Friday, May 15, 2020

ഇഹ്‌റാമിൽ പ്രവേശിച്ച ശേഷം ഹജ്ജോ ഉംറയോ നിർവഹിക്കാൻ സാധിക്കാതെ വന്നാൽ എന്ത് ചെയ്യും ?.



ചോദ്യം:
 ഒരു സംഘം ഉംറക്ക് വേണ്ടി യാത്ര പുറപ്പെട്ടു മീഖാത്തിൽ എത്തുന്നതിനു മുമ്പ് 
ആക്‌സിഡന്റായി ഒരാൾ മരിച്ചു. ആ മരിച്ച ആളുടെ കൂടെ ഒരാൾ നാട്ടിൽ പോയി.   
അയാൾക്ക്‌  ഉംറ നിർബന്ധമാണോ ?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

ഹജ്ജിനോ ഉംറക്കോ വേണ്ടി لبيك اللهم عمرة അല്ലെങ്കിൽ لبيك اللهم حجا എന്ന് പറഞ്ഞുകൊണ്ട് നാം ഇഹ്‌റാമിൽ പ്രവേശിക്കുകയും ശേഷം വല്ല കാരണത്താലും അത് പൂർത്തിയാക്കാൻ സാധിക്കാതെ  വന്നാൽ അതിനാണ് (إحصار) എന്ന് പറയുന്നത്. അത്തരത്തിലുള്ള സാഹചര്യം ഉണ്ടായവരെ നമുക്ക് രണ്ടായി തരം തിരിക്കാം. തടസം നേരിട്ടാൽ തഹല്ലുലാകും എന്ന് ഇഹ്‌റാമിൽ പ്രവേശിക്കുമ്പോൾത്തന്നെ നിബന്ധന വെച്ചവരും അപ്രകാരം നിബന്ധന വെക്കാത്തവരും: 

ഒന്ന്: ഇഹ്‌റാമിൽ പ്രവേശിക്കുമ്പോൾത്തന്നെ എനിക്ക് വല്ല തടസവും നേരിട്ടാൽ ആ തടസ്സം നേരിടുന്നിടത്ത് വെച്ച് ഞാൻ ഇഹ്‌റാമിൽ നിന്നും തഹല്ലുലാകും എന്ന് നിബന്ധന വെച്ചുകൊണ്ട് ഇഹ്‌റാമിൽ പ്രവേശിച്ചവർ. അവരെ സംബന്ധിച്ചിടത്തോളം അവർക്ക് യാതൊന്നും ബാധകമാകുന്നില്ല. 

عَنْ عَائِشَةَ رضي الله عنها قَالَتْ : دَخَلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى ضُبَاعَةَ بِنْتِ الزُّبَيْرِ ، فَقَالَ لَهَا : (لَعَلَّكِ أَرَدْتِ الْحَجَّ ؟ قَالَتْ : وَاللَّهِ ، لَا أَجِدُنِي إِلَّا وَجِعَةً ، فَقَالَ لَهَا :حُجِّي وَاشْتَرِطِي ، وَقُولِي : اللَّهُمَّ مَحِلِّي حَيْثُ حَبَسْتَنِي ).

ആഇശ (റ) നിവേദനം: നബി (സ) ളുബാഅ ബിൻത് സുബൈറിൻ്റെ അരികിലേക്ക് വന്നുകൊണ്ട് അവരോട് പറഞ്ഞു: "നീ ഒരുപക്ഷെ ഹജ്ജ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടാകുമല്ലേ ?. അവർ പറഞ്ഞു:  പക്ഷെ  എനിക്ക് നല്ല വേദനയുള്ളത് കാരണത്താൽ എന്ത് ചെയ്യുമെന്നറിയില്ല ?. അപ്പോൾ റസൂൽ (സ) അവരോട് പറഞ്ഞു: "നീ ഹജ്ജിനുള്ള ഇഹ്‌റാമിൽ പ്രവേശിക്കുകയും 'അല്ലാഹുവേ, എനിക്ക് വല്ല തടസവും നേരിട്ടാൽ നീയെനിക്കാ തടസ്സം നല്കുന്നിടത്ത് വെച്ച് ഞാൻ തഹല്ലുലാകും' എന്ന് പറഞ്ഞുകൊണ്ട് നീ നിബന്ധന വെച്ചുകൊള്ളുക" - [സ്വഹീഹുൽ ബുഖാരി: 5089, സ്വഹീഹ് മുസ്‌ലിം: 1207]. 

