Monday, August 31, 2015

ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്തുണ്ടോ ?.


الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

 
ഉപയോഗിക്കുന്ന ആഭാരണത്തിന്റെ സകാത്തിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ ആമുഖമായി മനസ്സിലാക്കിയിരിക്കണം:


1.    സ്വര്‍ണ്ണവും വെള്ളിയുമല്ലാത്ത പ്ലാറ്റിനം പോലുള്ള ഇതര ലോഹങ്ങള്‍ കൊണ്ടുള്ള ആഭരണങ്ങള്‍ക്ക് അവ വില്പനാവശ്യത്തിന് വേണ്ടി ഉള്ളതാണെങ്കില്‍ മാത്രമേ സകാത്ത് ബാധകമാകുകയുള്ളൂ. ഉപയോഗത്തിന് വേണ്ടിയുള്ളതാണെങ്കില്‍ സകാത്ത് ബാധകമല്ല.

ശൈഖ് ഇബ്നു ബാസ് (റഹി) പറയുന്നു: സ്വര്‍ണ്ണമോ വെള്ളിയോ അല്ലാത്ത വജ്രം കൊണ്ടോ മറ്റോ ഉള്ള ആഭരണങ്ങള്‍ക്ക് അവ വില്പനവസ്തുക്കളാണെങ്കിലല്ലാതെ സകാത്ത് ബാധകമല്ല. [മജ്മൂഉ ഫതാവ: 14/124]. 

അഥവാ ഇനി വജ്രവും സ്വര്‍ണ്ണവും അടങ്ങിയ ഉപയോഗിക്കുന്ന ആഭരണമാണ് എങ്കില്‍ അതില്‍ അടങ്ങിയ വജ്രത്തിന്റെ വിലകൂടി സകാത്ത് കണക്കാക്കുമ്പോള്‍ പരിഗണിക്കേണ്ടതില്ല എന്നര്‍ത്ഥം.                                                            

2.    രണ്ട് സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങളുടെ ഉപയോഗം ഹറാമായ ഉപയോഗമാണ് എങ്കില്‍ അതിന് സകാത്ത് ബാധകമാണ് എന്നത് ഇജ്മാഅ് അഥവാ ഏകാഭിപ്രായമുള്ള കാര്യമാണ്. 

ഇമാം നവവി (റഹി) പറയുന്നു: ഹറാമായ ഉപയോഗമുള്ള ആഭരണങ്ങള്‍ക്ക് സകാത്ത് നിര്‍ബന്ധമാണ്‌ എന്നത് ഇജ്മാഅ് ഉള്ള കാര്യമാണ് [روضة الطالبين : 2/260]. 

അതുകൊണ്ടുതന്നെ പുരുഷന്മാര്‍ ധരിക്കുന്ന സ്വര്‍ണ്ണത്തിനും, സ്ത്രീകള്‍ അന്യപുരുഷന്മാര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി ധരിക്കുന്ന സ്വര്‍ണ്ണ- വെള്ളി ആഭരണങ്ങളിലും സകാത്ത് ബാധകമാണ് എന്നത് ഇജ്മാഅ് ഉള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് നല്‍കേണ്ടതുണ്ടോ എന്ന ചര്‍ച്ച ഒരിക്കലും തന്നെ അന്യപുരുഷന്മാര്‍ക്ക് മുന്‍പില്‍ ആടയാഭരണങ്ങള്‍ ധരിച്ചെത്തുന്ന സ്ത്രീയുടെ വിഷയത്തില്‍ ബാധകമല്ല എന്ന് അടിവരയിട്ട് മനസ്സിലാക്കേണ്ടതുണ്ട്.                                            

3.    ആഭരണങ്ങള്‍ നിക്ഷേപമായി കാത്തുസൂക്ഷിക്കുന്നതോ, കച്ചവടാവശ്യത്തിന് വേണ്ടിയുള്ളതോ ആണെങ്കില്‍ അവക്ക് സകാത്ത് ബാധകമാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അനുവദനീയമായ ഉപയോഗത്തിനുള്ള സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ക്ക് സകാത്ത് ബാധകമാണോ എന്നതാണ് ചര്‍ച്ച.

