Wednesday, July 29, 2020

പെരുന്നാളും ജുമുഅയും ഒന്നിച്ച് വന്നാൽ ?. കോവിഡ് നിയന്ത്രണത്താൽ പള്ളികളിൽ ഏതെങ്കിലും ഒന്നേ പാടുള്ളൂ എന്ന് നിയന്ത്രണം വന്നാൽ എന്ത് ചെയ്യും ?.



വായനക്ക് മുൻപ് : കോവിഡ് പശ്ചാത്തലത്തിൽ എഴുതിയ ഒരു ലേഖനമായിരുന്നില്ല ഇത്. അതുകൊണ്ടുതന്നെ കോവിഡ് പശ്ചാത്തലത്തിൽ രണ്ടും നടക്കുന്ന പള്ളികൾ ഉള്ള രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കുമാണ് ലേഖനം ബാധകം. അതുപോലെ പലരും ചോദിക്കുന്ന ഒരു കാര്യമാണ്: ഒരു പ്രദേശത്ത് നിയന്ത്രണങ്ങൾ കാരണത്താൽ ഒന്നുകിൽ പെരുന്നാൾ നമസ്‌കാരം അല്ലെങ്കിൽ ജുമുഅ, ഏതെങ്കിലും ഒന്ന് മാത്രമേ നടത്താൻ സാധിക്കൂ എന്ന് വന്നാൽ എന്ത് ചെയ്യും ?. ഇവിടെ ഈ വിഷയം ഡോ. ഹമദ് അൽ ഹാജിരി അതുപോലെ ഡോ. സലീമുൽ ഹിലാലി എന്നീ പണ്ഡിതന്മാരോട് ഈ വിഷയം ചോദിച്ചപ്പോൾ അവർ നൽകിയ മറുപടി: നിയന്ത്രണ വിധേയമായി ഏതെങ്കിലും ഒന്ന് മാത്രമേ പള്ളിയിൽ വെച്ച് നിർവഹിക്കാൻ സാധിക്കൂ എന്ന അവസ്ഥ വന്നാൽ ആദ്യം വരുന്ന നമസ്‌കാരം പള്ളിയിൽ വെച്ച് നിർവഹിക്കുക. അഥവാ പെരുന്നാൾ നമസ്‌കാരം പള്ളിയിൽ വെച്ച് നിർവഹിക്കുകയും ശേഷം ജുമുഅക്ക് പകരം വീട്ടിൽ വെച്ച് ളുഹ്ർ നമസ്‌കരിക്കുകയും ചെയ്യുക എന്നതാണ്. കാരണം ജുമുഅ പെരുന്നാൾ നമസ്കാരത്തേക്കാൾ കൂടുതൽ പ്രാധാന്യമർഹിക്കുന്ന നമസ്‌കാരമാണ് എങ്കിൽക്കൂടി, ഏതെങ്കിലും ഒന്നിന് തുറക്കാം എന്നതിനാൽ പെരുന്നാൾ നമസ്കാരത്തിൻ്റെ സമയത്ത് പള്ളി തുറക്കാനാകുകയില്ല എന്ന തടസ്സം നിലനിൽക്കുന്നില്ല. ആദ്യം സമയമാകുന്ന നമസ്‌കാരത്തിൻ്റേതാണ് ആദ്യം പരിഗണിക്കേണ്ടത്. ശേഷം ജുമുഅയുടെ സമയമാകുമ്പോൾ അപ്പോൾ തുറക്കാൻ തടസ്സം നിലനിൽക്കുന്നുവെങ്കിൽ അവർ വീട്ടിൽ വെച്ച് ളുഹ്ർ നമസ്‌കരിച്ചാലും മതി. ഏതായാലും ഇതൊരു ഇജ്ത്തിഹാദിയായ വിഷയമാണ്. ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകാം. അതുപോലെ നാം മനസ്സിലാക്കേണ്ടത് രോഗ വ്യാപനം ഭയപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നുവെങ്കിൽ, അതുപോലെ ആവശ്യമായ മുൻകരുതലുകൾ എടുക്കൽ പ്രയാസകരമാണ് എങ്കിൽ പാടേ പെരുന്നാൾ നമസ്‌കാരവും, ജുമുഅയുമൊന്നും പള്ളിയിൽ നടത്താതെ പള്ളി അടക്കുകയും ചെയ്യാവുന്നതാണ്. അതിൽ തെറ്റില്ല എന്ന് അനേകം പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. തുറക്കുന്ന സാചര്യത്തിൽ മുൻകരുതലുകൾ പാലിക്കാനും നാം ശ്രദ്ധിക്കണം. 



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛  



ജുമുഅയും പെരുന്നാളും ഒത്തുവന്നാല്‍ രണ്ടിലും പങ്കെടുക്കലാണ് ഉചിതമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ രണ്ടും നിര്‍ബന്ധമാണോ, ഇളവുകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടോ ?. നബി (സ) യുടെ കാലത്ത് അപ്രകാരം ഉണ്ടായപ്പോള്‍ അവരെങ്ങനെയാണ് നമസ്കരിച്ചത് ?. ഇമാമീങ്ങള്‍ ഈ വിഷയത്തില്‍ എന്ത് രേഖപ്പെടുത്തി തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നാം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നത്.പൂര്‍ണമായി വായിക്കണേ എന്ന അപേക്ഷയോടെ.


www.fiqhussunna.com


നബി (സ) യുടെ കാലത്തും ഉണ്ടായിട്ടുള്ള ഒരു സംഭവമായതുകൊണ്ട് ആദ്യമായി ഈ വിഷയത്തില്‍ വന്ന ചില ഹദീസുകള്‍ ഉദ്ദരിക്കാം:  


1- 

زيد بن أرقم رضي الله عنه أن معاوية بن أبي سفيان رضي الله عنه سأله: هل شهدت مع رسول الله صلى الله عليه وسلم عيدين اجتمعا في يوم واحد؟ قال: نعم، قال: كيف صنع؟ قال: صلى العيد ثم رخص في الجمعة، فقال: (من شاء أن يصلي فليصل). رواه أحمد وأبو داود والنسائي وابن ماجه والدارمي والحاكم في "المستدرك" وقال: هذا حديث صحيح الإسناد ولم يخرجاه، وله شاهد على شرط مسلم. ووافقه الذهبي، وقال النووي في "المجموع": إسناده جيد. 


സൈദ്‌ബ്ന്‍ അര്‍ഖം (റ) നിവേദനം: മുആവിയ (റ) അദ്ദേഹത്തോട് ചോദിച്ചു: താങ്കള്‍ നബി (സ) യുടെ കാലത്ത് ഒരേ ദിവസം രണ്ട് പെരുന്നാളുകള്‍ (ജുമുഅയും ഈദും) ഒരുമിച്ച് വരുന്നതിന് സാക്ഷിയായിട്ടുണ്ടോ ?. അദ്ദേഹം പറഞ്ഞു: അതെ. മുആവിയ (റ) ചോദിച്ചു: എന്നിട്ട് റസൂല്‍ (സ) എന്താണ് ചെയ്തത് ?. അദ്ദേഹം പറഞ്ഞു: പെരുന്നാള്‍ നമസ്കരിക്കുകയും, ശേഷം ജുമുഅക്ക് ഇളവ് നല്‍കിക്കൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു: ജുമുഅ നമസ്കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നമസ്കരിച്ചുകൊള്ളുക". -  [ഇമാം അഹ്മദ്, അബൂ ദാവൂദ്, നസാഇ, ഇബ്നു മാജ, ദാരിമി, ഹാകിം തുടങ്ങിയവര്‍ ഉദ്ദരിച്ച ഹദീസാണിത്. ഈ ഹദീസ് സ്വീകാര്യയോഗ്യമായ ഹദീസാണ് എന്ന് ഇമാം ഹാക്കിം, ഇമാം ദഹബി, ഇമാം നവവി തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്]. 

2-  

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: (قد اجتمع في يومكم هذا عيدان، فمن شاء أجزأه من الجمعة، وإنا مجمعون). رواه الحاكم ، وأبو داود وابن ماجه والبيهقي .     


അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "ഇന്നേ ദിവസം നിങ്ങള്‍ക്ക് രണ്ട് പെരുന്നാളുകള്‍ ഒരുമിച്ച് വന്നിരിക്കുന്നു (ജുമുഅയും ഈദും). ഉദ്ദേശിക്കുന്നവര്‍ക്ക് അത് ജുമുഅക്ക് ബദലാകുന്നതാണ്. നമ്മളാകട്ടെ ജുമുഅ നമസ്കരിക്കുന്നതായിരിക്കും." - [ഇമാം ഹാക്കിം, അബൂദാവൂദ്, ഇബ്നു മാജ, ബൈഹഖി തുടങ്ങിയവര്‍ ഉദ്ദരിച്ച ഹദീസാണിത്].ഈ ഹദീസ് ഇമാം മുസ്‌ലിം (റ) ഉദ്ദരിച്ച ഹദീസുകളെപ്പോലെ സ്വീകാര്യയോഗ്യമാണ് എന്ന് ഇമാം ഹാക്കിം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം ദഹബി (റ) അത് ശരിവെക്കുകയും ചെയ്തിട്ടുണ്ട്]. 


3- മുകളില്‍ നാം ഉദ്ദരിച്ച രണ്ടാമത്തെ ഹദീസ് അതേ രൂപത്തില്‍ ഇബ്നു അബ്ബാസ് (റ) വും ഉദ്ദരിച്ചിട്ടുണ്ട്:


وحديث ابن عباس رضي الله عنهما أن رسول الله صلى الله عليه وسلم قال: (اجتمع عيدان في يومكم هذا فمن شاء أجزأه من الجمعة ، وإنا مجمعون إن شاء الله). رواه ابن ماجه، وقال البوصيري: إسناده صحيح ورجاله ثقات.


അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "ഇന്നേ 4 ദിവസം നിങ്ങള്‍ക്ക് രണ്ട് പെരുന്നാളുകള്‍ ഒരുമിച്ച് വന്നിരിക്കുന്നു (ജുമുഅയും ഈദും). ഉദ്ദേശിക്കുന്നവര്‍ക്ക് അത് ജുമുഅക്ക് ബദലാകുന്നതാണ്. നമ്മളാകട്ടെ ജുമുഅ നമസ്കരിക്കുന്നതായിരിക്കും إن شاء الله." - [ഇമാം ഇബ്നു മാജ ഉദ്ദരിച്ചത്. ഈ ഹദീസിന്‍റെ സനദ് കുറ്റമറ്റതാണ് എന്ന് ഇമാം ബൂസ്വീരി അഭിപ്രായപ്പെട്ടിട്ടുണ്ട്]. 


4- ഇമാം ബുഖാരി ഉദ്ദരിച്ച മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: 

عن أبي عبيد مولى ابن أزهر قال أبو عبيد: شهدت العيدين مع عثمان بن عفان، وكان ذلك يوم الجمعة، فصلى قبل الخطبة ثم خطب، فقال: (يا أيها الناس إن هذا يوم قد اجتمع لكم فيه عيدان، فمن أحب أن ينتظر الجمعة من أهل العوالي فلينتظر، ومن أحب أن يرجع فقد أذنت له).  


"അബൂഉബൈദ് നിവേദനം: അദ്ദേഹം പറഞ്ഞു: ഉസ്മാന്‍ (റ) വിന്‍റെ കാലത്ത് രണ്ട് ഈദുകള്‍ ഒരേ ദിവസം സംഗമിച്ചതിന് ഞാന്‍ സാക്ഷിയായി. അതൊരു ജുമുഅ ദിവസമായിരുന്നു. അദ്ദേഹം ആദ്യം നമസ്കരിച്ച് ശേഷം ഖുത്ബ നിര്‍വഹിച്ചു (അതായത് പെരുന്നാള്‍ നമസ്കാരം), എന്നിട്ടദ്ദേഹം ആളുകളോട് പറഞ്ഞു: അല്ലയോ ജനങ്ങളെ, ഈ ദിവസം നിങ്ങള്‍ക്ക് രണ്ട് പെരുന്നാളുകള്‍ ചേര്‍ന്ന് വന്നിട്ടുണ്ട് (ജുമുഅയും ഈദും), അവാലിയില്‍ നിന്നും വന്നവരില്‍ (മദീനയുടെ ഒരു പ്രാന്തപ്രദേശം) ജുമുഅക്ക് കാത്ത് നില്‍ക്കുന്നവര്‍ക്ക് കാത്തുനില്‍ക്കാം. മടങ്ങിപ്പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഞാന്‍ അതിനുള്ള അനുവാദം നല്‍കുകയും ചെയ്യുന്നു. - [ സ്വഹീഹുല്‍ ബുഖാരി: 5572]. 

ഇങ്ങനെ ഇനിയും അനേകം അസറുകളും ഹദീസുകളും ഈ വിഷയത്തില്‍ ലഭ്യമാണ്. ഏതായാലും ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായമുണ്ട്. ഇമാം അബൂഹനീഫ (റ) യുടെയും , ഇമാം മാലിക്ക് (റ) യുടെയും  അഭിപ്രായപ്രകാരം പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തു എന്നതുകൊണ്ട്‌ ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാനുള്ള ബാധ്യത ഇല്ലാതാകുന്നില്ല എന്നതാണ്. ജുമുഅ പുരുഷന്മാര്‍ക്ക്  فرض عين ആണ്, പെരുന്നാള്‍ നമസ്കാരമാകട്ടെ فرض كفاية യാണ്. ഒന്ന് മറ്റൊന്നിന് ബദലാകുകയില്ല എന്നതിനെ മുന്‍നിര്‍ത്തിയാണ് ആ അഭിപ്രായം രേഖപ്പെടുത്തപ്പെട്ടത്.  

ഇമാം ശാഫിഇ (റ) യുടെ അഭിപ്രായപ്രകാരം ദൂരപ്രദേശങ്ങളില്‍ നിന്നും പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് മാത്രം ജുമുഅക്ക് പങ്കെടുക്കാതിരിക്കാന്‍ ഇളവുണ്ട് എന്നതാണ്.  ഉസ്മാന്‍ (റ) വിന്റെ ഹദീസില്‍ അവാലിയില്‍ നിന്ന് വന്നവര്‍ക്ക് ഇളവുണ്ട് എന്ന് പരാമര്‍ശിക്കുന്നതാണ് അദ്ദേഹത്തിന്‍റെ തെളിവ്. 


ഇമാം അഹ്മദ് (റ) യുടെ അഭിപ്രായപ്രകാരം പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്ത ആള്‍ക്ക് ജുമുഅയില്‍ ഇളവുണ്ട്. അയാള്‍ക്ക് വീട്ടില്‍ നിന്ന് ളുഹ്ര്‍ നമസ്കരിച്ചാല്‍ മതിയാകുന്നതുമാണ് എന്നതാണ്. - [ഇമാമീങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് الموسوعة الفقهية الكويتية വോ: 27 പേ: 209]. 



നബി (സ) യുടെ കാലത്ത് ഉണ്ടായ ഒരു കാര്യമായതുകൊണ്ട്, ആ വിഷയത്തില്‍ വന്ന ഹദീസുകളും, അസറുകളും പരിശോധിച്ചാല്‍ ഇമാം അഹ്മദ് (റ) യുടെ അഭിപ്രായമാണ് കൂടുതല്‍ പ്രബലം എന്ന് മനസ്സിലാക്കാം. എന്നാല്‍ ആമുഖത്തില്‍ സൂചിപ്പിച്ചത് പോലെ, കൂടുതല്‍ പ്രതിഫലാര്‍ഹവും, അഭിപ്രായഭിന്നതയില്‍ നിന്നും പുറംകടക്കാന്‍ നല്ലതും പെരുന്നാള്‍ നമസ്കാരത്തിന് പങ്കെടുത്താലും ജുമുഅക്ക് കൂടി പങ്കെടുക്കുന്നതുമാണ്. 

മാത്രമല്ല പള്ളിയിലെ ഇമാമിനെ സംബന്ധിച്ചിടത്തോളം പെരുന്നാള്‍ ദിവസം  ജുമുഅ നടത്തല്‍ നിര്‍ബന്ധവുമാണ്. കാരണം നബി (സ), 'പങ്കെടുക്കുന്നവര്‍ക്ക് പങ്കെടുക്കാം' എന്ന് പറഞ്ഞതിനോടൊപ്പം 'നാം ജുമുഅ നമസ്കരിക്കുന്നതായിരിക്കും' എന്ന് കൂടി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇമാം നിര്‍ബന്ധമായും ജുമുഅ നമസ്കരിക്കണം. എങ്കിലാണല്ലോ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പങ്കെടുക്കാനും സാധിക്കൂ. മാത്രമല്ല പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ഇളവ് ഉണ്ടാകുകയുമില്ലല്ലോ.


ഈ വിഷയത്തില്‍ വന്ന പ്രമാണങ്ങള്‍ എടുത്ത് ഉദ്ദരിച്ച ശേഷം ലജ്നതുദ്ദാഇമ  (സൗദി പണ്ഡിത സഭ) പറയുന്നു:


1- പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തയാള്‍ക്ക്, ജുമുഅയില്‍ പങ്കെടുക്കാതെ പകരം ളുഹ്ര്‍ നമസ്കരിക്കാന്‍ ഇളവുണ്ട്. എന്നാല്‍ കൂടുതല്‍ പ്രതിഫലേച്ഛയോടെ ജുമുഅയില്‍ പങ്കെടുക്കുകയാണ് എങ്കില്‍ അതുതന്നെയാണ് ശ്രേഷ്ഠം.


2- പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കാത്ത ആള്‍ക്ക് ഈ ഇളവ് ലഭിക്കില്ല. അതുകൊണ്ട് അവര്‍ക്ക് ജുമുഅ ഒഴിവാകുന്നില്ല. അവര്‍ നിര്‍ബന്ധമായും ജുമുഅക്ക് പള്ളിയില്‍ പോകണം. ജുമുഅ നമസ്കരിക്കാനുള്ള ആളുകളില്ലാതെ വന്നാല്‍ മാത്രം ളുഹ്ര്‍ നമസ്കരിക്കണം. 


3- സാധാരണ ജുമുഅ നടക്കാറുള്ള പള്ളിയിലെ ഇമാമിന് ജുമുഅ നിര്‍ബന്ധമാണ്‌. പെരുന്നാള്‍ നമസ്കാരത്തിന് പങ്കെടുക്കാത്തവര്‍ക്കും, ജുമുഅ കൂടി പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വേണ്ടി ഇമാം നിര്‍ബന്ധമായും പള്ളിയില്‍ ജുമുഅ നമസ്കരിച്ചിരിക്കണം. ഇനി  ജുമുഅക്ക് ആളില്ലാതെ വന്നാല്‍ മാത്രം ളുഹ്ര്‍ നമസ്കരിക്കുക. 


4-പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തതിനാല്‍ ഒരാള്‍ ജുമുഅക്ക് വരാതിരുന്നാല്‍, അയാള്‍ ളുഹ്റിന്‍റെ സമയമായാല്‍ ളുഹ്ര്‍ നമസ്കരിക്കണം. 


5- അന്നേ ദിവസം ജുമുഅ നടക്കുന്ന പള്ളികളില്‍ നിന്ന് ജുമുഅക്കേ ബാങ്ക് വിളിക്കാവൂ. സാധാരണ ജുമുഅ നടക്കാത്ത പള്ളികളില്‍ നിന്നും ളുഹ്റിന് ബാങ്ക് വിളിക്കരുത്. 


