും എല്ലാവരും ആ ഭരണകൂടത്തിന് കീഴില്‍ ജീവിക്കുന്നവരാണ് എന്നതിനാല്‍ അവരെല്ലാം ഈ പറയുന്ന ശിര്‍ക്കന്‍ ഭരണകൂടത്തിന്‍റെ വക്താക്കളാണ് അതുകൊണ്ട് അവര്‍ കൊല്ലപ്പെടുന്നതില്‍ ഇവര്‍ യാതൊരു കുഴപ്പവും കാണുന്നില്ല. സമാധാനവും സ്വൈര്യവും നഷ്ടപ്പെടുത്തി ജനങ്ങളെ ഗവണ്മെന്‍റുകള്‍ക്ക് നേരെ തിരിച്ച് വിപ്ലവം ഉണ്ടാക്കണം. അതിലൂടെ തങ്ങളുടെ ലക്ഷ്യം നേടണം അത്ര മാത്രമേ ഇവര്‍ക്കുള്ളൂ.

ഈ പ്രത്യയ ശാസ്ത്രത്തില്‍ നിന്നും വിവിധ പേരിലും വിവിധ രാജ്യങ്ങളിലും ഒട്ടേറെ സംഘടനകള്‍ ഉണ്ടായിട്ടുണ്ട്. 1967ല്‍ സയ്യിദ് ഖുതുബിന്‍റെ ആശയങ്ങളെ അടിസ്ഥാനമാക്കി രൂപം കൊണ്ട 'ജമാഅത്തു തക്ഫീര്‍ വല്‍ ഹിജ്റ' 1977 ല്‍ ഈജിപ്തിലെ തങ്ങളുടെ ആശയങ്ങളെ എതിര്‍ത്തിരുന്ന അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയിലെ അധ്യാപകനും മുന്‍ മതകാര്യവകുപ്പ്‌ മന്ത്രിയുമായിരുന്ന ഹുസൈന്‍ അദ്ദഹബിയെ തട്ടിക്കൊണ്ടു പോകുകയും തങ്ങളുടെ ആവശ്യങ്ങള്‍ ഗവണ്മെന്‍റ് അംഗീകരിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ വധിക്കുകയും ചെയ്തു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഗവണ്മെന്‍റ് പിടികൂടിയവരെല്ലാം സയ്യിദ് ഖുതുബിന്‍റെ ചിന്തകള്‍ സ്വാധീനം ചെലുത്തിയവരാണ് എന്ന് ഗവണ്മെന്‍റ് കണ്ടെത്തി. Islamic Liberation Organization (ILO) എന്ന പേരില്‍ 1974 ല്‍ രൂപം കൊണ്ട സംഘടന കെയ്റോയിലെ പോലീസ് ആസ്ഥാനം ആക്രമിച്ചു. പ്രധാനമന്ത്രി അന്‍വര്‍ സാദത്തിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

വ്യത്യസ്ഥ പേരുകളില്‍ ഒരുപാട് സംഘടനകള്‍ ഉണ്ടാക്കി പലതലങ്ങളിലും പ്രവര്‍ത്തിക്കുക എന്ന ഇഖ്'വാനുല്‍ മുസ്‌ലിമീന്‍റെ നയത്തിലൂടെ ഇങ്ങനെ പല സംഘടനകളും ഉണ്ടായി. കേരളത്തിലും ഇവര്‍ ഇപ്രകാരം വ്യത്യസ്ഥ പേരുകള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാം പലതായി തോന്നാമെങ്കിലും എല്ലാം ഒന്ന് തന്നെയാണ്. പക്ഷെ ജമാഅത്തെ ഇസ്‌ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവ മൂല്യശോഷണം സംഭവിച്ച് തങ്ങളുടെ അടിസ്ഥാന ആശയങ്ങളില്‍ നിന്ന് ഏറെ മാറി എന്നത് ഒരു വസ്തുതയാണ്, ഇസ്‌ലാമിന്റെ ഏകദൈവ വിശ്വാസമെന്ന അടിത്തറക്ക് പോലുല്‍ ഘടകവിരുദ്ധമായ, ബഹുദൈവാരാധകരുടെ  ആരാധനാ പ്രതീകങ്ങളോടും, ആഘോഷങ്ങളോടും  പോലും രാജിയാകും വിധമുള്ള സമീപനമാണ് സ്വീകരിച്ചത് എന്നത് ശ്രദ്ധേയമാണ്. സയ്യിദ് ഖുതുബിന്‍റെയും മൌദൂദിയുടെയും ശൈലിയില്‍ നിന്നും മാറി ഹസനുല്‍ ബന്നയുടെ ശൈലി സ്വീകരിച്ചു എന്നതാണ് ഇതിന്‍റെ കാരണം. കാരണം രണ്ടുപേരുടെയും രീതി ശാസ്ത്രത്തില്‍ പ്രകടമായ വിത്യാസമുണ്ട്.

സയ്യിദ് ഖുതുബിന്‍റെയും മൌദൂദിയുടെയും ആശയങ്ങള്‍ക്ക് പ്രവര്‍ത്തനതലത്തില്‍ നേര്‍വിപരീതം പ്രവര്‍ത്തിക്കുന്നതിന് ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മത്സരിക്കുമ്പോഴും അവരുടെ പുസ്തകങ്ങളും ആശയങ്ങളും ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും ഈ വൈരുദ്ധ്യം ഉള്‍കൊള്ളാന്‍ സാധിക്കാതെ, ജമാഅത്തെ ഇസ്‌ലാമി അതിന്‍റെ ആശയങ്ങളോട് അടിയറവ് പറഞ്ഞു എന്ന കാരണത്താലാണ് സിമി ഉടലെടുത്തത് എന്നതും ശ്രദ്ധേയമാണ്. ഗവണ്മെന്‍റ് ജോലി പാടില്ല, ഇന്ത്യ ശത്രു ഭവനമാണ്, വോട്ട് ചെയ്യല്‍ ശിര്‍ക്കാണ്‌, തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ല തുടങ്ങി തങ്ങളുടെ അടിസ്ഥാന ആശയങ്ങള്‍ പോലും ഇവര്‍ ഇന്ന് മറന്ന് തുടങ്ങിയിരിക്കുന്നു. മുന്‍കാല നേതാക്കളില്‍ നിന്നും വ്യത്യസ്ഥമായി ഇന്ന് സിനിമ പിടിത്തവും, -മൂല്യാധിഷ്ടിത- രാഷ്ട്രീയ പ്രവര്‍ത്തനവും, വിശ്വാസപരമായ അതിര്‍വരമ്പുകള്‍ പോലും ലംഘിക്കപ്പെടുന്ന മത സൗഹാര്‍ദവും ഒക്കെയാണ് ഇവരുടെ മുഖമുദ്ര. അതുകൊണ്ട് ഈ ആധുനിക മോഡേണ്‍ ജമാഅത്തുകാര്‍ തീവ്രവാദികളാണ് എന്നൊന്നും നമുക്കാര്‍ക്കും അഭിപ്രായമില്ല. പക്ഷെ അതേ സമയം ഇവരുടെ ഗതിമാറ്റം കൊണ്ട് ഖുതുബിയന്‍ ചിന്താഗതിയുടെ വേരുകള്‍ മുളക്കില്ല എന്ന് കരുതുന്നതും ശരിയല്ല. അവിടെയാണ് ഖുതുബിയന്‍ ആശയത്തെ എതിര്‍ക്കുന്നതിന്‍റെ പ്രസക്തി. സത്യത്തില്‍ യൂസുഫുല്‍ ഖറദാവി സയ്യിദ് ഖുതുബിന്‍റെ ആശയങ്ങള്‍ക്ക് ഖണ്ഡനം എഴുതിയത് പോലെ ഖുതുബിയന്‍ ആശയങ്ങളുടെ തീവ്രതയെ എതിര്‍ക്കുകയാണ് ജമാഅത്ത് ചെയ്യേണ്ടിയിരുന്നത്. ഇന്ന് പല ലേഖകരും നേതാക്കളും സയ്യിദ് ഖുതുബിനെയും മൌദൂദിയെയുമെല്ലാം തള്ളിപ്പറയാന്‍ തുടങ്ങിയെന്നത് ഒരു വസ്തുതയാണ് എങ്കിലും, ഒരുവശത്ത് മുസ്‌ലിം സമൂഹം പരസ്പര വിമര്‍ശനം ഒഴിവാക്കി ഒരുമിച്ച് നില്‍ക്കണം എന്ന് പറയുകയും മറുവശത്ത് ഇന്നയിന്നവര്‍ തീവ്രവാദികളാണ് എന്ന് ലേഖനമെഴുതുകയും ചെയ്യുന്ന പതിവ് ശൈലിയാണോ അത് എന്നറിയില്ല. ഏതായാലും വസ്തുതാപരമായി കാര്യങ്ങളെ വിലയിരുത്താനും ഇന്ന് മുസ്‌ലിം രാഷ്ട്രം ഒന്നടങ്കം നേരിടുന്ന ഇസ്‌ലാമിന്‍റെ രാഷ്ട്രീയ-വായന എന്ന റസൂല്‍ (സ) ക്കോ സ്വഹാബത്തിനോ പരിചയമില്ലാത്ത പുതിയ ആശയധാരയെ തിരിച്ചറിയാനും ഓരോരുത്തര്‍ക്കും സാധിക്കട്ടെ.

നബി (സ) ഈമാന്‍, തൗഹീദ്, ഇബാദത്ത് തഖ്‌വ തുടങ്ങി ഒട്ടനേകം വിഷയങ്ങള്‍ സംസാരിച്ചു. അദ്ദേഹത്തിന്‍റെ ഖുതുബകളില്‍ രാഷ്ട്രീയപരമായ കാര്യങ്ങള്‍ക്ക് അല്ല പ്രാധാന്യം നല്‍കിയിരുന്നത്. ഭരണം എങ്ങനെ ആയിരിക്കണം എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുവെങ്കിലും അത് സ്ഥാപിക്കലാണ് ഇസ്‌ലാമിന്‍റെ അടിസ്ഥാന ദൗത്യം എന്ന് ദുര്‍വ്യാഖ്യാനിക്കുകയാണ് ഇഖ്'വാനുല്‍ മുസ്ലിമൂന്‍ ചെയ്തത്. ഇസ്‌ലാമിന്‍റെ അടിസ്ഥാന ആശയമായ തൗഹീദിനെപ്പോലും (ഏകദൈവവിശ്വാസം) ദുര്‍വ്യാഖ്യാനിക്കുന്ന രാഷ്ട്രീയ വായനയാണ് ഇന്ന് മുസ്‌ലിം രാഷ്ട്രങ്ങളും മറ്റു ഇതര രാഷ്ട്രങ്ങളും ഇസ്‌ലാമിന്‍റെ പേരില്‍ നേരിട്ട് കൊണ്ടിരിക്കുന്ന ചോരക്കളികള്‍ക്ക് കാരണം.


ഒക്ടോബര്‍ 6 1981ന് ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അന്‍വര്‍ സാദത്ത്‌ 'ജമാഅതുല്‍ ജിഹാദ്' എന്ന സംഘടനയാല്‍ കൊല്ലപ്പെട്ടു. പിന്നീട് ഈജിപ്തിലെ ഗവണ്മെന്‍റ് ഓഫീസുകള്‍ക്ക് നേരെയും പോലീസ് ആസ്ഥാങ്ങള്‍ക്ക് നേരെയും ഒരുപാട് ആക്രമണങ്ങള്‍ ഉണ്ടായി. പിടിക്കപ്പെട്ടവരില്‍ മിക്കവാറും ഇഖ്'വാനുല്‍ മുസ്‌ലിമീനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നവരോ നേരത്തെ പ്രവര്‍ത്തിച്ചവരോ ആയിരുന്നു.

