Thursday, March 17, 2016

ജൗന്‍ ഗോത്രക്കാരിയുടെ ഹദീസ് കെട്ടിച്ചമക്കപ്പെട്ടതോ ?. ബുഖാരി വ്യാജമോ ? - ഹദീസ് നിഷേധികളുടെ പുതിയ ആരോപണം.




ചോദ്യം: അബൂഉസൈദ്(റ) പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ പുറപ്പെട്ടു. ശൌത്വ് എന്ന ഒരു തോട്ടത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു രണ്ടു തോട്ട മതിലുകള്‍ക്കിടയില്‍ എത്തിയപ്പോള്‍ ഇവിടെ നമുക്ക് ഇരിക്കാമെന്ന് നബി(സ) പറഞ്ഞു. അപ്പോള്‍ ജൌനിയുടെ പുത്രിയെ കൊണ്ടുവരപ്പെട്ടു. ഉമൈമത്തിന്‍റെ വീട്ടിലേക്കാണ് ആനയിക്കപ്പെട്ടത്. അവളുടെ കൂടെ അവളെ ശുശ്രൂഷിച്ച് വളര്‍ത്തി പ്പോന്ന ആയയുമുണ്ടായിരുന്നു. നീ നിന്നെ എനിക്ക് സമര്‍പ്പി്ച്ചുകൊളളുകയെന്ന് നബി(സ) അരുളി. ഒരു രാജ്ഞി അവളെ അങ്ങാടിയില്‍ ചുറ്റിത്തിരിയുന്നവര്‍ക്ക് സമര്‍പ്പി ക്കുമോ? അവള്‍ ചോദിച്ചു. അവള്‍ ശാന്തത പ്രാപിക്കുവാന്‍ നബി(സ) തന്‍റെ കൈ അവളുടെ ശരീരത്തില്‍ വെക്കാന്‍ നീട്ടിയപ്പോള്‍ താങ്കളില്‍ നിന്ന് രക്ഷപ്രാപിക്കുവാനായി അല്ലാഹുവില്‍ ഞാന്‍ അഭയം തേടുന്നുവെന്ന് അവള്‍ പറഞ്ഞു. അഭയം പ്രാപിക്കേണ്ട സ്ഥാനത്തു തന്നെയാണ് നീ അഭയം പ്രാപിച്ചത് എന്ന് നബി(സ) പറഞ്ഞശേഷം ഇറങ്ങിവന്ന് ഇപ്രകാരം അരുളി: അബൂഉസൈദ്! അവള്‍ക്ക് ഇന്ന ഇനത്തിലുളളവസ്ത്രം കൊടുത്തു സ്വകുടുംബത്തിലേക്ക് എത്തിക്കുക. (ബുഖാരി. 5255).

ഇങ്ങനെ ഒരു ഹദീസ് ഉണ്ടോ ?. ഇത് മുന്‍ നിര്‍ത്തി, നബി (സ) ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്നത് ഉദ്ദരിച്ചതിനാല്‍ ഇമാം ബുഖാരിയുടെ ഹദീസുകള്‍ വിമര്‍ശന വിധേയമാണ് എന്ന് ചിലര്‍ പറയുന്നു എന്താണ് വസ്തുത ?.


www.fiqhussunna.com

ഉത്തരം: അല്ലാഹുവിന്‍റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഏറ്റവും വിശ്വസനീയമായ ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിയാണ്‌ എന്നാണ് മുസ്‌ലിം ലോകം വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഇസ്‌ലാം വിമര്‍ഷകരുടെയും, അവര്‍ക്ക് കുടപിടിക്കുന്ന ഹദീസ് നിഷേധികളായ ചില ആധുനിക മുഅ്തസിലിയാക്കളുടെയും നോട്ടം എന്നും ബുഖാരിയെ എങ്ങനെ വിമര്‍ശിക്കാം എന്നതിലേക്കായിരുന്നു. അതിന് വേണ്ടി സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് കൊണ്ടുവരപ്പെട്ടതാണ് മേല്‍പറഞ്ഞ ഹദീസ്.