6- പെരുന്നാള്‍ നമസ്കാരം പങ്കെടുത്തവര്‍ക്ക് പിന്നെ അന്ന് ജുമുഅയും ളുഹ്റും രണ്ടും നമസ്കരിക്കേണ്ടതില്ല എന്ന അഭിപ്രായം ശരിയല്ല. ആ അഭിപ്രായം പണ്ഡിതന്മാര്‍ തള്ളിക്കളയുകയും അത് അങ്ങേയറ്റം ആശ്ചര്യകരമായ ഒരഭിപ്രായമാണ് എന്ന് പറയുകയും ചെയ്തിട്ടുണ്ട്. കാരണം അത് നബി (സ) യുടെ ചര്യക്ക് എതിരും , തെളിവില്ലാതെ ഒരു ഫര്‍ള് നമസ്കാരം ഒഴിവാക്കുന്നതുമായ അഭിപ്രായമാണ്. പെരുന്നാളിന് പങ്കെടുത്തവര്‍ക്ക് ജുമുഅയില്‍ ഇളവുണ്ട്, പക്ഷെ ജുമുഅ നിര്‍വഹിച്ചില്ലെങ്കില്‍ ളുഹ്ര്‍ നിര്‍ബന്ധമായും നമസ്കരിചിരിക്കണം എന്നത്തിനുള്ള അനേകം പരാമര്‍ശങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടില്ലാത്തതിനാലാകാം ചിലര്‍ അങ്ങനെ അഭിപ്രായപ്പെട്ടത്. ആ അഭിപ്രായം സ്വീകാര്യമല്ല. 

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.. 

[ ഈ വിഷയത്തിലെ മേല്‍ പറഞ്ഞ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയത്: ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ്, ശൈഖ് അബ്ദുല്ലാഹ് ബ്ന്‍ ഗുദയ്യാന്‍,  ശൈഖ് ബകര്‍ അബ്ദല്ലാഹ് അബൂ സൈദ്‌, ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍].


ലജ്നതുദ്ദാഇമയുടെ മറുപടി പൂര്‍ണമായും അറബിയില്‍ വായിക്കാന്‍: (http://www.alifta.net/Fatawa/fatawaChapters.aspx?languagename=ar&View=Page&PageID=12791&PageNo=1&BookID=3)


അല്ലാഹു അനുഗ്രഹിക്കട്ടെ ....  



അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ

ഉള്‌ഹിയ്യത്തും ഷെയറും - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Sunday, July 19, 2020

ദുൽഹിജ്ജ പത്തിൻ്റെ ശ്രേഷ്ഠത



ദുൽഹിജ്ജ പത്തിൻ്റെ ശ്രേഷ്‌ഠത 


www.fiqhussunna.com


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 


അല്ലാഹു എത്ര അനുഗ്രഹീതനാണ്. അവൻ സൃഷ്‌ടിച്ച ദിനങ്ങളിൽ ചില ദിനങ്ങൾക്ക് പ്രത്യേകം ശ്രേഷ്‌ഠത അവൻ നൽകിയിട്ടുണ്ട്. കർമ്മങ്ങൾക്ക് വലിയ പ്രതിഫലം കരസ്ഥമാക്കാനുതകുന്ന ഒരു സുവർണ്ണാവസരം കൂടിയാണ് ശ്രേഷ്‌ഠമാക്കപ്പെട്ട അത്തരം സമയങ്ങളും സന്ദർഭങ്ങളും.


ദിനങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ദിനങ്ങളാണ് ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങൾ. വിശുദ്ധ ഖുർആനിലെ വിവിധ വചനങ്ങൾ ആ ശ്രേഷ്ഠതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. മാത്രമല്ല ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങളെക്കൊണ്ട് സത്യം ചെയ്താണ് സൂറത്തുൽ ഫജ്ർ ആരംഭിക്കുന്നത് തന്നെ. അല്ലാഹു പറയുന്നു:


وَالْفَجْرِ (1) وَلَيَالٍ عَشْرٍ (2)


"പ്രഭാതം തന്നെയാണ് സത്യം. പത്തു രാത്രികള്‍ തന്നെയാണ് സത്യം". - [സൂറത്തുൽ ഫജ്ർ: 1, 2].   


ഇവിടെ പത്ത് രാവുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളാണ് എന്ന് ഇബ്‌നു അബ്ബാസ് (റ) വിൽ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. - [തഫ്‌സീർ ഇബ്നു കസീർ: 3/468]. ആ ദിവസങ്ങളെ പ്രത്യേകം പ്രതിപാദിച്ച് സത്യം ചെയ്തുവെന്നത് അവയുടെ മഹത്വത്തെയും ശ്രേഷ്ഠതയെയും സൂചിപ്പിക്കുന്നുവെന്നത് പറയേണ്ടതില്ലല്ലോ.


അതുപോലെ  സൂറത്തുൽ ഹജ്ജിൽ ഇപ്രകാരം കാണാം:


لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الأنْعَامِ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ


"അവര്‍ക്ക്‌ പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക്‌ നല്‍കിയിട്ടുള്ള കന്നുകാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്‌ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക". - [സൂറത്തുൽ ഹജ്ജ് : 28].


മേൽ വചനത്തിൽ പരാമർശിക്കപ്പെട്ട 'നിശ്ചിത ദിവസങ്ങൾ' ദുൽഹിജ്ജ പത്താണ് എന്ന് ഇബ്‌നു അബ്ബാസ്‌ (റ) വ്യക്തമാക്കിയിട്ടുണ്ട്. - [തഫ്‌സീർ ഇബ്നു കസീർ: 3/468]. ആ നിലക്ക് നിശ്ചിത ദിവസങ്ങളിൽ അല്ലാഹുവിനെ സ്മരിക്കുകയും അവനെ പ്രകീർത്തിക്കുകയും തക്ബീർ ധ്വനികൾ വർദ്ധിപ്പിക്കുകയും ചെയ്യുന്ന വിശ്വാസികൾ ദുൽഹിജ്ജ പത്ത് അധവാ ബലിപെരുന്നാൾ ദിനത്തോടെ അല്ലാഹുവിൻ്റെ നാമത്തിൽ ബാലീ മൃഗങ്ങളെ ബലിയറുക്കുകയും ചെയ്യുന്നു എന്നതാണ് ഈ ആയത്തിൻ്റെ പൊരുൾ എന്ന് നമുക്ക് മനസ്സിലാക്കാം.


 മാത്രമല്ല ബലിയറുക്കാൻ ആഗ്രഹിക്കുന്നവർ ദുൽഹിജ്ജ മാസം പിറന്നത് മുതൽ ബലിയറുക്കുന്നത് വരെ മുടിയും നഖവും വെട്ടുന്നത് ഉപേക്ഷിക്കണമെന്നു നബി (സ) കല്പിച്ചിട്ടുണ്ടല്ലോ. അഥവാ ബലിയറുക്കുക എന്നത് ദുൽഹിജ്ജ പത്തുമായി ബന്ധപ്പെട്ട് തന്നെ നിലനിൽക്കുന്ന ഒരു കർമ്മമാണ്‌ എന്ന് ഇതിൽ നിന്നും യഥേഷ്ടം മനസ്സിലാക്കാം. മാത്രമല്ല അല്ലാഹുവെക്കുറിച്ചുള്ള സ്മരണ വർദ്ധിപ്പിക്കേണ്ട സുദിനങ്ങൾ എന്ന സാരം ഹദീസുകളിലും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.


ഇബ്‌നു അബ്ബാസ് (റ) തന്നെ ഉദ്ധരിക്കുന്ന ഹദീസിൽ മറ്റേതൊരു ദിവസങ്ങളിൽ നിർവഹിക്കപ്പെടുന്ന കർമ്മങ്ങളെക്കാളും ശ്രേഷ്ഠത ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തിൽ നിർവഹിക്കപ്പെടുന്ന സൽക്കർമ്മങ്ങൾക്കാണ് എന്ന് കാണാം:



عن ابن عباس رضي الله عنهما ، عن النبي صلى الله عليه وسلم قال : "ما من أيام العمل الصالح فيهن أحب إلى الله منه في هذه الأيام العشر . قالوا ولا الجهاد في سبيل الله !! قال : ولا الجهاد في سبيل الله ، إلا رجل خرج بنفسه وماله ولم يرجع من ذلك بشيء".


ഇബ്നു അബ്ബാസ് (റ) വില നിന്നും നിവേദനം: നബി (സ) ഇപ്രകാരം പറഞ്ഞു:  "ഈ പത്ത് ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ അല്ലാഹുവിന് ഇഷ്ടമുള്ളതായ യാതൊരു കർമ്മങ്ങളുമില്ല. അപ്പോൾ സ്വഹാബത്ത് ചോദിച്ചു: മറ്റു സന്ദർഭങ്ങളിൽ നിർവഹിക്കുന്ന ജിഹാദ് പോലും ഈ ദിവസങ്ങളിലെ കർമ്മങ്ങൾക്ക് തുല്യമാകുകയില്ലേ ?. അപ്പോൾ നബി (സ) പറഞ്ഞു: മറ്റു സന്ദർഭങ്ങളിൽ നിർവഹിക്കപ്പെടുന്ന ജിഹാദിന് പോലും ഈ ദിവസങ്ങളിൽ അനുഷ്ഠിക്കപ്പെടുന്ന സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതയില്ല. ഒരാൾ തന്റെ ജീവനും ധനവുമെല്ലാമായി അല്ലാഹുവിൻ്റെ മാർഗത്തിൽ പുറപ്പെടുകയും ശേഷം ഒന്നും തിരികെ കൊണ്ടുവരാതെ പൂർണമായി അല്ലാഹുവിൻ്റെ മാർഗത്തിൽ സമർപ്പിക്കപ്പെടുകയും ചെയ്താലൊഴികെ".  - [സ്വഹീഹുൽബുഖാരി : 2/457]. 

ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങളുടെ ശ്രേഷ്ഠത മനസ്സിലാക്കാൻ യഥാർത്ഥത്തിൽ ഈയൊരു ഹദീസ് മാത്രം മതി. ഇബ്നു ഉമർ (റ) വിൽ നിന്നും ഉദ്ദരിക്കപ്പെട്ട മറ്റൊരു ഹദീസിൽ ഈ ശ്രേഷ്‌ഠത ഒന്നുകൂടി സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്:  

عن ابن عمر رضي الله عنهما قال: قال رسول الله صلى الله عليه وسلم :  ما من أيام أعظم عند الله سبحانه ولا أحب إليه العمل فيهن من هذه الأيام العشر؛ فأكثروا فيهن من التهليل والتكبير والتحميد  [رواه أحمد].



