Tuesday, May 28, 2019

തറാവീഹും ഖിയാമുല്ലൈലും - ലഘുവിവരണം




الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഈയിടെയായി ഒരുപാട് പേർ ചോദിക്കുന്ന ചോദ്യമാണ് ഖിയാമുല്ലൈലും തറാവീഹും രണ്ടും രണ്ടാണോ അതോ ഒന്നാണോ ?. ഇനി ഒരു പള്ളിയിൽ തറാവീഹ് നമസ്കരിച്ച ശേഷം പിന്നെ അതേ പള്ളിയിൽ ഖിയാമുല്ലൈൽ നമസ്കരിക്കുന്നത് അനുവദിക്കപ്പെട്ട കാര്യമാണോ ?. തുടങ്ങിയ ചോദ്യങ്ങൾ.

എൻ്റെ പ്രിയ ഉസ്താദും തീസിസ് ഗൈഡും കൂടിയായ ശൈഖ് ഡോ. ഹമദ് അൽ ഹാജിരി ഈ വിഷയത്തിൽ എഴുതിയ കുറിപ്പിനെ കൂടി ആസ്പദമാക്കിയാണ് ഈ വിശദീകരണം രേഖപ്പെടുത്തുന്നത്.

www.fiqhussunna.com

       ഈയിടെയായി തറാവീഹ് ജമാഅത്തായി പള്ളിയിൽ നിന്നും നിർവഹിക്കുന്നത് തന്നെ ബിദ്അത്താണ് എന്ന് പറഞ്ഞുകൊണ്ട് അബദ്ധജഢിലമായ ഒരു ലേഖനം വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നത് പല സഹോദരങ്ങളും അയച്ചുതന്നിരുന്നു. യഥാർത്ഥത്തിൽ നബി (സ) യാണ് നമുക്ക് തറാവീഹ് ജമാഅത്തായി നമസ്കരിച്ച് കാണിച്ചുതന്നത്. മൂന്ന് ദിവസമേ അദ്ദേഹം അപ്രകാരം പള്ളിയിൽ വെച്ച് കാണിച്ച് തന്നിട്ടുള്ളൂ. എന്നാൽ അതിനു ശേഷം സ്വഹാബത്ത് ഒറ്റക്കൊറ്റക്കും ജമാഅത്തായും പള്ളിയിൽ വെച്ച് നമസ്കരിക്കാറുണ്ടായിരുന്നു.  വ്യത്യസ്ഥ ജമാഅത്തുകളായി ഒരേ പള്ളിയിൽ നമസ്കരിക്കുന്നത് കണ്ടപ്പോൾ ഉമർ (റ) അവരെ ഒരു ഇമാമിന്റെ കീഴിൽ ജമാഅത്തായി നമസ്‌കരിക്കാൻ കല്പിച്ചു. ഇബാദത്തുമായി ബന്ധപ്പെട്ട തൗഖീഫിയായ ഒരു വിഷയത്തിൽ ഉമർ (റ) അപ്രകാരം ഒരു തീരുമാനം സ്വന്തമായി എടുത്തതല്ല മറിച്ച് നബി (സ) അദ്ധ്യാപനം അനുസരിച്ചാണ് എന്നത്  ഉസ്വൂലുൽ ഫിഖ്ഹിന്റെ പ്രാഥമിക വിവരമുള്ള ആർക്കും അറിയാവുന്ന കാര്യമാണ്. മാത്രമല്ല മറ്റു സ്വഹാബാക്കൾ അതിനെ എതിർക്കാത്ത പക്ഷം അത് അവർക്കിടയിലുള്ള ഇജ്‌മാആയി കണക്കാക്കപ്പെടുകയും ചെയ്യുന്നു.  അതുകൊണ്ടുതന്നെ തറാവീഹ് പള്ളിയിൽ വെച്ച് നമസ്കരിക്കുന്നത് തന്നെ പുത്തൻ ആചാരമാണ് എന്ന് പറയുന്നത് അങ്ങേയറ്റം അബദ്ധജഢിലവും അറിവില്ലായ്മയുടെ ആഴം വ്യക്തമാക്കുന്ന   ഒരു കാര്യവുമായതുകൊണ്ടുതന്നെ മറുപടി അർഹിക്കുന്നില്ല. മാത്രമല്ല ഈ ലേഖനത്തിൽ നാം ഉദ്ദരിച്ചിരിക്കുന്ന സ്വഹാബിയായ ത്വൽഖു ബ്‌നു അലി (റ)  അദ്ദേഹം ഒരേ രാത്രിയിൽ രണ്ട് പ്രദേശത്തുകാർക്ക് ഇമാമായി നമസ്കരിച്ച സംഭവം ഈ വിഷയത്തിലും സ്വഹാബത്ത് തറാവീഹ് നമസ്‌കാരം ജമാഅത്തായി നമസ്കരിച്ചിരുന്നു എന്നതിന് തെളിവാണ്.

നബി (സ) മൂന്ന് ദിവസം സ്വഹാബാക്കൾക്കൊപ്പം പള്ളിയിൽ വെച്ച് ജമാഅത്തായി തറാവീഹ് നമസ്കരിച്ചു. മൂന്നാം ദിവസം പള്ളി നിറഞ്ഞുകവിഞ്ഞു. പിന്നീട് അതൊരു നിർബന്ധ നമസ്കാരത്തെപ്പോലെയായിത്തീരുകയും ആളുകൾക്ക് പ്രയാസമായിത്തീരുകയും ചെയ്യുമെന്നതിനാൽ നബി (സ)   പള്ളിയിൽ വെച്ച് ജമാഅത്തായി നിർവഹിക്കുന്നത് അവസാനിപ്പിച്ചുവെന്ന് ഹദീസിൽ സ്പഷ്ടമായി വന്നിട്ടുണ്ട്. എന്നാൽ അത് ജമാഅത്തായി നമസ്കരിക്കുന്നതിനോ റമദാനിൽ പള്ളിയിൽ വെച്ച് ജമാഅത്തായി നമസ്കരിക്കുന്നതിനോ വിലക്കൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് സ്വഹാബത്ത് ചിലരൊക്കെ ജമാഅത്തായും മറ്റു ചിലർ ഒറ്റക്കൊറ്റകായുമൊക്കെ പള്ളിയിൽ വെച്ച് അത് നിർവഹിച്ചു പോന്നത്. ഒരേ സമയം ഒന്നിലധികം ജമാഅത്തുകളും ഒറ്റക്കൊറ്റക്ക് നമസ്കരിക്കുന്നവരേയും കണ്ടപ്പോഴാണ് ഉമർ (റ) നബി (സ) കാണിച്ചുതന്നത് പോലെ ഒരു ഇമാമിൻ്റെ കീഴിൽ ഒരു ജമാഅത്തായി നമസ്കരിക്കാൻ അവരോട് ആവശ്യപ്പെട്ടത്.

وَعَنْ عَبْدِ الرَّحْمَنِ بْنِ عَبْدٍ الْقَارِيِّ قَالَ: خَرَجْتُ مَعَ عُمَرَ بْنِ الْخَطَّابِ - رضي الله عنه - لَيْلَةً فِي رَمَضَانَ إِلَى الْمَسْجِدِ , فَإِذَا النَّاسُ أَوْزَاعٌ مُتَفَرِّقُونَ , يُصَلِّي الرَّجُلُ لِنَفْسِهِ , وَيُصَلِّي الرَّجُلُ فَيُصَلِّي بِصَلَاتِهِ الرَّهْطُ , فَقَالَ عُمَرُ: إِنِّي أَرَى لَوْ جَمَعْتُ هَؤُلَاءِ عَلَى قَارِئٍ وَاحِدٍ لَكَانَ أَمْثَلَ , ثُمَّ عَزَمَ فَجَمَعَهُمْ عَلَى أُبَيِّ بْنِ كَعْبٍ - رضي الله عنه - , ثُمَّ خَرَجْتُ مَعَهُ لَيْلَةً أُخْرَى وَالنَّاسُ يُصَلُّونَ بِصَلَاةِ قَارِئِهِمْ , فَقَالَ عُمَرُ: نِعْمَتِ الْبِدْعَةُ هَذِهِ , وَالَّتِي يَنَامُونَ عَنْهَا أَفْضَلُ مِنْ الَّتِي يَقُومُونَ - يُرِيدُ آخِرَ اللَّيْلِ - وَكَانَ النَّاسُ يَقُومُونَ أَوَّلَهُ.

അബ്‌ദുറഹ്‌മാൻ ബ്ൻ അബ്ദുൽ ഖാരി നിവേദനം: ഞാൻ റമളാനിലെ ഒരു രാവിൽ ഉമർ ബ്ൻ ഖത്താബ് (റ) വിനോടൊപ്പം പള്ളിയിലേക്ക് പോയി. ആളുകൾ വേറെവേറെയായി അവിടെ രാത്രി നമസ്കാരം നിർവഹിക്കുന്നുണ്ടായിരുന്നു. ചിലർ ഒറ്റക്ക് നമസ്‌കരിക്കുന്നു. മറ്റു ചിലർ അവരോടൊപ്പം ചെറു സംഘം അവരെ പിന്തുടർന്ന് നമസ്കരിക്കുന്നു. അപ്പോൾ ഉമർ (റ) പറഞ്ഞു: അവരെയെല്ലാം ഒരു ഖാരിഇൻ്റെ കീഴിൽ ഒരുമിപ്പിച്ചാൽ കൂടുതൽ നന്നാകും. അങ്ങനെ അദ്ദേഹം അത് തീരുമാനിക്കുകയും ഉബയ്യ് ബ്ൻ കഅബ് (റ) വിൻ്റെ നേതൃത്വത്തിൽ അവരെ ഒരു ജമാഅത്താക്കുകയും ചെയ്തു. ശേഷം മറ്റൊരു രാവിൽ ഞാൻ അദ്ദേഹത്തോടൊപ്പം പള്ളിയിലേക്ക് പോയി. ആളുകൾ അവരുടെ ഖാരിഇനോടൊപ്പം ജമാഅത്തായി നമസ്‌കരിക്കുകയായിരുന്നു. അപ്പോൾ ഉമർ (റ) പറഞ്ഞു: ഇതെത്ര നല്ല തുടക്കമാണ്. എന്നാൽ ഇപ്പോൾ നിന്ന് നമസ്കരിക്കുന്നവരേക്കാൾ ഉറങ്ങി എഴുന്നേറ്റ് നമസ്കരിക്കുന്നതാണ് കൂടുതൽ ശ്രേഷ്ഠം. ആളുകൾ അതിൻ്റെ  ആദ്യ സമയത്താണ് നമസ്കരിച്ചിരുന്നത്". - (مختصر صحيح البخاري: 950)

എന്നാൽ നാം ചർച്ച ചെയ്യുന്ന വിഷയം അതല്ല. തറാവീഹ് നമസ്കാരം ഒരാൾ പള്ളിയിൽ വെച്ച് ജമാഅത്തായി നമസ്കരിച്ചാൽ അയാൾക്ക് ശേഷം ഖിയാമുല്ലൈൽ നമസ്‌കരിക്കാമോ ?. അതുപോലെ പള്ളിയിൽ തറാവീഹ് ജമാഅത്ത് നമസ്കാരം നടന്ന ശേഷം പിന്നെ ഖിയാമുല്ലൈൽ എന്ന പേരിൽ രാത്രി വൈകി നമസ്കരിക്കുന്നത് ബിദ്അത്താകുമോ ?. തുടങ്ങിയ കാര്യങ്ങളാണ്.

രാത്രി നമസ്കാരത്തിന്റെ ശ്രേഷ്ഠത  നമുക്കൊക്കെ അറിയാമല്ലോ. ഏറെ പ്രതിഫലാർഹമായ, പരിശുദ്ധ റമളാനിൽ ഏറെ  പ്രോത്സാഹിപ്പിക്കപ്പെട്ട, നബി (സ) റമളാനിൽ പള്ളിയിൽ വെച്ച് മൂന്ന് ദിവസം ലഘുവായും, മിതമായും, സുദീർഘമായും നമസ്കരിച്ച് കാണിച്ചുകൊടുത്ത നമസ്കാരം റമളാനിൽ നിലനിർത്തുന്നവന് പ്രത്യേകം പ്രതിഫലം തന്നെ  ഹദീസിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്:

"مَنْ قامَ رمضانَ إيماناً واحتِساباً؛ غُفِرَ لهُ ما تَقدَّمَ من ذنبه".
"ഈമാനോട് കൂടിയും പ്രതിഫലേച്ഛയോടുകൂടിയും ആരെങ്കിലും പരിശുദ്ധ റമളാനിൽ രാത്രി നമസ്കാരം നിർവഹിച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടും" - [مختصر صحيح البخاري: 949].

"من قام ليلة القدر إيماناً واحتساباً غفره ما تقدم من ذنبه" 

"ഈമാനോട് കൂടിയും പ്രതിഫലേച്ഛയോടുകൂടിയും ആരെങ്കിലും ലൈലത്തുൽ ഖദ്റിൻ്റെ രാവിൽ രാത്രി നമസ്കാരം നിർവഹിച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടും" - [صحيح البخاري: 1901].

ഇശാ നമസ്കാരാനന്തരം മുതൽ ഫജ്ർ നമസ്കാരത്തിന് സമയമാകുന്നത് വരെ രാത്രി നമസ്കാരത്തിന്റെ സമയമാണ് എന്നത് തർക്കമില്ലാത്ത വിഷയമാണ്. മാത്രമല്ല രാവിൻറെ ആദ്യ സമയത്തേക്കാൾ അതിൻ്റെ അവസാനഭാഗം കൂടുതൽ ശ്രേഷ്ഠതയേറിയ സമയമാണ് എന്നതും തർക്കമില്ലാത്ത ഹദീസുകളിലൂടെ പഠിപ്പിക്കപ്പെട്ട കാര്യമാണ്. സ്വാഭാവികമായും ആളുകൾ ഈ ശ്രേഷ്ഠമായ സമയങ്ങളിൽ ഇബാദത്തുകളിൽ മുഴുകുന്നതിന്റെ ഭാഗമായി നമസ്കാരം കൊണ്ട് അതിനെ ജീവിപ്പിക്കുന്നു. അതിൻ്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ പൊതുവേയും, നമ്മുടെ നാട്ടിലൊക്കെ ചില പള്ളികളിലും റമളാൻ അവസാനത്തെ പത്തിന് പള്ളിയിൽ സാധാരണ ഇശാനമസ്കാരശേഷം ആളുകൾ തറാവീഹ് എന്ന് പറയാറുള്ള ജമാഅത്തും, രാത്രി വൈകിയ വേളയിൽ  ആളുകൾ ഖിയാമുല്ലൈൽ എന്ന് പറയാറുള്ള ജമാഅത്തും നടക്കുന്നു. സ്വാഭാവികമായും ചില ചോദ്യങ്ങൾ ഇവിടെ നമുക്ക് ഉണ്ടാകാം... താൻ ചെയ്യുന്ന കർമ്മങ്ങൾ നബി (സ) അദ്ധ്യാപനങ്ങളനുസരിച്ചുള്ളവയായിരിക്കണം എന്ന നല്ല ചിന്തയിൽ നിന്നുമുത്തിക്കുന്ന ന്യായമായ ചോദ്യങ്ങളാണവ. അതുകൊണ്ടുതന്നെ ആ സംശയങ്ങളും അതിനുള്ള മറുപടിയും നമുക്ക് ചർച്ച ചെയ്യാം:

ആശങ്കകൾ ഇവയാണ്:

ഒന്ന്: രാത്രി നമസ്കാരത്തെ തറാവീഹ് എന്നും ഖിയാമുല്ലൈൽ എന്ന് വേർതിരിക്കുന്നതും അവ രണ്ട് പേരുകളിൽ അറിയപ്പെടുന്നതും പുതുതായുണ്ടായതല്ലേ ?.

രണ്ട്: നബി (സ) രാത്രിയുടെ ആദ്യസമയത്തെ രാത്രിനമസ്കാരവും രാത്രിയുടെ അവസാന സമയത്തെ നമസ്കാരവും എന്ന രൂപത്തിൽ വ്യത്യസ്ഥ സമയങ്ങളിൽ വേർതിരിച്ച് നമസ്കരിച്ചിട്ടില്ല.

മൂന്ന്: അവസാനത്തെ പത്തിൽ മാത്രം പ്രത്യേകമായി രാത്രി വൈകി ഖിയാമുല്ലൈൽ നമസ്കരിക്കുന്നത് ശരിയാണോ ?.

നാല്: തറാവീഹ് നമസ്കരിച്ച ഒരാൾക്ക് ഖിയാമുല്ലൈലിൽ പങ്കെടുക്കാമോ ?.

ഒന്നാമതായി: താറാവീഹ് എന്ന പേര് തന്നെ അല്ലെങ്കിൽ തഹജ്ജുദ് എന്നത് പ്രത്യേകമായി വ്യത്യസ്ഥ നമസ്കാരങ്ങൾക്കായി വന്ന പേരല്ല. തറാവീഹ് എന്ന പേര് ഖുർആനിലോ ഹദീസിലോ സ്ഥിരപ്പെട്ട് വന്നിട്ടില്ല. രാത്രിയുടെ ആദ്യസമയത്ത് സുദീർഘമായ നമസ്കരിച്ച് അവക്കിടയിൽ അൽപ സമയം വിശ്രമം എടുക്കുന്നത് കൊണ്ടാണ് മുൻഗാമികൾ 'തറാവിഹ്' എന്ന പേര് അതിന് നൽകിയത്. ആഇശ (റ) യിൽ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസിൽ ഇതിലേക്കുള്ള സൂചനകൾ കാണാം:

عَنْ عَائِشَةَ رَضِىَ اللَّهُ عَنْهَا قَالَتْ : كَانَ رَسُولُ اللَّهِ -صلى الله عليه وسلم- يُصَلِّى أَرْبَعَ رَكَعَاتٍ فِى اللَّيْلِ ، ثُمَّ يَتَرَوَّحُ

ആഇശാ (റ) യിൽ നിവേദനം: "നബി (സ) രാത്രി നമസ്കാരം നാല് റകഅത്ത് നമസ്കരിച്ചുകഴിഞ്ഞാൽ അല്പം വിശ്രമിക്കുമായിരുന്നു".  - [ السنن الكبرى للبيهقي: 4807].

ഇവിടെ (يَتَرَوَّح) 'യതറവ്വഹ്' വിശ്രമിക്കുമായിരുന്നു  എന്ന് ഉമ്മുൽ മുഅമിനീൻ ആഇശ (റ) പ്രയോഗിച്ചിരിക്കുന്നത് കാണാം. ഇടയിൽ വിശ്രമിക്കുന്ന നമസ്കാരം എന്നതാണ് 'തറാവീഹ്' എന്നതുകൊണ്ട് പൂർവ്വികർ ഉദ്ദേശിച്ചുവന്നത് എന്ന് മനസ്സിലാക്കാം.

ഇനി (تهجد) തഹജ്ജുദ് എന്ന പ്രയോഗം.. ഇത് വിശുദ്ധ ഖുർആനിൽ നമുക്ക് കാണാം   

وَمِنَ اللَّيْلِ فَتَهَجَّدْ بِهِ نَافِلَةً لَكَ عَسَى أَنْ يَبْعَثَكَ رَبُّكَ مَقَامًا مَحْمُودًا

"രാത്രിയില്‍ നിന്ന്‌ അല്‍പസമയം നീ ഉറക്കമുണര്‍ന്ന്‌ അതോടെ ( ഖുര്‍ആന്‍ പാരായണത്തോടെ ) നമസ്കരിക്കുകയും ചെയ്യുക. അത്‌ നിനക്ക്‌ കൂടുതലായുള്ള ഒരു പുണ്യകര്‍മ്മമാകുന്നു. നിന്‍റെ രക്ഷിതാവ്‌ നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത്‌ നിയോഗിച്ചേക്കാം". - (سورة الإسراء: 79).

അതുകൊണ്ട് പൊതുവേ ഉറക്കമുണർന്ന് രാത്രി നമസ്കാരം നിർവഹിക്കുന്നതിന് പൂർവ്വികർ 'തഹജ്ജുദ്' എന്ന് പ്രയോഗിച്ച് പോന്നു.

 ഇനി ഖിയാമുല്ലൈൽ എന്ന പടവും ഇപ്രകാരം തന്നെ. രാത്രിയുടെ ആദ്യത്തിലോ അവസാനത്തിലോ മധ്യത്തിലോ ആകട്ടെ 'രാത്രിനമസ്കാരം' ഖിയാമുല്ലൈൽ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇത് ഹദീസിൽ പരാമർശിക്കപ്പെട്ടിട്ടുമുണ്ട്:

عن عبدِ الله بنِ عَمْروِ بنِ العاصِ رضي الله عنهما قالَ: قالَ لي رسولُ الله - صلى الله عليه وسلم -: "يا عبدَ الله! لا تَكُنْ مثلَ فلانٍ، كانَ يقومُ الليلَ فترَك قيامَ الليلِ"

അബ്ദുല്ലാഹ് ബ്ൻ അംറു ബ്നുൽ ആസ് (റ) നിവേദനം: നബി (സ) എന്നോട് ഇപ്രകാരം പറഞ്ഞു: "അല്ലയോ അബ്‌ദല്ലാഹ് ... രാത്രി നമസ്‌കാരം സ്ഥിരമായി നിർവഹിക്കുകയും പിന്നീട് 'ഖിയാമുല്ലൈൽ' ഉപേക്ഷിക്കുകയും ചെയ്തവനെപ്പോലെ നീയാകരുത്". - (مختصر صحيح البخاري: 575).