നബി (സ) ഒരു അന്യ സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു എന്ന് ബുഖാരിയില്‍ പറയുന്നുണ്ട് എന്നും, അതിനാല്‍ത്തന്നെ ബുഖാരി വ്യാജമാണ് എന്നുമാണ് ഇവരുടെ പ്രചരണം. സമാനമായ പോസ്റ്റുകള്‍ ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഉടനീളം പ്രചരിക്കുന്നുമുണ്ട്. എങ്ങനെയെങ്കിലും ബുഖാരി വ്യാജമാണ് എന്ന് വരുത്തിത്തീര്‍ക്കലാണ് ഇതിന്‍റെ പ്രചാരകരായ കേരള മുഅ്തസിലിയാക്കളുടെ  ലക്ഷ്യം.  ചോദ്യകര്‍ത്താവ് ഉന്നയിച്ച ഹദീസിന്‍റെ വിവര്‍ത്തനത്തില്‍ത്തന്നെ അപാകതയുണ്ട്. അത് വിവരിക്കുന്നതിന് മുന്‍പ് ആരോപണത്തിന്‍റെ നിജസ്ഥിതി വ്യക്തമാക്കാം : 

ഒന്നാമതായി:
ഇബ്നതുല്‍ ജൗന്‍ അഥവാ ജൗന്‍ ഗോത്രക്കാരി,
ജൗനിന്‍റെ പുത്രി എന്നും പറയാം. ഈ സ്ത്രീയുടെ പിതാമാഹനാണ് ജൗന്‍. പിതാമഹനിലേക്ക് ചേര്‍ത്ത്  'ജൗനിയ്യ' അഥവാ ജൗന്‍ ഗോത്രക്കാരി എന്ന് ഹദീസുകളില്‍ പ്രായോഗിക്കപ്പെട്ടിട്ടുണ്ട്. ഈ സ്ത്രീയെ നബി (സ) യുടെ അരികിലേക്ക് പ്രവേശിപ്പിക്കപ്പെടുന്നതിന് മുന്‍പ് നബി (സ) അവരെ നികാഹ് ചെയ്തിരുന്നു. അഥവാ അവരെ നബി (സ) നികാഹ് ചെയ്യുക വഴി അദ്ദേഹത്തിന്‍റെ ഭാര്യയായതിന് ശേഷം, വീട്കൂടാന്‍ വേണ്ടി അദ്ദേഹത്തിന്‍റെ അരികിലേക്ക് അവരെ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ ആണ് മേല്‍പറഞ്ഞ സംഭവം ഉണ്ടായത്. അതിന് നിരവധി തെളിവുകള്‍ ബുഖാരിയില്‍ത്തന്നെ ഉണ്ട്: 

തെളിവ് ഒന്ന്: വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ച ഹദീസിന് തൊട്ടുമുന്‍പ് ഇമാം ബുഖാരി ഉദ്ദരിക്കുന്ന ഹദീസ് കാണുക: 


حَدَّثَنَا الأَوْزَاعِىُّ قَالَ سَأَلْتُ الزُّهْرِىَّ أَىُّ أَزْوَاجِ النَّبِىِّ صلى الله عليه وسلم اسْتَعَاذَتْ مِنْهُ قَالَ أَخْبَرَنِى عُرْوَةُ عَنْ عَائِشَةَ - رضى الله عنها - أَنَّ ابْنَةَ الْجَوْنِ لَمَّا أُدْخِلَتْ عَلَى رَسُولِ اللَّهِ صلى الله عليه وسلم وَدَنَا مِنْهَا قَالَتْ أَعُوذُ بِاللَّهِ مِنْكَ . فَقَالَ لَهَا « لَقَدْ عُذْتِ بِعَظِيمٍ ، الْحَقِى بِأَهْلِكِ » .

"ഇമാം ഔസാഇ (റ) പറഞ്ഞു: ഞാന്‍ സുഹ്'രിയോട് ചോദിച്ചു: നബി (സ) യുടെ ഭാര്യമാരില്‍ ആരാണ് അദ്ദേഹത്തില്‍ നിന്നും ശരണം തേടിയത് ?. അദ്ദേഹം പറഞ്ഞു: എന്നോട് ആഇശ (റ) യില്‍ നിന്നും ഇപ്രകാരം ഉര്‍വ അറിയിക്കുകയുണ്ടായി:  ജൗന്‍ ഗോത്രക്കാരിയെ നബി (സ) യുടെ അരികിലേക്ക് (അദ്ദേഹത്തിന്‍റെ പത്നിയായി) ആനയിക്കപ്പെടുകയും അദ്ദേഹം അവളുടെ അരികിലേക്ക് ചെല്ലുകയും ചെയ്തപ്പോള്‍ അവള്‍ പറഞ്ഞു: 'ഞാന്‍ താങ്കളില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു'. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അതിമഹത്വമുള്ളവാനിലാണ് നീ ശരണം തേടിയിരിക്കുന്നത്. നീ നിന്‍റെ കുടുംബത്തിലേക്ക് മടങ്ങിക്കൊള്ളുക." - [ബുഖാരി: 5254].