അനുവദനീയമായ ഉപയോഗമുള്ള സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ക്ക്  സകാത്ത് ബാധകമാണോ ?. 

 വിഷയത്തില്‍ അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും സകാത്ത് ബാധകമാണ് എന്നതാണ് പ്രബലമായ അഭിപ്രായം. ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) ശൈഖ് ഇബ്നു ബാസ് (റഹി) തുടങ്ങിയവരെല്ലാം തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ആഭാരണത്തിനും സകാത്ത് ബാധകമാണ് എന്ന് വ്യക്തമാക്കിയതായി കാണാം.

അല്ലാഹു പറയുന്നു: 

وَٱلَّذِينَ يَكۡنِزُونَ ٱلذَّهَبَ وَٱلۡفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ ٱللَّهِ فَبَشِّرۡهُم بِعَذَابٍ أَلِيمٖ

സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും,   അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. – [التوبة 34]. 

എല്ലാ സ്വര്‍ണ്ണത്തിലും സകാത്ത് ബാധകമാണ് എന്ന് വിശുദ്ധഖുര്‍ആനിന്‍റെ പ്രയോഗത്തില്‍ നിന്നും മനസ്സിലാക്കാം. ഇനി ഉപയോഗിക്കുന്ന ആഭരണം മാത്രം അതില്‍ നിന്നും ഒഴിവാണ് എന്ന് പറയുന്നവര്‍ അതിന് വ്യക്തവും സ്പഷ്ടവുമായ തെളിവുകള്‍ കൊണ്ടുവരേണ്ടതുണ്ട്. അപ്രകാരം സ്പഷ്ടമായ തെളിവുകള്‍ ഇല്ല താനും.

അതുപോലെ ഹദീസുകളിലും ഉപയോഗിക്കുന്ന ആഭരണത്തിനും സകാത്ത് നല്‍കണം എന്ന് വ്യക്തമായ സൂചന കാണാം: 

عن أبي هريرة رضي الله عنه عن النبي صلّى الله عليه وسلّم أنه قال: ’’ ما من صاحب ذهب ولا فضة لا يؤدي منها حقها إلا إذا كان يوم القيامة صفحت له صفائح من نار فأحمي عليها في نار جهنم فيكوى بها جبينه وجنبه وظهره ‘‘ - رواه مسلم

അബൂ ഹുറൈറ () നിവേദനം. പ്രവാചകന്‍() പറഞ്ഞുസ്വര്‍ണ്ണമോ വെള്ളിയോ കൈവഷമുള്ളവന്‍ അതില്‍ ബാധ്യതയായുള്ള സകാത്ത് നല്‍കാത്ത പക്ഷം ഖിയാമത്ത് നാളില്‍ തീ കൊണ്ടുള്ള ഫലകങ്ങളായി അവയെ രൂപപ്പെടുത്തുകയും അത് നരകത്തില്‍ ചൂളക്ക് വച്ചതിനുശേഷം അവന്‍റെ നെറ്റിയുംപാര്‍ശ്വഭാഗവുംപുറവുമെല്ലാം അതുകൊണ്ട് ചൂടുവേക്കപ്പെടുകയും ചെയ്യും”.  – [മുസ്‌ലിം].