അബ്ദുല്ലാഹിബ്‌നു ഉമർ (റ) വിൽ നിന്നും നിവേദനം: റസൂൽ (സ) ഇപ്രകാരം പറഞ്ഞു: "ഈ പത്ത് ദിവസങ്ങളെക്കാൾ അല്ലാഹു സുബ്ഹാനഹു വ തആലയുടെ പക്കൽ ശ്രേഷ്‌ഠകരമായതോ , ഈ ദിവസങ്ങളിൽ അനുഷ്ഠിക്കുന്ന കർമ്മങ്ങളേക്കാൾ അവന് ഇഷ്ടമുള്ളതോ ആയ മറ്റൊരു ദിവസങ്ങളുമില്ല.  അതുകൊണ്ട് നിങ്ങൾ ഈ ദിവസങ്ങളിൽ തഹ്ലീലും, തക്ബീറും, തഹ്‌മീദും വർദ്ധിപ്പിക്കുക". - [മുസ്‌നദ് അഹ്മദ്: 7/224].

അഥവാ എല്ലാവിധ സൽക്കർമ്മങ്ങളും അധികരിപ്പിക്കേണ്ട അതിവിശിഷ്ടമായ ദിവസങ്ങളാണ് നാം വരവേൽക്കാൻ പോകുന്ന ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങൾ എന്നർത്ഥം. അത്യധികം പ്രാധാന്യത്തോടെ കാണുകയും കഴിവിൻ്റെ പരമാവധി ഈ ദിവസങ്ങളിൽ സൽക്കർമ്മങ്ങൾ വർദ്ധിപ്പിക്കാൻ നാമോരോരുത്തരും പരിശ്രമിക്കുകയും ചെയ്യണം.


എന്തുകൊണ്ടായിരിക്കും ഈ പത്ത് ദിവസങ്ങൾക്ക് ഇത്രയധികം ശ്രേഷ്‌ഠത കല്പിക്കപ്പെട്ടത് ?.  ആ കാരണത്തെക്കുറിച്ച് പല ഇമാമീങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. മഹാനായ ഇമാം ഇബ്നു ഹജർ അൽഅസ്ഖലാനി തൻ്റെ ഫത്ഹുൽ ബാരിയിൽ അതിനെക്കറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയത് കാണാം: 

وَالَّذِي يَظْهَرُ أَنَّ السَّبَبَ فِي امْتِيَازِ عَشْرِ ذِي الْحِجَّةِ لِمَكَانِ اجْتِمَاعِ أُمَّهَاتِ الْعِبَادَةِ فِيهِ وَهِيَ الصَّلَاةُ وَالصِّيَامُ وَالصَّدَقَةُ وَالْحَجُّ وَلَا يَتَأَتَّى ذَلِكَ فِي غَيْرِهِ

"കാര്യങ്ങളിൽ നിന്നും വ്യക്തമാകുന്നതെന്തെന്നാൽ, ദുൽഹിജ്ജ പത്തിന് മറ്റു ദിനങ്ങളെക്കാൾ പ്രത്യേകം ശ്രേഷ്‌ഠത ലഭിക്കാനുള്ള കാരണം അടിസ്ഥാന ആരാധനകളെല്ലാം സംഗമിക്കുന്ന സമയമാണ് അത് എന്നതുകൊണ്ടാണ്. അഥവാ നമസ്കാരം, നോമ്പ്, ദാനധർമ്മം, ഹജ്ജ് തുടങ്ങിയവ സമ്മേളിക്കുന്ന ഒരവസരം അവയിലല്ലാതെ ഉണ്ടാകുന്നില്ല". - [ഫത്ഹുൽ ബാരി: 2/460].

അതെ ദുൽഹിജ്ജ ഒന്ന് മുതൽ ഒൻപത് വരെ നോമ്പെടുക്കുകയോ, അറഫാ ദിനത്തിൽ നോമ്പെടുക്കുകയോ ചെയ്യുക വഴി നോമ്പും, നിർബന്ധമോ അല്ലാത്തതോ ആയ ദാനധർമ്മങ്ങളും, നമസ്കാരവും, ഈ വേളയിലല്ലാതെ മറ്റൊരു വേളയിലും കടന്നുവരാത്ത ഹജ്ജും എന്നിങ്ങനെ എല്ലാ അടിസ്ഥാനാരാധനകളും സംഗമിക്കുന്ന പ്രത്യേക സമയമായതിനാൽ അതിൻ്റെ പ്രാധാന്യവും ശ്രേഷ്‌ഠതയും വിലമതിക്കാനാവാത്തതാണ്.


മാത്രമല്ല അറഫാ ദിനത്തിൻ്റെ സാന്നിദ്ധ്യം ദുൽഹിജ്ജ പത്തിനെ കൂടുതൽ ശ്രേഷ്‌ഠമാക്കുന്നു. ഒരുവേള പരിശുദ്ധ റമളാനിലെ അവസാന പത്തിനേക്കാളും ശ്രേഷ്‌ഠത ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തിനാണ് എന്ന് പല പണ്ഡിതന്മാരും പ്രതിപാദിച്ചിട്ടുണ്ട്. ദിനങ്ങളിൽ ഏറ്റവും ശ്രേഷ്‌ഠം ദുൽഹിജ്ജ പത്തിലെ ദിനങ്ങളാണ്. കാരണം അതിൽ ദിനങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്‌ഠമായ അറഫയുണ്ട്. രാവുകളിൽ വച്ച് ഏറ്റവും ശ്രേഷ്‌ഠം റമളാനിലെ അവസാന പത്തിലെ രാവുകളാണ്. കാരണം അവയിൽ ലൈലത്തുൽ ഖദ്റുണ്ട് എന്ന്  തെളിവുകളെ പരസ്‌പരം സംയോജിപ്പിച്ച് പറഞ്ഞ ഇമാമീങ്ങളുമുണ്ട്. ഏതായാലും ഇവയെല്ലാം ആ ദിവസങ്ങളുടെ പ്രാധാന്യമാണ് വിളിച്ചോതുന്നത്.


അതുപോലെ ദുൽഹിജ്ജ പത്താം ദിവസമാണല്ലോ يوم النحر അഥവാ ബലികർമ്മത്തിൻ്റെ ദിവസം. ആ ദിവസത്തിൻ്റെ സാന്നിദ്ധ്യവും ദുൽഹിജ്ജ പത്തിൻ്റെ ശ്രേഷ്‌ഠതയും മഹത്വവും വർദ്ധിപ്പിക്കുന്നു. ബലിപെരുന്നാൾ ദിനത്തെക്കുറിച്ച് സ്വഹീഹായ ഹദീസിൽ ഇപ്രകാരം കാണാം:


عَنْ عَبْدِ اللَّهِ بْنِ قُرْطٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّ أَعْظَمَ الْأَيَّامِ عِنْدَ اللَّهِ تَبَارَكَ وَتَعَالَى يَوْمُ النَّحْرِ، ثُمَّ يَوْمُ الْقَرِّ».


അബ്ദുല്ലാഹ് ബ്ൻ ഖുർത് (റ) നിവേദനം: നബി (സ) ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിൻ്റെ പക്കൽ ഏറ്റവും മഹത്വമേറിയ ദിവസം ബലിപെരുന്നാൾ ദിവസമാകുന്നു. അതിനു ശേഷം ഏറ്റവും മഹത്വമേറിയ ദിവസം 'യൗമുൽ ഖർറ്' (അഥവാ ബലിപെരുന്നാളിൻ്റെ പിറ്റേ ദിവസമാകുന്നു)". - [അബൂദാവൂദ്:1765].


ദുൽഹിജ്ജ മാസപ്പിറവിയോടെ തക്ബീർ ധ്വനികൾ ആരംഭിക്കുന്നു. വീടുകളിലും, വാഹനങ്ങളിലും, അങ്ങാടികളിലും എന്നിങ്ങനെ സാധിക്കുമ്പോഴെല്ലാം ഓരോരുത്തരും തക്ബീർ ധ്വനികൾ മുഴക്കുകയെന്നത് സുന്നത്താണ്. എന്നാൽ ഫർള് നമസ്കാരശേഷം പ്രത്യേകം തക്ബീർ ചൊല്ലുന്നത് അറഫാ ദിനം മുതലാണ് ആരംഭിക്കുന്നത്. ദുൽഹിജ്ജ മാസം പിറവിയെടുത്താൽ തന്നെ സ്വഹാബാക്കൾ തക്ബീർ ധ്വനികൾ അധികാരിപ്പിക്കാറുണ്ടായിരുന്നു എന്നത് ഇമാം ബുഖാരി (റ) ഉദ്ധരിച്ചിട്ടുണ്ട്:


ഇമാം ബുഖാരി (റ) പറയുന്നു: 


 قَالَ الْبُخَارِيُّ: وَكَانَ ابْنُ عُمَرَ، وَأَبُو هُرَيْرَةَ يَخْرُجَانِ إِلَى السُّوقِ فِي أَيْامِ الْعَشْرِ، فَيُكَبِّرَانِ وَيُكَبِّرُ النَّاسُ بِتَكْبِيرِهِمَا

ഇബ്‌നു ഉമർ (റ) വും അബൂ ഹുറൈറ (റ) വും ദുൽഹിജ്ജ ആദ്യത്തെ പത്ത് ദിനങ്ങളിൽ അങ്ങാടിയിലേക്ക് പുറപ്പെടുമ്പോൾ തക്ബീർ ധ്വനികൾ മുഴക്കിക്കൊണ്ട് പുറപ്പെടാറുണ്ടായിരുന്നു. അവരുടെ തക്ബീർ കേട്ട് ആളുകളും തക്ബീർ ചൊല്ലുമായിരുന്നു". - [സ്വഹീഹുൽ ബുഖാരി: 2/457].

