കടത്തിന്‍റെ സകാത്ത്:
الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛
മറ്റൊരാളിൽ നിന്നും തനിക്ക് ലഭിക്കുവാനുള്ള പണത്തിന് സകാത്ത് നല്‍കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഒരാളില്‍ നിന്നും തനിക്ക് ലഭിക്കാനുള്ള കടം രണ്ടു വിധമാണ്. തിരിച്ചു കിട്ടാനുള്ള സമയമെത്തിയതും സമയമെത്താത്തതും.
1.
കടം തിരിച്ചു നല്‍കാനുള്ള വ്യക്തി തിരിച്ചു നല്‍കാന്‍ പ്രാപ്തിയുള്ള ആളാണ് എങ്കില്‍, തന്‍റെ സകാത്ത് കണക്കു കൂട്ടുന്നതോടൊപ്പം കടമായി തിരിച്ചു കിട്ടാനുള്ള സംഖ്യയും കൂട്ടണം. അഥവാ ആ കടത്തിന് വര്‍ഷാവര്‍ഷം സകാത്ത് നല്‍കണം. ഇതാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം, അതുപോലെ ഇമാം അഹ്മദില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരഭിപ്രായവും ഇതാണ്. അബൂ ഉബൈദ് (റഹി), ഇസ്ഹാഖ് ബിന്‍ റാഹവൈഹി (റഹി) യുടെയും അഭിപ്രായവും ഇതാണ്. അതുപോലെ ഉമറുബ്നുല്‍ ഖത്താബ് (റ), ജാബിര്‍ (റ) ഇബ്നു ഉമര്‍ (റ) തുടങ്ങിയവരില്‍ നിന്നും ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്([1]).
2.
കടം തിരിച്ചുതരാനുണ്ട് എന്നത് അംഗീകരിക്കുന്ന ആളില്‍ നിന്നും തിരികെ ലഭിക്കാനുള്ള കടമാണ് എങ്കിലും, ഇനി കടം മനപ്പൂര്‍വ്വം തിരിച്ചു നല്‍കാത്ത ആളാണെങ്കില്‍ അയാള്‍ക്കെതിരില്‍ തന്റെ കൈവശം തെളിവുണ്ട് എങ്കിലും, തന്റെ കൈവശമുള്ള പണത്തെപ്പോലെത്തന്നെ കിട്ടാനുള്ള കടത്തിന്‍റെ സകാത്തും വര്‍ഷാവര്‍ഷം ബാധകമാണ്. എന്നാല്‍ അത് കടം തിരിച്ചുകിട്ടിയതിനു ശേഷം ഒരുമിച്ച് നല്‍കുകയോ, അതത് വര്‍ഷം നല്‍കുകയോ ചെയ്യാം. ഇതാണ് ഇമാം അബൂ ഹനീഫ (റഹി) യുടെ അഭിപ്രായം. ([2]) അവധി എത്തിയോ അതോ എത്തിയിട്ടില്ലേ എന്നുള്ളത് ഇമാം അബൂ ഹനീഫ (റഹി) പരിഗണിക്കുന്നില്ല.
3.
അതാത് വര്‍ഷങ്ങള്‍ക്കുള്ള സകാത്ത് ബാധകമാണ് അത് അതാത് വര്‍ഷം കൊടുക്കുകയോ
തിരികെ കിട്ടുമ്പോൾ ഒരുമിച്ച് കൊടുക്കുകയോ ചെയ്യുക എന്നതാണ് ഇമാം അഹ്മദില്‍ നിന്നുമുള്ള മറ്റൊരു അഭിപ്രായം. സുഫ്‌യാന്‍ അസൗരി (റഹി) യും ഈ അഭിപ്രായക്കാരനാണ്.
4.
കടം തിരിച്ചു നല്‍കാനുള്ള ആള്‍ തിരിച്ചു നല്‍കാന്‍ പ്രാപ്തിയുള്ള ആള്‍ ആണെങ്കിലും അല്ലെങ്കിലും ആ പണം തിരികെ ലഭിച്ചാല്‍ ഉടനെ ഒരു വര്‍ഷത്തെ സകാത്ത് മാത്രം നല്‍കുക. മുന്‍പ് പിന്നിട്ട് പോയ വര്‍ഷങ്ങളുടെ സകാത്ത് നല്‍കേണ്ടതില്ല. ഇമാം മാലിക് (റഹി) യുടെ അഭിപ്രായം ഇതാണ്([3]).
ഹമ്പലീ മദ്ഹബിലെ അഭിപ്രായങ്ങളില്‍ ഒന്നും ഇതാണ്. ഉമറുബ്നു അബ്ദുല്‍ അസീസ് (റഹി) യില്‍ നിന്നും ഇബ്നു അബ്ദുല്‍ ബര്‍ (റഹി) അദ്ദേഹത്തിന്‍റെ ഇസ്തിദ്കാര്‍ എന്ന ഗ്രന്ഥത്തില്‍ ഇതേ അഭിപ്രായം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്[4].