عن عمرو بن شعيب، عن أبيه، عن جده، أن امرأة أتت رسول الله صلّى الله عليه وسلّم ومعها ابنة لها، وفي يد ابنتها مسكتان غليظتان من ذهب، فقال لها: ’’ أتعطين زكاة هذا؟ قالت: لا، قال: أيسرك أن يسورك الله بهما سوارين من نار، قال: فخلعتهما فألقتهما إلى النبي صلّى الله عليه وسلّم وقالت: هما لله ورسوله ‘‘ - (رواه الترمذي والنسائي وأبو داود)

അംറുബ്നു ശുഐബ് തന്‍റെ പിതാവില്‍ നിന്നുംഅദ്ദേഹം അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരിക്കല്‍ ഒരു സ്ത്രീ പ്രവാചകസന്നിധിയിലേക്ക് ഒരു സ്ത്രീയും മകളും കടന്നുവന്നു. മകളുടെ കൈകളില്‍ കട്ടിയുള്ള രണ്ട് സ്വര്‍ണ്ണവളകളുണ്ട്. പ്രവാചകന്‍() അവരോട് ചോദിച്ചു: നിങ്ങള്‍ ഇതിന്‍റെ സകാത്ത് നല്‍കാറുണ്ടോഅവര്‍ പറഞ്ഞു: ഇല്ല. പ്രവാചകന്‍() പറഞ്ഞു: ഇതിനു പകരമായി നരകത്തില്‍ നിന്നുള്ള രണ്ടുവളകള്‍ അല്ലാഹു നിങ്ങളെ ധരിപ്പിക്കുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ ?!. ഹദീസിന്‍റെ റാവി പറയുന്നു: അവര്‍ രണ്ടു വളകളും ഊരി  പ്രവാചകന്‍റെ മുന്നിലിടുകയുംഇവ രണ്ടും അല്ലാഹുവിനും അവന്‍റെ പ്രവാചകനുമുള്ളതാണ് എന്ന് പറയുകയും ചെയ്തു”. – [തിര്‍മിദി, നസാഇഅബൂദാവൂദ്].

عن عائشة رضي الله عنها قالت: دخل علي رسول الله صلى الله عليه وسلم، فرأى في يدي فتخات من ورق، فقال: "ما هذا يا عائشة؟ ، " فقلت صنعتهن أتزين لك يارسول الله، قال: أتؤدين زكاتهن؟ ، قلت : لا ، أو ما شاء الله، قال: "هو حسبك من النار" أخرجه أبو داود (1565).

ഞങ്ങള്‍ ഒരിക്കല്‍ ആഇശ()യില്‍ നിന്നും നിവേദനം: അവര്‍ പറഞ്ഞു: ഒരിക്കല്‍ റസൂല്‍ () എന്‍റെ അരികിലേക്ക് പ്രവേശിച്ചു. എന്‍റെ കൈകളിലുള്ള വെള്ളി മോതിരങ്ങള്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ഇതെന്താണ് ആഇശാ ?!. ഞാന്‍ പറഞ്ഞു: പ്രവാചകരേഅത് അങ്ങേക്ക് മുന്നില്‍ അലങ്കാരമെന്നോണം എനിക്കണിയാന്‍ ഞാന്‍ ഉണ്ടാക്കിയതാണ്. അപ്പോള്‍ അദ്ദേഹം ചോദിച്ചു. നീ അതിന്‍റെ സകാത്ത് കൊടുക്കാറുണ്ടോ?. ‘ഇല്ല’ എന്നോഅതോ നല്‍കാറില്ല എന്ന് സൂചിപ്പിക്കുന്ന മറ്റെന്തോ ഞാന്‍ മറുപടി നല്‍കി. അപ്പോള്‍ അദ്ദേഹം പറഞ്ഞു:  നരകത്തില്‍ പോകുവാന്‍ അത് തന്നെ മതി”. – [അബൂദാവൂദ്: 1565.  ഹദീസ് അല്‍ബാനി(റഹി) സ്വഹീഹാക്കിയിട്ടുണ്ട്. സ്വഹീഹു അബീദാവൂദ്: 1398. ഹദീസ് ഇമാം ബുഖാരി(റഹി) യുടെയും മുസ്‌ലിം (റഹി)യുടെയും നിബന്ധനകള്‍പ്രകാരം സ്വീകാര്യ യോഗ്യമായ ഹദീസ് ആണ് എന്നും ശൈഖ് അല്‍ബാനി (റഹി) രേഖപ്പെടുത്തിയിട്ടുണ്ട്].

