Monday, March 30, 2020

ശഅബാൻ മാസത്തിൻ്റെ ശ്രേഷ്ഠത - ഒരു ലഘുപഠനം.




الحمد لله والصلاة و السلام على رسول الله وعلى آله وصحبه ومن ولالاه وبعد؛

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഏതൊരു വിഷയത്തെ സംബന്ധിച്ചും പ്രാമാണികമായി അതില്‍ സ്ഥിരപ്പെട്ടുവന്ന കാര്യങ്ങളെക്കുറിച്ചും പ്രമാണത്തിന്‍റെ പിന്‍ബലമില്ലാത്ത കാര്യങ്ങളെക്കുറിച്ചും അറിയുക എന്നത് ഏറെ അനിവാര്യമാണ്. ശഅബാന്‍ മാസവുമായി ബന്ധപ്പെട്ട് നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന കാര്യങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് വന്ന പ്രമാണത്തിന്‍റെ പിന്‍ബലമില്ലാത്ത കാര്യങ്ങളെക്കുറിച്ചുമാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്. പരമാവധി ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്ലാം ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചതുകൊണ്ട് ഒരല്പം ദൈര്‍ഘ്യം ഉണ്ടെങ്കില്‍ക്കൂടി വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് പൂര്‍ണമായി വായിക്കണം എന്ന് ആമുഖമായി അപേക്ഷിക്കുന്നു.

www.fiqhussunna.com 

ഒന്നാമതായി:  ശഅബാന്‍ മാസം കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടുന്ന മാസമാണ്. അതുകൊണ്ടുതന്നെ റമളാന്‍ കഴിഞ്ഞാല്‍ റസൂല്‍ (സ) ഏറ്റവും കൂടുതല്‍ നോമ്പ് പിടിച്ചിരുന്നത് ശഅബാന്‍ മാസത്തിലാണ്. ഇത് സ്വഹീഹായ ഹദീസുകളില്‍ നമുക്ക് കാണാം:

عن أسامة بن زيد قال:  قلت يا رسول الله،  لم أرك تصوم شهرا من الشهور ما تصوم من شعبان،  قال:  ذلك شهر يغفل الناس عنه بين رجب ورمضان ،  وهو شهر ترفع فيه الأعمال إلى رب العالمين ، فأحب أن يرفع عملي وأنا صائم.

ഉസാമ ബ്ന്‍ സൈദ്‌ പറഞ്ഞു: ഞാന്‍ റസൂല്‍ (സ) യോട് ചോദിച്ചു:  അല്ലാഹുവിന്‍റെ റസൂലേ, (റമളാന്‍ കഴിഞ്ഞാല്‍പ്പിന്നെ) ശഅബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും അത്രയും വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ !. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "റജബിനും റമളാനിനും ഇടയില്‍ ആളുകള്‍ (പരിഗണിക്കാതെ) അശ്രദ്ധരായി വിടുന്ന ഒരു മാസമാണത്. അതാകട്ടെ അല്ലാഹുവിന്‍റെ പക്കലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഒരു മാസമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്‍റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു." - [നസാഇ: 2357, അല്‍ബാനി: ഹദീസ് ഹസന്‍]. 

അതുപോലെ മറ്റൊരു ഹദീസിൽ നമുക്ക് കാണാം: 

عن عائشة أم المؤمنين رضي الله عنها أنها قالت : " كان رسول الله صلى الله عليه وسلم يصوم حتى نقول : لا يفطر ، ويفطر حتى نقول : لا يصوم ، وما رأيت رسول الله صلى الله عليه وسلم استكمل صيام شهر قط إلا رمضان وما رأيته في شهر أكثر منه صياما في شعبان "

ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ) യില്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: "റസൂല്‍ (സ) ചിലപ്പോള്‍ തുടര്‍ച്ചയായി നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങള്‍ പറയുമായിരുന്നു. അതുപോലെ അദ്ദേഹം നോമ്പ് നോല്‍ക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം നോമ്പ് എടുക്കില്ല എന്ന് ഞങ്ങള്‍ പറയുമാറ് അത് തുടരുമായിരുന്നു. റമളാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്‍റെ റസൂല്‍ പരിപൂര്‍ണമായി നോമ്പെടുത്തത് ഞാന്‍ കണ്ടിട്ടേയില്ല. അതുപോലെ (അതു കഴിഞ്ഞാല്‍ പിന്നെ) ശഅബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല." - [മുത്തഫഖുന്‍ അലൈഹി].

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) പറയുന്നു:

"وفي الحديث دليل على فضل الصوم في شعبان"

 "ശഅബാന്‍ മാസത്തില്‍ വ്രതമെടുക്കുന്നത് പ്രത്യേകം ശ്രേഷ്ഠകാരമാണ് എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം". - [ഫത്ഹുല്‍ ബാരി: വോ: 4 പേജ്: 253].

ഇമാം സ്വന്‍ആനി (റഹിമഹുല്ല) പറയുന്നു: 

"وفيه دليل على أنه يخصُّ شعبان بالصوم أكثر من غيره"

" (റമളാന്‍ കഴിഞ്ഞാല്‍) ശഅബാന്‍ മാസത്തില്‍ പ്രത്യേകമായി മറ്റു മാസങ്ങളെക്കാള്‍ കൂടുതല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം" - [സുബുലുസ്സലാം: വോ: 2 പേജ്: 342]. 

അഥവാ ശഅബാന്‍ മാസത്തില്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ റസൂല്‍ (സ) നോമ്പ് ഒഴിവാക്കാറുണ്ടായിരുന്നുള്ളൂ എന്ന് നമുക്ക് ഹദീസുകളില്‍ കാണാം. ഉമ്മുല്‍ മുഅമിനീന്‍ ആഇശ (റ) യില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ദരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: 

ولم أره صائما من شهر قط ، أكثر من صيامه من شعبان كان يصوم شعبان كله ، كان يصوم شعبان إلا قليلا

 "അദ്ദേഹം ശഅബാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതിനേക്കാള്‍ മറ്റൊരു മാസത്തിലും നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ശഅബാന്‍ (ഏറെക്കുറെ) മുഴുവനും അദ്ദേഹം നോല്‍ക്കാറുണ്ടായിരുന്നു. വളരെ കുറഞ്ഞ ദിവസങ്ങളൊഴികെ ശഅബാന്‍ അദ്ദേഹം നോമ്പെടുത്തിരുന്നു." - [സ്വഹീഹ് മുസ്‌ലിം: 2029].

ശഅബാൻ മാസത്തിൽ ധാരാളമായി സുന്നത്ത് നോമ്പുകൾ അധികാരിപ്പിക്കാനുള്ള ഹിക്‌മത്തിനെ സംബന്ധിച്ച് ഇമാം ഇബ്‌നു റജബ് അൽ ഹമ്പലീ (റ) പറയുന്നു:  

وقال الإمام ابن رجب الحنبلى رحمه الله:
"قيل في صوم شعبان أن صيامه كالتمرين على صيام رمضان لئلا يدخل في صوم رمضان على مشقة وكلفة، بل يكون قد تمرن على الصيام واعتاده ووجد بصيام شعبان قبله حلاوة الصيام ولذته فيدخل في صيام رمضان بقوة ونشاط، ولما كان شعبان كالمقدمة لرمضان شرع فيه ما يشرع في رمضان من الصيام وقراءة القرآن ليحصل التأهب لتلقي رمضان وترتاض النفوس بذلك على طاعة الرحمن".

"ശഅബാനിലെ നോമ്പ് റമദാൻ മാസത്തിലേക്കുള്ള ഒരു തയ്യാറെടുപ്പാണ് എന്ന് പറയപ്പെട്ടിട്ടുണ്ട്. അഥവാ പെട്ടെന്ന് റമദാനിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസവും ബുദ്ധിമുട്ടും ഒഴിവാക്കാൻ വേണ്ടി. മറിച്ച് ശഅബാനിൽ നോമ്പെടുത്ത ഒരാൾ നോമ്പ് അപ്പോഴേക്കും ശീലിച്ചിട്ടുണ്ടാകും. നോമ്പിൻ്റെ മാധുര്യവും ആനന്ദവും അയാൾ ശഅബാനിൽ തന്നെ അനുഭവിച്ച് തുടങ്ങിയിട്ടും ഉണ്ടാകും. അതുകൊണ്ടുതന്നെ വളരെ ഉത്സാഹത്തോടെയും ശാരീരികമായ ഒരുക്കത്തോടെയും അയാൾക്ക് റമദാനിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നു. ശഅബാൻ റമദാനിന് മുന്നോടിയായ ഒരു മാസമായത് കൊണ്ടുതന്നെ റമദാനിൽ ശറആക്കപ്പെട്ട നോമ്പും, പാരായണവും ഒക്കെ റമദാനിനുള്ള മുന്നൊരുക്കം എന്നോണം  ശഅബാനിലും ശറആക്കപ്പെട്ടു. റമദാനിനെ അതിൻ്റെ പ്രാധാന്യത്തോടെയും പരമകാരുണ്യകന് ഇബാദത്തെടുക്കാനുള്ള മാനസികമായ മുന്നൊരുക്കത്തോടെയും വരവേൽക്കാൻ വേണ്ടി". -[لطائف المعارف : ص ـ 196].


രണ്ടാമതായി:  ഇവിടെ നാം മനസ്സിലാക്കേണ്ട മറ്റൊരു വിഷയം ശഅബാന്‍ പൂര്‍ണമായി നോമ്പ് നോല്‍ക്കാമോ എന്നതാണ്. ശഅബാന്‍ പൂര്‍ണമായി നബി (സ) നോമ്പെടുത്തു എന്ന് ചില റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെട്ടതു കൊണ്ടാണ് ഇങ്ങനെ ഒരു ചര്‍ച്ച ഉണ്ടായത്. 

عَنْ أُمِّ سَلَمَةَ رضي الله عنها قَالَتْ : مَا رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَامَ شَهْرَيْنِ مُتَتَابِعَيْنِ إِلا أَنَّهُ كَانَ يَصِلُ شَعْبَانَ بِرَمَضَانَ .

ഉമ്മു സലമ (റ) നിവേദനം: അവര്‍ പറഞ്ഞു: " റസൂല്‍ (സ) റമളാനും ശഅബാനും പരസ്പരം ചേര്‍ത്ത് നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്നതൊഴിച്ചാല്‍, രണ്ട് മാസങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല." - [അഹ്മദ്: 26022, അബൂദാവൂദ്: 2336, നസാഇ: 2175].

അതില്‍ത്തന്നെ അബൂ ദാവൂദ് ഉദ്ദരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഒന്നുകൂടി വ്യക്തമായി അത് പ്രതിപാദിക്കുന്നുണ്ട്:

أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ يَصُومُ مِنْ السَّنَةِ شَهْرًا تَامًّا إِلا شَعْبَانَ يَصِلُهُ بِرَمَضَانَ

"റസൂല്‍ (സ) ഒരു വര്‍ഷത്തില്‍ ഒരു മാസവും പൂര്‍ണമായി  നോല്‍ക്കാറുണ്ടായിരുന്നില്ല. ശഅബാനല്ലാതെ. അതിനെ റമളാനുമായി ചേര്‍ത്ത് നോല്‍ക്കുമായിരുന്നു." - [അബൂ ദാവൂദ്: 2048, അല്‍ബാനി: സ്വഹീഹ്]. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ ശഅബാനില്‍ മുഴുവന്‍ നോമ്പ് എടുക്കാം എന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല ഈ അഭിപ്രായക്കാരനാണ്. മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് അദ്ദേഹം ചിലപ്പോള്‍ അത് ഭാഗികമായും ചിലപ്പോള്‍ അത് പൂര്‍ണമായും നോമ്പെടുത്തിരുന്നിരിക്കാം എന്നതാണ്.

എന്നാല്‍ ആഇശ (റ) യുടെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടതുപോലെ "ശഅബാന്‍ പൂര്‍ണമായി നോറ്റിരുന്നു. കുറച്ച് ദിവസമൊഴികെ" എന്നതു തന്നെയായിരിക്കാം ഒരുപക്ഷെ ഉമ്മു സലമ (റ) യുടെ ഹദീസിലും ശഅബാന്‍ മുഴുവനും നോറ്റിരുന്നു എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. ഇത് ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) യും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 
അഥവാ റമളാന്‍ കഴിഞ്ഞാല്‍   മറ്റേത് മാസങ്ങളെക്കാളും കൂടുതല്‍  ശഅബാനില്‍ നോറ്റിരുന്നു എന്ന അര്‍ത്ഥത്തില്‍ ശഅബാന്‍ ഏറെക്കുറെ മുഴുവനും നോറ്റിരുന്നു എന്നായിരിക്കാം അതിന്‍റെ വിവക്ഷ. ഭാഷാപരമായി അപ്രകാരം പ്രയോഗിക്കുക എന്നത് അന്യമല്ലതാനും. ഇതാണ് മൂന്നാമത്തെ അഭിപ്രായം. ഇതാണ് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം റസൂല്‍ (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന മറ്റു ഹദീസുകള്‍ കൂടി കൂട്ടി വായിക്കുമ്പോള്‍ ഈ ആശയം ഒന്നുകൂടി ബലപ്പെടുന്നു: 

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا صَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَهْرًا كَامِلا قَطُّ غَيْرَ رَمَضَانَ
.
  ഇബ്നു അബ്ബാസ് (റ) പറഞ്ഞു: "നബി (സ) റമളാന്‍ ഒഴികെ മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല" - [متفق عليه].