ഇന്ന് അറബ് ലോകത്ത് അറബ് വസന്തം എന്ന പേരില്‍ വിവിധ രാഷ്ട്രങ്ങളെ അധപതനത്തിന്‍റെ കൊടുമുടിയിലേക്ക് എത്തിക്കുകയും, സിറിയയിലും മറ്റും ലക്ഷക്കണക്കിന് മുസ്‌ലിംകളുടെ രക്തം ചിന്താന്‍ കാരണവുമായ വിപ്ലവത്തിന് വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ചത് ഇഖ്'വാനുല്‍ മുസ്‌ലിമൂന്‍ ആണ് എന്നത് ആര്‍ക്കാണ് അറിയാത്തത്. അതിനെ വര്‍ണ്ണിച്ചെഴുതിയ പ്രബോധനത്തിന്‍റെ താളുകളിലെ മഷി ഇപ്പോഴും ങ്ങിയിട്ടുണ്ടാകില്ല. അറബ് വസന്തമെന്ന പേരില്‍ മുസ്‌ലിം രാഷ്ട്രങ്ങളെ കലാപ ഭൂമിയാക്കരുതേ എന്നപേക്ഷിച്ച സലഫീ പണ്ഡിതന്മാരെ കൊട്ടാരം വിദൂഷകരായി ചിത്രീകരിച്ച തങ്ങളുടെ പരിഹാസങ്ങള്‍ ആ വരികള്‍ക്കിടയിലൂടെ സഞ്ചരിച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കും.
ഇതിനു മുന്‍പും 1982 ല്‍ ഇഖ്'വാനുല്‍ മുസ്ലിമൂന്‍ സിറിയയില്‍ ഹമ പ്രദേശത്ത് ഒത്തുകൂടി ഒരു വിപ്ലവം ഉണ്ടാക്കാന്‍ ശ്രമിച്ചു. 40000 പേര്‍ മരിച്ചു എന്ന് ഏകദേശം കണക്കാക്കപ്പെട്ട ഒരു വര്‍ഗീയ കലാപമായിരുന്നു പരിണിത ഫലം. ശീയാ ഭീകരര്‍ക്ക്‌ അവിടെയുള്ള മുസ്ലിംകള്‍ക്കെതിരില്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കാനും അവരെ കൊന്നൊടുക്കാനുമുള്ള ലൈസന്‍സായി അത് മാറി. ഇന്നും സിറിയയിലെ മുസ്ലിംകള്‍ പരിണിത ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഇറാനും സിറിയയിലെ ബഷാര്‍ അല്‍ അസദ് എന്ന കിരാത ഭരണകൂടവും ചേര്‍ന്ന് ലക്ഷക്കണക്കിന്‌ ആളുകളെയാണ് ഈ കഴിഞ്ഞ 3 വര്‍ഷത്തിനിടെ കൊന്നൊടുക്കിയത്. എന്നാല്‍ ഇറാനില്‍ ഉണ്ടായ സ്വഫവീ പേര്‍ഷ്യന്‍ വിപളവത്തെ ഇസ്‌ലാമിക വിപ്ലവമായി ലോകത്തിന് പരിചയപ്പെടുത്തിയതും മൌദൂദി ആയിരുന്നു. ഇസ്‌ലാമിന്‍റെ അടിസ്ഥാന ആശയമായ ഏകദൈവ വിശ്വാസത്തിന് പോലും ഘടകവിരുദ്ധമായ ഖബറാരാധനയും ശിര്‍ക്കും കൊടികുത്തി വാഴുന്ന ശിയാ- കിരാത ഭരണകൂടത്തെ ഇസ്‌ലാമിന്‍റെ വക്താക്കളായി നിങ്ങള്‍ പരിചയപ്പെടുത്തിയത് ആര്‍ക്കു വേണ്ടി. അതേ സമയം തൌഹീദുള്ള സൗദി ഭരണകൂടത്തെ ഭരണപരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പഴയ ജാഹിലിയത്തിലേക്ക് തിരിച്ച് പോയ സമൂഹമെന്ന് മൌദൂദി വിശേഷിപ്പിക്കുകയും ചെയ്തത് അദ്ദേഹത്തിന്‍റെ പുസ്തകങ്ങളില്‍ ഇല്ലേ. അതേ അല്ലാഹുവിന്‍റെ റസൂല്‍ (സ) ജനങ്ങളെ ഏതൊരു ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുവാന്‍ വേണ്ടി വന്നുവോ അതിനെ വിസ്മരിച്ച രാഷ്ട്രീയ വായന. അതുതന്നെയാണ് പ്രശ്നങ്ങളുടെ കാതല്‍.

ഏതായാലും ഖവാരിജീ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, ഇസ്‌ലാമിന്‍റെ പേരില്‍ ഇന്ന് നിലനില്‍ക്കുന്ന ഏത് ആധുനിക തീവ്രവാദ പ്രസ്ഥാനങ്ങളെ എടുത്ത് നോക്കിയാലും അവയില്‍ ഒട്ടുമിക്കതിന്‍റെയും ആശയപരമായ   വേരുകള്‍ ചെന്നെത്തുന്നത് സയ്യിദ് ഖുതുബ്, മൌദൂദി ആശയധാരയിലേക്കായിരിക്കും. ഈ വസ്തുത മറച്ചു വെക്കാന്‍ പ്രബോധനം വാരിക എടുത്ത സമീപനമാണ് സലഫിയ്യത്തിന് നേരെയുള്ള തീവ്രവാദ ആരോപണം. സലഫിയത്തില്‍  തീവ്രവാദ ചിന്താഗതിയുമായി ആരെങ്കിലും കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ആ ആശയങ്ങള്‍ എവിടെ നിന്ന് കിട്ടി എന്നതാണ് പരിശോധിക്കപ്പെടേണ്ടത്.  അത് ഖുതുബിയന്‍ ആശയധാരയില്‍ നിന്നാണ്. അതിരുകടന്ന ഹാകിമിയ്യത്ത് വാദവും, അതിന് ഉപോല്‍ഭലകമായി വന്ന തക്ഫീരിസവും സലഫികളില്‍ ചിലരെ സ്വാധീനിച്ചുവെങ്കില്‍ അത് അത്യധികം ഗൗരവപരവും അതിനെ, സലഫീ പണ്ഡിതന്മാര്‍ ആശയപരമായി നേരിടുന്നതുമാണ്. അത് എക്കാലത്തും ഉണ്ടായിട്ടുമുണ്ട്‌. നമ്മുടെ നാട്ടില്‍പ്പോലും ഈ ആശയങ്ങളുടെ പ്രചരണകാലത്ത് തന്നെ വളരെ ശക്തമായി അതിനെതിരെ പ്രതികരിക്കുകയും തന്‍റെ ജീവിതം തന്നെ അതിന് വേണ്ടി മാറ്റി വെക്കുകയും ചെയ്ത ഉമര്‍ മൗലവി (റ) യെ കേരളക്കര മറന്നിട്ടില്ല. 

അല്‍ഖാഇദ നേതാവ് അയ്മന്‍ സവാഹിരി 'അശര്‍ഖുല്‍ ഔസത്ത്' പത്രത്തിന് നല്‍കിയ അഭിമുഖം കൂടി നല്‍കിക്കൊണ്ട് ഞാന്‍ ഈ ലേഖനം അവസാനിപ്പിക്കട്ടെ:
 


“ഈ ഉമ്മത്തില്‍ ജിഹാദിന്‍റെ ഡൈനാമിറ്റ് പൊട്ടിച്ച രചനകളാണ് സയ്യിദ് ഖുതുബിന്‍റേത്. സയ്യിദ് ഖുതുബ് ആണ് ജിഹാടിസ്റ്റുകളുടെ (അയാളുടെ ഭാഷയില്‍ ഉള്ള ജിഹാദ്) പ്രവര്‍ത്തനരേഖ തന്‍റെ ഗ്രന്ഥമായ ‘വഴിയടയാളങ്ങള്‍’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയത്.” – [അശര്‍ഖ് അല്‍ഔസത്ത് ന്യൂസ് പേപ്പറിന് 25/11/2001ന് ളവാഹിരി നല്‍കിയ അഭിമുഖം].

അതുകൊണ്ട്  തങ്ങള്‍ മുന്‍പ് പറഞ്ഞുവെച്ച വാദമുഖങ്ങള്‍ എന്ത്‌, അത് യുവത്വത്തെ എത്രമാത്രം സ്വാധീനിച്ചു, അതിലെ അപകടങ്ങള്‍ എന്തൊക്കെ, ഇസ്‌ലാമിക ആശയങ്ങളില്‍ നിന്ന് അവ വ്യതിചലിച്ചത് എവിടെ എന്നെല്ലാം പഠന വിധേയമാക്കി അതിനെതിരില്‍ ശബ്ദിക്കുകയാണ് 'പ്രബോധനം' വാരിക ചെയ്യേണ്ടത്. ഇനിയും ഒരുപാട് ചരിത്ര വസ്തുതകള്‍ നാം പരിശോധിക്കേണ്ടിയിരിക്കുന്നു. സൗദി അറേബ്യയിലേക്കും മിഡില്‍ ഈസ്റ്റിലേക്കും തക്ഫീരീ, ഖവാരിജീ ചിന്താഗതികള്‍ എവിടെ നിന്നും വന്നു. അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആര്. സ്വാധീനിച്ച പുസ്തകങ്ങള്‍ ഏത്. എല്ലാം നാം പരിശോധിക്കേണ്ടിയിരിക്കുന്നു. അല്ലാഹു തൗഫീഖ് ചെയ്യട്ടെ..  കാര്യങ്ങള്‍ മുന്‍ധാരണയില്ലാതെ  വസ്തുനിഷ്ഠമായി മനസ്സിലാക്കുക. അല്ലാഹു  അനുഗ്രഹിക്കട്ടെ..

Wednesday, July 20, 2016

ഇസ്‌ലാമിക് എകണോമിക്സ് - ഒരു ലഘുപരിചയം. [video].


'ഇസ്ലാമിക് എകണോമിക്സ്' അഥവാ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തെ സംബന്ധിച്ച് ലളിതമായി വിശദീകരിക്കുന്ന രണ്ട് വീഡിയോകളാണ് താഴെ :

PART : 1 


PART : 2


Thursday, July 14, 2016

ഫര്‍ദ് നോമ്പ് നോറ്റു വീട്ടാതെ സുന്നത്ത് നോമ്പുകള്‍ നോല്‍ക്കാമോ ?.
الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛
 
ഇത് ഫുഖഹാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുള്ള വിഷയമാണ്. ഖണ്ഡിതവും സ്വീകാര്യയോഗ്യവുമായ ഒരു തെളിവ് ഈ വിഷയത്തില്‍ വരാത്തത് കൊണ്ടാണത്.

www.fiqhussunna.com

ഹനഫീ, മാലികീ, ശാഫിഈ മദ്ഹബുകളിലെ കൂടുതല്‍ ഫുഖഹാക്കളും റമദാനിലെ നോമ്പ് നോറ്റ് വീട്ടാനുള്ളവര്‍ക്ക്, അത് നോറ്റു വീട്ടുന്നതിന് മുന്‍പായിത്തന്നെ സുന്നത്ത് നോമ്പുകള്‍ അനുഷ്ടിക്കാം എന്ന അഭിപ്രായക്കാരാണ്. ഹനഫീ മദ്ഹബിലെ പണ്ഡിതന്മാര്‍ നിരുപാധികം അത് അനുവദനീയമായിക്കാണുന്നു. എന്നാല്‍ മാലികീ മദ്ഹബിലെയും, ശാഫിഈ മദ്ഹബിലെയും പണ്ഡിതന്മാര്‍ അത് അനുവദനീയമായിക്കാണുന്നുവെങ്കിലും അവരുടെ അഭിപ്രായപ്രകാരം അത് വെറുക്കപ്പെട്ടതാണ്. അഥവാ അവരത് അനുവദനീയമായിക്കാണുന്നു എങ്കില്‍കൂടി റമദാനിലെ നോമ്പുകള്‍ നോറ്റ് വീട്ടുന്നത് മുന്തിപ്പിക്കുന്നതാണ് അവര്‍ കൂടുതല്‍ ഉചിതമായിക്കാണുന്നത് എന്നര്‍ത്ഥം. ഒരു റമദാനിലെ നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടല്‍ അടുത്ത റമദാന്‍ എത്തുന്നത് വരെ സാവകാശമുള്ള ഒരു കര്‍മമാണ് എന്നതാണ് അത് അനുവദനീയമാണ് എന്നതിന് അവര്‍ക്കുള്ള തെളിവ്. 
ഹംബലീ മദ്ഹബിലെ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ഫര്‍ദ് നോമ്പ് ബാക്കി നില്‍ക്കെ സുന്നത്ത് നോമ്പുകള്‍ പിടിക്കാന്‍ പാടില്ല. അതിനവര്‍ തെളിവായി ഉദ്ദരിച്ചത് ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ആണ്. 