ഒരുപക്ഷെ ചിലർ ചോദിച്ചേക്കാം: വെറും വെള്ളിമോതിരങ്ങള്‍ 595ഗ്രാം തികയുമോ ?.

ഇതിനുള്ള മറുപടി മുൻഗാമികൾ തന്നെ നൽകിയിട്ടുണ്ട്. സുഫ്‌യാന്‍ അസൗരി (റഹി) യോട് ഇതേ ചോദ്യം ചോദിക്കപ്പെട്ടു. കേവലം മോതിരത്തിന് സകാത്ത് നൽകേണ്ടി വരിക ?. അദ്ദേഹം പറഞ്ഞു: അവയെ മറ്റു ആഭരണങ്ങളിലേക്ക് ചേര്‍ക്കുക”. അതായത് ആഇശ()യുടെ കയ്യിലുള്ള ആഭരണങ്ങളെപ്പറ്റി പ്രവാചകന്‍()ക്ക് അറിയാമല്ലോ. അതിനാല്‍ തന്നെ അവരുടെ പക്കല്‍ നിസ്വാബ് തികയുന്ന വെള്ളി ആഭരണങ്ങള്‍ ഉണ്ടായിരിക്കും. ഇതുകൂടി അതിലേക്ക് ചേർത്ത് ഒരുമിച്ച് കണക്കാക്കി സകാത്ത് നല്‍കണം  എന്നായിരിക്കാം ഒരുപക്ഷെ ഉദ്ദേശിച്ചത്. എതായിരുന്നാലും നിസ്വാബിനെക്കുറിച്ച് അറിയാവുന്ന പ്രവാചകന്‍() യാണ് അത് ചോദിച്ചത് എന്നിരിക്കെ ഇത്തരം ആശങ്കകള്‍ക്ക് യാതൊരു പ്രസക്തിയുമില്ല.

عن أم سلمة قالت: كنت ألبس أوضاحاً من ذهب فقلت: يا رسول الله: أكنز هو؟ فقال: "ما بلغ أن يؤدى زكاته فزكي فليس بكنز" (أخرجه أبو داود: 1564)

ഉമ്മു സലമ() യില്‍ നിന്നും നിവേദനം: അവര്‍ പറഞ്ഞു: ഞാന്‍ സ്വര്‍ണ്ണം കൊണ്ടുള്ള ആഭരണങ്ങള്‍ ധരിക്കാറുണ്ടായിരുന്നു. ഞാന്‍ പ്രവാചകനോട് ചോദിച്ചു: അല്ലാഹുവിന്‍റെ പ്രവാചകരേനിധി എന്ന് അതിനെ വിശേഷിപ്പിക്കാമോ ?. അദ്ദേഹം പറഞ്ഞു: അത് സകാത്ത് നിര്‍ബന്ധമാകാനുള്ള പരിധിയെത്തുകയും (നിസ്വാബ്) അതിന്‍റെ നിസ്വാബ് നല്‍കപ്പെടുകയും ചെയ്‌താല്‍ അത് നിധിയല്ല”. – [അബൂദാവൂദ്: 1564.   ഹദീസിന്‍റെ സനദിന് ദുര്‍ബലത ഉണ്ടെങ്കിലും ഉമറുബ്നുല്‍ ഖത്താബ് () വില്‍ നിന്നും വന്ന മറ്റൊരു റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ ഹദീസ് സ്വഹീഹോ ഹസനോ ആണ് എന്ന് ശൈഖ് അല്‍ബാനി (റഹി) രേഖപ്പെടുത്തിയിട്ടുണ്ട്. سلسلة الأحاديث الصحيحة യിലെ 559ാം ഹദീസ് നോക്കുക]. വിശുദ്ധഖുര്‍ആനില്‍ സകാത്ത് നല്‍കാത്ത സ്വര്‍ണ്ണത്തിനുംവെള്ളിക്കും നിധി എന്ന പ്രയോഗമുണ്ട്. പ്രയോഗമാണ് ഹദീസിലും നിധി എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്.


