Saturday, September 17, 2016

ഗോവിന്ദച്ചാമിയുടെ കോടതി വിധി. ഒരിസ്‌ലാമിക നിരൂപണം.


 ഗോവിന്ദച്ചാമി എന്ന അക്രമിക്ക് കോടതി നല്‍കിയ ശിക്ഷയെ സംബന്ധിച്ചാണല്ലോ ഇന്ന് എവിടെയും ചര്‍ച്ച. ക്രൂരമായ പീഡനത്തിന് വിധേയയായി കൊല്ലപ്പെട്ട സൗമ്യ എന്ന പെണ്‍കുട്ടിക്ക് നീതി ലഭിച്ചില്ല എന്നതാണ് ഭാഷ്യം. ഇവിടെയാണ്‌ പ്രസ്തുത സംഭവത്തെയും അതിന് ഇസ്‌ലാമിക നിയമങ്ങളെയും സംബന്ധിച്ച് ചില ചര്‍ച്ചകള്‍ പ്രസക്തമാകുന്നത്.

www.fiqhussunna.com

ഈ ലോകത്തിന്‍റെ സൃഷ്ടാവായ അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ സന്മാര്‍ഗദര്‍ശനമാണ് ഇസ്‌ലാം. മനുഷ്യജീവിതത്തിലെ സര്‍വ മേഖലകളെക്കുറിച്ചും അത് പഠിപ്പിക്കുന്നുണ്ട്. എന്തിനധികം മഹാനായ സല്‍മാനുല്‍ ഫാരിസി (റ) വിന്‍റെ അരികില്‍ ഒരു ജൂതന്‍ വന്നുകൊണ്ട്‌ പരിഹാസരൂപേണ നിങ്ങളുടെ പ്രവാചകന്‍ നിങ്ങള്‍ക്ക് വിസര്‍ജന സമയത്തെ മര്യാദകള്‍ പോലും പഠിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അഭിമാനപുരസരം 'അതെ' എന്നതായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഭൗതിക ലോകത്തും മരണശേഷമുള്ള ജീവിതത്തിലും മനുഷ്യന് വിജയവും സമാധാനവും നിര്‍ഭയത്വവും കൈവരിക്കാന്‍ പ്രാപ്തമായ നിയമനിര്‍ദേശങ്ങളാണ് എല്ലാ മേഖലകളിലും ഇസ്‌ലാം പഠിപ്പിക്കുന്നത്.

കുറ്റകൃത്യങ്ങള്‍ക്കും നീതിയുക്തവും, തിന്മയുടെ വ്യാപനത്തിന് തടയിടാന്‍ പ്രാപ്തവും, മാതൃകാപരവുമായ ശിക്ഷാനിയമങ്ങളാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. ബലാല്‍സംഗത്തിന് വധശിക്ഷ നല്‍കുക എന്നതാണ് ഇസ്‌ലാമിന്‍റെ നിയമം. ഇര കൊല്ലപ്പെട്ടില്ലെങ്കിലും കുറ്റകൃത്യത്തിന്‍റെ ഗൌരവമനുസരിച്ച് ന്യായാധിപന് വധശിക്ഷ വിധിക്കാം. കാരണം ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യുക, അവരുടെ മേല്‍ ലൈംഗികമായ അതിക്രമം നടത്തുക തുടങ്ങിയവ ഭൂമിയില്‍ കുഴപ്പമുണ്ടാക്കലും, നിര്‍ഭയത്വം നഷ്ടപ്പെടുത്തലുമാണ്.

അവര്‍ക്കുള്ള ശിക്ഷ ഇതാണ്. അല്ലാഹു പറയുന്നു:

إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَن يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلَافٍ أَوْ يُنفَوْا مِنَ الْأَرْضِ ۚ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ (33)
"അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും." - [മാഇദ:33].

ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും മനുഷ്യന്‍റെ സമാധാനപൂര്‍ണമുള്ള ജീവിതത്തിനും സഞ്ചാരത്തിനും തടയിടുകയും ചെയ്യുന്ന ആളുകള്‍ക്കുള്ള ശിക്ഷയാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്. അവര്‍ ചെയ്യുന്ന പാപഗൗരവമനുസരിച്ചായിരിക്കും ശിക്ഷയുടെ കാഠിന്യം. നാടുകടത്തപ്പെടുക, കൈകാലുകള്‍ വിച്ചേദിക്കുക, വധശിക്ഷ നല്‍കുക, ക്രൂശിക്കുക തുടങ്ങി അവര്‍ ചെയ്ത പാപങ്ങള്‍ക്കനുസരിച്ച് ന്യായാധിപന് ശിക്ഷാവിധി നടപ്പാക്കാവുന്നതാണ്.  ഇത് മനുഷ്യന്‍റെ പ്രകൃതമറിയുന്ന  സൃഷ്ടാവില്‍ നിന്നും അവതീര്‍ണമായ നിയമമാണ്. അതില്‍ മനുഷ്യന് നീതിയും സമാധാനവും നിര്‍ഭയത്വവും ദര്‍ശിക്കാം. കുറ്റം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം. അത് പീഡിതര്‍ക്ക് നീതിയാണ്. കുറ്റം ചെയ്തവന് ശിക്ഷയാണ്. കുറ്റകൃത്യങ്ങള്‍ ഉദ്ദേശിക്കുന്നവര്‍ക്ക് താക്കീതാണ്.

ഗോവിന്ദച്ചാമി എന്നയാളുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോര്‍ട്ട് വിധിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വധശിക്ഷക്ക് വേണ്ടി വാദിച്ച വക്കീല്‍ പറഞ്ഞത്: "സൗമ്യക്ക് മാത്രമല്ല. അവരുടെ കുടുംബത്തിനും, ഈ സമൂഹത്തിനുമാണ് നീതി നിഷേധിക്കപ്പെട്ടത്".

ശിക്ഷിക്കപ്പെടാന്‍ കുറ്റം തെളിയുക എന്നത് ഇസ്‌ലാമിക നിയമപ്രകാരം അത്യധികം നിര്‍ബന്ധമാണ്‌. '(കുറ്റപത്രത്തില്‍) സംശയാസ്പദമായ സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ 'ഹുദൂദ്' അഥവാ ശറഅ് തത് വിഷയത്തില്‍ നിര്‍ണയിച്ച (വധശിക്ഷ, അംഗവിച്ചേദനം, അടി) തുടങ്ങിയ കഠിന ശിക്ഷ ഉപേക്ഷിക്കുക' എന്ന് നബി (സ) പഠിപ്പിച്ചതായിക്കാണാം. സാക്ഷികള്‍, സ്വയം കുറ്റം ഏറ്റു പറയല്‍, ശാസ്ത്രീയ-സാഹചര്യത്തെളിവുകള്‍ തുടങ്ങിയവയാണ് കുറ്റം തെളിയാന്‍ ഇസ്‌ലാമിക നിയമത്തിലെ മാനദണ്ഡം.

ഗോവിന്ദച്ചാമി കുറ്റം ചെയ്തു എന്നത് കോടതി അംഗീകരിക്കുന്നു. അതുകൊണ്ടാണല്ലോ ശിക്ഷ വിധിച്ചത്. അഥവാ പ്രതി ഗോവിന്ദച്ചാമി തന്നെയാണ് എന്നതിനുള്ള വ്യക്തമായ തെളിവുകള്‍ ഉണ്ട് എന്നര്‍ത്ഥം. എന്നാല്‍ വധിക്കാന്‍ അയാള്‍ ഉദ്ദേശിച്ചിരുന്നോ, ലൈംഗിക അതിക്രമത്തിന്  ശ്രമിക്കവേ മനപ്പൂര്‍വ്വമല്ലാതെ സംഭവിച്ചു പോയതാണോ, ട്രെയിനില്‍ നിന്ന് സ്വയം ചാടിയത് കൊണ്ട് സംഭവിച്ചതാണോ  തുടങ്ങിയവയാണ് കോടതിയുടെ സംശയം. ശ്വാസകോശത്തിലേക്ക് രക്തം ഇറങ്ങിയത് ലൈംഗിക അതിക്രമത്തിന് വേണ്ടി ഉയര്‍ത്തി വച്ചപ്പോള്‍ ആകാം എന്നും അപ്രകാരം രക്തം ഇറങ്ങുമെന്നത് പ്രതിക്ക് അറിവില്ലാതിരുന്നിരിക്കാം എന്നും ശിക്ഷ ഇളവ് നല്‍കാന്‍ കാരണമായിപ്പറയുന്നുണ്ട്. തീര്‍ത്തും ബാലുഷമായ ന്യായങ്ങള്‍ ആണിവ. യഥാര്‍ത്ഥത്തില്‍ ഈ സംശയം ശിക്ഷയില്‍ ഇളവ് നല്‍കാന്‍ പ്രാപ്തമായ സംശയമല്ല. കാരണം പ്രതി ലൈംഗിക അതിക്രമം ഉദ്ദേശിച്ചിട്ടുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ആ അതിക്രമത്തില്‍ ഇര കൊല്ലപ്പെട്ടാല്‍ പിന്നെ കൊല്ലാന്‍ ഉദ്ദേശിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല. ഇനി ശരീഅത്ത് നിയമപ്രകാരം  ലൈംഗിക അതിക്രമങ്ങളില്‍ ഇര കൊല്ലപ്പെട്ടില്ലെങ്കിലും കുറ്റകൃത്യത്തിന്‍റെ ഗൗരവവും, മാതൃകാപരമായ ശിക്ഷയുടെ ആവശ്യവും കണക്കിലെടുത്ത്  ന്യായാധിപന് ആവശ്യമെങ്കില്‍  വധശിക്ഷ നടപ്പാക്കാം. ട്രെയിനില്‍ നിന്ന് തള്ളിയിട്ടാലും, ചാടാന്‍ ഒരാളെ നിര്‍ബന്ധിതയാക്കും വിധം അവരെ ഭയപ്പെടുത്തിയാലും, അക്രമിക്കാന്‍ ശ്രമിച്ചാലും അതിന്‍റെ ഉപോല്‍ഭലകമായി സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് അയാള്‍ ഉത്തരവാദിയുമാണ്. അതുപോലെ മദ്യപിച്ച ഒരാള്‍ എന്ത് കുറ്റകൃത്യം ചെയ്താലും അതിന്‍റെ മുഴുവന്‍ ഉത്തരവാദിത്വം അയാള്‍ക്ക് ഉണ്ട് എന്നതാണ് ശരീഅത്തിലെ നിയമം. സ്വബോധം ഇല്ലാത്തതുകൊണ്ട് അയാള്‍ മനപ്പൂര്‍വം ഉദ്ദേശിച്ചോ ഇല്ലയോ എന്നത് ഒരിക്കലും പ്രസക്തമല്ല.

ഇനി മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, മനപ്പൂര്‍വമായ നരഹത്യ, മനപ്പൂര്‍വമായ നരഹത്യയോട് സാമ്യതയുള്ളത് തുടങ്ങി മൂന്നിനങ്ങളായി വേര്‍തിരിച്ച് തന്നെ ഇസ്‌ലാമിക ശരീഅത്തില്‍ പഠിപ്പിക്കുന്നുണ്ട്.  ഒരാള്‍ വാഹനം ഓടിച്ച് പോകുമ്പോള്‍ മനപ്പൂര്‍വ്വമല്ലാതെ അശ്രദ്ധ കാരണത്താല്‍ മറ്റൊരാള്‍ വധിക്കപ്പെടാന്‍ ഇടവന്നാല്‍ അവിടെ വാഹനം ഓടിക്കുക എന്നത് സാധാരണ നിലക്ക് അനുവദിക്കപ്പെട്ടതും, മറ്റൊരാളുടെ മരണത്തിന് ഇടവരുത്താത്ത കാര്യവും ആയതിനാല്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യയായാണ് പരിഗണിക്കുക. എന്നാല്‍ അമിതവേഗം, ലൈസന്‍സ് ഇല്ലാതിരിക്കല്‍, വാഹനം ഓടിക്കാന്‍ അറിയാത്തയാള്‍, റെഡ് സിഗ്നല്‍ ക്രോസ് ചെയ്യല്‍ തുടങ്ങിയ കാരണങ്ങളാല്‍ മറ്റൊരാളുടെ മരണത്തിന് ഇടവന്നാല്‍ മനപ്പൂര്‍വ്വമുള്ള നരഹത്യയോട് സാമ്യതയുള്ളത് എന്ന ഗണത്തിലാണ് പെടുക.  മറ്റൊരാളെ വധിക്കുക എന്നത് ഉദ്ദേശിച്ചുകൊണ്ട് ഒരു കാര്യം പ്രവര്‍ത്തിക്കുകയോ, അതല്ലെങ്കില്‍ സാധാരണ നിലക്ക് മരണത്തിന് ഇടവരുത്തുന്നത് എന്ന് വിലയിരുത്തപ്പെടുന്ന അക്രമണ രീതി സ്വീകരിക്കുകയോ ചെയ്‌താല്‍ അത് മനപ്പൂര്‍വമുള്ള കൊലപാതകമായും വിലയിരുത്തപ്പെടും. ഓരോന്നിനും അതിന്‍റേതായ ശിക്ഷാവിധിയും നഷ്ടപരിഹാരത്തുകയും അതീടാക്കുന്ന രീതിയുമുണ്ട്‌. അത് പരിശോധിച്ചാല്‍ തീര്‍ത്തും നീതിപൂര്‍വകമാണ്. ഉദാ: ഒരിക്കലും മനപ്പൂര്‍വ്വമല്ലാത്ത തന്‍റെ വീഴ്ച കൊണ്ട് സംഭവിക്കുന്ന മരണത്തിന് നഷ്ടപരിഹാരം ഈടാക്കുന്നത്, ആ വ്യക്തിയില്‍ നിന്ന് മാത്രമല്ല. കുടുംബത്തില്‍ കഴിവുള്ള ആളുകള്‍ എല്ലാവരില്‍ നിന്നുമാണ്. കാരണം അത് ആര്‍ക്കും എപ്പോഴും സംഭവിക്കാവുന്ന ഒന്നാണ്. ഇങ്ങനെ അതിന്‍റെ വിശദീകരണത്തിലേക്ക് കടന്നാല്‍ അതില്‍ത്തന്നെ അത്യധികം നീതിപൂര്‍വകവും മാനുഷികവുമായ ഒട്ടനേകം നിയമങ്ങളുണ്ട്.

സാമൂഹത്തെ ബാധിക്കാത്ത വ്യക്തിബന്ധങ്ങളില്‍ ഉള്ള അപാകതകളും പ്രശ്നങ്ങളും കാരണത്താല്‍ ഉണ്ടാകുന്ന മനപ്പൂര്‍വ്വമായ കൊലപാതകങ്ങളില്‍ അക്രമിക്കോ, കൊലയാളിക്കോ മാപ്പ് കൊടുക്കുകയോ, നഷ്ടപരിഹാരം സീകരിച്ച് വധശിക്ഷയില്‍ ഇളവ് നല്‍കുകയോ, പ്രതിക്രിയ എന്ന നിലക്ക് വധശിക്ഷ ആവശ്യപ്പെടുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം കൊല്ലപ്പെട്ടവന്‍റെ അടുത്ത ബന്ധുമിത്രാതികള്‍ക്ക് ഇസ്‌ലാം നല്‍കുന്നുണ്ട്. എന്നാല്‍ സമൂഹത്തെ ബാധിക്കുന്നതായ സാമൂഹ്യ തിന്മയുടെ ഗണത്തില്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍ ബന്ധുമിത്രാതികള്‍ മാപ്പ് നല്‍കിയാലും പ്രതിക്ക് മാപ്പ് ലഭിക്കില്ല. ആ ഇനത്തിലാണ് ബലാല്‍സംഗം, ലൈംഗിക അതിക്രമം തുടങ്ങിയവ പെടുന്നത്.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ശിക്ഷ എന്നുള്ളത് അനിവാര്യമാണ്. മാതൃകാപരമായി ശിക്ഷിക്കപ്പെടാതിരിക്കുമ്പോള്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കും എന്നത് സര്‍വ്വരും അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്. നേരത്തെ വധശിക്ഷക്ക് വേണ്ടി വാദിച്ച് വിജയിച്ച അഭിഭാഷകന്‍ പറഞ്ഞ മറ്റൊരു കാര്യം: "ഇങ്ങനെയുള്ള കേസുകളില്‍ പ്രതികള്‍ ഏറ്റവും കടുത്ത ശിക്ഷ ലഭിക്കാതെ പോകുന്നത്, കുറ്റവാളികള്‍ക്ക് ഒരു മോശമായ സന്ദേശമാണ് നല്‍കുക" എന്നതാണ്. ജാതിമതഭേദമന്യേ നാം ഇതംഗീകരിക്കുന്നു. ഇവിടെയാണ് ഇസ്‌ലാം ചില തിന്മകള്‍ക്ക് അതികഠിനമായ ശിക്ഷ നിര്‍ണ്ണയിച്ചത് എന്തിന് എന്നത് പ്രസക്തമാകുന്നത്. സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ആകുമ്പോള്‍ ശിക്ഷയുടെ കാഠിന്യം വര്‍ധിക്കുന്നു. അറിഞ്ഞോ അറിയാതെയോ ഇസ്‌ലാം വിരോധികള്‍ പോലും പറയുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് 'ശരീഅത്ത് നിയമമാണ് വേണ്ടത്'. ഇത് യഥാര്‍ത്ഥത്തില്‍ ഒരംഗീകാരമാണ്. സൃഷ്ടാവിന്‍റെ അധ്യാപനങ്ങളിലേക്കും മാര്‍ഗനിര്‍ദേശങ്ങളിലേക്കും മടങ്ങുക എന്നതാണ് മനുഷ്യന്‍റെ പ്രതിസന്ധികള്‍ക്കുള്ള പരിഹാരം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കല്‍.

പരിശുദ്ധ ഇസ്‌ലാം മനുഷ്യന്‍റെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്. വികലമായ വിശ്വാസങ്ങളില്‍ നിന്നും ബഹുദൈവാരാധനയില്‍ നിന്നും മാറി ഏകാദൈവാരാധനയില്‍ അധിഷ്ടിതമായ മതം. സൃഷ്ടാവ് മനുഷ്യര്‍ക്ക് കനിഞ്ഞേകിയ അനുഗ്രഹം. അതിലേക്ക് മടങ്ങാതെ മനുഷ്യന്‍റെ പ്രതിസന്ധികള്‍ക്ക് പരിഹാരം ഉണ്ടാവുകയില്ല. മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവ് തന്നെയാണ് പ്രതിവിധികളും നിയമങ്ങളും മനുഷ്യന് നല്‍കേണ്ടത്. ആ മാര്‍ഗദര്‍ശനമാണ് വിശുദ്ധഖുര്‍ആന്‍. അത് പഠിപ്പിക്കുകയും വിശ്വാസപരമായും സാമൂഹ്യപരമായും സൃഷ്ടാവിന്‍റെ നിയമങ്ങള്‍ക്കനുസൃതമായി മനുഷ്യരെ പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ വേണ്ടിയാണ് അല്ലാഹു പ്രവാചകനെ നിയോഗിച്ചത്. വിശ്വാസം, മതാനുഷ്ടാനം, ഭരണം, നീതിന്യായ വ്യവസ്ഥ, സാമ്പത്തികം, ഉപജീവനം, സാമൂഹിക പ്രതിബദ്ധത തുടങ്ങി മനുഷ്യന്‍റെ എല്ലാ മേഖലകളിലും ഇസ്‌ലാം കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. 

പ്രതി ശിക്ഷിക്കപ്പെടുക എന്നത് ഈ ലോകത്തെ നീതിയുടെയും, ക്രമസമാധാനത്തിന്‍റെയും ഭാഗമാണ് എങ്കില്‍ കുറ്റകൃത്യങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമുള്ള അവസാനവാക്ക് ഈ ലോകമാണ് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല. മരണശേഷം ജീവിതമുണ്ട്. അവിടെ വിചാരണയുണ്ട്. സ്വാധീനിക്കപ്പെടാന്‍ സാധിക്കാത്ത, സാക്ഷികളായി അവനനവന്‍റെ കൈകാലുകള്‍ സംസാരിക്കുന്ന ലോകം. അവിടെ എല്ലാത്തിനും നീതിയുണ്ട്. സൃഷ്ടാവിന്‍റെ നിയമങ്ങളെ പാലിച്ചവര്‍ക്കും സ്വീകരിച്ചവര്‍ക്കും അവിടെ രക്ഷയുണ്ട്. നിഷേധിച്ചവര്‍ക്കും അതിക്രമം പ്രവര്‍ത്തിച്ചവര്‍ക്കും അവിടെ കഠിനമായ ശിക്ഷയുമുണ്ട്‌.

എല്ലാ അനീതിക്കും നീതിപൂര്‍വ്വം വിധി നടപ്പാക്കുന്ന സൃഷ്ടാവിന്‍റെ കോടതിയില്‍ സൃഷ്ടാവിന്‍റെ നിയമമനുസരിച്ച് ജീവിച്ചവര്‍ സുരക്ഷിതരായിരിക്കും. എന്നാല്‍ നീതി നിഷേധിച്ചവര്‍, നീതി നിഷേധത്തിന് കൂട്ട് നിന്നവര്‍, വാക്കാലത്ത് പറഞ്ഞവര്‍, നിയമത്തിന്‍റെ സാങ്കേതികത്വത്തിലൂടെ രക്ഷപ്പെട്ടവര്‍ എല്ലാവരെയും ആ കോടതിയില്‍ വിചാരണ കാത്തുകിടപ്പുണ്ട്.

നബി (സ) പറഞ്ഞു: "ഒരു ന്യായാധിപന്‍ സ്വര്‍ഗ്ഗത്തിലും, രണ്ട് ന്യായാധിപന്മാര്‍ നരകത്തിലുമായിരിക്കും. ഒന്ന് സത്യം മനസ്സിലാക്കി അതുപ്രകാരം വിധിച്ചവന്‍ അയാള്‍ സ്വര്‍ഗ്ഗത്തിലാണ്. മറ്റൊന്ന് സത്യം ഏത് എന്നറിയാതെ വിധി പറഞ്ഞവന്‍ (അവന്‍റെ വിധി സത്യത്തിന് അനുകൂലമായാല്‍പോലും) അവന്‍ നരകത്തിലാണ്, അതുപോലെ സത്യം അറിഞ്ഞിട്ടും വിപരീതമായി വിധി പറഞ്ഞവന്‍ അവനും നരകത്തിലാണ്".

വിധിനിര്‍ണയത്തോടെ ഒരു ന്യായാധിപന്‍റെയും ഉത്തരവാദിത്വം തീരുന്നില്ല. വിചാരണ അവരെയും കാത്ത് കിടപ്പുണ്ട്. അന്തിമ കോടതിയില്‍. തന്‍റെ വിധിയിലെയും ജീവിതത്തിലെയും ന്യായാന്യായങ്ങള്‍ അവിടെ തീര്‍പ്പ്‌ കല്പിക്കപ്പെടും...

നീതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ സാന്ദര്‍ഭികമായി പറയേണ്ട ഒരുകാര്യം:
ഏറ്റവും വലിയ അനീതിയും അക്രമവുമായി ഇസ്‌ലാം പഠിപ്പിക്കുന്നത് ബഹുദൈവാരാധനയാണ്. ഈ ലോകം സൃഷ്ടിച്ച സൃഷ്ടാവ് ഏകനാണ്. ആദമിനെയും, മൂസയെയും, യേശുവിനെയും, മുഹമ്മദിനെയും എന്നെയും നിങ്ങളെയും ശ്രീകൃഷ്ണനെയും, ശ്രീബുദ്ധനെയും, ശ്രീരാമനെയും എല്ലാവരെയും സൃഷ്ടിച്ച സൃഷ്ടാവ്. അവന്‍ മാത്രമാണ് ആരാധനക്ക് അര്‍ഹന്‍. സ്രിഷ്ടിജാലങ്ങളല്ല സൃഷ്ടാവാണ് ആരാധിക്കപ്പെടേണ്ടത്.
يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (21) الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ
"ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച്‌ ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌. നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നിട്ട്‌ അത്‌ മുഖേന നിങ്ങള്‍ക്ക്‌ ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത ( നാഥനെ ). അതിനാല്‍ ( ഇതെല്ലാം ) അറിഞ്ഞ്കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിന്‌ സമന്‍മാരെ ഉണ്ടാക്കരുത്‌." - [അല്‍ബഖറ: 21].