ബുഖാരി ഉദ്ദരിച്ച ഈ ഹദീസില്‍ (നബി (സ) യുടെ ഭാര്യമാരില്‍ ആരാണ് അദ്ദേഹത്തില്‍ നിന്നും ശരണം തേടിയത് ?) എന്ന പ്രയോഗത്തില്‍ നിന്നും ആ സ്ത്രീയെ നബി (സ) നികാഹ് ചെയ്തിരുന്നു എന്ന് മനസ്സിലാക്കാം. കാരണം നികാഹ് ചെയ്യാതെ ഭാര്യ എന്ന് പറയില്ലല്ലോ.

തെളിവ് രണ്ട്:
'കിതാബുത്ത്വലാഖ്' അഥവാ ത്വലാഖിനെക്കുറിച്ച് പരാമര്‍ശിക്കുന്ന അദ്ധ്യായത്തിലാണ് ഇമാം ബുഖാരി ഈ സംഭവം നല്‍കിയിട്ടുള്ളത്. നികാഹ് ചെയ്യാതെ വിവാഹമോചനം ഉണ്ടാവുകയില്ല. മാത്രമല്ല (إلحقي بأهلك) 'നീ നിന്‍റെ കുടുംബത്തിലേക്ക് മടങ്ങിക്കൊള്ളുക' എന്ന പ്രയോഗം ത്വലാഖിനുള്ള كناية അഥവാ 'പരോക്ഷമായ പ്രയോഗം' ആണ്. നബി (സ) നികാഹ് ചെയ്ത സ്ത്രീയെ നികാഹിന് ശേഷം വീടുകൂടാനായി കൊണ്ടുവരപ്പെട്ട സന്ദര്‍ഭത്തില്‍, നബി (സ) യോടൊപ്പം ജീവിക്കാന്‍ വിസമ്മതം കാണിച്ചപ്പോള്‍, മാന്യമായി അവരെ മൊഴി ചൊല്ലുകയും അവര്‍ക്ക് രണ്ട് വസ്ത്രം പാരിതോഷികം നല്‍കി, സുരക്ഷിതമായി അവരുടെ  വീട്ടിലെത്തിക്കാന്‍ സ്വഹാബിയോട് കല്‍പ്പിക്കുകയുമാണ് നബി (സ) ചെയ്തത്. ഈ സംഭവം യഥാര്‍ത്ഥത്തില്‍ റസൂല്‍ (സ) യുടെ മഹത്വത്തെയാണ് സൂചിപ്പിക്കുന്നത്.  വിമര്‍ശകര്‍ ഉന്നയിച്ച ഹദീസിന് തൊട്ടു ശേഷം ഇമാം ബുഖാരി ഉദ്ദരിച്ച റിപ്പോര്‍ട്ട് അതിനു തെളിവാണ്. 


തെളിവ് മൂന്ന്‍: വിമര്‍ശകര്‍ ഉന്നയിച്ച ഹദീസിന് തൊട്ടുശേഷം ഇമാം ബുഖാരി ഉദ്ദരിച്ച ഹദീസ് ഇപ്രകാരമാണ്: 


وَقَالَ الْحُسَيْنُ بْنُ الْوَلِيدِ النَّيْسَابُورِىُّ عَنْ عَبْدِ الرَّحْمَنِ عَنْ عَبَّاسِ بْنِ سَهْلٍ عَنْ أَبِيهِ وَأَبِى أُسَيْدٍ قَالاَ تَزَوَّجَ النَّبِىُّ صلى الله عليه وسلم أُمَيْمَةَ بِنْتَ شَرَاحِيلَ ، فَلَمَّا أُدْخِلَتْ عَلَيْهِ بَسَطَ يَدَهُ إِلَيْهَا فَكَأَنَّهَا كَرِهَتْ ذَلِكَ فَأَمَرَ أَبَا أُسَيْدٍ أَنْ يُجَهِّزَهَا وَيَكْسُوَهَا ثَوْبَيْنِ رَازِقِيَّيْنِ .


