ചോദ്യം: റമദാനിലെ നോമ്പ് നോറ്റു വീട്ടുന്നതിന് മുന്‍പ് ശവ്വാലിലെ ആറു നോമ്പ് നോല്‍ക്കാമോ ?. വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.
www.fiqhussunna.com
ഉത്തരം:
الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛
പ്രബലമായ അഭിപ്രായപ്രകാരം റമദാന്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ശവ്വാലിലെ ആറു നോമ്പ് നോല്‍ക്കേണ്ടത്. ആറു നോമ്പുമായി ബന്ധപ്പെട്ടു വന്ന ഹദീസില്‍ തന്നെ അതിനുള്ള സൂചനയുണ്ട്. ഇമാം മുസ്‌ലിം ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:
عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ
اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "مَنْ صَامَ رَمَضَانَ
ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ"
അബൂ അയ്യൂബ് അല്‍അന്‍സാരി (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ആരെങ്കിലും റമളാന്‍ നോമ്പനുഷ്ടിക്കുകയും, ശേഷം ശവ്വാല്‍ മാസത്തില്‍ നിന്നും ആറു നോമ്പുകള്‍ അതിനെ തുടര്‍ന്ന് നോല്‍ക്കുകയും ചെയ്‌താല്‍ അത് വര്‍ഷം മുഴുവന്‍ നോമ്പ് നോറ്റതുപോലെയാണ്." - [സ്വഹീഹ് മുസ്‌ലിം: 1164, മുസ്നദ് അഹ്മദ്: 23580, തിര്‍മിദി: 759, നസാഇ: 2862, ഇബ്നു മാജ: 1716 ].
റമളാനിലെ നോമ്പ് അനുഷ്ഠിക്കുകയും ശേഷം ശവ്വാല്‍ മാസത്തില്‍ നിന്നും ആറു നോമ്പുകള്‍ നോല്‍ക്കുകയും ചെയ്‌താല്‍ എന്നാണ് ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. അഥവാ ثم എന്ന പദം അറബി ഭാഷയില്‍ ഒരു കാര്യത്തിന് ശേഷം മറ്റൊരു കാര്യം ചെയ്യുന്നതിനാണ് പ്രയോഗിക്കുക. അപ്പോള്‍ ഒരാള്‍ റമദാനിലെ നോമ്പ് പൂര്‍ത്തീകരിച്ച ശേഷം ശവ്വാലിലെ ആറു നോമ്പുകള്‍ നോല്‍ക്കുക എന്നതാണ് അതര്‍ത്ഥമാക്കുന്നത്.
അതുപോലെ റമളാന്‍ പൂര്‍ണമായി നോല്‍ക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം صام رمضان 'റമളാന്‍ നോറ്റവന്‍' എന്ന് പറയുകയില്ല. صام بعض رمضان 'റമളാനിലെ ചില ദിനങ്ങള്‍ നോറ്റവന്‍' എന്നേ ഭാഷാപരമായി പറയുകയുള്ളൂ.
ഇനി ഫര്‍ള് നോമ്പുകള്‍ ബാക്കിയുള്ളവര്‍ അത് നോറ്റ് വീട്ടുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്നത് ഒരു അടിസ്ഥാന തത്വമാണ്. ഇത് മുന്‍പ് മറ്റൊരു ലേഖനത്തില്‍ നാം വ്യക്തമാക്കിയിട്ടുണ്ട്. അത് ഇവിടെ ആവര്‍ത്തിക്കാം:
ചോദ്യം: ഫര്‍ള് നോമ്പ് നോറ്റ് വീട്ടാനുള്ളവര്‍ക്ക് സുന്നത്ത് നോമ്പുകള്‍ നോല്‍ക്കാമോ ?.
www.fiqhussunna.com
ഉത്തരം: ഇത് ഫുഖഹാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുള്ള വിഷയമാണ്. ഖണ്ഡിതവും
സ്വീകാര്യയോഗ്യവുമായ ഒരു തെളിവ് ഈ വിഷയത്തില്‍ വരാത്തത് കൊണ്ടാണത്.