ومن صام تطوعا وعليه من رمضان شيء لم يقضه ، فإنه لا يتقبل منه حتى يصومه 

റമദാനില്‍ നിന്നുള്ള നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിയിരിക്കെ ആരെങ്കിലും സുന്നത്ത് നോമ്പുകള്‍ നോറ്റാല്‍, ആ (ഫര്‍ദ്) നോമ്പുകള്‍ നോറ്റു വീട്ടുന്നത് വരെ അത് അവനില്‍ നിന്നും സ്വീകരിക്കപ്പെടുകയില്ല". - [മുസ്നദ് അഹ്മദ്: 2/352]

ഈ ഹദീസ് സ്വഹീഹ് ആയിരുന്നുവെങ്കില്‍ ഈ വിഷയത്തിലെ ചര്‍ച്ചക്ക് യാതൊരു പ്രസക്തിയും ഉണ്ടാകുമായിരുന്നില്ല. പക്ഷെ ഈ ഹദീസ് ളഈഫ് ആണ് എന്ന് മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അബൂഹുറൈറ (റ) വില്‍ നിന്നും ഇബ്നു ലുഹൈഅ (ابن اهيعة) മാത്രമേ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ എന്ന് ഇമാം ത്വബറാനി രേഖപ്പെടുത്തിയിട്ടുണ്ട്. [الأوسط : 2/99]. ഇബ്നു ലുഹൈഅ ആകട്ടെ ദുര്‍ബലനുമാണ്. ശൈഖ് അല്‍ബാനി (റ) ഇമാം ത്വബറാനിയുടെ ഉദ്ദരണി എടുത്ത് കൊടുത്ത ശേഷം പറയുന്നു: "ഇബ്നു ലുഹൈഅ മോശമായ ഹിഫ്'ളുളള ആളാണ്‌. അദ്ദേഹത്തിന് അതിന്‍റെ സനദിലും മത്നിലും ആശയക്കുഴപ്പം (اضطراب) സംഭവിച്ചിട്ടുണ്ട്." - [സില്‍സിലതു-ളഈഫ: 2/838]. 

അതുകൊണ്ടുതന്നെ ഈ ഹദീസ് ദുര്‍ബലമാണ് എന്നാണ് ശൈഖ് അല്‍ബാനി (റ) രേഖപ്പെടുത്തിയത്. അതിനാല്‍ത്തന്നെ ഈ ഹദീസ് വിഷയത്തിലെ അന്തിമ തീരുമാനമെടുക്കാനുള്ള തെളിവായി പരിഗണിക്കാന്‍ സാധിക്കില്ല.  
മാത്രമല്ല ഇമാം അഹ്മദ് (റ) യില്‍ നിന്നും ഫര്‍ദ് നോറ്റു വീട്ടുന്നതിന് മുന്‍പ് സുന്നത്ത് നോല്‍ക്കല്‍ അനുവദനീയമാണ് എന്ന അഭിപ്രായവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
 
ഏതായാലും തെളിവുകള്‍ പരിശോധിച്ചാല്‍, റമദാനിലെ നോമ്പ് നോറ്റുവീട്ടുക എന്നത് സമയ-സാവകാശം ഉള്ള ഒരു കര്‍മമായതുകൊണ്ട് അതിനു മുന്‍പായി അറഫ, ആശൂറാ തുടങ്ങിയ നോമ്പുകള്‍ നിര്‍വഹിക്കപ്പെടുകയാണ് എങ്കില്‍ അത് തെറ്റെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ നിര്‍ബന്ധമായ നോമ്പ് ഒരു കടമാണ് എന്നതിനാല്‍ സുന്നത്ത് നോമ്പുകള്‍ എടുക്കുന്നതിനേക്കാള്‍ പ്രാധാന്യവും മുന്‍ഗണനയും റമദാനിലെ നോമ്പിനാണ് നല്‍കേണ്ടത് എന്നതും, അത് ബാധ്യതയായുള്ളവര്‍ ആദ്യം അത് നോറ്റു വീട്ടുന്നതാണ് ഏറ്റവും അഫ്ളല്‍ എന്നുമുള്ളതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഫര്‍ദ് നോറ്റു വീട്ടാനാണ് മുന്‍ഗണന നല്‍കേണ്ടത്.  മാത്രമല്ല ശവ്വാല്‍ മാസത്തിലെ ആറു നോമ്പിന്‍റെ വിഷയത്തില്‍ ശൈഖ് ഇബ്നു ബാസ് (റ) യെപ്പോലുള്ള പണ്ഡിതന്മാര്‍ റമദാനിലെ നോമ്പ് നോറ്റു വീട്ടിയ ശേഷമാണ് അത് നിര്‍വഹിക്കേണ്ടത് എന്ന് പ്രത്യേകം സൂചിപ്പിച്ചത് കാണാം. ആരെങ്കിലും റമദാന്‍ മാസം നോമ്പ് എടുക്കുകയും ശേഷം ശവ്വാല്‍ മാസത്തില്‍ ആറു നോമ്പുകള്‍ പിടിക്കുകയും ചെയ്‌താല്‍ എന്നാണല്ലോ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് റമദാനിലെ നോമ്പ് നോറ്റു വീട്ടാന്‍ ഉള്ളവര്‍ അത് നോറ്റു വീട്ടിയ ശേഷമാണ് റമദാന്‍ മാസത്തിലെ നോമ്പ് നോല്‍ക്കേണ്ടത്.

നമ്മുടെ ചര്‍ച്ചാവിഷയവുമായി  ബന്ധപ്പെട്ട് ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു: 

بالنسبة للصيام الفريضة والنافلة لا شك أنه من المشروع والمعقول أن يبدأ بالفريضة قبل النافلة ، لأن الفريضة دَيْنٌ واجب عليه ، والنافلة تطوع إن تيسرت وإلا فلا حرج ، وعلى هذا فنقول لمن عليه قضاء من رمضان : اقض ما عليك قبل أن تتطوع ، فإن تطوع قبل أن يقضي ما عليه فالصحيح أن صيامه التطوع صحيح مادام في الوقت سعة ، لأن قضاء رمضان يمتد إلى أن يكون بين الرجل وبين رمضان الثاني مقدار ما عليه ، فمادام الأمر موسعا فالنفل جائز ، كصلاة الفريضة مثلا إذا صلى الإنسان تطوعا قبل الفريضة مع سعة الوقت كان جائزا ، فمن صام يوم عرفة ، أو يوم عاشوراء وعليه قضاء من رمضان فصيامه صحيح

  "സുന്നത്ത് നോമ്പിന്‍റെയും, ഫര്‍ദ് നോമ്പിന്‍റെയും കാര്യത്തില്‍, മതപരമായും, യക്തികൊണ്ടും സുന്നത്ത് നോമ്പുകള്‍ പിടിക്കുന്നതിന് മുന്‍പേ ഫര്‍ദ് നോമ്പുകള്‍ പിടിക്കുകയാണ് വേണ്ടത് എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം ഫര്‍ദ് നോമ്പ് അവന്‍റെ മേലുള്ള ഒരുനിര്‍ബന്ധബാധ്യതയാണ്. ഐച്ഛികമായ നോമ്പുകളാകട്ടെ അവന് സാധിക്കുമെങ്കില്‍ ചെയ്യാം, ചെയ്യാതിരിക്കുകയുമാകാം. അതുകൊണ്ടുതന്നെ നാം പറയുന്നത്: ആര്‍ക്കെങ്കിലും റമദാനിലെ നോമ്പ് ബാക്കിയുണ്ട് എങ്കില്‍, സുന്നത്ത് നോമ്പുകള്‍ പിടിക്കുന്നതിന് മുന്‍പ് ആദ്യം ഫര്‍ദ് നോമ്പുകള്‍ നോറ്റു വീട്ടുക. 
എന്നാല്‍ ഒരാള്‍ ഇനി അഥവാ തന്‍റെ മേലുള്ള ഫര്‍ദ് നോമ്പുകള്‍ നോറ്റുവീട്ടുന്നതിന് മുന്‍പായി സുന്നത്ത് നോമ്പുകള്‍ എടുത്തു എങ്കില്‍, ശരിയായ അഭിപ്രായം ഫര്‍ദ് നോമ്പുകള്‍ നോറ്റു വീട്ടാന്‍ ഇനിയും സമയമുള്ളത് കൊണ്ട് അവന്‍റെ സുന്നത്ത് നോമ്പ് ശരിയാണ് എന്നതാണ്. കാരണം ഒരു വ്യക്തിക്കും അടുത്ത റമദാനുമിടയില്‍ അയാളുടെ മേല്‍ നോറ്റുവീട്ടാന്‍ ബാധ്യതയായുള്ള അത്രയും ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന ഘട്ടം എത്തുന്നത് വരെ അയാള്‍ക്ക് അത് നോറ്റു വീട്ടുവാനുള്ള സാവകാശം ഉണ്ട്. അതുകൊണ്ട് ആ ഫര്‍ദ് നിര്‍വഹിക്കുവാനുള്ള സമയം അവശേഷിക്കുന്നത് വരെ സുന്നത്തുകള്‍ നിര്‍വഹിക്കല്‍ അനുവദനീയമാണ്. ഫര്‍ദ് നമസ്കാരം തന്നെ ഉദാഹരണം. ഫര്‍ദ് നമസ്കാരത്തിന് മുന്‍പായി, അതിന്‍റെ സമയം ഇനിയും അവശേഷിക്കവെ  ഒരാള്‍ സുന്നത്ത് നമസ്കാരങ്ങള്‍ നിര്‍വഹിച്ചാല്‍ അത് അനുവദനീയമാണ്. അതുകൊണ്ടുതന്നെ റമദാനില്‍നിന്നുമുള്ള നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിനില്‍ക്കെ ആരെങ്കിലും അറഫയോ, ആശൂറാ നോമ്പോ  പിടിച്ചാല്‍ ആ നോമ്പ് ശരിയാണ്." - [مجموع فتاوى ابن عثيمين : 2/438].