ഹുസൈനുബ്നുല്‍ വലീദ് അന്നൈസാബൂരി പറഞ്ഞു: അദ്ദേഹം അബ്ദു റഹ്മാനില്‍ നിന്നും, അദ്ദേഹം അബ്ബാസ് ബ്നു സഹ്ലില്‍ നിന്നും, അദ്ദേഹം അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും അബൂ ഉസൈദില്‍ നിന്നും ഉദ്ദരിക്കുന്നു. അവര്‍ രണ്ട് പേരും പറഞ്ഞു: "നബി (സ) ഉമൈമ ബിന്‍ത് ശറാഹീലിനെ വിവാഹം കഴിച്ചു. അവരെ അദ്ദേഹത്തിന്‍റെ അരികിലേക്ക് പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍, അദ്ദേഹം തന്‍റെ തിരുകരങ്ങള്‍ നീട്ടി സ്വീകരിച്ചു. അവര്‍ക്കത് ഇഷ്ടപ്പെടാത്തത് പോലെ അവര്‍ പ്രതികരിച്ചു. അപ്പോള്‍ അവര്‍ക്ക് (തിരികെപ്പോകാന്‍) യാത്രാ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാനും, രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ (സ്ത്രീകള്‍ ധരിക്കുന്ന വെളുത്ത വസ്ത്രം) സമ്മാനമായി നല്‍കാനും നബി(സ) അബൂ ഉസൈദിനോട് കല്പിച്ചു." - [ബുഖാരി: 5256].

ഇമാം ഇബ്നു അബ്ദുല്‍ബര്‍ (റ) പറയുന്നു: "ജൗന്‍ ഗോത്രക്കാരിയെ നബി (സ) വിവാഹം ചെയ്തിരുന്നു എന്നതില്‍ ഇജ്മാഅ് ഉണ്ട്" - [ഫത്ഹുല്‍ബാരി: 15/80]. അഥവാ നബി (സ) യുടെ അരികിലേക്ക് പ്രവേശിപ്പിക്കപ്പെടുന്നതിന് മുന്‍പ് അവരെ നബി (സ) നികാഹ് ചെയ്തിരുന്നു. ഇമാം ബുഖാരി ഉദ്ദരിച്ച ഹദീസുകളില്‍ തൊട്ടുമുന്‍പുള്ള ഹദീസും, തൊട്ടുശേഷമുള്ള ഹദീസും ഉദ്ദരിക്കാതെ വിവാഹത്തെക്കുറിച്ച് പരാമര്‍ശമില്ലാത്ത ഹദീസ് മാത്രം ഉദ്ദരിക്കുകയും സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവരുടെ  ഉദ്ദേശശുദ്ധി നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ. നബി (സ) നിക്കാഹ് ചെയ്ത ഒരു സ്ത്രീയെ പരസ്പരം വീടുകൂടാനായി അദ്ദേഹത്തിന്‍റെ അരികിലേക്ക് പ്രവേശിപ്പിച്ചപ്പോള്‍ അവര്‍ വിസമ്മതം കാണിക്കുകയും, വളരെ മാന്യമായി, പാരിതോഷികം പോലും നല്‍കി അവരെ തിരിച്ചയക്കുകയാണ് റസൂല്‍ (സ) ചെയ്തത്. ഇതിനെയാണ് ഹദീസ് നിഷേധിക്കാനെന്നോണം ഏതോ ഒരു അന്യ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്ന അര്‍ത്ഥത്തില്‍ ഇവര്‍ പ്രചരിപ്പിക്കുന്നത്.

ഇനി വിവര്‍ത്തനത്തില്‍ വന്ന അപാകതകള്‍ പരിശോധിക്കാം:

വിമര്‍ശകര്‍ ഉന്നയിച്ച ഹദീസും അതിന്‍റെ യഥാര്‍ത്ഥ വിവര്‍ത്തനവും:

عَنْ أَبِى أُسَيْدٍ - رضى الله عنه - قَالَ خَرَجْنَا مَعَ النَّبِىِّ r حَتَّى انْطَلَقْنَا إِلَى حَائِطٍ يُقَالُ لَهُ الشَّوْطُ ، حَتَّى انْتَهَيْنَا إِلَى حَائِطَيْنِ فَجَلَسْنَا بَيْنَهُمَا فَقَالَ النَّبِىُّ صلى الله عليه وسلم « اجْلِسُوا هَا هُنَا » . وَدَخَلَ وَقَدْ أُتِىَ بِالْجَوْنِيَّةِ ، فَأُنْزِلَتْ فِى بَيْتٍ فِى نَخْلٍ فِى بَيْتِ أُمَيْمَةَ بِنْتِ النُّعْمَانِ بْنِ شَرَاحِيلَ وَمَعَهَا دَايَتُهَا حَاضِنَةٌ لَهَا ، فَلَمَّا دَخَلَ عَلَيْهَا النَّبِىُّ r قَالَ « هَبِى نَفْسَكِ لِى » . قَالَتْ وَهَلْ تَهَبُ الْمَلِكَةُ نَفْسَهَا لِلسُّوقَةِ . قَالَ فَأَهْوَى بِيَدِهِ يَضَعُ يَدَهُ عَلَيْهَا لِتَسْكُنَ فَقَالَتْ أَعُوذُ بِاللَّهِ مِنْكَ . فَقَالَ « قَدْ عُذْتِ بِمَعَاذٍ » . ثُمَّ خَرَجَ عَلَيْنَا ، فَقَالَ « يَا أَبَا أُسَيْدٍ اكْسُهَا رَازِقِيَّتَيْنِ وَأَلْحِقْهَا بِأَهْلِهَا .