അതുപോലെ ആഇശ (റ) യില്‍ നിന്നും വന്ന ഹദീസില്‍ ഇപ്രകാരം കാണാം:

وَلا صَامَ شَهْرًا كَامِلا غَيْرَ رَمَضَانَ .

"അദ്ദേഹം റമളാനല്ലാത്ത മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല." - [സ്വഹീഹ് മുസ്‌ലിം: 746]. 

അതുകൊണ്ടുതന്നെ ശഅബാന്‍ അധികദിവസവും നോമ്പ്  നോറ്റു, എന്നാല്‍ മുഴുവനായും നോറ്റിട്ടില്ല എന്ന അഭിപ്രായമാണ് ശരിയായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. 

മൂന്നാമതായി:  ശഅബാന്‍ പതിനഞ്ചിനു പ്രത്യേകത നല്‍കുന്ന ഹദീസുകള്‍ ഉണ്ടോ ?. എന്നതാണ് ഇനി നാം ചര്‍ച്ച ചെയ്യേണ്ട മറ്റൊരു ചോദ്യം.

ശഅബാന്‍ പതിനഞ്ചിന് മാത്രമായി പ്രത്യേകമായി ഇബാദത്തുകളോ നോമ്പോ നമസ്കാരമോ നിര്‍വഹിക്കുന്നതായുള്ള യാതൊരു ഹദീസും നബി (സ) യില്‍ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടില്ല. അതുപോലെ സ്വഹാബാക്കളില്‍ നിന്നും അപ്രകാരം വന്നിട്ടില്ല. അതുകൊണ്ടുതന്നെ മറ്റു ദിനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ശഅബാന്‍ പതിനഞ്ചിന് മാത്രം എന്തെങ്കിലും ഇബാദത്തുകളില്‍ ഏര്‍പ്പെടുന്നത് റസൂല്‍ (സ) യില്‍ നിന്നോ, സ്വഹാബത്തില്‍ നിന്നോ സ്ഥിരപ്പെടാത്ത കാര്യമാണ്.

ഇനി ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് അല്ലാതെ ഉദ്ദരിക്കപ്പെട്ട ഹദീസുകള്‍ തന്നെ എല്ലാം ദുര്‍ബലമോ, കെട്ടിച്ചമക്കപ്പെട്ടവയോ ആണ് എന്ന് ധാരാളം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

ഇമാം ഇബ്നുല്‍ ജൗസി (റ) തന്‍റെ (الموضوعات 'കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍') എന്ന ഗ്രന്ഥത്തിലും (Vol: 2 Page 440- 445), ഇമാം അബൂശാമ അശ്ശാഫിഇ (റ) തന്‍റെ (الباعث في إنكار البدع والحوادث 'ബിദ്അത്തുകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ' എന്ന ഗ്രന്ഥത്തിലും ), ഇമാം ഇബ്നുല്‍ ഖയ്യിം തന്‍റെ (المنار المنيف) എന്ന ഗ്രന്ഥത്തിലും ഒക്കെ ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് പ്രത്യേകമായി വന്ന ഹദീസുകള്‍ ദുര്‍ബലമാണ് എന്ന് സ്ഥാപിച്ചിട്ടുണ്ട്.

ഇമാം ഇബ്നു റജബ് അല്‍ഹംബലി (റ) പറയുന്നു:

" وفي فضل ليلة نصف شعبان أحاديث متعددة ، وقد اختُلف فيها ، فضعّفها الأكثرون ، وصحّح ابن حبان بعضها "  

"ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വിവിധ ഹദീസുകള്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. അവയുടെ സ്വീകാര്യതയില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ഭൂരിഭാഗം പണ്ഡിതന്മാരും അവ ദുര്‍ബലമാണ് എന്ന അഭിപ്രായക്കാരാണ്. ഇബ്നു ഹിബ്ബാന്‍ (റ) അവയില്‍ ചിലത് സ്വഹീഹാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്" - [ لطائف المعارف : 261 ].

ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് പ്രത്യേകമായ ആചാരങ്ങളോ ആരാധനകളോ ഇല്ല എന്നതില്‍ പണ്ഡിതന്മാര്‍ അനേകം കൃതികള്‍ തന്നെ രചിച്ചിട്ടുണ്ട്. എന്നാല്‍ അന്നത്തെ ദിവസം പാപമോചനം ലഭിക്കുന്ന ദിവസങ്ങളില്‍ ഒന്നാണ് എന്ന് പരാമര്‍ശിക്കുന്ന ഹദീസുകളില്‍ ചില റിപ്പോര്‍ട്ടുകള്‍ സ്വീകാര്യമാണോ എന്ന് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബഹുഭൂരിപക്ഷം പേരും എല്ലാം ദുര്‍ബലമാണ് എന്ന അഭിപ്രായക്കാരാണ്. ഇനി ആ ഹദീസ് സ്വീകാര്യമാണ് എന്ന് വന്നാല്‍ത്തന്നെ അന്ന് പ്രത്യേകമായി എന്തെങ്കിലും അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ അതൊട്ട്‌ പര്യാപ്തവുമല്ല.

ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വന്ന ഹദീസ് ഇപ്രകാരമാണ്:

عَنْ معاذ بن جبل رضي الله عنه عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : " يطلع الله إلى خلقه في ليلة النصف من شعبان فيغفر لجميع خلقه إلا لمشرك أو مشاحن "  

മുആദ് ബ്ന്‍ ജബല്‍ (റ) വില്‍ നിന്നും നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ അല്ലാഹു തന്‍റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്രിക്കോ, തര്‍ക്കിക്കുന്നവനോ അല്ലാത്ത സകല സൃഷ്ടികള്‍ക്കും  അവന്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും." - [ത്വബറാനി: 20/108, ഇബ്നു ഹിബ്ബാന്‍: 12/481].

ഈ ഹദീസ് ദുര്‍ബലമാണ്. കാരണം ഈ ഹദീസിന്‍റെ സനദില്‍ 'മക്ഹൂല്‍ അശാമി' എന്ന് പറയുന്ന വ്യക്തിയുണ്ട്‌. അദ്ദേഹം ഹദീസ് നിദാനശാസ്ത്രപ്രകാരം മുദല്ലിസ് ആണ്. നേരിട്ട് കേട്ടു എന്ന് പരാമര്‍ശിക്കാത്ത (عن) പ്രയോഗിച്ചു വന്ന അദ്ദേഹത്തിന്‍റെ ഹദീസുകള്‍ സ്വീകാര്യമല്ല. ഇത് ഇമാം ദഹബി അദ്ദേഹത്തിന്‍റെ (السير) എന്ന ഗ്രന്ഥത്തില്‍ (Vol:5 Page: 156) വ്യക്തമാക്കിയിട്ടും ഉണ്ട്.

എന്നാല്‍ ദുര്‍ബലമെങ്കിലും റിപ്പോര്‍ട്ടുകളുടെ ആധിക്യം കാരണത്താലാണ് ശൈഖ് അല്‍ബാനി (റ), അതുപോലെ തുഹ്ഫതുല്‍ അഹ്വവദിയില്‍ മുബാറക്ഫൂരി തുടങ്ങിയ ചില പണ്ഡിതന്മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ പരസ്പരം ബലപ്പെടുത്തുന്നതിനാല്‍ സ്വീകാര്യം എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അവയൊന്നും തന്നെ സ്ഥിരപ്പെട്ടിട്ടില്ല. പരസ്പരം ബാലപ്പെടുത്താവുന്നതിനേക്കാള്‍ ദുര്‍ബലമാണ് അവയുടെ സനദുകള്‍ എന്ന് മറ്റു പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ശൈഖ് ഇബ്നു ബാസ് (റ) ശൈഖ് ഇബ്നു ഉസൈമീന്‍ (റ) തുടങ്ങിയവരെല്ലാം ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് യാതൊരു റിപ്പോര്‍ട്ടും സ്വീകാര്യമായി വന്നിട്ടില്ല എന്ന അഭിപ്രായക്കാരാണ്. കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ ഹദീസുകളുടെ സനദുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരിശോധിക്കാവുന്നതാണ്. 

ഏതായാലും ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ ഈ ഹദീസ് സ്ഥിരപ്പെട്ടാലും ഇല്ലെങ്കിലും ശഅബാനുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന അനാചാരങ്ങള്‍ക്ക് അതൊരിക്കലും സാധൂകരണമാകുന്നില്ല. അതാണ്‌ തുടര്‍ന്ന് നാം വിശദീകരിക്കുന്നത്. 

നാലാമതായി: ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് ചിലര്‍ കടത്തിക്കൂട്ടിയ അനാചാരങ്ങള്‍ എന്തെല്ലാം ?. 

ഒന്ന്: ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായുള്ള നോമ്പ്. ബറാഅത്ത് നോമ്പ് എന്ന പേരില്‍ പൊതുവേ ആളുകള്‍ പറഞ്ഞു വരാറുള്ള നോമ്പ് ആണിത്. ശഅബാന്‍ മാസത്തില്‍ പൊതുവേ നോമ്പ് പിടിക്കലും ശഅബാന്‍ മാസത്തിന്‍റെ പൂരിഭാഗം ദിവസങ്ങളും നോമ്പെടുക്കലും നബി (സ) യുടെ സുന്നത്താണ് എന്ന് നേരത്തെ ഹദീസുകള്‍ ഉദ്ദരിച്ച് നാം വിശദീകരിച്ചല്ലോ. അതുപോലെ എല്ലാ ഹിജ്റ മാസങ്ങളിലെയും 13, 14, 15 ദിവസങ്ങള്‍ അയ്യാമുല്‍ ബീളിന്‍റെ ദിവസങ്ങള്‍ എന്ന നിലക്ക്   നോമ്പെടുക്കല്‍ സുന്നത്താണ് എന്നും നമുക്കറിയാം. അതുപോലെ ദാവൂദ് നബി (അ) യുടെ നോമ്പ് എന്ന് നബി (സ) പഠിപ്പിച്ച ഒന്നിടവിട്ട് നോമ്പെടുക്കുന്നതും സുന്നത്താണ്. ആ നിലക്കെല്ലാം ശഅബാന്‍ പതിനഞ്ചിന് ഒരാള്‍ നോമ്പെടുക്കുകയാണ് എങ്കില്‍ അത് നബി (സ) പഠിപ്പിച്ച പരിതിക്കുള്ളില്‍ വരുന്നതാണ്. എന്നാല്‍ അതല്ലാതെ ശഅബാന്‍ പതിനഞ്ചിന് മാത്രം പ്രത്യേകമായ നോമ്പുണ്ട് എന്ന് വാദിക്കുകയും, ബറാഅത്ത് നോമ്പ് എന്ന പേരില്‍ ആളുകളോട് ശഅബാന്‍ പതിനഞ്ച് നോമ്പെടുക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നത് ചിലര്‍ കടത്തിക്കൂട്ടിയ ബിദ്അത്തുകളില്‍പ്പെട്ടതാണ്.

അത് സാധൂകരിക്കാന്‍ അവര്‍ ഉദ്ദരിക്കാറുള്ള ഹദീസ് ഇപ്രകാരമാണ്:
إذا كانت ليلة النصف من شعبان فقوموا ليلها وصوموا نهارها

"ശഅബാന്‍ പാതിയായാല്‍ (അഥവാ പതിനഞ്ചായാല്‍) അതിന്‍റെ രാവ് നിങ്ങള്‍ നിന്ന് നമസ്കരിക്കുകയും, അതിന്‍റെ പകല്‍ നിങ്ങള്‍ നോമ്പെടുക്കുകയും ചെയ്യുക".  ഇബ്നു മാജയാണ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പക്ഷെ ഈ ഹദീസ് موضوع ആയ ഹദീസ്, അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ് എന്നാണ് മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല  ശഅബാന്‍ പതിനഞ്ച് പ്രത്യേകമായി നോമ്പ് നോല്‍ക്കുന്നതോ, അതിന്‍റെ രാവ് പ്രത്യേകമായി നിന്ന് നമസ്കരിക്കുന്നതോ പരാമര്‍ശിക്കുന്നതായി വന്ന എല്ലാ റിപ്പോര്‍ട്ടുകളും ഒന്നുകില്‍ കെട്ടിച്ചമക്കപ്പെട്ട മൗളൂആയ ഹദീസുകളോ അതല്ലെങ്കില്‍ ദുര്‍ബലമായ ളഈഫായ ഹദീസുകളോ ആണ് എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം ഇബ്നുല്‍ ജൗസി (റ)  തന്‍റെ കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍ പരാമര്‍ശിക്കുന്ന (كتاب الموضوعات) എന്ന ഗ്രന്ഥത്തില്‍ പേജ് 440 മുതല്‍ 445 വരെയുള്ള ഭാഗത്തും, പേജ് 1010 മുതല്‍ 1014 വരെയുള്ള ഭാഗത്തും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ബൈഹഖി തന്‍റെ (شعب الإيمان) എന്ന ഗ്രന്ഥത്തിലും (ഹദീസ് 3841) , ഇമാം അബുല്‍ഖത്താബ് ബ്ന്‍ ദഹിയ (أداء ما وجي) എന്ന ഗ്രന്ഥത്തിലും (പേജ് : 79- 80) , ഇമാം അബൂ ശാമ അശാഫിഇ (الباعث على إنكار البدع والحوادث) എന്ന ഗ്രന്ഥത്തിലും പേജ് : 124 - 137  ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായി നോമ്പ് അല്ലെങ്കില്‍ നമസ്കാരം എന്നിവ പറയുന്നതായി വന്ന ഹദീസുകള്‍ എല്ലാം കെട്ടിച്ചമക്കപ്പെട്ടതോ ദുര്‍ബലമായതോ ആയ ഹദീസുകള്‍ ആണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ച അയ്യാമുല്‍ ബീള് എന്ന നിലക്കോ, ശഅബാനിലെ ഏറിയ ഭാഗവും നോമ്പെടുക്കുക എന്നതിന്‍റെ ഭാഗമായോ നബി (സ) യുടെ സുന്നത്തനുസരിച്ച് ശഅബാന്‍ മാസത്തിലെ പതിനഞ്ച് അടക്കമുള്ള ദിനങ്ങളില്‍ നോമ്പ് സുന്നത്താണ് എന്നിരിക്കെ , നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ലാത്ത ഒരു പ്രത്യേക പ്രാധാന്യം പതിനഞ്ചിലെ നോമ്പിന് മാത്രം കല്പിച്ച് അന്ന് പ്രത്യേകമായി നോമ്പ് നോല്‍ക്കല്‍ ബിദ്അത്താണ്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. നമ്മുടെ ഉമ്മ മഹതി ആഇശ (റ) നബി (സ) യില്‍ നിന്നും ഉദ്ദരിച്ച പ്രസിദ്ധമായ ഹദീസില്‍ ഇപ്രകാരം കാണാം:

من عمل عملا ليس عليه أمرنا فهو رد

"നമ്മുടെ കല്പനയില്ലാത്ത ഒരു കാര്യം ഒരാള്‍ (മതത്തിന്‍റെ) പേരില്‍ അനുഷ്ടിച്ചാല്‍ അത് മടക്കപ്പെടുന്നതാണ്" - [متفق عليه]. അഥവാ അത് അസ്വീകാര്യമായിരിക്കും എന്നതോടൊപ്പം അതവന്‍റെ മേല്‍ ശിക്ഷയായി മടങ്ങുന്നതാണ്. 

രണ്ട്: ചില ആളുകള്‍ അനുഷ്ടിക്കുന്ന ശഅബാന്‍ പതിനഞ്ചിന്‍റെ രാവിലെ 'സ്വലാത്തുല്‍ അല്‍ഫിയ' എന്ന നമസ്കാരം യാതൊരു പ്രമാണവുമില്ലാത്ത മറ്റൊരു ബിദ്അത്താണ്. ശഅബാന്‍ പതിനഞ്ചിന് നൂറ് റകഅത്ത് നമസ്കരിക്കുകയും അതില്‍ ഓരോ റകഅത്തിലും 10 വീതം തവണ സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുകയും ചെയ്യുന്ന പ്രത്യേക നമസ്കാരമാണ് അത്. അതിനെക്കുറിച്ച് ഇമാം നവവി (റ) പറയുന്നു: 

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله 

" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും  മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548].

മൂന്ന്: ശഅബാന്‍ പതിനഞ്ചാം രാവില്‍ പ്രത്യേകം എണ്ണം സൂറത്തു യാസീന്‍ പാരായണം ചെയ്യല്‍. ഇത് പ്രമാണബദ്ധമായി സ്ഥിരപ്പെടാത്ത ഒരു കാര്യമാണ്. യാതൊരുവിധ ഹദീസും ഇതുമായി ബന്ധപ്പെട്ട് സ്ഥിരപ്പെട്ട് വന്നിട്ടില്ല. അതുപോലെ ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ ഇശാ നമസ്കാരത്തിന് പ്രത്യേകമായി സൂറത്തുല്‍ യാസീന്‍ പാരായണം ചെയ്യല്‍. അങ്ങനെ ഇന്ന നമസ്കാരത്തിന് ഇന്ന സൂറത്ത് നിങ്ങള്‍ പ്രത്യേകമായി പാരായണം ചെയ്യണം എന്ന് പഠിപ്പിക്കേണ്ടത് അല്ലാഹുവിന്‍റെ റസൂലാണ്.  റസൂല്‍ കരീം (സ) യില്‍ നിന്നും അങ്ങനെ യാതൊന്നും തന്നെ ഹദീസുകളില്‍ വന്നതായി കാണാന്‍ സാധിക്കില്ല. ചില ആളുകള്‍ ഇതോടൊപ്പം ആരൊക്കെയോ കെട്ടിയുണ്ടാക്കിയ മൗലിദ് കിതാബുകള്‍ ഏടുകള്‍ തുടങ്ങിയവയും പാരായണം ചെയ്യുന്നു. പലതിലും ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വമായി തൗഹീദിന് ഘടകവിരുദ്ധമായ വരികളും ഉള്‍ക്കൊള്ളുന്നു. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. അറിവില്ലായ്മ കൊണ്ടും തെറ്റിദ്ധാരണ കൊണ്ടും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ആളുകള്‍ക്ക് അല്ലാഹു ഹിദായത്ത് നല്‍കുമാറാകട്ടെ.  ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് അല്ലാഹുവിന്‍റെ അനുഗ്രഹവും രിസ്കും ഇറങ്ങുകയല്ല. മറിച്ച് അവന്‍റെ ശാപമാണ് ലഭിക്കുക. കാരണം അല്ലാഹുവിന്‍റെ മതത്തില്‍ അനാചാരങ്ങള്‍ കടത്തിക്കൂട്ടുക എന്നത് അത്യധികം ഗൗരവപരമായ പാതകമാണ്.

നാല്:  ശഅബാന്‍ പതിനഞ്ച് ആഘോഷിക്കല്‍ അനാചാരങ്ങളില്‍പ്പെട്ടതാണ്. നമ്മുടെ മാതൃകയായ റസൂല്‍ കരീം (സ) നമുക്ക് പഠിപ്പിച്ച് തന്നത് മൂന്ന്‍ ആഘോഷങ്ങളാണ്.  ഈദുല്‍ അള്ഹാ , ഈദുല്‍ ഫിത്വര്‍ , അതുപോലെ വെള്ളിയാഴ്ച ദിവസം ഇതല്ലാത്ത മറ്റൊരു ഈദ് മതത്തിലില്ല. അതുകൊണ്ടുതന്നെ ശഅബാന്‍ പതിനഞ്ചാം രാവില്‍ മധുരം കൊടുത്തും പ്രത്യേകം ഭക്ഷണം പാകം ചെയ്തുമെല്ലാം ആഘോഷിക്കുന്നത് ബിദ്അത്താണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ, സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി യാതൊരു തെളിവുമില്ല. മതത്തില്‍ പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടുന്നതില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

ലജ്നതുദ്ദാഇമയുടെ ഫത്വയില്‍ ഇപ്രകാരം കാണാം: " ലൈലത്തുല്‍ ഖദ്റോ അതുപോലുള്ള മറ്റു രാവുകളോ ആഘോഷിക്കരുത്. അതുപോലെ ഏതെങ്കിലും പ്രത്യേക അവസരങ്ങളില്‍ ഉദാ: ശഅബാന്‍ പതിനഞ്ചാം രാവ്, ഇസ്റാഅ് മിഅ്റാജ് , മൗലിദുന്നബവി തുടങ്ങിയ ആഘോഷങ്ങള്‍ നിഷിദ്ധമാണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ (സ) സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല. "നമ്മുടെ മതത്തില്‍ ഇല്ലാത്ത ഒരു കാര്യത്തെ (മതത്തിന്‍റെ പേരില്‍) ആരെങ്കിലും കടത്തിക്കൂട്ടിയാല്‍ അത് മടക്കപ്പെടുന്നതാണ്" എന്ന് അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടുമുണ്ട്." - [ഫതാവ ലജ്നതുദ്ദാഇമ : 2/257-258].

അഞ്ച്: ആയുസ് വര്‍ദ്ധിക്കാനും, അപകടങ്ങള്‍ നീങ്ങാനും പ്രത്യേകമായി ശഅബാന്‍ പതിനഞ്ചാം രാവില്‍ ആറു റകഅത്തുകള്‍ നമസ്കരിക്കല്‍. ഇതും അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടില്ലാത്ത മറ്റാരോ കടത്തിക്കൂട്ടിയ ബിദ്അത്താണ്.  

ഇത്തരം പുത്തന്‍ ആചാരങ്ങള്‍ എല്ലാം വെടിഞ്ഞ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ജീവിതത്തില്‍ പകര്‍ത്തി  ജീവിക്കാന്‍ ഓരോരുത്തരും പരിശ്രമിക്കുക. ഒരാള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ചെയ്യാന്‍ മാത്രം സുന്നത്തുകള്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) തന്നെ പഠിപ്പിച്ചിട്ടുണ്ട്. അതിലേക്ക് പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടേണ്ടതില്ല. നിങ്ങള്‍ ആലോചിച്ച് നോക്ക് ഒരാള്‍ അമല്‍ വര്‍ദ്ധിപ്പിക്കാനും പ്രതിഫലം ആഗ്രഹിക്കാനും ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ ശഅബാന്‍ പൂരിഭാഗവും നോമ്പ് പിടിച്ചുകൊള്ളട്ടെ. അതാണ്‌ റസൂല്‍ (സ) ചര്യ. അത് ഒരു പതിനഞ്ചിന് മാത്രം പരിമിതപ്പെടുത്തുന്നത് എന്തിന്. ഇനി സാധിക്കില്ലയെങ്കില്‍ അയാള്‍ അയ്യാമുല്‍ ബീള് അതായത് 13, 14, 15 ദിനങ്ങള്‍ നോമ്പ് നോല്‍ക്കട്ടെ അതും റസൂല്‍ (സ) പഠിപ്പിച്ച സുന്നത്ത് ആണ്. മാത്രമല്ല ശഅബാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുന്നതിനാണ് യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങളില്‍ നോമ്പ് നോല്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത. കാരണം അവയെക്കാള്‍ ശഅബാനില്‍ അല്ലാഹുവിന്‍റെ റസൂല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. റജബിലെ നോമ്പിനാണ്  കൂടുതല്‍ ശ്രേഷ്ഠത എന്ന് പ്രചരിപ്പിക്കുന്ന ചിലരുടെ അറിവില്ലായ്മ മനസ്സിലാക്കാന്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.  അതുപോലെ രാത്രി നമസ്കാരം എല്ലാ രാവിലും ഉണ്ട്. അത് ജീവിതത്തിന്‍റെ ഭാഗമാക്കട്ടെ. അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും ഇഷ്ടപ്പെടുന്ന ഒരാള്‍ അതല്ലേ ചെയ്യേണ്ടത്. നബി (സ) യുടെ മാതൃകയല്ലേ നാം പിന്‍പറ്റേണ്ടത്. അല്ലാഹുതൗഫീഖ് നല്‍കട്ടെ. അല്ലാഹു പറയുന്നത് നോക്കൂ:

قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ
"( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ" - [ആലുഇംറാന്‍:31].  
അഞ്ചാമതായി: ഒരു വിഷയം കൂടി സൂചിപ്പിച്ചുകൊണ്ട് ശഅബാന്‍ മാസത്തെ സംബന്ധിച്ചുള്ള ഈ ലേഖനം അവസാനിപ്പിക്കുകയാണ്. ശഅബാന്‍ മാസത്തിന്‍റെ പാതി പിന്നിട്ടാല്‍ പിന്നെ നോമ്പ് നോല്‍ക്കരുത് എന്ന് ഹദീസ് ഉണ്ടോ ?. അതിന്‍റെ വിവക്ഷ എന്താണ് ?. ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നബി (സ) നോമ്പ് നോറ്റിരുന്നു എന്ന ഹദീസുകളും ഈ ഹദീസും തമ്മില്‍ എങ്ങനെ യോജിപ്പിച്ച് മനസ്സിലാക്കാം എന്നെല്ലാം ചിലര്‍ സംശയം ഉന്നയിക്കാറുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്: 

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : إذا بقي نصف من شعبان فلا تصوموه

അബൂ ഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " ശഅബാനിലെ പകുതി മാത്രം ബാക്കിയായാല്‍ നിങ്ങള്‍ നോമ്പ് പിടിക്കരുത്" - [തിര്‍മിദി: 749.അല്‍ബാനി: സ്വഹീഹ്]. 

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു: "അതിന്‍റെ പൊരുള്‍ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോല്‍ക്കാന്‍ തുടങ്ങരുത് എന്നതാണ്. എന്നാല്‍ ഒരാള്‍ ശഅബാന്‍ പൂര്‍ണമായോ പൂരിഭാഗമോ നോമ്പെടുത്താല്‍ അവന്‍ അവന് ആ സുന്നത്ത് ലഭിച്ചിരിക്കുന്നു." - [മജ്മൂഉ ഫതാവ: വോ: 25]. 

 അഥവാ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോറ്റു തുടങ്ങരുത്. എന്നാല്‍ ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നോമ്പെടുക്കണം എന്ന ഉദ്ദേശത്തോടെ നേരത്തെ നോമ്പ് നോറ്റു തുടങ്ങിയവര്‍ക്ക് പാതി പിന്നിട്ട ശേഷവും നോമ്പ് തുടരുന്നത് കുഴപ്പമില്ല. ആ നിലക്ക് തന്നെ മറ്റു ഹദീസുകളുമായി ഈ ഹദീസിന് യാതൊരു വൈരുദ്ധ്യവുമില്ല എന്ന് മനസ്സിലാക്കാം. അതുപോലെ ശഅബാന്‍ മാസത്തിന്‍റെ അവസാനത്തില്‍ റമളാന് ഒന്നോ രണ്ടോ ദിവസം മുന്‍പായി നിങ്ങള്‍ നോമ്പ് നോല്‍ക്കരുത്. എന്നാല്‍ ആരെങ്കിലും സാധാരണയായി നോമ്പ് നോറ്റു വരുന്നയാള്‍ ആണെങ്കില്‍ ആ നോമ്പുമായി പൊരുത്തപ്പെട്ട് വന്നാല്‍ ഉദാ: തിങ്കള്‍, വ്യാഴം സ്ഥിരമായി നോല്‍ക്കുന്നവരെപ്പോലെ അവര്‍ക്ക് നോല്‍ക്കാവുന്നതാണ് എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വസ്തുനിഷ്ടമായി മനസ്സിലാക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും, നബി (സ) യുടെ ചര്യ പിന്‍പറ്റി ജീവിച്ച് നേര്‍മാര്‍ഗത്തില്‍ മരണമാടയാനും അല്ലാഹു നമുക്കേവര്‍ക്കും തൗഫീഖ് നല്‍കട്ടെ ... 

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ
www.fiqhussunna.com

Monday, March 23, 2020

ഈ രാജ്യത്തുള്ള ഓരോ മനുഷ്യജീവനും സുരക്ഷിതരാവാന്‍ ആവുന്നതെല്ലാം ചെയ്യണം - കുവൈറ്റ്‌ അമീര്‍ നടത്തിയ വൈകാരിക അഭിസംബോധനം.


ലോകത്ത് കൊറോണയുടെ വ്യാപനം പിടിമുറുക്കുന്ന സാഹചര്യത്തിൽ 22/3/2020 ന് ഞായറാഴ്ച കുവൈറ്റ് അമീർ ശൈഖ് സ്വബാഹ് അൽ അഹ്‌മദ്‌ അൽ ജാബിർ അസ്വബാഹ് حفظه الله നടത്തിയ വൈകാരികമായ അഭിസംബോധനത്തിന്‍റെ  വിവർത്തനമാണിത്:
---------------------------------------------------------------------
www.fiqhussunna.com 

"പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ"

قُلْ لَنْ يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ
"നബിയേ പറയുക. അല്ലാഹു വിധിച്ചതല്ലാത്തതൊന്നും നമ്മെ ബാധിക്കുകയില്ല. അവനാകുന്നു നമ്മുടെ സംരക്ഷകൻ. വിശ്വാസികൾ അല്ലാഹുവിൽ ഭരമേല്പിച്ചുകൊള്ളട്ടെ" - [തൗബ: 51].

വിഷമഘട്ടത്തിലും സ്തുതിക്കപ്പെടാൻ അർഹനായ ഒരേഒരുവനെ ഞാൻ സ്തുതിക്കുന്നു. അല്ലാഹുവിന്‍റെ  ശാന്തിയും സമാധാനവും റസൂൽ (സ) യുടെ മേൽ എന്നുമുണ്ടാകട്ടെ. 

സ്വദേശികളും വിദേശികളുമായി ഈ നിർഭയ രാഷ്ട്രത്തിൽ കഴിച്ചുകൂട്ടുന്ന എന്‍റെ സഹോദരീ സഹോദരന്മാരെ.....

السلام عليكم ورحمة الله وبركاته

(ലോകരക്ഷിതാവിൽ നിന്നുമുള്ള സമാധാനവും കാരുണ്യവും അനുഗ്രഹങ്ങളും നിങ്ങളിൽ വർഷിക്കുമാറാകട്ടെ). 

കിഴക്കെന്നോ പടിഞ്ഞാറെന്നോ തെക്കെന്നോ വടക്കെന്നോ വ്യത്യാസമില്ലാതെ ലോകത്തെ മുൾമുനയിൽ നിർത്തിയ, പതിനായിരത്തിലുപരി ജനങ്ങളുടെ ജീവനെടുത്ത, ഒരുപാട് പേരെ രോഗികളാക്കിയ കൊറോണ വൈറസ്, പ്രപഞ്ച രക്ഷിതാവിന്‍റെ അലംഘനീയമായ തീരുമാനപ്രകാരം നമ്മുടെ ഈ രാജ്യത്തും എത്തിയിരിക്കുകയാണ്. 

ഇതിനകം തന്നെ അത് ആരോഗ്യപരവും, സാമൂഹ്യപരവും, രാഷ്ട്രീയപരവും, സാമ്പത്തിക പരവുമായ അനേകം ഗുരുതര പ്രതിസന്ധികൾക്ക് കാരണമായിട്ടുമുണ്ട്. 

ലോകത്തെ മറ്റു രാഷ്ട്രങ്ങളെപ്പോലെ കുവൈറ്റിനെ സംബന്ധിച്ചിടത്തോളം മറ്റേത് കാര്യങ്ങളെക്കാളും ഇപ്പോള്‍ സുപ്രധാനം ഈ ഗുരുതരമായ രോഗത്തെ നേരിടുകയും അതിനായി ഏറ്റവും അനുയോജ്യമായ മാര്‍ഗങ്ങള്‍ തേടുകയും ചെയ്യുകയെന്നുള്ളതാണ്. 

ഈ രോഗത്തിന്‍റെ രൂക്ഷതയും അപകടത്തിന്‍റെ വ്യാപ്തിയും എല്ലാ അര്‍ത്ഥത്തിലും നാം ഉള്‍ക്കൊള്ളുന്നു. അതുകൊണ്ടുതന്നെ രാജ്യത്തിന്‍റെ സര്‍വ്വ സംവിധാങ്ങളും ഉപയോഗിച്ച് കുവൈറ്റില്‍ കഴിയുന്ന ഓരോ മനുഷ്യന്‍റെയും ജീവനും ആരോഗ്യവും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാം ദ്രുതഗതിയില്‍ ചെയ്യാന്‍ ഞാന്‍ പ്രധാനമന്ത്രിയോട്  ആവശ്യപ്പെട്ടിട്ടുണ്ട്. 

അക്കാര്യത്തില്‍ സ്വദേശിയെന്നോ വിദേശിയെന്നോ സന്ദര്‍ശകരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ നമുക്ക് സംരക്ഷിക്കണം. രോഗം ആളെ നോക്കിയല്ല പിടികൂടുന്നത്. 

ഇത് നമ്മില്‍  അര്‍പ്പിതമായ ഉത്തരവാദിത്വമാണ്. അതുകൊണ്ട് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാതിരിക്കുകയോ, അനിവാര്യമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പിശുക്ക് കാണിക്കുകയോ ചെയ്യരുത്. 

ഈ രോഗവുമായി ബന്ധപ്പെട്ട ഓരോ കാര്യത്തിലും പരിപൂര്‍ണമായും സുതാര്യതയും സത്യസന്ധതയും വച്ചു പുലര്‍ത്തണം.  രോഗത്തിന്‍റെ വ്യാപനം തടയാന്‍ ആവശ്യമായ എല്ലാ വൈദ്യശാസ്ത്ര മുന്‍കരുതലുകളും സ്വീകരിക്കണം. അതിന്‍റെ ഗൗരവം ചോര്‍ന്നുപോകും വിധം നമ്മുടെ രാജ്യത്ത് നിന്നോ പുറത്ത് നിന്നോ ഉയരുന്ന ഒരഭിപ്രായങ്ങള്‍ക്കും നാം ചെവി കൊടുക്കരുത്. 

രോഗവ്യാപനം തടയുന്നതിനായി നമ്മുടെ ഗവണ്‍ന്മെന്‍റ്  സംവിധാനങ്ങള്‍ ചെയ്തുവരുന്ന കാര്യക്ഷമമായ നടപടിക്രമങ്ങള്‍ എല്ലാം തന്നെ ഞാന്‍ നേരിട്ട് പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു. 

കുവൈറ്റിനെ ഈ രോഗത്തില്‍ നിന്നും സംരക്ഷിക്കാന്‍ രാജ്യത്തിന്‍റെ വ്യത്യസ്ഥ സംവിധാനങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന വിശ്രമമില്ലാത്ത പരിശ്രമങ്ങള്‍ക്കും ആത്മസമര്‍പ്പണത്തിനും നാം സാക്ഷിയാണ്.  

നമ്മുടെ രാജ്യം  ഈ പകര്‍ച്ചവ്യാധിയെ നേരിടാന്‍ എടുത്തിട്ടുള്ള നടപടിക്രമങ്ങളും പരിശ്രമങ്ങളും ഒരുക്കിയ സംവിധാനങ്ങളും ലോകത്തിന്‍റെ തന്നെ  പ്രശംസ പിടിച്ചുപറ്റി എന്നതും സോഷ്യല്‍ മീഡിയകളില്‍ അതിന്‍റെ കാര്യക്ഷമതയും പ്രാധാന്യവും ചര്‍ച്ചയായി എന്നതും എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ഈനടപടിക്രമങ്ങളോട് സ്വദേശികളും വിദേശികളുമെല്ലാം ഒരുപോലെ കാണിച്ച തൃപ്തിയും സ്വീകാര്യതയും എന്നെ ഏറെ സന്തുഷ്ടനാക്കുന്നു. 

രാജ്യത്തിന് പുറത്ത് പഠിക്കുന്ന നമ്മുടെ മക്കള്‍, രാജ്യത്തിന് പുറത്തുള്ള നമ്മുടെ സഹോദരങ്ങള്‍, അവരുടെ കാര്യങ്ങള്‍ തിരക്കാനും അവരുടെ എല്ലാ ആവശ്യങ്ങളും പരിപൂര്‍ണമായി നിറവേറ്റാനും ഉത്തരവാദപ്പെട്ടവരോട് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷമയോടെയും അവധാനതയോടെയും ഒത്തൊരുമയോടെയും നാം ഈ സാഹചര്യത്തെ കാണണം. ആവശ്യമായ ആരോഗ്യ സംവിധാനങ്ങളും നടപടിക്രമങ്ങളുമൊക്കെ സ്വീകരിച്ച് എത്രയും പെട്ടെന്ന് അവരെ തിരികെ കൊണ്ടുവരാനുള്ള വഴികള്‍ നാം ചെയ്തുവരുന്നു. 

എന്‍റെ സഹോദരങ്ങളേ ... മക്കളേ ...

നമ്മളൊരു വലിയ പ്രതിസന്ധി നേരിടുകയാണ്. 

പ്രധാനമന്ത്രിയോടും മറ്റു മന്ത്രിമാരോടും പറയാനുള്ളത് ഈ രോഗത്തെ തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ കാണിക്കുന്ന നേതൃപാഠവത്തില്‍ നമ്മള്‍  അഭിമാനം കൊള്ളുന്നു. ഇനി തുടര്‍ന്നും യാതൊരു തളര്‍ച്ചയും സംഭവിക്കാതെ അത്തരം പരിശ്രമങ്ങള്‍ തുടരുമെന്ന് ഞാന്‍ പ്രത്യാശിക്കുകയും ചെയ്യുന്നു. 

രോഗത്തിന്‍റെ വ്യാപനം തടയാനായി അതിന്‍റെ മുന്‍നിരയില്‍ നേര്‍ക്കുനേര്‍ പടവെട്ടുന്ന ഈ രാജ്യക്കാരും അല്ലാത്തവരുമായ ആത്മാര്‍ത്ഥരായ ഓരോ ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഞാന്‍ അത്യധികം അഭിമാനപൂര്‍വം എന്‍റെ ആശംസയും ആദരവും അറിയിക്കുന്നു. നിങ്ങളെക്കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. 

അതുപോലെ അവര്‍ക്ക് സഹായം ചെയ്ത് രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നവരായ അനേകം ഉദ്യോഗസ്ഥരും തൊഴിലാളികളും അവരും നമ്മുടെ അഭിമാനമാണ്. അവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. എല്ലാം നമ്മുടെ രാജ്യത്തിന്‍റെ സമാധാനത്തിനും ശാന്തിക്കും വേണ്ടിയാണ്. 

മാത്രമല്ല ഈ അവസരത്തില്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും സ്പീക്കര്‍ക്കും ഞാന്‍ പ്രത്യേക നന്ദി അറിയിക്കുകയാണ്. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ഉത്തരവാദിത്വബോധം മുതല്‍ക്കൂട്ടാക്കി ഭരണകൂടത്തിന് അവര്‍ നല്‍കിയ എല്ലാ പിന്തുണയും ഏറെ വിലമതിക്കുന്നതാണ്. തുടര്‍ന്നും നിങ്ങളുടെ കൂട്ടായ പരിശ്രമവും ഒത്തൊരുമയും ഈ അപകടം തരണം ചെയ്യാനായി ഉണ്ടാകട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. 

ഈ അവസരത്തില്‍ നന്മയുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച അനേകംസംഘടനകള്‍, കമ്പനികള്‍, വ്യക്തികള്‍ എല്ലാവരുടെയും സഹകരണങ്ങളും പ്രവര്‍ത്തനങ്ങളും വിലമതിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ നമുക്ക് ഊഹിക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളെല്ലാം   മുന്നിലുണ്ടായിട്ടും സഹായഹസ്തങ്ങള്‍ നീട്ടാനും, മറ്റുളളവരെ ചേര്‍ത്ത് പിടിക്കാനും, സാമ്പത്തികമായും മാനസികമായും പിന്തുണക്കാനും   അവര്‍ കാണിച്ച മനസിന്‌ ഞാന്‍ എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. 

സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെ സേവനസന്നദ്ധരായി വന്ന നമ്മുടെ മക്കള്‍, അവര്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് നല്‍കിയ പിന്തുണ, ഈ രോഗത്തെ മറികടക്കാനുള്ള പരിശ്രമങ്ങളില്‍ കാണിച്ച പങ്കാളിത്തം, എല്ലാം ഞാന്‍ ഏറെ നന്ദിയോടെ സ്മരിക്കുന്നു. 

കുവൈറ്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. സഹോദരങ്ങളേ .. ഈ രാജ്യക്കാരും അല്ലാത്തവരുമായ എന്‍റെ മക്കളേ ....

നാം ആരോഗ്യ രംഗത്ത് ഒരു രാജ്യാന്തര പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഭൂഘണ്ടങ്ങള്‍ ഭേദിച്ച് കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒന്ന്. 

അതുകൊണ്ടുതന്നെ വളരെ കാര്യക്ഷമമായ എല്ലാ മുന്‍കരുതലുകളും ഏത് സാഹചര്യങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങളും നാം മുന്നില്‍ കാണേണ്ടതുണ്ട്.  

കുവൈറ്റിലുള്ള സര്‍വ്വരും ഇതിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം. രാജ്യം ഒന്നടങ്കം ഇതിനോട് സഹകരിക്കണം. ശരിയായ കാര്യഗൗരവം ഉള്‍ക്കൊള്ളുകയും പരിപൂര്‍ണ സഹകരണം ഉണ്ടാവുകയും വേണം. 

വലിയ വലിയ രാഷ്ട്രങ്ങള്‍ക്ക് ഈ മഹാമാരി ഉണ്ടാക്കിയ വേദനാജനകമായ അനുഭവസാക്ഷ്യങ്ങള്‍ നമ്മുടെ മുന്നില്‍ നിന്നും മറഞ്ഞിട്ടില്ല. വളരെ ശക്തനായ ഒരു ശത്രുവിനെതിരെയുള്ള അതിഭീകരമായൊരു യുദ്ധത്തെപ്പോലെ നാം ഈ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണം. 

ആരോഗ്യ വകുപ്പ് നല്‍കുന്ന മുഴുവന്‍ നിര്‍ദേശങ്ങളും നാം പാലിക്കണം. രോഗം പടരുന്നതിന് കാരണമാകുന്ന ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാണം. കൂട്ടം കൂടുന്നത് രോഗവ്യാപനത്തിന്‍റെ വാതിലുകള്‍ തുറന്നിടലാണ്. രാജ്യത്തിന്‍റെ പരിശ്രമങ്ങള്‍ക്ക് പാഴ്ഫലമുണ്ടാക്കുന്നതോ കുറച്ച് കാണുന്നതോ ആയ എല്ലാ വ്യാജവാര്‍ത്തകളില്‍ നിന്നും വിട്ടുനില്‍ക്കുക. 

നാം സ്വീകരിക്കേണ്ട മുഴുവന്‍ ആരോഗ്യപരമായ മുന്‍കരുതലുകളും കര്‍ക്കശമായി നടപ്പിലാക്കണമെന്ന് രാജ്യത്തിന്‍റെ മുഴുവന്‍ സംവിധാനങ്ങളോടും ഞാന്‍ ആവശ്യപ്പെടുന്നു. 

അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹവും ഔദാര്യവും കൊണ്ട് നമുക്ക് ആവശ്യമായ എല്ലാ ഭക്ഷ്യവസ്തുക്കളും രാജ്യത്തുണ്ട്. എന്നാല്‍ നമുക്ക് ആവശ്യമുള്ളത് ഉണ്ട് എന്നത് ഭക്ഷ്യവസ്തുക്കള്‍ അനാവശ്യമായി പാഴാക്കുന്നതിനും അമിതമായി ചിലവാക്കുന്നത്തിനും ദൂര്‍ത്തിനും കാരണമായിക്കൂട. മറിച്ച് എല്ലായിപ്പോഴും നാം കണ്ടറിഞ്ഞ് മാത്രം ഉപയോഗിക്കുക. 

ഈ പ്രത്യേക സാഹചര്യത്തില്‍ നമ്മുടെ ഏറ്റവും വലിയ മുന്‍ഗണന ഈ രോഗത്തിന്‍റെ വ്യാപനം തടയുകയെന്നതും വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കുകയെന്നുമുള്ളതാണ്. 

അതോടൊപ്പം ഈ രോഗത്തെ നേരിടാന്‍ വേണ്ടി നാം നിര്‍ബന്ധപൂര്‍വ്വം സ്വീകരിക്കേണ്ടി വന്ന ചില സമീപനങ്ങള്‍ സൃഷ്‌ടിച്ച സാമൂഹിക പ്രശ്നങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, വിദ്യാഭ്യാസ പ്രതിസന്ധി ഇതെല്ലാം പഠനവിധേയമാക്കുകയും ആവശ്യമായ നടപടികള്‍ നാം സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അത് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുകയോ അതല്ലെങ്കില്‍ അതിന്‍റെ ആഘാതങ്ങള്‍ കുറക്കാന്‍ നമുക്ക് സാധിക്കുകയോ ചെയ്യേണ്ടതുണ്ട്. 

എന്‍റെ സഹോദരങ്ങളേ ... മക്കളേ ...  

ഈ പ്രതിസന്ധി നിങ്ങളുടെ മനസുകളില്‍ സൃഷ്ടിച്ചിട്ടുള്ള ആശങ്കകള്‍ ഞാന്‍ തിരിച്ചറിയുന്നു. 

ഉണ്ടായകാലം മുതല്‍ ഒരുപാട് പ്രതിസന്ധികളും അപകടങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്തു തന്നെയാണ് കുവൈറ്റ്‌ ഇന്നീ കാണുന്ന നിലയില്‍ എത്തിയിട്ടുള്ളത്. കുവൈറ്റിന്‍റെ ചരിത്രത്തില്‍ ഒരുപാട് സുപ്രധാന സംഭവവികാസങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ഒത്തൊരുമയും ആത്മസമര്‍പ്പണവും കഠിനപരിശ്രമവും ചേര്‍ന്നുനിന്നപ്പോള്‍ അല്ലാഹു അവര്‍ക്ക് മോക്ഷവും വിജയവും നല്‍കി. 

അല്ലാഹുവിന്‍റെ സഹായവും പിന്നെ എല്ലാവരുടെ സഹകരണവും ഉണ്ടെങ്കില്‍ കുവൈറ്റിന് ഈ മഹാരോഗത്തെയും മറികടക്കാനാകും. ഈ രോഗത്തിന്‍റെ പുകപടലങ്ങള്‍ കെട്ടടങ്ങുന്ന വരെ നാം വിശ്രമിക്കില്ല. വിശ്രമിക്കാനും പാടില്ല. ഈ ഒരു പരീക്ഷണവും നമുക്ക് മറികടക്കാന്‍ സാധിക്കും എന്നെനിക്ക് നല്ല ആത്മവിശ്വാസമുണ്ട്‌. അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി എളുപ്പം കൊണ്ടുവരും. 

ഈ മഹാരോഗത്തെ നമ്മുടെ രാജ്യത്ത് നിന്നും, മുഴുവന്‍ മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നും, മുഴുവന്‍ മനുഷ്യകുലത്തില്‍ നിന്നും  നീക്കിത്തരേണമേ എന്ന് നാം അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു. 
 അവന്‍ നമ്മുടെ നാടിനെ എല്ലാ പ്രതിസന്ധികളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും സംരക്ഷിക്കുമാറാകട്ടെ. അവന്‍റെ കരുണാകടാക്ഷവും സംരക്ഷണവും എന്നും നമുക്കുണ്ടാകട്ടെ. 
അവന്‍ പറഞ്ഞതുപോലെ: "ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌".
والسلام عليكم ورحمة الله وبركاته
അല്ലാഹുവില്‍ നിന്നുള്ള സമാധാനവും കാരുണ്യവും അനുഗ്രഹങ്ങളും നിങ്ങളുടെ മേല്‍ വര്‍ഷിക്കുമാറാകട്ടെ ....
----------------------
വിവര്‍ത്തനം: അബ്ദുറഹ്മാന്‍ അബ്ദുല്ലത്തീഫ് പി. എന്‍
www.fiqhussunna.com

Sunday, March 22, 2020

പകർച്ച വ്യാധികൾ വരുമ്പോൾ വീട്ടിലിരിക്കുക. നബി (സ) പഠിപ്പിച്ച സോഷ്യൽ ഡിസ്റ്റൻസിങ്.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

സോഷ്യൽ ഡിസ്റ്റൻസിംഗ് എന്നത് പകർച്ചവ്യാധികളുടെ വ്യാപനം തടയാനുളള ഒരു പുതിയ പ്രതിവിധിയല്ല. 14 നൂറ്റാണ്ടുകൾക്ക് മുൻപ് നബി (സ) അത് നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇന്നത്തെ കൊറോണാ വൈറസ് വ്യാപനം തടയാൻ നമുക്കിപ്പോൾ ഏറ്റവും കൂടുതൽ ചെയ്യാൻ സാധിക്കുന്നതും അതാണ്. വിശ്വാസികളെന്ന നിലക്ക് സുരക്ഷയും മുൻകരുതലും സ്വീകരിക്കൽ നമ്മുടെ ബാധ്യതയുമാണ്.

പകർച്ച വ്യാധിയുണ്ടാകുമ്പോഴും പുറത്ത് പോകുന്നത് തൻ്റെയോ മറ്റുള്ളവരുടെയോ സുരക്ഷയെ ബാധിക്കുന്ന ഘട്ടങ്ങളിലും വീട്ടിലിരിക്കുക എന്നത് നബി (സ) യുടെ അദ്ധ്യാപനമാണ്. മഹതി ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം: 


 " فَلَيْسَ مِنْ رَجُلٍ يَقَعُ الطَّاعُونُ، فَيَمْكُثُ فِي بَيْتِهِ صَابِرًا مُحْتَسِبًا يَعْلَمُ أَنَّهُ لَا يُصِيبُهُ إِلَّا مَا كَتَبَ اللهُ لَهُ إِلَّا كَانَ لَهُ مِثْلُ أَجْرِ الشَّهِيدِ "

"പ്ലേഗ് പടരുന്ന ഘട്ടത്തിൽ ക്ഷമിച്ചുകൊണ്ടും പ്രതിഫലമാഗ്രഹിച്ചുകൊണ്ടും, തനിക്കല്ലാഹു വിധിച്ചതല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ല എന്നതുൾക്കൊണ്ട് വീട്ടിലിരിക്കുന്നവനാരോ അവന് ഒരു രക്തസാക്ഷിയുടെ പ്രതിഫലമുണ്ട്" - (മുസ്‌നദ് അഹ്മദ്: 26139).

ഇത് എല്ലാ പകർച്ചവ്യാധികൾക്കും ബാധകമാണ്. മാത്രമല്ല: 

لا يورد ممرض على مصح
"അസുഖബാധിതമായവയെ ആരോഗ്യപൂർണമായവയുടെ അരികിലേക്ക് കൊണ്ടുവരരുത്" - [متفق عليه].

എന്ന നബിവചനം വളരെ പ്രസിദ്ധമാണല്ലോ. രോഗവ്യാപനം തടയാൻ ആവുന്നതെല്ലാം ചെയ്യണമെന്ന് അത് സൂചിപ്പിക്കുന്നു.  അതുപോലെ "പകർച്ച വ്യാധി ഒരു നാട്ടിൽ ഉണ്ട് എന്ന് കേട്ടാൽ നിങ്ങൾ അങ്ങോട്ട് പോകരുത്, ഇനി നിങ്ങൾ ഒരു നാട്ടിൽ ഉണ്ടായിരിക്കെ അവിടെ പകർച്ചവ്യാധിയുണ്ടായാൽ പേടിച്ചരണ്ട് മറ്റു നാടുകളിലേക്ക് ഓടിപ്പോകുകയുമരുത്" എന്നതും ഇന്ന് വളരെയധികം കാലികപ്രസക്തമായ നബിവചനമാണ്. രോഗവ്യാപനം തടയാൻ ചില രാജ്യങ്ങൾ യാത്രകൾ നിയന്ത്രിച്ചും, മറ്റുള്ള ഇടങ്ങളിൽ നിന്നും എത്തുന്നവരെ നിരീക്ഷണവിധേയമായി സ്വയം മാറ്റിപ്പാർപ്പിച്ചും മുൻകരുതൽ സ്വീകരിച്ചത് നാം കണ്ടതാണ്. അതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താതിരുന്നവർ ഇന്നതിൻ്റെ വിലകൊടുക്കുകയും ചെയ്യുന്നു.

ഇങ്ങനെ വളരെ സുവ്യക്തമായിത്തന്നെ ട്രാവൽ ബാനും, സോഷ്യൽ ഡിസ്റ്റൻസിങ്ങും, ക്വാറൻ്റൈനും, ഐസൊലേഷനും ഒക്കെ രോഗ്യവാപനം തടയുന്ന മാർഗങ്ങളാണ് സൂചിപ്പിക്കുന്ന വിവിധ ഹദീസുകൾ വന്നിട്ടുണ്ട്. രോഗവ്യാപനം തടയാനുള്ള മുൻകരുതൽ മാർഗങ്ങളിൽ ഇവ വളരെ സുപ്രധാനവുമാണ്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവ കേവലം മാർഗ്ഗങ്ങളല്ല, മതപരമായ ബാധ്യതയും ഉത്തരവാദിത്വവും കൂടിയാണ്. 

അതുപോലെ ഒരാൾ പുറത്ത് പോകുന്നത് തനിക്കോ മറ്റുള്ളവർക്കോ ദോശകരമാവാൻ ഇടയുള്ള ഘട്ടങ്ങളിൽ പുറത്ത് പോകാതിരിക്കുന്നവന് അല്ലാഹു നൽകിയ വാഗ്ദാനത്തെക്കുറിച്ച് മറ്റൊരു ഹദീസിൽ നബി (സ) പറയുന്നു : 
خَمْسٌ مَنْ فعلَ واحدةً مِنْهُنَّ كان ضَامِنًا على اللهِ عزَّ وجلَّ ....  أوْ قَعَدَ في بَيتِه فَسَلِمَ ، وسَلِمَ الناسُ مِنْهُ .
 "അഞ്ചു കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിർവഹിക്കുന്നവന് (അല്ലാഹു സ്വർഗവും അനുഗ്രഹങ്ങളും) ഉറപ്പ് നൽകുന്നു: ........... (അതിൽ അഞ്ചാമത്തേത്: "ആരെങ്കിലും വീട്ടിലിരിക്കുക വഴി സ്വയം  സുരക്ഷിതനാവുകയും തന്നിൽ നിന്നും മറ്റുള്ളവർ സുരക്ഷിതരാവുകയും ചെയ്താൽ (അവനല്ലാഹു സ്വർഗം വാഗ്ദാനം ചെയ്തിരിക്കുന്നു). - [മുസ്‌നദ് അഹ്മദ്: 22146, അൽബാനി: സ്വഹീഹ്‌].   

പുറത്തിറങ്ങുന്നത് തനിക്കോ മറ്റുള്ളവർക്കോ അപകടകരമാകുന്ന സാഹചര്യത്തിൽ എന്താണ് സുരക്ഷ എന്നത് സൂചിപ്പിക്കുന്ന മറ്റൊരു ഹദീസ് നോക്കൂ: 

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ: قُلْتُ: يَا رَسُولَ اللَّهِ مَا النَّجَاةُ؟ قَالَ: «امْلِكْ عَلَيْكَ لِسَانَكَ، وَلْيَسَعْكَ بَيْتُكَ، وَابْكِ عَلَى خَطِيئَتِكَ»

ഉഖ്ബതുബ്‌നു ആമിർ (റ) നിവേദനം: അല്ലാഹുവിൻ്റെ റസൂലേ ... രക്ഷയെന്നാൽ എന്താണ് ?. അദ്ദേഹം പറഞ്ഞു: "നീ നിൻ്റെ നാവിനെ നിയന്ത്രിക്കുക. നീ നിൻ്റെ വീട്ടിൽ കഴിച്ചുകൂട്ടുക. നിൻ്റെ പാപങ്ങെളെയോർത്ത് നീ കരയുക".  - [തിർമിദി: 2406, അൽബാനി: സ്വഹീഹ്‌]. 

അതെ പ്രശ്നകലുഷിതമായ സാഹചര്യങ്ങളിൽ വ്യാജവാർത്തകളുടെ പ്രളയമാണ്. നാവിനെ നാം നിയന്ത്രിക്കുക. വ്യാജവാർത്തകളുടെ പ്രചാരകരാകരുത്. സ്വയരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും വീട്ടിലിരിക്കേണ്ട ഈ ഘട്ടത്തിൽ വീട്ടിൽത്തന്നെ കഴിച്ചുകൂട്ടുക. ഇസ്തിഗ്ഫാർ വർധിപ്പിക്കുക. പാപങ്ങളെ ഓർത്ത് കരയുക. കാരണം പ്രപഞ്ച സൃഷ്ടാവിനല്ലാതെ ഒരാൾക്കും നമ്മെ രക്ഷിക്കാൻ സാധിക്കില്ല.

മഹാനായ ഇമാം മസ്‌റൂഖ്‌ (റ) പകർച്ചവ്യാധിയുടെ സമയത്ത് തൻ്റെ വീട്ടിൽ കഴിച്ചുകൂട്ടുകയും ഇപ്രകാരം പറയുകയും ചെയ്തു: 

"أيام تشاغل فأحب أن أخلو للعبادة"
"ഇത് ആളുകളാകെ (ഭയത്താൽ) വ്യാപൃതരായിപ്പോയിരിക്കുന്ന ദിനങ്ങളാണ്. ഞാനീ ദിവസങ്ങൾ ഇബാദത്തിന് വേണ്ടി മാറ്റിവെക്കാൻ ആഗ്രഹിക്കുന്നു". - [ത്വബഖാത്ത് ഇബ്‌നു സഅദ്: 6/81]. അങ്ങനെ അദ്ദേഹം കരഞ്ഞുകൊണ്ട് പ്രാർത്ഥനയിൽ മുഴുകിയിരുന്നു.  

അതുകൊണ്ട് ഈ സമയം പാഴാക്കാതെ സൽക്കർമ്മങ്ങളിൽ മുഴുകുക. അവശ്യകാര്യങ്ങൾക്കല്ലാതെ പുറത്ത് പോകാതിരിക്കുക. മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്നതല്ല നാം എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനം. അതുകൊണ്ട് നബി (സ) പഠിപ്പിച്ചതുപോലെ ക്ഷമയോടെ, പ്രതിഫലേച്ഛയോടെ സൽക്കർമ്മങ്ങളിൽ മുഴുകി വീട്ടിലിരിക്കുക സുരക്ഷിതരാകുക. ആത്മാർത്ഥമായി പ്രാർത്ഥിക്കുക. റബ്ബ് എല്ലാ പ്രയാസങ്ങളും നീക്കിത്തരട്ടെ.. 

അല്ലാഹു അനുഗ്രഹിക്കട്ടെ.. 

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ 
www.fiqhussunna.com   

Saturday, March 21, 2020

തൻ്റെയും ജനങ്ങളുടെയും സുരക്ഷ മുൻനിർത്തി വീട്ടിലിരിക്കുന്നവന് സ്വർഗമുണ്ട്.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

രോഗവ്യാപനം ഭയപ്പെടുന്ന വേളയിൽ അങ്ങേയറ്റം സൂക്ഷ്‌മത പുലർത്തുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുകയെന്നുള്ളത്  വിശ്വാസിയുടെ മതപരമായ ബാധ്യതയാണ്. 

لا ضرر ولا ضرار 
"നിങ്ങൾ സ്വയം ഉപദ്രവിക്കുകയോ മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കുകയോ ചെയ്യരുത്". 

എന്ന പ്രസിദ്ധമായ പ്രവാചക വചനം അതിന് മതിയായ തെളിവാണ്. എന്നാൽ തൻ്റെ മറ്റുള്ളവർക്കും മറ്റുള്ളവരുടെ ഉപദ്രവം തനിക്കും ഉണ്ടാകാനിടയുള്ള സന്ദർഭത്തിൽ വീട്ടിലിരിക്കുന്നവന് അല്ലാഹു അവൻ്റെ അനുഗ്രഹങ്ങൾ ഉറപ്പ് നൽകിയിരിക്കുന്നു എന്ന ഹദീസ് ഈയൊരു സന്ദർഭത്തിൽ ഏറെ ശ്രദ്ധേയവും മുൻകരുതലുകൾ സ്വീകരിക്കുന്നവർക്ക് സന്തോഷവാർത്തയുമാണ്.  ആളുകൾ കൂടുന്നത് കൊറോണയുടെ വ്യാപനത്തിന് കാരണമാകുമെന്ന് ഇതിനകം ബോധ്യപ്പെട്ട ഒരു യാഥാർഥ്യമാണ്. നബി ( സ)പറയുന്നു : 
خَمْسٌ مَنْ فعلَ واحدةً مِنْهُنَّ كان ضَامِنًا على اللهِ عزَّ وجلَّ ....  أوْ قَعَدَ في بَيتِه فَسَلِمَ ، وسَلِمَ الناسُ مِنْهُ .
 "അഞ്ചു കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിർവഹിക്കുന്നവന് (അല്ലാഹു സ്വർഗവും അനുഗ്രഹങ്ങളും) ഉറപ്പ് നൽകുന്നു: ........... (അതിൽ അഞ്ചാമത്തേത്: "ആരെങ്കിലും വീട്ടിലിരിക്കുക വഴി സ്വയം യം സുരക്ഷിതനാവുകയും തന്നിൽ നിന്നും മറ്റുള്ളവർ സുരക്ഷിതരാവുകയും ചെയ്താൽ - (മുസ്‌നദ് അഹ്മദ്: 22146, അൽബാനി: സ്വഹീഹ്‌). 

അവനല്ലാഹുവിൻ്റെ വാഗ്ദാനമുണ്ട്. എന്തെന്നാൽ മരണാനന്തരം സ്വർഗവും, ഇഹജീവിതത്തിൽ അനുഗ്രഹങ്ങളും സംരക്ഷണവുമുണ്ട് എന്നതാണ്. എല്ലാ അനുഗ്രഹങ്ങളും അതിൽ ഉൾപ്പെട്ടു.  

ഈ ഹദീസ് പണ്ഡിതന്മാർ വിശദീകരിച്ചത് ഒരാൾ വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ മറ്റൊരാൾക്ക് ഉപദ്രവകാരിയാകാതിരിക്കുക, കലാപം പോലുള്ള സാഹചര്യത്തിൽ അതിൽ നിന്നും വിട്ടുനിൽക്കുക വഴി മറ്റുള്ളവരുടെ ഉപദ്രവത്തിൽ നിന്നും താനും തൻ്റെ ഉപദ്രവത്തിൽ നിന്നും മറ്റുള്ളവരും സുരക്ഷിതരാകുക. അതുപോലെ ദുഷ്പ്രചരണങ്ങളിൽ ഭാഗവാക്കാതെ സ്വന്തത്തെയും മറ്റുള്ളവരെയും സംരക്ഷിക്കുക തുടങ്ങിയ അർത്ഥങ്ങളിലാണ്. എന്നാൽ ഇത് മറ്റുള്ളവരുമായി കൂടിക്കലരുന്നത് തനിക്കും മറ്റുള്ളവർക്കും ദോശകരമാകുന്ന എല്ലാ സന്ദർഭങ്ങൾക്കും ബാധകമാണ്. കാരണം നബി (സ)  (جوامع الكلم) വാക്കുകൾക്ക് അർത്ഥവ്യാപ്തി നൽകപ്പെട്ട വ്യക്തിയാണ്.  അതുകൊണ്ടുതന്നെ ഈ ഹദീസ് ഇന്നത്തെ സാഹചര്യത്തിൽ വീടുകളിൽ നിന്ന് അനാവശ്യമായി പുറത്ത് പോയി ആൾക്കൂട്ടത്തിന് കാരണക്കാരനാകുന്നത് തൻ്റെയും  മറ്റുളളവരുടെയും സുരക്ഷക്ക് ഭീഷണിയാകാതിരിക്കുക എന്നത് നേരിട്ട് തന്നെ നിഷ്‌കർഷിക്കുന്ന ഒന്നാണ്. 

ഹദീസിൻ്റെ പൂർണരൂപം: 
عن معاذ بن جبل رضي الله عنه قال: قال رسول الله صلى الله عليه وسلم: "خَمْسٌ مَنْ فعلَ واحدةً مِنْهُنَّ كان ضَامِنًا على اللهِ عزَّ وجلَّ : مَنْ عادَ مَرِيضًا ، أوْ خرجَ مع جِنازَةٍ ، أوْ خرجَ غَازِيًا في سبيلِ اللهِ ، أوْ دخلَ على إمامٍ يُرِيدُ بذلكَ تَعْزِيرَهُ وتَوْقِيرَهُ ، أوْ قَعَدَ في بَيتِه فَسَلِمَ ، وسَلِمَ الناسُ مِنْهُ" - (رواه أحمد: 22146 وصححه الألباني). 
മുആദ് ബ്ൻ ജബൽ (റ) നിവേദനം: നബി (സ) പറഞ്ഞു: " അഞ്ചു കാര്യങ്ങൾ, അതിൽ ഏതെങ്കിലും ഒന്ന് ചെയ്യുന്നവന് അല്ലാഹു അവന് (സ്വർഗം) ഉറപ്പ് നൽകിയിരിക്കുന്നു. രോഗിയെ സന്ദർശിക്കുന്നവൻ, ജനാസയോടൊപ്പം പോകുന്നവൻ, ദൈവമാർഗത്തിൽ യുദ്ധം ചെയ്യുന്നവൻ, ഭരണാധികാരിയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹത്തിനരികിൽ പ്രവേശിക്കുന്നവൻ, വീട്ടിൽ ഇരിക്കുക വഴി സ്വയം സുരക്ഷിതനാവുകയും,   തന്നിൽ നിന്നും മറ്റുള്ളവർ സുരക്ഷിതരാവുകയും ചെയ്യുന്നവൻ" - (മുസ്‌നദ് അഹ്മദ്: 22146, അൽബാനി: സ്വഹീഹ്‌). 

അതുകൊണ്ട് തൻ്റെയും മറ്റുള്ളവരുടെയും സുരക്ഷ ആഗ്രഹിച്ച് വീട്ടിലിരിക്കുന്നവന് സ്വർഗമുണ്ട്. ഈ ആശയം പൂർണമായും നമ്മുടെ ഇന്നത്തെ സാഹചര്യത്തോട് യോജിക്കുന്നു. വളരെ വേഗത്തിലാണ് കൊറോണ രാഷ്ട്രങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നത്. ഒരുപാട് ജീവനുകൾ കവർന്നു. കൂടിക്കലരലുകൾ പരമാവധി ഒഴിവാക്കുക മാത്രമാണ് നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷക്ക് പ്രതിവിധി. ഈ ഹദീസ് ഇന്നത്തെ സാഹചര്യത്തിൽ ബാധകമാണ് എന്നത് എൻ്റെ വെറുംവാക്കല്ല. പണ്ഡിതന്മാരുമായി പങ്കുവെക്കുകയും അവർ അത് ശരിയാണ് എന്ന് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡോ. മുഹമ്മദ് ത്വബ്തബാഇ, ഡോ. ഹമദ് അൽ ഹാജിരി തുടങ്ങിയ എൻ്റെ ഉസ്താദുമാരുമായി കൂടിയാലോചിക്കുക കൂടി ചെയ്ത ശേഷമാണ് ഈ ലേഖനം എഴുതിയത്. ഈ ഹദീസ് ഈ സന്ദർഭത്തിന്  ബാധകമല്ല എന്ന് ചില സഹോദരങ്ങൾ പറയുന്നതിൽ അർത്ഥമില്ല എന്നത് പറയാനാണ് ഞാനിത് സൂചിപ്പിച്ചത്. 

ഇറ്റലിയും അതേ വഴി കടന്നുവരുന്ന ജർമ്മനിയും ഫ്രാൻസും അടക്കമുള്ള രാഷ്ട്രങ്ങൾ മുൻകരുതലുകളിൽ കാണിച്ച അപാകതകൾക്ക് ഇന്ന് നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ വേദനകൾ നമുക്ക് പാഠമാണ്. കണ്ടറിയാത്തവർ കൊണ്ടറിയും. നിർദേശങ്ങൾ പാലിക്കാത്തവർ സമൂഹത്തെ ഒറ്റിക്കൊടുക്കുന്നവരാണ്. 

من غشنا فليس منا 
" നമ്മെ വഞ്ചിക്കുന്നവൻ നമ്മിൽപ്പെട്ടവനല്ല" 

എന്ന നബിവചനം ഓർമ്മപ്പെടുത്തുന്നു. അതുകൊണ്ടു  മറ്റുള്ളവരെ നോക്കാതെ നാം സ്വയം മുൻകരുതലുകൾ എടുക്കുക. സമൂഹത്തെ സുരക്ഷിതരാക്കാൻ തന്നാലാവുന്നത് സോഷ്യൽ ഡിസ്റ്റൻസിംഗ് മാത്രമാണ് എന്നത് തിരിച്ചറിയുക. ഒപ്പം ഈ അവസരത്തിൽ ദിവസക്കൂലി മാത്രം കിട്ടി ജീവിക്കുന്ന അത്താഴപ്പട്ടിണിക്കാരെ ചേർത്ത് പിടിക്കുക. 


ارحموا من في الأرض يرحمكم من في السماء
"നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ഉപരിയിലുള്ളവൻ നിങ്ങളോടും കരുണ കാണിക്കും"

 എന്ന നബിവചനവും ഓർമ്മിപ്പിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ ... 

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ 
www.fiqhussunna.com

Wednesday, March 18, 2020

നാസിലത്തിന്‍റെ ഖുനൂത്തില്‍ കൈകള്‍ ഉയര്‍ത്തേണ്ടതെങ്ങനെ ?.




ചോദ്യം: നാസിലത്തിന്‍റെ ഖുനൂത്തില്‍ കൈകള്‍ ഉയര്‍ത്തേണ്ടതെങ്ങനെ ?. കമഴ്ത്തിയാണോ, അതല്ല ഉള്‍ഭാഗം മുകളിലേക്ക് വരും വിധം സാധാരണത്തെപ്പോലെ തുറന്ന് പിടിച്ചാണോ ദുആ ചെയ്യേണ്ടത് ?. നമസ്കാരത്തില്‍ എവിടെയാണ് നാസിലത്തിന്‍റെ ഖുനൂത്തിന്‍റെ സ്ഥാനം ?.
 
www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കാന്‍ ചില ഇസ്ലാമിക രാജ്യങ്ങളിലെ മതകാര്യവകുപ്പുകള്‍ നിര്‍ദേശം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ഒരു ചോദ്യം ആളുകള്‍ക്കിടയില്‍ ഉയര്‍ന്നുവന്നത് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുമ്പോള്‍ നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കുന്നതുമായി ബന്ധപ്പെട്ട് പണ്ഡിതലോകത്ത് നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളും ചര്‍ച്ചയും മറ്റൊരു ലേഖനത്തില്‍ നാം പ്രതിപാദിച്ചിട്ടുണ്ട്. ഈ ലേഖനം വായിക്കുന്നതിന് മുന്‍പ് ആ ലേഖനം വായിക്കുന്നത് വളരെ നന്നായിരിക്കും. ആ ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: (നാസിലത്തിന്‍റെ ഖുനൂത്തും പകര്‍ച്ച വ്യാധിയും. https://www.fiqhussunna.com/2020/03/blog-post_10.html).
 ഇനി നമ്മുടെ ചോദ്യത്തിലേക്ക് വരാം. കയ്യിന്‍റെ പുറം ഭാഗം മുകളിലേക്ക് വരും വിധം കൈകള്‍ കമഴ്ത്തിപ്പിടിച്ചാണോ, അതല്ല സാധാരണ ദുആ ചെയ്യുന്നപോലെ തുറന്നു പിടിച്ചാണോ നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കേണ്ടത് എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചയുള്ള ഒരു വിഷയമാണ്. രണ്ട് ഹദീസുകളാണ് ഈ വിഷയത്തിലെ ചര്‍ച്ചക്ക് ആധാരം. രണ്ട് രൂപത്തില്‍ നിര്‍വഹിച്ചാലും അതില്‍ തെറ്റില്ല എന്നത് ആദ്യമേ സൂചിപ്പിക്കട്ടെ. എന്നാല്‍ കൈ തുറന്ന് പിടിച്ച് സാധാരണത്തെപ്പോലെത്തന്നെ പ്രാര്‍ഥിക്കുക എന്നതാണ് ഈയുള്ളവന് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിച്ചത്. തര്‍ക്കത്തിനോ ഭിന്നതക്കോ കാരണമാകേണ്ട ഒരു വിഷയമേ അല്ല ഇത്. എന്നാല്‍ അറിയാനും മനസ്സിലാക്കാനുമെന്നോണം ഈ വിഷയത്തില്‍ വന്ന ഹദീസുകളും ഇമാമീങ്ങളുടെ അഭിപ്രായങ്ങളും ഹ്രസ്വമായി നമുക്ക് ചര്‍ച്ച ചെയ്യാം: 

ഒന്നാമത്തെ ഹദീസ്:

عَنْ مَالِكِ بْنِ يَسَارٍ السَّكُونِيِّ رضي الله عنه، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ( إِذَا سَأَلْتُمُ اللَّهَ فَاسْأَلُوهُ بِبُطُونِ أَكُفِّكُمْ، وَلَا تَسْأَلُوهُ بِظُهُورِهَا ) - (رواه أبو داود : 1486 وصححه الألباني). 

മാലിക് ബ്ന്‍ യസാര്‍ നിവേദനം: റസൂലുല്ലാഹി (സ) ഇപ്രകാരം പറഞ്ഞു: "നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുന്നപക്ഷം നിങ്ങളുടെ ഉള്ളം കൈകള്‍ കൊണ്ട് ചോദിക്കുക. നിങ്ങളുടെ കയ്യിന്‍റെ പുറം ഭാഗങ്ങള്‍ കൊണ്ട് അവനോട് നിങ്ങള്‍ ചോദിക്കരുത്" - [അബൂ ദാവൂദ്: 1486, അല്‍ബാനി: സ്വഹീഹ്]. 

ഹദീസില്‍ ദുആ ചെയ്യുമ്പോള്‍ കൈകള്‍ തുറന്നു പിടിക്കണമെന്നും  കൂപ്പുകൈ കാണിച്ചോ, കൈ കമഴ്ത്തി വെച്ചോ ദുആ ചെയ്യരുത് എന്നും ദുആഇന്‍റെ ഒരു പൊതു മര്യാദയായി നബി (സ) പഠിപ്പിക്കുന്നുണ്ട്. സാധാരണത്തെപ്പോലെ കൈകള്‍ തുറന്നുപിടിച്ചാണ് നാസിലത്താകട്ടെ കൈകള്‍ ഉയര്‍ത്തുന്ന മറ്റേത് സന്ദര്‍ഭങ്ങളാകട്ടെ ദുആ ചെയ്യേണ്ടത് എന്ന് പറഞ്ഞവരുടെ പ്രമാണം ഈ ഹദീസ് ആണ്. 

രണ്ടാമത്തെ ഹദീസ്: 

عَنْ أَنَسِ بْنِ مَالِكٍ: " أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ اسْتَسْقَى، فَأَشَارَ بِظَهْرِ كَفَّيْهِ إِلَى السَّمَاءِ " - (رواه مسلم: 895). 

 അനസ് ബ്ന്‍ മാലിക് (റ) നിവേദനം: "നബി (സ) മഴക്ക് വേണ്ടി പ്രാര്‍ഥിച്ചു. അപ്പോള്‍ അദ്ദേഹത്തിന്‍റെ കയ്യിന്‍റെ പുറം ഭാഗം ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ചു". - (സ്വഹീഹ് മുസ്‌ലിം: 895).

ആളുകള്‍ക്ക് വരള്‍ച്ച അതുപോലെ ഉണ്ടാകുന്ന മറ്റു പ്രയാസങ്ങളും പ്രതിസന്ധികളുമെല്ലാം ഉണ്ടാകുമ്പോള്‍  കൈ കമഴ്ത്തിപ്പിടിച്ച് കയ്യിന്‍റെ പുറം ഭാഗം മേലോട്ട് വരും വിധം ഉയര്‍ത്തിയാണ് പ്രാര്‍ഥിക്കേണ്ടത് എന്ന് അഭിപ്രായപ്പെട്ടവര്‍ തെളിവാക്കിയത് ഈ ഹദീസുമാണ്.
 
ഇമാം നവവി പറയുന്നു: 

" قَالَ جَمَاعَةٌ مِنْ أَصْحَابِنَا وَغَيْرُهُمْ: السُّنَّةُ فِي كُلِّ دُعَاءٍ لِرَفْعِ بَلَاءٍ ، كَالْقَحْطِ وَنَحْوِهِ ، أَنْ يَرْفَعَ يَدَيْهِ وَيَجْعَلَ ظَهْرَ كَفَّيْهِ إِلَى السَّمَاءِ، وَإِذَا دَعَا لِسُؤَالِ شَيْءٍ وَتَحْصِيلِهِ ، جَعَلَ بَطْنَ كَفَّيْهِ إلى السماء "

"നമ്മുടെ പണ്ഡിതന്മാരില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടത്: "വരള്‍ച്ച പോലുള്ള  പരീക്ഷണങ്ങള്‍ ഉയര്‍ത്തപ്പെടുവാന്‍ വേണ്ടിയുള്ള ദുആകളില്‍ കൈകള്‍ ഉയര്‍ത്തുകയും, കയ്യിന്‍റെ പുറം ഭാഗം മുകളിലേക്ക് വരുംവിധം പിടിക്കുകയുമാണ് ചെയ്യേണ്ടത് എന്നും. എന്തെങ്കിലും കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടും, അനുഗ്രഹങ്ങള്‍ ലഭിക്കാനായുമുള്ള ദുആയാണ് എങ്കില്‍ ഉള്ളം കൈ മുകളിലേക്ക് വരുംവിധം (സാധാരണത്തെപ്പോലെ) ആണ് ചോദിക്കേണ്ടത് എന്നുമാണ്" - (ശറഹു മുസ്‌ലിം: 6/190).

  അഭിപ്രായപ്രകാരമാണ് പരീക്ഷണഘട്ടത്തിലെ പ്രാര്‍ഥനയാകയാല്‍ പലരും നാസിലത്തിന്‍റെ ഖുനൂത്തിലും കൈ കമഴ്ത്തിപ്പിടിക്കണം എന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്.

