Thursday, June 30, 2022

മറ്റൊരു നാട്ടിൽ ആണ് ബലി അറുക്കുന്നത് എങ്കിൽ, താൻ നിൽക്കുന്ന സ്ഥലത്തെ മാസപ്പിറവി ആണോ അവിടത്തെ മാസപ്പിറവി ആണോ അടിസ്ഥാനമാക്കേണ്ടത് ?ചോദ്യം: സൗദിയിലുള്ള ആൾ നാട്ടിൽ ഉളുഹ്യ്യതിന് കൂടുമ്പോൾ അദ്ദേഹം എവിടുത്തെ മാസപ്പിറവിയെ ആണ് പരിഗണിക്കേണ്ടത് ?. തന്റെ പെരുന്നാൾ നിസ്കാരം കഴിയാതെ മറ്റൊരു നാട്ടിൽ തനിക്ക് ബലി അറുക്കാമോ?

www.fiqhussunna.com

ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

മുടിയും നഖവും നീക്കരുത് എന്ന വിഷയത്തിൽ ഉള്ഹിയ്യത്ത് കർമ്മം നിയ്യത്താക്കിയ വ്യക്തി താൻ നിൽക്കുന്ന സ്ഥലത്തെ മാസപ്പിറവി ആണ് പരിഗണിക്കേണ്ടത്. മാത്രമല്ല ആ നിയമം ഉള്ഹിയ്യത്ത് നിയ്യത്താക്കിയ അതിന് പണം മുടക്കുന്ന വ്യക്തിക്ക് മാത്രമുള്ളതാണ്.  അയാളെ  സംബന്ധിച്ചിടത്തോളം എപ്പോഴാണ് ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമാറുന്നത് അതാണ്‌ പരിഗണിക്കേണ്ടത്.

عن أم سلمة رضي الله عنها أن النبي صلى الله عليه وسلم قال : ( إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ ، فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ ) رواه مسلم

ഉമ്മു സലമ (റ) നിവേദനം : നബി (സ) പറഞ്ഞു: "നിങ്ങളിലൊരാൾ ദുൽഹിജ്ജ മാസപ്പിറവി ദർശിക്കുകയും, താൻ ഉള്‌ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്നവനായിരിക്കുകയും ചെയ്‌താൽ, അവൻ അവന്റെ മുടിയും നഖവും മുറിക്കാതിരിക്കട്ടെ" - [സ്വഹീഹ് മുസ്‌ലിം].

അത് നിറവേറ്റാൻ ഏല്പിക്കപ്പെട്ട വ്യക്തിക്ക് ഈ നിയമം ബാധകമല്ല. അയാൾക്ക് നഖവും മുടിയും ഒക്കെ നീക്കം ചെയ്യുന്നതിൽ തെറ്റില്ല. 

ഇനി അറവിൻ്റെ വിഷയത്തിൽ, പെരുന്നാൾ ദിവസം മുതൽ അയ്യാമുതഷ്‌രീഖ് വരെ സമയം ഉള്ളതുകൊണ്ട് രണ്ട് പേർക്കും ഒത്തുവരുന്ന സമയം പരിഗണിക്കുകയാണ് എങ്കിൽ അതാണ് ഏറ്റവും ഉചിതവും സൂക്ഷ്മതയും.

എന്നാൽ എവിടെയാണോ ബലി അറുക്കപ്പെടുന്നത് അവിടത്തെ സമയം പരിഗണിച്ചുകൊണ്ട് അനുവദനീയമായ ഏത് സമയത്ത് ബലി അറുത്താലും കുഴപ്പമില്ല. ബലി അറുക്കാൻ ഏൽപ്പിക്കപ്പെട്ട ആളുടെ നാട്ടിലെ സമയം മാത്രം പരിഗണിച്ചാൽ തന്നെ മതി എന്നതാണ് സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭയായ ലജ്‌നതുദ്ദാഇമയുടെ അഭിപ്രായം. അവർ നൽകിയ മറുപടിയിൽ ഇപ്രകാരം കാണാം:

يجوز للوكيل في الأضحية ذبح أضحية الموكل بعد صلاة العيد بالنسبة للوكيل ، دون الموكل؛ لأن الوكيل قائم مقام موكله

"ബലി അറുക്കുന്ന കാര്യത്തിൽ, ഉള്ഹിയ്യത്ത് അറുക്കാൻ ഏൽപ്പിക്കപ്പെട്ട വ്യക്തിക്ക് തൻ്റെ പെരുന്നാൾ നമസ്‌കാരം കഴിഞ്ഞാൽ തന്നെ ബാലീ അറുക്കാം. തന്നെ ഏല്പിച്ച വ്യക്തിയുടെ പെരുന്നാൾ നമസ്‌കാരം കഴിഞ്ഞില്ലെങ്കിലും ശരി. കാരണം ഏൽപ്പിക്കപ്പെട്ടയാൾ ഏല്പിച്ച വ്യക്തിയുടെ സ്ഥാനത്താണ്" - [ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹ) , അബ്ദുൽ അസീസ് ആലു ശൈഖ് (ഹ) , അബ്ദുല്ലാഹ് ബ്ൻ ഗുദയ്യാൻ (റ) ...].