അഥവാ അയാളുടെ മേല്‍ നിര്‍ബന്ധ ബാധ്യതയായുള്ള നോമ്പ് നോറ്റു വീട്ടുക എന്നതാണ് സുന്നത്ത് നോമ്പ് എടുക്കുന്നതിനെക്കാള്‍ ഉചിതം. എന്നാല്‍ ആരെങ്കിലും നിര്‍ബന്ധ നോമ്പുകള്‍ നോറ്റു വീട്ടുന്നതിന് മുന്‍പായി സുന്നത്ത് നോമ്പുകള്‍ അനുഷ്ടിചാല്‍ അത് തെറ്റെന്ന് പറയാന്‍ സാധിക്കില്ല. ആ സുന്നത്ത് നോമ്പുകള്‍ക്ക് പകരം വീട്ടാനുള്ള ഫര്‍ദ് നോമ്പുകള്‍ അനുഷ്ടിക്കലായിരുന്നു അഫ്ളല്‍ എന്ന് മാത്രം. ഇതാണ് ശൈഖിന്‍റെ ഫത്'വയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.  അല്ലാഹു അനുഗ്രഹിക്കട്ടെ ... 

__________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Wednesday, July 13, 2016

വഹാബിസം, വഹാബി തീവ്രവാദം വസ്തുതയെന്ത് ?!. ഐസിസും അല്‍ഖാഇദയും വഹാബികളല്ലേ ?. അവര്‍ കിതാബുത്തൌഹീദ് പഠിപ്പിക്കുന്നില്ലേ ?!.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

യഥാര്‍ത്ഥത്തില്‍ വഹാബിസം വഹാബികള്‍ എന്നിങ്ങനെ ഒരു വിഭാഗം ലോകത്ത് എവിടെയുമില്ല. സാധാരണ നിലക്ക് തൗഹീദീ പ്രബോധനത്തിന്‍റെ അഥവാ ഏകദൈവ വിശ്വാസത്തിന്‍റെ പ്രബോധകരെ അവരുടെ വിമര്‍ശകര്‍ വിളിക്കുന്ന പേരാണ് വഹാബികള്‍ എന്നത്. സൂഫികളിലൂടെ അറേബ്യയില്‍ ഒരു കാലത്ത് പ്രചാരം നേടിയ അനാചാരങ്ങള്‍ക്കും, അന്തവിശ്വാസങ്ങള്‍ക്കുമെതിരെയും, ജാറങ്ങള്‍ക്കും മരത്തിനും ആരാധനയര്‍പ്പിക്കുന്ന ഖബറാരാധകര്‍ക്കെതിരെയും ശരിയായ ഇസ്‌ലാമിക പ്രബോധനം നടത്തിയ ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍വഹാബിലേക്ക് ചേര്‍ത്താണ് വഹാബികള്‍ എന്ന് ചിലര്‍ വിളിക്കാറുള്ളത്. മുസ്‌ലിം സമൂഹത്തെ അവരുടെ അടിസ്ഥാന വിശ്വാസമായ ഏകദൈവ വിശ്വാസത്തില്‍ നിന്നും വ്യതിച്ചലിപ്പിച്ച്, ജാറങ്ങള്‍ കെട്ടിപ്പൊക്കിയും, അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ചയും ആരാധനയും  നേര്‍ന്നും, ഉറൂസുകളും ജാറ ഉത്സവങ്ങളും നടത്തി മുസ്‌ലിം സമൂഹത്തിനിടയില്‍ ബഹുദൈവാരാധന കടത്തിക്കൂട്ടാന്‍ ശ്രമിച്ച ആളുകള്‍ക്കെതിരെ ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ ആദര്‍ശം കൊണ്ട്  മുട്ടുകുത്തിച്ച പ്രതിഭയായിരുന്നു അദ്ദേഹം. അദ്ദേഹം പുതുതായി ഒന്നും തന്നെ വിഭാവനം ചെയ്തെടുത്തിട്ടില്ല മുഹമ്മദ്‌ (സ) പ്രചരിപ്പിച്ച തൗഹീദിന്‍റെ ആദര്‍ശമെന്തോ അത് ജനങ്ങളെ പഠിപ്പിക്കുകയും അതിലേക്ക് ആളുകളെ ക്ഷണിക്കുകയുമാണ് അദ്ദേഹം ചെയ്തത്. 

www.fiqhussunna.com

സ്വാഭാവികമായും അദ്ദേഹത്തിന്‍റെ പ്രബോധനം ലോകവ്യാപകമെന്നപോലെ നമ്മുടെ കേരളത്തിലും അന്തവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മുസ്ലിമീങ്ങള്‍ക്കിടയില്‍ ചില വിഭാഗങ്ങള്‍ കടത്തിക്കൂട്ടിയ ബഹുദൈവാരാധനക്കുമെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഇത് മതത്തെ കച്ചവടമാക്കിയ ചില തല്പര കക്ഷികള്‍ക്കിടയില്‍ അദ്ദേഹത്തെ അതൃപ്തനാക്കി.

ഏതായാലും പിന്‍കാലത്ത് നാം കണ്ടത് ഏകദൈവ വിശ്വാസമുള്ള എന്നാല്‍ മറ്റു പല അടിസ്ഥാന തലങ്ങളിലും ആദര്‍ശം കൊണ്ട് ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബുമായി ഏറെ വിയോജിപ്പുള്ള കക്ഷികളെപ്പോലും മീഡിയയും ചില തല്പര കക്ഷികളും ചേര്‍ന്ന് 'വഹാബികള്‍' എന്ന് വിളിക്കാന്‍ തുടങ്ങി. ഖബര്‍ പൂജ നടത്തുന്നവര്‍ സൂഫികളും, അതിനെ എതിര്‍ക്കുന്നവരെല്ലാം വഹാബികളുമാണ് എന്ന നിലയിലാണ് കാര്യങ്ങള്‍ പ്രചരിച്ചത്. സത്യത്തില്‍ ഇസ്‌ലാം നിഷ്കര്‍ഷിക്കുന്ന ഏകദൈവ വിശ്വാസം എന്തോ അത് കൃത്യമായി ജനങ്ങളെ പഠിപ്പിക്കുക മാത്രമാണ് ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍വഹാബ് ചെയ്തത്.  ഖബര്‍ പൂജക്കെതിരെയും, ജാറ വ്യവസായത്തിനെതിരെയും, അല്ലാഹുവിനല്ലാതെ ഇതര സൃഷ്ടിജാലങ്ങള്‍ക്ക് ആരാധനയര്‍പ്പിക്കുന്നതിനെയും നഖഷികാന്തം എതിര്‍ക്കുന്ന മതമാണ്‌ ഇസ്‌ലാം. ഇതാണ്‌ ശൈഖുല്‍ ഇസ്‌ലാം തന്‍റെ കിതാബുത്തൌഹീദിലൂടെ പഠിപ്പിച്ചത്. അത് യഥാര്‍ത്ഥ ഇസ്‌ലാമിന്‍റെ ആദര്‍ശമാണ്. ശൈഖിന്‍റെ മാത്രം ആദര്‍ശമല്ല.


പിന്‍കാലത്ത് ഇസ്‌ലാം നിഷിദ്ധമാക്കിയ സൃഷ്ടിപൂജയേയും ഖബറാരാധനയെയും എതിര്‍ത്ത ഓരോരുത്തരും വഹാബികള്‍ എന്ന് വിളിക്കപ്പെടാന്‍ തുടങ്ങി. അതിന്‍റെ ഭാഗമായാണ് ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബ് (റ) യുടെ പ്രബോധനവുമായി യാതൊരു ബന്ധവുമില്ലാത്ത ISIS, അല്‍ഖാഇദ തുടങ്ങിയ ഖവാരിജീ സംഘടനകളെ എട്ടും പൊട്ടും തിരിയാത്ത ചില മാധ്യമ പ്രവര്‍ത്തകരും, തല്പരകക്ഷികളും ചേര്‍ന്ന്  വഹാബികള്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. കാരണം അവരെ സംബന്ധിച്ചിടത്തോളം ഖബര്‍ പൂജ നടത്തുന്നവരും, ജാറങ്ങളില്‍ ആരാധനകള്‍ അര്‍പ്പിക്കുന്നവരും, ഉറൂസും, മൗലിദുകളും എല്ലാമായി ഇസ്‌ലാമിന്‍റെ പേരില്‍ത്തന്നെ ബഹുദൈവാരാധന നടത്തുന്നവര്‍ സൂഫികളും, മേല്‍പറഞ്ഞ കാര്യങ്ങളെ എതിര്‍ക്കുന്നവരും, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരുമായ എല്ലാവരും വഹാബികളുമാണ്. പക്ഷെ സത്യത്തില്‍ വഹാബികള്‍ എന്ന് വിളിക്കപ്പെടുന്നവരില്‍ ഏറിയ പങ്കും  ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബ് (റ) യുടെ പ്രബോധനവുമായി യാതൊരും ബന്ധവുമില്ലാത്തവരാണ്.

ഉദാ: യുക്തിക്ക് പ്രമാണങ്ങളെക്കാള്‍ മുഗണന നല്‍കുന്നവര്‍  മുഅ്തസിലിയാക്കളാണ്. എന്നാല്‍ മുഅതസിലിയാ ആദര്‍ശം പിന്തുടരുന്ന ഒരു വിഭാഗം ആളുകള്‍ നമ്മുടെ നാട്ടില്‍ തങ്ങള്‍ സലഫികളാണ് എന്ന് വാദിച്ചുകൊണ്ടിരിക്കുന്നു. ലോകത്ത് തന്നെ ഒരുപക്ഷെ ഹദീസുകളെ നിഷേധിക്കുകയും   അതേ സമയം തങ്ങള്‍ സലഫികള്‍ ആണ് എന്ന് വാദിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഇവര്‍ മാത്രമായിരിക്കാം. ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബിന്‍റെ കിതാബുത്തൌഹീദില്‍ പഠിപ്പിക്കുന്ന ഇസ്‌ലാമിലെ അടിസ്ഥാന ആദര്‍ശമായ അല്ലാഹുവിന്‍റെ 'അസ്മാഉം സ്വിഫാത്തു' മായി ബന്ധപ്പെട്ട പലതും നിഷേധിക്കുന്ന ഇവരും നമ്മുടെ കൊച്ചു കേരളത്തില്‍ അറിയപ്പെടുന്നത് വഹാബികള്‍ എന്ന പേരില്‍. സത്യത്തില്‍ ഇവരുടെ ചിന്താധാരക്ക് ശൈഖുല്‍ ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. 