  ഹംസത്ത് ബ്നു അബീ ഉസൈദ് നിവേദനം: അബൂ ഉസൈദ് (റ) പറഞ്ഞു: "ഒരിക്കല്‍ നബി (സ) യോടൊപ്പം ഞങ്ങള്‍ പുറപ്പെട്ടു. ‘ശൗത്ത്’ എന്ന് വിളിക്കപ്പെടുന്ന ഒരു തോട്ടത്തെ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. അങ്ങനെ ഞങ്ങള്‍ രണ്ട് തോട്ടങ്ങള്‍ക്കിടയിലെത്തിയപ്പോള്‍, അതിനിടയിലായി ഞങ്ങള്‍ ഇരുന്നു. അപ്പോള്‍ ഞങ്ങളോട് നബി (സ) പറഞ്ഞു: നിങ്ങളിവിടെ ഇരിക്കുക. എന്നിട്ടദ്ദേഹം ആ തോട്ടത്തിലേക്ക് പ്രവേശിച്ചു. (അദ്ദേഹം വിവാഹം ചെയ്ത) ജൗന്‍ ഗോത്രത്തിലെ സ്ത്രീയെ അവിടേക്ക് കൊണ്ടുവരപ്പെട്ടിരുന്നു, ഈത്തപ്പനകൊണ്ടുണ്ടാക്കിയ വീട്ടിലാണ് അവര്‍, അതായത് ഉമൈമ ബിന്‍ത് ശറാഹീല്‍ പ്രവേശിക്കപ്പെട്ടിരുന്നത്. അവരോടൊപ്പം അവരെ ശുശ്രൂഷിച്ചിരുന്ന (മുലകുടിബന്ധത്തിലെ) പോറ്റുമ്മയും ഉണ്ടായിരുന്നു. അവരുടെ അരികിലേക്ക് റസൂല്‍ (സ) പ്രവേശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നീ നിന്നെ എനിക്ക് സമര്‍പ്പിക്കുക’. അപ്പോള്‍ അവര്‍ പറഞ്ഞു:  ഒരു രാജ്ഞി അവരെ ഏതെങ്കിലും ഒരു സാധാരണക്കാരന് സമര്‍പ്പിക്കുമോ ?. അവരുടെ മേല്‍ കൈവെച്ച് അവരെ ശാന്തമാക്കാനായി അദ്ദേഹം തന്‍റെ കൈകള്‍ നീട്ടി. അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഞാന്‍ നിങ്ങളില്‍ നിന്നും അല്ലാഹുവില്‍ ശരണം തേടുന്നു’. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ശരണം തേടുവാന്‍ ഏറ്റവും പ്രാപ്തനായവനിലാണ് നീ ശരണം തേടിയിരിക്കുന്നത്. ശേഷം അദ്ദേഹം ഞങ്ങളുടെ അരികിലേക്ക് വന്നുകൊണ്ട്‌ പറഞ്ഞു: അല്ലയോ അബാ ഉസൈദ്: അവര്‍ക്ക് രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ നല്‍കുകയും അവരുടെ കുടുംബത്തിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുക.” - [ബുഖാരി: 5255].

ഇതില്‍ ഞാന്‍ ബ്രാക്കറ്റില്‍ നല്‍കിയിരിക്കുന്ന
(അദ്ദേഹം വിവാഹം ചെയ്ത) എന്ന ഭാഗം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത് ഈ ഹദീസിന് തൊട്ടുമുന്‍പും തൊട്ടുശേഷവും ഉദ്ദരിക്കപ്പെട്ട ഹദീസുകളില്‍ നിന്നും മനസ്സിലാക്കാവുന്ന വസ്തുതയാണ്. കേവലം പദാനുപദ വിവര്‍ത്തനം നടത്തുന്നതിലുപരി ശരിയായ അര്‍ത്ഥം ലഭിക്കാനുതകും വിധമാകണം വിവര്‍ത്തനം എന്നത് വിവര്‍ത്തന മര്യാദയാണ് എന്നതിനാലാണ് അത് ബ്രാക്കറ്റില്‍ ചേര്‍ത്തത്.