വകീൽ അഥവാ ഏല്പിക്കപ്പെട്ടവൻ്റെ നാട്ടിലെ സമയം പരിഗണിച്ചാൽ മതി, മുവക്കിൽ അഥവാ ഏല്പിച്ചവൻ്റെ നാട്ടിലെ സമയം വിഷയമല്ല എന്ന നിലക്കാണ് അപ്രകാരം പറഞ്ഞിട്ടുള്ളത്.   

എന്തായാലും ഇത് പ്രത്യേക പ്രമാണം വന്നിട്ടില്ലാത്ത ഇജ്തിഹാദിയായ ഒരു വിഷയമാണല്ലോ. അതുകൊണ്ടുതന്നെ താൻ അറുക്കാൻ ഉദ്ദേശിക്കുന്ന നാട്ടിൽ താൻ നിൽക്കുന്ന നാടിനേക്കാൾ മുൻപ് മാസം കണ്ടാൽ, ഒരു ദിവസം കാത്തു നിന്നാലും തൻ്റെ പെരുന്നാൾ നമസ്‌കാരം കൂടി കഴിഞ്ഞ ശേഷം അത് അറുക്കപെടുന്നതായിരിക്കും കൂടുതൽ സൂക്ഷ്‌മത എന്നതിൽ സംശയമില്ല. കാരണം അയ്യാമുതശ്രീഖിൻ്റെ ദിവസവും ഉള്ഹിയ്യത്ത് അറുക്കാവുന്ന ദിവസം ആകയാൽ അവിടെ ഉള്ഹിയ്യത്ത് അറുക്കപ്പെടുന്ന നാട്ടിലും, ഉള്ഹിയ്യത്ത് അറുക്കാൻ ഏല്പിച്ച വ്യക്തിയെ സംബന്ധിച്ചിടത്തോളവും പെരുന്നാൾ നമസ്‌കാരം കഴിയുകയും, രണ്ടുപേരെ സംബന്ധിച്ചിടത്തോളവും ഉള്‌ഹിയ്യത്ത് അറുക്കാൻ വേണ്ടി നിർദേശിക്കപ്പെട്ട സമയത്ത് തന്നെ ഉള്ഹിയ്യത്ത് നിർവഹിക്കപ്പെടുകയും ചെയ്യുമല്ലോ. അതുകൊണ്ട് അവിടെ ആരുടെ സമയം പരിഗണിക്കണം എന്ന ഒരു സംശയത്തിനുള്ള സാധ്യത തന്നെ വരുന്നുമില്ല. 

عَنْ جُنْدُبِ بْنِ سُفْيَانَ الْبَجَلِيِّ : أَنَّهُ صَلَّى مَعَ رَسُولِ اللَّهِ ﷺ يَوْمَ أَضْحَى، قَالَ: فَانْصَرَفَ فَإِذَا هُوَ بِاللَّحْمِ، وَذَبَائِحُ الْأَضْحَى تُعْرَفُ، فَعَرَفَ رَسُولُ اللَّهِ ﷺ أَنَّهَا ذُبِحَتْ قَبْلَ أَنْ يُصَلِّيَ، فَقَالَ: مَنْ كَانَ ذَبَحَ قَبْلَ أَنْ يُصَلِّيَ فَلْيَذْبَحْ مَكَانَهَا أُخْرَى، وَمَنْ لَمْ يَكُنْ ذَبَحَ حَتَّى صَلَّيْنَا فَلْيَذْبَحْ بِاسْمِ اللَّهِ مُتَّفَقٌ عَلَيْهِ.

ജുൻദുബ് ബ്നു സുഫ്യാൻ അൽ ബജലി (റ) നിവേദനം : അദ്ദേഹം നബി (സ) ക്ക് ഒപ്പം പെരുന്നാൾ നമസ്കാരം നിർവഹിച്ചു. അങ്ങനെ നമസ്കാരം കഴിഞ്ഞ് അദ്ദേഹം മടങ്ങുമ്പോൾ, അദ്ദേഹം മാംസം കാണാൻ ഇടയായി. ഉള്ഹിയ്യത്തിന്റെ മാംസം എന്ന് പ്രത്യേകം അറിയിക്കും വിധമാണ് അവയുണ്ടായിരുന്നത്. അപ്പോൾ അവ അദ്ദേഹം പെരുന്നാൾ നമസ്കാരം നിർവഹിക്കപ്പെടുന്നതിനു മുൻപായിത്തന്നെ അറുക്കപ്പെട്ടതാണ് എന്നദ്ദേഹത്തിന് മനസ്സിലായി. അപ്പോൾ അദ്ദേഹം പറഞ്ഞു : " ആരാണോ പെരുന്നാൾ നമസ്കരിക്കുന്നതിന് മുൻപ് ബലി അറുത്തത് അയാൾ തൽ സ്ഥാനത്ത് മറ്റൊരു ഉരുവിനെ ബലി അറുക്കട്ടെ. നമ്മൾ നമസ്കരിച്ച് തീരും വരെ ബലി അറുത്തിട്ടില്ലാത്തവർ ബിസ്മി ചൊല്ലി അവരുടെ ബലി മൃഗത്തെ അറുത്ത് കൊള്ളട്ടെ ". - [മുത്തഫഖുൻ അലൈഹി].