ഉമാറുബ്നു അബ്ദുല്‍ അസീസ് (റഹി) ഇത് നിര്‍ദേശിച്ചുകൊണ്ട് മൈമൂന്‍ ബിന്‍ മഹ്റാന്‍ (റഹി) കത്തെഴുതിയതായി സുഫ്’യാനുബ്നു ഉയൈന (റഹി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷെ ആ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ അത് തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലാത്ത പണം ആയതുകൊണ്ടാണ് ഉമറുബ്നു അബ്ദുല്‍ അസീസ് (റഹി) ഒരു സകാത്ത് മാത്രം നല്‍കാന്‍ ആവശ്യപ്പെട്ടത് എന്ന് കാണാം. എന്നാല്‍ തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ളതാണ് എങ്കില്‍ എല്ലാ വര്‍ഷത്തെ സകാത്തും നല്‍കണം എന്നതാണ് ഉമറുബ്നു അബ്ദുല്‍ അസീസ് (റഹി) യുടെ അഭിപ്രായമെന്ന് മനസ്സിലാക്കാം.
5.
തിരിച്ചുകിട്ടാനുള്ള അവധിയെത്താത്ത കടത്തിന് സകാത്ത് ബാധകമല്ല. ഇതാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റഹി) യുടെ അഭിപ്രായം. ശാഫിഈ മദ്ഹബിലെ പഴയ അഭിപ്രായവും ഇതാണ്. ഇബ്നുല്‍ മുന്‍ദിര്‍ ഇബ്നു ഉമര്‍ (റ) വില്‍ നിന്നും, ആഇശ (റ) യില്‍ നിന്നും, ഇക്’രിമ (റഹി) , അത്വാഅ് (റഹി) യില്‍ നിന്നും ഉദ്ദരിക്കുന്നതായി ഇമാം ബൈഹഖി അദ്ദേഹത്തിന്‍റെ സുനനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്([5]).
അഥവാ ഈ അഭിപ്രായപ്രകാരം കടം തിരിച്ചുകിട്ടിയാല്‍ പിന്നീട് ഹൗല്‍ തികയുമ്പോള്‍ അതിന്‍റെ സകാത്ത് നല്‍കിയാല്‍ മതി.
6.
കടത്തിന്‍റെ സകാത്തിനെ സംബന്ധിച്ച് പ്രതിപാദിക്കുന്ന സുവ്യക്തമായ പ്രമാണങ്ങള്‍ വരാത്തത് കൊണ്ടാണ് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടാകാന്‍ കാരണം. സകാത്ത് ബാധകമാണ് എന്ന് പറയുന്നവര്‍ പൊതുവേ സമ്പത്തുക്കളില്‍ സകാത്ത് ബാധകമാണ് എന്ന തെളിവുകളെ അവലംബിച്ചുകൊണ്ടാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. സകാത്ത് ബാധകമല്ല എന്ന അഭിപ്രായക്കാരാകട്ടെ അത് ബാധകമല്ല എന്ന് പ്രതിപാദിക്കപ്പെട്ട അസറുകളെ അവലംബിച്ചുകൊണ്ടും. ഏതായാലും ഇതൊരു ഇജ്തിഹാദിയായ വിഷയമാണ്.
ഇനി സാന്ദർഭികമായി പറയാനുള്ളത് പ്രബലമായ അഭിപ്രായം അവധിയെത്താത്ത തിരിച്ച് ലഭിക്കാനുള്ള കടത്തിന് സകാത്ത് ബാധകമല്ല എന്നതാണെങ്കിലും തിരിച്ചുകിട്ടുമെന്ന് ഏകദേശം ഉറപ്പുള്ള കടമാണ് എങ്കില്‍ തൻ്റെ സകാത്ത് കണക്കു കൂട്ടുമ്പോള്‍ ഒരാൾ കൂടുതൽ സൂക്ഷ്‌മത ആഗ്രഹിച്ചുകൊണ്ട് ആ പണത്തിൻ്റെ സകാത്ത് കൂടി കണക്കുകൂട്ടി നൽകുകയാണ് എങ്കിൽ അത് നല്ലത് തന്നെയാണ്. അപ്രകാരം ചെയ്യുന്നതിൽ തെറ്റില്ല. അഭിപ്രായഭിന്നതയിൽ നിന്നും പുറം കടക്കാൻ അതുവഴി സാധിക്കും. ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) ശൈഖ് ഇബ്നു ബാസ് (റഹി) തുടങ്ങി അനേകം പണ്ഡിതന്മാര്‍ക്ക് തിരികെ കിട്ടുമെന്ന് ഉറപ്പുള്ള കടമാണ് എങ്കിൽ എല്ലായിപ്പോഴും സകാത്ത് നൽകണം എന്ന അഭിപ്രായക്കാരാണ് എന്നതുകൂടി സൂചിപ്പിച്ചുവല്ലോ. എന്നാൽ അപ്രകാരം ചെയ്യൽ ഒരാളുടെ മേൽ ബാധ്യതയാണ് എന്ന് പറയാൻ തെളിവില്ല എന്ന് തന്നെയാണ് മനസ്സിലാകുന്നത്.
