Thursday, August 25, 2016

ഉളുഹിയത്ത് മൃഗത്തിന് ഉണ്ടായിരിക്കേണ്ട നിബന്ധനകള്‍


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

ഉളുഹിയ്യത്ത് അറുക്കപ്പെടുന്ന മൃഗത്തിന് ഉണ്ടായിരിക്കേണ്ട നിബന്ധനകളെ സംബന്ധിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചുമാണ് ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത്.

www.fiqhussunna.com


ഒന്ന്: അറുക്കപ്പെടുന്ന മൃഗം بهيمة الأنعام അഥവാ കന്നുകാലികളില്‍ പെട്ടതായിരിക്കണം. ഒട്ടകം, മാടുകള്‍ , ആട് എന്നിവയാണവ.

അല്ലാഹു പറയുന്നു:

وَلِكُلِّ أُمَّةٍ جَعَلْنَا مَنْسَكًا لِيَذْكُرُوا اسْمَ اللَّهِ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الْأَنْعَامِ
  "ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മ്മം നിശ്ചയിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക്‌ നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്‌." - [ഹജ്ജ് :34]. 

രണ്ട്: അറുക്കപ്പെടുന്ന മൃഗത്തിന് ശറഅ് നിശ്ചയിച്ച പ്രായം തികയണം. ഹദീസില്‍ ഇപ്രകാരം കാണാം: 


عَنْ جَابِرٍ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لا تَذْبَحُوا إِلا مُسِنَّةً إِلا أَنْ يَعْسُرَ عَلَيْكُمْ فَتَذْبَحُوا جَذَعَةً مِنْ الضَّأْنِ

ജാബിര്‍ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "നിങ്ങള്‍ 'മുസിന്ന' അല്ലാതെ അറുക്കരുത്. നിങ്ങള്‍ക്ക് അത് പ്രയാസകരമായാല്‍ ചെമ്മരിയാടില്‍ നിന്നും (جذعة) അറുത്ത് കൊള്ളുക." - [സ്വഹീഹ് മുസ്‌ലിം: 1963]. 

'മുസിന്ന' എന്നാല്‍ കാളികളിലെ ഒരു പ്രായപരിധിയാണ്. ജനിക്കുമ്പോള്‍ ഉള്ള പല്ലുകള്‍ മാറി സ്ഥിരമായി നിലനില്‍ക്കുന്ന തീറ്റപ്പല്ല് വന്നവ എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇമാം നവവി പറയുന്നു: 'മുസിന്ന' എന്നാല്‍ എല്ലാത്തില്‍ നിന്നും ثنية  ആണ്
(അഥവാ പാല്‍പല്ല് മാറി തീറ്റപ്പല്ല് വന്നവ). ആട്, പശു, ഒട്ടകം തുടങ്ങിയവയിലെല്ലാം ഇപ്രകാരം തന്നെ. - [ശറഹു മുസ്‌ലിം: 6/456].
 
ഓരോ മൃഗവും അവയുടെ പ്രായപരിധിയും:


കോലാട്:
ഹനഫീ, മാലിക്കീ, ഹമ്പലീ അഭിപ്രായപ്രകാരം ഒരു വയസ് തികയണം. ശാഫിഈ അഭിപ്രായപ്രകാരം രണ്ട് വയസ് തികയണം. കോലാടിന് ഒരു വയസ് തികഞ്ഞാല്‍ മതി എന്നതാണ് ഭൂരിപക്ഷാഭിപ്രായം. നമ്മുടെ നാട്ടില്‍ സാധാരണ കാണാറുള്ള ആടാണ് കോലാട്. 

