ചോദ്യം: കോളേജിൽ സീറ്റ് ആക്കി കൊടുത്താൽ കമ്മീഷൻ വാങ്ങുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്?
www.fiqhussunna.com
ഉത്തരം :
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
അയാൾക്ക് ഉണ്ടാകുന്ന ചിലവുകൾക്കോ , ഫിസിക്കലി അയാൾ ചെയ്യേണ്ടി വരുന്ന വർക്കുകൾക്കോ, പേപ്പർ വർക്കുകൾക്കോ മാന്യമായ പ്രതിഫലം വാങ്ങാം. കാൻസൽട്ടന്റ് മാരും ഏജന്റ് മാരും ഒക്കെ ചെയ്യുന്നത് പോലെ കുട്ടികൾക്ക് പുറത്ത് പഠിക്കാനും മറ്റുമുള്ള അവസരങ്ങൾ കണ്ടെത്തി കൊടുക്കുക, അതിന് ആവശ്യമായ സർവീസുകൾ നൽകുക, അതിന് വേണ്ട പേപ്പർ വർക്കുകൾ ചെയ്യുക, ഇന്റർവ്യൂ നടത്തുക, കമ്പനികൾക്ക് ആവശ്യമായ ഉദ്യോഗർത്തികളെ കണ്ടെത്തി നൽകുക തുടങ്ങിയവക്ക് മാന്യമായ പ്രതിഫലം ഈടാക്കാം.
എന്നാൽ തന്റെ സ്വാധീനവും വ്യക്തിപ്രഭാവവും ഉപയോഗിച്ച് ഒരാളെ റെകമന്റ് ചെയ്യുന്നതിന് ഒരിക്കലും പണം കൈപ്പറ്റാവതല്ല. അപ്രകാരം തന്റെ സ്വാധീനവും പേരും ഉപയോഗിച്ച് മറ്റൊരാളെ റെകമെന്റ് ചെയ്യുന്നതിനോ, പഠനത്തിനോ, ജോലിക്കോ ഒക്കെ ചാൻസ് ഉണ്ടാക്കി കൊടുക്കുന്നതിനോ ശുപാർശ ചെയ്യുന്നതിനോ പണം കൈപ്പറ്റൽ പലിശയുടെ ഗുരുതരമായ ഇനങ്ങളിൽ ഒന്നായാണ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്.
عن أَبِي أُمَامَةَ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ( مَنْ شَفَعَ لأَخِيهِ بِشَفَاعَةٍ فَأَهْدَى لَهُ هَدِيَّةً عَلَيْهَا فَقَبِلَهَا فَقَدْ أَتَى بَابًا عَظِيمًا مِنْ أَبْوَابِ الرِّبَا ) رواه أبوداود ( 3541 ) ، وحسنه الألباني في " سلسلة الأحاديث الصحيحة " ( 7 / 1371 )
അബൂ ഉമാമ (റ) നിവേദനം: നബി (സ) പറഞ്ഞു : " ആരെങ്കിലും തന്റെ സഹോദരന് വേണ്ടി ഒരു ശുപാർശ പറയുക വഴി, അക്കാരണത്താൽ അവന് നല്കപ്പെട്ട ഒരു സമ്മാനം അവൻ സ്വീകരിക്കുകയും ചെയ്‌താൽ, അവൻ പലിശയിൽ പെട്ട ഏറെ ഗുരുതരമായ ഒരു കവാടത്തിൽ പ്രവേശിച്ചിരിക്കുന്നു". - [ അബൂ ദാവൂദ് : 3541, അൽബാനി : സ്വഹീഹ് ].
അഥവാ ഒരാൾക്ക് തന്റെ വ്യക്തിത്വത്താൽ ലഭിക്കുന്ന സ്ഥാനം കൊണ്ടോ, സ്വാധീനം കൊണ്ടോ മറ്റൊരാൾക്ക് വേണ്ടി ശുപാർശ പറയുന്നതിന് അയാൾ പ്രതിഫലം സ്വീകരിക്കാൻ പാടില്ല. മാത്രമല്ല അപ്രകാരം പണം വാങ്ങിയാണ് ശുപാർശ ചെയ്യുന്നത് എന്നറിഞ്ഞാൽ സത്യത്തിൽ ആ ശുപാർശ ആരും സ്വീകരിക്കാനും ഇടയില്ല. അങ്ങനെ ശുപാർശക്ക് പണമോ സമ്മാനമോ കൈപ്പറ്റൽ പലിശയിലെ തന്നെ ഗുരുതരമായ ഇനവും അങ്ങേയറ്റം നിഷിദ്ധമായ കാര്യവുമാണ്.
അതുകൊണ്ടുതന്നെ ഒരാൾക്ക് ഒരു സർവീസ് നൽകി, ആ സർവീസ് ആവശ്യമുള്ളവർ തന്നെ സമീപിച്ച്, അവർക്ക് അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളും പരിശ്രമങ്ങളും പേപ്പർ വർക്കുകളും എല്ലാം ചെയ്തുകൊടുത്ത് തന്റെ പ്രയത്നത്തിനുള്ള പ്രതിഫലം ഒരാൾ കൈപ്പറ്റുന്നതും, തന്റെ സ്വാധീനത്താലും വ്യക്തിപ്രഭാവത്താലും ഒരാളെ ശുപാർശ ചെയ്യുന്നതിന് പണവും സമ്മാനങ്ങളും കൈപ്പറ്റുന്നതും രണ്ടും രണ്ടാണ്. ഒന്ന് അനുവദനീയവും മറ്റൊന്ന് നിഷിദ്ധവും ആണ്..
والله تعالى أعلم وصلى الله وسلم على نبينا محمد.
__________________
✍🏽 Abdu Rahman Abdul Latheef