വിമര്‍ശകരുടെ വിവര്‍ത്തനത്തില്‍ അപാകത വന്നിട്ടുണ്ട്. ഹദീസിന്‍റെ ശറഹ് ഒട്ടും പരിഗണിക്കാതെയാണ് വിവര്‍ത്തനം ചെയ്തത് എന്നത് വ്യക്തം:

വിമര്‍ശകര്‍ നല്‍കിയ വിവര്‍ത്തനത്തിലെ (
ഉമൈമത്തിന്‍റെ വീട്ടിലേക്കാണ് ആനയിക്കപ്പെട്ടത് ). എന്ന പ്രയോഗം ആ റിപ്പോര്‍ട്ടില്‍ في بيت എന്ന പദം ആവര്‍ത്തിക്കപ്പെട്ടത് കൊണ്ട് വന്ന വീഴ്ചയാണ്. ആ വീഴ്ച കാരണത്താല്‍ 'കൊണ്ടുവരപ്പെട്ട  സ്ത്രീ' വേറെയും 'ഉമൈമ ബിന്‍ത് ശറാഹീല്‍' വേറെയും ആണ് എന്ന് തെറ്റിദ്ധരിച്ചാണ് വിമര്‍ശകര്‍ വിവര്‍ത്തനം ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിന് തൊട്ടു ശേഷമുള്ള 5256 ആം ഹദീസില്‍ (നബി (സ) ഉമൈമ ബിന്‍ത് ശറാഹീലിനെ വിവാഹം കഴിച്ചു.) എന്ന് അബൂ ഉസൈദ് (റ) വ്യക്തമായി പരാമര്‍ശിച്ചത് കാണാം. അഥവാ: 

(
അപ്പോള്‍ ജൗന്‍ ഗോത്രക്കാരിയെ കൊണ്ടുവരപ്പെട്ടു ഈത്തപ്പനകൊണ്ടുണ്ടാക്കിയ വീട്ടിലാണ് അവര്‍, അതായത് ഉമൈമ ബിന്‍ത് ശറാഹീല്‍ പ്രവേശിക്കപ്പെട്ടിരുന്നത്. അവരോടൊപ്പം അവരെ ശുശ്രൂഷിച്ചിരുന്ന (മുലകുടിബന്ധത്തിലെ) പോറ്റുമ്മയും ഉണ്ടായിരുന്നു.)

എന്ന് പറയേണ്ടതിന് പകരം വിമര്‍ശകര്‍ അര്‍ഥം വെച്ചത് ഇങ്ങനെ:


(അപ്പോള്‍ ജൗനിയുടെ പുത്രിയെ കൊണ്ടുവരപ്പെട്ടു. ഉമൈമത്തിന്‍റെ  വീട്ടിലേക്കാണ് ആനയിക്കപ്പെട്ടത്. അവളുടെ കൂടെ അവളെ ശുശ്രൂഷിച്ച് വളര്‍ത്തി പ്പോന്ന ആയയുമുണ്ടായിരുന്നു ).

വിമര്‍ശകരുടെ വിവര്‍ത്തനത്തില്‍ നിന്നും ഉമൈമ ഒരാളും ജൗന്‍ ഗോത്രക്കാരി മറ്റൊരാളും ആണ് എന്ന തെറ്റിദ്ധാരണ സ്വാഭാവികമായും ഉടലെടുക്കുന്നു. ഹദീസുകള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ അതിന്‍റെ ശറഹുകള്‍ പരിശോധിക്കാത്തതാണ് ഇത്തരം അബദ്ധങ്ങള്‍ക്ക് കാരണം. 

ഇനി ഇത് സംബന്ധമായി ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി ഫത്ഹുല്‍ ബാരിയില്‍ വിശദീകരിക്കുന്നത് കാണുക. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ബ്രാക്കറ്റില്‍ വിശദീകരണം നല്‍കിയാണ്‌ വിവര്‍ത്തനം കൊടുത്തിട്ടുള്ളത്. അറബി അറിയുന്നവര്‍ക്ക് ഇബ്നു ഹജര്‍ (റ) യുടെ വാക്കുകള്‍ നേരിട്ട് പരിശോധിക്കുകയും ചെയ്യാവുന്നതാണ്.