അതുകൊണ്ട് ഈ ദിവസങ്ങളെ തഹ്‌ലീൽ കൊണ്ടും തക്ബീർ കൊണ്ടും തഹ്‌മീദ് കൊണ്ടും, ദാനധർമ്മങ്ങളാലും, കഴിയുന്നതും ദുൽഹിജ്ജ ഒൻപത് ദിവസവും നോമ്പനുഷ്ഠിച്ചും, ദാനധർമ്മങ്ങളിൽ മുഴുകിയും, നമസ്കാരം എപ്പോഴുമെന്ന പോലെ സമയാസമയം അനുഷ്ഠിച്ചും, സുന്നത്ത് നമസ്കാരങ്ങൾ അധികരിപ്പിച്ചും, എല്ലാ നിലക്കുമുള്ള സൽക്കർമ്മങ്ങളിലും പങ്കാളികളായും, 'ഏറ്റവും നല്ല പ്രാർത്ഥന അറഫാ ദിനത്തിലെ പ്രാർത്ഥനയാണ്' എന്ന് അല്ലാഹുവിൻ്റെ റസൂൽ പഠിപ്പിച്ച അറഫാ ദിനത്തിൽ പ്രത്യേകം പ്രാർത്ഥനകൾ അധികരിപ്പിച്ചും, ബലി കർമ്മത്തിന് വേണ്ടി തയ്യാറെടുത്തും, അല്ലാഹുവിൻ്റെ പക്കലേക്ക് കൂടുതൽ അടുക്കാനും നന്മയുടെ ഏടുകൾ വർധ്ധിപ്പിക്കാനും ഈ സുദിനങ്ങളെ നാം ഉപയോഗപ്പെടുത്തുക.  

അല്ലാഹു അനുഗ്രഹിക്കട്ടെ ..   


അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ്   P. N

Wednesday, July 15, 2020

മറവി കാരണം ഉമ്മാക്ക് നമസ്കരിക്കാൻ പ്രയാസമുണ്ട്. എന്ത് ചെയ്യും ?. ഉമ്മയുടെ നോമ്പ് എനിക്ക് നോൽക്കാമോ ?.




ചോദ്യം:
  അസ്സലാമു അലൈക്കും  എൻ്റെ ഉമ്മ വാർദക്യസഹജമായ പ്രയാസത്തിൽ ആണു. കുറച്ച് മുമ്പു ഒരു സ്ട്രോക്ക് വന്നു ഓർമ്മ കുറഞ്ഞിരുന്നു. മുൻപ് നന്നായി നമസ്ക്കരിക്കുകയും നോമ്പു നോക്കുകയും ചെയ്യുമായിരുന്നു. അസുഖമായതിന് ശേഷം നമസ്ക്കരിക്കാൻ പറ്റുന്നില്ല ഫാത്തിഹയും ദിഖ്റും മറ്റും മറന്ന് പോയിരിക്കുന്നു. അതു കൊണ്ടു തന്നെ നിസ്കരിക്കാൻ പറഞ്ഞാൽ എനിക്കു കഴിയാത്തത് കൊണ്ടല്ലെ ? എന്നു പറയും.  നിർബന്ധിപ്പിച്ചു പറഞ്ഞാൽ ഒന്നും ചെയ്യാനോ റക്കഅത്തു പൂത്തിയാക്കാനോ പറ്റുന്നില്ല. എന്തു ചെയ്യണം? 

ഈ വർഷത്തെ നോമ്പു നോക്കാനും പറ്റിയില്ല അതിന്നു മുദ്ദ് കൊടുക്കുന്നതോടൊപ്പം എനിക്കു ഉമ്മാക്കവേണ്ടി നോക്കാമോ? ഞാൻ എല്ലാ തിങ്കളും വ്യാഴവും നോമ്പ് എടുക്കാറുണ്ട്. ആ നോമ്പു എൻ്റെ ഉമ്മാക്ക് വേണ്ടി നോക്കാമോ? ഉത്തരം പ്രതീക്ഷിക്കുന്നു.  - [ഉമ്മുൽ ഖൈർ].

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ആദ്യമായി പറയുവാനുള്ളത് ഇപ്പോൾ ഉമ്മാക്ക് പഴയപോലെ ഇബാദത്ത് എടുക്കാൻ സാധിക്കുന്നില്ല എന്നതിൽ നിങ്ങൾ വിഷമിക്കേണ്ടതില്ല. കാരണം മുൻപ് ചെയ്തിരുന്ന പ്രവർത്തനങ്ങളുടെ അതേ പ്രതിഫലം അല്ലാഹു അവരുടെ  അവസ്ഥയിലും നൽകും. നബി (സ) പറയുന്നു: 

إذَا مَرِضَ العَبدُ أو سَافَرَ كَتَبَ اللهُ تَعالى لهُ مِنَ الأَجْرِ مِثلَ مَا كانَ يَعمَلُ صَحِيحًا مُقِيمًا
"ഒരാൾ രോഗിയാകുകയോ യാത്ര പോകുകയോ ചെയ്താൽ അയാൾ ആരോഗ്യവാനായിരിക്കെയും യാത്രക്കാരനല്ലാതിരിക്കുകയും ചെയ്ത സമയത്ത് പ്രവർത്തിച്ചിരുന്ന അതേ പ്രതിഫലം അയാൾക്കായി രേഖപ്പെടുത്തപ്പെടും" - [متفق عليه].

ഉമ്മാക്ക് അല്ലാഹു ആഫിയത്തും ആയുസും പ്രധാനം ചെയ്യട്ടെ. അവരെ നോക്കുന്നതിന് നിങ്ങൾക്ക് തക്കതായ പ്രതിഫലവും നൽകട്ടെ. 

ആദ്യം ഉമ്മയുടെ നമസ്കാരത്തെക്കുറിച്ച് പറയാം. ഉമ്മാക്ക് ഇപ്പോൾ സ്വബോധം ഉള്ള അവസ്ഥയാണോ എന്നതാണ് ആദ്യം പരിഗണിക്കേണ്ടത്. സ്വബോധം നഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ അവർ മുകല്ലഫ് അല്ല. അതായത് അവർക്ക് ഒരാരാധനകളും ബാധകമല്ല. എന്നാൽ സ്വബോധമുണ്ട്, നമസ്കാര സമയത്തെക്കുറിച്ചും, നമസ്കാരത്തെക്കുറിച്ചുമൊക്കെ പറഞ്ഞാൽ മനസിലാകുന്ന അവസ്ഥയിലാണ് എങ്കിൽ അവർക്ക് നമസ്‌കാരം നിർബന്ധമാണ്. എങ്ങനെയാണോ അവർക്കത് നിർവഹിക്കാൻ സാധിക്കുന്നത് അപ്രകാരം  നിർവഹിച്ചാൽ മതി. പ്രയാസപ്പെടുത്തേണ്ടതില്ല. 

നബി (സ) പറഞ്ഞുവല്ലോ, നിന്നുകൊണ്ട് നിസ്കരിക്കാൻ കഴിയാത്തവർ ഇരുന്നും, ഇരിക്കാൻ കഴിയാത്തവർ കിടന്നുമെന്ന്.  അനങ്ങാൻ കഴിയാത്തവർ കണ്ണുകൊണ്ടെങ്കിലും ആംഗ്യം കാണിച്ച് നമസ്കരിച്ചാൽ മതി. ഇനി അതിനും സാധിക്കാത്തവർ മനസ്സുകൊണ്ടും. അഥവാ സ്വബോധം ഉള്ളിടത്തോളം ഒരാൾക്ക് സാധ്യമായ രൂപത്തിൽ നമസ്കരിക്കണം. അത് നഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ അങ്ങനെയുള്ളവരെ നിർബന്ധിക്കേണ്ടതുമില്ല. 

അതുകൊണ്ട് അവരുടെ ഈ രോഗാവസ്ഥയിൽ അവർക്ക് ഇളവുണ്ട് എന്നത് മനസ്സിലാക്കിക്കൊണ്ട്, സ്വബോധമുള്ള അവസ്ഥയിലാണ് എങ്കിൽ സാധ്യമായ രൂപത്തിൽ മാത്രം ചെയ്‌താൽ മതി. അവർക്ക് ഓർമയുള്ളവ ചൊല്ലിക്കൊണ്ട് അവർ നമസ്കരിച്ചോട്ടെ .. അല്ലാഹു അനുഗ്രഹിക്കട്ടെ.. 

ഇനി അവരുടെ നോമ്പ്. നേരത്തെ സൂചിപ്പിച്ചത് പോലെ ഉമ്മക്ക് സ്വബോധമുണ്ട് എങ്കിൽ നോമ്പ് എടുക്കാൻ സാധിക്കാത്തതിനാൽ നിങ്ങൾ ഓരോ നോമ്പിനും പാവപ്പെട്ടവർക്ക് ഒരു നേരത്തെ ഭക്ഷണം എന്ന നിലക്ക് കൊടുത്താൽ മാത്രം മതി. ആ നോമ്പ് മറ്റൊരാൾ നോൽക്കേണ്ടതില്ല. ഇനി സാമ്പത്തികമായി അപ്രകാരം ഭക്ഷണം കൊടുക്കാൻ കഴിവില്ലാത്തവരാണ് എങ്കിൽ അവർക്ക് യാതൊരു ബാധ്യതയുമില്ല.   

ഒരാൾ മറ്റൊരാൾക്ക് വേണ്ടി നോമ്പ് നോൽക്കുന്നത് ഒരു സന്ദർഭത്തിൽ  മാത്രമാണ് നബി (സ) പഠിപ്പിച്ചത്. 

عَنْ عَائِشَةَ رَضِيَ اللهُ عَنْهَا: أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ

ആഇശ (റ) നിവേദനം: റസൂൽ (സ) ഇപ്രകാരം പറഞ്ഞു:  "ഒരാളുടെ മേൽ നോമ്പ് ബാധ്യതയായിക്കൊണ്ട് അയാൾ മരണപ്പെട്ടാൽ അവരുടെ ഉറ്റബന്ധുക്കൾ ആ നോമ്പ് നോറ്റുകൊള്ളട്ടെ" - [صحيح البخاري: 1952]. 