ഈ ഹദീസിൽ അവർക്ക് ഹൈള് ഉണ്ടാകുമെന്ന് ഭയപ്പെട്ടപ്പോൾ, തടസ്സം നേരിടുന്ന പക്ഷം ഞാൻ തഹല്ലുലാകും എന്ന നിബന്ധനയോടെ ഇഹ്‌റാമിൽ പ്രവേശിക്കാനാണ് നബി (സ) കല്പിച്ചത്. അതുപ്രകാരം അങ്ങനെ ഒരാൾ നിബന്ധന വെച്ചാൽ വല്ല തടസ്സവും കാരണത്താൽ പൂർത്തീകരിക്കാൻ സാധിക്കാതെ പോയാൽ അയാളുടെ മേൽ ഒന്നും നിർബന്ധമാകുകയില്ല. 


രണ്ട്: ഇഹ്‌റാമിൽ പ്രവേശിക്കുന്ന സമയത്ത് അപ്രകാരം നിബന്ധന വെക്കാത്ത വ്യക്തിയാണ് എങ്കിൽ. ഇഹ്‌റാമിൽ പ്രവേശിച്ച ശേഷം ഹജ്ജോ ഉംറയോ നിർവഹിക്കാൻ സാധിക്കാതെ വന്നാൽ അവർക്ക് സാമ്പത്തിക ശേഷി ഉള്ളവരാണെങ്കിൽ ഒരു മൃഗത്തെ ബലി കഴിക്കൽ നിർബന്ധമായിത്തീരും. 

അല്ലാഹു പറയുന്നു: 

وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ فَإِنْ أُحْصِرْتُمْ فَمَا اسْتَيْسَرَ مِنْ الْهَدْيِ وَلَا تَحْلِقُوا رُءُوسَكُمْ حَتَّى يَبْلُغَ الْهَدْيُ مَحِلَّهُ

"നിങ്ങള്‍ അല്ലാഹുവിന്‌ വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ണ്ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക്‌ അവ നിര്‍വഹിക്കുന്നതിന്‌ തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക്‌ സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ ( ബലിയര്‍പ്പിക്കേണ്ടതാണ്‌).  ബലിമൃഗം എത്തേണ്ട സ്ഥാനത്ത്‌ എത്തുന്നത്‌ വരെ നിങ്ങള്‍ തല മുണ്ഡനം ചെയ്യാവുന്നതല്ല". - [അൽബഖറ: 196]. 

തനിക്ക് തടസം നേരിട്ടിടത്ത് സാധിക്കുമെങ്കിൽ അവിടെയോ , അതിന് സാധിക്കാത്ത പക്ഷം തൻ്റെ നാട്ടിലേക്ക് മടങ്ങിയ ശേഷമോ ഒരാടിനെയോ, മാടിനെയോ ബലിയറുത്ത് പാവങ്ങൾക്ക് ഇറച്ചി വിതരണം ചെയ്യുകയും തല മുണ്ഡനം ചെയ്ത് തഹല്ലുലാകുകയും  ചെയ്യണം. 

ഇനി ബലിയറുക്കാൻ സാമ്പത്തിക ശേഷി ഇല്ലാത്ത ഒരാളാണെങ്കിൽ അയാൾക്ക് തല മുണ്ഡനം തഹല്ലുലാകാം. അയാൾക്ക് മറ്റൊന്നും ബാധകമല്ല. മുത്തമത്തിഇനോട് ഖിയാസാക്കി അയാൾ പത്ത് ദിവസം നോമ്പ് നോൽക്കണം എന്ന് പറഞ്ഞവരുണ്ട്. എന്നാൽ തടസമുണ്ടാകുക എന്നത് വിശുദ്ധ ഖുർആനിൽ പരാമർശിച്ചിടത്ത് ഈ നോമ്പിൻ്റെ കാര്യം പരാമർശിക്കാത്തതിനാലും, തടസമുണ്ടാകുക എന്നതും തമത്തുഉം രണ്ടും രണ്ട് വിഷയമാകയാലും,  ഹുദൈബിയയിൽ വെച്ച് തടസം നേരിട്ടപ്പോൾ നബി (സ) ബലിയറുത്ത് തഹല്ലുലായ വേളയിൽ കൂടെയുള്ള ബലി മൃഗമില്ലാത്ത പാവപ്പെട്ട സ്വഹാബിമാരോട് നബി (സ) നോമ്പെടുക്കാൻ കല്‌പിക്കാത്തതിനാലും ബലി മൃഗം അറുക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവർ നേരെ മുടിയെടുത്താൽ മാത്രം മതി എന്ന് മനസ്സിലാക്കാം. 


