നാസിലത്തിന്റെ ഖുനൂത്ത് നിര്‍വഹിക്കേണ്ടത് എപ്രകാരമാണ് എന്നതിനെ സംബന്ധിച്ച് ലജ്നതുദ്ദാഇമ നല്‍കിയ വിശദീകരണത്തിന്‍റെ വിവര്‍ത്തനമാണ് താഴെ:
www.fiqhussunna.com
الحمد لله وحده، والصلاة والسلام على من لا نبي بعده، نبينا محمد وعلى آله وصحبه، وبعد:
നാസിലത്തിന്‍റെ ഖുനൂത്ത് എപ്രകാരമാണ് ?!. അതിന്‍റെ വിധിയെന്താണ് ?!... തുടങ്ങിയ ചോദ്യങ്ങളുടെ ആധിക്യം കാരണത്താലും, അത് പ്രവാചക ചര്യയനുസരിച്ച് എപ്രകാരമാണ് നിർവഹിക്കേണ്ടത് എന്ന് അറിയേണ്ടതുള്ളതിനാലും, ചില ആളുകൾ ആ കാര്യത്തിൽ വരുത്തുന്ന വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടതിനാലും മുസ്ലിം സമുദായത്തിന് വസ്തുതകൾ വ്യക്തമാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ലജ്നതുദ്ദാഇമ താഴെ പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തുന്നത്:
ഒന്നാമതായി: മുസ്ലിമീങ്ങൾക്ക് അപകടങ്ങള്‍ വന്നു ഭവിക്കുമ്പോൾ നമസ്കാരത്തിൽ നിർവഹിക്കുവാൻ ശറഅ് നിശ്ചയിച്ചു നൽകിയ ഒരു കർമമാണ്. നാസിലത്തിന്‍റെ ഖുനൂത്ത്. സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലുമായി ഉദ്ദരിക്കപ്പെട്ടിട്ടുള്ള ധാരാളം ഹദീസുകളിലൂടെ റസൂല്‍ (സ) യില്‍ നിന്നും വളരെ സ്പഷ്ടമായ സ്ഥിരപ്പെട്ടു വന്നിട്ടുള്ള ഒരു സുന്നത്താണത്.
عن أنس بن مالك رضي الله عنه قال : بعث النبي صلى الله عليه وسلم سبعين رجلاً لحاجة، يقال لهم القراء، فعرض لهم حيان من سليم: رعل وذكوان عند بئر يقال لها: بئر معونة ، فقال القوم: والله ما إياكم أردنا وإنما نحن مجتازون في حاجة النبي صلى الله عليه وسلم فقتلوهم، فدعا النبي صلى الله عليه وسلم شهرًا في صلاة الغداة - صحيح البخاري الْمَغَازِي (4088) ، صحيح مسلم المساجد ومواضع الصلاة (677)، سنن النسائي التطبيق (1077) ، سنن أبي داود الصلاة (1444) ، سنن ابن ماجه إقامة الصلاة والسنة فيها (1184) ، مسند أحمد (3/289).
അനസ് ബിന് മാലിക് (റ) നിവേദനം: " قراء അഥവാ പാരായണക്കാർ എന്ന് വിളിക്കപ്പെടാറുണ്ടായിരുന്ന എഴുപത് പേരെ പ്രവാചകൻ(ﷺ) ഒരു ദൗത്യത്തിനു വേണ്ടി നിയോഗിച്ചു. അവർ ബിഅ'ർ മഊന എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് എത്തിയപ്പോൾ ബനൂ സുലൈം ഗോത്രത്തിൽ പെട്ട ദക്'വാൻ, രിഅ'ൽ എന്നീ വിഭാഗക്കാർ അവരുടെ വഴി തടഞ്ഞു. അപ്പോൾ അവർ അവരോട് പറഞ്ഞു: " നിങ്ങളുമായി ഏറ്റുമുട്ടാനല്ല ഞങ്ങൾ വന്നത്. മറിച്ച് പ്രവാചകൻ(ﷺ) പറഞ്ഞയച്ച ദൗത്യം നിർവഹിക്കാനാണ് ഞങ്ങൾ വന്നിട്ടുള്ളത്". പക്ഷെ (ആ ഗോത്രക്കാർ) ആ സ്വഹാബത്തിനെ വധിക്കുകയുണ്ടായി. അക്കാരണത്താൽ (അവർക്കെതിരെ) ഒരു മാസക്കാലത്തോളം പ്രവാചകൻ(സ) സുബഹി നമസ്കാരത്തിൽ (ശാപ) പ്രാർത്ഥന നടത്തുകയുണ്ടായി". - [ബുഖാരി 4088 - മുസ്‌ലിം 677].
