Wednesday, April 28, 2021

കോവിഡ് ടെസ്റ്റ്, വാക്സിൻ ഇവ മുഖേന നോമ്പ് മുറിയുമോ ? മറുപടി പ്രതീക്ഷിക്കുന്നു.


ചോദ്യം: കോവിഡ് ടെസ്റ്റ്, വാക്സിൻ ഇവ മുഖേന നോമ്പ് മുറിയുമോ ?മറുപടി പ്രതീക്ഷിക്കുന്നു.


www.fiqhussunna.com 

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ 

കോവിഡ് ടെസ്റ്റ് ചെയ്തത് കൊണ്ടോ , വാക്‌സിൻ സ്വീകരിച്ചത് കൊണ്ടോ നോമ്പ് മുറിയുകയില്ല. ഒരാൾ തൻ്റെ ശരീരത്തിലേക്ക് കുത്തിവെപ്പിലൂടെ സ്വീകരിക്കുന്ന മരുന്നുകളെ രണ്ടായി തരം തിരിക്കാം. ഒന്ന് ഭക്ഷണ പാനീയങ്ങൾക്ക് പകരമാകുന്നത്, മറ്റൊന്ന് ഭക്ഷണ പാനീയങ്ങൾക്ക് പകരമാകാത്തവ. 

ഇതിൽ രോഗിക്ക് ഗ്ലൂക്കോസ് കയറ്റുന്നത് പോലെ  ഭക്ഷണ പാനീയങ്ങൾക്ക് പകരമായി ഗണിക്കാവുന്നവയാണ് എങ്കിൽ അവ നോമ്പ് മുറിയാൻ കാരണമാകും. എന്നാൽ അല്ലാത്തവ നോമ്പ് മുറിയാണ് കാരണമാകുകയില്ല.

അതുകൊണ്ടുതന്നെ ഇൻസുലിൻ , ലോക്കൽ അനസ്തേഷ്യ, വാക്‌സിൻ ഇവയൊന്നും നോമ്പ് മുറിയാണ് കാരണമാകുകയില്ല. 

ജിദ്ദയിൽ നടന്ന അന്താരാഷ്‌ട്ര ഫിഖ്ഹ് അക്കാദമിയുടെ കോൺഫറൻസിൽ ഈ വിഷയം ചർച്ച ചെയ്ത ശേഷം അവർ എത്തിച്ചേർന്ന തീരുമാനങ്ങളിൽ ഇപ്രകാരം കാണാം: 

 "الأمور الآتية لا تعتبر من المفطرات : الحُقن العلاجية الجلدية أو العضلية أو الوريدية، باستثناء السوائل والحقن المغذية"

"ഈ പറയുന്ന കാര്യങ്ങൾ നോമ്പ് മുറിയുന്നവയിൽ പെടുകയില്ല: ഭക്ഷണ പാനീയങ്ങൾക്ക് പകരമാകുന്ന ഇഞ്ചക്ഷനുകളും മെഡിസിനുകളും ഒഴികെ   തൊലിയിലോ, മസിലിലോ , ഞരമ്പിലോ എടുക്കുന്ന ചികിത്സാ ഇഞ്ചക്ഷനുകൾ നോമ്പ് മുറിക്കുകയില്ല"  - 

[قرار مجمع الفقه الإسلامي المنعقد في دورة مؤتمره العاشر بجدة في المملكة العربية السعودية خلال الفترة من 23-28 صفر 1418هـ الموافق 28 - حزيران (يونيو) - 3 تموز (يوليو) 1997م]  

അതുപോലെ ശൈഖ് ഇബ്നു ബാസ് (റ) യോട് ഈ വിഷയം ചോദിക്കപ്പെട്ടു: 

" هل حقن التطعيم تؤثر على الصيام؟".

ചോദ്യം: വാക്‌സിനേഷൻ ഇഞ്ചക്ഷനുകൾ നോമ്പിനെ ബാധിക്കുമോ ?. 

അദ്ദേഹം പറഞ്ഞു: 

" لا تؤثر، الصيام صحيح، فالإبر التي للتطعيم، والإبر التي للعلاج لا تؤثر على الصحيح، إلا الإبر التي للتغذية، الحقن التي للتغذية، فهذه التي تؤثر، أما الإبر العادية، الحقن العادية للتطعيم وغيره؛ فإن الصواب أنها لا تؤثر، والصوم صحيح.