ചെമ്മരിയാട്: ഹനഫീ, മാലിക്കീ, ഹമ്പലീ അഭിപ്രായപ്രകാരം ആറു മാസം തികയണം. ശാഫിഈ അഭിപ്രായപ്രകാരം ഒരു വര്‍ഷമെത്തിയിരിക്കണം. ആറു മാസം എന്നതാണ് ഭൂരിപക്ഷാഭിപ്രായം. ചെമ്മരിയാടിന്‍റെ വിഷയത്തില്‍ മാത്രമുള്ള ഇളവാണ് ഇത്. ചെമ്മരിയാടില്‍ മാത്രമാണ് جذعة നബി (സ) അനുവദിച്ചിട്ടുള്ളത്. പല്ല് പൊഴിയുന്ന പ്രായം അഥവാ ആറു മാസം പ്രായമെത്തിയവയാണവ.  എന്നാല്‍ ചെമ്മരിയാടിലും ഒരു വയസ് തികയുകയാണ് എങ്കില്‍ അതാണ്‌ ശ്രേഷ്ഠം. ചില പണ്ഡിതന്മാര്‍ മുകളില്‍ ഉദ്ദരിച്ച ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ഒരു വയസ് തികഞ്ഞതിനെ കിട്ടിയില്ലെങ്കിലല്ലാതെ ആറു മാസം ഉള്ളതിനെ അറുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. 


മാടുകള്‍: ഹനഫീ, ശാഫിഈ, ഹമ്പലീ അഭിപ്രായപ്രകാരം രണ്ട് വയസ് തികഞ്ഞവ. മാലിക്കീ അഭിപ്രായപ്രകാരം മൂന്ന്‍ വയസ് തികയണം. രണ്ട് വയസ് എന്നതാണ് ഭൂരിപക്ഷാഭിപ്രായം. പോത്ത്, കാള തുടങ്ങിയവയെല്ലാം ഇപ്രകാരം തന്നെ.  


ഒട്ടകം: അഞ്ച് വര്‍ഷം തികഞ്ഞവയായിരിക്കണം. ഇതില്‍ നാല് ഇമാമീങ്ങള്‍ക്കും എകാഭിപ്രായമാണ്.

പ്രായസംബന്ധമായി കൂടുതല്‍ മനസ്സിലാക്കാന്‍ ഈ റഫറന്‍സുകള്‍ നോക്കുക:



[بدائع الصنائع" (5/70) ، "البحر الرائق" (8/202) ، "التاج والإكليل" (4/363) ، "شرح مختصر خليل" (3/34) ، "المجموع" (8/365) ، "المغني" (13/368].

 ചുരുക്കത്തില്‍: ആട് ആണ് എങ്കില്‍ ഒരു വയസ് തികഞ്ഞതും, മാടുകളാണ് എങ്കില്‍ രണ്ട് വയസ് തികഞ്ഞതും, ഒട്ടകം ആണ് എങ്കില്‍ 5 വയസ് തികഞ്ഞതും. 

മൂന്ന്‍: ഉളുഹിയത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന മൃഗങ്ങളില്‍ അവയുടെ മാംസം ചുരുങ്ങുകയോ, കേടുവരുത്തുകയോ ചെയ്യുന്നതായ ന്യൂനതകള്‍ ഉണ്ടായിരിക്കരുത്. ഹദീസില്‍ ഇപ്രകാരം കാണാം: 

عَن الْبَرَاءِ بْنِ عَازِبٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سُئِلَ مَاذَا يُتَّقَى مِنْ الضَّحَايَا فَقَالَ أَرْبَعٌ  الْعَرْجَاءُ الْبَيِّنُ ظَلْعُهَا وَالْعَوْرَاءُ الْبَيِّنُ عَوَرُهَا وَالْمَرِيضَةُ الْبَيِّنُ مَرَضُهَا وَالْعَجْفَاءُ الَّتِي لَا تُنْقِي

ബറാഅ് ബ്ന്‍ ആസി'ബ് (റ) നിവേദനം: നബി (സ) യോട് ഇപ്രകാരം ചോദിക്കപ്പെട്ടു: ഉദുഹിയത്ത് അറുക്കപ്പെടുന്നവയില്‍ മാറ്റിനിര്‍ത്തേണ്ടവ ഏതൊക്കെ ?. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "നാല് ഇനങ്ങളാണവ. പ്രകടമായ മുടന്തുള്ളവ, പ്രകടമായ കണ്ണ് കേടുള്ളവ, പ്രകടമായ രോഗബാധയേറ്റവ, മജ്ജയും (നെയ്യും) നഷ്ടപ്പെട്ട് മെലിഞ്ഞൊട്ടിയവ." - [മുസ്നദ്: 18675]. 