അതായത് നോമ്പ് നോൽക്കാൻ സാധിക്കുന്ന ഒരു വ്യക്തി അത് നോറ്റു വീട്ടും മുൻപേ മരണപ്പെട്ടാലോ, നേർച്ചയാക്കിയ നോമ്പ് നോറ്റുവീട്ടാതെ മരണപ്പെട്ടാലോ അയാളുടെ നോമ്പ് അടുത്ത ബന്ധുക്കൾക്ക് നോറ്റുവീട്ടാം എന്നതാണത്. 

ഉദാ: ഒരാൾക്ക് രോഗം കാരണത്താൽ റമളാനിലെ ഏതാനും ദിവസങ്ങളിലെ നോമ്പ് നഷ്ടപ്പെട്ടു. അയാൾക്ക് ആ അസുഖമൊക്കെ മാറി ആ നോമ്പ് നോറ്റുവീട്ടാനുള്ള സമയവും ലഭിച്ചിരുന്നു. പക്ഷെ വീട്ടാം വീട്ടാം എന്ന് കരുതി മുന്നോട്ട് പോകുന്നതിനിടയിൽ അത് നോറ്റുവീട്ടുന്നതിന് മുൻപായി അയാൾ മരണപ്പെട്ടാൽ അവിടെ ബന്ധുമിത്രാതികൾക്ക് ആ നോമ്പ് നോറ്റുവീട്ടാം. 

എന്നാൽ ജീവിച്ചിരിക്കുന്നവർക്ക് അസുഖം കാരണത്താലോ പ്രായാധിക്യം കാരണത്താലോ  ഇനി നോമ്പ് പിടിക്കാൻ കഴിയില്ല എന്ന അവസ്ഥയിലേക്കെത്തിയാൽ അതിന് പകരം ഒരു ദിവസത്തിന് അര സ്വാഅ് എന്ന തോതിലോ, ഒരു മുദ്ദ് എന്ന തോതിലോ പാവങ്ങൾക്ക് ഭക്ഷണം നൽകിയാൽ  മാത്രം മതി. അതുപോലെ ഉമ്മാക്ക് വേണ്ടി സുന്നത്ത് നോമ്പുകളും നിങ്ങൾ നോൽക്കാവതല്ല. കാരണം അപ്രകാരം പ്രമാണങ്ങളിൽ വന്നിട്ടില്ല. 

അല്ലാഹു അനുഗ്രഹിക്കട്ടെ ... 


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി.എൻ 


 

റിയൽ എസ്റ്റേറ്റ് ബ്രോക്കർ , വാഹനങ്ങളുടെ ബ്രോക്കർ തുടങ്ങിയ വരുമാനം അനുവദനീയമാണോ ?.



ചോദ്യം: റിയൽ എസ്റ്റേറ്റ് ബ്രോക്കർ , വാഹനങ്ങളുടെ ബ്രോക്കർ തുടങ്ങിയ വരുമാനം അനുവദനീയമാണോ ?.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

 ഇടനിലക്കാരൻ അഥവാ വിൽക്കുന്നയാളുടെയും വാങ്ങിക്കുന്നയാളുടെയും ഇടയിൽ പരസ്പരം അവരെ മുട്ടിച്ച് കൊടുക്കുകയും, സത്യസന്ധമായ നിലക്ക് അതിന് ബ്രോക്കറേജ് കൈപ്പറ്റുകയും ചെയ്യുക എന്നുള്ളത് അനുവദനീയമാണ്. ദല്ലാൽ , സിംസാർ എന്നെല്ലാമാണ് അറബിയിൽ ഇടനിലക്കാരന് പറയുക. ഒരുപക്ഷെ വാങ്ങിക്കുന്ന വ്യക്തിക്ക് ആ വിഷയവുമായി ബന്ധപ്പെട്ട് അത്ര പരിജ്ഞാനമില്ലാത്തതുകൊണ്ടോ, തനിക്ക് ആവശ്യമുള്ള വസ്തു കണ്ടെത്താൻ പ്രയാസമുള്ളത് കൊണ്ടോ, അതുപോലെത്തന്നെ വിൽക്കുന്ന വ്യക്തിക്ക് ആവശ്യക്കാരെ കണ്ടെത്താൻ വേണ്ടിയോ ഒക്കെ ഇത്തരത്തിൽ ഇടനിലക്കാരെ ആവശ്യമായി വരാറുണ്ട്. 

ഇമാം ബുഖാരി തൻ്റെ സ്വഹീഹിൽ باب أجر السمسرة  അഥവാ (ബ്രോക്കറേജ് വരുമാനം) എന്നൊരു ബാബ് തന്നെ കൊടുത്തിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്നു: 

 وَلَمْ يَرَ ابْنُ سِيرِينَ وَعَطَاءٌ وَإِبْرَاهِيمُ وَالْحَسَنُ بِأَجْرِ السِّمْسَارِ بَأْسًا .

ഇമാം ഇബ്നു സീരീനോ , അത്വാഓ , ഇബ്‌റാഹീമോ , ഹസനോ ഇടനിലക്കാരന് ലഭിക്കുന്ന പ്രതിഫലത്തിന് യാതൊരു തെറ്റും കണ്ടിരുന്നില്ല. -  [صحيح البخاري: 3/92].  
പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു സുപ്രധാന കാര്യം വില്പന നടക്കാനായി കളവുകൾ പറയുകയോ, വഞ്ചന നടത്തുകയോ ചെയ്യുന്ന പക്ഷം ആ ധനം അനുവദനീയമാകുകയില്ല എന്നത് പറയേണ്ടതില്ലല്ലോ. അതുപോലെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരു വസ്തു കേവലം ടോക്കൺ കൊടുത്ത് മറിച്ച് വിൽക്കുക എന്നതും അനുവദനീയമല്ല. ആ സ്ഥലം തൻ്റെ ഉടമസ്ഥതയിലേക്ക് വന്നാൽ മാത്രമേ അത് മറിച്ച് വിൽക്കാൻ അനുവാദമുള്ളൂ. ഉടമസ്ഥതയിലേക്ക് വരുക എന്ന് പറയുമ്പോൾ അത് തനിക്കായി ഒഴിഞ്ഞു തരികയും തനിക്ക് ഇഷ്ടമുള്ളത് അവിടെ ചെയ്യാൻ അനുവാദം ഉണ്ടാകുകയും ചെയ്യുക എന്നർത്ഥം.

ഇന്ന് ധാരാളമായി കാണുന്ന, കേവലം ഒരു ടോക്കൺ കൊടുത്ത് വില്‌പന ബ്ലോക്ക് ചെയ്യുകയും ശേഷം വലിയ വിലക്ക് ആളെ കണ്ടെത്തി മറിച്ച് വിൽക്കുകയും ചെയ്യുന്നത് ഇസ്‌ലാമികമല്ല. തൻ്റെ ഉടമസ്ഥതയിലില്ലാത്തത്    തൻ്റേതാണ് എന്ന രൂപത്തിൽ കച്ചവടം ചെയ്യരുത് എന്ന് നബി (സ) കല്പിച്ചിട്ടുണ്ട്.

ഇനി ഉടമസ്ഥൻ്റെ അറിവോടെ ആളെ കണ്ടെത്തുകയും  ആ നിലക്ക് കമ്മീഷൻ കൈപ്പറ്റുകയുമാണ് എങ്കിൽ അത് നേരത്തെ സൂചിപ്പിച്ച പോലെ അനുവദനീയമാണ്. അതുപോലെ എനിക്ക് ഇത്ര വില കിട്ടണം കൂടുതൽ എത്ര വില കിട്ടിയാലും നീ എടുത്തോ എന്ന രൂപത്തിൽ ഉടമസ്ഥൻ വിൽക്കാൻ അനുവാദം നൽകിയാലും അതിൽ തെറ്റില്ല.

قَالَ ابْنُ عَبَّاسٍ : لا بَأْسَ أَنْ يَقُولَ : بِعْ هَذَا الثَّوْبَ فَمَا زَادَ عَلَى كَذَا وَكَذَا فَهُوَ لَكَ 

ഇബ്‌നു അബ്ബാസ് (റ) പറയുന്നു: "നീ ഈ വസ്ത്രം വിറ്റോ, ഇത്രയിത്ര വിലയിൽ കൂടുതൽ കിട്ടിയാൽ നീ എടുത്തോ എന്ന് പറയുന്നതിൽ തെറ്റില്ല" - [صحيح البخاري: 3/92].

പക്ഷെ അവിടെ അതിനായി ആ വസ്തുവിൻ്റെ ഉടമസ്ഥൻ ടോക്കൺ വാങ്ങിക്കുന്നത് അനുവദനീയമല്ല. അതുപോലെ നേരത്തെ സൂചിപ്പിച്ച പോലെ ടോക്കൺ നൽകി ആ വസ്തു മറിച്ച് വിൽക്കുന്നതും അനുവദനീയമല്ല. 

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം കമ്മീഷൻ നൽകുമെന്നതും, എത്ര എന്നതും പരസ്‌പരം ധാരണയുണ്ടായിരിക്കണം എന്നതാണ്. കാരണം അല്ലാത്ത പക്ഷം ആളുകൾക്കിടയിൽ തർക്കങ്ങൾ ഉടലെടുക്കും. ഇനി കമ്മീഷൻ ഉണ്ടാകും എന്ന ധാരണയുണ്ടായിരുന്നു പക്ഷെ അത് എത്രയാണ് എന്ന് നിർണയിച്ചിരുന്നില്ല എങ്കിൽ അവിടെ നാട്ടുനടപ്പനുസരിച്ചുള്ള തുകയാണ് കമ്മീഷനായി കണക്കാക്കുക. 

അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ .. അല്ലാഹു അനുഗ്രഹിക്കട്ടെ...


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ 

ഉളുഹിയത്തിൽ ഉപ്പക്കും മകനും കൂടി ഒരു ഷെയർ കൂടാമോ ?.