കൈകള്‍ സാധാരണത്തെപ്പോലെ ഉള്ളം കൈ മുകളിലേക്ക് വരത്തക്കവിധം തന്നെയാണ് നാസിലത്തിന്‍റെ ഖുനൂത്തിലും പ്രാര്‍ഥിക്കേണ്ടത് എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ അനസ് (റ) വില്‍ നിന്നും ഉദ്ദരിക്കപ്പെട്ട ഈ ഹദീസിനെ വിശദീകരിച്ചത്. നബി (സ) മഴക്ക് വേണ്ടി തന്‍റെ കൈകള്‍ അത്രമാത്രം ഉയര്‍ത്തി പ്രാര്‍ഥിച്ചപ്പോള്‍ ഉയര്‍ത്തലിന്‍റെ ആധിക്യത്താല്‍ കയ്യിന്‍റെ പുറം ഭാഗം മുകളിലേക്ക് വരുമാറ് ഉയര്‍ത്തി എന്ന അര്‍ത്ഥത്തിലാണ്. കമഴ്ത്തി എന്ന അര്‍ത്ഥത്തിലല്ല. ചില ഹദീസുകളില്‍ നബി (സ) കക്ഷം കാണുമാറ് തന്‍റെ തിരുകരങ്ങള്‍ ഉയര്‍ത്തി എന്നത് ഈ അഭിപ്രായത്തിന് കൂടുതല്‍ പിന്‍ബലം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചതായി ഉദ്ദരിക്കപ്പെട്ട ധാരാളം ഹദീസുകളില്‍ ഇപ്രകാരം കമഴ്ത്തിയതായി പറയുന്നുമില്ല. മാലിക് ബ്നു യസാര്‍ (റ) വിന്‍റെ ഹദീസിലാകട്ടെ കൈകള്‍ കമഴ്ത്തി ചോദിക്കരുത് എന്ന് വന്നിട്ടുമുണ്ട്. ഇതെല്ലാം ആണ് സാധാരണത്തെപ്പോലെത്തന്നെയാണ് നാസിലത്തിന്‍റെ ഖുനൂത്തിലും കൈകള്‍ ഉയര്‍ത്തേണ്ടത് എന്ന് പറഞ്ഞവരുടെ തെളിവ്.

ശൈഖ് ബകര്‍ അബൂ സൈദ്‌ (റ) അദ്ദേഹത്തിന്‍റെ تصحيح الدعاء  എന്ന ഗ്രന്ഥത്തില്‍ "അദ്ദേഹം തന്‍റെ കയ്യിന്‍റെ പുറം ഭാഗം മുകളിലേക്ക് ഉയര്‍ത്തി" എന്ന് പറയുന്ന അനസ് (റ) വില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ദരിച്ച ഹദീസ് വിശദീകരിക്കവേ ഇപ്രകാരം പറയുന്നത് കാണാം: 

"أي من شدة الرفع بيده ، كأن ظهور كفيه نحو السماء ، وهذا هو الذي يلتقي مع جميع أحاديث الرفع التي فيها التصريح بجعل بطونهما إلى السماء ، ومع حديث مالك بن يسار رضي الله عنه

"
അഥവാ ഉയര്‍ത്തലിന്‍റെ ആധിക്യം കാരണത്താല്‍ കയ്യിന്‍റെ പുറം ഭാഗം ഉപരിയിലേക്ക് വരും വിധമായിത്തീര്‍ന്നു എന്നാണത് അര്‍ത്ഥമാക്കുന്നത്. ഈ അഭിപ്രായമാണ് "കയ്യിന്‍റെ ഉള്‍ഭാഗം ഉപരിയിലേക്കാക്കി പ്രാര്‍ഥിച്ചു" എന്ന് സുവ്യക്തമായി പ്രതിപാദിച്ചുകൊണ്ടു വന്ന എല്ലാ ഹദീസുകളുമായും, അതുപോലെ മാലിക് ബ്ന്‍ യസാര്‍ (റ) വിന്‍റെ ഹദീസുമായും പൊരുത്തപ്പെടുന്ന അഭിപ്രായവും". - [تصحيح الدعاء : 118, 119 ]. 

ഇമാം മര്‍ദാവി (റ) തന്‍റെ ഇന്‍സ്വാഫില്‍ ഇതേ അഭിപ്രായം പറയുകയും (الإنصاف: 1/458) ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) ഹദീസുകളെ പരസ്പരം യോജിപ്പിക്കുന്നതും പ്രബലവുമായ അഭിപ്രായമായി അതിനെ കണക്കാക്കുകയും ചെയ്തിട്ടുണ്ട്. 

ഏതായാലും രണ്ട് അഭിപ്രായങ്ങളും ഹദീസുകളോട് കൂറ് പുലര്‍ത്താന്‍ വേണ്ടിയുള്ള പരിശ്രമങ്ങളാണ്. ഒരഭിപ്രായം കൈ തുറന്ന് പിടിക്കുന്നതും കമഴ്ത്തുന്നതും രണ്ട് വ്യത്യസ്ഥ അവസരങ്ങളിലാണ് എന്ന നിലക്ക് രണ്ട് ഹദീസുകളെയും ജംഉ ചെയ്യുന്നു. മറ്റൊരഭിപ്രായം കൈകള്‍ അത്രമാത്രം ഉയര്‍ത്തിയിരുന്നു എന്നതാണ് 'പുറം ഭാഗം മുകളിലേക്ക് വരുംവിധം' എന്ന് അനസ് (റ) ഉദ്ദരിച്ചത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന നിലക്കും ഇരു ഹദീസുകളെയും ജംഉ ചെയ്യുന്നു. അതുകൊണ്ട് രണ്ട് ഹദീസുകളും തമ്മില്‍ വൈരുധ്യമില്ല.

ഇതില്‍ കൂടുതല്‍ പ്രബലമായി ഒരാള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന അഭിപ്രായമേതോ അത് സ്വീകരിക്കാം. എനിക്ക് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിച്ചത് എല്ലായിപ്പോഴും ദുആ ചെയ്യുമ്പോള്‍ കയ്യിന്‍റെ ഉള്‍ഭാഗം മുകളിലേക്ക് വരുംവിധം സാധാരണത്തെപ്പോലെ തുറന്നു പിടിക്കുക തന്നെയാണ് ചെയ്യേണ്ടത് എന്നതാണ്. കൈകള്‍ തുറന്നുപിടിച്ച ശേഷം നമ്മള്‍ തന്നെ നന്നായി ഉയര്‍ത്തി നോക്കിയാല്‍ കയ്യിന്‍റെ പുറം ഭാഗം ആകാശത്തിനു നേര്‍ക്ക് വരും വിധമാകുന്നത് കാണാം. അതു തന്നെയാകണം അനസ് (റ) വിന്‍റെ ഹദീസിലെ ഉദ്ദേശ്യം. മാത്രമല്ല ദുആ ചെയ്യുമ്പോള്‍ കമഴ്ത്തിപ്പിടിക്കരുത് എന്ന് മാലിക് ബ്ന്‍ യസാര്‍ (റ) വിന്‍റെ ഹദീസില്‍ വരുകയും ചെയ്തുവല്ലോ. അതുപോലെ അനുഗ്രഹത്തെ ചോദിക്കുമ്പോഴും പരീക്ഷണത്തെ ചോദിക്കുമ്പോഴുമെല്ലാം അത് ചോദ്യം തന്നെയാണല്ലോ. അപ്പോള്‍ അതിനെ ഒന്ന് പരീക്ഷണ ഘട്ടത്തിലെ ചോദ്യവും മറ്റൊന്ന് അനുഗ്രഹതേട്ടവും  എന്ന് വേര്‍തിരിക്കുന്നനേക്കാള്‍ മനസിനോട് ഇണങ്ങുന്നത് നേരത്തെ പറഞ്ഞ വിശദീകരണം തന്നെയാണ്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

  ഏതായാലും ഏറ്റവും പ്രമാണബദ്ധമായി നാം മനസ്സിലാക്കുന്ന അഭിപ്രായം ഈ വിഷയത്തില്‍ സ്വീകരിക്കുക. ഹദീസുകളുടെ പിന്‍ബലത്തിലുള്ള ഭിന്നതയാകയാല്‍ രണ്ട് രൂപവും റബ്ബിന്‍റെ പക്കല്‍ സ്വീകാര്യം തന്നെയായിരിക്കും ഇന്‍ ഷാ അല്ലാഹ്. ഇനി നാം നമസ്കരിക്കുന്ന പള്ളിയില്‍ ഇമാം കമഴ്ത്തി വെക്കണം എന്നോ നിവര്‍ത്തി വെക്കണം എന്നോ പ്രത്യേകം  നിര്‍ദേശിച്ചാല്‍ അവിടെ നാം ഇമാം പറയുന്ന രീതി പിന്തുടരുക. രണ്ട് രീതിക്കും പ്രമാണത്തിന്‍റെ പിന്‍ബലം ഉള്ളതാകയാല്‍ ഇമാമിനെ ഈ വിഷയത്തില്‍ പിന്തുടരേണ്ടത് അനിവാര്യമാണ്. 

അല്ലാഹു അനുഗ്രഹിക്കട്ടെ..


നമസ്കാരത്തില്‍ നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കേണ്ടത് എപ്പോഴാണ്: 

എല്ലാ ഫര്‍ള് നമസ്കാരങ്ങളിലും അവസാനത്തെ റകഅത്തില്‍ റുകൂഇല്‍ നിന്നും ഇഅ്തിദാലിലേക്ക് (سمع الله لمن حمده) എന്ന് പറഞ്ഞുകൊണ്ട് എഴുന്നേറ്റ ശേഷം ഇഅ്തിദാലിലെ പ്രാര്‍ത്ഥന നിര്‍വഹിച്ച ശേഷമാണ് നാസിലത്തിന്‍റെ ഖുനൂത്ത് ചൊല്ലേണ്ട സ്ഥാനം. നബി (സ) യുടെ സ്വഹാബാക്കളില്‍ വിശുദ്ധഖുര്‍ആന്‍ മനപ്പാഠമാക്കിയ  ഖുര്‍റാഉകളെ ചിലര്‍ വഞ്ചിച്ച് കൊല ചെയ്തപ്പോള്‍ നബി (സ) നടത്തിയ നാസിലത്തിന്‍റെ ഖുനൂത്ത് അനേകം ഹദീസുകളില്‍ നമുക്ക് കാണാം:

عَنْ أَبِي هُرَيْرَةَ رضي الله عنه : " أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ فِي الرَّكْعَةِ الْآخِرَةِ مِنْ صَلَاةِ الْعِشَاءِ قَنَتَ اللَّهُمَّ أَنْجِ عَيَّاشَ بْنَ أَبِي رَبِيعَةَ اللَّهُمَّ أَنْجِ الْوَلِيدَ بْنَ الْوَلِيدِ اللَّهُمَّ أَنْجِ سَلَمَةَ بْنَ هِشَامٍ اللَّهُمَّ أَنْجِ الْمُسْتَضْعَفِينَ مِنَ الْمُؤْمِنِينَ اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى مُضَرَ اللَّهُمَّ اجْعَلْهَا عَلَيْهِمْ سِنِينَ كَسِنِي يُوسُفَ "(أخرجه البخاري) .

അബൂ ഹുറൈറ നിവേദനം: പ്രവാചകന്‍ (സ) ഇഷാ നമസ്കാരത്തിലെ അവസാന റക് അത്തില്‍   'സമിഅല്ലാഹു ലിമന്‍ ഹമിദ' എന്ന് പറഞ്ഞത്തിനു ശേഷം ഇപ്രകാരം ഖുനൂത്ത് ചൊല്ലാറുണ്ടായിരുന്നു. അല്ലാഹുവേ അയ്യാഷ് ബ്നു അബീ റബീഅയെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ വലീദ് ബ്നുല്‍ വലീദിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സലമത് ബ്നു ഹിശാമിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സത്യവിശ്വാസികളില്‍ നിന്നും ദുര്‍ബലരായിട്ടുള്ളവരെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ മുളര്‍ ഗോത്രത്തിനെ നീ കഠിനമായ രൂപത്തില്‍ പിടികൂടണേ... അല്ലാഹുവേ അവരുടെ മേല്‍ (നിന്‍റെ ശിക്ഷ) യുസുഫ് അലൈഹിസ്സലാമിന്‍റെ സമുദായത്തിനുണ്ടായ (വരള്‍ച്ചയുടെ) വര്‍ഷങ്ങളെപ്പോലെയുള്ള വര്‍ഷങ്ങളാക്കിത്തീര്‍ക്കേണമേ". - [ബുഖാരി].

ഇമാം നവവി പറയുന്നു: "നാസിലത്തിന്‍റെ  ഖുനൂത്ത് എല്ലാ ഫര്‍ള് നമസ്കാരങ്ങളിലും നിര്‍വഹിക്കുകയെന്നതാണ് ശരിയായ വീക്ഷണം " [ അല്‍ മജ്മൂഅ്- വോ:3/485 ].

എന്നാല്‍ ജുമുഅ നമസ്കാരത്തില്‍ നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കല്‍ വീക്ഷണ വ്യത്യാസമുള്ള കാര്യമാണ്. ജുമുഅയില്‍ ഖുനൂത്ത് ചൊല്ലേണ്ടതില്ല എന്ന അഭിപ്രായമാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) യെപ്പോലുള്ളവര്‍ തിരഞ്ഞെടുത്തിട്ടുള്ളത്. പ്രത്യേകമായ പ്രമാണങ്ങള്‍ ആ വിഷയത്തില്‍ വന്നിട്ടില്ല. അഭിപ്രായഭിന്നത ഉള്ളതാകയാല്‍ ചെയ്യാതിരിക്കുകയാകും ഉചിതം. ഇനി ഇമാം നിര്‍വഹിക്കുന്ന പക്ഷം നിര്‍വഹിക്കേണ്ടതുമാണ്.

അല്ലാഹു അനുഗ്രഹിക്കട്ടെ...