ഇന്ന് ലോകത്ത് ISIS, അല്‍ഖാഇദ പോലുള്ള സംഘടനകളെ വഹാബികള്‍ എന്ന് മുദ്രകുത്തുന്ന മാധ്യമങ്ങള്‍ എടുത്ത് പറയാറുള്ളത് അവര്‍ ഖബറാരാധനയെ എതിര്‍ക്കുന്നു എന്നതാണ്. ഖബറാരാധനയെ എതിര്‍ത്തത് കൊണ്ട് മാത്രം ഒരാള്‍ ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബിന്‍റെ വക്താവ് ആവില്ല. ISIS, അല്‍ഖാഇദ പോലുള്ള സംഘടനകള്‍ ഖവാരിജുകള്‍ ആണ്. അഥവാ മുസ്‌ലിം ഭരണാധികാരികളെ കാഫിറുകള്‍ ആണ് എന്ന് വിലയിരുത്തി അവര്‍ക്കെതിരെ വിപ്ലവം നടത്തുന്ന സംഘം. ഇവര്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആക്രമിക്കുന്നത് സൗദി അറേബ്യയെ ആണ്. ഇക്കഴിഞ്ഞ റമദാന്‍ 29ന് നാല് ആക്രമണങ്ങളാണ് ഇവര്‍ സൗദി അറേബ്യയില്‍ നടത്തിയത്. തല്പരകക്ഷികളുടെ ഭാഷയില്‍ ലോകത്ത് വഹാബികള്‍ ഭരിക്കുന്ന ഏറ്റവും വലിയ രാജ്യമായ, ശരീഅത്ത് ഭരണം നടത്തുന്ന രാജ്യത്തെ ഈ അക്രമികള്‍ ലക്ഷ്യം വെക്കാന്‍ കാരണമെന്ത് ?!. നിങ്ങളുടെ ഭാഷയില്‍ ലോകത്ത് അറിയപ്പെടുന്ന വഹാബീ പണ്ഡിതന്മാരായ ശൈഖ് അബ്ദുല്‍ അസീസ്‌ ഇബ്നു ബാസ് (റ) , ഇപ്പോഴത്തെ മുഫ്തി ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് (ഹ), ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹ) തുടങ്ങിയവര്‍ ഈ പറയുന്ന ISIS നും അല്‍ഖാഇദക്കും അനഭിമതരും കാഫിറുകളും ആകുന്നത് എന്തുകൊണ്ട് ?!. ലോകത്ത് ISIS നെതിരെ ഏറ്റവും ആദ്യം ശബ്ദിച്ചത് സലഫീ പണ്ഡിതന്മാരാകുന്നത് എന്തുകൊണ്ട് ?. ISIS, അല്‍ഖാഇദ പോലുള്ള ഇസ്‌ലാം വിരുദ്ധരെ നേരിടാന്‍ NORTH THUNDER എന്ന പേരില്‍ 20 രാഷ്ട്രങ്ങളെ അണിനിരത്തി സമീപകാലത്ത് ലോകം കണ്ടതില്‍  വച്ച് ഏറ്റവും വലിയ സായുധ പരിശീലനം സൗദി അറേബ്യ നടത്തിയത് എന്തുകൊണ്ട് ?!. 


ഇനി ഇവര്‍ വഹാബികള്‍ ആണ് എന്ന് സ്ഥാപിക്കാന്‍ അപക്വമതികളായ ചില മാധ്യമപ്രവര്‍ത്തകരും തല്പരകക്ഷികളായ ഖബറാരാധകരും ഉന്നയിക്കാറുള്ള ഒരു വാദം ISIS ഉം, അല്‍ഖാഇദയുമെല്ലാം ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍വഹാബിന്‍റെ (റ) കിതാബുത്തൌഹീദ് പഠിപ്പിക്കുന്നു അത് വിതരണം ചെയ്യുന്നു എന്നതാണ്. എന്നാല്‍ ഇതേ ആളുകള്‍ തങ്ങള്‍ വിശുദ്ധ ഖുര്‍ആനിന്‍റെ വക്താക്കളാണ് എന്ന് വാദിക്കുന്നവരും, ഇസ്‌ലാമിലെ പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങള്‍ തങ്ങളുടെ വാദങ്ങള്‍ ന്യായീകരിക്കത്തക്കവിധം പഠിപ്പിക്കുന്നവരുമാണ് എന്ന സത്യം അവര്‍ പരിശോധിക്കാറില്ല. അല്ലാഹുവിന്‍റെ റസൂല്‍ (സ) തന്നെ ഖവാരിജുകളെപ്പറ്റി  പറഞ്ഞത്: "അവര്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരായിരിക്കും പക്ഷെ വിശുദ്ധഖുര്‍ആന്‍ അവരുടെ തൊണ്ടക്കുഴിയില്‍ നിന്നും താഴോട്ട് ഇറങ്ങുകയില്ല" എന്നല്ലേ ?!. റസൂല്‍ (സ) പറയുന്നു: 

إِنَّ مِنْ ضِئْضِئِ هَذَا قَوْمًا يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ حَنَاجِرَهُمْ

 "അവര്‍ വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുന്നവരായിരിക്കും. പക്ഷെ അതവരുടെ തൊണ്ടക്കുഴിയില്‍ നിന്നും (ഹൃദയത്തിലേക്ക്) ഇറങ്ങുകയില്ല." - [സ്വഹീഹുല്‍ ബുഖാരി:  7432].
 
 അവര്‍ വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നത് കൊണ്ട് അവര്‍ വിശുദ്ധഖുര്‍ആനിന്‍റെ വക്താക്കളാണ് എന്ന് പറയാന്‍ സാധിക്കുമോ ?!. മറിച്ച് ആകാശത്തിന്‍റെ ചുവട്ടില്‍ ഏറ്റവും നികൃഷ്ടരായ മനുഷ്യര്‍, നരകത്തിലെ നായകള്‍ തുടങ്ങിയ വിശേഷണങ്ങളാണ് അവര്‍ക്ക് അല്ലാഹുവിന്‍റെ റസൂല്‍ (സ) നല്‍കിയത്. നിങ്ങളുടെ നമസ്കാരം അവരുടെ നമസ്കാരവുമായി തട്ടിച്ച് നോക്കിയാല്‍ നിങ്ങളുടെ നമസ്കാരം വളരെ മോശപ്പെട്ടതായിരിക്കും, നിങ്ങളുടെ നോമ്പ് അവരുടെ നോമ്പുമായി തട്ടിച്ച് നോക്കിയാല്‍ അവരുടെ നോമ്പ് നിങ്ങളെക്കാള്‍ നല്ലതായിത്തോന്നും, നിങ്ങളെക്കാള്‍ ഈമാന്‍ പ്രകടമാകുന്നവരായിരിക്കും പക്ഷെ അവരുടെ ഈമാന്‍ തൊണ്ടക്കുഴിയില്‍ നിന്നും താഴോട്ട് ഇറങ്ങുകയില്ല എന്നിങ്ങനെ, നിങ്ങളെക്കാള്‍ പ്രത്യക്ഷത്തില്‍ മതപരമായ ആരാധനകളിലും വിശ്വാസകാര്യങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാകും അവര്‍ പക്ഷെ അവര്‍ മുസ്‌ലിമീങ്ങളെ കൊന്നൊടുക്കും എന്ന് അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ചിട്ടില്ലേ ?!. അതുകൊണ്ട് അവര്‍ തൗഹീദും നമസ്കാരവും നോമ്പും ഒക്കെയുള്ള ആളുകള്‍ തന്നെയായിരിക്കും പക്ഷെ അവര്‍ ഖ്വാരിജുകളാണ് എന്ന് പ്രമാണങ്ങളില്‍ നിന്നും കൃത്യമായി മനസ്സിലാക്കാം. അവര്‍ വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നത് കൊണ്ട് അവര്‍ അതിന്‍റെ വക്താക്കളാകുകയില്ല. അവര്‍ കിതാബുത്തൌഹീദ് പഠിപ്പിക്കുന്നത് കൊണ്ട് ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബിന്‍റെ വക്താക്കളാവുകയില്ല. വര്‍ഷങ്ങളായി ലോകത്തിന്‍റെ നാനാഭാഗങ്ങളിലും, ഈ കൊച്ചു കേരളത്തിലും ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്നു അബ്ദുല്‍വഹാബ് രചിച്ച കിതാബുത്തൌഹീദ് പടിപ്പിക്കപ്പെടുന്നു. അതൊരു രഹസ്യ പുസ്തകമല്ല. തുറന്ന പുസ്തകമാണ്. സലഫികള്‍ അല്ലാത്തവര്‍ പോലും മലയാളത്തില്‍ ആ പുസ്തകം പ്രചരിപ്പിക്കുന്നു. കാരണം അതില്‍ പഠിപ്പിക്കുന്നത് തീവ്രവാദമല്ല തൗഹീദാണ്.  പിന്നെ തീവ്രവാദമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് തങ്ങളുടെ സാമ്പത്തിക സ്രോതസായ ഖബര്‍ പൂജ നിലനിര്‍ത്തണം അത്രമാത്രം. ആ പ്രചാരണങ്ങള്‍ കാര്യഗൌരവമില്ലാത്തവരോ, തല്പര കക്ഷികളോ ആയ ചില മാധ്യമ പ്രവര്‍ത്തകരും ഏറ്റു പിടിക്കുന്നു അത്രമാത്രം. 

ഖബറിനെ പൂജിക്കുന്നവരെയും, ഉറൂസും മൗലിദുമായി ജാറ ഉത്സവങ്ങള്‍ കഴിക്കുന്നവരെയും ഇസ്‌ലാമിന്‍റെ പേരില്‍ ബഹുദൈവാരാധന നടത്തുന്നവരെയും ആരും ഭയപ്പെടുന്നില്ല. എന്നാല്‍ ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ ആദര്‍ശമായ തൗഹീദ് പഠിപ്പിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരെയാണ്‌ ഇസ്‌ലാം വിരുദ്ധര്‍ക്ക് പേടി. ആശയപരമായി നേരിടാന്‍ സാധിക്കാതെ വരുമ്പോള്‍, ജനങ്ങളെ അകറ്റാനായി ആരോപണങ്ങള്‍ കൊണ്ട് മൂടുന്നു. ഇസ്‌ലാം വിരുദ്ധ ശക്തികളെ അവരുടെ വക്താക്കളായി ചിത്രീകരിക്കുന്നു എന്നുമാത്രം. ഇത് വിവേകമുള്ള ആര്‍ക്കും മനസ്സിലാകും. കാരണം തൗഹീദ് വളര്‍ന്നാല്‍ ഖബര്‍ പൂജയും, അല്ലാഹുവല്ലാത്തവര്‍ക്ക് വേണ്ടിയുള്ള നേര്‍ച്ചയും വഴിപാടുകളും എല്ലാം ആളുകള്‍ ഉപേക്ഷിക്കും. അല്ലാഹു മാത്രം ആരാധിക്കപ്പെടുമ്പോള്‍ ചൂഷണങ്ങള്‍ക്ക് വകുപ്പില്ല. ഉറൂസുകളും, ജാറവ്യവസായവും പൗരോഹിത്യവും നിലനില്‍ക്കുന്നിടത്തേ ചൂഷണങ്ങള്‍ക്ക് സ്ഥാനമുള്ളൂ. അതുകൊണ്ട് വസ്തുതകളെ നീതിയുക്തിയോടെ ദര്‍ശിക്കുന്ന പ്രിയപ്പെട്ട വായനക്കാര്‍ മനസ്സിലാക്കേണ്ടത് ISIS, അല്‍ഖാഇദ തുടങ്ങിയ സമാന ശക്തികള്‍ ഇസ്‌ലാം വിരുദ്ധരാണ്. ലോകത്ത് അവരെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിട്ടുള്ളത് സലഫികള്‍ ആണ്. സലഫിയ്യത്ത് എന്ന് പറയുന്നത് വിശുദ്ധഖുര്‍ആനും നബി (സ) യുടെ ചര്യയും യഥാവിധം ജീവിതത്തില്‍ പകര്‍ത്തി , ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ ആശയാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കുക എന്നതാണ്‌. അതുകൊണ്ടുതന്നെ ഇസ്‌ലാമിന്‍റെ പേരില്‍ ഉണ്ടാകുന്ന വ്യതിച്ചലിച്ച കക്ഷികളെയെല്ലാം സലഫികളാക്കി ചിത്രീകരിക്കുക എളുപ്പമാണ്. കാരണം യഥാര്‍ത്ഥ ഇസ്‌ലാം എന്തോ, അതിന്‍റെ പ്രമാണങ്ങള്‍ എന്തോ അത് പിന്തുടരുക എന്നതാണ് സലഫിയത്ത്. അതല്ലാതെ അതൊരു വേറിട്ട പ്രത്യയ ശാസ്ത്രമല്ല. അതുകൊണ്ടുതന്നെ ഇസ്ലാമിന്‍റെ പേരില്‍ ഉടലെടുക്കുന്നതോ, ഗൂഡ ലക്ഷ്യങ്ങളോടെ ഇസ്ലാമിന്‍റെ ശത്രുക്കളാല്‍ ഉണ്ടാക്കപ്പെടുന്നതോ ആയ എല്ലാ ഇസ്‌ലാം വിരുദ്ധ ശക്തികളും തങ്ങളെ ഇസ്‌ലാമിന്‍റെ ആശയാദര്‍ശങ്ങളിലേക്ക് ചേര്‍ത്തിപ്പറയാന്‍ ശ്രമിക്കും എന്നത് സ്വാഭാവികമാണ്. ഇസ്‌ലാമിന്‍റെ ആശയാദര്‍ശങ്ങള്‍ എന്തോ അതു പാലിച്ച് ജീവിക്കുക, അഥവാ ആശയാടര്‍ശങ്ങളില്‍ മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്ന് ജീവിക്കുക എന്നതാണ് സലഫിയ്യത്ത് എന്നതുകൊണ്ട് തന്നെ അത്തരം ഇസ്‌ലാം വിരുദ്ധ ശക്തികളെ സലഫിയ്യത്തിലേക്ക് ചേര്‍ത്തിപ്പറയലും ആരോപണങ്ങള്‍ ഉന്നയിക്കലും സുഖകരമാണ്. കേരളത്തിലെ പല മുഖ്യധാരാ മാധ്യമങ്ങളും ISIS നെ സംബന്ധിച്ചും, അല്‍ഖാഇദയെ സംബന്ധിച്ചും 'തീവ്ര സലഫീ' വിഭാഗം 'വഹാബീ തീവ്രവാദികള്‍' എന്നെല്ലാം എഴുതുന്നത് ഈ അര്‍ത്ഥത്തിലാണ്. ഇസ്‌ലാമിന്‍റെ അടിസ്ഥാന ആദര്‍ശമായ തൗഹീദിന് പോലും കത്തി വെച്ചവര്‍ക്ക് ആരോപണങ്ങള്‍ നേരിടേണ്ടി വരില്ലല്ലോ. അത് സ്വാഭാവികം മാത്രം.