ഈ നിയമം ഏൽപ്പിക്കപ്പെട്ട വ്യക്തി അറുക്കപ്പെടുന്ന നാടിനെ അപേക്ഷിച്ച് അവിടെ മാത്രം പാലിച്ചാൽ മതിയാകും എന്ന് ലജ്‌നതുദ്ദാഇമ വ്യക്തമാക്കിയല്ലോ. എന്നാൽ നമ്മൾ സൂചിപ്പിച്ച പോലെ രണ്ടുപേരെ സംബന്ധിച്ചിടത്തോളവും ഒരുപോലെ അറുക്കാൻ അനുവദിക്കപ്പെടുന്നതായി ഒത്തുവരുന്ന സമയത്ത് അത് നിർവഹിക്കുകയാണ് എങ്കിൽ അതാണ് കൂടുതൽ ഉചിതം. മാത്രമല്ല മുടി നീക്കം ചെയ്യുന്നതിനുള്ള വിലക്കും നഖം വെട്ടുന്നതിനുള്ള വിലക്കുമെല്ലാം ഉള്ഹിയ്യത്ത് നിയ്യത്താക്കിയ അഥവാ ഏല്പിച്ച വ്യക്തിക്കാണ് , ഏൽപ്പിക്കപ്പെട്ട വ്യക്തിക്കല്ല എന്നും നമുക്ക് അറിയാമല്ലോ. അതുകൊണ്ടുതന്നെ രണ്ടും പരിഗണിച്ചാൽ പിന്നെ സംശയത്തിന് വകയുണ്ടാകില്ല. 

والله تعالى أعلم ، وصلى الله وسلم على نبينا محمد

_________________

✍ Abdu Rahman Abdul Latheef

Monday, June 6, 2022

BJP വക്താക്കളുടെ പ്രവാചക നിന്ദ - വർഗീയതയിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമങ്ങളെ പൊതുസമൂഹം ചെറുത്ത് തോല്പ്പിക്കണം
കാരുണ്യത്തിന്റെയും നന്മയുടെയും പ്രതീകമാണ് മുഹമ്മദ്‌ നബി (സ). മാലോകർക്ക് കാരുണ്യമായി നിയോഗിക്കപ്പെട്ടവർ എന്ന് വിശുദ്ധ ഖുർആൻ തന്നെ വിശേഷിപ്പിച്ച പ്രവാചകൻ.

ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ തങ്ങളുടെ ആത്മാവിനെക്കാൾ സ്നേഹിക്കുന്ന വ്യക്തിത്വവും, സമാധാന കാംക്ഷികൾ മാതൃകാ പുരുഷനായിക്കാണുന്ന മഹനീയ സ്വഭാവത്തിനുടമയുമായ പരിശുദ്ധ പ്രവാചകനെ അവഹേളിച്ചതിലൂടെ ഇന്ത്യയെന്ന മതനിരപേക്ഷ രാജ്യത്തെ തന്നെ ലോകത്തിന് മുന്നിൽ നാണം കെടുത്തിയിരിക്കുകയാണ് ബിജെപി വക്താക്കൾ ചെയ്തിരിക്കുന്നത്.

വർഗീയതയുടെ വിത്തുപാകി രാഷ്ട്രീയ ലാഭം കൊയ്യാൻ വേണ്ടിയുള്ള ഇത്തരം വഴിവിട്ട പ്രവർത്തനങ്ങളിലൂടെ അവർ ചവിട്ടി മെതിക്കുന്നത് മത നിരപേക്ഷ ഇന്ത്യയെയും നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യൻ പൈതൃകത്തെയുമാണ്.

മാത്രമല്ല ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ശാസിക്കുന്നത് വരേക്കും സൗദി കുവൈറ്റ് ഖത്തർ വിദേശകാര്യ മന്ത്രാലയങ്ങൾ നടപടി സ്വീകരിച്ചെങ്കിൽ, വർഗീയ ചിന്താഗതിക്കാർ ഇന്ത്യൻ വിദേശ നയത്തിനും, പ്രവാസലോകത്ത് ജോലി ചെയ്യുന്ന അനവധി ഇന്ത്യക്കാർക്കും എത്രമാത്രം അപകടമാണ് വിളിച്ചു വരുത്തിക്കൊണ്ടിരിക്കുന്നത് എന്നത് ഏറെ ആശങ്കാജനകമാണ്.

ലോകമൊന്നാകെ ആദരിക്കപ്പെടുന്ന പ്രവാചകനെ നിന്ദിച്ച് വർഗീയ ധ്രുവീകരണം നടത്താൻ ശ്രമിച്ചവർക്കെതിരെ കേവല അച്ചടക്ക നടപടികൾക്കപ്പുറം മാതൃകാപരമായി ശിക്ഷിക്കണം. മതനിരപേക്ഷതയും രാജ്യത്തിന്റെ സമാധാനാന്തരീക്ഷവും കാത്തു സൂക്ഷിക്കുന്നതിൽ നമുക്കും വലിയ പങ്കുണ്ട്. രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തിന് വിഘാതം വരുത്തുന്ന വർഗീയ പ്രചാരകർക്കെതിരെ പൊതുസമൂഹം ഒന്നടങ്കം അതിശക്തമായി പ്രതിഷേധിക്കണം.