ഹനഫീ, മാലികീ, ശാഫിഈ മദ്ഹബുകളിലെ കൂടുതല്‍ ഫുഖഹാക്കളും റമദാനിലെ നോമ്പ്
നോറ്റ് വീട്ടാനുള്ളവര്‍ക്ക്, അത് നോറ്റു വീട്ടുന്നതിന് മുന്‍പായിത്തന്നെ
സുന്നത്ത് നോമ്പുകള്‍ അനുഷ്ടിക്കാം എന്ന അഭിപ്രായക്കാരാണ്. ഹനഫീ മദ്ഹബിലെ
പണ്ഡിതന്മാര്‍ നിരുപാധികം അത് അനുവദനീയമായിക്കാണുന്നു. എന്നാല്‍ മാലികീ
മദ്ഹബിലെയും, ശാഫിഈ മദ്ഹബിലെയും പണ്ഡിതന്മാര്‍ അത്
അനുവദനീയമായിക്കാണുന്നുവെങ്കിലും അവരുടെ അഭിപ്രായപ്രകാരം അത്
വെറുക്കപ്പെട്ടതാണ്. അഥവാ അവരത് അനുവദനീയമായിക്കാണുന്നു എങ്കില്‍കൂടി
റമദാനിലെ നോമ്പുകള്‍ നോറ്റ് വീട്ടുന്നത് മുന്തിപ്പിക്കുന്നതാണ് അവര്‍
കൂടുതല്‍ ഉചിതമായിക്കാണുന്നത് എന്നര്‍ത്ഥം. ഒരു റമദാനിലെ നഷ്ടപ്പെട്ട
നോമ്പ് നോറ്റു വീട്ടല്‍ അടുത്ത റമദാന്‍ എത്തുന്നത് വരെ സാവകാശമുള്ള ഒരു
കര്‍മമാണ് എന്നതാണ് അത് അനുവദനീയമാണ് എന്നതിന് അവര്‍ക്കുള്ള തെളിവ്.
ഹംബലീ മദ്ഹബിലെ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ഫര്‍ദ് നോമ്പ് ബാക്കി
നില്‍ക്കെ സുന്നത്ത് നോമ്പുകള്‍ പിടിക്കാന്‍ പാടില്ല. അതിനവര്‍ തെളിവായി
ഉദ്ദരിച്ചത് ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ആണ്.
ومن
صام تطوعا وعليه من رمضان شيء لم يقضه ، فإنه لا يتقبل منه حتى يصومه
"റമദാനില്‍ നിന്നുള്ള നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിയിരിക്കെ ആരെങ്കിലും സുന്നത്ത് നോമ്പുകള്‍ നോറ്റാല്‍, ആ (ഫര്‍ദ്) നോമ്പുകള്‍ നോറ്റു വീട്ടുന്നത് വരെ അത് അവനില്‍ നിന്നും സ്വീകരിക്കപ്പെടുകയില്ല". - [മുസ്നദ് അഹ്മദ്: 2/352].
ഈ
ഹദീസ് സ്വഹീഹ് ആയിരുന്നുവെങ്കില്‍ ഈ വിഷയത്തിലെ ചര്‍ച്ചക്ക് യാതൊരു
പ്രസക്തിയും ഉണ്ടാകുമായിരുന്നില്ല. പക്ഷെ ഈ ഹദീസ് ളഈഫ് ആണ് എന്ന്
മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അബൂഹുറൈറ (റ) വില്‍ നിന്നും
ഇബ്നു ലുഹൈഅ (ابن اهيعة) മാത്രമേ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ
എന്ന് ഇമാം ത്വബറാനി രേഖപ്പെടുത്തിയിട്ടുണ്ട്. [الأوسط : 2/99]. ഇബ്നു
ലുഹൈഅ ആകട്ടെ ദുര്‍ബലനുമാണ്. ശൈഖ് അല്‍ബാനി (റ) ഇമാം ത്വബറാനിയുടെ ഉദ്ദരണി
എടുത്ത് കൊടുത്ത ശേഷം പറയുന്നു: "ഇബ്നു ലുഹൈഅ മോശമായ ഹിഫ്'ളുളള ആളാണ്.
അദ്ദേഹത്തിന് അതിന്‍റെ സനദിലും മത്നിലും ആശയക്കുഴപ്പം (اضطراب)
സംഭവിച്ചിട്ടുണ്ട്." - [സില്‍സിലതു-ളഈഫ: 2/838]. അതുകൊണ്ടുതന്നെ ഈ ഹദീസ്
ദുര്‍ബലമാണ് എന്നാണ് ശൈഖ് അല്‍ബാനി (റ) രേഖപ്പെടുത്തിയത്. അതിനാല്‍ത്തന്നെ ഈ
ഹദീസ് വിഷയത്തിലെ അന്തിമ തീരുമാനമെടുക്കാനുള്ള തെളിവായി പരിഗണിക്കാന്‍
സാധിക്കില്ല.