ആഭരണത്തിന് സകാത്ത് നിര്‍ബന്ധമാണ്‌ എന്നതിന് തെളിവായി സ്വഹാബത്തില്‍ നിന്നുമുള്ള അസറുകളും ഉണ്ട്:

عن أمير المؤمنين عمر بن الخطاب ـ رضي الله عنه ـ ’’ أنه كتب إلى أبي موسى ـ رضي الله عنه ـ أن مُرْ من قِبَلَكَ من نساء المسلمين أن يَصَّدّقن من حُلِيِّهن ‘‘ - أخرجه ابن أبي شيبة (3/153)؛ والبيهقي (4/139).

 അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്നുല്‍ ഖത്താബ്() അബൂ മൂസല്‍ അശ്അരി()വിന് എഴുതി : മുസ്‌ലിം സ്ത്രീകളോട് അവരുടെ ആഭരണങ്ങളില്‍ നിന്നും സകാത്ത് നല്‍കുവാന്‍ നീ കല്‍പ്പിക്കുക” – [ഇബ്നു അബീ ശിബ 3/153 – ബൈഹഖി 4/139].

ഇബ്നു മസ്ഊദ്()വിനോട് ഒരു സ്ത്രീ തന്‍റെ ആഭരണത്തെ സംബന്ധിച്ച് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അത് ഇരുനൂറ് ദിര്‍ഹം തികഞ്ഞാല്‍ അതില്‍ സകാത്ത് ഉണ്ട്”.- [ത്വബറാനി – مجمع الزوائد  2/70 ].

എന്നാല്‍ ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് ബാധകമല്ല എന്ന് അഭിപ്രായപ്പെട്ട പ്രഗല്‍ഭരായ പണ്ഡിതന്മാരും ഉണ്ട്. ഇമാം ശാഫിഇ (റഹി) നാട്ടുനടപ്പ് അനുസരിച്ച് ഇസ്റാഫ് അഥവാ അമിതത്വം ഇല്ലെങ്കില്‍ ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് നല്‍കേണ്ടതില്ല എന്ന അഭിപ്രായക്കാരനാണ്. ഇമാം മാലിക്ക് (റഹി) യും ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് ബാധകമല്ല എന്ന അഭിപ്രായം തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം അഹ്മദ്(റഹി)യില്‍ നിന്നാകട്ടെ രണ്ട് അഭിപ്രായങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  ‘കിതാബുല്‍ അംവാല്‍ രചിച്ച   ഇമാം അബൂ ഉബൈദ് ഖാസിമുബ്നു സല്ലാം ബാധകമല്ല എന്ന അഭിപ്രായക്കാരനാണ്. ജാബിര്‍ () വില്‍ നിന്നുമുള്ള ഒരു അസര്‍ അതിനുള്ള തെളിവായി അദ്ദേഹം ഉദ്ദരിക്കുന്നുണ്ട്:

عن عمرو بن دينار قال: سئل جابر بن عبد الله: أفي الحلي زكاة؟ قال لا، قيل: وإن بلغ عشرة آلاف قال: كثير

അംറുബ്നു ദീനാറില്‍ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: ഉപയോഗിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് സകാത്തുണ്ടോ ?. എന്ന് ജാബിര്‍ () വിനോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ഇല്ല. അപ്പോള്‍ അത് പതിനായിരത്തോളമാണെങ്കിലോ ?. എന്ന് ആരോ ചോദിച്ചു. അദ്ദേഹം പറഞ്ഞു: അതില്‍കൂടുതല്‍ ആണെങ്കില്‍പോലും. [കിതാബുല്‍ അംവാല്‍ പേജ്: 540. ഇമാം ശാഫിഇയുടെ മുസ്നദ്: 629].  ഇബ്നു മസ്ഊദ് () വില്‍ നിന്നല്ലാതെ മറ്റൊരു സ്വഹാബിയില്‍ നിന്നും ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് ബാധകമാണ് എന്ന അഭിപ്രായം സ്വീകാര്യയോഗ്യമായ രൂപത്തില്‍ വന്നിട്ടില്ല എന്നാണു അബൂ ഉബൈദ് (റഹി) തന്‍റെ ഗ്രന്ഥത്തില്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ മറ്റു സ്വഹാബാക്കളില്‍ നിന്നും അത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ഉമറുബ്നുല്‍ ഖത്താബ് () വിന്റെ കല്പന നേരത്തെ നാം ഉദ്ദരിച്ചുവല്ലോ. 