എല്ലാ അനുഗ്രഹങ്ങളും ലഭിച്ചിട്ടും ആ സൃഷ്ടാവിനെനിരാകരിച്ച് അവനില്‍ പങ്കുകാരെയുണ്ടാക്കി സൃഷ്ടിജാലങ്ങളെ ആരാധിക്കുന്നവര്‍ക്ക് നീതിക്ക് വേണ്ടി ശബ്ദിക്കാന്‍ എന്തര്‍ഹത. കാരണം അവര്‍ ചെയ്യുന്നതാണ് ഏറ്റവും വലിയ അനീതി. മഖ്ബറകളെയും മഖാമുകളെയും ആല്‍ത്തറകളെയും പൂജിക്കുന്നവര്‍,  ബീവി തങ്ങന്മാര്‍ മുതല്‍, ആള്‍ദൈവങ്ങള്‍ വരെ സൃഷ്ടികള്‍ക്ക് ആരാധനയര്‍പ്പിക്കുന്നവര്‍. കാത്തിരിക്കുന്നത് ഭയാനകമായ നരകമാണ്. സൃഷ്ടാവിന്‍റെ കോടതിയില്‍ ഒരു മാപ്പും ലഭിക്കാത്ത കൊടിയ പാപം. ഈ ലോകത്തിന്‍റെ നിയന്താവും സംരക്ഷകനും എന്നെയും നിങ്ങളെയും സൃഷ്ടിച്ച സര്‍വ്വശക്തന് പുറമെ സ്രിഷ്ടിജാലങ്ങളെ ആരാധ്യന്മാരായി സ്വീകരിക്കല്‍. പശ്ചാത്തപിച്ച് മടങ്ങി ഏകദൈവവിശ്വാസത്തില്‍ പ്രവേശിക്കുന്നത് വരെ സൃഷ്ടാവിന്‍റെ കോടതിയില്‍ ഈ തിന്മക്ക് മാപ്പില്ല.
هَؤُلَاءِ قَوْمُنَا اتَّخَذُوا مِنْ دُونِهِ آلِهَةً لَوْلَا يَأْتُونَ عَلَيْهِمْ بِسُلْطَانٍ بَيِّنٍ فَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللَّهِ كَذِبًا
"ഞങ്ങളുടെ ഈ ജനത അവന്നു പുറമെ പല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുന്നു. അവരെ ( ദൈവങ്ങളെ ) സംബന്ധിച്ച്‌ വ്യക്തമായ യാതൊരു പ്രമാണവും ഇവര്‍ കൊണ്ടുവരാത്തതെന്താണ്‌? അപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ അക്രമിയായി ആരുണ്ട്‌ ?" - [അല്‍കഹ്ഫ്: 15].
وَاتَّخَذُوا مِنْ دُونِ اللَّهِ آلِهَةً لِيَكُونُوا لَهُمْ عِزًّا (81) كَلَّا سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا (82) أَلَمْ تَرَ أَنَّا أَرْسَلْنَا الشَّيَاطِينَ عَلَى الْكَافِرِينَ تَؤُزُّهُمْ أَزًّا (83) فَلَا تَعْجَلْ عَلَيْهِمْ إِنَّمَا نَعُدُّ لَهُمْ عَدًّا (84) يَوْمَ نَحْشُرُ الْمُتَّقِينَ إِلَى الرَّحْمَنِ وَفْدًا (85) وَنَسُوقُ الْمُجْرِمِينَ إِلَى جَهَنَّمَ وِرْدًا (86)

"അല്ലാഹുവിന്‌ പുറമെ അവര്‍ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണ്‌. അവര്‍ ഇവര്‍ക്ക്‌ പിന്‍ബലമാകുന്നതിന്‌ വേണ്ടി. അല്ല, ഇവര്‍ ആരാധന നടത്തിയ കാര്യം തന്നെ അവര്‍ നിഷേധിക്കുകയും, അവര്‍ ഇവര്‍ക്ക്‌ എതിരായിത്തീരുകയും ചെയ്യുന്നതാണ്‌. സത്യനിഷേധികളുടെ നേര്‍ക്ക് അവരെ ശക്തിയായി ഇളക്കിവിടാന്‍ വേണ്ടി നാം പിശാചുക്കളെ അയച്ചുവിട്ടിരിക്കുകയാണെന്ന്‌ നീ കണ്ടില്ലേ?. അതിനാല്‍ അവരുടെ കാര്യത്തില്‍ നീ തിടുക്കം കാണിക്കേണ്ട. അവര്‍ക്കായി നാം ( നാളുകള്‍ ) എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാകുന്നു. ധര്‍മ്മനിഷ്ഠയുള്ളവരെ വിശിഷ്ടാതിഥികള്‍ എന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്തേക്ക്‌ നാം വിളിച്ചുകൂട്ടുന്ന ദിവസം. കുറ്റവാളികളെ ദാഹാര്‍ത്തരായ നിലയില്‍ നരകത്തിലേക്ക്‌ നാം തെളിച്ച്‌ കൊണ്ട്‌ പോകുകയും ചെയ്യുന്ന ദിവസം". - [മര്‍യം:81 -86].

അതുകൊണ്ട് നീതി മാത്രം വിജയിക്കുന്ന, അനീതികളെല്ലാം പരാജയപ്പെടുന്ന കോടതിയില്‍ നാം സുരക്ഷിതരാണോ എന്ന് പ്രിയപ്പെട്ടവരേ നാം ചിന്തിക്കുക.

എല്ലാം ഈ ജീവിതം കൊണ്ട് കഴിഞ്ഞു എന്ന് കരുതുന്നവരെ ഇവിടെ കാണാം. മരണശേഷം ഒരു ജീവിതമില്ല. അവരുടെ കാഴ്ചപ്പാടില്‍ നീതി ഇവിടെ നിഷേധിക്കപ്പെട്ടാല്‍ അത് ലഭിക്കുന്ന മറ്റൊരിടമില്ല. സൗമ്യ ഇവിടെ അവസാനിച്ചുവെങ്കില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷക്ക് വേണ്ടി നിങ്ങള്‍ വാദിക്കുന്നതെന്തിനാണ്. അവള്‍ക്ക് പോകാനുള്ളത് പോയി. അയാള്‍ സുഖമായി ജീവിക്കട്ടെ എന്നല്ലേ നിങ്ങള്‍ കരുതേണ്ടത്. ഒരുപക്ഷെ അതുതന്നെയാണല്ലോ വധശിക്ഷക്കെതിരേ ശബ്ദിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതും. സത്യത്തില്‍ ഈ ലോകം കൊണ്ട് എല്ലാം അവസാനിക്കും എന്ന ചിന്തയാണ് ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നത്. തന്‍റെ കേവലമായ ഭൗതിക സുഖങ്ങള്‍ എന്നതിലുപരി പരലോകശേഷം തനിക്കൊരു ജീവിതമുണ്ട് എന്ന കൃത്യമായ ബോധ്യമുള്ളവന് ഇതുപോലുള്ള അധര്‍മ്മങ്ങളും കുറ്റകൃത്യങ്ങളും ചെയ്യാന്‍ സാധിക്കില്ല. കാരണം ഇവിടെ രക്ഷപ്പെട്ടാലും അവിടെ രക്ഷപ്പെടില്ല എന്ന ബോധ്യം അവനുണ്ട്. അതാണ്‌ യാഥാര്‍ത്ഥ്യവും. ഇനി ചെയ്തുപോയാല്‍ത്തന്നെ സ്വയം ശിക്ഷ ഏറ്റുവാങ്ങാന്‍ അവന്‍ തയ്യാറാകും. എന്നാല്‍ ഈ ലോകം കൊണ്ട് എല്ലാം അവസാനിക്കുമെങ്കില്‍, ഏത് മാര്‍ഗേണയും തന്‍റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുക എന്ന സമീപനം ഒരാള്‍ സ്വീകരിക്കുന്നുവെങ്കില്‍, അത് തെറ്റാണ് എന്ന് പറയാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ ?. അല്ലെങ്കിലും നിങ്ങള്‍ക്ക് നന്മയും തിന്മയുമുണ്ടോ ?. കേവല മാനുഷിക സാങ്കേതിക വിദ്യയില്‍ ഉടലെടുത്ത കാമറക്കണ്ണുകള്‍ ഒരാളുടെ പ്രവര്‍ത്തിയിലൂടെയല്ലാതെ ഉണ്ടാവുകയില്ല എന്ന് വിശ്വസിക്കുമ്പോള്‍ത്തന്നെ അതിനേക്കാള്‍ സങ്കീര്‍ണവും, കാണാന്‍ കണ്ണുകള്‍ ആവശ്യമില്ലാത്ത ഉദരത്തില്‍ വെച്ച് സൃഷ്ടിക്കപ്പെട്ടതുമായ കണ്ണുകളെന്ന മഹാത്ഭുതം തനിയെ ഉണ്ടായി എന്ന് വിശ്വസിക്കുന്ന വിഡ്ഢിത്തമല്ലേ നിങ്ങളെ നയിക്കുന്നത്. വിവേകത്തിന്‍റെ ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ചിന്തിക്കുക. 

എല്ലാവരും സൃഷ്ടാവിന്‍റെ മുന്നിലേക്ക് ആനയിക്കപ്പെടും. സന്മാര്‍ഗം സ്വീകരിക്കുകയും സൃഷ്ടാവിനെ അംഗീകരിക്കുകയും, പ്രവാചകന്മാരെയും വേദഗ്രന്ധങ്ങളെയും സത്യപ്പെടുത്തുകയും ചെയ്ത ആളുകള്‍ക്ക് വിജയമുണ്ടാകും. സൃഷ്ടാവില്‍ ഇതര ആരാധ്യന്മാരെ പങ്കു ചേര്‍ക്കുകയും സൃഷ്ടാവിനുള്ള ആരാധനയില്‍ നിന്നും സൃഷ്ടിപൂജയിലേക്ക് തിരിയുകയും ചെയ്തവര്‍ക്ക് നിന്ദ്യതയും. 

 يُسَبِّحُونَ اللَّيْلَ وَالنَّهَارَ لَا يَفْتُرُونَ (20) أَمِ اتَّخَذُوا آلِهَةً مِنَ الْأَرْضِ هُمْ يُنْشِرُونَ (21) لَوْ كَانَ فِيهِمَا آلِهَةٌ إِلَّا اللَّهُ لَفَسَدَتَا فَسُبْحَانَ اللَّهِ رَبِّ الْعَرْشِ عَمَّا يَصِفُونَ
"അതല്ല, അവര്‍ ഭൂമിയില്‍ നിന്നുതന്നെ (മരിച്ചവരെ) ജീവിപ്പിക്കാന്‍ കഴിവുള്ള വല്ല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുകയാണോ ? !. ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത്‌ രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!" - [അല്‍അന്‍ബിയാ: 20 - 22].
 أَمِ اتَّخَذُوا مِنْ دُونِهِ آلِهَةً قُلْ هَاتُوا بُرْهَانَكُمْ هَذَا ذِكْرُ مَنْ مَعِيَ وَذِكْرُ مَنْ قَبْلِي بَلْ أَكْثَرُهُمْ لَا يَعْلَمُونَ الْحَقَّ فَهُمْ مُعْرِضُونَ
"അതല്ല, അവന്ന്‌ പുറമെ അവര്‍ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: എങ്കില്‍ നിങ്ങള്‍ക്കതിനുള്ള പ്രമാണം കൊണ്ട്‌ വരിക. ഇതു തന്നെയാകുന്നു എന്‍റെ കൂടെയുള്ളവര്‍ക്കുള്ള ഉല്‍ബോധനവും എന്‍റെ മുമ്പുള്ളവര്‍ക്കുള്ള ഉല്‍ബോധനവും. പക്ഷെ, അവരില്‍ അധികപേരും സത്യം അറിയുന്നില്ല. അതിനാല്‍ അവര്‍ തിരിഞ്ഞുകളയുകയാകുന്നു." - [അല്‍അമ്പിയാ: 24].
 إِنَّكُمْ وَمَا تَعْبُدُونَ مِنْ دُونِ اللَّهِ حَصَبُ جَهَنَّمَ أَنْتُمْ لَهَا وَارِدُونَ (98) لَوْ كَانَ هَؤُلَاءِ آلِهَةً مَا وَرَدُوهَا وَكُلٌّ فِيهَا خَالِدُونَ (99) لَهُمْ فِيهَا زَفِيرٌ وَهُمْ فِيهَا لَا يَسْمَعُونَ (100) إِنَّ الَّذِينَ سَبَقَتْ لَهُمْ مِنَّا الْحُسْنَى أُولَئِكَ عَنْهَا مُبْعَدُونَ (101) 

"തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും (മനുഷ്യന്‍ സൃഷ്ടിച്ചുണ്ടാക്കുന്ന ബിംബങ്ങളും, താന്‍ ആരാധിക്കപ്പെടുന്നതിനെ തൃപ്തിപ്പെടുന്ന ആള്‍ദൈവങ്ങളും) നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക്‌ വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌. ഇക്കൂട്ടര്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ ഇവര്‍ അതില്‍ (നരകത്തില്‍) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്ക്‌ അവിടെ ഒരു തേങ്ങലുണ്ടായിരിക്കും. അവര്‍ അതില്‍ വെച്ച്‌ (യാതൊന്നും) കേള്‍ക്കുകയുമില്ല. തീര്‍ച്ചയായും നമ്മുടെ പക്കല്‍ നിന്നു മുമ്പേ നന്‍മ ലഭിച്ചവരാരോ അവര്‍ അതില്‍ (നരകത്തില്‍) നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുന്നവരാകുന്നു. അതിന്‍റെ നേരിയ ശബ്ദം പോലും അവര്‍ കേള്‍ക്കുകയില്ല. തങ്ങളുടെ മനസ്സുകള്‍ക്ക്‌ ഇഷ്ടപ്പെട്ട സുഖാനുഭവങ്ങളില്‍ അവര്‍ നിത്യവാസികളായിരിക്കും". - [അല്‍അമ്പിയാ:98-101].
وَاتَّخَذُوا مِنْ دُونِهِ آلِهَةً لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنْفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَاةً وَلَا نُشُورًا (3)
"അവന്ന്‌ പുറമെ പല ദൈവങ്ങളേയും അവര്‍ സ്വീകരിച്ചിരിക്കുന്നു. അവര്‍ (ദൈവങ്ങള്‍) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍ തന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങള്‍ക്ക്‌ തന്നെ ഉപദ്രവമോ ഉപകാരമോ അവര്‍ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിര്‍ത്തെഴുന്നേല്‍പിനെയോ അവര്‍ അധീനപ്പെടുത്തുന്നില്ല." - [അല്‍ഫുര്‍ഖാന്‍: 3].

അതുകൊണ്ട് നീതിയെക്കുറിച്ച് ശബ്ദിക്കുമ്പോള്‍ ഏറ്റവും വലിയ നീതിയെക്കുറിച്ച് മറന്നുപോകരുത്. അത് ഈ ലോകത്തിന്‍റെ സൃഷ്ടാവിനെ മാത്രം ആരാധിക്കുക എന്നുള്ളതാണ്. ഏറ്റവും വലിയ അനീതിയാകട്ടെ അവനില്‍ പങ്കുകാരെ നിര്‍ണയിക്കുക എന്നതും. ചിന്തിക്കുക സത്യം അന്വേഷിച്ച് കണ്ടെത്തുക...

Friday, September 16, 2016

'വലാഅ് ബറാഅ്' വിശുദ്ധഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ചു, ഹദീസ് ദുര്‍വ്യാഖ്യാനിച്ചു, ഇബ്നു ബാസ് (റ) യുടെ ഉപദേശം കോട്ടിമാറ്റി തുടങ്ങിയ ആരോപണങ്ങള്‍ - വസ്തുതയെന്ത് ?.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ക്ഷമിക്കണം അല്പം ദൈര്‍ഘ്യമുണ്ട്.. രണ്ട് ഗുരുതരമായ ആരോപണമാണ് എന്നെക്കുറിച്ച് ചില സഹോദരങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒന്ന് ഞാന്‍ വിശുദ്ധഖുര്‍ആന്‍ ദുര്‍വ്യാഖാനിച്ചു. മറ്റൊന്ന് ഹദീസിനെ ദുര്‍വ്യാഖ്യാനിച്ചു. രണ്ടും അത്യധികം ഗുരുതരമായ ആരോപണങ്ങള്‍. അതോടോപ്പം ശൈഖ് ഇബ്നു ബാസ് (റ)  യുടെ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ വിഷയത്തില്‍ ഉള്ള ഉപദേശം തിരിമറി നടത്തി എന്ന ആരോപണവും ഉണ്ട്. ആരോപണങ്ങള്‍ ഉന്നയിച്ച സഹോദരങ്ങള്‍ക്കും എന്‍റെ പക്കല്‍ വല്ല അപാകതകള്‍ വന്നുപോയിട്ടുണ്ട് എങ്കില്‍ എനിക്കും  അല്ലാഹു പൊറുത്ത് തരട്ടെ.  തീര്‍ച്ചയായും ഇത് സംബന്ധമായ വസ്തുതകള്‍ വിശദീകരിക്കേണ്ട ബാധ്യത എനിക്കുണ്ട്.

അല്ലാഹുവാണ് സത്യം, വിശുദ്ധഖുര്‍ആനോ തിരുസുന്നത്തോ ഒരിക്കലും തന്നെ ഈയുള്ളവന്‍ ദുര്‍വ്യാഖ്യാനിച്ചിട്ടില്ല. അപ്രകാരം ചെയ്യുന്നുവെങ്കില്‍ ഇഹത്തിലും പരത്തിലും നഷ്ടക്കാരില്‍ പെട്ടവനായിരിക്കും എന്ന ബോധ്യവും ഉണ്ട്. എന്നാല്‍ ദുര്‍വ്യാഖ്യാനം എന്ന് പറയാവും വിധമുള്ള  അപാകത എഴുത്തുകളില്‍ സംഭവിക്കുക എന്നത് സാധ്യതയുള്ള ഒരു കാര്യമാണ്. പക്ഷെ ആരോപിക്കപ്പെട്ട രണ്ട് വിഷയങ്ങളില്‍ അപ്രകാരം ഉണ്ടായിട്ടുണ്ട് എന്ന് കരുതുന്നില്ല. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍..

ഒന്ന്: വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ചു എന്ന് പറയാന്‍ ഉണ്ടായ കാരണം  എന്‍റെ എഴുത്തിലെ ഈ പരാമര്‍ശമാണ്:
[എന്നാല്‍ തന്‍റെ വിശ്വാസ ആദര്‍ശങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധം ഭൗതിക കാര്യങ്ങളില്‍ ഇതര മതസ്ഥരുമായി സഹകരിക്കുന്നതിനോ, അവര്‍ക്ക് പുണ്യം ചെയ്യുന്നതിനോ, അവരോടു സഹിഷ്ണുതയോടെ പെരുമാറുന്നതിനോ ഇസ്‌ലാം വിലക്കുന്നില്ല. മറിച്ച് അതാണ്‌ ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നത്. തന്‍റെ ചുറ്റും ജീവിച്ചിരുന്ന ഇതര മതസ്ഥരോട് ഏറെ വിനയത്തോടെയും സഹിഷ്ണുതയോടെയും പെരുമാറിയിരുന്ന ആളായിരുന്നു പ്രവാചകന്‍ (സ). വിശുദ്ധഖുര്‍ആനില്‍ പ്രവാചകനില്‍ ഉണ്ടായിരുന്ന ആ സഹിഷ്ണുതാ മനോഭാവം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല അതാണ്‌ ഏറ്റവും കൂടുതല്‍ ആളുകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതും. അല്ലാഹു പറയുന്നു:   

 فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ
 
"( നബിയേ, ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു." - [ആലുഇംറാന്‍:159]. ] - (വലാഉം ബറാഉം ഇതരമതസ്ഥരോട് അസഹിഷ്ണുത കാണിക്കലോ ?!. എന്ന എന്‍റെ ലേഖനം 11/6/2016).

ഇവിടെ വിശ്വാസികളെ സംബന്ധിച്ചുള്ള ആയത്തിനെ അമുസ്‌ലിംകളോടുള്ള സമീപനത്തെ വിശദീകരിക്കുന്ന ആയത്തായി വളച്ചൊടിച്ചു എന്നതാണ് ആരോപണം.

സത്യത്തില്‍ കാര്യങ്ങളെ വിമര്‍ശനചിന്താഗതിയോടുകൂടി മാത്രം സമീപിക്കുന്നതായിരിക്കാം ഒരുപക്ഷെ ഈ തെറ്റിധാരണ ഉണ്ടാകാന്‍ കാരണമായത്. ആ ആയത്ത് വിശ്വാസികളെ സംബന്ധിച്ചാണ് എന്നത് ആയത്തിന്‍റെ പൂര്‍ണരൂപം നോക്കിയാല്‍ ആര്‍ക്കും മനസ്സിലാക്കാം, കാരണം "അതില്‍ അവര്‍ക്ക് വേണ്ടി ഇസ്തിഗ്ഫാര്‍ ചെയ്യുകയും ചെയ്യുക" എന്നത് പ്രത്യക്ഷമായിത്തന്നെ കാണാം. എന്നാല്‍ ഇവിടെ ആ ആയത്ത് ഞാന്‍ എടുത്ത് കൊടുത്തത് പ്രബോധനത്തില്‍ സ്വീകരിച്ച സൗമ്യവും വിനയസമ്പുഷ്ടവുമായ പ്രാച്ചകന്‍റെ സ്വഭാവഗുണത്തെ വിശുദ്ധഖുര്‍ആന്‍ പ്രത്യേകം എടുത്ത് പറഞ്ഞു എന്നത് സൂചിപ്പിച്ചു കൊണ്ടാണ്. നബി (സ) യില്‍ വിശ്വസിച്ച അധികപേരും കുഫ്ര്‍ കൈവെടിഞ്ഞ് ഇസ്‌ലാമിലേക്ക് കടന്നുവന്നവരായിരുന്നു. പരുഷമായ സമീപനത്തിന്‍റെ ഉടമയാണ് താങ്കള്‍ എങ്കില്‍ അവര്‍ ആ കുഫ്റിലേക്ക് തന്നെ മടങ്ങുകയും, ആദര്‍ശത്തില്‍ നിന്നും പിരിഞ്ഞു പോകുകയും ചെയ്യുമെന്നും അല്ലാഹു പ്രസ്ഥാവിക്കുന്നു. കുഫ്ര്‍ വെടിഞ്ഞ് വിശ്വാസം സീകരിക്കാനും  അദ്ദേഹത്തിന്‍റെ കൂടെ വിശ്വാസത്തില്‍ അടിയുറച്ച് നിലകൊള്ളാനും  സൗമ്യമായ സമീപനം കാരണമായിട്ടുണ്ട് എന്നത് ഇതില്‍ പ്രകടമായ കാര്യമാണ്.  