عن أبي هريرة وأنس رضي الله عنهما: "أن النبي صلى الله عليه وسلم قنت بعد الركعة الأخيرة في صلاة شهرًا: اللهم أنج الوليد بن الوليد ، اللهم أنج سلمة بن هشام ، اللهم أنج عياش بن أبي ربيعة ، اللهم أنج المستضعفين من المؤمنين، اللهم اشدد وطأتك على مضر ، اللهم اجعلها عليهم سنين كسني يوسف " – (متفق عليه).
അബൂ ഹുറൈറ (റ) വിൽ നിന്നും, അനസ് ബിന് മാലിക് (റ) വിൽ നിന്നും നിവേദനം: "പ്രവാചകൻ(ﷺ) നമസ്കാരത്തിലെ അവസാന റക്അത്തിലെ (റുകൂഇന്) ശേഷം ഒരു മാസക്കാലത്തോളം (നാസിലത്തിന്റെ) ഖുനൂത്ത് നിർവഹിക്കുകയുണ്ടായി. " അല്ലാഹുവേ..! വലീദ് ബ്നുല്‍ വലീദിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സലമത് ബ്നു ഹിശാമിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ അയ്യാഷ് ബ്നു അബീ റബീഅയെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സത്യവിശ്വാസികളില്‍ നിന്നും ദുര്‍ബലരായിട്ടുള്ളവരെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ മുളര്‍ ഗോത്രത്തിനെ നീ കഠിനമായ രൂപത്തില്‍ പിടികൂടണേ... അല്ലാഹുവേ അവരുടെ മേല്‍ (നിന്‍റെ ശിക്ഷ) യുസുഫ് അലൈഹിസ്സലാമിന്‍റെ സമുദായത്തിനുണ്ടായ (വരള്‍ച്ചയുടെ) വര്‍ഷങ്ങളെപ്പോലെയുള്ള വര്‍ഷങ്ങളാക്കിത്തീര്‍ക്കേണമേ". - [ബുഖാരി 804, മുസ്‌ലിം 675].
ഇപ്രകാരമുള്ള പ്രസിദ്ധമായ ധാരാളം ഹദീസുകൾ ഈ വിഷയത്തിൽ കാണാവുന്നതാണ്.
രണ്ടാമതായി: മുസ്‌ലിം സമൂഹത്തെ പൊതുവിൽ ബാധിക്കുന്ന പ്രതിസന്ധികളാണ് നമസ്കാരത്തിൽ ഖുനൂത്ത് ചൊല്ലാൻ പടിപ്പിക്കപ്പെട്ടിട്ടുള്ള പ്രതിസന്ധിഘട്ടങ്ങൾ. ഉദാഹരണത്തിന് മുസ്ലിമീങ്ങൾ ശത്രുക്കളാൽ അക്രമിക്കപ്പെടുമ്പോൾ, (അന്യായമായി) അവരെ തടവിലിടുമ്പോൾ, പട്ടിണിയും വരൾച്ചയും ഉണ്ടായാൽ, പകർച്ചവ്യാധികൾ പിടിപെട്ടാൽ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ നാസിലത്തിന്റെ ഖുനൂത്ത് ചൊല്ലാവുന്നതാണ്.