മാത്രമല്ല ഇമാം അഹ്മദ് (റ) യില്‍ നിന്നും ഫര്‍ദ്
നോറ്റു വീട്ടുന്നതിന് മുന്‍പ് സുന്നത്ത് നോല്‍ക്കല്‍ അനുവദനീയമാണ് എന്ന
അഭിപ്രായവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏതായാലും
തെളിവുകള്‍ പരിശോധിച്ചാല്‍, റമദാനിലെ നോമ്പ് നോറ്റുവീട്ടുക എന്നത്
സമയ-സാവകാശം ഉള്ള ഒരു കര്‍മമായതുകൊണ്ട് അതിനു മുന്‍പായി അറഫ, ആശൂറാ
തുടങ്ങിയ നോമ്പുകള്‍ നിര്‍വഹിക്കപ്പെടുകയാണ് എങ്കില്‍ അത് തെറ്റെന്ന്
പറയാന്‍ സാധിക്കില്ല. എന്നാല്‍ നിര്‍ബന്ധമായ നോമ്പ് ഒരു കടമാണ് എന്നതിനാല്‍
സുന്നത്ത് നോമ്പുകള്‍ എടുക്കുന്നതിനേക്കാള്‍ പ്രാധാന്യവും മുന്‍ഗണനയും
റമദാനിലെ നോമ്പിനാണ് നല്‍കേണ്ടത് എന്നതും, അത് ബാധ്യതയായുള്ളവര്‍ ആദ്യം അത് നോറ്റു വീട്ടുന്നതാണ് ഏറ്റവും അഫ്ളല്‍ എന്നുമുള്ളതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഫര്‍ദ് നോറ്റു വീട്ടാനാണ് മുന്‍ഗണന നല്‍കേണ്ടത്.
ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു:
بالنسبة للصيام الفريضة والنافلة لا شك أنه
من المشروع والمعقول أن يبدأ بالفريضة قبل النافلة ، لأن الفريضة دَيْنٌ واجب عليه
، والنافلة تطوع إن تيسرت وإلا فلا حرج ، وعلى هذا فنقول لمن عليه قضاء من رمضان :
اقض ما عليك قبل أن تتطوع ، فإن تطوع قبل أن يقضي ما عليه فالصحيح أن صيامه التطوع
صحيح مادام في الوقت سعة ، لأن قضاء رمضان يمتد إلى أن يكون بين الرجل وبين رمضان
الثاني مقدار ما عليه ، فمادام الأمر موسعا فالنفل جائز ، كصلاة الفريضة مثلا إذا
صلى الإنسان تطوعا قبل الفريضة مع سعة الوقت كان جائزا ، فمن صام يوم عرفة ، أو
يوم عاشوراء وعليه قضاء من رمضان فصيامه صحيح
"സുന്നത്ത്
നോമ്പിന്‍റെയും, ഫര്‍ദ് നോമ്പിന്‍റെയും കാര്യത്തില്‍, മതപരമായും,
യക്തികൊണ്ടും സുന്നത്ത് നോമ്പുകള്‍ പിടിക്കുന്നതിന് മുന്‍പേ ഫര്‍ദ്
നോമ്പുകള്‍ പിടിക്കുകയാണ് വേണ്ടത് എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം
ഫര്‍ദ് നോമ്പ് അവന്‍റെ മേലുള്ള ഒരു
നിര്‍ബന്ധബാധ്യതയാണ്. ഐച്ഛികമായ നോമ്പുകളാകട്ടെ അവന് സാധിക്കുമെങ്കില്‍
ചെയ്യാം, ചെയ്യാതിരിക്കുകയുമാകാം. അതുകൊണ്ടുതന്നെ നാം പറയുന്നത്:
ആര്‍ക്കെങ്കിലും റമദാനിലെ നോമ്പ് ബാക്കിയുണ്ട് എങ്കില്‍, സുന്നത്ത്
നോമ്പുകള്‍ പിടിക്കുന്നതിന് മുന്‍പ് ആദ്യം ഫര്‍ദ് നോമ്പുകള്‍ നോറ്റു
വീട്ടുക.