ഇനി വിശുദ്ധഖുര്‍ആനോ   തിരുസുന്നത്തോ അംഗീകരിക്കാത്ത ഒരു ആശയമാണ് എങ്കിലാണ് അതൊരു ദുര്‍വ്യാഖ്യാനം ആകുന്നത്. " لنت لهم താങ്കള്‍ അവരോട് സൗമ്യമായി പെരുമാറിയത്", لين ' എന്ന പദം എളിമ, വിനയം, സൗമ്യത' എന്നീ അര്‍ത്ഥ തലങ്ങള്‍ ഉള്ള പദമാണ്. ആ സദ്ഗുണം  പ്രബോധനമേഖലയില്‍ സ്വീകരിക്കപ്പെടേണ്ട പൊതുസമീപനമായി വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഫിര്‍ഔനോട് പ്രബോധനം നടത്താന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ അല്ലാഹു മൂസ (അ) മിന് നല്‍കിയ കല്പന കാണുക: 

فقولا له قولا لينا لعله يتذكر أو يخشى

"എന്നിട്ട്‌ നിങ്ങള്‍ അവനോട്‌ സൌമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം." - [ത്വാഹാ: 44].

ഒരിക്കലും ഫിര്‍ഔന്‍ സ്വീകരിക്കുകയില്ല എന്നതും അവന്‍ നിഷേധിച്ച് പിന്തിരിഞ്ഞു കളയുമെന്നതും മൂസ നബി (അ) ക്ക് അറിയാമായിരുന്നില്ലെങ്കിലും, ഈ കല്പന കല്പിച്ച അല്ലാഹുവിന് കൃത്യമായി അറിയാമായിരുന്നു. താന്‍ ആരെയാണോ ക്ഷണിക്കുന്നത് അവന്‍ അത് നിഷേധിക്കും എന്ന് ഉറപ്പുണ്ടെങ്കിലും സൗമ്യമായി അവനെ ക്ഷണിക്കുക എന്നതാണ് പ്രബോധകന്‍റെ ബാധ്യത എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. സൗമ്യത, സഹിഷ്ണുത എന്നതിലുപരി തങ്ങളോട് യുദ്ധം ചെയ്യാത്ത തങ്ങളെ ആക്രമിക്കാത്ത ആളുകള്‍ക്ക് പുണ്യം ചെയ്യുന്നതും, അവരോട് കരുണ കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല എന്ന് പഠിപ്പിക്കുമ്പോള്‍ അല്ലാഹുവില്‍ നിന്നുമുള്ള അനുഗ്രഹത്താല്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന ആ സഹിഷ്ണുതാമനോഭാവം വിശുദ്ധഖുര്‍ആന്‍ പ്രശംസിച്ചു എന്നും    അതാണ്‌ ആളുകളെ ഏറ്റവും കൂടുതല്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത് എന്നും പറയുമ്പോള്‍ അതില്‍ എവിടെയാണ് ദുര്‍വ്യാഖ്യാനമുള്ളത്

(തന്‍റെ ചുറ്റും ജീവിച്ചിരുന്ന ഇതര മതസ്ഥരോട് ഏറെ വിനയത്തോടെയും സഹിഷ്ണുതയോടെയും പെരുമാറിയിരുന്ന ആളായിരുന്നു പ്രവാചകന്‍ (സ). വിശുദ്ധഖുര്‍ആനില്‍ പ്രവാചകനില്‍ ഉണ്ടായിരുന്ന ആ സഹിഷ്ണുതാ മനോഭാവം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല അതാണ്‌ ഏറ്റവും കൂടുതല്‍ ആളുകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതും). [അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക. ശേഷമാണ് വിശുദ്ധഖുര്‍ആനിലെ ആയത്ത് നല്‍കിയത്: 

 فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ

"(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു." - [ആലുഇംറാന്‍:159]. ഇവിടെ നബി (സ) യുടെ സൗമ്യമായ സമീപനം സത്യത്തിലേക്ക് ആകൃഷ്ടരാകാന്‍  അവര്‍ക്ക് സഹായകമായി എന്നു ഞാന്‍ പറഞ്ഞതില്‍ ദുര്‍വ്യാഖ്യാനം ഉണ്ടോ എന്നത് ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ.


അക്രമമോ അനീതിയോ ചെയ്യാത്ത അവിശ്വാസികളായ ആളുകളോട് സൗമ്യമായ സമീപനം സ്വീകരിക്കുകയും, സൗമ്യമായ സമീപനത്തോടെ അവരെ പ്രബോധനം ചെയ്യുക എന്നതിന് ഈ ആയത്ത് തെളിവ് പിടിച്ചത് ഞാന്‍ മാത്രമാണോ ?!.

ശൈഖ് ഇബ്നു ബാസ് (റ) ഒട്ടനേകം സ്ഥലങ്ങളില്‍ കുഫാറുകളോടും, മഅസിയത്തുകള്‍ ചെയ്യുന്നവരോടും സൗമ്യമായും നല്ല രൂപത്തിലും പ്രബോധനം ചെയ്യണം എന്നും, അതാണ്‌ നബി (സ) യുടെ മാതൃക എന്നും സൂചിപ്പിച്ചതിന് ശേഷം പ്രബോകന്‍ സ്വീകരിക്കേണ്ട  لين സൗമ്യത, رفق നല്ല സമീപനം തുടങ്ങിയവക്ക് തെളിവായി ഈ ആയത്ത് എടുത്ത് കൊടുത്തിട്ടുണ്ട്. അതില്‍ അദ്ദേഹവും ഞാന്‍ ഉദ്ദരിച്ച ആ ഭാഗം വരെ മാത്രമേ ആയത്ത് നല്‍കിയിട്ടുള്ളൂ . അദ്ദേഹവും ആയത്തിനെ കട്ട് മുറിച്ചതാണോ ?. നഊദു ബില്ലാഹ്. അദ്ദേഹം പറയുന്നത് കാണുക:

وقد أثنى الله على النبي صلى الله عليه وسلم في أمر الدعوة فقال جل وعلا : فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لانْفَضُّوا مِنْ حَوْلِكَ ونبينا أكمل الناس في دعوته وأكمل الناس في إيمانه لو كان فظا غليظ القلب لانفض الناس من حوله وتركوه فكيف أنت ، فعليك أن تصبر وعليك أن تتحمل ولا تعجل بسب أو كلام سيئ أو غلظة ، وعليك باللين والرحمة والرفق.ولما بعث الله موسى وهارون لفرعون ماذا قال لهما ، قال سبحانه : فَقُولا لَهُ قَوْلًا لَيِّنًا لَعَلَّهُ يَتَذَكَّرُ أَوْ يَخْشَى فأنت كذلك لعل صاحبك يتذكر أو يخشى وفي الصحيح عن عائشة رضي الله عنها عن النبي صلى الله عليه وسلم أنه قال : ((اللهم من ولي من أمر أمتي شيئا فرفق بهم فارفق به اللهم من ولي من أمر أمتي شيئا فشق عليهم فاشقق عليه)) وهذا وعد عظيم في الرفق ووعيد عظيم في المشقة ويقول عليه الصلاة والسلام : ((من يحرم الرفق يحرم الخير كله)) ويقول صلى الله عليه وسلم : ((عليكم بالرفق فإنه لا يكون في شيء إلا زانه ولا ينزع من شيء إلا شانه)) فالواجب على الداعي إلى الله أن يتحمل وأن يستعمل الأسلوب الحسن الرفيق اللين في دعوته للمسلمين والكفار جميعا ، لا بد من الرفق مع المسلم ومع الكافر ومع الأمير وغيره ولا سيما الأمراء والرؤساء والأعيان فإنهم يحتاجون إلى المزيد من الرفق والأسلوب الحسن لعلهم يقبلون الحق ويؤثرونه على ما سواه ، وهكذا من تأصلت في نفسه البدعة أو المعصية ومضى عليه فيها السنون يحتاج إلى صبر حتى تقتلع البدعة وحتى تزال بالأدلة ، وحتى يتبين له شر المعصية وعواقبها الوخيمة فيقبل منك الحق ويدع المعصية .

"ദഅവത്തിന്‍റെ കാര്യത്തില്‍ അല്ലാഹു നബി (സ) യെ പ്രശംസിച്ചു. അല്ലാഹു പറയുന്നു:
"( നബിയേ, ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു." - [ആലുഇംറാന്‍:159].  നമ്മുടെ നബി (സ) തന്‍റെ പ്രബോധനത്തിലും ഈമാനിലും മനുഷ്യരില്‍വെച്ച് ഏറ്റവും പരിപൂര്‍ണനാണ് . അദ്ദേഹം കഠിന ഹൃദയനായിരുന്നുവെങ്കില്‍ ആളുകള്‍ അദ്ദേഹത്തില്‍ നിന്നും അകലുകയും ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു. പിന്നെ നിന്‍റെ അവസ്ഥ പറയേണ്ടതുണ്ടോ ?!. അതുകൊണ്ട് നീ ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുക.  അസഭ്യം പറയാനോ, മോശമായ   സംസാരത്തിനോ, പരുഷമായ വാക്കുകള്‍ക്കോ നീ മുതിരരുത്. നീ സൗമ്യതയും, കാരുണ്യവും മൃദുല സമീപനവും നിലനിര്‍ത്തുക. മൂസ (അ) നെയും ഹാറൂന്‍ (അ) നെയും ഫിര്‍ഔന്‍റെ അരികിലേക്ക് അയച്ചപ്പോള്‍ അല്ലാഹു കല്പിച്ചത് എന്താണ്: "നിങ്ങള്‍ രണ്ട് പേരും അവനോട് സൗമ്യമായ ഭാഷയില്‍ സംസാരിക്കുക. അവന്‍ ചിന്തിക്കുകയോ അല്ലാഹുവിനെ ഭയപ്പെദുകയോ ചെയ്യുന്നതിന്  വേണ്ടി". നീയും അതുപോലെത്തന്നെ. നിന്‍റെയാളും ചിന്തിക്കുകയോ അല്ലാഹുവിനെ ഭയപ്പെടുകയോ ചെയ്തേക്കാം. സ്വഹീഹായ ഹദീസില്‍ ഇപ്രകാരം കാണാം: "അല്ലാഹുവേ എന്‍റെ ഉമ്മത്തിന്‍റെ ഒരുകാര്യം ആരെങ്കിലും ഏല്പ്പിക്കപ്പെട്ടാല്‍, അവന്‍ അവരോട് 'രിഫ്ഖ്' മൃദുസമീപനം കാണിച്ചാല്‍ അവനോട് നീയും മൃദു സമീപനം കാണിക്കേണമേ. ആരെങ്കിലും എന്‍റെ ഉമ്മത്തിന്‍റെ ഒരു കാര്യം ഏല്‍പ്പിക്കപ്പെടുകയും  അവന്‍ അവരുടെ മേല്‍ പ്രയാസമാക്കുകയും ചെയ്‌താല്‍ അവന്‍റെ മേല്‍ നീയും പ്രയാസമാക്കേണമേ". നല്ല സമീപനം സ്വീകരിക്കുന്നതില്‍ ഉള്ള വാഗ്ദാനവും കഠിനമായ സമീപനം സ്വീകരിക്കുന്നതില്‍ ഉള്ള താക്കീതും ആണ് ഈ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടത്. നബി (സ) പറഞ്ഞു "ആരെങ്കിലും 'രിഫ്ഖ്' നല്ല സമീപനത്തില്‍ നിന്നും വിലക്കപ്പെട്ടാല്‍ അവന്‍ സര്‍വ നന്മയില്‍ നിന്നും വിലക്കപ്പെട്ടിരിക്കുന്നു". നബി (സ) പറഞ്ഞു: "നിങ്ങള്‍ 'രിഫ്ഖ്' നല്ല സൗമ്യമായ സമീപനം എല്ലാ കാര്യത്തിലും പുലര്‍ത്തുക. അത് ഏത് കാര്യത്തില്‍ ഉണ്ടോ അത് അലംകൃതമാകാതിരിക്കുകയില്ല. അത് ഏതില്‍ നിന്നും തടയപ്പെടുന്നുവോ അത് വികൃതമാകാതിരിക്കുകയുമില്ല. അതുകൊണ്ട് അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുന്ന ഒരു ദാഇയുടെ (പ്രബോധകന്‍) മേല്‍ നിര്‍ബന്ധമായിട്ടുള്ളത് സഹിക്കുകയും ഏറ്റവും നല്ല, സൌമ്യവും മൃദുലവുമായ സമീപനം തന്‍റെ പ്രബോധനത്തില്‍ സ്വീകരിക്കുക എന്നതാണ്. അത് കുഫാറുകളോട് ആയാലും മുസ്‌ലിംകളോട് ആയാലും. മുസ്‌ലിമിനോടും കാഫിറിനോടും ഭരണാധികാരികളോടും അല്ലാത്തവരോടും 'രിഫ്ഖ്' (സൗമ്യമായ) രീതിയില്‍ പ്രബോധനം ചെയ്യണം.  ഭരണകര്‍ത്താക്കളും, രാഷ്ട്രനേതാക്കളും, പ്രത്യേക വ്യക്തികളും ആണെങ്കില്‍ അവരോടുള്ള ശൈലിയിലും കൂടുതല്‍ സൗമ്യവും കൂടുതല്‍ നല്ല രീതിയും ആണ് ഉപയോഗിക്കേണ്ടത്. അവര്‍ സത്യം സ്വീകരിക്കട്ടെയെന്നും അവര്‍ മറ്റെന്തിനെക്കാളും സത്യത്തിന് മുന്‍ഗണന നല്‍കട്ടെ എന്നുമുള്ള അര്‍ത്ഥത്തിലാണ് അത്. ഇതുപോലെത്തന്നെയാണ് തന്‍റെ നഫ്സില്‍ ബിദ്അത്തും തിന്മയുമെല്ലാം കുടിയിരിക്കുന്ന അതില്‍ ധാരാളം വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയ ആളുകളും, അവരില്‍ നിന്നുമാ ബിദ്അത്തിനെ പിഴുതെടുക്കാനും പ്രമാണങ്ങള്‍ കൊണ്ടതിനെ നീക്കം ചെയ്യാനും ക്ഷമ ആവശ്യമാണ്‌. പാപത്തിന്‍റെ ഗൗരവം അവന് ബോധ്യപ്പെടാനും അതിന്‍റെ മോശമായ പര്യവസാനം തിരിച്ചറിയാനും നിന്നില്‍ നിന്നും സത്യം മനസ്സിലാക്കി പാപത്തെ വെടിയാനും വേണ്ടി." - [http://www.binbaz.org.sa/article/185]. ശൈഖ് ഇബ്നു ബാസ് (റ) പഠിപ്പിച്ച ഈ ശൈലിയും തങ്ങളുടെ  പ്രബോധന ശൈലിയും തമ്മില്‍ വല്ല ബന്ധവുമുണ്ടോ എന്ന് ഞാനടക്കമുള്ളവര്‍ തീര്‍ച്ചയായും വിലയിരുത്തേണ്ടതുണ്ട്. പ്രബോധിത സമൂഹം സത്യം അംഗീകരിക്കുക എന്നതാകട്ടെ നമ്മുടെ ലക്‌ഷ്യം. അപാകതകള്‍ അല്ലാഹു പൊറുത്ത് തരട്ടെ.. ഇനി ഞാന്‍ എന്‍റെ ലേഖനത്തില്‍ ഇതൊരു കാര്യം സൂചിപ്പിച്ചുവോ അതേ രൂപത്തില്‍ ആ ആയത്തിന്‍റെ അത്രഭാഗം മാത്രം നല്‍കിക്കൊണ്ട് തന്നെ പണ്ഡിതന്മാര്‍ നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ അനേകം കാണാം. ദൈര്‍ഘ്യം കാരണത്താല്‍ നല്‍കുന്നില്ല. 

ഇനി ഒരിക്കലും തന്നെ ഈ ചര്‍ച്ചകളില്‍ എവിടെയും എല്ലാ സമയത്തും സന്ദര്‍ഭങ്ങളിലും സൗമ്യമായ സമീപനം മാത്രമാണ് ഉള്ളത് എന്ന് എവിടെയും ഞാന്‍ പറഞ്ഞിട്ടില്ല. സൗമ്യമായ സമീപനം ആവശ്യമായിടത്ത് അതും കടുത്ത നിലപാട് ആവശ്യമുള്ളിടത്ത് അതും നബി (സ) പ്രയോഗിച്ചിട്ടുണ്ട്. യുദ്ധം ഉണ്ടായിട്ടുണ്ട്. സന്ധികളും ഉണ്ട്. എന്നാല്‍ മുഹാരിബല്ലാത്ത മുസാലിമായ അവിശ്വാസിയോട് എങ്ങനെ പെരുമാറണം. മാനുഷികമായ ബന്ധങ്ങളും ശറഇയ്യായ ബന്ധങ്ങളും ഇതില്‍ വ്യതിരിക്തമാകുന്നത് എവിടെ തുടങ്ങിയവയാണ് ഇവിടെ പ്രധാനം.

ഇനി ഈ വിഷയത്തില്‍ ഞാന്‍ പറഞ്ഞ ആശയം ശരിയും എന്നാല്‍ അതിന് ഉദ്ദരിച്ച തെളിവ് അനുയോജ്യമല്ല എന്നുമാണ് പ്രശ്നമെങ്കില്‍ അത് 'ഇസ്തിദ്'ലാലില്‍' വന്ന പിഴവ് അഥവാ തെളിവ് ഉദ്ദരിക്കുന്നതില്‍ വന്ന അപാകത എന്ന നിലക്കാണ് ഫിഖ്ഹില്‍ വിലയിരുത്തപ്പെടുക. 'അതിന് കൂടുതല്‍ അനുയോജ്യമായ തെളിവ് മറ്റൊന്നാണ്', അതല്ലെങ്കില്‍ 'ആ തെളിവ് ആ സാഹചര്യത്തോട് ഇന്നയിന്ന തലങ്ങളില്‍ വിയോജിക്കുന്നു' തുടങ്ങിയ ചര്‍ച്ചകള്‍ ശ്ലാഘനീയമാണ്. അപ്രകാരമുള്ള ആരോഗ്യകരമായ ചര്‍ച്ചയെ സ്വാഗതം ചെയ്യുന്നതോടൊപ്പം ഞാന്‍ ഉദ്ദരിച്ച ആയത്തും പറയുന്ന വിഷയവും തമ്മില്‍ ആശയക്കുഴപ്പം ഉണ്ടാകാനിടയുണ്ട് എന്ന നിരീക്ഷണത്തെ  അംഗീകരിക്കുകയും ചെയ്യുന്നു. ഏത് തലത്തിലാണ് ഞാന്‍ അത് നല്‍കിയത് എന്നത് വ്യക്തമാക്കുകയും ചെയ്തു. അതിന് ദുര്‍വ്യാഖ്യാനം എന്ന് പറയുകയില്ല.

(തന്‍റെ ചുറ്റും ജീവിച്ചിരുന്ന ഇതര മതസ്ഥരോട് ഏറെ വിനയത്തോടെയും സഹിഷ്ണുതയോടെയും പെരുമാറിയിരുന്ന ആളായിരുന്നു പ്രവാചകന്‍ (സ).) എന്ന ലേഖനത്തിലെ പരാമര്‍ശം ശറഇയ്യായി യോജിക്കാന്‍ പറ്റാത്ത ഒരു കാര്യമാണെങ്കില്‍ അവിടെ അതൊരു ദുര്‍വ്യാഖ്യാനമാണ് എന്ന് പറയേണ്ടി വരും. പക്ഷെ അപ്രകാരം ആരും പറയുമെന്ന് തോന്നുന്നില്ല. സഹോദരന്‍ വിമര്‍ഷനത്തില്‍ എഴുതിയ പോലെ സഹിഷ്ണുത, വിനയം തുടങ്ങിയ പദങ്ങള്‍ ആണ്  പ്രശ്നം എങ്കില്‍ 'വിശ്വാസപരമായ വിയോജിപ്പ്‌ പ്രകടമായും സ്ഥൈര്യത്തോടെയും നിലനിര്‍ത്തുന്നതോടൊപ്പം, അക്രമവും അനീതിയും ചെയ്യാത്ത ഇതര മതസ്ഥരോട് മാനുഷികമായ തലങ്ങളില്‍ മാന്യമായി സഹവര്‍ത്തിക്കുക' എന്നതാണ് അതുകൊണ്ട് ഉദ്ദേശിച്ചത് എന്നത് ലേഖനം വായിക്കുന്ന ആര്‍ക്കും വ്യക്തവുമാണ്.

അബൂത്വാലിബിനോട് നബി (സ) തന്‍റെ പിതൃവ്യന്‍ എന്ന നിലക്കും തന്നെ സംരക്ഷിച്ച വ്യക്തി എന്ന നിലക്കും, ആദര്‍ശപരമായി വിയോജിച്ചുകൊണ്ടും അദ്ദേഹം ചെയ്യുന്ന കുഫ്റിനോട് വെറുപ്പും അനിഷ്ടവും പ്രകടിപ്പിച്ചുകൊണ്ടിക്കെത്തന്നെ പ്രകൃതിപരമായും മാനുഷികമായുമുള്ള സ്നേഹം പുലര്‍ത്തി. ഈ പ്രകൃതിപരമായ സ്നേഹം ഉണ്ടായിരുന്നില്ല എന്ന് പോലും ഇന്ന് മറ്റു ചില സഹോദരങ്ങള്‍ പറയുന്നുണ്ട്.

إنك لا تهدي من أحببت എന്ന ആയത്തിന് "താങ്കള്‍ ആരുടെ ഹിദായത്ത് ആണോ ഇഷ്ടപ്പെട്ടത്, അയാളെ ഹിദായാത്തിലാക്കാന്‍ താങ്കള്‍ക്ക് സാധിക്കുകയില്ല" എന്ന് ഇമാം ത്വബരി  (റ) അര്‍ഥം വച്ചിട്ടുണ്ട്. അതുകൊണ്ട് അവിടെ അയാള്‍ ഹിദായത്തില്‍ ആകുന്നതിനെയാണ് ഇഷ്ടപ്പെട്ടത് അബൂത്വാലിബിനെ അല്ല എന്നതാണ് അവരുടെ പക്ഷം. ഇമാം ത്വബരി മേല്‍പറഞ്ഞ വിശദീകരണം നല്‍കിയിട്ടുണ്ടെങ്കിലും അബൂ ത്വാലിബിനെ നബി (സ) സ്നേഹിച്ചിട്ടില്ല എന്ന് ത്വബരി (റ) എവിടെയും പറഞ്ഞിട്ടില്ല. മാത്രമല്ല അബ്ദുറഹ്മാന്‍ സഅദി (റ) അദ്ദേഹത്തിന്‍റെ തഫ്സീറില്‍ പറഞ്ഞത്: "താങ്കള്‍ അധികഠിനമായി സ്നേഹിക്കുന്നവര്‍ ആണെങ്കില്‍ പോലും താങ്കള്‍ക്ക് അവരെ ഹിദായത്തില്‍ ആക്കാന്‍ കഴിയുകയില്ല" എന്നതാണ് ആയത്തിന്‍റെ വിവക്ഷ എന്നതാണ്. മറ്റനേകം മുഫസിരീങ്ങളും ഇപ്രകാരം പറഞ്ഞിട്ടുണ്ട്. ഇവിടെ പ്രകൃതിപരമായ സ്നേഹമാണ് ഉദ്ദേശിക്കുന്നത്. പിതൃവ്യന്‍ എന്ന നിലക്കും തന്നെ സംരക്ഷിച്ചയാള്‍ എന്ന നിലക്കും ഉണ്ടായ സ്വാഭാവിക ഇഷ്ടം. സൃഷ്ടിജാലങ്ങള്‍ക്ക് അല്ലാഹു ഇട്ടുകൊടുത്ത കാരുണ്യം. ശറഇയ്യായി വിശ്വാസികള്‍ പരസ്പരം ഉണ്ടാകേണ്ട സ്നേഹമല്ല അവിടെ ഉദ്ദേശം. എന്നാല്‍ തന്നെ ആക്രമിക്കുകയും ആദര്‍ശപരമായി തന്നോട് വിരോധവും ശത്രുതയും വച്ച് പുലര്‍ത്തിയ അബൂലഹബിനോട് സ്വീകരിച്ച സമീപനം ഇതായിരുന്നില്ലതാനും. ഈ രണ്ട് സമീപനവും വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ത്തന്നെ മാനുഷിക ബന്ധങ്ങളെ എങ്ങനെ ക്രമീകരിക്കണം എന്ന വലിയ സന്ദേശം നമുക്ക് നല്‍കുന്നു.