സൂഫി-ബറേല്‍വി പൗരോഹിത്യം ഫാഷിസ്റ്റ്‌ ശക്തികളുമായിച്ചേര്‍ന്നു തൗഹീദീ പ്രബോധനത്തിന് കുരുക്ക് തയ്യാറാക്കാന്‍ ശ്രമിക്കുകയാണ്. പുരകത്തുമ്പോഴും വാഴവെട്ടുന്ന ഇവര്‍ ഭയക്കുന്നത് ഏകദൈവ വിശ്വാസത്തെയാണ്‌. എന്നാല്‍ സമാധാനപരമായി നിയമസംവിധാനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തൗഹീദ് പ്രചരിപ്പിക്കുന്ന സലഫികളെ നേരിടാന്‍ ഇവര്‍ക്കാവില്ല. കാരണം തെറ്റ് ചെയ്തവരെ ഭയപ്പെടേണ്ടതുള്ളൂ. തെറ്റ് ചെയ്യാത്തവര്‍ ഭയപ്പെടേണ്ടതില്ല.  ഇനി കേരളത്തില്‍ നിയമം കയ്യിലെടുത്ത് അക്രമപ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിട്ട ആളുകള്‍ ആര് എന്ന് പരിശോധിച്ചാല്‍ തീവ്ര- സൂഫീ - ഖുബൂരീ വിഭാഗത്തില്‍പ്പെട്ട ചിലരിലേക്ക് വിരലുകള്‍ നീളുന്നത് നമുക്ക് കാണാം. ടൈഗര്‍ സുന്നികള്‍, മഹല്ലുകളില്‍ കലാപമുണ്ടാക്കിയ ഗുണ്ടകള്‍, കൊലപാതകങ്ങള്‍, തൗഹീദീ പ്രഭാഷകരുടെ സ്റ്റേജ് കയ്യേറല്‍ അസഹിഷ്ണുതയുടെ പര്യായമാണ് ഇവര്‍. തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം ഊതിക്കെടുത്താന്‍ ഇവര്‍ ശ്രമിക്കുന്നു. എന്നാല്‍ അല്ലാഹു ആ പ്രകാശം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും...

അനുബന്ധ ലേഖനങ്ങള്‍: 

1- ISIS ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ശത്രുക്കള്‍. സലഫീ പണ്ഡിതന്മാരുടെ പ്രസ്ഥാവനകള്‍.

2- ISIS സലഫികളോ ?!.. വസ്തുതയെന്ത് ?!.

3- മദീന സ്ഫോടനം - ഖവാരിജുകള്‍ ചരിത്രം ആവര്‍ത്തിക്കുന്നു.

4- സാക്കിര്‍ നായിക്കിനെതിരെയുള്ള ആരോപണം ഖുബൂരീ - ഫാസിസ്റ്റ് സഖ്യം കെണിയൊരുക്കുന്നു.

Tuesday, July 12, 2016

ഞങ്ങള്‍ സ്വാഹാബത്തിനെ കാഫിറാക്കിയില്ലല്ലോ ?!, ഞങ്ങള്‍ വന്‍പാപികള്‍ കാഫിറുകള്‍ ആണ് എന്ന് പറയുന്നില്ലല്ലോ ?!. പിന്നെ ഞങ്ങള്‍ എങ്ങനെ ഖവാരിജുകളാകും. - ദാഇശിന്‍റെ കുപ്രചരണത്തിന് മറുപടി. الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

അറിവും വിവേകവും ഇല്ലാതെ ISIS പോലുള്ള ഇസ്‌ലാം വിരുദ്ധ ശക്തികളില്‍ ആകൃഷ്ടരാകുന്ന യുവാക്കള്‍ ഉന്നയിക്കാറുള്ള സംശയങ്ങളും അതിനുള്ള മറുപടികളുമാണ് ഈ ലേഖനത്തില്‍ കൈകാര്യം ചെയ്യുന്നത്. 

www.fiqhussunna.com

ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ), ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ് ബ്ന്‍ അബ്ദുല്‍ വഹാബ് (റ) തുടങ്ങിയ ഇസ്‌ലാമിക ലോകത്ത് അറിയപ്പെട്ട സലഫീ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്നും ഖവാരിജുകളുടെ അഖീദയും വിശ്വാസവും വിവരിക്കുന്ന ഭാഗങ്ങള്‍ എടുത്ത് ഇത്തരം വിശ്വാസങ്ങള്‍ ഒന്നും തന്നെ ഞങ്ങള്‍ക്ക് ഇല്ലല്ലോ, അതുകൊണ്ടുതന്നെ ഞങ്ങള്‍ ഖവാരിജുകളല്ല  എന്ന് വാദിക്കുകയാണ് ദാഇശ് അഥവാ ISIS ചെയ്യുന്നത്.


ഉദാ: ഞങ്ങളാരും സ്വഹാബത്തിനെ കാഫിറാക്കിയിട്ടില്ലല്ലോ. ഖവാരിജുകള്‍ അലി (റ) വിനെയും, മുആവിയ (റ) വിനെയും, അംറു ബ്നുല്‍ ആസ്വിനെയും (റ), അബൂ മൂസ അല്‍അശ്അരി (റ) വിനെയും കാഫിറാക്കിയില്ലേ ?. ഞങ്ങളാരും വന്‍പാപം ചെയ്തവര്‍ കാഫിറാണ് എന്ന് പറയുന്നില്ലല്ലോ, എന്നാല്‍ ഖവാരിജുകള്‍ അപ്രകാരം പറയുന്നവര്‍ അല്ലേ ?. ഞങ്ങളുടെ നേതാവ് അബൂബക്കര്‍ ബഗ്ദാദി വന്‍പാപം ചെയ്യുന്നവര്‍ കാഫിറാണ് എന്ന് പറഞ്ഞിട്ടില്ലല്ലോ ?. തങ്ങള്‍ ഖവാരിജുകള്‍ അല്ല എന്ന് സ്ഥാപിക്കാന്‍ ഐസിസുകാര്‍ പറയുന്ന വാദമാണ് ഇത്. 


മറുപടി: ഒരാള്‍ ഖവാരിജ് ആകാന്‍ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും അവരില്‍ സംഗമിക്കണം എന്നില്ല. ആദ്യകാലത്ത് പുറത്ത് വന്ന ഖവാരിജീ സംഘത്തിന് ഇത്തരം വാദങ്ങള്‍ ഉണ്ടായിരുന്നു എന്ന് മാത്രം. എന്നാല്‍ നബി (സ) യെ ചോദ്യം ചെയ്യുകയും, 'മുഹമ്മദ്‌ നീ നീതി പാലിക്കുക, അല്ലാഹുവിനെ സൂക്ഷിക്കുക' എന്ന് പറഞ്ഞ ആ ആള്‍ ഒരു സ്വഹാബിയെയും കാഫിറാക്കിയ വ്യക്തി ആയിരുന്നില്ല. അയാള്‍ വന്‍പാപം ചെയ്തവര്‍ കാഫിറാണ് എന്ന് വാദിച്ചവനല്ല. പക്ഷെ അവന്‍റെ മുതുകില്‍ നിന്ന് പിന്‍കാലത്ത് ഖവാരിജുകള്‍ കടന്നു വരും എന്നാണ് നബി (സ) പഠിപ്പിച്ചത്: 

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ: بَعَثَ عَلِيٌّ وَهُوَ بِالْيَمَنِ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِذُهَيْبَةٍ فِي تُرْبَتِهَا، فَقَسَمَهَا بَيْنَ الْأَقْرَعِ بْنِ حَابِسٍ الْحَنْظَلِيِّ ثُمَّ أَحَدِ بَنِي مُجَاشِعٍ وَبَيْنَ عُيَيْنَةَ بْنِ بَدْرٍ الْفَزَارِيِّ وَبَيْنَ عَلْقَمَةَ بْنِ عُلَاثَةَ الْعَامِرِيِّ ثُمَّ أَحَدِ بَنِي كِلَابٍ وَبَيْنَ زَيْدِ الْخَيْلِ الطَّائِيِّ ثُمَّ أَحَدِ بَنِي نَبْهَانَ، فَتَغَيَّظَتْ قُرَيْشٌ وَالْأَنْصَارُ، فَقَالُوا: يُعْطِيهِ صَنَادِيدَ أَهْلِ نَجْدٍ وَيَدَعُنَا، قَالَ: إِنَّمَا أَتَأَلَّفُهُمْ، فَأَقْبَلَ رَجُلٌ غَائِرُ الْعَيْنَيْنِ نَاتِئُ الْجَبِينِ كَثُّ اللِّحْيَةِ مُشْرِفُ الْوَجْنَتَيْنِ مَحْلُوقُ الرَّأْسِ، فَقَالَ: يَا مُحَمَّدُ اتَّقِ اللَّهَ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: فَمَنْ يُطِيعُ اللَّهَ إِذَا عَصَيْتُهُ، فَيَأْمَنُنِي عَلَى أَهْلِ الْأَرْضِ وَلَا تَأْمَنُونِي، فَسَأَلَ رَجُلٌ مِنْ الْقَوْمِ قَتْلَهُ أُرَاهُ خَالِدَ بْنَ الْوَلِيدِ فَمَنَعَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَلَمَّا وَلَّى قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: إِنَّ مِنْ ضِئْضِئِ هَذَا قَوْمًا يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ حَنَاجِرَهُمْ، يَمْرُقُونَ مِنْ الْإِسْلَامِ مُرُوقَ السَّهْمِ مِنْ الرَّمِيَّةِ، يَقْتُلُونَ أَهْلَ الْإِسْلَامِ وَيَدَعُونَ أَهْلَ الْأَوْثَانِ، لَئِنْ أَدْرَكْتُهُمْ لَأَقْتُلَنَّهُمْ قَتْلَ عَادٍ "