എന്നാല്‍ ഒരാള്‍ ഇനി അഥവാ തന്‍റെ മേലുള്ള ഫര്‍ദ്
നോമ്പുകള്‍ നോറ്റുവീട്ടുന്നതിന് മുന്‍പായി സുന്നത്ത് നോമ്പുകള്‍ എടുത്തു
എങ്കില്‍, ശരിയായ അഭിപ്രായം ഫര്‍ദ് നോമ്പുകള്‍ നോറ്റു വീട്ടാന്‍ ഇനിയും
സമയമുള്ളത് കൊണ്ട് അവന്‍റെ സുന്നത്ത് നോമ്പ് ശരിയാണ് എന്നതാണ്. കാരണം ഒരു
വ്യക്തിക്കും അടുത്ത റമദാനുമിടയില്‍ അയാളുടെ മേല്‍ നോറ്റുവീട്ടാന്‍
ബാധ്യതയായുള്ള അത്രയും ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന ഘട്ടം എത്തുന്നത്
വരെ അയാള്‍ക്ക് അത് നോറ്റു വീട്ടുവാനുള്ള സാവകാശം ഉണ്ട്. അതുകൊണ്ട് ആ
ഫര്‍ദ് നിര്‍വഹിക്കുവാനുള്ള സമയം അവശേഷിക്കുന്നത് വരെ സുന്നത്തുകള്‍
നിര്‍വഹിക്കല്‍ അനുവദനീയമാണ്. ഫര്‍ദ് നമസ്കാരം തന്നെ ഉദാഹരണം. ഫര്‍ദ്
നമസ്കാരത്തിന് മുന്‍പായി, അതിന്‍റെ സമയം ഇനിയും അവശേഷിക്കവെ ഒരാള്‍
സുന്നത്ത് നമസ്കാരങ്ങള്‍ നിര്‍വഹിച്ചാല്‍ അത് അനുവദനീയമാണ്. അതുകൊണ്ടുതന്നെ
റമദാനില്‍നിന്നുമുള്ള നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിനില്‍ക്കെ ആരെങ്കിലും
അറഫയോ, ആശൂറാ നോമ്പോ പിടിച്ചാല്‍ ആ നോമ്പ് ശരിയാണ്." - [مجموع فتاوى ابن عثيمين : 2/438].
അഥവാ
അയാളുടെ മേല്‍ നിര്‍ബന്ധ ബാധ്യതയായുള്ള നോമ്പ് നോറ്റു വീട്ടുക എന്നതാണ്
സുന്നത്ത് നോമ്പ് എടുക്കുന്നതിനെക്കാള്‍ ഉചിതം. എന്നാല്‍ ആരെങ്കിലും
നിര്‍ബന്ധ നോമ്പുകള്‍ നോറ്റു വീട്ടുന്നതിന് മുന്‍പായി സുന്നത്ത് നോമ്പുകള്‍
അനുഷ്ടിചാല്‍ അത് തെറ്റെന്ന് പറയാന്‍ സാധിക്കില്ല. ആ സുന്നത്ത്
നോമ്പുകള്‍ക്ക് പകരം വീട്ടാനുള്ള ഫര്‍ദ് നോമ്പുകള്‍ അനുഷ്ടിക്കലായിരുന്നു അഫ്ളല്‍ എന്ന് മാത്രം. ഇതാണ് ശൈഖിന്‍റെ ഫത്'വയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ചോദ്യം: റമദാനില്‍ നഷ്ടപ്പെട്ട ഫര്‍ദ് നോമ്പുകള്‍ നോറ്റു വീട്ടുന്ന ദിവസം,
അറഫ, ആശൂറാ തുടങ്ങിയ ദിനങ്ങള്‍ ഒത്തുവന്നാല്‍ രണ്ട് നോമ്പിന്‍റെയും
നിയ്യത്ത് ഒരുമിച്ച് വെക്കാന്‍ പാടുണ്ടോ ?.
www.fiqhussunna.com
ഉത്തരം:
إشتراك
النية എന്നാണ് ഫുഖഹാക്കള്‍ ഈ മസ്അലയെ വിളിക്കാറുള്ളത്. 'ഖവാഇദുല്‍
ഫിഖ്ഹിയ്യ' ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥങ്ങളില്‍ الأمور بمقاصدها എന്ന
ഖാഇദയുടെ കീഴിലാണ് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. ത്വലബതുല്‍
ഇല്‍മിന് കൂടുതല്‍ ഈ വിഷയസംബന്ധമായി പഠിക്കുവാന്‍ 'ഖവാഇദുല്‍ ഫിഖ്ഹിയ്യ'
വിശദീകരിക്കുന്ന ഗ്രന്ഥങ്ങളാണ് ഉപകരിക്കുക.
