Tuesday, May 12, 2020

ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച പണത്തിൻ്റെ സകാത്ത്



ചോദ്യം: ഞാൻ ഇന്ത്യൻ സ്റ്റോക്ക്‌ മാർക്കെറ്റിൽ കുറച്‌ പൈസ നിക്‌ഷെപിചിട്ടുണ്ഡ്‌. 7 ലക്ഷം നിക്ഷേപിച്ചതിൽ ഒരു ലക്ഷം ലാഭം കിട്ടി. ഇതിൻ്റെ സകാത്ത് എങ്ങനെയാണ് കണക്കുകൂട്ടേണ്ടത് ?.

www.fiqhussunna.com

ഉത്തരം

الحمد لله والصلاة والسلام على رسول الله وعلى آله وأصحابه ومن والاه، وبعد؛

സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഉള്ള ഷെയറുകളുടെ സകാത്ത് പറയുന്നതിന് മുൻപ്. Intraday Trading പോലെ Short Term ഷെയർ ട്രേഡിങ്ങ് എന്ന അർത്ഥത്തിൽ ആണ് താങ്കൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പണം നിക്ഷേപിക്കുന്നത് എങ്കിൽ. അത് മതപരമായി ശുബുഹത്ത് അഥവാ ഹലാലാണോ എന്നതിൽ സംശയാസ്പദമായ ഒരു ക്രയവിക്രയമായാണ് ഞാൻ കാണുന്നത്. അത് ഒഴിവാക്കുകയാണ് ഉചിതം. ഇസ്‌ലാമികമായ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികൾ ആണെങ്കിൽ അനുവദനീയമാണ് എന്ന് ചില പണ്ഡിതന്മാർ പറഞ്ഞതുപോലെ അത് നിഷിദ്ധമാണ് എന്ന് വളരെ പഠനാർഹമായ റിസർച്ചുകൾ എഴുതിയ പണ്ഡിതന്മാരും ഉണ്ട്. Intraday Trading പോലുള്ളവ അനുവദനീയം എന്നതിനേക്കാൾ നിഷിദ്ധം എന്നതിനോടാണ് അടുത്ത് നിൽക്കുന്നത് എന്നതാണ്  വ്യക്തിപരമായ എൻ്റെ അഭിപ്രായം. പിന്നെ ഒരു കാര്യം ഹലാൽ എന്നോ ഹറാം എന്നോ പറയൽ അല്ലാഹുവിൻ്റെ പക്കൽ അതിഗൗരവപരമായ കാര്യമായതുകൊണ്ട് സൂക്ഷ്‌മത എന്ന അർത്ഥത്തിലാണ് 'ശുബുഹാത്ത്' അഥവാ സംശയാസ്പദമായ ഒഴിവാക്കപ്പെടേണ്ട കാര്യം എന്ന് ഞാൻ പറയാൻ കാരണം. والله أعلم.

ഇനി ഷെയർമാർക്കറ്റിൽ നിക്ഷേപിച്ച പണത്തിൻ്റെ സകാത്തുമായി ബന്ധപ്പെട്ട് പറയുകയാണ് എങ്കിൽ. താങ്കളുടെ ഉടമസ്ഥതയിലുള്ള ഷെയറുകൾ വില്പനക്ക് ഉള്ളതാണ് എങ്കിൽ താങ്കൾ സകാത്ത് കണക്കുകൂട്ടുന്ന സമയത്തെ അതിൻ്റെ മാർക്കറ്റ് മൂല്യം എത്രയാണോ അതിൻ്റെ രണ്ടര ശതമാനം സകാത്തായി കൊടുക്കണം. അപ്പോൾ താങ്കളുടെ കൈവശമുള്ള പണത്തോടൊപ്പം ഉടമസ്ഥതയിലുള്ള ഷെയറുകളുടെ മാർക്കറ്റ് വാല്യൂ കണക്കാക്കി ആകെ തുകയുടെ രണ്ടര ശതമാനം സകാത്തായി നൽകണം.  

ഇനി ഷെയറുകളുടെ വില്‌പന ഉദ്ദേശിക്കാത്ത ദീർഘകാലത്തേക്കുള്ള നിക്ഷേപമാണ് എങ്കിൽ അവിടെ നിങ്ങൾക്ക് ഷെയർ ഉള്ള കമ്പനിയുടെ അസറ്റുകൾ എത്ര ശതമാനം വരുമോ ആ അനുപാതം നിങ്ങളുടെ ഷെയറിൽ നിന്നും കുറച്ച് ബാക്കി നിക്ഷേപത്തിനും, സകാത്ത് കണക്കുകൂട്ടുന്ന സമയത്ത് ലാഭം കിട്ടിയ തുകയിൽ നിന്നും നിങ്ങളുടെ കൈവശം അവശേഷിക്കുന്ന തുകക്കും രണ്ടര ശതമാനം സകാത്ത് കൊടുക്കണം.  കമ്പനിയുടെ അസറ്റുകൾക്ക് സകാത്ത് ബാധകമല്ല എന്നതിനാലാണ് അപ്രകാരം പറഞ്ഞത്. കമ്പനിയുടെ ബാലൻസ് ഷീറ്റ് ചെക്ക് ചെയ്‌താൽ ഈ കാര്യങ്ങൾ അറിയാം. ഇനി അതൊന്നും അറിയാത്ത പക്ഷം നിക്ഷേപിച്ച മുഴുവൻ തുകക്കും സകാത്ത് കൊടുക്കുക എന്നതേ വഴിയുള്ളൂ. 

 അല്ലാഹു അനുഗ്രഹിക്കട്ടെ... 
___________________________

 
 അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