ഇനി അങ്ങനെ തടസ്സം നേരിട്ട ഹജ്ജും ഉംറയും പിന്നീട്  വീട്ടേണ്ടതുണ്ടോ ?. 

ഒരാളുടെ ഫർളായ ഹജ്ജും ഉംറയും ആണെങ്കിൽ ആ കർമ്മം പൂർത്തീകരിക്കാൻ സാധിക്കാതെ വന്നതിനാൽ കഴിയുമെങ്കിൽ പിറ്റത്തെ വർഷം, അല്ലെങ്കിൽ സാധിക്കുന്ന സമയത്ത് അത് ചെയ്ത് വീട്ടേണ്ടതുണ്ട്. അതുപോലെത്തന്നെ ഒരാൾ നേർച്ചയാക്കിയ (അഥവാ അല്ലാഹുവേ ഞാൻ നിനക്കൊരു ഹജ്ജ് അല്ലെങ്കിൽ ഉംറ നേർച്ചയാക്കുന്നു എന്ന് പറഞ്ഞുകൊണ്ട് തൻ്റെ മേൽ സ്വയം നിർബന്ധമാക്കിയ)  ഹജ്ജോ ഉംറയോ ആണ് അതെങ്കിൽ അതും അയാൾ വീട്ടണം. എന്നാൽ പ്രതിഫലമാഗ്രഹിച്ചുകൊണ്ട് ഐഛികമായ നിലക്ക് അഥവാ സുന്നത്തായിക്കൊണ്ട് നിർവഹിക്കാൻ വന്നതായിരുവെങ്കിൽ അത് പിന്നെ വീട്ടേണ്ടതില്ല. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ. 

അവസാനമായി സാന്ദർഭികമായി സൂചിപ്പിക്കാനുള്ള ഒരു കാര്യം. ഒരാൾ വിദേശത്ത് മരണപ്പെട്ടാൽ അയാളുടെ മയ്യിത്ത് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകുകയല്ല മരണപ്പെട്ടിടത്ത് മറവ് ചെയ്യുകയാണ് ചെയ്യേണ്ടത്. അപ്രകാരം അന്യദേശത്ത് മരണപ്പെടുന്നത് ബന്ധുമിത്രാതികൾക്കും മറ്റും വലിയ വിഷമം ഉണ്ടാക്കിയേക്കാമെങ്കിലും മയ്യിത്തിന് കൂടുതൽ ഉചിതം ഏത് എന്നതാണ് നാം പരിഗണിക്കേണ്ടത്. മഹതിയായ ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) യുടെ സഹോദരൻ അബിസീനിയൻ താഴ്വരയിൽ വെച്ച് മരണപ്പെടുകയും അവർ മയ്യിത്ത് മദീനയിലേക്ക് കൊണ്ടുവരുകയും ചെയ്തപ്പോൾ അവർ പറഞ്ഞു: 

ما أجد فى نفسى أو يحزننى فى نفسى إلا أنى وددت أنه كان دفن في مكانه

"അദ്ദേഹത്തെ അവർ അദ്ദേഹം വഫാത്തായിടത്ത് തന്നെ ഖബറടക്കിയിരുന്നുവെങ്കിൽ എന്നതൊഴിച്ചാൽ വേറൊരു വിഷമമോ പ്രയാസമോ എൻ്റെ മനസിലില്ല" - [ബൈഹഖി : 4/57].

ബന്ധുമിത്രാതികൾക്ക് ഒരു പക്ഷെ ഏറെ വൈകാരികവും വലിയ വിഷമവും ഉണ്ടാക്കുന്ന കാര്യമായിരിക്കും അതെങ്കിലും അങ്ങനെ അന്യ ദേശത്ത് ഒരാൾ മരണപ്പെടാൻ ഇടവന്നാൽ അയാൾക്ക് അല്ലാഹു നിർണയിച്ചിട്ടുള്ള പ്രതിഫലം നോക്കൂ: 

 عَنْ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ قَالَ: " تُوُفِّيَ رَجُلٌ بِالْمَدِينَةِ عَنْ وَلَدٍ ، فَصَلَّى عَلَيْهِ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ:   يَا لَيْتَهُ مَاتَ فِي غَيْرِ مَوْلِدِهِ  ، فَقَالَ رَجُلٌ مِنَ الْقَوْمِ: وَلِمَ يَا رَسُولَ اللهِ؟ قَالَ:   إِنَّ الرَّجُلَ إِذَا مَاتَ فِي غَيْرِ مَوْلِدِهِ قِيسَ لَهُ مِنْ مَوْلِدِهِ إِلَى مُنْقَطَعِ أَثَرِهِ فِي الْجَنة