ഏതായാലും കൂടുതല്‍ പഠനവിധേയമാക്കിയാല്‍ വിഷയം സ്വഹാബത്തിനിടയില്പോലും അഭിപ്രായഭിന്നതയുള്ള വിഷയമാണ് എന്ന് മനസ്സിലാക്കാം. അതാണ്‌ ഞാന്‍ തുടക്കത്തിലേ സൂചിപ്പിച്ചത്. 

അതുപോലെ ആഇശ () തന്‍റെ സംരക്ഷണത്തില്‍ വളര്‍ന്നിരുന്ന സഹോദരപുത്രിമാര്‍ക്ക് ആഭരണങ്ങള്‍ ധരിപ്പിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ അതിന്‍റെ സകാത്ത് കൊടുക്കാറുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. അതും ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് ബാധകമല്ല എന്ന അഭിപ്രായക്കാരുടെ തെളിവാണ്. എന്നാല്‍ ഇത് അവര്‍ക്കുള്ള തെളിവല്ല എന്നതാണ് ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) യെപ്പോലുള്ളവര്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. കാരണം ആഇശ() അവയുടെ സകാത്ത് നല്‍കാറുണ്ടായിരുന്നു എന്ന രൂപത്തില്‍ എതിര്‍ റിപ്പോര്‍ട്ടും അതേ വിഷയത്തില്‍ വന്നതിനാല്‍ ഹദീസ് നിധാനശാസ്ത്രപ്രകാരം നല്‍കാറുണ്ടായിരുന്നു എന്ന് സ്ഥിരീകരണമനോഭാവത്തോടെ വന്ന റിപ്പോര്‍ട്ടിനാണ് നല്‍കാറുണ്ടായിരുന്നില്ല എന്ന് നിഷേധമനോഭാവത്തോടെ വന്ന റിപ്പോര്‍ട്ടിനേക്കാള്‍ മുന്‍ഗണന. സ്ഥിരീകരണവും നിഷേധവും ഒരുമിച്ചു സ്വീകാര്യയോഗ്യമായി വന്നാല്‍ സ്ഥിരീകരണത്തിനാണ് മുന്‍ഗണന എന്നത് ഒരടിസ്ഥാന തത്വമാണ്. 

അതുപോലെ ഇമാം ദാറഖുത്വനി അസ്മാഅ് () യില്‍ നിന്നും അവര്‍ അവരുടെ പെണ്മക്കളുടെ ആഭരണത്തിന് സകാത്ത് നല്‍കാറുണ്ടായിരുന്നില്ല എന്ന റിപ്പോര്‍ട്ട് ഉദ്ദരിച്ചിട്ടുണ്ട്. ഇതും സകാത്ത് ബാധകമല്ല എന്ന അഭിപ്രായക്കാരുടെ തെളിവാണ്. ആധുനിക കാലഘട്ടത്തില്‍ ജീവിച്ച പണ്ഡിതന്മാരില്‍ ഇമാം ശൗക്കാനി (റഹി), മുഹമ്മദ്‌ അമീന്‍ ശന്‍ഖീത്വി (റഹി), മുഹമ്മദ്‌ ബിന്‍ ഇബ്റാഹീം ആലു ശൈഖ് (റഹി) തുടങ്ങിയവര്‍   അഭിപ്രായത്തെ പിന്തുണച്ചവരാണ്. എന്നാല്‍ അത് നല്‍കലാണ് സൂക്ഷമത എന്ന് ചര്‍ച്ചക്ക് ശേഷം ഇവരില്‍ പല പണ്ഡിതന്മാരും തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ്‌ അമീന്‍ ശന്‍ഖീത്വി (റഹി) പറയുന്നു: ഉപയോഗിക്കുന്ന ആഭരണത്തിന്‍റെ സകാത്ത് നല്‍കലാണ് സൂക്ഷമത. കാരണം (നബി ()യുടെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടത് പോലെ) സംശയാസ്പദമായ കാര്യങ്ങളില്‍ ആരെങ്കിലും സൂക്ഷ്മത കൈവരിച്ചാല്‍ അവന്‍റെ അഭിമാനത്തെയും മതത്തെയും അവന്‍ സംരക്ഷിച്ചിരിക്കുന്നു. അതുപോലെ (നബി () പറഞ്ഞു) : നിനക്ക് സംശയമുള്ള കാര്യത്തെ വെടിഞ്ഞ് സംശയമില്ലാത്തത് സ്വീകരിക്കുക. – [أضواء البيان : 2/134 ].