മൂന്നാമതായി: ശബ്ദം ഉയർത്തിയോതുന്നവ ആയാലും (ഇഷാ, മഗ്'രിബ്, സുബഹി) , ശബ്ദം താഴ്ത്തിയോത്തുന്നവ ആയാലും (ദുഹർ, അസർ) എല്ലാ ഫർദ് നമസ്കാരങ്ങളുടെയും അവസാന റക്അത്തിലെ റുകൂഇന് ശേഷമാണ് നാസിലത്തിന്റെ ഖുനൂത്ത് നിർവഹിക്കേണ്ടത്. അതിൽ തന്നെ സുബഹി നമസ്കാരമാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്.
عن ابن عباس رضي الله عنهما قال " : قنت رسول الله صلى الله عليه وسلم شهرًا متتابعًا في الظهر والعصر والمغرب والعشاء وصلاة الصبح في دبر كل صلاة إذا قال سمع الله لمن حمده من الركعة الآخرة يدعو على أحياء من بني سليم على رعل و ذكوان وعصية ويؤمن من خلفه " – ( أخرجه الإمام أحمد وأبو داود)
ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: "ഒരു മാസക്കാലത്തോളം തുടർച്ചയായി ളുഹർ, അസർ, മഗരിബ്, ഇഷാ, സുബഹി എന്നീ നമസ്കാരങ്ങളുടെ അവസാനത്തിൽ, അവസാന റക്അത്തിൽ 'സമിഅല്ലാഹു ലിമൻ ഹമിദ' എന്ന് പറഞ്ഞതിന് ശേഷം പ്രവാചകൻ(ﷺ) ഖുനൂത്ത് നിർവഹിക്കുകയുണ്ടായി. അതിൽ ബനൂ സുലൈം പ്രദേശക്കാരായ രിഅ'ൽ, ദക്'വാൻ, ഉസ്വയ്യ തുടങ്ങിയവർക്കെതിരെ (ശാപ) പ്രാർത്ഥന നിർവഹിക്കുകയും അദ്ദേഹത്തിന് പിന്നിൽ നിന്നവർ ആമീൻ പറയുകയും ചെയ്തു." - [അബൂ ദാവൂദ് 1443, അഹ്മദ് 1/302].
നാലാമതായി: നാസിലത്തിന്റെ ഖുനൂത്തിൽ ചൊല്ലാൻ പ്രത്യേകമായ പ്രാർഥനകൾ ഇല്ല. എന്നാൽ ഓരോ പ്രതിസന്ധിഘട്ടത്തിലും മുസ്ലിമീങ്ങൾ അവരനുഭവിക്കുന്ന പ്രയാസങ്ങൾക്കനുചിതമായ പ്രാർഥനയാണ് പ്രാർഥിക്കേണ്ടത്. എന്നാൽ വിത്റിന്റെ ഖുനൂത്തുമായി ബന്ധപ്പെട്ട് വന്ന 'അല്ലാഹുമ്മഹ്ദിനാ ഫീമൻ ഹദൈത് ...' എന്ന പ്രാർത്ഥനയാണ് നാസിലത്തിന്റെ ഖുനൂത്തിലും പ്രാർഥിക്കുന്നത് എങ്കിൽ അത് പ്രവാചകചര്യക്ക് എതിരാണ് എന്നു മാത്രമല്ല നാസിലതിന്റെ ഖുനൂത്ത് കൊണ്ടുള്ള ലക്ഷ്യം ആ പ്രാർത്ഥന കൊണ്ട് പൂർത്തീകരിക്കപ്പെടുന്നുമില്ല. കാരണം പ്രവാചകൻ (സ) ആ പ്രാർത്ഥന നാസിലത്തിന്റെ ഖുനൂത്തിൽ പ്രാർഥിക്കാറുണ്ടായിരുന്നില്ല. മറിച്ച് വിത്റിൽ ആ പ്രാർത്ഥന ചോല്ലാനാണ് പ്രവാചകൻ(ﷺ) ആളുകളെ പഠിപ്പിച്ചിട്ടുള്ളത്.