അബ്ദുല്ലാഹ് ബ്ൻ അംറു ബ്നുൽ ആസ് പറയുന്നു: ഒരു കുട്ടിയുള്ള ഒരാൾ മദീനയിൽ വെച്ച് വഫാത്തായി.  നബി (സ) അദ്ദേഹത്തിനുവേണ്ടി നമസ്കരിക്കുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്തു: അദ്ദേഹം ജനിച്ച നാട്ടിലല്ലാതെ മറ്റൊരു ദേശത്ത് മരിച്ചിരുന്നുവെങ്കിൽ ?!. അപ്പോൾ ആളുകളിൽ ഒരാൾ ചോദിച്ചു : അതെന്താ അല്ലാഹുവിൻ്റെ റസൂലേ അവിടുന്ന് അങ്ങനെ പറഞ്ഞത് ?. അദ്ദേഹം പറഞ്ഞു: ഒരാൾ തൻ്റെ ജന്മദേശത്തല്ലാതെ മരണപ്പെടുകയാണ് എങ്കിൽ അവൻ്റെ ജന്മദേശത്ത് നിന്നും അയാളുടെ കാലടികൾ അവസാനിച്ച അത്രയും ദൂരം സ്വർഗത്തിൽ അവന് നൽകപ്പെടും" - [നസാഇ : 1802, ഇബ്‌നു മാജ: 1614].

അതുകൊണ്ടുതന്നെ അന്യദേശത്ത് ഒരാൾ മരണപ്പെട്ടു എന്നതുകൊണ്ട് നാം സങ്കടപ്പെടേണ്ടതില്ല. മദീനത്ത് മരണപ്പെടുന്നതിന് പ്രത്യേകം ശ്രേഷ്‌ഠത അല്ലാഹുവിൻ്റെ റസൂൽ (സ) പഠിപ്പിച്ചിട്ടുണ്ട് എന്നിരുന്നിട്ട് കൂടി മദീനക്കാരനായ ഒരാളാണ് അന്യദേശത്ത് മരണപെടാൻ ഇടവരുന്നത് എങ്കിൽപ്പോലും ഒരന്യ ദേശത്ത് മരണപ്പെടേണ്ടി വന്നത് കാരണത്താൽ അല്ലാഹു വലിയ പ്രതിഫലം നൽകുമെന്ന് ഈ ഹദീസിലൂടെ മനസിലാക്കാം. 

അതുകൊണ്ടു അന്യദേശങ്ങളിൽ ഒരാൾ മരണപ്പെട്ടാൽ ഒരുപാട് ദിവസം വൈകിച്ചും, മയ്യിത്ത് എംബാം ചെയ്തുമൊക്കെ നാട്ടിലേക്ക് കൊണ്ടുപോകുകയെന്നത് മയ്യിത്തിനോട് അനാദരവ് കാണിക്കലാണ്. എത്രയും പെട്ടെന്ന് മറവ് ചെയ്യാനുള്ള നടപടികൾ ചെയ്യുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്. എത്രത്തോളമെന്നാൽ ഒരാൾ തൻ്റെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകണം എന്ന് വസ്വിയ്യത്ത് ചെയ്താൽപ്പോലും അത് പൂർത്തീകരിക്കാൻ മതപരമായ ബാധ്യതയില്ല എന്ന് വരെ ഇമാമീങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.  മയ്യിത്തിന് ഏതാണ് ഉചിതം എന്നതിലപ്പുറം ബന്ധുക്കളുടെ വൈകാരികമായ തലങ്ങൾ മാത്രമാണ് പലരും ഈ വിഷയത്തിൽ പരിഗണിക്കാറുള്ളത്. എന്നാൽ ഈ വിഷയത്തിലെ ശറഇയായ വശം ബന്ധുക്കൾക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് നാം ചെയ്യേണ്ടത്.  

അല്ലാഹു അനുഗ്രഹിക്കട്ടെ.. 

അബ്ദുറഹ്മാൻ അബ്ദുള്ളാത്തീഫ്  പി. എൻ 
________________________________________________________

Follow Fiqhussunna on Facebook: https://www.facebook.com/fiqhusunna/

Subscribe Fiqhussunna TV on YouTube:   https://www.youtube.com/channel/UCwq7He3Ulzukp5LXwzbWGfw