ചോദ്യം:
ഉളുഹിയ്യത്ത് ഷയര്‍ കൂടുന്ന സമയത്ത് ഒരു കുടുംബത്തിലെ ഉപ്പാക്കും,മകനും കൂടി 
ഒരു ഷയര്‍ കുടാന്‍ പറ്റുമോ ?. 

www.fiqhussunna.com


ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ആടിനെയാണ് അറുക്കുന്നതെങ്കിൽ ഒരാൾ സ്വന്തമായി അറുക്കണം. തനിക്കും തൻ്റെ കുടുംബത്തിനും എന്ന നിലക്ക് ഒരാൾക്ക് ഒരാടിനെ അറുക്കാം. എന്നാൽ ഉള്ഹിയ്യത്ത് ബാധ്യത നിറവേറാനായി ഒരാടിൽ ഒന്നിലധികം പേർ പണം നൽകി പങ്കാളികളായി അറുക്കാൻ പറ്റില്ല എന്നർത്ഥം.

ഒട്ടകമോ, മാടുകളോ ആണെങ്കിൽ ഏഴ് പേർക്ക് വരെ പങ്കാളികളായി അറുക്കാം. ഏഴ് പേരിൽ കൂടുതൽ ഷെയറുകൾ ഒരു ഉരുവിൽ പാടില്ല. അതുകൊണ്ടുതന്നെ ഒരാളുടെ പങ്കു ഉരുവിൻ്റെ വിലയുടെ ഏഴിലൊന്നിൽ  താഴെയാകാൻ പാടില്ല. എന്നാൽ ഷെയറുകൾ തമ്മിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിന് കുഴപ്പമില്ല. 

ഇവിടെ നാം മനസ്സിലാക്കേണ്ടത് ഒരാൾക്ക് ഒറ്റക്ക് ഒരാടിനെ അറുക്കാനോ, അതല്ലെങ്കിൽ മാടുകളിൽ ഒരു ഷെയറിനുള്ള പണം നൽകാനോ കൈവശം ഇല്ലയെങ്കിൽ അയാൾ ഉളുഹിയ്യത്ത് അറുക്കേണ്ടതില്ല. من وجد سعة അഥവാ  ഉളുഹിയ്യത്ത് അറുക്കാനുള്ള സമ്പാദ്യം കൈവശമുള്ള വ്യക്തിക്കാണ് അത് ബാധകമാകുന്നത്. അത് കൈവശമുള്ളവരാകട്ടെ, ഒരു ഷെയറിൽ രണ്ടുപേർ പങ്കാളികളാകുകയോ, അതുപോലെ ഷെയർ തന്നെ അനുവദനീയമല്ലാത്ത ഒരാൾ ഒറ്റക്ക് അറുക്കേണ്ട ആടിൽ പരസ്പരം ഷെയർ കൂടുകയോ ചെയ്യുന്നത് അനുവദനീയമല്ല. 

വീട്ടിൽ ഒരുമിച്ച് താമസിക്കുന്നവർ ആണെങ്കിൽ എല്ലാവർക്കും വേണ്ടി വീട്ടിലെ ഒരാൾ അറുത്താൽ മതി എന്ന് പ്രമാണങ്ങളിൽ വന്നിട്ടുണ്ട്. എന്നാൽ കഴിവുള്ളവർ ഒക്കെ അറുക്കുകയാണ് എങ്കിൽ അതാണ് ശ്രേഷ്ഠം എന്ന് പറയേണ്ടതില്ലല്ലോ. 

ഇവിടെ നാം മനസ്സിലാക്കേണ്ട ഒരുകാര്യമാണ് ഒരു ബലിമൃഗത്തിൽ പങ്കാളികളാവുക എന്നത് രണ്ട് വിധമാണ്. ഒന്ന് الإشتراك في الأجر അഥവാ അതിൻ്റെ പ്രതിഫലത്തിൽ പങ്കാളികളാവുക എന്നത്. അറുക്കുന്ന വ്യക്തി ഉദ്ദേശിക്കുന്നവരെ അതിൽ പ്രതിഫലത്തിൽ പങ്കാളികളാക്കാം. ഉദാഹരണത്തിന് നബി (സ) ഉള്ഹിയത്ത് അറുത്തപ്പോൾ "അളളാഹുവേ മുഹമ്മദിൽ നിന്നും മുഹമ്മദിൻ്റെ കുടുംബത്തിൽ നിന്നും" എന്ന് പറഞ്ഞുകൊണ്ട് അറുത്തത് ഹദീസുകളിൽ കാണാം. രണ്ടാമത്തെ പങ്കാളിത്തം الإشتراك في الملك ബലി മൃഗത്തിൻ്റെ ഉടമസ്ഥതയിൽ പങ്കാളികളാവുക എന്നതാണ്. അത് ആടുകളിൽ അനുവദനീയമല്ല. മാടുകളിലോ ഒട്ടകത്തിലോ നേരത്തെ സൂചിപ്പിച്ചപോലെ ഏഴ് ഷെയർ വരെ ആകാവുന്നതാണ്. 

ഇനി താങ്കൾ ചോദിച്ചത് പിതാവിൻ്റെ കയ്യിലുള്ള പണം ഒരു ഉളുഹിയ്യത്ത് മൃഗത്തിനോ, ഷെയറിനോ തികയുന്നില്ല എങ്കിൽ , ബാക്കി ആവശ്യമായ തുക പിതാവിന് മകൻ നൽകുകയും അങ്ങനെ പിതാവ് ആ തുക കൊണ്ട് ബലി മൃഗത്തെ വാങ്ങുകയോ, ഷെയർ കൂടുകയോ ചെയ്യുകയാണ് എങ്കിൽ അതിൽ തെറ്റില്ല. അവിടെ ആ പിതാവിന് മകൻ പണം ഹദിയ്യയായി നൽകി എന്ന് മാത്രം. മകൻ തനിക്ക് ഹാദിയ്യയായി നൽകിയ പണം കൊണ്ട് പിതാവ് ഉരുവിനെ വാങ്ങി അറുക്കുന്നു എന്നതിൽ തെറ്റില്ല. അത് ഷെയറായി പരിഗണിക്കുകയില്ല. അഥവാ ആ മകൻ സ്വന്തം തന്നെ അറുക്കാൻ കഴിവുള്ളവനാണ് എങ്കിൽ ഉപ്പാക്ക് ആ പണം നൽകിയത് കൊണ്ട് തൻ്റെ ബലികർമ്മമായി അത് മാറുന്നില്ല, ശറഇയ്യായ ബലികർമ്മമെന്ന തൻ്റെ ഉത്തരവാദിത്വം നിറവേറുന്നുമില്ല എന്നർത്ഥം. അത് ഉപ്പക്ക് നൽകിയ ഒരു ഹദിയ മാത്രമായാണ് പരിഗണിക്കപ്പെടുക. 

അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ.. 


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ 

അഹ്‌കാമുൽ ജനാഇസ് Episode - 4 I രോഗി പാലിക്കേണ്ട കാര്യങ്ങൾ (അദ്ധ്യായം ഒന്ന് - ഭാഗം 4).



[സ്നേഹം നിറഞ്ഞ പഠിതാക്കളെ.. ഫിഖ്‌ഹുസ്സുന്ന യൂട്യൂബ് ചാനലിൽ ആരംഭിച്ച ശൈഖ് അൽബാനി (റ) യുടെ أحكام الجنائز وبدعها  (അഹകാമുൽ ജനാഇസ്) എന്ന ഗ്രന്ഥത്തിൻ്റെ ഓരോ എപ്പിസോഡിലും എടുക്കുന്ന പാഠഭാഗങ്ങളുടെ മലയാള വിവർത്തനം ആണ് താഴെ നൽകിയിരിക്കുന്നത്].  

അദ്ധ്യായം ഒന്ന് (ഭാഗം 4):

ما يجب على المريض

രോഗി പാലിക്കേണ്ട കാര്യങ്ങള്‍:

[ഈ പാഠഭാഗത്തിൻ്റെ വീഡിയോ ക്ലാസ് ലഭിക്കാൻ : https://youtu.be/2WYZhNP3x_w].


الثامن: ويشهد على ذلك رجلين عدلين مسلمين، فان لم يوجدا فرجلين من غير المسلمين على أن يستوسق منهما عند الشك بشهادتهما حسبما جاء بيانه، في قول الله تبارك تعالى

എട്ട്:  വസ്വിയത്തിന് മുസ്ലിമീങ്ങളില്‍ നിന്നുള്ള വിശ്വാസയോഗ്യരായ രണ്ട് പേരെ സാക്ഷികളാക്കണം. ഇനി അവര്‍ ലഭ്യമല്ലെങ്കില്‍ അമുസ്ലിമീങ്ങളായ രണ്ടുപേരെ സാക്ഷിയാക്കണം. സാക്ഷ്യത്തെ സംബന്ധിച്ച് സംശയിക്കപ്പെടാനിടവരുന്ന ഘട്ടത്തില്‍ സത്യം ചെയ്യ്പ്പിക്കുമെന്ന ഉപാധിയോടെയായിരിക്കും അവരുടെ (സാക്ഷിത്വം സ്വീകരിക്കുന്നത്). അപ്രകാരമാണ് അല്ലാഹു വ്യക്തമാക്കിയിട്ടുള്ളത്. അല്ലാഹു പറയുന്നു:


يَا أَيُّهَا الَّذِينَ آمَنُوا شَهَادَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ حِينَ الْوَصِيَّةِ اثْنَانِ ذَوَا عَدْلٍ مِّنكُمْ أَوْ آخَرَانِ مِنْ غَيْرِكُمْ إِنْ أَنتُمْ ضَرَبْتُمْ فِي الْأَرْضِ فَأَصَابَتْكُم مُّصِيبَةُ الْمَوْتِ ۚ تَحْبِسُونَهُمَا مِن بَعْدِ الصَّلَاةِ فَيُقْسِمَانِ بِاللَّهِ إِنِ ارْتَبْتُمْ لَا نَشْتَرِي بِهِ ثَمَنًا وَلَوْ كَانَ ذَا قُرْبَىٰ ۙ وَلَا نَكْتُمُ شَهَادَةَ اللَّهِ إِنَّا إِذًا لَّمِنَ الْآثِمِينَ