എന്നാല്‍ കുഫ്റിനോടുള്ള ഒരു വിശ്വാസിയുടെ വെറുപ്പ്, വിയോജിപ്പ്‌, കുഫ്റിനെ അംഗീകരിക്കുകയോ സഹകരിക്കുകയോ ചെയ്യാത്ത അവന്‍റെ സമീപനം ഇവയില്‍ അബൂത്വാലിബും അബൂലഹബും ഒരുപോലെയാണ്. إن الله لا يحب الكافرين "അല്ലാഹു സത്യനിഷേധികളെ ഇഷ്ടപ്പെടുന്നില്ല". ഇവിടെ പ്രകൃതിപരമായ ബന്ധവും വിശ്വാസത്തില്‍ അധിഷ്ടിതമായ ബന്ധവും വേര്‍തിരിച്ച് മനസ്സിലാക്കാതിരിക്കുന്നത് വിശുദ്ധഖുര്‍ആനിലെ  ആയത്തുകളെ പരസ്പരം വൈരുദ്ധ്യമാണ് എന്ന് ചിത്രീകരിക്കാന്‍ ഇടവരുത്തും. ഒരു വിശ്വാസി ഒരിക്കലും കുഫ്റിനെയോ കുഫ്റിന്‍റെ വക്താക്കളെയോ ഇഷ്ടപ്പെടുന്നില്ല. ഇഷ്ടപ്പെടുകയുമില്ല. എന്നാല്‍ മാനുഷികമായ ബന്ധങ്ങള്‍ കാരണം ശറഅ് വിലക്കാത്ത രൂപത്തില്‍ അവരുമായി ഉണ്ടാകുന്ന കേവല മാനുഷികമായ അടുപ്പങ്ങളെ കുഫ്റിനോടോ അതിന്‍റെ വക്താക്കളോടോ ഉള്ള അടുപ്പം എന്ന അര്‍ത്ഥത്തില്‍ വായിച്ചെടുക്കാനും പാടില്ല. ഇതാണ് കഴിഞ്ഞ ലേഖനങ്ങളിലും ആവര്‍ത്തിച്ചത്.


എന്റെ ലേഖനത്തില്‍ നിന്നും അവഗണിക്കപ്പെട്ട ചില ഭാഗങ്ങള്‍: ( ഇസ്‌ലാം ഏകദൈവ വിശ്വാസം പഠിപ്പിക്കുന്ന അതിലേക്ക് ക്ഷണിക്കുന്ന മതമാണ്‌. ഇതര മതവിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും  ബഹുദൈവാരാധനയില്‍ നിന്നുമെല്ലാം അത് ഏറെ വ്യത്യസ്ഥമാണ്. അതുകൊണ്ടുതന്നെ ഒരു മുസ്‌ലിമിന് അവന്‍റെ ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ളത് അവന്‍റെ വിശ്വാസമാണ്. ആ വിശ്വാസത്തിന് കോട്ടം തട്ടുന്ന കാര്യങ്ങളില്‍ നിന്നും അവന്‍ വിട്ടു നില്‍ക്കുക സ്വാഭാവികവും അനിവാര്യവുമാണ്‌. തന്‍റെ വിശ്വാസങ്ങള്‍ മറ്റൊരു മതസ്ഥന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കുക എന്നത് ഇസ്‌ലാമില്‍ നിഷിധവുമാണ്.  മതപരമായ തന്‍റെ വിശ്വാസങ്ങള്‍ ഇതര മതവിശ്വാസികളുടേതുമായി കൂടിക്കലരാതെ സംരക്ഷിക്കത്തക്കവണ്ണം വിശ്വാസപരമായ അടുപ്പവും അകല്‍ച്ചയും അവന്‍ കാത്തുസൂക്ഷിക്കും )...................
..................(ഇതര മത ആചാരങ്ങളില്‍ നിന്നും, അനുഷ്ടാനങ്ങളില്‍ നിന്നും, എന്തിനധികം വസ്ത്രധാരണത്തില്‍പോലും ഒരു മുസ്‌ലിം വ്യതിരിക്തത പുലര്‍ത്തുന്നു. അത് ഇതര മതസ്ഥരോടുള്ള അസഹിഷ്ണുത കൊണ്ടല്ല. അവന്‍റെ വിശ്വാസം നിഷ്കര്‍ഷിക്കുന്നത് കൊണ്ടാണ്. അതുകൊണ്ടുതന്നെ ഇതര മത ആഘോഷങ്ങളില്‍ നിന്നും അനുഷ്ടാനങ്ങളില്‍ നിന്നും ഒരു മുസ്‌ലിം വിട്ടു നില്‍ക്കുക തന്നെ ചെയ്യും).

മറ്റൊരു സഹോദരന്‍ ഉന്നയിച്ച ആരോപണം സുന്നത്തിനെ ദുര്‍വ്യാഖ്യാനിച്ചു എന്നതാണ്. വിയോജിപ്പിന് നല്‍കിയ ടൈറ്റില്‍ തന്നെ: (നബിചര്യയെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടുള്ള കാഫിര്‍ പ്രീണനം) എന്നതാണ്. നബിചര്യയെ ദുര്‍വ്യാഖ്യാനിക്കുക എന്നത് തന്നെ അതിഗൗരവമുള്ള കാര്യമാണ്. അത് കാഫിറിനെയും കുഫ്റിനെയും പ്രീണിപ്പിക്കാന്‍ വേണ്ടി എന്നാകുമ്പോള്‍ അതിന്‍റെ കാഠിന്യം വര്‍ദ്ധിക്കുന്നു. കുഫ്റിനെ പ്രീണിപ്പിക്കുക എന്നതും അത്യധികം ആപല്കരം. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. സഹോദരന് അല്ലാഹു പൊറുത്ത് കൊടുക്കട്ടെ. 

നബി (സ) ഹിറഖല്‍ ചക്രവര്‍ത്തിക്ക് അയച്ച സന്ദേശത്തില്‍ അയാളുടെ പേരിനോടൊപ്പം  'ഇലാ അളീമി റൂം' എന്ന് ചേര്‍ത്തു എന്നത്, പ്രബോധന സമയത്തെ സൗമ്യമായ ശൈലി എന്ന അര്‍ത്ഥത്തിലും, പ്രബോധിതന്‍ തന്‍റെ സംഭാഷണം സ്വീകരിക്കാന്‍ അനുയോജ്യമായതും അയാളുടെ സ്ഥാനത്തിന് ചേര്‍ന്നതുമായ അഭിസംബോധനം സ്വീകരിക്കുക എന്നതുമാണ്‌ അത് സൂചിപ്പിക്കുന്നത് എന്ന് പറഞ്ഞിരുന്നു. ഇത് ഇമാം നവവി (റ) നല്‍കിയ വിശദീകരണമാണ്. ഇമാം നവവി (റ) പറയുന്നു:


"ولم يقل إلى هرقل فقط بل أتى بنوع من الملاطفة، فقال: عظيم الروم أي الذي يعظمونه ويقدمونه ، وقد أمر الله تعالى بالانة القول لمن يدعى إلى الإسلام، فقال تعالى: ادع إلى سبيل ربك بالحكمة والموعظة الحسنة ، وقال تعالى : فقولا له قولا لينا ...

"അദ്ദേഹം ഹിറഖലിന് എന്ന് മാത്രം പറഞ്ഞ് നിര്‍ത്തിയില്ല, മറിച്ച് വിനയപുരസരമുള്ള ഒരു പ്രയോഗം ഉപയോഗിച്ചുകൊണ്ട് 'അളീമി - റൂം' എന്ന് പറഞ്ഞു. അഥവാ അവര്‍ (റോമുകാര്‍) ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന  വ്യക്തി എന്നര്‍ത്ഥം. ഇസ്ലാമിലേക്ക് ക്ഷനിക്കപ്പെടുന്നയാളെ ഇപ്രകാരം സൗമ്യമായി അഭിസംബോധനം ചെയ്യുക എന്നത് അല്ലാഹു കല്പിച്ചിട്ടുള്ളതാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു: "യുക്തിദീക്ഷയോടെയും സദുപദേശം കൊണ്ടും നീ നിന്റെ റബ്ബിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷനിക്കുക". അതുപോലെ അവന്‍ പറഞ്ഞു: "നിങ്ങള്‍ ഇരുവരും അവനോട് (ഫിര്‍ഔനോട്) സൗമ്യമായ രീതിയില്‍ സംഭാഷണം നടത്തുക".  - [ശറഹു മുസ്‌ലിം: വോ: 12 പേജ്: 108].


എല്ലാ അവസരത്തിലും എല്ലാ അവിശ്വാസികളെയും ബഹുമാനപ്പെട്ട എന്ന് പറഞ്ഞേ അഭിസംബോധനം ചെയ്യാവൂ എന്നല്ല ഇവിടെ സൂചിപ്പിച്ചത്. മറിച്ച് സമൂഹത്തില്‍ പ്രത്യേകമായ സ്ഥാനമാനങ്ങള്‍ വഹിക്കുന്ന ആളുകളെ, പൊതു മസ്ലഹത്തിന് വേണ്ടിയോ, അയാളെ കൂടുതല്‍ സത്യത്തിലേക്ക് അടുപ്പമുള്ളവനാക്കുന്നതിന് വേണ്ടിയോ, അയാളില്‍ നിന്നും ഫിത്ന ഭയപ്പെടുന്നത് കൊണ്ടോ അപ്രകാരം ഉപയോഗിച്ചാല്‍ അതില്‍ തെറ്റില്ല. അല്ലാതെ അവിശ്വാസി എന്ന അര്‍ത്ഥത്തില്‍ അയാളെ ആദരിക്കുന്നു എങ്കില്‍ അത് തന്‍റെ വിശ്വാസത്തെ തന്നെ ബാധിക്കുന്ന വീഴ്ചയാണ്താനും. മുശ്രിക്കായ എല്ലാ ഭരണകര്‍ത്താക്കളെ അഭിസംബോധനം ചെയ്യുമ്പോഴും ഇതേ ശൈലി സ്വീകരിക്കണം എന്ന ഇമാം നവവി (റ) യുടെ അഭിപ്രായത്തെ ഘണ്ടിച്ച ശേഷം ഇമാം ഇബ്നു ഹജര്‍ (റ) രേഖപ്പെടുത്തുന്നു:


  فَعَلَى هَذَا فَلَا يُحْتَجّ بِهِ عَلَى جَوَاز الْكِتَابَة لِكُلِّ مَلِك مُشْرِك بِلَفْظِ عَظِيم قَوْمه إِلَّا إِنْ احْتِيجَ إِلَى مِثْل ذَلِكَ لِلتَّمْيِيزِ ، وَعَلَى عُمُوم مَا تَقَدَّمَ مِنْ التَّأَلُّف أَوْ مِنْ خَشْيَة الْفِتْنَة يَجُوز ذَلِكَ بِلَا تَقْيِيد وَاللَّهُ أَعْلَمُ

"ഈ ഹദീസില്‍ നിന്നും എല്ലാ മുശ്'രിക്കായ രാജാക്കന്മാരെയും 'അളീമുല്‍ ഖൗം' (ആ സമൂഹത്തിലെ മഹാന്‍) എന്ന് വിളിക്കണം എന്നതിന് തെളിവ് പിടിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ അഭിസംബോധനം ചെയ്യുന്ന ആളെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ വേണ്ടിയോ, നേരത്തെ സൂചിപ്പിച്ചത് പോലെ അയാളെ അടുപ്പമുള്ളവാനാക്കുവാനോ, ഫിത്ന ഭയപ്പെടുന്നത് കൊണ്ടോ നിരുപാധികം അത് അനുവദനീയമാണ്താനും. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍" - [ഫത്ഹുല്‍ബാരി: 17/ 414].

അഥവാ ബഹുമാനപ്പെട്ട എന്ന് ഒരാളെ സംബന്ധിച്ച് പറഞ്ഞാല്‍ നിരുപാധികം എതിര്‍ക്കപ്പെടേണ്ട ഒന്നല്ല അത്. അതിന്‍റെ സന്ദര്‍ഭവും സമയവും പ്രധാനമാണ്. അഭിസംബോധനം ചെയ്യുന്ന ആളുടെ ഉദ്ദേശവും, അയാള്‍ അത് പ്രയോഗിക്കാന്‍ ഇടയായ കാരണവും എല്ലാം അതിന്‍റെ ഹുക്മിനെ ബാധിക്കും. ഉസൂലുല്‍ ഫിഖ്ഹില്‍ ഒരു അടിസ്ഥാന തത്വമുണ്ട്: الحكم يدور مع علته وجودا وعدما , "ഒരു കാര്യത്തിലെ വിധി, ആ വിധിയുടെ കാരണത്തിന് ആപേക്ഷികമായി നിലകൊള്ളുന്നു. കാരണം ഉണ്ടാകുമ്പോള്‍ അതുണ്ടാകും കാരണം ഇല്ലാതാകുമ്പോള്‍ അതില്ലാതാകും".

നിങ്ങള്‍ രാഷ്ട്രീയ നേതാക്കളെ 'ബഹുമാനപ്പെട്ട' എന്ന് പറയുകയല്ലാതെ അവര്‍ക്ക് ദീന്‍ പറഞ്ഞുകൊടുക്കാറുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. ഉണ്ട് എന്നതാണ് എന്‍റെ അറിവ്. നേരിട്ട് കണ്ടിട്ടുമുണ്ട്. അവരുടെ തെറ്റിധാരണകളെ അവര്‍ ഉള്ള സദസില്‍ വച്ച് തന്നെ തിരുത്തികൊടുക്കാന്‍ അവസരം കിട്ടിയിട്ടും ഉണ്ട്. ഇതിന്‍റെയെല്ലാം അര്‍ഥം ഈ വിഷയത്തില്‍ അപാകതകള്‍ ഒന്നും തന്നെ സംഭവിക്കുകയില്ല എന്നോ, അപാകതകള്‍ സംഭാവിച്ചിട്ടുണ്ടാവുകയില്ല എന്നോ അല്ല. വ്യക്തികള്‍ ആയാലും സംഘടന ആയാലും അപാകതകളില്‍ നിന്നും ആരും മുക്തരല്ല. അതുകൊണ്ട് അപാകതകളെ സൂക്ഷിക്കുകയും ബോധ്യപ്പെട്ടാല്‍ തിരുത്തുകയും ചെയ്യണം.

ഇനി മുനാഫിഖിനെ സയ്യിദ് എന്ന് വിളിക്കരുത് എന്ന ഹദീസ്. ആ ഹദീസ് വിശദീകരിക്കപ്പെടേണ്ടതുണ്ട്. അല്ലാഹു നിന്ദിച്ചവരായ ഫാസിഖുകളെയും (തെമ്മാടികള്‍, അധര്‍മ്മകാരികള്‍) , മുനാഫിഖുകളെയും (കപടവിശ്വാസികള്‍) സയ്യിദ് (നേതാവ്) അവരെ വാഴ്ത്തുക എന്ന അര്‍ത്ഥത്തില്‍ സയ്യിദ് (നേതാവ്) എന്ന് അഭിസംബോധനം ചെയ്യാന്‍ പാടില്ല.  ഖതാദ, ഇബ്നു ബുറൈദയില്‍ നിന്നും കേട്ടിട്ടില്ല എന്ന കാരണത്താല്‍  ഈ ഹദീസിന്‍റെ സ്വിഹത്തില്‍ പല ഇമാമീങ്ങളും ചര്‍ച്ച നടത്തിയിട്ടുണ്ട് എങ്കിലും പല ഇമാമീങ്ങളും ഈ ഹദീസ് സ്വഹീഹാണ് എന്ന് പ്രസ്ഥാവിച്ചിട്ടുണ്ട്. ശൈഖ് അല്‍ബാനി (റ) ഈ ഹദീസ് സ്വഹീഹാണ് എന്ന് പഠിപ്പിച്ചിട്ടും ഉണ്ട്.

എന്നാല്‍ നിരുപാധികം എല്ലാ സമയത്തും കാഫിറായ ഒരാളെയും 'സയ്യിദ്' എന്ന പദപ്രയോഗം കൊണ്ട് അഭിസംബോധനം ചെയ്യാന്‍ പാടില്ല എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല എന്ന് ശാരിഹീങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

മുല്ലാ അലീ അല്‍ ഖാരി (റ) ശൈഖ് വലിയ്യുദ്ദീന്‍ അത്തബ്രീസി (റ) വാക്കുകള്‍ എടുത്ത് കൊടുക്കുന്നു:

وفيه إن قول الناس لغير الملة كالحكماء والأطباء مولانا داخل في هذا النهي والوعيد بل هو أشد لورود قوله تعالى مولانا في التنزيل دون السيد

"മില്ലത്തില്‍ പെടാത്ത ചിന്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ചിലര്‍ 'മൗലാനാ' എന്ന് പ്രയോഗിക്കുന്നത് ഈ (ഹദീസിലെ) വിളക്കിലും താക്കീതിലും ഉള്‍പ്പെടുന്നു.  'സയ്യിദ്' എന്ന പദത്തില്‍ നിന്നും വ്യത്യസ്ഥമായി 'മൗലാനാ' എന്ന പദം അല്ലാഹുവിന്‍റെ വചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടത് കൊണ്ട് അത് കൂടുതല്‍ ഗൗരവപരമാണ്"

ശേഷം മുല്ലാ അലീ അല്‍ ഖാരി (റ) വിശദീകരിക്കുന്നു: 

قلت: إذا كان المراد به تعظيمه فلا شك في عدم جوازه وأما إذا أريد به أحد معاني المولى مما سبق فلا يبعد جوازه لا سيما عند الحاجة والضرورة والمخلص أن يكون على سبيل التورية

"എന്നാല്‍ ഞാന്‍ പറയുന്നത്: അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അവരെ മഹത്വപ്പെടുത്തുക എന്നതാണ് എങ്കില്‍ അത് നിഷിദ്ധമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ നേരത്തെ പറയപ്പെട്ട 'മൗലാ' എന്ന പദത്തിന്‍റെ അര്‍ത്ഥങ്ങളില്‍ വല്ലതുമാണ് (ഡോക്ടര്‍, ചിന്തകന്‍) ഉദ്ദേശിക്കപ്പെടുന്നത് എങ്കില്‍ അത് അനുവദനീയമാണെന്നത് നിരാകരിക്കാന്‍ സാധിക്കുകയില്ല. പ്രത്യേകിച്ച് അപ്രകാരം പ്രയോഗിക്കേണ്ട ആവശ്യമോ, അനിവാര്യതയോ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍. അത് 'തൗരിയ' എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നതാണ് ശരി" - [مرقاة المفاتيح  : 14 /48]. (തൗരിയ എന്നാല്‍ കേള്‍ക്കുന്നയാള്‍ക്ക് യഥാര്‍ത്ഥ ഉദ്ദേശം വ്യക്തമാകാത്ത രൂപത്തില്‍ പ്രയോഗിക്കപ്പെടുന്ന പ്രയോഗം).

ഇനി 'സയ്യിദ്' പ്രയോഗിക്കുന്നത് സംബന്ധമായ വിലക്ക് 'കറാഹത്ത്' ആണോ അതോ 'ഹറാം' ആണോ എന്നതും ഇമാമീങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.  ഇമാം നവവി (റ) പറയുന്നു:

 " الجمع بين هذه الأحاديث أنه لا بأس بإطلاق " فلان سيد " ، و " يا سيدي " ، وشبه ذلك ، إذا كان المسود فاضلا خيرا ، إما بعلم ، وإما بصلاح ، وإما بغير ذلك . وإن كان فاسقا ، أو متهما في دينه ، أو نحو ذلك : كُره أن يقال " سيد "


"ഈ ഹദീസുകള്‍ പരസ്പരം സംയോജിപ്പിച്ചുകൊണ്ട് മനസ്സിലാക്കാവുന്നത്, ഇന്നയാള്‍ സയ്യിദാണ് (നേതാവ്), യാ സയ്യിദീ (എന്‍റെ നേതാവേ) തുടങ്ങിയ അര്‍ത്ഥ തലങ്ങളില്‍ വിളിക്കപ്പെടുന്നയാള്‍ അറിവുകൊണ്ടോ സല്‍പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ നല്ലയാളും ശ്രേഷ്ഠനും ആണെങ്കില്‍ അതില്‍ തെറ്റില്ല.  എന്നാല്‍ ഫാസിഖോ , ദീനിന്റെ വിഷയത്തില്‍ ആക്ഷേപിക്കപ്പെട്ടവനോ ആണെങ്കില്‍ അവനെ 'സയ്യിദ്' എന്ന് വിളിക്കല്‍ വെറുക്കപ്പെട്ടതാണ്" - [അല്‍അദ്കാര്‍: പേ: 362 ]. അറബി ഭാഷയിലെ സയ്യിദ് എന്ന പദത്തിന്‍റെ വിവിധമായ അര്‍ത്ഥ തലങ്ങളും വിവിധ ഉദ്ദേശങ്ങളും ഇമാം നവവി (റ) വ്യകതമാക്കിയിട്ടും ഉണ്ട്.

തിന്മയില്‍ മുഴുകിയ അധര്‍മ്മകാരികളെയും ദീനിനോടുള്ള കൂറില്‍ സംശയിക്കപ്പെടുന്നവരെയും സയ്യിദ്  (നേതാവ്) എന്ന് വിളിച്ച് അവരെ മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യരുത് എന്നതാണ് ഇതിന്‍റെ ഉദ്ദേശം. കാരണം അത് അവരിലെ തിന്മ വ്യാപിക്കാനും കാരണമാകും. അല്ലാഹു നിന്ദിച്ചവരെ മഹത്വവല്‍ക്കരിക്കുവാനും കാരണമാകും. മാത്രമല്ല ശറഇയ്യായി വിയോജിപ്പുള്ള ആളുകളോട് പ്രയോഗിക്കുന്ന വാക്കുകളില്‍ സൂക്ഷ്മത പാലിക്കണം എന്നും ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു.

എന്നാല്‍ അതെ സമയം മഫ്സദത്ത് (ഉപദ്രവം) തടയുന്നതിനോ, പൊതു മസ്ലഹത്തിന് വേണ്ടിയോ സമൂഹത്തില്‍ സ്ഥാനമാനമുള്ള ആളുകളെ 'തലത്തുഫ്' , 'തഅല്ലുഫ്' അഥവാ അവരെ ആകര്‍ഷിക്കുകയും സൗമ്യമായ അഭിസംബോധനം സ്വീകരിക്കുകയും ചെയ്യുക എന്ന അര്‍ത്ഥത്തില്‍ അപ്രകാരം പ്രയോഗിക്കുന്നതില്‍ തെറ്റില്ല താനും. 'ഇലാ അളീമി റൂം' എന്ന വിഷയത്തിന്‍റെ വിശദീകരണത്തില്‍ പണ്ഡിതന്മാര്‍ അത് രേഖപ്പെടുത്തിയത് നാം സൂചിപ്പിച്ചുതാനും.

ഒഫീഷ്യല്‍ കത്തിടപാടുകളിലും, ഇന്ന സ്ഥാപനത്തിന്‍റെ നേതാവ്, ഇന്ന പാര്‍ട്ടിയുടെ നേതാവ്, ഇന്ന കമ്പനിയുടെ നേതാവ് തുടങ്ങിയ അര്‍ത്ഥത്തിലും  'تمييز' (വേര്‍തിരിവിനു) വേണ്ടിയോ, പോലെ സമൂഹത്തില്‍ പ്രയോഗിച്ചുവരുന്ന സ്ഥാനപ്പേര് എന്ന നിലക്കോ, പ്രബോധിതനോടുള്ള 'തലത്ത്വുഫ്', 'തഅല്ലുഫ്'  എന്ന നിലക്കോ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടിയല്ലാതെ ഒരാള്‍ അപ്രകാരം പ്രയോഗിക്കുന്നതില്‍ തെറ്റില്ലതാനും. മുല്ലാ അലീ അല്‍ ഖാരി (റ) യുടെ വിശദീകരണത്തിലും അതാണ്‌ സൂചിപ്പിച്ചത്.