Friday, May 13, 2022

ഖലീഫ ബ്ൻ സായിദ് (റ) ക്ക് വേണ്ടിയുള്ള ഗാഇബിന്റെ ജനാസ നമസ്കാരം

🕌 കുവൈറ്റിൽ ഇന്ന് ഇശാക്ക് ശേഷം ശൈഖ് ഖലീഫ ബ്ൻ സായിദ് (റഹിമഹുല്ല) ക്ക് വേണ്ടി ജനാസ നമസ്കാരം
__________________

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

സ്നേഹം നിറഞ്ഞ സഹോദരങ്ങളെ UAE ഭരണാധികാരി ശൈഖ് ഖലീഫ ബ്ൻ സായിദ് (رحمه الله) വഫാത്തായ വിവരം നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമല്ലോ...

ഇന്ന് ഇശാ നമസ്കാരശേഷം (13/05/2022 വെള്ളി) കുവൈറ്റിലെ എല്ലാ പള്ളികളിലും അദ്ദേഹത്തിന് വേണ്ടി ഗാഇബിന്റെ മയ്യിത്ത് നമസ്കാരം നടക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

നമുക്കറിയുന്ന പോലെ ഗാഇബിനു വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം ഫുഖഹാക്കൾക്ക് ഇടയിൽ ചർച്ചയുള്ള വ്യത്യസ്ഥ അഭിപ്രായങ്ങൾ ഉള്ള ഒരു വിഷയമാണ്.

حكم الحاكم يرفع الخلاف

അഥവാ പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ഥ അഭിപ്രായങ്ങൾ നിലനിൽക്കുന്ന ഒരു വിഷയത്തിൽ, ഭരണാധികാരി ഒരു അഭിപ്രായം സ്വീകരിച്ചാൽ പിന്നീട് അതിൽ ഭിന്നത ഉണ്ടാകാവതല്ല എന്നത് കർമ്മശാസ്ത്രത്തിലെ ഒരു പൊതു തത്വമാണ്.

നബി (സ) നജ്ജാശി രാജാവിനു വേണ്ടി നമസ്കരിച്ച സംഭവം ആണ് മയ്യിത്തിന്റെ അസാന്നിധ്യത്തിൽ നമസ്കരിക്കുന്നതിനുള്ള തെളിവ്. ഈ തെളിവിന്റെ അടിസ്ഥാനത്തിൽ മൂന്ന് അഭിപ്രായങ്ങൾ ആണ് ഫുഖഹാക്കൾക്ക് ഉള്ളത്.

1- ഏതൊരാൾക്ക് വേണ്ടിയും മയ്യിത്തിന്റെ അസാന്നിധ്യത്തിൽ നിസ്കരിക്കാം എന്ന അഭിപ്രായക്കാർ.

2- എല്ലാവർക്കും വേണ്ടി നിസ്കരിക്കാവതല്ല, എന്നാൽ നജ്ജാശി രാജാവിനെ പോലെ ഭരണാധികാരിയോ, ഉമ്മത്തിൽ വലിയ സ്ഥാനം വഹിച്ചവരോ ഒക്കെ മരണപ്പെടുമ്പോൾ ഗാഇബിന്റെ മയ്യിത്ത് നിസ്കാരം നിസ്കരിക്കാം എന്ന അഭിപ്രായക്കാർ.

3- നജ്ജാശി രാജാവിനെപ്പോലെ മരണപ്പെട്ട വ്യക്തിയുടെ നാട്ടിൽ ആരും അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്കാരം നിർവഹിച്ചിട്ടില്ല എങ്കിൽ മാത്രം, അദ്ദേഹത്തിന് വേണ്ടി മയ്യിത്തിന്റെ അസാന്നിധ്യത്തിൽ മയ്യിത്ത് നിസ്കാരം നിർവഹിക്കാം. എന്നാൽ സ്വന്തം നാട്ടിൽ മയ്യിത്ത് നമസ്കാരം നടന്നാൽ പിന്നെ ഗാഇബിന്റെ നമസ്കാരം ഇല്ല എന്ന് അഭിപ്രായപ്പെട്ടവർ.


ഇങ്ങനെ വ്യത്യസ്ഥ അഭിപ്രായങ്ങൾ ഈ വിഷയത്തിൽ ഉണ്ട്‌. എല്ലാവരുടെയും ആധാരം നജ്ജാശി (റ) രാജാവിന്റെ സംഭവം തന്നെ.