ഒരാള്‍ ഒരു ദിവസം ഫര്‍ദും സുന്നത്തും ഒരുമിച്ച് ഉദ്ദേശിച്ച് കൊണ്ട് നോമ്പ് എടുത്താല്‍, അത് ഫര്‍ദായാണോ, അതോ
സുന്നത്തായാണോ, അതോ അവ രണ്ടുമായാണോ പരിഗണിക്കപ്പെടുക എന്ന വിഷയത്തില്‍
ഫുഖഹാക്കള്‍ക്കിടയില്‍ വളരെ വിശാലമായ ചര്‍ച്ചയുണ്ട്. മാത്രമല്ല ഒരേ
കര്‍മത്തില്‍ ഫര്‍ദും സുന്നത്തും രണ്ടും ഒരുമിച്ച് ഉദ്ദേശിച്ചുകൊണ്ട്
പ്രവര്‍ത്തിക്കല്‍ അനുവദനീയമല്ല എന്നും ഫുഖഹാക്കള്‍
രേഖപ്പെടുത്തിയതായിക്കാണാം. ലജ്നതുദ്ദാഇമയുടെ അഭിപ്രായം ഇതാണ്.
ലജ്നയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം.:
"ഒന്ന് സുന്നത്ത് കിട്ടണം, രണ്ടാമത് ഫര്‍ദായ നോമ്പ് വീടണം എന്നിങ്ങനെ രണ്ട് നിയ്യത്തോടെ സുന്നത്തായ നോമ്പ് നിര്‍വഹിക്കാന്‍ പാടില്ല." - [ ഫത്'വയുടെ പൂര്‍ണരൂപം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.alifta.net/Fatawa/FatawaChapters.aspx?languagename=en&View=Page&PageID=3769&PageNo=1&BookID=7 ].
ഈ
വിഷയകമായി ഫുഖഹാക്കള്‍ക്കുള്ള വീക്ഷണ വ്യത്യാസങ്ങളും അതുമായി ബന്ധപ്പെട്ട
ചര്‍ച്ചയും ഈയൊരവസരത്തില്‍ പൂര്‍ണമായി ഇവിടെ ഉദ്ദരിക്കുക സാധ്യമല്ല.
ഏതായാലും
അറഫ, ആശൂറാ തുടങ്ങിയ ദിവസങ്ങളില്‍ ഫര്‍ദ് നോറ്റു വീട്ടാനുള്ളവര്‍ ഫര്‍ദ്
നോമ്പ് മാത്രം ഉദ്ദേശിച്ചുകൊണ്ട് നോമ്പ് നോല്‍ക്കുകയാണ് വേണ്ടത്.
എന്നാല്‍
ഫര്‍ദ് ഉദ്ദേശിച്ചുകൊണ്ടാണ് അയാള്‍ അത് നിറവേറ്റുന്നത് എങ്കിലും ആ
ദിവസത്തിന്‍റെ പ്രത്യേകമായ പ്രതിഫലം കൂടി അയാള്‍ക്ക് ലഭിക്കാന്‍ ഇടയുണ്ടോ
?.
അത്തരം ദിവസങ്ങളില്‍ അയാള്‍ ഫര്‍ദ് നോറ്റുവീട്ടുകയാണ്
ചെയ്യുന്നത് എങ്കില്‍ക്കൂടി അയാള്‍ക്ക് ആ ദിവസത്തിന്‍റെ പ്രത്യേകമായ
പ്രതിഫലവും ലഭിക്കുമെന്ന് ചില പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍
ഷാ അല്ലാഹ് സുന്നത്ത് നോമ്പിന്‍റെ പ്രതിഫലം കൂടി അല്ലാഹു അയാള്‍ക്ക്
അതോടൊപ്പം നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാരണം അയാള്‍ ഫര്‍ദിനെ
മുന്തിപ്പിച്ചത് അത് അയാളുടെ മേല്‍ ബാധ്യത ആയ കാര്യമായതുകൊണ്ടാണ്.
മാത്രമല്ല ഒരാള്‍ ഫര്‍ദ് ആയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതാണ് അല്ലാഹുവിന് സുന്നത്തിനേക്കാള്‍ ഇഷ്ടപ്പെട്ടത്.
അതുകൊണ്ട് ഫര്‍ദ് നോറ്റു വീട്ടുവാനുള്ളവര്‍ ഫര്‍ദ് മാത്രം
ഉദ്ദേശിച്ചുകൊണ്ട് ആ ദിവസം നോമ്പ് എടുക്കുകയാണ് വേണ്ടത്. എന്നാല്‍
പ്രതിഫലത്തില്‍ അതോടൊപ്പം ആ ദിവസത്തിലുള്ള മറ്റു പ്രത്യേക
പ്രതിഫലങ്ങള്‍കൂടി അല്ലാഹു അവര്‍ക്ക് നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇന്‍ ഷാ അല്ലാഹ്. അവന്‍ ഏറെ ഔദാര്യവാനാണ്. അല്ലാഹുവാണ് കൂടുതല്‍
അറിയുന്നവന്‍.
അതുകൊണ്ട് ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു
കാര്യം ഞാന്‍ ഫര്‍ദും സുന്നത്തും ഒരുമിച്ച് നോല്‍ക്കുന്നു എന്ന
ഉദ്ദേശത്തിലല്ല, മറിച്ച് ഫര്‍ദായ നോമ്പ് നോറ്റുവീട്ടുന്നു എന്ന
ഉദ്ദേശത്തോടെ മാത്രമാണ് ഫര്‍ദ് നോല്‍ക്കുന്നവര്‍ നോല്‍ക്കേണ്ടത്. കാരണം
ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഫര്‍ദും, സുന്നത്തും ഒരുമിച്ച്
നോല്‍ക്കുന്നു എന്ന് ഒരുമിച്ച് ഉദ്ദേശിച്ച് കൊണ്ട് ഒരാള്‍ ആ ദിവസം നോമ്പ്
എടുത്താല്‍ അയാളുടെ നോമ്പ് ഫര്‍ദായാണോ സുന്നത്തായാണോ പരിഗണിക്കപ്പെടുക,
അപ്രകാരം രണ്ടും ഒരുമിച്ച് ഉദ്ദേശിച്ചുകൊണ്ട് അമല്‍ ചെയ്യാന്‍ പാടുണ്ടോ
തുടങ്ങിയ വിഷയങ്ങളില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വളരെയധികം ചര്‍ച്ചയുണ്ട്.
അതുകൊണ്ട്
ഫര്‍ദ് വീട്ടാനുള്ളവര്‍ അത് മാത്രം ഉദ്ദേശിച്ചുകൊണ്ട് നോമ്പ് നോല്‍ക്കുക.
അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ആ ദിവസങ്ങളില്‍ ഫര്‍ദ് നിര്‍വഹിക്കുകയാണ്
എങ്കിലും ഒരുപക്ഷെ അല്ലാഹു അവര്‍ക്ക് ആ രണ്ട് പ്രതിഫലവും നല്‍കുമെന്നതിനെ
വ്യക്തമാക്കിക്കൊണ്ട് ശൈഖ് ഇബ്നു ഉസൈമീന്‍ (റ) വിവരിക്കുന്നത് കാണാം.