ഹദീസിലെ 'പ്രകടമായ'എന്ന പ്രയോഗത്തില്‍ നിന്നും സാധാരണ കണക്കാക്കപ്പെടാത്ത നിസാരമായ ന്യൂനതകള്‍ ആണ് അവക്കുള്ളതെങ്കില്‍ കുഴപ്പമില്ല എന്ന് മനസ്സിലാക്കാം.

രോഗം പ്രകടമായവ, നടക്കാന്‍ പ്രയാസമുള്ളവ, ശരീരഭാഗങ്ങള്‍ മുറിഞ്ഞു പോയവ, കണ്ണ് പൊട്ടിയത്, കണ്ണ് തുറിച്ച് നില്‍ക്കുന്നത്, കാഴ്ച നഷ്ടപ്പെട്ടത്, അവശത ബാധിച്ചവ എന്ന് തുടങ്ങി മറ്റു മാടുകളോടൊപ്പം തീറ്റയിലും കുടിയിലും ഒപ്പമെത്താത്ത ന്യൂനതകളുള്ളവ ഉളുഹിയ്യത്തില്‍ അനുവദനീയമല്ല. അനുവദിക്കപ്പെട്ടതും അനുവദിക്കപ്പെടാത്തതുമായവയെ വേര്‍ത്തിരിക്കുന്ന മാനദണ്ഡം വിശദീകരിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു: 

لا تجزئ التضحية بما فيه عيب ينقص اللحم كالمريضة، فإن كان مرضها يسيراً لم يمنع الإجزاء، وإن كان بينا يظهر بسببه الهزال وفساد اللحم لم يجزه


"രോഗബാധിതമായതിനെപ്പോലെ ഇറച്ചി കുറയാന്‍ കാരണമാകുന്ന ന്യൂനതയുള്ളവ ഉളുഹിയ്യത്തിന് അനുവദനീയമല്ല. ഇനി രോഗം നിസാരമാണ് എങ്കില്‍ അതില്‍ തടസ്സമില്ലതാനും. എന്നാല്‍ പ്രകടമായതും, അതുകാരണം അവശതക്കും ഇറച്ചി ദുഷിക്കാനും ഇടവരുത്തുന്നതുമായ രോഗമാണ് ഉള്ളത് എങ്കില്‍ അത് അനുവദനീയമല്ല." -  [المجموع :8/293].

എന്നാല്‍ മണി ഉടച്ചവക്ക് കുഴപ്പമില്ല. അത് ഇറച്ചിയുടെ രുചിയും മേന്മയും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.

ബലി മൃഗം ഗുണത്തിലും മേന്മയിലും ഭംഗിയിലും എത്രത്തോളം നല്ലതാകുന്നുവോ അത്രത്തോളം അത് ശ്രേഷ്ഠകരമാണ്. പക്ഷെ ലോകമാന്യത ഉദ്ദേശിച്ചുകൊണ്ടോ, ആളുകളുടെ പ്രശംസ പിടിച്ച് പറ്റാനോ ആണ് ഒരാള്‍ നല്ല ഇനം നോക്കി വാങ്ങുന്നത് എങ്കില്‍ അയാള്‍ക്ക് ശിക്ഷയാണ് ലഭിക്കുക. അല്ലാഹുവിന്‍റെ പ്രീതി മാത്രമായിരിക്കണം ഏറ്റവും മുന്തിയ മൃഗത്തെ തിരഞ്ഞെടുക്കുന്നതിന് പിന്നിലുള്ള പ്രചോദനം.  

നാല്: ഉളുഹിയത്ത്   അറുക്കപ്പെടുന്ന മൃഗം തന്‍റെ ഉടമസ്ഥതയില്‍ ഉള്ളതോ, ശറഇയ്യായ നിലക്ക് തനിക്ക് അറുക്കുവാന്‍ അനുമതി ലഭിക്കപ്പെട്ടതോ ആയിരിക്കണം.