അബൂ സഈദ് അല്‍ ഖുദരി (റ) നിവേദനം: അലി (റ) യമനിലായിരിക്കെ നബി (സ) ക്ക് കുറച്ച് സ്വര്‍ണ്ണം കൊടുത്തയച്ചു. അതദ്ദേഹം അഖ്റഅ് ബ്ന്‍ ഹാബിസ് അല്‍ ഹന്‍ളലി, അതുപോലെ ബനൂ മുജാശിഅ് ഗോത്രത്തിലെ ഒരാള്‍, ഉയൈനത് ബ്ന്‍ ബദ്ര്‍ അല്‍ഫസാരി, അല്‍ഖമ ബ്ന്‍ ഉലാസ അല്‍ആമിരിയ്യ്, ബനൂ കിലാബ് ഗോത്രത്തില്‍പ്പെട്ട ഒരാള്‍, സൈദ്‌ ബ്ന്‍ ഖൈല്‍ അത്ത്വാഇ, ബനൂ നബ്ഹാന്‍ ഗോത്രത്തില്‍പ്പെട്ട ഒരാള്‍ എന്നിങ്ങനെയുള്ളവര്‍ക്ക് വീതിച്ചു നല്‍കി. ഖുറൈശികളിലും അന്‍സാരികളിലും പെട്ട പ്രമുഖര്‍ അതില്‍ അസന്തുഷ്ടത പ്രകടിപ്പിച്ചു. അവര്‍ പറഞ്ഞു: അദ്ദേഹം നമ്മളെ ഒഴിവാക്കുകയും നജ്ദിലെ നേതാക്കള്‍ക്ക് നല്‍കുകയും ചെയ്തിരിക്കുന്നു. (അപ്പോള്‍ നബി (സ) അതിന്‍റെ കാരണം വിശദീകരിച്ചു). അദ്ദേഹം പറഞ്ഞു: അവരെ കൂടുതല്‍ ഇസ്‌ലാമിലേക്ക് ഇണക്കുവാന്‍ വേണ്ടിയാണ് താന്‍ അപ്രകാരം ചെയ്തത്. (ഇതോടെ അവര്‍ സംതൃപ്തരായി). എന്നാല്‍ കുഴിഞ്ഞു നില്‍ക്കുന്ന കണ്ണുകളും, ഉയര്‍ന്നു നില്‍ക്കുന്ന നെറ്റിയും, ഇടതൂര്‍ന്ന താടിയും, തുറിച്ച് നില്‍ക്കുന്ന കവിളെല്ലുകളും, മുടി മുണ്ഡനം ചെയ്തവനുമായ ഒരാള്‍ കടന്നുവന്നുകൊണ്ട് പറഞ്ഞു: 'അല്ലയോ മുഹമ്മദ്‌, നീ അല്ലാഹുവിനെ സൂക്ഷിക്കുക'. അപ്പോള്‍ നബി (സ) പറഞ്ഞു: ഞാന്‍ പോലും അല്ലാഹുവിനെ ധിക്കരിക്കുകയാണ് എങ്കില്‍ പിന്നെ ആരാണ് അല്ലാഹുവിനെ അനുസരിക്കുക ?!. ഭൂമിയിലുള്ള ആളുകള്‍ക്ക് (നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുന്ന)  കാര്യത്തില്‍ അല്ലാഹു എന്നെ വിശ്വസിച്ചേല്‍പ്പിച്ചിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ക്കെന്നെ വിശ്വാസമില്ലേ ?. അപ്പോള്‍ അവിടെയുണ്ടായിരുന്ന  ആളുകളില്‍ ഒരാള്‍ അയാളെ വധിക്കാന്‍ നബി (സ) യോട് അനുവാദം തേടി. ഖാലിദ്ബ്ന്‍ വലീദ് ആണ് അപ്രകാരം അനുവാദം ചോദിച്ചത്. പക്ഷെ നബി (സ) അദ്ദേഹത്തെ വിലക്കി. അങ്ങനെ അയാള്‍ പിന്തിരിഞ്ഞു പോയപ്പോള്‍ നബി (സ) പറഞ്ഞു: ഇയാളുടെ പാരമ്പര്യത്തില്‍ പിന്‍കാലത്ത് ചില ആളുകള്‍ വരും. അവര്‍ വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുന്നവരായിരിക്കും. പക്ഷെ അതവരുടെ തൊണ്ടക്കുഴിയില്‍ നിന്നും (ഹൃദയത്തിലേക്ക്) ഇറങ്ങുകയില്ല. ഇരയില്‍ അമ്പ് തറച്ച് പുറത്ത് പോകുന്നത് പോലെ അവര്‍ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോകും. അവര്‍ മുസ്‌ലിമീങ്ങളെ കൊന്നൊടുക്കുകയും ബിംബാരാധകരെ വെറുതെ വിടുകയും ചെയ്യും. ഞാന്‍ അവരെ കണ്ടുമുട്ടുന്ന പക്ഷം ആദ് സമുദായം കൊല്ലപ്പെട്ട പോലെ ഞാന്‍ അവരെ കൊന്നൊടുക്കും." - [സ്വഹീഹുല്‍ ബുഖാരി:  7432].

അതുകൊണ്ടുതന്നെ ഖവാരിജുകളുടെ മാനദണ്ഡം അവര്‍ വന്‍പാപികളെ കാഫിറാക്കും എന്നതോ, സ്വഹാബത്തിനെ കാഫിറാക്കും എന്നതോ അല്ല. മുകളിലെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടത് പോലെ അതൊന്നും ഇല്ലാത്ത ഖവാരിജുകളെയും നമുക്ക് കാണാം.

അവര്‍ മുസ്‌ലിം ഉമ്മത്തിന് നേരെ വാളോങ്ങും. അവര്‍ മുസ്‌ലിം ഭരണാധികാരികള്‍ക്കെതിരെ വിപ്ലവം നടത്തും. മുസ്‌ലിം ഭരണകര്‍ത്താക്കളെ   തക്ഫീര്‍ ചെയ്യും. ഭരണകര്‍ത്താക്കളെ അംഗീകരിക്കുന്ന മുസ്‌ലിം ഉമ്മത്തിനെ തക്ഫീര്‍ ചെയ്യും. ഇവയെല്ലാം ISIS ഖവാരിജുകള്‍ ആണ് എന്നതിനുള്ള തെളിവാണ്.  മദീനയില്‍ നാഇര്‍ മുസല്ലം അന്നുജൈദി എന്ന് പറയുന്ന ISIS സംഘാംഗമാണ് ചാവേര്‍ ആക്രമണം നടത്തിയത്. സത്യത്തില്‍ മസ്ജിദുന്നബവിയില്‍ പ്രവേശിച്ച് റമദാനിന്‍റെ അവസാനത്തെ പത്തില്‍ ഇബാദത്തില്‍ മുഴുകിയ മുസ്‌ലിമീങ്ങളെ കൊന്നൊടുക്കുക ആയിരുന്നുവല്ലോ അവന്‍റെ ലക്ഷ്യം. അല്ലാഹുവിന്‍റെ കാരുണ്യം കൊണ്ടും, പിന്നെ പോലീസുകാര്‍ നടത്തിയ സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ടും വലിയൊരപകടം ഒഴിവായി. ഇങ്ങനെ ഇന്നേ വരെ എത്ര പള്ളികളില്‍ ISIS സ്ഫോടനം നടത്തി. ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഭരണാധികാരികളെ ISIS കാഫിറായിക്കാണുന്നു. ഇതൊക്കെ ഖവാരിജിയത്ത് തന്നെയാണ്.


ഇനി കാഫിറായി കണ്ടില്ലെങ്കില്‍ പോലും അവര്‍ക്കെതിരെ വിപ്ലവം സൃഷ്ടിച്ച്  രക്തച്ചൊരിച്ചില്‍ ഉണ്ടാക്കിയാല്‍ത്തന്നെ അത് ഖവാരിജിയത്തായി. അല്ലാഹുവിന്‍റെ റസൂല്‍ നിങ്ങളെക്കുറിച്ച് പ്രയോഗിച്ച ഒരു വാക്കുണ്ട്: "അവര്‍ മുസ്‌ലിമീങ്ങളെ കൊന്നൊടുക്കുകയും ബിംബാരാധകരെ വെറുതെ വിടുകയും ചെയ്യും" ഇതല്ലേ വാസ്ഥവം. ഇന്ന് ലോകത്ത് തൗഹീദിന്‍റെ വക്താക്കളായ, സച്ചരിതരായ മുന്‍ഗാമികളുടെ പാത പിന്‍പറ്റുന്ന സലഫികള്‍ ഭരിക്കുന്ന സൗദി അറേബ്യ, അവരുടെ ഭരണഘടന വിശുദ്ധഖുര്‍ആനാണ്, അവിടത്തെ നിയമം ശരീഅത്താണ് എന്നിട്ടും അവരുടെ രക്തം നിങ്ങള്‍ക്ക്  ഹലാലാണ്. അവിടത്തെ ജനം നിങ്ങള്‍ക്ക് കാഫിറുകളാണ്.  അവിടെ നിങ്ങള്‍ക്ക് സ്ഫോടനം നടത്താം. സമാധാനത്തോടെ ജീവിക്കുന്ന പാവപ്പെട്ട മുസ്‌ലിമീങ്ങളെ കൊന്നൊടുക്കാം. നിങ്ങള്‍ ഖവാരിജുകള്‍ ആണ് എന്നതിന് ഇതിലുമപ്പുറം എന്ത് തെളിവ് വേണം. ചരിത്രത്തിലെ ഖവാരിജുകളുടെ ചെയ്തിയും നിങ്ങളുടെ ചെയ്തിയും ഒന്ന് തട്ടിച്ച് നോക്കിയാല്‍ മതി.  തത് വിഷയത്തില്‍ ഈയുള്ളവന്‍ നേരത്തെ എഴുതിയിട്ടുള്ള ലേഖനം വായിക്കാവുന്നതാണ് : http://www.fiqhussunna.com/2016/07/blog-post_9.html . അതുകൊണ്ട് നിങ്ങള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്.

ഖവാരിജുകളുടെ ഇന്നയിന്ന വിശ്വാസങ്ങള്‍ തങ്ങള്‍ക്കില്ലല്ലോ എന്ന വാദം ISIS, അല്‍ഖാഇദ തുടങ്ങിയവര്‍ ഖവാരിജുകള്‍ അല്ല എന്നതിന് തെളിവല്ല. തൗഹീദ് ഉള്ള മുസ്‌ലിം ഉമ്മത്തിനും ഭരണാധികാരിക്കും എതിരെ വാളോങ്ങുക എന്നതും, മുസ്‌ലിമീങ്ങളുമായി പരസ്പരധാരണയോടെ നല്ലനിലക്ക് കഴിയുന്ന നിരപരാധികളായ ഇതരമത വിശ്വാസികളെ കൊന്നൊടുക്കുക എന്നതും ഖവാരിജിയാത്താണ്.  ഖവാരിജുകളെപ്പറ്റി അവരുടെ തെളിവായി അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചത് അവര്‍ മുസ്‌ലിം ഉമ്മത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് പോകുമെന്നതും മുസ്‌ലിം ഉമ്മത്തിന് നേരെയും അവരുടെ ഭരണകര്‍ത്താക്കള്‍ക്ക്‌ നേരെയും വാളോങ്ങും എന്നതുമാണ്. അതോടൊപ്പം തക്ഫീറും കൂടി സംഘമിക്കുമ്പോള്‍ നിങ്ങള്‍ പരിപൂര്‍ണരായ ഖവാരിജുകളായിത്തീരുന്നു.