وَأُمَيْمَة بِالرَّفْعِ إِمَّا بَدَلًا عَنْ الْجَوْنِيَّةِ وَإِمَّا عَطْف بَيَان ، وَظَنَّ بَعْض الشُّرَّاح أَنَّهُ بِالْإِضَافَةِ فَقَالَ فِي الْكَلَام عَلَى الرِّوَايَة الَّتِي بَعْدهَا : تَزَوَّجَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ أُمَيْمَة بِنْت شَرَاحِيلَ وَلَعَلَّ الَّتِي نَزَلَتْ فِي بَيْتهَا بِنْت أَخِيهَا ؛ وَهُوَ مَرْدُود فَإِنَّ مَخْرَج الطَّرِيقِينَ وَاحِد ، وَإِنَّمَا جَاءَ الْوَهْم مِنْ إِعَادَة لَفْظ " فِي بَيْت " وَقَدْ رَوَاهُ أَبُو بَكْر بْن أَبِي قُتَيْبَة فِي مُسْنَده عَنْ أَبِي نُعَيْمٍ شَيْخ الْبُخَارِيّ فِيهِ فَقَالَ " فِي بَيْت فِي النَّخْل أُمَيْمَة إِلَخْ "

"ഉമൈമ എന്നത് بالجونية എന്നതിന്‍റെ بدل ആയോ عطف بيان ആയോ (ഉമൈമതു) എന്ന് ളമ്മോടു കൂടിയാണ് ഉച്ചരിക്കേണ്ടത്. (അഥവാ 'ഉമൈമയുടെ വീട്ടില്‍ കൊണ്ടുവരപ്പെട്ടു' എന്നല്ല, 'ഉമൈമയെ വീട്ടില്‍ കൊണ്ടുവരപ്പെട്ടു' എന്നാണ് അര്‍ത്ഥം വരുക). ചില ശാരിഹീങ്ങള്‍ അതിനെ إضافة ആയി തെറ്റിദ്ധരിച്ചിരിക്കുന്നു (അഥവാ في بيت أميمة എന്ന നിലക്ക് ഉമൈമയുടെ വീട്ടില്‍ എന്ന് വായിച്ചിരിക്കുന്നു). ആ തെറ്റിദ്ധാരണ  കാരണത്താല്‍ ഇതിന് ശേഷം വന്ന റിപ്പോര്‍ട്ടിനെ സംബന്ധിച്ച് അവര്‍ പറഞ്ഞിട്ടുള്ളത് (അഥവാ 5256 ആം ഹദീസ്) : നബി (സ) ഉമൈമ ബിന്‍ത് ശറാഹീലിനെ കല്യാണം കഴിച്ചു. എന്നാല്‍ അവരുടെ വീട്ടിലേക്ക് കൊണ്ടുവരപ്പെട്ടു എന്ന് പറഞ്ഞത് ( അഥവാ 5255 ആം ഹദീസ്) ഒരുപക്ഷെ അവരുടെ സഹോദരപുത്രിയെ ആയിരിക്കാം. ഇത് ഒരിക്കലും സ്വീകാര്യമല്ല. കാരണം രണ്ട് ഹദീസുകളും ഉദ്ദരിക്കപ്പെടുന്നത് ഒരേ ആളില്‍ നിന്നാണ്. (അഥവാ അബൂ ഉസൈദ് (റ) വില്‍ നിന്നാണ്). ഈ തെറ്റിദ്ധാരണ ഉണ്ടായത് في بيت എന്ന പദം ഹദീസില്‍ ആവര്‍ത്തിക്കപ്പെട്ടതിനാലാണ്. എന്നാല്‍ അബൂബക്കര്‍ ബ്നു അബീ ഖുതൈബ തന്‍റെ മുസ്നദില്‍ ഇമാം ബുഖാരിയുടെ ശൈഖ് ആയ അബൂ നുഅൈമില്‍ നിന്നും ഉദ്ദരിച്ച റിപ്പോര്‍ട്ടില്‍: ഈത്തപ്പന കൊണ്ടുള്ള വീട്ടില്‍ ഉമൈമയെ  (പ്രവേശിപ്പിക്കപ്പെട്ടു)." എന്ന് കാണാം. -  [ഫത്ഹുല്‍ബാരി: 15/80].