സത്യവിശ്വാസികളേനിങ്ങളിലൊരാള്‍ക്ക്‌ മരണമാസന്നമായാല്‍ വസ്വിയ്യത്തിന്‍റെ സമയത്ത്‌ നിങ്ങളില്‍ നിന്നുള്ള നീതിമാന്‍മാരായ രണ്ടുപേര്‍ നിങ്ങള്‍ക്കിടയില്‍ സാക്ഷ്യം വഹിക്കേണ്ടതാണ്‌. ഇനി നിങ്ങള്‍ ഭൂമിയിലൂടെ യാത്രചെയ്യുന്ന സമയത്താണ്‌ മരണവിപത്ത്‌ നിങ്ങള്‍ക്ക്‌ വന്നെത്തുന്നതെങ്കില്‍ (വസ്വിയ്യത്തിന്‌ സാക്ഷികളായി) നിങ്ങളല്ലാത്തവരില്‍ പെട്ട രണ്ടുപേരായാലും മതി. നിങ്ങള്‍ക്ക്‌ സംശയം തോന്നുകയാണെങ്കില്‍ അവരെ രണ്ടുപേരെയും നമസ്കാരം കഴിഞ്ഞതിന്‌ ശേഷം നിങ്ങള്‍ തടഞ്ഞ്‌ നിര്‍ത്തണം. എന്നിട്ടവര്‍ അല്ലാഹുവിന്‍റെ പേരില്‍ ഇപ്രകാരം സത്യം ചെയ്ത്‌ പറയണം: ഇതിന്‌ ( സത്യം മറച്ചു വെക്കുന്നതിന്‌) പകരം യാതൊരു വിലയും ഞങ്ങള്‍ വാങ്ങുകയില്ല. അത്‌ അടുത്ത ഒരു ബന്ധുവെ ബാധിക്കുന്ന കാര്യമായാല്‍ പോലും. അല്ലാഹുവിനുവേണ്ടി ഏറ്റെടുത്ത സാക്ഷ്യം ഞങ്ങള്‍ മറച്ച്‌ വെക്കുകയില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ കുറ്റക്കാരില്‍ പെട്ടവരായിരിക്കും. [മാഇദ:106].


فَإِنْ عُثِرَ عَلَىٰ أَنَّهُمَا اسْتَحَقَّا إِثْمًا فَآخَرَانِ يَقُومَانِ مَقَامَهُمَا مِنَ الَّذِينَ اسْتَحَقَّ عَلَيْهِمُ الْأَوْلَيَانِ فَيُقْسِمَانِ بِاللَّهِ لَشَهَادَتُنَا أَحَقُّ مِن شَهَادَتِهِمَا وَمَا اعْتَدَيْنَا إِنَّا إِذًا لَّمِنَ الظَّالِمِينَ


ഇനി അവര്‍ ( രണ്ടു സാക്ഷികള്‍ ) കുറ്റത്തിന്‌ അവകാശികളായിട്ടുണ്ട്‌ എന്ന്‌ തെളിയുന്ന പക്ഷം കുറ്റം ചെയ്തിട്ടുള്ളത്‌ ആര്‍ക്കെതിരിലാണോ അവരില്‍ പെട്ട ( പരേതനോട്‌ ) കൂടുതല്‍ ബന്ധമുള്ള മറ്റ്‌ രണ്ടുപേര്‍ അവരുടെ സ്ഥാനത്ത്‌ ( സാക്ഷികളായി ) നില്‍ക്കണം. എന്നിട്ട്‌ അവര്‍ രണ്ടുപേരും അല്ലാഹുവിന്‍റെ പേരില്‍ ഇപ്രകാരം സത്യം ചെയ്ത്‌ പറയണം: തീര്‍ച്ചയായും ഞങ്ങളുടെ സാക്ഷ്യമാകുന്നു ഇവരുടെ സാക്ഷ്യത്തേക്കാള്‍ സത്യസന്ധമായിട്ടുള്ളത്‌. ഞങ്ങള്‍ ഒരു അന്യായവും ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികളില്‍ പെട്ടവരായിരിക്കും. [മാഇദ:107].

 

ذَٰلِكَ أَدْنَىٰ أَن يَأْتُوا بِالشَّهَادَةِ عَلَىٰ وَجْهِهَا أَوْ يَخَافُوا أَن تُرَدَّ أَيْمَانٌ بَعْدَ أَيْمَانِهِمْ ۗ وَاتَّقُوا اللَّهَ وَاسْمَعُوا ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ

 അവര്‍ (സാക്ഷികള്‍) മുറപോലെ സാക്ഷ്യം വഹിക്കുന്നതിന്‌ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌. തങ്ങള്‍ സത്യം ചെയ്തതിന്‌ ശേഷം (അനന്തരാവകാശികള്‍ക്ക്‌) സത്യം ചെയ്യാന്‍ അവസരം നല്കപ്പെടുമെന്ന്‌ അവര്‍ക്ക്‌ (സാക്ഷികള്‍ക്ക്‌) പേടിയുണ്ടാകുവാനും (അതാണ്‌ കൂടുതല്‍ ഉപകരിക്കുക.) നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും (അവന്‍റെ കല്‍പനകള്‍) ശ്രദ്ധിക്കുകയും ചെയ്യുക. ധിക്കാരികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. [മാഇദ:108]

التاسع: وأما الوصية للوالدين والأقربين الذين يرثون من الموصي، فلا تجوز، لأنها منسوخة بآية الميراث، وبين ذلك رسول الله صلى الله عليه وسلم أتم البيان في خطبته في حجة الوداع


ഒന്‍പത്:  മാതാപിതാക്കള്‍ക്കോ അനന്തരാവകാശികളായ ബന്ധുക്കള്‍ക്കോ വേണ്ടി (സ്വത്ത്) വസ്വിയത്ത് ചെയ്യാന്‍ പാടില്ല. കാരണം അത് അനന്തരാവകാശത്തിന്‍റെ ആയത്തുകൊണ്ട് نسخ ചെയ്യപ്പെട്ടിട്ടുണ്ട്. അഥവാ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ട്.  ഹജ്ജത്തുല്‍ വദാഇന്‍റെ ഖുത്ബയില്‍ ഒരു സംശയത്തിനിടവരുത്താത്തവിധം അത് വ്യക്തമാക്കിക്കൊണ്ട് റസൂല്‍ () പറഞ്ഞു:

إن الله قد أعطى لكل ذي حق حقه فلا وصية لوارث


അല്ലാഹു ഓരോരുത്തര്‍ക്കും അവര്‍ക്കുള്ള അവകാശങ്ങള്‍ നിര്‍ണ്ണയിച്ചുനല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അനന്തരാവകാശിക്ക് (വേണ്ടി സ്വത്ത്) വസ്വിയത്ത് ചെയ്യാന്‍ പാടില്ല. [صححه الألباني، سنن الترمذي : 2120].

العاشر: ويحرم الاضرار في الوصية، كأن يوصي بحرمان بعض الورثة من حقهم من الارث، أو يفضل بعضهم على بعض فيه، لقوله تبارك وتعالى

പത്ത്:    ഉപദ്രവകരമായ രൂപത്തില്‍ വസ്വിയത്ത് ചെയ്യല്‍ ഹറാമാണ്. അതായത് ചില അനന്തരാവകാശികള്‍ക്ക് അനന്തര സ്വത്തില്‍ നിന്നും നല്‍കരുത്. അതല്ലെങ്കില്‍ അവരില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതല്‍ നല്‍കണം എന്നെല്ലാമുള്ള വസ്വിയത്തുകള്‍ നിഷിദ്ധമാണ്. (മറിച്ച് അല്ലാഹു നിര്‍ണ്ണയിച്ച തോതനുസരിച്ച് മാത്രമാണ് നല്‍കേണ്ടത്). കാരണം അല്ലാഹു തബാറക തആല പറയുന്നു:

 

لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالأَقْرَبُونَ وَلِلنِّسَاء نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ نَصِيبًا مَّفْرُوضًا

മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക്‌ ഓഹരിയുണ്ട്‌. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്‌. ( ധനം) കുറച്ചാകട്ടെകൂടുതലാകട്ടെ. അത്‌ നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു. [നിസാഅ്:7]. ശേഷം അല്ലാഹു പറഞ്ഞു:

مِن بَعْدِ وَصِيَّةٍ يُوصَى بِهَا أَوْ دَيْنٍ غَيْرَ مُضَارٍّ وَصِيَّةً مِّنَ اللَّهِ وَاللَّهُ عَلِيمٌ حَلِيمٌ


ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു. [നിസാഅ്:12]. (വസ്വിയത്ത് ദ്രോഹകരമാകരുത് അഥവാ അല്ലാഹുവിന്‍റെ വിധിവിലക്കുകളെ മറികടക്കുന്നതാവരുത് എന്ന് ആയത്ത് പഠിപ്പിക്കുന്നു).അതുപോലെ റസൂല്‍ () പറഞ്ഞു:

لا ضرر ولا ضرار ، ومن ضار ضاره الله ، ومن شاق شاقه الله.

 

നിങ്ങള്‍ സ്വയം ഉപദ്രവിക്കുകയോ മറ്റുള്ളവര്‍ക്ക് ഉപദ്രവം ചെയ്യുകയോ ചെയ്യരുത്. ആരെങ്കിലും ഉപദ്രവം ചെയ്‌താല്‍ അല്ലാഹുവും അവനെ ഉപദ്രവിക്കും. ആര് അക്രമം പ്രവര്‍ത്തിക്കുന്നുവോ അല്ലാഹുവും അവനെ അക്രമിക്കും (ശിക്ഷിക്കും). [صححه الألباني في سلسلة الصحيحة – مختصرة :250].


(വിവർതഥാകക്കുറിപ്പ് : സമാനമായ കാര്യം സൂറത്തുല്‍ ഹഷ്റിന്‍റെ നാലാമത്തെ ആയത്തിലും അല്ലാഹു ഉണര്‍ത്തുന്നുണ്ട്: വല്ലവനും അല്ലാഹുവുമായി മത്സരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.)

തുടരും ... 

വിവർത്തനം: അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ 

__________________________________

കഴിഞ്ഞ എപ്പിസോഡുകൾ: 

വീഡിയോ: 

EPISODE - 1 :  
https://youtu.be/ilhaAyZYzaY



പാഠഭാഗം മലയാള വിവർത്തനം: