Wednesday, June 14, 2017

അമുസ്ലിംകള്‍ക്ക് ഫിത്വര്‍ സകാത്ത് നല്‍കാമോ ?.



ചോദ്യം: സകാത്തുൽ ഫിത്വർ അമുസ്ലിമിനു നൽകാൻ പറ്റുമോ?താമസിക്കുന്ന സ്ഥലത്ത് അതിന് അർഹതപ്പെട്ട മുസ്ലിങ്ങൾ ഇല്ലെങ്കിലോ ?.

www.fiqhussunna.com

ഉത്തരം:
  
الحمد لله والصلاةو السلام على رسول الله وعلى آله وصحبه ومن ولالاه وبعد؛ 

സകാത്ത് അല്ലാത്ത പൊതുവായ ദാനധര്‍മ്മങ്ങളില്‍ നിന്നും അമുസ്‌ലിംകള്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ല.  നമ്മോട് യുദ്ധം ചെയ്യാത്ത, വിശ്വാസികളുമായി സമാധാനത്തില്‍ കഴിയുന്ന ആളുകള്‍ക്ക് പുണ്യം ചെയ്യുന്നതും അവരില്‍ നിന്നും അശരണരും അഗതികളുമായ ആളുകളെ സഹായിക്കുന്നതുമെല്ലാം ഇസ്ലാം പുണ്യകര്‍മ്മമായാണ് പഠിപ്പിക്കുന്നത്.

വിശുദ്ധഖുര്‍ആനില്‍ അല്ലാഹു പറയുന്നു:

لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ

"മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു." - [മുംതഹന : 8].

എന്നാല്‍ സകാത്ത് സകാത്തുല്‍ ഫിത്വര്‍ തുടങ്ങിയ നിര്‍ബന്ധ ദാനധര്‍മ്മങ്ങള്‍  ഈ പൊതു അര്‍ത്ഥത്തില്‍ അമുസ്‌ലിംകള്‍ക്ക് നല്‍കാവതല്ല.കാരണം സകാത്തിന്‍റെ അവകാശികളെ സൂറത്തുത്തൌബയിലെ അrറുപതാം ആയത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നിര്‍ബന്ധ ദാനധര്‍മ്മങ്ങള്‍ നല്‍കേണ്ടത് ആര്‍ക്ക് എന്നതാണ് ഇവിടെ പ്രതിപാദിക്കുന്നത്:

إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِّنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ

"ദാനധര്‍മ്മങ്ങള്‍ ( നല്‍കേണ്ടത്‌ ) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ( ഇസ്ലാമുമായി ) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ ( മോചനത്തിന്‍റെ ) കാര്യത്തിലും, കടം കൊണ്ട്‌ വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും (അല്ലാഹുവിന്‍റെ മാര്‍ഗത്തിലെ ധര്‍മ്മസമരം) , (വഴിമുട്ടിയ) യാത്രക്കാരനും മാത്രമാണ്‌. അല്ലാഹുവിങ്കല്‍ നിന്ന്‌ നിശ്ചയിക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌."  - [തൗബ: 60]. 

ഈ എട്ടു വിഭാഗങ്ങള്‍ക്ക് മാത്രമേ സകാത്ത് നല്‍കാവൂ. ഇതില്‍ അമുസ്ലിംകള്‍ കടന്നുവരുന്ന ഇനം "മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍" എന്ന ഗണത്തില്‍ മാത്രമാണ്. അഥവാ ഇസ്‌ലാമിനോട്‌ അടുപ്പവും ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നതുമായ ഒരാള്‍ പാവപ്പെട്ടവനാണ് എങ്കില്‍, ഇസ്‌ലാമിക നിയമങ്ങളുടെ പരിപൂര്‍ണതയും ദൈവിക നിയമങ്ങളുടെ പ്രാധാന്യവും മാനുഷികതയും മനസ്സിലാക്കാനുതകുമെങ്കില്‍ അയാള്‍ക്ക് നല്‍കാം. അതുപോലെ ഇസ്‌ലാമിനോട്‌ ശത്രുത വച്ചു പുലര്‍ത്തുന്നവരുടെ ഇടഞ്ഞു നില്‍ക്കുന്ന മനസ്സിനെ ഇണക്കമുള്ള മനസ്സാക്കാനും അവരുടെ ശത്രുത കുറയ്ക്കാനും ഇല്ലായ്മ ചെയ്യാനും ഒരു മുസ്‌ലിം ഭരണാധികാരിക്ക് അവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കാം. സകാത്തിന്‍റെ അവകാശികളെക്കുറിച്ച് വിശദമായി അറിയാനും മേല്‍പറഞ്ഞ ആയത്തിന്‍റെ വിശദീകരണം മനസ്സിലാക്കാനും ഈ ലേഖനം നോക്കുക: http://www.fiqhussunna.com/2014/08/blog-post_5.html

ഈ പറഞ്ഞവയല്ലാതെ നിര്‍ബന്ധ ദാനധര്‍മ്മങ്ങളില്‍ നിന്നും ഇതര മതസ്ഥര്‍ക്ക് നല്‍കാവതല്ല. എന്നാല്‍ സകാത്തല്ലാത്ത പൊതുവായ അര്‍ത്ഥത്തിലുള്ള ദാനധര്‍മ്മങ്ങളും സഹായങ്ങളും മറ്റു മതസ്ഥര്‍ക്ക് നല്‍കുന്നതിനെ ഇസ്‌ലാം വിലക്കിയിട്ടില്ലതാനും. മറിച്ച് അതിനെ മാനുഷികവും പുണ്യകരവും നന്മയുമായി പരിചയപ്പെടുത്തുകയാണ് ഇസ്ലാം ചെയ്തത്.

ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു:

أما الصدقة تطوع فلا بأس أن يعطاها الكافر الفقير الذي ليس حربي، يعني بيننا وبينهم أمان أو ذمة أو عهد لا بأس، يقول الله -جل وعلا- في كتابه العظيم في سورة الممتحنة: لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ(8) سورة الممتحنة. فأخبر سبحانه وتعالى- لا ينهانا عن هذا، يقول لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ, البر منها الصدقة، وقد قدمت أم أسماء بنت أبي بكر الصديق -رضي الله عنها- على النبي -صلى الله عليه وسلم- في المدينة في أيام الهدنة تسأل بنتها الصدقة والمساعدة، فاستأذنت أسماء النبي -صلى الله عليه وسلم- في ذلك فأذن لها أن تتصدق عليها وتحسن إليها، وقال: "صليها" فالمقصود أن الإحسان والصدقة على الفقراء من أقاربك الكفار أو من غيرهم لا بأس بذلك .......... أما إذا كان حرباً لنا في حال الحرب، فلا، لا نعطيهم شيئاً "

"നിര്‍ബന്ധദാനധര്‍മ്മമല്ലാത്ത ഐചിക ദാനധര്‍മ്മങ്ങള്‍ ദരിദ്രരായ അവിശ്വാസികള്‍ക്ക്‌ നല്‍കുന്നതില്‍ തെറ്റില്ല. അഥവാ നമ്മെ അക്രമിക്കാത്ത നമുക്കും അവര്‍ക്കുമിടയില്‍  സമാധാനവും, പരസ്പര ഉടമ്പടിയും,`ധാരണയും നിലനില്‍ക്കുന്നുവെങ്കില്‍ അവര്‍ക്ക് ദാനം ചെയ്യുന്നതില്‍ തെറ്റില്ല. അല്ലാഹു വിശുദ്ധഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു:   "മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു." - [മുംതഹന : 8]. അല്ലാഹു നമ്മെ അതില്‍ നിന്നും വിലക്കിയിട്ടില്ല എന്നത് ഈ വചനത്തിലൂടെ   നമ്മെ അറിയിച്ചിരിക്കുന്നു. അവന്‍ പറയുന്നു: "നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല".പുണ്യം ചെയ്യുക എന്നതില്‍പ്പെട്ടതാണ് ദാനധര്‍മ്മങ്ങള്‍ നല്‍കല്‍. അസ്മാഅ് ബിന്‍ത് അബീ ബക്കര്‍ സ്വിദ്ദീഖ് (റ) യുടെ മാതാവ് സന്ധി കാലഘട്ടത്തില്‍ ധനസഹായം ആവശ്യപ്പെട്ടുകൊണ്ടും മദീനയില്‍ മകളുടെ പക്കലേക്ക് വന്നു. ആ സന്ദര്‍ഭത്തില്‍ അതിനനുവാദം ചോദിച്ചുകൊണ്ട്  അസ്മാഅ് (റ) നബി (സ) യുടെ പക്കല്‍ വന്നു. അവര്‍ക്ക് ദാനം ചെയ്യാന്‍ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുത്ത് അവരോട് നന്മ ചെയ്യാനും  "നീ അവരുമായി കുടുംബബന്ധം പുലര്‍ത്തുക" എന്നുമാണ് നബി (സ) കല്പിച്ചത്. അതായത് തന്‍റെ ബന്ധുമിത്രാതികളോ അല്ലാത്തവരോ ആയ ദരിദ്രരായ  അവിശ്വാസികളോട് നന്മയില്‍ വര്‍ത്തിക്കുന്നതിനും അവര്‍ക്ക് ദാനം ചെയ്യുന്നതിനും തെറ്റില്ലയെന്നര്‍ത്ഥം. എന്നാല്‍ വിശ്വാസികളുമായി സമാധാനത്തോടെ നിലകൊള്ളാതെ  നമ്മോട് യുദ്ധം ചെയ്യുന്നവരായിരിക്കെ അവര്‍ക്ക് യാതൊന്നും തന്നെ നല്‍കാവതല്ല." - [ http://www.binbaz.org.sa/noor/5013 ].

അതുകൊണ്ട് നിര്‍ബന്ധ ദാനധര്‍മ്മങ്ങളല്ലാത്തവ അവര്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ല. പക്ഷെ നിര്‍ബന്ധ ദാനധര്‍മ്മമായ സകാത്ത്, സകാത്ത് സകാത്തുല്‍ ഫിത്വര്‍ തുടങ്ങിയവ അവര്‍ക്ക് നല്‍കാവതുമല്ല. ഇനി നിങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് അതിന് അര്‍ഹരായ ആളുകളെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്ത പക്ഷം, തൊട്ടടുത്ത പ്രദേശങ്ങളില്‍ അതിന് ആവശ്യക്കാരായ ആളുകളെ നിങ്ങള്‍ക്ക് കണ്ടെത്തി നല്‍കാവുന്നതാണ്. സകാത്തുല്‍ ഫിത്വര്‍ ഭക്ഷണ വസ്തുക്കളായാണ് നല്‍കേണ്ടത് എന്ന് സാന്ദര്‍ഭികമായി ഉണര്‍ത്തുന്നു.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍...
_________________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