تمييز എന്ന അര്‍ത്ഥത്തില്‍ 'സയ്യിദ്' എന്ന പ്രയോഗം ഹദീസുകളില്‍ തന്നെ വന്നിട്ടുമുണ്ട്. സ്വഹാബത്തിനെ അതിഥികളായി സ്വീകരിക്കാതിരുന്ന, കുഫാറുകളുടെ ഗോത്രത്തലവനെ തേള്‍ കുത്തിയ സംഭവം ഉദ്ദരിക്കുന്നതില്‍  "അവരുടെ സയ്യിദിനെ തേള്‍ കുത്തി" എന്ന് സ്വഹാബത്ത് ഉദ്ദരിച്ചതായിക്കാണാം. അവരുടെ ഗോത്ര നേതാവ് എന്നതാണ് ഇവിടെ ഉദ്ദേശിച്ചത് تمييز എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്.

ശൈഖ് ഇബ്നു ബാസ് (റ) തുണീശ്യയിലെ ഭരണാധികാരിയായിരുന്ന അല്‍ഹബീബ് ബൂറുഖൈബയില്‍  നിന്നും വിശുദ്ധഖുര്‍ആനിനെയും നബി (സ) യെയും അവഹേളിക്കുന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ കടന്നുവന്നപ്പോള്‍ അദ്ദേഹത്തിന് എഴുതിയ കത്ത് പ്രസിദ്ധമാണ്. അതില്‍ അദ്ദേഹം സ്വീകരിച്ച അഭിസംബോധനത്തില്‍ : അസ്സയ്യിദ് അല്‍ഹബീബ് ബൂറുഖൈബ   എന്നായിരുന്നു പ്രയോഗിച്ചിരുന്നത്. അല്‍ഹബീബ് ബൂറുഖൈബ ഇസ്‌ലാമിക നിയമപ്രകാരം ഭരിച്ചിരുന്ന ആളായിരുന്നില്ല എന്ന് മാത്രമല്ല വിശുദ്ധഖുര്‍ആനിനെയും നബി (സ) യെയും അവഹേളിക്കുന്ന അയാളുടെ പ്രസ്ഥാവന തുനീഷ്യന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴാണ് അദ്ദേഹം ആ കത്ത് എഴുതിയത്. അവിടെ (സയ്യിദ്, മിസ്റ്റര്‍) എന്ന പ്രയോഗത്തിലൂടെ അദ്ദേഹം ഒരിക്കലും ആ വ്യക്തിയെ മഹത്വവല്‍ക്കരിക്കുക എന്നതല്ല ഉദ്ദേശിച്ചത്. മറിച്ച് 'തലത്ത്വുഫ്' പ്രബോധിതനോടുള്ള സൗമ്യമായ അഭിസംബോധനം എന്നത് മാത്രമാണ്. അതില്‍ അദ്ദേഹത്തോട് തന്‍റെ പേരില്‍ വന്ന ആ പ്രസ്ഥാവനകള്‍ പിന്‍വലിക്കണം എന്നും, തൗബ ചെയ്യണം എന്നും, ഇല്ലയെങ്കില്‍ അതിന്‍റെയും അത് പിന്തുടരുന്നവരുടെയും പാപം ചുമക്കേണ്ടി വരുമെന്നും, കുഫ്റിലേക്ക് പുറം കടക്കാന്‍ കാരണമാകുമെന്നും അദ്ദേഹം ഉണര്‍ത്തുന്നുമുണ്ട്.

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) ക്ക് തന്‍റെ നന്ദി അറിയിച്ചുകൊണ്ട്‌ സൗദിയിലെ തുനീഷ്യന്‍ അംബാസഡര്‍ വഴി ഒഫീഷ്യലായിത്തന്നെ ബൂറുഖൈബയുടെ മറുപടിയും വന്നു. ഇതാണ് വളരെ വലിയ തിന്മകളെപ്പോലും എതിര്‍ക്കാന്‍ പണ്ഡിതന്മാര്‍ സ്വീകരിച്ചിരുന്ന ശൈലി. അതുകൊണ്ടുതന്നെ ഇത്തരം പദപ്രയോഗങ്ങള്‍ ഉപയോഗിക്കപ്പെടുന്ന സാഹചര്യങ്ങള്‍ നിര്‍ബന്ധമായും പരിഗണിക്കേണ്ടതുണ്ട്. അതോടൊപ്പം അനാവശ്യമായി ഉപയോഗിക്കുകയും, മഹത്വവല്‍ക്കരിക്കാന്‍ വേണ്ടി പ്രയോഗിക്കുകയും ചെയ്യുന്നതിനെ  സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.

മറ്റൊരു ആരോപണം, ഞാന്‍ ഇബ്നു ബാസ് (റ) യുടെ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ വിഷയത്തില്‍ ഉള്ള ഉപദേശം കോട്ടിമാറ്റി എല്ലാവര്‍ക്കും ബാധകമാക്കി എന്നതാണ്. വിശുദ്ധഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ചു എന്ന ആരോപണം ഉന്നയിച്ച സഹോദരന്‍റേതു തന്നെയാണ് ഇതും. അല്ലാഹു പൊറുത്ത് കൊടുക്കട്ടെ.  സഹോദരന്‍ എന്‍റെ മേല്‍ കളവ് പറഞ്ഞു എന്ന് ഞാന്‍ കരുതുന്നില്ല. മറിച്ച് ഇത് സഹോദരന്‍റെ വിമര്‍ശനവായനയില്‍ ഉണ്ടായ മറ്റൊരു തെറ്റിദ്ധാരണയാണ്  എന്നും തിരുത്തുമെന്നും ഞാന്‍ മനസ്സിലാക്കുന്നു. ശൈഖ് ഇബ്നു ബാസിന്‍റെ വളരെ ദൈര്‍ഘ്യമുള്ള ഒരു പ്രഭാഷണത്തിലെ സംക്ഷിപ്തമായ ഒരു ഭാഗമാണ് ഞാന്‍ നല്‍കിയിട്ടുള്ളത്. ദാഇമാരെ അഭിസംബോധനം ചെയ്ത് മസ്ജിദുല്‍ ഹറാമില്‍ വെച്ച് സംസാരിച്ച സംസാരം. അതില്‍ ഇസ്‌ലാമിക രാഷ്ട്രങ്ങളെയും പൊതുവായ നിലക്കും  അഭിസംബോധനം ചെയ്യുന്നുണ്ട്. ഞാന്‍ പറഞ്ഞ ഭാഗം എല്ലാ രാജ്യക്കാരെയും ഉദ്ദേശിച്ചുള്ള ഭാഗമാണ്. അത് അതില്‍ത്തന്നെ വ്യക്തമാണ്: 

وهكذا يجب على الدعاة إلى الله سبحانه في جميع الدول أن يعالجوا الأوضاع المخالفة للشرع المطهر بالحكمة والموعظة الحسنة والأسلوب الحسن ، ويتعاونوا مع المسئولين على الخير ويتواصوا بالحق مع الرفق والتعاون مع الدولة بالحكمة حتى لا يؤذي الدعاة وحتى لا تعطل الدعوة ، فالحكمة في الدعوة بالأسلوب الحسن وبالتعاون على البر والتقوى هي الطريق إلى إزالة المنكر أو تقليله وتخفيف الشر 

"അതുപോലെത്തന്നെ എല്ലാ നാട്ടിലുമുള്ള പ്രബോധകര്‍ അതത് നാടുകളില്‍ നിലനില്‍ക്കുന്ന അനിസ്‌ലാമിക കാര്യങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ യുക്തിദീക്ഷയോടുകൂടിയും  സദുപദേശം കൊണ്ടും നല്ല രീതിയിലുമാണ് അവരത് നിര്‍വഹിക്കേണ്ടത്. അവര്‍ അതത് നാട്ടിലെ അധികാരികളുമായി നന്മയില്‍ സഹകരിക്കുകയും , സൗമ്യമായ സമീപനത്തോടെയും രാജ്യവുമായി സഹകരിച്ചുകൊണ്ടും  നേരായ കാര്യങ്ങള്‍ അന്യോന്യം  ഉപദേശിക്കുകയാണ് ചെയ്യേണ്ടത്. പ്രബോധകര്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാനും, പ്രബോധനം തടസ്സപ്പെടാതിരിക്കാനുമാണത്. പ്രബോധനപ്രവര്‍ത്തനത്തിലെ യുക്തി എന്ന് പറയുന്നത് വളരെ നല്ല രീതിയിലൂടെ നന്മയിലും, തഖ്'വയിലും പരസ്പരം സഹകരിച്ചുകൊണ്ട് തിന്മയെ നീക്കം ചെയ്യാനും, അതല്ലെങ്കില്‍ തിന്മയെ കുറക്കാനും അതുവഴി അതിന്‍റെ ഉപദ്രവം കുറയ്ക്കാനും പരിശ്രമിക്കുക എന്നുള്ളതാണ്." - [ഫതാവ ഇബ്നുബാസ്: 202].
وهكذا يجب على الدعاة إلى الله سبحانه في جميع الدول

'ഇപ്രകാരമാണ് എല്ലാ രാജ്യങ്ങളിലുമുള്ള പ്രബോധകര്‍ ചെയ്യേണ്ടത്' എന്നദ്ദേഹം പറഞ്ഞത് ഇസ്‌ലാമിക രാഷ്ട്രങ്ങളെക്കുറിച്ച് മാത്രമാണ് എന്ന സഹോദരന്‍റെ കണ്ടെത്തല്‍ ശരിയല്ല. അപ്രകാരം അദ്ദേഹത്തിന്‍റെ സംസാരത്തില്‍ നിന്നും ലഭിക്കുകയുമില്ല. മറിച്ച് അത് എല്ലാ നാട്ടിലുമുള്ള പ്രബോധകര്‍ക്ക് കൂടുതല്‍ സമാധാനപരമായും, സുരക്ഷയോടെയും പ്രബോധനം ചെയ്യാന്‍ ശൈഖ് നല്‍കുന്ന ഉപദേശമാണ്. ഇനി ശൈഖ് ഈ ഒരു സന്ദര്‍ഭത്തില്‍ മാത്രമല്ല ഈ ഒരുപദേശം നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്‍റെ മുസ്‌ലിം ന്യൂനപക്ഷങ്ങളെക്കുറിച്ച് സംസാരിക്കുന്നതായ മറ്റൊട്ടനേകം സംസാരങ്ങളിലും ഇത് കാണാം. ഈയടുത്ത് ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് (ഹഫിദഹുല്ലയും) ഇത് വ്യക്തമാക്കിയിട്ടുണ്ട്.  മാത്രമല്ല ആരോപണവിധേയമായ ശൈഖിന്‍റെ സംസാരത്തില്‍ അവസാനഭാഗത്ത് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കൂടി നോക്കുക: 

الذي أنصح به إخواني في هذه البلاد وفي كل مكان أن يتحروا طريقة المصطفى عليه الصلاة والسلام ، وطريقة أصحابه رضي الله عنهم في القول والعمل ، ويكونوا أسوة صالحه في أقوالهم وأعمالهم وأن يبدءوا بأنفسهم في كل خير وفي ترك كل شر حتى يكونوا قدوة عملية في أعمالهم وأحوالهم وأخلاقهم ورفقهم ورحمتهم وإحسانهم ، وأن يحرصوا دائما أن يتحروا في الأمر ، وأن يكون خطؤهم في العفو والرفق أولى من خطئهم في الشدة. 

"ഈ രാജ്യത്തും, എല്ലാ നാടുകളിലുമുള്ള എന്‍റെ സഹോദരങ്ങളെ ഞാന്‍ ഉപദേശിക്കുന്നത് നബി (സ) യുടെ രീതി സ്വാംശീകരിക്കാനാണ്. അദ്ദേഹത്തിന്‍റെ സ്വഹാബത്തിന്‍റെയും. അത് വാക്കിലാകട്ടെ, പ്രവര്‍ത്തിയിലാകട്ടെ. തങ്ങളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും അവര്‍ നല്ല മാതൃകയാകണം. നന്മ ചെയ്യുന്നതിലും, തിന്മ വര്‍ജിക്കുന്നതിലും അവര്‍ സ്വന്തത്തില്‍ നിന്നും തുടങ്ങട്ടെ. തങ്ങളുടെ പ്രവര്‍ത്തനങ്ങളിലും, അവസ്ഥയിലും, സ്വഭാവത്തിലും, സൗമ്യമായ സമീപനത്തിലും, കാരുണ്യത്തിലും, നന്മ ചെയ്യുന്നതിലും അവര്‍ പ്രായോഗിക തലത്തിലുള്ള മാതൃകയാവട്ടെ. ഈ കാര്യത്തില്‍ വളരെയധികം സൂക്ഷ്മത പുലര്‍ത്താന്‍ അവര്‍ അങ്ങേയറ്റം പ്രയത്നിക്കട്ടെ. സൗമ്യമായ  സമീപനവും വിട്ടുവീഴ്ചയും സ്വീകരിക്കുക വഴി വീഴ്ച സംഭവിക്കുന്നതാണ്, കഠിനമായ സമീപനം സ്വീകരിക്കുക വഴി വീഴ്ച സംഭവിക്കുന്നതിനേക്കാള്‍ അവര്‍ക്ക്  നല്ലത്." - [http://www.binbaz.org.sa/article/202]. ഇനി അതിന്‍റെ അവസാനത്തില്‍ പ്രാര്‍ഥിക്കുമ്പോഴും "എല്ലാ നാട്ടിലുള്ള പ്രബോധകരെയും പണ്ഡിതന്മാരെയും ഏറ്റവും നല്ലതും ഏറ്റവും സന്മാര്‍ഗപൂരിതവുമായ മാര്‍ഗത്തിലേക്ക് അല്ലാഹു തൗഫീഖ് നല്‍കട്ടെ എന്ന് അദ്ദേഹം പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഞാന്‍ എടുത്ത് കൊടുത്ത ഭാഗം അദ്ദേഹം ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ മാത്രം വിഷയത്തില്‍ മാത്രം പറഞ്ഞതല്ല. അത് ആര്‍ക്കും പരിശോധിക്കാവുന്നതുമാണ്. 

ഇന്‍ ശാ അല്ലാഹ് അല്ലാഹു തൗഫീഖ് ചെയ്യുകയാണ് എങ്കില്‍ ആ പ്രഭാഷണം മുഴുവന്‍ വിവര്‍ത്തനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. കാരണം ഒരുപാട് കാര്യങ്ങള്‍ അതില്‍ പഠിക്കേണ്ടതായുണ്ട്.

ഏതായാലും ഇതരമതസ്ഥരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും ആഘോഷങ്ങളുമെല്ലാം  ആശംസിക്കുകയും അതിനോട് കൂറ് പുലര്‍ത്തുകയും   ചെയ്തുകൊണ്ട് ശറഇന്‍റെ അതിര്‍വരമ്പുകളെ കാറ്റില്‍ പറത്തുന്നവര്‍ ഒരുവശത്തും , മറുപടി എഴുതിയ സഹോദരന്‍ തന്നെ സൂചിപ്പിച്ചത് പോലെ മാനുഷികമായ ബന്ധങ്ങള്‍ പോലും വിച്ചേദിക്കപ്പെടുമാറ് ചിലര്‍ അതിരുകവിയുകയും ചെയ്യുമ്പോള്‍ അവിടെ തിരോധാനം ചെയ്യപ്പെടുന്നത് തങ്ങളെ അക്രമിക്കുകയോ, തങ്ങളോട് അനീതി കാണിക്കുകയോ ചെയ്യാത്തവരോട്  മാനുഷികമായ കാരുണ്യവും, നന്മയും ചെയ്യുന്നതോടൊപ്പം വിശ്വാസപരമായ കാര്യങ്ങളില്‍ ശക്തമായ വിയോജിപ്പ്‌ രേഖപ്പെടുത്തുക എന്ന നീതിപൂര്‍വകമായ തത്വമാണ്. അല്ലാഹു യുക്തിദീക്ഷയോടെയും സടുപദേശത്തോടെയും പ്രബോധനം ചെയ്യുന്നവരില്‍ നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ. തെറ്റിദ്ധരിക്കപ്പെട്ടവരോ അറിവില്ലാത്തവരോ ആയ ബഹുദൈവാരാധനയില്‍ അകപ്പെട്ടുപോയ ആളുകള്‍ക്ക്  സത്യത്തിന്‍റെയും ഏകദൈവവിശ്വാസത്തിന്‍റെയും മധുരം സൗമ്യമായ ഭാഷയില്‍ പകര്‍ന്നു നല്‍കാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ..

Sunday, September 11, 2016

വിയോജനക്കുറിപ്പിനോടുള്ള പ്രതികരണം. ഭാഗം രണ്ട്.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد ؛

السلام عليكم ورحمة الله
സ്നേഹപൂര്‍വ്വം ...

വിയോജനക്കുറിപ്പിലെ പല കാര്യങ്ങളും ഇപ്പോഴാണ് ശ്രദ്ധിച്ചത്. കാര്യങ്ങള്‍ പലതും ഇടകലര്‍ത്തി എഴുതിയിട്ടുണ്ട്. കൂടെ അറിഞ്ഞോ അറിയാതെയോ പല കാര്യങ്ങളും അമിതമായി ഗവേഷണം നടത്തി ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത അര്‍ത്ഥ തലങ്ങളിലേക്ക് കൊണ്ടുപോയി വിമര്‍ശിക്കുന്നുമുണ്ട്. നല്ല ഉദ്ദേശത്തോടെ എഴുതിയതാവാം, പക്ഷെ പൊതുവിഷയമായതു കൊണ്ട് പദപ്രയോഗങ്ങളുടെയും തന്‍റെ ലേഖനത്തിലെ അപാകതകളുടെയും വില നല്‍കേണ്ടി വരുന്നത് മുഴുവന്‍ മുസ്‌ലിം സമൂഹമായിരിക്കും എന്നത് ഞാനും ലേഖകനും തീര്‍ച്ചയായും ചിന്തിക്കേണ്ടതാണ്.

ഇതരമതസ്ഥരോട് 'സഹോദരാ , ബഹുമാനപ്പെട്ട' തുടങ്ങിയ പദങ്ങളെ സംബന്ധിച്ചുള്ള പരാമര്‍ശം ലേഖനത്തില്‍ കടന്നുവന്നതാണ്. അഥവാ മനപ്പൂര്‍വം ഉദ്ദേശിച്ചതല്ല എന്നതാണ് സഹോദരന്‍റെ വിശദീകരണം..  ആയിരിക്കാം.. പക്ഷെ സമൂഹത്തില്‍ അതുണ്ടാക്കുന്ന ഇമ്പാക്റ്റ് ഊഹിച്ചിട്ടുണ്ടോ ?. നിങ്ങള്‍ എഴുതുന്ന ലേഖനങ്ങള്‍ വായിക്കുന്നത് നിങ്ങളുടെ ചുറ്റും കൂടിയിട്ടുള്ള ഒരുപറ്റം ആളുകള്‍ മാത്രമാണോ ?!. ഒരിക്കലുമല്ല.   ഒരുപക്ഷെ സഹോദരന്‍ ശ്രദ്ധിചിട്ടുണ്ടാവില്ല, താങ്കളുടെ കൂടെയുള്ള പലരും ആ കാര്യമാണ് 'വലാഉം ബറാഉം' പാലിക്കുന്നവനും പാലിക്കാത്തവനും തമ്മിലുള്ള അളവുകോലായി കണക്കാക്കുന്നത്. അത് ഏത് സാഹചര്യത്തില്‍ എന്ത് അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നു എന്ന സാമാന്യമായ പരിഗണന പോലും ഇവര്‍ നല്‍കാറില്ല. ധനമന്ത്രി തോമസ്‌ ഐസക് സാറിന്‍റെ സാമ്പത്തിക വിഷയത്തിലെ ഒരു ലേഖനത്തിന് നിരൂപണം എഴുതിയപ്പോള്‍ അതില്‍ 'ബഹുമാനപ്പെട്ട' എന്ന് എഴുതിയതിന് താങ്കളുടെ അനുഭാവികളും, ഇന്ന് താങ്കളുടെ എഴുത്തുകളും പ്രസംഗങ്ങളും പ്രചരിപ്പിക്കുന്നവരുമായ ആളുകള്‍ എനിക്കയച്ച മെസേജുകള്‍ അതിന്‍റെ ഒരുദാഹരണം മാത്രമായിരുന്നു. അതെല്ലാം താങ്കളുടെ മേല്‍ കെട്ടിവെക്കുകയോ, അതിനെല്ലാം ഉത്തരവാദി താങ്കളാണ് എന്ന് പറയുകയോ അല്ല, മറിച്ച് ഇതൊരു സാമൂഹിക പ്രശ്നമാണ്. താങ്കള്‍ തന്നെ തുറന്നെഴുതിയ അതിരുകവിയല്‍. അതിന്‍റെ ഉപോല്‍ഭലകമായി തങ്ങള്‍ക്ക് അനുകൂലിക്കാന്‍ സാധിക്കാത്തവരുടെ ന്യൂനതകള്‍ മാത്രം പ്രബോധന വിഷയമാകുന്നു. വാക്കുകള്‍ അത് പരാമര്‍ശിച്ച തലങ്ങളില്‍ നിന്നും മാറ്റി വ്യാഖ്യാനിക്കപ്പെടുന്നു. ശേഷം, ജൂതചാരന്‍, സ്വാഹിബുല്‍ ഹവ, മുബ്തദിഅ്, ഹിസ്ബി തുടങ്ങിയ വാല്‍ക്കഷ്ണങ്ങള്‍ പിറകെ വരുന്നു.   അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ. ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ കൂടുതല്‍ അടുത്ത് നില്‍ക്കുന്നവരോടാണ് കൂടുതല്‍ അടുപ്പം ഉണ്ടാകേണ്ടത് എന്നാ താങ്കളുടെ നിര്‍ദേശം വിശാലമനസ്കതയോടെ സ്വീകരിക്കുന്നു. പാലിക്കാന്‍ ശ്രമിക്കാറുമുണ്ട്. അത് എന്നോട് ആവശ്യപ്പെട്ടത് പോലെ കൂടെയുള്ളവര്‍ക്ക് കൂടി പറഞ്ഞു കൊടുക്കണം എന്ന് അപേക്ഷ.  

ഞാന്‍ കൂടെയുള്ള പലരെയും വിമര്‍ശിക്കുന്നില്ല എന്നതാണ് ലേഖനത്തിലെ മറ്റൊരു വലിയ പരാതി. ഈ വിഷയത്തില്‍ അതിര് കവിഞ്ഞവര്‍ ഉണ്ട് എന്നത് സഹോദരന്‍ ലേഖനത്തില്‍ സമ്മതിക്കുകയും ചെയ്യുന്നു. സഹോദരന്‍ ഉദ്ദേശിച്ചവര്‍ ആരൊക്കെയാണ് ?!. അതില്‍ അലസത വരുത്തി എന്ന പേരില്‍ താന്‍ അംഗീകരിക്കാത്തവരുടെയെല്ലാം പേരുകള്‍ പരാമര്‍ശിച്ച് എഴുതിയ തന്‍റെ ലേഖനത്തില്‍ ഈ അതിര് കവിച്ചിലുകാരുടെ ആരുടേയും പേരില്ല. അവര്‍ സ്വന്തം ഭാഗത്ത് ഉള്ളവരാണ് എന്നതിനാലാണോ ?!. അറിയില്ല. ഏതായാലും ഈ അതിരുകവിച്ചില്‍ ഒരു പ്രശ്നമാണ്. പ്രബോധനത്തെ മുടക്കുന്ന ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ സന്ദേശത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രശ്നം. ഒരുവശത്ത് ബഹുദൈവാരാധനകളോടും, ആചാരങ്ങളോടും, ആഘോഷങ്ങളോടുമെല്ലാം സമരസപ്പെടുമ്പോള്‍ മറ്റൊരു വശത്ത് ഇസ്‌ലാം പഠിപ്പിച്ച മാനുഷിക മൂല്യങ്ങള്‍ വരെ നിരാകരിക്കപ്പെടുന്നു. രണ്ടും എതിര്‍ക്കപ്പെടേണ്ടത് തന്നെ.

