Thursday, June 23, 2016

പ്രായപൂര്‍ത്തി എത്താത്ത പെണ്‍മക്കളുടെ ആഭരണങ്ങള്‍ അവരുടെ ഉമ്മയുടെ ആഭരണങ്ങളോടൊപ്പം ചേര്‍ത്ത് സകാത്ത് നല്‍കേണ്ടതുണ്ടോ ?.



ചോദ്യം: പ്രായപൂര്‍ത്തി എത്താത്ത പെണ്‍മക്കളുടെ ആഭരണങ്ങള്‍ അവരുടെ ഉമ്മയുടെ ആഭരണങ്ങളോടൊപ്പം ചേര്‍ത്ത് സകാത്ത് നല്‍കേണ്ടതുണ്ടോ ?.

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ؛ وبعد، 

സകാത്ത് ഓരോ വ്യക്തികള്‍ക്കുമാണ് ബാധകമാകുന്നത്. ഒരു കുടുംബത്തിന് ഒന്നാകെയല്ല. നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ആഭരണങ്ങള്‍ അവരുടേതാണ്. അതുകൊണ്ടുതന്നെ അവരുടെ സ്വര്‍ണ്ണം അവരുടെ ഉമ്മയുടെ  സ്വര്‍ണ്ണത്തിലേക്ക് ചേര്‍ത്തി കണക്കാക്കേണ്ടതില്ല. എന്നാല്‍ അവരുടെ കൈവശമുള്ള ആഭരണം ഉമ്മയുടേതാണ്, ഉമ്മ അവര്‍ക്ക് ധരിക്കാന്‍ മാത്രം നല്‍കിയതാണ് എങ്കില്‍ സകാത്ത് കണക്കാക്കുമ്പോള്‍ ഉമ്മയുടെ ആഭരണത്തോട് ചേര്‍ത്ത് അവ പരിഗണിക്കേണ്ടതുണ്ട്. കാരണം അതിന്‍റെ ഉടമസ്ഥ ഒരാളാണ്.

ഒന്നുകൂടി വ്യക്തമാക്കിയാല്‍ മരണപ്പെടുമ്പോള്‍ അവരുടെ അനന്തരാവകാശികള്‍ക്ക് ആണല്ലോ അത് നല്‍കപ്പെടുക. ആ സമയത്ത് നാം മറ്റൊരാളുടെ ആഭരണവുമായി അത് ഒരുമിച്ച് പരിഗണിക്കാറില്ലല്ലോ, ഉമ്മയുടെത് അവരുടേതും മക്കളുടെത് അവരുടേയും ആയിത്തന്നെയാണ് പരിഗണിക്കാറുള്ളത്. അതുപോലെത്തന്നെയാണ് സകാത്ത് നല്‍കുമ്പോഴും. ഓരോരുത്തരുടേതും വ്യത്യസ്ഥമായി കണക്കാക്കിയാല്‍ മതി. ചെറിയ കുട്ടികളുടെ കൈവശമുള്ള ധനം നിസ്വാബ് തികയുന്നതും, അതിന് ഒരു ഹിജ്റ വര്‍ഷക്കാലം ഹൗല്‍ തികയുകയും ചെയ്‌താല്‍ അതിന്‍റെ സകാത്ത് നല്‍കാന്‍ അവരുടെ രക്ഷാകര്‍ത്താക്കള്‍ ബാധ്യസ്ഥരാണ്. നല്‍കാത്ത പക്ഷം അതിന്‍റെ പാപം രക്ഷാകര്‍ത്താക്കള്‍ക്കായിരിക്കും. എന്നാല്‍ നിസ്വാബ് തികയുന്നതിന് ഉമ്മയുടെ ആഭരണവുമായി ചേര്‍ത്ത് അവരുടെ ആഭരണങ്ങള്‍ കണക്കാക്കേണ്ടതില്ല.

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) യോട് ചോദിക്കപ്പെട്ടു: ഭാര്യക്കും, അതുപോലെ പെണ്‍മക്കള്‍ക്കും സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടെങ്കില്‍, അവരുടെ ഓരോരുത്തരുടെ ആഭരണങ്ങള്‍ പ്രത്യേകം പ്രത്യേകമായി പരിഗണിച്ചാല്‍ നിസ്വാബ് തികയുന്നില്ല എങ്കില്‍ അവയെല്ലാം ഒരുമിച്ച് പരിഗണിച്ച് സകാത്ത് നല്‍കേണ്ടതുണ്ടോ ?. 

അദ്ദേഹം നല്‍കിയ മറുപടി: " അപ്രകാരം ചെയ്യേണ്ടതില്ല. കാരണം ഓരോരുത്തരുടെയും ധനം അവരുടേതാണ്. പെണ്‍മക്കളുടെ കൈവശമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ഉമ്മയുടേത് തന്നെയാണ്, ഉമ്മ അവര്‍ക്ക് ധരിക്കാന്‍ നല്‍കിയത് മാത്രമാണ് എങ്കില്‍ ഉമ്മയുടെ ആഭരണങ്ങളുടെ കൂടെ അതും കൂട്ടണം. എന്നാല്‍ പെണ്‍മക്കളുടെ കൈവശമുള്ള ആഭരണങ്ങള്‍ അവരുടേത് തന്നെയാണ് എങ്കില്‍ ഓരോരുത്തരുടെ കൈവശമുള്ളതും പ്രത്യേകമായി പരിഗണിച്ചാല്‍ മതി (പരസ്പരം കൂട്ടേണ്ടതില്ല). ഒരാളുടെ ധനത്തിന്‍റെ നിസ്വാബ് തികയാന്‍ മറ്റൊരാളുടെ ധനവുമായി കലര്‍ത്തി കണക്കാക്കേണ്ടതില്ല". - [ مجموع فتاوى ورسائل العثيمين " 18/99].   

അല്ലാഹു അനുഗ്രഹിക്കട്ടെ ...
___________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