ഇതിൽ കൂടുതൽ പ്രബലം മൂന്നാമത്തെ അഭിപ്രായമാണ് എന്ന് മനസ്സിലാക്കാം എങ്കിലും, ((പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്ന ഒരു വിഷയത്തിൽ ഭരണാധികാരി ഒരു അഭിപ്രായം സ്വീകരിച്ചാൽ അത് അഭിപ്രായ ഭിന്നതയെ ഉയർത്തും)) എന്ന കർമ്മശാസ്ത്ര തത്വത്തിന്റെ അടിസ്ഥാനത്തിൽ, കുവൈറ്റിലെ ഭരണാധികാരി ഈ വിഷയത്തിലെ രണ്ടാമത്തെ അഭിപ്രായമായ മുസ്‌ലിം ഭരണാധികാരികൾ മരണപ്പെടുമ്പോൾ ഗാഇബായും മയ്യിത്ത് നിസ്കരിക്കുക എന്നതിനെ അടിസ്ഥാനമാക്കി അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്കാരം നിർവഹിക്കാൻ ഇന്ന് ആഹ്വാനം ചെയ്തതിനാൽ അദ്ദേഹത്തിന് വേണ്ടി ജനാസ നമസ്കരിക്കുകയാണ് വേണ്ടത്. ഇനി നമുക്ക് വ്യത്യസ്ഥ അഭിപ്രായമാണ് ഉള്ളതെങ്കിൽ പോലും..

والله تعالى أعلم

അല്ലാഹു അനുഗ്രഹിക്കട്ടെ...

ഈ വിഷയം വിശദമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈയുള്ളവൻ നേരത്തെ എഴുതിയ ലേഖനം ഈ ലിങ്കിൽ വായിക്കാം:

ഗാഇബിന്റെ മയ്യിത്ത് നമസ്കാരം ഒരു ലഘുപഠനം https://www.fiqhussunna.com/2015/07/blog-post_64.html
_______________
✍🏽 അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് P. N

Sunday, May 1, 2022

ഒരു നാട്ടിൽ നിന്നും നേരം വൈകി മാസം കണ്ട വേറെ നാട്ടിലേക്ക് പോയാൽ നോമ്പ് 31 നോൽക്കണോ ?


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഒരാൾ നേരത്തെ മാസം കണ്ട ഒരു നാട്ടിൽ നിന്നും നേരം വൈകി മാസം കണ്ട നാട്ടിലേക്ക് പോയാൽ എന്ത് ചെയ്യും.

ഇജ്തിഹാദിയായ വിഷയം ആണ്. ഈ വിഷയം പരാമർശിച്ചുകൊണ്ട്പ്ര ത്യേക പ്രമാണം വന്നിട്ടില്ല. ഒരാൾ ചെന്ന് നിൽക്കുന്ന നാട്ടിൽ എന്നാണോ പെരുന്നാൾ അന്നാണ് അയാളുടെ പെരുന്നാൾ... അതുകൊണ്ട് ഒരു ദിവസമോ രണ്ട് ദിവസമോ അധികമായാലും അത് റമദാൻ തന്നെ ആണല്ലോ എന്നത് കണക്കിലെടുത്ത്, ആകെ നോമ്പ് 31 ആയാലും, ആ ദിവസം നോമ്പ് എടുക്കുക എന്ന് പറഞ്ഞവരും, ഒരു മാസം മുപ്പത് ദിവസമേ ഉണ്ടാകുകയുള്ളുവല്ലോ, അതുകൊണ്ട് 30 തികഞ്ഞാൽ പിന്നെ  നോൽക്കേണ്ടതില്ല എന്ന് പറഞ്ഞവരും ഉണ്ട്‌.

റമദാൻ മാസത്തിൽ തന്നെ ആയതുകൊണ്ട് ഇനി 31 ദിവസം ആയാലും ആ ദിവസം നോമ്പ് നോൽക്കുക എന്നതാണ് കൂടുതൽ ഉചിതം. ഇതാണ് ശൈഖ് ഇബ്നു ഉസൈമീൻ (റ) യുടെയൊക്കെ അഭിപ്രായം. ഒരാൾ സൂര്യൻ വൈകി അസ്തമിക്കുന്ന നാട്ടിലേക്ക് എത്തിയാൽ. അവിടെ എപ്പോഴാണ് അസ്തമിക്കുന്നത് അപ്പോഴല്ലേ നോമ്പ് തുറക്കൂ എന്നതിനെ ആസ്പദമാക്കിയാണ് അദ്ദേഹം അത് പറഞ്ഞത്.  

ഈ വിഷയം പഠന വിധേയമാക്കിയപ്പോൾ മനസ്സിലായത് ഇനി ഒരാൾ ആ ദിവസം നോമ്പ് എടുത്തില്ല എങ്കിൽ തെറ്റുമില്ല. അയാൾ കുറ്റക്കാരൻ ആകുന്നില്ല.  കാരണം അദ്ദേഹത്തിന്റെ നോമ്പ് 30 ഉം പൂർത്തിയാക്കിയല്ലോ.

എന്നാൽ നോമ്പ് എടുത്തില്ലെങ്കിലും ആ സമയത്തിന്റെ ഹുർമത്ത് കണക്കിലെടുത്ത് നോമ്പുകാരനെ പോലെ നിൽക്കണം. അദ്ദേഹത്തിന്റെ പെരുന്നാൾ ആകട്ടെ താൻ ചെന്നെത്തിയ നാട്ടിലെ നാട്ടുകാർ എന്നാണോ പെരുന്നാൾ ആഘോഷിക്കുന്നത് അന്നായിരിക്കും.