നേരത്തെ ഉദ്ദരിച്ച ഇബ്നു ഉസൈമീന്‍ (റ) യുടെ മറുപടിയുടെ ബാക്കി ഭാഗത്തില്‍ അദ്ദേഹം പറയുന്നു:
فمن صام يوم عرفة
، أو يوم عاشوراء وعليه قضاء من رمضان فصيامه صحيح ، لكن لو نوى أن يصوم هذا اليوم
عن قضاء رمضان حصل له الأجران : أجر يوم عرفة ، وأجر يوم عاشوراء مع أجر
القضاء ، هذا بالنسبة لصوم التطوع المطلق الذي لا يرتبط برمضان ، أما صيام ستة
أيام من شوال فإنها مرتبطة برمضان ولا تكون إلا بعد قضائه ، فلو صامها قبل القضاء
لم يحصل على أجرها ، لقول النبي صلى الله عليه وسلم : « من صام رمضان ثم أتبعه بست
من شوال فكأنما صام الدهر » ومعلوم أن من عليه قضاء فإنه لا يعد صائما رمضان حتى
يكمل القضاء ، وهذه مسألة يظن بعض الناس أنه إذا خاف خروج شوال قبل صوم الست فإنه
يصومها ولو بقي عليه القضاء ، وهذا غلط فإن هذه الستة لا تصام إلا إذا أكمل
الإنسان ما عليه من رمضان
"റമദാനില്‍നിന്നുമുള്ള
നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിനില്‍ക്കെ ആരെങ്കിലും അറഫയോ, ആശൂറാ നോമ്പോ
പിടിച്ചാല്‍ അവരുടെ നോമ്പ് ശരിയാണ്. പക്ഷെ ആ ദിവസങ്ങളില്‍ റമദാനിലെ
നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റു വീട്ടാനാണ് അവര്‍ തീര്‍ച്ചയാക്കിയത്
എങ്കില്‍ അവര്‍ക്ക് രണ്ട് പ്രതിഫലം ലഭിക്കും: ഒന്ന് തങ്ങളുടെ മേലുള്ള
ഫര്‍ദ് നോമ്പ് വീട്ടിയതിന്‍റെ പ്രതിഫലവും, രണ്ടാമത് അറഫാ ദിനത്തിന്‍റെയും,
ആശൂറാ ദിനത്തിന്‍റെയും പ്രതിഫലവും. റമദാനുമായി ബന്ധപ്പെടുത്തപ്പെടാത്ത
സ്വതന്ത്രമായ സുന്നത്ത് നോമ്പുകളുടെ കാര്യത്തിലാണിത്. എന്നാല്‍ ശവ്വാലിലെ
ആറു നോമ്പ് റമദാനുമായി ബന്ധപ്പെടുത്തപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ
റമദാനിലെ നോമ്പ് പൂര്‍ത്തിയാക്കിയിട്ടല്ലാതെ അത് നിര്‍വഹിക്കാവതല്ല.
റമദാനിലെ നോമ്പ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഒരാള്‍ അത്
നിര്‍വഹിച്ചാല്‍ അതിന്‍റെ പ്രതിഫലം ലഭിക്കില്ല. കാരണം നബി (സ) പറയുന്നു:
"റമദാനിലെ നോമ്പ് നോല്‍ക്കുകയും, ശേഷം ശവ്വാലിലെ ആറു ദിനങ്ങള്‍ നോമ്പ്
നോല്‍ക്കുകയും ചെയ്‌താല്‍ അയാള്‍ ആ വര്‍ഷം മുഴുവന്‍ നോമ്പ്
നോറ്റവനെപ്പോലെയാണ്". എന്നാല്‍ നമുക്കറിയാം, റമദാനിലെ നോമ്പുകള്‍
നോറ്റുവീട്ടാന്‍ ബാക്കിയുള്ളവന്‍ അത് നോറ്റുവീട്ടുന്നത് വരെ റമദാന്‍
പൂര്‍ണമായി നോമ്പ് നോറ്റവനായി പരിഗണിക്കപ്പെടുകയില്ല. ഈ വിഷയത്തില്‍, ചില
ആളുകള്‍ കരുതുന്നത്, ആറു നോമ്പ് നിര്‍വഹിക്കുന്നതിന് മുന്‍പേ ശവ്വാല്‍
അവസാനിക്കുമെന്ന് ഭയന്നാല്‍, അയാള്‍ക്ക് റമദാനിലെ നോമ്പ് നോറ്റുവീട്ടാന്‍
ബാക്കിയുണ്ടെങ്കിലും ആറു നോമ്പ് നോറ്റുകൊള്ളട്ടെ എന്ന നിലക്കാണ്. എന്നാല്‍
അത് ശരിയല്ല. റമദാനിലെ നോമ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടല്ലാതെ ആ ആറു
ദിവസത്തെ നോമ്പുകള്‍ നിര്‍വഹിക്കാവതല്ല." - [مجموع فتاوى ابن عثيمين : 2/438].
അതുപോലെ
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഫര്‍ദ് നോമ്പ് നോറ്റു വീട്ടാന്‍
ഉദ്ദേശിക്കുന്നവര്‍ നോമ്പ് എടുക്കുന്ന ദിവസം സുബഹിക്ക് മുന്പായിത്തന്നെ
നാളെ ഞാന്‍ റമദാനിലെ നോമ്പ് നോറ്റു വീട്ടുമെന്ന തീരുമാനമെടുത്തിരിക്കണം.