മോഷ്ടിച്ചവ, തട്ടിയെടുത്തവ, അന്യായമായി കൈവശപ്പെടുത്തിയവ, ഒരാളുടെ ധനത്തില്‍ നിന്നും അയാളുടെ അനുവാദമില്ലാതെ അറുക്കപ്പെടുന്നവ എന്നിങ്ങനെയുള്ളവയൊന്നും ഉളുഹിയ്യത്തില്‍ സ്വീകാര്യമല്ല. കാരണം അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ടല്ല അവന്‍റെ സാമീപ്യം കണ്ടെത്തേണ്ടത്. അവ ഉളുഹിയത്തില്‍ മാത്രമല്ല അല്ലാത്ത സന്ദര്‍ഭങ്ങളിലും നിഷിദ്ധമാണ്.

അഞ്ച്:
ആ മൃഗവുമായി ബന്ധപ്പെട്ട് മറ്റു അവകാശങ്ങള്‍ നിലനില്‍ക്കരുത്. ഉദാ: കടത്തിന് ഈടായി (പണയം) നല്‍കിയ മൃഗത്തെ ബലി അറുക്കാന്‍ പാടില്ല. കാരണം കടം തിരികെ ലഭിക്കാത്ത സാഹചര്യത്തില്‍ അത് ഈടാക്കാനുള്ള ഉപാതിയായി നിശ്ചയിക്കപ്പെട്ടതാണത്.

ആറ്:
ശറഇയ്യായി നിര്‍ണിതമായ സമയത്ത് തന്നെ അത് അറുക്കപ്പെടണം എങ്കിലേ അത് ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയുള്ളൂ.  പെരുന്നാള്‍ നമസ്കാര ശേഷം മുതല്‍ അയ്യാമുത്തശ്'രീക്കിന്‍റെ  ദിനങ്ങള്‍ അവസാനിക്കുന്നത് വരെയാണ് അതിന്‍റെ സമയ പരിധി. പെരുന്നാള്‍ ദിവസത്തിന് ശേഷമുള്ള മൂന്ന്‍ ദിവസങ്ങള്‍ക്കാണ് അയ്യാമുത്തശ്'രീക്ക് എന്ന് പറയുന്നത്.  ഹദീസില്‍ ഇപ്രകാരം കാണാം: 


إِنَّ أَوَّلَ مَا نَبْدَأُ فِي يَوْمِنَا هَذَا أَنْ نُصَلِّيَ ثُمَّ نَرْجِعَ فَنَنْحَرَ فَمَنْ فَعَلَ ذَلِكَ فَقَدْ أَصَابَ سُنَّتَنَا وَمَنْ نَحَرَ قَبْلَ الصَّلَاةِ فَإِنَّمَا هُوَ لَحْمٌ قَدَّمَهُ لِأَهْلِهِ لَيْسَ مِنْ النُّسْكِ فِي شَيْءٍ

"നമ്മുടെ ഈ ദിവസത്തില്‍ (പെരുന്നാള്‍ ദിവസം) നാം ആദ്യമായി തുടങ്ങുന്നത് പെരുന്നാള്‍ നമസ്കാരം കൊണ്ടാണ്. അത് നിര്‍വഹിച്ച് മടങ്ങിയ  ശേഷം ബലികര്‍മ്മം നിര്‍വഹിക്കുകയും ചെയ്യും. ആരെങ്കിലും ഇതുപോലെ ചെയ്‌താല്‍ അവന്‍ നമുടെ ചര്യ പിന്തുടര്‍ന്നിരിക്കുന്നു. എന്നാല്‍ ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി അറുത്താല്‍ അത് തന്‍റെ കുടുംബത്തിന് ഇറച്ചിക്ക് വേണ്ടിയുള്ള ഒരു കാര്യം മാത്രമാണ്. അതൊരിക്കലും ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല." - [സ്വഹീഹുല്‍ ബുഖാരി: 965 , സ്വഹീഹ് മുസ്‌ലിം: 5185]. 

സാന്ദര്‍ഭികമായി ഉണര്‍ത്തേണ്ട കാര്യങ്ങള്‍:


1- ആണ്‍, പെണ്‍ മൃഗങ്ങളെ ബലി കഴിക്കാം. ആണ്‍ മൃഗങ്ങളാണ് കൂടുതല്‍ ശ്രേഷ്ഠം എന്ന് ചില പണ്ഡിതന്മാര്‍ പറയാന്‍ കാരണം നബി (സ) ആണാടിനെ അറുത്തതായി വന്ന റിപ്പോര്‍ട്ടുകള്‍ അവലംബമാക്കിയാണ്. രണ്ടും അനുവദനീയമാണ് എന്നതില്‍ തര്‍ക്കമില്ല.

2- സ്ത്രീക്കും പുരുഷനും ഉളുഹിയത്ത് അറുക്കാം. സ്ത്രീയാകട്ടെ പുരുഷനാകട്ടെ  ശറഇയ്യായ നിലക്ക് അറുത്താല്‍ അത് ഭക്ഷിക്കാം. യാതൊരു വ്യത്യാസവും ഇല്ല.

3- ഉളുഹിയ്യത്ത് അറുക്കുന്നതില്‍ ഏറ്റവും ശ്രേഷ്ഠം ഒട്ടകമാണ്, പിന്നെ മാടുകള്‍, പിന്നെ ആട്, ശേഷം ഒട്ടകത്തിലോ, മാടിലോ ഷെയര്‍ ചേര്‍ന്ന് അറുക്കുന്നതാണ്. ഒട്ടകത്തിലോ മാടിലോ ഷെയര്‍ ചേരുന്നതിനേക്കാള്‍ ഉചിതം സ്വന്തമായി ഒരാട് അറക്കാന്‍ സാധിക്കുമെങ്കില്‍ അതാണ്‌ എന്ന് ഫുഖഹാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

4- എനിക്കും എന്‍റെ കുടുംബത്തിനും എന്ന നിലക്ക് ഒരാള്‍ അറുത്താല്‍ ഒരു വീട്ടില്‍ കഴിയുന്നവരാണ് എങ്കില്‍,  കുടുംബത്തിലെ അംഗങ്ങള്‍ക്ക് അത് മതിയാവുമെങ്കിലും, ഓരോരുത്തര്‍ക്കും സാമ്പത്തികമായി കഴിയുമെങ്കില്‍ അപ്രകാരം ചെയ്യുകയാണ് വേണ്ടത്. അതുപോലെ എനിക്കും കുടുംബത്തിനും എന്ന നിലക്ക് ഒരാള്‍ മൃഗത്തെ അറുത്താല്‍ ആ കുടുംബത്തിലെ അംഗങ്ങളെ അതില്‍ ഷെയര്‍ ചേര്‍ന്നവര്‍ എന്ന നിലക്ക് പരിഗണിക്കുന്നില്ല. പണം നല്‍കി ഭാഗമാകുന്നതാണ് ഷെയര്‍. ഒട്ടകത്തിലും, മാടുകളിലും ഇങ്ങനെ ഏഴോളം പേര്‍ക്ക് വരെ ഷെയര്‍ കൂടാം.

5- ഇന്ന് പല സ്ഥലങ്ങളിലും കാണുന്നത് പോലെ നിശ്ചിത സഖ്യ ഷെയര്‍ വാങ്ങുകയും ശേഷം മൊത്തം സംഖ്യ കൂട്ടി പല വിലകളിലുള്ള ഉരുക്കളെ വാങ്ങുകയും ചെയ്യുന്ന രീതി ശരിയല്ല. ഉദാ: എല്ലാവരില്‍ നിന്നും 5000 വീതം വാങ്ങിയാല്‍ ഒരു ഉരുവിന് ഏഴു പേര്‍ എന്ന തോതില്‍ 35000 രൂപ ആണ് വരുക. എന്നാല്‍ ചിലതിന് 30000, ചിലതിന് 40000 എന്ന രൂപത്തില്‍ ഉരു വാങ്ങിയാല്‍ ഒന്നില്‍ എട്ടു പേരും, മറ്റൊന്നില്‍ ആറു പേരും ആണ് യഥാര്‍ത്ഥത്തില്‍ ഇവിടെ പങ്കാളികളായത്. ഇത് ശറഇയ്യായി അനുവദിക്കപ്പെടുന്നില്ല.