അഥവാ സകാത്ത് കണക്കുകൂട്ടുന്ന വ്യക്തി മറ്റുള്ളവര്‍ക്ക് നല്‍കുവാനുള്ള കടം. സകാത്ത് കണക്കു കൂട്ടുമ്പോള്‍ ഈ സംഖ്യ അതില്‍ നിന്നും കുറക്കാമോ എന്നതാണ് ഇവിടെയുള്ള ചര്‍ച്ച. ഈ വിഷയത്തിലെ പ്രബലമായ അഭിപ്രായം ഒരാള്‍ സകാത്ത് കണക്കുകൂട്ടുന്നതിന് മുന്‍പ് അയാളുടെ കടം വീട്ടുകയാണ് എങ്കില്‍ ആ പണത്തിന് സകാത്ത് ബാധകമാകുകയില്ല എന്നതാണ്. ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) ഈ വിഷയം വിശദീകരിച്ച ശേഷം രേഖപ്പെടുത്തിയത് ഒരാള്‍ സകാത്ത് കണക്കുകൂട്ടുന്നതിനു മുന്‍പായി അയാളുടെ കടം വീട്ടുന്നതിലേക്ക് അഥവാ കടക്കാരന് നല്‍കുന്നത്തിലേക്ക് നീക്കിവെക്കുന്ന പണത്തിന് സകാത്ത് നല്‍കേണ്ടതില്ല എന്നതാണ്. കാരണം ഉസ്മാനു ബ്നു അഫ്ഫാന്‍ (റ) : “ഇതാകുന്നു നിങ്ങളുടെ സകാത്ത് നല്‍കാനുള്ള മാസം. അതിനാല്‍ നിങ്ങളുടെ കടങ്ങള്‍ കൊടുത്ത് വീട്ടുകയും ശേഷം സകാത്ത് നല്‍കുകയും ചെയ്യട്ടെ” എന്ന് ജനങ്ങളോട് പറയാറുണ്ടായിരുന്നു. ആ നിലക്ക് കടം വീട്ടിയ ശേഷം ബാക്കി കൈവശമുള്ള പണം നിസ്വാബ് തികയുന്നുണ്ട് എങ്കില്‍ സകാത്ത് നല്‍കിയാല്‍ മതി. എന്നാല്‍ ശൈഖ് ഇബ്നു ബാസ് (റഹി) രേഖപ്പെടുത്തിയിട്ടുള്ളത് തന്‍റെ കൈവശമുള്ള നിസ്വാബെത്തിയ പണത്തിന് ഹൗല്‍ തികഞ്ഞാല്‍ അതിന്‍റെ സകാത്ത് നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ് എന്നതാണ്. കടം വീട്ടുന്നുവെങ്കില്‍ അത് ഹൗല്‍ തികയുന്നതിന് മുന്‍പ് ചെയ്തുകൊള്ളട്ടെ.
ഏതായാലും ഇപ്പോള്‍ തിരിച്ച് നല്‍കാന്‍ ഉദ്ദേശിക്കാത്ത കടം സകാത്ത് കണക്കുകൂട്ടുന്നതില്‍ നിന്നും കിഴിക്കാന്‍ പാടില്ല എന്ന് മനസ്സിലാക്കാം. അതാണ് പ്രബലമായ അഭിപ്രായം. ഒന്നുകില്‍ കടം വീട്ടുക ഇനി കടം ഇപ്പോള്‍ വീട്ടുന്നില്ല എങ്കില്‍ കടം പരിഗണിക്കാതെത്തന്നെ കൈവശമുള്ള പണം കണക്കുകൂട്ടി സകാത്ത് നല്‍കുക.
By. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ
[1] - إختلاف
الفقهاء ( 1 / 112)
[2] -
مختصر اختلاف العلماء (1/434)، حاشية رد المحتار (2/307). نور الإيضاح
( 1/127)
[3] - الاستذكار
( 9/96).
[4] -
الإستذكار كتاب الزكاة ، باب الزكاة في الدين 549. (9/96)
[5]-
سنن البيهقي (4 / 150 ) حديث : 7877