കാരണം നോമ്പ് സമയം ആരംഭിച്ച ശേഷം ഇന്ന് ഞാന്‍ ഫര്‍ദ് നോമ്പ് എടുക്കുന്നു
എന്ന് തീരുമാനിക്കാനുള്ള അനുവാദമില്ല. കാരണം ഫര്‍ദ് നോമ്പുകള്‍ക്ക് നോമ്പ്
സമയം ആരംഭിക്കുന്നതിന് മുന്‍പായിത്തന്നെ നോമ്പ് നോല്‍ക്കാനുള്ള തീരുമാനം
എടുത്തിരിക്കണം എന്ന നിബന്ധനയുണ്ട്. നോമ്പ് സമയം ആരംഭിച്ച ശേഷവും നോമ്പ്
എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അനുവാദം സുന്നത്ത് നോമ്പിന്
മാത്രണ്. അതുപോലെ ഫര്‍ദ് നോമ്പ് നോല്‍ക്കുന്നവര്‍ അകാരണമായി നോമ്പ്
ഉപേക്ഷിക്കാനോ, ആരെങ്കിലും ഭക്ഷണത്തിന് ക്ഷണിചാല്‍ നോമ്പ് മുറിക്കാനോ
പാടില്ല. ഇത് കൂടി നാം ശ്രദ്ധിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ...
ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ച സുപ്രധാന കാര്യങ്ങള്‍:
- റമദാനിലെ
നോമ്പ് ബാക്കി നില്‍ക്കെ സുന്നത്ത് നോമ്പുകള്‍ അനുഷ്ടിക്കാമോ എന്ന
വിഷയത്തില്‍ ഫുഖഹാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്.
- അതില്‍
പ്രബലമായ അഭിപ്രായം റമദാനിലെ നോമ്പ് നോറ്റു വീട്ടുവാന്‍ സമയം ബാക്കി
നില്‍ക്കുന്നുണ്ട് എങ്കില്‍ അത് അനുവദനീയമാണ് എന്നുള്ളതാണ്. എന്നാല്‍
സുന്നത്ത് നോമ്പുകള്‍ക്ക് മുന്‍പ് ഫര്‍ദ് നോമ്പുകള്‍ നോല്‍ക്കുക എന്നതാണ്
അഫ്ളല്‍. ഈ രണ്ട് കാര്യവും പൂരിപക്ഷാഭിപ്രായം കൂടിയാണ്.
- റമദാനിലെ
നോമ്പ് നോറ്റു വീട്ടുവാന്‍ ബാക്കിയുള്ളവര്‍ അത് മാത്രം ഉദ്ദേശിച്ചുകൊണ്ട്
നോമ്പ് എടുക്കുക. ആ ദിവസം സുന്നത്ത് നോമ്പ് കൂടി ഉള്ള ദിവസമാണ് എങ്കില്‍
അല്ലാഹു അതിന്‍റെ കൂടി പ്രതിഫലം നല്‍കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍
സുന്നത്തും ഫര്‍ദും രണ്ടും നിയ്യത്താക്കിക്കൊണ്ട് നോല്‍ക്കരുത്. കാരണം അത്
ഫര്‍ദായാണോ സുന്നത്തായാണോ പരിഗണിക്കപ്പെടുക എന്നതില്‍
പണ്ഡിതന്മാര്‍ക്കിടയില്‍ വലിയ അഭിപ്രായഭിന്നതയുണ്ട്.
- ഫര്‍ദ്
നോമ്പ് ഉദ്ദേശിക്കുന്നവര്‍ സുബഹിക്ക് മുന്‍പായിത്തന്നെ നോമ്പ്
നോല്‍ക്കാന്‍ കരുതിയവരായിരിക്കണം. എന്നാല്‍ സുന്നത്ത് നോമ്പ് നോല്‍ക്കാന്‍
സൂര്യന്‍ ഉദിച്ച ശേഷവും ഒരാള്‍ക്ക് തീരുമാനമെടുക്കാം.
- ശവ്വാലിലെ ആറു നോമ്പ് റമദാന്‍ പൂര്‍ണമായി പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമാണ്.
അല്ലാഹു അനുഗ്രഹിക്കട്ടെ...