ഇനി തിരിച്ച് നേരത്തെ മാസം കണ്ട നാട്ടിലേക്ക് ഒരാൾ യാത്ര ചെയ്തു വന്നതാണ് എങ്കിൽ അയാൾക്ക് 29 നോമ്പേ ലഭിക്കൂ. അയാൾ നഷ്ടപ്പെട്ട ഒരു നോമ്പ് നിർബന്ധമായും നോറ്റ് വീട്ടുകയും വേണം. 

والله تعالى أعلم
وصلى الله وسلم على نبينا محمد
______________
✍🏽 Abdu Rahman Abdul Latheef

Tuesday, March 29, 2022

കുട്ടികളോട് എത്ര വയസ് മുതൽ നോമ്പ് എടുക്കാൻ കൽപ്പിക്കണം ?.ചോദ്യം : കുട്ടികളോട് എത്ര വയസ് മുതൽ നോമ്പ് എടുക്കാൻ കൽപ്പിക്കണം ?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

കുട്ടികളോട് നോമ്പെടുക്കാൻ കല്പിക്കേണ്ട പ്രത്യേക പ്രായ പരിധി പഠിപ്പിക്കപ്പെട്ടിട്ടില്ല. അവർക്ക് നോമ്പ് നിർബന്ധവുമല്ല. എന്നാൽ നമസ്‌കാരത്തെ പോലെ ഏഴ് വയസ് ആയാൽ അവരെ പരിശീലിപ്പിച്ച് തുടങ്ങാം എന്നും, അവർക്ക് ശാരീരികമായി നോമ്പ് നോൽക്കാൻ സാധിക്കുന്ന അവസ്ഥ എത്തിയാൽ അവരെക്കൊണ്ടു നോമ്പ് എടുക്കാൻ പരിശീലിപ്പിക്കാം എന്നുമൊക്കെ ഫുഖഹാക്കൾ പറഞ്ഞിട്ടുണ്ട്. പ്രായപൂർത്തി എത്തുന്നതോടെയാണ് ഒരാളുടെ മേൽ നോമ്പ് നിർബന്ധമായിത്തീരുന്നത്. കുട്ടികളുടെ പ്രായവും അവസ്ഥയുമൊക്കെ മനസ്സിലാക്കി കഴിയുന്ന രൂപത്തിൽ അവരെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിച്ച് തുടങ്ങുകയും ചെയ്യുക എന്നതാണ് ഈ വിഷയത്തിലെ ശരിയായ നിലപാട്. والله تعالى أعلم . 


സ്വഹാബാക്കൾ കുട്ടികളെ നോമ്പെടുക്കാൻ പരിശീലിപ്പിക്കുകയും, വിശപ്പറിയാതിരിക്കാൻ കളിപ്പാട്ടങ്ങൾ നൽകി അവരുടെ ശ്രദ്ധ തിരിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം. 

റബീഅ് ബിൻത് മുഅവ്വിദ് (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം:  

أَرْسَلَ رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ غَدَاةَ عَاشُورَاءَ إلى قُرَى الأنْصَارِ، الَّتي حَوْلَ المَدِينَةِ: مَن كانَ أَصْبَحَ صَائِمًا، فَلْيُتِمَّ صَوْمَهُ، وَمَن كانَ أَصْبَحَ مُفْطِرًا، فَلْيُتِمَّ بَقِيَّةَ يَومِهِ. فَكُنَّا، بَعْدَ ذلكَ نَصُومُهُ، وَنُصَوِّمُ صِبْيَانَنَا الصِّغَارَ منهمْ إنْ شَاءَ اللَّهُ، وَنَذْهَبُ إلى المَسْجِدِ، فَنَجْعَلُ لهمُ اللُّعْبَةَ مِنَ العِهْنِ، فَإِذَا بَكَى أَحَدُهُمْ علَى الطَّعَامِ أَعْطَيْنَاهَا إيَّاهُ عِنْدَ الإفْطَارِ
"ആശൂറാഇൻ്റെ ദിവസം പകൽ സമയത്ത് മദീനക്ക് ചുറ്റും  അൻസാരികൾ താമസിക്കുന്ന ഗ്രാമങ്ങളിലേക്ക് നബി (സ) ഒരു അറിയിപ്പ് കാരനെ നിയോഗിച്ചു. അദ്ദേഹം ഇപ്രകാരം വിളംബരം ചെയ്തു. ഇന്ന് നിങ്ങളിൽ ആരാണോ നോമ്പു നോറ്റിട്ടുള്ളത് അവർ അവരുടെ നോമ്പ് പൂർത്തിയാക്കുക. നിങ്ങളിൽ ആരാണോ ഇന്ന് നോമ്പ് നോറ്റിട്ടില്ലാത്തത് അവർ ഈ അറിയിപ്പ് കേട്ടത് മുതലുള്ള ഈ ദിവസത്തിലെ ബാക്കി സമയം ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കട്ടെ.  അങ്ങനെ അന്ന് മുതൽക്ക് ഞങ്ങൾ ആ ദിവസം നോമ്പെടുക്കുകയും ഞങ്ങളുടെ ചെറിയ കുട്ടികളെ നോമ്പെടുപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ പള്ളികളിലേക്ക് പോകുമ്പോൾ അവർക്ക് ആട്ടിൻരോമം കൊണ്ടുള്ള കളിപ്പാട്ടങ്ങളുണ്ടാക്കുകയും ഇഫ്‌താറിനു മുൻപ് അവരിലാരെങ്കിലും ഭക്ഷണത്തിനു  വേണ്ടി കരഞ്ഞാൽ ആ കളിപ്പാട്ടങ്ങൾ നൽകുകയും ചെയ്യുമായിരുന്നു." - [متفق عليه].