ഇവിടെ രാത്രിയുടെ ഏത് സമയത്താകട്ടെ രാത്രിനമസ്കാരം നിർവഹിക്കുക എന്നത് മാത്രമാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം. എന്നാൽ ഇന്ന് പൊതുവേ രാത്രി വൈകിയ ശേഷം നമസ്കരിക്കുന്നതിന് ആളുകൾ 'ഖിയാമുല്ലൈൽ' എന്ന് പ്രയോഗിക്കുന്നു. അതായത് രാത്രി വൈകിയും നമസ്കാരത്തിൽ മുഴുകുന്ന ഒന്നായതുകൊണ്ട് അങ്ങനെ പ്രയോഗിച്ചു എന്ന് മാത്രം.

ഏതായാലും ആളുകൾ അവരുടെ സൗകര്യാർത്ഥം വ്യത്യസ്ഥ പേരുകൾ പ്രയോഗിച്ചു എന്നതല്ലാതെ ഒന്നിന് തറാവീഹ് എന്നും മറ്റൊന്നിന് ഖിയാമുല്ലൈൽ എന്നും പ്രയോഗിച്ചു എന്നത് അവയെല്ലാം രാത്രിനമസ്‌കാരമെന്ന ഒരേ ഗണത്തിൽപ്പെടുന്നുവെന്നതിനെ നിരാകരിക്കുന്നില്ല. ഇനി പല നാടുകളിലും അതിന് വ്യത്യസ്ഥ പ്രയോഗങ്ങളും ഉണ്ടായിരിക്കാം. എന്നാൽ അതുകൊണ്ടൊക്കെ ഉദ്ദേശിക്കുന്നത് രാത്രിനമസ്കാരം എന്ന കർമ്മമാണെന്നിരിക്കെ പേരുകളെ ആസ്‌പദമാക്കി വിധിപറയൽ അപ്രസക്തമാണ്. ഇനി രാത്രിയുടെ ആദ്യത്തിൽ നമസ്കരിക്കുന്നതിന് തഹജ്ജുദ് എന്നോ, ഉറങ്ങി എഴുന്നേറ്റ് നമസ്കരിക്കുന്നതിന് തറാവീഹ് എന്നോ പ്രയോഗിക്കപ്പെട്ടാലും മാറ്റമൊന്നും സംഭവിക്കുന്നില്ല എന്നർത്ഥം.

രണ്ടാമതായി: നബി (സ) രാത്രിയുടെ ആദ്യത്തിൽ കുറച്ചും പിന്നെ അവസാനത്തിൽ കുറച്ചും എന്ന രൂപത്തിൽ നമസ്കരിച്ചിട്ടുണ്ടോ ?. അഥവാ ഇന്ന് ചെയ്യുന്നപോലെ ആദ്യം ഇശാ നമസ്കാരശേഷം നമസ്കരിച്ച് പിന്നെ രാത്രി വൈകി വീണ്ടും നമസ്കരിക്കുമ്പോൾ , അതിനിടയിൽ അത്രയും സമയം ഗ്യാപ്പ് വരുന്ന രൂപത്തിൽ നബി (സ) നമസ്കരിച്ചിട്ടുണ്ടോ ?.

രാത്രിയുടെ മുഴുവൻ സമയവും രാത്രി നമസ്കാരത്തിന് അനുവദിക്കപ്പെട്ട സമയമാണ് എന്ന് നബി (സ) പഠിപ്പിച്ചിരിക്കെ ഈ ചോദ്യം ഒരർത്ഥത്തിൽ അപ്രസക്തമാണ്. ഒരാൾക്ക് നമസ്കരിച്ച് കിടക്കാം. ഇനി കിടന്ന ശേഷം പിന്നെ എഴുന്നേറ്റ് നമസ്കരിക്കാം. കുറച്ച് നമസ്കരിച്ച് കിടക്കുകയോ വിശ്രമിക്കുകയോ ചെയ്ത ശേഷം  പിന്നെ നമസ്കരിക്കാം. ഇടയിൽ ഗ്യാപ്പ് വന്നു എന്നതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. മാത്രമല്ല ഇനി ഹദീസിലും നബി (സ) കുറച്ച് നമസ്കരിച്ച് കിടന്ന ശേഷം വീണ്ടും എഴുന്നേറ്റ് നമസ്കരിച്ചതായിത്തന്നെ കാണാം:

عن ابن عباس: أنه بات عند خالته ميمونة، فجاء النبي - صلى الله عليه وسلم - بعد العشاء الآخرة، فصلى أربعاً، ثم نام، ثم قام، فقال: "أنامَ الغُلام؟ "، أوكلمة نحوها، قال: فقام يصلي، فقمت عن يساره، فأخذني فجعلني عن يمينه، ثم صلى خمساً، ثم نام حتى سمعتُ غَطيطه أو خَطيطه، ثم خرج فصلى.

ഇബ്നു അബ്ബാസ് (റ) നിവേദനം: ഞാൻ എൻ്റെ മാതൃസഹോദരി മൈമൂന (റ) യുടെ അരികിൽ താമസിച്ചു. നബി (സ) ഇശാ നമസ്കാരശേഷം അവിടേക്ക് വന്നു. അദ്ദേഹം നാലു റകഅത്ത് നമസ്കരിച്ച ശേഷം ഉറങ്ങി. പിന്നെ എഴുന്നേറ്റ ശേഷം "അവനുറങ്ങിയോ" എന്നോ മറ്റോ ചോദിച്ചു. അങ്ങനെ അദ്ദേഹം നമസ്കരിക്കാനായി നിന്നു. അദ്ദേഹത്തിൻ്റെ ഇടതുവശത്തായി ഞാനും നിന്നു. അദ്ദേഹം എന്നെ പിടിച്ച് വലതുവശത്തേക്ക് നീക്കി. എന്നിട്ടദ്ദേഹം അഞ്ചു റകഅത്തുകൾ നമസ്‌കരിച്ചു. ശേഷം അദ്ദേഹം ഉറങ്ങാൻ കിടക്കുകയും കൂർക്കം വലിക്കുന്ന ശബ്ദം ഞാൻ കേൾക്കുകയും ചെയ്‌തു. പിന്നെ അദ്ദേഹം എഴുന്നേറ്റ് നമസ്കരിക്കാനായി പോയി നമസ്കരിച്ചു". - (مسند أحمد: 3169) .


ഈ ഹദീസിൽ നബി (സ) നാല് റകഅത്ത് നമസ്കരിച്ച ശേഷം ഉറങ്ങുകയും പിന്നെ എഴുന്നേറ്റ് 5 റകഅത്ത് കൂടി നമസ്കരിക്കുകയും ചെയ്തത് കാണാം. മാത്രമല്ല വീട്ടിലുള്ളവർക്ക് റമളാനിലാകട്ടെ അല്ലാത്ത സന്ദർഭത്തിലാകട്ടെ ജമാഅത്തായി രാത്രി നമസ്കാരം നിർവഹിക്കാം എന്നും മനസ്സിലാക്കാം.

മാത്രമല്ല ഉമർ ബ്ൻ ഖത്താബ് (റ) വിൽ നിന്നും ഇമാം ബുഖാരി ഉദ്ദരിച്ച ഹദീസിൽ, അദ്ദേഹം ആളുകളോട് പള്ളിയിൽ വേറെ വേറെ ജമാഅത്തായി ഒരേ സമയം നമസ്കരിക്കുന്നവരോട് ഒരു ഇമാമിന്റെ കീഴിൽ നമസ്കരിക്കാൻ പറഞ്ഞ ശേഷം. ഇപ്പോൾ ഉറങ്ങി രാത്രിയുടെ അവസാന സമയം എഴുന്നേറ്റ് നമസ്‌കരിക്കുന്നതാണ് കൂടുതൽ ശ്രേഷ്ഠകരമായ സമയം എന്ന് പറയുമ്പോൾ അവർക്ക് വേണമെങ്കിൽ   ഉറങ്ങിയ   ശേഷം എഴുന്നേറ്റ് നമസ്കരിക്കുന്നതാണ് ഉചിതം എന്ന് മനസ്സിലാക്കാം. മാത്രമല്ല ആളുകൾ വേറെ വേറെ ജമാഅത്തായി നമസ്കരിച്ചപ്പോൾ, ഒരു പള്ളിയിൽ ഒരേ സമയം ഒരേ നമസ്കാരം ഒരു ഇമാമിന്റെ കീഴിൽ ആണ് നടക്കേണ്ടത്, അതാണ് നബി (സ) ചര്യ എന്ന നിലക്കാണ് അദ്ദേഹം ഒരാളുടെ കീഴിൽ എല്ലാവരോടും നമസ്കരിക്കാൻ കല്പിച്ചത്. അവർ ഉറങ്ങിയ ശേഷം എഴുന്നേറ്റ് നമസ്കരിക്കുകയാണ് എങ്കിൽ അതാണ് കൂടുതൽ ശ്രേഷ്ഠം എന്നത് വ്യക്തമാക്കുകയും ചെയ്തു. അഥവാ അനാവശ്യ ചർച്ചകൾ ആവശ്യമില്ലാത്ത വിശാലമായ ഒരു വിഷയമാണ് ഇത് എന്ന് മനസ്സിലാക്കാം.


മൂന്നാമതായി : അവസാനത്തെ പത്തിൽ മാത്രം പ്രത്യേകമായി രാത്രിയുടെ അവസാന സമയത്ത്  നമസ്കരിക്കുന്നതിനു എന്താണ് തെളിവ് ?. അത് ശ്രേഷ്ഠമെങ്കിൽ എന്തുകൊണ്ട് ആദ്യ പത്തിലോ രണ്ടാമത്തെ പത്തിലോ ചെയ്യുന്നില്ല.

ഇതൊരു തെറ്റിദ്ധാരണയാണ്. അവസാനത്തെ പത്തിലേ ഖിയാമുല്ലൈൽ പാടുള്ളൂ എന്ന അഭിപ്രായം ആർക്കുമില്ല. വേണമെങ്കിൽ നോമ്പ് മുഴുവനും, ഇനി റമളാൻ അല്ലാത്ത വേളകളിൽ വീട്ടിൽ വെച്ചും ഒക്കെ ഖിയാമുല്ലൈൽ നിർവഹിക്കാം. ഇനി എന്തുകൊണ്ടാണ് അവസാനത്തെ പത്തിൽ മാത്രം നിങ്ങൾ ചെയ്യുന്നത് എന്നാണ് ചോദ്യമെങ്കിൽ, നമുക്കറിയാം അവസാനത്തെ പത്തിന് മറ്റു ദിവസങ്ങളേക്കാൾ ശ്രേഷ്ഠതയുണ്ട്. മാത്രമല്ല നബി (സ) തന്നെ റമദാനിലെ മറ്റു ദിവസങ്ങളിൽ ചെയ്തിരുന്നതിനേക്കാൾ കൂടുതൽ ഉത്സാഹത്തോടെ അവസാനത്തെ പത്തിൽ അമലുകൾ ചെയ്യുമായിരുന്നു. കുടുംബത്തെ എഴുന്നേല്പിക്കുകയും അവസാനത്തെ പത്തിലെ രാവുകളെ ഇബാദത്തുകൾ കൊണ്ട് ജീവിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇതുതന്നെ മതിയായ തെളിവാണ്.

قَالَتْ عَائِشَةُ رضى الله عنها كَانَ رَسُولُ اللَّهِ -صلى الله عليه وسلم- يَجْتَهِدُ فِى الْعَشْرِ الأَوَاخِرِ مَا لاَ يَجْتَهِدُ فِى غَيْرِهِ.

ആഇശ (റ) പറയുന്നു: " അമലുകൾ ചെയ്യുന്നതിൽ അല്ലാഹുവിൻ്റെ റസൂൽ (സ) അവസാന പത്ത് ദിനങ്ങളിൽ മറ്റുദിനങ്ങളേക്കാൾ കർമ്മനിരതനായിരുന്നു. " - (صحيح مسلم: 2845).

അതുകൊണ്ടുതന്നെ ഒരു വിശ്വാസി റമദാനിലെ അവസാനത്തെ പത്ത് ദിനങ്ങളിൽ മറ്റു ദിനങ്ങളെക്കാൾ കർമ്മനിരതനാകുന്നത് നബി (സ) യുടെ ചാര്യപ്രകാരം തന്നെയാണ്. അതിൽ യാതൊരു തെറ്റുമില്ല.

നാലാമതായി:  ഒരാൾക്ക് തറാവീഹ് നമസ്കരിച്ചാൽ പിന്നെ ഖിയാമുല്ലൈൽ നമസ്‌കരിക്കാമോ എന്നതാണ് ?. രണ്ടും നമസ്കരിക്കാവുന്നതാണ്. ഒരാൾ വിത്ർ നമസ്കാരം ഒരു രാത്രിയിൽ രണ്ടു തവണ നിർവഹിക്കരുത് എന്നേ  നബി (സ) പഠിപ്പിച്ചിട്ടുള്ളൂ. എന്നാൽ അല്ലാതെ എത്ര നമസ്കരിച്ചാലും തെറ്റില്ല. ഒരു ജമാഅത്ത് നടക്കുന്നുണ്ടെങ്കിൽ പ്രത്യേകിച്ചും. ത്വൽഖ് ബ്നു അലി (റ) വിൽ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസിൽ ഇത് വ്യക്തമായിക്കാണാം:

عَنْ قَيْسِ بْنِ طَلْقٍ ، قَالَ : زَارَنَا طَلْقُ بْنُ عَلِيٍّ فِي يَوْمٍ مِنْ رَمَضَانَ ، وَأَمْسَى عِنْدَنَا ، وَأَفْطَرَ ، ثُمَّ قَامَ بِنَا اللَّيْلَةَ ، وَأَوْتَرَ بِنَا ، ثُمَّ انْحَدَرَ إِلَى مَسْجِدِهِ ، فَصَلَّى بِأَصْحَابِهِ ، حَتَّى إِذَا بَقِيَ الْوِتْرُ قَدَّمَ رَجُلًا ، فَقَالَ : أَوْتِرْ بِأَصْحَابِكَ ، فَإِنِّي سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ : ( لَا وِتْرَانِ فِي لَيْلَةٍ )

ഖൈസ് ബ്ൻ ത്വൽഖ് നിവേദനം: റമദാനിലെ ഒരു ദിവസം ത്വൽഖ് ബ്നു അലി (റ) ഞങ്ങളെ സന്ദർശിച്ചു. അങ്ങനെ അദ്ദേഹം വൈകും വരെ ഞങ്ങളോടൊപ്പം കഴിച്ചുകൂട്ടുകയും ഞങ്ങളോടൊപ്പം നോമ്പ് തുറക്കുകയും ചെയ്തു. ശേഷം അദ്ദേഹം ഞങ്ങൾക്ക് ഇമാമായി രാത്രി നമസ്കാരം നിർവഹിച്ചു. അങ്ങനെ ഞങ്ങൾക്ക് ഇമാമായി അദ്ദേഹം വിത്റും നമസ്കരിച്ചു. ശേഷം അദ്ദേഹം തൻ്റെ പള്ളിയിലേക്ക് പോയി. അദ്ദേഹത്തിൻ്റെ ആളുകളോടൊപ്പം അവർക്ക് ഇമാമായി നമസ്‌കരിച്ചു. അങ്ങനെ വിത്ർ നമസ്കാരത്തിൻ്റെ സമയമെത്തിയപ്പോൾ അദ്ദേഹം ഒരാളെ മുന്നിലേക്ക് ഇമാം നിൽക്കാനായി നിർത്തി. എന്നിട്ടദ്ദേഹം ഇപ്രകാരം പറഞ്ഞു: "നീ ഇവർക്ക് ഇമാമായി വിത്ർ നമസ്കരിച്ചു കൊള്ളുക. കാരണം ഒരു രാത്രിയിൽ രണ്ടു വിത്ർ നമസ്കരിക്കരുത് എന്ന് നബി (സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്". - [روى أبو داود (1439) - واللفظ له - ، والترمذي (470) ، والنسائي (1679) ، وأحمد (16296)] . ശൈഖ് അൽബാനി (റ) സ്വഹീഹായി രേഖപെടുത്തിയ ഹദീസ് ആണിത്.

വളരെ സുവ്യക്തമായ ഒരു ഹദീസ് ആണിത്. ഒരു രാവിൽ വിത്ർ ആവർത്തിക്കുക എന്നതേ നബി (സ) വിലക്കിയിട്ടുള്ളൂ. അല്ലാത്ത പക്ഷം ഒരാൾക്ക് എത്രയും നമസ്കരിക്കാം. മാത്രമല്ല അദ്ദേഹം ഒരു സ്ഥലത്ത് നമസ്കരിച്ച ശേഷമാണ് തൻ്റെ പള്ളിയിലേക്ക് ചെന്ന് അവിടെയുള്ളവരോടൊപ്പം നമസ്കരിച്ചത്. ഈ ഹദീസ് റിപ്പോർട്ട് ചെയ്ത ഖൈസ് ബ്‌നു ത്വൽഖ് രണ്ട് നമസ്കാരങ്ങളിൽ പങ്കെടുത്തു എന്നതും വ്യക്തമാണ്. മേൽപറഞ്ഞ ഹദീസിൽ വിത്ർ ആവർത്തിക്കരുത് എന്നാണു നബി (സ) കല്പിച്ചിട്ടുള്ളത് എന്ന് ത്വൽഖ് ബ്‌നു അലി (റ) വ്യക്തമാക്കിയതോടെ നമസ്കാരം ആവർത്തിക്കുന്നതിനോ വീണ്ടും നമസ്‌കരിക്കുന്നതിനോ വിലക്കില്ല എന്ന് മനസ്സിലാക്കാം.

ഇനി റകഅത്തുകളുടെ എണ്ണമാണ് വിഷയമെങ്കിൽ പ്രബലമായ അഭിപ്രായപ്രകാരം ഒരാൾക്ക് രാത്രി നമസ്കാരം എത്രയും നമസ്കരിക്കാം ഒറ്റയായി അവസാനിപ്പിക്കണം എന്ന് മാത്രം. രാത്രി നമസ്‌കാരം എങ്ങനെയാണ് എന്ന് പറഞ്ഞു തരണം എന്നാവശ്യപ്പെട്ടുകൊണ്ട് തൻ്റെ അരികിൽ വന്ന സ്വഹാബിയോട് "നീ ഈരണ്ട് ഈരണ്ട് റകഅത്തായി നമസ്‌കരിച്ചു കൊള്ളുക. സുബ്ഹിയാകുമെന്ന് ഭയപ്പെട്ടാൽ വിത്ർ നമസ്‌കരിച്ച് അവസാനിപ്പിക്കുക" എന്ന് പറഞ്ഞുകൊടുത്തത് കാണാം. സ്വാഭാവികമായും രാത്രി നമസ്കാരം എങ്ങനെ എന്നറിയാത്ത ആൾ വന്നു ചോദിക്കുമ്പോൾ അയാൾക്ക് എണ്ണം കൂടി പറഞ്ഞുകൊടുക്കണമല്ലോ

تأخير البيان عن وقت الحاجة لا يجوز  എന്നൊരു തത്വം തന്നെ ഫിഖ്ഹിൻ്റെ ഉസൂലുകളിൽ ഉണ്ട്. അഥവാ 'വ്യക്തമാക്കൽ അനിവാര്യമായ ഘട്ടത്തിൽ അത് വൈകിപ്പിക്കാൻ പാടില്ല'. അഥവാ രാത്രി നമസ്കാരം എങ്ങനെ എന്ന് ചോദിച്ചു വരുന്ന വ്യക്തിക്ക് നിശ്ചിത റകഅത്തുകളുടെ എണ്ണമുണ്ടെങ്കിൽ അത് കൂടി വ്യക്തമാക്കിക്കൊടുക്കണം എന്നർത്ഥം.

عن ابن عمر رضي الله عنه: أن رجلا سأل رسول الله صلى الله عليه وسلم عن صلاة الليل، فقال رسول الله عليه الصلاة والسلام : " صلاة الليل مثنى مثنى فإذا خشي أحدكم الصبح صلى ركعة واحدة توتر له ما قد صلَّى " . 
ഇബ്നു ഉമർ (റ) നിവേദനം: ഒരാൾ നബി (സ) യോട് രാത്രി നമസ്‌കാരം എപ്രകാരമാണ് എന്ന് ചോദിച്ചു. അപ്പോൾ അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പറഞ്ഞു: "രാത്രി നമസ്‌കാരം ഈരണ്ട് ഈരണ്ട് റകഅത്തായി നിർവഹിക്കുക. സുബ്ഹിയാകുമെന്ന് ഭയപ്പെട്ടാൽ ഇതുവരെ നമസ്കരിച്ചതിനെ വിത്‌റ് കൊണ്ട് അവസാനിപ്പിക്കാനായി ഒരു റകഅത്ത് നമസ്കരിച്ച് അവസാനിപ്പിക്കുക". - (رواه البخاري: 946 ومسلم: 749).
അത് എത്രയും നമസ്കരിക്കാം എന്നതിന് ഈ ഹദീസ് വളരെ സ്പഷ്ടമായ തെളിവാണ്. എന്ന് മാത്രമല്ല (توتر له ما قد صلى) എത്രയാണോ നമസ്കരിച്ചത് അതിനെ വിത്റുകൊണ്ട് അവസാനിപ്പിക്കാൻ ഒരു റകഅത്ത് നമസ്കരിക്കുക എന്ന പ്രയോഗം എണ്ണം ബാധകമല്ല എന്നത് വ്യക്തമാക്കുന്നു. അതുകൊണ്ടാണ് പതിനൊന്നിൽ കൂടാം എന്ന് നാല് മദ്ഹബിൻ്റെ ഇമാമീങ്ങളും ഏകാഭിപ്രായപ്പെട്ടത്. മാത്രമല്ല ഇമാം മാലിക് (റ) യുടെ കാലത്ത് അവർ മുപ്പത്തിആറു റകഅത്തും വിത്റും നമസ്കരിച്ചിരുന്നു. അതുകൊണ്ടു റകഅത്തുകളുടെ എണ്ണം പതിനൊന്നിൽ കൂടിയാൽ അത് ബിദ്അത്താണ് എന്ന് പറയുന്ന അഭിപ്രായവും, പതിനൊന്ന് നമസ്കരിക്കുന്നത് ന്യൂനതയാണ് ഇരുപത് നമസ്കരിച്ചാലേ തറാവീഹാകൂ എന്ന് അഭിപ്രായപ്പെടുന്നവരും, രണ്ടു കൂട്ടരും അബദ്ധം സംഭവിച്ചവരാണ്. خلاف معتر ആയ അഥവാ പ്രമാണബദ്ധമായിത്തന്നെ അഭിപ്രായഭിന്നതയുള്ള അല്പം ഹൃദയവിശാലതയോടെ കാണേണ്ട ഒരു വിഷയമാണിത്. 
ചുരുക്കിപ്പറഞ്ഞാൽ മഹതി ആഇശാ (റ) യിൽ നിന്നും അബൂ സലമഃ (റ) ഉദ്ധരിക്കുന്ന ഹദീസിൽ നബി (സ) സാധാരണ റമളാനിലോ അല്ലാത്തപ്പോഴോ പതിനൊന്നിൽ കൂടുതൽ നമസ്കരിച്ചിരുന്നില്ല എന്ന് കാണാം. അതുകൊണ്ടുതന്നെ പതിനൊന്ന് എന്നതാണ് ഏറ്റവും ശ്രേഷ്ഠം. 
عن أبي سلمة بن عبد الرحمن أنه سأل عائشة رضي الله عنها : " كيف كانت صلاة رسول الله صلى الله عليه وسلم في رمضان ؟ فقالت : ما كان يزيد في رمضان ولا في غيره على إحدى عشرة ركعة يصلي أربعا فلا تسل عن حسنهن وطولهن ثم يصلي أربعا فلا تسل عن حسنهن وطولهن ثم يصلي ثلاثا فقلت يا رسول الله أتنام قبل أن توتر قال يا عائشة إن عينيَّ تنامان ولا ينام قلبي " .
അബൂസലമഃ (റ) നിവേദനം: അദ്ദേഹം ആഇശാ (റ) യോട് ചോദിച്ചു: നബി (സ) യുടെ റമളാനിലെ രാത്രി നമസ്കാരം ഇപ്രകാരമായിരുന്നു ?. അവർ പറഞ്ഞു: "അദ്ദേഹം റമളാനിലോ അല്ലാത്ത വേലകളിലോ പതിനൊന്നിൽ കൂടുതൽ നമസ്‌കരിക്കാറുണ്ടായിരുന്നില്ല. അദ്ദേഹം നാല് റകഅത്തുകൾ നമസ്കരിക്കും. അവയുടെ ദൈർഘ്യത്തെക്കുറിച്ചും മനോഹാരിതയെക്കുറിച്ചും നീ ചോദിക്കരുത്... ശേഷം നാലും നമസ്‌കരിക്കും. അവയുടെയും ദൈർഘ്യത്തെക്കുറിച്ചും മനോഹാരിതയെക്കുറിച്ചും നീ ചോദിക്കരുത്... ശേഷം അദ്ദേഹം വിത്ർ നമസ്‌കരിക്കും. ഞാനദ്ദേഹത്തോട് ചോദിച്ചു: താങ്കൾ വിത്ർ നമസ്കരിക്കുന്നതിന് മുൻപേ കിടക്കുകയാണോ ?. അദ്ദേഹം പറഞ്ഞു എൻ്റെ കണ്ണുകൾ ഉറങ്ങുന്നുവെങ്കിലും ഹൃദയം ഉറങ്ങുന്നില്ല ". - (رواه البخاري: 1909 ومسلم  738) .

 ആഇശാ (റ) യുടെ ഹദീസിൻ്റെ അടിസ്ഥാനത്തിൽ പതിനൊന്ന് എന്നതാണ് കൂടുതൽ ശ്രേഷ്ഠം എന്ന് മനസ്സിലാക്കാം. എന്നാൽ പതിനൊന്നിൽ കൂടിയാൽ അത് ബിദ്അത്താകും എന്ന് പറയാൻ സാധിക്കില്ല. കാരണം മുൻപുദ്ദരിച്ച ഇബ്‌നു ഉമർ (റ) വിൻ്റെ ഹദീസിൽ നിന്നു തന്നെ നബി (സ) സ്വഹാബത്തിനോട് പ്രത്യേക എണ്ണം നിഷ്കർഷിച്ചിരുന്നില്ല എന്ന് മനസ്സിലാക്കാം. മാത്രമല്ല സ്വഹാബാക്കളുടെയും  താബിഈങ്ങളുടെയും  ഒക്കെ കാലത്ത് തന്നെ പതിനൊന്നിൽ കൂടുതൽ നമസ്കരിക്കാറുണ്ടായിരുന്നു. അതുകൊണ്ടാണ് നാല് മദ്ഹബിൻ്റെ  ഇമാമീങ്ങളും പതിനൊന്നിൽ കൂടുതൽ ആവാം എന്ന് അഭിപ്രായപ്പെട്ടത്.

മാത്രമല്ല ഇനി ഫർള് നമസ്കാരം തന്നെ, നമസ്കരിച്ചിട്ടില്ലാത്ത ഒരു വ്യക്തി ഉണ്ടെങ്കിൽ അയാളോടൊപ്പം ചേർന്ന് നമസ്കരിച്ച വ്യക്തിക്കും  ജമാഅത്തായി നമസ്കരിക്കാം. അതുപോലെ ഫർള് നമസ്കാരം നിർവഹിച്ച ഒരാൾ മറ്റൊരു കൂട്ടർ ജമാഅത്തായി നമസ്കരിക്കുന്നത് കണ്ടാൽ അവരോടൊപ്പം അയാൾക്ക് നമസ്കരിക്കാം. രണ്ടാമത് നമസ്കരിക്കുന്നത് സുന്നത്തായി പരിഗണിക്കപ്പെടും. അപ്പോൾ പിന്നെ തറാവീഹ് നമസ്കരിച്ച ഒരാൾക്ക് വീണ്ടും ജമാഅത്ത് ഉണ്ടെങ്കിൽ നമസ്കരിക്കാം എന്ന് പറയേണ്ടതില്ലല്ലോ... ത്വൽഖ് ബ്‌നു അലി (റ) വിന്റെ ഹദീസിൽ ഇത് വളരെ വ്യക്തവുമാണല്ലോ.

അതുകൊണ്ടുതന്നെ ഒരാൾ റമളാനിലെ അവസാനത്തെ പത്തിൽ രാത്രി വൈകി എഴുന്നേറ്റ് നമസ്കരിക്കുന്നതിനോ , ഉറങ്ങിയ ശേഷം എഴുന്നേറ്റ് ജമാഅത്തായി നമസ്കരിക്കുന്നതിനോ, ഇനി തറാവീഹ് ജമാഅത്തായോ ഒറ്റക്കോ നമസ്കരിച്ച ആൾ തന്നെ വീണ്ടും എഴുന്നേറ്റ് നമസ്കരിക്കുന്നതിനോ യാതൊരു തെറ്റുമില്ല. വിത്ർ നേരത്തെ നമസ്കരിച്ചുവെങ്കിൽ ആവർത്തിക്കാതിരുന്നാൽ മതി. ഉറങ്ങിപ്പോകാനിടയുണ്ട് എന്ന ഭയമില്ലയെങ്കിൽ വിത്ർ ഉറങ്ങി എണീറ്റ ശേഷം ഏറ്റവും അവസാനത്തിലേക്ക് നീട്ടി വെക്കുന്നതാണ് നല്ലത്. ഇനി വിത്ർ ഒരാൾ നമസ്കരിച്ചു എന്നതിനാൽ അതിനു ശേഷം പിന്നീട് ഈരണ്ട് റകഅത്തായി നമസ്കരിക്കുന്നതിന് തടസ്സമൊന്നുമില്ല. ഇശാ നമസ്‌കാരശേഷം ഫജ്ർ വരേയുള്ള സമയം എത്രയും സുന്നത്ത് നമസ്കാരം നിർവഹിക്കാവുന്ന മുത്വ്ലഖായ സമയം കൂടിയാണ്. അതുകൊണ്ടുതന്നെ ഉറങ്ങി എഴുന്നേറ്റ് വീണ്ടും നമസ്കരിക്കണം എന്ന് തോന്നിയാൽ നേരത്തെ വിത്ർ നമസ്കരിച്ചിട്ടുണ്ടെങ്കിലും സുന്നത്ത് നമസ്കാരം എത്രയും നിര്വഹിക്കാവുന്നതുമാണ്.

അല്ലാഹു അനുഗ്രഹിക്കട്ടെ...  
___________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ  

Wednesday, May 22, 2019

ബേങ്കിൽ നിന്ന് ലഭിച്ച സമ്മാനം ഉപയോഗിക്കാമോ ?.




ചോദ്യം:
  പത്താം ക്ലാസിൽ ഫുൾ A+ കിട്ടിയതിന്റെ ഭാഗമായി എനിക്ക് അർബൻ ബേങ്കിൽ നിന്നും സമ്മാനവും ഒരു ചെറിയ ക്യാഷ് അവാർഡും ലഭിച്ചു. അത് എനിക്കുപയോഗിക്കാമോ ?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

പലിശയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ബേങ്കുകളിൽ നിന്നും ലഭിക്കുന്ന സമ്മാനങ്ങളും സൗജന്യ സേവനങ്ങളും ഒന്നും തന്നെ ഉപയോഗിക്കൽ മതപരമായി അനുവദനീയമല്ല. നിങ്ങൾക്ക് ലഭിച്ച തുക പാവപ്പെട്ട പ്രയാസപ്പെടുന്ന ആളുകൾക്ക് നൽകി കയ്യിൽ നിന്നും നീക്കം ചെയ്യുകയാണ് വേണ്ടത്.

ഒരാളുടെ കൈവശം ഹറാമായ ധനം വന്നാൽ അത് എപ്രകാരമാണ് നീക്കം ചെയ്യേണ്ടത് എന്നത് നാം മുൻപ് വിശദീകരിച്ചതാണ്. ആ ലേഖനം ഈ ലിങ്കിൽ വായിക്കാം: [അക്കൗണ്ടിൽ വരുന്ന പലിശ എന്ത് ചെയ്യണം ?. ഹറാമായ ധനം എങ്ങനെയാണ് നീക്കം ചെയ്യേണ്ടത് ?. http://www.fiqhussunna.com/2015/09/blog-post.html ].

അല്ലാഹു അനുഗ്രഹിക്കട്ടെ ... 

ഉമ്മ മകന് സകാത്ത് നൽകിയാൽ അത് വീടുമോ ?.



ചോദ്യം: ഉമ്മ മകന് സകാത്ത് നൽകിയാൽ സകാത്ത് വീടുമോ ?. ഉമ്മ മകന് ചിലവിനു നൽകാൻ ബാധ്യസ്ഥയല്ലല്ലോ .

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

അല്പം വിശദീകരണം ആവശ്യമായ ഒരു വിഷയമാണിത്. സകാത്തിൻ്റെ അവകാശിയായ, താൻ ചിലവിന് കൊടുക്കാൻ ബാധ്യസ്ഥയല്ലാത്ത മകന് ഉമ്മ സകാത്ത് നൽകിയാലേ അത് വീടുകയുള്ളൂ. 

അഥവാ എല്ലാ സാഹചര്യത്തിലും ഉമ്മ മകന് ചിലവിന് കൊടുക്കാൻ ബാധ്യസ്ഥയല്ലാതാകുന്നില്ല. ചില സാഹചര്യങ്ങളിൽ ഉമ്മ മകന് ചിലവിന് കൊടുക്കാൻ ബാധ്യസ്ഥയാകും. അത്തരം സന്ദർഭങ്ങളിൽ ഉമ്മ തൻ്റെ സകാത്ത് പ്രാരാബ്ധക്കാരനായ മകന് നൽകിയാൽ വീടില്ല. കാരണം അല്ലാതെത്തന്നെ തൻ്റെ മകൻ്റെ നൽകാൻ പ്രാഥമികാവശ്യങ്ങൾക്ക് നൽകാൻ അവർ ബാധ്യസ്ഥയാണ്. താഴെ പറയുന്ന നിബന്ധനകളോടെ ഒരുമ്മ മക്കൾക്ക് ചിലവിന് കൊടുക്കാൻ ബാധ്യസ്ഥയാകും:

1 - പിതാവ് ജീവിച്ചിരിപ്പില്ലയെങ്കിൽ. (അതുപോലെ പിതാവിന് ധനമില്ലാതെ വരുകയും മാതാവിൻ്റെ കൈവശം ധനം ഉണ്ടാകുകയും ചെയ്‌താൽ).

2- ഉമ്മയുടെ കൈവശം തൻ്റെ ആവശ്യം കഴിച്ച് ചിലവിന് കൊടുക്കാനുള്ള സംഖ്യ മിച്ചമുണ്ടെങ്കിൽ.

3- മകൻ പാവപ്പെട്ട തൻ്റെ പ്രാഥമികാവശ്യങ്ങൾക്ക് ധനം ആവശ്യമുള്ളവനാണ് എങ്കിൽ.  (പ്രായപൂർത്തി എത്തുകയും സ്വയം തൊഴിൽ ചെയ്യാൻ പ്രാപ്തി നേടുകയും ചെയ്യുന്നത് വരെയാണ് മാതാപിതാക്കൾ ചിലവിന് കൊടുക്കാൻ ബാധ്യസ്ഥരാകുന്നത്   എന്നതാണ് ഭൂരിപക്ഷാഭിപ്രായം ).

ഈ സാഹചര്യത്തിൽ ഒരുമ്മ മകന് ചിലവിന് കൊടുക്കണം.

ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു:

"يجب على الأم أن تنفق على ولدها إذا لم يكن له أب ، وبهذا قال أبو حنيفة والشافعي، وَلِأَنَّهَا أَحَدُ الْوَالِدَيْنِ، فَأَشْبَهَتْ الْأَبَ، وَلِأَنَّ بَيْنَهُمَا قَرَابَةً تُوجِبُ رَدَّ الشَّهَادَةِ، فَأَشْبَهْت الْأَبَ. فَإِنْ أَعْسَرَ الْأَبُ، وَجَبَتْ النَّفَقَةُ عَلَى الْأُمِّ، .

"ബാപ്പയില്ലാത്ത പക്ഷം ഉമ്മ മക്കൾക്ക് ചിലവിന് കൊടുക്കണം. ഇതാണ് ഇമാം അബൂഹനീഫ (റ) യുടെയും ഇമാം ശാഫിഇ (റ) യുടെയും അഭിപ്രായം. കാരണം അവർ മാതാപിതാക്കളിൽ ഒരാളാണല്ലോ. അതുകൊണ്ട് ബാപ്പയെപ്പോലെയാണ് അവരുടെ സ്ഥാനവും. മാത്രമല്ല ഉമ്മ മകന് വേണ്ടി സാക്ഷി പറഞ്ഞാൽ അത് സ്വീകരിക്കപ്പെടുകയില്ല. അഥവാ ഉമ്മയും മക്കളുമായുള്ള ബന്ധം ബാപ്പയുമായുള്ള ബന്ധത്തെപ്പോലെത്തന്നെ. അതുകൊണ്ടുതന്നെ ബാപ്പ മക്കൾക്ക് ചിലവിന് കൊടുക്കാൻ സാധിക്കാത്ത വ്യക്തിയായിരിക്കുകയും ഉമ്മ അതിനു സാധിക്കുന്നവരുമാണ് എങ്കിൽ ചിലവിന് കൊടുക്കാൻ അവർ ബാധ്യസ്ഥയാണ്". - [المغني:8/ 212] .

അഥവാ മക്കൾ മാതാപിതാക്കളുടെ ആശ്രിതരായി ജീവിക്കുന്ന വേളയിൽ പിതാവിനാണ് ചിലവിന് കൊടുക്കാൻ ബാധ്യത. അതിന് പിതാവിന് സാധിക്കാത്ത പക്ഷം മാതാവ് സാധിക്കുന്നവരാണ് എങ്കിൽ ആ ബാധ്യത അവരിലേക്ക് നീങ്ങും എന്നർത്ഥം. അതുപോലെത്തന്നെ മക്കൾ ധനമുളളവരായിരിക്കുകയും മാതാപിതാക്കൾ ആവശ്യക്കാരായിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ അവരുടെ ജീവിതാവശ്യങ്ങൾ നിർവഹിച്ചു കൊടുക്കേണ്ട ബാധ്യത മക്കൾക്കുമാണ്.

മേൽ സൂചിപ്പിച്ച സാഹചര്യത്തിൽ ഒരു മകൻ ഉമ്മയുടെ ആശ്രിതനായി ജീവിക്കുന്ന സാഹചര്യത്തിൽ ആ ഉമ്മയുടെ സകാത്തിൽ നിന്നും ആ മകന് നൽകാവതല്ല. കടക്കാരൻ എന്ന ഗണത്തിൽ മാത്രമേ ഈ ഒരവസ്ഥയിൽ അവർക്ക് സകാത്ത് നൽകാൻ പറ്റൂ. കാരണം മക്കളുടെ കടം മാതാപിതാക്കളുടെയോ , മാതാപിതാക്കളുടെ കടം മക്കളുടെയോ ബാധ്യതയല്ല എന്നതുകൊണ്ടാണത്.

അതുകൊണ്ട് മക്കൾ സ്വയം പര്യാപ്തത നേടുന്നത് വരെ പിതാവ് മക്കൾക്ക് ചിലവിന് നൽകണം. പിതാവിന് സാധിക്കാത്ത പക്ഷം മാതാവിന് സാധിക്കുമെങ്കിൽ അവർ അത് നിർവഹിക്കണം. എന്നാൽ ഉമ്മയുടെ ആശ്രിതരല്ലാത്ത മക്കൾക്ക്, അവർ സകാത്തർഹിക്കുന്നവരാണ് എങ്കിൽ ഉമ്മയുടെ സകാത്തിൽ നിന്നും നൽകിയാൽ ആ സകാത്ത് വിടുന്നതാണ്.

ഇനി ഏതൊരാൾക്കും തൻ്റെ മക്കളോ മാതാപിതാക്കളോ പ്രാരാബ്ധക്കാരും പാവപ്പെട്ടവരുമായിരിക്കുകയും സകാത്തിൻ്റെ പണമല്ലാതെ അവർക്ക് നൽകാൻ തൻ്റെ കയ്യിൽ യാതൊന്നും അവശേഷിക്കുന്നുമില്ലെങ്കിൽ അവർക്കത് നൽകാം. ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ (റ) ഇത് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു: 

" ويجوز صرف الزكاة إلى الوالدين وإن علوا ، وإلى الولد وإن سفل ، إذا كانوا فقراء ، وهو عاجز عن نفقتهم ، وهو أحد القولين في مذهب أحمد" 

" പാവപ്പെട്ടവരായ മാതാപിതാക്കൾക്കും അവരുടെ ഗണത്തിൽ പെടുന്നവർക്കും, മക്കൾക്കും അവരുടെ ഗണത്തിൽ പെടുന്നവർക്കും അവർക്ക് ചിലവിന് നൽകാൻ തൻ്റെ കയ്യിൽ മറ്റൊന്നും അവശേഷിക്കുന്നില്ലയെങ്കിൽ,  സകാത്തിന്റെ ധനത്തിൽ നിന്നും നൽകാവുന്നതാണ്. ഇമാം അഹ്മദിൽ നിന്നുമുള്ള ഒരഭിപ്രായവും അതാണ്." - [الاختيارات الفقهية : 104].

മാതാപിതാക്കൾക്കോ മക്കൾക്കോ ചിലവിന് നൽകാൻ ഒരാൾ ബാധ്യസ്ഥനാകുന്ന സാഹചര്യത്തിൽ തൻ്റെ സകാത്ത് അവർക്ക് അതിനായി നൽകാൻ പാടില്ല എന്നതാണ് ഈ വിഷയത്തിലെ രത്നച്ചുരുക്കം.  ഏതായാലും ഏതാവസ്ഥയിലും മക്കളോ മാതാപിതാക്കളോ പ്രാരാബ്ധക്കാരാണ് എന്ന് വന്നാൽ അവർക്ക് നൽകുന്ന ധനം തൻ്റെ സകാത്തല്ലാത്ത ധനത്തിൽ നിന്നും നൽകുക എന്നതാണ് സൂക്ഷ്മത.

അല്ലാഹു അനുഗ്രഹിക്കട്ടെ ... 
____________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

Tuesday, May 21, 2019

ഭാര്യയുടെ സ്വർണ്ണത്തിൻ്റെ സകാത്ത് ഭർത്താവ് കൊടുത്താൽ വീടുമോ ?.



ചോദ്യം: ഭാര്യയുടെ സ്വർണ്ണത്തിന്റെ സകാത്ത് ഭർത്താവ് കൊടുത്താൽ വീടുമോ ?.

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
ഭാര്യയുടെ അറിവോടെയും തൃപ്തിയോടെയും ഭാര്യയുടെ സകാത്ത് ഭർത്താവ് നല്കുന്നുവെങ്കിൽ തെറ്റില്ല.

വിശദമായിപ്പറഞ്ഞാൽ സകാത്ത് എന്നത് ഒരാരാധനയാണല്ലോ. ആരിലാണോ ആരാധന അർപ്പിതമായത് അവരാണല്ലോ ആ ആരാധന നിർവഹിക്കാൻ ബാധ്യസ്ഥർ. അതുകൊണ്ട് തൻ്റെ കൈവശമുള്ള സ്വർണ്ണത്തിൻറെ സകാത്ത് നൽകേണ്ട ബാധ്യത ആരുടെ ഉടമസ്ഥതയിലാണോ ആ സ്വർണ്ണമുള്ളത് അവർക്കാണ്. ആ ബാധ്യത ശറഇയ്യായ ഒരു സാമ്പത്തിക ബാധ്യതയാകയാൽ ആരുടെ മേലാണോ അത് ബാധകമായിട്ടുളളത് അവരുടെ അറിവോടെയും തൃപ്തിയോടെയും ആ ബാധ്യത അവരുടെ വേണ്ടപ്പെട്ട ആർക്കും ഏറ്റെടുക്കാം. ആ ബാധ്യത നിറവേറ്റാനുള്ള അത്രയും പണം ആ സ്ത്രീക്ക് അവർ ദാനമായി നൽകി എന്നുമാത്രം.

ഇനി ഒരു സ്ത്രീയുടെ മേൽ നിസ്വാബ് തികയുന്നത്ര ആഭരണങ്ങൾ ഉണ്ട് എന്ന് കരുതുക. ഭർത്താവോ മറ്റോ ആ ബാധ്യത നിർവഹിക്കാനുള്ള പണം ഏറ്റെടുത്ത് സഹായിച്ചില്ല എങ്കിലും അവരുടെ മേൽ ആ ബാധ്യത നിലനിൽക്കും. കയ്യിൽ സകാത്ത് നൽകാൻ ആവശ്യമായ പണമില്ലയെങ്കിൽ ആ സ്വർണ്ണം വിറ്റിട്ടെങ്കിലും ആ ബാധ്യത അവർ  നിറവേറ്റണം. 85 ഗ്രാം എന്നതാണ് സ്വർണ്ണത്തിന്റെ നിസ്വാബ്. അതിനുമുകളിൽ ഉണ്ടെങ്കിൽ കൈവശം ഉള്ള മുഴുവൻ സ്വർണ്ണത്തിന്റെ രണ്ടര ശതമാനം ഓരോ ഹിജ്‌റ വർഷം തികയുമ്പോഴും നൽകണം.

ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1- അവനവന്റെ കൈവശമുള്ള ധനത്തിന്റെ സകാത്ത് നൽകാൻ ബാധ്യസ്ഥർ അതത് വ്യക്തികളാണ്. ഇനി കുട്ടികളോ ബുദ്ധിയില്ലാത്തവരോ ആണെങ്കിൽ നിസ്വാബ് എത്തുന്ന ധനം അവരുടെ ഉടമസ്ഥതയിലുണ്ട്   എങ്കിൽ അതിൻ്റെ സകാത്ത് നൽകേണ്ട ബാധ്യത അവരുടെ രക്ഷാകർത്താക്കൾക്കാണ് .

2 - ഭർത്താവ് തൻ്റെ കൈവശമുള്ള സ്വർണ്ണത്തിന്റെ സകാത്ത് നൽകുന്നില്ല എന്നത് ഒരു സ്ത്രീക്ക് സകാത്ത് നൽകാതിരിക്കാനുള്ള ഒരു കാരണമല്ല. തൻ്റെ കൈവശമുള്ള സ്വർണ്ണത്തിന് സകാത്ത് ബാധകമാണോ എന്നത് പരിശോധിച്ച് ബാധകമെങ്കിൽ അതിൻ്റെ സകാത്ത് നൽകാനുള്ള ബാധ്യത അവർക്കുണ്ട്.


3- ഭാര്യയുടെ ആഭരണങ്ങൾക്ക് സകാത്തായി നൽകേണ്ട പണം ഭർത്താവിന് നൽകി സഹായിക്കാം. അവരുടെ മേലുള്ള ശറഇയ്യായ സാമ്പത്തിക ബാധ്യതയാകയാൽ അവരുടെ അറിവോടെയും തൃപ്തിയോടെയും ആയിരിക്കണം അത്. എന്നാൽ ഭർത്താവ് ഒരിക്കലും അതേറ്റെടുക്കാൻ ബാധ്യസ്ഥനല്ല.

4- നന്മയിൽ സഹകരിക്കുക എന്ന അല്ലാഹുവിന്റെ കല്പനയുടെ അടിസ്ഥാനത്തിലും, പലപ്പോഴും സ്ത്രീകൾക്ക് സ്വയം  കൈവശമുള്ള സ്വർണ്ണം തിട്ടപ്പെടുത്താനും മറ്റുമൊക്കെ പ്രയാസമുണ്ടാകും എന്നതിനാലും അവർക്ക് അവരുടെ മേൽ ബാധകമായ സകാത്ത് അനുഷ്ഠിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ഭർത്താവ് ചെയ്തുകൊടുക്കണം.


അല്ലാഹു അനുഗ്രഹിക്കട്ടെ....


അനുബന്ധ ലേഖനങ്ങൾ: 

1- ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്തുണ്ടോ ?.

2- 30 പവൻ സ്വർണ്ണമുണ്ട് എത്ര സകാത്ത് കൊടുക്കണം ?. സ്ഥിരമായി ഉപയോഗിക്കുന്നതിനും കൊടുക്കണോ ?.

3- സ്വർണ്ണത്തിന്റെ സകാത്ത് ആ സ്വർണ്ണത്തിൽ നിന്ന് തന്നെ നൽകണോ ?.

4- പ്രായപൂര്‍ത്തി എത്താത്ത പെണ്‍മക്കളുടെ ആഭരണങ്ങള്‍ അവരുടെ ഉമ്മയുടെ ആഭരണങ്ങളോടൊപ്പം ചേര്‍ത്ത് സകാത്ത് നല്‍കേണ്ടതുണ്ടോ ?.

5- സ്വര്‍ണ്ണത്തിന്‍റെ സകാത്ത് എപ്രകാരമാണ് ?. എത്ര കൈവശം ഉണ്ടായാലാണ് സകാത്ത് കൊടുക്കേണ്ടത് ?. എത്രയാണ് സകാത്തായി നല്‍കേണ്ടത് ?. അത് എല്ലാ വര്‍ഷവും നല്‍കണോ ?.

6- പണയം വെച്ച സ്വര്‍ണ്ണത്തിന് സകാത്ത് കൊടുക്കണോ ?.

7- ഭാര്യയുടെ കയ്യിൽ 25 പവനും, ഞാനാണെങ്കിൽ കടക്കാരനുമാണ്. സകാത്ത് എങ്ങനെ നൽകും ?. ഭാര്യയുടെ സകാത്ത് ഭർത്താവിന് നൽകാമോ ?.

8- സ്വര്‍ണ്ണത്തിന്‍റെ നിസ്വാബ്.

9- എന്‍റെ സഹോദരിക്ക് കടം കൊടുത്ത സ്വര്‍ണ്ണത്തില്‍ സകാത്ത് ബാധകമാണോ ?.

10- എന്‍റെ പണയം തിരിച്ചെടുക്കാന്‍ എന്‍റെ സകാത്ത് ഉപയോഗിക്കാമോ ?. ഭര്‍ത്താവിന് ഈ ആവശ്യത്തിനായി എനിക്ക് സകാത്ത് നല്‍കാമോ ?.

തുപ്പലോ കഫമോ ഇറക്കിയാൽ നോമ്പ് മുറിയുമോ ?.



ചോദ്യം: തുപ്പലോ കഫമോ ഇറക്കിയാൽ നോമ്പ് മുറിയുമോ ?.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഒരാൾ തൻ്റെ തുപ്പൽ ഇറക്കുന്നത് നോമ്പ് മുറിയുന്ന കാര്യമല്ല. ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യം എന്നനിലക്ക് അഥവാ അത് നോമ്പ് മുറിക്കുന്ന ഒന്നായിരുന്നുവെങ്കിൽ  നബി (സ) അത് വ്യക്തമാക്കുമായിരുന്നു. പക്ഷെ നബി (സ) അപ്രകാരം ഒന്നും തന്നെ വിലക്കിയിട്ടില്ല. അത് മനുഷ്യ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയുടെ ഭാഗമാണ് എന്നർത്ഥം.

എന്നാൽ കഫം ഇറക്കിയാൽ നോമ്പ് മുറിയുമോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. അതുകൊണ്ടുതന്നെ മനപ്പൂർവ്വം ഇറക്കാതിരിക്കുക എന്നതാണ് സൂക്ഷ്മത. ഇനി അറിയാതെ ഇറങ്ങിപ്പോയാൽ നോമ്പ് മുറിയുകയുമില്ല. (مستقذر) അഥവാ മ്ലേച്ഛമായവയുടെ ഗണത്തിലാണ് കഫം എണ്ണപ്പെടുന്നത്. ശരീരത്തിൽ നിന്നും പുറം തള്ളപ്പെടേണ്ട ഒന്നാണത്. അതുകൊണ്ടുതന്നെ നോമ്പുകാരനാകട്ടെ അല്ലാത്തവനാകട്ടെ അത് ഇറക്കാൻ പാടില്ല. എന്നാൽ അത് നജസല്ല എന്ന് ഹദീസുകളിൽ നിന്നും മനസ്സിലാക്കാം. നമസ്‌കാരത്തിൽപ്പോലും ഒരാൾ തൻ്റെ കൈവശമുള്ള ടിഷ്യൂ പേപ്പറോ, ടൗവ്വലോ ഒക്കെ ഉപയോഗിച്ച് അത് തുപ്പിക്കളയുകയാണ് വേണ്ടത്.

ഇനി ഒരാൾ കഫം ഇറക്കിയാൽ നോമ്പ് മുറിയുമോ എന്നത് പഠനവിധേയമാക്കിയാൽ നേരത്തെ സൂചിപ്പിച്ചത് പോലെ വ്യത്യസ്ഥ അഭിപ്രായങ്ങൾ അതിൽ നിലനിൽക്കുന്നു. കഫം തൻ്റെ വായിലേക്ക് വരുന്നതിന് മുൻപായി ഇറങ്ങിയാൽ നോമ്പ് മുറിയുകയില്ല എന്നത് ഏകാഭിപ്രായമുള്ള കാര്യമാണ്. എന്നാൽ വായിലേക്ക് വന്നശേഷം മനപ്പൂർവം ഇറക്കിയാൽ നോമ്പ് മുറിയുമോ എന്നതാണ് ചർച്ചയുള്ള വിഷയം. ഘണ്ഡിതമായ ഒരു പ്രമാണം ആ വിഷയത്തിൽ വരാത്തതുകൊണ്ടാണ് അഭിപ്രായഭിന്നത ഉണ്ടാകാൻ കാരണം.

ഒന്നാമത്തെ അഭിപ്രായം: അത് തുപ്പൽ പോലെത്തന്നെ മനുഷ്യശരീരത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്തതായ ഒരു കാര്യമാണ്. മാത്രമല്ല അത് ശരീരത്തിന്റെ ഉള്ളിൽ നിന്നും വരുന്ന ഒന്നാണ്. ശരീരത്തിന്റെ പുറത്ത് നിന്നുള്ള ഒന്നല്ല. അതുകൊണ്ട് തുപ്പലിനോട് സമാനമായ നിയമം തന്നെയാണ് അതിനും. അത് മനപ്പൂർവ്വം ഇറക്കിയാലും നോമ്പ് മുറിയുകയില്ല. ഇതാണ് ഹനഫീ മദ്ഹബിലെയും മാലികീ മദ്ഹബിലെയും അഭിപ്രായം. ഇമാം അഹ്‌മദിൽ നിന്നുള്ള ഒരഭിപ്രായവും ഇതാണ്.

ഹനഫീ മദ്ഹബിലെ വിഖ്യാത ഗ്രന്ഥമായ (البحر الرائق) ൽ നമുക്ക് കാണാൻ സാധിക്കും:

الصائم إذا دخل المخاط أنفه من رأسه ثم استشمه ودخل حلقه على تعمد منه لا شيء عليه ؛ لأنه بمنزلة ريقه إلا أن يجعله على كفه ثم يبتلعه فيكون عليه القضاء ، وكذا المخاط والبزاق يخرج من فيه أو أنفه فاستشمه واستنشقه لا يفسد صومه " انتهى .

"നോമ്പുകാരനായ ഒരാൾ തൻ്റെ ശിരസിൽ നിന്നും മൂക്കിലേക്കിറങ്ങിയ കഫം മനപ്പൂർവ്വം ഉള്ളിലേക്ക് വലിക്കുകയും അത് തൻ്റെ അന്നനാളത്തിലൂടെ ഉള്ളിലേക്ക് എത്തുകയും ചെയ്‌താൽ അയാളുടെ നോമ്പിന് യാതൊന്നും ബാധിക്കുന്നില്ല. കാരണം അതയാളുടെ തുപ്പൽ പോലെത്തന്നെയാണ്. എന്നാൽ അയാൾ അത് കൈകളിലേക്ക് എടുത്ത ശേഷം വീണ്ടും വിഴുങ്ങുകയാണ് എങ്കിൽ അയാൾ ആ നോമ്പ് നോറ്റു വീട്ടണം. അതുപോലെ (നെഞ്ചിൽനിന്നും) വരുന്നതായ കഫം  അയാളുടെ വായിലേക്കോ മൂക്കിലേക്കോ വരുകയും അത് ഉള്ളിലേക്കിറക്കുകയും ചെയ്‌താലും നോമ്പ് മുറിയുകയില്ല" - (البحر الرائق : 2 / 294 )

അതുപോലെത്തന്നെ മാലിക്കീ മദ്ഹബിലെ (التاج والإكليل) എന്ന ഗ്രന്ഥത്തിൽ കാണാം:

وَأَمَّا الْبَلْغَمُ لَا شَيْءَ فِي الْبَلْغَمِ إذَا نَزَلَ إلَى الْحَلْقِ وَإِنْ كَانَ قَادِرًا عَلَى طَرْحِهِ، بَعْضُ مَنْ لَمْ يَقِفْ عَلَى هَذَا كَانَ يَتَكَلَّفُ فِي صَوْمِهِ إخْرَاجَ الْبَلْغَمِ مَهْمَا قَدَرَ عَلَيْهِ فَلَحِقَتْهُ بِذَلِكَ مَشَقَّةٌ لِتَكَرُّرِهِ عَلَيْهِ.

"തുപ്പിക്കളയാൻ സാധിക്കുമായിരുന്നിട്ടും കഫം തൊണ്ടയിലേക്ക് ഇറങ്ങിയാൽ അത് നോമ്പിനെ ബാധിക്കുകയില്ല.  ചില ആളുകൾക്ക് ഈ അഭിപ്രായം സ്വീകാര്യമായിരുന്നില്ല. അതുകൊണ്ടുതന്നെ നോമ്പുകാരനായിരിക്കെ കഫം തുപ്പിക്കളയാൻ അവർ പരമാവധി പരിശ്രമിച്ചിരുന്നു. ആവർത്തിച്ചുണ്ടാകുന്ന ഒരു കാര്യമായതിനാൽത്തന്നെ അതവർക്ക് വലിയ പ്രയാസമായി മാറുകയും ചെയ്തു". - (التاج والإكليل:3 / 348).

രണ്ടാമത്തെ അഭിപ്രായം:  അത് ഭക്ഷണ പാനീയങ്ങൾ ഇറക്കുന്നതിനോട് സമാനമാണ്. ആകയാൽ ഒരാളുടെ വായിലേക്ക് എത്തിയ ശേഷം മനപ്പൂർവ്വം ഇറക്കിയാൽ നോമ്പ് മുറിയും എന്നതാണ്. ശാഫിഈ മദ്ഹബിലെയും ഹംബലീ മദ്ഹബിലെയും അഭിപ്രായം ഇതാണ്.

ശാഫിഈ മദ്ഹബിലെ ഗ്രന്ഥമായ (المجموع) ൽ ഇപ്രകാരം കാണാം:

فان اخرج البلغم من صدره ثم ابتلعه أو جذبه من رأسه بطل صومه 

"ഒരാളുടെ നെഞ്ചിൽ നിന്നും (കുരച്ചോ മറ്റോ) പുറത്തേക്കെടുത്തതോ, ശിരസിൽ നിന്ന് മൂക്കുകൊണ്ടു വലിച്ചെടുത്തതോ ആയ കഫം ഇറക്കിയാൽ അയാളുടെ നോമ്പ് മുറിയുന്നതാണ്". - (المجموع : 6 / 315).

ഹംബലീ മദ്ഹബിലെ ഇരു അഭിപ്രായങ്ങളും ഇമാം ഇബ്നു ഖുദാമ തൻ്റെ അൽമുഗ്നിയിൽ ഉദ്ധരിച്ചിട്ടുണ്ട് (المغني 3 / 107).

ഏതായാലും ഒരുകൂട്ടർ അതിനെ തുപ്പലിനോട് സമാനമായി ശരീരത്തിൽ നിന്നുമുണ്ടാകുന്ന ഒരു ദ്രവമായി പരിഗണിക്കുന്നു. അതുകൊണ്ടുതന്നെ ശരീരത്തിൽ നിന്നും പുറം കടക്കാത്തിടത്തോളം അതിറക്കുന്നത് നോമ്പിനെ ബാധിക്കുകയില്ല എന്ന അഭിപ്രായത്തിലേക്ക് അവർ എത്തിച്ചേരുകയും ചെയ്തു. എന്നാൽ മറ്റൊരു കൂട്ടർ, അത് ശരീരത്തിൽ നിന്നും പുറം തള്ളപ്പെടേണ്ട ഒന്നായതിനാൽ, എന്നിട്ടും അതിനെ ഇറക്കുന്നത് ഭക്ഷണ പാനീയങ്ങളോ മറ്റോ ഇറക്കുന്നതിനോട് സമാനമായി കാണുകയും അതുകൊണ്ടുതന്നെ നോമ്പ് മുറിയും എന്നഭിപ്രായപ്പെടുകയും ചെയ്തു.

ഇതിൽ ഒന്നാമത്തെ അഭിപ്രായം അഥവാ നോമ്പ് മുറിയുകയില്ല എന്ന അഭിപ്രായമാണ് കൂടുതൽ പ്രബലമായ അഭിപ്രായമായി ഈയുള്ളവന് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. കാരണം മനുഷ്യ ശരീരത്തിലെ വായ, മൂക്ക് തുടങ്ങി നേരിട്ട് ആമാശയത്തിലേക്കുള്ള രണ്ട് മാർഗങ്ങളിൽ അനിവാര്യമായും, നിരന്തരം ആവർത്തിച്ച് ഉണ്ടാകുന്ന ഒരു കാര്യമായതുകൊണ്ടുതന്നെ അതിറക്കുന്നത് നോമ്പ് മുറിയുന്ന ഒരു കാര്യമാണ് എന്ന് പറയുന്നത് വളരെ പ്രാവർത്തികമായി വളരെ പ്രയാസകരമാകും. മാത്രമല്ല അത് നോമ്പ് മുറിയാണ് ഇടവരുത്തുന്ന കാര്യമാണ് എന്ന് പറയാൻ ഘണ്ഡിതമായ യാതൊരു തെളിവും ഇല്ലതാനും. മാത്രമല്ല ഉസൂലുൽ ഫിഖ്‌ഹിലെ തത്വമനുസരിച്ച് അസ്ലിയായി അഥവാ അടിസ്ഥാനയപരമായി നിബന്ധനകൾ പാലിക്കപ്പെടുന്ന ഒരു ഇബാദത്ത് ഫസാദാകണമെങ്കിൽ കൃത്യമായ പ്രമാണം ആവശ്യമാണ്.

അതുകൊണ്ട് അഭിപ്രായഭിന്നതയിൽ നിന്നും പുറം കടക്കാൻ ഒരാൾ പരമാവധി നോമ്പുകാരനായിരിക്കെയും ഇനി നോമ്പുകാരനല്ലാത്തപ്പോഴും കഫം മനപ്പൂർവ്വം ഇറക്കാതിരിക്കുക എന്നത് തന്നെയാണ് സൂക്ഷ്മത. എന്നാൽ ഇറക്കിയാൽ നോമ്പ് മുറിയും എന്ന് പറയാൻ സാധിക്കുകയില്ല.

അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ ..

അതോടൊപ്പം നാം മനസ്സിലാക്കേണ്ടത് ചില ആളുകൾ നോമ്പുകാരായാൽ തുപ്പൽ പോലും ഇറക്കാതെ അമിതമായി സൂക്ഷ്മത കാണിക്കാറുണ്ട്. ഇതിന്റെ ആവശ്യമില്ല തുപ്പൽ നോമ്പ് മുറിയാണ് ഇടവരുത്തുന്ന ഒന്നല്ല. അതുപോലെത്തന്നെ നോമ്പുകാരനല്ലെങ്കിൽപ്പോലും പൊതു ഇടങ്ങളിൽ, നടവഴികളിൽ, ഇരിപ്പിടങ്ങളിൽ, ആളുകൾ സാധാരണ കൂടുന്നിടത്ത് ഒക്കെ തുപ്പുകയെന്നത് ഒരു വിശ്വാസിക്ക് അനുവദനീയമല്ല. നോമ്പുകാരനാണെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ. അതുപോലെ ഒരാൾ തുപ്പിയാൽ അതിനുമുകളിലേക്ക് അല്പം മണ്ണ് നീക്കിയിടണം എന്ന് ഹദീസിൽ കാണാം. ഒരു മുസ്‌ലിം താൻ തൻ്റെ സ്വന്തത്തിനു എന്ത് ഇഷ്ടപ്പെടുന്നുവോ അത് തൻ്റെ സഹോദരന്റെ കാര്യത്തിലും ഇഷ്ടപ്പെടുന്നവനായിരിക്കണം എന്ന ഹദീസ് ഇവിടെ വളരെ ശ്രദ്ധേയമാണ്. ഒരാൾ തുപ്പിവെച്ചത് കാണാൻ നമ്മളാരും ഇഷ്ടപ്പെടില്ലല്ലോ, അതുകൊണ്ട് അത് അല്പം മണ്ണുകൊണ്ട് മറക്കുക. അതല്ലെങ്കിൽ അതിനുവേണ്ടി പ്രത്യേകമുള്ള സ്ഥലങ്ങളിൽ മാത്രം തുപ്പുക. ഒരിക്കലും നാം ചെയ്യുന്ന ഒരു പ്രവർത്തനം മറ്റുള്ളവർക്ക് ഒരുപദ്രവമായി മാറരുത്.