ഇരു കൂട്ടരുടെയും തെളിവുകള്‍ പരിശോധിച്ച ശേഷം ഈയുള്ളവന് പ്രബലമായതും കൂടുതല്‍ സൂക്ഷ്മതയുള്ളതുമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിച്ചത് ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് ബാധകമാണ് എന്നതാണ്. അതാണ് പ്രബലമായ അഭിപ്രായം എന്നതിനുള്ള തെളിവുകള്‍ ഞാന്‍ നേരത്തെ ഉദ്ദരിച്ചുവല്ലോ. നിസ്വാബ് തികയുകയും ഹൗല്‍ എത്തുകയും ചെയ്‌താല്‍ ഉപയോഗിക്കുന്ന ആഭരണങ്ങള്‍ക്കും  സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്‌. സൗദി അറേബ്യയിലെ ഉന്നത ഫത്‌വാ ബോര്‍ഡായ ലജ്നതുദ്ദാഇമയുടെയും അഭിപ്രായം ഇതു തന്നെയാണ്. അവര്‍ പറയുന്നു: ഇരു അഭിപ്രായങ്ങളില്‍ നിന്നും ഏറ്റവും പ്രബലമായ അഭിപ്രായം ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് നിര്‍ബന്ധമാണ്‌ എന്ന അഭിപ്രായമാണ്. [ഫതാവ: 9/264]. 

വിഷയത്തിലുള്ള വ്യത്യസ്ഥ അഭിപ്രായങ്ങളും ഓരോ അഭിപ്രായക്കാരുടെ തെളിവുകളും തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകളും മറുപടികളും ഇബ്നു ഉസൈമീന്‍ (റഹി) അദ്ദേഹത്തിന്‍റെ (رسالة في زكاة الحلي) എന്ന ലഘു കൃതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വിഷയ സംബന്ധമായി കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് പരിശോധിക്കാവുന്നതാണ്‌. 

ചോദ്യം: വീട്ടിലുള്ള എല്ലാവരുടെ ആഭരണങ്ങളും കൂട്ടി അവ മൊത്തത്തില്‍ പത്തര പവന്‍ തികയുക എന്നാണോ, അതല്ല ഓരോരുത്തരുടെയും ആഭരണങ്ങള്‍ വ്യത്യസ്ഥമായിത്തന്നെ പരിഗണിച്ചാല്‍ മതിയോ

ഉത്തരം: ഓരോരുത്തരുടെയും ആഭരണങ്ങള്‍ വ്യത്യസ്ഥമായി പരിഗണിച്ചാല്‍ മതി. കാരണം വ്യക്തികള്‍ക്കാണ് സകാത്ത് ബാധകമാകുന്നത്. കുടുംബത്തിനല്ല. അതിനാല്‍ തന്നെ ഒരു കുടുംബത്തിലെ വ്യത്യസ്ഥ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ളവ വെവ്വേറെത്തന്നെ പരിഗണിച്ചാല്‍ മതി. 