സ്നേഹം എന്നത് വിവിധ തലങ്ങളില്‍ ഉണ്ട്. അത് ആ പദത്തിന്‍റെ വ്യാപ്തിയാണ്. അതില്‍ മനുഷ്യ സൃഷ്ടിപ്പില്‍ത്തന്നെ അടങ്ങിയതായ طبعي ആയ അഥവാ പ്രകൃതിപരമായി മനുഷ്യന്‍റെ സൃഷ്ടിപ്പില്‍ അടങ്ങിയ അടുപ്പം ഉണ്ട്. തന്‍റെ ജന്മനാട്, തന്‍റെ അയല്‍വാസികള്‍, താന്‍ കച്ചവടത്തിലോ മറ്റോ ഇടപഴകുന്നവര്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, തന്‍റെ ഗോത്രം, ഒരേ ഭാഷക്കാര്‍ ദേശക്കാര്‍, ഒപ്പം ജോലി ചെയ്യുന്നവര്‍, ഇങ്ങനെ ഇവര്‍ പരസ്പരം ഉണ്ടാകുന്ന മാനുഷികമായ അടുപ്പം ഈ പറഞ്ഞ അടുപ്പമാണ്. വിശ്വാസത്തിന് കോട്ടം തട്ടാത്ത രൂപത്തില്‍ ഉണ്ടാകുന്ന ഈ മാനുഷിക ബന്ധം ഇസ്‌ലാം വിലക്കിയിട്ടില്ല. അഥവാ ഇസ്‌ലാം വിലക്കിയ സ്നേഹവും അടുപ്പവും അതല്ല. മതപരമായി ഉണ്ടാകേണ്ട 'അടുപ്പത്തിനും അകല്‍ച്ചക്കും' ഈ സ്വാഭാവിക ബന്ധങ്ങള്‍ കോട്ടം തട്ടിക്കുംമ്പോള്‍ മാത്രമാണ് അവ വിരോധിക്കപ്പെടുന്നത്. നബി (സ) ക്ക് തന്‍റെ പിതൃവ്യനോട് ഉണ്ടായിരുന്നത് ഈ അടുപ്പമായിരുന്നു. 

إنك لا تهدي من أحببت "താങ്കള്‍ ഇഷ്ടപ്പെടുന്നവരെ താങ്കള്‍ക്ക് ഹിദായത്തിലാക്കാന്‍ കഴിയില്ല" എന്ന ആയത്തിന്‍റെ പശ്ചാത്തലത്തില്‍ നബി (സ) കാഫിറിനെ സ്നേഹിച്ചു എന്നല്ല പഠിപ്പിക്കുന്നത്, മറിച്ച് അദ്ദേഹത്തിന്‍റെ പിതൃവ്യന്‍ എന്ന നിലക്ക് അദ്ദേഹത്തിന് അബൂ ത്വാലിബിനോടുള്ള സ്നേഹം അതാണ്‌ അവിടെ പരാമര്‍ശിച്ചിരിക്കുന്നത്. മാത്രമല്ല അബൂ ത്വാലിബ്‌ നബി (സ) യെ സംരക്ഷിച്ചതിലുള്ള സ്നേഹവും കടപ്പാടും അദ്ദേഹത്തോട് നബി (സ) ക്ക് ഉണ്ടായിരുന്നു. ഇത് മനുഷ്യന് മനുഷ്യനോട് ഉണ്ടാകുന്ന സ്വാഭാവിക ബന്ധമാണ്. 

"അബൂത്വാലിബ്‌ മരിച്ചപ്പോള്‍ ഖുറൈശികള്‍ അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാന്‍ മടിച്ചിരുന്ന പല രൂപത്തിലുള്ള ഉപദ്രവങ്ങളും നബി (സ) ക്ക് നേരെ നടത്തി." - [സീറതു ഇബ്നു ഹിഷാം: 2/46].

ഇവിടെ അബൂത്വാലിബിനോട് നബി (സ) ക്കും തിരിച്ച് അബൂത്വാലിബിന് നബിയോടും ഉണ്ടായിരുന്ന സ്നേഹം പ്രകൃതിപരമായ സ്നേഹമായിരുന്നു. ശറഇയ്യായ വിശ്വാസത്തിന്‍റെ പേരിലുള്ള സ്നേഹം ആയിരുന്നില്ല. ഇത് ഇമാം ഇബ്നു കസീര്‍ (റ) വ്യക്തമാക്കുന്നുണ്ട്: "അബൂത്വാലിബ്‌ നബി (സ) സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തോട് കഠിനമായ സ്നേഹവും അദ്ദേഹത്തിന്‍റെ കൂടെ നില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് പ്രകൃതിപരമായ സ്നേഹമായിരുന്നു. ശറഇയായ സ്നേഹമായിരുന്നില്ല." - [ഇബ്നു കസീര്‍: അല്‍ഖസസ്: 56].

എന്നാല്‍ ഒരു വിശ്വാസിയും മറ്റൊരു വിശ്വാസിയും തമ്മിലുള്ള സ്നേഹബന്ധവും, അടുപ്പവും അതിലുപരി കടപ്പാടുകളും എല്ലാം ഇതിലും എത്രയോ വലുതാണ്‌. അവര്‍ ഒരൊറ്റ ശരീരം പോലെയാണ് എന്നതാണ് നബി (സ) പഠിപ്പിച്ചത്. അത് കൂടി മനസ്സിലാക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഈ കാര്യം കൂടി മനസ്സിലാക്കാന്‍ സാധിക്കൂ.

തന്‍റെ ആദര്‍ശത്തോട് ശത്രുതയും അനീതിയും വച്ച് പുലര്‍ത്താതിരുന്ന അബൂത്വാലിബിനോട് സ്വീകരിച്ച സമീപനം ആയിരുന്നില്ല അബൂലഹബിനോടും അബൂ ജഹലിനോടും ഉണ്ടായിരുന്നത്. അവര്‍ ശത്രുതയും അനീതിയും വച്ച് പുലര്‍ത്തിയിരുന്നവരായിരുന്നു. എല്ലാവരോടും ഒരേ സമീപനമല്ല സ്വീകരിക്കേണ്ടത് എന്നത് ഇതില്‍ നിന്നുതന്നെ മനസ്സിലാക്കാം.

വിശ്വാസത്തിന്‍റെ പേരില്‍ ഉണ്ടാകുന്ന സ്നേഹബന്ധവും അകല്‍ച്ചയും, മാനുഷികമായി ഉണ്ടാകുന്ന ബന്ധവും അകല്‍ച്ചയും തമ്മില്‍ ഉള്ള വ്യത്യാസം മനസ്സിലാക്കാത്തതാണ് ലേഖകന്‍റെ കുഴപ്പം. ഒന്ന് അവന്‍റെ സൃഷ്ടിപ്പില്‍ തന്നെ അടങ്ങിയതാണ്. മൃഗങ്ങള്‍ക്കിടയില്‍ പോലും അതുണ്ട്. ആ പ്രകൃതിപരമായ സ്നേഹം തന്നെയാണ് മറ്റൊരര്‍ത്ഥത്തില്‍ കാരുണ്യം എന്നും പറയപ്പെടുന്നത്. അല്ലാഹു ജീവജാലങ്ങള്‍ക്ക് നല്‍കിയ ഗുനവിശേഷണങ്ങളില്‍ ഒന്നാണത്.  മറ്റൊന്ന് അവന്‍റെ വിശ്വാസത്തിന്‍റെയും ഈമാനിന്‍റെയും ഭാഗമായി ആര്‍ജിക്കുന്നതാണ്.  ഒന്ന് അവിശ്വാസികളുമായി ഉണ്ടാകുന്നതിനെ ഇസ്‌ലാം വിലക്കുന്നുവെങ്കില്‍, മറ്റൊന്ന് അവരുമായി ഉണ്ടാകുന്നത് വിശ്വാസത്തിന് കോട്ടം തട്ടാത്തിടത്തോളം വിലക്കുന്നില്ല. അതുകൊണ്ടുതന്നെ അവനോടുള്ള വെറുപ്പും വിയോജിപ്പും ആദര്‍ശതലത്തിലാണ്. അവനില്‍ നിന്ന് എപ്പോള്‍ കുഫ്ര്‍ നീങ്ങുന്നുവോ അപ്പോള്‍ ആ വിയോജിപ്പ്‌ നീങ്ങുകയും ചെയ്യും. അതല്ലാതെ മാനുഷികമായ അര്‍ത്ഥതലത്തിലും അത് ബാധകമാണ് എങ്കില്‍ അവന് പുണ്യം, ചെയ്യുന്നതും അവനോട് നല്ല രൂപത്തില്‍ വര്‍ത്തിക്കുന്നതും അവനോട് കരുണ കാണിക്കുന്നതും എല്ലാം വിലക്കപ്പെടുമായിരുന്നു.

ഇവിടെയാണ്‌ പൊതുസമൂഹം ഇസ്‌ലാമിനെയും അതിന്‍റെ ആദര്‍ശത്തെയും തെറ്റിദ്ധരിക്കും വിധം സഹോദരന്‍ കാര്യങ്ങള്‍ കൂട്ടിക്കുഴക്കുന്നത്. സ്വാഭാവിക മനുഷ്യബന്ധങ്ങളെയും വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലുള്ള ബന്ധങ്ങളെയും ഒരേ നാണയത്തില്‍ അളക്കുന്നത് ആണ് പ്രശ്നം. സത്യനിഷേധത്തെയും സത്യനിഷേധികളെയും അവരിലുള്ള നിഷേധത്തിന്‍റെ പേരിലാണ് വെറുക്കുന്നത്. ആ വിയോജിപ്പും വെറുപ്പും സ്ഥായിയാണ്. എന്നാല്‍ അത് മാനുഷികബന്ധങ്ങളില്‍ വെറുപ്പ് കാണിക്കാനോ, അവരോട് മോശമായി പെരുമാറാനോ കാരണമാകുന്നില്ല. ഇത് കാപട്യമില്ലാത്ത നിലപാടാണ്. എന്നാല്‍ മനസ്സില്‍ ഒന്നും , പുറത്ത് വേറൊന്നും കാണിക്കുക എന്ന സഹോദരന്‍ സൂചിപ്പിച്ച നിലപാട് ഒരര്‍ത്ഥത്തില്‍ വഞ്ചനയാണ്. അതിലുപരി അത് എല്ലാവര്‍ക്കും സാധിക്കുകയുമില്ല. അതുകൊണ്ടുതന്നെയാണ് നേര്‍ക്കുനേരെയുള്ളവര്‍ സഹോദരനെപ്പോലെയുള്ളവരുടെ ക്ലാസുകള്‍ കേട്ട് അതിരുകവിയുന്നതും.

സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട ഒരു വിഷയം പ്രകൃതിപരമായ ബന്ധങ്ങള്‍ കാരണം ഉണ്ടാകുന്ന കാര്യങ്ങളും, വിശ്വാസപരമായ കാര്യങ്ങളും പരസ്പരം കലര്‍ത്തി മഹതി ഉമ്മുല്‍ മുഅമിനീന്‍ ആഇശാ (റ) ക്കെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ ശിയാക്കള്‍ ശ്രമിച്ചിട്ടുണ്ട്. ഭാര്യാഭര്‍തൃ ബന്ധം എന്ന നിലക്ക് നബി (സ) യോട് ആഇശാ (റ) ക്കുണ്ടായ ചില സന്ദര്‍ഭങ്ങളെ പ്രവാചകനോട് അങ്ങനെ ചെയ്യുക എന്നത് കുഫ്ര്‍ ആണ്, അതുകൊണ്ട് അവര്‍ കാഫിറാണ് എന്ന് ദുര്‍വ്യാഖ്യാനിക്കുകയാണ് ശിയാക്കള്‍ ചെയ്തത്. യഥാര്‍ത്ഥത്തില്‍ ആ കാര്യങ്ങള്‍ ഒരു വിശ്വാസി പ്രവാചകനോട് ഉണ്ടായ സമീപനം എന്ന നിലക്കല്ല, ഭാര്യ ഭര്‍ത്താവിനോട് എന്ന നിലക്കാണ് വായിക്കേണ്ടത്. അയല്‍പക്കം, കൂടെ ജോലി ചെയ്യുന്നവര്‍ എല്ലാവരുമായി ഉണ്ടാകുന്ന മനുഷ്യസഹചമായ ഇടപെടലുകള്‍ എടുക്കേണ്ടതും, വിശ്വാസിയും കാഫിറും എന്ന നിലക്കല്ല, കച്ചവടക്കാരനും കച്ചവടക്കാരനും, അയല്‍വാസിയും അയല്‍വാസിയും, മലയാളിയും മലയാളിയും എന്നീ അര്‍ത്ഥതലങ്ങളിലാണ്. എന്നാല്‍ അവിടെ വിശ്വാസപരമായ കാര്യങ്ങളില്‍ ഉള്ള അകല്‍ച്ചയും ബന്ധവിച്ചേദനവും നിലനിര്‍ത്തുകയും വേണം. വിശ്വാസപരമായ ബന്ധവും മാനുഷികമായ ബന്ധവും വൈരുദ്ധ്യാധിഷ്ടിതമായി വരുമ്പോള്‍ അവിടെ വിശ്വാസപരമായ ബന്ധത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യണം.

വിശ്വാസത്തിന് കോട്ടം തട്ടുന്ന ആത്മബന്ധം ഒരു വിശ്വാസിയും അവിശ്വാസിയും തമ്മില്‍ ഉണ്ടാകാന്‍ പാടില്ല. "ഒരാള്‍ തന്‍റെ ഉറ്റമിത്രത്തിന്‍റെ മതത്തിലായിരിക്കും, അതുകൊണ്ട് ഉറ്റമിത്രമായി സ്വീകരിക്കുന്നത് ആരെയെന്ന് ഓരോരുത്തരും നോക്കിക്കൊള്ളട്ടെ". - [മുസ്നദ് അഹ്മദ്: 8015]. ഇവിടെ മാനുഷികമായ ബന്ധം വിശ്വാസത്തിന് വരെ കോട്ടം തട്ടുന്ന ആത്മബന്ധമായി മാറരുത് എന്ന് നബി (സ) പഠിപ്പിക്കുന്നു. ബഹുദൈവരാധന എന്ന മഹാപാപത്തില്‍ നിന്നും ഭയക്കുന്ന വിശ്വാസിക്ക് ആദര്‍ശപരമായി സമരസപ്പെടുന്ന ബന്ധം ഒരിക്കലും അവരുമായി ഉണ്ടായിക്കൂട. അതിന് തന്‍റെ ബന്ധങ്ങള്‍ ഇടവെക്കാനും പാടില്ല. അത് മാതാപിതാക്കള്‍ ആണെങ്കിലും സഹോദരങ്ങള്‍ ആണെങ്കിലും. അവര്‍ ശിര്‍ക്ക്, അധര്‍മ്മം തുടങ്ങിയവ  ചെയ്യാന്‍ കല്‍പിച്ചാല്‍ ചെയ്യരുത് അതിനി മുസ്‌ലിംകളായ മാതാപിതാക്കളാണ് അധര്‍മ്മത്തിന് പ്രേരിപ്പിക്കുന്നത് എങ്കിലും അപ്രകാരം തന്നെ,  എന്നാല്‍ ഭൗതിക കാര്യങ്ങളില്‍ അവരോട് നല്ല നിലക്ക് അനുവര്‍ത്തിക്കുക എന്ന വിശുദ്ധ ഖുര്‍ആനിന്‍റെ അധ്യാപനം ഇവിടെ പ്രസക്തമാണ്.

സഹിഷ്ണുത, അസഹിഷ്ണുത എന്നതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചത് എന്ത് എന്ന് ആര്‍ക്കും മനസ്സിലാകും. ഇനി മനസ്സിലായില്ലെങ്കില്‍ ഞാന്‍ ഉദ്ദേശിച്ചത് അവരുമായി മാനുഷികമായി ഉണ്ടാകേണ്ട ബന്ധം വിച്ചേദിക്കുക, അതല്ലെങ്കില്‍ അവരോട് ഉണ്ടായിരിക്കണം എന്ന് ശറഅ് കല്പിച്ച സമീപനങ്ങളും കടപ്പാടുകളും പോലും നിഷേധിക്കുക എന്നതാണ്. ആ പദത്തെ ഇംഗ്ലീഷിലേക്ക് മാറ്റി, അതിന്‍റെ അര്‍ത്ഥ തലങ്ങളെല്ലാം ലേഖനത്തിന്‍റെ പശ്ചാത്തലത്തിലേക്ക് കൊണ്ടുവന്ന് പിന്നെ അതിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുക എന്നത് ഒരിക്കലും ലേഖകനെപ്പോലുള്ള ഒരാള്‍ക്ക് ചേര്‍ന്നതല്ല. അതുപോലെത്തന്നെയാണ് നമ്പൂരിയുടെ ഉദാഹരണത്തെക്കുറിച്ച് ഉള്ള വിശദീകരണവും. സഹോദരന്‍ സൂചിപ്പിച്ച അര്‍ത്ഥത്തിലാണ് എങ്കില്‍ അതൊരു വീഴ്ച തന്നെയാണ്. എന്നാല്‍ ഓരോ ആളുകള്‍ക്കും അവരുടെ വിശ്വാസത്തിനും അതില്‍ അധിഷ്ടിതമായ കര്‍മ്മങ്ങളോടും തങ്ങളുടേതായ നിലപാടുകള്‍ ഉണ്ട്. ആ നിലപാടുകള്‍ അസഹിഷ്ണുത കൊണ്ട് ഉണ്ടാകുന്നതല്ല താന്‍ ഉള്‍ക്കൊള്ളുന്ന ആദര്‍ശത്തില്‍ നിന്നും ഉടലെടുക്കുന്നതാണ് എന്നെ ഉദ്ദേശിച്ചുള്ളൂ. അതല്ലാതെ നമ്പൂരിയായ ആള്‍ക്കും 'വലാഉം ബറാഉം' ഉണ്ട് എന്നും, മുസ്‌ലിമിന്‍റെ 'വലാഉം ബറാഉം' അതേ അര്‍ത്ഥത്തില്‍ ഉള്ളതാണ് എന്നും സൂചിപ്പിക്കാന്‍ വേണ്ടിയല്ല. സാധാരണക്കാരന് ലളിതമായി മനസ്സിലാവാന്‍ ഒരു ഉദാഹരണം പറഞ്ഞു എന്നേ ഉള്ളൂ. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

സഹോദരന്‍റെ ലേഖനത്തിലെയും, പ്രസംഗങ്ങളിലെയും ഓരോ പരാമര്‍ശങ്ങളും എടുത്ത് അതിലെ ന്യായാന്യായങ്ങള്‍ സൂക്ഷ്മമായി ഇഴകീറി പരിശോധിച്ച് എഴുതാനും, അതിലെ കുഴപ്പങ്ങള്‍ കാണിക്കാനും അറിയാത്തത് കൊണ്ടല്ല. സമൂഹത്തിന്‍റെ പൊതുനന്മ ആഗ്രഹിക്കുന്നതിനാലും, ഇത്രയും പ്രശ്നകലുഷിതമായ ഒരു സാഹചര്യത്തില്‍ ഉണ്ടാകേണ്ടതല്ല എന്ന തിരിച്ചറിവ് ഉള്ളതിനാലും ആണ് അതിന് പരിശ്രമിക്കാത്തത്.

അല്ലാഹുവിന്‍റെ റസൂല്‍ (സ) ബഹുസ്വര സമൂഹത്തിലാണ് ജീവിച്ചത്, അദ്ദേഹം അവിശ്വാസികളുമായി വിശ്വാസ തലത്തില്‍ അകന്നപ്പോഴും, അവരോടുള്ള വിയോജിപ്പ്‌ പ്രത്യക്ഷമായി വ്യക്തമാക്കിയപ്പോഴും മാനുഷികവും സാമൂഹികവുമായ ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ പോലും അവരില്‍ നിന്നും വിശ്വസ്ഥരായ ആളുകളുടെ സഹായം സ്വീകരിച്ചിരുന്നു. ഹിജ്റ പോകുന്ന വേളയില്‍ നൂറ് ഒട്ടകം ഇനാം പ്രഖ്യാപിച്ചിരിക്കെ, ആ പ്രഖ്യാപനം അറിഞ്ഞിട്ടും ഒറ്റികൊടുക്കാതെ അദ്ദേഹത്തിനും അബൂബക്കര്‍ (റ) വിനും മദീനയിലേക്ക് വഴി കാണിച്ചത് ഒരു അവിശ്വാസി ആയിരുന്നു. അവിശ്വാസികള്‍ അദ്ദേഹത്തെ വീട്ടിലേക്ക് ഭക്ഷണത്തിന് ക്ഷണിച്ചിരുന്നു, അവിശ്വാസിയായ സ്ത്രീയുടെ വെള്ളപ്പാത്രത്തില്‍ നിന്നും വുളു എടുത്ത നബി (സ) അവര്‍ക്ക് പാരിതോഷികം നല്‍കി യാത്രയാക്കിയിരുന്നു. അപ്പോഴെല്ലാം 'ഞാന്‍ നിന്നെ വെറുക്കുന്നു പക്ഷെ പാരിതോഷികം നല്‍കുന്നു' എന്ന് പറഞ്ഞുകൊണ്ടല്ല നബി (സ) അത് ചെയ്തത്. ഇനി അത് കണ്ടു നിന്ന സ്വഹാബത്തിനോടും, ഞാന്‍ അവര്‍ക്ക് പാരിതോഷികം നല്‍കി എന്നതുകൊണ്ട്‌ അവരോട് ഞാന്‍ 'വലാഅ്' കാണിച്ചു എന്ന് കരുതേണ്ട, കാരണം മനസ്സില്‍ വെറുപ്പ് തന്നെയാണ് ഉള്ളത് എന്നും നബി (സ) പറഞ്ഞില്ല. മറിച്ച് അവരുടെ ആശയത്തോടും ബഹുദൈവാരാധനയോടും ഉള്ള നിലപാടും വിയോജിപ്പും എന്ത് എന്ന് പ്രഖ്യാപിച്ചതോടൊപ്പം, സാമൂഹികമായ പെരുമാറ്റം എന്ത് എന്ന് അദ്ദേഹം അവരെ പഠിപ്പിച്ചിരുന്നു. വിശ്വാസത്തിന് കോട്ടം തട്ടാന്‍ സാമൂഹിക ബന്ധങ്ങള്‍ ഇടവരുന്നതായ സാഹചര്യം ഉണ്ടായാല്‍ അവിടെ അത് വിലക്കപ്പെടും എന്ന് മാത്രം. അതാകട്ടെ ആപേക്ഷികമാണ്താനും. വിശ്വാസപരമായതും മാനുഷികമായതും വേര്‍തിരിക്കുകയായിരുന്നില്ല, മറിച്ച് മനസില്‍ ഒന്നും പ്രവര്‍ത്തനത്തില്‍ മറ്റൊന്നും ചെയ്യുകയാണ് അദ്ദേഹം ചെയ്തത് എങ്കില്‍ അതിന് അദ്ദേഹത്തിന്‍റെ വാക്കോ പ്രവര്‍ത്തിയോ പ്രമാണം ഹാജരാക്കണം.

ഇനി അവിശ്വാസികളായ ആളുകള്‍ എല്ലാം ഒരേ തട്ടിലല്ല, അക്രമവും അനീതിയും ചെയ്യാത്തവരായ അവിശ്വാസികളോട് പുണ്യം ചെയ്യുകയും അവരോട് നീതി പുലര്‍ത്തുകയും ചെയ്യുന്നതിനെ അല്ലാഹു വിലക്കുന്നില്ല. എന്നാല്‍ അക്രമവും അനീതിയും ചെയ്യുന്നവര്‍ക്ക് പുണ്യം ചെയ്യേണ്ടതില്ല. സഹോദരന്‍റെ രീതിശാസ്ത്രപ്രകാരം മലയാള ഭാഷാ നിഘണ്ടുകള്‍ പരിശോധിച്ചാല്‍ പുണ്യം ചെയ്യുക എന്നതും (സ്നേഹം, സ്നേഹബന്ധം) എന്നതിന്‍റെ പരിതിയില്‍ വരാം. പക്ഷെ ശറഇന്‍റെ ഭാഷയില്‍ പുണ്യം ചെയ്യുക എന്നത് വിലക്കപ്പെട്ട സ്നേഹബന്ധത്തിന്‍റെ പരിധിയില്‍ വരുന്നതല്ല. അതുകൊണ്ട് ശറഅ് എന്ത് നിഷ്കര്‍ഷിച്ചു എന്നത് മാത്രമാണ് അതില്‍ പ്രധാനം. അവിശ്വാസികളില്‍ നിന്ന് വിശ്വാസികളോട് അടുപ്പമുള്ളവര്‍ ഉണ്ട്, അഹലു കിതാബ് ഉണ്ട് .. എല്ലാവരോടും ഒരേ സമീപനമല്ല. നജ്ജാശി രാജാവിന്‍റെ പക്കലേക്ക് നബി (സ) ആളുകളെ പറഞ്ഞയച്ചപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തെ മനസുകൊണ്ട് വെറുക്കണം എന്നും, സമീപനം നന്നാക്കിയാല്‍ മതി എന്നും നബി (സ) പഠിപ്പിച്ചില്ല. മറിച്ച് അദ്ദേഹം ഒരു നീതിമാനായ ഭരണാധി കാരിയായിരുന്നു അതിനാല്‍ അവിടെ അവര്‍ക്ക് അദ്ദേഹത്തില്‍ നിന്നും നല്ല സമീപനം ലഭിക്കും. അതുകൊണ്ട് അവരെ പറഞ്ഞയച്ചു. അവരുടെ പെരുമാറ്റത്തില്‍ നിന്നും, വിശ്വാസത്തെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കിയും അദ്ദേഹവും ഇസ്‌ലാമിലേക്ക് കടന്നുവന്നു.

നബി (സ) പ്രബോധനത്തിന് വേണ്ടി ആളുകളെ പറഞ്ഞയച്ചപ്പോഴെല്ലാം ആ പ്രബോധകര്‍ സ്വീകരിച്ച സമീപനം ഇതായിരുന്നു. അവര്‍ അവിടെ ചെന്നു. തങ്ങളുടെ വിശ്വാസാദര്‍ശങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ട്‌ മാനുഷികമൂല്യങ്ങള്‍ക്ക് വിലനല്‍കി അവര്‍ ആളുകളെ ക്ഷണിച്ചു.

ادع إلى سبيل ربك بالحكمة والموعظة الحسنة

"യുക്തിദീക്ഷ്യോടെയും സദുപദേശം കൊണ്ടും നീ നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക"

എന്ന വചനം പ്രധാനമാകുന്നത് അവിടെയാണ്. എന്നാല്‍ സത്യത്തില്‍ നിന്നും ആളുകളെ അകറ്റുന്ന രീതിയാണോ അടുപ്പിക്കുന്ന രീതിയാണോ തങ്ങള്‍ ചെയ്യുന്നത് എന്ന് സ്വയം വിലയിരുത്തുക. "നിങ്ങള്‍ ആളുകളെ അകറ്റിക്കളയരുത്, അവരോട് സന്തോഷവാര്‍ത്ത അറിയിക്കുക, നിങ്ങള്‍ എളുപ്പമാക്കുക പ്രയാസപ്പെടുത്തരുത്" എന്നെല്ലാം നബി (സ) നിര്‍ദേശിച്ചത് ഇവിടെ ബാധകമാണ്. അവതരണ ശൈലിയില്‍ വരുന്ന അപാകതകളും, വിഷയങ്ങള്‍ പ്രമാണസഹചമാകുന്നതോടൊപ്പം തന്നെ  യുക്തിദീക്ഷയോടുകൂടിയും അവതരിപ്പിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍  ഒരുപക്ഷെ അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. സമയവും സന്ദര്‍ഭവും എല്ലാം അതില്‍ പ്രധാനം തന്നെ. മുസ്‌ലിം ഉമ്മത്ത്‌ ഏറെ പരീക്ഷണം നേരിടുന്ന ഈ സമയത്ത് പ്രത്യേകിച്ചും. വിശ്വാസപരമായി ഉണ്ടായിരിക്കേണ്ട അകല്‍ച്ചക്കൊപ്പം നബി (സ) സമൂഹത്തില്‍ എങ്ങനെ ജീവിച്ചുകാണിച്ചു എന്ന വസ്തുതകളെക്കുറിച്ചും ചരിത്രസംഭവങ്ങളെക്കുറിച്ചും, തന്‍റെ സഹജീവികളായ അവിശ്വാസികളോട് അദ്ദേഹം എങ്ങനെ വര്‍ത്തിച്ചു എന്നതും ആവശ്യത്തിന് പരാമര്‍ശിക്കാതെ പോയതും, ഉചിതമായ പദപ്രയോഗങ്ങള്‍ സ്വീകരിക്കാതെ പോയതുമാണ് ഇന്നത്തെ പലവിവാദങ്ങള്‍ക്കും കാരണം.

കേരളത്തിലെ ഒട്ടനേകം മുസ്ലിമീങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തെ, നാട്ടിലെ മുസ്ലിമീങ്ങളുടെ ചരിത്രം, അവര്‍ നേരിടുന്ന പ്രതിസന്ധികള്‍, അതിന്‍റെ വരുംവരായികകള്‍ തുടങ്ങിയവ കൃത്യമായി ബോധ്യമില്ലാത്ത ചെറുപ്രായത്തിലുള്ള ഞാന്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചക്ക് ഇല്ല എന്നതാണ് അടിയറവ് പറയുന്നു എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. അതുപോലെ  പെരുന്നാള്‍, ദുല്‍ഹിജ്ജ പത്ത്, അറഫാ ദിനം തുടങ്ങിയ ദിവസങ്ങളുടെ പവിത്രതയിലും സന്തോഷത്തിലും ഒരു വിവാദത്തിന് കൂടി തിരികൊളുത്തി പ്രയാസപ്പെടുത്തേണ്ട എന്നും കരുതി. 

എന്നാല്‍ എന്‍റെ ലേഖനങ്ങള്‍ വന്ന സാഹചര്യം എന്ത് എന്നതും, അവ എപ്പോള്‍ എഴുതപ്പെട്ടു എന്നതും ഈയുള്ളവന്‍ വിശദീകരിച്ചു. അതിനെ ആ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി ചര്‍ച്ചക്ക് വിധേയമാക്കുന്നത് തെറ്റിദ്ധാരണകള്‍ക്കേ ഉപകരിക്കൂ. കൂടെ ഞാന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു, ജനാധിപത്യമാകട്ടെ, വലാഉം ബറാഉം ആകട്ടെ ഈ വിഷയങ്ങള്‍ കേരളത്തിലെ പ്രഗല്‍ഭരായ മുന്‍ഗാമികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.  ജനാധിപത്യ വിഷയത്തില്‍ ഉമര്‍ മൗലവി (റ) ക്കും കെ എം മൌലവിക്കുമൊക്കെ തെറ്റുപറ്റിയിട്ടുണ്ട് എന്ന വാദം ഉന്നയിക്കുന്ന ചിലരുടെ നിലപാട് സഹോദരനും ഉണ്ടോ എന്നറിയില്ല, ഇല്ലെങ്കില്‍ ഇത്തരം സമൂഹത്തെ മുഴുവനും ബാധിക്കുന്ന ഒരു വിഷയത്തില്‍ മുറിവൈദ്യന്മാരായ നമ്മള്‍ ചര്‍ച്ച ചെയ്യാതെ അവര്‍ പറഞ്ഞത് സ്വീകരിക്കാം.  അതല്ല അവര്‍ പറഞ്ഞത് പ്രമാണവിരുദ്ധമാണ് എന്നതാണ് പക്ഷം എങ്കില്‍ ആ വിയോജിപ്പുകള്‍ സഹോദരന്‍ വ്യക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. ആളുകള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അതെളുപ്പമാകും.  അല്ലാഹു അനുഗ്രഹിക്കട്ടെ ... അല്ലാഹു നമ്മെയെല്ലാം അവന്‍റെ മാര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ.. അപാകതകള്‍ പൊറുത്ത് തരട്ടെ ... 

നിര്‍ത്തുന്നു...
سبحانك اللهم وبحمدك أشهد أن لا إله إلا أنت أستغفرك وأتوب إليك

Saturday, September 10, 2016

വിയോജനക്കുറിപ്പ്‌ എഴുതിയ സഹോദരന് സ്നേഹപൂര്‍വ്വം..

السلام عليكم ورحمة الله وبركاته

بسم الله الرحمن الرحيم

എന്നോടുള്ള വിയോജനക്കുറിപ്പ് എന്ന പേരില്‍ ബഹുമാന്യ സഹോദരന്‍ എഴുതിയ ലേഖനം വായിച്ചു. ഞാന്‍ ഒരിക്കലും പരിപൂര്‍ണനല്ല. അതുകൊണ്ടുതന്നെ യോജിപ്പും വിയോജിപ്പും ഉണ്ടാവുക സ്വാഭാവികമാണ്. എന്‍റെ പക്കല്‍ വീഴ്ചകള്‍ വന്നുപോയിട്ടുണ്ട് എങ്കില്‍ അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുന്നു. തെറ്റുകള്‍ ബോധ്യപ്പെട്ടാല്‍ തിരുത്താനുള്ള മനസും ഇഖ്'ലാസും അവന്‍ പ്രധാനം ചെയ്യട്ടെ. നസ്വീഹത്ത് ഉദ്ദേശിച്ചവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ.

എന്‍റെ ലേഖനങ്ങളെക്കുറിച്ച് പലര്‍ക്കും പല  രൂപത്തിലുള്ള  അഭിപ്രായമായിരിക്കും ഉണ്ടാവുക. എല്ലാവരുടെയും അഭിപ്രായപ്രകടനങ്ങളെ ആധാരമാക്കി അല്ല ലേഖനങ്ങള്‍ എഴുതാറുള്ളത്. മറിച്ച് ഓരോ ലേഖനം എഴുതുമ്പോഴും അതിന്‍റെതായ സാഹചര്യങ്ങളും കാരണങ്ങളും ഉണ്ടാകാറുണ്ട്. എഴുതുന്ന കാര്യങ്ങള്‍ അല്ലാഹുവിന്‍റെ പക്കല്‍ സ്വീകാര്യമാകുക എന്നത് മാത്രമാണല്ലോ ആത്യന്തികമായി അടിസ്ഥാനം. അല്ലാഹു സ്വീകരിക്കുമാറാകട്ടെ..

പരാമര്‍ശവിധേയമായ എന്‍റെ ലേഖനങ്ങള്‍ എല്ലാം ഞാന്‍ എഴുതിയത് ആളുകളെ ആശയക്കുഴപ്പത്തിലാക്കും വിധം തത് വിഷയങ്ങളില്‍ പ്രചരണങ്ങള്‍ നടന്നപ്പോഴാണ്. വോട്ട് ചെയ്യല്‍ ശിര്‍ക്കും കുഫ്റുമാണ് എന്ന് എല്ലാ തിരഞ്ഞെടുപ്പ് വേളകളിലും പോസ്റ്ററുകള്‍ പ്രച്ചരിപ്പിക്കുകയും, അതുമൂലം ഇതുവരെ തങ്ങള്‍ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങള്‍ തെറ്റായിരുന്നു എന്ന് സാധാരണക്കാരന് സംശയവും ആശയക്കുഴപ്പവും ഉണ്ടായപ്പോഴാണ് വോട്ടിംഗുമായി ബന്ധപ്പെട്ടും, ഒരു ജനാധിപത്യരാജ്യത്ത് ജീവിക്കുന്നയാള്‍ സ്വീകരിക്കേണ്ട നിലപാടും ഈയുള്ളവന്‍ എഴുതിയത്. അതില്‍ പണ്ഡിതന്മാര്‍ നല്‍കിയ ഭാഗം എടുത്ത് കൊടുക്കുക മാത്രമാണ് ഈയുള്ളവന്‍ ചെയ്തത്. ശിര്‍ക്കും കുഫ്റും കടന്നുവരുന്നത് എപ്പോള്‍ എന്നതും ആ ലേഖനങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ആ ലേഖനം വന്നപ്പോള്‍ മുസ്‌ലിമീങ്ങളുടെ ഭൌതികപരവും മതപരവുമായ നേട്ടത്തിന് വേണ്ടി വോട്ട് ചെയ്യല്‍ അനുവദനീയമാണ് എന്ന് പറഞ്ഞ ശൈഖ് ഇബ്നു ബാസും അല്‍ബാനിയും തൗബ ചെയ്യണം എന്ന് വരെ ഒരു സഹോദരന്‍ ക്ലാസെടുത്തു. ഇത് പഴയ മൌദൂദി സാഹിബിന്‍റെ ആശയങ്ങളെ തിരിച്ച് കൊണ്ടുവരല്‍ തന്നെയാണ്. അന്ന് കെ എം മൗലവി (റ) യും, അബ്ദുസ്സമദ് കാത്തിബും (റ) കെ പി മുഹമ്മദ്‌ മൗലവി (റ) യും ഉമര്‍ മൗലവി (റ) യും  എന്ത് പറഞ്ഞുവോ അത് തന്നെയാണ് ആ വിഷയത്തില്‍ നമുക്കുള്ള നിലപാട്. അവര്‍ ഒരുവശം മൂടിവച്ച് സംസാരിച്ചിരുന്നവരായിരുന്നോ. ഒരിക്കലും അപ്രകാരം കരുതുന്നില്ല. സ്വേച്ഛാധിപത്യ ഭരണമുള്ളിടത്ത് ആ ഭരണത്തെ മാറ്റി തങ്ങള്‍ക്ക് കൂടി അഭിപ്രായം പറയാന്‍ സാധിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രമാക്കി മാറ്റാന്‍ തങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ അതിന് വേണ്ടി പ്രയത്നിക്കല്‍ ഒരുപക്ഷെ മുസ്‌ലിമിന് നിര്‍ബന്ധമാകും എന്ന് വരെ പറഞ്ഞ ശൈഖ് അബ്ദുറഹ്മാന്‍ സഅദി സഹോദരന്‍റെ ഭാഷയില്‍ ലാത്തയെ മാറ്റി മനാത്തയെ സ്ഥാപിക്കാന്‍  ആഹ്വാനം നടത്തിയതല്ല. അവര്‍ സാധാരണക്കാര്‍ക്ക് നേര്‍ക്ക് നേരെ  തങ്ങള്‍ സ്വീകരിക്കേണ്ട നിലപാട് എന്ത് എന്നത് വ്യക്തമാക്കികൊടുക്കുകയാണ് ചെയ്തത്. ഉമര്‍ മൗലവി ഈ വിഷയത്തില്‍ എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ചാല്‍ തന്നെ അത് മതിയാവുന്നതാണ്, പിന്നെ മുറി വൈദ്യന്മാരായ ഞാനോ വിയോജനക്കുറിപ്പെഴുതിയ സഹോദരനോ ഒന്നും ഈ വിഷയത്തില്‍ സംസാരിക്കേണ്ടതില്ല. അത്രമാത്രം പഠനം അദ്ദേഹം ഈ വിഷയസംബന്ധമായി നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഈ വിഷയത്തിലെ അറിവ് പണ്ഡിത ലോകത്ത് അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇനി അദ്ദേഹം പറഞ്ഞതില്‍ പ്രമാണബദ്ധമായി തെറ്റുകള്‍ ഉണ്ട് എങ്കില്‍ അത് പ്രമാണമുദ്ധരിച്ച് വ്യക്തമാക്കേണ്ടതുണ്ട്. എങ്കില്‍ ആളുകള്‍ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാകും.

അതുപോലെത്തന്നെയാണ് വിമര്‍ശന വിധേയമായ വലാഉം ബറാഉം സംബന്ധിച്ചുള്ള എന്‍റെ ലേഖനവും. ഇപ്പോഴുണ്ടായ വിവാദത്തില്‍ എഴുതിയ ഒന്നല്ല അത്. മറിച്ച് രണ്ട് മാസം മുന്‍പ് പ്രസിദ്ധീകരിച്ച ലേഖനമാണ്. വിവാദങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാവുക എന്ന നമ്മുടെ നാട്ടിലെ പൊതു തത്വപ്രകാരം ഇപ്പോള്‍ വീണ്ടും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു എന്നേയുള്ളൂ. ഞാന്‍ അതെഴുതിയതിന് വ്യക്തമായ കാരണം ഉണ്ട്. ഒന്ന് എന്‍റെ നാട്ടിലെ ഒരു സഹോദരന്‍ അവന്‍റെ അയല്‍ക്കാരനായ ഇതര മതസ്ഥനോടൊപ്പം ഇരുന്ന സമയത്ത്, മറ്റൊരു സഹോദരന്‍ അവനെ അടുത്ത് വിളിച്ച് അവന്റെ കൂടെ ഇരിക്കുന്ന സമയം മുഴുവന്‍ നീ നരകത്തിലാണ് എന്ന് പറഞ്ഞതായിരുന്നു ഒരു കാരണം.    രണ്ടാമത്തെസംഭവം എന്‍റെ അടുത്ത സുഹൃത്തായ ഒരു ഡോക്ടര്‍, അദ്ദേഹം ഈകഴിഞ്ഞ റമദാനില്‍ ഇഅതികാഫ് ഇരുന്ന സമയത്ത്, അവിടെയുണ്ടായിരുന്ന ചില പുതുമുസ്ലിംകളോട് നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളെ സന്ദര്‍ശിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അതിന് അവരൊക്കെ കാഫിരീങ്ങളല്ലേ എന്ന് നല്‍കിയ മറുപടി എന്നോട് അദ്ദേഹം പങ്കു വെച്ചതാണ്. ഈ രണ്ട് സംഭവത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഈയുള്ളവന്‍ (വലാഉം ബറാഉം ഇതര മതസ്ഥരോട് അസഹിഷ്ണുത കാണിക്കലോ) എന്ന ലേഖനം എഴുതിയത്. അവിടെ നിഷിദ്ധമായ വലാഇല്‍ പെട്ടതാണ് എന്ന് അവര്‍ തെറ്റിദ്ധരിച്ച എന്നാല്‍ ശറഅ് അനുവദനീയമാക്കിയ ബന്ധങ്ങള്‍ എന്ത് എന്നത് വിശദീകരിക്കലാണ് എന്‍റെ വിഷയം. തീര്‍ത്തും തെറ്റിദ്ധാരണാജനകമായി ഈ വിഷയം പലരും കരുതുന്നു എന്ന് നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചത് ആയിരുന്നു ആ ലേഖനത്തിന്‍റെ അടിസ്ഥാനം. ഇതാണ് 'തെറ്റിദ്ധരിക്കപ്പെട്ട പദങ്ങള്‍' എന്നതുകൊണ്ട്‌ ലേഖനത്തില്‍ ഉദ്ദേശിച്ചതും. എന്നാല്‍ മേല്‍ ലേഖനം തത് വിഷയത്തില്‍ അതിരുകടന്ന്‍  സംസാരിച്ച പലരെയും അസ്വസ്ഥരാക്കി. അതല്ലെങ്കില്‍ തങ്ങള്‍ക്ക് പ്രത്യേകമായി എഴുതിയ മറുപടിയാണ് എന്ന് അവര്‍ സ്വയം കരുതി. അതിന്‍റെ പേരില്‍ വാട്ട്സാപ്പിലൂടെ ജൂതചാരന്‍ എന്ന് വരെ വ്യക്തിപരമായി അധിക്ഷേപിച്ചവരുണ്ട്‌.  അല്ലാഹു പൊറുത്ത് കൊടുക്കട്ടെ. 

ഇപ്പോള്‍ എഴുതപ്പെട്ട കുറിപ്പിനെ സംബന്ധിച്ച് പറഞ്ഞതല്ല കെട്ടോ. ഇനി അങ്ങനെ ആരും വായിച്ചെടുക്കേണ്ടതില്ല.

ഇനി അവിശ്വാസികളെ 'സഹോദരാ' എന്ന് അഭിസംബോധനം ചെയ്യുന്നത് വളരെ വലിയ അപരാധമാണ് എന്നതാണല്ലോ മറ്റൊരു വലിയ തെറ്റായി വിലയിരുത്തപ്പെട്ടത്. അതുപോലെ 'ബഹുമാനപ്പെട്ട' എന്നും പറയാന്‍ പാടില്ല. അത് വലാഇല്‍ പെട്ടതും നിഷിദ്ധവുമാണ് എന്നതാണ് സഹോദരന്‍ ഉദ്ദേശിച്ചിരിക്കുക. യഥാര്‍ത്ഥത്തില്‍ അത് പറയപ്പെടുന്ന സന്ദര്‍ഭങ്ങളും ഹുക്മും തമ്മില്‍ ബന്ധമുണ്ട്. ഒരേ നാട്ടുകാരന്‍ എന്ന നിലക്കോ, കേവല അഭിസംബോധനമെന്ന നിലക്കോ,  പ്രബോധന വേളയില്‍ 'തഅ്'ലീഫ്' എന്ന അര്‍ത്ഥത്തിലോ 'സഹോദരാ' എന്ന് വിളിക്കുന്നതും, അവരില്‍ ആകൃഷ്ടനായതിനാലോ അവരുടെ ആചാരാനുഷ്ടാനങ്ങളെ ശരിവച്ചുകൊണ്ടോ വിശ്വാസപരമായ സാഹോദര്യബന്ധം എന്ന നിലക്കോ സഹോദരന്‍ എന്ന് വിളിക്കുന്നതും വ്യത്യാസമുണ്ട്.
അഥവാ 'സത്യനിഷേധിയായ ഒരാള്‍ എന്‍റെ സഹോദരനാണ്' എന്ന് പറയുന്നതും, പ്രബോധനവേളയില്‍ 'അല്ലയോ സഹോദരാ' , 'സഹോദരങ്ങളേ' , 'ഇതര മത സുഹൃത്തുക്കളേ'  എന്നെല്ലാം പറയുന്നതും വ്യത്യാസമുണ്ട്. ഒന്ന് തഅ്'ലീഫ് ഉദ്ദേശിച്ചുകൊണ്ടുള്ള അഭിസംബോധനമാണ് എങ്കില്‍ മറ്റൊന്ന് വിശ്വാസപരമായ അടുപ്പവും മവദ്ദത്തും സൂചിപ്പിക്കുന്നതാണ്. ഒന്ന് അനുവദനീയവും മറ്റൊന്ന് നിഷിദ്ധവും ആണ്.

ഇമാം ഖുര്‍ത്തുബി അദ്ദേഹത്തിന്‍റെ തഫ്സീറില്‍ ഇപ്രകാരം പറയുന്നു:


إذ قال لهم أخوهم نوح - أي ابن أبيهم وهى أخوة نسب لا أخوة دين. وقيل: هي أخوة المجانسة. وقيل: هو من قول العرب يا أخا بنى تميم.