അല്ലാഹു അനുഗ്രഹിക്കട്ടെ...

__________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

ശമ്പളത്തിൻറെ സകാത്ത് അതാത് മാസം തന്നെ നൽകുന്നതിൽ തെറ്റുണ്ടോ ?.




ചോദ്യം:  ഞാൻ സാധാരണ എൻറെ ശമ്പളത്തിന്റെ സകാത്ത്  അതാത് മാസം തന്നെ കൊടുക്കാറാണ് പതിവ്. അങ്ങനെ  ചെയ്യുന്നതിൽ തെറ്റുണ്ടോ ?.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

സകാത്ത് തൻ്റെ മേൽ ബാധ്യതയാകുന്നതിന് മുൻപേ ഒരാൾ നൽകുന്നതിൽ തെറ്റില്ല. പക്ഷെ അപ്പോഴും നിങ്ങളുടെ കയ്യിലുള്ള മറ്റു തുകക്ക് ഓരോ വർഷവും സകാത്ത് ബാധകമാകുമല്ലോ. അതുകൊണ്ട് തന്നെ മാസാമാസം നൽകിയാലും വാർഷിക കാൽക്കുലേഷൻ  നടക്കണം. ഒന്നുകൂടി വ്യക്തമാക്കിയാൽ സകാത്ത് വാർഷികമായി ബാധകവുമാകുന്ന ഒരു നിർബന്ധ ബാധ്യതയായതുകൊണ്ട് സകാത്ത് നൽകാൻ  ബാധ്യസ്ഥനാകുന്ന ഏതൊരാൾക്കും വാർഷിക സകാത്ത് കണക്കുകൂട്ടൽ അനിവാര്യമാണ്. എന്തുകൊണ്ടെന്നാൽ നിങ്ങളുടെ കൈവശം ലഭിക്കുന്ന സാലറിക്ക് മാത്രമല്ലേ  നിങ്ങൾക്ക് അതത് മാസം സകാത്ത് നൽകാൻ സാധിക്കൂ. നിങ്ങളുടെ കയ്യിൽ അൽകൗണ്ടിലോ മറ്റോ മുൻവർഷങ്ങളിലെ  നിക്ഷേപമായുള്ള ധനം, കൈവശമുള്ള കച്ചവടവസ്തുക്കൾ ഇവയുടെയൊക്കെ സകാത്ത് നിങ്ങൾ എങ്ങനെ കണക്കാക്കും ?. എപ്പോൾ കണക്കാക്കും ?.

അതുകൊണ്ടുതന്നെ നിങ്ങളുടെ കയ്യിലേക്ക്  വരുന്ന തുകയുടെ സകാത്ത് നിങ്ങൾ ആ സംഖ്യ വരുമ്പോൾത്തന്നെ നൽകിയാലും, നിങ്ങൾ വാർഷികമായ കണക്കുകൂട്ടൽ നടത്തണം. എന്നിട്ട് ഇതുവരെ നിങ്ങൾ എത്ര സകാത്തായി നൽകിയോ അതിലും കൂടുതൽ നൽകാൻ നിങ്ങൾ ബാധ്യസ്ഥനാണ് എങ്കിൽ ബാക്കി സംഖ്യ കൂടി നൽകണം. തൻ്റെ കയ്യിലേക്ക് വരുന്ന ധനത്തിന് ജീവിതത്തിൽ ആകെ ഒരുതവണ സകാത്ത് നൽകിയാൽ മതി എന്ന മിഥ്യാ ധാരണയിൽ നിന്നാണ് അതത് മാസം നൽകിയാൽ പിന്നെ എന്നെന്നേക്കുമായി ബാധ്യത കഴിഞ്ഞു എന്ന ചിന്ത ഉണ്ടാകുന്നത്. എന്നാൽ തൻ്റെ കൈവശം ആ ധനം ബാക്കിയാകുന്ന പക്ഷം അടുത്ത വർഷം അതേ ധനത്തിന് വീണ്ടും സകാത്ത് ബാധകമാകും. അതുകൊണ്ടാണ് സകാത്ത് ബാധകമാകുന്ന ഏതൊരു വ്യക്തിക്കും തൻ്റെ സകാത്ത് കണക്കാക്കുന്ന ഒരു വാർഷിക സമയം ആവശ്യമായി വരുന്നത്. കാരണം തൻ്റെ കൈവശമുള്ള നിസ്വാബ് എത്തിയ ധനത്തിന് ഓരോ ഹിജ്‌റ വർഷം തികയുമ്പോഴും വീണ്ടും സകാത്ത്  ബാധകമാകുന്നു. ആ സമയം തിട്ടപ്പെടുത്തുന്നതിന് ഒരു വാർഷിക സകാത്ത് കാൽക്കുലേഷൻ ഡേറ്റ് ആവശ്യമായി വരുന്നു.

ഉദാ: ഒരാൾക്ക് മാസം 50000 രൂപ ശമ്പളം കിട്ടുന്നു എന്ന് കരുതുക. അയാൾ 10000 രൂപ ചിലവഴിച്ച്‌ ബാക്കി 40000 ഓരോ മാസവും സേവ് ചെയ്യുന്നു. ഈ വ്യക്തി നിങ്ങൾ സൂചിപ്പിച്ചത് പോലെ ശമ്പളം കിട്ടുമ്പോൾത്തന്നെ സകാത്ത് കൊടുക്കുന്ന   വ്യക്തിയാണ് എന്ന് സങ്കൽപ്പിക്കുക. ഇദ്ദേഹം ഈ വർഷം അതിൻ്റെ സകാത്ത് കൊടുത്തിരിക്കും. എന്നാൽ തൻ്റെ കയ്യിൽ സേവ് ചെയ്ത ധനത്തിന് അടുത്ത ഒരു ഹിജ്‌റ വർഷം തികയുമ്പോൾ വീണ്ടും സകാത്ത് ബാധകമാകും. അപ്പോൾ കൃത്യമായ ഒരു വാർഷിക സകാത്ത് കാൽക്കുലേഷൻ ഡേറ്റ് ഇല്ലാതെ വന്നാൽ തൻ്റെ കൈവശമുള്ള ധനത്തിന് ഹൗൽ (വർഷം) തികയുന്നത് എപ്പോഴാണ് എന്ന് കണക്കാക്കാൻ സാധിക്കില്ല. ഒരാൾ വർഷം തികയുന്നതിന് മുൻപേ തൻ്റെ സകാത്ത് കൊടുക്കുന്നതിന് മതപരമായി തെറ്റൊന്നുമില്ല. പക്ഷെ എങ്കിലും അയാളുടെ വാർഷികമായ കണക്കുകൂട്ടൽ നടക്കണം എന്നർത്ഥം. അതുവരെ സകാത്തിനത്തിൽ നൽകിയ സംഖ്യ കഴിച്ചു ബാക്കി നൽകാനുണ്ടെങ്കിൽ നൽകിയാൽ മതി. പക്ഷെ വാർഷിക കണക്കുകൂട്ടൽ വരുമ്പോഴേ തന്റെ കൈവശമുള്ള ധനത്തിന്റെ സകാത്ത് കൂടി കണക്കാക്കാൻ പറ്റൂ.

ഏറ്റവും എളുപ്പത്തിൽ ഒരാളുടെ സകാത്ത് എങ്ങനെ കണക്കുകൂട്ടാം എന്ന് നേരത്തെ നാം വളരെ വിശദമായി വിശദീകരിച്ചിട്ടുണ്ട്. ആ ലേഖനം വായിച്ചാൽ അവശേഷിക്കാവുന്ന സംശയങ്ങൾ തീരും ഇൻ ഷാ അല്ലാഹ്‌ :

[സകാത്ത് എളുപ്പത്തിൽ എങ്ങനെ കണക്കുകൂട്ടാം. ശമ്പളത്തിന്റെ സകാത്ത് എങ്ങനെ ?. http://www.fiqhussunna.com/2019/05/blog-post_7.html  ].

അതുപോലെ ഈ ഇവിടെ ചോദിക്കപ്പെട്ട വിഷയത്തിൽത്തന്നെ മുൻപൊരു മറുപടി നാം നൽകിയിട്ടുണ്ട്  അതും ആവശ്യമെങ്കിൽ പരിശോധിക്കാവുന്നതാണ് .

[ശമ്പളത്തിന്‍റെ സകാത്ത് കിട്ടുമ്പോള്‍ നല്‍കണോ ?. എങ്ങനെയാണ് സകാത്ത് നല്‍കേണ്ടത് ?. http://www.fiqhussunna.com/2018/05/blog-post_21.html ]. 

അല്ലാഹു അനുഗ്രഹിക്കട്ടെ ...
____________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 


Saturday, May 18, 2019

ഭൂമിയുടെ (സ്ഥലത്തിന്റെ) സകാത്ത് :




الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛


പലപ്പോഴും പലരും ചോദിക്കാറുള്ള ചോദ്യമാണ് .. ഭൂമിക്ക് സകാത്തുണ്ടോ ?. ഇനി ഉണ്ടാകുമെങ്കിൽ അതെപ്പോഴാണ്  ?. എങ്ങനെ കണക്കാക്കണം എന്നെല്ലാം ....

ഒരാൾ തന്റെ വ്യക്തിപരമായ ആവശ്യത്തിനു വേണ്ടി
അഥവാ കൃഷിക്ക്വീട് വെക്കാൻ, കെട്ടിടം പണിയാൻഒരു സമ്പാദ്യം എന്ന നിലക്ക് സ്വന്തം ഉടമസ്ഥതയിൽ നിലനിർത്താൻമക്കൾക്കോബന്ധുക്കൾക്കോ നൽകാൻവഖഫ് ചെയ്യാൻ  എന്നിങ്ങനെയുള്ള ഉദ്ദേശ്യത്തോടെ കച്ചവടാവശ്യത്തിനല്ലാതെ വാങ്ങിക്കുന്ന ഭൂമിക്ക് സകാത്ത് ബാധകമാകുകയില്ല. എന്നാൽ വിൽപന ഉദ്ദേശിച്ചുകൊണ്ട്‌ (അത് പിന്നീടായാലും ശരി) വാങ്ങിക്കുന്ന ഭൂമിക്ക് കച്ചവട വസ്തുവായതിനാൽ തന്നെ സകാത്ത് ബാധകമാണ്. ഇനി ഒരാൾ സ്വന്തം ആവശ്യത്തിന് വേണ്ടി വാങ്ങിച്ച വസ്തു എപ്പോഴാണോ വിൽക്കുവാൻ തീരുമാനിക്കുന്നത് അപ്പോൾ മുതൽ അത് കച്ചവട വസ്തുവായി മാറുന്നു. കച്ചവട വസ്തുക്കൾക്ക് സകാത്ത് ബാധകമാണ്. തിരിച്ച് വില്‍ക്കുന്നില്ല എന്ന തീരുമാനമെടുക്കുന്നത് വരെ. ഇവിടെ ഓരോരുത്തരും മനസ്സിലാക്കേണ്ടത് സകാത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാങ്കേതികമായ പദം മാറ്റങ്ങള്‍ കൊണ്ട് കഴിയില്ല. അല്ലാഹു കണ്ണിന്‍റെ കട്ടുനോട്ടവും, ഹൃദയങ്ങളില്‍ ഒളിച്ചുവെക്കുന്നതും അറിയുന്നവനാണ്. അതിനാൽ അവനവന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അവനവനു തന്നെയാണ് അറിയുക.


കച്ചവടവസ്തുവിന്റെ ഹൗൽ നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടത്:


1- വാങ്ങിക്കുമ്പോൾ തന്നെ വിൽപന ഉദ്ദേശിച്ചുകൊണ്ടാണ്‌ വാങ്ങിച്ചതെങ്കിൽ
,വാങ്ങിയ തിയ്യതിയല്ല മറിച്ച് വാങ്ങാനുപയോഗിച്ച പണത്തിന്റെ ഹൗൽ ആണ് പരിഗണിക്കേണ്ടത്. അഥവാ പണം കച്ചവട വസ്തുവായി മാറുന്നത് ഹൗലിനെ ബാധിക്കുന്നില്ല. ഉദാ: ഒരാളുടെ കൈവശം 10 ലക്ഷം രൂപയുണ്ട്. അതിന്റെ ഹൗൽ തികയുന്നത് മുഹറം 1 നാണ് എന്ന് കരുതുക. അയാള് ആ 10 ലക്ഷം രൂപക്ക് സ്വഫർ 3 ന് കച്ചവടാവശ്യത്തിനായി ഒരു സ്ഥലം വാങ്ങിച്ചുവെങ്കിൽ. അതിന്റെ സകാത്ത് കണക്കു കൂട്ടേണ്ടത് മുഹറം 1 നാണ്. എന്നാൽ കണക്കു കൂട്ടേണ്ട വിലയുടെ കാര്യത്തിൽ ഹൗൽ തികയുമ്പോഴുള്ള മാർകറ്റ് വിലയാണ് പരിഗണിക്കുക. അതായത് 10 ലക്ഷം രൂപക്ക് വാങ്ങിച്ച വസ്തുവിന് ഹൗൽ തികയുന്ന സന്ദർഭത്തിൽ 9 ലക്ഷം രൂപയാണ് എങ്കിൽ9 ലക്ഷം രൂപയുടെ 2.5% ആണ് സകാത്തായി നൽകേണ്ടത്12 ലക്ഷം രൂപയാണ് ആ സമയത്തെ വിലയെങ്കിൽ അതിന്റെ 2.5% ആണ് സകാത്തായി നൽകേണ്ടത്.

2-
  എന്നാൽ വിൽക്കണമെന്നുള്ള  ഉദ്ദേശ്യത്തോടെയല്ലാതെ 
സ്വന്തം ഉടമസ്ഥതയിൽ നിലനിർത്താൻ ആഗ്രഹിച്ചുകൊണ്ട്‌ ഒരാൾ വാങ്ങിച്ച ഭൂമിക്ക് സകാത്ത് ബാധകമല്ല. അത്തരം ഒരു സ്ഥലം എപ്പോഴാണോ ഒരാൾ വിൽക്കാൻ തീരുമാനിക്കുന്നത് അപ്പോൾ മാത്രമേ കച്ചവട വസ്തുവായി മാറുകയും സകാത്ത് ബാധകമാകുകയും ചെയ്യുന്നുള്ളൂ. വിൽക്കാനുള്ള തീരുമാനം എപ്പോൾ എടുക്കുന്നുവോ അന്ന് മുതലാണ്‌ അതിന്റെ ഹൗൽ ആരംഭിക്കുന്നത്. 

----------------------------------

ലജ്നതുദ്ദാഇമയുടെ ഫത്'വ :


ചോദ്യം: തൻറെ കല്യാണമാകുമ്പോഴേക്കും പണം സൂക്ഷിക്കുകയും
പിന്നീട് വിൽക്കുകയും ചെയ്യാം എന്ന ഉദ്ദേശ്യത്തോടെ വാങ്ങിച്ച സ്ഥലത്തിന് സകാത്ത് നിർബന്ധമാണോ ?.. 

ഉത്തരം  കല്യാണം ഉറപ്പിച്ചാൽ വിൽക്കാം എന്ന ഉദ്ദേശ്യത്തോടെ നീ വാങ്ങിച്ച ഈ ഭൂമി കച്ചവട വസ്തുവാണ്. എപ്പോഴാണോ കല്യാണക്കാര്യങ്ങൾ ശരിയാകുന്നത് അപ്പോൾ വിൽക്കുമെന്ന് നീ തീരുമാനിച്ചതിനാലാണത്അതിനാൽ തന്നെ നീയത് വാങ്ങിക്കുകയും വിൽക്കാൻ തീരുമാനിക്കുകയും ചെയ്തത് പ്രകാരം അതിന്റെ ഹൗൽ എപ്പോൾ തികയുന്നുവോആ സമയത്തെ മാർക്കറ്റ് വില കണക്കാക്കി അതിന്റെ 2.5% സകാത്തായി നൽകണം. ഓരോ തവണ ഹൗൽ തികയുമ്പോഴുംആ കച്ചവട വസ്തു വിൽക്കപ്പെട്ടിട്ടില്ലെങ്കിൽ ഹൗൽ തികയുന്ന സന്ദർഭത്തിലെ അതിന്റെ വില കണക്കാക്കി അതിന്റെ 2.5%സകാത്തായി നൽകണം. ഹൗൽ തികയുന്ന സന്ദർഭത്തിൽ അതിന്റെ വില വാങ്ങിച്ച വിലയേക്കാൾ കൂടുതലോകുറവോ ആയിരുന്നാലും ശരി ഹൗൽ തികയുന്ന സന്ദർഭത്തിലെ വിലയാണ് പരിഗണിക്കപ്പെടുക. ആളുകൾക്കിടയിൽ പ്രചാരത്തിലുള്ള ഏതൊരു നാണയത്തിന്റെ അടിസ്ഥാനത്തിലാണോ  അതിന്റെ വില കണക്കാക്കിയത്ആ നാണയമോസ്വർണ്ണമോവെള്ളിയോ അതിന്റെ സകാത്തായി നൽകാം.... അപ്രകാരം ചെയ്യുന്നതാണ് അതിന്റെ വില നിർണ്ണയിക്കുന്നതിൽ കൃത്യതയും സൂക്ഷ്മതയും പുലർത്തുവാനുംതന്റെ ബാധ്യത നിറവേറ്റുവാനും ഏറ്റവും ഉചിതം"

[ ഫതാവ ലിജ്നതുദ്ദാഇമ : അബ്ദുൽ അസീസ്‌ ഇബ്നു ബാസ് (റ) അബ്ദുൽ അസീസ്‌ ആലു ശൈഖ്(ഹ)സ്വാലിഹ് അൽ ഫൗസാൻ (ഹ) ബകർ അബൂ സൈദ്‌ (റ) ].    

(ഈ ഫത്'വയുടെ അറബി ആവശ്യമുള്ളവർ ഈ ലിങ്കിൽ പോകുക)
 

-------------------------------------------------------------------------------------------------------

ഇബ്നു ഉസൈമീൻ(റഹി) യോട്  ചോദിക്കപ്പെട്ടു:

ചോദ്യം: ഞാൻ ഈജിപ്തിൽ ഒരു ഭൂമി വാങ്ങിച്ചു. അതിന് സകാത്തുണ്ടോ ?.ഉണ്ടെങ്കിൽ ഇപ്രകാരമാണ് അതിന്റെ നിസ്വാബ് ഞാൻ കണക്കാക്കേണ്ടത് ?

ഉത്തരം :  ഒരാൾ ഒരു ഭൂമി വാങ്ങിച്ചു. അത് ഈജിപ്തിലോസൗദിയിലോ,ഇറാഖിലോശാമിലോഇനി ഭൂമിയുടെ ഇത് ഭാഗത്തോ ആവട്ടെഅത് അയാള് കച്ചവടം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലമറിച്ച് അതിൽ ഒരു വീട് വെക്കാനോഒരു വാടകക്കെട്ടിടം പണിയാനോഅതല്ലെങ്കിൽ തന്റെ പണം ഒരു സമ്പത്തായി സംരക്ഷിച്ചു വെക്കാനോ ആണ് വാങ്ങിച്ചതെങ്കിൽ അതിൽ സകാത്ത് ബാധകമല്ല. കാരണം ഭൂമി എന്ന ഗണത്തിന് അതൊരു കച്ചവടവസ്തുവായാലല്ലാതെ  സകാത്ത് ബാധകമാകുന്നില്ല. അഥവാ ഒരാൾ തന്റെ മൂലധനമായി കണക്കാക്കുന്ന,  വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വസ്തുവാണെങ്കിലാണ് ഭൂമിക്ക് സകാത്ത് ബാധകമാകുന്നത്. ഇതിൽ ആദ്യം പറഞ്ഞതാണ് ഈ ഭൂമി വാങ്ങിച്ചതിലൂടെ നീ ഉദ്ദേശിക്കുന്നതെങ്കിൽ അതിന് സകാത്ത് ബാധകമല്ല. എന്നാൽ റിയൽ എസ്റ്റേറ്റുകാർ  തങ്ങളുടെ ഭൂമി ചെയ്യാറുള്ളതുപോലെ വില്പനയാണ് നിന്റെ ഉദ്ദേശ്യമെങ്കിൽ (അത് പിന്നീടാണെങ്കിൽ പോലും) അതിൽ നിനക്ക് സകാത്ത് നിർബന്ധമാണ്‌.  ഓരോ ഹൗൽ പൂർത്തിയാകുമ്പോഴും അതിന്റെ ആ സമയത്തെ വിലയെത്രയാണ് എന്ന് കണക്കാക്കി അതിന്റെ 2.5% സകാത്തായി നൽകണം. 

[ ഫതാവ നൂറുൻ അലദ്ദർബ് - ഇബ്നു ഉസൈമീൻ ].


------------------------------------------------------------------------------------------------------

കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ സകാത്ത്: 

ചോദ്യം: നല്ലവിലയുള്ള സമയത്ത് ഒരാള്‍ കുറച്ച് ഭൂമി വാങ്ങി. പക്ഷെ പിന്നീട് മാര്‍ക്കറ്റ് ഇടിഞ്ഞു. കുറഞ്ഞവിലക്കായാലും കൂടിയവിളക്കായാലും ആരും വാങ്ങാനില്ലാത്ത അവസ്ഥ. ഇപ്രകാരം കച്ചവടവസ്തുക്കള്‍ കെട്ടിക്കിടക്കുന്ന അവസരത്തിലും സകാത്ത് നല്‍കേണ്ടതുണ്ടോ ?. 

ഉത്തരം : ഇബ്നു ഉസൈമീന്‍ (رحمه الله) നല്‍കുന്ന മറുപടി: ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ കച്ചവടവസ്തുവിന് സകാത്ത് ബാധകമല്ല എന്നതാണ്. കാരണം തിരിച്ചടക്കാന്‍ സാധിക്കാത്തവന്‍റെ കയ്യില്‍ നിന്നും കിട്ടാനുള്ള കടത്തെപ്പോലെയാണിത്‌. (അവന്‍റെ പണം തിരിച്ചുകിട്ടുമോ എന്ന് തന്നെ ഉറപ്പില്ലാതിരിക്കുമ്പോള്‍ അവന്‍ അതിന്‍റെ സകാത്ത് കൂടി നല്‍കണം എന്ന് പറയുന്നത് ഉചിതമല്ലല്ലോ). അഥവാ അതയാള്‍ക്ക് വില്‍ക്കാന്‍ പറ്റിയാല്‍ ആ വിട്ട വര്‍ഷത്തെ സകാത്ത് മാത്രം അയാള്‍ നല്കിക്കൊള്ളട്ടെ. ഈ അഭിപ്രായം ശറഇന്‍റെ നിയമങ്ങളോട് യോജിക്കുന്നതും ആളുകള്‍ക്ക് അല്പം ആശ്വാസം നല്‍കുന്നതുമാണ്”.
അതോടൊപ്പം അദ്ദേഹം പറഞ്ഞു: "വാങ്ങിക്കാൻ ആളെക്കിട്ടാതെ വരികയും മുടങ്ങിക്കിടക്കുകയും ചെയ്യുന്ന സ്വത്തിന്റെ വിഷയത്തിൽ അത് വിൽക്കപ്പെടുന്നതെപ്പോഴാണോ ആ വർഷത്തെ മാത്രം സകാത്ത് നൽകിയാൽ മതി എന്ന് പറയാമെങ്കിലും അത് വിറ്റുകഴിഞ്ഞാൽ, കഴിഞ്ഞ വർഷങ്ങളുടെയെല്ലാം സകാത്ത് കണക്കു കൂട്ടി നൽകുന്നതാണ് സൂക്ഷ്മത. കാരണം കടവും ഇതും തമ്മിലുള്ള വ്യത്യാസം ഇത് അവന്റെ തന്നെ കൈവശമാണ്. എന്നാൽ കടം നിവൃത്തികേടുകൊണ്ട് തിരിച്ചടക്കാൻ സാധിക്കാത്ത ദരിദ്രന്റെ മേൽ ബാധ്യതയായാണ് നിലകൊള്ളുന്നത് ". 
[ مجموع فتاوى ورسائل ابن عثيمين رحمه الله Vo:18كتاب عروض التجارة ].
-------------------------------കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ സകാത്ത്

ഏതായാലും കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ വിഷയത്തിൽ ആധുനിക കാലഘട്ടത്തിൽ ജീവിച്ച പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ഈ വിഷയം വിശദമായി ചർച്ച ചെയ്ത മാലികീ മദ്ഹബിലെ പണ്ഡിതന്മാർക്കിടയിലുള്ള അഭിപ്രായഭിന്നതയുടെ തുടർച്ച തന്നെയാണിത്.

"കെട്ടിക്കിടക്കുന്ന കച്ചവടവസ്തുക്കൾക്ക് അവ വിൽക്കപ്പെടുന്ന വർഷത്തെ സകാത്ത് മാത്രമേ ബാധകമാകുകയുള്ളൂ എന്നതാണ് മാലികീ മദ്ഹബിലെ പണ്ഡിതന്മാരായ 
ابن الماجشون (റഹി) سحنون (റഹി) തുടങ്ങിയവർ തിരഞ്ഞെടുത്തിട്ടുള്ള അഭിപ്രായം. മാലികീ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായത്തിൽ നിന്നും വ്യത്യസ്ഥമാണിത് " . - [المنتقى شرح الموطأ 2/155 ، التاجوالإكليل  3/189]
 مجلة البحوث الإسلامية യിൽ ശൈഖ് അബ്ദുല്ലാഹിബ്നു ഉമർ ബ്നു മുഹമ്മദ്‌ അസ്സുഹൈബാനി (ഹ) അവതരിപ്പിച്ച റിസർച്ചിൽ അദ്ദേഹം എത്തിച്ചേരുന്ന അഭിപ്രായംകെട്ടിക്കിടക്കുന്ന കച്ചവട വസ്തുവാണെങ്കിൽപോലും അത് സകാത്തിൽ നിന്നും ഒഴിവല്ല എന്നതാണ്. എല്ലാ വർഷവും അതിന് സകാത്ത് ബാധകമാണ് എന്നതാണ്.

ഇബ്നു ഉസൈമീൻ (റഹി) തിരഞ്ഞെടുത്ത അഭിപ്രായമാണ് കൂടുതൽ പ്രബലമായി തോന്നുന്നതെങ്കിലും
ഏറെ സൂക്ഷ്മത കാണിക്കേണ്ട വിഷയമാണിത്. അല്ലാഹു ഹൃദയങ്ങളിൽ ഒളിച്ചു വെക്കുന്നതിനെ കൃത്യമായി അറിയുന്നവനാകുന്നു. തൗഹീദിന്റെ മൂന്നു വശങ്ങളും അതായത് റുബൂബിയ്യത്തുംഉലൂഹിയ്യത്തുംഅസ്മാഉ വ സ്വിഫാത്തും കൃത്യമായി ഉൾക്കൊണ്ടവർക്കേ സകാത്തെന്നല്ല എതോരാരാധനയും സത്യസന്ധമായും കൃത്യതയോടെയും നിർവഹിക്കാൻ സാധിക്കൂ...

അനാവശ്യമായി ഭൂമി പിടിച്ചുവെക്കുകയും
, വിലക്കയറ്റം ഉണ്ടാക്കുകയും ചെയ്യുന്ന പ്രവണതക്ക് തടയിടാൻ സകാത്തിന് സാധിക്കുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്. ഈ ലേഖനം കൂടി വായിക്കുന്നത് കൂടുതൽ ഉപകാരപ്രദമായിരിക്കും ... 


വളരുന്ന റിയൽ എസ്റ്റേറ്റ്‌ ബിസിനസും ...തകരുന്ന കേരളീയ സമ്പത് വ്യവസ്ഥയും ,, ഒരു ഇസ്ലാമിക കാഴ്ചപ്പാട് ...   

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Sunday, May 12, 2019

മഗ്‌രിബ് നമസ്കാരശേഷം ആറു റകഅത്ത് അവ്വാബീൻ നമസ്കാരം ഉള്ളതാണോ ?.


ചോദ്യം: മഗ്‌രിബ് നമസ്കാരശേഷം ആറു റകഅത്ത് അവ്വാബീൻ നമസ്കാരം അവക്കിടയിൽ ഒന്നും സംസാരിക്കാതെ നിർവഹിച്ചാൽ പന്ത്രണ്ട് വർഷം ഇബാദത്തെടുത്ത പുണ്യം കിട്ടും എന്ന ഒരു മെസ്സേജ് വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നു. അതിന്റെ വസ്തുത ഒന്ന് പറഞ്ഞുതരുമോ ?.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

അബൂ ഹുറൈറ (റ) വിൽ നിന്നുമെന്നോണമാണ് അങ്ങനെയുള്ള ഒരു ഹദീസ് ഉദ്ദരിക്കപ്പെട്ടിട്ടുള്ളത്. അങ്ങേയറ്റം ദുർബലമായ സനദിലൂടെ വന്ന ഒരു റിപ്പോർട്ട് ആണത്. ഇമാം ഇബ്നു മാജ (റ), തിർമിദി (റ), അബൂ യഅല (റ) തുടങ്ങിയവർ അത് റിപ്പോർട് ചെയ്തിട്ടുണ്ട്.

ആ റിപ്പോർട് ഇപ്രകാരമാണ് :

 عن أبي هريرة رضي الله عنه ، أن النبي صلى الله عليه وسلم قال : ( مَنْ صَلَّى بَعْدَ الْمَغْرِبِ سِتَّ رَكَعَاتٍ لَمْ يَتَكَلَّمْ فِيمَا بَيْنَهُنَّ بِسُوءٍ عُدِلْنَ لَهُ بِعِبَادَةِ ثِنْتَيْ عَشْرَةَ سَنَةً ) رواه الترمذي في " جامعه " (435) ، وابن ماجه في " السنن " (1167) ، وأبو يعلى في " المسند " (10/413)

അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "ആരെങ്കിലും മഗ്‌രിബ് നമസ്കാരാനന്തരം ആറ് റകഅത്തുകൾ നമസ്കരിക്കുകയും അവക്കിടയിൽ മോശമായ കാര്യങ്ങളൊന്നും തന്നെ സംസാരിക്കാതിരിക്കുകയും ചെയ്‌താൽ അത് പന്ത്രണ്ട് വർഷം ഇബാദത്തെടുത്തതിന് തുല്യമായി ഗണിക്കപ്പെടും."

എന്നാൽ ആ റിപ്പോർട്ടുകളെല്ലാം തന്നെ വന്നത് ഉമർ ബ്ൻ അബീ ഖസ്അം എന്ന വ്യക്തിയിലൂടെയാണ്. അദ്ദേഹം മുഹദ്ദിസീങ്ങളുടെ അഭിപ്രായപ്രകാരം അങ്ങേയറ്റം ദുർബലനും അസ്വീകാര്യനുമാണ്.

ഈ ഹദീസ് റിപ്പോർട് ചെയ്ത ഇമാം തിർമിദി തന്നെ ഈ ഹദീസ് ഉദ്ദരിച്ച ശേഷം പറയുന്നത് നോക്കൂ:

حديث أبي هريرة حديث غريب لا نعرفه إلا من حديث زيد بن الحباب ، عن عمر بن أبي خثعم . وسمعت محمد بن إسماعيل – يعني الإمام البخاري – يقول : عمر بن عبد الله بن أبي خثعم منكر الحديث ، وضعفه جدا " انتهى. 

"അബൂ ഹുറൈറ (റ) വിൽ ഉദ്ദരിക്കപ്പെടുന്നതായുള്ള (അവ്വാബീൻ നമസ്കാരത്തിന്റെ) ഹദീസ് അങ്ങേയറ്റം അപരിചിതമായ ഒരു ഹദീസാണ്. ഉമർ ബ്ൻ അബീ ഖസ്അം എന്ന വ്യക്തിയിൽ നിന്നും സൈദുൽ ഹിബാബ് എന്ന വ്യക്തി ഉദ്ദരിച്ചതായല്ലാതെ മറ്റൊരു വഴിയിലൂടെയും അത് റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. മുഹമ്മദ് ബിൻ ഇസ്‌മാഈൽ അഥവാ ഇമാം ബുഖാരി ഉമർ ബ്ൻ അബീ ഖസ്അമിന്റെ ഹദീസ് അസ്വീകാര്യമാണ് എന്ന് പറഞ്ഞിട്ടുണ്ട്. അയാളെ വളരെയധികം ളഈഫ് ആയാണ് അദ്ദേഹം കണക്കാക്കിയിരുന്നത്".

ഇമാം അബൂ സുർഅ റാസി (റ) പറയുന്നു:

" واهي الحديث ، حدث عن يحيى بن أبي كثير ثلاثة أحاديث ، لو كانت في خمسمائة حديث لأفسدتها " انتهى من "

"ഹദീസുകളുടെ വിഷയത്തിൽ അയാൾ അസ്വീകാര്യനാണ് . യഹ്‌യ ബിൻ അബീ കസീറിൽ നിന്ന് കേവലം മൂന്നു ഹദീസുകളെ അയാൾ റിപ്പോർട് ചെയ്തിട്ടുള്ളൂ. ഇനി അഞ്ഞൂറോളം ഹദീസുകൾ അയാൾ ഉദ്ദരിച്ചിരുന്നുവെങ്കിലും ഞാൻ അവയെ അസ്വീകാര്യമായി കാണുമായിരുന്നു". - [ الضعفاء لأبي زرعة في أجوبته على أسئلة البرذعي " (2/543) .]

ഇമാം ഇബ്നു ഹിബ്ബാൻ (റ) ഒന്നുകൂടി ഗൗരവമുള്ള നിരൂപണമാണ് അയാളെക്കുറിച്ച് നടത്തിയത്:

" كان ممن يروي الأشياء الموضوعات عن ثقات أئمة ، لا يحل ذكره في الكتب إلا على سبيل القدح فيه ، ولا كتابة حديثه إلا على جهة التعجب " انتهى من " المجروحين " (2/83).

"അയാൾ വിശ്വസ്ഥരായ ഇമാമീങ്ങളുടെ പേരിൽ ഇല്ലാത്ത ഹദീസുകൾ കെട്ടിയുണ്ടാക്കുന്ന വ്യക്തിയാണ്. വിമർശന  വിധേയമായല്ലാതെ അയാളുടെ പേര് പോലും കിതാബിൽ ഉദ്ധരിക്കാനോ, കാര്യങ്ങളെ വ്യക്തമാക്കികൊടുക്കാൻ വേണ്ടി നിരൂപണമെന്ന നിലക്കല്ലാതെ അയാൾ റിപ്പോർട് ചെയ്ത ഹദീസുകൾ ഉദ്ദരിക്കാനോ പാടില്ല". [المجروحين :2/83].

അതുകൊണ്ടുതന്നെ മേല്പറഞ്ഞ ഹദീസ് അങ്ങേയറ്റം ദുർബലവും തെളിവിന് കൊള്ളാത്തതുമാണ്. മാത്രമല്ല സ്വഹീഹായ അനേകം ഹദീസുകളിൽ അവ്വാബീൻ നമസ്കാരമെന്നാൽ സൂര്യൻ ഉദിച്ചുയർന്ന ശേഷം ളുഹറിനു മുൻപായി  'ളുഹാ' സമയത്ത് നമസ്കരിക്കുന്ന 'ളുഹാ നമസ്കാര' ത്തിനാണ് പറയുക എന്ന് വന്നിട്ടുമുണ്ട്.

ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം:

عَنْ زَيْدِ بْنِ أَرْقَمَ قَالَ خَرَجَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى أَهْلِ قُبَاءَ وَهُمْ يُصَلُّونَ فَقَالَ : " صَلاةُ الأَوَّابِينَ إِذَا رَمِضَتْ الْفِصَالُ . " رواه مسلم 1238

സൈദ് ബിൻ അർഖം (റ) നിവേദനം: നബി (സ) ഖുബായിലുള്ളവരുടെ അടുത്തേക്ക് ചെന്നപ്പോൾ അവർ നമസ്കാരത്തിലായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: "അവ്വാബീൻ നമസ്കാരം (പശ്ചാത്തപിക്കുന്നവരുടെ നമസ്കാരം) മണൽ ചൂടുപിടിക്കുമ്പോഴാണ് " - [സ്വഹീഹ് മുസ്‌ലിം: 1238].

അതായത് സൂര്യൻ ഉദിച്ചുയർന്നു മണൽ ചൂടാക്കാൻ തുടങ്ങിയാൽ എന്നർത്ഥം. അതാണല്ലോ ളുഹാ നമസ്കാരത്തിന്റെ സമയം. മാത്രമല്ല ഇമാം അഹ്മദ് ഈ ഹദീസിന്റെ പൂർണ രൂപം ഉദ്ധരിച്ചിട്ടുണ്ട്. അതിൽ:

أَنَّ نَبِيَّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَتَى عَلَى مَسْجِدِ قُبَاءَ أَوْ دَخَلَ مَسْجِدَ قُبَاءَ بَعْدَمَا أَشْرَقَتْ الشَّمْسُ فَإِذَا هُمْ يُصَلُّونَ فَقَالَ إِنَّ صَلاةَ الأَوَّابِينَ كَانُوا يُصَلُّونَهَا إِذَا رَمِضَتْ الْفِصَالُ . " 
 
സൂര്യോദയത്തിനു ശേഷം നബി (സ) ഖുബാ പള്ളിയിലേക്ക് വരുകയോ അവിടെ പ്രവേശിക്കുകയോ ചെയ്തു. അപ്പോൾ അവർ നമസ്കരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: "അവ്വാബീൻ നമസ്കാരം (പശ്ചാത്തപിക്കുന്നവരുടെ നമസ്കാരം) അവർ മണൽ ചൂടുപിടിച്ചാലായിരുന്നു നിർവഹിച്ചിരുന്നത്".

അതായത് സൂര്യൻ അൽപം ഉദിച്ചുയർന്ന ശേഷം എന്നർത്ഥം.

ഇമാം മുസ്ലിം ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം:

أَنَّ زَيْدَ بْنَ أَرْقَمَ رَأَى قَوْمًا يُصَلُّونَ مِنْ الضُّحَى فَقَالَ أَمَا لَقَدْ عَلِمُوا أَنَّ الصَّلاةَ فِي غَيْرِ هَذِهِ السَّاعَةِ أَفْضَلُ ، إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ صَلاةُ الأَوَّابِينَ حِينَ تَرْمَضُ الْفِصَالُ . " صحيح مسلم 1237

"ഒരു കൂട്ടം ആളുകൾ ളുഹാ നമസ്കാരം  നിർവഹിക്കുന്നത് കണ്ടപ്പോൾ സൈദ് ബ്ൻ അർഖം (റ) ഇപ്രകാരം പറഞ്ഞു: അവർക്കറിയില്ലേ ഈ സമയത്തേക്കാൾ കൂടുതൽ ശ്രേഷ്ഠം (അല്പം കൂടി വെയിലുദിച്ചാൽ) ആണെന്ന്. 
 റസൂൽ (സ) ഇപ്രകാരം പറഞ്ഞു: "മണൽ ചൂടുപിടിക്കുമ്പോഴാണ് അവ്വാബീങ്ങളുടെ നമസ്കാരം" - [സ്വഹീഹ്‌ മുസ്‌ലിം : 1237] .

അഥവാ സൂര്യൻ ഉദിച്ച അല്പം ഉയർന്നാൽ ത്തന്നെ ളുഹാ നമസ്കാരത്തിന്റെ സമയം ആരംഭിക്കുമെങ്കിലും , ഒന്നുകൂടി വെയിൽ  തറച്ച് മണൽ ചൂടാകാനെടുക്കുന്ന സമയം പിന്നിട്ടാലാണ് ളുഹാ നമസ്കാരത്തിൻറെ ഏറ്റവും ശ്രേഷ്ഠമായ സമയം എന്നതാണ് ഈ ഹദീസ് പഠിപ്പിക്കുന്നത് എന്ന് ഇമാം നവവി തൻ്റെ ശറഹ് മുസ്‌ലിമിൽ വിശദീകരിക്കുന്നത് കാണാം.


അതുകൊണ്ടു നന്നായിൽ വെയിൽ തറച്ച ശേഷം ളുഹാ നമസ്കാരം നിർവഹിക്കുന്നതിനാണ്  (صلاة الأوابين) അവ്വാബീങ്ങളുടെ നമസ്കാരം അഥവാ തങ്ങളുടെ റബ്ബിലേക്ക് ഖേദിച്ച് മടങ്ങുന്നവരുടെ നമസ്കാരം എന്ന് പറയുന്നത്.


മഗ്‌രിബിന്റെയും  ഇശാഇൻറെയും ഇടയിൽ പ്രത്യേകമായ അവ്വാബീൻ നമസ്കാരം ഇല്ലാ എന്ന് ഇതിൽ നിന്നും വ്യക്തമായല്ലോ. എന്നാൽ മഗ്‌രിബിന്റെയും ഇശാഇന്റെയും ഇടയിൽ സുന്നത്ത് നമസ്കാരങ്ങളേ ഇല്ലാ എന്ന് ഇതർത്ഥമാക്കുന്നില്ല. നിരുപാധികം എത്രയും സുന്നത്ത് നമസ്കാരം (النوافل المطلقة) നിർവഹിക്കാവുന്ന  സമയമാണത്.

