ചോദ്യം : ഗൾഫിൽ ഉള്ളവരുടെ ഉദ്ഹിയത്തിൻ്റെ ഉരുവിനെ ഇന്ന് നാട്ടിൽ വെച്ച് അറുക്കുന്നതിൻ്റെ വിധി എന്താണ്?. ഗൾഫിൽ അവർ ഇന്ന് ഈദ് നിസ്ക്കരിച്ചു കഴിഞ്ഞല്ലോ? നാട്ടിൽ പെരുന്നാൾ ആയിട്ടുമില്ല.
ഉത്തരം :
الحمد لله والصلاة والسلام على رسول الله وعلى اله وصحبه ومن والاه ، وبعد ؛
പൂർണമായും ഇജ്തിഹാദിയായ ഒരു മസ്അല ആണ്. കാരണം സമാനമായ ഒരു സംഭവം മുൻകാലങ്ങളിൽ സംഭവിച്ചിരിക്കാൻ കമ്മ്യുണിക്കേഷൻ അന്നത്തെ കാലത്ത് വളരേ ശ്രമകരമായതുകൊണ്ട് , മുൻകാലങ്ങളിൽ അതി വിദൂര സാധ്യതയാണ് ഉള്ളത്. ഇനി സംഭവിച്ചാൽ തന്നെ അറിയാനും സാധ്യത കുറവാണ്.
ഏതായാലും എവിടെയാണോ ഉളുഹിയ്യത്ത് നിർവഹിക്കപ്പെടുന്ന നാട് അവിടത്തെ നിസ്കാരവും സമയവും പരിഗണിക്കുക എന്നതാണ് കൂടുതൽ ശരിയും ഫിത്‌നയും ആശയക്കുഴപ്പവും ഒഴിവാകാനും നല്ലത്.
ഇനി തിരിച്ച് ഒരാൾ അയാൾക്ക് പെരുന്നാൾ ആയിട്ടില്ല. അറുക്കപ്പെടുന്ന നാട്ടിൽ പെരുന്നാൾ ആകുകയും ചെയ്തു. ഈ സാഹചര്യത്തിൽ അയാളുടെയും അവരുടെയും ഇരുസമയവും യോജിക്കുന്ന രൂപത്തിൽ ഒരു ദിവസം വൈകിപ്പിച്ചാൽ നല്ലത്. ഇനി അങ്ങനെ വൈകിപ്പിക്കാൻ സാധിക്കാത്ത വിധം, എപ്പോഴാണ് അവിടെ നിർവഹിക്കുക എന്നത് അറിയാനോ അതിൽ ഇടപെടാനോ മാർഗമില്ലെങ്കിൽ ആ നാട്ടിലെ ആളുകൾ എപ്പോഴാണോ പെരുന്നാൾ നിസ്കരിച്ച് ഉളുഹിയ്യത്ത് അറുക്കുന്നത് അത് പരിഗണിച്ചാൽ മതി. ഏതായാലും ഇത് യാതൊരു നസും വന്നിട്ടില്ലാത്ത, ആശയക്കുഴപ്പം ഒഴിവാക്കി നിർവഹിക്കാൻ സാധിക്കുമെങ്കിൽ അതിന് മുൻഗണന കൊടുക്കാവുന്ന, ഇനി അതിന് പറ്റുന്നില്ലെങ്കിൽ അറുക്കപ്പെടുന്ന നാട്ടിലെ സമയം പരിഗണിച്ച് നിർവഹിക്കാവുന്ന ഒരു വിഷയമാണ്. അയ്യാമുത്തഷ്രീഖിന്റെ അവസാന ദിവസം വരെ സമയമുണ്ട് എന്നത് ഇത്തരം സന്ദർഭങ്ങളിൽ ആശയക്കുഴപ്പം ഒഴിവാക്കി കർമ്മങ്ങൾ നിർവഹിക്കൽ എളുപ്പമാക്കുന്നു. ഏതായാലും ഇനി നമുക്ക് നേരിട്ട് ഇടപെട്ട് വൈകിപ്പിക്കാനോ മറ്റോ സാധിക്കുന്നില്ല എങ്കിൽ പിന്നെ അതിൽ കൂടുതൽ കുടുസാക്കേണ്ട ആവശ്യവുമില്ല.
والمشقة تجلب التيسير
والله تعالى أعلم