ഭരണാധികാരിയോട് അവമതിപ്പ്‌ ഉണ്ടാകുമ്പോഴേക്ക് അവര്‍ക്കെതിരെ വിപ്ലവവും സായുധ സമരവും നടത്തുക എന്നത് അഹ്ലുസ്സുന്നയുടെ രീതിയല്ല. അത് ഖവരിജുകളുടെ രീതിയാണ്. ഹദീസില്‍ ഇപ്രകാരം കാണാം:

عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- عَلَيْكَ السَّمْعَ وَالطَّاعَةَ فِى عُسْرِكَ وَيُسْرِكَ وَمَنْشَطِكَ وَمَكْرَهِكَ وَأَثَرَةٍ عَلَيْكَ.

അബൂഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " നിന്‍റെ പ്രയാസത്തിലും എളുപ്പത്തിലും, നിനക്ക് ഉത്സാഹം തോന്നുന്ന കാര്യങ്ങളിലും നിനക്ക് വെറുപ്പുളവാക്കുന്ന കാര്യങ്ങളിലും, നിന്‍റെ മേല്‍ സ്വാര്‍ത്ഥത അടിച്ചേല്‍പിക്കുമ്പോഴും  നീ നിന്‍റെ ഭരണാധികാരിയെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക." - [സ്വഹീഹ് മുസ്‌ലിം:  4860].

സ്വാര്‍ത്ഥത എന്നാല്‍ തന്‍റെ കാര്യങ്ങള്‍ മാത്രം പരിഗണിക്കുകയും മറ്റുള്ളവന്‍റെ കാര്യങ്ങള്‍ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന, എല്ലാം തന്‍റെ നേട്ടത്തിനായി മാത്രം ചിന്തിക്കുന്ന പ്രവണതയാണ്. അത്തരം ഒരു ഭരണാധികാരി വന്നാല്‍പ്പോലും നിങ്ങള്‍ അയാള്‍ക്കെതിരെ വാളെടുത്ത് സായുധ സമരം നടത്തരുത് എന്നാണ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്‌. 
അതുപോലെ അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞു: 

عن أَنَسَ بْنَ مَالِكٍ رَضِيَ اللَّهُ عَنْهُ يَقُولُ: قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِلْأَنْصَارِ: إِنَّكُمْ سَتَلْقَوْنَ بَعْدِي أَثَرَةً فَاصْبِرُوا حَتَّى تَلْقَوْنِي وَمَوْعِدُكُمْ الْحَوْضُ

അനസ് ബ്ന്‍ മാലിക്ക് (റ) പറയുന്നു: നബി (സ) അന്‍സാരികളോട് ഇപ്രകാരം പറഞ്ഞു: "നിങ്ങള്‍ എനിക്ക് ശേഷം സ്വാര്‍ത്ഥന്മാരായ ഭരണകര്‍ത്താക്കളെ കണ്ടുമുട്ടും. എന്നാല്‍ (പാരത്രിക ജീവിതത്തില്‍) ഹൗളിന്‍റെ അരികില്‍ വച്ച് എന്നെ കണ്ടുമുട്ടുന്നത് വരെ   നിങ്ങള്‍ ക്ഷമിക്കുക. നിങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട സമയം ഹൗളിനരികിലാകുന്നു." - സ്വഹീഹുല്‍ ബുഖാരി: 3793, സ്വഹീഹ് മുസ്‌ലിം: 4885]. 

മറ്റൊരു ഹദീസില്‍ കാണാം: 


عن ابْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ رَأَى مِنْ أَمِيرِهِ شَيْئًا يَكْرَهُهُ فَلْيَصْبِرْ عَلَيْهِ فَإِنَّهُ مَنْ فَارَقَ الْجَمَاعَةَ شِبْرًا فَمَاتَ إِلَّا مَاتَ مِيتَةً جَاهِلِيَّةً

ഇബ്നു അബ്ബാസ് (റ) നിവേദനം: നബി (സ) പറഞ്ഞു: "തന്‍റെ ഭരണാധികാരിയില്‍ നിന്നും താന്‍ വെറുക്കുന്ന വല്ലതും കാണാന്‍ ഇടയായാല്‍ അവന്‍ ആ വിഷയത്തില്‍ ക്ഷമിക്കട്ടെ. ആര് (ഭരണാധികാരിയും പൊതുജനങ്ങളും അടങ്ങുന്ന) ആ മുസ്‌ലിം സമൂഹത്തില്‍ നിന്നും ഒരു ചാണ്‍ വേറിട്ട്‌ നില്‍ക്കുന്നുവോ, അവനപ്രകാരം മരണപ്പെടുകയാണ് എങ്കില്‍  അവന്‍റെ മരണം ജാഹിലിയത്തിലെ മരണമാണ്." - [സ്വഹീഹുല്‍ ബുഖാരി: 7054, സ്വഹീഹ് മുസ്‌ലിം: 4896]. മറ്റൊരു റിപ്പോര്‍ട്ടില്‍ "അത്തരത്തില്‍ ഭരണാധികാരിക്കെതിരായി വേറിട്ട്‌ മരണമടയുന്നുവെങ്കില്‍ അവന്‍റെ മരണം ജാഹിലിയത്തിലെ മരണമാണ്" എന്ന് കാണാം.

ഇല്ല തീര്‍ന്നില്ല. നിങ്ങളുടെ ഭരണ കര്‍ത്താക്കള്‍ നിങ്ങളോട് അനീതി ചെയ്യുന്നവരും സ്വാര്‍ത്ഥന്മാരുമാണ് എങ്കില്‍പ്പോലും, നിങ്ങള്‍ ഭരണ കര്‍ത്താക്കള്‍ക്ക് അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും നിങ്ങളുടെ അവകാശങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുകയും ചെയ്യുക. അതല്ലാതെ മുസ്‌ലിം ഉമ്മത്തിനിടയില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുകയല്ല വേണ്ടത് എന്നതാണ് നബി (സ) പഠിപ്പിച്ചത്: 

عَنْ عَبْدِ اللَّهِ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « إِنَّهَا سَتَكُونُ بَعْدِى أَثَرَةٌ وَأُمُورٌ تُنْكِرُونَهَا ». قَالُوا يَا رَسُولَ اللَّهِ كَيْفَ تَأْمُرُ مَنْ أَدْرَكَ مِنَّا ذَلِكَ قَالَ « تُؤَدُّونَ الْحَقَّ الَّذِى عَلَيْكُمْ وَتَسْأَلُونَ اللَّهَ الَّذِى لَكُمْ ».

അബ്ദുല്ലാഹ് ബ്ന്‍ മസ്ഊദ് (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "എനിക്ക് ശേഷം വരുന്ന ഭരണാധികാരികളില്‍ നിങ്ങള്‍ നിഷിദ്ധമായിക്കാണുന്ന കാര്യങ്ങളും, സ്വാര്‍ത്ഥതയും ഉണ്ടായിരിക്കും. അപ്പോള്‍ സ്വഹാബാത്ത് ചോദിച്ചു: ഞങ്ങളില്‍ നിന്നും ആ കാലഘട്ടത്തില്‍ ജീവിക്കാനിടവരുന്നവരോട് അങ്ങേക്ക് കല്പിക്കാനുള്ളത് എന്താണ് ?. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ മേലുള്ള ബാധ്യതകള്‍ നിറവേറ്റുക. നിങ്ങള്‍ക്കുള്ളത് അല്ലാഹുവിനോട് നിങ്ങള്‍ ചോദിക്കുകയും ചെയ്യുക." - [ സ്വഹീഹ് മുസ്‌ലിം: 4881]. 

ഈ ഹദീസുകളെല്ലാം നിരാകരിച്ചുകൊണ്ടാണ്‌ അറബ് വസന്തവും സമകാലിക വിപ്ലവങ്ങളും ഉണ്ടായത്. അതുകൊണ്ടുതന്നെ മുസ്‌ലിം ഉമ്മത്ത്‌ ഇന്ന് ആ വിപത്തിന്‍റെ വില നല്‍കിക്കൊണ്ടിരിക്കുന്നു. അറബ് വസന്തം ഒന്നുപോലും തങ്ങളുദ്ദേശിച്ച ലക്ഷ്യത്തില്‍ എത്തിക്കാന്‍ ഖവാരിജീ ആശയത്തെ കൂട്ടുപിടിച്ച ഒരു വിപ്ലവ പ്രസ്ഥാനത്തിനും സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. മറിച്ച് ആയിരക്കണക്കിന് മുസ്‌ലിമീങ്ങളുടെ ജീവന്‍ ഹനിക്കാനും, കിടപ്പാടം നഷ്ടപ്പെടുത്താനും, ജീവിതോപാതികള്‍ തകര്‍ക്കാനുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായത്. 

അനിഷ്ടകരമായ കാര്യങ്ങളും, സ്വാര്‍ത്ഥതയും, നിഷിദ്ധമായ കാര്യങ്ങളും എല്ലാം അവരില്‍ നിന്ന് കണ്ടാലും നിങ്ങള്‍ ഒരു മുസ്‌ലിം ഭരണാധികാരിക്ക് നേരെ വാളെടുക്കരുത്, അക്രമം നടത്തരുത് എന്ന് അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ചിട്ടും ISIS ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് എന്ത് ?. അവരില്‍ നിന്നും നിങ്ങള്‍ക്ക് സ്പഷ്ടമായ തെളിവുള്ള പ്രകടമായ കുഫ്ര്‍ കാണാതെ നിങ്ങള്‍ അവര്‍ക്കെതിരെ യുദ്ധം ചെയ്യരുത്. മറ്റൊരു റിപ്പോര്‍ട്ടില്‍ അവര്‍ നമസ്കാരം നിലനിര്‍ത്തുന്നവരായിരിക്കെ നിങ്ങള്‍ അവര്‍ക്കെതിരെ യുദ്ധം ചെയ്യരുത് എന്നെല്ലാം അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടും, ഭരണാധികാരികള്‍ക്കെതിരെ നിങ്ങള്‍ വിപ്ലവം അഴിച്ചുവിട്ടു എന്ന് മാത്രമല്ല, നിങ്ങള്‍ പള്ളയില്‍ നമസ്കരിക്കാന്‍ വരുന്ന സാധാരണക്കാരായ മുസ്‌ലിമീങ്ങളെ വരെ കൊന്നൊടുക്കി. അതുകൊണ്ടുതന്നെ മുസ്‌ലിം സമൂഹത്തില്‍ നിന്നും അവരുടെ ഭരണകര്‍ത്താക്കളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുകയും, ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന നിങ്ങള്‍ ഖവാരിജുകള്‍ ആണ് എന്ന് പ്രമാണങ്ങള്‍ സംസാരിക്കുന്നു. തീര്‍ച്ച നിങ്ങള്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞത് പോലെ : 'നരകത്തിലെ നായകളാണ്'.'ആകാശത്തിന്‍റെ ചുവട്ടില്‍ ഉള്ള ജീവജാലങ്ങളില്‍ വച്ച് ഏറ്റവും നികൃഷ്ടരാണ്. മുസ്‌ലിം ലോകത്തെ അറിവ് കൊണ്ടും വിവേകം കൊണ്ടും അറിയപ്പെട്ട ഖുര്‍ആനും സുന്നത്തും മുറുകെപ്പിടിക്കുന്ന സലഫീ  ഉലമാക്കള്‍ ഒന്നടങ്കം നിങ്ങള്‍ക്കെതിരെ സംസാരിച്ചിരിക്കുന്നു. അവരുടെ പ്രസ്ഥാവനകള്‍ വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/2016/07/isis.html

ഖവാരിജുകളില്‍ നിന്നും അവരുടെ ചെയ്തികളില്‍ നിന്നും അല്ലാഹു ഈ സമൂഹത്തെ രക്ഷിക്കുമാറാകട്ടെ ...