ഹുദൈഫ (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം:

حذيفة بن اليمان رضي الله عنه ، وفيه : ( فَأَتَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَصَلَّيْتُ مَعَهُ الْمَغْرِبَ، فَصَلَّى النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِلَى الْعِشَاءِ ) رواه أحمد في " المسند " (38/353) ، والترمذي (3781) 

ഹുദൈഫ (റ) നിവേദനം: "ഞാൻ നബി (സ) യുടെ അരികിൽ ചെന്നു. അദ്ദേഹത്തോടൊപ്പം മഗ്‌രിബ് നമസ്കരിച്ചു. ശേഷം നബി (സ) ഇശാ നമസ്‌കാരം വരെ നമസ്കരിച്ചുകൊണ്ടിരുന്നു." -

ഇമാം അഹ്മദും തിർമിദിയും  ഉദ്ദരിക്കുകയും ശൈഖ് അൽബാനി (റ) സ്വഹീഹാണ് എന്ന് രേഖപ്പെടുത്തുകയും ചെയ്ത ഹദീസാണിത്. അഥവാ ഒരാൾക്ക് ഇശാ മഗ്‌രിബിനിടക്ക് എത്രയും സുന്നത്ത് നമസ്കരിക്കാം. എന്നാൽ അതിന് പ്രത്യേക പേരോ, പ്രത്യേക എണ്ണമോ, പ്രത്യേക പുണ്യമോ കല്പിക്കണമെങ്കിൽ അതിന് പ്രമാണം വേണം. അതുകൊണ്ടുതന്നെ മഗ്‌രിബ് നമസ്കാരാനന്തരം അവ്വാബീൻ നമസ്കാരം എന്ന പേരിൽ പന്ത്രണ്ട് വർഷത്തെ പ്രതിഫലം ലഭിക്കുന്ന  6 റകഅത്ത് നമസ്കാരം പ്രമാണങ്ങളാൽ സ്ഥിരപ്പെട്ടിട്ടില്ല. അത് നിർവഹിക്കാനും പാടില്ല. അവ്വാബീൻ നമസ്കാരമാകട്ടെ ളുഹാ നമസ്കാരം അതിൻ്റെ ഏറ്റവും ശ്രേഷ്ഠമായ സമയത്ത് നിർവഹിക്കുന്നതിന് പറയുന്ന പേരുമാണ് എന്ന് പ്രമാണങ്ങളിൽ നിന്നും മനസ്സിലാക്കാം . അതുകൊണ്ട് മേൽസൂചിപ്പിച്ച മെസ്സേജ് പ്രചരിപ്പിക്കരുത്. അതെന്നല്ല കൃത്യമായ മേൽവിലാസമോ പ്രമാണമോ ഇല്ലാത്ത ഒരു മെസ്സേജുകളും ദീനിന്റെ പേരിൽ പ്രചരിപ്പിക്കരുത്.. ശ്രദ്ധിക്കുക ...

 അല്ലാഹു അനുഗ്രഹിക്കട്ടെ .. 
___________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 

വീട്ടിലുള്ള എല്ലാവരുടെയും സ്വർണ്ണം ചേർത്ത് കണക്കാക്കിയാണോ സകാത്ത് കൊടുക്കേണ്ടത് ?.



ചോദ്യം:  സ്വർണ്ണത്തിന്റെ സകാത്ത് നൽകേണ്ട പരിധി 85 ഗ്രാം അഥവാ പത്തര പവൻ ആണല്ലോ. എന്നാൽ വീട്ടിൽ ഭാര്യയുടെ കൈവശം  8 പവൻ , ഉമ്മയുടെ കൈവശം 8 പവൻ, മകളുടെ കൈവശം 3 പവൻ എന്നിങ്ങനെ ഉണ്ടെങ്കിൽ അവയെല്ലാം കൂട്ടി ഒരുമിച്ച് കണക്കാക്കി അതിന്റെ സകാത്ത് നൽകണോ ?. അതല്ല ഓരോ വ്യക്തിയുടേതും വ്യത്യസ്തമായാണോ കണക്കാക്കേണ്ടത് ?. 

www.fiqhussunna.com

ഉത്തരം:
 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

സകാത്ത് ഒരു കുടുംബത്തിന് ബാധകമാകുന്ന ബാധ്യതയല്ല. അത് ഓരോ വ്യക്തിയിലും ബാധകമാകുന്നതായ ഒരു സാമ്പത്തിക ഇബാദത്താണ്‌. അതുകൊണ്ടുതന്നെ സകാത്ത് നിർബന്ധമാകുന്ന പരിധി കണക്കാക്കുമ്പോൾ വീട്ടിലെ മുഴുവൻ അംഗങ്ങളുടെയും എന്ന അർത്ഥത്തിലല്ല. ഒരാളുടെ ഉടമസ്ഥതയിലുള്ള സ്വർണ്ണം സകാത്ത് ബാധകമാകുന്ന പരിധിയെത്തുന്നുണ്ടോ എന്നതാണ് സകാത്ത് നിർബന്ധമാകാൻ പരിഗണിക്കപ്പെടുന്നത്. ഒരു വ്യക്തിയുടെ കൈവശമുള്ള സ്വർണ്ണം നിസ്വാബ് തികയുന്നുവെങ്കിൽ ആ വ്യക്തി കൈവശമുള്ള മുഴുവൻ സ്വർണ്ണത്തിന്റെ രണ്ടര ശതമാനം സകാത്തായി നൽകാൻ ബാധ്യസ്ഥയാണ്.

മകളുടെ സ്വർണ്ണവും, ഭാര്യയുടെ സ്വർണ്ണവും, ഉമ്മയുടെ സ്വർണ്ണവും എല്ലാം കൂട്ടേണ്ടതില്ല. ഓരോന്നും ഓരോ വ്യക്തിയുടെ ഉടമസ്ഥതയിലാണ്. അവർ മരണപ്പെടുന്ന പക്ഷം അവരുടെ അനന്തരാവകാശികൾക്കാണല്ലോ  അത് പോകുക.

ഇനി വില്പനക്ക് വേണ്ടി സൂക്ഷിച്ച സ്വർണ്ണമാണ് എങ്കിൽ അത് വില്പന വസ്തുവാണ്. അവിടെ വില്പന വസ്തുവിന്റെ നിയമങ്ങളാണ് അതിനു ബാധകമാകുന്നത്. പത്തര പവനിൽ താഴെയാണ് എങ്കിലും അവിടെ വില്പനവസ്തു എന്ന നിലക്ക് അതിനു സകാത്ത് ബാധകമാകും. കാരണം കച്ചവടവസ്തുക്കളുടെ സകാത്ത് അതിന്റെ വിലയെ അപേക്ഷിച്ചാണ്‌ നിലനിൽക്കുന്നത്, തൂക്കത്തെ അപേക്ഷിച്ചല്ല. അതുകൊണ്ടുതന്നെ 595 ഗ്രാം വെള്ളിക്ക് തത്തുല്യമായതോ അതിനുമുകളിലോ ഉള്ള സ്വർണ്ണം വില്പന ഉദ്ദേശിച്ച് സൂക്ഷിച്ചവയായുണ്ടെങ്കിൽ അതിനു രണ്ടരശതമാനം സകാത്ത് കൊടുക്കണം. അവിടെ പത്തര പവൻ എന്ന നിയമം ബാധകമാകുന്നില്ല. 

അമൂല്യമായ ആഭരണങ്ങൾ വില്പനക്ക് വെച്ചത് ഉണ്ട് എന്ന് കരുതുക. വലിയ തൂക്കമൊന്നുമില്ല പക്ഷെ അമൂല്യമായതിനാൽ വലിയ വിലയുണ്ട്. അവിടെ അതിന്റെ വിലക്കനുസരിച്ചാണ് സകാത്ത് കൊടുക്കേണ്ടത് തൂക്കത്തിനനുസരിച്ചല്ല. കാരണം അത് വില്പന വസ്തുവാണ്. والله تعالى أعلم
  
അല്ലാഹു അനുഗ്രഹിക്കട്ടെ .. 
__________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

Tuesday, May 7, 2019

സകാത്ത് എളുപ്പത്തിൽ എങ്ങനെ കണക്കുകൂട്ടാം ?!. ശമ്പളം, കച്ചവടം, വാടക, നിക്ഷേപം തുടങ്ങി എല്ലാം എങ്ങനെ കണക്കുകൂട്ടാം ?!


 ചോദ്യം: ഒരാളുടെ സകാത്ത് എളുപ്പത്തില്‍ എങ്ങനെ കണക്കു കൂട്ടാം ?.

www.fiqhussunna.com

ഉത്തരം:


الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛

ഇത് നേരത്തെ നിരവധി തവണ നമ്മള്‍ വിശദീകരിച്ചതാണ്. എങ്കിലും ധാരാളം പേര്‍ ഇതേ വിഷയത്തില്‍ വീണ്ടും ബന്ധപ്പെടുന്നത് കൊണ്ടാണ് വീണ്ടും ഇതെഴുതുന്നത്.  ഉദാഹരണ സഹിതം വിശദീകരിച്ചിട്ടുണ്ട്. ആവര്‍ത്തിച്ച് വായിക്കുകയും കാര്യങ്ങള്‍ ഗ്രഹിക്കാന്‍ പരമാവധി പരിശ്രമിക്കുകയും ചെയ്യുക. എന്നിട്ടും ഇവിടെ എഴുതിയതില്‍ വല്ല സംശയവും അവശേഷിക്കുന്നുവെങ്കില്‍ മാത്രം ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ അയക്കാവുന്നതാണ്. അതുപോലെ പല സഹോദരങ്ങളും അവരുടെ ഓരോരുത്തരുടെയും സകാത്ത് പ്രത്യേകമായി കണക്കുകൂട്ടി നല്‍കാന്‍ ആവശ്യപ്പെട്ട് ഫിഖ്ഹുസ്സുന്നയിലേക്ക് മെയില്‍ അയക്കുന്നു. ഓരോരുത്തരുടേതും കണക്ക് കൂട്ടി നല്‍കുക പ്രയാസമാണ്. അതുകൊണ്ടാണ് സകാത്ത് കണക്കുകൂട്ടേണ്ട രീതി ലളിതമായി അതിന്‍റെ സാങ്കേതിക ചര്‍ച്ചകള്‍ ഉള്‍പ്പെടുത്താതെ ഒരാവര്‍ത്തി കൂടി എഴുതുന്നത്. സകാത്ത് എന്നത് ഇസ്‌ലാമിന്‍റെ പഞ്ചസ്തംബങ്ങളില്‍ ഒന്നാണല്ലോ. ആ പ്രാധാന്യം തിരിച്ചറിയുന്നവര്‍ ആയിരിക്കുമല്ലോ ഈ ലേഖനം വായിക്കുന്ന ഓരോരുത്തരും. അതുകൊണ്ട്  പരിപൂര്‍ണമായി ഒന്നോ രണ്ടോ തവണ ആവര്‍ത്തിച്ച് വായിക്കുക. കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ അല്ലാഹു സഹായിക്കട്ടെ. ഒപ്പം കൃഷിയോ മറ്റോ അല്ല രണ്ടര ശതമാനം ബാധകമാകുന്ന ഇനങ്ങളുടെ സകാത്ത് ആണ് ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത് എന്നത് ശ്രദ്ധിക്കുക. അല്ലാഹുഅനുഗ്രഹിക്കട്ടെ.. 

ഒരു ഹിജ്റ വര്‍ഷക്കാലത്തേക്ക് തന്‍റെ കൈവശം ബേസിക്ക് ബാലന്‍സ് ആയി 595 ഗ്രാം വെള്ളിക്ക് സമാനമായ കറന്‍സിയോ, കച്ചവട വസ്തുവോ കൈവശമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം അയാള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്.

ഇന്ന് 15/06/2017 ന് വ്യാഴായ്ച നോക്കിയത് പ്രകാരം 595 ഗ്രാം വെള്ളി = 23324 രൂപയാണ്. അത് സാന്ദര്‍ഭികമായി കൂടുകയും കുറയുകയും ചെയ്തേക്കാം. കറന്‍സിയുടെ നിസ്വാബ് വെള്ളിയുമായി താരതമ്യം ചെയ്യാന്‍ കാരണം, വെള്ളിക്ക് മൂല്യം കുറവായതിനാലാണ്. നബി (സ) യുടെ കാലത്ത് വെള്ളിനാണയങ്ങള്‍ ഉപയോഗിച്ചിടത്തും, സ്വര്‍ണ നാണയങ്ങള്‍ ഉപയോഗിചിടത്തും നാമിന്ന് ഉപയോഗിക്കുന്നത് കറന്‍സിയാണ്. അതുകൊണ്ടുതന്നെ ആദ്യം നിസ്വാബ് (സകാത്ത് ബാധകമാകാന്‍ ആവശ്യമായ പരിധി) എത്തുന്നത് ഏതോ അതാണ്‌ പരിഗണിക്കേണ്ടത്. മറ്റു കാരണങ്ങളും ഉണ്ട് കൂടുതല്‍ ഇവിടെ വിശദീകരിക്കുന്നില്ല.

  എന്റെ കയ്യില്‍ ഒരു വര്‍ഷം മിനിമം നിക്ഷേപമായി 595ഗ്രാം വെള്ളിക്ക് തതുല്യമായ സംഖ്യ 23000 രൂപയെങ്കിലും ഉണ്ട് എങ്കില്‍ ഞാന്‍ സകാത്ത് നല്‍കാന്‍ കടപ്പെട്ടവനാണ്. ഇനിയാണ് എന്‍റെ സകാത്ത് എങ്ങനെയാണ് കണക്കു കൂട്ടേണ്ടത് എന്നത് നാം  പരിശോധിക്കുന്നത്.

സകാത്ത് ബാധകമാകുന്ന ഓരോ വ്യക്തിക്കും ജീവിതത്തില്‍ ഒരു Zakath Calculation Date അഥവാ സകാത്ത് കണക്കു കൂട്ടേണ്ട തിയ്യതി ഉണ്ടായിരിക്കണം. ഹിജ്റ വര്‍ഷത്തിലെ ഒരു ദിവസമായിരിക്കും അത്. ഉദാ, മുഹര്‍റം ഒന്ന് , സ്വഫര്‍ ഒന്ന്, എന്നിങ്ങനെ ഏതെങ്കിലും ഒരു തിയ്യതി അയാളുടെ സകാത്ത് കാല്‍ക്കുലേഷന്‍ തിയ്യതിയായി ഉണ്ടായിരിക്കും. യഥാര്‍ത്ഥത്തില്‍ തന്‍റെ കൈവശം നിസ്വാബ് എത്തിയ അന്ന് മുതലാണ്‌ ഒരാള്‍ തിയ്യതി കണക്കാക്കേണ്ടത്. ഇനി അപ്രകാരം ഒരു തിയ്യതി ഇല്ലാത്തവര്‍,  സ്ഥിരമായി റമളാന്‍ മാസത്തിലോ മറ്റോ കൊടുത്ത് വരുന്നവരാണെങ്കില്‍ അതു തന്നെ തുടര്‍ന്നാല്‍ മതി. ഇനി നേരത്തെ ഒരു തീയതിയില്ലാത്തവര്‍ ഇത് വായിക്കുന്നത് മുതല്‍ തങ്ങളുടെ സകാത്ത് ഇതില്‍ പറഞ്ഞത് പ്രകാരം കണക്ക് കൂട്ടുകയും, ആ തിയ്യതി തന്നെ തുടര്‍ വര്‍ഷങ്ങളിലും തന്‍റെ സകാത്ത് കണക്കുകൂട്ടാനുള്ള തിയ്യതിയായി പരിഗണിച്ച് തുടര്‍ന്ന് പോരുകയും ചെയ്യുക.

ഇനിയാണ് സകാത്ത് കണക്കുകൂട്ടാനുള്ള ഏറ്റവും എളുപ്പ രീതിയെക്കുറിച്ച് നാം പറയാന്‍ പോകുന്നത്. ഓരോ വര്‍ഷവും തന്‍റെ സകാത്ത് കണക്കുകൂട്ടുന്ന  തിയ്യതിയെത്തുമ്പോള്‍  ഒരാള്‍ ചെയ്യേണ്ടത് ഇപ്രകാരമാണ്. ഓരോ ഹിജ്റ വര്‍ഷവും അതേ തിയ്യതി വരുന്ന സമയത്ത് ഇതാവര്‍ത്തിച്ചാല്‍ മതി:

താഴെ പറയുന്ന കാര്യങ്ങള്‍ കൂട്ടുക:

തന്‍റെ കൈവശമുള്ള കറന്‍സി +
തന്‍റെ അക്കൗണ്ടില്‍ ഉള്ള പണം +
തന്‍റെ കൈവശമുള്ള കച്ചവട വസ്തുക്കളുടെ ഇപ്പോഴുള്ള വില.

ഇവയെല്ലാം കൂട്ടിയ ശേഷം കിട്ടുന്ന ആകെ തുകയുടെ രണ്ടര ശതമാനം സകാത്തായി നല്‍കണം.

ശേഷം അടുത്ത വര്‍ഷം തന്‍റെ സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതി വരുമ്പോള്‍ ഇതേ പ്രകാരം ചെയ്‌താല്‍ മതി.  സകാത്ത് കണക്കുകൂട്ടുന്ന സമയത്ത് കൈവശം എത്രയുണ്ടോ അത് മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. ചിലവായിപ്പോയത് കണക്കാക്കേണ്ടതില്ല. അഥവാ ശമ്പളം, വാടക, ലാഭം, കൈവശമുള്ള കച്ചവടവസ്തുക്കള്‍, തുടങ്ങി തന്‍റെ കയ്യിലേക്ക് വരുന്ന കറന്‍സിയും, കച്ചവട വസ്തുക്കളുമെല്ലാം ഒരു സകാത്ത് അക്കൗണ്ടിലാണ്  വീഴുന്നത് എന്ന് സങ്കല്പ്പിക്കുക. ഓരോ ഹിജ്റ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും എന്‍റെ സകാത്ത് അക്കൗണ്ടില്‍ എത്ര തുകയുണ്ട് അതിന്‍റെ 2.5% സകാത്തായി നല്‍കുക. ചിലവായിപ്പോയ സംഖ്യ പരിഗണിക്കേണ്ടതില്ല. ഇതാണ് സകാത്ത് കണക്കുകൂട്ടേണ്ട ശരിയായതും ഏറ്റവും എളുപ്പമുള്ളതുമായ രീതി.

ഉദാ: ഒരാള്‍ക്ക് മാസശമ്പളമായി 45000 രൂപ ലഭിക്കുന്നു. അതുപോലെ അയാളുടെ കൈവശമുള്ള ഒരു വീട് വാടകക്ക് നല്‍കിയത് വഴി 10000 രൂപയും മാസം ലഭിക്കുന്നു. ഇതൊക്കെ ഒരു സകാത്ത് പാത്രത്തിലേക്ക് ആണ് വീഴുന്നത് എന്ന് സങ്കല്‍പ്പിക്കുക. സ്വാഭാവികമായും അയാള്‍ ആ ധനത്തില്‍ നിന്നും ചിലവഴിക്കുകയും ചെയ്യുന്നു. അഥവാ സകാത്ത് ബക്കറ്റിലേക്ക് ധനം വരുകയും അതുപോലെ അതില്‍നിന്നും പുറത്ത് പോകുകയും ചെയ്യുന്നുണ്ട്. അയാള്‍ സകാത്ത് കണക്കുകൂട്ടേണ്ട സ്വഫര്‍ 1 എന്ന തിയ്യതി എത്തിയപ്പോള്‍ അയാള്‍ തന്‍റെ ബക്കറ്റില്‍ എത്ര ധനമുണ്ട് എന്ന് പരിശോധിച്ചു. ഉദാ: കണക്കുകൂട്ടുന്ന തിയ്യതിയില്‍ അയാളുടെ കൈവശം 360000 രൂപയാണ് ഉള്ളത്, ഒപ്പം വില്പനക്ക് വേണ്ടി വച്ച 4 ലക്ഷം രൂപ ഇപ്പോള്‍ വില വരുന്ന ഒരു കച്ചവട വസ്തുവും അയാളുടെ പക്കലുണ്ട്. ആകയാല്‍ അയാള്‍ മൊത്തം സകാത്ത് നല്‍കേണ്ട തുക  360000 + 400000 = ആകെ ഏഴ് ലക്ഷത്തി അറുപതിനായിരം രൂപ സകാത്ത് കണക്കുകൂട്ടുന്ന തിയ്യതിയില്‍ അയാളുടെ കൈവശം ഉണ്ട്. അതിന്‍റെ രണ്ടര ശതമാനം (2.5%) അയാള്‍ സകാത്തായി നല്‍കണം. അഥവാ രണ്ടര ശതമാനം കാണാന്‍ 760000 X 2.5 ÷ 100 എന്ന രീതി അവലംബിക്കുകയോ, അതല്ലെങ്കില്‍ 760000 ത്തെ 40 കൊണ്ട് ഹരിക്കുകയോ   ചെയ്‌താല്‍ മതി. ഉദാ: 
(760000÷40 = 19000). അതായത് അയാള്‍ സകാത്തായി നല്‍കേണ്ട തുക 19000 രൂപ. അത് നല്‍കിയാല്‍ ഈ വര്‍ഷത്തെ സകാത്ത് നല്‍കിക്കഴിഞ്ഞു. ഇനി അടുത്ത കൊല്ലം ഇതേ തിയ്യതി വരുമ്പോള്‍ ഇത് ആവര്‍ത്തിക്കുക. 

കയ്യിലുള്ള തുകയുടെ രണ്ടര ശതമാനം എങ്ങനെ കണ്ടെത്താം ?.  രണ്ടര ശതമാനം കണ്ടെത്താന്‍ ആകെ കണക്കുകൂട്ടി ലഭിക്കുന്ന തുകയെ 40 കൊണ്ട് ഹരിച്ചാല്‍ മതി.