 "അവരുടെ സഹോദരന്‍ നൂഹ് അവരോട് പറഞ്ഞ സന്ദര്‍ഭം" - അഥവാ അവരുടെ പിതാവിന്‍റെ പുത്രന്‍, അത് കുടുംബപാരമ്പര്യം വഴിയുള്ള സാഹോദര്യം ആണ്. ദീനിലെ സാഹോദര്യബന്ധം അല്ല. അതുപോലെ ഒരേ (ജിന്‍സ്) വിഭാഗക്കാര്‍ എന്ന അര്‍ത്ഥത്തിലുള്ള സാഹോദര്യബന്ധം എന്നും 'യാ അഖാ ബനീ തമീം' എന്ന് പറയുന്നത് പോലെയുള്ള  അറബി ഭാഷയിലെ പ്രയോഗമാണത് എന്നും പറയപ്പെട്ടിട്ടുണ്ട്. - [തഫ്സീര്‍ ഖുര്‍ത്തുബി: വോ: 13 പേജ്: 119].

ഇവിടെ മതപരമായ സാഹോദര്യബന്ധമല്ല നൂഹ് (അ) നബിയും  അവിശ്വാസികളായ ജനതയും തമ്മില്‍ എന്ന് വ്യക്തമാക്കിയ ശേഷം അദ്ദേഹം സാഹോദരന്‍ എന്ന് വിളിക്കപ്പെടാന്‍ ഇടയുള്ള മറ്റ് മൂന്ന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഒന്ന് : കുടുംബബന്ധത്തിലെ സാഹോദര്യം, മറ്റൊന്ന് കേവല ഭാഷാ അഭിസംബോധനപ്രയോഗം, മൂന്ന്‍ ഒരേ ജിന്‍സില്‍ പെട്ടവര്‍ അഥവാ (മനുഷ്യര്‍, ഒരേ നാട്ടുകാര്‍) തുടങ്ങിയ അര്‍ത്ഥതലങ്ങളില്‍ പ്രയോഗിക്കപ്പെട്ടത്. ഇവിടെയാണ്‌ അഭിസംബോധനപ്രയോഗത്തില്‍ വരുന്നതും, അല്ലാതെ അവരെ തന്റെ സഹോദരനാണ് എന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസം. ഒരുപക്ഷെ ഭാഷയുടെ സ്വാധീനം, ഒരു വ്യക്തി എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന പ്രയോഗം എല്ലാം ഇവിടെ ബാധകം തന്നെ. ഇമാം ഖുര്‍ത്തുബി തന്നെ മറ്റൊരിടത്ത് 'ആദം സന്തതി എന്ന നിലക്കുള്ള സാഹോദര്യ ബന്ധം' എന്ന അര്‍ത്ഥത്തിലും വിശദീകരണം രേഖപ്പെടുത്തിയിട്ടുണ്ട്.

അതുപോലെ ഒരു പ്രദേശക്കാരന്‍ എന്ന നിലക്കും സഹോദരന്‍ എന്ന് പ്രയോഗക്കപ്പെടും 'മദ്‌യനിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ നിയോഗിച്ചു' എന്നതിന്‍റെ വിശദീകരണത്തില്‍ പല മുഫസിരീങ്ങളും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.  അവിടെയുള്ള ശിര്‍ക്ക് ചെയ്യുന്ന ആളുകളിലേക്ക് അവരുടെ തന്നെ സഹോദരനായ ശുഐബിനെ നിയോഗിച്ചു എന്നതുകൊണ്ട്‌ അവരുടെ പാരമ്പര്യത്തിലുള്ള, അവരുടെ നാട്ടുകാരനായ, അവരുടെ ദേശക്കാരനായ  തുടങ്ങിയ അര്‍ത്ഥങ്ങളാണ്ഉദ്ദേശിക്കുന്നത്. മതപരമായതോ വിശ്വാസപരമായതോ ആയ സാഹോദര്യ ബന്ധമല്ല. മതപരമായ സാഹോദര്യ ബന്ധം വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ഒരിക്കലും  ഉണ്ടാവുകയില്ല. ഒരു സത്യനിഷേധിയെ സംബന്ധിച്ച് അവന്‍ എന്‍റെ സാഹോദരനാണ് എന്ന് പറയാന്‍ പാടില്ല എന്നതുകൊണ്ട്‌ പണ്ഡിതന്മാര്‍ ഉദ്ദേശിക്കുന്നതും അതാണ്‌. 'വിശ്വാസം' , 'കുടുംബബന്ധം' എന്നീ അര്‍ത്ഥങ്ങളില്‍ മാത്രമേ സഹോദരന്‍ എന്ന് വിളിക്കപ്പെടൂ എന്ന് രേഖപ്പെടുത്തിയ പണ്ഡിതന്മാരും ഉണ്ട്. പക്ഷെ അത് അവരുടെ ഇജ്തിഹാദ് ആണ്.
لا إنكار في مسائل الإجتهاد എന്നത് സ്പഷ്ടവും സുവ്യക്തവുമായ പ്രമാണം വന്നിട്ടില്ലാത്തതും ചര്‍ച്ചയുള്ളതുമായ വിഷയങ്ങളില്‍ പാലിക്കപ്പെടേണ്ട ഉസ്വൂലുല്‍ ഫിഖ്ഹിലെ ഒരു ഖാഇദയാണ്.

ഭാഷാപരമായും പ്രയോഗങ്ങള്‍ക്കനുസരിച്ച് വാക്കുകളുടെ അര്‍ത്ഥത്തില്‍ വ്യത്യാസമുണ്ട്. 'കള്ളു കിടിക്കരുത് സഹോദരാ' എന്നൊരാള്‍ കുടിയനോട് പറഞ്ഞാല്‍ അത് കേവല അഭിസംബോധനമാണ്. കള്ളു കുടിക്കുന്നവന്‍ തന്‍റെ സഹോദരനാണ് എന്ന് അയാള്‍ ഒരിക്കലും ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അതെ സമയം 'കള്ളു കുടിക്കുന്നവന്‍ തന്‍റെ സഹോദരനാണ്' എന്ന് പറഞ്ഞാല്‍ അത് കള്ളുകുടിയോട് പിന്തുണ പ്രഖ്യാപിക്കലാണ്. ഇനി 'എന്‍റെ സഹോദരന്‍ കള്ളുകുടിക്കുന്നവനാണ്' എന്നൊരാള്‍ പറഞ്ഞാല്‍ അവിടെ തന്‍റെ സഹോദരന്‍റെ ഒരു സ്വഭാവദൂഷ്യം അയാള്‍ പറയുന്നു എന്നാണ് ഒരാള്‍ മനസ്സിലാക്കുക.  ഇതെല്ലാം സഹോദരന്‍ എന്ന പദം ഉപയോഗിക്കുമ്പോള്‍ തന്നെ പ്രയോഗം കാരണം വരുന്ന അര്‍ത്ഥവ്യത്യാസങ്ങളാണ്. ഇനി അറബി ഭാഷയിലെ (യാ അഖീ, അഖീ) തുടങ്ങിയ പദപ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന എല്ലാ തലങ്ങളും മലയാള ഭാഷ ഉള്‍ക്കൊള്ളണം എന്നില്ല. തിരിച്ചും അതുപോലെത്തന്നെ. അതുകൊണ്ട് സത്യനിഷേധിയായ ഒരാള്‍ എന്‍റെ സഹോദരനാണ് എന്ന് പറയാമോ എന്നൊരാള്‍ ചോദിച്ചാല്‍ തീര്‍ത്തും പാടില്ല എന്നേ പറയാന്‍ സാധിക്കൂ. എന്നാല്‍ കേവല അഭിസംബോധനം എന്ന നിലക്ക് വാക്കുകളില്‍ പ്രയോഗിക്കപ്പെടുന്ന 'സഹോദരാ, സഹോദരീ' പ്രയോഗങ്ങള്‍ സാഹോദര്യ ബന്ധം എന്ന അര്‍ത്ഥതലം ഭാഷയില്‍പോലും ഉള്‍ക്കൊള്ളുന്നില്ല. 

സത്യവിശ്വാസികള്‍ക്ക് സത്യനിഷേധത്തെയോ അതിന്‍റെ വക്താക്കളെയോ സ്നേഹിക്കുവാനോ അവരോട് മാനുഷികമായ ബന്ധത്തിനപ്പുറമുള്ള  ആത്മബന്ധമോ സാഹോദര്യബന്ധമോ സ്ഥാപിക്കുവാനോ സാധിക്കുകയില്ല. കാരണം അവന്‍ അവന്‍റെ നഫ്സിനേക്കാള്‍ സ്നേഹിക്കുന്നത് അല്ലാഹുവിനെയാണ്.  ആ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക എന്നതാകുന്നു അവര്‍ ഏറ്റവും വെറുക്കുന്നതും. അതുകൊണ്ടും അവ രണ്ടും ഒരു ഹൃദയത്തില്‍ സംഗമിക്കുകയില്ല.  എന്നാല്‍ അതേ സമയം മാന്യമായ മാര്‍ഗത്തിലൂടെയും സദുപദേശത്തിലൂടെയും അവര്‍ അവിശ്വാസികളോട് കാരുണ്യത്തോടെ വര്‍ത്തിക്കുന്നതും സൗമ്യമായി അവരെ നേര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതും ഗുണകാംഷയുടെയും സദുപദേശത്തിന്റെയും ഭാഗമാണ്. അവിടെയാണ് വിശ്വാസത്തിന് കോട്ടം തട്ടുന്ന എല്ലാ ബന്ധങ്ങളും വിചേദിക്കുന്നതോടൊപ്പം, വിശ്വാസത്തെ ബാധിക്കാത്ത മാനുഷികമായ ബന്ധങ്ങള്‍ നിലനിര്‍ത്തുകയും, അതോടൊപ്പം അവരെ സന്മാര്‍ഗത്തിലേക്ക്  ക്ഷണിക്കുകയും ചെയ്യുന്നത് ഒത്തുവരുന്നത്.

'ബഹുമാനപ്പെട്ട' എന്ന പ്രയോഗവും ഭാഷാപരമായ അഭിസംബോധനത്തിലെ ഒരു മാന്യമായ രീതി എന്ന നിലക്കേ നാം കണക്കാക്കിയിട്ടുള്ളൂ.   സമൂഹത്തില്‍ പദവിയും സ്ഥാനവും വഹിക്കുന്നവരോട് സംഭാഷണം നടത്തുമ്പോള്‍ ആ മാന്യത കാത്തുസൂക്ഷിക്കുക എന്നേ അതര്‍ത്ഥമാക്കുന്നുള്ളൂ അല്ലാതെ സ്ത്യനിഷേധിയെയോ അയാളുടെ സത്യനിഷേധത്തെയോ ആദരിക്കുക എന്നതല്ല ആ പ്രയോഗത്തിന്‍റെ  ഉദ്ദേശം:

നബി (സ) ഹിറഖല്‍ രാജാവിന് കത്തയച്ചപ്പോള്‍ അതില്‍ എഴുതിയത് : (ഇലാ അളീമി റൂം) എന്നായിരുന്നു. അതിന്‍റെ വിവക്ഷ ആ ഹദീസിനെ ശറഹ് ചെയ്ത ഒട്ടനേകം മുഹദ്ദിസീങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇമാം ബഗവി അദ്ദേഹത്തിന്‍റെ ശറഹുസുന്നയില്‍ നല്‍കിയ വിശദീകരണം:
" إلى عظيم الروم " أي : من يعظمه الروم أخذ بأدب الله في تليين
"(ഇലാ അളീമി-റൂം) അഥവാ റോമുകാര്‍ ബഹുമാനിക്കുന്നവന്‍ (ആദരിക്കുന്നവന്‍) എന്നര്‍ത്ഥം. അദ്ദേഹം സൗമ്യമായി അഭിസംബോധനം ചെയ്യുക എന്നാ അല്ലാഹു പഠിപ്പിച്ച അദബാണ് ഇവിടെ സ്വീകരിച്ചത്." - [ശറഹുസ്സുന്ന - ബഗവി :  വോ: 12 പേജ്: 277]. ഇമാം ബഗവിയുടെ വിശദീകരണത്തിന്‍റെ സ്ഥാനവും മഹത്വവും ഞാന്‍ വിശദീകരിക്കേണ്ടതില്ല. അത്രമാത്രം സുപരിചിതനും പ്രസിദ്ധി ആര്‍ജിച്ച ഇമാമുമാണ് അദ്ദേഹം.

അതുപോലെ ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു:
"ولم يقل إلى هرقل فقط بل أتى بنوع من الملاطفة، فقال: عظيم الروم أي الذي يعظمونه ويقدمونه ، وقد أمر الله تعالى بالانة القول لمن يدعى إلى الإسلام، فقال تعالى: ادع إلى سبيل ربك بالحكمة والموعظة الحسنة ، وقال تعالى : فقولا له قولا لينا ...

"അദ്ദേഹം ഹിറഖലിന് എന്ന് മാത്രം പറഞ്ഞ് നിര്‍ത്തിയില്ല, മറിച്ച് വിനയപുരസരമുള്ള ഒരു പ്രയോഗം ഉപയോഗിച്ചുകൊണ്ട് 'അളീമി - റൂം' എന്ന് പറഞ്ഞു. അഥവാ അവര്‍ (റോമുകാര്‍) ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന  വ്യക്തി എന്നര്‍ത്ഥം. ഇസ്ലാമിലേക്ക് ക്ഷനിക്കപ്പെടുന്നയാളെ ഇപ്രകാരം സൗമ്യമായി അഭിസംബോധനം ചെയ്യുക എന്നത് അല്ലാഹു കല്പിച്ചിട്ടുള്ളതാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു: "യുക്തിദീക്ഷയോടെയും സദുപദേശം കൊണ്ടും നീ നിന്റെ റബ്ബിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷനിക്കുക". അതുപോലെ അവന്‍ പറഞ്ഞു: "നിങ്ങള്‍ ഇരുവരും അവനോട് (ഫിര്‍ഔനോട്) സൗമ്യമായ രീതിയില്‍ സംഭാഷണം നടത്തുക".  - [ശറഹു മുസ്‌ലിം: വോ: 12 പേജ്: 108].

തഅല്ലുഫിന് വേണ്ടി, അഥവാ പറയുന്ന കാര്യം അവര്‍ സ്വീകരിക്കാന്‍ സൗമ്യവും വിനയവും ഉള്‍ക്കൊള്ളുന്ന, ആളുകള്‍ പൊതുവായി സ്വീകരിച്ചിട്ടുള്ള മാന്യമായ സംഭാഷണ ശൈലി ഉപയോഗിക്കുക എന്നത് ശറഇയ്യായ അദബില്‍ പെട്ടതാണ്. അതുകൊണ്ട് കേവലം ബഹുമാനപ്പെട്ട എന്ന് പറഞ്ഞാല്‍ സമയവും സന്ദര്‍ഭവും നോക്കാതെ അവിടെ കാഫിറിനോട് 'വലാഅ്' കാണിച്ചു എന്നെല്ലാം പറയുന്നത് വര്‍ഗീയ വിദ്വേഷം പടര്‍ത്താനും സത്യത്തില്‍ നിന്നും അവരെ കൂടുതല്‍ അകറ്റാനും മാത്രമെ ഉപകരിക്കൂ.

ഇനി അമ്പലപ്രാസംഗികന്‍ എന്ന് മറ്റൊരു വ്യക്തിയെ സംബന്ധിച്ചുള്ള പ്രയോഗം കണ്ടു. മറ്റാരെയും പോലെ 100 % തെറ്റുകളില്‍ നിന്ന് അദ്ദേഹവും മുക്തനല്ല. അദ്ദേഹത്തിന്‍റെ വാക്കുകളില്‍ അപാകതകള്‍ വന്നുപോയിട്ടുണ്ട് എങ്കില്‍ അത് പ്രമാണബദ്ധമായി എതിര്‍ക്കുകയോ അദ്ദേഹത്തെ ഉപദേശിക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്. എന്നാല്‍ അമ്പലപ്രാസംഗികന്‍ എന്ന് പരിഹസിക്കുന്നത് ശരിയല്ല. അതില്‍ അമ്പലത്തില്‍ കയറി പ്രസംഗിക്കുക എന്നത് ഒരു അപരാധമാണ് എന്നാ ധ്വനിയുണ്ട്. മാത്രമല്ല പല ഇടങ്ങളില്‍ നിന്നും അത് ആവര്‍ത്തിച്ച് കേള്‍ക്കാറും ഉണ്ട്. തൗഹീദ് പറയാനും ശിര്‍ക്കിനെ എതിര്‍ക്കാനും ഇതരമതസ്ഥരുടെ ആരാധനാലയങ്ങളില്‍ പോകുക  എന്നത് നിഷിദ്ധമല്ല. ലജ്നതുദ്ദാഇമയുടെ ഒരു ഫത്'വയില്‍ ഇപ്രകാരം കാണാം:
"إن كان ذهابك إلى الكنيسة لمجرد إظهار التسامح والتساهل : فلا يجوز ، وإن كان ذلك تمهيدا لدعوتهم إلى الإسلام وتوسيع مجالها ، وكنت لا تشاركهم في عبادتهم ، ولا تخشى أن تتأثر بعقائدهم ولا عاداتهم وتقاليدهم : فذلك جائز"
"നീ ചര്‍ച്ചിലേക്ക് പോകുന്നത് വിട്ടുവീഴ്ചയും അവരോടുള്ള നല്ല നിലപാടും കാണിക്കാന്‍ വണ്ടി മാത്രമാണ് എങ്കില്‍ അത് അനുവദനീയമല്ല. എന്നാല്‍ അത് അവരെ പ്രബോധനം ചെയ്യാനുള്ള തുടക്കം എന്ന നിലക്കും, അതിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കാനും വേണ്ടി ആയിരിക്കുകയും, അവരുടെ ആരാധനകളില്‍ നീ പങ്കാളിയാകാതിരിക്കുകയും, അവരുടെ വിശ്വാസങ്ങളും ആചാരാനുഷ്ടാനങ്ങളും നിന്നെ സ്വാധീനിക്കുന്നതിനെ നീ ഭയപ്പെടാതിരിക്കുകയും ചെയ്‌താല്‍ അത് അനുവദനീയമാണ്". - [ഫതാവ ലജ്നതുദ്ദാഇമ  : 2/ 115].
അതുകൊണ്ട് അമ്പലത്തില്‍ പ്രസംഗിക്കുക എന്നത് ഒരു അപരാധമല്ല. അദ്ദേഹത്തിന് അത് സാധിച്ചതില്‍ അല്ലാഹുവിനെ സ്തുതിക്കുകയും തൗഫീഖിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അല്ലാഹു എളുപ്പമാക്കിക്കൊടുക്കട്ടെ. എം എം അക്ബര്‍ സാഹിബാണെങ്കിലും അദ്ദേഹവുമായി ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായഭിന്നത ഉണ്ടായി എന്നതിന്‍റെ പേരില്‍ അദ്ദേഹം നിര്‍വഹിച്ച പ്രബോധന ദൗത്യ നിര്‍വഹണത്തെ മൊത്തം തള്ളിക്കളയാന്‍ ഒരിക്കലും സാധിക്കില്ല.  സ്വാഭാവികമായും വീഴ്ചകള്‍ നമ്മെപ്പോലെ അവര്‍ക്കെല്ലാം  സംഭവിച്ചിരിക്കാം. അത് പ്രമാണബദ്ധമായി തിരുത്താവുന്നതും വിമര്‍ശനവിധേയമാക്കാവുന്നതും ആണ്. പക്ഷെ അവര്‍  ചെയ്യുന്ന പ്രവര്‍ത്തിയെ മുഴുവന്‍ അനര്‍ഹമായി അടച്ചാക്ഷേപിക്കുന്നതും അമ്പലപ്രാസംഗികന്‍ എന്ന് പരിഹസിക്കുന്നതും ഉചിതമാണ് എന്ന് തോന്നുന്നില്ല. ഇവിടെയുള്ള അനേകായിരം ഇതര മതസ്ഥര്‍ക്ക് ലളിതമായി തൗഹീദിനെക്കുറിച്ച് പറഞ്ഞ് കൊടുക്കാന്‍ അവര്‍ക്കൊക്കെ സാധിച്ചു എന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. ഇതര മതസ്ഥരെ ഈ ദീനിലേക്ക് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് എടുത്ത് പറയപ്പെടാവുന്ന വല്ലതും എനിക്ക് ചെയ്യാന്‍ സാധിച്ചതായി ഞാന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ അത് നിര്‍വഹിക്കുന്നവരെ ബഹുമാനത്തോടുകൂടിയാണ് കാണുന്നതും. തെറ്റുകള്‍ തിരുത്തപ്പെടേണ്ടവ തന്നെയാണ്.  എന്നാല്‍ അവ എനിക്കും അവര്‍ക്കും സംഭവിക്കാം എന്നുള്ള പൂര്‍ണബോധ്യത്തോടെത്തന്നെ.

  അപാകതകള്‍ പരിശോധിക്കപ്പെട്ടാല്‍ താന്‍ അപാകതകളില്‍ നിന്നും സമ്പൂര്‍ണ മുക്തനാണ് എന്ന് മാന്യസാഹോടരന് പറയാന്‍ പറ്റുമോ ?!. പരിപൂര്‍ണത അല്ലാഹുവിന് മാത്രമുള്ളതാണ്. നാമെല്ലാം കുറ്റവും കുറവും ഉള്ളവരാണ്. ന്യൂനതകള്‍ അല്ലാഹു പൊറുത്ത് തരട്ടെ...


ഏതായാലും പ്രശ്നകലുശിതമായ ഈ ഒരന്തരീക്ഷത്തില്‍ ഒരിക്കലും ഇങ്ങനെയൊരു എഴുത്ത്കുത്ത് കൂടി ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇപ്പോള്‍ തന്നെ ആവശ്യത്തിനും അനാവശ്യത്തിനും ഉള്ള വിവാദങ്ങള്‍ ഉണ്ട്. മാത്രമല്ല ചര്‍ച്ചകള്‍ വിഷയാധിഷ്ടിതം എന്നതിലുപരിയായി വ്യക്തിപരം എന്ന നിലക്ക് വഴിമാറുമ്പോള്‍ സ്വാഭാവികമായും മനുഷ്യന്‍ എന്ന നിലക്കുള്ള ന്യൂനതകള്‍ സ്വാധീനിക്കും എന്നത് ഉറപ്പാണ്. എന്‍റെ കാര്യമാണ് ഞാന്‍ പറഞ്ഞത്. എന്‍റെ എഴുത്തുകളില്‍ വിഷയങ്ങളോട് നീതി പുലര്‍ത്തുന്നില്ല എന്ന വിമര്‍ശനത്തെ ഗൗരവത്തോടെത്തന്നെ സ്വീകരിക്കുന്നു. എഴുതാനുണ്ടായ കാരണങ്ങള്‍ ആണല്ലോ അതിലെ വരികളെ സ്വാധീനിക്കുന്നത്. അതുകൊണ്ടായിരിക്കാം. ഒരുപക്ഷെ   ഈ ലേഖനത്തിലും അതുണ്ടാകാം. അതെന്‍റെ ന്യൂനതയായി മനസ്സിലാക്കുന്നു. ഒരിക്കലും ഞാനല്ലല്ലോ എന്‍റെ ലേഖനങ്ങളെ വിലയിരുത്തേണ്ടത്. വിലപ്പെട്ട നിര്‍ദേശങ്ങള്‍ക്ക് നന്ദി. അല്ലാഹു പ്രതിഫലം തരട്ടെ..

ഏതായാലും ഞാന്‍ ഈ എഴുത്തുകുത്ത് ഇവിടെ അവസാനിപ്പിക്കുന്നു. അതിലാണ് നന്മയുള്ളത് എന്ന് മനസ്സിലാക്കുന്നു. വിയോജനക്കുറിപ്പ്‌ എഴുതിയ സഹോദരന് മുന്നില്‍ അടിയറവ് പറഞ്ഞുകൊണ്ടുതന്നെ... അല്ലാഹു അനുഗ്രഹിക്കട്ടെ ... 
سبحانك اللهم وبحمدك أشهد أن لا إله إلا أنت أستغفرك وأتوب إليك