അപ്പൊ അതുകൊണ്ടുതന്നെ കുട്ടികൾക്ക് നോമ്പ് എടുക്കാൻ സാധിക്കുകയും അവർ അത് ആഗ്രഹിക്കുകയുമൊക്കെ ചെയ്യുമ്പോൾ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ചെറിയ ചെറിയ രൂപത്തിൽ നോമ്പെടുത്ത് പരിശീലിപ്പിച്ച് തുടങ്ങുകയും വിശപ്പറിയാതിരിക്കാൻ കളിപ്പാട്ടങ്ങളും മറ്റുമൊക്കെ നൽകി ശ്രദ്ധ മാറ്റുകയും ചെയ്യാവുന്നതാണ് എന്ന് ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ ... 

__________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Monday, March 28, 2022

ഗൾഫിലെ ലോട്ടറികൾ ഹലാൽ ആണോ ?


ചോദ്യം:  ഗൾഫിലെ ലോട്ടറികൾ ഹലാൽ ആണോ ?

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

പണം നൽകിക്കൊണ്ട് കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പില്ലാത്ത ഒരു ഭാഗ്യക്കുറിയിൽ പങ്കെടുക്കുക എന്നത് നിഷിദ്ധമായ ചൂതാട്ടത്തിൽ പെട്ടതാണ്. അത് ഗൾഫിൽ ആണെങ്കിൽ ഹലാലും നാട്ടിൽ ആണെങ്കിൽ ഹറാമും  എന്നല്ല, അത് ലോകത്ത് എവിടെ ആയിരുന്നാലും ഹറാം തന്നെയാണ്. 

ഒരുപക്ഷെ സഹോദരൻ ഈ ചോദ്യം ചോദിക്കാൻ കാരണം. ഗൾഫിൽ ഒക്കെ ഹലാലായ ലോട്ടറി ഉണ്ട് എന്ന് ചില ആളുകൾ പ്രചാരണം നടത്തിയിരുന്നു. അതുപോലെ അബൂദാബി ബിഗ് ടിക്കറ്റ് പോലെയുള്ളവ ഹലാലായ ലോട്ടറിയാണ് എന്നൊക്കെ ചില ആളുകൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അത്തരം ലോട്ടറികൾ എല്ലാം തന്നെ നിഷിദ്ധമാണ് എന്നത് UAE ഫത്‌വാ ബോർഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല കാരുണ്യ ലോട്ടറി, അല്ലെങ്കിൽ ചാരിറ്റി ലോട്ടറി എന്നൊക്കെയുള്ള പേരിൽ ഇവ നടത്തിയാലും അത് നിഷിദ്ധം തന്നെ എന്ന് UAE ഫത്‌വാ ബോർഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ ഫത്‌വ ഈ ലിങ്കിൽ വായിക്കാം:   https://www.awqaf.gov.ae/ar/Pages/FatwaDetail.aspx?did=130053  

അതുകൊണ്ട് ഇത്തരം പ്രചാരങ്ങളിൽ വഞ്ചിതരാകാതിരിക്കുക. പണം നൽകുകയും അതിന് പകരമായി തനിക്ക് വലിയ സമ്മാനങ്ങൾ ലഭിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്യുന്ന ചൂതാട്ടങ്ങൾ ഇസ്‌ലാം കഠിനമായി വിലക്കുന്നു. ഒരുപാട് പേർക്ക് പണം നഷ്ടപ്പെടുമ്പോൾ ചിലർക്ക് ആ പണം ലഭിക്കുക മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. വിശുദ്ധ ഖുർആനിൽ അല്ലാഹു തആല പറയുന്നു: 

 {يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ* إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنِ الصَّلاةِ فَهَلْ أَنْتُمْ مُنْتَهُونَ} [المائدة: 90 - 91].

"സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച്‌ നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം. പിശാച്‌ ഉദ്ദേശിക്കുന്നത്‌ മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ ( അവയില്‍ നിന്ന്‌ ) വിരമിക്കുവാനൊരുക്കമുണ്ടോ ?" - [മാഇദ: 90-91].

അതുകൊണ്ട് ഹലാലായ ഒരു ചൂതാട്ടമില്ല. ചൂതാട്ടങ്ങൾ എല്ലാം നിഷിദ്ധം തന്നെ. അതിനാൽത്തന്നെ ഹറാമായ ഈ പൈശാചികവൃത്തിയിൽ നിന്നും മുഴുവൻ വിശ്വാസികളും വിട്ടുനിൽക്കേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.  