മറിച്ച് ഓരോ ഉരുവിന്‍റെയും ഉടമസ്ഥര്‍ ആയ ഷെയറുകാര്‍ ആര് എന്ന് നിശ്ചയിക്കുകയും, അവര്‍ നല്‍കിയ സംഖ്യയെക്കാള്‍ കുറവാണ് എല്ലാ ചിലവും കഴിച്ച് ആ ഉരുവിന് വന്നത് എങ്കില്‍, മിച്ചം വന്ന സംഖ്യ തുല്യമായി അവര്‍ക്ക് വീതിച്ചു നല്‍കുകയും, ഇനി അവര്‍ നല്‍കിയ സംഖ്യയെക്കാള്‍ കൂടുതലായാല്‍ അത് അവരില്‍ നിന്ന് ഈടാക്കുകയും ചെയ്യണം. അതല്ലെങ്കില്‍ നേരത്തെ തന്നെ ആളുകള്‍ ഷെയര്‍ നല്‍കിയ ബഡ്ജറ്റിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് മാത്രമേ ഉരു വാങ്ങാവൂ. മറിച്ച് ഓരോരുത്തരുടെ ഉരു ഏത് എന്ന് വേര്‍തിരിച്ച് അറിയാന്‍ സാധിക്കാത്ത രൂപത്തിലുള്ള 14 പേര്‍ ചേര്‍ന്ന് രണ്ട് ഉരു അറുക്കുക, 21 പേര്‍ ചേര്‍ന്ന് മൂന്ന്‍ ഉരു അറുക്കുക   എന്നിങ്ങനെയുള്ള കൂട്ട അറവ് പ്രമാണങ്ങളില്‍ കാണുക സാധ്യമല്ല. മറിച്ച് ഓരോ എഴ് പേരുടെയും ഉരു ഏത് എന്നത് നിര്‍ണ്ണിതമായിരിക്കണം. 
 
6- ഒരു ഉരു ഷെയര്‍ ആണ് എങ്കില്‍ എഴ് പേര്‍ ഉണ്ടായിരിക്കണം എന്ന നിബന്ധനയില്ല. മാക്സിമം എഴ് പേരെ പാടുള്ളൂ എന്ന് മാത്രം. എത്ര കണ്ട് ഷെയറുകള്‍ കുറഞ്ഞുകൊണ്ട് നിര്‍വഹിക്കാന്‍ സാധിക്കുമോ അത്രയും നല്ലതാണ്. ഒറ്റക്ക് സാധിക്കുമെങ്കില്‍ അതാണ്‌ ഏറ്റവും ശ്രേഷ്ഠം.

7- ആടുകളില്‍ ഒന്നിലധികം പേര്‍ ഷെയര്‍ ചെയ്യാന്‍ പാടില്ല. എന്നാല്‍ എനിക്കും എന്‍റെ കുടുംബത്തിനും എന്ന നിലക്ക് ഒരാള്‍ ആടിനെ അറുക്കുന്നുവെങ്കില്‍ അത് ഷെയര്‍ ചെയ്യല്‍ അല്ല. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ അതിന്‍റെ വില ഷെയര്‍ ചെയ്യുക എന്നതാണ് ഉളുഹിയാത്തുമായി ബന്ധപ്പെട്ട ഷെയര്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം.

8- എല്ലാവരും തതുല്യമായ സംഖ്യ തന്നെ ഷെയര്‍ ചെയ്യണം എന്നില്ല. അത് പരസ്പര ധാരണപ്രകാരം ചെയ്യാവുന്നതാണ്. അതുപോലെ ഒരു ഷെയര്‍ രണ്ട് പേര്‍ ചേര്‍ന്ന് എന്ന നിലക്കും പാടില്ല. കാരണം അത് ഒരു ഉരുവില്‍ പതിനാല് പേര്‍ പങ്കാളികളാകാന്‍ ഇടവരുത്തും.

ഉളുഹിയത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ മനസ്സിലാക്കാന്‍ നേരത്തെ പ്രസിദ്ധീകരിച്ച
'ഉദുഹിയത്തിന്‍റെ നിയമങ്ങള്‍' എന്ന ലേഖനം വായിക്കുക:      http://www.fiqhussunna.com/2016/08/blog-post_23.html

അല്ലാഹു അനുഗ്രഹിക്കട്ടെ ...