ചോദ്യം: മഹര്‍ സ്വര്‍ണ്ണാഭരണമാണ് എങ്കില്‍ അതുകൂടി കൂട്ടിയാണോ കൈവശമുള്ള സ്വര്‍ണ്ണാഭരണം നിസ്വാബ് തികയുന്നുണ്ടോ എന്ന് നോക്കേണ്ടത് ?. 

ഉത്തരം: അതെ. മഹ്ര്‍ ആണ് എന്നതുകൊണ്ട്‌ അതിന് സകാത്ത് ബാധകമാകാതാകുന്നില്ല. അതുകൊണ്ടുതന്നെ മഹ്ര്‍ സ്വര്‍ണ്ണാഭരണമാണ് എങ്കില്‍ മഹ്ര്‍ അടക്കം കൈവശമുള്ള മൊത്തം സ്വര്‍ണ്ണം എത്രയുണ്ട് എന്ന് നോക്കിയാണ്, തന്‍റെ കൈവശമുള്ള സ്വര്‍ണ്ണം നിസ്വാബ് തികയുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത്. നിസ്വാബ് തികയുന്നുണ്ട് എങ്കില്‍ ഓരോ ഹിജ്റ വര്‍ഷം തികയുമ്പോഴും അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം. 

ചോദ്യം: നിസ്വാബ് അഥവാ 85 ഗ്രാം (ഏകദേശം പത്തര പവന്‍) അതില്‍കൂടുതല്‍ സ്വര്‍ണ്ണം ഉണ്ടെങ്കില്‍ അത് കഴിച്ച് ബാക്കിയുള്ള സ്വര്‍ണ്ണത്തിന്‍റെ രണ്ടര ശതമാനം ആണോ സകാത്തായി നല്‍കേണ്ടത് ?.  

ഉത്തരം: അല്ല നിസ്വാബ് അടക്കമുള്ള മൊത്തം സ്വര്‍ണ്ണത്തിന്‍റെ രണ്ടര  ശതമാനം ആണ് സകാത്തായി നല്‍കേണ്ടത്. ഉദാ: ഒരാളുടെ കൈവശം ഇരുപത് പവന്‍ സ്വര്‍ണ്ണം ഉണ്ടെങ്കില്‍ ഇരുപത് പവന്‍ സ്വര്‍ണ്ണത്തിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം.

ചോദ്യം: 85 ഗ്രാം ആണല്ലോ സ്വര്‍ണ്ണത്തിന്‍റെ നിസ്വാബ്. എന്‍റെ കയ്യില്‍ 50ഗ്രാം സ്വര്‍ണ്ണവും ബാക്കി 35 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യമായ കറന്‍സിയോ വില്പന വസ്തുവോ ഉണ്ടെങ്കില്‍ ഞാന്‍ സ്വര്‍ണ്ണത്തെ അവയോടൊപ്പം കൂട്ടി മോത്തത്തിന്റെ രണ്ടര ശതമാനം സകാത്തായി നല്‍കണോ ?.

ഉത്തരം: അപ്രകാരം ചെയ്യണം എന്നതാണ് ശൈഖ് ഇബ്നു ബാസ് (റഹി) യുടെ അഭിപ്രായം. കാരണം സ്വര്‍ണ്ണം നാണയ ഗണത്തില്‍ പെട്ടതാണ്. അതുകൊണ്ട് കൈവശമുള്ള കറന്‍സിയും സ്വര്‍ണ്ണവും ചേര്‍ത്ത് വച്ചോ, അതല്ലെങ്കില്‍ കൈവശമുള്ള കച്ചവട വസ്തുവുമായി ചേര്‍ത്ത് വച്ചോ സ്വര്‍ണ്ണം 85ഗ്രാം തികയുന്നുവെങ്കില്‍ അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം എന്നതാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്. അതാണ്‌ കൂടുതല്‍ സൂക്ഷ്മത. 


അല്ലാഹു അനുഗ്രഹിക്കട്ടെ... 

By. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