__________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

കടകളിൽ നിന്നും ലഭിക്കുന്ന കൂപ്പണുകൾ അനുവദനീയമാണോ ?.


ചോദ്യം: തുണി കടകളിൽ നിന്നും ഡ്രസ്സ് വാങ്ങുമ്പോൾ കൂപ്പൺ കിട്ടാറുണ്ടല്ലോ. അടുത്ത തവണ വാങ്ങുമ്പോൾ 500 രൂപ ഒക്കെ കുറവ് ലഭിക്കുന്ന രൂപത്തിൽ, ഇത് അനുവദനീയമാണോ ?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ 

കടകളിൽ നിന്നും ലഭിക്കുന്ന നറുക്കെടുപ്പ് കൂപ്പണുകൾ നിങ്ങൾക്ക് അനുവദനീയമാകണമെങ്കിൽ രണ്ട് നിബന്ധനകൾ ബാധകമാണ്. ആ കൂപ്പണ് വേണ്ടി നിങ്ങളിൽ നിന്നും കടക്കാർ തുക ഈടാക്കാൻ പാടില്ല. അതുപോലെ നിങ്ങൾക്ക് കൂപ്പൺ നറുക്കെടുപ്പിൽ പങ്കെടുക്കാനോ കൂപ്പൺ ലഭിക്കാനോ  വേണ്ടി മാത്രമായി നിങ്ങൾ സാധനം വാങ്ങുന്നതാകാനും പാടില്ല. നിങ്ങൾ നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നു. ആ സമയത്ത് നിങ്ങൾക്ക് കൂപ്പൺ ലഭിച്ചു, അതിന് കടക്കാർ പ്രത്യേകം പണം ഈടാക്കിയിട്ടുമില്ല എങ്കിൽ നിങ്ങൾക്ക് ആ കൂപ്പൺ വഴി ലഭിക്കുന്ന സമ്മാനങ്ങൾ സ്വീകരിക്കാം. നറുക്കെടുപ്പ് കൂപ്പൺ ലഭിക്കാൻ വേണ്ടി നമ്മിൽ നിന്നും അവർ പണം ഈടാക്കുകയോ, കൂപ്പൺ ലഭിക്കാനായി ആവശ്യമില്ലാതിരുന്നിട്ടും നാം സാധനം വാങ്ങുകയോ ചെയ്‌താൽ അവിടെ അത് ചൂതാട്ടത്തിൽ പെടുന്ന കാര്യമായിത്തീരും. 

ഇനി കാശ് ബാക്ക് കൂപ്പണുകൾ. അഥവാ കടയിൽ നിന്നും ഇത്ര രൂപക്ക് സാധനം വാങ്ങിയാൽ ഇത്ര രൂപ കിഴിവ് ലഭിക്കും എന്ന ഡിസ്‌കൗണ്ട് കൂപ്പണുകൾ ലഭിക്കുന്നുവെങ്കിൽ അത് അനുവദനീയമാണ്. പക്ഷെ അതിലൂടെ ലഭിക്കുന്ന ഡിസ്‌കൗണ്ട് എന്നത് യാഥാർഥ്യമായിരിക്കണം. കേവലം ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയും അവരെക്കൊണ്ട് കൂടുതൽ സാധനങ്ങൾ വാങ്ങിപ്പിക്കാൻ വേണ്ടിയും നടത്തുന്ന തട്ടിപ്പാകരുത്. അത് നിഷിദ്ധമാണ്.  

ഇനി പേയ്മെന്റ് കാശ് ബാക്ക് ഓഫറുകൾ ആണെങ്കിൽ, അത് നൽകുന്നത് കച്ചവടക്കാരനോ കമ്പനിയോ സേവന ദാതാക്കളോ ആണെങ്കിൽ അത് ഡിസ്‌കൗണ്ട് കൂപ്പൺ പോലെത്തന്നെ അനുവദനീയമാണ്. എന്നാൽ അത് നൽകുന്നത് നാം പേയ്മെൻ്റിന് വേണ്ടി ഉപയോഗിക്കുന്ന ബാങ്കോ, ഇ- വാലറ്റുകളോ ആണെങ്കിൽ അവ പലിശ സ്ഥാപനങ്ങളാണെങ്കിൽ അവയുടെ കാശ് ബാക്ക് ഓഫറുകൾ നമുക്ക്  അനുവദനീയമല്ല. അപ്രകാരം വല്ല തുകയും ഒരാൾക്ക് ലഭിച്ചാൽ തന്നെ അത് പാവപ്പെട്ടവർക്ക് നൽകുകയാണ് വേണ്ടത്. കൂടുതൽ മനസ്സിലാക്കാൻ ഈ ലേഖനം വായിക്കാം: 

ഈ വാലറ്റ് കാശ് ബാക്ക് ഓഫേഴ്‌സ് അനുവദനീയമോ ?  ലിങ്ക്: https://www.fiqhussunna.com/2019/06/blog-post_12.html   

അല്ലാഹു അനുഗ്രഹിക്കട്ടെ.. 

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