അഞ്ചാമതായി: പ്രതിസന്ധി ഉണ്ടായത് മുതൽ അത് നീങ്ങുന്നത് വരെ നാസിലത്തിന്റെ ഖുനൂത്ത് നിർവഹിക്കാം.
ആറാമതായി: പള്ളികളിലെ ഇമാമുമാർ - وفقهم الله - എല്ലാ കാര്യങ്ങളിലും പ്രവാചകചര്യകൾ മനസ്സിലാക്കുവാൻ പ്രയത്നിക്കുകയും, അത് പ്രാവർത്തികമാക്കുവാൻ പരിശ്രമിക്കുകയും ചെയ്യണം. കാരണം പൊതുജനങ്ങൾ അവരെയാണ് മാതൃകയാക്കുക. അവരിൽ നിന്നാണ് കാര്യങ്ങൾ മനസ്സിലാക്കുക. അതിനാൽ തന്നെ അതിരു കവിഞ്ഞുകൊണ്ടോ, വീഴ്ച വരുത്തിക്കൊണ്ടോ പ്രവാചക ചര്യക്കെതിരായ കാര്യങ്ങൾ ചെയ്യുന്നതിനെ വളരെ വളരേ സൂക്ഷിക്കണം.
അതിൽപെട്ടതാണ് വിത്റിന്‍റെയും, നാസിലത്തിന്‍റെയും ഖുനൂത്തിലെ പ്രാർത്ഥന. പദങ്ങൾ ചുരുക്കി കാര്യങ്ങൾ ഉൾക്കൊള്ളുന്ന രൂപത്തിലും, പ്രവാചകനിൽ നിന്നും സ്ഥിരപ്പെട്ട് വന്ന പ്രാർത്ഥനകളുൾക്കൊള്ളിച്ചും ഭയഭക്തിയോടെയും, ശാന്തതയോടെയും ആണ് അത് നിർവഹിക്കേണ്ടത്. വളരെയധികം ദീർഘിപ്പിച്ചും, അനാവശ്യമായി ഒരുപാട് പദങ്ങൾ അധികരിപ്പിച്ചും, സത്യവിശ്വാസികളെ ബുദ്ധിമുട്ടിക്കുന്ന രൂപത്തിലും ആയിരിക്കരുത്. മുസ്ലിമീങ്ങളെ പൊതുവായി ബാധിക്കുന്ന കാര്യങ്ങൾക്കല്ലാതെ (വ്യക്തിപരമായ കാര്യങ്ങൾക്ക്) ഇമാം നാസിലതിന്റെ ഖുനൂത്ത് നിർവഹിക്കരുത്.
والحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وصحبه أجمعي.
ലജ്നതുദ്ദാഇമ: (ഫത്'വ നൽകിയവർ): [ പ്രസിടണ്ട്:അബ്ദുൽ അസീസ് ആലു ശൈഖ്. മെമ്പർ:അബ്ദുല്ലാഹ് ഗുദയ്യാൻ. മെമ്പർ: സ്വാലിഹ് അൽ ഫൗസാൻ. മെമ്പർ: ബകർ അബൂ സൈദ്. ]
(ഈ ഫത്'വയുടെ അറബി ആവശ്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക)
----------------------------------------------------------------
നാസിലത്തിന്റെ ഖുനൂത്തിൽ പ്രത്യേകമായ പ്രാർത്ഥന പഠിപ്പിക്കപ്പെട്ടിട്ടില്ലയെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയല്ലോ. എന്നാൽ പ്രവാചകൻ(ﷺ) മുസ്‌ലിം സമൂഹം ആക്രമിക്കപ്പെടുമ്പോൾ രിഅ'ൽ, ദക്'വാൻ, ഉസ്വയ്യ തുടങ്ങിയ ഗോത്രങ്ങൾക്കെതിരെ പ്രാർഥിച്ച പ്രാർത്ഥന തന്നെ പ്രാർഥിക്കാവുന്നതാണ്. കാരണം അതിന്റെ പശ്ചാത്തലം ഒന്നാണല്ലോ. അതിൽ ശത്രുക്കളുടെ പേരും, ആക്രമിക്കപ്പെടുന്ന വിശ്വാസികളുടെ പേരും മാത്രം വ്യത്യാസപ്പെടുത്തിയാൽ മതി.