"ഇല്ല. അവ നോമ്പിനെ ബാധിക്കുകയില്ല. വാക്സിൻ എടുത്താലും നോമ്പ് സാധുവാണ്. ഭക്ഷണപാനീയങ്ങൾക്ക് പകരമാകുന്ന കുത്തിവെപ്പുകളല്ലാതെ,  വാക്സിനേഷനും മറ്റു ചികിത്സാ ആവശ്യങ്ങൾക്കുള്ള ഇഞ്ചക്ഷനുമൊന്നും  നോമ്പിനെ ബാധിക്കുകയില്ല. ഭക്ഷണപാനീയങ്ങൾക്ക് പകരമാകുന്ന രൂപത്തിലുള്ളവ നോമ്പിനെ ബാധിക്കും. എന്നാൽ സാധാരണ വാക്സിനേഷനും മറ്റുമൊക്കെയായിട്ടുള്ള ഇഞ്ചക്ഷനുകളാകട്ടെ ശരിയായ അഭിപ്രായപ്രകാരം അവ നോമ്പിനെ ബാധിക്കുകയില്ല. അയാളുടെ നോമ്പ് ശരിയായിരിക്കും". - [https://binbaz.org.sa/fatwas/28463/].

അതുകൊണ്ടുതന്നെ കോവിഡ് വാക്സിൻ എടുക്കുന്നതു കോവിഡ് ടെസ്റ്റ് നടത്തുന്നതോ ഒന്നും തന്നെ നോമ്പ് മുറിയാണ് ഇടവരുത്തുകയില്ല. 

അല്ലാഹു അനുഗ്രഹിക്കട്ടെ... 

___________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് PN 

സകാത്ത് ഒരു പഠനം EP 11 I സംശയനിവാരണം ഭാഗം 1 സ്വർണ്ണാഭരണങ്ങളുടെ സക്കാത്ത്

Tuesday, April 27, 2021

ജോലിയിലെ പ്രയാസം കാരണം നോമ്പ് ഒഴിവാക്കാമോ ?


ചോദ്യം: ജോലിയുടെ കാഠിന്യം കാരണം നോമ്പെടുക്കാൻ പ്രയാസം. പിന്നീട് നോറ്റു വീട്ടിയാൽ മതിയോ..?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة السلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

പരിശുദ്ധ റമദാനിലെ നോമ്പ് ഒരു വിശ്വാസിക്ക് നിർബന്ധമാണല്ലോ. ജോലിക്ക് വേണ്ടി അത് മുറിക്കാം എന്ന് പൊതുവായി പറയുക സാധ്യമല്ല. റമദാനിലെ നോമ്പ് നിർബന്ധമായ ഇബാദത്തും പരിശുദ്ധ ഇസ്‌ലാമിലെ പഞ്ച സ്തംഭങ്ങളിൽ ഒന്നുമാണ്. ജോലിയിലും മറ്റു കാര്യങ്ങളിലുമൊക്കെ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്ത് നോമ്പ് നോൽക്കുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്.   

ഇനി ഒരാളുടെ ജോലി വളരെ പ്രധാനപ്പെട്ടതും ആളുകളുടെ സുരക്ഷയുമായോ, ജീവനുമായോ ഒക്കെ ബന്ധപ്പെട്ട് നിൽക്കുന്നതും ഒഴിച്ചുകൂടാൻ പറ്റാത്തതുമായ ജോലിയാണ് എങ്കിൽ,  നോമ്പിനോടൊപ്പം  ആ ജോലി ചെയ്യാൻ സാധിക്കാതെ വന്നാൽ മാത്രം നോമ്പ് ഒഴിവാക്കുകയും പിന്നീട് നോറ്റുവീട്ടുകയുമാവാം. അത്തരം കൃത്യമായ കാരണം ഉണ്ടാകണം എന്നർത്ഥം. 