മറ്റുള്ളവരില്‍ നിന്നും ലഭിക്കാനുള്ള കടങ്ങള്‍: 
ഇത് അഭിപ്രായഭിന്നതയുള്ള വിഷയമാണ്. ശരിയായ അഭിപ്രായപ്രകാരം മറ്റുള്ളവരില്‍ നിന്നും തനിക്ക് തിരികെ ലഭിക്കാനുള്ള കടങ്ങള്‍ക്ക് സകാത്ത് ബാധകമല്ല. ആഇശ (റ), ഇബ്നു ഉമര്‍ (റ), ഇകരിമ (റ) തുടങ്ങിയവരുടെയും ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയയുടെയുമെല്ലാം അഭിപ്രായം ഇതാണ്. (الموسوعة الفقهية , വോ: 3, പേജ്: 238, 239 നോക്കുക). എന്നാല്‍ ബഹുഭൂരിപക്ഷം ഫുഖഹാക്കളും അത് നല്‍കിയ ആളുടെ സമ്പത്ത് തന്നെയാണ് എന്നതിനാല്‍ തിരികെ ലഭിക്കുമെന്ന് ഉറപ്പുള്ള കടമാണ് എങ്കില്‍ അതിന് സകാത്ത് നല്‍കണം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും നല്‍കേണ്ടതില്ല എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. എങ്കിലും കൂടുതല്‍ സൂക്ഷ്മത ആഗ്രഹിക്കുന്നവര്‍ക്ക് നല്‍കുക എന്നതാണ് ഉചിതം.

ഇനി താന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ള കടങ്ങള്‍:
 അത് സകാത്ത് കണക്കുകൂട്ടുന്നതിനു മുന്‍പ് കൊടുത്ത് വീട്ടുകയാണ് എങ്കില്‍, നമ്മള്‍ പറഞ്ഞത് പ്രകാരം സ്വാഭാവികമായും കണക്കില്‍ അവ വരില്ല. ഇനി അവ ഇപ്പോള്‍ കൊടുത്ത് വീട്ടുന്നില്ല, പിന്നീട് വീട്ടാന്‍ ഉദ്ദേശിക്കുന്ന കടമാണ് എങ്കില്‍, കണക്ക് കൂട്ടിയ മൊത്തം തുകയില്‍ നിന്നും കൊടുക്കാനുള്ള സംഖ്യ എന്ന പേരില്‍ അത് കുറക്കാന്‍ പറ്റില്ല. ഉദാ: ഒരാളുടെ കൈവശം മൊത്തം 10 ലക്ഷം ഉണ്ട്. അയാള്‍ മറ്റുള്ളവര്‍ക്ക് രണ്ടു ലക്ഷം കൊടുക്കാനുണ്ട്. പക്ഷെ ആ പണം ഇപ്പോള്‍ കൊടുക്കാന്‍ അയാള്‍ ഉദ്ദേശിക്കുന്നില്ല. എങ്കില്‍ ആ 10 ലക്ഷത്തിനും അയാള്‍ സകാത്ത് കൊടുക്കണം. ഇനി സകാത്ത് കണക്കു കൂട്ടുന്ന തിയ്യതിക്ക് മുന്‍പായിത്തന്നെ അയാള്‍ ആ രണ്ടു ലക്ഷം കൊടുത്ത് വീട്ടിയാല്‍ സ്വാഭാവികമായും അയാളുടെ കൈവശമുള്ള (സകാത്ത് അക്കൗണ്ടിലെ) സംഖ്യ കണക്ക് കൂട്ടുമ്പോള്‍ അതില്‍ ആ ധനം കടന്നുവരികയുമില്ല.


ഇനി സ്വര്‍ണ്ണം കൈവശമുള്ളവര്‍:  സ്വര്‍ണ്ണം (10.5) പത്തര പവനോ അതില്‍ കൂടുതലോ കൈവശം ഉണ്ടെങ്കില്‍. കൈവശമുള്ള മൊത്തം സ്വര്‍ണ്ണത്തിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം. അതുപോലെ ഒരാളുടെ കൈവശം 8 പവന്‍ ഉണ്ട് എന്ന് കരുതുക, ബാക്കി രണ്ടര പവന് തതുല്യമായ കറന്‍സിയോ അതിലധികമോ ഉണ്ടെങ്കില്‍ ആ സ്വര്‍ണ്ണം കണക്കില്‍ ഉള്‍പ്പെടുത്തി അവക്ക് കൂടി സകാത്ത് നല്‍കണം.കാരണം കറന്‍സി സ്വര്‍ണ്ണവുമായും വെള്ളിയുമായും ഒരുപോലെ ഖിയാസ് ചെയ്യാവുന്ന ഇനമാണ്. അതുകൊണ്ട് കൈവശമുള്ള സ്വര്‍ണ്ണം സ്വന്തമായോ, കയ്യിലുള്ള കച്ചവട വസ്തുവോ, കറന്‍സിയോ ചേര്‍ത്തുകൊണ്ടോ പത്തര പവന്‍ തികയുമെങ്കില്‍ കൈവശമുള്ള മുഴുവന്‍ സ്വര്‍ണ്ണത്തിന്‍റെയും രണ്ടര ശതമാനം നല്‍കണം. അതായത് നമ്മള്‍ നേരത്തെ സൂചിപ്പിച്ച സകാത്തിന്‍റെ ധനം കണക്ക് കൂട്ടുമ്പോള്‍ ഈ സ്വര്‍ണ്ണം കൂടെ ഉള്‍പ്പെടും എന്നര്‍ത്ഥം.

ഇനി വില്‍ക്കാന്‍ ഉദ്ദേശിച്ച് എടുത്ത് വെക്കുന്ന വിലപിടിപ്പുള്ള വജ്രാഭരണങ്ങള്‍, പ്ലാറ്റിനം, അമൂല്യമായ ഇനങ്ങള്‍ ഇവയുടെയെല്ലാം കണക്കുകൂട്ടുന്ന സമയത്തെ മാര്‍ക്കറ്റ് വില എത്രയാണോ അതും കണക്കില്‍ ഉള്‍പ്പെടുത്തണം. കാരണം അവ കച്ചവട വസ്തുവാണ്.


വെള്ളി (595) ഗ്രാം ഉണ്ടെങ്കില്‍ അതും കണക്കില്‍ ഉള്‍പ്പെടുത്തുക. ഇനി അതില്‍ കുറവും എന്നാല്‍ അതിന്‍റെ നിസ്വാബ് എത്തനാവശ്യമായ കറന്‍സി കൈവഷമുണ്ടാവുകയും ചെയ്‌താല്‍ സ്വര്‍ണ്ണത്തിന്‍റെ വിഷയത്തില്‍ പറഞ്ഞത് ഇവിടെയും ബാധകമാണ്.

ഇനി ബിസിനസിലോ മറ്റോ ഉള്ള ഷെയറുകള്‍ ഉള്ളവര്‍:

സേവനാധിഷ്ടിതമായ ബിസിനസ്:
 അതായത് ഹോസ്പിറ്റല്‍, റെസ്റ്റോറന്‍റ്, സ്കൂള്‍, കോളേജ് തുടങ്ങി സര്‍വീസ് സംബന്ധമായ അഥവാ സേവനാധിഷ്ടിതമായ ബിസിനസ് ആണെങ്കില്‍ അവയില്‍ നിന്നുമുള്ള വരുമാനത്തിനാണ് സകാത്ത്. സ്ഥാപനവും ഉപയോഗ വസ്തുക്കളുമായി മാറിയ  മുടക്ക് മുതലിന് സകാത്തില്ല.  സകാത്ത് കണക്കുകൂട്ടുന്ന സമയത്തെ കൈവശമുള്ള മൊത്തം ധനം എത്രയാണോ അതാണ്‌ ഈ ഇനത്തില്‍പ്പെട്ടവര്‍ കണക്ക് കൂട്ടേണ്ടത്. അതില്‍നിന്നും നിക്ഷേപകര്‍ക്ക് ലാഭമായി നല്‍കിയ സംഖ്യ സ്വാഭാവികമായും അവരുടെ കണക്കില്‍ വരുകയും ചെയ്യും.

ഉദാ:
 ഇരുപത് പേര്‍ ചേര്‍ന്ന് ഓരോ ലക്ഷം വീതം മുടക്കി ഒരു ഹോട്ടല്‍ തുടങ്ങി. അതിന്‍റെ ഷോപ്പ്, അവിടെയുള്ള ഉപയോഗവസ്തുക്കള്‍, ഡെലിവറി വാഹനം ഇവയൊന്നും സകാത്തിന്‍റെ കണക്ക് കൂട്ടുമ്പോള്‍ ഉള്‍പ്പെടുത്തേണ്ടതില്ല. സകാത്ത് കണക്കുകൂട്ടേണ്ട വാര്‍ഷിക തിയ്യതിയില്‍ ഹോട്ടലിന്‍റെ അക്കൌണ്ട് പരിശോധിക്കുമ്പോള്‍ ആകെ 6 ലക്ഷം രൂപയുണ്ട്. അവര്‍ അതിന്‍റെ രണ്ടരശതമാനം ആണ് നല്‍കേണ്ടത്. അടുത്ത വര്‍ഷം അതേ തിയ്യതി വന്നപ്പോള്‍ ആകെ കൈവശം 12 ലക്ഷം ഉണ്ട്. അതിന്‍റെ രണ്ടര  ശതമാനം ആണ് നല്‍കേണ്ടത്.  ഇനി അവരുടെ കൈവശം സ്റ്റോക്ക്‌ എടുക്കാവുന്ന കച്ചവട വസ്തുക്കള്‍ കൂടിയുള്ള മിശ്രിതമായ ബിസിനസ് ആണ് എങ്കില്‍ കണക്ക് കൂട്ടുമ്പോള്‍ കൈവശമുള്ള മൊത്തം കച്ചവട വസ്തുക്കളുടെ വില കൂടി കണക്കില്‍ ഉള്‍പ്പെടുത്തണം. 


ഉത്പന്നാധിഷ്ടിതമായ ബിസിനസ്: എന്നാല്‍ ഉത്പന്നാധിഷ്ടിതമായ ബിസിനസ് പ്രോഡക്റ്റുകള്‍ വില്‍ക്കുന്നതായ ബിസിനസ് ആണെങ്കില്‍ അവരുടെ കൈവശമുള്ള ധനവും, അവരുടെ കൈവശമുള്ള മൊത്തം ഉല്പന്നങ്ങളുടെ മാര്‍ക്കറ്റ് വിലയും സകാത്ത് ബാധകമാകുന്നവയാണ്.

അതുകൊണ്ടുതന്നെ അത് കണക്കാക്കിയ ശേഷം അതില്‍ നിന്നും തനിക്ക് ഉള്ള ഷെയറിന്‍റെ തോത് (ശതമാനം) അനുസരിച്ച് അതിന്‍റെ സകാത്ത് ഓരോരുത്തരും  ബാധ്യസ്ഥനായിരിക്കും.

ഉദാ:  പത്ത് പേര്‍ ചേര്‍ന്ന് 5 ലക്ഷം വീതം മുടക്കി 50 ലക്ഷം രൂപക്ക് ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി. തങ്ങളുടെ സകാത്ത് കാല്‍ക്കുലേഷന്‍ സമയമെത്തിയപ്പോള്‍ അവര്‍ ചെയ്യേണ്ടത് മൊത്തം നിക്ഷേപിച്ച തുകക്ക് സകാത്ത് നല്‍കുക എന്നതല്ല. അവരുടെ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ അക്കൗണ്ടില്‍ എത്ര തുകയുണ്ട് എന്ന് നോക്കുക. അതുപോലെ അവിടെ എത്ര സ്റ്റോക്ക്‌ ഉണ്ട് എന്ന് നോക്കുക. സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വില കണക്കാക്കാന്‍ അതിലേക്ക് അവര്‍ ഈടാക്കുന്ന ആവറേജ് പ്രോഫിറ്റ് കൂടി കൂട്ടിയാല്‍ മതി. ഉദാ: മൊത്തം സ്റ്റോക്ക്‌ 20 ലക്ഷം രൂപക്കുള്ള സാധനമാണ്. ആവറേജ് പ്രോഫിറ്റ് 15% മാണ് എങ്കില്‍ 20 ലക്ഷം + 15 % = ആകെ തുക 2300000. ഇതാണ് അവരുടെ സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വില, ഒപ്പം അവരുടെ അക്കൗണ്ടില്‍ 4 ലക്ഷം രൂപയുമുണ്ട്. ആകെ 27 ലക്ഷം രൂപ. അതിന്‍റെ രണ്ടര ശതമാനം അവര്‍ സകാത്ത് നല്‍കണം. അതായത് 
2700000 X 2.5 ÷ 100 =   67500.  അഥവാ 67500 രൂപ സകാത്തായി നല്‍കണം. ഇനി അടുത്ത ഒരു ഹിജ്റ വര്‍ഷം തികയുമ്പോള്‍ ഇതുപോലെ കണക്ക് കൂട്ടിയാല്‍ മതി.

സ്റ്റോക്ക്‌ എത്ര എന്നതും, കൈവശമുള്ള തുക എത്ര എന്നതും, അസറ്റ് എത്ര എന്നതുമൊക്കെ ഓരോ കമ്പനിയുടെയും ബാലന്‍സ് ഷീറ്റില്‍ ഓരോ വര്‍ഷവും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അതുനോക്കി തന്‍റെ നിക്ഷേപത്തിന് എത്ര സകാത്ത് നല്‍കണം എന്നത് കണക്കാക്കാം. ഇനി താന്‍ നിക്ഷേപം മാത്രം ഇറക്കുകയും എന്നാല്‍ സ്റ്റോക്ക്‌ എത്ര, കൈവശമുള്ള തുക എത്ര എന്നത് എത്ര അന്വേഷിച്ചിട്ടും വേണ്ടപ്പെട്ടവര്‍ വിവരം നല്‍കാത്ത പക്ഷം, അറിയാന്‍  യാതൊരു വിധത്തിലും സാധിക്കാതെ വന്നാല്‍ ബിസിനസില്‍ താന്‍ നിക്ഷേപിച്ച മൊത്തം സംഖ്യക്കും സകാത്ത് നല്‍കുക. അതോടൊപ്പം തന്‍റെ നിക്ഷേപമുള്ള കമ്പനിയുടെ കണക്കുകളും കാര്യങ്ങളും അറിയാന്‍ വേണ്ടി പരിശ്രമിക്കുകയും ചെയ്യുക. മറ്റു നിര്‍വാഹമില്ലാത്തതിനാലാണ് ആ ഒരു സാഹചര്യത്തില്‍ നിക്ഷേപിച്ച തുക കണക്കാക്കി സകാത്ത് നല്‍കുക എന്ന് പറഞ്ഞത്. പക്ഷെ അത് ശാശ്വതമായ പരിഹാരമല്ല. പലപ്പോഴും നല്‍കുന്ന തുക കുറയാനോ, കൂടാനോ അത് ഇടവരുത്തും.

നിക്ഷേപങ്ങളുടെ സകാത്ത് സംബന്ധമായി വിശദമായ ഒരു ലേഖനം മുന്‍പ് എഴുതിയിട്ടുണ്ട്. അത് വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: (ഷെയറുകള്‍ (ബിസിനസ് നിക്ഷേപങ്ങള്‍), കമ്പനികള്‍ തുടങ്ങിയവയുടെ സകാത്ത്:http://www.fiqhussunna.com/2015/05/blog-post_30.html ). 


ഇതാണ് സകാത്ത് കണക്കു കൂട്ടാന്‍ ഏറ്റവും എളുപ്പമുള്ളതും ശരിയായതുമായ രീതി. ഈ രീതി അവലംബിക്കുന്നതിലെ നേട്ടങ്ങള്‍. 

1-  ശമ്പളം , വാടക, ലാഭം, ബോണസ്, ഹദിയകള്‍ എന്നിങ്ങനെ  തന്‍റെ കയ്യിലേക്ക് വരുന്ന മുഴുവന്‍ ധനവും വേറെ വേറെ കണക്കാക്കേണ്ടതില്ല. സകാത്ത് കണക്കുകൂട്ടുന്ന തിയ്യതിയില്‍ തന്റെ കൈവശം അവശേഷിക്കുന്ന എല്ലാ ധനത്തിനും നല്‍കുക വഴി അവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു.

2- സ്വാഭാവികമായും കയ്യില്‍ നിന്നും ചിലവായിപ്പോകുകയോ, ഉപയോഗ വസ്തുക്കളായി മാറുകയോ ചെയ്ത ധനം ഇപ്രകാരം കണക്കില്‍ വരുകയില്ല. അവക്ക് സകാത്ത് നല്‍കാന്‍ ഒരാള്‍ ബാധ്യസ്ഥനുമല്ല. എന്നാല്‍ സകാത്ത് ബാധകമാകുന്ന രീതിയില്‍ തന്‍റെ കയ്യില്‍ അവശേഷിക്കുന്നതായ ധനങ്ങള്‍ എല്ലാം കണക്കില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു. 

3-ഒരു ഹിജ്റ വര്‍ഷം തികയുമ്പോഴാണല്ലോ സകാത്ത് നിര്‍ബന്ധമാകുന്നത്. എന്നാല്‍ ഇപ്രകാരം കണക്ക് കൂട്ടുമ്പോള്‍ സകാത്ത് ബക്കറ്റില്‍ ഒരു വര്‍ഷം എത്തിയ ധനവും ഒരു വര്‍ഷം തികഞ്ഞിട്ടില്ലാത്ത ധനവും ഉണ്ടാകുമല്ലോ. ഇത് പലരും സംശയമായി ഉന്നയിക്കാറുണ്ട്. എന്നാല്‍ സമയമെത്തിയവക്ക് നല്‍കാന്‍ താന്‍ നിര്‍ബന്ധിതനാണ് എന്നതിനാലും, സമയം എത്താത്തവക്ക് നേരത്തെ നല്‍കല്‍ അനുവദനീയമാണ് എന്നതിനാലും ഈ രീതി അവലംബിക്കുമ്പോള്‍ നല്‍കേണ്ട സകാത്ത് വൈകിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകുന്നില്ല.

4- നമ്മുടെ കയ്യിലേക്ക് വരുന്ന ഓരോ സംഖ്യയുടെയും തിയ്യതി നാം പ്രത്യേകം എഴുതി വെക്കാറില്ല. അപ്രകാരം ഓരോന്നും വേര്‍തിരിച്ച് ഓരോന്നിന്‍റെയും തിയ്യതി കണക്കു വെക്കുക സാധ്യവുമല്ല. അതുകൊണ്ടാണ് ഈ രീതിയാണ് ഏറ്റവും എളുപ്പമുള്ള രീതി എന്ന് പറയാന്‍ കാരണം. നിഷിദ്ധങ്ങള്‍ കടന്നുവരാത്തതോടൊപ്പം പരമാവധി സൂക്ഷ്മത ലഭ്യമാകുകയും ഏതൊരാളും തന്‍റെ സകാത്ത് കണക്കു കൂട്ടാന്‍ പ്രാപ്തനാകുകയും ചെയ്യുന്നു.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍...

ഇതല്ലാത്ത മറ്റു രീതികള്‍ അവലംബിക്കുന്നവരും തങ്ങള്‍ അവലംബിക്കുന്ന രീതികളെക്കുറിച്ച് ചോദിച്ചുകൊണ്ട് ചോദ്യങ്ങള്‍ അയക്കുന്നുണ്ട്. ഓരോരുത്തരുടെയും രീതി പരിശോധിച്ച് പറയുക പ്രയാസമാണ്. ഗ്രന്ഥങ്ങള്‍ പരിശോധിച്ചും, പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഈ രീതി ഈയുള്ളവന്‍ രേഖപ്പെടുത്തിയത്. അതുകൊണ്ട് ഈ രീതിയുമായി ബന്ധപ്പെട്ട് വല്ല സംശയമോ, കൂടുതല്‍ വിശദീകരണമോ ആവശ്യമുണ്ടെങ്കില്‍ ബ്ലോഗിലെ ഇ-മെയില്‍ സംവിധാനം ഉപയോഗിച്ച് എഴുതി ചോദിക്കുക .. അല്ലാഹു അനുഗ്രഹിക്കട്ടെ ....

ഇത് വ്യക്തമാക്കുന്ന ഒരു ചിത്രമാണ് താഴെ. ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായിക്കാണാം :



ചിത്രത്തിന്‍റെ വിശദീകരണം:  സകാത്ത് ബാധകമാകാനുള്ള പരിധിയായ നിസ്വാബ് ഉള്ളവന്‍റെ കയ്യില്‍ ഒരു സകാത്ത് ബക്കറ്റ് ഉണ്ട് എന്ന് സങ്കല്‍പ്പിക്കുക. തന്‍റെ കയ്യിലേക്ക് വരുന്നതും കയ്യിലുള്ളതുമായ സകാത്ത് ബാധകമാകുന്ന മുഴുവന്‍ ധനവും ആ ബക്കറ്റിലാണ് നിക്ഷേപിക്കപ്പെടുന്നത് എന്ന് സങ്കല്‍പ്പിക്കുക. തന്റെ ചിലവുകള്‍/ വീട്, വാഹനം തുടങ്ങി ഉപയോഗവസ്തുക്കള്‍ ഇവയെല്ലാം തന്നെ ബക്കറ്റില്‍ നിന്ന് പുറത്തേക്ക് പോകുകയും ചെയ്യുന്നു. ഒരു ഹിജ്റ വര്‍ഷം തികയുമ്പോള്‍ അഥവാ തന്‍റെ  സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതിയെത്തുമ്പോള്‍ എത്രയാണോ ബക്കറ്റില്‍ ഉള്ളത് അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കിയാല്‍ മതി.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ ... 


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 
_______________________________________________

സകാത്ത് സംബന്ധമായി കൂടുതല്‍ പഠിക്കാനും, മുന്‍പ് ചോദിക്കപ്പെട്ട സംശയങ്ങളും മറുപടികളും വായിക്കാനും ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/p/blog-page_84.html


LIKE FIQHUSSUNNA PAGE ON FACEBOOK:  https://www.facebook.com/fiqhusunna/
SUBSCRIBE FIQHUSSUNNA TV on Youtube:   https://www.youtube.com/channel/UCwq7He3Ulzukp5LXwzbWGfw