അബൂ ഹുറൈറ ഉദ്ദരിച്ച റിപ്പോർട്ടിൽ പ്രവാചകൻ(ﷺ)പ്രാർഥിച്ച പ്രാർത്ഥന കാണാം:
عَنْ أَبِي هُرَيْرَةَ رضي الله عنه : " أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ فِي الرَّكْعَةِ الْآخِرَةِ مِنْ صَلَاةِ الْعِشَاءِ قَنَتَ اللَّهُمَّ أَنْجِ عَيَّاشَ بْنَ أَبِي رَبِيعَةَ اللَّهُمَّ أَنْجِ الْوَلِيدَ بْنَ الْوَلِيدِ اللَّهُمَّ أَنْجِ سَلَمَةَ بْنَ هِشَامٍ اللَّهُمَّ أَنْجِ الْمُسْتَضْعَفِينَ مِنَ الْمُؤْمِنِينَ اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى مُضَرَ اللَّهُمَّ اجْعَلْهَا عَلَيْهِمْ سِنِينَ كَسِنِي يُوسُفَ - "أخرجه البخاري.
അബൂ ഹുറൈറ നിവേദനം: "പ്രവാചകന്‍(ﷺ) ഇഷാ നമസ്കാരത്തിലെ അവസാന റക് അത്തില്‍ 'സമിഅല്ലാഹു ലിമന്‍ ഹമിദ' എന്ന് പറഞ്ഞത്തിനു ശേഷം ഇപ്രകാരം ഖുനൂത്ത് ചൊല്ലാറുണ്ടായിരുന്നു. അല്ലാഹുവേ അയ്യാഷ് ബ്നു അബീ റബീഅയെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ വലീദ് ബ്നുല്‍ വലീദിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സലമത് ബ്നു ഹിശാമിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സത്യവിശ്വാസികളില്‍ നിന്നും ദുര്‍ബലരായിട്ടുള്ളവരെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ മുളര്‍ ഗോത്രത്തിനെ നീ കഠിനമായ രൂപത്തില്‍ പിടികൂടണേ... അല്ലാഹുവേ അവരുടെ മേല്‍ (നിന്‍റെ ശിക്ഷ) യുസുഫ് അലൈഹിസ്സലാമിന്‍റെ സമുദായത്തിനുണ്ടായ (വരള്‍ച്ചയുടെ) വര്‍ഷങ്ങളെപ്പോലെയുള്ള വര്‍ഷങ്ങളാക്കിത്തീര്‍ക്കേണമേ". - [ബുഖാരി].
ഇവിടെ സംരക്ഷണവും സഹായവും ആവശ്യപ്പെടുന്നിടത്ത് ഹദീസിൽ പരാമർശിക്കപ്പെട്ട സ്വഹാബിമാർക്ക് പകരം അക്രമിക്കപ്പെടുന്ന വിശ്വാസികളുടെയോ, അവരുടെ പ്രദേശത്തിന്റെയോ നാമം ചേർത്താൽ മതി. ശാപത്തിന് വേണ്ടി പറയുന്നിടത്ത് അക്രമികളുടെയും പേര് ചേർക്കാം. അതുവഴി പ്രവാചക ചര്യക്കനുസൃതമായി അമിതമായി ദീർഘിപ്പിക്കാതെയും, അമിതമായ പദങ്ങൾ ഉൾക്കൊള്ളിക്കാതെയും പ്രവാചകൻ(ﷺ) നിർവഹിച്ച രൂപത്തിൽ തന്നെ നമുക്ക് നിർവഹിക്കാൻ സാധിക്കുകയും ചെയ്യുന്നു.
അല്ലാഹു അനുഗ്രഹിക്കട്ടെ....
اللهم صلي على نبينا محمد وعلى اله وصحبه وسلم.