എന്നാൽ അല്ലാത്ത മറ്റു ജോലികളൊക്കെ ആണെങ്കിൽ നോമ്പ് ഉപേക്ഷിക്കുകയല്ല മറിച്ച് അതിൻ്റെ സമയക്രമം മാറ്റുകയോ, ജോലിയിൽ ആവശ്യമായ ക്രമീകരണങ്ങൾ കൊണ്ടവരുകയോ, ഇനി അതിനും സാധിക്കാത്ത പക്ഷം ലീവ് എടുക്കുകയോ ഒക്കെയാണ് ചെയ്യേണ്ടത്. . 


ഇനി ചില ആളുകളെ സംബന്ധിച്ചിടത്തോളം നോമ്പായാൽ പോലും കുടുംബം പട്ടിണി കിടക്കാതിരിക്കണമെങ്കിൽ അദ്ധ്വാനിച്ചേ മതിയാകൂ എന്ന രൂപത്തിലുള്ള ആളുകൾ ഉണ്ട്. ഒരുപക്ഷെ മറ്റു ജോലികൾ അവർക്ക് വശമില്ലായിരിക്കാം. അവർക്ക് ചിലപ്പോൾ വല്ലാത്ത ക്ഷീണം ഉണ്ടാകുകയും നോമ്പ് മുറിക്കേണ്ടി വരുന്ന നിർബന്ധിത സാഹചര്യം ഉണ്ടാകുകയും ചെയ്‌താൽ നോമ്പ് മുറിക്കുകയും പിന്നീട് നോറ്റു വീട്ടുകയും ചെയ്യാം. അതൊരു നിർബന്ധിത സാഹചര്യമാണല്ലോ. 

എന്നാൽ അത്തരം ഒരു നിർബന്ധിത സാഹചര്യം ഇല്ലാത്ത ഒരാൾക്ക് കേവലം ജോലി കാരണം പറഞ്ഞുകൊണ്ട് നോമ്പ് ഒഴിവാക്കാവുന്നതല്ല. ഓരോരുത്തരുടെയും നിയ്യത്തും സാഹചര്യങ്ങളും അല്ലാഹു സൂക്ഷമമായി അറിയുന്നുവല്ലോ... 

 ലജ്‌നതുദ്ദാഇമയോട് ഈ വിഷയ സംബന്ധമായി വന്ന ചോദ്യത്തിന്  അവർ നൽകിയ മറുപടി: 

من المعلوم من دين الإسلام بالضرورة أن صيام شهر رمضان فرض على كل مكلف وركن من أركان الإسلام ، فعلى كل مكلف أن يحرص على صيامه تحقيقاً لما فرض الله عليه ، رجاء ثوابه وخوفاً من عقابه دون أن ينسى نصيبه من الدنيا ، ودون أن يؤثر دنياه على أخراه ، وإذا تعارض أداء ما فرضه الله عليه من العبادات مع عمله لدنياه وجب عليه أن ينسق بينهما حتى يتمكن من القيام بهما جميعاً ،  يجعل الليل وقت عمله لدنياه ، فإن لم يتيسر ذلك أخذ إجازة من عمله شهر رمضان ولو بدون مرتب ، فإن لم يتيسر ذلك بحث عن عمل آخر يمكنه فيه الجمع بين أداء الواجبين ولا يؤثر جانب دنياه على جانب آخرته ، فالعمل كثير ، وطرق كسب المال ليست قاصرة على مثل ذلك النوع من الأعمال الشاقة

"പ്രായപൂർത്തി എത്തിയ വിവേകമുള്ള ഓരോ മുസ്‌ലിമിനും നോമ്പ് നിർബന്ധമാണ് എന്നതും അത് ദീനിൻ്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണ് എന്നതും ദീനിലെ ബാലപാഠമാണല്ലോ. അതുകൊണ്ടുതന്നെ തൻ്റെ ഭൗതികപരമായ ആവശ്യങ്ങളെ വിസ്മരിക്കാതെത്തന്നെ അല്ലാഹുവിൻ്റെ പ്രതിഫലം കരസ്ഥമാക്കാനും ശിക്ഷയിൽ നിന്നും രക്ഷനേടാനും വേണ്ടി  അല്ലാഹു  തആല കല്പിച്ച ആ ഫർള് പൂർത്തീകരിക്കാൻ പ്രായപൂർത്തിയെത്തിയ വിവേകമുള്ള ഓരോ വിശ്വാസിയും പരിശ്രമിക്കേണ്ടതുണ്ട്. അവിടെ തൻ്റെ ദുനിയാവ് ആഖിറത്തിന് തടസ്സമാകരുത്. ഇനി തൻ്റെ ഭൗതികപരമായ തൊഴിലും ആവശ്യങ്ങളും ഇബാദത്തുകൾക്ക് തടസ്സമായി വന്നാൽ അവ രണ്ടും നിർവഹിക്കാവുന്ന വിധം ക്രമീകരണങ്ങൾ നടത്തുകയാണ് ഒരാൾ ചെയ്യേണ്ടത്. സാധിക്കുമെങ്കിൽ തൻ്റെ ജോലി രാത്രീയാക്കി അത് പരിഹരിക്കാം. ഇനി അതിന് സാധിക്കാത്ത പക്ഷം റമളാനിൽ ലീവ് എടുക്കാം, സാലറി ഇല്ലാത്ത ലീവാണെങ്കിൽ പോലും. ഇനി അത് ഒരാൾക്ക് സാധിക്കുകയില്ലയെങ്കിൽ തനിക്ക് തൻ്റെ ഇബാദത്തുകളും ഭൗതികപരമായ ആവശ്യങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുന്ന മറ്റൊരു ജോലി അന്വേഷിക്കാം. ഈ ജോലി മാത്രമേയുള്ളൂ എന്ന് പറയാൻ സാധിക്കില്ലല്ലോ".  - [فتاوى اللجنة الدائمة للبحوث العلمية والإفتاء : ( 10 / 234 – 236 ) ].

അഥവാ പരമാവധി ഒരാൾ ഈ വിഷയത്തിൽ സൂക്ഷ്‌മത പുലർത്തുക തന്നെ വേണം എന്നർത്ഥം.

അല്ലാഹു അനുഗഹിക്കുമാറാകട്ടെ... 

_____________________________


അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 

കച്ചവടക്കാരൻ ക്രെഡിറ്റിൽ എടുത്ത സ്റ്റോക്കിന് സകാത്ത് കൊടുക്കേണ്ടതുണ്ടോ ?.


ചോദ്യം: അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്...  പ്രിയപ്പെട്ട ഉസ്താദേ, കച്ചവട സംബന്ധമായ ഒരു സംശയം ചോദിക്കുകയാണ് .കച്ചവട  വസ്തുവിൻറെ സക്കാത്ത് കാൽക്കുലേറ്റ് ചെയ്യുമ്പോൾ ക്രെഡിറ്റിന് എടുത്ത സാധനങ്ങൾ നിലവിലുള്ള സ്റ്റോക്കിൻറെ കൂടെ  ഉൾപ്പെടുത്തി അവയ്ക്കും കൂടി സകാത്ത് കൊടുക്കേണ്ടതുണ്ടോ ?. 

www.fiqhussunna.com 

ഉത്തരം:

..وعليكم السلام ورحمة الله وبركاته 


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ 


ഒരു കച്ചവടക്കാരൻ്റെ കൈവശം ക്രെഡിറ്റിൽ എടുത്ത സ്റ്റോക്ക് ഉണ്ടെങ്കിൽ അതിനെ നമുക്ക് രണ്ടായി തരം തിരിക്കാം.

ഒന്ന്: ആ കച്ചവടക്കാരൻ വാങ്ങിക്കുകയും തൻ്റേത് ആയിത്തീരുകയും ചെയ്ത സ്റ്റോക്ക്. അത് അദ്ദേഹം ക്രെഡിറ്റിൽ കടമായി എടുത്തതാണെങ്കിലും ശരി തൻ്റെ ഉടമസ്ഥതയിലേക്ക് വരുന്ന രൂപത്തിൽ അത് പർച്ചേസ് ചെയ്തിട്ടുണ്ടെങ്കിൽ സകാത്ത് നൽകേണ്ട സ്റ്റോക്കിൽ അതും ഉൾപ്പെടും.

അദ്ദേഹത്തിന് അതിൻ്റെ പണം കൊടുത്ത് തീർക്കാൻ ബാധ്യതയായുണ്ടെങ്കിൽ കൂടി, അത് അദ്ദേഹം പർച്ചേസ് ചെയ്യുകയും അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റോക്ക് ആയി മാറുകയും ചെയ്തതിനാൽ സ്വാഭാവികമായും ആ കടയുടെ സകാത്ത് കണക്കാക്കുമ്പോൾ സ്റ്റോക്കിൽ അതും ഉൾപ്പെടുത്തണം. സകാത്ത് നൽകാനുള്ള കാലാവധി എത്തുമ്പോൾ അതിന് സകാത്ത് നൽകുകയും വേണം. 

രണ്ട്:  ഇനി രണ്ടാമത്തെ രൂപം ഒരാൾ മറ്റൊരു കമ്പനിയുടെ അല്ലെങ്കിൽ മറ്റൊരാളുടെ കുറച്ച് സാധനങ്ങൾ തൻ്റെ കടയിൽ ഡിസ്പ്ളേക്ക്  വെക്കുന്നു. വിറ്റ് പോകുന്നവയുടെ തുക സപ്ലയർക്ക് കൊടുക്കും. ആ വസ്തുക്കൾ തൻ്റെ ഉടമസ്ഥതയിലേക്ക് വന്നിട്ടില്ല. അതിൻ്റെ ഉടമസ്ഥർ സപ്ലൈ ചെയ്യുന്ന കമ്പനി തന്നെയാണ്. എങ്കിൽ അതിൻ്റെ സകാത്ത് നൽകേണ്ടത് അവരായിരിക്കും. അത് തൻ്റെ സ്റ്റോക്കിൽ കൂട്ടേണ്ടതില്ല. ആദ്യം പറഞ്ഞ രൂപത്തിൽ നിന്നും വ്യത്യസ്ഥമായി, കേവലം തൻ്റെ ഷോപ്പിൽ ആ പ്രോഡക്റ്റ്സ്  ഡിസ്പ്ളേക്ക് വെക്കുകയും വിൽക്കപ്പെട്ടാൽ ആ വിറ്റവയുടെ തുക സപ്ലയർക്ക് നൽകുകയും വിൽക്കപ്പെട്ടില്ലെങ്കിൽ സപ്ലയർ സാധനം തിരിച്ചെടുക്കകയും ചെയ്യുന്നതാണ് ഈ പറയുന്ന രീതി. ഇവിടെ അതിൻ്റെ ഉടമസ്ഥൻ സപ്ലെയിങ് കമ്പനി തന്നെയാണ്. അതുകൊണ്ടുഅതിൻ്റെ സകാത്ത് നൽകേണ്ടതും അവരാണ്. 

ചുരുക്കിപ്പറഞ്ഞാൽ ക്രെഡിറ്റിൽ എടുത്തതാണെങ്കിലും അല്ലെങ്കിലും തൻ്റെ ഉടമസ്ഥതയിലുള്ള കച്ചവട വസ്‌തുക്കളുടെ സകാത്ത് സമയബന്ധിതമായി നൽകാൻ ഓരോരുത്തരും ബാധ്യസ്ഥരാകും. 

കച്ചവട വസ്തുക്കളുടെ സകാത്ത് നാം മുൻപ് വിശദമായി വിശദീകരിച്ചിട്ടുണ്ട്. ആ ലേഖനം ഈ ലിങ്കിൽ വായിക്കാം:  https://www.fiqhussunna.com/2014/07/blog-post_11.html

അതുപോലെ കച്ചവടക്കാർ സകാത്ത് കണക്ക് കൂട്ടുമ്പോൾ തൻ്റെ കൈവശമുള്ള മൊത്തം സ്റ്റോക്ക് കണക്കാക്കി അതിൻ്റെ ആവറേജ് സെല്ലിങ് പ്രൈസ് + കാശ് എന്നിവ ടോട്ടൽ എത്രയാണോ അതിൻ്റെ രണ്ടര ശതമാനം നൽകിയാൽ മതി. കിട്ടാനുള്ള കടം കൂട്ടുകയോ, കൊടുക്കാനുള്ള കടം കുറക്കുകയോ ചെയ്യേണ്ടതില്ല. 

അല്ലാഹു അനുഗ്രഹിക്കട്ടെ ..
_____________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