അഥവാ അവിടെ  (في بيت) എന്നത് ഒരു തവണ മാത്രമേ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളൂ. എന്നതുകൊണ്ട്‌ വിമര്‍ശകര്‍ നല്‍കിയതുപോലെ (ജൗന്‍ ഗോത്രക്കാരിയെ ഉമൈമയുടെ വീട്ടിലേക്ക് കൊണ്ടുവരപ്പെട്ടു) എന്ന് പറയാന്‍ സാധിക്കില്ല. മറിച്ച് ഉമൈമയെ ആണ് കൊണ്ടുവരപ്പെട്ടത്. അവരെ നബി (സ) നികാഹ് ചെയ്തിരുന്നു എന്ന് അബൂ ഉസൈദ് (റ) തന്നെ വ്യക്തമാക്കുകയും ചെയ്തു. അതുപോലെ سوقة എന്നാല്‍ സാധാരണക്കാരന്‍ എന്നാണര്‍ത്ഥം. അങ്ങാടിയില്‍ ച്ചുട്ടിത്തിരിയുന്നവന്‍ എന്നല്ല. അങ്ങാടിയില്‍ കഴിച്ച് കൂട്ടുന്നവര്‍ക്ക് سوقي എന്നാണ് പറയുക. വിവര്‍ത്തനത്തിലെ അത്തരം ചെറിയ അപാകതകള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. ഇനി ഒരുപക്ഷെ വരും ദിവസങ്ങളില്‍ 'കിന്‍ദിയ്യ' എന്ന സ്ത്രീ എന്നുപറയുന്ന റിപ്പോര്‍ട്ടുമായി ഇവര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടേക്കാം. അതും ഇവര്‍ തന്നെയാണ്. 'കിന്‍ദിയ്യ' എന്നതാണ് യഥാര്‍ത്ഥ ഗോത്രനാമം. ജൗനിയ എന്നത് പിതാമഹനിലേക്ക് ചേര്‍ത്ത് വിളിച്ച പ്രയോഗമാണ്. 
അവരുടെ പേരില്‍ തന്നെ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. അസ്മാഅ് ആണ് പേരെന്നും ഉമൈമ വിളിപ്പേരാണ് എന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആ സ്ത്രീയുടെ പിതാവ് നുഅ്മാന്‍ ബ്നു അബില്‍ ജൗന്‍ അല്‍കിന്‍ദി ആണ് അവരെ നബി (സ) ക്ക് വിവാഹം ചെയ്ത് കൊടുത്തതും നബി (സ) യോട് അങ്ങോട്ട് ചെന്ന് വിവാഹം ആലോചിച്ചതും.   ഇതൊക്കെയും ഇവിടെ കൂട്ടിവായിക്കപ്പെടേണ്ട വസ്തുതകളാണ്. 

ഒരുപക്ഷെ ഇനി ചിലര്‍ വാദിച്ചേക്കാം, ഇവരെ നബി (സ) വിവാഹം ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ട് ഇവരെ ഉമ്മഹാത്തുല്‍ മുഅ്മിനീനായി പരിഗണിക്കുന്നില്ല. ഇത് വളരെ ബാലുഷമായ വാദമാണ്. കാരണം നബി (സ) മൊഴി ചൊല്ലുകയും ബന്ധം വേര്‍പ്പെടുത്തുകയും ചെയ്ത് കഴിഞ്ഞാല്‍ പിന്നെ അവര്‍ റസൂല്‍ (സ) യുടെ ഭാര്യയല്ല. അതുകൊണ്ടുതന്നെ  "അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ (വിശ്വാസികളുടെ) ഉമ്മമാരാണ്" - [അഹ്സാബ്:6]. എന്ന ആയത്തിന്‍റെ പരിധിയില്‍ ഇവര്‍ പെടില്ല.

ഇനിയെങ്കിലും എന്‍റെ പ്രിയപ്പെട്ട സാധാരണക്കാരോട് പറയാനുള്ളത് ഹദീസ് നിഷേധവുമായി വരുന്ന ഇത്തരം മത-യുക്തിവാദികളെ സൂക്ഷിക്കുക. അല്ലാഹുവിന്‍റെ ദീനിനെ തങ്ങളുടെ യുക്തികൊണ്ട് അളന്ന് പ്രമാണങ്ങളെ ചോദ്യം ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നത്. ഒരു ആരോപണത്തിന് മറുപടി ലഭിക്കുമ്പോള്‍ മറ്റൊരാരോപണവുമായി അവര്‍ വരുന്നു. ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ തലയും വാലും മുറിച്ച് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുന്നു. ആയത്തുകളെപ്പോലെ ഹദീസുകള്‍ക്കും അതിന്‍റേതായ സന്ദര്‍ഭവും പശ്ചാത്തലവും വിശദീകരണങ്ങളും ഉണ്ട്. ഇതൊന്നുമറിയാതെ ഇത്തരക്കാരുടെ വാക്കുകള്‍ക്ക് ചെവി കൊടുത്താല്‍ ഒരുപക്ഷെ അത് തീരാ നഷ്ടത്തിലേക്ക് എത്തിച്ചേക്കാം. അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ....